ബോബി ചെമ്മണ്ണൂരിന് ഒരു ചികിത്സ അത്യാവശ്യമായിരുന്നു, അത് കിട്ടിക്കഴിഞ്ഞു എന്നാണ് വിചാരിക്കുന്നത്. അദ്ദേഹത്തിന് ജാമ്യം കിട്ടിയതിൽ ആശ്വാസം തോന്നുന്നു. ആറ് ദിവസം ജയിലിൽ കിടന്നത് നല്ലൊരു അനുഭവമായിട്ടാണ് അദ്ദേഹം കാണേണ്ടത്. ഞാൻ മദ്രാസിൽ അവിടത്തെ പഴയ സെൻട്രൽ ജയിലിൽ ഒരാഴ്ച കിടന്നിട്ടുണ്ട്. ടിക്കറ്റ് എടുക്കാതെ ഇലക്ട്രിക് ട്രെയിനിൽ കോടമ്പാക്കത്ത് നിന്ന് അടുത്ത സ്റ്റേഷനായ ചേറ്റ്‌പെട്ട് വരെ സഞ്ചരിച്ചപ്പോൾ സ്കോഡ് പിടുത്തമിടുകയായിരുന്നു. ജയകാന്തന്റെ കാവൽ ദൈവം എന്ന തമിഴ് നോവൽ വായിച്ചു തീർത്ത സമയം ആയിരുന്നു അത്. എനിക്ക് ജയിലിനെ പറ്റി മനസ്സിലാക്കണമായിരുന്നു. യാദൃച്ഛികമായി അതിനൊരു അവസരം ഒത്ത് വന്നു. ജീവിതത്തിൽ കുറച്ച് കഷ്ടപ്പാടുകൾ ഏതൊരാളും അനുഭവിക്കുന്നത് നല്ലതാണ്. ജീവിതം പഠിക്കും, പഠിക്കണം.
ബോച്ചേക്ക് അശ്ലീലച്ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളുടെ രാജാവ് എന്ന കുപസിദ്ധി ആവശ്യമില്ല. ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സുപ്രസിദ്ധിയാണ് അദേഹം അർഹിക്കുന്നത്. അതിന് ഇനി അദ്ദേഹം ആ ആഭാസത്തരം ഒഴിവാക്കും എന്ന് പ്രതീക്ഷിക്കാം. മറ്റൊരാൾക്ക് അഹിതമായതോ ഫീലിംഗ്‌സ് വൃണപ്പെടുത്തുന്നതോ ആയ വാക്കുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് മാന്യത. തന്നെ പോലെ വികാരവും ആത്മാഭിമാനവും ഉള്ള മനസ്സാണ് എല്ലാവർക്കും ഉള്ളത് എന്ന് എല്ലാവരും ചിന്തിക്കണം. എങ്കിലും പലപ്പോഴും നമുക്ക് കൺട്രോൾ നഷ്ടപ്പെട്ട് പോകും. ആരും ഹൺഡ്രഡ് പെർസെന്റ് പെർഫക്ട് അല്ലല്ലോ. അത്തരം സന്ദർഭങ്ങളിൽ മനസ്സിന്റെ സമനില വീണ്ടെടുത്ത് പശ്ചാത്തപിക്കുകയാണ് വേണ്ടത്. അങ്ങനെ ആർക്കും നല്ല മനുഷ്യരാകാൻ കഴിയും.
ഒരാൾ വസ്ത്രം ധരിക്കുന്നത് അയാളുടെ സ്വാതന്ത്ര്യമാണ്. അതിൽ കുറ്റം പറയാനോ വിമർശിക്കാനോ ആർക്കും അവകാശമില്ല. ഇങ്ങനെയേ വസ്ത്രം ധരിക്കാവൂ, അങ്ങനെ ധരിക്കരുത് എന്നൊക്കെ പറയാനോ ആജ്ഞാപിക്കാനോ ആർക്കും അധികാരവുമില്ല. വസ്ത്രധാരണം തികച്ചും പേഴ്‌സണൽ ആണ്. അവരവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് ഒരു വ്യക്തി പൊതുവിടങ്ങളിൽ സഞ്ചരിക്കുമ്പോൾ വസ്ത്രം ധരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം ശരീരത്തിന്റെ സൗന്ദര്യവൽക്കരണം തന്നെയാണ്. വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് സുന്ദരന്മാരെയും സുന്ദരികളെയും നമുക്ക് കാണാൻ കഴിയുന്നത്. നമ്മൾ മറ്റുള്ളവരുടെ മുന്നിൽ സൗന്ദര്യമുള്ളവരായി കാഴ്ച നൽകാൻ ആഗ്രഹിക്കുന്നു. അത് പോലെ മറ്റുള്ളവരുടെ സൗന്ദര്യം നമ്മൾ രസിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യസഹജമാണ്.
മറ്റുള്ളവർ വസ്ത്രം ധരിച്ചതിൽ ശരീരഭാഗങ്ങൾ കാണുന്നെങ്കിൽ അതിൽ അമർഷം കൊള്ളുന്നവരും രോഷം പ്രകടിപ്പിക്കുന്നവരും സ്വന്തം മനസ്സിലെ വൃത്തികേട് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അത് കാണുന്നത് തങ്ങൾക്ക് അരോചകമായി തോന്നുന്നെങ്കിൽ നോക്കാതിരിക്കണം. അത്രയേ ചെയ്യാവൂ. അല്ലാതെ ശരീരം പ്രദർശിപ്പിച്ചു പോകുന്നേ എന്ന് കമന്റ് പാസ്സാക്കരുത്. അത് അവരുടെ സൗകര്യം എന്ന് വിട്ടേക്കണം. മറ്റുള്ളവർക്ക് അസൗകര്യം ഇല്ലാത്ത തരത്തിൽ ജീവിച്ചു പോകാനുള്ള അവകാശവും അധികാരവും ഏതൊരു പൗരനും ലഭിക്കുന്നതിനെയാണ് നമ്മൾ ജനാധിപത്യവ്യവസ്ഥിതി എന്ന് പറയുന്നത്. ജനാധിപത്യത്തിൽ ഒരാളുടെ യജമാനൻ അയാൾ തന്നെയാണ്, അത് സ്ത്രീ ആയാലും പുരുഷൻ ആയാലും.
എങ്കിലും വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യത്തിൽ ജന്മസിദ്ധമാണ്. ആരും വിമർശനത്തിന് അതീതരല്ല. വിമർശനം സദുദ്ദേശ്യപരമായിരിക്കണം എന്ന് മാത്രം. സ്വന്തം ശരീരം കെട്ടുകാഴ്ചയായി മാർക്കറ്റ് ചെയ്ത് ആൾക്കൂട്ടത്തെ ആകർഷിക്കുന്നെങ്കിൽ അത് വിമർശിക്കപ്പെടും. എന്തിലും ഏതിലും മര്യാദ എന്നൊരു ലക്ഷ്മണരേഖയുണ്ട്. അത് ലംഘിച്ചാൽ വിമർശനം നേരിടേണ്ടി വരും. ബോച്ചേക്ക് , അദ്ദേഹത്തിന്റെ നല്ല സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നന്മകൾ നേരുന്നു !
No comments:
Post a Comment