Links

എന്തിനാണു ഭക്ഷണം കഴിക്കുന്നത് ?

നമ്മൾ എന്തിനാണു ഭക്ഷണം കഴിക്കുന്നത്?

ശരീരം വളരാനും , പ്രവൃത്തി ചെയ്യാനും , ആരോഗ്യം നിലനിർത്താനും , രോഗകാരികാളായ അണുക്കളിൽ നിന്ന് പ്രതിരോധിക്കാനും മുറിവ് ചതവ് പോലുള്ള കേടുപാടുകൾ മെയിന്റൈൻ ചെയ്യാനും എല്ലാം ആവശ്യമായ മൂലകങ്ങളും തന്മാത്രകളും വേണം. അതിനാണു നമ്മൾ ഭക്ഷണം കഴിക്കുന്നത്.

മൂലകങ്ങളും തന്മാത്രകളുമോ?

അതെ പ്രകൃതിയിൽ എല്ലാം മൂലകങ്ങളും തന്മാത്രകളും കൊണ്ട് നിർമ്മിക്കപ്പെട്ടതാണു. ഒരേ മാതിരിയുള്ള പദാർത്ഥങ്ങളെ മൂലകങ്ങൾ എന്ന് പറയുന്നു. ഓക്സിജൻ ഇരുമ്പ് കാൽസിയം എന്നിവയൊക്കെ മൂലകങ്ങളാണു. വ്യത്യസ്തമോ ഒരേ തരത്തിലുള്ളതോ ആയ മൂലകങ്ങൾ ചേർന്ന പദാർത്ഥങ്ങളെ തന്മാത്രകൾ എന്ന് പറയുന്നു. പ്രകൃതിയിൽ എല്ലാം പരസ്പരം കണക്‌റ്റഡ് ആണു. ഒന്നും സ്വതന്ത്രമായി നിലനിൽക്കുന്നില്ല. നമ്മൾ അനുസ്യൂതം അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. സൂര്യൻ ഉല്പാദിപ്പിക്കുന്ന ഊർജ്ജമാണു നമ്മുടെ ഊർജ്ജം. പ്രാകൃത മനുഷ്യൻ കുടിച്ച അതേ വെള്ളമാണു ഒരു മാറ്റവും ഇല്ലാതെ നമ്മളും കുടിക്കുന്നത്.

എന്ത് മൂലകങ്ങളും തന്മാത്രകളാണു നമുക്ക് ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത്?

മൂലകങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു എന്ന് പറഞ്ഞു. തന്മാത്രകൾ ലഘുവും സങ്കീർണ്ണവും ഉണ്ട്.  ജലം , അന്നജം, പ്രോട്ടീൻ , കൊഴുപ്പ് , ജീവകങ്ങളും ധാതുക്കളും എന്നിങ്ങനെ അഞ്ച് തരം തന്മാത്രകളാണു ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത്. ജലം ഹൈഡ്രജനും ഓക്സിജനും ചേർന്ന ലഘു തന്മാത്രയാണെന്ന് അറിയാമല്ലൊ. അന്നജവും പ്രോട്ടീനും സങ്കീർണ്ണമായ തന്മാത്രകളാണു. അത് ഗ്ലൂക്കോസ്, അമിനോ ആസിഡ്‌സ് എന്നിങ്ങനെ ലഘുതന്മാത്രകളായി ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിനു ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.

പ്രകൃതിയിൽ എങ്ങനെയാണു ഈ ഭക്ഷണം ഉണ്ടാകുന്നത്?

ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നത് സസ്യങ്ങളാണു. പ്രകൃതിയിലെ മൂലകങ്ങൾ ഉപയോഗിച്ച് ആഹാരം നിർമ്മിക്കാൻ സസ്യങ്ങൾക്ക് മാത്രമേ കഴിയൂ. മൂലകങ്ങൾ നേരിട്ട് ഭക്ഷിക്കാൻ ഒരു ജീവിയ്ക്കും കഴിയില്ല. സസ്യങ്ങൾ ഇല്ലെങ്കിൽ ഒരു ജീവിയ്ക്കും നിലനില്പില്ല. എല്ലാ ജീവികൾക്കും ആവശ്യമായ ഭക്ഷണം നിർമ്മിക്കുന്ന സസ്യജാലങ്ങൾ പ്രകൃതിയിലെ അടുക്കളയാണു.

എങ്ങനെയാണു സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നത്?

സത്യത്തിൽ സസ്യങ്ങൾ അവയുടെ വളർച്ചയ്ക്കും പ്രത്യുല്പാദനത്തിനും നിലനിൽപ്പിനും വേണ്ടിയാണു ഭക്ഷണം നിർമ്മിക്കുന്നത്. നിർമ്മിക്കുന്ന ഭക്ഷണം സസ്യങ്ങൾ അതിന്റെ ഇലകളിലും കാണ്ഡങ്ങളിലും വിത്തുകളിലും വേരുകളിലും എല്ലാം സംഭരിച്ചു വയ്ക്കുകയാണു. നമ്മൾ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളും അത് എടുത്ത് ഭക്ഷിക്കുകയാണു.

സസ്യങ്ങൾക്ക് നിലനിൽക്കാനും ആഹാരം നിർമ്മിക്കാനും 16 തരം മൂലകങ്ങൾ ആണു വേണ്ടത്. ഇതിൽ 13 മൂലകങ്ങൾ മണ്ണിൽ നിന്നും ഹൈഡ്രജൻ ജലത്തിൽ നിന്നും ഓക്സിജനും കാർബണും അന്തരീക്ഷത്തിൽ നിന്നും സ്വീകരിക്കുന്നു. ജലത്തിലെ ഹൈഡ്രജനും അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡും എടുത്ത് സൗരോർജ്ജവും പ്രയോജനപ്പെടുത്തിയാണു സസ്യങ്ങൾ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം ഉണ്ടാക്കുന്നത്. കാർബോഹൈഡ്രേറ്റിന്റെ മറ്റൊരു വകഭേദമാണു സെല്ലുലോസ്. ഇവ രണ്ടുമാണു എല്ലാ ജീവജാലങ്ങളുടെയും ഊർജ്ജക്കലവറ.

മണ്ണിൽ ഉണ്ടെങ്കിൽ പിന്നെ എന്തിനാണു സസ്യങ്ങൾക്ക് നമ്മൾ വളം ഇട്ടുകൊടുക്കുന്നത്?

മണ്ണിൽ സസ്യങ്ങൾക്ക് വേണ്ടതായ 13 മൂലകങ്ങളും അലൂമിനിയം സിലിക്കൺ പോലുള്ള വേറെ മൂലകങ്ങളും മൃതിയടഞ്ഞ ജീവജാലങ്ങളും കരിയിലകളും മറ്റും ദ്രവിച്ചു ചേർന്ന തന്മാത്രകളും ഉണ്ട്. അവയിൽ നിന്നാണു വൃക്ഷങ്ങളും സസ്യങ്ങളും ജലത്തിൽ കൂടി അവയ്ക്ക് വേണ്ടുന്ന മൂലകങ്ങൾ ആഗിരണം ചെയ്യുന്നത്. മണ്ണിൽ ഒരേ സ്ഥലത്ത് തുടർച്ചയായി ഹ്രസ്വവിളകൾ കൃഷി ചെയ്യുമ്പോൾ ചില മൂലകങ്ങൾ തീർന്നു പോകും. അപ്പോൾ ആ മൂലകം നമ്മൾ ഇട്ടുകൊടുക്കണം.

അപ്പോൾ നമ്മൾ ഇടേണ്ടത് ജൈവമോ രാസമോ?

മൂലകങ്ങൾക്ക് രാസമോ ജൈവമോ എന്ന വ്യത്യാസം ഇല്ല. ഞാൻ പറഞ്ഞല്ലോ പ്രകൃതിയിൽ മൂലകങ്ങളും മൂലകങ്ങൾ ചേർന്ന തന്മാത്രകളും സംയുക്തങ്ങളും മിശ്രിതങ്ങളും മാത്രമേയുള്ളൂ.  കൃഷി ചെയ്യുമ്പോൾ മണ്ണിൽ തീർന്നുപോകാൻ സാധ്യതയുള്ള മൂലകങ്ങൾ നൈട്രജൻ, പൊട്ടാസിയം, ഫോസ്‌ഫറസ് എന്നിവയാണു. മണ്ണ് പരിശോധിച്ചാൽ ഏത് മൂലകമാണു കുറവ് എന്ന് ലാബ് ടെക്‌നീഷ്യൻ പറഞ്ഞു തരും. ആ മൂലകം ഇട്ടുകൊടുത്താൽ മതി.

അപ്പോൾ കീടനാശിനിയോ?

അതും തന്മാത്രകളാണു. കീടങ്ങളെ നശിപ്പിക്കും. കീടനാശിനികൾ മണ്ണിൽ ചേർന്ന് സസ്യങ്ങൾ വലിച്ചെടുക്കാനുള്ള സാധ്യത വിരളമാണു. വേഷപ്രഛന്നമായി ചില മൂലകങ്ങൾ സസ്യങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടാൻ അപൂർവ്വമായ ചാൻസ് ഉണ്ട്. എന്നാൽ തന്നെയും സസ്യങ്ങളിലും അവയുടെ ഫലങ്ങളിലും സ്വാഭാവിക തന്മാത്രകൾ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. പുറത്ത് പറ്റിപ്പിടിക്കുന്ന കീടനാശിനി തന്മാത്രകൾ വാഷ് ചെയ്യുമ്പോൾ പോയ്ക്കോളും. അത് കൊണ്ട് കീടങ്ങളെ നശിപ്പിക്കാൻ  കീടനാശിനികൾ ഉപയോഗിക്കാം.

അത് രാസകീടനാശിനിയോ അതോ ജൈവകീടനാശിനിയോ ഏതാണു ഉപയോഗിക്കേണ്ടത്?

ഞാൻ പറഞ്ഞല്ലോ കീടങ്ങളെ നശിപ്പിക്കുന്ന തന്മാത്രകളാണു കീടനാശിനികൾ. തന്മാത്രകൾക്ക് രാസവും ജൈവവും എന്ന് വ്യത്യാസമില്ല. ഏത് തന്മാത്രകൾ കീടങ്ങളെ നശിപ്പിക്കുന്നുവോ അതൊക്കെ പെസ്റ്റിസൈഡുകളാണു.

കോൺഗ്രസ്സിന്റെ ഭാവി ?

എക്സിറ്റ് പോൾ പ്രവചനം ശരിയായി കേരളത്തിൽ യു.ഡി.എഫ്. തോറ്റാൽ അതിൽ നിന്ന് ലഭിക്കുന്ന പാഠം എന്തായിരിക്കുമെന്നാൽ കോൺഗ്രസ്സിനെ പോലെ അഗ്രസ്സീവ്നെസ്സ് (അക്രമണോത്സുകത) തീരെയില്ലാത്ത പാർട്ടിക്ക് ഇന്ത്യയിൽ എവിടെയും പ്രസക്തിയില്ല എന്നതാണു. ബി.ജെ.പി.യുടെ വിജയം അവരുടെ അഗ്രസ്സീവ്‌നെസ്സ് ആണു. മമതയുടെ വിജയവും അവരുടെ അക്രമണോത്സുകത തന്നെ. കോൺഗ്രസ്സുകാർ ആക്രമിക്കാൻ പോയിട്ട് പ്രതിരോധിക്കാൻ പോലും നിൽക്കുകയില്ല. ശാരീരികാക്രമണം എന്നാരും തെറ്റിദ്ധരിച്ചു പോകല്ലേ. രാഷ്ട്രീയാക്രമണം ആണു ഉദ്ദേശിക്കുന്നത്.

അഴിമതിയൊക്കെ വെറുതെ. അത് ആക്രമണത്തിനുള്ള ആയുധമാക്കുന്നതിലാണു മിടുക്ക്. ലാവലിൻ എന്താ ചെറിയ അഴിമതിയാണോ, എന്നാൽ കോൺഗ്രസ്സ് ഒരിക്കലും അത് സി.പി.എമ്മിനെ പ്രത്യാക്രമണം നടത്താനുള്ള ആയുധമാക്കിയില്ല. ആളുകൾക്ക് അഴിമതി നടക്കുന്നതിൽ പ്രശ്നമില്ല. കാരണം എല്ലാവരും അഴിമതിയുടെ ഉപഭോക്താക്കളാണു. എന്നാൽ ആരു അഴിമതിയെ ആക്രമണത്തിനുള്ള ആയുധമാക്കുന്നുവോ ജനങ്ങൾ അവർക്ക് പിന്തുണ കൊടുക്കും. കേരളത്തിൽ സർക്കാരിനു ശരിക്കും നഷ്ടം സംഭവിച്ച പച്ചയായ അഴിമതി ലാവലിൻ ആണു. എന്നാൽ ഇവിടെ ആഘോഷിക്കപ്പെട്ട അഴിമതി സർക്കാരിനു ഒരു ബന്ധവും ഇല്ലാത്ത സ്വകാര്യതട്ടിപ്പായ സോളാറും. എന്ത്കൊണ്ട്? സോളാറിനെ സർക്കാരിന്റെ അഴിമതിയായി അഗ്രസ്സീവായി ഉയർത്തിക്കാട്ടാൻ തല്പരകക്ഷികൾക്ക് സാധിച്ചു. കോൺഗ്രസ്സുകാർ ലാവലിനെ അങ്ങനെ ഉപയോഗിച്ചില്ല.

കേന്ദ്രത്തിൽ 2ജി സ്പെക്ട്രം അഴിമതിയാക്കി കോൺഗ്രസ്സിനെതിരെ എല്ല്ലാ ഭാഗത്ത് നിന്നും ആക്രമണം നടത്തിയപ്പോൾ കോൺഗ്രസ്സുകാർ പ്രതിരോധിക്കാൻ നിന്നില്ല എന്ന് മാത്രമല്ല സത്യം ജനങ്ങളോട് പറയാൻ പോലും മെനക്കെട്ടില്ല. 2ജി എന്നത് അഴിമതിയല്ല എന്നത് പച്ചയായ യാഥാർഥ്യമാണു. രണ്ട് വർഷം മുൻപ് 2ജി സ്പെക്ട്രം ലേലം ചെയ്തിരുന്നെങ്കിൽ സർക്കാരിനു ഒന്നേമുക്കാൽ ലക്ഷം കോടി രൂപ വരുമാനം കിട്ടുമായിരുന്നു എന്നും ലേലം ചെയ്യാത്തത് കൊണ്ട് അത്രയും തുക ഖജനാവിനു നഷ്ടം ആയി എന്നുമാണു സി.എ.ജി.യുടെ കണക്ക്. ഏതോ ഒരു ഗോപികൃഷ്ണൻ എന്ന് ഓർമ്മ അയാളാണു ഇത് അഴിമതിയായി ആദ്യം ചിത്രീകരിച്ചത്. പിന്നെയത് എല്ലാവരും ഏറ്റുപിടിച്ചു. അത് അഴിമതിയല്ല സി.എ.ജി.യുടെ ഒരു നിരീക്ഷണം മാത്രമാണു എന്ന് പറയാൻ ഒരു കോൺഗ്രസ്സുകാരനും തുനിഞ്ഞില്ല. ഞാൻ അന്നും ഇക്കാര്യം വിശദീകരിച്ച് നിരന്തരം ബ്ളോഗിൽ എഴുതുന്നുണ്ടായിരുന്നു.

അന്ന് 2ജി ലേലം നടന്നില്ലല്ലൊ, മാത്രമല്ല എന്തിനു ലേലം നടത്തണം? 2ജി ലേലം ചെയ്യണ്ട എന്നത് ഒന്നാം യു.പി.എ. സർക്കാരിനു മുൻപ് ഭരിച്ച എൻ.ഡി.എ. സർക്കാരിന്റെ നയം ആയിരുന്നു. പ്രമോദ് മഹാജൻ ആയിരുന്നു ടെലികോം മന്ത്രി. 2ജി സ്പെക്ട്രം ലൈസൻസ് ഫീസ് വാങ്ങി അനുവദിച്ചാൽ മതി എന്നായിരുന്നു ആ നയം. പിന്നീട് യു.പി.എ. ഭരണത്തിൽ എ.രാജ എന്ന ടെലികോം മന്ത്രിയും ആ നയം പിന്തുടർന്ന് ലൈസൻസ് ഫീ വാങ്ങി 2ജി സ്പെക്ട്രം അനുവദിക്കുകയാണുണ്ടായത്. ലേലം ചെയ്യണം എന്ന കാര്യം അപ്പോൾ ആരും ചിന്തിക്കുന്നേയില്ല. പിന്നെ രണ്ട് വർഷം കഴിഞ്ഞ് 3ജി ടെക്‌നോളജി വന്നപ്പോൾ അതിനുള്ള സ്പെക്ട്രം ലേലം ചെയ്യാമെന്ന് യു.പി.എ. സർക്കാർ തീരുമാനമെടുത്തു. ലേലം ചെയ്തു. നല്ല പൈസ സർക്കാരിനു കിട്ടി. സി.എ.ജി. ഓഡിറ്റ് ചെയ്തപ്പോൾ പറയുന്നു, എന്നാൽ പിന്നെ അന്ന് 2ജിയും ലേലം ചെയ്തെങ്കിൽ ഇന്ന് 3ജിക്ക് കിട്ടിയ നിരക്കിന്റെ അടിസ്ഥാനത്തിൽ 1.75 ലക്ഷം കോടി സർക്കാരിനു കിട്ടിയേനേ എന്ന്. 3ജിക്ക് കിട്ടിയ അതേ പണം രണ്ട് വർഷം മുൻപ് 2ജിക്ക് കിട്ടും എന്ന് എങ്ങനെയാണു സി.എ.ജി.ക്ക് അനുമാനിക്കാൻ കഴിയുക?

എന്തോ ആകട്ടെ, സി.എ.ജി. അങ്ങനെയൊന്നു നിരീക്ഷിച്ചു. എന്നാൽ ലേലം ചെയ്തിരുന്നെങ്കിൽ കിട്ടുമായിരുന്നു എന്ന് പറഞ്ഞ ഒന്നേമുക്കാൽ ലക്ഷം കോടി രൂപ (അതായത് കിട്ടാത്ത രൂപ) അടിച്ചുമാറ്റി എന്നൊരു അഴിമതിക്കഥ നാട്ടിൽ പ്രചരിക്കുന്നതാണു പിന്നെ കണ്ടത്. ഇന്നും ആളുകൾ വിശ്വസിക്കുന്നത് 2ജിയിൽ അത്രയും കോടി കോൺഗ്രസുകാർ കട്ടു എന്നാണു. സത്യാവസ്ഥ അതായത് ഈ ഒന്നേമുക്കാൽ കോടി എന്നത് ഒരു സാങ്കല്പിക കണക്കാണെന്ന് ജനങ്ങളോട് പറഞ്ഞ് പ്രതിരോധിക്കാൻ ഒരു കോൺഗ്രസ്സുകാരനും മുന്നോട്ട് വന്നില്ല.

അതേ സമയം, മൂർത്തമായ അഴിമതിയായ ലാവലിൻ ഇടപാടിനെ സി.പി.എം. എത്ര സമർത്ഥമായാണു മറച്ച് പിടിക്കുന്നത്. യാതൊരു പ്രയോജനവും ഇല്ലാതെ ഒരു യൂനിറ്റ് വൈദ്യുതി പോലും അധികം ഉല്പാദിപ്പിക്കാൻ കഴിയാതെ സർക്കാരിന്റെ ഖജനാവിൽ നിന്ന് 375 കോടി ചെലവായി. പാഴ്ചെലവ്. 2ജിയിൽ ഒരു നയാപൈസ എങ്ങും മറിഞ്ഞില്ല. അത് ഒന്നേമുക്കാൽ ലക്ഷം കോടി കട്ടത് പോലെയായി. എങ്ങനെയുണ്ട്? ഇതാണു പറഞ്ഞത്, കോൺഗ്രസ്സ് പാർട്ടിക്ക് ഇന്നത്തെ രാഷ്ട്രീയത്തിൽ അതിജീവിയ്ക്കാൻ അർഹതയില്ല. തങ്ങളുടെ ഭാഗത്തുള്ള ന്യായം പോലും പറഞ്ഞ് പിടിച്ച് നിൽക്കാൻ കഴിയാത്ത ശുദ്ധപാവങ്ങൾക്ക് മറ്റുള്ളവരെ ആക്രമിക്കാൻ എങ്ങനെ കഴിയും. അഗ്രസ്സീവ് രാഷ്ട്രീയം മാത്രമേ വിജയിപ്പിക്കാൻ കഴിയൂ. കോൺഗ്രസ്സിൽ ഒരു കെജ്രിവാൾ പോലും ഇല്ല. പിന്നെ എങ്ങനെ പിടിച്ചു നിൽക്കും?

മേമ്പൊടി : കേരളത്തിൽ ബി.ജെ.പി. ശക്തി പ്രാപിക്കുന്നത് കൊണ്ട് മുസ്ലീങ്ങളിൽ ഒരു ഇൻസെക്യൂരിറ്റി ബോധം തോന്നുകയും അതിന്റെ ഭാഗമായി വർഗീയതയെ പ്രതിരോധിക്കാൻ ഇടത് പക്ഷത്തിനു മാത്രമേ കഴിയൂ എന്ന് കരുതി മുസ്ലീങ്ങളിൽ സി.പി.എം. അനുകൂലതരംഗം ഉണ്ടായിട്ടുണ്ട് എന്നും ബഷീർ വള്ളിക്കുന്നിനെ പോലുള്ളവരുടെ എഴുത്തുകൾ ചൂണ്ടിക്കാട്ടി ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്. ആയിക്കോട്ടെ, അതും ബി.ജെ.പി.ക്കല്ലേ ഗുണം ചെയ്യുക. ഹിന്ദുക്കൾ അപ്പോൾ ബി.ജെ.പി.യിൽ ഊറിക്കൂടുമല്ലൊ.

ലീല

“ലീല” വായിച്ചു. നെറ്റിൽ കണ്ടത് കൊണ്ടാണു വായിച്ചത്. കുറേയായി ഫിക്‌ഷൻ ഒന്നും വായിക്കാറില്ലായിരുന്നു. ഒന്നുംകൊണ്ടല്ല. എപ്പൊഴോ വായന നിന്നുപോയി. അത്ര തന്നെ. കുറേ വായിച്ചതല്ലേ. പിന്നെയെപ്പോഴോ വായനയോട് മടുപ്പ് തോന്നിയോ അതോ വായിക്കാനുള്ള ദാഹം കെട്ടടങ്ങിയോ എന്നറിയില്ല. കഥാപാത്രങ്ങൾ പുസ്തകങ്ങളിൽ നിന്ന് ഇറങ്ങിവരുന്നതും ചുറ്റുമുള്ള മനുഷ്യർ കഥാപാത്രങ്ങളായി പുസ്തകത്താളുകളിൽ അക്ഷരക്കൂട്ടങ്ങളായി ചുരുങ്ങുന്ന പോലൊരു വിഭ്രമാത്മകത എന്നോ അനുഭവപ്പെട്ടിരുന്നു. മിത്തും യാഥാർഥ്യവും കൂടിക്കുഴഞ്ഞൊരു ഭ്രമാത്മകത. പിന്നെ എപ്പൊഴോ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ അതിനൊപ്പിച്ച് എന്നെ പരുവപ്പെടുത്തുകയായിരുന്നു. അങ്ങനെയൊരാൾക്ക് ലീല വായിക്കുമ്പോൾ വെറുതെ ഒരു കുട്ടിയപ്പനാകാൻ തോന്നും. വ്യവസ്ഥാപിതമായ ജീവിതചര്യകളെ വെല്ലുവിളിക്കാൻ തീവ്രമായി മോഹിച്ചു അലഞ്ഞു നടന്ന എന്നെ പോലെയൊരാൾക്ക് പ്രത്യേകിച്ചും.

വായന നിന്നുപോയത് കൊണ്ടാവാം ലീല പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അത് ശ്രദ്ധയിൽ പെടാതെ പോയത്. ഇപ്പോൾ ലീല വായിച്ചപ്പോഴും ഞാൻ ഞെട്ടി. വായിക്കുമ്പോൾ മനസ്സിൽ ഓരോ രഗവും ദൃശ്യവൽക്കൃതമാകുന്ന അനുഭൂതിയും ഉണ്ടായി. സഹൃദയത്വം ഇപ്പോഴും മരിച്ചിട്ടില്ല എന്ന് സാരം. ഭാഷ കൈകാര്യം ചെയ്യുന്നതിലെ കൈയ്യടക്കവും മിടുക്കും ആണു ഒരു കഥാകൃത്തിനെ അനുഗൃഹീതനാക്കുന്നത്. പണ്ടൊക്കെ കഥ നേരെ ചൊവ്വെ പറഞ്ഞുപോകുന്നതായിരുന്നു സാഹിത്യത്തിലെ രചനാരീതി. പിന്നെയാണു വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന രചനാവൈഭവം സാഹിത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാകുന്നത്. കാക്കനാടന്റെ വസൂരിയും പറങ്കിമലയും ഒക്കെ വായിക്കുമ്പോഴാണു ഭാഷയുടെ ഈ അനന്തസാധ്യതകൾ വിസ്മയിപ്പിച്ചത്.

ലീല ഇന്ന് വായിക്കുമ്പോഴും ആരെയും ഞെട്ടിക്കുക തന്നെ ചെയ്യും. വ്യത്യസ്തമായ കഥാപാത്രങ്ങൾ, വ്യത്യസ്തമായ ക്ലൈമാക്സ്, വ്യത്യസ്തമായ ആഖ്യാനശൈലി. എന്നാൽ ലീല സിനിമ ആക്കേണ്ടതില്ല എന്നാണു എന്റെ അഭിപ്രായം. അത്കൊണ്ട് ലീല എന്ന സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല. വായിച്ചപ്പോൾ മനസ്സിൽ അനുഭവിച്ച ആ രംഗചിത്രം മതി. വായന അത്യന്തം ഉദ്വേഗജനകമായിരുന്നെങ്കിലും പിന്നെയത് അയവിറക്കാൻ തോന്നിയിട്ടില്ല. പിന്നെയും പിന്നെയും അയവിറക്കാൻ തോന്നുന്നതാണു കാലാതിവർത്തിയായി നിലനിൽക്കുന്ന കൃതികൾ. ജീവിതമാണു നമ്മെ എന്നും പ്രലോഭിപ്പിക്കുന്ന പ്രതിഭാസം. ലീലയിൽ ജീവിതമില്ല. ഉള്ളത് ദുസ്വപ്നം പോലെ എന്തോ ഒന്നാണു. അത് കണ്ടോ വായിച്ചോ നമ്മൾ ഞെട്ടുന്നു. ലീല അവിടെ തീരുന്നു. ജീവിതമാണു പിന്നെയും തുടരുക. ഉത്തമകൃതികൾ ജീവിതത്തിന്റെ നേർപ്പതിപ്പുകൾ ആയിരിക്കും.

അല്ലെങ്കിലും സാഹിത്യവും സിനിമയും വെവ്വേറെ മാധ്യമങ്ങളാണു. രണ്ടിന്റെയും സാധ്യതകളും വേറെയാണു. സിനിമ സ്വതന്ത്രവും മൗലികവുമായ ഒരു കലയായി, മാധ്യമമായി സ്വന്തമായി നിൽക്കേണ്ടതാണു. വായിക്കുന്നതും കാണുന്നതും അനുവാചകർക്കും വ്യത്യസ്തമായ അനുഭവങ്ങളാണു. സാഹിത്യകൃതികൾ സിനിമയാക്കിയപ്പോൾ അതിലേതെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിൽ അത് സിനിമയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മൗലികമായി പുനരാവിഷ്ക്കരിച്ചത് കൊണ്ടായിരിക്കണം.

ലീല സിനിമയാക്കാൻ ഏത് ചലച്ചിത്രകാരനെയും പ്രലോഭിക്കുന്നത് തന്നെയാണു. അത്കൊണ്ടായിരിക്കാം രജ്ഞിത്ത് അത് സിനിമയാക്കിയത്. എന്തായാലും ലീല വായിച്ചവർ സിനിമ കാണരുത് എന്നും സിനിമ കാണുന്നവർ വായിക്കരുത് എന്നുമാണു എന്റെ വ്യക്തിപരമായ അഭിപ്രായം. വായിച്ചത് സിനിമയായി കാണാനുള്ള അഭിവാഞ്ച പക്ഷെ മനുഷ്യസഹജവുമാണു. അത്കൊണ്ടാണല്ലൊ ഓടയിൽ നിന്ന് മുതൽ എത്രയോ സിനിമകൾ നമ്മൾ കണ്ടത്. എന്നാൽ വായിച്ചപ്പോൾ ലഭിച്ച അനുഭൂതി സിനിമയിൽ ലഭിച്ചിട്ടില്ല എന്നും അതേ സമയം വായിക്കാത്ത എത്രയോ സിനിമകൾ അവാച്യമായ അനുഭൂതി പകർന്നു നൽകിയിട്ടുണ്ട് എന്നും സ്മരിച്ചുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കുന്നു.

നെറ്റിൽ നിന്നും കിട്ടിയ ലീല വായിക്കാത്തവർക്കായി ഇതാ ഇവിടെ .