Links

ഡൽഹിയിൽ നിന്ന് പഠിക്കാനുള്ളത് ..

ഒരു മൂന്നാംകിട തറ രാഷ്ട്രീയക്കാരനെ പോലെയാണു പ്രശാന്ത് ഭൂഷൺ തിരുവനന്തപുരത്ത് വന്ന് പത്രക്കാരോട് സംസാരിച്ചത്. അഴിമതിയുടെ കാര്യത്തിൽ മൂന്നാം മുന്നണി മറ്റാർക്കും പിന്നിലല്ലെന്നും (എന്നാ പിന്നെ ലവനു മൂന്നാംമുന്നണി തട്ടിക്കൂട്ടിക്കൂടേ) സി.പി.ഐ.യും ലോകസത്തയും വിശ്വാസ്യതയുള്ള പാർട്ടികളാണെന്നും സി.പി.എമ്മിനു അല്പം വിശ്വാസ്യത കുറവാണെങ്കിലും അച്യുതാനന്ദനു അത് വേണ്ടുവോളം ഉണ്ടെന്നും ഈ പ്രശാന്തഭൂഷണൻ സർട്ടിഫൈ ചെയ്യുന്നു. പോരാത്തതിനു സമാന ചിന്താഗതിയുള്ള ചെറുപാർട്ടികൾ എ.എ.പി.യിൽ ലയിക്കണമെന്നും അസാധാരണ സാഹചര്യങ്ങളിൽ മറ്റ് പാർട്ടികളുമായി സഹകരിക്കുമെന്നും ഇയ്യാൾ പ്രസ്താവിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നയുടൻ ആം ആദ്മി പാർട്ടി ബി.ജെ.പി.യുമായി സഹകരിക്കുന്നതിൽ തെറ്റില്ല എന്ന് ഈ വിദ്വാൻ പറഞ്ഞത് തുടക്കത്തിൽ തന്നെ ഒരു കല്ലുകടിയായതാണു. ലവനെ പോലെ നിരവധി അലവലാതികൾ ആം ആദ്മി പ്രസ്ഥാനത്തിൽ അടിഞ്ഞുകൂടുക സ്വാഭാവികമാണു. ഞാൻ കെജ്‌രിവാൾ എന്ന അസാമാന്യപ്രതിഭയുടെ ചിന്താശക്തിയിലും പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്ന മികവിലും അനേകായിരം ധിഷണാശാലികളായ യുവാക്കൾ ഇതിലേക്ക് കടന്നുവന്ന് രാജ്യത്തെ ശുദ്ധീകരിക്കാൻ പോകുന്ന പ്രക്രിയയിലും ആണു പ്രതീക്ഷയർപ്പിക്കുന്നത്.

ഞാൻ എ.എ.പി.യെ പറ്റി Over enthusiastic ആവുകയാണെന്ന് സുഹൃത്ത് ശ്രീകുമാർ പറയുന്നു. ശരിയാണു, ഞാൻ അല്പം എന്തൂസ്യാസ്റ്റിക്ക് തന്നെയാണു. കാരണം എന്റെ മനസ്സിൽ ആം ആദ്മി പാർട്ടി വളരെ മുൻപേയുള്ളതാണു. എന്നാൽ അതിനൊരു മൂർത്തരൂപം കൈവരുന്നത് ഇപ്പോഴാണെന്ന് മാത്രം. അതിനു കെജ്‌രിവാൾ എന്നൊരു നേതാവിനെ ഇപ്പോഴാണു ലഭിക്കുന്നത്. എന്റെ മാത്രമല്ല ലക്ഷോപലക്ഷം ആളുകളുടെ മനസ്സിലും ആം ആദ്മി വളരെ മുൻപേയുണ്ടാകും. ഡൽഹിയിലെ വിജയവും സത്യപ്രതിജ്ഞാചടങ്ങിലെ ജനപങ്കാളിത്തവും അതാണു കാണിക്കുന്നത്.

നിലവിലെ മുഖ്യധാര പാർട്ടികൾ ഇതൊരു താൽക്കാലിക പ്രതിഭാസമായിട്ടാണു കാണുന്നത്. അസ്സം ഗണപരിഷത്തും തെലുങ്ക് ദേശവും ഒക്കെ എവിടെയാണു എന്നാണവർ ചോദിക്കുന്നത്. വോട്ടർമാർക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ ആറു മാസം കൊണ്ട് ആപ് അടങ്ങിപ്പോകുമെന്ന് ഇക്കൂട്ടർ പ്രവചിക്കുന്നു. കാത്തിരുന്നു കാണാം എന്ന് ദോഷൈകദൃക്കുകൾ പരിഹസിക്കുന്നു. ഇതൊക്കെ ഞമ്മ എത്ര കണ്ടതാ എന്ന സ്റ്റൈലിൽ. ഇത് വെറുമൊരു അരാഷ്ട്രീയക്കൂട്ടത്തിന്റെ നൈമിഷികമായ ആവേശം എന്ന് ചിലർ വിലയിരുത്തി സമാധാനിക്കുന്നു.

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ എല്ലാവർക്കും കഴിയില്ല. അവരാണു മാറി നിന്ന് പരിഹസിക്കുന്നതും നാശം പ്രവചിക്കുന്നതും. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ സ്വാതന്ത്ര്യസമരം നടത്തുമ്പോഴും അന്നും ഇത് പോലെ എത്രയോ പേർ പരിഹസിക്കുകയും മാറിനിൽക്കുകയും വെള്ളക്കാരോട് വിധേയത്വം പുലർത്തുകയും ചെയ്തിരുന്നു.

രാജ്യം സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം വൻ പുരോഗതി നേടിയെങ്കിലും അതിനേക്കാളും പുരോഗതി അഴിമതിയിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിലും കെടുകാര്യസ്ഥതയിലും ഒക്കെയുണ്ടായിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ സ്വാതന്ത്ര്യത്തെ ചക്കരക്കുടമായിട്ടാണു കണ്ടത്. രണ്ട് വർഷം ജനപ്രതിനിധിയായാൽ ആജീവനാന്തപെൻഷൻ വാങ്ങാൻ ഒരു രാഷ്ട്രീയക്കാരനും ഉളുപ്പും മുരുമയും ഉണ്ടായില്ല. നിയമങ്ങൾ മേലെ നിന്ന് താഴോട്ട് അടിച്ചേൽപ്പിക്കുന്ന അധികാരപ്രമത്തതയാണു രാഷ്ട്രീയക്കാർ കാണിക്കുന്നത്. ജനങ്ങളുടെ അഭിപ്രായം ആർക്കും പ്രശ്നമല്ല. ഞങ്ങൾ നേതാക്കളാണു, ജനങ്ങൾ വോട്ട് ചെയ്താൽ മതി എന്ന ധാർഷ്ഠ്യം. ജനാധിപത്യം എന്നത് സാധാരണക്കാർക്ക് ബാലറ്റ് പേപ്പറിൽ സീൽ കുത്താൻ മാത്രമാണു രാഷ്ട്രീയയജമാനന്മാർ അനുവദിച്ചു തന്നത്.

ഇതൊനൊക്കെ ഒരു പരിഹാരം വേണമെന്ന് ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിന്റെ മുന്നേറ്റമാണു ഡൽഹിയിൽ കണ്ടത്. ഈ മുന്നേറ്റം രാജ്യം മുഴുവൻ വ്യാപിക്കുമോ , ഈ കാലഘട്ടത്തിന്റെ അനിവാര്യതയായ ഈ രണ്ടാം സ്വാതന്ത്ര്യസമരം വിജയിക്കുമോ എന്നത് ഇതിൽ ജനങ്ങൾ എത്ര കണ്ട് പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആം ആദ്മിയുടെ പ്രവർത്തനം മാതൃകാപരമാണെങ്കിൽ തീർച്ചയായും വിജയം കൈവരിക്കും. അതാണു ചരിത്രം നമുക്ക് നൽകുന്ന പാഠം. നിലവിലെ ജീർണ്ണിച്ച് നാറിയ രാഷ്ട്രീയവ്യവസ്ഥ ഉടച്ചുവാർത്തേ പറ്റൂ. അതിനാണു പുതിയൊരു പാർട്ടി പിറവിയെടുത്തിരിക്കുന്നത്. ഇത് ഭരിക്കാൻ വേണ്ടി ഉണ്ടാക്കിയ സാമ്പ്രദായിക പാർട്ടിയല്ല. പ്രശാന്ത് ഭൂഷൺ പോലും ഇത് മനസ്സിലാക്കിയോ എന്ന് സംശയമാണു. പക്ഷെ ജനങ്ങൾ മനസ്സിലാക്കി വരുന്നുണ്ട്. അതിന്റെ അനുരണങ്ങൾ കേരളത്തിലും കാണാനുണ്ട്. ആത്യന്തികമായി ആം ആദ്മി തന്നെ വിജയിക്കും എന്ന് തീർച്ചയായും പ്രത്യാശിക്കാം. കാഴ്ചക്കാരായി മാറി നിൽക്കാതെ ഈ പ്രത്യാശയുടെ സാക്ഷാൽക്കാരത്തിനു വേണ്ടി എല്ലാവരും മുന്നോട്ട് വരണം. സാമ്പ്രദായികപാർട്ടികളുടെ നവീകരണത്തിനും ഇങ്ങനെയൊരു മുന്നേറ്റം ആവശ്യമാണെന്ന് എല്ലാ പാർട്ടി വിശ്വാസികളും തിരിച്ചറിയുക !

5 comments:

K.P.Sukumaran said...

രാഷ്ട്രീയം തങ്ങൾക്ക് പതിച്ചുകിട്ടിയ തറവാട്ടുസ്വത്താണെന്ന് കരുതുന്ന കക്ഷിരാഷ്ട്രീയത്തമ്പുരാക്കന്മാരാണു ജനപക്ഷരാഷ്ട്രീയത്തെ അരാഷ്ട്രീയമെന്ന് മുദ്ര കുത്തുന്നത്.

അരാഷ്ട്രീയം എന്ന് കക്ഷിരാഷ്ട്രീയക്കാർ വിശേഷിപ്പിക്കുന്നതാണു ശരിയായ രാഷ്ട്രീയം. പാർട്ടിക്കാർ പറയുന്ന രാഷ്ട്രീയം പാർട്ടിരാഷ്ട്രീയമാണു. അത് ജനങ്ങൾക്ക് വേണ്ടിയല്ല പാർട്ടികൾക്ക് വേണ്ടി മാത്രമാണു. ജനങ്ങളുടെ കാഴ്ചപ്പാടിൽ നിന്ന് ശരിയായ രാഷ്ട്രീയം പറയുമ്പോൾ അതിനെ അരാഷ്ട്രീയമെന്ന് കക്ഷിരാഷ്ട്രീയക്കാർ കുറ്റപ്പെടുത്തുന്നത് തങ്ങളുടെ വയറ്റ്പ്പിഴപ്പ് നിന്നു പോകുമോ എന്ന അങ്കലാപ്പിലാണു.

ആയിരം പാർട്ടികൾ ആയിരം പാർട്ടിരാഷ്ട്രീയമാണു പറയുക. അതൊക്കെ ശരിയായ രാഷ്ട്രീയം ആകുന്നതെന്ന് എങ്ങനെ? അത്കൊണ്ട് അരാഷ്ട്രീയവാദികളാവുക നമ്മൾ. അതായത് സാമ്പ്രദായിക പാർട്ടികളിൽ നിന്ന് മോചനം നേടി യഥാർഥ പൗരൻ ആവുക എന്ന്.

K.P.Sukumaran said...

ഇന്ത്യയിൽ ഏതൊരാൾക്കും സ്വീകാര്യനാണു ഇന്ന് അരവിന്ദ് കെജ്‌രിവാൾ. കാരണം കെജ്‌രിവാൾ ഒരു പാർട്ടിക്ക് വേണ്ടിയോ ജാതി-മത-സമുദായങ്ങൾക്ക് വേണ്ടിയോ ഒരു പ്രദേശത്തിനു വേണ്ടിയോ പ്രത്യയശാസ്ത്രത്തിനു വേണ്ടിയോ സംസാരിക്കുന്നില്ല. സംസാരിക്കുന്നതെല്ലാം സാധാരണക്കാർക്ക് വേണ്ടി മാത്രം. അതാണു സമകാലികരാഷ്ട്രീയക്കാരിൽ കെജ്‌രിവാളിന്റെ മഹത്വം. എല്ലാ രാഷ്ട്രീയക്കാരും സാധാരണക്കാർക്കും ജനങ്ങൾക്കും വേണ്ടി തന്നെയാണു ഇത്രയും നാളായി പറഞ്ഞുവരുന്നത്. പക്ഷെ പറച്ചിൽ ഒന്ന് പ്രവർത്തി മറ്റൊന്ന് എന്ന് മാത്രം.

ആരും മഹാന്മാരായി ജനിക്കുന്നില്ല. മഹാനായി മാറിക്കഴിഞ്ഞിട്ട് പൊതുപ്രവർത്തനത്തിനു ഇറങ്ങാനും കഴിയില്ല. രാജ്യത്ത് സമൂലമായ മാറ്റം വേണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. കെജ്‌രിവാളും എ.എ.പി.യും വിജയിച്ചില്ലെങ്കിലും അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പ്രസക്തമാണു, കാലം ആവശ്യപ്പെടുന്നതാണു. ആം ആദ്മി പാർട്ടിക്ക് മതിയായ സമയം അനുവദിക്കാനുള്ള സന്മനസ്സ് ഉണ്ടാവണം. എന്റെ പാർട്ടിക്ക് എതിരായിപ്പോകുമോ എന്ന ആശങ്ക ദൂരീകരിക്കുക. പാർട്ടിയെക്കാളും വലുതാണു രാജ്യവും ജനങ്ങളും.

ajith said...

പ്രതീക്ഷയുടെ പൊന്‍കിരണമാവാം

Ananth said...

പ്രശാന്ത് ഭൂഷണ്‍ അച്ചുതാനന്ദനെ പ്രശംസിച്ചതില്‍ എന്തോ വലിയ തെറ്റു കാണുന്ന താങ്കള്‍ കേജ്രിവാലിനെ ഒരു മിശിഹാ ആയി കാണുന്നു ( താങ്കള് തന്നെ രാഹുല്‍ ഗാന്ധിയെ പറ്റി ഒരല്പകാലം മുന്പ് ഇതുപോലെയൊക്കെ തന്നെ പറഞ്ഞത് ഈ ബ്ലോഗിന്റെ പഴയ താളുകളില്‍ കാണാം ) Maulana Tauqeer Raza Khan എന്ന് ഒന്ന് google ചെയ്തു നോക്കുക ...തസ്ലീമ നസ്രീനെതിരായി ഫത്വ ഇറക്കിയ ഈ മാന്യദേഹവുമായി തിരഞ്ഞെടുപ്പിന് തൊട്ടു മുന്പ് കേജ്രിവാള് സംഭാഷണം നടത്തിയതും ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാനുള്ള തന്ത്രങ്ങളാവിഷ്കരിച്ചതും താങ്കള് അറിഞ്ഞിട്ടില്ലായിരിക്കും

ആണവ വൈദ്യുതിക്കെതിരെയും പിന്നെ കൂടം കുളം ആണവ നിലയത്തിനെതിരെ പ്രത്യേകിച്ചും നിലപാടുകളെടുക്കുന്നത് നമ്മുടെ രാജ്യം ഊര്‍ജ സ്വയം പര്യാപ്തത കൈവരിക്കുന്നത് തടയുവാന്‍ ആഗ്രഹിക്കുന്ന വിദേശ ശക്തികളും അവരുടെ പണം വാങ്ങുന്ന കുറെ NGO കളുമാണെന്ന കാര്യത്തില്‍ താങ്കള്‍ക്ക് യോജിപ്പുന്ടോ ? ഈ വിഷയത്തില്‍ കേജ്രിവാള്‍ എവിടെ നില്കുന്നു എന്നും അദ്ദേഹം കൊണ്ടുനടന്നിരുന്ന NGO യുടെ സാമ്പത്തിക സ്രോതസ് എന്താണെന്നും കൂടി അറിയാന്‍ ശ്രമിക്കുക അതുപോലെ മാവോ വാദികളുടെ കാര്യത്തിലും കാശ്മീര്‍ വിഷയത്തിലും ഒക്കെ അരുന്ധതി റോയിയുടെ ഒരു സഹയാത്രികനാണ് കേജ്രിവാള്‍ .....അഴിമതിക്കെതിരെ ജനരോഷം ഉയര്‍ന്നു വന്നതിനു നിമിത്തമായ അണ്ണാ ഹസാരെയുടെ ഉപവാസ സമരങ്ങള്‍ക്ക് കെജ്രിവാള്‍ മാത്രമായിരുന്നില്ല ചുക്കാന്‍ പിടിച്ചിരുന്നത് പ്രശാന്ത് ഭൂഷണും കിരണ്‍ ബേദിയും സന്തോഷ്‌ ഹെഗ്ടെയും ഒക്കെ ഉണ്ടായിരുന്നു .....പിന്നെ അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തു ന്ന ഇദ്ദേഹം IRS ഇല് ഉണ്ടായിരുന്ന 20 വര്‍ഷവും ഡെല്‍ഹിയില്‍ തന്നെ ആയിരുന്നു ( IRS ഇല് തന്നെയുള്ള ഇദ്ദേഹത്തിന്റെ ഭാര്യക്കും ഇന്നേവരെ ഡല് ഹിക്ക് വെളിയില്‍ പോവേണ്ടി വന്നിട്ടില്ല ) സാധാരണ IRS ഉദ്യോഗസ്ഥര്‍ 3 വര്‍ഷത്തിലധികം ഒരേ സ്ഥലത്ത് ഇരിക്കാനിട വരാറില്ല എന്നിരിക്കെ ഇതൊക്കെ സാധിക്കുന്നത് പണ്ടു മുതലേയുള്ള മഹത്വം മൂലം ആയിരിക്കാം ഇതിനു മറുപടിയായി AAP നല്കുന്നത് ഇങ്ങനെ വളരെ കാലം transfer ആകാത്ത കുറേ പേരുടെ ലിസ്റ്റ് തന്നു കൊണ്ടാണ് ....ആരെങ്കിലും കൈക്കൂലി വാങ്ങുന്നു എന്ന് പറയുമ്പോള്‍ കൈക്കൂലി വാങ്ങുന്ന മറ്റാളുകളുടെ ലിസ്റ്റ് തരുന്നത് എന്ത് തരം ന്യായീകരണമാണ്

താങ്കളുടെ over enthusiasm അരല്പം തണുപ്പിക്കുവാനായി ചില കാര്യങ്ങള്‍ പറഞ്ഞെന്നേ ഉള്ളൂ .....യോജിപ്പില്ലെന്ന് കരുതി delete ചെയ്തു കളയില്ല എന്നു പ്രതീക്ഷിക്കുന്നു

Ananth said...

തിരഞ്ഞെടുപ്പിനു മുന്പ് commonwealth games ന്റെ നടത്തിപ്പിലെ അഴിമതിയെ പറ്റി ഷീലാ ദീക്ഷിതിനെതിരെ 370 പേജുള്ള കുറ്റപത്രം പൊതുജനത്തിനു കാഴ്ചവച്ച ശ്രീ കേജ്രിവാള് ഡല് ഹി മുഖ്യമന്ത്രി കസേരയിലിരുന്നു കൊണ്ടു പ്രതിപക്ഷത്തെ ഹര്ഷവര്ധനോട് പറയുന്നു - ഷീലാജി ക്കെതിരെ താങ്കളുടെ പക്കല്‍ തെളിവുകള്‍ വല്ലതുമുണ്ടെ ങ്കില്‍ തരിക ഞങ്ങള്‍ 2 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാം - അപ്പോള്‍ 370 പേജൊക്കെ വെറും ഉണ്ടയില്ലാത്ത വെടി ആയിരുന്നോ - അതോ "നിരുപാധിക" പിന്തുണക്കുള്ള ഉപകാര സ്മരണയാണോ ?!

എന്തായാലും വെള്ളത്തിന്റെയും വൈദ്യുതിയുടെയും കാര്യത്തില്‍ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റി ( അതിന്റെ economics ഒക്കെ തല്ക്കാലം മറക്കാം ).....ഇനി കേന്ദ്രത്തില് അധികാരം കിട്ടിയാല് പാചക വാതകവും പെട്രോളും ഡീസലും ഒക്കെ പകുതി വിലക്ക് കൊടുക്കും എന്നു പ്രഖ്യാപിച്ചാല്‍ ചിലപ്പോള്‍ പ്രധാന മന്ത്രി സ്ഥാനത്തേക്ക് എത്താനായി എന്നും വരാം !