Links

സ്മാര്‍ട്ട് സിറ്റി ; ഒരു പോസ്റ്റ് മോര്‍ട്ടം

ന്നത്തെ മാതൃഭൂമി ഓണ്‍‌ലൈന്‍ ബിസിനസ്സ് പേജില്‍  ഒരു വാര്‍ത്ത വായിച്ചു.  ഇതാണ് ആ വാര്‍ത്ത : സോഫ്റ്റ്‌വേര്‍ ഹാര്‍ഡ്‌വേര്‍ സിസ്റ്റംസ് രംഗത്തെ ആഗോള കമ്പനിയായ ഒറാക്കിള്‍ കേരളത്തില്‍ സ്വന്തം കാമ്പസ് വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് പിന്നാലെയാണ് ഒറാക്കിളും കേരളത്തിലേക്ക് ചുവടുവെയ്ക്കുന്നത്. തിരുവനന്തപുരത്ത് ടെക്‌നോസിറ്റിയിലാവും ഒറാക്കിളിന്റെ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് സെന്റര്‍.   ഇത് വായിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി.  കാരണം കേരളത്തില്‍ ഐടി കമ്പനികളും അതോടുകൂടി ഇവിടത്തെ പ്രൊഫഷണലുകള്‍ക്ക് തൊഴിലും  ഉണ്ടാവണമെങ്കില്‍ ഇതാണ് നേരായ വഴി.  ഇങ്ങനെയാണ് ബാംഗ്ലൂര്‍  ഐ ടി ഹബ്ബ് ആയി മാറിയത്. ഹൈദരാബാദ് പുരോഗതി നേടിയത്. ചെന്നൈ അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്നത്.  അതായത് മുതല്‍ മുടക്കാന്‍ തയ്യാറുള്ള കമ്പനികള്‍ വരിക. സര്‍ക്കാര്‍ ഭൂമിയും വൈദ്യുതിയും മറ്റ് സൌകര്യങ്ങളും ചെയ്തു കൊടുക്കുക.  തൊഴിലാളികളെ കമ്പനി റിക്രൂട്ട് ചെയ്യുന്നു. പ്രവര്‍ത്തനം തുടങ്ങുന്നു. ഇതില്‍ എവിടെയും ഹിഡന്‍ അജണ്ടയില്ല.  ഈ രീതിയില്‍ കേരളത്തിന് തുടക്കം മുതല്‍ ശ്രമിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍  നമ്മുടെ നാട് ലോകത്തിന്റെ തന്നെ ഏറ്റവും വലിയ ഐ ടി കേന്ദ്രമായി മാറുമായിരുന്നു.

പക്ഷെ ദൌര്‍ഭാഗ്യവശാല്‍  ഇടതായാലും വലതായാലും നമ്മൂടെ നേതാക്കള്‍ക്ക്  പ്രസംഗിക്കാനും അത്‌വഴി അനുയായികളെ രോമാഞ്ചം കൊള്ളിക്കാനും മാത്രമേ അറിയാവൂ.  നാടിന്റെ വികസനത്തെ പറ്റി ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കാനല്ലാതെ ഭാവനാപൂര്‍ണ്ണമായി ചിന്തിക്കാന്‍ കഴിയുന്ന നേതാക്കള്‍ നമുക്കില്ലാതെ പോയി.  സ്ഥിരം ചില റെഡിമെയിഡ് വാക്കുകള്‍ കൂട്ടിപ്പറഞ്ഞ് പ്രസംഗിക്കാനല്ലാതെ പുതിയതായി ഒന്നും പഠിക്കാനോ മനസ്സിലാക്കാനോ ഉള്ള ആശയനവീകരണക്ഷമതയോ ഹൃദയവിശാലതയോ ഇവിടത്തെ നേതാക്കള്‍ക്ക് ഇല്ല. പാര്‍ട്ടിയില്‍ തന്റെ സ്ഥാ‍നം ഉറപ്പിക്കാന്‍ തക്ക വിരുത് മാത്രമേ ഈ നേതാക്കള്‍ക്കുള്ളൂ. അത്കൊണ്ടാണ്  തൊട്ടടുത്ത ബാംഗ്ലൂരിലോ ഹൈദരബാദിലോ പോയി എങ്ങനെയാണ് അവിടെ ഐ ടി കമ്പനികള്‍ വരുന്നത് എന്ന് പഠിക്കാതിരുന്നത്.  നമ്മുടെ നേതാക്കള്‍ക്ക് ദുബായ് ആണ് പഥ്യം.  കാരണം അറിയാമല്ലൊ. അവിടെ പോയാല്‍ വെറും‌കൈയ്യാലെ തിരിച്ചു വരേണ്ടി വരില്ല.

ഈ നേതാക്കളുടെ ഭാവനാശൂന്യതയുടെ  തെളിവാണ് സ്മാര്‍ട്ട് സിറ്റി എന്ന ദുര്യോഗം.  കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ആണല്ലൊ അത് തുടങ്ങി വെച്ചത്.  അന്ന് വി.എസ്സ്. പറഞ്ഞത് ടീകോം എന്നാല്‍ റീയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നാണ്. സത്യത്തില്‍ അതല്ലേ വാസ്തവം. ഇന്നും അതില്‍ മാറ്റം വന്നിട്ടുണ്ടോ?  മാനുഫേക്ചറിങ്ങ് മേഖലയിലോ സര്‍വ്വീസ് മേഖലയിലോ ( ടി സി എസ്സ് , ഇന്‍ഫോസിസ്, വിപ്രോ, ഓറക്കിള്‍ ഇതൊക്കെ പോലെ) ഉള്ള ഒരു സ്ഥാപനമല്ല ടീകോം.  മറ്റ് കമ്പനികള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്ന റീയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ് അത്.  സ്മാര്‍ട്ട് സിറ്റി എത്രയോ പേര്‍ക്ക് തൊഴില്‍ നല്‍കും എന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. അതെങ്ങനെയാണ് നടക്കുക. സ്മാര്‍ട്ട് സിറ്റിയില്‍ അവരുടെ നിബന്ധനകള്‍ അംഗീകരിച്ച് മറ്റ് കമ്പനികള്‍ വരണ്ടേ? എന്തിനാണ് ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കുന്നത്?  കമ്പനികള്‍ക്ക് സ്ഥലം കൊടുത്താ‍ല്‍ അവര്‍ നേരിട്ട് വരുമല്ലോ.  അങ്ങനെയാണ് ഇപ്പോള്‍ ടി സി എസ്സും ഓറക്കിളും വരുന്നത്. നമ്മുടെ ഐടി വികസനത്തില്‍ പത്ത് വര്‍ഷത്തോളം അങ്ങനെ സ്മാര്‍ട്ട് സിറ്റി കരാര്‍ നിമിത്തം  പാഴായി. അതിന് മുന്‍പ് കമ്പ്യൂട്ടര്‍ വിരുദ്ധം കൊണ്ട് ഒരു പതിനഞ്ച് വര്‍ഷം അങ്ങനെയും പോയി.  ഫലം തുടങ്ങിയേടത്ത് ഇപ്പോഴും നില്‍ക്കുന്നു.

ടീകോമിനെ റീയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് ധൈര്യപൂര്‍വ്വം  പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞിരുന്ന വി.എസ്സ്.  പിന്നെന്ത് കൊണ്ടാണ് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആയിട്ടും  ഈ സ്മാര്‍ട്ട് സിറ്റി കരാറുമായി  ഇക്കാലമത്രയും  വലിച്ചിഴച്ചുകൊണ്ട് നടന്നത്. അത് അദ്ദേഹത്തിന്റെ ഒരു ഗതികേട് കൊണ്ടായിരിക്കും.  തന്റെ മേല്‍ ചാര്‍ത്തപ്പെട്ട വികസനവിരോധി എന്ന ലേബല്‍ അദ്ദേഹത്തിന് മായ്ച്ചു കളയണമായിരുന്നു.  സ്മാര്‍ട്ട് സിറ്റി കരാറുമായി മുന്നോട്ട് പോയപ്പോള്‍ ഒന്നാന്തരം വികസനനായകന്‍ എന്ന സ്ഥാനം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അല്ലെങ്കില്‍ സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് അങ്ങനെ സ്ഥാപിക്കാന്‍ ശ്രമിച്ചു.  എന്തായാലും ഊര്‍വ്വശീശാപം ഉപകാരമായി എന്ന പോലെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. ടീകോം കമ്പനിക്ക്  സ്വതന്ത്രാവകാശത്തോടെ ഭൂമി ലഭിച്ചുമില്ല, അവര്‍ എന്തെങ്കിലും  ആരംഭിച്ചു വെച്ച് അതോടെ ഇവിടേക്ക്  ഇപ്പോള്‍ വന്ന പോലെ ഓറാക്കിളും മറ്റും വരാനുള്ള സാധ്യത തടയപ്പെട്ടുമില്ല.  ടീകോം പോലൊരു  റീയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് ഇന്‍ഫ്രാസ്ട്രക്ചര്‍ പണിയാനുള്ള അവസരം ഇവിടെ കൊടുക്കേണ്ട ഒരാവശ്യവും ഇല്ല.  ഐ ബി എമ്മും കേരളത്തിലേക്ക് വരാന്‍ തയ്യാറെടുക്കുന്നു എന്ന് കേള്‍ക്കുന്നു.  ഈ കമ്പനികളിലെല്ലാം പണിയെടുക്കുന്നത്  മലയാളികളായ പതിനായിരങ്ങളാണ്.  അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞാല്‍ തന്നെ വലിയ നേട്ടമാണ്.

ശരി, സ്മാര്‍ട്ട് സിറ്റി കരാറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. അടുത്ത സര്‍ക്കാര്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ ആയിരിക്കും എന്ന് കരുതി അവരില്‍ പ്രതീക്ഷ അര്‍പ്പിച്ചു കാത്തിരിക്കുകയാണ് ടീകോം എന്ന് തോന്നുന്നു.  അടുത്ത ഗവണ്‍മ്മേണ്ട് യു ഡി എഫിന്റേതാണെങ്കില്‍  വി.എസ്സിനെ പോലെ ഒരു പ്രതിപക്ഷ നേതാവിനെ ഇനി കേരളത്തിന് കിട്ടാന്‍ സാധ്യതയില്ല.  ഇടത്-വലത് എന്ന  വ്യത്യാസമെല്ലാം ഇപ്പോള്‍  നേര്‍ത്ത് ഇല്ലാതായി.  റീയല്‍ എസ്റ്റേറ്റ് ബിസിനസ്സും പൊളിറ്റിക്സും ഇപ്പോള്‍ ഇരട്ട സഹോദരന്മാരെ പോലെയാണ്. കണ്ടാല്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസം.  സ്മാര്‍ട്ട് സിറ്റി കരാര്‍ റദ്ധാ‍ക്കി അവരെ ഒഴിവാക്കുന്നതാണ് ഇനിയെങ്കിലും ചെയ്യേണ്ടത്.  അതിനുള്ള ഇച്ഛാശക്തി ഇനിയുള്ള ശിഷ്ടകാലത്തില്‍ ഈ സര്‍ക്കാര്‍ കാണിക്കുമോ എന്നാണറിയേണ്ടത്.  പന്ത് യു ഡി എഫിന്റെ കോര്‍ട്ടിലായാല്‍  വി.എസ്സിന്  ഇനിയൊരു അങ്കത്തിന് ബാല്യമില്ലല്ലൊ.  വി.എസ്സ്. മാതൃക കാണിച്ച ആ ഒരു പ്രതിപക്ഷനേതൃപദവി ഇനി കേരളത്തില്‍ ഒഴിഞ്ഞ് തന്നെ കിടക്കും.

ഹൃദയദിനം ഇന്ന്

ന്ന് (26.9.2010) പത്താമത്തെ ലോക ഹൃദയദിനമാണ്.   ഓരോ വര്‍ഷവും സെപ്റ്റമ്പര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് ഹൃദയദിനമായി കൊണ്ടാടുന്നത്. ലോക ഹൃദയ സംഘടനയുടെ  നിര്‍ദ്ദേശപ്രകാരം 2000 സെപ്റ്റമ്പര്‍ മുതലാണ് ഈ ദിനം തുടങ്ങിയത്.  ഹൃദ്രോഗത്താലും പക്ഷാഘാതത്താലും ഉണ്ടാകുന്ന വിഷമതകള്‍ കുറച്ചുകൊണ്ട്‌ വരുന്നതിന് ഈ വര്‍ഷവും ശ്രമിക്കാന്‍ രാജ്യാന്തര സര്‍ക്കാറുകളെയും , തൊഴില്‍ ഉടമകളെയും, സന്നദ്ധസംഘടനകളെയും, ഓരോ വ്യക്തികളെയും ലോകഹൃദയ സംഘം ആഹ്വാനം ചെയ്യുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന ശീലങ്ങളും നടപടികളും വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴില്‍ ശാലകളിലും പിന്തുടരേണ്ടതുണ്ട്.  ഹൃദയത്തെ ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കുന്നതിന് തൊഴില്‍ ഇടങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പരിശ്രമിക്കുകയാണ് ഈ വര്‍ഷം ലോക ഹൃദയ സംഘം.  അതിനായി ഈ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘം ആസൂത്രണം ചെയ്യുന്നത്.  ഈ ഹൃദയദിനത്തില്‍ ഓരോ വ്യക്തിയും തന്റെ ഹൃദയത്തിന്റെ  ആരോഗ്യം സൂക്ഷിക്കുന്നത് തന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കാന്‍ ഈ സംഘം നമ്മോട് ആവശ്യപ്പെടുന്നു.


ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഹൃദ്രോഗ ബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.  ഹൃദയസ്തംഭനം മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അതിന്റെ നിരക്ക് വര്‍ദ്ധിക്കുകയാണ് താനും. ഈ സ്ഥിതിയിലാണ് പരമ്പരാഗത ചികിത്സയെ മാത്രം ആശ്രയിക്കാതെ രോഗം വരുന്നതിന് മുന്‍പേ തടുക്കാനും ,  രോഗലക്ഷണത്തെ മുന്‍‌കൂട്ടി കണ്ടറിഞ്ഞ് വൈദ്യസഹായം തേടാനും ഹൃദയസംഘം നിര്‍ദ്ദേശിക്കുന്നത്.  ശരിക്ക് പറഞ്ഞാല്‍ ഹൃദ്രോഗ ബാധ എന്നത് ഒരു ജീവിതശൈലിരോഗമാണ്. അത്കൊണ്ട് ജീവിതശൈലിയിലും ഭക്ഷണരീതിയിലുമാണ് ആളുകള്‍ മാറ്റം വരുത്തേണ്ടത്. ഇന്ന് ലോകം മുഴുക്കെ മരണകാരണമായ മുഖ്യരോഗം ഹാ‍ര്‍ട്ട് അറ്റാക്ക് തന്നെയാണ്.  ആധുനിക ജീവിതശൈലി തന്നെയാണ് ഇവിടെ വില്ലന്‍ .

ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ,

ആഹാരം:  ഭക്ഷണത്തില്‍ ദിവസേന പഴങ്ങളും പച്ചക്കറികളും നിര്‍ബ്ബന്ധമായും ഉള്‍പ്പെടുത്തണം. കൊഴുപ്പുള്ള പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.  ഉപ്പ് കൂടുതലാകാതിരിക്കാനും ശ്രദ്ധിക്കണം.  കടയില്‍ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണങ്ങള്‍ കഴിയുന്നതും കുറക്കുക.

വ്യായാമം :  വ്യായാമം കൊണ്ട് ഉദ്ദേശിക്കുന്നത്  ഉത്സാഹത്തോടെയും ചുറുചുറുക്കോടെയും ഇരിക്കുക എന്ന് കൂടിയാണ്. ഹൃദയത്തെയും ഈ വ്യായാമത്തില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. അത്കൊണ്ട് ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും  എന്തെങ്കിലും വ്യായാമം ചെയ്തിരിക്കണം.

ഭാരം :  ഭാരം കൂടാതെ നോക്കണം.  അധിക ഭാരം എന്നത് ശരീരകോശങ്ങളില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പാണ്. ആ കൊഴുപ്പാണ് രക്തസമ്മര്‍ദ്ധം കൂട്ടുന്നത്. അത്കൊണ്ട് ഭാരം കൂടാതെ ശ്രദ്ധിക്കുന്നത് രക്തസമ്മര്‍ദ്ധം കുറയാന്‍ സഹായിക്കും.

പുകവലി : മനുഷ്യന്‍ പുക വലിക്കുന്നതിന് ഒരു ന്യായവുമില്ല.  എന്തൊരു വൃത്തിയില്ലാത്ത ശീലമാണത്.  പുക വായിലേക്ക് വലിച്ചു കയറ്റുക, അതില്‍ ഒരു ഭാഗം ശ്വാസകോശത്തിലേക്ക് ഉള്‍ക്കൊള്ളുക, ബാക്കി പുറത്തേക്ക് ഊതി വിടുക. ഇത് ഒഴിവാക്കിയാല്‍ നഷ്ടം ഒന്നുമില്ല എന്നാല്‍ ആ‍യുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും.  മാത്രമല്ല ഹൃദ്രോഗം വരാനുള്ള സാധ്യത പകുതി കുറയുകയും ചെയ്യും. പുക വലിക്കുന്ന ആരെങ്കിലും ഇത് വായിക്കുകയാണെങ്കില്‍ ഇനി പുക വലിക്കില്ല എന്ന് തീരുമാനമെടുക്കുക.

മദ്യപാനം :  മദ്യപാനം ഇന്ന് മലയാളിയുടെ ദേശീയപാനീയമായിട്ടുണ്ട്. എന്തിനാണ് ഇത്രയും കയ്പ്പുള്ള ദ്രാവകം കഷ്ടപ്പെട്ട് അന്നനാളത്തില്‍ കൂടി ഇറക്കുന്നത് എന്നത് വിചിത്രമായി തോന്നുന്നു. സുഖം എന്നത് നമുക്ക് ബോധാവസ്ഥയില്‍ തോന്നുന്ന ഒരു ഫീലിങ്ങ് അല്ലെ. സുബോധം നഷ്ടപ്പെടുന്നതില്‍ എന്ത് സുഖമാണുള്ളത്?  മദ്യത്തില്‍ ഉയര്‍ന്ന കലോറി ഉണ്ട്. അത്കൊണ്ട് ഭാരം കൂടാനും രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കാനും ഇടയുണ്ട്.   ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ഒരു പ്രധാനകാരണം മദ്യപാനമാണ്. അത്കൊണ്ട് പെട്ടെന്ന് നിര്‍ത്താന്‍ പറ്റില്ലെങ്കില്‍ ഉപയോഗം കുറച്ചുകൊണ്ട് വന്ന് ക്രമേണ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്.

പ്രത്യക്ഷത്തില്‍ രോഗം ഒന്നും ഇല്ലെങ്കിലും  ബ്ലഡ് പ്രഷര്‍ , ഷുഗര്‍ , കൊളസ്‌ട്രോള്‍ , വെയിറ്റ് എന്നിവ  എപ്പോഴും ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്. ഞാന്‍ ഇപ്പറഞ്ഞതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍ തന്നെ. ഇന്ന് ലോകഹൃദയദിനമാണെന്ന് ഓര്‍മ്മപ്പെടുത്താനും എല്ലാവര്‍ക്കും നല്ല ഹൃദയാരോഗ്യം ആശംസിക്കുവാനും മാത്രമാണ് ഈ പോസ്റ്റ്.

ബാബറിമസ്ജിദും വിശ്വാസവും രാഷ്ട്രീയവും

റ്റന്നാള്‍ (24.9.10)  ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് വിധി പറയും.  ഈ വിധി എന്തായാലും പ്രശ്നവും തര്‍ക്കവും അതോടെ തീരും എന്ന് ആരും കരുതുന്നില്ല. 70 ലധികം ഏക്കര്‍ സ്ഥലത്തെ സംബന്ധിച്ച് നാലോളം കേസുകളാണ് ഉണ്ടായിരുന്നത്.  ചില വ്യക്തികളും സംഘടനകളും ആണെന്ന് തോന്നുന്നു ഹിന്ദു വിശ്വാസികളെ  പ്രതിനിധീകരിച്ച്. മറുഭാഗത്ത് വഖഫ് ബോര്‍ഡ് ആണെന്ന് തോന്നുന്നു.  കോടതി വിധി രാജ്യം ഉറ്റുനോക്കുകയാണ്. വിധി എന്തായാലും ഇരുപക്ഷവും അത് അംഗീകരിച്ച് ശാശ്വതസമാധാനത്തിന് വഴിതുറക്കുമെങ്കില്‍ അതിനെ പറ്റി ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല.  എന്നാല്‍ തര്‍ക്കം നീണ്ടുപോകേണ്ടത്  ചില എസ്റ്റാബ്ലിഷ്മെന്റ് താല്പര്യങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.  അത്കൊണ്ട് ഈ വിധി നിയമപരമായ ഒരു താല്‍ക്കാലിക നടപടി ക്രമം മാത്രമായി പരിമിതപ്പെട്ട് , തര്‍ക്കങ്ങളും  നിയമയുദ്ധങ്ങളും ഭാവിതലമുറകളെയും അലോസരപ്പെടുത്താനാണ് സാധ്യത.  എസ്റ്റാബ്ലിഷ്മെന്റുകളുടെ നിക്ഷിപ്തതാല്പര്യം ഇല്ലെങ്കില്‍  ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നമേയുള്ളൂ ഇതില്‍ .  വിശ്വാസവും ആരാധനയുമല്ലേ പ്രശ്നം. അപ്പോള്‍ പപ്പാതി സ്ഥലം വീതിച്ചെടുത്ത് പകുതി സ്ഥലത്ത് അമ്പലവും മറുപകുതി സ്ഥലത്ത് പള്ളിയും  പണിത് ആരാധന നടത്താമല്ലൊ.  തോന സ്ഥലം ഉണ്ടല്ലൊ.  ഇഷ്ടം പോലെ പണിയാ‍മല്ലൊ. പിന്നെന്താ? തര്‍ക്കത്തില്‍  മുന്നാം കക്ഷിയില്ലാത്തത്  പരിഹാരം സങ്കീര്‍ണ്ണമാക്കാതെ എളുപ്പമാക്കുകയും  ചെയ്യും.  എന്നാല്‍  അതങ്ങനെ തീരാന്‍  എസ്റ്റാബ്ലിഷ്മെന്റ് തലപ്പത്തുള്ളവര്‍ സമ്മതിക്കുകയില്ല.  എസ്റ്റാബ്ലിഷ്മെന്റ് എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് മത-രാഷ്ട്രീയ സംഘടനകളെ കുറിച്ചാണ്.

ഒരു പ്രശ്നം തീരാതെ നില നിര്‍ത്തപ്പെടേണ്ടത് എന്തിന്റെയും തലപ്പത്തുള്ളവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.  തര്‍ക്കങ്ങളും പ്രശ്നങ്ങളും ഇല്ലെങ്കില്‍ പിന്നെ തലപ്പത്തുള്ളവര്‍ എന്ത് ചെയ്യും? അവര്‍ക്ക് പിന്നെ എന്താ പണി?  ഈ പ്രശ്നം  തീര്‍ക്കാന്‍ സാധാ‍രണക്കാരായ  ഹിന്ദു - മുസ്ലീം സഹോദരന്മാരെ ഏല്‍പ്പിച്ചു നോക്കൂ , ഒറ്റ ദിവസം കൊണ്ട് അവര്‍ പ്രശ്നം പരിഹരിച്ച്  അമ്പലവും  പള്ളിയും പണിത്  അങ്ങോട്ടും ഇങ്ങോട്ടും പോയി  പ്രാര്‍ത്ഥിച്ചെന്നുമിരിക്കും.  കാരണം സാധാരണക്കാര്‍ക്ക് നിക്ഷിപ്തതാല്പര്യങ്ങളില്ല. അവരുടെ ജീവിതം  തുലോം ചെറുതാ‍ണ്.  അന്നന്നത്തെ ആവശ്യങ്ങള്‍ ,  കുറച്ചു ബന്ധങ്ങള്‍  ആവശ്യത്തിന് വിശ്വാസം  ഭക്തി അങ്ങനെയങ്ങനെ വലിയ വലിയ മോഹങ്ങളൊന്നുമില്ലാത്ത  കുഞ്ഞ് ജീവിതം.  എന്നാല്‍ തലപ്പത്തുള്ളവരുടെ ജീവിതവും അവരുടെ ആവശ്യങ്ങളും ഭീമാകാരങ്ങളാണ്.  അവര്‍ക്ക് ഒന്നും പോര.  പ്രശസ്തി പോര, പദവി പോര,  അനുയായികള്‍ പോര, ഫണ്ട് പോര,  സ്ഥാനമാനങ്ങള്‍ പോര  അങ്ങനെ ഇനിയുമിനിയും പോരട്ടേ എല്ലാം എന്നൊരവസ്ഥയിലാണ് അവര്‍ .  സാധാരണജനങ്ങളുടെ കൊച്ചുകൊച്ചു ആവശ്യങ്ങളും പ്രശ്നങ്ങളുമാണ്  തലപ്പത്തുള്ളവരുടെ സ്രോതസ്സ്.  അത് മുട്ടിപ്പോകാതിരിക്കാന്‍ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ നീണ്ടുപോകണം. ആ ഒറ്റക്കാരണം കൊണ്ട് തന്നെ  ബാബറി മസ്ജിദ് തര്‍ക്കവും ഈ വിധിക്ക് ശേഷവും നീണ്ട് പോകും.  

അമ്പലവും പള്ളിയും  ആരാധിക്കാനുള്ള കേന്ദ്രങ്ങളാണ്.  അത്തരം കേന്ദ്രങ്ങളില്‍ പോയി തന്നെ ആരാധിക്കണം എന്നത് ഒരു വിശ്വാസത്തിന്റെ പ്രശ്നമാണ്.   ഒരു പ്രദേശത്തുള്ളവര്‍ക്ക് ആരാധിക്കാന്‍ വേണ്ടിയാണ് അമ്പലമോ പള്ളിയോ പണിയുന്നത്. എല്ലാ പ്രദേശത്തും അമ്പലവും പള്ളിയും പണിയാമല്ലൊ. അങ്ങനെ പണിഞ്ഞിട്ടും പണിയുന്നുമുണ്ട്.  ആരാധനാലയങ്ങള്‍ ഇല്ലാതെ ആരും വലയുന്നില്ല എന്ന് ചുരുക്കം.  പിന്നെയെങ്ങനെയാണ്  ബാബറി മസ്ജിദ് തര്‍ക്കം  ഉത്തര്‍പ്രദേശവും കടന്ന് ഇന്ത്യയിലുള്ള പ്രബലമായ രണ്ട് മതവിഭാഗങ്ങളുടെ മൊത്തം പ്രശ്നമാകുന്നത്?  ഈ തര്‍ക്കത്തില്‍   ദൈവമോ വിശ്വാസമോ ആരാധനയോ  കക്ഷിയല്ല. പിന്നെ ആരാണ് കക്ഷി?  ഈഗോ !  അതെ  ബാബറി മസ്ജിദ് , പ്രശ്നമാണ് എന്ന് ചിന്തിക്കുന്ന ഓരോരുത്തരുടെയും ഈഗോയാണ് ഈ തര്‍ക്കത്തില്‍ കക്ഷി.  ആ  ഈഗോ മാ‍റ്റി വെച്ചാല്‍ ആ നിമിഷം  തര്‍ക്കം തീരും.  പക്ഷെ ആരുടെയും ഈഗോ ഇറക്കി വെക്കാന്‍ തലപ്പത്തുള്ളവര്‍  സമ്മതിക്കുകയില്ല.   

ദൈവവിശ്വാസവും  ഭക്തിയും ഉള്ളവരെല്ലാം  ലേശം തത്വജ്ഞാനികള്‍ കൂടിയാകേണ്ടതാണ്.  ആ തത്വജ്ഞാനം അവരിലെ ഈഗോയെ ഇല്ലാതാക്കേണ്ടതായിരുന്നു.  അമ്പലവും പള്ളിയും  സ്ഥലവും  ഭൂമിയും ഒക്കെ ആര്‍ക്കാണ് സ്വന്തം?  അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രം പൊളിച്ച് ബാബര്‍ പള്ളി നിര്‍മ്മിച്ചു എന്ന് പറയുന്നു. ആയിക്കോട്ടെ. എന്നിട്ട് ആ ബാബര്‍ ഇന്നെവിടെ?  പതിനെട്ട് വര്‍ഷം മുന്‍പ് ആ പള്ളി പൊളിച്ചവര്‍ക്കും  ഇന്ന് തര്‍ക്കിക്കുന്ന നമ്മള്‍ക്കും  അഞ്ഞൂറ് വര്‍ഷം കഴിഞ്ഞാല്‍ എന്ത് തെളിവാണ് ഉണ്ടാവുക?  വ്യക്തികളുടെ സ്വന്തം ജീവിതത്തില്‍ ഇത്തരം തത്വജ്ഞാനം  പ്രായോഗികമാക്കുന്നത് അസാധ്യമാണെന്ന് സമ്മതിക്കുന്നു.  ഇത് പക്ഷെ പൊതുസ്വത്ത് അല്ലെ? ആര്‍ക്കും ഒറ്റയ്ക്കൊറ്റയ്ക്ക്  ഒന്നും കിട്ടാനില്ലല്ലൊ. തലപ്പത്തുള്ളവര്‍ക്ക് എന്തും ചക്കരക്കുടമാക്കാനുള്ള വൈഭവമുണ്ട്. അതിനാണല്ലൊ അവര്‍ തലപ്പത്ത് വലിഞ്ഞുകയറുന്നത്.


ബാബറിമസ്ജിദ് ഒരു പ്രതീകമായി നിലനിര്‍ത്താനാണ് തല്പരക്ഷികള്‍ ആഗ്രഹിക്കുന്നത്.
ബാബറിമസ്ജിദ് എന്നൊരു തര്‍ക്കം ഇല്ലായിരുന്നെങ്കില്‍  ബി.ജെ.പി. എന്ന പാര്‍ട്ടിക്ക് ഒരിക്കലും ഇന്ത്യയില്‍ അധികാരത്തില്‍ എത്താന്‍ കഴിയില്ലായിരുന്നു.  പള്ളി ഇന്ന് പൊളിക്കും നാളെ പൊളിക്കും എന്നൊരു വികാരതരംഗം സൃഷ്ടിച്ചാണ് അവര്‍ വളര്‍ന്നത്. ഒടുവില്‍ അവര്‍ക്ക് പള്ളിപൊളിക്കാതെ വയ്യെന്നായി. പൊളിച്ചപ്പോഴോ  ബി.ജെ.പി. കാറ്റ് പോയ ബലൂണ്‍ പോലെയുമായി. ജനസംഘം എന്നൊരു പാര്‍ട്ടി രൂപീകരിച്ച് ആഞ്ഞ് ശ്രമിച്ചിട്ടും ക്ലച്ച് പിടിച്ചില്ല.  കോണ്‍ഗ്രസ്സില്‍ നിന്ന് തെറിച്ചു പോയി ഗതി പിടിക്കാത പാര്‍ട്ടികള്‍ വേറെയുമുണ്ടായിരുന്നു.  സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രണ്ട് ദേശീയകക്ഷികളേ ഉണ്ടായിരുന്നുള്ളൂ.  ഒന്ന് കോണ്‍ഗ്രസ്സ് മറ്റേത് കമ്മ്യൂണിസ്റ്റ്.  ബാക്കിയെല്ലാം കോണ്‍ഗ്രസ്സ് എന്ന വന്‍‌വൃക്ഷത്തില്‍ നിന്ന് അടര്‍ന്ന് വീണ ചുള്ളിക്കമ്പുകളായിരുന്നു.  ഇതില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്ക്  ട്യൂഷന്‍ അങ്ങ് റഷ്യയില്‍ നിന്ന് കിട്ടണമായിരുന്നു. അത്കൊണ്ട് ആ പാര്‍ട്ടിക്ക് ഇന്ത്യക്കാരന്റെ പാര്‍ട്ടിയാകാന്‍ കഴിയാതെ അതും ശുഷ്ക്കിച്ചു പോയിരുന്നു. 

അങ്ങനെ ഗതിയില്ലാത്ത എല്ലാ പാര്‍ട്ടിക്കാര്‍ക്കും  ലോട്ടറി അടിച്ച പോലെയായി അടിയന്തിരാവസ്ഥ.  ജനത പാര്‍ട്ടി അധികാരം പിടിച്ചടക്കി. ഏച്ചുകെട്ടിയ ആ സഖ്യം രണ്ട് കൊല്ലം എത്തും മുന്‍പേ തമ്മില്‍ തല്ലി നാനാവിധമായി. ജനസംഘം പുനരുജ്ജീവിപ്പിച്ച് ഉണ്ടാക്കിയ ബി.ജെ.പിക്ക്  ബാബറിമസ്ജിദ്  നല്ലൊരു അക്ഷയപാത്രമായിരുന്നു. അത് തല്ലിപ്പൊളിച്ചപ്പോള്‍ അവരും ഇപ്പോള്‍ ഗതി മുട്ടി നില്‍ക്കുകയാണ്.  കോണ്‍ഗ്രസ്സിന്റെ കാര്യവും ഇപ്പോള്‍ പരിതാപകരമാണ്.  മതേതരത്വത്തിന്റെ ഏക ആശ്രയം എന്ന നിലയില്‍ അഖിലേന്ത്യാ ലവലില്‍ പിടിച്ചു നില്‍ക്കുന്നു. ഒരു മുന്നണിക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ ഒരേയൊരു പ്രസക്തി.  വില പേശി കാര്യം ഉണ്ടാക്കുന്നത് പ്രാദേശിക-ജാതി പാര്‍ട്ടികളും. ഇതൊക്കെയാണ് ഇന്നത്തെ രാഷ്ട്രീയനിലവാരം.

ബാബറിമസ്ജിദ്  സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് അത്കൊണ്ട് ആ സ്ഥലം രാമജന്മഭൂമിയാണ് എന്ന് പറഞ്ഞാല്‍  അത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അവകാശവാദമാണെന്ന് ഹിന്ദുക്കളില്‍ തന്നെ അധികം പേരും കരുതുകയില്ല.  കാരണം  വിശ്വാസവും മിത്തും ഒക്കെ ഉള്‍‌ച്ചേര്‍ന്നതാണ് ഹിന്ദുവിന്റെ ഭക്തി. രാമായണം എന്ന ഇതിഹാസകൃതി ഉള്ളത്കൊണ്ടാണ് ശ്രീരാമന്‍ പ്രാധാന്യത്തോടെ ഓര്‍മ്മിക്കപ്പെടുന്നത്. അല്ലെങ്കില്‍ ദശാവതാരത്തില്‍ മത്സ്യമോ കൂര്‍മ്മമോ വരാഹഹമോ പോലെ  ഒരു അവതാ‍രം മാത്രമാണ് ശ്രീരാമന്‍ .  അവതാരങ്ങളുടെ കാലവും സ്ഥലവും ആരും അത്ര ഗൌരവമായി കാണുന്നുണ്ടെന്ന് തോന്നുന്നില്ല.  മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന്‍ എന്ന് ചിന്തിക്കുമ്പോള്‍  മഹാവിഷ്ണു എവിടെയും തര്‍ക്കത്തില്‍ പെടുന്നുമില്ല.

ഇത്തരം തര്‍ക്കങ്ങള്‍ ബാലിശമാണെന്നാണ് എന്റെ അഭിപ്രായം.  രാമന്റെ പേരില്‍ ഉണ്ടായിരുന്ന ക്ഷേത്രം അഞ്ഞൂറ് കൊല്ലം മുന്‍പ് പൊളിച്ച് ബാബര്‍ പള്ളി നിര്‍മ്മിച്ചു എന്നായിരുന്നു ആക്ഷേപം.  ഒരു നൂറ്  കൊല്ലം മുന്‍പ് വരെ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ  അവിടെ മുസ്ലീങ്ങളും  ഹിന്ദുക്കളും ആരാധന നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.  ആ പള്ളിയാണ് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊളിച്ചത്.   ഇതൊക്കെ ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ എന്ന് കരുതി മറക്കാനും പൊറുക്കാനുമുള്ള ഹൃദയവിശാലതയാണ് എല്ലാവര്‍ക്കും വേണ്ടത്. അല്ലാതെ  എരിതീയില്‍ എണ്ണ കോരിയൊഴിച്ചിട്ട് ആര്‍ക്കെന്ത് നേട്ടം. അത്രയ്ക്കൊന്നുമില്ല ഈ ജീവിതം എന്ന് കൂടി  എല്ലാ‍വര്‍ക്കും ഓര്‍ക്കാവുന്നതേയുള്ളൂ .

അപ്ഡേറ്റ് : നാളത്തെ വിധിക്ക് ഒരാഴ്ച സ്റ്റേ.

ശോചനീയമായ ശൌചാലയങ്ങള്‍

ഇല എന്ന ഓണ്‍ലൈന്‍  പ്രസിദ്ധീകരണത്തില്‍ “ശോചനീയം ഈ ശൌചാലയങ്ങള്‍” എന്ന പേരില്‍ ബിന്ദു ശിവ എഴുതിയ റിപ്പോര്‍ട്ട് എല്ലാവരും വായിക്കേണ്ടതാണ്. എന്താ ചെയ്യുക ....  നമ്മുടെ നാടിന്റെ സ്ഥിതി ഇങ്ങനെയായിപ്പോയല്ലപ്പാ .....  ആരോട് പറയാന്‍ !  വായിച്ചിട്ട് എനിക്കങ്ങനെയാണ് തോന്നിയത്. നിങ്ങളും സമയം ഉണ്ടെങ്കില്‍ ഒന്ന് വായിക്കുക.


അമൃതാനന്ദമയിക്ക് ആദരവോടെ ...



“വഴിവക്കില്‍ മൂത്രമൊഴിക്കുന്നതും നിരത്തിലും പാതകളിലും തുപ്പുന്നതും നമ്മുടെ നാട്ടുകാരുടെ ശീലമാണ്. ചപ്പും ചവറും അവശിഷ്ടങ്ങളും ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കാറില്ല. പരിസരശുചിത്വം വികാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.”



നമ്മുടെ നാട്ടില്‍  പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തൊട്ട് മേല്‍പ്പോട്ട് മുഖ്യമന്ത്രി വരെ പതിനായിരക്കണക്കിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുണ്ട്.  ജനങ്ങളുടെ ക്ഷേമവും സൌകര്യങ്ങളും ഒക്കെ നോക്കി യഥാവിധി വേണ്ടത് ചെയ്യാന്‍ ബാധ്യതപ്പെട്ടവരാണ് ഇവരൊക്കെ. ഇങ്ങനെ ചെയ്യുന്നത് ചുമ്മാ ഓസിനല്ല. വാര്‍ഡ് മെമ്പര്‍ക്കും ശമ്പളവും പെന്‍ഷനും എല്ലാം ഉണ്ട്.  പൌരന്മാര്‍ക്ക് അതൊക്കെ ചെയ്ത് കിട്ടുന്നതും സക്കാത്തായല്ല.  വില്ലേജ് ആഫീസ് തൊട്ട് പഞ്ചായത്ത് മുതല്‍ സംസ്ഥാനം വരെ (കേന്ദ്രത്തിന്റെ ഇവിടെ വിടുന്നു, തല്‍ക്കാലം സ്റ്റേറ്റിന്റെ മാത്രം) വേണ്ടുവോളം നികുതി ഓരോ പൌരനും കൊടുക്കുന്നുണ്ട്.  നമ്മള്‍ മിക്ക നികുതികളും പരോക്ഷമായി കൊടുക്കുന്നത് കൊണ്ട് ഒരാള്‍ ഓരോ ദിവസവും കൊടുക്കുന്ന നികുതി എത്രയാണെന്ന് ആരും ചിന്തിക്കുന്നില്ല.  എന്നിട്ടും  പൌരന്മാര്‍ക്ക്  ഈ ഭരണസ്ഥാപനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും തിരിച്ചു കിട്ടുന്നത് എന്താണ്?  ഇത്തരം ഭരണസ്ഥാപനങ്ങളെ താങ്ങി നിര്‍ത്തുന്നതും  ജനപ്രതിനിധികള്‍ക്ക് ചെലവിന് കൊടുക്കുന്നതും ജനങ്ങളാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.

എല്ലാം പോട്ടെ ,  നാട്ടില്‍  ഓരോ മൂത്രപ്പുരയെങ്കിലും വേണം എന്ന് മുഖ്യമന്ത്രി തൊട്ട് താഴെ തട്ടിലുള്ള വാര്‍ഡ് മെമ്പര്‍ വരെ ഇക്കാലമത്രയായിട്ടും ചിന്തിച്ചോ?  നഗരത്തില്‍  കുടുംബസമേതം എത്തിപ്പെടുന്നവര്‍ എത്ര വിഷമിക്കുന്നുണ്ടെന്ന് ഇവരാരെങ്കിലും കണക്കിലെടുത്തോ?  ഇന്നത്തെ പത്രത്തില്‍  രാജ്യത്തെ സ്കൂളുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം ഏറ്റെടുക്കാന്‍ മാതാ അമൃതാനന്ദമയി മഠം തയാറാണെന്ന്  മാതാ അമൃതാനന്ദമയി പ്രസ്ഥാവിച്ചതായി കാണുന്നു.  ഈ കാര്യം ഏറ്റെടുക്കാന്‍ തയ്യാറാവുന്ന അമൃതാനന്ദമയിക്ക് ഞാന്‍ ആദരവോടെ പ്രണാമം അര്‍പ്പിക്കുന്നു. പത്ര വാര്‍ത്ത താഴെ :

കൊല്ലം:  സമൂഹ സേവന മേഖലകളിലെ പുതിയ കാല്‍വയ്പുമായി 57ആം പിറന്നാളിനു മുന്നോടിയായി മാതാ അമൃതാനന്ദമയി വീണ്ടും ലോക സേവനത്തിന്. രാജ്യത്തെ സ്കൂളുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം ഏറ്റെടുക്കാന്‍ മാതാ അമൃതാനന്ദമയി മഠം തയാറാണെന്ന് അമ്മ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെയാണിത്. കേരളത്തില്‍ തുടക്കമിടുന്ന പദ്ധതി ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും.  പരിസരവൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ പിറകിലാണെന്ന് അമൃതാനന്ദമയി അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളില്‍ റോഡുകളും പൊതുസ്ഥലങ്ങളും പൊതു കുളിമുറികളും ടോയ്ലറ്റുകളുമൊക്കെ പരമാവധി വൃത്തിയായാണു സൂക്ഷിക്കുന്നത്.

വഴിവക്കില്‍ മൂത്രമൊഴിക്കുന്നതും നിരത്തിലും പാതകളിലും തുപ്പുന്നതും നമ്മുടെ നാട്ടുകാരുടെ ശീലമാണ്. ചപ്പും ചവറും അവശിഷ്ടങ്ങളും ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കാറില്ല. പരിസരശുചിത്വം വികാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇതു നടപ്പാക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം - അമ്മ നിര്‍ദേശിച്ചു.  അമൃതപുരിയില്‍ 27നു നടക്കുന്ന പിറന്നാള്‍ ആഘോഷം പുലര്‍ച്ചെ അഞ്ചിനാണു തുടങ്ങുക. 11നു പിറന്നാള്‍ സമ്മേളനത്തില്‍ അമൃത സ്വാശ്രയ സംഘങ്ങളുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കു തുടക്കമിടും.

അമൃതനിധി പെന്‍ഷന്‍ പദ്ധതിയിലെ പുതിയ അംഗങ്ങള്‍ക്ക് ആദ്യ ഗഡു വിതരണം, വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ് വിതരണം, സമൂഹവിവാഹം തുടങ്ങിയവയും നടത്തും. ഒന്‍പതു ഭാരതീയ ഭാഷകളില്‍ തയാറാക്കിയ മഠത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും നടക്കും. കാല്‍ ലക്ഷം സ്ത്രീകള്‍ക്കാണു വസ്ത്രം ദാനം ചെയ്യുക. സമൂഹവിവാഹത്തിനു വസ്ത്രം, ഭക്ഷണം, ആഭരണങ്ങള്‍ എന്നിവ സൌജന്യമായി നല്‍കുന്നതിനൊപ്പം ധനസഹായവും നല്‍കും. അമ്മയുടെ കാര്‍മികത്വത്തിലാണു വിവാഹം നടത്തുക. അമ്മയുടെ ജീവചരിത്രം ഇംഗിഷില്‍ തയാറാക്കിയതു ചടങ്ങില്‍ പ്രകാശനം ചെയ്യും.

അമേരിക്കന്‍ റാപ് ഗായകന്‍ ഡഗ് ഇ ഫ്രെഷിന്റെ സാന്നിധ്യമാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷത്തിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ജന്‍മദിനാഘോഷ വേളയില്‍ അദ്ദേഹം സംഗീതവിരുന്നൊരുക്കും. രാജ്യത്ത് ആദ്യമായെത്തുന്ന ഈ നാല്‍പത്തിനാലുകാരന്‍ അമൃത വിശ്വവിദ്യാപീഠം അങ്കണത്തിലെ പ്രത്യേക വേദിയില്‍ അമ്മയ്ക്കായി സംഗീതാര്‍ച്ചന സമര്‍പ്പിക്കും.

(വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്: മലയാള മനോരമ)

ബ്ലോഗില്‍ ഓഡിയോ പോസ്റ്റ് ചെയ്യുന്നത് എങ്ങനെ ?

ബ്ലോഗില്‍  ഓഡിയോ  പോസ്റ്റ് ചെയ്യുന്നതിന്  ആദ്യമായി വേണ്ടത് ഒരു മൈക്രോഫോണ്‍ (MIC) ആണ്.  പലരുടെയും കൈവശവും ഹെഡ് സെറ്റ് ഉണ്ടാവും. പക്ഷെ അതിന്റെ മൈക്ക് ഓഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് അത്ര പോര.  നല്ലൊരു മൈക്ക് വാങ്ങുന്നതാണ് നല്ലത്. സോണിയുടെ മൈക്ക് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇന്‍ബില്‍ട്ട് മൈക്ക് ഉള്ള വെബ്കാം ഉള്ളവര്‍ക്ക് അത് ധാരാളം.  പിന്നെ വേണ്ടത് നമ്മള്‍ സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ ഒരു സോഫ്റ്റ്‌വേര്‍ ആണ്. ഇതിന് കുറെ സോഫ്റ്റ്‌വേറുകള്‍ സൌജന്യമാണെങ്കിലും ഓഡാസിറ്റി (Audacity) എന്ന സോഫ്റ്റ്‌വേര്‍ ആണ് ഏറ്റവും നല്ലത്. നമുക്ക് അത് ഡൌണ്‍‌ലോഡ് ചെയ്യുന്ന സൈറ്റില്‍ പോകാം. ഇതാണ് ആ സൈറ്റ് (http://audacity.sourceforge.net/download/).


ഈ സൈറ്റ് തുറന്നാല്‍ ചിത്രം -1 ലെ പോലെ ഒരു പേജ് വരും. അവിടെ വിന്‍ഡോസിന് വേണ്ടി ഡൌണ്‍‌ലോഡ് ചെയ്യാന്‍ രണ്ട് ലിങ്ക് കാണാം. ഇതില്‍ തുടക്കക്കാര്‍ക്ക് Windows 1.2.6 ആണ് നല്ലത്. അത്കൊണ്ട് ഇടത് ഭാഗത്ത് കാണുന്ന Windows 1.2.6 ലിങ്കില്‍ ക്ലിക്ക് ചെയ്യുക.







അപ്പോള്‍ തുറക്കുന്ന പേജില്‍ നിന്ന് (ചിത്രം-2) നമ്മള്‍ രണ്ട് സോഫ്റ്റ്‌വേര്‍ ഡൌണ്‍‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഒന്ന് : Audacity 1.2.6 installer, മറ്റൊന്ന് : LAME MP3 encoder. രണ്ടും ഒരുമിച്ച് കഴിയില്ലല്ലൊ. അത്കൊണ്ട്  Audacity 1.2.6 installer എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.






അപ്പോള്‍ ചിത്രം 3 പോലെ ഒരു വിന്‍ഡോ വരും. Run അടിക്കുക,  പിന്നെയും Run - OK -  Next - accept -  Finish  അങ്ങനെ നിങ്ങളുടെ സിസ്റ്റത്തില്‍ ഓഡാസിറ്റി ഇന്‍സ്റ്റാള്‍ ആയി.




അപ്പോള്‍ തന്നെ ചിത്രം - 4 പോലെ ഓഡാസിറ്റി തുറന്ന് വരികയും ചെയ്യും. അതിന്റെ മുകള്‍ ഭാഗത്ത് Play , Pause, Record , stop എന്നൊക്കെ ബട്ടണ്‍ കാണാം. റെക്കോര്‍ഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് എന്തെങ്കിലും സംസാരിച്ചു സ്റ്റോപ്പ് ചെയ്ത് പിന്നെ പ്ലേ ബട്ടണ്‍ ഞെക്കുക.



എല്ലാം ഓക്കെ ആണെങ്കില്‍ ഇനി എങ്ങനെയാണ് നമ്മുടെ ഓഡിയോ mp3 ഫയല്‍ ആയി ഡെസ്ക്ക്ടോപ്പില്‍ സേവ് ചെയ്യുന്നത് എന്നല്ലെ. അതിനാണ് ഞാന്‍ നേരത്തെ പറഞ്ഞ LAME MP3 encoder.  നമ്മള്‍ വീണ്ടും തിരിച്ചു പോയാല്‍ ഈ പേജില്‍ എത്തും. ( http://lame.buanzo.com.ar )






അവിടെ നിന്ന് ചിത്രം 5 ല്‍ അടയാളപ്പെടുത്തിയ പോലെ libmp3lame-win-3.98.2.zip എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.








അത് ഡൌണ്‍‌ലോഡ് ആയാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ My Documents \ Downloads എന്ന ഫോള്‍ഡറില്‍ ചിത്രം - 6 പോലെ ആ സിപ്പ് ഫയല്‍ കാ‍ണാം.







അവിടെ കാണുന്ന സിപ്പ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ചിത്രം -7 പോലെ Extract all സെലക്റ്റ് ചെയ്ത് അണ്‍‌സിപ്പ് ചെയ്യുക. അത് അണ്‍സിപ്പ് ആയി ആ ഫോള്‍ഡറില്‍ തന്നെ കിടക്കട്ടെ.


ഇനി നമുക്ക്  ഒരു പ്രസംഗമോ കവിതയോ റെക്കോര്‍ഡ് ചെയ്യാം വരൂ. ഓഡാസിറ്റി തുറന്ന് റെക്കോര്‍ഡ് ബട്ടണ്‍ ഞെക്കി പാടുകയോ പറയുകയോ  ചെയ്യുക. (ഒരുപാട് കാര്യങ്ങള്‍ ഇതില്‍ പഠിക്കാനും ചെയ്യാനുമുണ്ട്. അതൊക്കെ പിന്നീട് മതി).





പറഞ്ഞ് കഴിഞ്ഞാല്‍ അല്ലെങ്കില്‍ പാടിക്കഴിഞ്ഞാല്‍ സ്റ്റോപ്പ് ബട്ടണ്‍ ഞെക്കുക.  അപ്പോള്‍ ചിത്രം -8 പോലെയാണ് ഉണ്ടാവുക.








ഇനി ചിത്രം - 9 പോലെ File ക്ലിക്ക് ചെയ്ത്  Export As MP3 സെലക്റ്റ് ചെയ്യുക.







അത് ക്ലിക്ക് ചെയ്താല്‍ സേവ് ചെയ്യാന്‍ പോകുന്ന ഫയലിന്റെ പേരു ചോദിക്കും. പേര്‍ ടൈപ്പ് ചെയ്ത് സേവ് ഞെക്കിയാല്‍ ചിത്രം 10 പോലെ Would you like to locate lame_enc.dll now? എന്ന് ചോദിക്കും.


Yes ക്ലിക്ക് ചെയ്യുക.



അപ്പോള്‍ My Documents \ Downloads അങ്ങനെ സെലക്റ്റ് ചെയ്ത്  പോയി  അവസാനം ചിത്രം - 11 പോലെയായാല്‍ മാത്രം Open ക്ലിക്ക് ചെയ്യുക.




ഇപ്പോള്‍ ഓഡാസിറ്റി lame_enc.dll കണ്ടെത്തിക്കഴിഞ്ഞു.  ഇങ്ങനെ ആദ്യത്തെ ഒരു പ്രാവശ്യം മാത്രമേ ചെയ്യേണ്ടതുള്ളൂ. പിന്നീട് ഓഡിയോ സേവ് ചെയ്യുമ്പോള്‍ ഇങ്ങനെ ചോദിക്കുകയില്ല. പിന്നീട് വരുന്ന വിന്‍ഡോയില്‍ വേണമെങ്കില്‍ ടൈറ്റില്‍ ഒക്കെ കൊടുത്ത് OK അടിച്ചാല്‍ ഓഡിയോ ഫയല്‍ നിങ്ങളുടെ ഡെസ്ക്ക് ടോപ്പില്‍ സേവ് ആയി.  ഇനി നമുക്കത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യണം അല്ലേ? അതിന് ഓഡിയോ  ഹോസ്റ്റ് ചെയ്യുന്ന  അല്ലെങ്കില്‍ ഷേര്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു സൈറ്റ് കണ്ടെത്തണം.  അതിന് കുറെ സൈറ്റുകള്‍ ഉണ്ട്. നമുക്ക് സുരക്ഷിതമായ ഒരു ഓപ്പന്‍ സോഴ്സ് സെര്‍വര്‍ തെരഞ്ഞെടുക്കാം.  അതായത് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്ന സൈറ്റ്. (www.archive.org/). അവിടെ  ഒരു അക്കൌണ്ട് ക്രീയേറ്റ് ചെയ്യുക.




എന്നിട്ട് ലോഗിന്‍ ചെയ്ത് ചിത്രം-12 പോലെ ഓഡിയോ ഫയല്‍ അപ്‌ലോഡ് ചെയ്ത് കോളങ്ങളെല്ലാം പൂരിപ്പിച്ച് താഴെ Share my file(s) എന്ന് ക്ലിക്ക് ചെയ്യുക.








ചിത്രം-13 പോലെ നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫയല്‍ ഒരു പേജ് ആയി. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍






ചിത്രം - 14 പോലെ നിങ്ങളുടെ പ്ലേയര്‍ റെഡി.






  അവിടെ നിന്ന് embed കോഡ് കോപ്പി ചെയ്ത് ബ്ലോഗ് പോസ്റ്റ് എഡിറ്റര്‍ Edit HTML മോഡില്‍ ആക്കി പെയിസ്റ്റ് ചെയ്ത് വീണ്ടും Compose മോഡില്‍ ആക്കി ബാക്കി എല്ലാം എഴുതി പോസ്റ്റ് പബ്ലിഷ് ചെയ്യുക.

(പ്ലേയറിന്റെ വിഡ്ത്ത് ചിലപ്പോള്‍ നീളം അധികമായിരിക്കും. എംബഡ് കോഡില്‍ വിഡ്ത്ത് 640 ആണെങ്കില്‍ അത് 240 എന്നോ മറ്റോ മാറ്റിയാല്‍ മതി. രണ്ട് സ്ഥലത്ത് വിഡ്ത്ത് 640 എന്ന് ഉണ്ടാകും. കോഡില്‍ Ctrl+ F അടിച്ച് രണ്ട് 640ഉം കണ്ടുപിടിച്ചു 240 ആക്കാം).

ഞാന്‍ ഇപ്പോള്‍ ഒരു പാട്ട് ഇതില്‍ പറഞ്ഞ പോലെ അപ്‌ലോഡ് ചെയ്തത് താഴെ കാണുക.



ഇനി വേണമെങ്കില്‍ നമുക്ക് ബ്ലോഗില്‍  സ്ഥിരമായി ഒരു പ്ലേയര്‍ സ്ഥാപിക്കാം.  ആരും കാണുകയില്ല.  യാഹൂ മീഡിയ പ്ലേയര്‍ ആണത്.   ഇവിടെ  പോയി  ഈ കോഡ് ( <script type="text/javascript" src="http://mediaplayer.yahoo.com/js"></script>) കോപ്പി ചെയ്ത്  ഒരു ഗഡ്‌ജറ്റില്‍  (html) പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക. അവിടെ കിടന്നോട്ടെ.  ഇനി ഒരു പാട്ട് അല്ലെങ്കില്‍ ഓഡിയോ ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്നിരിക്കട്ടെ.  ആ പാട്ടിന്റെ mp3   URL എടുക്കണം.  ഇവിടെ തന്നെ നേരത്തെ കണ്ട ആര്‍ക്കൈവ് ഓര്‍ഗിലെ പ്ലേയര്‍ ഇല്ലേ , അതില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍  Copy Audio URL എന്ന് കാണാം.  അത് കോപ്പി ചെയ്യുക.

( ഉദാ: ഞാന്‍ അപ്‌ലോഡ് ചെയ്ത പാട്ടിന്റെ യു.ആറെല്‍ http://www.archive.org/download/OruCinimaPaattu/song.mp3)

ഇനി ഈ പാട്ട് ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെങ്കില്‍  ഈ URL ന്റെ തുടക്കത്തില്‍ <a href=" എഴുതി പിന്നെ URL എന്നിട്ട് "> ഒരു പാട്ട് </a>  ഈ ഫോര്‍മാറ്റില്‍  പോസ്റ്റ് ചെയ്താല്‍  താഴെ കാണുന്ന പോലെ പ്ലേയര്‍ റെഡി.  ഇങ്ങനെ എപ്പോഴും  പാട്ടുകള്‍ കവിതകള്‍ പോസ്റ്റ് ചെയ്യാം. മേലെ  പ്ലേയറില്‍ ഉള്ള പാട്ട് ഈ ഫോര്‍മാറ്റില്‍  ആക്കി പോസ്റ്റ് ചെയ്തപ്പോള്‍ ആ പാട്ട് യാഹൂ പ്ലേയറില്‍ കേട്ടു നോക്കൂ ,

ഒരു പാട്ട്

ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ് എങ്ങനെ ചെയ്യാം

ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ്  എന്നത് വളരെ ലളിതമായ ഒരു പരിപാടിയാണ്.  ഇതിന് ആകെ വേണ്ടത് ഒരു നല്ല വെബ്ക്യാം ആണ്. ഇപ്പോഴത്തെ ലാപ്‌ടോപ് കമ്പ്യൂട്ടറുകളില്‍ ഇന്‍‌ബില്‍ട്ട് ആയി തന്നെ  വെബ്കാം ഉണ്ട്.  ഡെസ്ക്‍ടോപ്പ് കമ്പ്യൂട്ടര്‍ ഉള്ളവര്‍ നല്ലൊരു കാം വാങ്ങേണ്ടി വരും. വാങ്ങുമ്പോള്‍ വില അല്പം കൂടിയാലും നല്ലതൊരെണ്ണം വാങ്ങുന്നതാണ് നല്ലത്. ശ്രദ്ധിക്കേണ്ടത് മൈക്ക് ഇന്‍ബില്‍ട്ട് ആയിട്ടുള്ള കാം മാത്രമേ വാങ്ങാവൂ എന്നതാണ്. വെബ്കാമുകളുടെ ക്ലാരിറ്റി നിശ്ചയിക്കുന്നത് അതിന് എത്ര മെഗാപിക്സല്‍ ഉണ്ടെന്നതാണ്. അത്കൊണ്ട് കഴിയുന്നതും 2 മെഗാപിക്സലിന് മേല്‍പ്പോട്ടുള്ളത് വാങ്ങാ‍ന്‍ ശ്രദ്ധിക്കുക. ചില വെബ്കാമുകളുടെ വിവരങ്ങള്‍ ഇവിടെ കാണുക.   അപ്പോള്‍  വെബ്കാം റെഡി അല്ലേ?   ഇനി തുടങ്ങാം.

ആദ്യമായി യൂസ്ട്രീം (http://www.ustream.tv/)  എന്ന വെബ്സൈറ്റില്‍ പോയി അവിടെ Sign Up ചെയ്ത് ഒരു അക്കൌണ്ട് ക്രീയേറ്റ് ചെയ്യുക. (ചിത്രം-1)  നിങ്ങളുടെ പേരും  മെയില്‍ ഐഡിയും ഒക്കെ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍  ഇപ്രകാരം ഒരു പേജാണ് വരിക.  ചിത്രം 2 നോക്കുക.  ഞാന്‍ പുതിയ ഒരു അക്കൌണ്ട് ഉണ്ടാക്കി അതിന്റെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് സ്ക്രീന്‍ ഷോട്ട് എടുത്തുകൊണ്ടാണ് ചിത്രങ്ങള്‍ തയ്യാറാക്കുന്നത്.

രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന പോലെയുള്ള പേജില്‍ എത്തിയാല്‍ ഇനി എങ്ങോട്ട് പോകണം എന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം.  ചിത്രത്തിന്റെ മുകളില്‍ കാണുന്ന kpsmaran എന്നത് എന്റെ പ്രൊഫൈല്‍ പേരാണ്. നിങ്ങളുടെ പേജില്‍ കാണുക നിങ്ങളുടെ പേരായിരിക്കുമല്ലൊ. നിങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്യുക.



അപ്പോള്‍ നിങ്ങളുടെ ഡാഷ് ബോര്‍ഡ് ചിത്രം 3ലെ പോലെ കാണാം.  അവിടെ സെറ്റിങ്ങ്സ് ഒക്കെ പിന്നെ നിങ്ങള്‍ക്ക് സൌകര്യം പോലെ മാറ്റം വരുത്താം.
പ്രൊഫൈല്‍ ഫോട്ടോ ഒക്കെ ചേര്‍ക്കാം.  ഞാന്‍ നേരെ ലൈവ് സ്ട്രീമിങ്ങിലേക്കാണ് ഇപ്പോള്‍ പോകുന്നത്, വരൂ. ഡാഷ്ബോര്‍ഡില്‍ Create a show എന്ന് കാണുന്നില്ലേ അവിടെ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ചിത്രം 4 പോലെ നിങ്ങളുടെ ഷോയ്ക്ക് ഒരു പേര് കൊടുക്കാന്‍ പറയും.  പേര് ടൈപ്പ് ചെയ്ത് Create എന്ന് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്ന് വരുന്ന പേജില്‍






ചിത്രം 5 പോലെ പൂരിപ്പിച്ച് Seve ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചാനല്‍ പിക്ചര്‍ അപ്പോള്‍ കൊടുക്കണമെന്നില്ല. ഉണ്ടെങ്കില്‍ നല്ലത്. സേവ് ചെയ്ത് കഴിഞ്ഞാല്‍ അത് സേവ് ആയി എന്നു മേലെ കാണിക്കുകയേ ഉള്ളൂ പേജ് മാറുകയില്ല. വലത് ഭാഗത്ത് ടോപ്പ് കോര്‍ണറില്‍ കാണുന്ന Broadcast  ബട്ടണ്‍ ക്ലിക്ക് ചെയ്യുക.




ചിലപ്പോള്‍ ചിത്രം 6ലേത് പോലെ ഒരു കാറ്റഗറി സെലക്റ്റ് ചെയ്യാന്‍ പറഞ്ഞേക്കും. അത് സെലക്റ്റ് ചെയ്ത് വീണ്ടും Broadcast ക്ലിക്ക് ചെയ്യുക. ഇപ്പോള്‍  പുതിയ ഒരു വിന്‍ഡോ തന്നെ തുറന്ന് വരും.  ആ പേജില്‍ കറുപ്പ് നിറത്തില്‍ എന്തെങ്കിലും ടെക്സ്റ്റ് കാണുന്നെങ്കില്‍ അത് ക്ലോസ് ചെയ്യുക.




അപ്പോള്‍ പുതിയ വിന്‍ഡോ ചിത്രം 7 ലേത് പോലെ ഉണ്ടാവും. ഇനിയാണ് ശ്രദ്ധിക്കേണ്ടത്.  നിങ്ങളുടെ വെബ്കാം ഓണ്‍ ആകണമെങ്കില്‍ Allow എന്ന് ക്ലിക്ക് ചെയ്യണം എന്ന് അറിയാമല്ലൊ. അത് ക്ലിക്ക് ചെയ്യുക.






ഇപ്പോള്‍ ചിത്രം 8 പോലെ നിങ്ങളുടെ കേമറ റെഡി.  പച്ച നിറത്തില്‍  START BROADCAST എന്നും  START RECORD എന്നും കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ലൈവ് സ്ട്രീമിങ്ങ് ആരംഭിക്കുയായി. അതോടോപ്പം അത് റിക്കോര്‍ഡ് ചെയ്യപ്പെടുന്നുമുണ്ടാവും.  ലൈവ് സ്ട്രീമിങ്ങ് അവസാനിച്ചാല്‍  STOP BROADCAST എന്നും  STOP  RECORD എന്നും ക്ലിക്ക് ചെയ്യുക.


അപ്പോള്‍ ചിത്രം 9 പോലെ കാണും. അവിടെ വലത് ഭാഗത്ത് Play-Delet-Save എന്ന് മൂന്ന് ബട്ടണ്‍ കാണാം. നിങ്ങള്‍ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സേവ് ചെയ്യാന്‍  ടൈറ്റില്‍ , ഡിസ്ക്രിപ്ഷന്‍ , ടാഗ് ഒക്കെ ചേര്‍ക്കണം. എന്നിട്ട് Your recording was successfully saved എന്ന് കാണിക്കുന്ന വരെ കാത്തിരിക്കുക. ഇപ്പോള്‍  വീഡിയോ നിങ്ങളുടെ ഡാഷ്ബോര്‍ഡില്‍ കാണാം.  ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ ഒരു പരീക്ഷണത്തിന് വേണ്ടി ആദ്യം ചെയ്യുക.

ബ്ലോഗിലെ ലൈവ് സ്ട്രീമിങ്ങ് ചെയ്യുന്നതിന് മുന്‍പ് ഇത്തരം ഒരു പരിശീലനം ആവശ്യമാണ്.  ഇനി ഒന്ന് കൂടി ചെയ്യുക. ഡാഷ് ബോര്‍ഡില്‍ പോയി നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ കാണുക. അവിടെ വീഡിയോവിന്റെ Embed കോഡ് കാണാം. അത് കോപ്പി ചെയ്ത്  ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം. ഇങ്ങനെ എംബഡ് കോഡ് പോസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, നിങ്ങള്‍ ന്യൂ പോസ്റ്റ് ക്ലിക്ക് ചെയ്താല്‍  ടൈപ്പ് ചെയ്യാനുള്ള  എഡിറ്റര്‍ പേജ് തുറന്നു വരുമല്ലോ. അത് ഡിഫാള്‍ട്ടായി  Compose മോഡില്‍ ആയിരിക്കും.  അത്  Edit HTML മോഡില്‍ ആക്കിയിട്ടേ എംബഡ് കോഡ്  പേസ്റ്റ് ചെയ്യാവൂ.  എന്നിട്ട് വീണ്ടും  Compose മോഡിലേക്ക് മാറ്റുക.  ഇതും ഒരു വട്ടം പരീക്ഷിക്കുന്നത് നല്ലതാണ്.  എന്തെന്നാല്‍ ചിലപ്പോള്‍ Embed കോഡില്‍ എറര്‍ കാണിക്കാം. എനിക്ക് അങ്ങനെ സംഭവിച്ചു. html കോഡില്‍ എറര്‍ കാണിച്ചാല്‍ പോസ്റ്റ് പബ്ലിഷ് ആകില്ല. ഇവിടെ സംഭവിക്കാന്‍ സാധ്യതയുള്ള എറര്‍ embed എന്ന ടാഗ് ക്ലോസ് ചെയ്തിട്ടില്ല എന്നായിരിക്കും. അത്കൊണ്ട് കോപ്പി ചെയ്ത കോഡിന്റെ  അവസാനം ക്ലോസ് ചെയ്ത object ന് മുന്‍പായി  embed  എന്ന് കൂടി ടൈപ്പ് ചെയ്ത് ക്ലോസ് ചെയ്യുക.(ഉദാ:</embed></object>)ഇപ്പോള്‍ വീഡിയോ പബ്ലിഷ് ആയിരിക്കും.

ഇത്രയും നിങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ ഇനി ലൈവ് സ്ട്രീമിങ്ങിലേക്ക്  കടക്കാം.  യൂസ്ട്രീം സൈറ്റില്‍ നിങ്ങള്‍ക്ക് ഒരു പ്രൊഫൈല്‍ ആയല്ലൊ.  ലോഗിന്‍ ചെയ്യുക. ഡാഷ് ബോര്‍ഡില്‍ Your Events ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ Schedule a New Event ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ ടൈറ്റില്‍ (ഉദാഹരണത്തിന് Blog meet ) കൊടുത്ത് എപ്പോഴാണോ സ്ട്രീം ചെയ്യുക ആ തീയ്യതി , സമയം ഒക്കെ ശ്രദ്ധയോടെ പൂരിപ്പിച്ച് സേവ് ചെയ്യുക.  ഇനി ഡാഷ്ബോര്‍ഡില്‍ നിന്ന് Go To Show Page ക്ലിക്ക് ചെയ്ത് ലൈവ് സ്ട്രീമിങ്ങിന്റെ ടൈറ്റില്‍ സെലക്റ്റ് ചെയ്ത് ക്ലിക്ക് ചെയ്യുക. അവിടെ ബ്ലാങ്ക് വീഡിയോ കാണാം.  അതിന്റെ എംബഡ് കോഡ് ഞാന്‍ നേരത്തെ പറഞ്ഞ പോലെ കോപ്പി ചെയ്ത് ബ്ലോഗില്‍ ന്യു പോസ്റ്റ് തുറന്ന്  പേസ്റ്റ് ചെയ്ത് തലക്കെട്ടും എഴുതി ഡ്രാഫ്റ്റ് ആയി സേവ് ചെയ്യുക.  ലൈവ് സ്ട്രീമിങ്ങ് തുടങ്ങുമ്പോള്‍ ബ്ലോഗില്‍ ഡ്രാഫ്റ്റ് ചെയ്തത് പബ്ലിഷ് ചെയ്ത്, യൂസ്ട്രീമില്‍ ലോഗിന്‍ ചെയ്ത്  ഷോ പേജില്‍ പോയി ടൈറ്റില്‍ സെലക്റ്റ് ചെയ്ത്  ബ്രോഡ്കാസ്റ്റ് ആദ്യം പറഞ്ഞ പോലെ സ്റ്റാര്‍ട്ട് ചെയ്യുക. റെക്കോര്‍ഡ് ബട്ടണും ക്ലിക്ക് ചെയ്യാന്‍ മറക്കണ്ട. ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗില്‍ ലൈവ് സ്ട്രീം  നടന്നുകൊണ്ടിരിക്കുന്നുണ്ടാവും.

ഇത്രയും പരത്തി പറഞ്ഞത്കൊണ്ട് കണ്‍ഫ്യൂഷന്‍ ആകണ്ട. സ്വയം ചെയ്ത് നോക്കുമ്പോള്‍ ഈസിയായി തോന്നും. ഞാന്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ കാണുക.  സംശയമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ മടിക്കണ്ട.

ലൈവ് സ്ട്രീമിങ്ങ്

കമ്മ്യൂണിസ്റ്റ് ചൈന - 2

ഡെങ്ങ്  ചൈനയുടെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഒറ്റയടിക്ക് നടപ്പാക്കുകയല്ല ചെയ്തതത്.  പടിപ്പടിയായി തുറന്ന് കൊടുക്കുകയായിരുന്നു.നിര്‍വ്വാഹത്തില്‍ കഴിവും പ്രാപ്തിയും തെളിയിച്ച ഉദ്യോഗസ്ഥരെ നിര്‍ണ്ണായകസ്ഥാനങ്ങളില്‍ അവരോധിച്ചും  തന്റെ ഉദാരനയങ്ങളെ പിന്തുണക്കുന്നവരെ മുന്നില്‍ നിര്‍ത്തിയും ഒരു നിയന്ത്രിത സാമ്പത്തിക (Controlled Economy) നയമാണ് നടപ്പാക്കിക്കൊണ്ടിരുന്നത്.
ആദ്യമായി പ്രത്യേക സാമ്പത്തിക മേഖല (Special Economic Zone) എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പ്രത്യേക മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന്  സര്‍വ്വവിധമായ സൌകര്യങ്ങളും ചെയ്തുകൊടുക്കുകയും  നികുതിയിളവുകള്‍ നല്‍കുകയും ചെയ്തു. അത്കൊണ്ട് നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ഈ SEZ മേഖലയില്‍ തൊഴില്‍ ശാലകള്‍ തുടങ്ങുകയും അങ്ങനെ വിദേശമൂലധനം ചൈനയിലേക്ക് ഒഴുകാനും തുടങ്ങി.

ചൈനയുടെ തെക്ക് ഭാഗത്ത് ഹോങ്കോങ്ങിന്റെ സമീപത്തുള്ള ഷെന്‍സന്‍ (Shenzhen) എന്ന ചെറിയൊരു മീന്‍ പിടുത്ത ഗ്രാമത്തിലാണ്  ആദ്യത്തെ സ്പെഷ്യല്‍ എക്കണോമിക്ക് സോണ്‍ തുടങ്ങിയത്.  ഇന്ന് ഒരു കോടിയലധികം  ജനങ്ങള്‍ പാര്‍ക്കുന്ന വലിയൊരു നഗരമാണത്.  അതിന്റെ വാര്‍ഷികം ഈയ്യിടെ ആഘോഷിക്കപ്പെട്ടതിന്റെ റിപ്പോര്‍ട്ട്  ഇവിടെ  കാണുക. ഇന്ന് ചൈനയുടെ കിഴക്കന്‍ കടലോര മേഖലയില്‍ മാത്രം പതിനാല്  പ്രത്യേകസാമ്പത്തിക മേഖലകളുണ്ട്. ചൈനയുടെ ഈ പുരോഗതി കണ്ടിട്ടാണ് ഇന്ത്യയിലും ബ്രസീലിലും ഒക്കെ പ്രത്യേക സാമ്പത്തിക മേഖലകള്‍ ആരംഭിക്കാന്‍ കാരണം. കഴിഞ്ഞ 30 വര്‍ഷങ്ങളായി  പത്ത് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ചൈന കൈവരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് തന്നെ ഒരു രാജ്യം തുടര്‍ച്ചയായി ഇങ്ങനെ സാമ്പത്തിക വളര്‍ച്ച നേടുന്നത് ഇതാദ്യമാണ്. അമേരിക്കയും ജപ്പാനും കഴിഞ്ഞാല്‍ ലോകത്ത് മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ന് ചൈന. 2009ല്‍ ചൈനയുടെ ആസ്തി ഡോളര്‍ കണക്കില്‍ 4.99 Trillion  ആണ്.  2.44 Trillion ഡോളര്‍ വിദേശനാണ്യ കരുതല്‍ ശേഖരം ചൈനയ്ക്കുണ്ട്.  ചുരുങ്ങിയ വര്‍ഷം കൊണ്ട്  ചൈന അമേരിക്കയെ പിന്തള്ളും എന്ന് സൂചിപ്പിക്കുന്ന ഈ കണക്ക് നെറ്റില്‍ കണ്ടതാണ്. ഇത് ശരി വയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പത്രങ്ങളിലും വായിക്കാന്‍ കഴിയുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ചൈനയില്‍ കോടിക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ എത്തിയിട്ടുണ്ട്. ചൈനയുടെ ഔദ്യോഗിക കണക്ക് പ്രകാരം 1981ല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഷ്ടപ്പെടുനവര്‍ ജനസംഖ്യയുടെ 53 ശതമാനമാണെങ്കില്‍ 2005ല്‍ അത് വെറും  2.5 ശതമാനം മാത്രമായിരുന്നത്രെ. ചൈനയിലെ റോഡുകള്‍ ,  റെയില്‍‌വേ , വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍  തുടങ്ങിയ ഗതാഗത സൌകര്യങ്ങള്‍ എല്ലാം ഇപ്പോള്‍ വികസിതരാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ചൈനയിലെ ഷാങ്ങ്ഹായ് നഗരം ന്യൂയോര്‍ക്ക്  നഗരത്തേക്കാളും മെച്ചപ്പെട്ട രീതിയിലാണെന്ന് അവിടെ സന്ദര്‍ശിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. 2008ല്‍ ബീജിങ്ങില്‍  ഒളിമ്പിക്സ് മത്സരങ്ങള്‍ വിജയകരമായി നടത്തി തങ്ങളുടെ സാമ്പത്തിക പ്രൌഢി ചൈന ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്.  ഷാങ്ങ്ഹായ് പ്രവിശ്യയിലെ  ഹൂയാങ്പു (Huang Pu) നദിക്കരയില്‍ അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പുതിയൊരു നഗരം നിര്‍മ്മിച്ച് Expo-2010 വേള്‍ഡ് ട്രേഡ് ഫെയര്‍ എക്സിബിഷന്‍ ഇക്കഴിഞ്ഞ മെയ് ഒന്ന് മുതല്‍ ആരംഭിച്ച് വിജയകരമായി നടന്നു വരുന്നു. ഒക്ടോബര്‍ 31 വരെ അത് നീളും.

ഏകദേശം ഒരു ട്രില്ല്യന്‍ ഡോളര്‍ മതിപ്പുള്ള  അമേരിക്കന്‍ ട്രഷറി കടപ്പത്രം (Treasury Bills) ചൈന വാങ്ങി വെച്ചിട്ടുണ്ട്.  അമേരിക്കയുമായി നടത്തുന്ന  വ്യാപാര-വാണിജ്യ ചര്‍ച്ചകളില്‍  അമേരിക്കയെ സമ്മര്‍ദ്ധത്തിലാക്കാന്‍  ഇത് ചൈനയെ സഹായിക്കുന്നു. കൈവശമുള്ള അപരിമിതമായ വിദേശനാണ്യം ഉപയോഗിച്ചുകൊണ്ട് ചൈന പലനാടുകളിലുള്ള പ്രകൃതി വിഭവങ്ങള്‍ മുഖ്യമായി  എണ്ണപ്പാടങ്ങള്‍ (Oil Fields) വാങ്ങിക്കൂട്ടുന്നുണ്ട്.  ദൂരക്കാഴ്ചയോടുകൂടി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ള പല രാജ്യങ്ങളിലും നിലങ്ങളും വാങ്ങി വെക്കുന്നു. ഭാവിയില്‍ ചൈനയില്‍ ഭക്ഷ്യക്ഷാമം നേരിടുകയാണെങ്കില്‍ അവിടങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കും.  ലോകജനതയ്ക്ക് ആവശ്യമായ പല സാധനങ്ങളും ഇന്ന് ചൈനയിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.  ഏറ്റവും കുറഞ്ഞ ഉല്പാദനച്ചെലവ് നിമിത്തം ചൈന അങ്ങനെ ലോകത്തിന്റെ തന്നെ തൊഴില്‍ശാലയായി മാറിയിരിക്കുന്നു. ഇങ്ങനെ ചൈനയുടെ പുരോഗതി വര്‍ണ്ണിച്ചു കൊണ്ടേ പോകാം.  എന്തൊക്കെയാണ് ഇന്നത്തെ ചൈനയുടെ പ്രശ്നങ്ങള്‍ ,  വെല്ലുവിളികള്‍ എന്ന് നോക്കാം അടുത്ത പോസ്റ്റില്‍ ....

(ഫോട്ടോ ഷാങ്ഹായ് റെയില്‍‌വേ സ്റ്റേഷന്‍ )

(തുടരും)

കമ്മ്യൂണിസ്റ്റ് ചൈന - 1

ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്ന് ചൈനയിലാണ്. അവിടത്തെ വന്‍‌മതില്‍. സത്യത്തില്‍ ചൈന തന്നെയും അത്ഭുതമാണ് അന്നും ഇന്നും. വളരെ പ്രാചീനകാലത്ത് തന്നെ നാഗരീകത ചൈനയില്‍ പുലര്‍ന്നിരുന്നു. ഇന്നത്തെ യൂറോപ്പും അമേരിക്കയും ഒക്കെ അപരിഷ്കൃതരായ ആദിവാസികളുടെ നാടായിരുന്നപ്പോള്‍ ചൈന സാംസ്ക്കാരികമായി വളരെ മുന്നിലായിരുന്നു. കടലാസും അച്ചടിയും ഒക്കെ കണ്ടുപിടിച്ചവര്‍ ചൈനക്കാരാണ്. ഭക്ഷണം കഴിക്കാന്‍ തീന്‍‌മേശയും കൈകൊണ്ട് തൊടാതെ തിന്നാന്‍ ഒരു തരം കമ്പും അവര്‍ പണ്ടേ ഉപയോഗിച്ചുവന്നിരുന്നു. സഹസ്രാബ്ദങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. വാണിജ്യബന്ധം മാത്രമല്ല സാംസ്ക്കാരികമായും. ചൈനീസ് സഞ്ചാരികള്‍ ഇന്ത്യ സന്ദര്‍ശിച്ച് നിരവധി യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ട്. ആധുനിക ചൈനയ്ക്ക് അടിത്തറ പാകിയത് സണ്‍‌യാറ്റ്സെന്നും ചിയാങ്ങ് കൈഷേക്കും ഒക്കെ ആണെങ്കിലും ഇന്നത്തെ ചൈനയുടെ പിതാവ് ചെയര്‍മാന്‍ മാവോസേതൂങ്ങ് ആണ്. 1962ല്‍ ചൈന നമ്മെ
ആക്രമിക്കുന്നത് വരെ ഇന്ത്യയും ചൈനയും തമ്മില്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. അതിന് ശേഷം ഇന്ന് വരെ ചൈനയെ നമുക്ക് സംശയത്തോടെ മാത്രമേ നോക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നിരുന്നാലും മാവോവിന്റെ ഇന്നത്തെ ചൈനയെ നിഷ്പക്ഷമായി ഒന്ന് പഠിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പിടിയില്‍ പെട്ട് ചൈന നേരിട്ട ദുരിതങ്ങള്‍ക്ക് കണക്കില്ല. സാമ്പത്തികസ്ഥിതി താറുമാറായി. അതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തരകലാപത്തിന്റെ ഒടുവില്‍ ലോംഗ് മാര്‍ച്ചിന്റെ പര്യവസാനമായി 1949 ഒക്ടോബര്‍ ഒന്നാം തീയ്യതി ടിയാനന്‍‌മെന്‍ ചത്വരത്തില്‍   (Gate of Heavenly Peace) വെച്ചു മാവോ സേ തൂങ്ങ് ചൈനയെ ജനകീയ റിപ്പബ്ലിക്ക് (People’s Republic of China)  ആയി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയെ കെട്ടിപ്പടുക്കാന്‍ ശ്രമിച്ച മാവോസെ തൂങ്ങ് സോവിയറ്റ് യൂനിയനെ മാതൃകയാക്കിയില്ല. കമ്മ്യൂണിസത്തെ ചൈനയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് പ്രയോഗവല്‍ക്കരിക്കാനാണ് അദ്ദേഹം സ്വന്തമായി ഒരു തീയറി വികസിപ്പിച്ചത്. മാവോയിസം എന്ന പേരില്‍ അത് അറിയപ്പെടുന്നു. എന്നാല്‍ മാവോസേ തൂങ്ങിന്റെ കാലത്ത് ചൈന കാര്യമായ പുരോഗതി പ്രാപിച്ചില്ല എന്ന് പില്‍ക്കാല ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുന്നോട്ടേക്കുള്ള മഹത്തായ കുതിച്ചുചാട്ടം(The Great Leap Forward) , സാംസ്ക്കാരികവിപ്ലവം (Cultural Revolution) തുടങ്ങിയ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും പരിപാടികളും വാഴ്ത്തപ്പെട്ടെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു.

1976ല്‍ ചെയര്‍മാന്‍ മാവോ അന്തരിച്ചപ്പോള്‍ അധികാരത്തിന് വേണ്ടിയുള്ള മാവോ സിദ്ധാന്തങ്ങളെ അനുകൂലിക്കുന്നവരും സാംസ്ക്കാരികവിപ്ലവത്തെ എതിര്‍ക്കുന്നവരും തമ്മിലുള്ള മത്സരത്തില്‍ സാംസ്ക്കാരികവിപ്ലവകാലത്ത് പീഢിപ്പിക്കപ്പെട്ട നേതാവ് ഡെങ്ങ് സിയാവോപിങ്ങ് (Deng Xiaoping) അധികാരം കൈപ്പറ്റി. 1978ല്‍ ഡെങ്ങ് ചൈനീസ് പ്രസിഡണ്ടായി. യാഥാസ്ഥിക കമ്മ്യൂണിസം കൊണ്ട് ചൈന രക്ഷപ്പെടുകയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം വിദേശമൂലധനം ആകര്‍ഷിക്കാനും വിപണി ലോകരാഷ്ട്രങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുമുള്ള Open Economy ചൈനയുടെ നയമായി സ്വീകരിച്ചു. 1949ല്‍ മാവോ പുറത്താക്കിയ കൊക്കോകോള (Coca-Cola) തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളെ ചൈനയിലേക്ക് സ്വാഗതം ചെയ്തു. ശാരീരികമായി ഉയരം കുറഞ്ഞ ആളാണെങ്കിലും ദീര്‍ഘവീഷണത്തിന്റെ കാര്യത്തില്‍ മറ്റാരേക്കാളും ഉയരത്തിലായിരുന്ന ഡെങ്ങ്സിയാവോപിങ്ങ് ആണ് പുതിയ ചൈനയുടെ ശില്പി (Architect of Modern China) എന്ന് അറിയപ്പെടുന്നത്. ഡെങ്ങ് തന്റെ ലിബറല്‍ സാമ്പത്തികനയങ്ങളിലൂടെ, ഉല്പാദനം മുരടിച്ച സോഷ്യലിസ്റ്റ് സമ്പ്രദായത്തില്‍ നിന്ന് ക്യാപിറ്റലിസ്റ്റ് സമ്പ്രദായത്തിലേക്ക് ചൈനയെ പരിവര്‍ത്തിപ്പിച്ചപ്പോള്‍ അസുരവേഗത്തിലാണ് ചൈന മുന്നേറാന്‍ തുടങ്ങിയത്. ഇന്നിപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ചൈന സോഷ്യലിസത്തില്‍ അടിയുറച്ചു നിന്നിരുന്നുവെങ്കില്‍ കഞ്ഞിക്ക് വകയില്ലാത്ത ഒരു പട്ടിണിരാജ്യമായി അത് നിലനില്‍പ്പ് തന്നെ ഭീഷണിയിലാവുന്ന അവസ്ഥയിലായിരിക്കും എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവുകയില്ല.

ഡെങ്ങിന് ശേഷം അധികാരത്തില്‍ വന്ന ജിയാങ്ങ്സെമിനും (Jiang Zemin), ഇപ്പോഴത്തെ പ്രസിഡണ്ട് ഹ്യൂജിന്റാവോയും (Hu Jintao) ഡെങ്ങ്സിയാവോ പിങ്ങിന്റെ തുറന്ന സാമ്പത്തിക നയം പിന്തുടരുന്നതിന്റെ ഫലമായി കഴിഞ്ഞ് 30 വര്‍ഷം കൊണ്ട് അതിലും ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അവിശ്വസനീയമായ പുരോഗതിയാണ് ചൈന കൈവരിച്ചത്. അടുത്ത ഭാവിയില്‍ അമേരിക്കയെ കടത്തിവെട്ടി ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തി എന്ന പദവിയിലേക്ക് കുതിക്കുകയാണ് ചൈന. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ദാരിദ്ര്യം പങ്ക് വയ്ക്കുന്ന സോഷ്യലിസമാണോ അതോ പുരോഗതിയിലേക്ക് നയിക്കുന്ന ക്യാപിറ്റലിസമാണോ അഭികാമ്യം? ചൈനീസ് നേതാക്കള്‍ക്ക് സംശയമുണ്ടാകില്ല, ക്യാപിറ്റലിസം തന്നെ. എന്തൊക്കെയാണ് ചൈനയുടെ പുരോഗതികള്‍ എന്ന് നോക്കാം..

(തുടരും)

സാം പിട്രോഡ - 5

1989 നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പരാജയപ്പെട്ടു. വി.പി.സിങ്ങിന്റെ മന്ത്രിസഭയില്‍ കെ.പി.ഉണ്ണികൃഷന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ മന്ത്രിയായി. സാം Scientific Advisor to Prime Minister എന്ന പദവി രാജിവെച്ചു. എന്നാല്‍ ടെലികോം കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചില്ല. കാരണം അതൊരു സര്‍ക്കാര്‍ പദവിയാണ്. നോണ്‍ പൊളിറ്റിക്കല്‍ അപ്പോയ്‌മെന്റ്. തുടങ്ങി വെച്ച ദൌത്യം പൂര്‍ത്തിയാക്കണം എന്ന താല്പര്യത്തിലാണ് അത് രാജി വെക്കാതിരുന്നത്. പക്ഷെ രാജീവ് ഗാന്ധിയുടെ സുഹൃത്താണ് സാം എന്ന കാരണത്താല്‍ ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. പക്ഷെ സാം അതൊന്നും ഗൌനിക്കാതെ തന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ പൂര്‍ണ്ണമായി മുഴുകി. ഇങ്ങനെ മാസങ്ങളോളം തൊന്തരവ് കൊടുത്തിട്ടും ഉദ്ദേശിച്ചപോലെ സാം രാജി വെച്ചൊഴിയാത്തതില്‍ കുപിതനായ മന്ത്രി അദ്ദേഹത്തിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് വിചാരണ നടത്താന്‍ അന്വേഷണക്കമ്മീഷനെയും നിശ്ചയിച്ചു. ഇത് സാം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയില്‍ കോടിക്കണക്കിന് സമ്പാദിക്കാന്‍ കഴിയുന്ന ജോലിയും അവിടത്തെ പൌരത്വവും ഉപേക്ഷിച്ച് ഇന്ത്യയില്‍ തിരിച്ചു വന്ന് ഒരു രൂപ ശമ്പളത്തില്‍ രാപ്പകല്‍ വിശ്രമമില്ലാതെ മാതൃരാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്ന തനിക്കെതിരെ അഴിമതിയാരോപിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് അദ്ദേഹത്തിന് താങ്ങാനായില്ല. ആ മാനസികാഘാതം നിമിത്തമാണ് അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായത്. അപ്പോള്‍ അദ്ദേഹത്തിന് 48 വയസ്സ്.

സാമിന് നാല് ബൈപാസ് സര്‍ജറി ചെയ്യേണ്ടി വന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞന്മാര്‍ , അക്കാദമീഷ്യന്മാര്‍ , ടെലികോം എഞ്ചിനീയര്‍മാര്‍ അങ്ങനെ പലരും സര്‍ക്കാരിനെതിരെ പ്രതിഷേധസമരവുമായി രംഗത്തിറങ്ങി. സാമിന്റെ മേല്‍ ആരോപിക്കപ്പെട്ട അഴിമതിക്കുറ്റങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ മന്ത്രിയെ കുറിച്ചു അതൃപ്തിയും രേഖപ്പെടുത്തി. അതേ വര്‍ഷം 1990 ല്‍ വി.പി.സിങ്ങ് മന്ത്രിസഭ രാജി വെക്കേണ്ടി വന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായി. ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് കുറെ മാസങ്ങള്‍ വിശ്രമിച്ച ശേഷം സാം 1991 തുടക്കത്തില്‍ വീണ്ടും ടെലികോം കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. പക്ഷെ അതേ വര്‍ഷം മെയ് മാസത്തില്‍ രാജിവ് ഗാന്ധി കൊല്ലപ്പെട്ടത് സാമിന് വീണ്ടും ഇരുട്ടടിയായി. താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ ദുരന്തം ഏല്‍പ്പിച്ച ആഘാതം. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചെത്തി നരസിംഹറാവു പ്രധാനമന്തിയായി.  റാവു മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന രാജേഷ് പൈലറ്റിനെ ചുമതലകളെല്ലാം ഏല്‍പ്പിച്ച് 1991 അവസാനം സാം കുടുംബസമേതം ഷിക്കാഗോയിലേക്ക് മടങ്ങിപ്പോയി.

ഷിക്കാഗോയില്‍ തിരിച്ചെത്തി കുറച്ച് കാലം വിശ്രമം എടുത്ത ശേഷം അവിടെ C - SAM Inc. എന്നൊരു കമ്പനി ആരംഭിച്ചു. ആ കമ്പനി ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2004ല്‍ ഡോ. മന്‍‌മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായപ്പോള്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ (National Knowledge Commission) എന്നൊരു സ്ഥാപനം രൂപീകരിക്കുകയും സാം പിട്രോഡയെ അതിന്റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. 2009 വരെ ആ സ്ഥാനത്തിരുന്നുകൊണ്ട് സാം മുന്നൂറിലധികം ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. 2009 നവമ്പര്‍ മാസം മുതല്‍ ഇപ്പോഴും ഡോ. മന്‍‌മോഹന്‍ സിങ്ങിന്റെ Scientific Advisor to Prime Minister ആയി തുടരുകയാണ് സാം പിട്രോഡ. 2009 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി സാമിനെ രാജ്യം ആദരിച്ചു.

( ഈ പരമ്പര അവസാനിക്കുന്നു.)

ചില ലിങ്കുകള്‍ :
http://en.wikipedia.org/wiki/Sam_Pitroda
http://www.cdot.in/
http://www.knowledgecommission.gov.in/default.asp

സാം പിട്രോഡ - 4

ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ(DOT) ഉയര്‍ന്ന് അധികാരികള്‍ പാശ്ചാത്യനാടുകളിലെ കമ്പനികളില്‍ നിന്ന് കമ്മീഷന്‍ പറ്റിക്കൊണ്ടാണ് കാലഹരണപ്പെട്ട മെക്കാനിക്കല്‍ സ്വിച്ചുകളും മറ്റ് ഉപകരണങ്ങളും വാങ്ങിക്കൊണ്ടിരുന്നത്.  C-DOT എന്ന സ്ഥാപനം സാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയെങ്കിലും അതും സര്‍ക്കാര്‍ സംരഭമായിരുന്നതിനാല്‍ മറ്റ് പൊതുമേഖലാസ്ഥാപനങ്ങള്‍ പോലെ തന്നെ സി-ഡോട്ടും നിശ്ചിതസമയത്തിനകം ഒന്നും ചെയ്തു തീര്‍ക്കാതെ അത് വേഗം തന്നെ പൂട്ടിക്കെട്ടുമെന്ന് ആ അധികാരികള്‍ കരുതി. വിദേശങ്ങളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ ആണല്ലൊ അവര്‍ക്ക് വലുത്.  എന്നാല്‍ സാം പറഞ്ഞപോലെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 128 Lines RAX  നിര്‍മ്മിച്ച് സി‌-ഡോട്ട് പ്രവര്‍ത്തനക്ഷമത തെളിയിച്ചപ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.  സി-ഡോട്ടില്‍ നിന്ന് ഡിജിറ്റല്‍ സ്വിച്ചുകള്‍ വാങ്ങിക്കൊണ്ടിരുന്നാല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ഈ വെള്ളാനകള്‍ക്ക് കമ്മീഷന്‍ ലഭിക്കുമായിരുന്നില്ലല്ലൊ.  അത്കൊണ്ട് സി-ഡോട്ട് തയ്യാറാക്കിയ 128 Lines RAX  ഫീല്‍ഡ് ട്രയല്‍ ചെയ്യുന്നത് വെച്ചുതാമസിപ്പിക്കുക,  ആവശ്യമായ മറ്റ് സൌകര്യങ്ങള്‍ ചെയ്തുകൊടുക്കാതിരിക്കുക എന്ന തരത്തിലാണ് ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്ന് പാരകള്‍ പണിഞ്ഞുകൊണ്ടിരുന്നത്.

ഈ ഘട്ടത്തില്‍ സാം ചിന്തിച്ചത് Market Efficiency കുറിച്ചായിരുന്നു. അതായത് ഒരു ഉല്‍പ്പന്നത്തിന്റെ വില കുറയണമെങ്കിലും നിലവാരം കൂടണമെങ്കിലും വിപണിയില്‍ മത്സരം ഉണ്ടാകണം.  അത്കൊണ്ട് ഡിജിറ്റല്‍ സ്വിച്ചുകള്‍ C-DOT എന്ന പൊതുമേഖലസ്ഥാപനം നിര്‍മ്മിക്കുമ്പോള്‍ തന്നെ ഈ  സാങ്കേതികവിദ്യ റോയല്‍റ്റി അടിസ്ഥാനത്തില്‍  L&T, WS Industries മുതലായ സ്ഥാപനങ്ങള്‍ക്ക് നല്‍കി സ്വകാര്യമേഖലയിലും ഇതിന്റെ നിര്‍മ്മാണം തുടങ്ങാനുള്ള ഒരു പദ്ധതി കൊണ്ടുവന്നു. എന്നാല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പ് മേധാവികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് വന്നത്.  റോയല്‍റ്റി വാങ്ങിയാണെങ്കില്‍ പോലും ഈ സാങ്കേതികവിദ്യ സ്വകാര്യമേഖലക്ക് കൈമാറരുതെന്ന് അവര്‍ ശഠിച്ചു. ഡിജിറ്റല്‍ സ്വിച്ച് നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ബാംഗ്ലൂരിലുള്ള India Telephone Industries ന് മാത്രമേ നല്‍കാവൂ എന്നും അവര്‍ മാത്രമേ ഇത് നിര്‍മ്മിക്കാവൂ എന്നും വാദിച്ചു. ITI യും  മറ്റേത് പൊതുമേഖല സ്ഥാപനവും പോലെ ചില താപ്പാനകള്‍ക്ക് തിന്ന് കൊഴുക്കാനുള്ള വിഹാ‍രരംഗമാണെന്ന് അറിയാമല്ലൊ.  ITI യെ ഏല്‍പ്പിച്ചാല്‍ ഈ പദ്ധതിയെ ഒരു വഴിക്കാക്കുമെന്ന് ആ ഉദ്യോഗസ്ഥര്‍ ആലോചിച്ചിരിക്കണം. (ഇന്നും ഇത്തരം ബ്യൂറോക്രാറ്റുകള്‍ തന്നെയാണ് നമ്മുടെ പൊതുമേഖല ഭരിക്കുന്നത്) പക്ഷെ ഇത് സാധ്യമല്ല എന്ന് സാം തീര്‍ത്ത് പറഞ്ഞു.

ടെലികോം വകുപ്പ് അധികാരികളുടെ ഭാഗത്ത് നിന്നുള്ള ഈ തടസ്സങ്ങള്‍ സാം രാജിവ് ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്താണ് ഇതിനൊരു പരിഹാരം എന്ന് രാജീവ് ഗാന്ധി സാമിനോട് ചോദിച്ചു. ഇന്ത്യയിലുള്ള ടെലികോം സംബന്ധപ്പെട്ട സ്ഥാപനങ്ങള്‍ DOT (Department of Telecommunications), TEC (Telecommunication Engineering Centre), C-DOT (Centre for Development of Telematics), ITI (Indian Telephone Industries)  എല്ലാം തന്നെ  ടെലികോം കമ്മീഷന്‍ എന്ന ഒറ്റ വകുപ്പിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് സാം നിര്‍ദ്ദേശിച്ചു. ഉടനെ രാജീവ് അത് അംഗീകരിക്കുകയും  താങ്കള്‍ തന്നെ ആ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒന്ന് കൂടി രാജീവ് ഗാന്ധി ആവശ്യപ്പെട്ടു. താങ്കളിപ്പോള്‍ അമേരിക്കന്‍ പൌരത്വമുള്ള ആളാണ്. ഈ സ്ഥാനത്ത് താങ്കളെ അവരോധിച്ചാ‍ല്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് പോലും എനിക്ക് എതിര്‍പ്പ് നേരിടേണ്ടി വരും. അത്കൊണ്ട് താങ്കള്‍ അമേരിക്കന്‍ സിറ്റിസണ്‍‌ഷിപ്പ് ഒഴിവാക്കുക. താങ്കള്‍ക്ക് കേബിനറ്റ് റാങ്കോടുകൂടി Scientific Advisor to Prime Minister എന്ന പദവി നല്‍കാം.  മാതൃരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി താന്‍ ആവിഷ്ക്കരിച്ച സ്വപ്നപദ്ധതി ടെലികോം ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ അവഗണിച്ച് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇതാണ് വഴിയെന്ന് സാമിന് തോന്നി. അങ്ങനെ 1987ല്‍ അമേരിക്കന്‍ പൌരത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രിയുടെ Scientific Advisor to Prime Minister എന്ന പദവിയും ടെലികോം കമ്മീഷന്റെ (Telecom Commission) ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തു. ഭാര്യയും മക്കളും ഡല്‍ഹിയില്‍ താമസമാക്കി.

അധികാരമുള്ള രണ്ട് പദവികള്‍ കൈവശമുള്ളത്കൊണ്ട് ടെലികോം അധികാരികള്‍ പത്തി താഴ്ത്തി. കൂടാതെ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്ത് എന്ന നിലയില്‍ എല്ലാ മന്ത്രിമാരും നേതാക്കളും സാമിനോട് ബഹുമാനപൂര്‍വ്വം പെരുമാറി. C-DOT ഡിജിറ്റല്‍ സ്വിച്ച് ,  ട്രാന്‍സ്മിഷന്‍ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാനുള്ള അവകാശം റോയല്‍റ്റി അടിസ്ഥാനത്തില്‍ ചില പൊതുമേഖലസ്ഥാപനങ്ങള്‍ക്കും നാല്പതോളം സ്വകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കി.  ടെലികോം ഉല്പാദനരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായി. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന് വരാനും നഗരങ്ങളിലേത് നവീകരിക്കപ്പെടാനും തുടങ്ങി. നമുക്ക് STD/ISD സൌകര്യങ്ങള്‍ കിട്ടിത്തുടങ്ങി.  പബ്ലിക്ക് ടെലിഫോണ്‍ ബൂത്തുകള്‍ അനുവദിക്കപ്പെട്ടു.  ബൂത്ത് അനുവദിക്കുന്നതില്‍ വികലാംഗര്‍ക്ക് മുന്‍‌ഗണന നല്‍കപ്പെട്ടു. 20 ശതമാനമായിരുന്നു ബൂത്ത് ഉടമകള്‍ക്ക് കമ്മീഷന്‍ .

അങ്ങനെ സാമിന്റെ  സ്വപ്നങ്ങള്‍ , പദ്ധതികള്‍  ഒന്നൊന്നായി മുന്നേറിക്കൊണ്ടിരിക്കവേ 1989ല്‍ കനത്ത തിരിച്ചടി നേരിട്ടു. തോല്‍‌വികളുടെയും പരീക്ഷണങ്ങളുടെയും നാളുകള്‍ . Law of Average പോലെ വിജയവും തോല്‍‌വിയും.  താങ്ങാനാവാത്ത മാനസികസമ്മര്‍ദ്ധത്താല്‍ 1990ല്‍ നാല്പത്തിയെട്ടാമത്തെ വയസ്സില്‍ സാമിന് കടുത്ത ഹൃദ്രോഗബാധ(Massive Heart Attack)യുണ്ടായി...

( അടുത്ത അദ്ധ്യായത്തോടെ അവസാനിക്കും)

സാം പിട്രോഡ - 3

രാജീവ് ഗാന്ധിയുമായി പിന്നീട് സാം പല തവണ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. സ്വാഭാവികമായും അവര്‍ നല്ല സുഹൃത്തുക്കളാവുകയും ചെയ്തു.  ഇന്ദിരാഗാന്ധിയെ സന്ധിച്ച് അധികം കഴിയുന്നതിന് മുന്‍പ് തന്നെ സാം പിട്രോഡ ചെയര്‍മാനായി C-DOT (Centre for Development of Telematics) എന്ന ഗവേഷണസ്ഥാപനം ആരംഭിക്കാന്‍ 50 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. 1984 ആഗസ്റ്റില്‍ C-DOT പ്രവര്‍ത്തനം ആരംഭിച്ചു.

സാമിന്റെ രക്ഷിതാക്കള്‍ ഇതിനകം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നു. മക്കള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. അത്കൊണ്ട് കുടുംബം അമേരിക്കയിലും സാം തനിയെ ഡല്‍ഹിയിലുമായി സി-ഡോട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഒരു സെക്രട്ടരിയെയും സര്‍ക്കാര്‍ സാമിന് അനുവദിച്ചിരുന്നു. തനിക്ക് സര്‍ക്കാര്‍ ശമ്പളം ആവശ്യമില്ലെന്ന് സാം സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ വേതനരഹിതമായി സര്‍ക്കാര്‍ ജോലി ചെയ്യാന്‍ നിയമം അനുവദിക്കാത്തതിനാല്‍ സാമിന്റെ ശമ്പളം വര്‍ഷത്തില്‍ ഒരു രൂപ എന്ന് നിശ്ചയിക്കുകയായിരുന്നു.  പഴയ കണക്ക് വെച്ചാണെങ്കില്‍ സാമിന്റെ മാസശമ്പളം ഒന്നേകാല്‍ അണയും കാശും. (16 അണ ഒരു രൂപ).

ഇന്ത്യയിലുള്ള എല്ലാ ഐ.ഐ.ടി.(Indian Institute of Technology)കളിലും മികച്ച ചില എഞ്ചിനീയറിങ്ങ് കോളേജുകളിലും ക്യാമ്പസ്സ് ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സാം അവിടങ്ങളിലുള്ള വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു.  സാമിന്റെ ആര്‍ജ്ജവമാര്‍ന്ന സംഭാഷത്തില്‍ ആകൃഷ്ടരായ വിദ്യാര്‍ത്ഥികള്‍ സി-ഡോട്ടില്‍ ചേരാന്‍ മുന്നോട്ട് വന്നു. അങ്ങനെ മുന്നോട്ട് വന്നവരില്‍ പകുതി പേരും അമേരിക്കയില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിച്ചവരായിരുന്നു എന്നത് എടുത്ത് പറയേണ്ടതുണ്ട്. ഒരു മാസത്തില്‍ അമ്പത് യുവ എഞ്ചിനീയര്‍മാരെ സാം റിക്രൂട്ട് ചെയ്തു.  അങ്ങനെ രാപ്പകല്‍ വിശ്രമമില്ലാതെ C-DOT ന് വേണ്ടി കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് ഒക്ടോബര്‍ മാസത്തില്‍ ശ്രീമതി ഇന്ദിരാഗാന്ധി ദാരുണമായി കൊല്ലപ്പെടുന്നത്.  അടുത്ത പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരമേറ്റു.  പ്രധാനമന്ത്രിയായി ഒരു മാസം കഴിഞ്ഞപ്പോള്‍ രാജീവ്ഗാന്ധി സാമിനെ വിളിച്ചു വരുത്തി പറഞ്ഞു, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ചെലവ് എത്രയായാലും പ്രശ്നമില്ല. പദ്ധതിയുമായി മുന്നോട്ട് പോവുക.

നമ്മുടെ സര്‍ക്കാര്‍ ആഫീസുകളില്‍ ഒരു തരം കൊളോണിയല്‍ സംസ്ക്കാരമാണല്ലോ നിലനിന്നിരുന്നത്. മേലുദ്യോഗസ്ഥരെ സല്യൂട്ട് ചെയ്ത് സര്‍ വിളിക്കണം.  എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം.  ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ സ്ഥാപനമായ സി-ഡോട്ടില്‍ അമേരിക്കന്‍ മോഡല്‍ Open Culture സാം പിട്രോഡ നടപ്പാക്കുന്നത്. അതനുസരിച്ച് ആരും സര്‍ വിളിക്കാന്‍ പാടില്ല. പരസ്പരം പേര് വിളിച്ചു മാത്രമേ സംബോധന ചെയ്യാന്‍ പാടുള്ളൂ. ഒരു കാരണവശാലും മേലുദ്യോഗസ്ഥര്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പാടില്ല. മീറ്റിങ്ങുകളില്‍ നിര്‍ഭയം ഉള്ള് തുറന്ന് സംസാരിക്കണം.  ആവശ്യമാണെങ്കില്‍ സാമിനെ പോലും മുഖത്ത് നോക്കി എതിര്‍ത്ത് സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യാം. ( സാം നടപ്പാക്കിയ ചില പരിഷ്ക്കാരങ്ങളാണ് ഇവയൊക്കെ. ഇത്തരം തുറന്ന സംസ്ക്കാരം ഇന്നും നമ്മുടെ സര്‍ക്കാര്‍
ആഫീസുകള്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും അന്യമാണ്. ഇന്ത്യയിലെ തന്നെ MNC കമ്പനികളില്‍ പണിയെടുക്കുന്നവര്‍ക്ക് ഈ വ്യത്യാസം മനസ്സിലാകും.)

സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് അടിസ്ഥാനശമ്പളവും മറ്റാനുകൂല്യങ്ങളും നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ C-DOT എഞ്ചിനീയര്‍മാര്‍ക്ക് സാം മറ്റ് സൌജന്യങ്ങളും സൌകര്യങ്ങളും ഉദാരമായി അനുവദിച്ചു.  താമസിക്കാന്‍ വീട് (C-DOT leased accommodation), വീട്ടില്‍ നിന്ന് ആഫീസില്‍ പോയിവരാന്‍ കാറ്, കേന്റീനില്‍ സദാസമയവും ( 365 X 24) സൌജന്യമായി ആഹാരം, വ്യായാമം ചെയ്യാനും വിശ്രമിക്കാനും ഇന്‍ഡോര്‍ സ്റ്റേഡിയം, ഔദ്യോഗികാ‍വശ്യത്തിന് യാത്ര ചെയ്യാന്‍ വിമാനടിക്കറ്റ്. അന്ന് IAS കാര്‍ക്ക് പോലും സൌജന്യവിമാനയാത്ര ലഭിച്ചിരുന്നില്ല, ഫസ്റ്റ് ക്ലാസ് റെയില്‍‌വേ ടിക്കറ്റ് മാത്രം. സീനിയര്‍ ഐ.എ.എസ്സ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനയാത്ര അനുവദിക്കപ്പെട്ടിരുന്നുള്ളൂ.

അന്ന് ഇത്തരം  സൌകര്യങ്ങള്‍ ഇന്ത്യയിലെ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഒരു കമ്പനിയിലും സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. അതിനാല്‍ സി-ഡോട്ടിലെ ചെറുപ്പക്കാരായ എഞ്ചിനീയര്‍മാര്‍ ആത്മാര്‍ത്ഥമായി, കഠിനമായി പണിയെടുത്തു. സാമിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അവര്‍ക്ക് ആവേശവും പ്രേരണയും പകര്‍ന്ന് നല്‍കി. ജോലി, ഭക്ഷണം, വിശ്രമം, വിനോദം അങ്ങനെ C-DOT ആഫീസ് അവര്‍ക്ക് ഒരു കോളേജ് ക്യാമ്പസ്സിന്റെ പ്രതീതിയാണ് നല്‍കിയത്. കുടുംബം ഷിക്കാഗോയില്‍ ആയിരുന്നതിനാല്‍ ഉറങ്ങുന്ന സമയം ഒഴിച്ചു ബാക്കി സമയങ്ങളിലെല്ലാം സാം ആഫീസില്‍ തന്നെ കഴിച്ചുകൂട്ടി.  ചെറുപ്പക്കാരായ ആ എഞ്ചിനീയര്‍മാര്‍ക്കൊപ്പം ടെന്നീസ് കളിച്ചും  നര്‍മ്മഭാഷണങ്ങളില്‍ ഏര്‍പ്പെട്ടും തോളില്‍ തട്ടി ജോലി ചെയ്യിച്ചും അവരുടെ സഹോദരനെ പോലെയും സുഹൃത്തിനെ പോലെയും സഹജമായി സാം ഇടപഴകി. സി-ഡോട്ട് മേധാവി എന്നൊരു ജാഡ ഒരിക്കലും സാമില്‍ കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് വാക്ക് കൊടുത്ത പോലെ  മൂന്ന് വര്‍ഷത്തിനുള്ളില്‍ 1987ല്‍ സ്വന്തമായ സാങ്കേതികവിദ്യ ഉപയോഗിച്ച് 128 RAX – Rural Automatic Exchange സി-ഡോട്ട് പ്രവര്‍ത്തനസജ്ജമാക്കി. അതിന്റെയൊന്നും വിശദാംശങ്ങളിലേക്ക് കടക്കാനുള്ള സാങ്കേതികപരിജ്ഞാനം എനിക്കില്ല.  ഇന്ത്യന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികക്കല്ലായിരുന്നു 1987 എന്ന് മാത്രം പറഞ്ഞുവെക്കാം. അപ്പോഴേക്കും സി-ഡോട്ടിലെ സ്റ്റാഫുകളുടെ എണ്ണം 500 ആയി ഉയര്‍ന്നിരുന്നു. ശരാശരി വയസ്സ് 25. ഡല്‍ഹിയിലും ബാംഗ്ലൂരിലും കാര്യാലയങ്ങളും.  അങ്ങനെ സാമിന്റെ നേതൃത്വത്തില്‍ സി-ഡോട്ട് ഇങ്ങനെ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍  അഴിമതിവീരന്മാരായ ചില ബ്യൂറോക്രാറ്റുകള്‍ക്ക് ഇതത്ര രസിച്ചില്ല. അവരുടെ എതിര്‍പ്പുകളെയും പാരകളെയും സാം എങ്ങനെ നേരിട്ടു എന്ന് നോക്കാം.

ഫോട്ടോ കടപ്പാട്: C-DOT

(തുടരും)

സാം പിട്രോഡ - 2

ന്ത്യയില്‍ വാര്‍ത്താവിനിമയ സാങ്കേതിക വിദ്യ നവീകരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഒരു കത്ത് സാം ഷിക്കാഗോ നഗരത്തില്‍ നിന്ന് ഇന്ത്യന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പ് മേധാവിക്ക് അയച്ചെങ്കിലും ഒരു മറുപടിയും അദ്ദേഹത്തിന് ലഭിച്ചില്ല. വീണ്ടും ദീര്‍ഘമായ മറ്റൊരു കത്ത് എഴുതിയെങ്കിലും നിഷ്പലം. മറുപടിയില്ല. എന്നിട്ടും നിരാശനാകാതെ പിന്നെയും എഴുതിയപ്പോള്‍ ദല്‍ഹിയില്‍ വന്ന് തന്നെ കാണാന്‍ ആവശ്യപ്പെട്ടുകൊണ്ട് മേധാവിയില്‍ നിന്നും മറുപടി കിട്ടി. താമസിയാതെ സാം ദല്‍ഹിയിലെത്തി തന്റെ പദ്ധതികള്‍ DOT മേധാവിക്ക് വിശദീകരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം ഞെട്ടി. അത്ഭുതകരമായ പദ്ധതി. പക്ഷെ പണം എങ്ങനെ കണ്ടെത്തും? മാത്രമല്ല നയപരമായ മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. അതിന് എനിക്കെന്നല്ല വകുപ്പ് മന്ത്രിക്ക് പോലും അധികാരമില്ല. അങ്ങനെയെന്നാല്‍ ആര്‍ക്കാണധികാരം എന്ന ചോദ്യത്തിന് പ്രൈം മിനിസ്റ്റര്‍ എന്നായിരുന്നു ഉത്തരം. ശ്രീമതി. ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി.

എനിക്ക് അടിയന്തിരമായി പ്രൈം മിനിസ്റ്ററെ കാണണം. ഏര്‍പ്പാട് ചെയ്യാമോ എന്നായി സാമിന്റെ ചോദ്യം. അത് കേട്ട് ഒന്ന് അമ്പരന്നെങ്കിലും സാമിന്റെ വ്യക്തിഗതനേട്ടങ്ങളും ദൃഢനിശ്ചയവും മനസ്സിലാക്കിയ മേധാവി, ഏര്‍പ്പാട് ചെയ്യാം പക്ഷെ അല്പം കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഒരു മാസത്തെ താമസം പ്ലാന്‍ ചെയ്തിട്ടാണ് താന്‍ വന്നിട്ടുള്ളത്. അത് വരെ കാത്തിരിക്കാമെന്ന് സാമും അറിയിച്ചു. ഡോട്ട് മേധാവി തന്റെ സ്വാധീനം ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ആഫീസുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കുള്ളില്‍ പത്ത് മിനിട്ട് സാമിന് ഇന്ദിരാഗാന്ധിയുമായി അപ്പോയ്‌മെന്റ് ശരിയാക്കി. എന്നാല്‍ പത്ത് മിനിട്ട് കൊണ്ട് തനിക്ക് ഒന്നും വിശദീകരിക്കാന്‍ കഴിയില്ലെന്നും ഒരു മണിക്കൂറെങ്കിലും വേണമെന്ന് സാം പറഞ്ഞു. വീണ്ടും പ്രധാനമന്ത്രിയുടെ ആഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു മണിക്കൂര്‍ സമയം അനുവദിക്കാനാവില്ല എന്നായിരുന്നു മറുപടി.  പ്രധാനമന്ത്രിക്ക് ഒരു മണിക്കൂര്‍ സമയം തരാന്‍ കഴിയുമ്പോള്‍ എന്നെ അറിയിക്കണമെന്നും അപ്പോള്‍ താന്‍ വീണ്ടും വരാമെന്നും നന്ദിയും പറഞ്ഞ് സാം ഷിക്കാഗോവിലേക്ക് തിരിച്ചുപോയി.

അനുവദിക്കപ്പെട്ട പത്ത് നിമിഷം സമയം നിരസിച്ചുപോയ സാമിന്റെ ആര്‍ജ്ജവവും ഇച്ഛാശക്തിയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മേധാവിയെ ആകര്‍ഷിക്കുക തന്നെ ചെയ്തു. അപ്പോള്‍ രാജീവ് ഗാന്ധി വൈമാനികനായി ജോലി നോക്കുകയാണെങ്കിലും നവീനസാങ്കേതികവിദ്യകളില്‍ ആ‍ഭിമുഖ്യവും താല്പര്യവുമുണ്ടായിരുന്നു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ സാം പിട്രോഡയെ പറ്റിയുള്ള വിവരങ്ങള്‍ ആ മേധാവി രാജീവ് ഗാന്ധിക്ക് എത്തിച്ചുകൊടുത്തു. രാജീവ് ഗാന്ധി അമേരിക്കയിലെ അംബാസിഡറുമായി ബന്ധപ്പെട്ട് പിട്രോഡയെ പറ്റി വിശദമായ വിവരങ്ങള്‍ (Background and Security checks)  ശേഖരിക്കാന്‍ ആവശ്യപ്പെട്ടു.

ഷിക്കാഗോയില്‍ തിരിച്ചെത്തി ആറ് മാസമായിട്ടും ഡോട്ടില്‍ നിന്ന് ഒരു വിവരവും ലഭിക്കാത്തത് കണ്ട് സാം റോക്ക് വെല്‍ (Rockwell)  സ്ഥാപനത്തില്‍ വൈസ് ചെയര്‍മാനായി ജോലിയില്‍ മുഴുകി. അങ്ങനെയിരിക്കെ 1984 ആദ്യത്തില്‍ ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ചക്ക് ഒരു മണിക്കൂര്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ആഫീസില്‍ നിന്ന് സാമിന് അറിയിപ്പ് ലഭിക്കുന്നു. ഉടനെ തന്നെ താന്‍ ഡല്‍ഹിയില്‍ എത്തുന്ന കാര്യം കണ്‍ഫോം ചെയ്ത് അറിയിച്ചിട്ട് പ്രധാനമന്ത്രിയെ കാണുമ്പോള്‍ സമര്‍പ്പിക്കാന്‍ പദ്ധതി സംബന്ധമായ രേഖകളും പ്രസന്റേഷനുകളും തയ്യാറാക്കുന്നതില്‍ വ്യാപൃതനായി. ഡല്‍ഹിയില്‍ എത്തിയ അദ്ദേഹത്തിന് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ദിരാഗാന്ധിയെ കൂടാതെ രാജീവ് ഗാന്ധി ചില കേബിനറ്റ് മന്ത്രിമാര്‍ എന്നിവരെ അഭിമുഖീകരിച്ച് തന്നെ പറ്റിയും തന്റെ പദ്ധതികളെ പറ്റിയും വിശദീകരിക്കാനുള്ള അവസരമാണ് കിട്ടിയത്.  ഇന്ത്യന്‍ വാര്‍ത്താവിനിമയ ശൃംഖല ആധുനീകരിക്കേണ്ടതിന്റെ ആവശ്യകതയും ദൂരവ്യാപകമായ പ്രവര്‍ത്തനപദ്ധതിയും സാം അവരുടെ മുന്നില്‍ അവതരിപ്പിച്ചു. മന്ത്രിമാരുടെ നിശിതമായ സംശയങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം പറഞ്ഞു.

അദ്ദേഹത്തിന്റെ പദ്ധതിയുടെ പ്രധാനപ്പെട്ട അംശങ്ങള്‍ ഇവയായിരുന്നു.

1) ഇന്ത്യയിലെ ഗ്രാമങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ച് ഡിജിറ്റല്‍ സ്വിച്ച് (Digital Switches) നിര്‍മ്മിക്കണം.

2) ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കാലഹരണപ്പെട്ട മെക്കാനിക്കല്‍ സ്വിച്ചുകള്‍ (Mechanical Switches) ഇനി മേലില്‍ വാങ്ങാന്‍ പാടില്ല.

3) ഇന്ത്യ സ്വന്തമായി സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത് വരെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ നഗരങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സ്വിച്ചുകള്‍ വില എത്രയായാലും കണക്കിലെടുക്കാതെ വിദേശരാജ്യങ്ങളില്‍ നിന്ന് വാങ്ങണം.

യോഗം ഒരു മണിക്കൂറിലും അധികം നീണ്ടുപോയി. അവസാനിച്ചപ്പോള്‍ രാജീവ് ഗാന്ധി എഴുന്നേറ്റ് വന്ന് സാം പിട്രോഡയുടെ കൈപിടിച്ചു ആശംസകള്‍ അറിയിച്ചു. ഞാനാണ് ഈ യോഗം ഏര്‍പ്പാട് ചെയ്തതെന്ന് പറഞ്ഞ് രാജീവ് ഗാന്ധി സാമിനെ ആശ്ലേഷിക്കുകയും ചെയ്തു. സാം തന്നേക്കാളും രണ്ട് വയസ്സ് ഇളയവനായ രാജീവ് ഗാന്ധിയെ നന്ദിയോടെ നോക്കി. ഗാഢമായ ഒരു സൌഹൃദബന്ധം അവര്‍ക്കിടയില്‍ മുള പൊട്ടിയ അപൂര്‍വ്വ നിമിഷം!

(തുടരും)

* ഫോട്ടോവിനും വിവരങ്ങള്‍ക്കും കടപ്പാട് പതിവ് പോലെ ഗൂഗിളിന്.

സാം പിട്രോഡ - 1

ന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ ചുരുങ്ങും. ഏകദേശം 60 കോടി മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്. എവിടെ പോയാലും പബ്ലിക്ക് കോള്‍ ബൂത്തുകളും കാണാം. നമ്മള്‍ ഓരോരുത്തരും  ഇരുപത്തിനാല് മണിക്കൂറും  നമ്മുടെ ബന്ധുക്കളുമായും വേണ്ടപ്പെട്ടവരുമായും കണക്ടഡാണ്. റെയില്‍‌വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും യാത്രയയ്ക്കാന്‍ പോകുന്നവര്‍ ഇന്ന് ചിരിച്ചുകൊണ്ടാണ് റ്റാ റ്റാ പറയുന്നത്. മുന്‍പ് അങ്ങനെയായിരുന്നില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും യാത്രയയ്ക്കാറ്. ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ കൈലേസ് കൊണ്ട് പലരും കണ്ണീരൊപ്പുന്നത് കാണാം. കാരണം യാത്ര പറഞ്ഞുപോയവരില്‍ നിന്ന് ഇനിയൊരു വിവരം അറിയണമെങ്കില്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും. സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിയോ എന്ന് ഉടനെ അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. നമ്മൂടെ ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഒരു വിപ്ലവം തന്നെയാണ് നടന്നത്. എന്നാല്‍ ആ വിപ്ലവത്തിന്റെ വിത്ത് പാകിയ, ആധുനിക ഇന്ത്യന്‍ ടെലിക്കമ്മ്യൂണിക്കേഷന്റെ പിതാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സാം പിത്രോഡയെ എത്ര പേര്‍ ഓര്‍മ്മിക്കുന്നുണ്ട്?

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ വാര്‍ത്താവിനിമയരംഗം വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു. ടെലിഫോണ്‍ ഉള്ള വീടുകള്‍ പണക്കാരുടെയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടേതോ മാത്രമായിരുന്നു. ആഡംബരചിഹ്നമായിരുന്നു ടെലിഫോണുകള്‍. പോസ്റ്റോഫീസുകളില്‍ മാത്രമായിരുന്നു പബ്ലിക്ക് ഫോണ്‍ ലഭ്യമായിരുന്നത്.  STD/ISD എന്നിവ വിളിക്കണമെങ്കില്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്തിട്ട് കാത്തിരിക്കണം. 97 ശതമാനം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ടെലിഫോണ്‍ സൌകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സ്ഥിതിയിലാണ് 1984ല്‍ ഗവണ്മേന്റിന്റെ കീഴില്‍ C-DOT (Centre for Development Telematics) എന്നൊരു ഗവേഷണ സ്ഥാപനം തുടങ്ങി അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് വെറും ആറ് വര്‍ഷം കൊണ്ട് ഇന്ത്യയൊട്ടാകെ ശക്തമായൊരു ടെലിക്കമ്മ്യൂണിക്കേഷന്‍ ബേക്ക്ബോണ്‍ സ്ഥാപിച്ച് എവിടെ നോക്കിയാലും പബ്ലിക്ക് കോള്‍ ബൂത്തുകളും ഗ്രാമങ്ങളിലെല്ലാം ഫോണ്‍ കണക്‍ഷനുകളും നല്‍കി വാര്‍ത്താവിനിമയവിപ്ലവത്തിന് സാം പിട്രോഡ നേതൃത്വം നല്‍കിയത്. ഇന്ന് കാണുന്ന സാമ്പത്തികപുരോഗതിക്കെല്ലാം അസ്തിവാരം ഈ വാര്‍ത്താവിനിമയവിപ്ലവമായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്.

1942ല്‍ ഒറീസ്സയിലെ തിത്ത്‌ലഗര്‍ എന്ന ഗ്രാമത്തിലാണ് ഒരു ആശാരികുടുംബത്തില്‍ സാം പിട്രോഡ ജനിച്ചത്. ഗുജറാത്തില്‍ നിന്ന് ഒറീസ്സയിലേക്ക് കുടിയേറിയതാണ് കുടുംബം. സത്യനാരായണ്‍ ഗംഗാറാം പിത്രോഡ എന്നാണ് ശരിയായ പേര്. എട്ട് മക്കളായിരുന്നു സാമിന്റെ അച്ഛന്. തന്റെ കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് എട്ട് മക്കളെയും പഠിപ്പിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ ഗുജറാത്തിലുള്ള ഹൈസ്കൂളില്‍ സാം ചേര്‍ന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ മഹരാഷ്ട്ര സായിറാവു സര്‍വ്വകലാശാലയില്‍ ഭൌതികശാസ്ത്രത്തില്‍(Physics)ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ സാം 1964ല്‍ പിതാവ് നല്‍കിയ 400 ഡോളര്‍ പണവുമായി അമേരിക്കയില്‍ പോയി ഷിക്കാഗോ നഗരത്തിലെ IIT (Illinois Institute of Technology)യില്‍ M.S in Electrical Engineering പഠിക്കാന്‍ ചേര്‍ന്നു. മെറ്റെല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പോലെ പാര്‍ട്ട് ടൈം ജോലി ചെയ്തുകൊണ്ടാണ് പഠിപ്പ് പൂര്‍ത്തിയാക്കിയത്. പിന്നീട് ഷിക്കാഗോയില്‍ തന്നെ GTE എന്ന സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. 1974 വരെ GTE യില്‍ Digital Switching ല്‍ റിസര്‍ച്ച് എഞ്ചിനീയറായി ജോലി നോക്കുമ്പോള്‍ മുപ്പത്തോളം കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം പേറ്റന്റ് നേടിയിരുന്നു. ഇതിനിടയില്‍ ഒരു ഇന്ത്യക്കാരിയെ കല്ല്യാണം കഴിക്കുകയും അമേരിക്കന്‍ പൌരത്വം സമ്പാദിക്കുകയും അച്ചനമ്മമാരെയും മിക്കവാറും എല്ലാ സഹോദരങ്ങളെയും അമേരിക്കയില്‍ എത്തിക്കുകയും ചെയ്തിരുന്നു.

1974ല്‍ അച്ഛന്റെ ഉപദേശപ്രകാരം സാം Wescom Switching Inc. എന്നൊരു കമ്പനി തുടങ്ങി. രണ്ട് അമേരിക്കന്‍ സുഹൃത്തുക്കള്‍ നല്‍കിയ പണമായിരുന്നു മൂലധനം. ആ സ്ഥാപനം 20 കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് സമ്പാദിച്ചു ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം Rockwell എന്ന സ്ഥാപനത്തിന് 4 മില്ല്യണ്‍ ഡോളറിന് വിറ്റു. അങ്ങനെ മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ സാം അമേരിക്കയിലെ ഡ്രീം മില്ല്യണയര്‍ ആയി. (ഇത് ഇവിടെ പറയാന്‍ കാരണം സാം പിട്രോഡയ്ക്കെതിരെ ഇന്ത്യയില്‍ പിന്നീട് ഒരു അഴിമതിക്കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. കെ.പി.ഉണ്ണികൃഷ്ണന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ആയിരുന്നപ്പോള്‍)

1981ല്‍ സാം ഒരവധിക്ക് ഇന്ത്യയില്‍ വന്ന് ഒറീസ്സയിലുള്ള സ്വന്തം ഗ്രാമത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് അമേരിക്കയിലേക്ക് ഫോണ്‍ ചെയ്യേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിനതിന് കഴിഞ്ഞില്ല. അടുത്തെങ്ങും ടെലഫോണ്‍ സൌകര്യം ഇല്ലായിരുന്നു. അവധിക്കാലം കഴിഞ്ഞ് അമേരിക്കയില്‍ മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ ചിന്തയെല്ലാം തന്റെ മാതൃരാജ്യത്തെക്കുറിച്ചായിരുന്നു. ഒരു കുറ്റബോധം മനസ്സിനെ അലട്ടി. 38 വയസ്സിനുള്ളില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്ത് 50ലധികം പേറ്റന്റുകള്‍ നേടി കോടീശ്വരനായി. പക്ഷെ തന്റെ രാജ്യത്ത് സാമ്പത്തികവളര്‍ച്ചയുടെ നട്ടെല്ലായി വര്‍ത്തിക്കേണ്ട ടെലിക്കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പരിതാപകരമായ അവസ്ഥയിലാണുള്ളത്. പാശ്ചാത്യനാടുകളില്‍ നിന്ന് കാലഹരണപ്പെട്ട Mechanical Switches കോടിക്കണക്കിന് രൂപ കൊടുത്ത് ഇന്ത്യന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇറക്കുമതി ചെയ്ത് വാങ്ങേണ്ടി വരുന്നു. ഇന്ത്യയിലെ ടെലിക്കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആധുനികവല്‍ക്കരിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ഒരു പദ്ധതിയും DOT (Department of Telecommunications) എന്ന സര്‍ക്കാര്‍ വകുപ്പിന് ഇല്ല. ഈ രംഗത്ത് തന്നെക്കൊണ്ട് കഴിയുന്നത് ചെയ്യണമെന്ന് സാം പിട്രോഡ മനസ്സില്‍ ഉറപ്പിക്കുന്നു.

(തുടരും)


കൂത്ത് , ബ്ലോഗ് , പ്രവാസി ......

കൂത്ത്

കൂത്ത് കലാകാരനായ ഗോവിന്ദന്‍ തന്റെ മകന്‍ കതിരിനെയും കൂട്ടി രാവിലെ തന്നെ ചെന്നൈ നഗരത്തിലെത്തുന്നു. പത്ത് മണിക്ക് ഒരു സ്കൂളില്‍ ഫങ്ഷനോടനുബന്ധിച്ച് അന്ന് കൂത്ത് ഏര്‍പ്പാട് ചെയ്തിരുന്നു.  കര്‍ണ്ണന്‍ ആയിരുന്നു കഥ. പരിപാടി തുടങ്ങാന്‍ താമസിച്ചു പോകേണ്ട എന്ന് കരുതി വഴിയിലൊരു മൈതാനത്തിരുന്നു കര്‍ണ്ണന്റെ മേക്കപ്പ് ചെയ്തിട്ടാണ് വഴി ചോദിച്ച് മനസ്സിലാക്കി ഗോവിന്ദന്‍ സ്കൂളില്‍ എത്തുന്നത്.  കൂത്ത് കഴിഞ്ഞ് കിട്ടുന്ന പ്രതിഫലത്തില്‍ നിന്ന്  ഒരു ക്രിക്കറ്റ് ബാറ്റും ബോളും വാങ്ങിത്തരാമെന്ന് വഴിയില്‍ വെച്ചു തന്നെ മകനോട് വാഗ്ദ്ധാനവും ചെയ്തിരുന്നു. ഗ്രാമത്തില്‍ നിന്നും 50 രൂപയും കൊണ്ടാണ് ഗോവിന്ദന്‍ പട്ടണത്തില്‍ എത്തിയിരുന്നത്.  സ്കൂളില്‍ എത്തിയപ്പോള്‍ അവിടെ വിജനം.  ഏതോ വി.ഐ.പി.യുടെ മരണം നിമിത്തം സ്കൂളിന് അന്ന് അവധിയായിരുന്നു. ഫങ്ഷന്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടിരുന്നു.  മുട്ടുക്കാട്ടില്‍ ടൂര്‍ പോയിരുന്ന സ്കൂള്‍ പ്രിന്‍സിപ്പളിനെ ഫോണില്‍ വിളിച്ചു ഗോവിന്ദന്‍ പറയുന്നു, നാട്ടില്‍ നിന്ന് അമ്പത് രൂപയുമായിട്ടാണ് വന്നത്, സഹായിക്കണം.  രാത്രി ഏഴു മണിക്ക് ഞാന്‍ തിരിച്ചു വീട്ടില്‍ വരും എന്നെ കാത്തിരിക്കാമോ എന്ന് പ്രിന്‍സിപ്പള്‍ ചോദിക്കുന്നു.  ശരി, ഗോവിന്ദന്റെ മുന്നില്‍ വേറെ വഴി ഇല്ലായിരുന്നു.  ഗോവിന്ദന്റെ അന്നത്തെ ദിവസമാണ്  "കര്‍ണ്ണമോക്ഷം" എന്ന ഹ്രസ്വചിത്രം. തമിഴാണ്. നേഷനല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.  എനിക്കത് നന്നെ ഇഷ്ടപ്പെട്ടു.  അതിന്റെ തിരക്കഥ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇവിടെ പോസ്റ്റ് ചെയ്യണം.  രണ്ട് ഭാഗങ്ങളുള്ള വീഡിയോ താഴെ കാണാം.

ബ്ലോഗ്


 ഒരു  വിഷയത്തില്‍ സ്പെഷ്യലൈസ്  ചെയ്ത പോലെയാണ് ആളുകള്‍ ബ്ലോഗ് എഴുതുന്നത്.  രാഷ്ട്രീയം എഴുതുന്നവര്‍ രാഷ്ട്രീയം മാത്രം.  സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാ‍നും ന്യായീകരിക്കാനും മാത്രമേ കമന്റ് പോലും എഴുതുകയുള്ളൂ.  യുക്തിവാദം എഴുതുന്നവര്‍ യുക്തിവാദം മാത്രം.  കഥയും  കവിതയും  എല്ലാം അങ്ങനെ തന്നെ. അത്കൊണ്ട് കുറെ കഴിയുമ്പോള്‍ ആളുകള്‍ക്ക് വിഷയദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടാവണം. അത്കൊണ്ടാണല്ലൊ ബ്ലോഗര്‍മാരെ ബൂലോഗത്ത് കണ്ട് കണ്ട് കാണാത്താവുന്നത്.  ബ്ലോഗെഴുത്തുകാരന്  ഫ്ലെക്സിബിലിറ്റി വേണം എന്നെനിക്ക് തോന്നുന്നു. അപ്പോള്‍ മാത്രമേ ബ്ലോഗിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും  പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ.  ഇപ്പോള്‍ ഈ നിമിഷം  എന്താണ് ചിന്തിക്കുന്നത് അല്ലെങ്കില്‍ കാണുന്നത് അത് ബ്ലോഗില്‍ അടയാളപ്പെടുത്തി വെക്കാലോ.  കുറെ കഴിഞ്ഞ് , അന്ന് ഞാന്‍ അങ്ങനെ ചിന്തിച്ചിരുന്നു അല്ലെങ്കില്‍ അനുഭവിച്ചിരുന്നു എന്ന് വീണ്ടും ബ്ലോഗില്‍ വന്ന് ഓര്‍മ്മ പുതുക്കാലോ അല്ലേ.

പ്രവാസി


അയലത്തെ ഉണ്ണി അങ്ങനെ വീണ്ടും  ഗള്‍ഫിലേക്ക് തിരിച്ചു പോയി.  അറിഞ്ഞപ്പോള്‍ എനിക്ക് നേരിയ ദു:ഖം തോന്നി.  എല്ലാം മതിയാക്കി വന്നതായിരുന്നു അവന്‍ , ഇനിയുള്ള കാലം നാട്ടില്‍ ജീവിയ്ക്കാന്‍ വേണ്ടി.  നാലഞ്ച് മാസം പിടിച്ചുനിന്നു.  നാട്ടില്‍ ജീവിയ്ക്കാന്‍ ദിവസേന ഏറ്റവും കുറഞ്ഞത് മുന്നൂറ് രൂപയെങ്കിലും വേണം.  കല്യാണക്ഷണിതങ്ങള്‍ വേറെ. ഗള്‍ഫ്കാരനല്ലെ.  എന്തെങ്കിലും കുറയ്ക്കാന്‍ പറ്റുമോ.  ഉള്ള കാശ് എന്തിലാണ് മുടക്കുക. അല്ലെങ്കില്‍  നാട്ടില്‍ എന്ത് പണിയെടുക്കും.  ഇനിയും നിന്നാല്‍  എല്ലാം തീര്‍ന്ന് പെരുവഴിയിലാകും.  കുടുംബത്തെ കരയ്ക്കടുപ്പിക്കണ്ടെ.  പാതിവഴി ഇനിയും താണ്ടാനുണ്ട്.  പുതിയ വിസ തരപ്പെടുത്തി ഉണ്ണി വീണ്ടും  വിമാനം കയറി.

ഇന്നലെ  ബന്ധു കൂടിയായ മനുവിനെ ഫോണില്‍ വിളിച്ചു.  സൌദിയില്‍ നിന്ന് അവധിക്ക് വന്നതായിരുന്നു.  ഇനി പോയിട്ട് വേഗം തിരിച്ചു വന്ന് ബോംബേയില്‍  സെറ്റില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അവിടെ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.  ചെറുപ്പത്തില്‍ ബോംബെയ്ക്ക് നാടുവിട്ടുപോയ അവന്‍ അവിടെ നിന്നാണ് സൌദിയിലേക്ക് പോയതും  ജീവിതപങ്കാളിയെ കണ്ടെത്തിയതുമെല്ലാം.  ഒറ്റ മോനേ ഉള്ളൂ.  നാട്ടില്‍ വീട് പുതുക്കി പണിതിരുന്നു, ചില്ലറ സ്ഥലവും വാങ്ങിയിട്ടുമുണ്ട്.  രണ്ട് കുട്ടികളും പഠിക്കുന്നത് നാട്ടില്‍ തന്നെ. അവന് പ്രവാസം മതിയായി.  ഇവിടെ എന്ത് ചെയ്യാനാ, ബോംബേയില്‍ എങ്ങനെയും ജീവിയ്ക്കാം. അവന്‍ പറഞ്ഞു. അപ്പോള്‍ അച്ഛനും  അമ്മയും (രണ്ടാനമ്മയാണ്) എന്ത് ചെയ്യും? കുട്ടികളുടെ വിദ്യാഭ്യാസം? ഞാന്‍ ചോദിച്ചു. അവരും വരട്ടെ,  മറ്റിപ്പൊ എന്താ ചെയ്യുക .. അവന്റെ നിസ്സഹായത.  എനിക്ക് നേരിയ ആധി.  എന്റെ മരുമകനും പ്രവാസിയാണ്.  പ്രവാസം ഒരു കെണിയാണോ?  പ്രവാസികള്‍ക്ക് നാട് നഷ്ടപ്പെടുകയാണോ?



യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍

യുക്തിവാദവുമായി  ബന്ധപ്പെട്ട് ഞാന്‍ എഴുതിയ പോസ്റ്റ്  വ്യാപകമായി വായിക്കപ്പെട്ടുവെങ്കിലും  ഫലപ്രദമായൊരു  ചര്‍ച്ച സാധ്യമായില്ല. അത്കൊണ്ടാണ് വീണ്ടും ഒരു പോസ്റ്റ്  എഴുതേണ്ടി വന്നത്.  ഇതില്‍ കൂടി ഒരു സമവായത്തില്‍ എത്താമെന്ന ധാരണയൊന്നുമില്ല.  ഇത്തരം ഒരു ചര്‍ച്ചയില്‍  യുക്തിവാദിയുടെ നിലപാടുകള്‍ എന്തൊക്കെയാണെന്ന്  പരിശോധിക്കേണ്ടതുണ്ട്.  യുക്തിവാദികള്‍ക്കിടയില്‍ കാണാന്‍ കഴിഞ്ഞ പൊതുവായ ഒരു നിലപാട് മതമാണ് ഏറ്റവും വലിയ പ്രശ്നമെന്നാണ്. മതവിശ്വാസം ഒഴിവാക്കിക്കൊണ്ട് നമുക്കെല്ലാം യോജിച്ചുകൂടേ എന്നാണ് യുക്തിവാദികള്‍ ചോദിക്കുന്നത്.  മതം ഒഴിവായാല്‍ മാനവമൈത്രി സമാഗതമാവുമെന്നവര്‍ കരുതുന്നു. മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്ന വിഭാഗീയത മതം മാത്രമാണെന്നാണവര്‍ പറയുന്നു. അത്കൊണ്ട്  മതം തുലയണം മനുഷ്യന്‍ ഒന്നാകണം എന്നൊക്കെയാണ് മുദ്രാവാക്യം.  മതങ്ങള്‍ പരസ്പരം നിരാകരിക്കുന്നുണ്ട്.  എന്നാല്‍ പിന്നെ എല്ലാ മതങ്ങളെയും നിരാകരിച്ചുകൂടേ എന്നവര്‍ ചോദിക്കുന്നു.  മതമാണ് എല്ലാ തിന്മകളുടെയും പ്രഭവകേന്ദ്രം എന്നുമവര്‍ വാദിക്കുന്നു.  മതം ഒരു യാഥാര്‍ത്ഥ്യമാണ്. മതം നിലനില്‍ക്കുന്നത് അത് വിശ്വസിക്കുന്നവരുടെ മനസ്സിലും ചിന്തയിലും പ്രവര്‍ത്തിയിലും ഒക്കെയാണ്. മതം എന്നത് ആരാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതോ നിര്‍ബ്ബന്ധിക്കപ്പെടുന്നതോ അല്ല.  മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടരുകയാണ് ചെയ്യുന്നത്. അല്ലാതെ മതം ആരെയെങ്കിലും വേട്ടയാടുന്നതല്ല.  മതവും വിശ്വാസവും അതോടനുബന്ധിച്ചുള്ള ജീവിതചര്യകളും ഒക്കെ ഒഴിവാക്കിയാല്‍ ഇന്നത്തെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പിന്നെ  ചുരുക്കം വര്‍ഷങ്ങള്‍ മാത്രമേ ആകെ വേണ്ടതുള്ളൂ. കാരണം ഓരോ ദിവസവും വിശ്വാസവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മനുഷ്യര്‍ സമയം നീക്കിവെക്കുന്നുണ്ട്.  മാത്രമല്ല പിന്നെയും പിന്നെയും ജീവിയ്ക്കാനുള്ള പ്രേരണ ലഭിക്കുന്നതും അവരുടെ വിശ്വാസങ്ങളില്‍ നിന്നുമാണ്.

മതവും വിശ്വാസവും തെറ്റാണോ ശരിയാണോ എന്ന തര്‍ക്കത്തിലേക്കല്ല ഞാന്‍  പോയത്.  മതം ഇന്നും മനുഷ്യന് ആവശ്യമുണ്ട്.  തങ്ങള്‍ക്ക് മതം വേണം എന്ന് വിശ്വാസമുള്ളവര്‍ പറയുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടതില്ല എന്നാണ് എന്റെ യുക്തി.  മതവിശ്വാസം എത്രയോ ആളുകളെ നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിയ്ക്കാന്‍ സഹായിക്കുന്നു എന്നും എന്റെ യുക്തിക്ക് തോന്നുന്നു. ഇന്ന മതം എന്ന് ഞാന്‍ പറയുന്നില്ല.  പത്ത് പേര്‍ മതത്തിന്റെ പേരില്‍  എന്തെങ്കിലും കാട്ടിക്കൂട്ടുന്നുണ്ടെങ്കില്‍ തൊണ്ണൂറ് പേര്‍ മതത്തെ സ്വാംശീകരിച്ച് ധര്‍മ്മിഷ്ഠരായി ജീവിച്ചുപോരുന്നു എന്നും  എനിക്ക് തോന്നുന്നു.  അപ്പോള്‍ എങ്ങനെയാണ് മതം ഇല്ലാതാവുക?  എങ്ങനെയാണ് വിശ്വാസമുള്ളവര്‍ക്ക് മതത്തെയും  വിശ്വാസത്തെയും  ഒഴിവാക്കാനാവുക?  എന്തിന് മതത്തെ ഒഴിവാക്കണം? അതാണെന്റെ ചോദ്യം.  മതവും വിശ്വാസവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളുമാണോ ഇന്ന് സമൂഹത്തിലെ ഏറ്റവും പ്രശ്നം?  മതവും വിശ്വാസവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ ജനം?  നാനാകൂട്ടം പ്രശ്നങ്ങളില്‍ നട്ടം തിരിയുന്ന ജനം  വിശ്വാസത്തിലാണ് അഭയം ഇന്ന് കണ്ടെത്തുന്നത് എന്നതല്ലെ യാഥാര്‍ത്ഥ്യം? അത്കൊണ്ടാണ് മതത്തെയും വിശ്വാസങ്ങളെയും  എതിര്‍ക്കാതെ,  എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ടതായ ഒരുപാട് പ്രശങ്ങള്‍ സമൂഹത്തിലുണ്ട്, അതിനായി വിശ്വസികളോടൊപ്പം  ചേരാന്‍ ഞാന്‍ യുക്തിവാദികളോട് ആവശ്യപ്പെട്ടത്.  മതവും  ദൈവവിശ്വാസവും  അതോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയും  ചടങ്ങുകളും ഒക്കെയാണ് ഏറ്റവും വലിയ സാമൂഹ്യവിപത്ത് എന്ന് പറയുന്ന യുക്തിവാദികള്‍  ഒന്നും വിശ്വസിക്കുന്നില്ലേ? അങ്ങനെയും ചോദിക്കാമല്ലോ. അവരുടെ വിശ്വാസങ്ങള്‍ എല്ലാം യുക്തിക്ക് നിരക്കുന്നതും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതുമാണോ?  രാഷ്ട്രീയവിശ്വാസത്തെ പറ്റി യുക്തിവാദികളുടെ നിലപാട് അറിയാന്‍ കൌതുകമുണ്ടായിരുന്നു.

രാഷ്ട്രീയവിശ്വാസമാണ് ഏറ്റവും വലിയ തെറ്റ് , അതാണ് ഏറ്റവും വലിയ വര്‍ഗ്ഗീയത ഇക്കാലഘട്ടത്തില്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ അതെന്റെ യുക്തിയും, യുക്തിവാദികള്‍ക്ക് ഞാന്‍ അത്തും പിത്തും പറയുന്നതായും തോന്നും.  എന്തിനാണ് ഒരാള്‍ ഒരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത്?  ഇവിടെ ഒരു ഹിന്ദുവിനും മുസല്‍മാനും കൃസ്ത്യാനിക്കും  ഒരുമിച്ച് ഇടപെടാനും  ഉള്ള് തുറന്ന് സംസാരിക്കാ‍നും  പരസ്പരം സ്നേഹിക്കാനും ഒരു തടസ്സവുമില്ല.  അത്തരം ബന്ധങ്ങള്‍ ഇന്നും സര്‍വ്വത്ര കാണാന്‍ കഴിയും. എന്നാല്‍ ഒരു മാര്‍ക്സിറ്റ്കാരനും കോണ്‍ഗ്രസ്സുകാരനും ബി.ജെ.പി.ക്കാരനും അങ്ങനെ  ഒരുമിച്ച് ഉള്ള തുറക്കാനോ ഇടപെടാനോ ഇന്ന് കഴിയുമോ?  ഇല്ല. ചിലപ്പോള്‍ നേതാക്കന്മാര്‍ തമ്മില്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ നടക്കാമെങ്കിലും  പാര്‍ട്ടിവിശ്വാസികള്‍ ആജന്മശത്രുക്കളെപ്പോലെയാണ് ഇന്ന് നാട്ടില്‍ ജീവിയ്ക്കുന്നത്. അപ്പോള്‍ ഏതാണ് വര്‍ഗ്ഗീയത?  മതമാണ് വര്‍ഗ്ഗീയത എന്ന് ആരാണ് തീരുമാനിച്ചത്?  അങ്ങനെ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഇന്നത്തെ സാമൂഹ്യയാഥാര്‍ത്ഥ്യം മനസിലാക്കി ഉടനെ തിരുത്തണം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലാണ് ഇന്ന് വര്‍ഗ്ഗീ‍യത.

എന്റെ ചോദ്യം ആവര്‍ത്തിക്കട്ടെ.  എന്തിനാണ് ആളുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്നത്?  എന്തിനാണ് താന്‍ വിശ്വസിക്കാത്ത പാര്‍ട്ടിക്കാരനോട് ശത്രുതാമനോഭാവം   തോന്നുന്നത്? ആ മനോഭാവമല്ലേ വര്‍ഗ്ഗീയത.  പാര്‍ട്ടികള്‍ ഉണ്ടാക്കട്ടെ. അതിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും  നാട്ടിന് വേണ്ടി പ്രവര്‍ത്തിക്കട്ടെ.  വിശ്വാസികള്‍ പാര്‍ട്ടിക്കെന്തിന്?  തെരഞ്ഞെടുപ്പ് വരുമ്പോള്‍ വിശ്വാസ്യതയും  പെര്‍ഫോമന്‍സും വിലയിരുത്തി വോട്ട് ചെയ്ത് ജനപ്രതിനിധികളെയും  മന്ത്രിമാരെയും തെരഞ്ഞെടുക്കട്ടെ.  ജനങ്ങള്‍ ഒന്നായാല്‍ പോരേ.  രാഷ്ട്രീയപ്പാര്‍ട്ടി വിശ്വാസത്തിന്റെ പേരിലാണ് ഇന്ന് രാജ്യത്ത്  ആക്രമണങ്ങളും കൊലപാതകങ്ങളും ചേരിപ്പോരും  കൂടുതല്‍ നടക്കുന്നത്.  ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടി വിശ്വാസത്തില്‍ നിന്ന് മോചിതരായി ഒറ്റക്കെട്ടായ പൌരസഞ്ചയമാവണം എന്നാണ് എന്റെ യുക്തി എന്നോട് പറയുന്നത്.  ഞാന്‍ ഇത് കുറെക്കാലമായി പറയുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ എല്ലാം നാട്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തകന്മാര്‍ മാത്രം മതി.  വിശ്വാസികളോ അനുഭാവികളോ വേണ്ട.  ഒരു പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകനും നമ്മുടെ ശത്രുവല്ല.  എന്നാല്‍ ഇന്ന് പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ അണികളെ പറഞ്ഞു ധരിപ്പിക്കുന്നത് എന്താണ്?  യഥാര്‍ത്ഥമായ വര്‍ഗ്ഗീയവിഷം ഇന്ന് രാഷ്ട്രീയനേതാക്കളാണ് തങ്ങളുടെ അണികളില്‍ കുത്തിവെക്കുന്നത്.  എന്നിട്ട് മതമാണ് വര്‍ഗ്ഗീയത ഉണ്ടാക്കുന്നത് എന്ന പല്ലവിയില്‍ ഇക്കൂട്ടരുടെ യഥാര്‍ത്ഥ വര്‍ഗ്ഗീയത ഒളിപ്പിച്ചുവെക്കുന്നു. മരണവീടുകളില്‍ പോലും കോണ്‍ഗ്രസ്സുകാരനും മാര്‍ക്സിസ്റ്റുകാരനും തമ്മില്‍ തമ്മില്‍ മിണ്ടാറില്ല.  ഈ ശത്രുതയ്ക്ക് എന്ത് ന്യായീകരണമാണുള്ളത്?

ഇതൊന്നും യുക്തിവാദികള്‍ക്ക് മനസിലാവുന്നില്ല.  മതം ദൈവം എന്ന് കേട്ടാല്‍ എതിര്‍ക്കണെമെന്നേ യുക്തിവാ‍ദികള്‍ക്ക് ഉള്ളൂ.   ഇനി മറ്റൊരു രസകരമായ വസ്തുത  ഭൂരിപക്ഷം യുക്തിവാദികളും  കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ആണെന്നതാണ്.  കമ്മ്യൂണിസവും ഒരു വിശ്വാസമല്ലാതെ മറ്റെന്താണ്.  കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളും.  കാരണം കമ്മ്യൂണിസം ശാസ്ത്രമാണെന്നാണ് വയ്പ്പ്. അത് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ കാറല്‍ മാര്‍ക്സും.  മാര്‍ക്സിസം സാമൂഹ്യശാസ്ത്രമാണ് പോലും.  രണ്ടു വര്‍ഗ്ഗങ്ങളായി ലോകത്ത് മനുഷ്യന്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ യുക്തിവാദികള്‍  വിശ്വസിക്കുന്നു. എന്നാല്‍ ഒരാളെ ചൂണ്ടിക്കാട്ടി ഇയാള്‍ ഈ രണ്ടിലൊന്നില്‍ പെട്ട ഏത് വര്‍ഗ്ഗക്കാരനാണെന്ന് യുക്തിവാദികള്‍ക്ക് പറയാന്‍ കഴിയുകയുമില്ല.  കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ നടത്തിയ കൂട്ടക്കുരുതികള്‍ തെറ്റാണെന്ന് യുക്തിവാദികള്‍ക്ക് തോന്നിയിട്ടില്ല.   എന്തെന്നാല്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ മതവിശ്വാസികള്‍ അല്ലായിരുന്നല്ലൊ. മതങ്ങള്‍ മണ്ണടിയണമെന്നേ യുക്തിവാദികള്‍ക്കുള്ളൂ.  അങ്ങനെ മതങ്ങള്‍ മണ്ണടിഞ്ഞ്, മതമില്ലാത്ത  സ്വേച്ഛാധിപതികള്‍ ജനങ്ങളെ എന്ത് ചെയ്താലും യുക്തിവാദികള്‍ക്ക് എതിര്‍പ്പില്ല. അത്കൊണ്ടാണല്ലോ കമ്മ്യൂണിസ്റ്റ് ക്രൂരതകളെയും  മാര്‍ക്സിസ്റ്റ് അക്രമണങ്ങളെയും യുക്തിവാദികള്‍ അപലപിക്കാതിരിക്കുന്നത്.  മതങ്ങളും ദൈവവിശ്വാസവും പാടില്ല എന്നേ യുക്തിവാദികള്‍ക്കുള്ളൂ. മറ്റൊരു കാര്യത്തിലും അവര്‍ക്ക് യുക്തി ആപ്ലിക്കബിള്‍ അല്ല.   എന്റെ വാദം ഏകപക്ഷീയമാണെന്നാണ് യുക്തിവാദികള്‍ പറയുന്നത്.  എന്നാല്‍ യുക്തിവാദികളാണ് ഏകപക്ഷീയമായി കാര്യങ്ങള്‍ കാണുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.   നിലവിലുള്ള എല്ലാ സാമൂഹ്യതിന്മകളെയും  രാഷ്ട്രീയജീര്‍ണ്ണതകളെയും   മതവിശ്വാസം എന്ന പുതപ്പിനുള്ളില്‍  ഒളിപ്പിക്കാനാണ് യുക്തിവാദികള്‍ ശ്രമിക്കുന്നത്. അത് അവരുടെ കുറ്റം കൊണ്ടല്ല.  യാന്ത്രികമായ യുക്തിവാദം  ഉരുവിടുന്നത്കൊണ്ടാണ്.  ശരിയായതും വസ്തുനിഷ്ടവുമായ ചിന്താശൈലി യുക്തിവാദികള്‍ പിന്തുടരുന്നതായി തോന്നുന്നില്ല.

മാര്‍ക്സിസത്തിലെ ഭൌതികവാദത്തില്‍ നിന്നാണ് യുക്തിവാദികള്‍ പാഠം അഭ്യസിക്കുന്നത്.  നിഷ്പക്ഷമായി ചിന്തിക്കുന്ന യുക്തിവാദികളെ ബൂര്‍ഷ്വായുക്തിവാദിയെന്ന് വിശേഷിപ്പിക്കുന്ന തീവ്രയുക്തിവാദികള്‍ വേറെയുമുണ്ട്.  ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു മതമല്ല നമ്മുടെ പ്രശ്നം. ഏറ്റവും വലിയ പ്രശ്നം,  സമൂഹത്തെ ബാധിക്കുന്ന പ്രശ്നം  കക്ഷിരാഷ്ട്രീയമാണ്.  1931ന് ശേഷം ആ‍ദ്യമായി ഇന്ത്യയില്‍ മൂവായിരം കോടി രൂപ ചെലവാക്കി ജാതി സെന്‍സസ് എടുക്കുന്നു.  എന്തിനാ?  ജാതിയുടെ അടിസ്ഥാനത്തില്‍ അധികാരം നേതാക്കള്‍ക്ക് എളുപ്പത്തില്‍ പങ്ക് വെക്കാനല്ലാതെ മറ്റെന്തിനാണ് ജാതി സെന്‍സസ്?  ജാതി സെന്‍സസ്സിന്റെ കാര്യമായാലും  എം.പി.മാര്‍ക്ക് ശമ്പളം അഭൂതപൂര്‍വ്വമായി വര്‍ദ്ധിപ്പിക്കുന്ന കാര്യമായാലും  പാര്‍ട്ടികളുടെ തലപ്പത്തുള്ള നേതാക്കളുടെ ഐക്യം നമ്മെ അലോസരപ്പെടുത്തേണ്ടതാണ്.  അത്പോലെ തന്നെ പ്രധാനമാണ് നാട്ടിലെ പാര്‍ട്ടിവിശ്വാസികളിലെ സ്പര്‍ദ്ധയും പകയും  മാറ്റിയെടുത്ത് നമ്മള്‍ ഒറ്റ സിവില്‍ സമൂഹമാണെന്ന ബോധം അവരില്‍ ഉണ്ടാക്കലും.  ഇത്രയും ഞാന്‍ പറഞ്ഞത് യുക്തിവാ‍ദികളെ ബോധ്യപ്പെടുത്താനല്ല.  നിഷ്പക്ഷരായ  വായനക്കാരുമായി എന്റെ ചിന്തകള്‍ പങ്ക് വെക്കാനാണ്.  മതത്തെ നിഷേധിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല.  മതത്തിനകത്ത് മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനത്തിനുള്ള ശ്രമങ്ങളാണ് തല്‍ക്കാലം വേണ്ടത്.