Links

ഡൽഹിയിൽ നിന്ന് പഠിക്കാനുള്ളത് ..

ഒരു മൂന്നാംകിട തറ രാഷ്ട്രീയക്കാരനെ പോലെയാണു പ്രശാന്ത് ഭൂഷൺ തിരുവനന്തപുരത്ത് വന്ന് പത്രക്കാരോട് സംസാരിച്ചത്. അഴിമതിയുടെ കാര്യത്തിൽ മൂന്നാം മുന്നണി മറ്റാർക്കും പിന്നിലല്ലെന്നും (എന്നാ പിന്നെ ലവനു മൂന്നാംമുന്നണി തട്ടിക്കൂട്ടിക്കൂടേ) സി.പി.ഐ.യും ലോകസത്തയും വിശ്വാസ്യതയുള്ള പാർട്ടികളാണെന്നും സി.പി.എമ്മിനു അല്പം വിശ്വാസ്യത കുറവാണെങ്കിലും അച്യുതാനന്ദനു അത് വേണ്ടുവോളം ഉണ്ടെന്നും ഈ പ്രശാന്തഭൂഷണൻ സർട്ടിഫൈ ചെയ്യുന്നു. പോരാത്തതിനു സമാന ചിന്താഗതിയുള്ള ചെറുപാർട്ടികൾ എ.എ.പി.യിൽ ലയിക്കണമെന്നും അസാധാരണ സാഹചര്യങ്ങളിൽ മറ്റ് പാർട്ടികളുമായി സഹകരിക്കുമെന്നും ഇയ്യാൾ പ്രസ്താവിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നയുടൻ ആം ആദ്മി പാർട്ടി ബി.ജെ.പി.യുമായി സഹകരിക്കുന്നതിൽ തെറ്റില്ല എന്ന് ഈ വിദ്വാൻ പറഞ്ഞത് തുടക്കത്തിൽ തന്നെ ഒരു കല്ലുകടിയായതാണു. ലവനെ പോലെ നിരവധി അലവലാതികൾ ആം ആദ്മി പ്രസ്ഥാനത്തിൽ അടിഞ്ഞുകൂടുക സ്വാഭാവികമാണു. ഞാൻ കെജ്‌രിവാൾ എന്ന അസാമാന്യപ്രതിഭയുടെ ചിന്താശക്തിയിലും പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്ന മികവിലും അനേകായിരം ധിഷണാശാലികളായ യുവാക്കൾ ഇതിലേക്ക് കടന്നുവന്ന് രാജ്യത്തെ ശുദ്ധീകരിക്കാൻ പോകുന്ന പ്രക്രിയയിലും ആണു പ്രതീക്ഷയർപ്പിക്കുന്നത്.

ഞാൻ എ.എ.പി.യെ പറ്റി Over enthusiastic ആവുകയാണെന്ന് സുഹൃത്ത് ശ്രീകുമാർ പറയുന്നു. ശരിയാണു, ഞാൻ അല്പം എന്തൂസ്യാസ്റ്റിക്ക് തന്നെയാണു. കാരണം എന്റെ മനസ്സിൽ ആം ആദ്മി പാർട്ടി വളരെ മുൻപേയുള്ളതാണു. എന്നാൽ അതിനൊരു മൂർത്തരൂപം കൈവരുന്നത് ഇപ്പോഴാണെന്ന് മാത്രം. അതിനു കെജ്‌രിവാൾ എന്നൊരു നേതാവിനെ ഇപ്പോഴാണു ലഭിക്കുന്നത്. എന്റെ മാത്രമല്ല ലക്ഷോപലക്ഷം ആളുകളുടെ മനസ്സിലും ആം ആദ്മി വളരെ മുൻപേയുണ്ടാകും. ഡൽഹിയിലെ വിജയവും സത്യപ്രതിജ്ഞാചടങ്ങിലെ ജനപങ്കാളിത്തവും അതാണു കാണിക്കുന്നത്.

നിലവിലെ മുഖ്യധാര പാർട്ടികൾ ഇതൊരു താൽക്കാലിക പ്രതിഭാസമായിട്ടാണു കാണുന്നത്. അസ്സം ഗണപരിഷത്തും തെലുങ്ക് ദേശവും ഒക്കെ എവിടെയാണു എന്നാണവർ ചോദിക്കുന്നത്. വോട്ടർമാർക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ ആറു മാസം കൊണ്ട് ആപ് അടങ്ങിപ്പോകുമെന്ന് ഇക്കൂട്ടർ പ്രവചിക്കുന്നു. കാത്തിരുന്നു കാണാം എന്ന് ദോഷൈകദൃക്കുകൾ പരിഹസിക്കുന്നു. ഇതൊക്കെ ഞമ്മ എത്ര കണ്ടതാ എന്ന സ്റ്റൈലിൽ. ഇത് വെറുമൊരു അരാഷ്ട്രീയക്കൂട്ടത്തിന്റെ നൈമിഷികമായ ആവേശം എന്ന് ചിലർ വിലയിരുത്തി സമാധാനിക്കുന്നു.

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ എല്ലാവർക്കും കഴിയില്ല. അവരാണു മാറി നിന്ന് പരിഹസിക്കുന്നതും നാശം പ്രവചിക്കുന്നതും. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ സ്വാതന്ത്ര്യസമരം നടത്തുമ്പോഴും അന്നും ഇത് പോലെ എത്രയോ പേർ പരിഹസിക്കുകയും മാറിനിൽക്കുകയും വെള്ളക്കാരോട് വിധേയത്വം പുലർത്തുകയും ചെയ്തിരുന്നു.

രാജ്യം സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം വൻ പുരോഗതി നേടിയെങ്കിലും അതിനേക്കാളും പുരോഗതി അഴിമതിയിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിലും കെടുകാര്യസ്ഥതയിലും ഒക്കെയുണ്ടായിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ സ്വാതന്ത്ര്യത്തെ ചക്കരക്കുടമായിട്ടാണു കണ്ടത്. രണ്ട് വർഷം ജനപ്രതിനിധിയായാൽ ആജീവനാന്തപെൻഷൻ വാങ്ങാൻ ഒരു രാഷ്ട്രീയക്കാരനും ഉളുപ്പും മുരുമയും ഉണ്ടായില്ല. നിയമങ്ങൾ മേലെ നിന്ന് താഴോട്ട് അടിച്ചേൽപ്പിക്കുന്ന അധികാരപ്രമത്തതയാണു രാഷ്ട്രീയക്കാർ കാണിക്കുന്നത്. ജനങ്ങളുടെ അഭിപ്രായം ആർക്കും പ്രശ്നമല്ല. ഞങ്ങൾ നേതാക്കളാണു, ജനങ്ങൾ വോട്ട് ചെയ്താൽ മതി എന്ന ധാർഷ്ഠ്യം. ജനാധിപത്യം എന്നത് സാധാരണക്കാർക്ക് ബാലറ്റ് പേപ്പറിൽ സീൽ കുത്താൻ മാത്രമാണു രാഷ്ട്രീയയജമാനന്മാർ അനുവദിച്ചു തന്നത്.

ഇതൊനൊക്കെ ഒരു പരിഹാരം വേണമെന്ന് ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിന്റെ മുന്നേറ്റമാണു ഡൽഹിയിൽ കണ്ടത്. ഈ മുന്നേറ്റം രാജ്യം മുഴുവൻ വ്യാപിക്കുമോ , ഈ കാലഘട്ടത്തിന്റെ അനിവാര്യതയായ ഈ രണ്ടാം സ്വാതന്ത്ര്യസമരം വിജയിക്കുമോ എന്നത് ഇതിൽ ജനങ്ങൾ എത്ര കണ്ട് പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആം ആദ്മിയുടെ പ്രവർത്തനം മാതൃകാപരമാണെങ്കിൽ തീർച്ചയായും വിജയം കൈവരിക്കും. അതാണു ചരിത്രം നമുക്ക് നൽകുന്ന പാഠം. നിലവിലെ ജീർണ്ണിച്ച് നാറിയ രാഷ്ട്രീയവ്യവസ്ഥ ഉടച്ചുവാർത്തേ പറ്റൂ. അതിനാണു പുതിയൊരു പാർട്ടി പിറവിയെടുത്തിരിക്കുന്നത്. ഇത് ഭരിക്കാൻ വേണ്ടി ഉണ്ടാക്കിയ സാമ്പ്രദായിക പാർട്ടിയല്ല. പ്രശാന്ത് ഭൂഷൺ പോലും ഇത് മനസ്സിലാക്കിയോ എന്ന് സംശയമാണു. പക്ഷെ ജനങ്ങൾ മനസ്സിലാക്കി വരുന്നുണ്ട്. അതിന്റെ അനുരണങ്ങൾ കേരളത്തിലും കാണാനുണ്ട്. ആത്യന്തികമായി ആം ആദ്മി തന്നെ വിജയിക്കും എന്ന് തീർച്ചയായും പ്രത്യാശിക്കാം. കാഴ്ചക്കാരായി മാറി നിൽക്കാതെ ഈ പ്രത്യാശയുടെ സാക്ഷാൽക്കാരത്തിനു വേണ്ടി എല്ലാവരും മുന്നോട്ട് വരണം. സാമ്പ്രദായികപാർട്ടികളുടെ നവീകരണത്തിനും ഇങ്ങനെയൊരു മുന്നേറ്റം ആവശ്യമാണെന്ന് എല്ലാ പാർട്ടി വിശ്വാസികളും തിരിച്ചറിയുക !

സ്വാതന്ത്ര്യം ജനങ്ങൾക്ക് !

NSUI മുൻ പ്രസിഡണ്ട് അൽകാ ലാംബാ കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നിരിക്കുന്നു. അവർ കോൺഗ്രസ്സിനെയും എ.എ.പി.യെയും താരതമ്യപ്പെടുത്തി പറഞ്ഞ ഒരു വാചകം ഇന്ത്യയിൽ മുഴുവൻ രാഷ്ട്രീയക്കാരും ശ്രദ്ധിക്കേണ്ട ഒന്നാണു. പാർട്ടിയിൽ ചില്ലറ ആൾക്കാർ അടച്ചിട്ട മുറിയിൽ കൂടിയിരുന്നാണു എല്ലാ തീരുമാനങ്ങളും എടുക്കുന്നത് എന്നാൽ ആം ആദ്മി പാർട്ടി ജനങ്ങളോട് ചോദിച്ചിട്ടാണു എല്ലാം തീരുമാനിക്കുന്നത് എന്നാണു. ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ പാർട്ടികൾക്കോ സർക്കാരുകൾക്കോ ജനങ്ങളിൽ നിന്ന് ഒന്നും മറച്ചു വയ്ക്കാൻ ഉണ്ടാകരുത്. എല്ലാം സുതാര്യമായിരിക്കണം. ഏത് പാർട്ടിയിൽ വിശ്വസിച്ചാലും ജനങ്ങൾ ഒന്നാണു. ഇന്ത്യയുടെ മക്കളാണു.

അങ്ങനെ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജനങ്ങൾക്ക് ഒരു നിലയും വിലയും വരുന്ന കാഴ്ചയാണു കാണുന്നത്. ഇത് വരെ രാഷ്ട്രീയക്കാർ കരുതിയത് ജനങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കാൻ കഴിവുള്ളവർ നേതാക്കളായ ഞങ്ങൾ മാത്രമാണു എന്നും, ഞങ്ങൾ പറയുന്നത് ജനങ്ങൾ അനുസരിച്ചാൽ മതിയെന്നുമായിരുന്നു. നേതാക്കൾ എന്നാൽ ഒരു വരേണ്യവർഗ്ഗം ആണെന്നും എല്ലാ പാർട്ടികളിലെയും നേതാക്കൾ ഈ വർഗ്ഗത്തിൽ പെട്ടതാണെന്നും എല്ലാ പാർട്ടിക്കാരും വിശ്വസിച്ചു. ജനങ്ങളെ ഈ നേതാക്കൾ പങ്ക് വെച്ചു. എന്നിട്ട് അടച്ചിട്ട മുറികളിലിരുന്നു തങ്ങളുടെ വോട്ട് ബാങ്കിൽ ഇത്ര അടിമകളുടെ വോട്ട് ഉണ്ട് എന്ന് വിലപേശി സീറ്റ് ചർച്ചകളിൽ മുഴുകി.

ജനങ്ങൾക്ക് എന്തെങ്കിലുമായി അഭിപ്രായമുണ്ടാകും എന്ന് ഈ നേതാക്കൾക്ക് ചിന്തിക്കുവാൻ കഴിഞ്ഞില്ല. താനാരാണെന്നറിയാമോ സവിശേഷസിദ്ധിയുള്ള നേതാവാണു താൻ എന്നാണു ഓരോ നേതാവിന്റെയും ഭാവം. ഈ നേതൃവർഗ്ഗവും ഉദ്യോഗസ്ഥപ്രഭുക്കളും വൻകിട മൂലധനമാഫിയകളും ചേർന്നാണു ഇന്ത്യയെ ഭരിക്കുന്നത്. ഈ ഭരണം ജനങ്ങൾക്ക് വേണ്ടിയല്ല. മറിച്ച്, ഇപ്പറഞ്ഞ നേതൃവർഗ്ഗ-ഉദ്യോഗസ്ഥ-മൂലധന കൂട്ടുക്കെട്ടിനു വേണ്ടിയാണു. അവർ മൃഷ്ടാന്നം തിന്നു ഏമ്പക്കം ഇട്ടു എണീറ്റുപോകുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും എല്ലിൻ കഷണം എറിഞ്ഞുകൊടുക്കുകയാണു പതിവ്.

യഥാർത്ഥ ജനനായകർ ആദ്യം ചെയ്യേണ്ടത് ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മൂലധന അവിശുദ്ധ കൂട്ടുകെട്ട് തകർക്കണം. പിന്നെ രാജ്യത്തെ സകല സർക്കാർ ആഫീസുകളിലെയും ജീവനക്കാരെക്കൊണ്ട് പണി എടുപ്പിക്കണം. പണി എടുക്കാതെ സർക്കാർ ഉദ്യോഗസ്ഥരെ ശമ്പളം കൊടുത്ത് പോറ്റുന്ന ഏർപ്പാട് അവസാനിപ്പിക്കണം. ഈ ഓഫീസർ അഥവാ ഉദ്യോഗസ്ഥൻ എന്ന വാക്ക് തന്നെ നിരോധിക്കണം. കൊളോണിയൽ ഭരണത്തിലാണു ആഫീസർമാർ വിലസിയത്. ജനാധിപത്യത്തിൽ ആഫീസർ ഉണ്ടാകാൻ പാടില്ല. ജനസേവകരേ പാടുള്ളൂ.

ഇന്ത്യൻ ജനത അവരുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു രണ്ടാം സ്വാതന്ത്ര്യസമരം നടത്തേണ്ടതുണ്ട്. ആദ്യത്തെ സമരത്തിൽ സ്വാതന്ത്ര്യം കിട്ടിയത് രാഷ്ട്രീയപാർട്ടികൾക്കും ഉദ്യോഗസ്ഥവർഗ്ഗത്തിനും മൂലധനശക്തികൾക്കും ആണു. രണ്ടാം സമരത്തിൽ സ്വാതന്ത്ര്യം കിട്ടിയാൽ ജനങ്ങൾ ഇപ്പറഞ്ഞവർക്ക് മേൽ ആധിപത്യം നേടും. ആം ആദ്മി പാർട്ടി സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനകീയപ്രസ്ഥാനമായി ഉയർന്നു വരാൻ പോവുകയാണു. ആ ഉയർച്ച നാളെയോ മറ്റന്നാളോ വിജയം കാണും എന്നില്ല. ആത്യന്തികമായി ജനങ്ങൾ വിജയിക്കുക തന്നെ ചെയ്യും.  

ആം ആദ്മിയായി അണിചേരുക !

അഴിമതി എന്ന് വിളിച്ചുകൂവുന്നുണ്ടെങ്കിലും രാജ്യത്തെ മുക്കാൽ ഭാഗം രാഷ്ട്രീയക്കാരും പെരുങ്കള്ളന്മാരാണു എന്ന വസ്തുത ആർക്കും നിഷേധിക്കാൻ കഴിയില്ല. അവനവന്റെ പാർട്ടിയിലെ കള്ളനേതാക്കളെ മറച്ചുപിടിച്ചുകൊണ്ടാണു ഓരോ പാർട്ടിവിശ്വാസിയും മറ്റേ പാർട്ടി കട്ടുമുടിച്ചു എന്ന് പറയുന്നത്. തന്റെ പാർട്ടിയിൽ കക്കുന്നവരും, അഴിമതിയുടെയും കൈക്കൂലിയുടെയും ഗുണഫലം പറ്റുന്നവരുമായ ചോട്ടാ-ബഡാ നേതാക്കൾ ആരും ഇല്ല എന്ന് ഇന്ത്യയിലെ ഒരു പാർട്ടി അനുഭാവിക്കും പറയാൻ കഴിയില്ല.

രാജ്യത്ത് നടക്കുന്ന സകല അഴിമതിയുടെയും കൈക്കൂലിയുടെയും കള്ളത്തരത്തിന്റെയും പ്രഭവകേന്ദ്രങ്ങൾ നിലവിലെ രാഷ്ട്രീയപാർട്ടികൾ തന്നെയാണു. അങ്ങനെ കള്ളന്മാർ നാട് ഭരിക്കുന്നത്കൊണ്ടാണു ഉദ്യോഗസ്ഥന്മാർക്ക് അഴിമതി നടത്താനും വ്യാപാരികൾക്ക് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്താനും സാധിക്കുന്നത്. നൂറു രൂപ മുതൽ മേലോട്ട് കൈക്കൂലി കൊടുത്താൽ എന്ത് നിയലംഘനവും നടത്താൻ സാധിക്കും എന്ന് ഏത് ഉദ്യോഗസ്ഥനും പൗരന്മാർക്കും അറിയാം.

മറ്റുള്ള പാർട്ടികളെ കള്ളന്മാർ കട്ടുമുടിക്കുന്നവർ എന്ന് പറഞ്ഞുകൊണ്ടാണു ഇവിടെ ഓരോ പാർട്ടിയും കക്കുന്നത്. കളവ് കളവ് , അഴിമതി അഴിമതി എന്ന് ഏത് പാർട്ടി ഏറ്റവും ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുവോ ആ പാർട്ടി തന്നെയായിരിക്കും ഏറ്റവും കൂടുതൽ കക്കുന്നുണ്ടാവുക. എല്ലാ പാർട്ടിയിലും സത്യസന്ധരും ത്യാഗശീലരും രാഷ്ട്രീയത്തെ ജനസേവനമായി കാണുന്നവരും ഉണ്ടാകും. എന്നാൽ പൊതുവെ പറഞ്ഞാൽ രാഷ്ട്രീയം ഇന്ന് കട്ടുസമ്പാദിക്കാനുള്ള വേദിയാണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല. ഒന്നുമില്ലായ്മയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്ന് രാഷ്ട്രീയം കൊണ്ട് മാത്രം സമ്പാദിച്ചുകൂട്ടിയവർ എല്ലാ പാർട്ടികളിലും ഉണ്ട്.

ഇങ്ങനെ കള്ളന്മാരും അഴിമതിക്കാരും അവിഹിതമായ ഏത് മാർഗ്ഗം ഉപയോഗിച്ചും പണം സമ്പാദിക്കുന്ന ചെറുത്-വലുത് നേതാക്കൾ രാഷ്ട്രീയത്തിൽ പെരുകിയത്കൊണ്ട് വലിയൊരു വിഭാഗം ആളുകൾ രാഷ്ട്രീയത്തെ പുച്ഛത്തോടെ കണ്ട് രാഷ്ട്രീയത്തിൽ നിന്ന് അകന്ന് നിൽക്കുകയാണു. അങ്ങനെ രാഷ്ട്രീയം ഇന്നൊരു പ്രഹസനം മാത്രമായി മാറിയിട്ടുണ്ട്. മറ്റുള്ളവരുടെ മേൽ ആരോപണം വാരിപ്പൂശി സ്വന്തം അനുയായികൾക്ക് മുന്നിൽ സ്വയം മാന്യനാകാൻ നേതാക്കൾക്ക് കഴിയുന്നു എന്നിടത്താണു രാഷ്ട്രീയക്കാരുടെ വിജയം.

ഇതിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാൻ ഒരു മിശിഹ അവതരിക്കണമായിരുന്നു. പക്ഷെ പ്രവാചകന്മാരുടെയും അവതാരങ്ങളുടെയും കാലം കഴിഞ്ഞുപോയിരുന്നു. സാധാരണക്കാരിൽ നിന്ന് അങ്ങനെയൊരു പ്രസ്ഥാനം ഉയർന്നുവരേണ്ടിയിരുന്നു. ഇന്നല്ലെങ്കിൽ നാളെ അത് ഉയർന്നുവരികയും ചെയ്യും. അതൊരു പ്രകൃതിനിയമമാണു. വെള്ളക്കാരൻ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ടിരുന്നപ്പോൾ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഉയർന്നുവന്നില്ലേ അത് പോലെ. നിലവിൽ രൂപം കൊണ്ടുവരുന്ന ആം ആദ്മി പ്രസ്ഥാനം രാജ്യത്തെ നവീകരിക്കാനും ശുദ്ധീകരിക്കാനും മാലിന്യങ്ങൾ തൂത്തുവാരാനുമുള്ള ജനകീയപ്രസ്ഥാനമായി വളരാനുള്ള സാധ്യതയാണു കാണുന്നത്.

അരവിന്ദ് കെജ്‌രിവാൾ എന്ന വ്യക്തിയുടെ ഭൂതകാലം മനസ്സിലാക്കുന്നവർക്ക് ഇന്ത്യയിലെ സാധാരണക്കാരുടെ ഭാവി പ്രധാനമന്ത്രിയായും, രാജ്യത്തെ നേരായ പാതയിൽ നയിക്കാൻ കഴിയുന്ന നേതാവായും സങ്കല്പിക്കാൻ കഴിയുന്നുണ്ട്. അത്കൊണ്ട് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും ശത്രു ആയിട്ടല്ല മറ്റ് പാർട്ടി അണികൾ കാണേണ്ടത്. സ്വന്തം പാർട്ടിയെയും നേതാക്കളെയും ശുദ്ധീകരിക്കാൻ പ്രേരിപ്പിക്കുകയും അങ്ങനെ പൊതുരംഗം സംശുദ്ധമാക്കാൻ നിമിത്തമാകുന്ന അഭിനവമിശിഹ ആയിത്തന്നെ മറ്റ് പാർട്ടി അണികൾ കെജ്‌രിവാളിനെ കാണണം. ആ ആദ്മി മൂവ്‌മെന്റും കെജ്‌രിവാളും പരാജയപ്പെട്ടാൽ അതിന്റെ നഷ്ടം രാഷ്ട്രത്തിനു തന്നെയാണെന്ന് ഓരോ പാർട്ടിക്കാരനും കണ്ണ് തുറന്നു കാണണം. കെജ്‌രിവാളിനെ എതിർക്കുന്നതിനു പകരം സ്വന്തം പാർട്ടി നേതാക്കളെ വിചാരണ ചെയ്യാനാണു ഓരോ പാർട്ടി അനുഭാവിയും മുന്നോട്ട് വരേണ്ടത്.

യാഥാസ്ഥിതികരാഷ്ട്രീയവും സി.പി.എമ്മും ആം ആദ്മി മുന്നേറ്റവും

മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടി കണ്ണൂരിൽ സർക്കാർ ആസൂത്രണം ചെയ്യുമ്പോൾ ആ സൗകര്യം ഉപയോഗപ്പെടുത്തി തങ്ങളുടെ പാർട്ടിക്ക് എങ്ങനെ പണം സംഭരിക്കാം എന്ന് പദ്ധതിയിടുകയായിരുന്നു അസാമാന്യ ബിസിനസ്സ് ബുദ്ധിയുള്ള സി.പി.എം. കണ്ണൂർ നേതൃത്വം. ജനസമ്പർക്കപരിപാടിക്ക് വേദിയും പന്തലും കസേരകളും എല്ലാം കൂടി ബ്രഹ്മാണ്ഡസൗകര്യമാണു ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കിയത്. തൃശൂരിലുള്ള ഒരു കോൺട്രാക്ടർക്കാണു ഇതിന്റെ നിർമ്മാണച്ചുമതല. 20 ലക്ഷത്തോളമാണു ചെലവ്. സർക്കാർ പണമല്ലേ, സാരമില്ല. ഈ വേദി ചുളുവിൽ ഉപയോഗിച്ച് പണം ഉണ്ടാക്കാനുള്ള മാർഗ്ഗമാണു പാർട്ടി ആലോചിച്ചത്.

 കണ്ണൂരിൽ പാർട്ടിക്ക് ഏരിയ കമ്മറ്റി കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. അതിന്റെ കടം തീർക്കാനെന്ന പേരിൽ ഒരു മെഗാ ഷോ നടത്തുക. ഡിസമ്പർ 17നാണു ജനസമ്പർക്കം. കരാറുകാരനെ കാണുന്നു. മെഗാ ഷോ ഡിസമ്പർ 21നു. പന്തൽ പൊളിക്കുന്നത് നാലു ദിവസം കഴിഞ്ഞിട്ട് മതി. അങ്ങനെ കരാറുകാരനു ചെറിയ പൈസ കൊടുത്ത് 20ലക്ഷത്തിന്റെ വേദിയും പന്തലും കസേരയും സൗകര്യങ്ങളും കിട്ടി. ഒരു സാംസ്ക്കാരിക സംഘടനയുടെ പേരിലായിരുന്നു മെഗാഷോ. പിന്നണിഗായകൻ അഫ്സലിന്റെ നേതൃത്വത്തിൽ ഗാനമേളയും കോമഡിഷോയും ഒക്കെ ചേർന്നാണു മെഗാഷോ. ടിക്കറ്റുകൾ വിറ്റത് പാർട്ടിക്കമ്മറ്റികൾ മുഖേന മാത്രം. അത്കൊണ്ട് പരസ്യങ്ങളൊന്നും വേണ്ടി വന്നില്ല. ടിക്കറ്റ് ഉള്ളവർക്കല്ലാതെ മാധ്യമപ്രവർത്തകർക്ക് പോലും ഷോയിൽ പ്രവേശനമുണ്ടായിരുന്നില്ല. അങ്ങനെ തികച്ചും സ്വകാര്യമായി ഒരു ധനസംഭരണം. പാർട്ടിക്കാർ മാത്രമല്ലേ ടിക്കറ്റെടുത്തുള്ളൂ പിന്നെ നിങ്ങൾക്കെന്ത് കാര്യം എന്ന് ചോദിക്കാം. പന്തലും മറ്റും സ്വകാര്യകോൺട്രാക്ടരുടേതും. പരിപാടിക്ക് നഗരസഭയുടെ അനുമതി പിന്നെ സ്വാഭാവികമായും കിട്ടുമല്ലൊ.

 അതാണു പറഞ്ഞത്, സി.പി.എമ്മിനെ സംബന്ധിച്ച് പണമുണ്ടാക്കാൻ ആയിരം വഴികളാണു. എങ്ങനെയൊക്കെയാണു ഈ വഴികൾ തെളിഞ്ഞുവരുന്നത് എന്ന് ആലോചിച്ച് നമ്മൾ മൂക്കത്ത് വിരൽ വെച്ചുപോകും. നിലവിലെ പാരമ്പര്യരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സി.പി.എം.ആണു. അത്കൊണ്ട് നിലവിലെ യാഥാസ്ഥിതിക രാഷ്ട്രീയത്തെ മാറ്റത്തിനു വിധേയമാക്കാൻ സി.പി.എം. ഒരിക്കലും സമ്മതിക്കില്ല. നിലവിലെ രാഷ്ട്രീയമാണു ധനസമ്പാദനത്തിനു സി.പി.എമ്മിനു എളുപ്പവും അനുകൂലവും.

 സാമ്പ്രദായിക രാഷ്ട്രീയത്തിനു അന്ത്യം കുറിച്ചുകൊണ്ട് യഥാർത്ഥ ജനാധിപത്യരാഷ്ട്രീയത്തിന്റെ തേരു തെളിച്ചുകൊണ്ടാണു ആം ആദ്മി പാർട്ടിയുടെ വരവ്. അത്കൊണ്ടാണു ഡൽഹിയിൽ മന്ത്രിസഭ രൂപീകരിക്കണോ എന്ന് ആം ആദ്മി പാർട്ടി ജനങ്ങളോട് അഭിപ്രായം ചോദിച്ചത്. നേതാക്കളുടെ തലയിൽ ഉദിക്കുന്നതല്ല നടപ്പാക്കേണ്ടത്. ജനങ്ങളോട് അഭിപ്രായം ചോദിച്ച് സമന്വയം സ്വരൂപിച്ചതിനു ശേഷമാണു നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ടത്. ജനങ്ങളുടെ അഭിപ്രായം ചോദിക്കണമെന്ന് ഇത് വരെ ഒരു പാർട്ടിക്കും തോന്നിയിട്ടില്ല. അത്കൊണ്ട് ജനാധിപത്യരാഷ്ട്രീയത്തിന്റെ സാധ്യതകൾ ജനം മനസ്സിലാക്കിയുമില്ല. ഇപ്പോൾ ആധുനികസാങ്കേതികവിദ്യയും സോഷ്യൽ മീഡിയകളും ഈ പരിവർത്തനത്തെ സുഗമവും സുസാധ്യവുമാക്കുന്നു.

 ഒരു രസികൻ പോസ്റ്റ് എഫ് ബിയിൽ വായിക്കാനിടയായി. അതിങ്ങനെയാണു:  "ആം ആദ്മി പാർട്ടി കണ്ണൂരിൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ ആദ്യരക്തസാക്ഷി എവിടെ നിന്നാകുമെന്ന് തീരുമാനമാനവുമായി." കേരളത്തിലെ പാരമ്പര്യരാഷ്ട്രീയവും സി.പി.എമ്മിന്റെ അക്രമണോത്സുകതയും നരഹത്യസന്നദ്ധതയും കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഈ പോസ്റ്റിൽ കമന്റായി ഒരു സ്മൈലി  രേഖപ്പെടുത്താനേ കഴിയൂ.

 പക്ഷെ ആം ആദ്മി പാർട്ടി പ്രവർത്തകരെ ആക്രമിക്കാനോ കൊല്ലാനോ സി.പി.എമ്മിനു കഴിയില്ല. കാരണം ആം ആദ്മി പാർട്ടി താഴെത്തട്ടിൽ നിന്ന് ജനങ്ങളുടെ മനസ്സിൽ നിന്നാണു ഉയർന്നുവരുന്നത്. അതിന്റെ മുന്നിൽ സി.പി.എം. എന്ന ജൈജാന്റിക്ക് എസ്റ്റാബ്ലിഷ്മെന്റ് വെറും കടലാസ് പുലി മാത്രമാണു എന്ന് തെളിയിക്കപ്പെടാൻ പോവുകയാണു. ഇന്ന് (22-12-2013) കണ്ണൂരിൽ ആം ആദ്മി പാർട്ടിയുടെ അംഗത്വവിതരണ സമ്മേളനം നടക്കുന്നു. അതിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു !

കണ്ണൂരിൽ യുദ്ധസമാന സാഹചര്യം

യുദ്ധസമാനമായ സാഹചര്യമാണു കണ്ണൂരിൽ ഇപ്പോഴുള്ളത്. നാളെ ജനസമ്പർക്കവുമായി മുഖ്യമന്ത്രി എത്തുന്നു. തങ്ങളുടെ കരുത്ത് കാണിക്കാൻ സി.പി.എമ്മും കച്ച മുറുക്കുന്നു. കഴിഞ്ഞവരവിൽ കാർ അക്രമിക്കപ്പെട്ട് മുഖ്യമന്ത്രിക്ക് പരിക്ക് പറ്റിയതിനാൽ ആയിരക്കണക്കിനു പോലീസുകാർ എന്തിനും തയ്യാറായി നിലയുറപ്പിച്ചുകഴിഞ്ഞു. എന്തിനാണിതൊക്കെ?

മുഖ്യമന്ത്രിമാർ ജനസമ്പർക്കപരിപാടി നടത്തുന്നതും പരാതി കേൾക്കുന്നതും പരിഹരിക്കുന്നതും ഒന്നും പുതിയ ഏർപ്പാടല്ല. എന്തോ ആയിക്കോട്ടെ , എന്തെങ്കിലും സഹായം കിട്ടുന്നെങ്കിൽ അത് നമ്മളുടെ ആൾക്കാർക്ക് തന്നെയല്ലേ എന്ന് കരുതിയാൽ പോരേ? ഇതിൽ വിമർശിക്കാനോ പുച്ഛിക്കാനോ എന്താണുള്ളത്. പരിഹരിക്കപ്പെടാത്ത പരാതികൾ ഉള്ളവർ നാട്ടിൽ കുറേയുണ്ട് എന്നാണു ഈ പരിപാടിയിലെ പങ്കാളിത്തം കാണിക്കുന്നത്.

ഉദ്യോഗസ്ഥന്മാരെക്കൊണ്ട് ചെയ്യിച്ചുകൂടേ എന്നാണു ചിലർ ചോദിക്കുന്നത്. ശരിയാണു. നയനാറും അച്യുതാനന്ദനും ഒക്കെ കൃത്യമായി ഉദ്യോഗസ്ഥരെക്കൊണ്ട് പണി എടുപ്പിച്ചതിനാൽ അന്നൊന്നും പരാതിയുള്ളവർ നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. സർക്കാർ ഓഫീസുകളിൽ പടി കയറേണ്ട താമസം ഉദ്യോഗസ്ഥർ വന്ന്, ശ്ശൊ താങ്കൾ ഇന്നലെയേ വരാമായിരുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് പരാതി വാങ്ങി കസേരയിലിരുത്തി കുടിക്കാൻ ചായയും കൊടുത്ത് അപ്പോൾ തന്നെ പരിഹരിച്ചു കൊടുക്കുമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് അത്രയും ഭരണനൈപുണ്യം ഇല്ല. അതങ്ങ് ക്ഷമിച്ചൂടേ? ഏതായാലും ജനങ്ങൾ അഞ്ച് കൊല്ലത്തേ തെരഞ്ഞെടുത്ത് പോയില്ലേ? തിരുവനന്തപുരത്തെ സന്ധ്യ ചോദിച്ച പോലെ ഏതായാലും തെരഞ്ഞെടുത്ത് പോയി എന്നാ പിന്നെ അഞ്ച് കൊല്ലം ഭരിക്കാൻ വിട്ടൂടേ? അടുത്ത പ്രാവശ്യം പിണറായി സഖാവ് മുഖ്യമന്ത്രിയായാൽ ഉദ്യോഗസ്ഥർ കൃത്യമായി പണി എടുത്ത് ജനങ്ങൾക്ക് ഒരു പരാതിയും ബാക്കി വെക്കില്ല എന്നറിയാം. ശരി, ജനങ്ങൾക്ക് പറ്റിപ്പോയി, ഒന്ന് ക്ഷമിച്ചൂടേ?

ശരിക്കും സഖാക്കളേ എന്താ നിങ്ങൾക്ക് വേണ്ടത്? സരിതയുമായി ചേർന്ന് ആ പാവപ്പെട്ട ശ്രീധരൻ നായരെ പറ്റിച്ച ഒരു മുഖ്യമന്ത്രിയുടെ ഭരണത്തിൻ കീഴിൽ ജീവിക്കാനുള്ള പ്രയാസമാണോ? അതിനിങ്ങനെ മാസക്കണക്കിനു വെയിലും കൊണ്ട് അലയണോടോ? മുഖ്യനോ ഉപമുഖ്യനോ ആക്കാമെന്ന് ആ മാണിയോടൊന്ന് ഊതിയാൽ മതിയല്ലോ 24 മണിക്കൂർ കൊണ്ട് നിങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാലോ. അതും വയ്യ അല്ലേ? അപ്പോ ഉദ്ദേശം ആരോ പറഞ്ഞ പോലെ നാലു രക്തസാക്ഷികളെ കിട്ടുമോ എന്ന് നോക്കലോ അതോ സന്ധ്യ പറഞ്ഞ പോലെ പൈസ പിരിച്ച് പിരിച്ച് പണം സമ്പാദിക്കലോ? ഒന്നും തിരിയുന്നില്ലാലോ മാർക്സ് കടവുളേ ..

രാഷ്ട്രീയവും പാർട്ടീയവും

രാഷ്ട്രീയം വെറും കക്ഷിരാഷ്ട്രീയമായി അധ:പതിച്ചുപോയ ഒരു കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്. ബുദ്ധിയുള്ളവർക്ക് പോലും ഈ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നുമില്ല. രാഷ്ട്രീയം എന്നത് പാർട്ടി വ്യത്യാസം ഇല്ലാതെയും മത-ജാതി-സമുദായ വ്യത്യാസം ഇല്ലാതെയും സർവ്വ പൗരന്മാരുടെയും പ്രശ്നങ്ങൾ ചിന്തിക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന സാമൂഹ്യശാസ്ത്രവും അതിന്റെ പ്രയോഗവും ആണു. അത്കൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സർവ്വജന താല്പര്യം മാത്രമേ കാണൂ. പാർട്ടിതാല്പര്യം കാണുകയില്ല. പാർട്ടി എന്നത് ഒരു ഇൻസ്ട്രുമെന്റ് മാത്രമാണു. പാർട്ടിക്ക് പാർട്ടിയുടേതായ ഒരു ഇന്ററസ്റ്റും ഉണ്ടാകാൻ വഴിയില്ല. ജനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെങ്കിൽ ഒരു പാർട്ടിക്ക് നിലനിൽപ്പും വേണ്ട.

എന്നാൽ ഇവിടെ പാർട്ടികൾക്ക് പാർട്ടിതാല്പര്യം മാത്രമേയുള്ളൂ. പാർട്ടിയുടെ നിലനിൽപ്പാണു പാർട്ടിക്കാർ പരമപ്രാധാന്യം കൊടുക്കുന്നത്. പാർട്ടിയെ സ്ഥാപനവൽക്കരിക്കുന്നു. എന്നിട്ട് പാർട്ടിതാല്പര്യത്തെ ജനതാല്പര്യങ്ങൾക്ക് മേലെ പ്രതിഷ്ഠിക്കുന്നു. അങ്ങനെ ജനങ്ങൾക്ക് വേണ്ടി പാർട്ടി എന്നത് മാറി പാർട്ടിക്ക് വേണ്ടി ജനങ്ങൾ എന്ന അവസ്ഥയുണ്ടാകുന്നു. ഇതാണു നിലവിലെ കക്ഷിരാഷ്ട്രീയം. ഇതിനെ നമുക്ക് പാർട്ടീയം എന്ന് വിളിക്കാം. ഈ പാർട്ടീയം വളരെ വിദഗ്ദ്ധമായി നടപ്പാക്കുന്ന പാർട്ടിയാണു സി.പി.എം. സി.പി.എം. എന്ത് ചെയ്യുന്നതും സ്വന്തം പാർട്ടിക്കും പാർട്ടിക്കാർക്കും മാത്രമായിരിക്കും. അതിനു സർക്കാർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സഹകരണ പ്രസ്ഥാനങ്ങൾ മുതലായ എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും അവർ ഉപയോഗപ്പെടുത്തും. ഉദാഹരണത്തിനു അവർ ഭരിക്കുന്ന പഞ്ചായത്തിൽ സ്വന്തം പാർട്ടിക്കാരെ മാത്രമേ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. അവർ ഭരിക്കുന്ന സഹകരണബാങ്കിൽ നിന്ന് അവരുടെ പാർട്ടിക്കാർക്ക് മാത്രമേ പലിശ കുറഞ്ഞ കാർഷികവായ്പ കിട്ടുകയുള്ളൂ.

ഇത് മാർക്സിസ്റ്റ് പാർട്ടി മാത്രം ചെയ്യുന്നു എന്നല്ല. ഒരുദാഹരണം പറഞ്ഞു എന്നു മാത്രം. എല്ലാ പാർട്ടികളും ഇത് തന്നെയാണു ചെയ്യുന്നത്. അങ്ങനെയാണു പാർട്ടീയം ഒരു ബിഗ് ബിസിനസ്സായി ഇന്ത്യയിൽ വളർന്നു വന്നിട്ടുള്ളത്. ഇത് സാമാന്യവൽക്കരിച്ച് പറയുന്നതാണു. നല്ല രാഷ്ട്രീയക്കാരും നല്ല പാർട്ടികളും നല്ല നേതാക്കളും ഇല്ല എന്നല്ല. എന്നാൽ രാജ്യത്തെ പൊതുസ്ഥിതി പറയുമ്പോൾ ഇപ്രകാരം സാമാന്യവൽക്കരിച്ചു മാത്രമേ പറയാൻ കഴിയൂ. പാർട്ടീയം കൊണ്ട് സമ്പാദിച്ചുകൂട്ടിയ നേതാക്കൾ ഒരുപാടൊരുപാടുണ്ട്. തമിഴ്‌നാട്ടിലെ ഒരു സാദാ MBBS ഡോക്‌ടർ മാത്രമായിരുന്നു രാമദാസ്. രോഗികളിൽ നിന്ന് രണ്ടും മൂന്നും രൂപ ഫീസ് വാങ്ങി ചികിത്സിക്കുന്ന വെറും ഡോക്‌ടർ. പെട്ടെന്നാണു അദ്ദേഹത്തിനു പാർട്ടീയത്തിന്റെ ഉൾവിളി വന്നത്. അദ്ദേഹത്തിന്റെ വന്നിയർ സമുദായത്തിനു വേണ്ടി എന്ന് പറഞ്ഞ് ഒരു പാർട്ടിയുണ്ടാക്കി. പാട്ടാളിമക്കൾ കട്ചി. പാട്ടാളിമക്കൾ എന്നാൽ കർഷകത്തൊഴിലാളികൾ എന്നർത്ഥം. ഇന്ന് അദ്ദേഹം എത്രയോ ഹെക്‌റ്റർ ഭൂസ്വത്തിന്റെ ഉടമയാണു. വന്നിയർ അന്നും ഇന്നും പാട്ടാളികൾ തന്നെ.

സ്വാതന്ത്ര്യത്തിനു ശേഷമാണു ഈ പ്രതിഭാസം വളരാൻ തുടങ്ങിയത്. ഇത്രയധികം പാർട്ടികൾ ഇന്ത്യയിൽ പെരുകാൻ കാരണവും പാർട്ടിനടത്തിപ്പ് മുതൽ മുടക്കില്ലാത്ത ബിസിനസ്സ് എന്ന് കണ്ടത്കൊണ്ടാണു. ഇവിടെയും പാർട്ടിയെ ഏറ്റവും മികച്ച ബിസിനസ്സായി കൊണ്ടുനടക്കുന്നതിനു സി.പി.എമ്മിനെ നല്ല ഉദാഹരണമായി പറയാൻ കഴിയും. ഇത്രയും സ്വത്ത് ഉള്ള പാർട്ടി ഇന്ത്യയിൽ തന്നെ വേറെ ഉണ്ടോ എന്ന് സംശയമാണു.

അപ്പോൾ ജനങ്ങൾക്ക് വേണ്ടിയുള്ള യഥാർഥ രാഷ്ട്രീയം നമുക്ക് തിരിച്ചുപിടിക്കാൻ കഴിയുമോ എന്നതാണു പ്രശ്നം. അതിനു ആദ്യമായി പുതിയ ഒരു പാർട്ടി വേണം. രാഷ്ട്രീയത്തെ പാർട്ടീയമായി കാണാത്ത , ബിസിനസ്സ് താല്പര്യം ഇല്ലാത്ത നേതാക്കളും പ്രവർത്തകരും വേണം. അവിടെയാണു ആം ആദ്മി പാർട്ടിയുടെ ആവിർഭാവം പ്രസക്തമായി വന്നിരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി ശരിയായ രാഷ്ട്രീയത്തെ പാർട്ടീയമുതലാളിമാരിൽ നിന്ന് തിരിച്ചുവാങ്ങുക എന്ന കനത്ത ഉത്തരവാദിത്വമാണു ആം ആദ്മി പാർട്ടിക്ക് ഉള്ളത്. അവർക്ക് അതിനു കഴിഞ്ഞെങ്കിൽ നന്നായിരുന്നു എന്ന് പറയാൻ മാത്രമേ ഇപ്പോൾ കഴിയു. കാരണം ജനങ്ങളാണു എല്ലാം തീരുമാനിക്കുന്നത്.

സന്ധ്യയ്ക്ക് ഒരു തുറന്ന കത്ത് !

പ്രിയപ്പെട്ട സന്ധ്യ ,

സഞ്ചാരസ്വാതന്ത്ര്യം എന്നത് ഏതൊരു വ്യക്തിക്കും വളരെ പ്രധാനപ്പെട്ട ഒന്നാണു. അത് മനുഷ്യന്റെ നിലനില്പുമായി ബന്ധപ്പെട്ടതും കൂടിയാണു. ഒരാളുടെ സഞ്ചരിക്കാനുള്ള അവകാശം തടയപ്പെടുക എന്നതാണു ഏറ്റവും കടുത്ത മനുഷ്യാവകാശലംഘനം. ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇത് അടിക്കടി നടക്കുന്നു. സ്വാതന്ത്ര്യം കിട്ടി 65 വർഷം പിന്നിട്ടിട്ടും നമ്മുടെ സ്വദേശികളായ ആളുകളിൽ നിന്ന് തന്നെ നമുക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതേണ്ട അവസ്ഥയാണുള്ളത്. എപ്പോഴാണു തന്റെ വഴി തനിക്ക് മുന്നിൽ തടയപ്പെടുക എന്ന് ആർക്കും നിശ്ചയമില്ല. യാത്രയുടെ പകുതിവഴിയിൽ ആയിരിക്കും പൊടുന്നനെ ഹർത്താൽ പ്രഖ്യാപിക്കപ്പെടുക.

ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ അണിനിരത്തിയാണു തങ്ങൾ ഇങ്ങനെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്നാണു നേതാക്കൾ ധാർഷ്ഠ്യത്തോടെ പറയുന്നത്.  ആ അഹന്തയ്ക്ക് നേരെയാണു സന്ധ്യ " യാത് ജനങ്ങൾ എന്തരു ജനങ്ങൾ " എന്ന് തിരുവനന്തപുരം ശൈലിയിൽ പൊട്ടിത്തെറിച്ചത്. കേരളത്തിലെ എത്രയോ ജനങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമാണിത്. എന്നാൽ ആർക്കും അങ്ങനെ ചോദിക്കാൻ ധൈര്യം ഉണ്ടായില്ല. എന്തെന്നാൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന സാമുഹ്യവിരുദ്ധരായ ആൾക്കൂട്ടം സംഘടിതരും സഞ്ചരിക്കേണ്ട മഹാഭൂരിപക്ഷം അസംഘടിതരും ആയിരുന്നു.  എത്ര കാലമാണു നമ്മൾ ഈ സഞ്ചാരസ്വാതന്ത്ര്യനിഷേധം സഹിക്കുക. സന്ധ്യയുടെ ഒറ്റയാൾ പ്രതിഷേധം ഞങ്ങൾക്ക് ധൈര്യം പകർന്നു തരുന്നു. അത്കൊണ്ടാണു മഹാമനുഷ്യസ്നേഹിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം രൂപ സന്ധ്യയ്ക്ക് പാർതോഷികം വാഗ്ദാനം ചെയ്തത്.

ആ തുക വാങ്ങണോ എന്നു തീരുമാനിച്ചിട്ടില്ല എന്നും വാങ്ങിയാൽ തന്നെ അത് നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തും എന്നും സന്ധ്യ പറഞ്ഞതായി പത്രദ്വാര അറിയാൻ കഴിഞ്ഞു. ആ തുക വാങ്ങണം എന്ന് അഭ്യർത്ഥിക്കാനും സാധാരണക്കാരനായ ഞാൻ എന്റെ വകയായി എളിയ ഒരു പാരിതോഷികമായി 50,000 രൂപ തരാൻ താല്പര്യപ്പെടുന്നു എന്ന് അറിയിക്കാനുമാണു ഈ തുറന്ന കത്ത് എഴുതുന്നത്.

ഈ തുക കൊണ്ട് ഹർത്താൽരഹിത കേരളം എന്നൊരു ട്രസ്റ്റ് സന്ധ്യ തുടങ്ങണം. ഹർത്താലിലോ അത് പോലെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന മറ്റ് സമരങ്ങളിലോ സഞ്ചരിക്കുന്ന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ഉണ്ടാകുന്ന നഷ്ടം ഈ ട്രസ്റ്റ് പരിഹരിച്ചുകൊടുക്കണം. തങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല എന്ന് വന്നാൽ വാഹനങ്ങൾ ഹർത്താൽ ദിനത്തിൽ റോഡിലിറക്കാൻ ആളുകൾ ധൈര്യപ്പെടും. തങ്ങളുടെ അക്രമം മൂലം ആർക്കും നഷ്ടം വരുന്നില്ല എന്ന് കണ്ടാൽ അക്രമികൾ പിന്നെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ മെനക്കെടുകയില്ല.  അങ്ങനെ സന്ധ്യയുടെ പ്രതിഷേധം ഐതിഹാസികമായൊരു സമരത്തിന്റെ മുന്നോടിയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തും. ഒരു ഹർത്താൽ രഹിത കേരളം നമുക്ക് കെട്ടിപ്പടുക്കാൻ കഴിയുക തന്നെ ചെയ്യും.

തിരുവനന്തപുരത്ത് നേരിട്ട് വന്ന് എന്റെ ഈ എളിയ പാരിതോഷികം സന്ധ്യയെ ഏല്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഈ അഭ്യർത്ഥന സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

കെ.പി.സുകുമാരൻ

ഫോൺ : 9400 303115
kpsuku@gmail.com

പറിച്ചുനടപ്പെടുന്നവന്റെ വ്യഥകൾ !

വളരെ കഷ്ടപ്പെട്ടിട്ടാണു നാട്ടിലെ വീട് പണി തീർത്തത്. നാട് എന്ന് പറഞ്ഞാൽ അത് നമ്മുടെ അസ്തിത്വത്തിന്റെ ഭാഗം തന്നെയാണു. എല്ലാവരുടെ മനസ്സിലും അവനവന്റെ നാട് എന്നുമുണ്ടാകും. ആർക്കും തന്നെ ജീവിയ്ക്കാൻ കുടുംബം മാത്രം പോര. നാടും വേണം.  അലഞ്ഞുതിരിഞ്ഞ് ജീവിച്ച മനുഷ്യർ കൃഷി കണ്ടുപിടിച്ചതോടെയാണു കുടുംബവും നാടും ഉണ്ടാകുന്നത്. ജനിച്ചത് മുതൽ മരണം വരെയിലും നാട് ഒരാളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വീട് പൂർത്തിയാക്കിയെങ്കിലും എനിക്ക് നാട്ടിലെ വീട്ടിൽ തുടർന്ന് താമസിക്കാനായില്ല. ഭാര്യയുടെയും എന്റെയും ശാരീരികമായ അനാരോഗ്യങ്ങൾ കാരണം മക്കളുടെ കൂടെ താമസിക്കുന്നതാണു നല്ലത് എന്ന് തോന്നി. മകൻ ബാംഗ്ലൂരിലാണു. മകൾക്ക് സർക്കാർ സർവ്വീസിൽ ജോലി കണ്ണൂരിൽ തന്നെ മറ്റൊരു സ്ഥലത്ത് വീട് വാങ്ങി. മരുമകൻ നൈജീരിയയിൽ ജോലി ചെയ്യുന്നു. അവിടെ അവനു നല്ല ശമ്പളവും കമ്പനി വക എല്ലാ സൗകര്യങ്ങളുമുള്ള വീടും ഉണ്ട്.

ഓരോ കുടുക്കുകളാണു. മകനു ബാംഗ്ലൂരിൽ മാത്രമേ ജോലി ചെയ്യാൻ പറ്റൂ. നാട്ടിൽ ഒരു പണിയും ഇല്ല. മകൾക്ക് സർക്കാർ സർവ്വീസ്സ്  ഉപേക്ഷിക്കാൻ കഴിയുന്നില്ല. മരുമകനു നൈജീരിയയിലെ ആറക്ക ശമ്പളവും സൗകര്യങ്ങളും ഉപേക്ഷിക്കാൻ ഒട്ടും കഴിയില്ല. ഞാനും ഭാര്യയും മകന്റെ കൂടെയും മകളുടെ കൂടെയും മാറിമാറി താമസിക്കുന്നു. നാട് ഒരു നീറ്റലായി എന്റെ മനസ്സിൽ എപ്പോഴും ഉണ്ട്. കേരളം നാടില്ലാത്തവരുടെ നാടായി മാറുകയുമാണു. ഇപ്പോഴത്തെ കുട്ടികൾക്ക് വളരുമ്പോൾ നാട് എന്നൊന്ന് ഉണ്ടാവുകയില്ല.

ഇതാണു ഞാൻ ഇപ്പോൾ ആലോചിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനായാൽ ഒരു നാട് വേണ്ടേ? എങ്ങനെയാണു പണ്ടൊക്കെ ആളുകൾക്ക് നാട് ഉണ്ടായത്.  ജനിച്ച വീടിനു സമീപം ഒരു പ്രൈമറി സ്കൂൾ ഉണ്ടാകും. അവിടെ ചുറ്റുപാടുള്ള വീടുകളിൽ നിന്നെല്ലാം കുട്ടികൾ പഠിക്കാനുണ്ടാകും. വളർന്നാൽ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കും. അങ്ങനെ വീടും കുടുംബവും അയൽപ്പക്കവും ചങ്ങാതിമാരും നാടും നാട്ടുകാരും ഒക്കെ ചേർന്നുള്ള ഒരു കൂട്ടുജീവിതം. എന്തൊരു സുഖമായിരുന്നു. ഇന്നുള്ളത്ര പണമോ സൗകര്യങ്ങളോ ഇല്ല എന്നൊരു കുറവ് ഉണ്ടായിരുന്നു എന്നത് ശരി തന്നെ. പണവും സൗകര്യങ്ങളും ഉണ്ടായാൽ ജീവിതം ആനന്ദപ്രദമാകുമോ? എനിക്ക് തോന്നുന്നില്ല. ഞാൻ തന്നെ ഇപ്പോൾ ജീവിച്ചുപോകുന്നത് ഈ ഫേസ്‌ബുക്ക് ഉള്ളത്കൊണ്ടാണു. ഫേസ്‌ബുക്കാണു ഇപ്പോൾ എന്റെ നാട്. നാലാളുമായി ഇന്ററാക്‌ഷൻ സാധ്യമാകുന്നത് ഈ മുഖപുസ്തകത്തിലൂടെയാണു. ഇത് ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്ന് ചിന്തിക്കാൻ കഴിയുന്നില്ല. ആരെങ്കിലുമായി ഇടപെടാതെ നമുക്ക് ജീവിയ്ക്കാൻ കഴിയില്ല. അപ്പോൾ പണത്തേക്കാളും സൗകര്യങ്ങളേക്കാളും വലുത് മനുഷ്യബന്ധങ്ങളാണു.

അതാണു നാടിന്റെ പ്രത്യേകത. നാട് നമുക്ക് ബന്ധങ്ങൾ തരുന്നു. നാട് നമുക്ക് അംഗീകാരവും പരിഗണനയും നൽകുന്നു. നാട് നമുക്ക് സഹായഹസ്തം നീട്ടുന്നു. ഞാൻ ഒറ്റയ്ക്കല്ല എന്ന സുരക്ഷിതത്വബോധം നാട് നമുക്ക് നൽകുന്നു. നാട്ടുകാരുമായി കളിച്ചും ചിരിച്ചും സൊറപറഞ്ഞും സല്ലപിച്ചും കഴിഞ്ഞ മുഹൂർത്തങ്ങളുടെ ഓർമ്മകളാണു നമ്മുടെ വിലപ്പെട്ട സമ്പാദ്യം. പണത്തെ പറ്റിയോ നമ്മുടെ ഭൗതികസൗകര്യങ്ങളെ പറ്റിയോ നാം ഒരിക്കലും ഓർത്ത് സന്തോഷപ്പെടുന്നില്ല. എന്നാൽ നമ്മുടെ ബന്ധങ്ങളെ പറ്റി ഓർക്കാനും അയവിറക്കാനും എന്ത് രസമാണു.

മകളുടെ വീടിനടുത്ത് ഒരു സർക്കാർ എൽ.പി.സ്കൂളുണ്ട്. നടന്നു പോകുമ്പോൾ ആ സ്കൂൾ എപ്പോഴും നോക്കും. പാവപ്പെട്ട കുട്ടികൾ കുറച്ചുപേർ അവിടെ പഠിക്കുന്നുണ്ട്. ഞാൻ ഓർക്കും. അവിടെ എന്റെ കൊച്ചുമക്കളും പഠിച്ചിരുന്നെങ്കിൽ അവർക്ക് ഈ നാട്ടിൽ കൂട്ടുകാർ ഉണ്ടാകുമായിരുന്നു. അങ്ങനെ, വളരുമ്പോൾ പറയാൻ അവർക്കും ഒരു നാട് ഉണ്ടാകുമായിരുന്നു. ഇപ്പോൾ പഠിക്കുന്നത് കണ്ണൂർ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണു. പല ഭാഗത്ത് നിന്നും വരുന്ന കുട്ടികൾ. വളരുമ്പോൾ കൂട്ടുകാരൊക്കെ പിരിഞ്ഞുപോകും. അവർക്കൊന്നും നാട് ഉണ്ടാവുകയില്ല.

നാട് എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഇപ്പോൾ ഒരു കാല്പനിക സങ്കല്പം മാത്രമാണു. നാടു വിട്ടുപോയവരുടെ കാര്യം മാത്രമല്ല. നാട്ടിൽ ജീവിക്കുന്നവർക്ക് ഇപ്പോൾ നാട് ഉണ്ടോ എന്ന് സംശയമാണു. എല്ലാവരും അവനവന്റെ വീടിനകത്ത് ചുരുങ്ങിപ്പോയി. പണ്ട് നാട്ടിൽ ഏത് വീടിന്റെയും ഉമ്മറത്തെ വാതിലുകൾ തുറന്നു കിടക്കുമായിരുന്നു. പൊടുന്നനെയാണു എല്ലാം മാറിപ്പോയത്. ഇപ്പോൾ എല്ലാ വീടുകളിലും പകലിലും അടഞ്ഞ വാതിലുകളാണു. നാടിനു നേരെയാണു ഈ വാതിലുകൾ കൊട്ടിയടച്ചിരിക്കുന്നത്. ആർക്കും ആരെയും വേണ്ട. ആവശ്യമുള്ളവരെ ആവശ്യം വരുമ്പോൾ അങ്ങോട്ട് പോയോ മൊബൈലിൽ വിളിച്ചോ ബന്ധപ്പെട്ടോളാം എന്നൊരു ലൈൻ. എന്റെ ചെറുമക്കൾ വളരുമ്പോൾ പറയാൻ അവർക്കൊരു നാട് ഉണ്ടാവില്ല. ഇത് തന്നെയായിരിക്കണം വളരുന്ന മിക്കവാറും കുട്ടികളുടെ അവസ്ഥ. അങ്ങനെ മലയാളികൾക്ക് നാട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതും ഒരു സ്വകാര്യ ആധിയായി ചിലപ്പോഴൊക്കെ എന്നെ അലട്ടുന്നു..

കൊലരഹിത കേരളത്തിനായി പ്രാർത്ഥിക്കുക !

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പാതിവഴിയിൽ അട്ടിമറിക്കപ്പെട്ടു എന്ന് ഇന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. അതിന്റെ പേരിൽ ആഭ്യന്തരമന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനെ കുറ്റപ്പെടുത്താനാണു എല്ലാവരും ശ്രമിക്കുന്നത്. ഒരുതരം തിരുവഞ്ചൂർ വിരുദ്ധവികാരം ഇപ്പോൾ കോൺഗ്രസ്സിൽ പ്രകടമാണു. എന്നാൽ ടി.പി.കൊലക്കേസിൽ വെള്ളം ചേർത്തതിനും അന്വേഷണം ജില്ലാ നേതാക്കളിലേക്ക് എത്തുന്നത് പോലും മരവിപ്പിച്ചത് തിരുവഞ്ചൂർ ഒറ്റയ്ക്കാണോ? നമുക്കറിയാം, മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണു ശ്രീമാൻ തിരുവഞ്ചൂർ. തിരുവഞ്ചൂരിനെ വിമർശിക്കുന്നവരെയെല്ലാം ഒരു മാതിരി പരിഹാസത്തോടെ നേരിടാൻ അദ്ദേഹത്തിനു ഊർജ്ജം കിട്ടുന്നത് എവിടെ നിന്നാണു. അത് ഉമ്മൻ ചാണ്ടിയിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും അല്ല. തിരുവഞ്ചൂരിനു ഒരാളോട് മാത്രമേ ബാധ്യതയുള്ളൂ. അത് മുഖ്യമന്ത്രിയോട് മാത്രം. ടി.പി.വധക്കേസ് ഇങ്ങനെ ഡൈല്യൂട്ട് ചെയ്യപ്പെട്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ താല്പര്യത്തിന്റെയും സമ്മതത്തിന്റെയും പുറത്ത് തന്നെയാണു.

എന്ത്കൊണ്ട് മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നു? നമുക്കറിയാം, ഉമ്മൻ ചാണ്ടിയും പിണറായി വിജയനും എല്ലാം ഭരണവർഗ്ഗമാണു. നമ്മൾ എന്ത് തലകുത്തി മറിഞ്ഞാലും ഉമ്മൻ ചാണ്ടിയും പിണറായിയും ഒക്കെ ഭരണവർഗ്ഗമായി അവിടെ തന്നെയുണ്ടാകും. അവരെ നമുക്ക് ഒന്നും ചെയ്യാനാകില്ല. ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ ഇനി മറ്റാരും കോൺഗ്രസ്സിൽ നിന്ന് മുഖ്യമന്ത്രിയാവില്ല. പിണറായിയാണെങ്കിൽ SNDP യെ വെള്ളാപ്പള്ളി സ്വന്തമാക്കിയ പോലെ മാർക്സിസ്റ്റ് പാർട്ടിയെ സ്വന്തം പോക്കറ്റിലാക്കി. അടുത്ത മുഖ്യമന്ത്രി പിണറായി അല്ലാതെ മറ്റാരുമല്ല. അപ്പോൾ ഉമ്മൻ ചാണ്ടിയും പിണറായിയും നാളെയും നാളെയും കാണേണ്ടവരാണു. പബ്ലിക്കിന്റെ മുന്നിൽ നിന്ന് മൈക്കിലൂടെ പ്രസംഗിക്കുന്നത് നോക്കണ്ട. അത് അവരുടെ തൊഴിലിന്റെ ഭാഗമാണു. ഭരണവർഗ്ഗം ഒറ്റക്കെട്ടാണു. അതിനർത്ഥം പിണറായിയും ഉമ്മൻ ചാണ്ടിയും സഹപ്രവർത്തകരാണു എന്നതാണു. ഉമ്മൻ ചാണ്ടിക്ക് ദിവസവും നേരിൽ കാണേണ്ടത് കോൺഗ്രസ്സിന്റെ ബൂത്ത് കമ്മറ്റി ഭാരവാഹികളെയല്ല പിണറായി വിജയനെയാണു. പിണറായിയെ മുഷിപ്പിക്കാൻ ഉമ്മൻ ചാണ്ടിക്കാവില്ല. ഭരണക്കാർ തമ്മിലുള്ള വർഗ്ഗപരമായ ഐക്യവും സഹകരണവും പരസ്പരാശ്രിതത്വവും ദൃഢമാണു.

ടി.പി.വധക്കേസ് സി.പി.എമ്മിന്റെ അടപ്പ് ഊരാൻ പര്യാപ്തമായൊരു കേസായിരുന്നു. അത് പിണറായിയുടെ രാഷ്ട്രീയാസ്തിത്വം തന്നെ ഇല്ലാതാക്കും. അപ്പോൾ പിണറായിയെ ആരാണു രക്ഷിക്കുക? വർഗ്ഗപരമായ കാരണങ്ങളാൽ അത് ഉമ്മൻ ചാണ്ടിയുടെ കർത്തവ്യമാണു. ആ കടമയാണു ശ്രീ. തിരുവഞ്ചൂർ ഭംഗിയായി നിർവ്വഹിച്ചത്. നമ്മളിതിനെ അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയം എന്നു പറയുന്നു. ഇന്ത്യയിൽ രാഷ്ട്രീയക്കാർ എന്ന ഭരണവർഗ്ഗം എപ്പോഴും ജനങ്ങൾക്ക് മീതെ ഒരു പോറലും ഇല്ലാതെ അവിടെയുണ്ടാകും. വളരെ അപൂർവ്വം ചിലർക്ക് മാത്രമേ അടിപതറി പോയിട്ടുള്ളൂ. നമ്മൾ ജനങ്ങൾക്ക് ഈ വർഗ്ഗത്തെ ഒന്നും ചെയ്യാൻ പറ്റില്ല. ആ രീതിയിലാണു ഇന്ത്യൻ ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഘടന.

മാർക്സിസ്റ്റ് പാർട്ടിയുടെ കൊലപാതകരാഷ്ട്രീയത്തിനു എന്നെന്നേക്കുമായി അന്ത്യം കുറിക്കാനുള്ള സുവർണ്ണാവസരമായിരുന്നു ടി.പി.വധക്കേസ്. നമ്മളും അങ്ങനെ ആശിച്ചതാണു. മാർക്സിസ്റ്റ് നേതൃത്വവും ഒരു വേള അങ്ങനെ അങ്കലാപ്പിലായതാണു. തങ്ങളുടെ വാൾ ഇനിയൊരിക്കലും ഉറയിൽ നിന്ന് ഊരാൻ കഴിയില്ല എന്ന യാഥാർത്ഥ്യം അവരെ അമ്പരപ്പിച്ചതുമാണു. ഒരു ജില്ലാസെക്രട്ടരിയെ എങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു ശിക്ഷ ഉറപ്പാക്കിയിരുന്നുവെങ്കിൽ ഇനിയൊരിക്കലും മാർക്സിസ്റ്റുകാർ ആരേയും കൊല്ലുകയില്ലായിരിന്നു. രണ്ട് ജില്ലാക്കമ്മറ്റികൾ ചേർന്ന് ആസൂത്രണം ചെയ്ത് സംസ്ഥാനനേതൃത്വത്തിന്റെ അറിവോടുകൂടി മാത്രമേ ഈ കൊല നടക്കൂ എന്ന് സി.പി.എമ്മിന്റെ സംഘടനാസെറ്റപ്പ് അറിയുന്ന ആർക്കും മനസ്സിലാകും എന്ന് ടി.പി.യുടെ വിധവ കെ.കെ.രമ പറഞ്ഞത് ഓർക്കുക. 

സി.പി.എം. നടത്തുന്ന കൊലകൾ വിവിധതട്ടുകളിലാണു ആസൂത്രണം ചെയ്യപ്പെടുക. താഴെത്തട്ടിലുള്ള അനുഭാവികൾക്കും ആരെ വേണമെങ്കിലും തോന്നിയാൽ കൊല്ലാം. എന്തിനാണു കൊന്നത് എന്ന് ആരും ചോദിക്കുകയില്ല. കൊന്നിട്ട് നേരെ പാർട്ടി ഓഫീസിൽ പോയാൽ മതി. ബാക്കി കാര്യങ്ങൾ നോക്കാൻ പാർട്ടിയിൽ ഇൻ-ചാർജ്ജ് ഉള്ള നേതാക്കളുണ്ട്. അങ്ങനെയൊരു കൊലയാണു മിനിഞ്ഞാന്ന് (1-12-2013) പയ്യന്നൂരിൽ വെച്ച് നടത്തിയത്. ആ വിനോദ് കുമാറിനെ കൊല്ലാൻ പറയത്തക്ക കാരണം ഒന്നുമില്ല. കുറെയായില്ലെ നമ്മൾ ഒന്നിനെ കൊന്നിട്ട് എന്ന് ഏതോ ചില സഖാക്കൾക്ക് തോന്നി. എന്നിട്ട് ഒരു കൊടിമരത്തെ മുൻനിർത്തി കൊന്നു. ഇനി ബാക്കി കാര്യങ്ങൾ പാർട്ടി നോക്കിക്കോളും. ടി.പി.വധക്കേസ് ശരിയായ ദിശയിൽ പോയിരുന്നുവെങ്കിൽ ആ വിനോദിനെയെന്നല്ല ആരെയും കൊല്ലാൻ സഖാക്കൾക്ക് ധൈര്യം വരില്ലായിരുന്നു. ഇനി തോന്നുമ്പം തോന്നുമ്പം കൈത്തരിപ്പ് മാറ്റാൻ സഖാക്കൾക്ക് ആരെയും കൊല്ലാം. ഈ ഒരു സഹായമാണു ടി.പി.വധിക്കപ്പെട്ടതിനു ശേഷം മാർക്സിസ്റ്റുകാർക്ക് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തുകൊടുത്തിരിക്കുന്നത്. ഇനി മേലിൽ സഖാക്കൾ കൊല്ലുന്ന കൊല്ലലിലെല്ലാം പാപത്തിന്റെ പങ്ക് ശ്രീ,ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും അവകാശപ്പെട്ടതാണു. 

നമുക്ക് ഇതിലൊന്നും ചെയ്യാൻ കഴിയില്ല. കേരളരാഷ്ട്രീയം വെൽ എസ്റ്റാബ്ലിഷ്ഡ് ആണു. ഉമ്മൻ ചാണ്ടിയും പിണറായിയും മാറി മാറി ഭരിക്കും. ഇതിനു മാറ്റം വരാൻ ഒരു സാധ്യതയുണ്ട്. ബംഗാളിൽ മമത ബാനർജി ചെയ്ത പോലെ ഒരു മാർക്സിസ്റ്റ് വിരുദ്ധ തൃണമൂൽ കോൺഗ്രസ്സ് കേരളത്തിലും ഉണ്ടാക്കണം. മുന്നണിയൊന്നും വേണ്ട. ഭരണമായിരിക്കരുത് ലക്ഷ്യം. മാർക്സിസ്റ്റ് ഫാസിസത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക. അതിനു പറ്റിയ ഒരു നേതാവും ഉണ്ട്. നമ്മുടെ കെ.സുധാകരൻ.  സുധാകരൻ ഈ ദൗത്യം ഏറ്റെടുക്കുമോ എന്നറിയില്ല. എനിക്കിനി വലിയ മോഹങ്ങളൊന്നും ഇല്ല എന്ന് സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പറയുകയുണ്ടായി. പക്ഷെ ജനാധിപത്യകേരളത്തിനു ഒരു മോഹമുണ്ട്. ഇന്നത്തെ നിലയിൽ അത് വ്യാമോഹം തന്നെയാണു. മാർക്സിസ് ഫാസിസത്തെ തകർക്കുക എന്നതാണു ആ മോഹം. അങ്ങനെ ഇനി മേലിൽ മാർക്സിസ്റ്റുകാർക്ക് ബലി കൊടുക്കാൻ നിർബ്ബന്ധിതരാവുന്ന പാവപെട്ടവരുടെ ജീവൻ രക്ഷിക്കുക. കെ.സുധാകരൻ ഇനിയുള്ള കാലം ഈ ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണെങ്കിൽ എത്രയോ അമ്മമാരും ഭാര്യമാരും സഹോദരിമാരും അദ്ദേഹത്തെ ദൈവമായി കാണും. അല്ലാതെ മാർക്സിസ്റ്റുകാർ കൊല നിർത്തുകയില്ല. പറഞ്ഞാൽ അവിടെ കൊന്നില്ലേ, ഇവിടെ കൊന്നില്ലേ എന്ന് ചോദിക്കും. 

ഒരു കൊലരഹിത കേരളത്തിനായി നമുക്ക് പ്രാർത്ഥിക്കാം. 

പാർട്ടിപ്ലീനം സംഭവാമി യുഗേ യുഗേ ..

കാരാട്ട് സഖാവും പിണറായി സഖാവും ഇപ്പോൾ പാലക്കാട്ടെ പാർട്ടി പ്ലീനത്തിൽ വെച്ചു പറഞ്ഞത് 1917 മുതൽ ലെനിൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സകലരാജ്യ കമ്മ്യൂണിസ്റ്റ് പാർട്ടികളിലും അതാത് നേതാക്കൾ നടപ്പിലാക്കിയിരുന്നെങ്കിൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ലോകമാകെ പടർന്ന് പിടിച്ച് സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ച് മാനവരാശി ശാസ്ത്രീയകമ്മ്യൂണിസത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നുണ്ടാവും.

എന്താണു കമ്മ്യൂണിസ്റ്റ് പാർട്ടി ലോകമാകെ നശിക്കാൻ കാരണം? സംഗതി പ്രകാശ് കാരാട്ടും പിണറായി സഖാവും ഇപ്പോൾ പറഞ്ഞത് തന്നെ. തങ്ങൾ ജനങ്ങളുടെ സംരക്ഷകർ ആണെന്നും അത്കൊണ്ട് തന്നെ തങ്ങൾ ജനങ്ങളുടെ യജമാനന്മാർ ആണെന്നുമാണു കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാർ കരുതുക. അവർ മാർക്സിസത്തിൽ നിന്ന് ആകെ മനസ്സിലാക്കുന്നത് അത് മാത്രമാണു. അത്കൊണ്ട് ഒരു യജമാനഭാവം അവർക്ക് എപ്പോഴും ഉണ്ടാകും. ആ ഭാവത്തിൽ നിന്നാണു അഹന്തയും തലക്കനവും ധാർഷ്ഠ്യവും എല്ലാം സമൃദ്ധമായി പ്രസരിപ്പിക്കുന്ന ശരീരഭാഷ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാർ ആർജ്ജിക്കുന്നത്.

ലവലേശം സ്വയമര്യാദ ഉള്ള ആർക്കും അത്കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അടുപ്പിക്കാൻ പറ്റില്ല. ജന്മനാ അടിമബോധവും വിധേയത്വവും ഉള്ളവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി അണികൾ ആകാൻ കഴിയൂ. അത്പോലെ തന്നെ മറ്റുള്ളവരുടെ മേൽ അധികാരവും അവകാശവും സ്ഥാപിക്കാനുള്ള ആജ്ഞാശക്തിയുള്ളവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറാകാനും കഴിയൂ. എല്ലാവരും തന്നെ പോലെ സമന്മാരാണു എന്ന ചിന്തയുള്ളവരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അലർജിയുണ്ടാക്കും. പിന്നെ എങ്ങനെയാണു കമ്മ്യൂണിസ്റ്റുകാരനു വിനയം ഉണ്ടാവുക? അവൻ ജനങ്ങളുടെ മുതലാളി ആയിപ്പോയില്ലേ? നാളെ പാർട്ടി ഒറ്റപ്പാർട്ടി ഭരണക്കുത്തക സ്ഥാപിച്ചാൽ പൗരജനങ്ങളെ അടിമകളായി കൊണ്ടുനടക്കേണ്ടവൻ ഇന്ന് വിനയം എങ്ങനെ കാണിക്കും?

ശരി , എന്തായാലും കാരാട്ട് നേതാവ് പാർട്ടിയിലെ രോഗം ഇപ്പോഴെങ്കിലും കണ്ടുപിടിച്ചു പ്രതിവിധിയും നിർദ്ദേശിച്ചല്ലൊ എന്നും ഇനി പുതിയ മാനവികമുഖമുള്ള ഒരു വിനയകുനയ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉടലെടുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടാകുമോ? ആരും കരുതുകയില്ല. ഇതൊക്കെ ഒരു പാർട്ടിയാചാരവും വഴിപാടും മാത്രമാണെന്ന് തെറ്റ് തിരുത്തൽ വിളംബരം പലകുറി വായിച്ച ആർക്കാണറിയാത്തത്. ഇനിയും പ്ലീനം വരും. അപ്പോഴും തിരുത്തൽ പ്രഖ്യാപിക്കാൻ കാലാകാലങ്ങളിലുള്ള തെറ്റുകൾ അല്ലാതെ പുതിയ തെറ്റുകൾ പാർട്ടി എവിടെ പോയി സംഘടിപ്പിക്കാനാ. പ്ലീനം എന്ന് പറഞ്ഞാൽ പാർട്ടി ദൗർബ്ബല്യങ്ങൾ ചർച്ച ചെയ്യാനാണു. പ്ലീനം കഴിഞ്ഞാൽ പാർട്ടിമെമ്പർമാരുടെ കടമ തെറ്റുകളെല്ലാം അടുത്ത പ്ലീനം വരെ തുടരലാണു.

എനിക്ക്  മാർക്സിസ്റ്റ് പാർട്ടിയോട് ഒരടുപ്പം പണ്ട് തോന്നിയിരുന്നു. പാർട്ടിയിൽ ചേർന്ന് ജനങ്ങളെ മാർക്സിയൻ ഫിലോസഫി പഠിപ്പിക്കാൻ താല്പര്യം തോന്നിയിരുന്നു. കാരണം അന്നത്തെ എന്റെ ചിന്താഗതി വെച്ച് മഹത്തായൊരു ദർശനമായിരുന്നു മാർക്സിസം. ജനങ്ങളുടെയിടയിൽ മാർക്സിസം പ്രചരിപ്പിക്കാൻ ഒരു സംഘടന വേണമല്ലൊ. അങ്ങനെയാണു മാർക്സിസ്റ്റ് പാർട്ടിയോട് അടുത്തത്. അടുത്തപ്പോഴാണു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദോഷങ്ങൾ മനസ്സിലാകുന്നത്. അണികളോട് ആജ്ഞാപിക്കുന്ന ലോക്കൽ നേതാക്കളുടെ അധികാരഭാവം എനിക്ക് ദഹിച്ചില്ല. അത് കൂടാതെയാണു അണികളിൽ ചിലരുടെ അക്രമണോത്സുകത. പിന്നെയാണു ലോകകമ്മ്യൂണിസ്റ്റ് ചരിത്രം പഠിക്കാൻ ശ്രമിച്ചത്. ആ ചരിത്രം മുഴുവൻ നരഹത്യയുടെയും പൗരജനങ്ങളെ അടിമകൾ ആക്കുന്നതിന്റെയും ചരിത്രമായിരുന്നു.

1979ൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പ്ലീനം കൽക്കത്തയിൽ നടന്നു. സാൽക്കിയ പ്ലീനം എന്ന് പറയും. അന്നും ഇതേ പോലെ തെറ്റുകൾ കണ്ടുപിടിച്ചു. പരിഹാരവും നിർദ്ദേശിച്ചു. എന്നോട് നാട്ടിലെ ചില സഖാക്കൾ പറഞ്ഞു, നിങ്ങൾ പറഞ്ഞ പോരായ്മകൾ എല്ലാം ഇതാ പാർട്ടി കണ്ടെത്തിയിരിക്കുന്നു. ഇനി തിരുത്തലിന്റെ ദിവസങ്ങളാണു. നോക്കിക്കോ. അന്ന് സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നില എന്തായിരുന്നു? നമുക്ക് നായനാരുടെ വാക്കുകൾ ഓർമ്മിക്കാം. അദ്ദേഹം എല്ലാ വേദിയിലും പറയുമായിരുന്നു, ലോക ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗവും ജീവിക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണു. ആ പ്ലീനവും കഴിഞ്ഞ് 34 വഷത്തിനു ശേഷം മാർക്സിസ്റ്റുകാർ പാലക്കാട്ട് പ്ലീനം കൂടുമ്പോൾ ലോകകമ്മ്യൂണിസത്തിന്റെ അവസ്ഥ എന്താണു? ലോകത്ത് പോട്ടെ, ഇന്ത്യയിലോ?

ചൈന ഇല്ലേ എന്ന് ചിലർ ചോദിക്കുമായിരിക്കും. അവിടെ മറ്റ് പാർട്ടികൾക്ക് മത്സരിക്കാനുള്ള അവസരവും അവർക്ക് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്കും കൊടുത്തുനോക്കണം. അപ്പോൾ വിവരം അറിയും. 34 കൊല്ലം ബംഗാളിൽ തുടർന്ന് ഭരിച്ചത്കൊണ്ടാണു അവിടെയും മാർക്സിസം വെറുക്കപ്പെട്ടത്. കേരളത്തിൽ അയ്യഞ്ച് കൊല്ലം കൂടുമ്പോൾ ഭരണം ഏറ്റെടുക്കാൻ യു.ഡി.എഫ്. ഉള്ളത് കൊണ്ടാണു ഇവിടെ മാത്രം ച്യവനപ്രാശം സേവിച്ച പോലെ മാർക്സിസ്റ്റ് പാർട്ടി ആയുരാരോഗ്യത്തോടെ നിൽക്കുന്നത്. മുപ്പത്തിനാലു ഒന്നും വേണ്ട വെറും പത്ത് കൊല്ലം തുടർന്ന് ഭരിച്ചാൽ തന്നെ മതി കേരളത്തിലും ആളുകൾ സി.പി.എമ്മിനെ അറബിക്കടലിൽ വലിച്ചെറിയും. അപ്പോഴും പ്ലീനം കൂടാമെന്നല്ലാതെ തിരുത്താൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിയില്ല.

വൈക്കം വിജയലക്ഷ്മി ;അനുഗൃഹീത ഗായിക !


ജീവിതം എന്നെ പഠിപ്പിച്ചത് ..

പ്രകൃതിയിൽ എന്തോ സത്യം ഉണ്ടെന്ന് തോന്നുന്നു. സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്നുണ്ട്. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ആർക്കും പാര വെച്ചിട്ടില്ല. പരദൂഷണം പറഞ്ഞിട്ടില്ല. ആരുടെ ജീവിതത്തിലും കയറി ഇടപെട്ടിട്ടില്ല. കടം വാങ്ങിയാൽ ആർക്കും കൊടുക്കാതിരുന്നിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. അന്നും ഇന്നും ഒരു ദോഷം മാത്രമേ എനിക്കുള്ളൂ, അത് മുൻകോപമാണു. മുൻകോപികൾ പൊതുവെ സാത്വികരും വിശ്വസിക്കാൻ കൊള്ളുന്നവരും ആയിരിക്കും എന്നാണു എന്റെ അനുമാനം. എപ്പോഴും ശാന്തശീലരായി കാണപ്പെടുന്നവരും വളരെ ശ്രദ്ധിച്ച് വർത്താനം പറയുന്നവരും സ്വന്തം കാര്യം മാത്രം നോക്കുന്നവരും വിശ്വസിക്കാൻ പറ്റാത്തവരും ആണെന്ന് തോന്നിയിട്ടുണ്ട്. പരുക്കൻ സ്വഭാവക്കാരെയും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരെയും ആണെനിക്കിഷ്ടം.

നാട്ടിൽ ഇപ്പോൾ വളരെ ശ്രദ്ധിച്ച് സംസാരിക്കുന്നവരാണു ഭൂരിപക്ഷവും. എപ്പോഴും ഒരു സേഫ് പൊസിഷനിൽ നിൽക്കാനുള്ള കരുതലിൽ നിന്നാണു ഈ ശ്രദ്ധ ഉണ്ടാകുന്നത്. അത്പോലെ തന്നെ എല്ലാവരും എല്ലാ കാര്യങ്ങളും വളരെ സീക്രട്ട് ആയി സൂക്ഷിക്കുന്നു. ആരോടും മനസ്സ് തുറക്കില്ല. പറ്റുമെങ്കിൽ വടക്കോട്ട് പോകാനൊരുങ്ങുന്നവൻ തെക്കോട്ടേക്കെന്നാണു പറയുക. ആർക്കും പിടുത്തം കൊടുക്കരുത് എന്ന മനോഭാവം. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ട് ജീവിതത്തിൽ എന്ത് ഉണ്ടാക്കാനാണു.

എന്റെ ബന്ധുവായ ഒരു സ്ത്രീ എപ്പോഴും പറയും, എല്ലാം ഒരു ശ്വാസത്തിൽ തീരുന്നതല്ലേയുള്ളൂ സുകുമാരാ എന്ന്. കേട്ടാൽ തോന്നും അത്രയും ലാഘവമുള്ള മനസ്സുമായിട്ടാണു അവർ ജീവിക്കുന്നത് എന്ന്. അവരുടെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും കിട്ടുകയില്ല. ചിരിക്കുമ്പോൾ ആ ചിരി എവിടെ നിന്നാണു വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റില്ല. ആളുകൾ അധികവും ഇപ്പോൾ അങ്ങനെയാണു. പുറത്ത് കാണന്നവരല്ല അകത്ത്. തമിഴന്മാർക്കും കന്നഡക്കാർക്കും അകത്തും പുറത്തും ഒറ്റ മുഖമേയുള്ളൂ.  മലയാളികളെ പോലെ ഇരട്ടവ്യക്തിത്വം ഉള്ള ആളുകൾ വേറെ സമൂഹങ്ങളിൽ ഇല്ല എന്ന് തോന്നുന്നു. അത്കൊണ്ടൊക്കെ നാട് വളരെ വരണ്ടുപോയി. നാട് എന്ന് പറഞ്ഞാൽ അവിടത്തെ മണ്ണും മരങ്ങളും പ്രകൃതിയും അല്ല, മനുഷ്യരാണു. മനുഷ്യരാണു നമ്മെ നാടുമായി ബന്ധിപ്പിക്കുന്നത്.

സമൂഹം എന്താണോ തനിക്ക് നൽകുന്നത് അതാണു ഓരോ വ്യക്തിയും സമൂഹത്തിനു തിരിച്ചുനൽകുക. മറ്റുള്ളവരിൽ നിന്ന് പാരുഷ്യവും കർക്കശവുമായ പെരുമാറ്റങ്ങൾ എവിടെ പോയാലും ലഭിക്കുമ്പോൾ ആരും ഇന്നത്തെ മലയാളിയായിപ്പോകും. അത്കൊണ്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അപ്പോൾ ഞാൻ പറഞ്ഞുവന്നത് ഇതാണു, നമ്മൾ കരക്ടായി ജീവിച്ചാൽ അതിനുള്ള പ്രകൃതി മുഖേന കിട്ടുക തന്നെ ചെയ്യും. എന്നെ ആരെങ്കിലും നൂറു രൂപ പറ്റിച്ചാൽ ആരെയും പറ്റിക്കാതെ തന്നെ ഇരുന്നൂറു രൂപ എനിക്ക് കിട്ടിയിരിക്കും. ഇതാണു എന്റെ അനുഭവം. ഒരുപാട് സാമർത്ഥ്യവും കൗശലവും പ്രയോഗിച്ച് കുറെ പണവും ഭൗതികസാമഗ്രികളും മറ്റും സമ്പാദിച്ചാലൊന്നും നിർണ്ണായകമായ സന്ദർഭങ്ങളിൽ തുണയ്ക്ക് എത്തുകയില്ല. എപ്പോഴും മനസ്സ് കന്മഷം ഇല്ലാതെ നില നിർത്തുക. അതിനോളം വലിയ സമ്പാദ്യം വേറെയില്ല.

ഞരമ്പ് കേരളം

ശ്വേത മേനോൻ എന്ന സിനിമാനടി കൊല്ലത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു പോയി ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മാധ്യമപ്രവർത്തകരെ വിളിച്ച് ഒരു വിവരം അറിയിക്കുന്നു. പരിപാടിയിൽ , പീതാംബരക്കുറുപ്പ് എം.പി.യും കണ്ടാലറിയാവുന്ന വേറൊരുത്തനും തന്റെ ദേഹത്ത് തോണ്ടി അപമാനിച്ചു എന്നും അങ്ങനെ ഞാൻ മാനസികമായും ശരീരസ്പർശനപരമായും പീഡിപ്പിക്കപ്പെട്ടു എന്നുമാണു ആ വിവരം. താൻ പരിപാടിയിൽ തുടക്കം തൊട്ട് അവസാനം വരെയും ഹാപ്പിയായാണു പങ്കെടുത്തത് എന്നും ഹാപ്പിയായി തന്നെയാണു തിരിച്ചുപോയത് എന്നുമുള്ള കൊല്ലം കലക്ടരുടെ പ്രസ്താവന തന്നെ ദു:ഖിപ്പിച്ചതായും നടി കൂട്ടിച്ചേർത്തു. കൊല്ലം കലക്ടർ നടിയുടെ മുഖത്തെ ഹാപ്പി മാത്രമാണു കണ്ടത്. അപമാനിക്കപ്പെടുമ്പോൾ നടി ആന്തരീകമായി സഹിച്ച പീഢനം കാണാൻ  കലക്ടർക്ക് ജ്ഞാനദൃഷ്ടി ഇല്ലാതെ പോയി. അതിലാണു നടിക്ക് ദു:ഖം.

കേരളത്തിലെ ചാനലുകൾ ഇത് ഒരു ദിവസം നല്ല പോലെ ആഘോഷിച്ചു. നടി മുന്നിലും പീതാംബരക്കുറുപ്പ് പിന്നിലുമായി തിരക്കിനിടയിലൂടെ നടക്കുമ്പോൾ കുറുപ്പിന്റെ കൈ സൂം ഇൻ ചെയ്ത് മാഗ്നിഫൈ ആക്കി വട്ടത്തിൽ ചുകപ്പ് മാർക്കിട്ട് സ്റ്റിൽ ആയി ഒരു മിനിറ്റ് നിർത്തി ആവർത്താച്ചാവർത്തിച്ച് കാണിച്ചിട്ടും സുബോധമുള്ള ആർക്കും അതിൽ അപമാനമോ പീഢനമോ കാണാൻ കഴിഞ്ഞില്ല. എന്നാലും ചാനൽകാരും രാഷ്ട്രീയപ്രതികരണത്തൊഴിലാളികളും വിട്ടില്ല. ഇത്തരം ദൃശ്യങ്ങൾക്കും വാർത്തകൾക്കും വേണ്ടി വേഴാമ്പലിനെ പോലെ കാത്തുനിൽക്കുന്ന ഞരമ്പ് രോഗികൾ നിറഞ്ഞുകവിഞ്ഞ കേരളക്കാർക്ക് വേണ്ടത് വിളമ്പിക്കൊടുക്കുക എന്ന ദൗത്യമാണു ചാനലുകാർ അഹമഹമികയാ നിർവ്വഹിച്ചത്. ന്യൂസ്സ് ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ ഇതൊരു അസംബന്ധം ആണെന്നും ശ്രീ.പീതാംബരക്കുറുപ്പിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എനിക്ക് ബോധ്യമായിരുന്നു.

പാർലമെന്റ് തെരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. ഒരു പക്ഷെ 20ൽ 20ഉം സീറ്റ് തൂത്തുവാരാനുള്ള ചാൻസാണു മുന്നിൽ വന്നുപെട്ടിരിക്കുന്നത്. അത്കൊണ്ടാണു DYFI കൊല്ലം ജില്ലാക്കമ്മറ്റി തന്നെ പ്രശ്നം ഏറ്റെടുത്ത് പോലീസിൽ പരാതി കൊടുത്തത്. അപ്പോൾ തന്നെ പോലീസ് കേസ് റജിസ്റ്റർ ചെയ്യുന്നു, ശ്വേത മൊഴി കൊടുക്കുന്നു, താൻ പരാതിയിൽ ഉറച്ചുനിൽക്കുന്നു എന്ന് മാധ്യമങ്ങൾക്കും ഞരമ്പ് രോഗികൾക്കും വീണ്ടും ഉറപ്പ് കൊടുക്കുന്നു. അതേ വേഗത്തിൽ പരാതി പിൻവലിക്കുന്നു എന്നും മാധ്യമങ്ങളെ അറിയിക്കുന്നു. എല്ലാം ചടപടേന്ന് ആയിരുന്നു. 20 സീറ്റിന്റെ വ്യാമോഹം സ്വാഹ.

ശ്വേത മേനോൻ അപമാനിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അത് പീതാംബരക്കുറുപ്പിന്റെ മേൽ ആരോപിച്ചത് വാർത്താപ്രാധാന്യം കിട്ടാൻ വേണ്ടിയാണോ അതല്ല കുറുപ്പിനെ വ്യക്തിഹ്ത്യ നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനാണോ എന്നത് കേസ്  അന്വേഷണത്തിൽ വ്യക്തമാവുമായിരുന്നു. ആ സാധ്യതയാണു ശ്വേത പരാതി പിൻവലിക്കുന്നതിലൂടെ ഇല്ലാതാകുന്നത്. അത് പോലെ തന്നെ  മറ്റേയാൾ ആരാണു എന്നും  രണ്ട് പേർ മാത്രമാണൊ അപമാനിച്ചത് എന്നും അറിയാനുള്ള ചാൻസും ഇല്ലാതായി. ശ്രീ.പീതാംബരക്കുറുപ്പ് രണ്ട് ദിവസത്തേക്ക് നാറിയത് മിച്ചം. ശ്വേതയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല താനും.

ശ്വേത മേനോനെ പരിപാടിക്കിടയിൽ ആരെങ്കിലും തോണ്ടുകയോ ശരീരത്തിൽ അമർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പോൾ തന്നെ എതിർത്തിരുന്നുവെങ്കിൽ സ്ത്രീസമൂഹത്തിനു ആത്മധൈര്യം പകരുന്ന നടപടിയാകുമായിരുന്നു അത്. എല്ലാം ചിരിച്ചുകൊണ്ട് സഹിച്ചിട്ട് കുറെ മണിക്കൂറുകൾ കഴിഞ്ഞ് ടിവിക്കാരെ വിളിച്ച് പരാതി പറഞ്ഞാൽ എന്ത് സന്ദേശമാണു ആ നടി സമൂഹത്തിനു നൽകുന്നത്? എല്ലാവർക്കും ഇങ്ങനെ ടിവിക്കാരെ വിളിക്കാൻ പറ്റുമോ? വിളിച്ചാൽ ടിവിക്കാർ വരുമോ? സെലിബ്രിറ്റി സ്ത്രീകൾക്ക് മാത്രമേ അപമാനം ഉണ്ടാകൂ എന്നാണോ? അപമാനിക്കപ്പെടുന്ന സ്ത്രീകൾ ആ സ്പോട്ടിൽ പ്രതികരിക്കുന്ന ശീലം ഉണ്ടായാൽ മാത്രമേ കേരളത്തെ ഗ്രസിച്ച ഞരമ്പ് രോഗം ചികിത്സിച്ച് മാറ്റാൻ പറ്റൂ.

വർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ നടന്ന സംഭവമാണു. അന്ന് ഈ അമൃതാനന്ദമയി അത്ര പ്രശസ്തയായിരുന്നില്ല. അഞ്ചരക്കണ്ടിയിലെ പലേരി അമ്പലത്തിൽ ഭക്തർക്ക് ദർശനം നൽകാൻ അവർ വന്നു. ദർശനം കിട്ടാൻ കാത്തുനിക്കുന്നവരുടെ ക്യൂ അവസാനിക്കുന്നേയില്ല. ഭക്തരെ മാറോട് ചേർത്ത്പിടിച്ച് ആലിംഗനം ചെയ്യുന്നതായിരുന്നു അവരുടെ രീതി. ദർശനം കിട്ടിയവർ തന്നെ പിന്നെയും പിന്നെയും ക്യൂവിൽ നിന്ന് ദർശനസുഖം അനുഭവിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ തോണ്ടലും അമർത്തലും മറ്റും നടന്നിരിക്കാം. ഒടുവിൽ ക്യൂ തീരാൻ കാത്തുനിൽക്കാതെ സംഘാടകർ അമ്മയെ രക്ഷിച്ചുകൊണ്ടുപോവുകയായിരുന്നു. ദൃക്‌സാക്ഷികൾ എന്നോട് പറഞ്ഞതാണിത്. എന്തിനാണു അവർ ഇങ്ങനെ ആലിംഗനദർശനം നൽകുന്നത് എന്നറിയില്ല. അന്നത്തെ അവരുടെ പ്രായവും ആലിംഗനദർശനവും ഞരമ്പ്‌രോഗം ഉണ്ടാക്കാൻ പര്യാപ്തമായിരുന്നു. ഞാൻ പറഞ്ഞുവരുന്നത് ഞരമ്പ് രോഗം പുരുഷന്മാർക്ക് ഏകപക്ഷീയമായി ഉണ്ടാകുന്നതല്ല. സമൂഹഞരമ്പ്‌രോഗം  ഉണ്ടാക്കുന്നതിൽ താൻ എന്തെങ്കിലും പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് ശ്വേത മേനോൻ സ്വയം വിമർശനം നടത്തിയാൽ നന്നായിരുന്നു.

എന്ത് തന്നെയായാലും ഞരമ്പ്‌രോഗം കേരളത്തെ ആകമാനം ഗ്രസിച്ചിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണു. ഒരു ചില സ്ത്രീകള്‍ ഇതിനു വളം വെച്ചുകൊടുക്കുന്നുണ്ടാകാം. എല്ലാ സ്ത്രീകളും ഒരുപോലെയാണെന്ന് ഞരമ്പ്‌രോഗം ബാധിച്ചവര്‍ കരുതാനിടയാകാം. അതിന്റെ ദോഷം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സ്ത്രീകളുടെ ഭാഗത്ത് നിന്നാണു ഇതിനു ചെറുത്ത് നില്പുണ്ടാകേണ്ടത്. അപമാനം സഹിക്കാന്‍ അവര്‍ തയ്യാറാകരുത്. അതേ സ്പോട്ടില്‍ പ്രതികരിക്കാന്‍ തയ്യാറാകണം.  ആള്‍ക്കൂട്ടത്തില്‍ അപമാനിതയായപ്പോള്‍ സദസ്സിന്റെ മുന്നില്‍ ഗ്ലാമര്‍ കുറയാതെ ചിരിച്ചുകാട്ടി പിന്നീട് സാവകാശം തിരക്കഥയൊക്കെ ഒരുക്കി മാധ്യമക്കാരെ വിളിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചത് സ്ത്രീത്വത്തിനു അപമാനമാണു.

സ്ത്രീവിഷയം രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്നതും ചാനൽകാർ ഇങ്ങനെ സൂം ഇൻ ചെയ്ത് കാണിക്കുന്നതുമെല്ലാം ഞരമ്പ്‌രോഗത്തിന്റെ വകഭേദങ്ങൾ തന്നെയാണു. സദാചാരപോലീസിങ്ങും വേഷപ്രച്ഛന്നമായ ഞരമ്പ്‌രോഗം അല്ലാതെ മറ്റൊന്നല്ല. ശശിയെയും ഗോപി കോട്ടമുറിക്കലിന്റെയും മറ്റും പേരു പറഞ്ഞു  മാർക്സിസ്റ്റുകാരെ കളിയാക്കാൻ കോൺഗ്രസ്സുകാരും , പീതാംബരക്കുറുപ്പ്ന്റെ പേരു പറഞ്ഞു കോൺഗ്രസ്സിനെ അപമാനിക്കാൻ മാർക്സിസ്റ്റുകളും മെനക്കെട്ടാലൊന്നും ഈ രോഗം ചികിത്സിച്ചു ഗുണപ്പെടുത്താൻ കഴിയില്ല. സമൂഹം കക്ഷിരാഷ്ട്രീയമായി ഭയങ്കങ്കരമായ രൂപത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എങ്കിലും ചില പൊതുകാര്യവിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ എല്ലാവർക്കും യോജിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ സമൂഹം സുഗമമായി മുന്നോട്ട് പോകൂ. രാഷ്ട്രീയമെന്നാൽ മുഴുവൻ ജീവിതമല്ല. ജീവിതത്തിൽ ഒരു ഘടകം മാത്രം. ആരും ഇത് മറക്കാതിരിക്കട്ടെ.






ഏതാണു നല്ല 3G സർവ്വീസ് ?

മൊബൈൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ നല്ല 3ജി ഡാറ്റ പ്ലാനും സർവ്വീസും എയർടെൽ (Airtel) ആണെന്നാണു എന്റെ അഭിപ്രായം. ഒരു ജിബി 3ജി ഡാറ്റയ്ക്ക് 250 രൂപയാണു ചാർജ്ജ്. ഒരു മാസത്തെ വാലിഡിറ്റിയും. മുൻപ് അത് 450ഉം അതിൽ കൂടുതലും ആയിരുന്നു. എവിടെ പോയാലും എയർടെല്ലിന്റെ സിഗ്നൽ സ്റ്റേബിൾ ആണെന്നതാണു അതിന്റെ പ്രത്യേകത. എയർടെല്ലിനു ഇപ്പോൾ കേരളത്തിൽ 3ജി സർവ്വീസ് ഇല്ല. സി.എ.ജി.യും കോടതിയും എല്ലാം ഇടപെട്ട് നമ്മുടെ 2ജിയും 3ജിയും ഒക്കെ കുളമാക്കി എന്ന് പറഞ്ഞാൽ മതിയല്ലൊ. അല്ലായിരുന്നെങ്കിൽ എത്രയോ കുറഞ്ഞ നിരക്കിൽ ഹൈസ്പീഡ് മൊബൈൽ ഇന്റർനെറ്റ് സാധാരണക്കാർക്ക് ലഭ്യമാക്കാൻ സർവ്വീസ് ദാതാക്കൾക്ക് കഴിയുമായിരുന്നു.


സർക്കാരിന്റെ നഷ്ടത്തെ കുറിച്ചാണു എല്ലാവരും വേവലാതിപ്പെട്ടത്. സാധാരണക്കാർക്ക് തുച്ഛമായ നിരക്കിൽ 3ജി സേവനം ലഭ്യമാകുന്നതിനെ പറ്റി ആരും കണക്കിലെടുത്തില്ല. സർക്കാരിനു നഷ്ടം എന്ന് പറയാൻ ഈ സ്പെക്ട്രം എന്ന് പറയുന്നത് സർക്കാരിനു പൈസ മുതൽ മുടക്കില്ലാത്ത സംഗതിയാണു. അത് പ്രകൃതിയിലെ ഒരു പ്രതിഭാസമാണു. അത് ഉപയോഗിക്കാൻ കമ്പനികൾക്ക് ലൈസൻസ് നൽകുമ്പോൾ ഈടാക്കുന്ന ചാർജ്ജ് മൊത്തം സർക്കാരിനു ലാഭമാണു. മുതൽ മുടക്കില്ലാത്ത ലാഭം. അപ്പോൾ നഷ്ടം എന്നല്ല പറയേണ്ടത്, ലാഭം കുറഞ്ഞു എന്നാണു. ഒരു പൈസ കിട്ടിയാൽ അതും ലാഭമാണു. ഇത്രയും ചിന്തിക്കാനുള്ള തലച്ചോറു ആ സി.ഏ.ജി.ക്കും നഷ്ടക്കണക്ക് പറഞ്ഞ് നിലവിളിച്ചവർക്കും ഇല്ലാതെ പോയി.


വൻ തുക മുടക്കി ലൈസൻസ് സമ്പാദിച്ചാലും കമ്പനികൾക്ക് 2/3 ജി ജനങ്ങൾക്ക് ലഭ്യമാക്കാൻ പിന്നെയും എത്രയോ മുതൽമുടക്ക് വേണം. മാർക്കറ്റിൽ മത്സരിക്കണം. കുറഞ്ഞ ലൈസൻസ് ഫീസ് ഈടാക്കി കമ്പനികൾക്ക് ലൈസൻസ് ഉദാരമായി നൽകിയിരുന്നെങ്കിൽ ചെറിയ തുകയ്ക്ക് 3ജി സേവനം ആളുകൾക്ക് കിട്ടുമായിരുന്നു. അപ്പോൾ കച്ചവടം കൂടും. അധികം വരിക്കാരും അധികം ഉപഭോഗവും ഉണ്ടാകും. സർക്കാരിനു നികുതിയിനത്തിൽ അധിക വരുമാനം ലഭിക്കും. കമ്പനികൾക്കും അധികലാഭം കിട്ടിയാൽ പുതിയ ടെക്നോളജി ഉപയോഗിച്ച് ഇന്റർനെറ്റിന്റെ സ്പീഡ് ഇന്നത്തേതിലും എത്രയോ ഇരട്ടിയാക്കുമായിരുന്നു. 3ജിയുടെ സ്ഥാനത്ത് ഇപ്പോൾ 4ജി രാജ്യത്ത് സർവ്വസാധാരണമാകുമായിരുന്നു. എല്ലാവരും ഹാപ്പിയായേനേ. ഹലാക്കിന്റെ ഒരു നഷ്ടക്കണക്കിൽ എല്ലാം ചളമാക്കി.


ചിലർക്ക് മുതലാളിമാരോട് എന്തോ പകയാണു. ലാഭം എന്നത് ചൂഷണമാണു, അത് പാപമാണു എന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എഴുതിവെച്ചിട്ടുണ്ട്. അത്കൊണ്ട് മുതലാളിത്തം അത് വ്യക്തിയായാലും കുത്തകയായാലും കോർപ്പറേറ്റ് ആയാലും പാടില്ല എന്നാണു പുരോഗമനബുദ്ധിജീവിമതം. സർക്കാർ അത്തരം മുതലാളിമാരെയും കോർപ്പറേറ്റുകാരെയും ഒരു തരത്തിലും സഹായിക്കരുത്. കഴിയുമെങ്കിൽ ഉപദ്രവിക്കണം. അപ്പോൾ ഈ മൊബൈൽ ഫോണും 3ജിയും ഒക്കെ ആരാണു നമുക്ക് ഉണ്ടാക്കിത്തരിക? സ്വകാര്യ/കോർപ്പറേറ്റ് കമ്പനികൾ ഇല്ലെങ്കിൽ ഇക്കാണുന്നതൊക്കെ ആർ നമുക്ക് ഉല്പാദിപ്പിച്ചുതരും? ബീഡി തെറുക്കുന്നത്പോലെ കമ്പ്യൂട്ടറും ലാപ്പും മൊബൈലും അങ്ങനെ അസംഖ്യം ഉപകരണങ്ങളും മെഷിനറിയും എല്ലാം ആളുകൾ കുടിൽ വ്യവസായമായി വീടുകളിൽ നിന്ന് നിർമ്മിക്കുമോ?


അപ്പോൾ പറയും എല്ലാം സർക്കാരിന്റെ കീഴിൽ ആയാൽ എന്താ രാജ്യം പൊതു ഉടമയിൽ സ്വർഗ്ഗം ആവുകയില്ലേ എന്ന്. ആകും ആകും. ദൈവം നേരിട്ടിറക്കിയ ദുതന്മാരല്ലേ സർക്കാരിന്റെ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥന്മാരും. മുതലാളിത്വം ഇല്ലാതാക്കി സർവ്വം സർക്കാർ അധീനതയിൽ ആക്കിയാൽ ആ ദൈവദൂതന്മാർ രാജ്യം ഒരു പറുദീസയാക്കുക തന്നെ ചെയ്യും. BSNL-ന്റെ ഓഫീസുകളിൽ പോയാൽ തിരിയും അവിടെ അത്രയും മാലാഖമാർ ആണെന്ന്. തലയ്ക്ക് വെളിവുള്ളവൻ ഇക്കാലത്ത് പൊതുമേഖലയ്ക്ക് വേണ്ടി വാദിക്കും എന്ന് തോന്നുന്നില്ല.


ചുരുക്കി പറഞ്ഞാൽ എല്ലാം ഓൺലൈൻ ആകുന്ന ഇക്കാലത്ത് നമ്മുടെ ഇന്റർനെറ്റും 3ജിയും എല്ലാം താറുമാറായി ഒച്ചിന്റെ വേഗതയിൽ ഇഴയുകയാണു. പറഞ്ഞുവന്നത് എയർറ്റെല്ലിനു കേരളത്തിൽ 3ജി സേവനം നൽകാൻ പാടില്ല. കോടതിവിധിയാണു. ഇന്ത്യ ഒരൊറ്റ രാജ്യം എന്നാണു സങ്കല്പം. പക്ഷെ മൊബൈലും പ്രകൃതിപ്രതിഭാസമായ 2ജി/3ജി ഇത്യാദി സ്പെക്ട്രം ഒക്കെ വരുമ്പോൾ ഈ രാജ്യത്ത് മുടിഞ്ഞ സർക്കിളുകളും റോമിങ്ങും എല്ലാമാണു. എല്ലാം സർക്കാരിന്റെ ലാഭത്തിനു വേണ്ടി.


ഞാൻ എയർടെല്ലിന്റെ സിം കാർഡ് ബാംഗ്ളൂരിൽ നിന്നാണു വാങ്ങിയത്. അതിൽ 3ജി ഇന്റർനെറ്റ് കർണ്ണാടകയിലും നാട്ടിലും ചെന്നൈയിൽ പോയാൽ അവിടെയും ഒരേ സ്പീഡിൽ ഒരേ റേറ്റിൽ കിട്ടും. എവിടെയും 1 mbps സ്പീഡ് കുറയാതെ ഇടതടവില്ലാതെ കിട്ടുന്നു. ബാംഗ്ലൂരിൽ ആണെങ്കിൽ അവരുടെ 4G യും ഇപ്പോഴുണ്ട്. അതിൽ അവിടെ 4mbps ൽ അധികം ഡൗൺലോഡ് സ്പീഡ് കിട്ടുന്നുണ്ട്. വിദേശത്തെ സ്പീഡ് പരിഗണിച്ചാൽ ഈ സ്പീഡൊന്നും ഒരു സ്പീഡേയല്ല. എന്നാൽ ഇന്ത്യയിൽ ഈ 4mbps എന്ന് പറഞ്ഞാൽ അത്ഭുതം തന്നെയാണു. എന്നെങ്കിലും ഇന്ത്യയിൽ 3ജിയും ഇന്റർനെറ്റും കരകയറുമോ? പറയാൻ പറ്റില്ല. സർക്കാർ കാര്യം മുറ പോലെ എന്നല്ലെ. കൂടാതെ കോടതിയും സി.എ.ജി.യും സി.ബി.ഐ.യും പിന്നെ ജനങ്ങളും.


എയർടെല്ലിന്റെ ആൻഡ്രോയ്‌ഡ് ആപ്പും ഉണ്ട്. അതിൽ നിന്ന് ടോപ്-അപ്പും 3ജിയും റീചാർജ്ജ് ചെയ്യാം. എയർടെൽ മണിയിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്ത് ആവശ്യാനുസരണം റിചാർജ്ജ് ചെയ്യാം. ബാലൻസ് നോക്കാം. എവിടെ പോകുമ്പോഴും നമ്മൾ ഈ ലോകവുമായി കണക്ടഡ് ആയിരിക്കും.

രാഹുൽ ഗാന്ധി; നാളെയുടെ പ്രതീക്ഷ !

മുന്നണിഭരണത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. ആ വിട്ടുവീഴ്ചകൾ ആകട്ടെ നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും ശിഥിലമാക്കുകയും ചെയ്യും. രണ്ടാം യു.പി.എ. സർക്കാർ രൂപീകരിക്കുമ്പോൾ 2ജി ഇടപാടിൽ അഴിമതി ആരോപണത്തിനു വിധേയനായ എ.രാജയെ മന്ത്രിസഭയിൽ എടുക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഡി.എം.കെ.തലവൻ കരുണാനിധിക്ക് രാജ തന്നെ ടെലികോം മന്ത്രിയാകണമെന്ന് നിർബ്ബന്ധം. പ്രധാനമന്ത്രിയുടെ മുന്നിൽ രണ്ട് വഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ രാജയെ മന്ത്രിയാക്കുക, അല്ലെങ്കിൽ യു.പി.എ. ഭരണം വേണ്ടെന്ന് വയ്ക്കുക. അങ്ങനെ രാജ വീണ്ടും മന്ത്രിയായി. 2ജി അഴിമതി മൊത്തം കോൺഗ്രസ്സിന്റെ തലയിൽ ആയി.

കുറെക്കാലമായി കേന്ദ്രത്തിൽ യു.പി.എ.സർക്കാരിനെ പിടിച്ചുനിർത്തുന്നത് ലാലു പ്രസാദ് യാദവും ശരത് പവ്വാറും മറ്റും  ആണു. അവർ ഇല്ലെങ്കിൽ യു.പി.എ. ഇല്ല. അഴിമതിയുടെ കാര്യം വരുമ്പോൾ എല്ലാ കുറ്റവും കോൺഗ്രസ്സിന്റെ തലയിൽ വെച്ചുകെട്ടുമ്പോൾ കോൺഗ്രസ്സ് വിരുദ്ധർ ഈ യാഥാർത്ഥ്യം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ബി.ജെ.പി.ഭരണകാലത്തെ അഴിമതികളും സൗകര്യപൂർവ്വം മറച്ചുവയ്ക്കുന്നു. 2ജി ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ബി.ജെ.പി.സർക്കാരിന്റെ ടെലികോം നയം ആയിരുന്നു. ആ നയം അതേ പടി പിന്തുടരുകയായിരുന്നു എ.രാജയും. ടെലികോം വകുപ്പ് ഭരിച്ച് ഏറ്റവും കൂടുതൽ പ്രയോജനമുണ്ടാക്കിയത് ബി.ജെ.പി.മന്ത്രിയായിരുന്ന പ്രമോദ് മഹാജൻ ആയിരുന്നു എന്നും എല്ലാവർക്കും അറിയാം.

ആളുകൾക്ക് കുറ്റപ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള പാർട്ടി കോൺഗ്രസ്സാണു. കാരണം കോൺഗ്രസ്സ് അങ്ങനെ പ്രത്യാക്രമണത്തിനു പോകാറില്ല. അത്കൊണ്ട് തന്നെ എപ്പോഴും പ്രതിരോധത്തിൽ ആയിരിക്കും കോൺഗ്രസ്സ്. സ്വാതന്ത്ര്യത്തിനു ശേഷം കോൺഗ്രസ്സ് നീണ്ട കാലം ഭരിച്ചതിന്റെ ഫലമാണു ഇന്ന് കാണുന്ന ഇന്ത്യ. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഇന്ന് കാണുന്ന ഈ ഇന്ത്യ നമുക്ക് അഭിമാനം തന്നെയാണു. മറ്റേതെങ്കിലും പാർട്ടിയാണു ഇത്രയും കാലം ഭരിച്ചിരുന്നതെങ്കിൽ ഇന്ത്യയുടെ രൂപം ഈ മാതിരി ആയിരിക്കില്ല എന്നുറപ്പാണു. ഉദാഹരണത്തിനു സംഘപരിവാർ സ്പോൺസർ ചെയ്യുന്ന പാർട്ടി ആയിരുന്നെങ്കിൽ ഇന്ത്യ ഒരു കലാപ ഭൂമി ആയേനേ.

കാരണം പറയാം. ബാബറി മസ്‌ജിദ് തകർത്തത് ആരാണു? അതിന്റെ കുറ്റവും കോൺഗ്രസ്സിന്റെ തലയിൽ ആണു ആളുകൾ കെട്ടി വയ്ക്കുന്നത്. കോൺഗ്രസ്സുകാർക്ക് പള്ളി പൊളിക്കുന്ന ഏർപ്പാടില്ല. കോൺഗ്രസ്സുകാരിൽ തീവ്രവാദികൾ ഇല്ല. കോൺഗ്രസ്സുകാർ ആയുധപരിശീലനം നടത്തുന്നില്ല. രാജ്യത്തെ ഏറ്റവും മിതവാദികളും ശാന്തശീലരും നിരുപദ്രവകാരികളും ഒരു തരത്തിലുള്ള വർഗ്ഗീയ-പ്രാദേശിക-ഭാഷാ ഭ്രാന്തും ഇല്ലാത്തവരാണു കോൺഗ്രസ്സുകാർ. ബാബറി മസ്‌ജിദ് തകർത്തത് സംഘപരിവാറിന്റെ കർസേവകർ ആണു. അന്ന് ഉത്തർ പ്രദേശ് ഭരിക്കുന്നത് കല്യാൺ സിങ്ങിന്റെ നേതൃത്വത്തിൽ ബി.ജെ.പി.സർക്കാരാണു. നരസിംഹറാവു അന്ന് ഉത്തർ പ്രദേശിലേക്ക് പട്ടാളത്തെ അയച്ചില്ല എന്ന കാരണത്തിലാണു കർസേവകർ ചെയ്ത കുറ്റം കോൺഗ്രസ്സിന്റെ തലയിൽ കയറ്റി വയ്ക്കുന്നത്. നമ്മുടെ രാജ്യത്തെ ഫെഡറൽ നിയമപ്രകാരം അടിയന്തിരാവസ്ഥയിൽ ഒഴികെ സാധാരണ സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പട്ടാളത്തിനു ഒന്നും ചെയ്യാൻ കഴിയില്ല എന്ന സത്യം അവർ മറച്ചു വയ്ക്കുന്നു. പള്ളിക്ക് പൂർണ്ണ സംരക്ഷണം കൊടുക്കും എന്ന് അന്ന് കല്യാൺ സിങ്ങ് കൊടുത്ത ഉറപ്പ് വിശ്വസിക്കാൻ നരസിംഹറാവു ഭരണഘടനപ്രകാരം ബാധ്യസ്ഥനായിരുന്നു.

പറഞ്ഞുവന്നത് ഇതാണു, ഇത്രയും ദീർഘകാലം സംഘപരിവാർ പാർട്ടികൾ ഇന്ത്യ ഭരിച്ചിരുന്നുവെങ്കിൽ തർക്കത്തിലുള്ളതും ഇല്ലാത്തതുമായ അനേകം പള്ളികൾ കർസേവകർ പൊളിക്കുമായിരുന്നു. ഇന്ത്യയിൽ മുസ്ലീം യുവാക്കൾ താലിബാനുകളും ആയിട്ടുണ്ടാകും. ഇന്ത്യ വർഗ്ഗീയകലാപങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നിരിക്കും. ഇന്ത്യയിലെ മുസ്ലീങ്ങൾ പുറത്ത് നിന്ന് വന്നവരല്ല. അവരുടെ പൂർവ്വീകരും ഹിന്ദുക്കളാണു. ഏതോ സാഹചര്യങ്ങളിൽ ഇസ്ലാം മതം ആശ്ലേഷിച്ചവരുടെ സന്തതിപരമ്പരകളാണു മുസ്ലീങ്ങൾ. അവർക്ക് ഇക്കാണുന്ന പള്ളികളത്രയും പണിയാൻ ഭൂമി നൽകിയത് ഹിന്ദുക്കളായ നാട്ടുരാജാക്കന്മാരാണു. അത്കൊണ്ട് അമ്പലങ്ങൾക്കും പള്ളികൾക്കും ഇന്ത്യയിൽ തുല്യ അവകാശമാണു. എല്ലാറ്റിനെയും ഉൾക്കൊള്ളുക എന്നതാണു ഇന്ത്യൻ സംസ്ക്കാരം. അത് തന്നെയാണു കോൺഗ്രസ്സിന്റെയും സംസ്ക്കാരം. അത്കൊണ്ടാണു കോൺഗ്രസ്സുകാർ മതേതര-ജനാധിപത്യവാദികൾ ആകുന്നത്.

ഇനി, ഇത്രയും നീണ്ടകാലം കമ്മ്യൂണിസ്റ്റുകൾ ഇന്ത്യ ഭരിച്ചെങ്കിലോ? കൂടുതൽ ഒന്നും പറയണ്ട. ഞാൻ ഈ പോസ്റ്റ് എഴുതുകയില്ലായിരുന്നു എന്ന് മാത്രമല്ല, എഴുതാൻ മനസ്സിൽ ചിന്തിക്കുക പോലും ഇല്ലായിരുന്നു. കമ്യൂണിസ്റ്റുകളുടെ ഭരണത്തിൽ രാഷ്ട്രീയവും സർക്കാർ കാര്യങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരുടെ മാത്രം വിഷയമാണു. ജനങ്ങളുടെ പണി സർക്കാർ പറയുന്നത് അനുസരിക്കുക മാത്രം. അതിനപ്പുറം ഒരഭിപ്രായവും പൗരജനങ്ങൾക്ക് പാടില്ല.

പറഞ്ഞ് വന്നത്, അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടി സുപ്രീം കോടതി വിധിയെ മറി കടക്കാൻ ഒരു ഓർഡിനൻസ് കൊണ്ടുവരേണ്ടി വന്നത് കോൺഗ്രസ്സിന്റെ ഗതികേട് കൊണ്ടായിരുന്നു. ആ ഗതികേടാണു ഒരു പൊട്ടിത്തെറി കൊണ്ട് രാഹുൽ ഗാന്ധി മാറ്റി മറിച്ചത്. ശരത് പവാറിനും മറ്റും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. മിണ്ടിയാൽ രാജ്യം ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിയുടെ പിന്നിൽ അണിനിരക്കും എന്ന് ഓർഡിനൻസ് അനുകൂലികൾ തിരിച്ചറിഞ്ഞു.

ആ പിന്തിരിപ്പൻ ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനിച്ച ഇന്നലത്തെ ഒക്ടോബർ രണ്ട് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ നിർണ്ണായകമായ വഴിത്തിരിവാണു. നാളത്തെ ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ രാഹുൽ ഗാന്ധി തന്നെ എന്ന് അസന്നിഗ്ദ്ധമായി വെളിപ്പെടുത്തപ്പെട്ട ദിവസമായിരുന്നു ഇന്നലെ. യു.പി.എ.യ്ക്ക് ഭൂരിപക്ഷം കിട്ടികയാണെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദം സ്വീകരിക്കേണമേ എന്നാണു എന്റെ പ്രാർത്ഥന. പക്ഷെ കോൺഗ്രസ്സിനു ഒറ്റയ്ക്ക് ഭുരിപക്ഷം കിട്ടുകയില്ലെങ്കിൽ അമിതമായ പ്രതീക്ഷയും ഇല്ല. നിയമനിർമ്മാണ സഭകളിൽ കോടതി വിധി പ്രകാരം അഴിമതിക്കാരും ക്രിമിനലുകളും കുറഞ്ഞുവരുമല്ലോ എന്ന് മാത്രമാണു ആശ്വാസം.

രാഹുൽ ; നാളെയുടെ പ്രതീക്ഷ !

ഒരു വാക്ക് മതി രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ! അതാണു ഇപ്പോൾ രാഹുൽ ഗാന്ധി ചെയ്തിരിക്കുന്നത്. ആരെന്തൊക്കെ പറഞ്ഞാലും ശരി, രാഹുൽ ഗാന്ധി അങ്ങനെ പരസ്യമായി പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ കുറ്റവാളിരാഷ്ട്രീയക്കാരെ സംരക്ഷിക്കുന്ന കേന്ദ്ര ഓർഡിനൻസ് നിയമമാകുമായിരുന്നു. കുറ്റവാളികൾക്ക് നമ്മെ എന്നും ഭരിക്കാൻ കഴിയുമായിരുന്നു. രാഷ്ട്രപതി പ്രസ്തുതബില്ലിൽ ഒപ്പ് വെക്കില്ലായിരുന്നു എന്ന് ചിലർ പറയുന്നുണ്ട്. അതൊക്കെ വിവരം പോരാഞ്ഞിട്ട് പറയുന്നതാണു. രാഷ്ട്രപതി ആ ഓർഡിനൻസ് തിരിച്ചയച്ചാൽ സർക്കാർ മടക്കത്തപ്പാലിൽ തന്നെ അതങ്ങോട്ട് വീണ്ടും അയച്ചാൽ ഭരണഘടനപ്രകാരം പ്രസിഡണ്ട് ഒപ്പ് വെക്കണം. ഒപ്പ് വെക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനും കഴിയില്ല. രാഷ്ട്രീയനേതൃത്വം ഇച്ഛിച്ചാൽ അത് നിയമമായിരിക്കും എന്നുറപ്പ്.

ആ സാഹചര്യമാണു രാഹുൽ ഗാന്ധി ഒറ്റ വാക്കിലൂടെ മാറ്റി മറിച്ചത്. ചിലർ പറയുന്നു ഇത് നാടകമാണെന്ന്. അപ്പറയുന്നത് വിവരം കൂടിയത്കൊണ്ടാണു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒറ്റ മനസ്സുള്ളവർ ആണെന്നും അവർ രണ്ട് പേരും ചേർന്ന് മാത്രമാണു സകല തീരുമാനങ്ങളും എടുക്കുന്നത് എന്ന് വരുത്തിത്തീർക്കാനുമാണു അമ്മാതിരി അധികവിവരക്കാർ ശ്രമിക്കുന്നത്. അതെന്തോ ആകട്ടെ, അതിനൊന്നും ഉത്തരം പറഞ്ഞ് ഊർജ്ജം പാഴാക്കേണ്ടതില്ല. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണു ആ ബില്ലിനു കോൺഗ്രസ്സിന്റെ കോർ ഗ്രൂപ്പും മന്ത്രിസഭയും അംഗീകാരം നൽകിയത് എന്ന് വ്യക്തമാണു. എന്തെന്നാൽ കുറ്റവാളിരാഷ്ട്രീയക്കാരെ സംരക്ഷിച്ചില്ലെങ്കിൽ ഭരണം നിലനിർത്താനും പിന്നെയും കൈപ്പറ്റാനും പ്രയാസമാണു.

ആ ഒത്തുതീർപ്പ് രാഷ്ട്രീയത്തെയാണു രാഹുൽ ഗാന്ധി ചോദ്യം ചെയ്തത്. അതാകട്ടെ രാജ്യത്തെ പ്രബുദ്ധപൗരാവലിയുടെ രാഷ്ട്രീയബോധത്തെ പ്രതിഫലിപ്പിക്കുന്നതും ആയി. ഒരു ചെറിയ ഒത്തുതീർപ്പിനു നമ്മൾ വഴങ്ങിയാൽ പിന്നെ എന്തിലും ഒത്തുതീർപ്പ് വേണ്ടി വരും എന്നാണു രാഹുൽ ഗാന്ധി പറഞ്ഞത്. അത് വെറും പറച്ചിൽ മാത്രമല്ല. ഒത്തുതീർപ്പ് രാഷ്ട്രീയം എനിക്ക് സമ്മതമല്ല എന്ന് കൂടി രാഹുൽ ഗാന്ധി വെല്ലുവിളിച്ചിരിക്കുന്നു. ആ വെല്ലുവിളി പാർട്ടി അച്ചടക്കത്തിനു വിരുദ്ധമാണെങ്കിൽ അത്തരം അച്ചടക്കരാഹിത്യമാണു നമുക്ക് വേണ്ടത്.

സോണിയ ഗാന്ധി ഒരു വ്യാജബിംബമാണു. ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെയും വോട്ടർമാരെ പ്രീണിപ്പിക്കുന്ന സൗജന്യങ്ങളിലുടെയും പിടിച്ചുനിൽക്കാനാണു അവർ ശ്രമിക്കുന്നത്. രാജീവ് ഗാന്ധി വോട്ടർമാരെ പ്രീണിപ്പിക്കാൻ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. രാജ്യത്തെ 21ആം നൂറ്റാണ്ടിലേക്ക് എത്തിക്കാനാണു അദ്ദേഹം ശ്രമിച്ചത്. അതിന്റെ ഫലമായാണു വിവരസാങ്കേതികരംഗത്ത് നാം ഇത്ര കണ്ട് മുന്നേറിയത്. തൊഴിലുറപ്പ് , ഭക്ഷ്യസബ്‌സിഡി പോലുള്ള ജനപ്രിയ പദ്ധതികൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ളതല്ല മുടിക്കാൻ ഉള്ളതാണു.

രാഷ്ട്രീയത്തിൽ നമുക്ക് എപ്പോഴും വേണ്ടത് നരച്ച വൃദ്ധനേതൃത്വമല്ല. യുവനേതൃത്വമാണു. അപ്പോൾ മാത്രമേ വർത്തമാനകാലത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും മനസ്സിലാക്കി ധീരമായ നടപടികൾ എടുക്കാൻ കഴിയുകയുള്ളൂ. അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയാണോ അതോ രാഹുൽ ഗാന്ധിയാണോ എന്നത് എനിക്ക് വിഷയമല്ല. മോഡിയാണെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിപ്പിക്കുമെന്നോ അല്ലെങ്കിൽ എന്തെങ്കിലും ദുരന്തം വിതയ്ക്കുമെന്നോ ഞാൻ കരുതുന്നില്ല. പക്ഷെ എന്റെ പ്രതീക്ഷ രാഹുൽ ഗാന്ധിയിലാണു. രാഹുൽ ഗാന്ധി കുറെ പഠിക്കാനുണ്ട്. പഠിക്കാനുള്ള മനസ്സും രാഹുലിനുണ്ട്.

2014 ?

UPA ഗവൺമേന്റ് രണ്ട് ടേം പൂർത്തിയാക്കുകയാണു. ഇനി ഒരു ഇടവേള മാറി നിൽക്കുന്നതാണു എന്തുകൊണ്ടും നല്ലത്. അടുത്ത തെരഞ്ഞെടുപ്പിൽ NDA യോ അല്ലെങ്കിൽ മറ്റൊരു ഒറ്റപാർട്ടിയോ രാജ്യത്തിന്റെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് നന്നായിരിക്കും. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UPA ഗവൺമേന്റിന്റെ ഭരണം മോശമായത്കൊണ്ടല്ല ഇങ്ങനെ പറയുന്നത്. ആരു ഭരിച്ചാലും ഇതിനേക്കാൾ നന്നായി ഭരിക്കാനൊന്നും കഴിയുകയും ഇല്ല. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ എന്ത് വിടുവായത്തവും പറയാം. എന്നാൽ ഭരണത്തിന്റെ ചുമതല ഏറ്റെടുത്താൽ നിരുത്തരവാദപരമായി അത്‌വരെ പറഞ്ഞതൊന്നും നടപ്പാക്കാൻ കഴിയുകയും ഇല്ല. കാരണം സർക്കാരിനെ നയിക്കുമ്പോൾ മൂർത്തമായ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. പ്രതിപക്ഷത്താകുമ്പോൾ നീളമുള്ള നാക്ക് മതി.

കോൺഗ്രസ്സിനെ കുറ്റം പറഞ്ഞുകൊണ്ട് അധികാരത്തിൽ വന്ന കോൺഗ്രസ്സിതര സർക്കാരുകൾക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല കാര്യങ്ങൾ കുറച്ചുകൂടി മോശമാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഒരു പാർട്ടിയോ മുന്നണിയോ തുടർച്ചയായി ഭരിക്കുന്നത് ആശാസ്യമല്ല. അത്കൊണ്ടാണു അടുത്ത തവണ കോൺഗ്രസ്സ് മാറി നിൽക്കട്ടെ എന്ന് പറയുന്നത്.

ഇപ്പോൾ നരേന്ദ്രമോഡി എന്നൊരു ഒറ്റയാൾ മായാജാലക്കാരനെ കാട്ടി ഇയ്യാൾ വന്നാൽ ഇന്ത്യയെ ഒരു പൂങ്കാവനമാക്കും എന്ന പ്രചാരണവും ആയിട്ടാണു ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ഇന്ത്യയിലെ വോട്ടർമാർ പ്രാദേശികപാർട്ടികളുടെ ഫിക്സ്‌ഡ് ഡിപ്പോസിറ്റ് ആയി മാറിയിട്ട് കാലം കുറെയായി. അത്കൊണ്ട് മോഡിയെ മോടി പിടിപ്പിച്ചാലോ, ഞങ്ങൾ 80 കോടി ജനങ്ങൾക്ക് രണ്ട് രൂപയ്ക്ക് അരി കൊടുക്കുന്നില്ലേ എന്ന് പറഞ്ഞാലോ ആരും വോട്ട് മാറി ചെയ്യാൻ പോകുന്നില്ല.

പ്രാദേശികപാർട്ടികൾ ഏത് മുന്നണിയിൽ കൂടുതൽ അണിനിരക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത സർക്കാരിന്റെ രൂപീകരണം. നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിൽ ഇനി കുറേക്കാലത്തേക്കൊന്നും ഒറ്റപാർട്ടി ഭരണം നിലവിൽ വരാൻ പോകുന്നില്ല. വോട്ടർമാർ വോട്ട് ബാങ്ക് ആകുന്ന പ്രതിഭാസം കൊണ്ടാണിത്. ഈ പ്രതിഭാസം ഏത് പാർട്ടിയുടെയും വളർച്ചയ്ക്ക് തടസ്സം തന്നെ. പാർട്ടികൾ തന്നെയാണു ഈ പ്രതിഭാസത്തെ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി സംരക്ഷിക്കുന്നതും. വോട്ട് ബാങ്ക് പ്രതിഭാസം കൊണ്ട് ജനാധിപത്യം മുരടിക്കുകയും വോട്ടർമാരുടെ മനസ്സ് വിഷലിപ്തമാവുകയും ചെയ്യുന്നു. നാടിനു വേണ്ടി ചിന്തിക്കേണ്ട പൗരമനസ്സ് പാർട്ടിക്ക് വേണ്ടി ചിന്തിച്ച് ഒന്നിനും കൊള്ളാതെ പാഴായി പോകുന്നു.

മോഡിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് രാജ്യത്ത് ഒരു ധ്രുവീകരണം നടക്കാനാണു സാധ്യത. മോഡി ഗുജറാത്തിൽ മായാജാലം കാട്ടി എന്നും സൊമാലിയ പോലെയിരുന്ന ഗുജറാത്തിനെ മോഡി ഒരു സിങ്കപ്പൂർ പോലെയാക്കി എന്ന് പറഞ്ഞാലൊന്നും രാജ്യത്തെ മുസ്ലീം വോട്ടർമാർക്ക് മനസ്സിലെ ഭീതി ഒഴിഞ്ഞുകിട്ടും എന്ന് തോന്നുന്നില്ല. ബാബറി മസ്‌ജിദ് തകർക്കപ്പെട്ട അരക്ഷിതമനോഭാവവും മുസ്ലീം സമുദായത്തിനു മാറിയിട്ടില്ല. ഹിന്ദു വോട്ട് സമാഹരിക്കാൻ ബി.ജെ.പി. ഇങ്ങനെയൊരു വർഗ്ഗീയകാർഡ് ഇറക്കി കളിക്കേണ്ടതില്ലായിരുന്നു. അത്കൊണ്ടാണു മതേതരഹിന്ദുക്കൾക്ക് ബി.ജെ.പി. അനഭിമതമായിപ്പോയത്. പക്ഷെ കോൺഗ്രസ്സിനെ എതിർത്ത് മാത്രം പാർട്ടി വളർത്തുക എന്ന എളുപ്പവഴി സ്വീകരിച്ച ബി.ജെ.പി.ക്ക് മുന്നിൽ മറ്റ് മാർഗ്ഗം ഉണ്ടായില്ല എന്ന് തോന്നുന്നു.

അടുത്ത തെരഞ്ഞെടുപ്പിൽ ജയലളിത, മമത ബാനർജി, മുലായം സിങ്ങ്, നിതീഷ് കുമാർ മുതലായവരുടെ പിന്തുണ ആർക്ക് കിട്ടുന്നുവോ അവർക്കായിരിക്കും സർക്കാർ രൂപീകരിക്കാനാവുക. ചിലപ്പോൾ അവരുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന ഫെഡറൽ മുന്നണിക്ക് പിന്തുണ കൊടുക്കാൻ പരസ്പരവൈരത്തിന്റെ പേരിൽ കോൺഗ്രസ്സോ ബി.ജെ.പി.യോ നിർബ്ബന്ധിതമായേക്കാം. അങ്ങനെ സംഭവിക്കുമെങ്കിൽ അതൊരു ദേശീയദുരന്തമായിരിക്കും എന്ന് പറയാതെ വയ്യ.

ഭക്ഷ്യസുരക്ഷ ബില്ലിനു ഒരു വിയോജനക്കുറിപ്പ് ..

ഇന്ത്യയിൽ വിശന്നു മരിക്കുന്ന പട്ടിണിപ്പാവങ്ങളെ പറ്റി ഇനി ആരും പറയില്ല. എത്രയോ കാലമായി കേൾക്കുന്നതാണു ഈ പട്ടിണിപ്പാവങ്ങൾ വിശന്നു മരിക്കുന്ന കദനകഥകൾ. ആ കഥയെഴുത്തുകാരെല്ലാം ഇനി തൂലിക (മൗസ്) താഴെ വെക്കേണ്ടി വരും. രാജ്യത്ത് മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾക്ക് മൂന്ന് രൂപ വെച്ച് 5 കിലോ അരിയും രണ്ട് രൂപ വെച്ച് 5കിലോ ഗോദമ്പും ഒരു രുപ വെച്ച് 5കിലോ പയർ വർഗ്ഗങ്ങളും പ്രതിമാസം നൽകപ്പെടും എന്ന് നിയമം മൂലം ഉറപ്പ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണു ഈ ഭഷ്യസുരക്ഷ ബിൽ പാസ്സാക്കെപ്പെട്ടതോടെ മനസ്സിലാകുന്നത്. അതായത് ഒരാൾക്ക് മാസത്തിൽ 30 രൂപയ്ക്ക് 5 കിലോ അരിയും 5കിലോ ഗോദമ്പും 5കിലോ പയറും കിട്ടുമായിരിക്കും അല്ലേ?

എനിക്ക് ഈ ഭഷ്യസുരക്ഷയുടെ കാര്യത്തിൽ വിയോജിപ്പ് ഉണ്ട്. പട്ടിണിയും പാവങ്ങളും വിശപ്പ് സഹിച്ച് മരണവും ഒക്കെ കുറെക്കാലമായി പറഞ്ഞുകേൾക്കുന്നുണ്ട്. എന്ത്കൊണ്ടാണു ഈ പട്ടിണിയും വിശപ്പും മരണവും ഒക്കെ? ഇവർക്കാർക്കും അധ്വാനിക്കാൻ വയ്യേ? അധ്വാനിച്ച് അന്നത്തിനു വക കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നില്ലേ? ശരിയായ പ്രശ്നം തൊഴിൽ ഇല്ലായ്മയാണോ? അതോ തൊഴിലിനു കൂലി കുറവായതാണോ? അങ്ങനെയെങ്കിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ തൊഴിലവസരങ്ങളും സ്വയം തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുകയും എല്ലാ തൊഴിലിനും മിനിമം കൂലി നിയമം മൂലം ഉറപ്പ് വരുത്തുകയും അല്ലേ വേണ്ടത്?

സർക്കാരിന്റെ പണം പ്രത്യുല്പാദനരംഗങ്ങളിൽ നിക്ഷേപിച്ച് അങ്ങനെ തൊഴിലവസരങ്ങളും സ്വയംതൊഴിലുകളും വർദ്ധിപ്പിച്ച് അല്ലേ ദാരിദ്ര്യവും പട്ടിണിയും വിശപ്പും മാറ്റേണ്ടത്. അധ്വാനിക്കാൻ ശേഷിയുള്ളവനു വേണ്ടത് സബ്‌സിഡിയോ അതോ അധ്വാനിക്കാനുള്ള അവസരമോ? ഒന്നിനും വയ്യാത്തവർക്ക് പോരേ സബ്‌സിഡികളും സൗജന്യങ്ങളും? ഓരോ പാവപ്പെട്ടവനും സർക്കാർ രണ്ട് നല്ലയിനം പശുക്കളെയോ അല്ലെങ്കിൽ അത് പോലെ മറ്റെന്തെങ്കിലും തികച്ചും സൗജന്യമായി നൽകിയാൽ അത്രയും ഉല്പാദനം കൂടുകയില്ലേ?

ഇപ്പോൾ ഈ തൊഴിലുറപ്പും ഭക്ഷ്യസുരക്ഷയും എല്ലാം കൂടിയാകുമ്പോൾ രാജ്യത്ത് അലസന്മാർ പെരുകുകയല്ലേ ചെയ്യുക. രാജ്യത്ത് സമ്പത്ത് ഉല്പാദിപ്പിക്കേണ്ട അധ്വാനശേഷി പാഴായിപ്പോവുകയല്ലേ ചെയ്യുക. ഭക്ഷ്യസുരക്ഷ നടപ്പാകുമ്പോൾ ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു വർഷം 1.25ലക്ഷം കോടി രൂപ 80കോടി ജനങ്ങൾ ഭക്ഷിച്ച് തീർക്കുകയാണു ചെയ്യുക. നയാപൈസയുടെ ഉല്പാദനം ഇത്രയും ഭീമമായ തുക കൊണ്ട് നടക്കുകയും ഇല്ല. നികുതിദായകന്റെ പോക്കറ്റിൽ കൈയിട്ട് വാരികൊണ്ടാണു ഏതോ സർക്കാരിന്റെ സൗജന്യം പോലെ ഇത് ചെയ്യാൻ പോകുന്നത്. അല്ലാതെ സർക്കാരിന്റെ കൈയിൽ മറ്റ് വരുമാനങ്ങളൊന്നും ഇല്ല.

ഒരു ഭാഗത്ത് സർക്കാർ സബ്‌സിഡികൾ വെട്ടിക്കുറക്കുന്നു. റോഡുകളും പാലങ്ങളും നിർമ്മിക്കാൻ പണമില്ല എന്ന് പറഞ്ഞു ബി.ഒ.ടി.യും ടോളും നടപ്പാക്കുന്നു. വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുത്ത് കൊള്ളലാഭത്തിനും നിലവാരത്തകർച്ചയ്ക്കും അവസരമൊരുക്കുന്നു. പല വിധ ക്ഷേമപദ്ധതികൾ അർഹർക്ക് ലഭിക്കാതെ ഇടത്തട്ടുകാർ അടിച്ചുമാറ്റുന്നു. അഴിമതിയും കൈക്കൂലിയും രാജ്യത്തെ കാർന്നുതിന്നുന്നു. ഭക്ഷ്യസുരക്ഷ നടപ്പാക്കാൻ എന്തെളുപ്പം. പാർലമെന്റിന്റെ ഇരു സഭകളിലും ഒരു ബില്ലെഴുതി പാസ്സാക്കിയാൽ മതി. പണം നികുതിദായകർ കൊടുത്തോളും.

ഞാൻ അധികം വിവരിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷയും കൂടിയാകുമ്പോൾ ഒരു പത്ത് കൊല്ലം കൊണ്ട് ഈ രാജ്യം കുളം തോണ്ടപ്പെടും എന്ന് ഞാൻ പ്രവചിക്കുന്നു. കുറെ ഇനാമുകൾ കിട്ടുമ്പോൾ ആളുകൾ അത്രയും അധ്വാനിക്കാത്താകും. അധ്വാനത്തിന്റെ അന്യവൽക്കരണം നാശത്തിലേക്കല്ലാതെ വേറെങ്ങോട്ടാണു ?

പ്രശ്നങ്ങളുടെ രാഷ്ട്രീയം

നമ്മുടെ രാജ്യത്ത് നിരവധി പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളൊക്കെ പരിഹരിക്കരിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയും അതിനായി സഹകരിക്കാൻ മുന്നോട്ട് വരികയും ചെയ്യുമെങ്കിൽ നമുക്ക് എല്ലാ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കാൻ കഴിയുമായിരുന്നു. എന്നാൽ സംഭവിക്കുന്നത് എന്താണു? എല്ലാ പാർട്ടികളും കോൺഗ്രസ്സിനെ ആക്രമിക്കാനും , കോൺഗ്രസ്സ് അതിനെ പ്രതിരോധിക്കാനും മുഴുവൻ സമയവും ഊർജ്ജവും ദുർവ്യയം ചെയ്യുന്നു. ഇങ്ങനെ ആക്രമിക്കപ്പെടുന്നത് കോൺഗ്രസ്സിന്റെ മാത്രം പ്രശ്നമല്ല. ബി.ജെ.പി. ഭരണത്തിലെങ്കിൽ എല്ലാ പാർട്ടികളും ബി.ജെ.പി.ക്കെതിരെ ആക്രമണത്തിന്റെ കുന്തമുന തിരിച്ചുവയ്കും. അപ്പോൾ എന്താണു സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ഭരണകക്ഷിയെ എതിർക്കാൻ എതിർകക്ഷികൾ കൃത്രിമ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് പുകമറ സൃഷ്ടിക്കുകയും തങ്ങൾക്ക് മൈലേജ് കിട്ടില്ല എന്നത്കൊണ്ട് യഥാർഥപ്രശ്നങ്ങൾ മറച്ചുവെക്കുകയും ചെയ്യും. ഇതാണു രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്കൊണ്ട് രാജ്യത്തിനു ഒരു ഇഞ്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ല.

ഭാഗ്യവശാൽ ചില്ലറ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നരസിംഹറാവുവിന്റെ ഭരണകാലത്ത് ധനമന്ത്രിയെന്ന നിലയിൽ ഡോ.മൻമോഹൻ സിംഗ് നടപ്പാക്കിയത് കൊണ്ടും അതിനു മുൻപ് രാജീവ് ഗാന്ധി ടെലികോം , ഇൻഫർമേഷൻ ടെക്‌നോളജി മുതലായ മേഖലകളിൽ നവീനമായ പദ്ധതികൾക്ക് തുടക്കം കുറിച്ചത്കൊണ്ടും ഈ കാണുന്ന പുരോഗതി രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഇത്രയും ജനസംഖ്യയുള്ള ഈ രാജ്യം അക്ഷരാർത്ഥത്തിൽ മറ്റൊരു സൊമാലിയ ആകുമായിരുന്നു.

ഇപ്പോൾ എന്ത് പ്രശ്നത്തിനും അതിന്റെ അടിസ്ഥാനകാരണം ആലോചിക്കാതെ മൻമോഹൻ സിംഗിനെ കുറ്റപ്പെടുത്തി നിർവൃതിയടയാനാണു ആളുകൾക്ക് താല്പര്യം. രൂപയുടെ മൂല്യത്തകർച്ചയ്ക്കും മൻമോഹൻ സിംഗിനെ ഉത്തരവാദിയാക്കിയാൽ തൃപ്തിയായി. എന്താണു നമ്മുടെ പ്രശ്നം? പ്രധാന മന്ത്രി മാറിയാൽ പ്രശ്നം തീരുമോ? നരേന്ദ്രമോഡി വന്നാൽ ഇന്ത്യ ഐശ്വര്യപൂർണ്ണമാകുമോ? അദ്ദേഹത്തിന്റെ കൈയിൽ അതിനുള്ള മാന്ത്രികവടിയുണ്ടോ? അതല്ല, ഇപ്പോൾ മൻമോഹൻ സിംഗിനെ കുറ്റപ്പെടുത്തുന്ന പോലെ പിന്നീട് മോഡിക്കെതിരെ സംഘഗാനം ആലപിക്കാനുള്ള അവസരം ലഭിക്കലാണോ പ്രശ്നം.

പ്രശ്നം ഇപ്പോഴും നമ്മുടെ രാഷ്ട്രീയവ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും വളർച്ച മുരടിച്ചുപോയതാണു. ഒരു രാഷ്ട്രീയപാർട്ടിയുടെ ചുമതലയും ഉത്തരവാദിത്വവും മറ്റ് പാർട്ടികളെ എതിർക്കലല്ല. രാജ്യത്തിന്റെ ശരിയായ പ്രശ്നങ്ങൾ പഠിച്ച് പോംവഴി കണ്ടെത്തലാണു. ഭരിക്കുന്ന പാർട്ടി അങ്ങനെ പോംവഴി കണ്ടെത്തുമ്പോൾ അതിനു പ്രതിപക്ഷപാർട്ടികൾ സഹകരിക്കുകയും പിന്തുണ കൊടുക്കുകയുമാണു വേണ്ടത്. കാരണം, പരിഹരിക്കാൻ പോകുന്നത് ജനങ്ങളുടെ പ്രശ്നമാണു. നടത്തിപ്പിൽ തെറ്റ് സംഭവിക്കുമ്പോൾ തിരുത്തിക്കാനാണു ശ്രമിക്കേണ്ടത്. ഞങ്ങളായാലും ഭരിക്കുന്ന പാർട്ടിയായാലും ശരി ചെയ്താൽ അത് ശരിയാണെന്നും ജനങ്ങൾക്ക് നല്ലതാണെന്നും അംഗീകരിക്കാൻ കഴിയണം. ഭരിക്കുന്ന പാർട്ടി എന്ത് ചെയ്താലും തെറ്റ്, ശരി ഞങ്ങൾ ചെയ്തോളാം എന്ന നിലപാട് എല്ലാ രാഷ്ട്രീയപാർട്ടികളും കൈക്കൊള്ളുമ്പോൾ ആർക്കും ഒന്നും ചെയ്യാൻ പറ്റാതെ പോകും. എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് പ്രതിപക്ഷം വോട്ടുകൾ തട്ടിപ്പറിച്ചുകൊണ്ടു പോകുമല്ലോ എന്ന ഭയത്തിൽ ആയിരിക്കും. ഇതാണു ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പാർട്ടികളുടെ ഈ നെഗറ്റീവ് അപ്രോച്ച് മാറാതെ രാജ്യത്തിനു രക്ഷയില്ല. പക്ഷെ പാർട്ടികൾ മാറാനും പോകുന്നില്ല. പാർട്ടികൾ മാറണമെങ്കിൽ ജനങ്ങൾ പ്രബുദ്ധരാകണം. അത് സംഭവിക്കാനും പോകുന്നില്ല. അഭ്യസ്തവിദ്യരുടെ വിദ്യ പോലും വെറുമൊരു സർട്ടിഫിക്കറ്റായി ചുരുങ്ങുമ്പോൾ എന്ത് മാറ്റം വരാൻ. എത്തുന്നയിടം വരെ ഇങ്ങനെ പോകട്ടെ എന്നും കക്ഷിരാഷ്ട്രീയക്കാർ എന്തെങ്കിലുമൊക്കെയായി കുരച്ചുകൊണ്ട് ഇരിക്കട്ടെ എന്നും സമാധാനിക്കാനേ കഴിയൂ.

ആഗസ്റ്റ് 12ഉം ജനാധിപത്യവും !

സഖാവ് ഉള്ളിയേരി കുട്ടികൃഷ്ണനുമായി ഒരു അഭിമുഖം:

റിപ്പോര്‍ട്ടര്‍: ആഗസ്റ്റ് 12ന്റെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും പ്ലാന്‍ ചെയ്യുന്നുണ്ടല്ലൊ. എന്താണ് അഭിപ്രായം? 

സഖാവ് : ഫാസിസം. തനിഫാസിസം. ഇതാണ് ഇത് മാത്രമാണ് ഫാസിസം. ഞങ്ങള്‍ ഒരു ബ്രാഞ്ചില്‍ നിന്ന് രണ്ട് പേര്‍ വീതം അമ്പതിനായിരം ബ്രാഞ്ചുകളില്‍ നിന്നും ലക്ഷം കേഡര്‍മാര്‍   തിരുവനന്തപുരത്ത് എത്തി സെക്രട്ടേരിയറ്റിന് ചുറ്റും അനങ്ങാതിരിക്കുകയാണ് ചെയ്യുക. പോലീസിന്റെ ബാരിക്കേഡുകള്‍ തൊടുക പോലും ഇല്ല. അകത്ത് പ്രവേശിക്കുകയില്ല. സെക്രട്ടേരിയറ്റിന്റെ മതിലിനും ചുറ്റും ലക്ഷം കേഡര്‍മാര്‍ മനുഷ്യമതില്‍ തീര്‍ത്ത് ആരെയും അകത്ത് കടത്താതിരിക്കുന്ന സമാധാനപരമായ സമരമാണ് ഞങ്ങള്‍ ചെയ്യുക. സര്‍ക്കാര്‍ അതിന് അനുവദിക്കലാണ് ജനാധിപത്യം. ഞങ്ങള്‍ അങ്ങനെ സമാധാനപരമായി വളഞ്ഞിരിക്കുമ്പോള്‍ പോലീസോ കേന്ദ്രസേനയോ തടയുന്നത് ഫാസിസമാണ്. ഫാസിസം ഞങ്ങള്‍ പൊറുക്കില്ല. എത്ര പോലീസും പട്ടാളവും വന്നാലും ഞങ്ങള്‍ സെക്രട്ടേരിയറ്റ് വളഞ്ഞിരിക്കും. ഞങ്ങളാണ് ജനങ്ങള്‍. ജനങ്ങളുടെ കരുത്തിനു മുന്നില്‍ പോലീസും പട്ടാളവും പുല്ലാണ്. 

റിപ്പോര്‍ട്ടര്‍: നിങ്ങള്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും , ആഭ്യന്തരകലാപം സൃഷ്ടിക്കാന്‍ പോവുകയാണെന്നും രക്തസാക്ഷികളെ സൃഷ്ടിച്ച് പാര്‍ട്ടിക്ക് ഊര്‍ജ്ജം ശേഖരിക്കാനാണ് ഉദ്ദേശം എന്നൊക്കെ പറയപ്പെടുന്നുണ്ടല്ലൊ? 

സഖാവ്: അതൊക്കെ ബൂര്‍ഷ്വാ-കുത്തകമുതലാളിത്ത-സാമ്രാജ്യത്വ ദുഷ്പ്രചരണങ്ങള്‍ മാത്രം. ഞങ്ങളുടെ ലക്ഷ്യം സുവ്യക്തമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണം. അത്രയേയുള്ളൂ. ഞങ്ങള്‍ ഭരണം അട്ടിമറിക്കില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഭരണവും വേണ്ട. 

റിപ്പോര്‍ട്ടര്‍: നിങ്ങള്‍ ഇങ്ങനെ സെക്രട്ടേരിയറ്റ് അനിശ്ചിതകാലത്തേക്ക് ഉപരോധിച്ചാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടല്ലേ? ലക്ഷം പേര്‍ തങ്ങിയാല്‍ നഗരം വീര്‍പ്പുമുട്ടില്ലേ? 

സഖാവ്: ഒരിക്കലുമില്ല. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണ്. ജനങ്ങളുടെ ആവശ്യമാണ് മുഖ്യമന്ത്രി രാജിവെക്കുക എന്നത്. അത്കൊണ്ട് ജനങ്ങള്‍ക്ക് ഈ സമരം ബുദ്ധിമുട്ടായി തോന്നുകയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് പണം തരുന്നു, താമസിക്കാന്‍ സൌകര്യം തരുന്നു, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തരുന്നു. എന്തിന് ആഗസ്റ്റ് 12വരെ കാത്തു, ഇതിനു മുന്നേ സമരവളണ്ടിയര്‍മാര്‍ വന്ന് ഞങ്ങളെ ഈ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിന്ന് മോചിപ്പിച്ച് രക്ഷിക്കണമായിരുന്നു എന്നാണ് ജനം നമ്മോട് പറയുന്നത്. 

റിപ്പോര്‍ട്ടര്‍: ഉമ്മന്‍ ചാണ്ടി രാജി വെച്ചാല്‍ നിങ്ങള്‍ ഈ സമരം ഉപേക്ഷിക്കുമോ? 

സഖാവ്: അത് പാര്‍ട്ടി ആലോചിക്കും. ഞങ്ങള്‍ക്ക് അനഭിമതനാകുന്ന മുഖ്യമന്ത്രിയാണ് പകരം വരുന്നതെങ്കില്‍ ലക്ഷം കേഡര്‍മാര്‍ പിന്നെയും ഇരച്ചുവരും. അപ്പോഴും സെക്രട്ടേരിയറ്റ് വളഞ്ഞ് ഇരിക്കാനുള്ള സൌകര്യം സര്‍ക്കാര്‍ ചെയ്തു തരണം. കാരണം ഇവിടെ ജനാധിപത്യമാണ്. ജനാധിപത്യത്തില്‍ സമരം ചെയ്യുന്ന ജനങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. അടിച്ചമര്‍ത്തിയാല്‍ അത് ഫാസിസമാണ്. ഫാസിസം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. അത്രയും കരുത്തുള്ളവരാണ് ജനങ്ങള്‍. ആ ജനക്കരുത്താണ് ആഗസ്റ്റ് 12ന് തിരുവഞ്ചൂരിന്റെ പോലീസും കേന്ദ്രന്റെ സേനയും കാണാന്‍ പോകുന്നത്.

റിപ്പോര്‍ട്ടര്‍: ആട്ടെ, നിങ്ങള്‍ ഭരിക്കുമ്പോള്‍ ഇത് പോലെ മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേരിയറ്റ് ഉപരോധിച്ചാല്‍ നിങ്ങള്‍ അതനുവദിക്കുമോ? ഈ സമരം ഒരു കീഴ്വഴക്കമാക്കാമോ? 

സഖാവ്: ഞങ്ങളുടെ മന്ത്രിമാരെ ജനങ്ങളാണ് തെരഞ്ഞെടുക്കുക. ആ മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും സെക്രട്ടേരിയറ്റില്‍ പോകേണ്ടി വരും. അത് ജനങ്ങളുടെയും പാര്‍ട്ടിയുടെയും ജനാധിപത്യാവകാശമാണ്. ആ ജനാധിപത്യം ഞങ്ങള്‍ സംരക്ഷിക്കും. സമരത്തെ ഞങ്ങള്‍ പോലീസോ കേന്ദ്രസേനയോ ഇല്ലാതെ തികച്ചും ജനാധിപത്യപരമായി നേരിടും. 

റിപ്പോര്‍ട്ടര്‍: എങ്ങനെ?

സഖാവ് : സമരത്തിന് പോകും എന്ന് പാര്‍ട്ടി കണ്ടെത്തുന്ന ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും യു.ഡി.എഫ്. അനുഭാവിയുടെയും വീടുകളില്‍ പാതിരായ്ക്ക് പോയി വാതിലില്‍ മുട്ടി വിളിച്ച് കുടുംബനാഥനോട് സൌമ്യമായി പറയും, ഈ വീട്ടില്‍ നിന്ന് ആരെങ്കിലും സമരത്തിന് പോയാല്‍ പോയവന്റെ കൈയും കാലും യഥാസ്ഥാനത്ത് ഉണ്ടാവില്ല. പിന്നെ അവന് ജീവിതത്തില്‍ എവിടെയും സഞ്ചരിക്കേണ്ടി വരില്ല എന്ന്. ഇത് കേള്‍ക്കുമ്പോഴേക്കും സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ഗൃഹനാഥന് ബോധ്യമാകും. പാര്‍ട്ടിക്ക് ജനാധിപത്യം സംരക്ഷിക്കാന്‍ ഇത് പോലെ എത്രയോ വഴികളുണ്ട്. ജനങ്ങളാണ് പാര്‍ട്ടി, പാര്‍ട്ടിയാണ് ജനങ്ങള്‍. പാര്‍ട്ടിയെ സംരക്ഷിക്കലാണ് ജനങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള വഴി. പാര്‍ട്ടിയുടെ വഴിമുടക്കുന്ന വര്‍ഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യലും ജനാധിപത്യസംരക്ഷണത്തിന്റെ മുന്നുപാധിയാണ്. 

റിപ്പോര്‍ട്ടര്‍:  അപ്പോള്‍ ശരിക്കും എന്താണ് ഈ ജനാധിപത്യം? 

സഖാവ് : എന്താ സംശയം? ഞാന്‍ പറഞ്ഞല്ലൊ പാര്‍ട്ടിയാണ് ജനങ്ങള്‍. അപ്പോള്‍ പാര്‍ട്ടിയുടെ ആധിപത്യമാണ് ജനാധിപത്യം. ഇവിടെ ഞങ്ങള്‍ക്ക് ആധിപത്യമില്ല. അത്കൊണ്ട് ജനാധിപത്യവും ഇല്ല. ഇവിടെ ബൂര്‍ഷ്വകള്‍ക്കാണ് ആധിപത്യം. ശരിയായ ജനാധിപത്യത്തില്‍ പാര്‍ട്ടിക്ക് മാത്രമേ ആധിപത്യം ഉണ്ടാകാന്‍ പാടുള്ളൂ. ഡിക്റ്റേറ്റര്‍ഷിപ്പ് ഓഫ് പ്രോലിറ്റേറിയന്‍സ് എന്നാണ് അതിന്റെ പേര്. പാര്‍ട്ടിക്ക് ആധിപത്യം കിട്ടുമ്പോള്‍ ജനങ്ങള്‍ക്ക് ആധിപത്യം കിട്ടും. ആ ആധിപത്യം മറ്റാരും കവര്‍ന്നെടുക്കാതിരിക്കാന്‍  മറ്റാരെയും പാര്‍ട്ടി ഉണ്ടാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ ബൂര്‍ഷ്വകളുടെ ചെരുപ്പ് നക്കികളും കുലംകുത്തികളും വര്‍ഗ്ഗശത്രുക്കളുമാണ്. അത്തരക്കാരെ വിപ്ലവത്തിനു മുന്‍പ് വടിവാള്‍ കൊണ്ട് 51 വെട്ടുവെട്ടി കൊല്ലും. വിപ്ലവത്തിന് ശേഷം ടിയാനന്‍‌മെന്‍ സ്ക്വയറില്‍ ചെയ്ത പോലെ പട്ടാളടാങ്കുകള്‍ കയറ്റി ചതച്ച് ഉന്മൂലനം ചെയ്യും. 

റിപ്പോര്‍ട്ടര്‍ : ഇതൊക്കെ ഇന്ത്യയില്‍ നടക്കുമോ? 

സഖാവ് : നടക്കണം. അതിനാണ് വര്‍ഗ്ഗസമരം. വര്‍ഗ്ഗസമരം മൂര്‍ച്ഛിച്ചാലാണ് വിപ്ലവം നടക്കുക. വര്‍ഗ്ഗസമരം മൂര്‍ച്ഛിക്കാന്‍ നിരന്തരം സമരങ്ങള്‍ വേണം. അതിനാണ് ഞങ്ങള്‍ പണ്ടുമുതലേ കൊടികുത്തി കൊടികുത്തി പരിശ്രമിക്കുന്നത്. ഈ ഉപരോധവും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണ്. തിരിച്ചടികള്‍ ഉണ്ടാകും. എന്നാലും സമരം ചെയ്യാതിരിക്കാനാകുമോ? ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരായിപ്പോയില്ലേ? 

റിപ്പോര്‍ട്ടര്‍ : ഇന്ത്യയില്‍ വിപ്ലവം നടക്കുമോ? വിപ്ലവം നടന്ന സ്ഥലങ്ങളില്‍ ഒന്നും ഇപ്പോള്‍ കമ്മ്യൂണിസം ഇല്ലല്ലൊ? 

സഖാവ് : ഇന്ത്യയിലും വിപ്ലവം നടക്കണം. എന്തെന്നാല്‍ മാര്‍ക്സിസം ശാസ്ത്രമാണ്, അജയ്യമാണ്. ലോകത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും ഗണിച്ച് പ്രവചിച്ച ഒരേയൊരു ശാസ്ത്രജ്ഞനാണ് കാറല്‍ മാര്‍ക്സ്. അദ്ദേഹം പ്രവചിച്ച പോലെ വിപ്ലവം നടത്തിയില്ലെങ്കില്‍ പിന്നെ ഞങ്ങളൊക്കെ എന്തിനാ ഇങ്ങനെ കമ്മ്യൂണിസ്റ്റുകാരായി കഷ്ടപ്പെടുന്നത്? ഇപ്പോള്‍ തന്നെ ലക്ഷം കേഡര്‍മാരെ തിരുവനന്തപുരത്ത് എത്തിക്കാന്‍ എത്ര കോടിയാ ചെലവ്. പോലീസും കേന്ദ്രസേനയും വന്നാലും എല്ല്ലാ തിരിച്ചടികള്‍ക്കും ഒടുവില്‍ വിപ്ലവം വിജയിക്കുക തന്നെ ചെയ്യും.

റിപ്പോര്‍ട്ടര്‍ : എന്നാല്‍ ശരി, ലാല്‍ സലാം !

സഖാവ് : ലാല്‍ സലാം !





മന്ത്രിക്ക് വിവരം കെട്ടാല്‍ ......

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തിരി പോലും വിവരം ഇല്ലെന്നും മഹാഭീരു ആണെന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. മന്ത്രിയാകാന്‍ വിവരം വേണമെന്ന് നമ്മുടെ ഭരണഘടനയില്‍ എഴുതിവെക്കാത്തത്കൊണ്ടാണ് ജയരാജഭാഷയില്‍ വിശേഷിപ്പിക്കേണ്ടതായ ഇയ്യാള്‍ മന്ത്രിയായത്.

കുരുട്ടുചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അഗ്രഗണ്യനാണ് സി.പി.എമ്മിന്റെ ഉപപ്രതിപക്ഷ നേതാവ് കോടിയേരി. വിവരമുള്ളവര്‍ അത്തരം ചോദ്യങ്ങളെ അവഗണിക്കും. എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍ അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് കെണിയില്‍ വീഴും. സി.പി.എം.കാരാണെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ ഉന്നയിക്കുന്ന ന്യായമായ ചോദ്യങ്ങളെ പോലും മൌനം കൊണ്ടോ അവഗണന കൊണ്ടോ നേരിട്ട് തടി തപ്പും.

ഇപ്പോള്‍ തന്നെ ശ്രീധരന്‍ നായരുടെ കൂടെ സരിതയുണ്ടായിരുന്നോ, അന്നത്തെ ദൃശ്യങ്ങള്‍ പുറത്ത് വിടാമോ എന്ന കുരുട്ടുചോദ്യത്തിന് ഉത്തരം പറഞ്ഞാണ് മുഖ്യമന്ത്രി പുലിവാല്‍ പിടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രം എന്ന് വരുത്തിത്തീര്‍ക്കാന്‍ കോടിയേരിയുടെ കുരുട്ടുചോദ്യത്തിന് കഴിഞ്ഞു. സി.പി.എമ്മിന്റെ സാങ്കേതികവിദഗ്ദ്ധനെ കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധസമിതിയെ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായിക്ക് കത്ത് നല്‍കുമ്പോള്‍ പ്രശ്നം പിന്നെയും ജ്വലിപ്പിച്ച് നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കേസ് അന്വേഷിക്കുന്നുണ്ട്, അത് കഴിയട്ടെ എന്നൊരു നിലപാടെടുത്ത് മുഖ്യമന്ത്രിക്ക് ജനകീയപ്രശ്നങ്ങളില്‍ ശ്രദ്ധിക്കാമായിരുന്നു. പിന്നെയും പിന്നെയും സി.പി.എമ്മിന്റെ ചൂണ്ടയില്‍ കൊത്തുകയാണ് മുഖ്യമന്ത്രി.

പിടിയിലായത് പരല്‍മീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ പിടിയിലാവാനുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിട്ടുപോലും ഞാന്‍ നിങ്ങളിലാരെയും പ്രതിയാക്കിയില്ലല്ലോ എന്ന് മാര്‍ക്സിസ്റ്റ് തമ്പുരാക്കന്മാരോട് അടിയാളനായ മന്ത്രിപുംഗവന്‍ വിനീതദാസനയായി നിയമസഭയില്‍ വെച്ച് താണുകേണു പറഞ്ഞു എന്നാണ് പത്രദ്വാര മനസ്സിലാകുന്നത്. അത്കൊണ്ടാണ് ഞാന്‍ പറയുന്നത് അപ്പറഞ്ഞ മന്ത്രിക്ക് അല്പമെങ്കിലും വിവരം ഉണ്ടായിരുന്നെങ്കില്‍ മുല്ലപ്പള്ളിയുടെ പേരു നിയമസഭയില്‍ പറയുമായിരുന്നോ? അങ്ങനെ മാര്‍ക്സിസ്റ്റുകാരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ആ മന്ത്രിക്ക് എന്താണ്? ഒരു കേന്ദ്ര സഹമന്ത്രിയെക്കാളും എനിക്ക് ബഹുമാനവും വിധേയത്വവും അക്കൌണ്ടബിലിറ്റിയും യജമാനന്മാരായ നിങ്ങളോടാണ് എന്ന് മാര്‍ക്സിസ്റ്റുകാരെ ബോധ്യപ്പെടുത്താനല്ലെ മന്ത്രി അത്രയും താണത് ?

അല്ലെങ്കില്‍ തന്നെ ടി.പി.വധക്കേസിന്റെ അന്വേഷണം പാതിവഴിയില്‍ നിന്നത്, കൊല്ലിച്ചവരിലേക്ക് അന്വേഷണം നീളാതിരുന്നത് ഭരണത്തിലെ ഉന്നതരും സി.പി.എം. നേതൃത്വവും തമ്മിലുള്ള അഡ്‌ജസ്റ്റ്മെന്റ് കൊണ്ടാണെന്ന് ആളുകള്‍ക്ക് സംശയം ഉള്ളതായി തോന്നുണ്ട്. ആ സംശയം ബലപ്പെടുത്തുന്നതാണ് മന്ത്രിയുടെ സത്യവാങ്മൂലം. ഇത്രയും തരം താഴരുത് എന്ന് ആ മന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല. ജനാധിപത്യമല്ലേ, മനുഷ്യന്റെ കോലമുള്ള ആര്‍ക്കും മന്ത്രിയാകാം.

ഡിസ്‌ക്ലൈമര്‍ : പത്രറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പാണിത്. മുല്ലപ്പള്ളിയുടെ പേരു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പരാമര്‍ശിച്ചില്ലെങ്കില്‍ ഇത് ഞാന്‍ പിന്‍‌വലിക്കുന്നു. 

വ്യാജപ്രചരണങ്ങള്‍ തിരിച്ചറിയുക

ശ്രീ.മോഹനന്‍ വൈദ്യര്‍ എന്റെ ഫേസ്‌ബുക്ക് സുഹൃത്താണു. ഞങ്ങള്‍ നേരില്‍ കാണുകയും ഒരു ടിവി ചാനലില്‍ സംവാദത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മോഹനന്‍ വൈദ്യരുടെ ഒരുപാട് പ്രഭാഷണങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണു. പ്രശസ്തനായ ഒരു പ്രകൃതിചികിത്സകനാണു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രത്യേകത നുണകള്‍ ഒരു സങ്കോചവും കൂടാതെ പറഞ്ഞുകൊണ്ടേയിരിക്കും എന്നതാണു. നുണകള്‍ക്കാണു ഇന്ന് മാര്‍ക്കറ്റ്. ക്യാന്‍സറിനെ പറ്റി അദ്ദേഹം ക്ലാസ്സ് എടുക്കുന്നത് ശ്രദ്ധിക്കുക.

ക്യാന്‍സര്‍ എന്നാല്‍ കോശങ്ങളുടെ അമിതവാര്‍ദ്ധക്യമാണ് എന്ന് 2009ല്‍ WHO സാക്ഷ്യപ്പെടുത്തി എന്നും അതിനു മുന്‍പ് കോശങ്ങളുടെ അമിതവളര്‍ച്ചയെന്നാണു ക്യാന്‍സറിനെ പറ്റി ഇതേ WHO പറഞ്ഞിരുന്നത് എന്നുമാണു ശ്രീ. വൈദ്യര്‍ അവകാശപ്പെടുന്നത്. എന്നിട്ട് അന്നും ഇന്നും കീമോതെറാപിയും റേഡിയേഷനും മാത്രമാണു ക്യാന്‍സറിനു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് എന്നും ഈ രണ്ട് ചികിത്സയ്ക്കും വിധേയരായ രോഗികള്‍ മരിച്ചുപോകുന്നു എന്നും ചികിത്സിക്കാത്തവര്‍ രക്ഷപ്പെടുന്നു എന്നുമാണു വൈദ്യര്‍ ഉല്‍ബോധിപ്പിക്കുന്നത്. എന്തിനാണു അദ്ദേഹം സമൂഹത്തെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നറിയില്ല. സമൂഹത്തെ വഴിതെറ്റിക്കല്‍ ജീവിതദൌത്യമായി ഏറ്റെടുത്ത പോലെയാണു അദ്ദേഹം നിരന്തരം സംസാരിക്കുന്നത് എന്ന് പറയാന്‍ ഖേദമുണ്ട്.

ശരീരത്തില്‍ കോശങ്ങള്‍ ക്രമം തെറ്റി വളരുന്നതിനെയാണ് ആധുനികവൈദ്യശാസ്ത്രത്തില്‍ ക്യാന്‍സര്‍ എന്നു പറയുന്നത്. അങ്ങനെ അനാവശ്യമായി വളരുന്ന കോശസമൂഹത്തെ കരിച്ചുകളയുക എന്നതാണു റേഡിയേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരം എന്ന് പറഞ്ഞാല്‍ കോശങ്ങളാല്‍ നിര്‍മ്മിതമാണു. കോശങ്ങള്‍ ശരീരത്തില്‍ അനവരതം ഉണ്ടായിക്കൊണ്ടിരിക്കുകയും നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്കൊണ്ട് ക്യാന്‍സര്‍ ശരീരത്തില്‍ എവിടെയും ബാധിക്കാം. തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ക്യാന്‍സര്‍ മിക്കവാറും ചികിസിച്ച് ഭേദമാക്കാന്‍ കഴിയും. മോഹനന്‍ വൈദ്യര്‍ പറയുന്നത് ഒരു കാരണവശാലും ഡോക്ടര്‍മാരെ സമീപിക്കരുത് എന്നാണു.

ദോഷം പറയരുതല്ലൊ, ഇപ്പോഴത്തെ ആയുര്‍വേദക്കച്ചവടത്തെയും അദ്ദേഹം കണക്കിനു പരിഹസിക്കുന്നുണ്ട്. മോഡേണ്‍ മെഡിസിനെ എതിര്‍ക്കുന്നതില്‍ പ്രകൃതിചികിത്സക്കാരും ഹോമിയോക്കാരുമാണ് വീറോടെ രംഗത്ത് ഉള്ളത്. എവിടെ പോയാലും മോഡേണ്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നീണ്ട ക്യൂവാണു. എന്നാലോ എല്ല്ലാവരും ഇതിനെ എതിര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ എന്റെ ഒരു വാചകം ഇവിടെ ആവര്‍ത്തിക്കുന്നു. ആയുര്‍വേദാദി ഹോമിയോ മരുന്നുകള്‍ ഇല്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കില്ല. എന്നാല്‍ മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ഒരു നിമിഷം ലോകത്തിനു മുന്നോട്ട് പോകാന്‍ കഴിയില്ല.

മോഹനന്‍ വൈദ്യര്‍ പറയുന്നത് കേള്‍ക്കുക:

പാർട്ടിഭക്തി സിവിൽസമൂഹനിർമ്മിതിക്ക് തടസ്സം

രാഷ്ട്രീയപാർട്ടികൾ എന്നാൽ അതാത് പാർട്ടി നേതാക്കളുടെയും ഭാരവാഹികളുടെയും പ്രൈവറ്റ് പ്രോപ്പർട്ടിയാണു. മറ്റുള്ളവർക്ക് അതിൽ കാര്യമില്ല. ഒരു പാർട്ടിയിൽ എന്ത് നടക്കുന്നു എന്നത് ആ പാർട്ടിയുടെ നേതാക്കളുടെയും ആ നേതാക്കളുടെ ഭക്തന്മാരുടെയും ആഭ്യന്തരകാര്യമാണു. പുറത്തുള്ളവർ അതൊന്നും അറിയരുത്.

ഓരോ പാർട്ടിക്കും നേതാവിനും ഭക്തന്മാരുണ്ട്. നേതാവ് പറയുന്നതാണു ഭക്തന്മാർക്ക് വേദവാക്യം. പൊതുവായ ന്യായമോ ശരിയോ ആർക്കും ബാധകമല്ല. കണ്ണൂർ ഡി.വൈ.എസ്.പി എരപ്പനാണു എന്ന് സി.പി.എം.നേതാവ് പറഞ്ഞാൽ മാർക്സിസ്റ്റുകൾക്ക് ആ പോലീസ് ഉദ്യോഗസ്ഥൻ എരപ്പൻ തന്നെയാണു. അതേ ഉദ്യോഗസ്ഥനെ വർഗ്ഗീയവാദി എന്ന് പോപ്പുലർ ഫ്രണ്ട്കാരൻ പറഞ്ഞാൻ മുസ്ലീം സമുദായത്തിലെ ഒരു കഷണമായ ആ വിഭാഗത്തിലെ ഭക്തർക്ക് ആ പോലീസ് ആഫീസർ വർഗ്ഗീയവാദി തന്നെയാണു. പോലീസ് വകുപ്പിൽ നീതിയും ന്യായവും നോക്കി ഒരു പോലീസുകാരനും പണി എടുക്കരുത് എന്ന് എല്ലാ പാർട്ടിക്കാർക്കും നിർബ്ബന്ധമുണ്ട്. തന്റെ പാർട്ടി എന്താണോ ചെയ്യുന്നത്, അതിനെതിരെ കേസ് എടുക്കുകയോ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയോ പാടില്ല എന്ന് പാർട്ടിക്കാർ കരുതുന്നു.

എല്ലാ പാർട്ടിക്കും അണികൾ എന്നും അനുഭാവികൾ എന്നും പറയുന്ന ഭക്തന്മാരുണ്ട്. എന്തിനാണു ആളുകൾ ഇങ്ങനെ ഒരു പാർട്ടിയിൽ വിശ്വസിച്ച് അതിന്റെ നേതാക്കളെ ദൈവങ്ങളായി ആരാധിക്കുകയും ആ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ പൂജിക്കുന്നത് എന്നും അറിയില്ല. ഒരു ശീലം കൊണ്ടായിരിക്കാം. അതൊരു മനോവൈകല്യമായിട്ടാണു ഞാൻ കാണുന്നത്. ഒരു നേതാവ് അയാളുടെ പാർട്ടിഭക്തർക്ക് വേണ്ടി എന്താണു ചെയ്തുകൊടുക്കുന്നത്. പ്രസംഗിച്ചുകൊടുക്കും അത്ര തന്നെ. വേറെന്ത്? നേതാവ് പ്രസംഗിച്ചുകൊടുത്ത് ഭക്തരുടെ മനസ്സിലെ പകയെയും സ്പർദ്ധയെയും ഉത്തേജിപ്പിച്ച് ലഹരിയൂട്ടും എന്നെങ്കിലും കരുതാം. എന്നാൽ പാർട്ടി പ്രവർത്തകർ എന്താണു ചെയ്യുന്നത്? ഏതെങ്കിലും പാർട്ടിഭക്തനു ആ പാർട്ടിയുടെ പ്രവർത്തകർ ഉദവുന്നുണ്ടോ? ചുരുക്കത്തിൽ പാർട്ടികൾ കൊണ്ട് പാർട്ടി നേതാക്കളും പ്രവർത്തകരും സുഭിക്ഷമായി ജീവിക്കുന്നു, പാർട്ടി ഭക്തർ അത് കണ്ട് സായൂജ്യമടയുന്നു.

സംഗതികൾ ഇപ്രകാരമായത്കൊണ്ട് നമ്മൾ എന്ത് അഭിപ്രായം പറഞ്ഞാലും അതിലൊന്നും ഒരു പ്രയോജനവും ഇല്ല. എല്ലാവർക്കും ശരി എന്ന് തോന്നുന്ന ഒരു ശരിയും ഇല്ലാലോ. എന്നാൽ എല്ലാ രാഷ്ട്രീയക്കാർക്കും ശരി എന്ന് തോന്നുന്ന ചില ശരികൾ ചിലപ്പോൾ സംഭവിക്കാറുണ്ട്. അത് അവരുടെ വയറ്റ് പിഴപ്പിന്റെ കാര്യം വരുമ്പോഴാണു. ഉദാഹരണത്തിനു രാഷ്ട്രീയക്കാർക്ക് ശമ്പളം, അലവൻസുകൾ മറ്റ് ആനുകൂല്യങ്ങൾ ഒക്കെ വർദ്ധിപ്പിക്കുന്നത് ശരിയാണു. തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങളിൽ പാർട്ടികളുടെ സർവ്വതന്ത്രസ്വാതന്ത്ര്യം എന്തെങ്കിലും എടുത്ത് കളയുന്നത് തെറ്റാണു. ഇപ്പോൾ വിവരാവകാശനിയമത്തിന്റെ പരിധിയിൽ പാർട്ടികളെ പെടുത്തുന്നതും തെറ്റാണു.

ഇങ്ങനെ രാജ്യത്തെ മുഴുവൻ പാർട്ടികളും (ഇത്രയും പാർട്ടികൾ രാജ്യത്ത് വേണോ എന്ന് ചോദിക്കരുത്. ഭക്തന്മാർ കൂടുതൽ ഉണ്ടല്ലൊ) തമ്മിൽ വർഗ്ഗപരമായ ഐക്യം നിലനിൽക്കുമ്പോൾ പാർട്ടിഭക്തന്മാർ തമ്മിൽ ശാശ്വതമായ പകയിലും ശത്രുതയിലും തൊടാൻ പാടില്ലാത്ത വിധം അയിത്തത്തിലുമാണു. പാർട്ടിഭക്തന്മാർ ഇങ്ങനെ ഭിന്നിച്ചുനിൽക്കുന്നത് ഒന്ന് മാത്രമാണു പാർട്ടിദൈവങ്ങളുടെ ശക്തി. പരിഷ്ക്കൃതമായ സിവിൽ സമൂഹത്തിൽ ഇപ്രകാരം പാർട്ടിഭക്തന്മാർ ഉണ്ടാവുകയില്ല. അവിടെ സ്വന്തമായി ചിന്തിക്കുന്ന പൗരന്മാർ മാത്രമാണു ഉണ്ടാവുക. നിയമനിർമ്മാണ സഭകളിലേക്ക് പ്രാപ്തരായ പ്രതിനിധികളെ തെരഞ്ഞെടുത്ത് അവർ ദൈനംദിന രാഷ്ട്രീയം കൈകാര്യം ചെയ്യും.

അത്കൊണ്ട്, രാഷ്ട്രീയത്തെയും സമൂഹത്തെയും പറ്റി നമ്മൾ പറയുന്നതെല്ലാം വെറും നേരമ്പോക്കുകൾ മാത്രമാണു. അനേകമനേകം പാർട്ടികൾ ഉള്ളത്കൊണ്ട് ഒരു പ്രത്യേകപാർട്ടിയുടെ ഭക്തൻ പറയുന്ന അഭിപ്രായത്തിനും നേരമ്പോക്കിൽ കവിഞ്ഞ വില ഒന്നുമില്ല.

ശ്രേഷ്ഠമലയാളം


ആഹ്ലാദിക്കൂ , അഭിമാനിക്കൂ ! മലയാളികള്‍ ഒറ്റക്കെട്ടായി പറഞ്ഞ് ആനന്ദനൃത്തം ചെയ്യുന്ന ആഹ്വാനമാണിത്. കേരളീയര്‍ ഒറ്റക്കെട്ടായി ആഹ്ലാദിക്കാനും അഭിമാനിക്കാനും കഴിയുന്ന ഇത്പോലൊരു ചരിത്രമുഹൂര്‍ത്തം ഇതിന് മുന്‍പോ ശേഷമോ ഭൂമിമലയാളത്തില്‍ സംഭവിക്കാനില്ല. അതെ മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ചതില്‍ കേരളവും ലോകമലയാളി സമൂഹവും ഇന്ന് ആഹ്ലാദത്തിമിര്‍പ്പിലാണ്.

ഈ ആഹ്ലാദത്തിനും അഭിമാനവിജൃംഭണത്തിനും പക്ഷെ മറ്റൊരു വശം കൂടിയുണ്ട്. ശ്രേഷ്ടപദവിയൊക്കെ കൊള്ളാം പക്ഷെ ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമേ അയക്കാവൂ അല്ലെങ്കില്‍ അപമാനവും നാണക്കേടും ആണ് എന്നതാണ് ആ വശം. സാധാരണ കൂലിത്തൊഴിലാളി മുതല്‍ അങ്ങേത്തലയ്ക്കലെ ശ്രേഷ്ടപുംഗവന്മാരുടെ മക്കളും ചെറുമക്കളും ഒക്കെ ഇംഗ്ലീഷ് മീഡിയത്തിലെ പഠിക്കാവൂ എന്നൊരു അലിഖിതനിയമം കേരളത്തിലുണ്ട്. ശ്രേഷ്ടപദവി ലഭിച്ചതില്‍ ആഹ്ലാദിക്കുന്നവരുടെ വീടുകളില്‍ കുട്ടികള്‍ ആരും മലയാളം മീഡിയം സ്ക്കൂളില്‍ പഠിക്കാന്‍ പോവുകയില്ല.

കേരളത്തിലെ ഏതെങ്കിലും ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്റെ പരിസരത്ത് രാവിലെയും വൈകുന്നേരവും നിങ്ങള്‍ ഒന്ന് പോയി നോക്കൂ. എന്താ ഒരു തിരക്ക്, എന്താ ഒരു ട്രാഫിക്ക് ജാം. അതേ പോലെ ഒരു മലയാളം മീഡിയം എല്‍.പി.സ്ക്കൂളില്‍ പോയി നോക്കൂ. ഒന്ന് മുതല്‍ നാല് വരെ നാലു ക്ലാസ്സിലും ചേര്‍ത്ത് ആകെ ഒരു ഇരുപത് കുട്ടികള്‍ ഉണ്ടെങ്കില്‍ ഭാഗ്യം. അവരാണ് ഈ ശ്രേഷ്ടപദവിയുടെ ഭാവിയിലെ അവകാശികള്‍. ആ കുട്ടികള്‍ പക്ഷെ ഒരു രണ്ടാതരം വിദ്യാര്‍ത്ഥികള്‍ പോലെ അപകര്‍ഷതാബോധവും പേറി തല കുനിച്ചുകൊണ്ടാണ് സ്ക്കൂളിലേക്കും തിരിച്ച് വീടുകളിലേക്കും നടന്നു പോകുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാനുകളില്‍ പോയിവരുന്ന കുട്ടികളാണ് ഒന്നാംതരം വിദ്യാര്‍ത്ഥികള്‍. വീട്ടിന് പുറത്ത് നില്‍ക്കുക അപ്പോള്‍ വാന്‍ വരും. സ്ക്കൂളിലേക്ക് നടന്നുപോകുന്നതും ഇന്നൊരു നാണക്കേടാണ്.

ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളില്‍ എന്താണ് നടക്കുന്നത്? ആരാണ് അവിടെ പഠിപ്പിക്കുന്നത്? ആര്‍ക്കും അറിയില്ല. രക്ഷിതാക്കള്‍ക്ക് ഗേറ്റ് വരെ മാത്രമേ പോകാന്‍ പറ്റൂ. ഉള്ളില്‍ നടക്കുന്നത് ഒന്നും അന്വേഷിക്കാന്‍ പറ്റില്ല. വല്ലപ്പോഴും നടക്കുന്ന പി ടി എ മീറ്റിങ്ങില്‍ പൊട്ടനെ പോലെ പോയി പങ്കെടുക്കാം. പിന്നെ പ്രോഗ്രസ്സ് കാര്‍ഡ് വാങ്ങാനും പോകാം. അവിടെ പഠിപ്പിക്കുന്ന ടീച്ചര്‍മാരുടെ പ്രധാന യോഗ്യത കെട്ടിവെക്കാനുള്ള തുകയാണ്. പേരിന് ഒരു ബിരുദം ഉണ്ടായാല്‍ കൊള്ളാം. സ്ക്കൂള്‍ മുതലാളിയുടെ ബന്ധു ആണെങ്കില്‍ പ്ലസ് റ്റു തോറ്റാലും പഠിപ്പിക്കാം. ശമ്പളം കെട്ടിവെക്കുന്ന തുക നോക്കിയിട്ടായിരിക്കും. എന്തായാലും ഒരു അയ്യായിരത്തില്‍ കുറയില്ല എന്നാണ് തോന്നുന്നത്.

എന്തായാലും ഭാഷ ശ്രേഷ്ടമായി. കഠിനവൃതം നോറ്റതിന്റെ ഫലമാണ് ഈ പദവി എന്നാണ് ഒരവകപ്പെട്ട കവികളും സാംസ്ക്കാരികനായകരും ഒക്കെ അവകാശപ്പെട്ടുകാണുന്നത്. ശരി, വൃതം ഫലിച്ചല്ലോ. ഇനിയങ്ങോട്ട് നോല്‍ക്കാന്‍ വല്ല വൃതവും ഉണ്ടോ? നൂറ് കോടി പണവും പദവിയോടൊപ്പം കിട്ടും. ആ പണം ഏതാനും ശ്രേഷ്ഠപുംഗവന്മാര്‍ പുട്ടടിക്കും എന്നൊക്കെ ചില ദോഷൈകദൃക്‌കുകളും അസൂയാലുക്കളും പറയും. അതൊന്നും കണക്കിലെടുക്കണ്ട. നാട്ടിലെ മലയാളം എല്‍.പി.സ്ക്കൂളുകളില്‍ ഇനി മുതല്‍ കുട്ടികളെ കൂടുതലായി എത്തിക്കാന്‍ വേണ്ടിയാണ് ആ നൂറ് കോടി ചെലവാക്കേണ്ടത് എന്ന് ഞാന്‍ ആവശ്യപ്പെടുന്നു. കാരണം ആ കുട്ടികളാണ് ഭാവിയില്‍ മലയാളത്തിന്റെ ശ്രേഷ്ഠത കാത്തുസൂക്ഷിക്കുക. ഇന്നത്തെ ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷും മലയാളവും നേരാംവണ്ണം പഠിക്കാന്‍ കഴിയാത്ത കുട്ടികള്‍ അല്ല. കേരളത്തിന് യോജിച്ചത് മലയാളം മീഡിയം വിദ്യാഭ്യാസരീതിയാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഒക്കെ ആ മിടുക്കന്മാര്‍ ആവശ്യം വരുമ്പോള് സ്വായത്തമാക്കിക്കോളും. എന്റെ രണ്ട് മക്കളെ ചൂണ്ടിക്കാട്ടിക്കൊണ്ട് എനിക്കിത് പറയാന്‍ കഴിയും.

ചെറിയാന്‍ ഫിലിപ്പിന് മറുപടി

ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന ഫേസ്‌ബുക്ക് പേജില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു:

“കമ്മ്യൂണിസ്റ്റ്‌കാർ ലോകം കണ്ടു പഠിക്കണം എന്ന രാഹുലിന്റെ ഉപദേശം ബാലിശമാണ് !!-മുതലാളിത്തപ്രതിസന്ധിയാണ് ലോകം നേരിടുന്ന മുഖ്യ പ്രശ്നം -നെഹ്‌റു ആവിഷ്കരിച്ച 'ജനാധിപത്യ സോഷ്യലിസം 'എന്ന നയം കുഴിച്ചുമൂടി മുതലാളിത്തത്തിന് അടിയറവു പറയുന്ന പുതിയ നയം വിനാശകരമാണ് -രാഹുൽ കരുതുന്നത് പോലെ കമ്മ്യൂണിസം ഒരിക്കലും കാലഹരണപ്പെടുകയില്ല-മാർക്സിസം ഒരു ശാസ്ത്രമാണ് -ശാസ്തീയ സോഷ്യലിസം ആണ് കമ്മ്യൂണിസം -ഈ സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണത്തിൽ പാളിച്ചകൾ ഉണ്ടായിരിക്കാം -എന്നാൽ ,ഇന്ത്യയെ സോഷ്യലിസത്തിലേക്ക് നയിക്കാൻ ഇടതുപക്ഷം ശക്തി പ്രാപിക്കണം -കോണ്‍ഗ്രെസിനെ പഴയ വഴിയിലേക്ക് കൊണ്ട് വരാനാണ് ആന്റണിയെ പോലുള്ളവർ ശ്രമിക്കേണ്ടത്.”

ഈ പ്രസ്താവനയ്ക്ക് എന്റെ മറുപടി:

ആളുകള്‍ സ്വന്തം നിലയില്‍ അധ്വാനിക്കുകയും വില്‍ക്കുകയും വാങ്ങുകയും സ്വകാര്യമായി സ്വത്തും സമ്പാദ്യവും ഒക്കെ കൈവശം വെക്കുകയും ചെയ്യുകയും അങ്ങനെ ക്രയവിക്രയ സൌകര്യങ്ങള്‍ ഓരോ വ്യക്തിക്കും ഉള്ള സ്വാഭാവികരീതിയാണ് ലോകമെമ്പാടും നിലവില്‍ ഉള്ളത്. ഇത് സര്‍ക്കാര്‍ നയമല്ല. മനുഷ്യന്റെ ഇടപാട് രീതിയാണ്. ഈ രീതിയിലാണ് സുഗമമായി മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുന്നത്. ഈ സമ്പ്രദായത്തെ കമ്മ്യൂണിസ്റ്റുകള്‍ മുതലാളിത്തം എന്ന് പേര് വിളിക്കുകയും എന്നിട്ട് മുതലാളിത്തം പ്രതിസന്ധിയില്‍ ആണെന്ന് സദാ നിലവിളിക്കുകയും ചെയ്യുന്നുണ്ട്.  ബാര്‍ട്ടര്‍ സമ്പ്രദായത്തിന് ശേഷം മനുഷ്യന്‍ കണ്ടുപിടിച്ച നാണയക്കൈമാറ്റ വ്യവസ്ഥ ഇപ്പോഴും അഭംഗുരം തുടരുന്നു. മനുഷ്യന്‍ ഭൂമിയില്‍ ഉള്ള കാലത്തോളം തുടരുകയും ചെയ്യും. ഇങ്ങനെയുള്ള ക്രയവിക്രയ സമ്പ്രദായം നിലവിലുള്ളത്കൊണ്ട് മനുഷ്യരാശിക്ക് ഒരു പ്രതിസന്ധിയും ഇല്ല. കമ്മ്യൂണിസ്റ്റുകള്‍ പറയുന്ന ഈ പ്രതിസന്ധി ആര്‍ക്കാണ്? ലോകം മുന്നേറുന്നതാണ് നമ്മള്‍ കാണുന്നത്. ഭാവിയില്‍ കൃത്രിമോപഗ്രഹങ്ങളില്‍ കയറി ശൂന്യാകാശത്ത് സുഖവാസത്തിന് പോകാന്‍ കഴിയുമാറ് മനുഷ്യരാശി മുന്നേറുകയാണ്.

കമ്മ്യൂണിസ്റ്റുകാരുടെ പ്രശ്നം പണക്കാരും പാവങ്ങളും ഉള്ളതും ആ അസമത്വവുമാണു പോലും അവരുടെ പ്രശ്നം. അതിനെന്താണ് പോംവഴി? സോഷ്യലിസം. സോഷ്യലിസത്തില്‍ പണക്കാരും പാവങ്ങളും ഇല്ല. എല്ലാവരും ഒന്ന് പോലെയുള്ള സ്ഥിതിസമത്വം. അതിന് കമ്മ്യൂണിസ്റ്റുകാര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് സ്വകാര്യമായ സ്വത്തും സമ്പാദ്യവും എല്ലാം നിഷേധിച്ചുകൊണ്ട് സര്‍വ്വവും സര്‍ക്കാര്‍ ഉടമയില്‍ കൊണ്ടുവരിക. ആ പരീക്ഷണമാണ് 75 കൊല്ലം സോവിയറ്റ് യൂനിയനില്‍ നടത്തി നോക്കിയത്. എന്നിട്ട് വിജയിച്ചോ? മുതലാളിത്തം പ്രതിസന്ധിയിലാണെന്ന് കമ്മ്യൂണിസ്റ്റുകള്‍ കരഞ്ഞുകൊണ്ടിരിക്കെ തന്നെയാണ് സോഷ്യലിസം പ്രതിസന്ധിയില്‍ പെട്ട് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയാതെ തകര്‍ന്നത്.

എന്ത്കൊണ്ട് സോഷ്യലിസം തകര്‍ന്നു? അധ്വാനിക്കുന്നതില്‍ ആര്‍ക്കും താല്പര്യമില്ല. എത്ര അധ്വാനിച്ചാലും സര്‍ക്കാര്‍ ഒരു നിശ്ചിതകൂലിയും റേഷനും തരും. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ആര്‍ക്കും അവസരമില്ല. വ്യക്തികള്‍ക്ക് സ്വന്തമായി ഒന്നുമില്ല. സമ്പത്തിന്റെ ഉല്പാദനപ്രക്രിയയില്‍ അന്യവല്‍ക്കരണവും മുരടിപ്പും ഏര്‍പ്പെട്ടു. അതിന്റെ കൂടെ രാഷ്ട്രീയകാരണങ്ങളും കൂടി വന്നപ്പോള്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് ഛിന്നഭിന്നമായി. സോവിയറ്റ് യൂനിയന്റെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച ചൈന സ്വകാര്യസ്വത്തവകാശം പുന:സ്ഥാപിച്ചു. കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കി. സ്വകാര്യമൂലധനവും വിദേശനിക്ഷേപവും അനുവദിച്ചു. അതിന്റെ ഫലമായി ചൈന പുരോഗമിക്കുന്നു. സോഷ്യലിസത്തിന്റെ പേരില്‍ ചൈനയില്‍ എല്ലാം സര്‍ക്കാര്‍ ഉടമയില്‍ തന്നെ നിലനിന്നിരുന്നുവെങ്കില്‍ ചൈനയുടെ ഇപ്പോഴത്തെ ഗതി എന്താകുമായിരുന്നു എന്ന് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.

കമ്മ്യൂണിസ്റ്റുകള്‍ സ്വപ്നം കാണുന്ന സോഷ്യലിസം ഒരിക്കലും നടപ്പാകാത്ത ഒന്നാണ്. കമ്മ്യൂണിസ്റ്റുകള്‍ പോലും സോഷ്യലിസത്തിന് എതിരാണ്. സോവിയറ്റ് യൂനിയനില്‍ ഒരു സാദാ പാര്‍ട്ടി മെമ്പറും പോളിറ്റ്ബ്യൂറോ മെമ്പറും തമ്മിലുള്ള വ്യത്യാസം ഞാനും മുകേഷ് അംബാനിയും തമ്മിലുള്ള വ്യത്യാസം പോലെയായിരുന്നു. അപ്പോള്‍ വെറും തൊഴിലാളികളുടെ കാര്യം പറയണോ? മൂലധനവും ഭൂമിയടക്കമുള്ള പ്രത്യുല്പാദനോപാധികളും സര്‍ക്കാര്‍ ഉടമയില്‍ ആവുക എന്ന് പറഞ്ഞാല്‍ പാര്‍ട്ടിമുതലാളിത്തം ജനങ്ങളെ അടിമകള്‍ ആക്കിക്കൊണ്ട് അടിച്ചേല്‍പ്പിക്കുക എന്നതാണെന്ന് സോവിയറ്റ് യൂനിയന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ലോകത്ത് ഒരു ജനതയും ഈ സമ്പ്രദായം വെച്ചുപൊറുപ്പിക്കുകയില്ല. ഈ രീതിയല്ലാതെ മറ്റൊരു സമ്പ്രദായം ഇത് വരെയിലും ഒരു കമ്മ്യൂണിസ്റ്റുകാരനും അവതരിപ്പിച്ചിട്ടുമില്ല. എന്നിട്ടും അവശിഷ്ടകമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം വരും എന്ന് പറയുന്നത് ഒരുമാതിരി പെന്തക്കോസ്ത് വിശ്വാസമാണ്. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. പക്ഷെ മറ്റാരും അത് മുഖവിലക്കെടുക്കുകയില്ല.

കമ്മ്യൂണിസം ഒരിക്കലും കാലഹരണപ്പെടുകയില്ല-മാർക്സിസം ഒരു ശാസ്ത്രമാണ് -ശാസ്തീയ സോഷ്യലിസം ആണ് കമ്മ്യൂണിസം -ഈ സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണത്തിൽ പാളിച്ചകൾ ഉണ്ടായിരിക്കാം എന്ന് ഏതൊരു കമ്യൂണിസ്റ്റ് വിശ്വാസിയെ പോലെ ചെറിയാന്‍ ഫിലിപ്പും പറയുന്നു. എന്താണ് ആ ശാസ്ത്രം? പാളിച്ചകള്‍ ഇല്ലാത്ത പ്രയോഗരീതി ആര് എപ്പോള്‍ ആവിഷ്ക്കരിക്കും? അതും പാളിച്ച പറ്റാത്തത് എന്ന് ആരു ഉറപ്പ് വരുത്തും? വിപ്ലവം നടത്തി തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ച് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ഏകകക്ഷിഭരണം നടപ്പിലാക്കി എല്ലാം സര്‍ക്കാര്‍ ഉടമയിലാക്കി ഇനിയും പാളിച്ചകള്‍ പറ്റാത്ത രീതിയില്‍ സോഷ്യലിസം നടപ്പാക്കും എന്നും അങ്ങനെ സോഷ്യലിസം ശാസ്ത്രീയസോഷ്യലിസമായി പരിണമിച്ച് ഒടുവില്‍ ഭരണകൂടം കൊഴിഞ്ഞുപോയി ശാസ്ത്രീയകമ്മ്യൂണിസം നിലവില്‍ വരും എന്ന് തന്നെയാണോ ചെറിയാന്‍ ഫിലിപ്പ് ഇപ്പോഴും വിശ്വസിക്കുന്നത്? എങ്കില്‍ ആ വിശ്വാസം ആരോടും പുറത്ത് പറയരുത്. ആളുകള്‍ ചിരിക്കും. മനുഷ്യപ്രകൃതം സോഷ്യലിസത്തിന് വിരുദ്ധമാണ്. എനിക്ക് ഇനിയും വേണം, അവനെക്കാളും അധികം വേണം എന്നേ ചെറിയാന്‍ ഫിലിപ്പ് പോലും ആഗ്രഹിക്കൂ. പിന്നെയാരാണ് സര്‍ സോഷ്യലിസം നടപ്പാക്കുക?

ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് കമ്മ്യൂണിസം എന്ത്കൊണ്ട് പരാജയപ്പെട്ടു എന്ന് കമ്മ്യൂണിസ്റ്റുകാര്‍ സ്വയം ചിന്തിക്കണമെന്ന്. ചെറിയാന്‍ ഫിലിപ്പിന് പോലും അതിന് കഴിയുന്നില്ലെങ്കില്‍ പിണറായി സഖാവിനോ ജയരാജാദി സഖാക്കള്‍ക്കോ എങ്ങനെ കഴിയും? പഴയ വഴിയിലേക്കൊന്നും ഇനി കോണ്‍ഗ്രസ്സിന്റെ നയങ്ങളെ കൊണ്ടുപോകാന്‍ കഴിയില്ല. കാലവും ചരിത്രം മുന്നോട്ടേക്കാണ് പോവുക. ഓരോ കാലത്തിനും യോജിച്ച നയങ്ങളാണ് വേണ്ടത്. നാളെ എന്ത് നയം വേണമെന്ന് നാളത്തെ ആളുകള്‍ തീരുമാനിക്കും. ഇന്നലത്തെ നയങ്ങള്‍ അപ്പോള്‍ സ്യൂട്ടാവുകയില്ല. എക്കാലത്തേക്കും പറ്റുന്ന ഒരു നയമോ സിദ്ധാന്തമോ ആര്‍ക്കും മുന്‍‌കൂട്ടി എഴുതിവെക്കാന്‍ പറ്റില്ല. അത്കൊണ്ട് മാര്‍ക്സിസം ഒരു ശാസ്ത്രമോ മാര്‍ക്സ് ഒരു ശാസ്ത്രജ്ഞനോ അല്ല്ല. കമ്യൂണിസ്റ്റ് വിശ്വാസികള്‍ക്ക് കാള്‍ മാര്‍ക്സ് ഒരു പ്രവാചകനാവാം, മാര്‍ക്സിസം ഒരു വിശുദ്ധഗ്രന്ഥവും ..


രാഷ്ട്രീയവും നമ്മളും


നമുക്ക് രാഷ്ട്രീയത്തെയോ, രാഷ്ട്രീയത്തിന് നമ്മെയോ ഒഴിവാക്കാന്‍ കഴിയില്ല. രാജ്യം ദിനം‌പ്രതി നിലനിന്നുപോകണമെങ്കില്‍ ഇവിടെ സര്‍ക്കാരും ആ സര്‍ക്കാരിനെ നയിക്കുന്ന മന്ത്രിസഭയും മന്ത്രിസഭയെ തെരഞ്ഞെടുക്കുന്ന പാര്‍ലമെന്റും പാര്‍ലമെന്റില്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും, ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കാന്‍ സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാരുടെ മുന്നില്‍ അണിനിരത്താന്‍ രാഷ്ട്രീയപാര്‍ട്ടികളും ഒക്കെ അനിവാര്യമാണ്. രാഷ്ട്രീ‍യം ദുഷിച്ചുപോയി, സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചുപോയി എന്നൊക്കെ പറഞ്ഞ് ഈ സിസ്റ്റമൊന്നും നമുക്ക് ഒഴിവാക്കാന്‍ പറ്റില്ല. എന്ത് തന്നെ ദൂഷ്യങ്ങളും അഴിമതിയും ഉണ്ടായാലും പാര്‍ട്ടികളും സര്‍ക്കാരും ഇല്ലാതെ പറ്റില്ല തന്നെ. അപ്പോള്‍ നമുക്ക് ചെയ്യാനാവുക നമ്മളും ഇതിന്റെ ഭാഗമായി നിന്നുകൊണ്ട് പാര്‍ട്ടികളെ നന്നാക്കാനും അഴിമതി കുറച്ചുകൊണ്ടുവരാനും കഴിയുന്നത് പരിശ്രമിക്കുക എന്നതാണ്. അതാണ് പോസിറ്റീവ് അപ്രോച്ച്. അല്ലാതെ എല്ലാറ്റിനെയും കുറ്റം പറഞ്ഞ് ഒന്നും വേണ്ട എന്ന് പറഞ്ഞ് അരാജകത്വം പ്രചരിപ്പിക്കുകയല്ല വേണ്ടത്.

എപ്പോഴും പറയാറുള്ളത് പോലെ ഞാന്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവി തന്നെയാണ്. എത്ര ആലോചിച്ചിട്ടും കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ട് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള വേറൊരു പാര്‍ട്ടിയെ സെലക്ട് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. ഒന്നാമത്തെ കാര്യം എനിക്ക് ദേശീയ പാര്‍ട്ടി മാത്രമേ പറ്റൂ. വിശ്വപൌരത്വബോധമുള്ള എനിക്ക് ഏതെങ്കിലും മതത്തെയോ, പ്രദേശത്തെയോ, ഭാഷയെയോ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളെ സ്വീകരിച്ച് സങ്കുചിതമനസ്ക്കനാ‍കാന്‍ കഴിയുന്നില്ല. ശരിക്ക് പറഞ്ഞാല്‍ ഒരു ലോകഗവണ്മേന്റാണ് ഞാന്‍ ആഗ്രഹിക്കുക. അത് ഇപ്പോഴത്തെ നിലക്ക് അപ്രായോഗികമായത്കൊണ്ട് ദേശീയ ഗവണ്മേന്റുകളെ അംഗീകരിക്കുന്നു എന്ന് മാത്രം. അനന്തവിശാലമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയെ ഒറ്റ യൂനിറ്റായി കാണാനാണ് എനിക്ക് ഇഷ്ടം.

അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ദേശീയപാര്‍ട്ടികള്‍ വളരെ കുറവാണ്. സെലക്ട് ചെയ്യാന്‍ ഓപ്‌ഷന്‍സ് വളരെ കുറവാണ് എന്ന് സാരം. ഉള്ളതില്‍ പ്രബലമായ സി.പി.എമ്മിനെ ഞാന്‍ തള്ളിക്കളയുന്നു. അതിന്റെ കാരണം എത്രയോ തവണ പറഞ്ഞതാണ്. കാലഹരണപ്പെട്ട ഒരു വരട്ടു സിദ്ധാന്തത്തിന്റെ ശാഠ്യക്കാരായ അവരുമായി എന്റെ ജനാധിപത്യരാഷ്ട്രീയം ചേര്‍ന്നു പോവുകയില്ല. പിന്നെയുള്ളത് ഭാരതീയ ജനതാപാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് എന്നെയും എനിക്ക് ആ പാര്‍ട്ടിയെയും വേണ്ട. കാരണം ഹിന്ദു ഐഡിയോളജിയല്ല എനിക്ക് വേണ്ടത് ഹ്യൂമനിസ്റ്റ് ഐഡിയോളജിയാണ്. ബാക്കിയുള്ളത് കോണ്‍ഗ്രസ്സ് ആണ്. മറ്റ് പാര്‍ട്ടികളുടെ ദൂഷ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് കോണ്‍ഗ്രസ്സിലെ ദൂഷ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല. അത്കൊണ്ട് മറ്റ് നല്ല പാര്‍ട്ടികള്‍ ഉള്ളതായി തോന്നാത്തകൊണ്ട് കേന്ദ്രത്തിലും കേരളസംസ്ഥാനത്തിലും കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ നയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

കേരള യാത്രയുടെ സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍‌ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഞാന്‍ മുഴുവനും ടിവിയില്‍ കൂടി കേട്ടു. രാഹുല്‍ ഗാന്ധി ഒരു ദേശീയനേതാവിന്റെ പക്വത ആര്‍ജ്ജിച്ചിരിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഇന്ത്യയില്‍ എവിടെയും സ്വീകാര്യനായ ഒരു രണ്ടാം തലമുറ നേതാവ് കോണ്‍ഗ്രസ്സിന് രാഹുല്‍ ഗാന്ധി ഉള്ളത്പോലെ മറ്റൊരു പാര്‍ട്ടിക്കും ഇല്ല എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ബി.ജെ.പി.യുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് പോലും ഒരു ദേശീയ പ്രതിച്ഛായയില്ല. മറ്റ് പാര്‍ട്ടികള്‍ ഒന്നിനും ശ്രമിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. വെറും കോണ്‍ഗ്രസ്സ് വിരോധവും അഴിമതിയും പറഞ്ഞ് എത്രകാലം പാര്‍ട്ടി നടത്താന്‍ പറ്റും?

എന്തായാലും ഭൂമിയില്‍ മനുഷ്യന്‍ ഉള്ള കാലത്തോളം സര്‍ക്കാരും രാഷ്ട്രീയവും ഉണ്ടാകും. ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് അടുത്ത നൂറ്റാണ്ടിലും പ്രസക്തിയുണ്ടാകും. മറ്റ് പാര്‍ട്ടികളുടെ ഭാവി അതാത് പാര്‍ട്ടികള്‍ തീരുമാനിക്കട്ടെ.