ഈ ലോകത്ത് പല വിധത്തില്‍ കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എങ്ങനെയാണ് കഷ്ടങ്ങള്‍ വന്നു ഭവിക്കുക എന്ന് ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ കഴിയില്ല. നമ്മളൊക്കെ നമുക്ക് വേണ്ടിയാണ് ജീവിയ്ക്കുന്നത്. ചിലപ്പോള്‍ കഴിയുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്താലായി. എന്നാല്‍ എത്രയോ പേര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെക്കുന്നവരുണ്ട്. അവരെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണ് നാം എത്രയോ നിസ്സാരന്മാരാണ് എന്ന് തോന്നുക. സുനിത കൃഷ്ണനെ കുറിച്ച് വായിച്ചത് മുതല്‍ അവരെപ്പറ്റി ഒരു പോസ്റ്റ് എഴുതണമെന്ന് കരുതിയതായിരുന്നു. ഇന്നത്തെ പത്രത്തില്‍ ഏറ്റവും മികച്ച ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന മലയാളിക്കുള്ള വി.ഗംഗാധരന്‍ സ്മാരകട്രസ്റ്റ് പുരസ്‌കാരത്തിന് ഡോ. സുനിതാകൃഷ്ണന്‍ അര്‍ഹയായി എന്ന വാര്‍ത്ത വായിക്കാനിടയായി. സുനിത കൃഷ്ണന്‍ ആരാണെന്നല്ലേ?
2009 നവമ്പര്‍ 6ന് TED എന്ന സംഘടന സംഘടിപ്പിച്ച വേദിയില്‍ പ്രസംഗിച്ച സുനിതയുടെ വാക്കുകള്‍ സദസ്സ് നിശബ്ദമായി കേട്ടിരുന്നു. ആ പ്രഭാഷണം ലോകത്തിന്റെ പല ഭാഗത്ത് നിന്നും Tedsters ലൈവ് സ്ട്രീമിങ്ങ് വെബ്‌കാസ്റ്റിലൂടെയും കേട്ടിരുന്നു. ആ പ്രഭാഷണത്തിന്റെ വീഡിയോ താഴെ കൊടുക്കുന്നു. ഇത് വരെയിലും കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ ക്ഷമയോടെ ആ വീഡിയോ കാണണം. മലയാളിയായ സുനിത കൃഷ്ണന്റെ നാട് പാലക്കാട് ആണെങ്കിലും ജനിച്ചതും പഠിച്ചതും എല്ലാം ബാംഗ്ലൂരിലാണ്. സോഷ്യല്‍ വര്‍ക്കില്‍ ഡോക്ട്രേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. പതിനഞ്ചാമത്തെ വയസ്സില്‍ സുനിത ക്രൂരവും മൃഗീയവുമായ രീതിയില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി. അങ്ങനെയാണ് പീഢിപ്പിക്കപ്പെടുന്ന വനിതകളുടെയും പെണ്‍കുട്ടികളുടെയും രക്ഷകയായി സുനിത പുനര്‍ജ്ജനിക്കുന്നത്.
1996ല്‍ സുനിത കൃഷ്ണനും ബ്രദര്‍ ജോസ് വെട്ടിക്കാട്ടിലും ചേര്‍ന്ന് സ്ഥാപിച്ച പ്രജ്ജ്വല എന്ന സംഘടന ഇതിനകം ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിച്ചിരിക്കുന്നു. ഹൈദരാബാദിലാണ് പ്രജ്ജ്വലയുടെ ആസ്ഥാനം. സുനിതയ്ക്ക് ഇതിന് പ്രചോദനം നല്‍കിയതും ഒപ്പം പ്രവര്‍ത്തിച്ചതും കത്തോലിക്ക മിഷണറി പ്രവര്‍ത്തകനായ ബ്രദര്‍ ജോസ് വെട്ടിക്കാട്ടില്‍ ആയിരുന്നു. അദ്ദേഹം 2005ല്‍ മരണപ്പെട്ടു. അതിന് ശേഷം സുനിതയാണ് പ്രജ്ജ്വലയുടെ മുഴുവന്‍ സമയ പ്രവര്‍ത്തക. സ്വന്തം ആവശ്യത്തിന് ഒരു പൈസ പോലും സുനിത പ്രജ്ജ്വലയില്‍ നിന്ന് പറ്റുന്നില്ല. സുനിതയെ മനസ്സിലാക്കിയ രാജേഷ് എന്ന സിനിമാ പ്രവര്‍ത്തകന്‍ സുനിതയെ ജീവിതപങ്കാളിയായി സ്വീകരിച്ചു.
1) സുനിതയെക്കുറിച്ച് ഇവിടെ വായിക്കാം.
2) സുനിതയുടെ ബ്ലോഗ് ഇവിടെ
3) പ്രജ്ജ്വലയുടെ ഹോം പേജ്
ഞാന്‍ കൂടുതല്‍ എഴുതുന്നില്ല. ഇനി വീഡിയോ കാണുക: