വില-കൂലി-ശമ്പള കയറ്റവും രാഷ്ട്രീയവും


ഡീസലിന്റെ വിലനിയന്ത്രണം സര്‍ക്കാര്‍ ഭാഗികമായി എടുത്തുകളഞ്ഞിരിക്കുന്നു. അത്കൊണ്ട് ഡീസലിന് മാസം തോറും ലിറ്ററിന് 50 പൈസയോ മറ്റോ വര്‍ദ്ധിക്കും. ഡീസലിനും പെട്രോളിനും വില വര്‍ദ്ധിപ്പിക്കുമ്പോള്‍ വന്‍പിച്ച ഒച്ചപ്പാടാണ് ഉണ്ടാക്കുന്നത്. മുതലാളിമാര്‍ക്ക് വേണ്ടിയാണ് വില വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് വാദം. എന്നാല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതും സംസ്ക്കരിക്കുന്നതും വില്‍ക്കുന്നതും എല്ലാം ചെയ്യുന്നത് സര്‍ക്കാര്‍ കമ്പനികളാണ്. ഈ രംഗത്ത് സ്വകാര്യകമ്പനികളുടെ പങ്ക് ചെറുതാണ്. സര്‍ക്കാരിന്റെ നഷ്ടം നികത്താനാണ് വില വര്‍ദ്ധിപ്പിക്കുന്നത്. ആ വിലവര്‍ദ്ധനവിന്റെ ഗുണം സ്വകാര്യകമ്പനികള്‍ക്കും ലഭിക്കും എന്നത്കൊണ്ട് സര്‍ക്കാര്‍ നഷ്ടം സഹിച്ചോളണം എന്ന് പറയുന്നത് ശരിയല്ല. ഒരു ഭാഗത്ത് സര്‍ക്കാരിന് ലാഭം കുറഞ്ഞുപോയി എന്ന് വിലപിക്കുന്നവര്‍ തന്നെയാണ് മറുഭാഗത്ത് സര്‍ക്കാര്‍ നഷ്ടം നികത്തരുത് എന്നും ഒച്ച വെക്കുന്നത്.

സബ്‌സിഡി എന്നത് ധനികര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരേ പോലെ ലഭിക്കണം എന്നതും എക്കാലത്തേക്കും സബ്‌സിഡികള്‍ തുടരണം എന്ന് പറയുന്നതും ശരിയല്ല. സബ്‌സിഡികള്‍ വിവേചനം ഇല്ലാതെ കൊടുക്കുന്നത്കൊണ്ട് ധനക്കമ്മി ഉണ്ടാകുന്നുണ്ട്. ആ കമ്മി വര്‍ദ്ധിച്ചുവരികയുമാണ്. സര്‍ക്കാരിന്റെ വരവിനെക്കാളും ചെലവ് കൂടുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്. ധനക്കമ്മി നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിന് അധികം കറന്‍സി അച്ചടിക്കേണ്ടി വരും. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം ഉണ്ടെങ്കിലും ചിലപ്പോള്‍ അധികം നോട്ടുകള്‍ അച്ചടിക്കും. അപ്പോള്‍ പണപ്പെരുപ്പം ഉണ്ടാകും. വിപണിയില്‍ ചരക്ക് കുറവും പ്രചാരത്തിലുള്ള കറന്‍സി അധികവും എന്ന അവസ്ഥയാണ് അതുണ്ടാക്കുക. അപ്പോള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഇതൊക്കെ ഒന്നോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്ന സങ്കീര്‍ണ്ണമായ പ്രതിഭാസങ്ങളാണ്. സര്‍ക്കാരിന് എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ അല്ല ഇതൊന്നും തീരുമാനിക്കുന്നത്.

ഇവിടെ എതിര്‍പ്പും വിവാദവും സമരവും ബന്ദും ഒക്കെ ഉണ്ടാക്കുന്നത് രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടാണ്. വിലക്കയറ്റവും പാവങ്ങളുടെ പേരും ഒക്കെ പറഞ്ഞ് ഭരിക്കുന്ന സര്‍ക്കാരിനെതിരെ വിരുദ്ധവികാരം സൃഷ്ടിച്ച് വോട്ടുകള്‍ സമാഹരിച്ച് തന്റെ പാര്‍ട്ടിയെയും നേതാവിനെയും അധികാരത്തില്‍ എത്തിക്കാന്‍ കഴിയുമോ എന്ന ചിന്തയാണ് എല്ലാ എതിര്‍പ്പുകള്‍ക്കും പിന്നിൽ. എന്നിട്ട് , തന്റെ നേതാവിന് അധികാരം കിട്ടിയാല്‍ അത് വരെ ഒച്ച വെച്ചവന്‍ പിന്നെ മിണ്ടാതിരിക്കും. അപ്പോള്‍ അധികാരമില്ലാത്ത നേതാവിന്റെ അനുയായികള്‍ ഒച്ച വെച്ചോളും. ഇതൊക്കെ ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. കക്ഷിരാഷ്ട്രീയതിമിരം ബാധിക്കാത്തവര്‍ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ വിലയിരുത്തുകയാണ് വേണ്ടത്.

എല്ലാറ്റിനും വില കയറുന്ന ഒരു ചലനാത്മകമായ വര്‍ത്തമാനകാലമാണ് നിലവിലുള്ളത്. ചരക്കുകള്‍ക്ക് മാത്രമല്ല വില കയറുന്നത്. ചരക്കുകള്‍ ഉല്പാദിപ്പിക്കുന്ന അധ്വാനത്തിനും സേവനങ്ങള്‍ക്കും എല്ലാം വില വര്‍ദ്ധിക്കുന്നുണ്ട്. കൂലിയും ശമ്പളവും വര്‍ദ്ധിക്കുമ്പോള്‍ ഉല്പാദനച്ചെലവ് കൂടി ചരക്കുകള്‍ക്കും വില കൂടും. സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവും കൂടും. ഇതില്‍ ഏതെങ്കിലും ഒന്ന് മരവിപ്പിച്ച് പിടിച്ച് നിര്‍ത്താന്‍ കഴിയില്ല. ഏറ്റക്കുറച്ചിലോടെ വര്‍ദ്ധനവ് എല്ലാ മേഖലയിലും എപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒട്ടുമൊത്തം നോക്കിയാല്‍ പൌരന്മാരുടെ ജീവിതനിലവാരം ഉയരുന്നുണ്ട് എന്നും കാണാം. പണ്ട് പാചകവാതകം അതായത് ഗ്യാസ് ഉപയോഗിച്ചിരുന്നവര്‍ പണക്കാര്‍ മാത്രമായിരുന്നു. ഇന്ന് ഗ്യാസിന് വില വര്‍ദ്ധിപ്പിക്കുമ്പോള്‍ പാവങ്ങള്‍ക്ക് ബുദ്ധിമുട്ട് എന്നാണല്ലൊ പറയുന്നത്. ഇന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നടത്തം ഒഴിവാക്കി 20രൂപ കൊടുത്ത് ഓട്ടോറിക്ഷയിലാണ് പോകുന്നത്. പണ്ടൊക്കെ ഇരുപതും ഇരുപത്തഞ്ചും മൈലുകള്‍ നടക്കുന്നത് ഒരു വിഷയമേ അല്ലായിരുന്നു.

എല്ലാ എതിര്‍പ്പുകളും സംവാദങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഉയരുന്നത്കൊണ്ട് പൊതുവെ ഒന്നിന്റെയും സത്യാവസ്ഥ മനസ്സിലാക്കാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. ജാതിയും മതവും പോലെ തന്നെ ഞാന്‍ ഇന്ന പാര്‍ട്ടിയാണെന്ന ബോധത്തിലാണ് ആളുകളുടെ അഭിപ്രായം രൂപപ്പെടുന്നത്. അത്കൊണ്ട് എതിര്‍പ്പുകളും ഒച്ചയും ബഹളവും ഒക്കെ എല്ലായ്പോഴും ഉണ്ടാകും. ആരു ഭരിച്ചാലും സര്‍ക്കാര്‍ എന്ന സംവിധാനം നിലനില്‍ക്കുകയും അതിന് മുന്നിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണം. ഭരിക്കാത്ത പാര്‍ട്ടിക്കാരെ ഒരിക്കലും തൃപ്തിപ്പെടുത്തി അവരെ ശാന്തരാക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അവരുടെ ആവശ്യം ജനങ്ങളുടെ ചെലവില്‍ സ്വന്തമെന്ന് കരുതുന്ന നേതാവിനെ അധികാരത്തില്‍ വാഴിക്കലാണ്. മറ്റൊന്നുകൊണ്ടും അവര്‍ തൃപ്തരാവുകയില്ല. അത്കൊണ്ട് ഒച്ചയും ബഹളവും എന്നും തുടരും. സാര്‍ത്ഥവാഹകസംഘം മുന്നോട്ട് !

ആന്‍ഡ്രോയ്‌ഡ് ഫോണില്‍ മലയാളം വായിക്കാന്‍ ...

ആന്‍ഡ്രോയ്‌ഡ് ഫോണില്‍ എങ്ങനെയാണ് മലയാളം ടൈപ്പ് ചെയ്യാനും വായിക്കാനും കഴിയുക എന്ന് ചില ഫേസ്‌ബുക്ക് സുഹൃത്തുക്കള്‍ എന്നോട് ചോദിക്കുകയുണ്ടായി. അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. ആന്‍ഡ്രോയ്‌ഡ് ഫോണ്‍ എന്ന് പറഞ്ഞാല്‍ ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണെന്ന് അറിയാമല്ലൊ. ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് പറഞ്ഞാല്‍ അതും ഒരു സോഫ്റ്റ്‌വേര്‍ അല്ലെങ്കില്‍ പ്രോഗ്രാം ആണ്. ലിനക്സ് അടിസ്ഥാനപ്പെടുത്തി ഗൂഗിള്‍ വികസിപ്പിച്ച ഓപന്‍ സോഫ്റ്റ്‌വേര്‍ ആണ് ആന്‍ഡ്രോയ്‌ഡ്. ആന്‍ഡ്രോയ്‌ഡ് ഓ.എസ് പുതിയ വെര്‍ഷന്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. പൊതുവെ ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ എന്ന് പറയുമെങ്കിലും ഓരോ കമ്പനിയുടെയും ആന്‍ഡ്രോയ്‌ഡ് വെര്‍ഷന്‍ വ്യത്യസ്തമായിരിക്കും. ഇപ്പോള്‍ ഇന്ത്യയില്‍ ലേറ്റസ്റ്റ് ആയി വന്നിട്ടുള്ളത് ജെല്ലി ബീന്‍ എന്ന് പറയുന്ന ആന്‍ഡ്രോയ്‌ഡ് വെര്‍ഷന്‍ 4.1.1 ആണ്. സാംസങ്ങിന്റെ ഗ്യാലക്സി എസ് 3 എന്ന ഫോണ്‍ ആട്ടോമെറ്റിക്കായി ഈ പുതിയ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുകയുണ്ടായി. ഫോണിന്റെ സെറ്റിങ്ങ്സില്‍ പോയി About device ക്ലിക്ക് ചെയ്ത് നോക്കിയാല്‍ ആന്‍ഡ്രോയ്‌ഡിന്റെ ഏത് വെര്‍ഷന്‍ ആണെന്ന് മനസ്സിലാകും. ( താഴെ ചിത്രം കാണുക)


Jelly Bean 4.1.1 വെര്‍ഷന്‍ ആണെങ്കില്‍ ആ ആന്‍ഡ്രോയ്‌ഡ് ഫോണില്‍ മലയാളവും മറ്റ് ഇന്ത്യന്‍ ഭാഷകളും ഡിഫാള്‍ട്ടായി തന്നെ വായിക്കാന്‍ കഴിയും. നമ്മള്‍ ഒന്നും ചെയ്യേണ്ടതില്ല. അത് പോലെ തന്നെ ജെല്ലി ബീന്‍ വെര്‍ഷനില്‍ പല ലോക ഭാഷകളില്‍ എന്ന പോലെ ഒന്‍പത് ഇന്ത്യന്‍ ഭാഷകളിലെ കീബോര്‍ഡും ഡിഫാള്‍ട്ടായി ഉണ്ട്. കൂട്ടത്തില്‍ മലയാളവും ഉണ്ടെന്നത് മലയാളികള്‍ക്ക് ഒരു വരപ്രസാദമാണ്. നമുക്ക് ആവശ്യള്ള കീബോര്‍ഡ് സെലക്ട് ചെയ്താല്‍ മതി. (ചിത്രങ്ങള്‍ കാണുക)

ചുരുക്കി പറഞ്ഞാല്‍ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ലേറ്റസ്റ്റ് വെര്‍ഷന്‍ ജെല്ലി ബീന്‍ 4.1.1 കൈവശമുള്ളവര്‍ക്കോ അല്ലെങ്കില്‍ ജെല്ലി ബീനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ പറ്റുന്നവര്‍ക്കോ മലയാളം എഴുതാനും വായിക്കാനും പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. എന്നാല്‍ മിക്കവരുടെയും  ആന്‍ഡ്രോയ്‌ഡ് ഫോണ്‍ പഴയ വെര്‍ഷനില്‍ ഉള്ളതായിരിക്കും. അത്തരം ഫോണുകളില്‍ എങ്ങനെ മലയാളം എഴുതാനും വായിക്കാനും കഴിയും എന്ന് നോക്കാം.

മലയാളം ടൈപ്പ് ചെയ്യാന്‍ , ആന്‍ഡ്രോയ്‌ഡ് ഫോണിലെ Play Store ക്ലിക്ക് ചെയ്യുക. എന്നിട്ട് ഭൂതക്കണ്ണയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് Search Google Play എന്ന് കാണുന്ന സ്ഥലത്ത് varamozhi എന്ന് ടൈപ്പ് ചെയ്ത് താഴെ കാണുന്ന കണ്ണാടി ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ Varamozhi Transliteration എന്ന ആപ്ലിക്കേഷന്‍ കാണാം. അത് ഇന്‍സ്റ്റാള്‍ ചെയ്യുക. അത്രയേയുള്ളൂ. ആ ആപ്ലിക്കേഷന്‍ തുറന്നാല്‍ (ചിത്രം കാണുക)


ഇനി നമ്മള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍  Type in Manglish എന്ന കോളത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങളും മേലെ കറുത്ത പ്രതലത്തില്‍ അതിന്റെ മലയാളവും തെളിഞ്ഞുവരും. വീണ്ടും ചിത്രം കാണുക.


ഇനി ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ അവിടെ നിന്ന് തന്നെ മാറ്റര്‍ ഷേര്‍ ചെയ്യാനും, കോപ്പി ചെയ്ത് എവിടെയാണോ എഴുതേണ്ടത് അവിടെ പേസ്റ്റ് ചെയ്യാനുമുള്ള ഓപ്‌ഷന്‍ മേലെ കാണുന്നുണ്ടല്ലോ അല്ലേ.

ഇനി മലയാളം വായിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഒന്ന് : ഈ വരമൊഴി ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്ത ജീസ്‌മോന്‍ ജേക്കബ് തന്നെ ML-Browser എന്നൊരു ആപ്ലിക്കേഷനും രൂപകല്പന ചെയ്തിട്ടുണ്ട്. അതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സര്‍ച്ച് ചെയ്ത് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്യാം. അത് ഒരു മൊബൈല്‍ ബ്രൌസര്‍ ആണ്. ഒപേര മിനി പോലെ തന്നെ. അത് ഇന്‍സ്റ്റാള്‍ ചെയ്ത്, ഓപന്‍ ചെയ്തിട്ട് അതിന്റെ അഡ്രസ്സ് ബാറില്‍ ഫേസ്‌ബുക്കോ ബ്ലോഗോ, പത്രങ്ങളോ  അങ്ങനെ ഏത് സൈറ്റിന്റെയും URL ടൈപ്പ് ചെയ്ത എന്റര്‍ അടിച്ച് തുറന്നാലും മലയാളം വായിക്കാന്‍ കഴിയും.  ML- Browser-ല്‍ എന്റെ ബ്ലോഗ് താഴെ കാണുക.രണ്ടാമത്തെ മാര്‍ഗ്ഗം ഒപേര മിനി തന്നെയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി opera mini എന്ന് ടൈപ്പ് ചെയ്ത് സര്‍ച്ച് ചെയ്യുക. അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ ആദ്യം കാണുന്ന Opera Mini web browser എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ആയാല്‍ ഓപന്‍ ചെയ്യുക.  അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ തുറക്കും.

അവിടെ Enter address എന്ന് കാണുന്നിടത്ത് about:config എന്ന് മാത്രം ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു പേജ് തുറക്കും.

ആ പേജ് താഴോട്ട് സ്ക്രോള്‍ ചെയ്യുക. ഏറ്റവും താഴെ കാണുന്ന


Use bitmap fonts for complex scripts എന്നതിന് നേരെയുള്ള No എന്നത് മാറ്റി yes എന്നാക്കി save ചെയ്യുക. ഇനി നിങ്ങള്‍ മിനി ഒപേര ബ്രൗസറിൽ ഏത് മലയാളം സൈറ്റ് തുറന്നാലും മലയാളം വായിക്കാം.

                          കമ്പ്യൂട്ടറില്‍ നിന്ന് മലയാളം എഴുതാന്‍

ഇക്കാലത്ത് ഫേസ്‌ബുക്കിലും മറ്റും മംഗ്ലീഷില്‍ എഴുതേണ്ടതായ ഒരാവശ്യവും ഇല്ല. മംഗ്ലീഷില്‍ മലയാളം വായിക്കാന്‍ വളരെ ബുദ്ധിമുട്ടും അരോചകവും ആണ്. അതേ സമയം ആശയങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ ലളിതമായി എഴുതിയാല്‍ ആര്‍ക്കും വായിക്കാനും മനസ്സിലാക്കാനും കഴിയും. എത്ര സങ്കീര്‍ണ്ണമായ ആശയവും സിമ്പിള്‍ ഇംഗ്ലീഷില്‍ ആര്‍ക്കും മനസ്സിലാകുന്ന തരത്തില്‍  ചുരുക്കം വാചകങ്ങളില്‍ അവതരിപ്പിക്കാന്‍ കഴിയും എന്നത് ഇംഗ്ലീഷിന്റെ മാത്രം പ്രത്യേകതയാണ്. ഇംഗ്ലീഷ് പ്രാവീണ്യം പ്രകടിപ്പിക്കാന്‍ കടുകട്ടിയുള്ള വാക്കുകള്‍ ഉപയോഗിച്ച് എഴുതരുത് എന്ന് മാത്രം. അങ്ങനെയും ഇംഗ്ലീഷില്‍ കഴിയും.

അത്കൊണ്ട് മംഗ്ലീഷില്‍ എഴുതുന്നവര്‍ മലയാളം അക്ഷരങ്ങളില്‍ തന്നെ ടൈപ്പ് ചെയ്യുക. അതിന് വിന്‍ഡോസിന്റെ ഏത് വെര്‍ഷനിലും മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കീമാജിക്ക് എന്ന സോഫ്റ്റ്‌വേര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.  ഈ  ലിങ്കില്‍  പോയി KeyMagic-1.4-Win32-Malayalam.zip എന്ന ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്യുക.  എന്നിട്ട് ഡൌണ്‍‌‌ലോഡ് ഫോള്‍ഡറില്‍ ആ ഫയല്‍ കണ്ടുപിടിച്ച് അണ്‍‌സിപ്പ് (എക്സ്ട്രാക്റ്റ്) ചെയ്യുക. അണ്‍‌സിപ്പ് ചെയ്ത ഫോള്‍ഡര്‍ തുറന്ന് Key Magic എന്ന application ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ആയാല്‍ കമ്പ്യൂട്ടറിന്റെ താഴെ ടാസ്ക് ബാറില്‍ വലത് ഭാഗത്ത് ഒരു നീല ഐക്കണ്‍ പ്രത്യക്ഷപ്പെട്ടിരിക്കും.

ഇത്രയും ആയാല്‍ ഇനി നിങ്ങള്‍ക്ക് വെബ്‌പേജുകളില്‍ മലയാളത്തില്‍ നേരിട്ട് ടൈപ്പ് ചെയ്യാം. ടൈപ്പിങ്ങ് തുടങ്ങുന്നതിന് മുന്‍പ് കണ്‍‌ട്രോള്‍ (Ctrl) കീയും  M എന്ന കീയും അമര്‍ത്തിയാല്‍ മതി. പിന്നെ ടൈപ്പ് ചെയ്യുന്നത് സുന്ദരമായ മലയാളത്തില്‍ ആയിരിക്കും. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് പോലെ. വീണ്ടും ഇംഗ്ലീഷിലേക്ക് മടങ്ങാന്‍ വീണ്ടും കണ്‍‌ട്രോള്‍ (Ctrl) കീയും  M എന്ന കീയും അമര്‍ത്തിയാല്‍ മതി.

കീമാന്‍ എന്ന സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്താലും മലയാളം ടൈപ്പ് ചെയ്യാം. ഞാന്‍ രണ്ടും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. കീമാന്‍ ലിങ്ക് :   ഇവിടെ

ഇത്രയും കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയതാണ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ കമന്റ് എഴുതുമല്ലൊ.

സിദ്ധാന്തം Versus പ്രയോഗം


ജാതി-മത-വർഗ്ഗീയ വിചാരങ്ങൾ പോലെ തന്നെ അപകടമാണു ഇടത്പക്ഷ-പുരോഗമന-ബുദ്ധിജീവി വിചാരങ്ങളും എന്നാണു എന്റെ അഭിപ്രായവും പൊതുവെ കണ്ടുവരുന്ന അനുഭവങ്ങളും. പ്രായോഗികതയാണു എക്കാലത്തേക്കും പറ്റിയ ഏറ്റവും ശരിയായ സമീപനം. പ്രായോഗികതയ്ക്ക് മുൻകൂട്ടി എഴുതപ്പെട്ട തിരക്കഥ വേണ്ട. പ്രായോഗികതയാണു എല്ലായ്പോഴും പ്രയോഗത്തിൽ വിജയിക്കുന്നത്. പ്രായോഗികതയ്ക്ക് വിലങ്ങ്തടി സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ രണ്ട് വശങ്ങളാണു ഇപ്പറഞ്ഞ ജാതി-മത-വർഗ്ഗീയതകളും ഇടത്-പുരോഗമന-ബുദ്ധിജീവിത്വങ്ങളും. പ്രായോഗികതയെ മെരുക്കിയെടുത്ത് സമൂഹത്തിനു അനുഗുണമാക്കുക എന്നതാണു ശരിയായ രീതി.

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ദുബായ് ആണെന്ന് ഇന്ന് എല്ലാവരും സമ്മതിക്കും. ഞാൻ ദുബായിൽ പോയിട്ടില്ല. വിമാനത്തിൽ കയറാനുള്ള ഭയം നിമിത്തം ഇനി പോകാനുള്ള സാധ്യതയും ഇല്ല. ദുബായിൽ പോയവരും അവിടെ താമസിക്കുന്നവരും പറഞ്ഞുകേട്ട വിവരണങ്ങളിൽ നിന്ന് ഞാൻ എത്തിച്ചേർന്ന നിരീക്ഷണമാണിത്. പ്രായോഗികതയുടെ വിജയമാണു ദുബായിയുടെ വിജയം. ഒരു പ്രത്യയശാസ്ത്രഭാരവും ദുബായ് ഭരണാധികാരികൾ ചുമക്കുന്നില്ല. എല്ലാറ്റിലും പ്രായോഗികമായ സമീപനം അവർ പുലർത്തുന്നു. ചുരുങ്ങിയത് ഒരു ഇരുപത്തഞ്ച് കൊല്ലമെങ്കിലും മുന്നിൽ കണ്ടിട്ടാണു എല്ലാ പദ്ധതികളും വിഭാവനം ചെയ്യുന്നത്.

ലോകത്ത് മനുഷ്യനു സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രബല സിദ്ധാന്തങ്ങളാണു കമ്മ്യൂണിസവും ഇസ്ലാമിസവും. ആ നിലയ്ക്ക് ഇസ്ലാമിനും കമ്മ്യൂണിസ്റ്റിനും യോജിക്കാവുന്ന പൊതുവായ മേഖലകള്‍ ഉണ്ടെന്ന് ചില ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും കരുതുന്നുണ്ട്. എന്നാല്‍ നമുക്ക് ചരിത്രത്തില്‍ നിന്ന് പഠിക്കാന്‍ കഴിയുന്നത് എന്താണ്? ഇസ്ലാം ഭരണാധികാരികളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും എത്രയോ കാലം ഭരിച്ചിട്ടും ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ല എന്ന് മാത്രമല്ല, അവിടെയൊക്കെ അലങ്കോലമായ അവസ്ഥയാണ് കാണാന്‍ കഴിയുക. എന്ത്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? സിദ്ധാന്തപ്രകാരം ഭരണനിര്‍വ്വഹണം നടത്തുക എന്നത് ചെരുപ്പിന് പാകമാകും വിധം കാല് മുറിക്കുന്ന ഏര്‍പ്പാടാണ്. ദുബായ് ഈ മാര്‍ഗ്ഗം പിന്‍‌തുടരുന്നില്ല. അവര്‍ കാലിന് പറ്റിയ രീതിയില്‍ ചെരുപ്പ് മുറിച്ച് രൂപപ്പെടുത്തുകയാണ്.

സമൂഹത്തില്‍ ഓരോ കാലത്തും അതാത് കാലത്തിന്റെ പ്രശ്നങ്ങളാണ് ഉരുത്തിരിഞ്ഞുവരിക. ആ പ്രശ്നങ്ങള്‍ക്ക് ആ കാലത്തിന് യോജിച്ച പരിഹാരങ്ങള്‍ പ്രായോഗികമായി കണ്ടെത്തണം. സിദ്ധാന്തത്തില്‍ ഇങ്ങനെ എഴുതിവെച്ചുപോയിട്ടുണ്ട് അത് പ്രകാരം മാത്രമേ പരിഹാരം കാണാനാവൂ എന്ന് ശാഠ്യം പിടിച്ചാല്‍ ഒന്നും നടക്കുകയില്ല. എക്കാലത്തേക്കും പറ്റിയ ഒരു സിദ്ധാന്തം ആവിഷ്ക്കരിച്ച് ഗ്രന്ഥങ്ങളില്‍ എഴുതിവെക്കാന്‍ പറ്റില്ല. പ്രായോഗികതയ്ക്ക് ഗ്രന്ഥങ്ങളും സിദ്ധാന്തങ്ങളും വഴി മാറിക്കൊടുത്തേ പറ്റൂ. അങ്ങനെ വഴി മാറി എന്നതാണ് ദുബായിയുടെ വിജയം.

നമ്മുടെ രാജ്യവും എന്തെങ്കിലും പുരോഗതി നേടിയിട്ടുണ്ടെങ്കില്‍ അത് എപ്പോഴൊക്കെ ഭരണരംഗത്ത് പ്രായോഗിക സമീപനം സ്വീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെയാണ്. അനിഷ്ടമുളവാക്കുന്ന ചില പാര്‍ശ്വഫലങ്ങള്‍ പുരോഗതിയ്ക്ക് ഉണ്ടെങ്കിലും പുരോഗതി എന്നത് ജീവിതത്തിന്റെ നിയമമാണ്. നമുക്കത് ഒഴിവാക്കാന്‍ പറ്റില്ല. നമ്മുടെ പുരോഗതിക്കും വികസനത്തിനും പ്രത്യയശാസ്ത്രക്കാരും സിദ്ധാന്തക്കാരും പല തടസ്സങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നമ്മള്‍ പുരോഗതിയുടെ പാതയില്‍ തന്നെയാണ് എന്ന് മാത്രമല്ല, ഈ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും സമാധാനവും ഐശ്വര്യവും ഉള്ള രാജ്യവും നമ്മുടേത് തന്നെ. പ്രത്യയശാസ്ത്രങ്ങളുടെ തടവുകാര്‍ക്ക് സ്ഥിരം അസംതൃപ്തിയാണ്. അതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. എന്തെന്നാല്‍ സിദ്ധാന്തങ്ങളെ പ്രയോഗം നിരന്തരം തോല്പിച്ചുകൊണ്ടേയിരിക്കും എന്നത് അവര്‍ക്ക് മനസ്സിലാവുകയില്ല.

സമരനാടകം ..


സി.പി.എം.കാര്‍ ആയാല്‍ , ആ പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടനകളില്‍ ഏതെങ്കിലും ഒന്നില്‍ അംഗമായാൽ, തങ്ങള്‍ അജയ്യരാണെന്നും തങ്ങള്‍ വിചാരിക്കുന്നത് എന്തും നടത്തിക്കും എന്നുമൊക്കെയുള്ള ഒരു തരം ധാര്‍ഷ്ഠ്യവും തലക്കനവുമാണ് മാര്‍ക്സിസ്റ്റുകാരെ ഭരിക്കുന്നത്. അവരുടെ നോട്ടത്തിലും ഭാവത്തിലും വാക്കുകളിലും എല്ലാം ഈ അഹന്ത മുഴച്ചുനില്‍ക്കുന്നത് കാണാം. എല്ലാം തങ്ങള്‍ കീഴ്പ്പെടുത്തും,എല്ലാറ്റിനെയും തങ്ങള്‍ മുട്ടുകുത്തിക്കും എന്ന ഈ മിഥ്യയായ അഹങ്കാരം കമ്മ്യൂണിസ്റ്റുകള്‍ക്ക് പാരമ്പര്യമായി പകര്‍ന്ന് നല്‍കിയത് സ്റ്റാലിനാണ്.
ഈ അഹന്തയും ധാര്‍ഷ്ഠ്യവും പേറാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കമ്മ്യൂണിസ്റ്റുകളായി തുടരാന്‍ കഴിയൂ എന്ന പൈതൃകം മാറാതെ കാത്ത് സൂക്ഷിക്കുന്നത്കൊണ്ടാണ് കമ്മ്യൂണിസം ഇന്ത്യയില്‍ വെച്ചടി വെച്ചടി കുത്തോട്ട് പോയി കേരളത്തില്‍ മാത്രം ചുരുങ്ങിപ്പോയത്. കാരണം, ജനങ്ങളില്‍ ഭൂരിഭാഗവും സമാധാനകാംക്ഷികളാണ്. ജീവിതം ക്ഷണികവും നശ്വരവുമാണെന്നും ആത്യന്തികമായി ജീവിതം കൊണ്ട് ഒന്നും പിടിച്ചുപറ്റാന്‍ ഇല്ലെന്നുമുള്ള ഒരു ബോധം ബഹുഭൂരിപക്ഷത്തിനുമുണ്ട്.

എന്നാല്‍ ഭൌതികവാദികള്‍ക്ക് ജീവിതം ആസക്തികളുടെ പൂരണത്തിനുള്ളതാണ്. അധികാരവും സമ്പത്തും പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ. ആത്മീയവും ധാര്‍മ്മികവുമായ എല്ലാ ചിന്തകളും അവര്‍ക്ക് അന്യമാണ്. എന്തിലും സര്‍വ്വാധിപത്യം എന്നതാണ് ഏത് കമ്മ്യൂണിസ്റ്റുകാരന്റെയും പരമമായ ഉന്നം. അത്കൊണ്ട് അവര്‍ക്ക് എവിടെയും തോറ്റ് കൊടുക്കാന്‍ മനസ്സില്ല. ഞങ്ങള്‍ തോറ്റിട്ടില്ല, തോറ്റ ചരിത്രം ഞങ്ങള്‍ക്കില്ല എന്ന മുദ്രാവാക്യം ഇപ്പോഴും അവശിഷ്ട കമ്മ്യൂണിസ്റ്റുകള്‍ മുഴക്കുന്നത് അത്കൊണ്ടാണ്. കാലവും സമൂഹവും ശാന്തിമാര്‍ഗ്ഗത്തിലൂടെ തങ്ങളെ അനവരതം തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

ഇതിലൊന്നും കമ്മ്യൂണിസ്റ്റുകളെ കുറ്റപ്പെടുത്താന്‍ നമുക്ക് കഴിയില്ല. അവര്‍ വിപ്ലവകാരികളാണ്. വിപ്ലവം തോക്കിന്‍ കുഴല്‍ മുതല്‍ നായ്‌ക്കുരണപ്പൊടി വരെയുള്ളതില്‍ നിന്ന് വന്നേ തീരൂ എന്ന് വിശ്വസിക്കാന്‍ ബാധ്യതപ്പെട്ടവരാണവര്‍ . പങ്കാളിത്തപെന്‍ഷന്‍
പദ്ധതിക്കെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങിപ്പുറപ്പെട്ടത് സര്‍ക്കാരിനെ മുട്ട് കുത്തിക്കാന്‍ തന്നെയായിരുന്നു. സര്‍ക്കാരിന്റെ ഭാഗമായ മറ്റ് ജീവനക്കാര്‍ക്കും മന്ത്രിമാര്‍ക്കും എല്ലാം തങ്ങള്‍ ഓരോരുത്തരുടെയും പരിമിതികളെ പറ്റിയും നിസ്സാരതകളെയും പറ്റി അറിയാം. എന്നാല്‍ എന്‍ ജി ഓ ക്കാരന്‍ വിചാരിക്കുക, തങ്ങളുടെ സംഘടന സര്‍ക്കാരിനെക്കാളും വലിയ സംഘടന ആണെന്നും നാളെ ലോകം മൊത്തം വെട്ടിപ്പിടിച്ച് സര്‍വ്വാധിപത്യം സ്ഥാപിച്ച് ഭൂമിയെ മൊത്തം ഭരിക്കേണ്ടവര്‍ ആണെന്നുമായിരിക്കും.

അത്കൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ സമരം തോറ്റുപോയി എന്നര്‍ത്ഥമില്ല. സര്‍ക്കാരില്‍ നിന്ന് ചില ഉറപ്പുകള്‍ വാങ്ങി തല്‍ക്കാലത്തേക്ക് സമരം പിന്‍‌വലിച്ചതാണ്. കൂടുതല്‍ ജനങ്ങളെ അണിനിരത്തി സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടിയാണ് ഇപ്പോള്‍ പിന്‍‌വലിച്ചിട്ടുള്ളത്. ഉറപ്പുകള്‍ ഒന്നും അത്ര മോശമല്ല. മാസം നൂറ് രൂപ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്ന വിരമിച്ച തൊഴിലാളികളുണ്ട്. അതിനേക്കാളും കുറഞ്ഞ തുക 35കൊല്ലം കഴിഞ്ഞ് വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരന്  ഉണ്ടാകരുത് എന്ന ഉറപ്പ് വാങ്ങി വെച്ചത് ചില്ലറ നേട്ടമല്ല.

എന്തായാലും സമരം ഗംഭീരമായി വിജയിച്ചു. അക്രമം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും എതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍‌വലിക്കില്ല എന്നൊരു ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് എന്നാണറിയാന്‍ കഴിയുന്നത്. അത് ഒരുപുറം ഇരിക്കട്ടെ, ഇനി വേണ്ടത് പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയും കരി‌ഓയില്‍ , നായ്‌ക്കുരണ എന്നിവ പ്രയോഗിച്ച് അപമാനപ്പെടുത്തിയതിനെതിരെയും സിവില്‍ കേസ് കൊടുക്കാന്‍ ആരെങ്കിലും മുന്നോട്ട് വരികയാണ്. ഒരു പക്ഷെ ഈ ഭൌതികവാദികള്‍ അഹന്തയും ധാര്‍ഷ്ഠ്യവും വെടിഞ്ഞ് എല്ലാവരെയും പോലെ സ്വാഭാവികമായ സമാധാന ജീവിതത്തിലേക്ക് അവരും എത്തിപ്പെടാന്‍ അത്തരം നടപടി സഹായിച്ചേക്കും. നമ്മളെ സംബന്ധിച്ച് ഈ ജീവിതം ഒരു നാടകവും നമ്മള്‍ അതിലെ നടന്മാരും ഭൂമി അരങ്ങുമാണ്.

സമരങ്ങൾക്ക് ലജ്ജയാകുന്നു...


മാർക്സിസ്റ്റുകാർ ഗവണ്മേന്റ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും ആയാൽ അവരുടെ നിലവാരം എങ്ങനെയിരിക്കും എന്നതിന്റെ ലക്ഷണങ്ങളാണു ഇപ്പോൾ നടക്കുന്ന സമരാഭാസത്തിൽ കണ്ടുവരുന്നത്. കല്ലേറ്, വസ്ത്രാക്ഷേപം, നായ്‌ക്കുരണ, കരിഓയിൽ, ചാണകവെള്ളം, ചീമുട്ട തെറിയഭിഷേകം തുടങ്ങിയ കയ്യേറ്റങ്ങളും പിന്നെ ഫയലുകളിൽ ചാണകപ്രയോഗം, ആഫീസുകള്‍ താഴിട്ട് പൂട്ടല്‍  ഇതൊക്കെയാണു സമരക്കാർ സമരത്തിലില്ലാതെ ജോലിക്കെത്തുന്നവരുടെ മേൽ പ്രയോഗക്കുന്നത്. സമരം അവസാനിച്ചാലും തങ്ങൾ ജോലിചെയ്യേണ്ട ആഫീസും നാളെ മുഖത്ത് നോക്കേണ്ട സഹപ്രവർത്തകരുമാണ് എന്ന ഒരു ചിന്തയും മാര്‍ക്സിസ്റ്റ് അദ്ധ്യാപകരാദി ഉദ്യോഗസ്ഥര്‍ക്ക് ഇല്ല. അതാണ് മാര്‍ക്സിസം തലക്ക് പിടിച്ചാല്‍ ഉണ്ടാകുന്ന സ്വഭാവസവിശേഷത. അവര്‍ക്ക് സംഘടനയായിരിക്കും ഏറ്റവും വലുത്. സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യും. അതില്‍ നീതിയും മാനുഷികതയും ഒന്നും നോക്കുകയില്ല.

ഈ സമരത്തെ പറ്റി എല്ലാവർക്കും അറിയാം. 2013 ഏപ്രിൽ ഒന്ന് മുതൽ സർക്കാർ സർവ്വീസിൽ കയറി പിന്നെ മുപ്പതോ മുപ്പത്തഞ്ചോ വർഷം കഴിഞ്ഞ് പെൻഷൻ വാങ്ങാൻ പോകുന്ന സാങ്കല്പിക ഉദ്യോഗസ്ഥർക്ക് അവർ അപ്പോൾ വാങ്ങാൻ പോകുന്ന പെൻഷനെ പറ്റിയാണു സമരം. ഇമ്മാതിരി ഒരു സമരം മാർക്സിസ്റ്റുകാർ ഉദ്യോഗസ്ഥരായിട്ടുള്ള നാട്ടിൽ മാത്രമേ നടക്കൂ. അത്തരമൊരു ഗതികെട്ട നാടായിപ്പോയി നമ്മുടെ കേരളം.

എന്താണു പങ്കാളിത്ത പെൻഷൻ? വരുന്ന ഏപ്രിൽ മുതൽ സർക്കാർ സർവ്വീസിൽ നിയമനം ലഭിക്കുന്ന  ജീവനക്കാർ വാങ്ങുന്ന ശമ്പളത്തിന്റെ 10% പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കണം. ജീവനക്കാരന്റെ തുകയ്ക്ക് തുല്യമായ അത്രയും തുക സംസ്ഥാന സർക്കാരും നിക്ഷേപിക്കും. എന്നിട്ട് 2044 ലിലോ അതിനു ശേഷമോ ആ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽ നിന്ന് 60% വരെ തുക പിൻവലിക്കാം. ബാക്കി വരുന്ന 40% തുകയിൽ നിന്ന് പെൻഷൻ ലഭിക്കും. ഇതിൽ എവിടെയാണു ആർക്കെങ്കിലും ദ്രോഹമുള്ളത്. ഇനി അഥവാ ഈ വ്യവസ്ഥ തനിക്ക് ദ്രോഹമാണു എന്ന് കരുതുന്നെങ്കിൽ അവൻ സർക്കാർ സർവ്വീസിൽ ചേരണ്ട എന്നല്ലേയുള്ളൂ. എല്ലാവരും എന്താ സർക്കാർ ജോലിക്കാണോ പോകാൻ പോകുന്നത്? എള്ള് ഉണങ്ങിയാൽ എണ്ണ കിട്ടും. അതിന്റെ കൂടെ എലിക്കാഷ്ടം എന്തിനാണു ഉണങ്ങുന്നത്? ഇക്കാര്യത്തിൽ സമരക്കാർക്ക് എലിക്കാഷ്ടത്തിന്റെ റോളാണു ഉള്ളത്.

കേരളത്തിലെ ജനസംഖ്യ മൂന്നേകാൽ കോടി. സർക്കാർ ജീവനക്കാർ വെറും 10 ലക്ഷം. ഈ പത്ത് ലക്ഷം ജീവനക്കാർക്ക് വേണ്ടി റവന്യൂ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാക്കുന്നു. ബാക്കി വരുന്ന 3കോടി 15ലക്ഷം പേർക്ക് ചലവാക്കാൻ സർക്കാരിന്റെ ഖജനാവിൽ ബാക്കിയാകുന്നത് റവന്യു വരുമാനത്തിന്റെ 19.39% മാത്രമാണു. സർക്കാർ ജീവനക്കാർക്ക് വേണ്ടി ഗവണ്മേന്റ് ചെലവാക്കുന്ന തുകയുടെ എത്രയോ ഇരട്ടി കൈക്കൂലിയായി ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നുമുണ്ട്. പല ഉദ്യോഗസ്ഥർക്കും ശമ്പളത്തിന്റെ എത്രയോ ഇരട്ടി കിമ്പളം കിട്ടും. കിമ്പളം കൊടുത്തില്ലെങ്കിൽ പൊതുജനത്തിനു എത്രയോ സേവനങ്ങൾ സർക്കാരാഫീസുകളിൽ നിന്ന് കിട്ടുകയില്ല.

അപ്പോൾ ചോദ്യം ഇതാണു. സംസ്ഥാനത്ത് ഈ പത്ത് ലക്ഷം ജീവനക്കാർ മാത്രം ജീവിച്ചാൽ മതിയോ? ബാക്കി മൂന്നേകാൽ കോടിയുടെ കാര്യമോ? സമരം ചെയ്യുന്ന ഒരോ ഉദ്യോഗസ്ഥന്റെയും മുഖത്ത് കരിഓയിലോ നായക്കുരണയോ ചാണകവെള്ളമോ മറുമരുന്നായി തെളിച്ച് ഓരോ സാധാരണക്കാരനും ചോദിക്കേണ്ട ചോദ്യമാണിത്.

ഹാ കേരളം !


കേരളത്തിൽ മുടിഞ്ഞ കക്ഷിരാഷ്ട്രീയമാണു. 24മണിക്കൂറും രാഷ്ട്രീയം മാത്രമേ സംസാരിക്കാനുള്ളൂ. രാഷ്ട്രീയമില്ലാത്തവർക്ക് മദ്യം. മദ്യവും ലോട്ടറിയും രാഷ്ട്രീയവും ധനാർത്തിയും മാത്രമാണു കേരളത്തെ ഭരിക്കുന്നത്. സ്ത്രീജനങ്ങളാണെങ്കിൽ സീരിയലുകളിൽ സ്വയം നഷ്ടപ്പെടുത്തിയും കഴിയുന്നു. സർഗ്ഗാത്മകത തീരെയില്ലാതെ വറ്റി വരണ്ട ഒരവസ്ഥ.

പലരും വാഴ്ത്തുന്നത് കമ്മ്യൂണിസം ഉള്ളത്കൊണ്ടാണു കേരളം ഇങ്ങനെ ശോഭിക്കുന്നത് എന്നാണു. എന്നാൽ ഇതേ കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസം ഇല്ലാത്ത നാടുകളിൽ പോയി പണി എടുത്തിട്ടാണു കേരളത്തിനു അന്നം തിന്നാനുള്ള വക കണ്ടെത്തുന്നത്. അന്നം വാങ്ങാനുള്ള കാശ് പുറം രാജ്യങ്ങളിൽ നിന്ന് സമ്പാദിക്കണമെങ്കിൽ ആ കാശ് കൊടുത്ത് വാങ്ങാനുള്ള ഉപ്പ് തൊട്ട് കർപ്പൂരം വരെ പുറം സംസ്ഥാനങ്ങളിൽ നിന്നും വരികയും വേണം. ഇതാണു കമ്മ്യൂണിസം കൊണ്ട് കേരളത്തിനു കിട്ടിയ നേട്ടം.

കേരളം തുടർച്ചയായി രണ്ട് തവണ സി.പി.എം. ഭരിക്കാൻ ഇട വരികയാണെങ്കിൽ കിട്ടുന്ന വിലക്ക് നാട്ടിലെ വീട് വിറ്റ് തമിഴ്‌നാട്ടിലേക്കോ കർണ്ണാടകയിലേക്കോ കുടിയേറുമെന്ന് ഞാൻ വർഷങ്ങൾക്ക് മുൻപേ തീരുമാനിച്ചിരുന്നു. കേരളം ബംഗാളാകുമെന്ന പേടി കൊണ്ടായിരുന്നു അത്. എന്നാൽ ആ ബംഗാൾ പോയി. ഇനിയൊരിക്കലും ബംഗാളിൽ സി.പി.എം. കുത്തകഭരണം ഉണ്ടാവില്ല. കേരളത്തിൽ സി.പി.എമ്മിന്റെ തുടർഭരണം ഉണ്ടാകാത്തത്കൊണ്ട് എനിക്ക് നാട്ടിലെ വീട് വിൽക്കേണ്ടി വന്നില്ല. ഇപ്പോൾ നാട്ടിൽ മകൾക്ക് വേറെയും വീടുണ്ട്.

എന്നാലും കേരളമല്ലെ? കേരളത്തിന്റെ ഭാവിയിൽ എനിക്ക് ആശങ്കയുണ്ട്. അത്കൊണ്ട്, നല്ല കാലത്ത് കേരളത്തിനു പുറത്ത് ഒരു വീട് വെക്കുന്നത് ഗുണം ചെയ്യും. ബാംഗ്ലൂരിൽ മകനു ഒരു വീട് പൂർത്തിയായി വരുന്നു. അതിന്റെ അടുത്ത് മകൾക്ക് വേണ്ടിയും വീടിനു വേണ്ടി ഒരു സൈറ്റ് വാങ്ങാൻ പോകുന്നു. പ്രവാസിയായ ഒരു നാട്ടുകാരനും ബന്ധുവിനും അവിടെ സൈറ്റുകൾ വാങ്ങാൻ ഏർപ്പാട് ചെയ്തുകൊടുത്തിട്ടുണ്ട്. അത്രയൊക്കെയല്ലെ നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റൂ.

പലർക്കും തോന്നാം. ഞാൻ എന്ത്കൊണ്ടാണു ഇത്ര തീവ്രമായി കമ്മ്യൂണിസത്തെ എതിർക്കുന്നത് എന്ന്. നിങ്ങളെ പോലെ തന്നെ പുസ്തകത്തിലെ കമ്മ്യൂണിസത്തെ ഞാൻ എതിർക്കുന്നില്ല. എന്ന് മാത്രമല്ല ആ കമ്മ്യൂണിസത്തെ താലോലിക്കുകയും ചെയ്യുന്നു. വർഗ്ഗസമരം , തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്നിങ്ങനെയുള്ള കാലോചിതമല്ലാത്ത വരട്ട് സിദ്ധാന്തം ഒഴിവാക്കിയാൽ തന്നെയും കമ്മ്യൂണിസത്തിനു പ്രസക്തി ഉണ്ടാകേണ്ടതാണു. എന്നാൽ അതേ കമ്മ്യൂണിസം പ്രായോഗികമാക്കാൻ ശ്രമിക്കുന്നവരെ സഹിക്കാൻ പറ്റില്ല. അത്കൊണ്ടാണല്ലൊ കമ്മ്യൂണിസം ഈ കോലത്തിൽ ആയത്. ഫാസിസ്റ്റ് മനോഭാവം ജന്മസിദ്ധമായി ലഭിക്കുന്നവരാണു കമ്മ്യൂണിസത്തിൽ നേതാക്കളാകുന്നത് എന്നതാണു കമ്മ്യൂണിസത്തിനു വന്നുപെട്ട ദുരന്തം. ജനാധിപത്യവും കമ്മ്യൂണിസവും എങ്ങനെ സമരസപ്പെടുത്താൻ കഴിയും എന്ന പരീക്ഷണം ലോകത്ത് നടന്നതായി അറിവില്ല.

എന്തായാലും കമ്മ്യൂണിസം എവിടെയൊക്കെ പ്രയോഗവൽക്കരിക്കാൻ നോക്കിയോ അവിടെയൊക്കെ ആ സിദ്ധാന്തത്തെ ആളുകൾ ഭയപ്പെടുകയോ വെറുക്കുകയോ ചെയ്തതിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റുകാർക്കല്ലാതെ കമ്മ്യൂണിസ്റ്റ് വിരുദ്ധർക്കല്ല എന്ന് എന്റെ സുഹൃത്തുക്കൾ മനസ്സിലാക്കണം.

ബ്രാഹ്മണ്യം എന്നാൽ ?


ശരിക്കും ഈ ബ്രാഹ്മണ്യം എന്ന് പറഞ്ഞാല്‍ എന്താണ്? ഇവിടത്തെ ഒരു രീതി വെച്ച് പറഞ്ഞാല്‍ ബ്രാഹ്മണരായ മാതാപിതാക്കള്‍ക്ക് പിറന്നവര്‍ക്ക് മാത്രമേ ബ്രാഹ്മണരാകാന്‍ പറ്റൂ. നായര്‍ മാതാപിതാക്കള്‍ക്ക് പിറന്നാല്‍ നായരും ഈഴവര്‍ക്ക് പിറന്നാല്‍ ഈഴവരും അങ്ങനെയാണല്ലൊ അതിന്റെയൊരു രീതി. മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പിറക്കുന്ന കുട്ടികളുടെ ജാതി അച്ഛന്റേതായിരിക്കുമെന്ന് കോടതി വിധിയും ഉണ്ട്. ചുരുക്കിപറഞ്ഞാല്‍ ഈ ജാതിയും മതവും ഒക്കെ ജന്മനാ ലഭിക്കുന്നതാണ് എന്നാണ് വയ്പ്.

ബ്രാഹ്മണ്യമുള്ള നായര്‍ സമുദായാംഗങ്ങളെ എൻ.എസ്.എസ്സിന്റെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കും എന്ന് സുകുമാരൻ നായർ പറയുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്ന ബ്രാഹ്മണ്യം എന്താണ്? മാത്രമല്ല, ബ്രാഹ്മണ്യമുള്ള ബ്രാഹ്മണരെ പൂജാരിമാരായി കിട്ടാത്ത സാഹചര്യമുണ്ടെന്നും, ബ്രാഹ്മണ്യമില്ലാത്ത ബ്രാഹ്മണര്‍ പൂജാവിധികളുടെ പേരില്‍ ചൂഷണം നടത്തുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറയുന്നുണ്ട്. ബ്രാഹ്മണ്യം എന്നത് എല്ലാ ബ്രാഹ്മണര്‍ക്കും ഉണ്ടാവുകയില്ലേ, ബ്രാഹ്മണര്‍ അല്ലാത്ത നായര്‍മാര്‍ക്ക് ബ്രാഹ്മണ്യം ഉണ്ടാകുമോ? താന്ത്രിക്ക് വിദ്യാപീഠത്തില്‍ പഠിച്ചാല്‍ നായര്‍ക്കോ മറ്റ് ജാതിക്കാര്‍ക്കോ ബ്രാഹ്മണ്യം ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ മറുപടി പറയണം. ബ്രാഹ്മണരും ബ്രാഹ്മണ്യവും രണ്ടാണ് എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?

സത്യം പറഞ്ഞാല്‍ ഇന്ന് ക്ഷേത്രമേഖലയില്‍ നിലനില്‍ക്കുന്ന അത്യന്തം ഗുരുതരമായ ഒരു പ്രശ്നത്തിന്റെ മര്‍മ്മത്താണ് സുകുമാരന്‍ നായര്‍ തൊട്ടത്. നമ്മള്‍ സാമ്പത്തികമായി പുരോഗമിച്ചതിന്റെ ഫലമായി, ജീര്‍ണ്ണിച്ച് കിടന്നിരുന്ന സകല അമ്പലങ്ങളും ക്ഷേത്രങ്ങളും പുനരുദ്ധരിക്കപ്പെടുകയുണ്ടായി. പുതിയ ക്ഷേത്രങ്ങള്‍ എത്രയോ നിര്‍മ്മിക്കപ്പെടുന്നുമുണ്ട്. ഈ കാക്കത്തൊള്ളായിരം ക്ഷേത്രങ്ങളിലും ഭക്തന്മാരുടെ തിരക്കാണ്. ഈ തിരക്കും സാമ്പത്തികപുരോഗതിയുടെ ഫലമാണ്. ഇവിടെയൊക്കെ പൂജ ചെയ്യാനും പ്രസാദം നല്‍കാനും ബ്രാഹ്മണരായ പൂജാരികള്‍ വേണം. എന്നാല്‍ ഇത്രയും പൂജാരികള്‍ ബ്രാഹ്മണ സമുദായത്തില്‍ ഇല്ല. എല്ലാ ബ്രാഹ്മണരും പുജാരിജോലിക്ക് പോകുന്നില്ല. ഹിന്ദുക്കള്‍ക്കാണെങ്കില്‍ ബ്രാഹ്മണര്‍ മാത്രമേ പൂജാരിമാരാകാന്‍ പറ്റൂ എന്ന് നിര്‍ബ്ബന്ധവുമുണ്ട്.

നിലവിൽ എല്ലാ ക്ഷേത്രങ്ങളിലെയും പൂജാരിമാര്‍ യഥാർഥ ബ്രാഹ്മണർ തന്നെയാണോ? അല്ല എന്നായിരിക്കും ഉത്തരം. വയറിന് കുറുകെ കഴുത്തിലൂടെ ഒരു ചരടും കെട്ടി, ക്ഷേത്രാചാരങ്ങള്‍ കണ്ട് പഠിച്ച എത്രയോ ബ്രാഹ്മണരല്ലാത്തവര്‍ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ജോലി ചെയ്യുന്നുണ്ട്. പൂജാരിമാര്‍ ദൈവത്തിന്റെ ഇടനിലക്കാര്‍ അല്ലെങ്കില്‍ ദൈവത്തെ സം‌പ്രീതമാക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയില്‍ ഭക്തര്‍ ഈ പൂജാരികള്‍ക്ക് നല്ല തോതില്‍ കൈക്കൂലിയും കൊടുത്ത് വരുന്നുണ്ട്. അതായത് പൂജാരിമാര്‍ക്ക് ക്ഷേത്രക്കമ്മറ്റികളില്‍ നിന്ന് ശമ്പളവും ഭക്തരില്‍ നിന്ന് കിമ്പളവും ലഭിക്കുന്നു. ഇങ്ങനെ കിമ്പളം പറ്റുന്ന പൂജാരിമാര്‍ ഇന്ന് ഭേദപ്പെട്ട ധനികരായി മാറുന്നുണ്ട്. ആവശ്യത്തിന് ബ്രാഹ്മണരെ കിട്ടാത്ത സ്ഥിതി മുതലെടുത്ത് ഇതരജാതികളില്‍ നിന്ന് നിരവധി പേര്‍ വ്യാജപൂജാരിമാരായി ഈ തൊഴില്‍ മേഖലയില്‍ എത്തിപ്പെടുന്നുമുണ്ട്.

ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് സുകുമാരന്‍ നായര്‍ ബ്രാഹ്മണരെയും ബ്രാഹ്മണ്യത്തെയും രണ്ടാക്കി പിരിച്ച് ബ്രാഹ്മണ്യമുള്ള നായര്‍ യുവാക്കളെ പൂജാരിമാരാക്കും എന്ന് പ്രസ്താവിച്ചത്. എങ്ങനെയാണ് നായര്‍ യുവാക്കളെ ബ്രാഹ്മണ്യമുള്ളവരാക്കുക? അവര്‍ക്ക് താന്ത്രിക്ക് വിദ്യാപീഠത്തില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മതിയോ, പൂണൂല്‍ ധരിക്കുമോ, പൂണൂല്‍ ഇല്ലാത്ത പൂജാരിമാരെ ഭക്തന്മാര്‍ അംഗീകരിക്കുമോ എന്നതൊക്കെ കണ്ട് തന്നെ അറിയണം.

ഇക്കണ്ട അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ഒക്കെ പൂണൂൽ ധരിച്ച് കാണുന്ന പൂജാരിമാർ മുഴുവനും ബ്രാഹ്മണസമുദായത്തിൽ നിന്ന് വരുന്നവർ അല്ല എന്ന് ആലോചിച്ചാൽ മനസ്സിലാകും. അപ്പോൾ, പൂജാരിമാരാകാൻ ബ്രാഹ്മണർ തന്നെ വേണോ, താന്ത്രിക്ക് വിദ്യാപീഠത്തിൽ നിന്ന് പൂജാദികർമ്മങ്ങൾ യഥാവിധി പഠിച്ച ഏത് ജാതിയിൽ പെട്ടവരായാലും ഹിന്ദു ആയാൽ പോരേ എന്നതാണു യഥാർഥ പ്രശ്നം. ഇങ്ങനെ യഥാർഥ പ്രശ്നത്തെ യഥാർഥമായി ചിന്തിച്ചാൽ ഒരു പക്ഷെ സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും പരിഹാരം കണ്ടെത്താൻ കഴിയും. ക്ഷേത്രങ്ങളിൽ ഇന്ന് കടുത്ത ചൂഷണമാണു നടക്കുന്നത്. അവനവന്റെ പരാതിയിലും പരിഭവങ്ങളിലും അധിഷ്ഠിതമായ ഭക്തിപാരവശ്യത്തിൽ ഭക്തർ അതറിയുന്നില്ല എന്ന് മാത്രം.

രാഷ്ട്രീയ വാരഫലം


പുതിയ വര്‍ഷം നമ്മുടെ രാജ്യത്തിന് പുതിയ പ്രതീക്ഷകള്‍ ഒന്നും നല്‍കുന്നില്ല. ജനങ്ങള്‍ക്ക് നേതൃത്വം നല്‍കാനോ, ദിശാബോധം സൃഷ്ടിക്കാനോ പറ്റിയ കഴിവും ഭാവനയും ആര്‍ജ്ജവവും ഉള്ള രാഷ്ട്രീയനേതാക്കള്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ ആരുമില്ല എന്നതാണ് നിരാശാജനകമായ യാഥാര്‍ഥ്യം.

നമ്മുടെ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങ്ങ് കഴിവുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധനാണു. എന്നാൽ തീരെ കഴിവ് ഇല്ലാത്ത രാഷ്ട്രീയ നേതാവ് കൂടിയാണു. മൻമോഹൻ സിങ്ങിന്റെ സാമ്പത്തികനയങ്ങൾ , രാജ്യത്ത് സാമ്പത്തികമാന്ദ്യം ബാധിക്കാത്ത രീതിയിൽ പിടിച്ചുനിർത്താൻ സഹായിച്ചിട്ടുണ്ട്. സാമ്പത്തികം മാത്രമാണു ഡോ.മൻമോഹൻ സിങ്ങിന്റെ മേഖല. ഇന്ത്യ പോലെ ഒരു വലിയ രാജ്യത്തെ നയിക്കാൻ സാമ്പത്തികനയങ്ങൾ എന്ന ഒറ്റമൂലി മാത്രം പോര. സാമ്പത്തികനയങ്ങളുടെ പേരിൽ മൻമോഹൻ സിങ്ങിനു 99 ശതമാനം മാർക്ക് കൊടുക്കാമെങ്കിൽ രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹത്തിനു സീറോ മാർക്ക് കൊടുക്കാനേ പറ്റൂ. അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ കഴിവുള്ള ഒരു മന്ത്രിയായി ഞാൻ കാണുന്നത് പി.ചിദംബരത്തിനെയാണു. ബാക്കിയെല്ലാവരും സ്ഥാനം വഹിക്കുന്നു എന്ന് മാത്രം. അതിപ്പോൾ ആരായാലെന്ത് !

രാഷ്ട്രീയപാർട്ടികളെ എടുത്താൽ നിരുപദ്രവമായ ഒരു പാർട്ടി എന്ന് കോൺഗ്രസ്സിനെ പറയാം. സോണിയ ഗാന്ധി അദ്ധ്യക്ഷപദവിയിൽ ഉള്ളത്കൊണ്ട് കോൺഗ്രസ്സിൽ പൊട്ടിത്തെറി ഒന്നും ഇല്ലാതെ അങ്ങനെ പോകുന്നു എന്ന് പറയാം. അത് മാത്രമാണു സോണിയ ഗാന്ധി കോൺഗ്രസ്സിനു നൽകുന്ന സംഭാവന. അതിലപ്പുറം സോണിയ ഗാന്ധിക്ക് രാഷ്ട്രീയമായ കഴിവുകൾ ഒന്നുമില്ല. എന്തെങ്കിലും കഴിവുകൾ കോൺഗ്രസ്സ് പ്രതീക്ഷിക്കുന്നുമില്ല. പാർട്ടിയെ ഒറ്റക്കെട്ടായി നിർത്താനും ഹൈക്കമാന്റ് എന്ന് പറഞ്ഞ് എല്ലാവർക്കും വണങ്ങാനും ഒരു വ്യക്തിത്വം വേണം. ആ ദൗത്യം സോണിയ ഗാന്ധി നന്നായി നിർവ്വഹിക്കുന്നുണ്ട് എന്നതാണു സോണിയ ഗാന്ധിയുടെ കഴിവ്. എന്നാൽ പാർട്ടിയെ പിടിച്ചു നിർത്താൻ അങ്ങനെയൊരു പ്രതീകം മതി എന്നതാണു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ കോൺഗ്രസ്സിന്റെ പരാജയം. മറിച്ചൊന്നും ചെയ്യാൻ കഴിയില്ല എന്നത് കോൺഗ്രസ്സിന്റെ ഗതികേട്. കോൺഗ്രസ്സുകാർ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയുടെ കൈയിൽ മാന്ത്രികവടി ഒന്നും ഇല്ല എന്നും ഇതിനകം തെളിയിക്കപ്പെട്ടതാണു.

ബി.ജെ.പി.യുടെ കാര്യം എടുക്കാനും വെക്കാനും ഇല്ലാത്ത പരുവത്തിലാണു. വാജ്‌പൈ ആയിരുന്നു ബി.ജെ.പി.യുടെ ജനകീയ മുഖം. അദ്വാനി വർഗ്ഗീയമുഖവും. ഇപ്പോൾ വികസനമുഖവുമായി ഒരു നരേന്ദ്ര മോഡിയുണ്ട്. എന്നാൽ ഒരു സംസ്ഥാനമല്ല ഇന്ത്യ. മോഡിയെക്കാളും വികസനപ്രതിച്ഛായ ഒരു ഘട്ടത്തിൽ ചന്ദ്രബാബു നായിഡുവിനു ഉണ്ടായിരുന്നു. ഇപ്പോൾ നായിഡുവിന്റെ വിലാസം പോസ്റ്റൽ വകുപ്പിനു പോലും അറിയില്ല. മോഡിക്ക് ഇന്ത്യയെയോ ബി.ജെ.പി.യെയോ വികസിപ്പിക്കാൻ കഴിയില്ല. തനിക്ക് പ്രധാനമന്ത്രിമോഹം ഇല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ലാൽ കൃഷ്ണ അദ്വാനി അടിയറവ് പറഞ്ഞ് രാഷ്ട്രീയായുധം താഴെ വെച്ചു. ബി.ജെ.പി.യിൽ പിന്നെ ബാക്കിയുള്ളത് മുഖത്തെക്കാളും വലിയ വായയുള്ള സുഷമ സ്വരാജും എപ്പോഴും വിദൂരതയിലേക്ക് നോക്കുന്ന കൗശലക്കാരൻ അരുൺ ജയറ്റ്‌ലിയുമാണു. നിതിൻ ഗഡ്കരിക്ക് പൊണ്ണത്തടിയും പ്രസിഡണ്ട് പദവിയും ഉണ്ടെങ്കിലും അദ്ദേഹം വെറുമൊരു മഹരാഷ്ട്രക്കാരൻ മാത്രമാണു. ഗഡ്‌കരി ഒരിക്കലും ദേശീയമായി ജനങ്ങളുടെ നേതാവാകുകയില്ല. ബി.ജെ.പി. ഇന്ത്യയുടെ പ്രതീക്ഷ പോയിട്ട് നിരാശ പോലുമല്ല. വെറുമൊരു ഭാരം.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ എണ്ണം പറഞ്ഞ നേതാക്കൾ പലരും ഉണ്ടായിരുന്നെങ്കിലും ദേശീയമായി ഒരു ജനകീയ നേതാവ് ഏ.കെ.ജി. മാത്രമായിരുന്നു. ഏ.കെ.ജി.യുടെ രണ്ട് പ്രത്യേകതകൾ ഒന്ന് അദ്ദേഹം അടിമുടി ഇന്ത്യക്കാരനായിരുന്നു, രണ്ടാമത്തേത് അദ്ദേഹം ബുദ്ധിരാക്ഷസനോ പ്രത്യയശാസ്ത്ര വിശാരദനോ ആയിരുന്നില്ല. ബുദ്ധിരാക്ഷസനും പ്രത്യയശാസ്ത്ര വിശാരദനും എന്ന ലേബൽ എങ്ങനെയോ ഒപ്പിച്ചെടുത്ത കുതർക്കരാഷ്ട്രീയത്തിന്റെ അപ്പോസ്തലനായ സാക്ഷാൽ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് അദ്ദേഹത്തെ പോലെ മാത്രം കുതർക്കക്കാരായ ചെറുത്-വലുത് നേതാക്കളെയും അണികളെയും നിർമ്മിച്ചെടുത്തുകൊണ്ടാണു ഇന്ത്യയിൽ കമ്മ്യൂണിസത്തെ ജനകീയമല്ലാതാക്കിയത്. ഏ.കെ.ജി.ക്ക് മറ്റൊരു ഏ.കെ.ജി.യെ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇ.എം.എസ്സിനു എല്ലാ മാർക്സിസ്റ്റുകാരെയും ഇ.എം.എസ്സുമാരാക്കാൻ കഴിഞ്ഞു.

എസ്.എ. ഡാങ്കെ പ്രായോഗികവാദിയായ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. എന്നാൽ പാർട്ടി പിളർത്തി പോയ സി.പി.എം. കമ്മ്യൂണിസ്റ്റുപാർട്ടികളുടെ വല്യേട്ടൻ ആയി ഭീമാകാരം പൂണ്ടപ്പോൾ സി.പി.ഐ.ക്കാർക്ക് ഡാങ്കേയെ റിവിഷനിസ്റ്റ് മുദ്ര കുത്തി പുറത്താക്കി മാർക്സിസ്റ്റുകാരുടെ തൊഴുത്തിൽ പോയി കെട്ടപ്പെടാൻ വേണ്ടി നിന്നുകൊടുക്കേണ്ടി വന്നു. ഫലം ഇന്ത്യയ്ക്ക് തനതായ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായി. മാർക്സിസ്റ്റ് പാർട്ടി എവിടത്തെ പാർട്ടിയാണെന്ന് അവർക്ക് തന്നെ നിശ്ചയം പോര. ചൈനയിലെ പാർട്ടിയാണോ അതോ ക്യൂബയിലെയോ അതുമല്ല ലാറ്റിനമേരിക്കയിലെ പാർട്ടിയാണൊ എന്ന സ്ഥലകാല വിഭ്രാന്തിയിലാണു മാർക്സിസ്റ്റുകാർ എല്ലായ്പ്പോഴും. സ്വാമി വിവേകാനന്ദന്റെ ഫ്ലക്സ് ബോർഡ് മുന്നിൽ വെച്ച് തങ്ങളും ഇന്ത്യക്കാരാണേ എന്ന് ബോധ്യപ്പെടുത്താൻ അവർ വൃഥാശ്രമം നടത്തുന്നുണ്ട്. അത് പക്ഷെ ആരും കണക്കിലെടുത്തിട്ടില്ല.

ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ. ആയിരുന്നു. ഇടത്പക്ഷ ഐക്യം എന്ന വിചിത്രമായ പേരു പറഞ്ഞ് ആ പാർട്ടി സി.പി.എമ്മിന്റെ കൂടെ ചേർന്നപ്പോൾ സി.പി.ഐ.യുടെ വ്യക്തിത്വവും അസ്തിത്വം തന്നെയും ഇല്ലാതായി. എന്തിനായിരുന്നു ഈ ഒരു പക്ഷത്തിന്റെ ഐക്യം? പക്ഷത്തിനു ഐക്യമുണ്ടാക്കാൻ ഒരു പാർട്ടി വേണോ? ചത്ത കുഞ്ഞിന്റെ ജാതകം ചിന്തിച്ചിട്ട് ഫലമില്ല എന്ന് പറഞ്ഞ പോലെയാണു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാര്യം. ഇന്ത്യയിൽ ഇപ്പോൾ എത്ര കഷണം കമ്മ്യൂണിസ്റ്റുകൾ ഉണ്ടെന്ന് ആർക്കും അറിയില്ല. മാർക്സിസത്തെ ബ്രായ്ക്കറ്റിലാക്കിയ സി.പി.എം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. നിലവിൽ അതിനു സി.ഇ.ഓ.മാരായി കേന്ദ്രത്തിൽ പ്രകാശ് കാരാട്ടും കേരളത്തിൽ പിണറായി സഖാവും ഉണ്ടെന്നും അറിയാം. ഇപ്പോഴത്തെ സി.പി.എം. എന്ന ബിസിനസ്സ് കം പൊളിറ്റിക്കൽ സ്ഥാപനത്തെ നയിക്കാൻ ഇവരിരുവരും ധാരാളം. എന്തൊക്കെയോ ഇമേജുകളുടെ ഭാരവും ചുമന്ന് വി.എസ്സ്. സഖാവ് കുതിക്കുകയും കിതയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അതൊക്കെ ഒരു ഇട്ടവട്ടത്തിൽ മാത്രം. ഇന്ത്യ എന്ന വലിയ രാജ്യത്ത് കമ്മ്യൂണിസം ഇന്നൊരു വിഷയം അല്ലാതായി.

അണ്ണാ ഹസാരെയും കെജ്‌രി വാളും ഡൽഹിയിൽ ചിലപ്പോഴൊക്കെ അരങ്ങേറുന്ന പ്രക്ഷോഭങ്ങളും ഒന്നും പ്രതീക്ഷയ്ക്ക് വകയുള്ളതാണു എന്ന് തോന്നുന്നില്ല. പിന്നെയുള്ളത് പ്രാദേശികപാർട്ടികളാണു. അതൊക്കെ ഇന്ത്യക്ക് വേണ്ടി എന്ത് ചെയ്യാനാണു? ആകെ നോക്കുമ്പോൾ ശുഭപ്രതീക്ഷ ഒന്നുമില്ലെങ്കിലും നിരാശപ്പെടാനും കാരണമില്ല. ഏതോ ഭൂതകാലപുണ്യം കൊണ്ട് രാജ്യം അപകടം ഒന്നുമില്ലാതെ മുന്നോട്ട് പോകും എന്ന് തീർച്ചയായും ആശ്വസിക്കാം.