Links

മരണം ആരേയും കൊല്ലുന്നില്ല !

മലയാള പത്രങ്ങളില്‍ ചരമ അറിയിപ്പിനായി ഒരു പേജ് നീക്കിവെക്കുന്നതിനെതിരെ ഈയ്യിടെ ഒരു ചര്‍ച്ച ബ്ലോഗില്‍ നടന്നതായി ഓര്‍ക്കുന്നു . ഞാന്‍ മിക്ക പത്രങ്ങളും ഇവിടെ ബാംഗ്ലൂരില്‍ വെച്ച് ഓണ്‍‌ലൈനിലാണ് വായിക്കുന്നത് . പ്രധാന തലക്കെട്ട് വായിച്ചതിന് ശേഷം ചരമവാര്‍ത്തകളാണ് വയിക്കാറ് . എന്ത് കൊണ്ടാണ് ഈയൊരു ആകാംക്ഷ എന്നറിയില്ല . നാട്ടിലെ പലരുടെയും ചരമ വാര്‍ത്ത അറിയുന്നതും ഈ പംക്തിയിലൂടെ തന്നെ . മുന്‍പൊക്കെ മരണം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു . ഇതേവരെ നമ്മോടൊപ്പം ജീവിച്ചിരുന്ന ഒരാള്‍ പൊടുന്നനെ ഇല്ലാതാവുക , അന്നൊക്കെ ആ യാതാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമായിരുന്നു . അതിനെക്കാള്‍ വിഷമമായിരുന്നു ശവസംസ്ക്കാരം കാണുകയെന്നത് . ആ ചടങ്ങുകളില്‍ വ്യാപൃതരാവുന്നവര്‍ക്ക് എങ്ങനെ ചിരിക്കാനും കളിവാക്കുകള്‍ പറയാനും മരണത്തെ ഇത്ര ലാഘവത്തോടെ കാണാനും കഴിയുന്നു എന്നായിരുന്നു എന്റെ ആശ്ചര്യം . ഞാന്‍ മരണത്തെക്കുറിച്ച് ഓഷോ എഴുതിയത് ഇപ്പോഴാണ് വായിക്കാനിടയായത് . എനിക്കറിയാവുന്ന ഭാഷയില്‍ ഞാനതിവിടെ പരിഭാഷപ്പെടുത്തട്ടെ !

മരണം ഒരു യാഥാര്‍ഥ്യമാണ് . അത് അനുനിമിഷം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു . നമ്മള്‍ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും ഓര്‍ത്തുകൊണ്ടിരുന്നാലും ഇല്ലെങ്കിലും മരണം സദാ നമ്മുടെ കൂടെയുണ്ട്. മരണവും ഓരോ നിമിഷവും ജീവിയ്ക്കുന്നു . ആദ്യത്തെ ശ്വാസം മുതല്‍ അവസാനത്തെ ശ്വാസം വരെ ... ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കൂന്ന ഓരോ നിമിഷവും അതൊരു ജനനമാണ് . ഓരോ ഉച്ഛ്വാസവും മരണമാണ് .

മരണം എന്നത് ഭാവിയിലെന്നെങ്കിലും നടക്കാന്‍ പോകുന്ന ഒരു സംഭവമല്ല. മരണം നമ്മെ കാത്തിരിക്കുന്നില്ല . അത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് . ജീവിതം പോലെ തന്നെ മരണവും ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു . പ്രകൃതിയുടെ രണ്ട് പരിണാമങ്ങളാണ് ജീവിതവും മരണവും . ഒരു പറവയുടെ രണ്ട് ചിറകുകള്‍ പോലെയാണത് . ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല . ഒരേ കാലത്തില്‍ നടക്കുന്നതാണ് ജീവിതവും മരണവും . അത് ജീവിതത്തിനെതിരല്ല . മരണമാണ് ജീവിതം സാധ്യമാക്കുന്നത് . ജീവിതത്തിന്റെ ആധാരം തന്നെ മരണമാണ് . അത് ജനനം മുതല്‍ നമ്മോടൊപ്പമുണ്ട് . നമ്മുടെ ഓരോ ഉച്ഛ്വാസവും കൊച്ചു കൊച്ചു മരണങ്ങള്‍ തന്നെ . മരണത്തെ നമ്മള്‍ ഭയപ്പെടുന്നത് കൊണ്ട് ഓര്‍ക്കാന്‍ കഴിയാത്തത്ര വിദൂരമായ ഭാവിയില്‍ നമ്മളതിനെ സൂക്ഷിക്കുന്നു .

മനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസ്സ് ഒഴിവാക്കുന്നു . അഥവാ തള്ളിക്കളയുന്നു . പ്രണയം , ജീവിതം , മരണം ഇങ്ങനെ മനസ്സിലാക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട് . ജീവിതം എന്താണെന്ന് മനസ്സിലാക്കാതെ തന്നെ മനസ്സ് ജീവിതത്തെ ആര്‍ത്തിയോടെ സ്വീകരിക്കുന്നു . ജീവിതത്തോട് അഗാധമായ അഭിനിവേശം പുലര്‍ത്തുന്നു . പക്ഷെ മരണത്തെ അങ്ങനെ ഉള്‍ക്കൊള്ളാന്‍ മനസിന് കഴിയുന്നില്ല . മരണം ഒരു പേടിസ്വപ്നമായി മനസ്സിനെ നിതാന്തമായി വേട്ടയാടുന്നു . അത് കൊണ്ടാണ് മരണത്തെ വിദ്ദൂരമായ ഭാവിയുടെ ഒളിസങ്കേതത്തിലേക്ക് മനസ്സ് മാറ്റിവെക്കുന്നത് . വരുന്നിടത്ത് വെച്ച് കാണാമെന്ന് സമാധാനിക്കുന്നത് .
പ്രണയത്തെക്കുറിച്ച് വാചാലമാകാമെങ്കിലും അതിനൊരു നിര്‍വ്വചനം കണ്ടെത്തുക എളുപ്പമല്ല. ഒന്നിനോടുള്ള ഇച്ഛ , ആകര്‍ഷണം അല്ലെങ്കില്‍ പറ്റ് (attachment) ഇതൊക്കെ പ്രണയമാണെന്ന് ചിലപ്പോള്‍ തെറ്റിദ്ധരിക്കാറുണ്ട് . ഇതൊക്കെ സ്വാര്‍ത്ഥതയുടേയോ അല്ലെങ്കില്‍ അഹംബോധത്തിന്റെ (ego)യോ പ്രതിഫലനങ്ങളാവാം . പ്രണയവുമായി ഇതിനൊന്നും യാതൊരു ബന്ധവുമില്ല. യഥാര്‍ഥത്തില്‍ ഇത്തരം സ്വാര്‍ത്ഥത അല്ലെങ്കില്‍ ഈഗോ പ്രണയത്തെ അസാധ്യമോ അപ്രാപ്യമോ ആക്കുകയാണ് ചെയ്യുന്നത് . രണ്ട് തീരങ്ങള്‍ പോലെയാണ് ജീവിതവും മരണവും . ഇതിനിടയില്‍ ഒരു നദി പോലെ ഒഴുകാന്‍ സാധ്യമാണ് പ്രണയം . എന്നാല്‍ അതൊരു സാധ്യത മാത്രമാണ് ........
മരണം എന്താണെന്ന് മനസ്സിലാക്കിയാല്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടി വരില്ല . മരണം നമ്മെ കൊല്ലുന്നില്ല . നാം ജീവിയ്ക്കുമ്പോള്‍ തന്നെ നമ്മളറിയാതെ നമ്മളില്‍ അനുസ്യുതം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാ‍ണ് മരണം . അത് ജീവിതത്തെ നശിപ്പിക്കുകയല്ല , പ്രത്യുത മരണം ജീവിതത്തെ ഓരോ നിമിഷവും നവീകരിക്കുകയാണ് ചെയ്യുന്നത് . വാടിയ പുഷ്പങ്ങള്‍ കൊഴിയുമ്പോള്‍ പുതിയ പുഷ്പങ്ങള്‍ മലരുന്നു . ഓരോ നിമിഷവും നിരന്തരമായ ഒരു അതിശയം പോലെ നമ്മള്‍ മരിച്ചു കൊണ്ടേ പുനര്‍ജ്ജനിയ്ക്കുന്നു .
മരണം അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമാണ് . ജനിക്കുമ്പോള്‍ തന്നെ നിശ്ചയിക്കപ്പെട്ടതാണത് . മറ്റൊന്നിനും നിശ്ചയമില്ല ; നടക്കാം നടക്കാതിരിക്കാം . ഒന്നോര്‍ത്താല്‍ മരണത്തെക്കാള്‍ ഭയാനകമല്ലേ അമരണം ? ഇത് മനസ്സിലാക്കിയാല്‍ നിര്‍ഭയം ശാന്തതയോടെ സമാധാനത്തോടെ ജീവിയ്ക്കാം . അനിശ്ചിതത്വമാണ് ഭയത്തെ ജനിപ്പിക്കുന്നത് . മരണം സുനിശ്ചിതമാണെന്ന് മനസ്സിലാക്കിയാല്‍ ഓരോരുത്തര്‍ക്കും നിര്‍ഭയം മരണത്തെ അഭിമുഖീകരിക്കാന്‍ കഴിയും . ജീവിതം മുഴുവനുമായി ജീവിയ്ക്കുകയാണെങ്കില്‍ മരണം ആര്‍ക്കും ഒരു ക്ഷണിക്കപെടാത്ത അതിഥിയായിരിക്കുകയില്ല. നമ്മുടെ സഹയാത്രികനാണ് മരണം ! ജീവിതത്തിന്റെ അര്‍ത്ഥവും സൌന്ദര്യവും അത് തന്നെ !!
( ഓഷോ ചിന്തകള്‍ എല്ലാം നെറ്റില്‍ ലഭ്യമാണ് . ആരെങ്കിലും അവയെല്ലാം മലയാളം ബ്ലോഗില്‍ തര്‍ജ്ജമ ചെയ്താല്‍ എത്ര നന്നായിരുന്നു . ഒരു സൈറ്റ് ഇവിടെ)




പെണ്‍‌കുട്ടികള്‍ക്ക് സുന്നത്ത് ചെയ്യുമോ ?


മതങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ എന്തെല്ലാം ക്രൂരതകളാണ് ലോകത്ത് നടക്കുന്നത് ? ഞാന്‍ ഒരു തമിഴ് ബ്ലോഗ് വായിക്കുമ്പോഴാണ് ലോകത്ത് പല ഭാഗങ്ങളിലും പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി പെണ്‍‌കുട്ടികള്‍ക്ക് സുന്നത്ത് ചെയ്യുന്ന ചടങ്ങ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത് . തികച്ചും പ്രാകൃതമായാണ് ഈ കൃത്യം നിര്‍വഹിക്കപ്പെടുന്നത് . പല പെണ്‍‌കുട്ടികളും മരണത്തിന് വരെ ഇരയാകുന്നു . ചിലര്‍ക്ക് പിന്നീട് വളര്‍ന്നാല്‍ വിവാഹ ജീവിതം നയിക്കാന്‍ കഴിയുന്നില്ല്ല . മനുഷ്യന്‍ ഇത്ര പുരോഗമിച്ചിട്ടും എത്രയോ നൂറ്റാണ്ട് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന പല ചടങ്ങുകളും അനാചാരങ്ങളും ഇപ്പോഴും പിന്‍‌തുടരാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന്റെ മന:ശാസ്ത്രം എന്തായിരിക്കും ? ഈ വിഷയത്തെ കുറിച്ച് വായിക്കാന്‍:

ഒന്ന്
രണ്ട്
മൂന്ന്

പാക്കിസ്ഥാന്‍ : തെരഞ്ഞെടുപ്പിന് ശേഷം !

പാക്കിസ്ഥാനില്‍ സംഭവബഹുലമായ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലങ്ങള്‍ മിക്കവാറും പുറത്ത് വന്നുകഴിഞ്ഞു . ബേനസീര്‍ ദാരുണമായി വധിക്കപ്പെട്ടെങ്കിലും അതിന്റെ ഫലമായി ഉണ്ടാവുമായിരുന്ന ഒരു സഹതാപതരംഗം അവരുടെ ഭര്‍ത്താവ് സര്‍ദാരിയുടെ രംഗപ്രവേശത്തോടെ ഇല്ലാതാവുകയായിരുന്നു . 35 ശതമാനം പേര്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എങ്കിലും ഈ തെരഞ്ഞെടുപ്പ് പാക്കിസ്താനെ സംബന്ധിച്ചെടുത്തോളം ആ രാജ്യത്തിന് ജനാധിപത്യം തിരിച്ചു കിട്ടുന്നതിന് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് . മുഷറഫിന് ആണ് ഏറ്റവും കൂടുതല്‍ തിരിച്ചടി ഉണ്ടായത് , അത് പ്രതീക്ഷിച്ചത് തന്നെയാണെങ്കിലും . നമ്മുടെ രാജ്യത്ത് കോണ്‍ഗ്രസ്സും ബി.ജെ.പി.യും പോലെ നേര്‍ക്ക് നേര്‍ പൊരുതുന്ന രണ്ട് പാര്‍ട്ടികളായിരുന്നു പാക്കിസ്ഥാനില്‍ ഭൂട്ടോവിന്റെ പി.പി.പി.യും നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗും . ആ രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് ഇപ്പോള്‍ അവിടെ ഒരു ഗവണ്മെന്റ് രൂപീകരിക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞു വന്നത് ജനാധിപത്യത്തിന്റെ മഹത്തായ സാധ്യത തന്നെയാണ് .

തെരഞ്ഞെടുപ്പ് ഫലം ഒന്ന് അവലോകനം ചെയ്ത് നോക്കാം .

പാക്കിസ്താനിലെ പാര്‍ലമെന്റിലേക്കും (നാഷണല്‍ അസംബ്ലി) നാല് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുമാണല്ലോ തെരഞ്ഞെടുപ്പ് നടന്നത് . ഇത് വരെ പ്രഖ്യാപിക്കപ്പെട്ട ഫലങ്ങള്‍ പ്രകാരം :

പാര്‍ലമെന്റ് (നാഷണല്‍ അസംബ്ലി):
ആകെ സീറ്റ് :272
ഫലം അറിഞ്ഞത് :262

പി.പി.പി (ഭൂട്ടോ/സര്‍ദാരി) : 87
നവാസ് ഷരീഫ് (PML-N) : 67
മുഷറഫ് (PML) : 40
മറ്റുള്ളവര്‍ : ബാക്കി

സര്‍ദാരിയും നവാസ് ഷറീഫും മുന്നണി ഉണ്ടാക്കി ഗവണ്മെന്റ് രൂപീകരിക്കുമെന്നും പി.പി.പി.യുടെ വൈസ് ചെയര്‍മാന്‍ മക്‍ദൂം ആമിന്‍ ഫാഹിം പ്രധാനമന്ത്രി ആകുമെന്നും ഏറെക്കുറെ ഉറപ്പായി. തീരുമാനമാകാന്‍ ശേഷിക്കുന്നത് നിര്‍ദ്ധിഷ്ട സര്‍ക്കാറിന്റെ പ്രവര്‍ത്തന പദ്ധതികളും അതിന്റെ മാര്‍ഗ്ഗ രേഖകളുമാണ് .

ഇനി നാ‍ല് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നോക്കാം . ഭൂട്ടോവിന്റെ പാര്‍ട്ടിക്ക് മേധാവിത്വമുള്ള പ്രവിശ്യയാണ് സിന്ധ് . അവിടെ 130 സീറ്റുകളില്‍ PPP ക്ക് 71 സീറ്റ് കിട്ടിയിട്ടുണ്ട് . ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയത് കൊണ്ട് അവിടെ സര്‍ദാരിയുടെ പാര്‍ട്ടി ഗവണ്മെന്റ് ഉണ്ടാക്കും . പറയത്തക്ക മാറ്റങ്ങള്‍ ഒന്നും അവിടെ ഉണ്ടാവാനില്ല.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബ് ആണ് നവാസ് ഷരീഫിന്റെ കോട്ട . ഇവിടെ മുഷറഫ് നവാസിന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നല്ലവണ്ണം പരിശ്രമിക്കുകയും സ്വന്തമായി പാര്‍ട്ടി (PML) ഉണ്ടാക്കുകയും ചെയ്തിരുന്നു . ഇവിടത്തെ ഫലം ഇങ്ങനെ :

ആകെ സീറ്റ് : 297
ഫലം അറിഞ്ഞത് :289

ഷരീഫ് (PML-N) : 104
PPP (സര്‍ദാരി) : 79
മുഷറഫ് (PML) : 66
ഇവിടെ നവാസ് ഷരീഫും സര്‍ദാരിയും ചേര്‍ന്നാല്‍ ഗവണ്മെന്റ് രൂ‍പീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട് . ഈ സാഹചര്യമായിരിക്കും ഇവരുടെ മുഴുവന്‍ ഇടപാടുകളും നിര്‍ണ്ണയിക്കുന്നത് . പഞ്ചാബ് നവാസിന് , പാകിസ്ഥാന്‍ സര്‍ദാരിക്ക് . രണ്ട് കക്ഷികളും പരസ്പരം സഹായിക്കുക , ഇതായിരിക്കും ഫോര്‍‌മ്യൂല . സിന്ധ് പ്രവിശ്യയിലെ ഭരണം സര്‍ദാരി സ്വന്തം നിലയില്‍ നടത്തും .

ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അത്ര സുഗമമല്ല . ഇവയെ പ്രശ്നസംസ്ഥാനങ്ങള്‍ എന്ന് പറയാം . ഇതില്‍ ബലൂചിസ്ഥാന്‍ , ഒരു ചെറിയ സംസ്ഥാനം . ഇവിടെ ആകെയുള്ള 40 സീറ്റുകളില്‍ മുഷറഫ് അനുകൂല മുസ്ലിം ലീഗ് 18 സീറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് . 11 സീറ്റുകളില്‍ സ്വതന്ത്രന്മാരും വിജയിച്ചിട്ടുണ്ട് . ഭൂരിപക്ഷത്തിന് 3 സ്വതന്ത്രന്മാരെ കൂട്ടു പിടിച്ച് ഇവിടെ ഭരണം കയ്യാളാന്‍ മുഷറഫിന്റെ പാര്‍ട്ടിക്ക് കഴിയും . എന്നാല്‍ വളരെ പിന്‍‌തങ്ങിയ ഈ സംസ്ഥാനത്ത് പ്രബലമായ വിഘടന വാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിട്ട് ഭരണം നടത്തിക്കൊണ്ട് പോവുക എളുപ്പമല്ല .

നാലാമത്തേത് പാക്കിസ്ഥാന്റെ വടക്ക് കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമാണ് . മുസ്ലീം മത മൌലിക വാദ സംഘടനയായ മുത്താഹിദ മജ്‌ലീസ്-ഇ-അമാല്‍ കഴിഞ്ഞ തവണ ജയിച്ച പ്രവിശ്യയാണിത് . എന്നാല്‍ ഇത്തവണ ആ കക്ഷി അവിടെ പരാജയപ്പെട്ടു.

ആകെ സീറ്റ് : 99
ഫലം അറിഞ്ഞത് : 91
അവാമി നേഷനല്‍ പാര്‍ട്ടി : 31
സര്‍ദാരി(പി.പി.പി.) :17
മുത്താഹിദ മജ്‌ലീസ്(MMA): 10
PML-N(നവാസ് ഷെരീഫ്) : 5
PML (മുഷറഫ് ) :5
ബാക്കി സ്വതന്ത്രന്മാരും മറ്റുള്ളവരും .

ഇതാണവിടത്തെ കക്ഷിനില. ഇവിടെ സര്‍ദാരിയുടെ പി.പി.പി.യും അവാമി നേഷണല്‍ പാര്‍ട്ടിയും ചേര്‍ന്ന് ഗവണ്മെന്റ് രൂപീകരിക്കാനുള്ള സാധ്യതയാണുള്ളത് . ആകെ മൊത്തത്തില്‍ പരിശോധിച്ചാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടം കൈവരിക്കാനായത് വധിക്കപ്പെട്ട ബേനസീര്‍ ഭൂട്ടോവിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ പീപ്പ്‌ള്‍സ് പാര്‍ട്ടിക്ക് തന്നെ . നഷ്ടം റിട്ടയര്‍ഡ് ജനറല്‍ മുഷറഫിനും . പട്ടാള മേധാവി സ്ഥാനം ഒഴിഞ്ഞ് യൂനിഫോം ഊരിവെക്കുമ്പോള്‍ ഇത്രവലിയ തിരിച്ചടി ആ ഏകാധിപതി പ്രതീക്ഷിച്ചിരിക്കാനിടയില്ല . എന്നാല്‍ ചില അസന്ദിഗ്ദതകള്‍ ഇപ്പോഴും മുഷറഫിന് തുണയായുണ്ട് .

സര്‍ദാരിയുടേയും നവാസ് ഷരീഫിന്റേയും ഇനിയങ്ങോട്ടുള്ള ലക്ഷ്യങ്ങള്‍ എന്തായിരിക്കും ? മുഷറഫില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങള്‍ക്ക് പകരം വീട്ടുവാനുള്ള അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയാണ് നവാസ് ഷരീഫ് . നീതിന്യായ സംവിധാനങ്ങളോട് അത്ര ആദരവുള്ള നേതാവല്ല നവാസ് . അദ്ദേഹത്തിന്റെ അനുയായികള്‍ ഒരിക്കല്‍ പക്കിസ്ഥാന്‍ സുപ്രീം കോടതിക്കകത്ത് കടന്ന് ജഡ്‌ജിമാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട് . എന്നാല്‍ ഇപ്പോള്‍ മുഷറഫിനാല്‍ നിഷ്കാസിതനായ മുന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ ചൌധരിയെ തത്സ്ഥാനത്ത് പുന:പ്രതിഷ്ടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ നീതിന്യായവ്യവസ്ഥയുടെ കാവല്‍ മാലാഖമാരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് മുഷറഫിനെതിരെ പ്രതികാരം ചെയ്യാന്‍ വേണ്ടി മാത്രമാണ് .

ഇനി സര്‍ദാരിയാണെങ്കില്‍ ശരിയായ കള്ളനായിരുന്നു . ബേനസീര്‍ ഭൂട്ടോവിന് അധികാരം നഷ്ടപ്പെടാനുണ്ടായ കാരണം തന്നെ അവരുടെ ഈ മുടിയനായ ഭര്‍ത്താവായിരുന്നു . ഇപ്പോള്‍ ജനാധിപത്യത്തിന്റെയും , പ്രധാനമന്ത്രിസ്ഥാനം വൈസ് ചെയര്‍മാന് നല്‍കുക വഴി ത്യാഗത്തിന്റെയും പ്രതിപുരുഷനാകാന്‍ ശ്രമിക്കുന്ന സര്‍ദാരി തന്റെ ഭാര്യ അധികാരത്തിലിരുന്ന നാളുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ പാക്കിസ്ഥാനെ കൊള്ളയടിക്കുകയായിരുന്നു . ഇപ്പോള്‍ മുഷറഫിനെ പെട്ടെന്ന് സ്ഥാനഭൃഷ്ടനാക്കണമെന്ന് സര്‍ദാരിക്ക് തോന്നാനിടയില്ല . ഒരേ സമയം മുഷറഫിനെയും നവാസ് ഷെരീഫിനെയും പ്രീണിപ്പിക്കാനായിരിക്കും തന്ത്രപൂര്‍വ്വം സര്‍ദാരി ശ്രമിക്കുക . മുഷറഫിന് അനുകൂലമായ ഒരു ഘടകം ഇതാണ് .

നമ്മെ സംബന്ധിച്ചെടുത്തോളം , പുറത്താക്കപ്പെട്ട മുന്‍ ചീഫ് ജസ്റ്റീസുമാരായ ഇഫ്തിഖര്‍ ചൌധരിക്കും റാണാ ഭഗവന്‍ ദാസിനും തങ്ങളുടെ പദവി തിരിച്ചു കിട്ടുന്നത് എപ്പോഴാണ് എന്നതാണ് ആകാംക്ഷയുള്ള വിഷയം . ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ പാക്കിസ്ഥാന്‍ പട്ടാളം മൌനം പാലിക്കുന്നതാണ് ശുഭോദര്‍ക്കമായ ഒരു കാര്യം . ഇനി മേലില്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടുകയില്ല എന്ന് പട്ടാളം തീരുമാനിക്കുകയാണെങ്കില്‍ പാക്കിസ്ഥാനിന്റെ ജനാധിപത്യ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം വരവായി എന്ന് നമുക്കും സന്തോഷിക്കാം .

MMA അതായത് മുത്താഹിദ മജ്‌ലീസിന്റെ പരാജയം , അവിടെ തീവ്രവാദത്തിന്റെ അവസാനത്തിന്റെ ആരംഭമാണെന്ന് സന്തോഷിക്കാന്‍ കഴിയില്ല. കാരണം പാക്കിസ്ഥാന്‍ ഇപ്പോഴും സമ്പത്തീകമായി അത്ര പുരോഗതിയുള്ള രാജ്യമല്ല. ഭരണം മാറി വന്നാലും വികസനത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ അവിടത്തെ നേതാക്കള്‍ക്ക് അടുത്തൊന്നും കഴിയില്ല . പാക്കിസ്ഥാന്റെ വികസനം എന്ന് പറയുന്നത് ഇന്ത്യയുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിദേശ നയം അവര്‍ സ്വീകരിക്കുന്നതിനെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് . അതിന് ആദ്യമായി പട്ടാളത്തിന്റെ ഇടപെടലുകളില്ലാത ഒരു ജനാധിപത്യഭരണം അവിടെ വേരുറക്കണം .

പക്ഷെ പാക്കിസ്ഥാനില്‍ നടക്കാന്‍ പോകുന്നത് പരസ്പരം പ്രതികാരം തീര്‍ക്കുന്നതിന്റെ ഒരു രാഷ്ട്രീയമായിരിക്കും . അത് ആ രാജ്യത്തിന്റെ വികസനത്തെ പിന്നെയും പിറകോട്ടടിപ്പിക്കുകയേയുള്ളൂ . സാമ്പത്തികമായ പിന്നോക്കാവസ്ഥ തീവ്രവാദത്തിന്റെ മാതാവാണല്ലോ . പൊതുജനത്തിന്റെ ആശയാഭിലാഷങ്ങള്‍ തീവ്രവാദികള്‍ ഒരിക്കലും പരിഗണിക്കാറില്ല. തീവ്രവാദത്തെ പാക്കിസ്ഥാന്‍ മണ്ണില്‍ കുഴിച്ചുന്നതിന് വേണ്ടി നവാസ് ഷരീഫിനും , സര്‍ദാരിക്കും , മുഷറഫിനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയില്ല . താലിബാനെ തകര്‍ക്കാന്‍ ഇവര്‍ മൂവരും ഒന്നിച്ച് പരിശ്രമിച്ചാലേ കഴിയുകയുള്ളൂ താനും .

ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തില്‍ അടുത്തൊന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. ആഭ്യന്തരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അവര്‍ക്ക് ധാരാളം സാവകാശം ആവശ്യമുണ്ട് . എന്നാല്‍ കാഷ്മീര്‍ വിഘടനവാദികള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വന്നേക്കും . ഈ അനുകൂല സാഹചര്യം മുതലെടുത്ത് നാം കാഷ്മീരില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതുണ്ട് . നമ്മെ സംബന്ധിച്ചെടുത്തോളം കാഷ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള അവസരമായി പാക്കിസ്ഥാലെ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അത് രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കും .

പാകിസ്ഥാന്റെ പുരോഗതിക്കുള്ള തടസ്സം താലിബാന്‍ തീവ്രവാദമാണ് . അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതിലാണ് അവരുടെ പുരോഗതി . പാക്കിസ്ഥാന്റെ മാത്രമല്ല മാനവരാശിയുടെ തന്നെ മുന്നോട്ടുള്ള മാര്‍ഗ്ഗത്തിലെ പ്രതിബന്ധം ഇന്ന് തീവ്രവാദമാണ് , അതിലും ഇസ്ലാമിക തീവ്രവാദമാണ് ഏറ്റവും മാരകമായത് .

പാക്കിസ്ഥാനെക്കുറിച്ച് വിശദമായ തെഹല്‍ക അവലോകനം ഇവിടെ !

തസ്‌ലീമ: പാര്‍ട്ടികളുടെയുംമാധ്യമങ്ങളുടെയും ഇരട്ടത്താപ്പ്‌


നാട്ടിലും അന്യനാട്ടിലും വേട്ടയാടപ്പെടുന്ന എഴുത്തുകാരി
( ഹമീദ് ചേന്നമംഗലൂര്‍ )
മതനിരപേക്ഷതയോടും അഭിപ്രായ സ്വാതന്ത്ര്യത്തോടും പ്രതിബദ്ധത പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. പക്ഷേ, അണ്ടിയോട്‌ അടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്നു പറഞ്ഞതുപോലെ, മതനിരപേക്ഷതയും അഭിപ്രായ സ്വാതന്ത്ര്യവും വെല്ലുവിളി നേരിടുമ്പോഴേ പാര്‍ട്ടികളുടെയും പത്രങ്ങളുടെയും തനിനിറം വ്യക്തമാകൂ. തസ്‌ലീമാ സംഭവം അതിനു വഴിയൊരുക്കി. കൃത്യമായി വ്യവച്ഛേദിക്കാവുന്ന രണ്ടു ചിന്താഗതികള്‍ തമ്മിലുള്ള സംഘട്ടനമാണ്‌, വാസ്‌തവത്തില്‍ തസ്‌ലീമാ പ്രശ്‌നത്തില്‍ രാജ്യത്ത്‌ നടന്നത്‌. മതനിരപേക്ഷ ചിന്താഗതിയും മതഭ്രാന്തില്‍ ചെന്നെത്തുന്ന മതനിരപേക്ഷ വിരുദ്ധ ചിന്താഗതിയുമാണവ. സെക്യുലര്‍ പക്ഷത്ത്‌ നില്‍ക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ വിലകല്‍പ്പിക്കുന്ന പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും ഈ സംഘട്ടനത്തില്‍ ഒരൊറ്റ ഓപ്‌ഷനേ ഉണ്ടായിരുന്നുള്ളൂ. വിജ്ഞാന വിരോധത്തിനും മതഭ്രാന്തിനുമെതിരെ മതനിരപേക്ഷ മാനവികത ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു അത്‌.
പക്ഷേ, എവിടെയാണ്‌ നമ്മുടെ പാര്‍ട്ടികളും പത്രങ്ങളും നിന്നത്‌? നവംബര്‍ 21ന്‌ കൊല്‍ക്കത്തയില്‍ അഖിലേന്ത്യാ ന്യൂനപക്ഷ ഫോറം തസ്‌ലീമാ നസ്‌റീനെതിരെ തെരുവുയുദ്ധം നടത്തുന്നതിന്‌ മൂന്നുമാസം മുമ്പ്‌ ആഗസ്‌ത്‌ 9ന്‌, നസ്‌റീന്‍ ഹൈദരാബാദില്‍ ആക്രമിക്കപ്പെട്ടിരുന്നു. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാക്കളും ആ പാര്‍ട്ടിയില്‍പെട്ട നാലു ജനപ്രതിനിധികളുമായിരുന്നു അക്രമികള്‍. മതേതര മാനവികത, സ്‌ത്രീകളുടെ അവകാശങ്ങള്‍, ലിംഗസമത്വം എന്നീ മൂല്യങ്ങളുടെ പൊതുധാരയ്‌ക്കകത്ത്‌ നിന്നുകൊണ്ട്‌ സാഹിത്യകൃതികളിലൂടെയും അല്ലാതെയും തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന തസ്‌ലീമയെ ദേഹോപദ്രവമേല്‍പിക്കാനാണ്‌ എം.എല്‍.എമാര്‍ അടക്കമുള്ള അക്രമിസംഘം ഹൈദരാബാദിലെ പ്രസ്‌ക്ലബ്ബില്‍ ഗുണ്ടാസ്റ്റൈലില്‍ പോക്രിത്തം കാണിച്ചത്‌. സെക്യുലര്‍ ഹ്യൂമനിസത്തിന്റെ നിലപാടുതറയില്‍ നിന്നുകൊണ്ട്‌ ആശയപ്രകാശനം നിര്‍വഹിക്കുന്ന ഒരെഴുത്തുകാരിക്കു നേരെ കൈയേറ്റം നടന്നപ്പോള്‍ നമ്മുടെ സെക്യുലര്‍ പാര്‍ട്ടികള്‍ എന്തു ചെയ്‌തു? ചില പാര്‍ട്ടികള്‍ അത്‌ കണ്ടില്ലെന്ന്‌ നടിച്ചു. വേറെ ചിലത്‌ മനസ്സില്ലാ മനസ്സോടെ അരവരി പ്രതിഷേധത്തില്‍ കാര്യമൊതുക്കി. മലയാളത്തിലെ മുഖ്യധാരാ മതേതര പത്രങ്ങളുടെ സ്ഥിതിയും ഏറെ വ്യത്യസ്‌തമായിരുന്നില്ല. ഹൈദരാബാദ്‌ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആശയധാരകള്‍ അനാവരണം ചെയ്യാനോ മതഭ്രാന്തരായ അക്രമികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനോ അവ മുന്നോട്ട്‌ വന്നില്ല.
കൊല്‍ക്കത്താ സംഭവത്തില്‍നിന്നു വ്യത്യസ്‌തമായി, ഹൈദരാബാദില്‍ അക്രമത്തിന്‌ നേതൃത്വം നല്‍കിയത്‌ ഭരണഘടനാനുശാസിത സത്യപ്രതിജ്ഞയെടുത്ത്‌ അസംബ്ലി അംഗങ്ങളായവരാണ്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147, 323, 427, 452 എന്നീ വകുപ്പുകളില്‍ പറയുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ്‌ അവരേര്‍പ്പെട്ടത്‌. മതനിരപേക്ഷതയോട്‌ തെല്ലെങ്കിലും കൂറുള്ള പാര്‍ട്ടികള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യണം? സത്യപ്രതിജ്ഞാലംഘനം നടത്തിയതിന്റെ പേരില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അവര്‍ക്ക്‌ ആവശ്യപ്പെടാമായിരുന്നു. അതുപോലെ, അക്രമം അഴിച്ചുവിട്ട മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്‌ട്രീയപാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദ്‌ ചെയ്യാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ അഭ്യര്‍ത്ഥിക്കാനും അവര്‍ക്ക്‌ സാധിക്കുമായിരുന്നു. രണ്ടുമുണ്ടായില്ല. അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷാന്തരീക്ഷവും മതോന്മാദികള്‍ തല്ലിത്തകര്‍ത്താലും തങ്ങള്‍ക്കൊരു ചേതവുമില്ലെന്ന ഭാവത്തിലാണവര്‍ പെരുമാറിയത്‌. മതമൗലികവാദികളെ എതിര്‍ക്കാന്‍ പോയാല്‍ അതാവും തങ്ങള്‍ക്ക്‌ ചേതം വരുത്തുക എന്നവര്‍ കണക്കുകൂട്ടിയിരിക്കാം.
ഗര്‍ഹണീയമായ ഇത്തരം കണക്കുകൂട്ടലുകള്‍ തന്നെയാണ്‌ മതമൗലിക- വര്‍ഗീയപ്പരിഷകള്‍ക്ക്‌ പ്രചോദനമേകിയത്‌. അധരസേവയ്‌ക്കപ്പുറം മതനിരപേക്ഷമൂല്യങ്ങളോട്‌ നമ്മുടെ സെക്യുലര്‍ പാര്‍ട്ടികള്‍ക്ക്‌ പ്രതിജ്ഞാബദ്ധത ഒട്ടുമില്ലെന്ന്‌ വര്‍ഗീയ-മതമൗലിക വൃന്ദങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. അതിന്റെ സ്‌ഫോടകമായ പ്രതിഫലനമാണ്‌ നവംബര്‍ 21ന്‌ കൊല്‍ക്കത്തയില്‍ കണ്ടത്‌. ഹൈദരാബാദില്‍ നടന്ന കൈയേറ്റത്തിനുശേഷം കൊല്‍ക്കത്തയിലേക്ക്‌ മടങ്ങിയ തനിക്ക്‌ ബംഗാള്‍ പോലീസ്‌ സ്വസ്ഥത നല്‍കിയില്ലെന്ന്‌ നസ്‌റീന്‍ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. 'ദ ഹിന്ദു'വിന്റെ റിപ്പോര്‍ട്ടര്‍ മാര്‍കസ്‌ ഡാമുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്‌ അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. സുരക്ഷിതത്വകാരണം പറഞ്ഞ്‌ കൊല്‍ക്കത്ത വിടാന്‍ പോലീസ്‌ തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഇന്ത്യയില്‍ത്തന്നെ മറ്റേതെങ്കിലും സ്ഥലത്തേക്കോ വിദേശത്തേക്കോ പോകാന്‍ പോലീസ്‌ നിര്‍ദ്ദേശിച്ചുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നുമാസക്കാലം വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ കൊല്‍ക്കത്താ പോലീസ്‌ തന്നെ അനുവദിച്ചില്ല. നവംബര്‍ 22ന്‌ താന്‍ കൊല്‍ക്കത്ത വിട്ടത്‌ സ്വാഭീഷ്‌ടപ്രകാരമാണെന്ന പോലീസ്‌ ഭാഷ്യം സത്യവിരുദ്ധമാണ്‌. മൂന്നുമാസം നീണ്ടുനിന്ന മാനസികപീഡനങ്ങള്‍ക്കുശേഷം കൊല്‍ക്കത്താ പോലീസ്‌ തന്നെ പശ്ചിമ ബംഗാളില്‍നിന്നു പുറത്താക്കുകയായിരുന്നു എന്നത്രേ തസ്‌ലീമ 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ടറോട്‌ പറഞ്ഞത്‌ (ദ ഹിന്ദു, 28-11-2007).
മതനിരപേക്ഷ മൂല്യങ്ങളോട്‌ ഏറ്റവും കൂറുള്ള പാര്‍ട്ടി എന്നവകാശപ്പെടുന്ന സി.പി.ഐ.(എം) ഭരിക്കുന്ന ബംഗാളില്‍നിന്ന്‌ തസ്‌ലീമയ്‌ക്കുണ്ടായ തിക്താനുഭവങ്ങളാണ്‌ മേല്‍വരികളില്‍ തെളിയുന്നത്‌. അടുത്ത ഏപ്രിലില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ, തസ്‌ലീമാ പ്രശ്‌നത്തില്‍ മുസ്‌ലീം മതമൗലികവാദികളെ പ്രീതിപ്പെടുത്തുക എന്ന തന്ത്രം സ്വീകരിക്കുകയാണ്‌ അവിടെ സി.പി.എം. ചെയ്‌തതെന്ന്‌ വ്യക്തം. വര്‍ഗീയതയും മതപിന്തിരിപ്പത്തവും വളര്‍ത്തിക്കൊണ്ടായാലും, തെരഞ്ഞെടുപ്പുഗോദയില്‍ വിജയം നേടുക എന്ന ദുഷിച്ച തത്ത്വത്തിലൂന്നിയ ഈ ഹീന രാഷ്‌ട്രീയത്തില്‍ ബലിയാടാവുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ മൂല്യങ്ങള്‍ തന്നെയാണെന്ന ചിന്ത അവരെ അലട്ടിയില്ല. പാര്‍ലമെന്ററി സ്വപ്‌നങ്ങള്‍ ഏത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയേയും ബൂര്‍ഷ്വാ പാര്‍ട്ടികളുടെ അതേ തരംഗ ദൈര്‍ഘ്യത്തില്‍ കൊണ്ടെത്തിക്കുമെന്നതിനുള്ള മുന്‍കാല തെളിവുകളിലേക്ക്‌ മറ്റൊന്നുകൂടി ചേര്‍ക്കപ്പട്ടു, സി.പി.എമ്മിന്റെ ഈ അപചയം വഴി.
കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ കാര്യമെടുക്കുക. തസ്‌ലീമയുടെ വിസാപ്രശ്‌നമായാലും പൗരത്വപ്രശ്‌നമായാലും അവയില്‍ ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ ആ പാര്‍ട്ടിക്ക്‌ കഴിയേണ്ടതുണ്ട്‌. പക്ഷേ, ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെപ്പോലെ പ്രീണിപ്പിച്ച്‌ രാഷ്‌ട്രീയനേട്ടമുണ്ടാക്കുന്നതില്‍ ദീര്‍ഘകാലമായി അഭിരമിക്കുന്ന കോണ്‍ഗ്രസ്സ്‌ നസ്‌റീന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്‌ കൂച്ചുവിലങ്ങിടുന്ന തീരുമാനമാണ്‌ കൈക്കൊണ്ടത്‌. വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി പാര്‍ലമെന്റില്‍ ചെയ്‌ത പ്രസ്‌താവന അതിന്റെ തെളിവാണ്‌. തസ്‌ലീമയ്‌ക്ക്‌ തുടര്‍ന്നും അഭയം നല്‍കും എന്ന്‌ മുഖര്‍ജി വെളിപ്പെടുത്തി. പക്ഷേ, അതിന്‌ അദ്ദേഹം ഒരുപാധി വെച്ചിരിക്കുന്നു. 'ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന' വാക്കോ കര്‍മമോ നസ്‌റീന്റെ ഭാഗത്തുനിന്നുണ്ടാവരുത്‌. എന്നുവെച്ചാല്‍, ഒരു ജീവച്ഛവമായി തസ്‌ലീമയ്‌ക്ക്‌ ഇവിടെ കഴിയാം. അവര്‍ നാവടക്കി, പേനമടക്കി ഒരു മൂലയില്‍ ഒതുങ്ങിയിരുന്നുകൊള്ളണം. പണ്ട്‌ അടിയന്തരാവസ്ഥക്കാലത്ത്‌ ഇന്ദിരാഗാന്ധി ഇന്ത്യന്‍ ജനതയോട്‌ സംസാരിച്ച അതേ ഭാഷയും ശൈലിയുമാണിത്‌. ജനങ്ങളോട്‌ നാവടക്കാനാണ്‌ അന്ന്‌ ഇന്ദിരയും പറഞ്ഞത്‌. കേന്ദ്രസര്‍ക്കാറിനെ പ്രതിനിധാനം ചെയ്യുന്ന പ്രണബ്‌ മുഖര്‍ജി, ഇത്തരം ഒരുപാധിസഹിതം തസ്‌ലീമയ്‌ക്ക്‌ അഭയം നല്‍കാനുള്ള ഔദാര്യം കാണിക്കുമ്പോള്‍ ഇന്ത്യയെ അദ്ദേഹം സൗദി അറേബ്യപോലുള്ള ഒരു മതാധിപത്യ രാഷ്‌ട്രത്തിന്റെ വിതാനത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌? സ്‌ത്രീകളുടെ സാമൂഹിക പദവിയെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെയാണ്‌ തസ്‌ലീമാ നസ്‌റീന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുള്ളത്‌. അത്തരം മൂല്യങ്ങള്‍ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണോ കേന്ദ്രസര്‍ക്കാറിന്റെ വാദം? എങ്കില്‍, മതേതര മാനവികതയുടെ പ്രോജ്വല വക്താവായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോടും നാവടക്കാന്‍ ആവശ്യപ്പെടുമായിരുന്നില്ലേ പ്രണബ്‌ മുഖര്‍ജിമാര്‍?
സി.പി.എമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള മതേതരപാര്‍ട്ടികള്‍ തസ്‌ലീമാപ്രശ്‌നത്തില്‍ ഉദാസീനമോ നിഷേധാത്മകമോ ആയ നിലപാട്‌ സ്വീകരിച്ചപ്പോള്‍ തീവ്ര ഹൈന്ദവ വലതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പി. നസ്‌റീന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം പൊക്കിപ്പിടിച്ച്‌ പടക്കളത്തിലിറങ്ങി. തുടങ്ങുംമുമ്പേ തോല്‍ക്കുന്ന യുദ്ധമാണ്‌ തങ്ങളുടേതെന്നു കാണാനുള്ള വിവേകം പോലും ആ പാര്‍ട്ടി പ്രദര്‍ശിപ്പിച്ചില്ല. വാരാണസിയിലെ വിധവകളുടെ ദൈന്യത ചിത്രീകരിക്കുന്ന 'വാട്ടര്‍' എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവായ ദീപാ മേത്തയോടും ദേവീദേവന്മാരുടെ നഗ്നചിത്രം വരച്ച എം.എഫ്‌. ഹുസൈനോടും ബറോഡയിലെ എം.എസ്‌. യൂണിവേഴ്‌സിറ്റിയില്‍ തങ്ങള്‍ക്കു രുചിക്കാത്ത കലാവിഷ്‌കാരം നടത്തിയ ചന്ദ്രമോഹന്‍ എന്ന വിദ്യാര്‍ത്ഥിയോടും ഒടുങ്ങാത്ത പകയും വിദ്വേഷവും അസഹിഷ്‌ണുതയും പ്രകടിപ്പിച്ച തങ്ങള്‍, നസ്‌റീന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്തിറങ്ങുന്നതിലെ പൊരുത്തക്കേട്‌ ബി.ജെ.പിക്കാര്‍ ഓര്‍ക്കണമായിരുന്നു. രാഷ്‌ട്രീയക്കളിയുടെ ലഹരിയില്‍ അക്കാര്യം അവര്‍ മറന്നു.
ഇനി, മലയാളത്തിലെ മുഖ്യധാരാ മതേതര പത്രങ്ങള്‍ കൊല്‍ക്കത്താ ഹിംസയോടും തസ്‌ലീമാ നസ്‌റീനോടും സ്വീകരിച്ച നിലപാടുകളിലേക്ക്‌ കടക്കാം. 'ദ ഹിന്ദു' ഉള്‍പ്പെടെ ദേശീയ ഇംഗ്ലീഷ്‌ പത്രങ്ങളില്‍ പലതും കൊല്‍ക്കത്തയിലെ തെരുവ്‌ യുദ്ധത്തെക്കുറിച്ചും തസ്‌ലീമയ്‌ക്കു നേരെ മതഭ്രാന്തന്മാര്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ചും വിമര്‍ശനാത്മകമായി മുഖപ്രസംഗദ്വാരാ പ്രതികരിച്ചപ്പോള്‍ മലയാളത്തില്‍ മതനിരപേക്ഷ മൂല്യങ്ങളോടൊപ്പം നില്‍ക്കുന്നു എന്നു പറയപ്പെടുന്ന പ്രമുഖ പത്രങ്ങളൊന്നും നസ്‌റീന്‌ (മതേതര മാനവികതയ്‌ക്ക്‌) അനുകൂലമായി ഒരു മുഖപ്രസംഗം പോലുമെഴുതാന്‍ തയ്യാറായില്ല. (പ്രണബ്‌ മുഖര്‍ജിയുടെ സോപാധിക ഔദാര്യം പുറത്തുവന്നശേഷം ഒരു പത്രം മുഖപ്രസംഗമെഴുതി എന്നത്‌ മറക്കുന്നില്ല.) എതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ സൗദി അറേബ്യയില്‍, കൂട്ടബലാത്സംഗത്തിനിരയായ ഒരു സ്‌ത്രീയെ വ്യഭിചാരക്കുറ്റത്തിന്‌ ശിക്ഷിക്കുക എന്ന കാട്ടാളനീതി നടപ്പാക്കപ്പെട്ടപ്പോഴും സുഡാനില്‍ ഒരു പാവക്കരടിയെ മുഹമ്മദ്‌ എന്ന്‌ വിളിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിച്ചു എന്നാരോപിച്ച്‌ ബ്രിട്ടീഷുകാരിയായ ഒരു സ്‌കൂള്‍അധ്യാപികയ്‌ക്ക്‌ ജയില്‍ശിക്ഷ നല്‍കപ്പെട്ടപ്പോഴും ഇതേ പത്രങ്ങള്‍ മൗനം ദീക്ഷിച്ചു. മത വലതുപക്ഷത്തിന്റെ, വിശിഷ്യാ മുസ്‌ലിംമത വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധവും പലപ്പോഴും പ്രാകൃതവുമായ ചെയ്‌തികളെ വിമര്‍ശനാത്മകമായി സമീപിക്കാതിരിക്കുക എന്ന നയമത്രേ ഇത്തരം പത്രങ്ങള്‍ പിന്തുടരുന്നത്‌. നൂറ്‌ തസ്‌ലീമമാര്‍ വേട്ടയാടപ്പെട്ടാലെന്ത്‌, പതിനായിരക്കണക്കിന്‌ മതമൗലികവാദികള്‍ തങ്ങളുടെ പത്രം വാങ്ങുമല്ലോ എന്ന ശുദ്ധവ്യാപാരചിന്ത നമ്മുടെ സെക്യുലര്‍പത്രങ്ങളെ നയിക്കുന്നു എന്നു വേണം കരുതാന്‍.
മുസ്‌ലിം മത വലതുപക്ഷത്ത്‌ നിലയുറപ്പിച്ച അഞ്ചു പത്രങ്ങള്‍ മലയാളത്തിലുണ്ട്‌. മതനിരപേക്ഷ മൂല്യങ്ങളോ ലിംഗസമത്വമോ ഒന്നും ഉയര്‍ത്തിപ്പിടിക്കുന്നവയല്ല അവ. അതിനാല്‍ത്തന്നെ ആ പത്രങ്ങള്‍ തസ്‌ലീമയോട്‌ അനുഭാവം പുലര്‍ത്തുമെന്ന്‌ ആരും പ്രതീക്ഷിക്കുന്നില്ല. തസ്‌ലീമയ്‌ക്കു നേരെ ആക്രമണമുണ്ടായപ്പോഴെല്ലാം അതിനെ നിസ്സാരവത്‌ക്കരിക്കാനോ അല്ലെങ്കില്‍ തെളിഞ്ഞും ഒളിഞ്ഞും ന്യായീകരിക്കാനോ ആണ്‌ അവ ശ്രമിച്ചുപോന്നിട്ടുള്ളത്‌. കൊല്‍ക്കത്താ സംഭവത്തിന്റെ പശ്ചാത്തലത്തിലും അവ സ്വീകരിച്ചത്‌ ഇതേ നയംതന്നെയാണ്‌. തസ്‌ലീമയെ പീറ സാഹിത്യകാരിയായും അവരുടെ കൃതികളെ പീറ സാഹിത്യമായും അപഹസിച്ച്‌ സായുജ്യമടയുകയാണ്‌ അവ ചെയ്‌തത്‌. അത്തരം ചില പത്രങ്ങളുടെ എഡിറ്റോറിയല്‍ വിഭാഗത്തിലിരിക്കുന്ന മുല്ലാ-മുസ്‌ല്യാര്‍ മനോഭാവക്കാരായ ചിലര്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട്‌ ഇതേ പല്ലവി ആവര്‍ത്തിക്കുകയുണ്ടായി: തസ്‌ലീമാ നസ്‌റീന്‍ പീറ സാഹിത്യകാരിയാണ്‌! മദ്രസകളുടെ പാഠ്യപദ്ധതിയെക്കുറിച്ച്‌ ഇത്തരക്കാര്‍ സംസാരിക്കുന്നത്‌ മനസ്സിലാക്കാം. പക്ഷേ, സാഹിത്യമെന്നത്‌ അങ്ങാടിമരുന്നോ പറിമരുന്നോ എന്നറിയാത്തവര്‍ സാഹിത്യത്തെക്കുറിച്ച്‌ അഭിപ്രായപ്രകടനം നടത്തുന്നതിലെ യുക്തി ചോദ്യംചെയ്യപ്പെട്ടേ മതിയാവൂ.
(കടപ്പാട് : മാതൃഭൂമി)

സൈദ് പര്‍വേശിന്റെ ജീവന്‍ രക്ഷിക്കുക !


അഫ്‌ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് താലിബാന്‍ ഭരണമല്ല . ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ ജനാധിപത്യഭരണമാണ് ഇപ്പോള്‍ അവിടെ നിലവിലുള്ളത് . കര്‍സായി ഒരു പരിഷ്കൃത ഭരണാധികാരിയായാണ് ലോകം മുഴുക്കെ അറിയപ്പെടുന്നത് . എന്നിട്ടും അവിടത്തെ ഒരു മതക്കോടതി 23 വയസ്സുള്ള ഒരു ജേര്‍ണ്ണലിസം വിദ്യാര്‍ത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു . ഇന്റര്‍നെറ്റില്‍ നിന്ന് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഡൌണ്‍‌ലോഡ് ചെയ്ത് എടുത്തു എന്നും അത് സഹപാഠികളെ കാണിച്ചു എന്നും , അവരുടെ പരാതി പ്രകാരം മതക്കോടതി ശിക്ഷ വിധിച്ചു എന്നോ മറ്റോ ആണ് വാര്‍ത്തകള്‍ . കര്‍സായി ഇതില്‍ ഇടപ്പെട്ട് ആ യുവാവിന്റെ ജീവന്‍ രക്ഷിക്കണം എന്ന മുറവിളി ലോകത്തിന്റെ പല ഭാഗത്ത് നിന്ന് ഉയരുന്നുണ്ട് .
ആ യുവാവിന്റെ ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഇ-പെറ്റീഷണില്‍ എല്ലാവരും ഒപ്പിടേണ്ടതാണ് . അത്രയും സഹജീവിസ്നേഹം നമുക്കും കാണിക്കാമല്ലോ !
കൂടുതല്‍ വായനക്ക് :

ബ്ലോഗും വിവാദങ്ങളും !

യാദൃച്ഛികമായാണ് ഞാന്‍ ബ്ലോഗില്‍ എത്തിപ്പെടുന്നത് . ധാരാളം പുസ്തകങ്ങള്‍ വായിച്ചിരുന്നുവെങ്കിലും കുറെ വര്‍ഷങ്ങളായി ഫിക്‍ഷനോ മറ്റ് കവിതകളോ ഒന്നും വായിക്കാറില്ലായിരുന്നു . വായനയൊക്കെ ഓരോ പ്രായത്തില്‍ തോന്നുന്ന ആസക്തികളാണോ എന്തോ ! എഴുത്തുകാരാനാവണമെന്നൊക്കെ ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നു . ഒന്നും കഴിഞ്ഞില്ല. അങ്ങനെ എന്തൊക്കെ ആഗ്രഹങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും ? എല്ലാം നടക്കണമെന്നില്ല . ചിലര്‍ക്ക് കഠിനമായ പരിശ്രമത്തിന്റെയും സ്ഥിരോത്സാ‍ഹത്തിന്റെയും ഫലമായി അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയുന്നു . അപ്പോള്‍ അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്ന് അവര്‍ വിനയഭാവത്തില്‍ പറയും . ഇത് കേട്ടാല്‍ തോന്നും അവരൊക്കെ വെറുതെ കൈയും കെട്ടിയിരിക്കുകയായിരുന്നുവെന്നും ദൈവത്തിന് അവരോട് എന്തോ സ്പെഷ്യല്‍ പരിഗണന തോന്നിയത് കൊണ്ട് ദൈവം അവരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുത്തതാണെന്നും. ചിലര്‍ അതൊക്കെ ഭാഗ്യമാണെന്ന് പറയും . ഈ ഭാഗ്യത്തിനൊക്കെ ചിലര്‍ അര്‍ഹമാകുന്നതിന്റെ മാനദണ്ഡം എന്താണ് . പരിശ്രമിച്ചാല്‍ ഒരാള്‍ക്ക് അയാള്‍ എന്താവണമെന്ന് തോന്നുന്നുവോ അതായിത്തീരാതിരിക്കാനുള്ള യാ‍തൊരു കാരണവുമില്ല എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . കാരണം ഒരാള്‍ക്ക് കഴിയുന്നതേ അയാള്‍ ആഗ്രഹിക്കൂ . ഉദാഹരണത്തിന് ഒരു തോട് ചാടിക്കടക്കാനേ ആരും അഗ്രഹിക്കൂ, പുഴ ചാടിക്കടക്കാന്‍ ആരും മനസ്സില്‍ പോലും വിചാരിക്കില്ല . ഞാന്‍ കാര്യമായി പരിശ്രമിക്കാത്തത് കൊണ്ട് തന്നെയാണ് ഒരെഴുത്തുകാരാനാവാതിരുന്നത് . എന്തിനാണ് എഴുതുന്നത് ? ഇങ്ങനെയൊരു ചോദ്യം എല്ലായ്പ്പോഴും മനസ്സിലുണ്ടായിരുന്നു . കീര്‍ത്തി മോഹമാണ് തന്നെ ഒരെഴുത്തുകാരിയാക്കിയതെന്ന് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞതായോര്‍ക്കുന്നു . (എനിക്കവര്‍ ഇന്നും മാധവിക്കുട്ടി തന്നെയാണ് ; സുരയ്യയായത് ഞാന്‍ അംഗീകരിച്ചിട്ടില്ല . ഓ, എന്റെയൊരു അംഗീകാരം !) ജീവിതത്തിന്റെ പകര്‍ത്തിയെഴുത്തായിരിക്കണം സാഹിത്യകൃതി എന്നെനിക്ക് നിര്‍ബ്ബന്ധമായിരുന്നു . കാരണം നമുക്ക് ഒരു മനുഷ്യനെ പിന്‍‌തുടര്‍ന്ന് അയാളുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് കാണാന്‍ കഴിയില്ല . ആ ഉത്തരവാദിത്തമാണ് സഹിത്യകാരന്‍ നമുക്ക് വേണ്ടി ഏറ്റെടുക്കുന്നത് . മാധവിക്കുട്ടിയെ ഇഷ്ടപ്പെടാനുള്ള കാരണവും ഇതായിരുന്നു . സാഹിത്യത്തില്‍ അകൃത്രിമമായ ജീവിതമുഹൂര്‍ത്തങ്ങളേ പാടുള്ളൂ . അപ്പോഴേ നമ്മുടെ മനസ്സ് സമ്പന്നമാവൂ . ഒരാളുടെ വെറും ഭാവനകള്‍ നമ്മളെന്തിന് വെറുതെ വായിക്കണം ? ജീവിതം കണ്ട് മനസ്സിലാക്കി കഥകള്‍ എഴുതണമെന്ന എന്റെ മോഹം എന്നെ ഒരു പത്ത് ദിവസത്തെ ജയില്‍ വാസത്തിനായി മദ്രാസ് സെന്‍‌ട്രല്‍ ജയിലില്‍ വരെ എത്തിച്ചിട്ടുണ്ട് . ജയകാന്തന്റെ “കാവല്‍ ദൈവം” എന്ന തമിഴ് നോവല്‍ വായിച്ചപ്പോള്‍ തോന്നിയ ആഗ്രഹം പിന്നീട് നിനച്ചിരിക്കാതെ സഫലമാവുകയായിരുന്നു . ആ ജയില്‍ ഇപ്പോള്‍ അവിടെ നിന്ന് മാറ്റി . ആ സ്ഥലത്തേക്ക് കൂ‍ടി വ്യാപിക്കാനിരിക്കുകയാണ് മദ്രാസ് ജനറല്‍ ഹോസ്പിറ്റല്‍ എന്ന വാര്‍ത്ത ഈയ്യിടെ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ എന്തോ ഒരു ഗൃഹതുരത്വം ! ഇപ്പോള്‍ ആ പഴയ സെന്‍‌ട്രല്‍ ജയില്‍ സിനിമാ ഷൂട്ടിങ്ങിന് തുറന്ന് കൊടുത്തിരിക്കയാണ് . ബ്രിട്ടിഷ്‌കാര്‍ നിര്‍മ്മിച്ച ആ‍ കെട്ടിടം പൊളിച്ച് നീക്കുന്നതിന് മുന്‍പേ വീണ്ടും ഒന്ന് പോയി കാണണം . പണ്ട് എം.ആര്‍.രാധ കിടന്ന മുറിയും മറ്റ് പല പ്രശസ്ഥര്‍ കിടന്ന മുറിയും ഞാന്‍ കണ്ടിരുന്നു . ഏതായാലും ജീവിതം തേടിയിറങ്ങിയ ഞാന്‍ എത്തിപ്പെട്ടത് ജീവിതം നിരര്‍ത്ഥകമാണ് എന്ന ചിന്താഗതിയില്‍ ! അസ്തിത്വദു:ഖത്തിന്റെ ആ നാളുകളില്‍ ചിന്തിച്ചത് ആത്മഹത്യയെപ്പറ്റി മാത്രം . അപ്പോഴാണ് എന്നെ സംബന്ധിക്കുന്ന ഒരു യാഥാര്‍ഥ്യം ഞാന്‍ മനസ്സിലാക്കുന്നത് . എനിക്ക് കഥയെഴുതാന്‍ മാത്രമല്ല ആത്മഹത്യ ചെയ്യാനുള്ള കഴിവും ഇല്ല എന്ന് . ആത്മഹത്യ ഭീരുത്വമാണെന്ന് ആരാണ് പറഞ്ഞത് ? ഏറ്റവും ധൈര്യമുള്ള ഒരാള്‍ക്കേ അത് കഴിയൂ .

ജീവിതത്തിന്റെ പുറമ്പോക്കില്‍ നിന്ന് ആകസ്മികമായി ജീവിതത്തിലേക്ക് എത്തിപ്പെട്ടപ്പോള്‍ പിന്നീട് ഒരു വാശിയായിരുന്നു . വായന പിന്നീട് രാഷ്ട്രീയമായ കാര്യങ്ങള്‍ മാത്രമായിരുന്നു . കുടുംബനാഥനായി . മക്കളെ പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായി . ഞാനും അവരും ഒന്നിച്ച് പഠിച്ചു . അങ്ങനെ മക്കള്‍ ബാംഗ്ലൂരില്‍ ജോലിക്കാരായപ്പോള്‍ എല്ലാവരും ബാംഗ്ലൂരേക്ക് താമസം മാറ്റി . അപ്പോഴാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത് ഒന്നും ചെയ്യാതിരിക്കലാണ് ജീവിതത്തില്‍ ഏറ്റവും പ്രയാസം . അപ്പോഴാണ് ഇന്റര്‍‌നെറ്റും ഓര്‍ക്കുട്ടും ഒക്കെ പരിചിതമാകുന്നത് . ഒരിക്കല്‍ ഒരു ഓര്‍ക്കുട്ട് സുഹൃത്ത് ചോദിച്ചു : നിങ്ങള്‍ക്ക് ഒരു ബ്ലോഗ് തുടങ്ങി നിങ്ങളുടെ ആശയങ്ങള്‍ പങ്ക് വെച്ചു കൂടേ എന്ന് . എന്താണ് ബ്ലോഗ് എന്ന് മനസ്സിലായില്ല. എന്നാല്‍ ആ അജ്ഞത തുറന്ന് പറഞ്ഞുമില്ല . ചില ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വായിക്കവേ “സേവ് കേരള ”എന്ന ഇംഗ്ലീഷ് ബ്ലോഗ് വായിക്കാനിടയായി . അവിടെ ഒരു കമന്റ് എഴുതാന്‍ നോക്കിയപ്പോഴാണ് ബ്ലോഗ്ഗര്‍ ഐഡിയുള്ളവര്‍ക്കേ അത് പറ്റൂ എന്ന് മനസ്സിലായത് . അപ്പോള്‍ തന്നെ എങ്ങനെയെങ്കിലും ഒരു ഐഡിയുണ്ടാക്കി അവിടെ ഒരു കമന്റ് എഴുതി . പിന്നെയും കുറേ കഴിഞ്ഞാണ് മലയാളം ബ്ലോഗിനെ പറ്റി മനസ്സിലാക്കിയതും സ്വന്തമായി ഒരു ബ്ലോഗുണ്ടാക്കി 24.1.07ന് ആദ്യത്തെ പോസ്റ്റ് എഴുതിയതും . ജീവിതം എപ്പോഴും തുറന്നത് തന്നെയാവണമെന്ന് കരുതുന്നത് കൊണ്ടും എന്നെ സംബന്ധിക്കുന്ന ഒന്നും ആരിടത്തിലും ഒളിച്ചു വയ്ക്കുന്നത് ശീലമില്ലാത്തത് കൊണ്ടും സ്വന്തം പേരിലാണ് എഴുതാന്‍ തുടങ്ങിയത് . സത്യം പറഞ്ഞാല്‍ എനിക്ക് എന്തിനെയെങ്കിലും ഭയമുണ്ടെങ്കില്‍ അത് മനുഷ്യനെ മാത്രമാണ് . മനുഷ്യനെ ഞാന്‍ നിഗൂഢമായി സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല . നമ്മള്‍ എങ്ങനെയാണ് എപ്പോഴാണ് ഒരാളുടെ ശത്രുവായിത്തീരുക എന്ന് പറയാന്‍ കഴിയില്ല . ബ്ലോഗെഴുതിയാലും അജ്ഞാതശത്രുക്കള്‍ ഉണ്ടാവാം . എന്തായാലും എന്റെ വിലാസവും ഫോണ്‍ നമ്പറും ബ്ലോഗില്‍ എഴുതിച്ചേര്‍ത്തു . വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന് ബ്രൂണോവിനെ തീയിലിട്ട് കൊന്നിടത്ത് നിന്ന് മനുഷ്യസമൂഹം വളരെയൊന്നും പുരോഗമിച്ചിട്ടില്ല .

ബ്ലോഗ് എന്ന മാധ്യമം എനിക്ക് സത്യത്തില്‍ ഒരു അനുഗ്രഹമായാണ് തോന്നിയത് . നഷ്ടപ്പെട്ട വായന ബ്ലോഗിലൂടെ എനിക്ക് തിരിച്ച് കിട്ടി . വിശാലമനസ്കന്റെ കഥകള്‍ വായിച്ച് വീട്ടില്‍ എല്ലാവരും ചിരിച്ചു . മനുവിന്റെ കുഞ്ഞിക്കവിതകള്‍ എല്ലാവരും ഏറ്റുചൊല്ലി . എനിക്ക് പക്ഷെ ജനപ്രിയമായി ഒന്നും എഴുതാന്‍ കഴിഞ്ഞില്ല . സത്യം അപ്രിയമാണെന്ന് കരുതി അത് പറയാതിരിക്കുന്നതെങ്ങനെ ? ബ്ലോഗ് തുടങ്ങി ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ബ്ലോഗില്‍ പ്രതിക്ഷേധക്കൊടുങ്കാറ്റ് . യാഹൂവിനെതിരെ പ്രതിക്ഷേധകോലാഹലം ! ആദ്യമാദ്യം ഒന്നും മനസ്സിലായില്ല . പിന്നെ മനസ്സിലായി . ഏതോ ഒരു ബ്ലോഗറുടെ പാചകകുറിപ്പ് മോഷ്ടിച്ച് യാഹൂ മലയാളത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെയുള്ള ബഹളമായിരുന്നു അത് . കണ്ണൂരിലെ രാഷ്ട്രീയകലാപങ്ങളും കൊലപാതകപരമ്പരകളും കണ്ടും കേട്ടും ശീലിച്ച എനിക്ക് അതൊരു കുട്ടിക്കളിയായിട്ടാണ് തോന്നിയത് . സജീവമായ ചര്‍ച്ചകളും സംവാദങ്ങളും പ്രതിക്ഷേധങ്ങള്‍ തന്നെയും ആവശ്യപ്പെടുന്ന നിരവധി പ്രശ്നങ്ങള്‍ നാട്ടിലുണ്ടായിട്ടും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ ഈ ഒരു പാചകക്കുറിപ്പിന്റെ കോപ്പിറൈറ്റ് പ്രശ്നം എങ്ങനെ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇത്രമാത്രം പ്രധാനപ്പെട്ടതാകുന്നു എന്നതാണ് എന്നെ അമ്പരപ്പിച്ചത് . പിന്നീട് മനസ്സിലായി വിര്‍ച്വല്‍ ലോകത്ത് വിര്‍ച്വല്‍ പ്രശ്നങ്ങള്‍ , അത്രയേയുള്ളൂ അതില്‍ കാര്യം എന്ന് .

അങ്ങനെയിരിക്കെ ഈയ്യിടെ ബ്ലോഗില്‍ വീണ്ടും ഒരു വിവാദം പൊട്ടിപുറപ്പെട്ടു , ഹരികുമാര്‍ പ്രശ്നം ! സംഗതിയുടെ ഗൌരവം എനിക്കത്ര പിടി കിട്ടിയിരുന്നില്ല . ഹരികുമാറിന്റെ ബ്ലോഗുകളും ഞാന്‍ വായിക്കാറുണ്ടായിരുന്നു . ഹരികുമാറിന്റെ ബ്ലോഗ് മാത്രമല്ല ഗൂഗ്‌ള്‍ സെര്‍ച്ച് നോക്കി ആപ്പപ്പോള്‍ പബ്ലിഷ് ചെയ്യുന്ന മിക്കവാറും എല്ലാ ബ്ലോഗുകളും വായിക്കാറുണ്ട് . അപൂര്‍വ്വം ബ്ലോഗുകളിലേ കമന്റ് എഴുതാറുള്ളൂ . വെറുതേ മന:സമാധാനം കളയേണ്ടല്ലോ . ഹരികുമാര്‍ ബ്ലോഗ്ഗേര്‍സിനെ അടച്ചാക്ഷേപിച്ചു എന്നതാണത്രെ പ്രശ്നം . സാധാരണഗതിയില്‍ ഇതെന്നെ ബാധിക്കുകയില്ലായിരുന്നു . കാരണം ഞാന്‍ ഈ പറയുന്ന ബൂലോഗം എന്ന കൂട്ടായ്മയില്‍ പെട്ട ആളല്ല എന്നത് തന്നെ . പക്ഷെ ഞാന്‍ അകാരണമായി വലിച്ചിഴക്കപ്പെട്ടു . ഹരികുമാര്‍ കലാകൌമുദിയില്‍ എഴുതിയ കുറിപ്പില്‍ ഞാനടക്കം മൂന്ന് നാല് പേരെ പ്രശംസിച്ചു കൊണ്ട് എഴുതിയിരുന്നു . അങ്ങനെയാണ് ഞാന്‍ ഇതില്‍ കക്ഷിയാവുന്നത് . ഏതായാലും ബൂലോഗക്ലബ്ബ് എന്ന ബ്ലോഗില്‍ അഞ്ചല്‍ക്കാരന്‍ എഴുതിയ പ്രതിക്ഷേധ പോസ്റ്റില്‍ എഴുതിയ രണ്ട് കമന്റുകള്‍ പിന്‍‌വലിച്ചു കൊണ്ട് ഞാന്‍ പ്രശ്നത്തില്‍ നിന്ന് തലയൂരി .