രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഹൈന്ദവൽക്കരണവും മാനവികതയും.

ഇന്ത്യയുടെ ഹൈന്ദവവൽക്കരണമാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന സംഘടനയുടെ ലക്ഷ്യവും പ്രത്യയശാസ്ത്രവും. ഇതിനെയാണ് നമ്മൾ ഫാസിസം എന്ന് പറയുന്നത്. ഹൈന്ദവവൽക്കരണം മാത്രമല്ല, ഇസ്ലാമികവൽക്കരണവും കൃസ്ത്യാനീകരണവും കമ്മ്യൂണിസ്റ്റ്‌വൽക്കരണവും എല്ലാം ഫാസിസം തന്നെയാണ്. സ്വന്തം പ്രത്യയശാസ്ത്രം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതാണ് ഫാസിസം. ഏത് തരം ഫാസിസവും ആളുകൾ എതിർക്കുന്നു. ഒരു പ്രത്യയശാസ്ത്രവൽക്കരണവും ആളുകൾക്ക് ഇഷ്ടമല്ല. എന്ന് വെച്ചാൽ ന്യൂനപക്ഷം ആഗ്രഹിച്ചാലും ഭൂരിപക്ഷം എന്നും പ്രത്യയശാസ്ത്രവൽക്കരണമെന്ന ഫാസിസത്തിനു എതിരാണ് എന്നർത്ഥം. ഇന്ത്യയിൽ ഹൈന്ദവവൽക്കരണവും ഭൂരിപക്ഷം പേർ എതിർത്തുകൊണ്ടിരിക്കുക തന്നെ ചെയ്യും. ലോകത്ത് ആരും എതിർക്കാത്തത് മാനവികവൽക്കരണത്തെയാണ്. ഈ ഭൂമിയും സമൂഹവും മാനവികവൽക്കരിക്കപ്പെടുകയാണ് വേണ്ടത്.

എന്ത്കൊണ്ട് പ്രത്യയശാസ്ത്രവൽക്കരണമെന്ന ഫാസിസത്തെ ഭൂരിപക്ഷം പേർ എതിർക്കുന്നു? ഏത് പ്രത്യയശാസ്ത്രവും ഒരു ന്യൂനപക്ഷത്തിന്റെ മാത്രം വിശ്വാസവും താല്പര്യവുമായിരിക്കും. ഹൈന്ദവപ്രത്യയശാസ്ത്രവും, ഇസ്ലാം പ്രത്യയശാസ്ത്രവും , കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും അങ്ങനെ ഏത് സിദ്ധാന്തവും ന്യൂനപക്ഷത്തിന്റേത് മാത്രമാണ്. അപ്പോൾ പ്രത്യയശാസ്ത്രവൽക്കരണം എന്ന് പറയുന്നത് ന്യൂനപക്ഷത്തിന്റെ വിശ്വാസവും താല്പര്യവും ഭൂരിപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുക എന്നതാണ്. അങ്ങനെയാണത് ഫാസിസമാകുന്നത്. അത്കൊണ്ടാണ് ഫാസിസത്തിനു ശാശ്വതവിജയം ഉണ്ടാകാത്തത്.


ഇന്ത്യക്കാർ എല്ലാവരും ഹിന്ദുക്കളാണ് എന്നും ഹൈന്ദവസംസ്ക്കാരം ഇന്ത്യക്കാരുടെ പൊതുവായ സംസ്ക്കാരമാണ് എന്നും പറയുമ്പോൾ തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘ് മുന്നോട്ട് വയ്ക്കുന്ന ഹൈന്ദവപ്രത്യയശാസ്ത്രം ഒരു ന്യൂനപക്ഷമായ ബ്രാഹ്മണരുടേതോ വൈദീകരുടേതോ സവർണ്ണരുടേതോ ആണ്. ഇന്ത്യൻ ജനതയിൽ മഹാ ഭൂരിപക്ഷമായ ആദിവാസി-ദളിത്-പിന്നോക്ക സമുദായങ്ങളിൽ പെട്ട ജനവിഭാഗങ്ങളുടേതല്ല ആ പ്രത്യയശാസ്ത്രം. ഗോമാതാവ് എന്ന സങ്കല്പം എടുത്താൽ അത് ഇപ്പറഞ്ഞ പിന്നോക്ക-അവർണ്ണ സമുദായങ്ങൾക്ക് ബാധകമല്ല. സംസ്കൃതഭാഷയും ആ ഭാഷയിൽ വിരചിതങ്ങളായ വേദങ്ങളും ഉപനിഷത്തുകളും ഒന്നും ഈ ഭൂരിപക്ഷത്തിന്റേതല്ല. എല്ലാം ബ്രാഹ്മണാദി ന്യൂനപക്ഷത്തിന്റേത് മാത്രം. കഥകൾ ആരിലും കൗതുകം ഉണ്ടാക്കും എന്നതിനാൽ കെട്ടുകഥകളായ രാമായണവും മഹാഭാരതവും എല്ലാവരും ആസ്വദിക്കുന്നു എന്ന് മാത്രം. പൊതുവായ ഒരു വിശ്വാസവും എല്ലാ ഇന്ത്യക്കാരും അതായത് ഹിന്ദുക്കളും പങ്ക് വയ്ക്കുന്നില്ല.


അത്കൊണ്ട് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഇന്ത്യയെ ഹൈന്ദവവൽക്കരിക്കുക എന്ന അജണ്ട ഒരിക്കലും ലക്ഷ്യപ്രാപ്തിയിൽ എത്താൻ പോകുന്നില്ല. അതിനാൽ തന്നെ ഹൈന്ദവൽക്കരണത്തിനുള്ള ആർ.എസ്.എസ്സിന്റെ ഏത് ശ്രമവും ഫാസിസം എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും വിലയിരുത്തുക. ആ ഫാസിസത്തെ ഭൂരിപക്ഷം പേരും എന്നും എതിർക്കുക തന്നെ ചെയ്യും. തങ്ങളെല്ലാം ഹിന്ദുക്കളല്ലേ എന്ന് പറഞ്ഞുകൊണ്ട് എല്ലാ ഹിന്ദുക്കളെയും ആകർഷിക്കാൻ രാഷ്ട്രീയ സ്വയംസേവക് സംഘ് ശ്രമിക്കുമെങ്കിലും അവരുടെ പ്രത്യയശാസ്ത്രം ഓരോന്ന് പുറത്തെടുക്കുമ്പോൾ അത് തങ്ങളുടേതല്ലെന്നും ബ്രാഹ്മണാദി സവർണ്ണ വിഭാഗത്തിന്റേതാണെന്നും ഹിന്ദു ലേബലിൽ ഉള്ള , ജനസംഖ്യയിൽ ഭൂരിപഷമായ പിന്നോക്ക സമുദായങ്ങൾ തിരിച്ചറിയും. ഗോവധം നിരോധിക്കണം എന്ന ആവശ്യത്തിൽ തന്നെ ഈ വൈരുദ്ധ്യം പ്രകടമാണ്. പശുക്കൾ ദിവ്യമൃഗം ആണെന്നും അതിനെ കൊല്ലരുത് എന്നും ഭൂരിപക്ഷം ഹിന്ദുക്കളും വിശ്വസിക്കുന്നില്ല.


ഇപ്പോൾ കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽ എത്തിയത് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രത്യയശാസ്ത്രത്തിന്റെ വിജയമോ ഇന്ത്യൻ ഹൈന്ദവവൽക്കരണത്തിന്റെ കുതിപ്പോ അല്ല. ഒട്ടേറെ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ ഒത്ത് വന്നപ്പോൾ 31 ശതമാനം വോട്ട് നേടി ബി.ജെ.പി. വിജയം കണ്ടു എന്ന് മാത്രം. ശ്രീ.നരേന്ദ്ര മോദി ആദ്യമായും അവസാനമായും ഒരു രാഷ്ട്രീയ സ്വയംസേവക് സംഘ് പ്രചാരകനാണ്. അദ്ദേഹത്തിന്റെ പാർട്ടി വിജയിക്കുകയും പ്രധാനമന്ത്രി സ്ഥാനം ലഭിച്ചെങ്കിലും ആർ.എസ്.എസ്സിന്റെ വിജയം ഇനിയും എത്രയോ അകലെയാണെന്ന് ശ്രീ.മോദിക്ക് അറിയാം. അത്കൊണ്ടാണ് പ്രധാനമന്ത്രിയായിട്ടും അദ്ദേഹം ഇപ്പോഴും ഇലക്‌ഷൻ കാലത്തെ മൂഡിൽ തന്നെ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നത്. വിദേശത്ത് പോയാലും പ്രതിപക്ഷ നേതാവിനെ പോലെയോ വിമതനെ പോലെയോ ആണ് ശ്രീ.മോദി സംസാരിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഹൈന്ദവൽക്കരണമെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കപ്പെടുന്നത് വരെ മോദിക്ക് അങ്ങനെ മാത്രമേ സംസാരിക്കാൻ കഴിയൂ. എല്ലാവരുടെയും പ്രധാനമന്ത്രിയാവുക എന്ന വിചാരം ഇല്ല. അങ്ങനെയാണ് മുൻ പ്രധാനമന്ത്രിമാരിൽ നിന്നും വാജ്‌പൈയിൽ നിന്ന് പോലും ശ്രീ.നരേന്ദ്ര മോദി വ്യത്യസ്തനാകുന്നത്.


അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന ഏത് പ്രത്യയശാസ്ത്രത്തിനെതിരെയും “എവരി ആക്‌ഷൻ ഹാസ്‌ ആൻ ഈക്വല്‍ ആന്റ് ഓപ്പോസിറ്റ്‌ റിയാക്‌ഷൻ” എന്ന ന്യൂട്ടന്റെ ലോ പോലെ ചെറുത്ത് നില്പ് ഉണ്ടാവുക സ്വാഭാവികമാണ്. അത് കൊണ്ട് ഇന്ത്യയിൽ വേണ്ടത് ഹൈന്ദവവൽക്കരണമല്ല ഹ്യൂമനൈസേഷനാണ് എന്നും മാനവികമൂല്യങ്ങളിലും സംസ്ക്കാരത്തിലുമാണ് മനുഷ്യരാശിയുടെ സമാധാനവും ഭാവിയും എന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തട്ടെ.

കാരായിമാർ കണ്ണൂരിൽ മത്സരിക്കുന്നത് സി.പി.എമ്മിന്റെ തനിനിറം വ്യക്തമാക്കുന്നു...
https://www.facebook.com/kpsukumaran/videos/10153697815387658/?l=5472841074022034193