മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ ഏറ്റവും പുതിയ പോസ്റ്റ് “ മിസ്റ്റര്‍ കാരാട്ട് , ഏതാണ് താങ്കളുടെ മാതൃരാജ്യം ? " എന്നതാണ് . വാസ്തവത്തില്‍ ഏതൊരു ഇന്ത്യന്‍ പൌരനും, ഇന്നത്തെ ദേശീയവും അന്തര്‍ദേശീയവുമായ ചുറ്റുപാടുകളില്‍ പ്രത്യേകിച്ചും പ്രകാശ് കാരാട്ടിനോട് ചോദിക്കേണ്ടതായ ഒരു ചോദ്യമാണ് നമുക്കെല്ലാവര്‍ക്കും വേണ്ടി മാരീചന്‍ ചോദിച്ചിരിക്കുന്നത് . ആണവക്കരാറിന്റെ പേരില്‍ ഇടതുപക്ഷങ്ങള്‍ പൊതുവിലും കാരാട്ട് വിശേഷിച്ചും സൃഷ്ടിച്ചിട്ടുള്ള പുകമറയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യത്തിന് നമ്മോട് മറുപടി പറയാന്‍ പ്രകാശ് കാരാട്ട് ബാധ്യസ്ഥനാണ് .
യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു ചോദ്യം ആദ്യം ചോദിക്കേണ്ടിയിരുന്നത് 1962ല്‍ സഖാവ് ഈ.എം.എസ്സിനോടായിരുന്നു. അന്ന് ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ ലായ് ഇന്ത്യയില്‍ വന്ന് നെഹറുവുമായി പഞ്ചശീലക്കരാറില്‍ ഒപ്പ് വെച്ചു . ഇന്തീ-ചീനീ ഭായി ഭായീ എന്ന് നമ്മള്‍ ആനന്ദനൃത്തം ചവിട്ടി . എങ്ങും കൂട്ടിക്കെട്ടിയ ചെങ്കൊടികളും ത്രിവര്‍ണ്ണപതാകകളും . രാജകീയമായിത്തന്നെയാണ് നമ്മള്‍ ചൌവിനെ വരവേറ്റതും യാത്രയാക്കിയതും ! എന്നാല്‍ ചൌ ചൈനയില്‍ തിരിച്ചെത്തേണ്ട താമസം ചൈനീസ് സേന നമ്മുടെ അതിര്‍ത്തിയില്‍ ഇരച്ചു കയറി . അതായത് വ്യക്തമായി പറഞ്ഞാല്‍ ഇവിടെ ഇന്തീ-ചീനീ ഭായീ ഭായീ എന്ന് മുദ്രാഘോഷം മുഴക്കുമ്പോള്‍ അങ്ങ് നമ്മുടെ വടക്കന്‍ അതിര്‍ത്തികളില്‍ ചൈന സൈന്യത്തെ വിന്യസിക്കുകയായിരുന്നു . വാജ് പൈയും മുഷറഫും തമ്മില്‍ സൌഹൃദ സംഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തി കടന്ന് കാര്‍ഗിലില്‍ പ്രവേശിച്ച പോലെ ! ഇതൊക്കെക്കൊണ്ടാണ് എന്‍.ഡി.എ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സ് അന്ന് പറഞ്ഞത് ; പാക്കിസ്ഥാനും ചൈനയുമായുള്ള നമ്മുടെ ബന്ധം എപ്പോഴും സംശയത്തിന്റെ നിഴലിലാണെന്ന് .
ചൈന നമ്മുടെ അതിര്‍ത്തി ആക്രമിച്ചു മുന്നേറുമ്പോള്‍ സഖാവ് ഈ.എം.എസ്. അന്ന് പറഞ്ഞത് “അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന അതിര്‍ത്തിയെക്കുറിച്ചാണ് തര്‍ക്കം " എന്നായിരുന്നു . ഇന്ത്യ അന്ന് ഒരു യുദ്ധത്തിന് സജ്ജമായിരുന്നില്ല . നമ്മെ ഒരയല്‍ രാജ്യം ആക്രമിക്കുമെന്ന് നമ്മള്‍ കരുതിയിരുന്നില്ല . നമ്മുടെ ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ട് ചീനപ്പട്ടാളം മുന്നേറുമ്പോള്‍ നമ്മുടെ സൈന്യം പിന്‍തിരിഞ്ഞ് ഓടിപ്പോരുകയായിരുന്നു . ആയിരക്കണക്കിന് ചതുരശ്ര കിലോ മീറ്റര്‍ ഭൂമി അധീനപ്പെടുത്തി ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തിയതിനാല്‍ അത്രയും കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു . അന്ന് കൈവശപ്പെടുത്തിയ ഭൂപ്രദേശം ഇന്നും ചൈനയുടെ കൈവശമാണുള്ളത് . എന്നിട്ടും ആരാണ് ആദ്യം ആക്രമണം തുടങ്ങിയത് എന്ന കാര്യത്തില്‍ സഖാവ് ഈ.എം.എസ്സിനു സംശയമായിരുന്നു . ഒരു സോഷ്യലിസ്റ്റ് രാജ്യം ഒരിക്കലും മറ്റൊരു രാജ്യത്തെ ആദ്യം ആക്രമിക്കുകയില്ല എന്നായിരുന്നു ഈ.എം.എസ്സ് തറപ്പിച്ച് പറഞ്ഞത് .
അന്ന് നമ്മള്‍ ഇതേ ചോദ്യം സഖാവ് ഈ.എം.എസ്സിനോട് ചോദിച്ചില്ല . ജോര്‍ജ്ജ് ഫെര്‍ണ്ടാസ്സ് പറഞ്ഞത് ഗൌരവപൂര്‍വ്വം ദേശീയചര്‍ച്ചക്ക് വിധേയമാക്കിയില്ല . പക്ഷെ അണിയറയില്‍ ചൈനയും പാക്കിസ്ഥാനും നമുക്കെതിരെ കരുക്കള്‍ സദാ നീക്കുന്നുണ്ട് . ചര്‍ച്ചകള്‍ക്ക് ചൈന ഭരണാധികാരികള്‍ ഇവിടെ വന്നും പോയും കൊണ്ടിരിക്കും . എന്നാല്‍ നമുക്ക് ചൈനയെയും പാക്കിസ്ഥാനെയും സംശയലേശമെന്യേ വിശ്വസിക്കുവാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . അത് കൊണ്ടാണ് മാരീചന്‍ കാര്യകാരണസഹിതം കാരാട്ടിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത് . അഥവാ അദ്ദേഹം ഉത്തരം പറയുന്നില്ലെങ്കില്‍ മാരീചന്‍ ചോദിച്ച ചോദ്യം നമ്മുടെ മനസ്സില്‍ നമ്മള്‍ ഓര്‍ത്ത് വെക്കേണ്ടതുണ്ട് .
***********************************************************************
ആണവക്കരാറിനെക്കുറിച്ച് കെ.വേണുവിന്റെ ശ്രദ്ധേയമായ നിരീക്ഷണം
ഇവിടെ വായിക്കുക !