Links

Showing posts with label കൃഷി. Show all posts
Showing posts with label കൃഷി. Show all posts

ജൈവകൃഷി എന്ന് പറയുന്നത് വിഢിത്തം

ജൈവകൃഷി എന്നൊരു കൃഷി ഇല്ല. ആ പ്രയോഗം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണു. ഏത് വിഢിയാണു ഈ വാക്ക് കണ്ടുപിടിച്ചത് എന്നറിയില്ല. കൃഷി ഒന്നേയുള്ളൂ, അത് കൃഷി തന്നെയാണു. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയും.

കാട്ടിലൊക്കെ മരങ്ങൾക്ക് ആരും വളം ഇടുന്നില്ല. അവയ്ക്കൊക്കെ ആവശ്യമായ വളങ്ങൾ മണ്ണിൽ നിന്ന് കിട്ടുന്നുണ്ട്. കൂടാതെ മരങ്ങളിലെ ഇലകളും മറ്റും അവിടെ തന്നെ വീണ് വീണ്ടും മണ്ണിൽ കലർന്നു റിസൈക്കിൾ ആയി വൃക്ഷങ്ങൾക്ക് തന്നെ ഉപയോഗിക്കാൻ കഴിയുന്നു. വളം എന്ന വാക്കാണു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെയാണു ജൈവവളം എന്നും കൃത്രിമവളം എന്നൊക്കെ തെറ്റിദ്ധാരയുണ്ടാകുന്നത്. ജൈവം എന്നും കൃത്രിമം എന്നും രണ്ട് തരം വളങ്ങൾ ഇല്ല. വളം ഒന്നേയുള്ളൂ. വളം എന്നാൽ ചെടികൾക്ക് ആവശ്യമുള്ള ഭക്ഷണം എന്നും പറയാം. എന്തൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നതാണു രണ്ടാമത്തെ ചിത്രത്തിലെ ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്നത്. ഹൈഡ്രജൻ മുതൽ മൊളിബ്‌ഡിനം വരെ 16 മൂലകങ്ങളുടെ പേരുകൾ അതിൽ കാണാം. അത് മാത്രമാണു എല്ലാ സസ്യ-വൃക്ഷ-ലാതാദികൾക്കും ആവശ്യമുള്ള വളം അല്ലെങ്കിൽ ഭക്ഷണം. ഇപ്പറഞ്ഞ 16 മൂലകങ്ങളിൽ കാർബണും ഓക്സിജനും ഹൈഡ്രജനും അങ്ങനെ മൂന്നെണ്ണം അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നുമാണു കിട്ടുന്നത്. ബാക്കി 13 മൂലകങ്ങളാണു മണ്ണിൽ നിന്ന് കിട്ടുന്നത്.
എന്നാൽ ഈ മൂലകങ്ങൾ പതിമൂന്നും അതാത് മൂലകങ്ങളായി നേരിട്ടല്ല മണ്ണിൽ നിന്ന് ചെടികളുടെ വേരുകൾ വലിച്ചെടുക്കുന്നത്. മൂലകങ്ങൾ ചേർന്ന് സംയുക്തങ്ങളായി എന്നിട്ട് അവയിൽ നിന്ന് എലക്ട്രോണുകൾ നഷ്ടപ്പെടുകയോ കൂടിച്ചേരുകയോ ചെയ്ത് അയണുകളായി മാറി ജലവും ആയി ചേർന്ന ലായനിയായിട്ടാണു വേരുകൾ വലിച്ചെടുക്കുന്നത്. ഒന്നാമത്തെ ചിത്രം അതാണു കാണിക്കുന്നത്. പ്രധാന വേരുകളിൽ നിന്ന് മുളയ്ക്കുന്നു ചെറുവേരുകൾ റൂട്ട് ഹെയർ എന്ന് പറയും. അതിൽ കൂടിയാണു ഈ ലായനി വലിച്ചെടുക്കപ്പെടുന്നത്. രണ്ടാമത്തെ ചിത്രം പട്ടിക രണ്ടിൽ അയണുകളായ സംയുക്തങ്ങളുടെ ഫോർമുല കൊടുത്തിട്ടുണ്ട്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണു ഇത് മാത്രമാണു വളം. ഇതിൽ ജൈവം എന്നും കൃത്രിമം എന്നും വേർതിരിക്കുന്നത് അസംബന്ധമാണു. ജൈവളത്തിലും ഇപ്പറഞ്ഞ മൂലകങ്ങളിൽ ചിലത് ഉണ്ടാകും. എന്നാൽ ചെടികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം അത് വിഘടിക്കപ്പെട്ട് അയണുകളായി മാറണമെങ്കിൽ കുറേക്കാലം അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിക്കണം. കൃത്രിമവളം എന്ന് പറയുന്നത് അസംബന്ധമാണു. ഉദാഹരണം പറയാം. സസ്യങ്ങൾക്ക് കൂടുതലായി വേണ്ടത് നൈട്രജൻ ആണു. പാറ പൊടിഞ്ഞ് ഉണ്ടായ മണ്ണിൽ നൈട്രജൻ ഇല്ല. മറ്റ് ധാതുമൂലകങ്ങൾ ഉണ്ട്. എന്നാൽ അന്തരീക്ഷവായുവിൽ 80 ശതമാനവും നൈട്രജൻ ആണു. ഈ നൈട്രജൻ ഇടിമിന്നൽ ഉണ്ടാകുന്ന വേളയിൽ ഓക്സിജനുമായി സംയോജിച്ച് നൈട്രിക്ക് ആസിഡായി രൂപാന്തരപ്പെട്ട് മണ്ണിൽ പതിക്കുന്നു. ചെടികൾക്ക് ആവശ്യമുള്ള നൈട്രജൻ അമോണിയം അയൺ ( NH₄ᐩ)എന്ന സംയുക്തമായിട്ട് മാത്രമേ ചെടി വലിച്ചെടുക്കൂ. മണ്ണിലെ ചില സൂഷ്മജീവികൾ നൈട്രിക് ആസിഡിനെ അമോണിയ ആക്കി മാറ്റുന്നു. ഇതിനെ നൈട്രജൻ ഫിക്സേഷൻ എന്നാണു പറയുന്നത് ആ അമോണിയ ജലവുമായി ചേരുമ്പോൾ അമോണിയം അയൺ ലായനിയായി മാറുന്നു. വായുവിലെ നൈട്രജൻ തന്നെയാണു ഫാക്ടറികളിൽ യൂറിയ നിർമ്മിക്കാനും ഉപയോഗിക്കുന്നത്. അല്ലാതെ നൈട്രജൻ കൃത്രിമമായി നിർമ്മിക്കുന്നില്ല. യൂറിയ മണ്ണിൽ ഇട്ടാൽ ജലവുമായി സമ്പർക്കത്തിലാവുമ്പോൾ അത് അമോണിയം അയൺ ആയി മാറുന്നു. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലോ ഭൂമിയിലോ ഉള്ള പദാർത്ഥങ്ങളിൽ നിന്ന് തന്നെയാണു കൃത്രിമമായി വളം നിർമ്മിക്കുന്നത്. കൃത്രിമമായി നിർമ്മിക്കുക എന്ന് പറഞ്ഞാൽ പ്രകൃതിയിലെ മൂലകങ്ങൾ ഫാക്ടറികളിൽ വെച്ച് സംയോജിപ്പിക്കുന്നു എന്നേയുള്ളൂ. മനുഷ്യൻ ഒന്നും കൃത്രിമമായി നിർമ്മിക്കുന്നില്ല. ഉള്ളതിനെ രൂപമാറ്റം വരുത്തുന്നു എന്നേയുള്ളൂ. ഒരേ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചില മൂലകങ്ങൾ മണ്ണിൽ കുറഞ്ഞു പോകും. കാരണം മണ്ണിൽ നിന്ന് ഉണ്ടാകുന്നത് നമ്മൾ വിളവെടുത്ത് പോവുകയാണു. അപ്പോൾ കുറവുള്ള മൂലകം മണ്ണിൽ തിരിച്ച് നിക്ഷേപിക്കണം. അതുകൊണ്ടാണു വളം അഥവാ മൂലകങ്ങൾ മണ്ണിൽ ഇടേണ്ടി വരുന്നത്. സാധാരണഗതിയിൽ അധിക അളവിൽ ചെടികൾക്ക് വേണ്ടതായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസിയം എന്നിങ്ങനെ മൂന്ന് മൂലകങ്ങൾ ആണു കുറവ് വരിക. വളരെ കുറവേ ആവശ്യമുള്ളൂ എങ്കിലും ട്രേസ് എലമെന്റ്സും പ്രധാനമാണു. ഉദാഹരണത്തിനു മൊളിബ്‌ഡിനം എന്ന മൂലകം ഇല്ലെങ്കിൽ നൈട്രജൻ ഫിക്സേഷൻ നടക്കില്ല്ല. ഇതൊക്കെ പരിഹരിക്കാനാണു ശാസ്ത്രം മണ്ണ് പരിശോധനയും രാസവളങ്ങളും കണ്ടുപിടിച്ചത്. രാസവളങ്ങൾ വിഷം ആണെന്ന് പറയുന്നവൻ വെറും പമ്പരവിഢി മാത്രമല്ല സാമൂഹ്യദ്രോഹി കൂടിയാണു. കാരണം അവൻ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ നിന്ന് അകറ്റുകയാണു. ചെടികൾ നമുക്ക് വേണ്ടി ചെയ്യുന്നത് എന്തൊക്കെയാണു? ശരിക്ക് പറഞ്ഞാൽ ചെടികൾ അവയ്ക്ക് വേണ്ടി ആഹാരം നിർമ്മിക്കുകയും വളരുകയും നിലനിൽക്കുകയും ചെയ്യുന്നു എന്നേയുള്ളൂ. നമുക്ക് വേണ്ടി അവ ഒന്നും ചെയ്യുന്നില്ല. നമ്മളാണു അവയെ ഉപയോഗപ്പെടുത്തുന്നത്. നമ്മൾ മാത്രമല്ല ഭൂമിയിൽ ഏകകോശ ജീവികൾ മുതൽ ഏറ്റവും വലിയ ജീവിയായ ആന വരെ സസ്യങ്ങളെ ആശ്രയിച്ചിട്ടാണു ജീവിയ്ക്കുന്നത്. സസ്യങ്ങൾ ഇല്ലെങ്കിൽ ഈ ഭൂമിയിൽ ജന്തുവർഗങ്ങൾക്ക് നിലനിൽപ്പില്ല. എന്തുകൊണ്ടെന്നല്ലേ? എല്ലാ ജീവികൾക്കും ആഹാരം വേണമല്ലൊ. ആഹാരത്തിന്റെ ഏറ്റവും അടിസ്ഥാന യൂനിറ്റ് ഷുഗർ, പഞ്ചസാര, എന്നൊക്കെ പറയാവുന്ന ഗ്ളൂക്കോസ് ആണു. ഈ ഗ്ളൂക്കോസ് നിർമ്മിക്കാൻ കഴിയുന്നത് സസ്യങ്ങൾക്ക് മാത്രമാണു. ഗ്ളൂക്കോസ് എന്ന് പറഞ്ഞാൽ അതിന്റെ ഫോർമുല ഇതാണ് : C₆H₁₂O₆. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ചേർന്ന സംയുക്തം. അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈ‌ഓക്സൈഡും മണ്ണിൽ നിന്ന് ജലവും സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജവും ഇതിനായി സസ്യങ്ങൾ സ്വീകരിക്കുന്നു. സസ്യങ്ങൾക്ക് മാത്രമേ ഇത് കഴിയൂ. സൂര്യനിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം ഗ്ളൂക്കോസ് തന്മാത്രയിൽ ചെടികൾ സൂക്ഷിക്കുന്നു. ഗ്ളൂക്കോസ് പിന്നെ സെല്ലുലോസ് ആയും സ്റ്റാർച്ച് ആയും ഒക്കെ മാറ്റി ചെടികൾ അവയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നു. ചെടികൾ സൂര്യപ്രകാശത്തിൽ നിന്ന് എടുക്കുന്ന ഊർജ്ജമാണു മനുഷ്യനും ഭൂമിയിലെ മറ്റെല്ലാ ജീവികളും അവയുടെ ഊർജ്ജാവശ്യത്തിനായി ഉപയോഗിക്കുന്നത്.

ജൈവകൃഷി , ജൈവവളം, ജൈവകീടനാശിനി എന്നൊക്കെ പറയുന്നത് അസംബന്ധം

കൃഷിമന്ത്രിയും ജൈവവാദികളും അറിയാൻ ...

ജൈവകൃഷി , ജൈവവളം, ജൈവകീടനാശിനി എന്നൊക്കെ വേർതിരിച്ച് പറയുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണു. കൃഷി ഒന്നേയുള്ളൂ അത് കൃഷി മാത്രം. മനുഷ്യനു വേണ്ടി മെരുക്കിയെടുത്ത വിത്തുകളും വിളകളുമാണു കൃഷി ചെയ്യുന്നത്. പ്രകൃത്യാ വിളയുന്നത് മനുഷ്യനു തിന്നാൻ കൊള്ളുകയില്ല. അവയെ നമ്മൾ കാട്ടുചെടികൾ എന്നും കാട്ടുവിളകൾ എന്നും പറയും. കൃഷി ചെയ്ത് ഉണ്ടാക്കുന്നത് മാത്രമേ മനുഷ്യർക്ക് തിന്നാൻ കൊള്ളൂ. ഇന്ന് ഉപയോഗിക്കുന്ന വിത്തുകളിൽ ഭൂരിഭാഗവും സങ്കരയിനമായി വികസിപ്പിച്ചെടുത്തതാണു. അല്ലായിരുന്നെങ്കിൽ ഇത്രയും കോടി ജനങ്ങൾക്ക് ആഹാരം ലഭ്യമാവുകയില്ലായിരുന്നു.

മനുഷ്യൻ കൃഷി ചെയ്യുമ്പോൾ ചെടികൾക്ക് വളം നൽകേണ്ടതുണ്ട്. വളം എന്നാൽ ചെടികൾക്ക് ആവശ്യമായ പോഷകഘടകങ്ങൾ എന്ന് മാത്രമാണു അർത്ഥം. അതിൽ ജൈവം എന്നൊ രാസമെന്നോ വ്യത്യാസമില്ല. അയൺ (Ion)  രൂപത്തിലുള്ള തന്മാത്രകളോ മൂലകങ്ങളോ മാത്രമേ ചെടികളുടെ വേരുകൾ വലിച്ചെടുക്കുകയുള്ളൂ. എന്താണു അയൺ എന്ന് ചോദിച്ചാൽ An ion  is an atom or a molecule in which the total number of electrons is not equal to the total number of protons എന്നാണർത്ഥം. അതായത് ഒരു മൂലകത്തിലോ തന്മാത്രയിലൊ പ്രോട്ടോണുകളുടെ എണ്ണവും എലക്ട്രോണുകളുടെ എണ്ണവും തുല്യമായിരിക്കും. അങ്ങനെയല്ലാതെ എലക്ട്രോൺ നഷ്ടപ്പെടുകയോ അധികമാവുകയോ ചെയ്താൽ അവ അയണുകളാണു.  വെള്ളവും വളവും വലിച്ചെടുക്കുന്ന വേരിലൂടെ അയൺ ആയ മൂലകമോ തന്മാത്രയോ മാത്രമേ കടക്കുകയുള്ളൂ. ഇങ്ങനെ 13 മൂലകങ്ങളാണു സസ്യങ്ങളുടെ വേരുകൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്നത്. അവയുടെ പട്ടിക ചിത്രത്തിൽ കൊടുത്തത് കാണുക.

കാർബൺ എന്ന മൂലകം അടങ്ങിയ സംയുക്തങ്ങളെയാണു ജൈവപദാർത്ഥം എന്ന് പറയുന്നത്. നിങ്ങൾ ജൈവവളം എന്ന് പറഞ്ഞ് മണ്ണിൽ നിക്ഷേപിക്കുന്നതിൽ, സൂക്ഷ്മജീവികൾ കുറേക്കാലം അതിൽ പ്രവർത്തിച്ച് അതിലെ കൂറ്റൻ തന്മാത്രകൾ ലഘു തന്മാത്രകളായി വിഘടിക്കപ്പെട്ട് , അതിൽ ചെടികൾക്ക് ആവശ്യമായ എന്തെങ്കിലും മൂലകങ്ങൾ ഉണ്ടെങ്കിൽ അവ അയൺ രൂപത്തിൽ ആയി മാറിയിട്ട് ചെടികൾ വലിച്ചെടുക്കും. കാർബൺ ചെടികൾക്ക് മണ്ണിൽ നിന്ന് വേണ്ട. ബാക്കി നൈട്രജൻ മുതൽ ഉള്ളത് വലിച്ചെടുക്കും. പക്ഷെ അത് സമീകൃത വളം എന്ന് പറയാൻ പറ്റില്ല. ആവശ്യമുള്ള 13 മൂലകങ്ങളും ജൈവവളത്തിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്താൻ കഴിയില്ല. മാത്രമല്ല ജൈവവളം ഇപ്പറഞ്ഞ അയൺ ആയി മാറാൻ മണ്ണിൽ നിക്ഷേപിച്ച ശേഷം കുറേ കാലമെടുക്കും. അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് ലഘുതന്മാത്രകളും മൂലകങ്ങളും ആയി മാറണമല്ലൊ. എന്നാൽ ചെടികൾക്ക് അപ്പോൾ തന്നെ വലിച്ചെടുക്കാവുന്നതും വെള്ളത്തിന്റെ സമ്പർക്കത്തിൽ അപ്പോൾ തന്നെ അയൺ ആവുകയും ചെയ്യുന്ന തന്മാത്രാരൂപത്തിൽ ആണു രാസവളം ഫാക്ടറികളിൽ നിർമ്മിക്കുന്നത്. കൃത്രിമം എന്ന് പറഞ്ഞാൽ പ്രകൃതിയിൽ ഉള്ളതിന്റെ പകർപ്പുകളാണു മനുഷ്യൻ ഫാക്ടറികളിൽ ഉണ്ടാക്കുന്നത്.  ജൈവളം കാലക്രമേണ വിഘടിച്ച് ഉണ്ടാകുന്ന നൈട്രേറ്റും (NO₃) ഫാക്ടറിയിൽ നിർമ്മിക്കുന്ന അമോണിയയിലെ നൈട്രേറ്റും ഒന്ന് തന്നെയാണു. മണ്ണിന്റെ ഫലപുഷ്ടിക്ക് ജൈവപദാർത്ഥങ്ങൾ നിക്ഷേപിക്കുന്നത് നല്ലത് തന്നെ. പക്ഷെ കൃഷിക്ക് രാസവളം ഉപയോഗിച്ചേ മതിയാകൂ എന്ന് ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാകേണ്ടതാണു. മൂലകങ്ങളും തന്മാത്രകളും അവയുടെ പകർപ്പുകൾ ഉള്ളതിൽ നിന്ന് ഉണ്ടാക്കാമെന്നല്ലാതെ കൃത്രിമമായിട്ട് പുതിയത് ഒന്നും മനുഷ്യർക്ക് ഉണ്ടാക്കാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കണം.

ഇനി കീടനാശിനികൾ എടുക്കാം. കീടങ്ങളെ ഏത് പദാർത്ഥം നശിപ്പിക്കുന്നുവോ അത് കീടനാശിനിയാണു. കീടം നശിച്ചില്ലേ അല്ലെങ്കിൽ നശിപ്പിച്ചില്ലേ അതാണു കീടനാശിനി. അതിൽ ജൈവം എന്നോ രാസം എന്നോ വ്യത്യാസമില്ല. കീടങ്ങൾക്ക് വിഷം ആയത് കൊണ്ട് അവ നശിക്കുന്നു. പ്രകൃതിയിൽ തന്നെ കീടങ്ങളെ നശിപ്പിക്കുന്ന പദാർത്ഥങ്ങൾ തന്മാത്രാരൂപത്തിലുണ്ട്. അവയുടെ തന്മാത്രാപതിപ്പുകളോ അതിനേക്കാളും കൃത്യമായ തന്മാത്രകളോ ഫാക്ടറികളിൽ നിർമ്മിക്കാൻ പറ്റും. അങ്ങനെയാണു നിർമ്മിക്കുന്നത് താനും. പ്രകൃതിയിൽ ലഭ്യമല്ലാത്ത, ഒരുപാട് ഇനം കീടങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കീടനാശിനികൾ ഫാക്ടറികളിൽ നിർമ്മിക്കുന്നുണ്ട്. അവയെല്ലാം കീടങ്ങൾക്കാണു വിഷം. അതൊക്കെ മനുഷ്യനു വിഷം ആകണമെങ്കിൽ ജൈവകീടനാശിനിയും മനുഷ്യനു വിഷം ആകണ്ടേ? കാരണം ജൈവകീടനാശിനി കീടങ്ങൾക്ക് വിഷം ആകണമല്ലൊ. അത്കൊണ്ട്, ജൈവകീടനാശിനി മനുഷ്യർക്ക് വിഷം ആവില്ല എന്നും അതേ തന്മാത്രയുടെ പകർപ്പ് ഫാക്ടറിയിൽ നിർമ്മിച്ചാൽ വിഷം ആകും എന്ന് പറയുന്നത് പദാർത്ഥങ്ങളുടെ തന്മാത്ര ഘടനയെ കുറിച്ചുള്ള അജ്ഞത കൊണ്ടാണു.

ഒരു ഉദാഹരണം പറയാം. ഒതളങ്ങ കഴിച്ചാൽ മനുഷ്യൻ മരിക്കും. പണ്ട് ആത്മഹത്യ ചെയ്യാൻ ആളുകൾ ഉപയോഗിച്ചിരുന്ന പഴമാണു ഒതളങ്ങ. Cerbera odollam എന്നാണു ഇതിന്റെ ശാസ്ത്രീയനാമം. ഒതളങ്ങ പ്രകൃതിയിലെ ഒരു പഴമാണല്ലൊ. അതെങ്ങനെയാണു മനുഷ്യർക്ക് വിഷം ആകുന്നത്? ഒതളങ്ങയിൽ അടങ്ങിയിട്ടുള്ള cerberin എന്ന പദാർത്ഥമാണു മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്നത്. ഈ സെറിബെറിൻ (cerberin) എന്ന പദാർത്ഥത്തിന്റെ തന്മാത്ര ഘടന നമുക്കറിയാം. അതേ തന്മാത്ര ഫാക്ടറിയിൽ നിർമ്മിക്കാൻ പറ്റും. അത് പോലെ എല്ലാറ്റിന്റെയും തന്മാത്ര ഘടന ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കുകയും നമുക്ക് പറഞ്ഞു തരികയും ചെയ്തിട്ടുണ്ട്. സാധാരണക്കാർ ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അത് കൊണ്ടാണു എന്ത് അസംബന്ധവും വിവരക്കേടും സമൂഹത്തിൽ സത്യം പോലെ പ്രചരിക്കുന്നത്.

വിഷം എന്നത് പൊതുവായ ഒരു വാക്കാണു. കീടങ്ങളിൽ ആയാലും സൂക്ഷ്മജീവികളിൽ ആയാലും വിഷം എന്നത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പ്രത്യേകം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. കീടനാശിനികൾ ചെടികൾക്ക് തളിച്ചാൽ അത് മനുഷ്യർക്ക് വിഷമാകും എന്നത് അസംബന്ധവും അർത്ഥശൂന്യവുമായ വാദമാണു. പാമ്പിൻ വിഷം മനുഷ്യൻ കുടിക്കുകയാണെങ്കിൽ ആമാശയത്തിലും ചെറുകുടലിലും എത്തുന്ന അത് വെറും പ്രോട്ടീൻ പദാർത്ഥമാണു. അതേ സമയം, പാമ്പ് കടിച്ച് സിരകളിൽ പ്രവേശിച്ച് രക്തത്തിൽ കലരുമ്പോഴാണു അത് വിഷത്തിന്റെ ഫലം ചെയ്യുന്നത്.

ചെടികളെ ബാധിക്കുന്ന കീടങ്ങൾ എന്ന് പറഞ്ഞാൽ അത് ബാക്റ്റീരിയ , ഫംഗസ് മുതലായ സൂക്ഷ്മജീവികളുമുണ്ട്. അതിനെതിരെ ഫാക്ടറികളിൽ നിർമ്മിക്കുന്ന പെസ്റ്റിസൈഡുകൾ വിഷം ആകും എന്ന് പറയുമ്പോൾ തന്നെ ബാക്റ്റീരിയ , അമീബ, ഫംഗസ്, വൈറസ്സ് എന്നിവ മൂലം രോഗബാധിതരാകുന്ന ആളുകൾ ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിക്കുകയും ചെയ്യുന്നു. കീടനാശിനി ചെടികളിൽ തളിച്ച് അവയെ ബാധിച്ച സൂക്ഷ്മജീവികളെ നശിപ്പിക്കുമ്പോൾ , മനുഷ്യർ ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിച്ച് അവന്റെ ശരീരത്തിൽ ബാധിച്ച സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. അത്രയേയുള്ളൂ. രണ്ടിലും തെറ്റില്ല. മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി ശാസ്ത്രം കണ്ടുപിടിച്ചതാണു ആന്റി ബയോട്ടിക്കുകളും പെസ്റ്റിസൈഡുകളും. ശാസ്ത്രം കണ്ടുപിടിക്കുന്നത് എന്തും മനുഷ്യന്റെ നിലനില്പിനും നന്മയ്ക്കും സൗകര്യത്തിനും ക്ഷേമത്തിനും വേണ്ടിയായിരിക്കും. എന്തെങ്കിലും ദുരുപയോഗം ചെയ്യുന്നെങ്കിൽ അത് മനുഷ്യന്റെ തെറ്റാണു. അത് തടയണം.

ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക്ക് മരുന്ന് പെൻസിലിൻ (Penicillin ) ആണു.  Penicillium വർഗ്ഗത്തിൽ പെടുന്ന ഒരുമാതിരി പൂപ്പലിൽ നിന്നാണു പെനിസിലിൻ വേർതിരിച്ചെടുത്തത്.  പെൻസിലിൻ കണ്ടുപിടുത്തം ആരോഗ്യരംഗത്ത് ഒരു വിപ്ലവം ആയിരുന്നു. എത്രയോ രോഗങ്ങൾ ഭേദമാക്കാനും ജീവൻ രക്ഷിക്കാനും പെൻസിലിൻ സഹായിച്ചു. പിന്നീട് പെനിസിലിന്റെ അതേ തന്മാത്രാഘടനയിൽ ആമ്പിസിലിൻ (Ampicillin) കൃത്രിമമായി നിർമ്മിക്കാൻ തുടങ്ങി. കൃത്രിമം എന്ന് പറഞ്ഞാൽ പ്രകൃതിവിരുദ്ധം അല്ല എന്നും പ്രകൃതിയിൽ ഉള്ളതിന്റെ പകർപ്പുകളോ പരിഷ്ക്കരണങ്ങളോ മാത്രമാണെന്ന് മനസ്സിലാക്കുക. ഇന്ന് എത്രയോ തരം ആന്റിബയോട്ടിക്ക് മരുന്നുകൾ മനുഷ്യരുടെ ആരോഗ്യവും - എന്ന് വെച്ചാൽ രോഗമില്ലാത്ത അവസ്ഥ - ജീവനും സംരക്ഷിച്ചു വരുന്നു.

ഇത്രയും പറഞ്ഞത് ജൈവം എന്നും രാസം എന്നും വ്യത്യാസം ഒന്നിലും ഇല്ല എന്നും വെറുതെ ആളുകൾ പറഞ്ഞ് പൊതുബോധമായി മാറിപ്പോയതാണെന്നും, അതാണു കൃഷിമന്ത്രിയും ഏറ്റുപറയുന്നത് എന്നും വ്യക്തമാക്കാനുമാണു. ചിലർ അളവിൽ കൂടിയാലോ എന്ന വിതണ്ഡവാദവുമായി വരും. അതിപ്പൊ പച്ചവെള്ളം അളവിൽ കൂടുതൽ അമിതമായി കുടിച്ചാലും അത് മരണകാരണമാകും. എന്ന് വെച്ച് വെള്ളം കുടിക്കരുത് എന്ന് പറയാൻ പറ്റുമോ? ഈ എഴുതിയത് വായിച്ചിട്ടും തർക്കിക്കാൻ വരുന്നവരോട് ഒന്നും പറഞ്ഞിട്ട് ഫലമില്ല. 

കാറ്റില്‍ നിന്ന് സസ്യങ്ങള്‍ക്ക് ജലസേചനം

ഈ വര്‍ഷത്തെ  James Dyson അവാര്‍ഡ് 10,000 ബ്രിട്ടീഷ് പൌണ്ട് ഏതാണ്ട് 7,30,000രൂപ ആസ്ത്രേലിയന്‍ വിദ്യാര്‍ത്ഥിയായ എഡ്വേര്‍ഡ് ലിനാക്രേക്ക് ലഭിച്ചത് എന്തെങ്കിലും സോഫ്റ്റ്‌വേറോ സ്മാര്‍ട്ട് ഫോണോ മറ്റ് കണ്‍സ്യൂമര്‍ ഉല്പന്നങ്ങളോ കണ്ടുപിടിച്ചതിനല്ല.മറിച്ച്  അന്തരീക്ഷത്തിലുള്ള ജലാംശം വെള്ളമാക്കി മാറ്റി സസ്യങ്ങള്‍ക്ക് ജലസേചനം നടത്താന്‍ കഴിയുന്ന ഒരു ഉപകരണം കണ്ടുപിടിച്ചതിനാണ്.  നമ്മുടെ ചുറ്റുമുള്ള അന്തരീഷത്തില്‍ ഈര്‍പ്പം അഥവാ ജലാംശം ഉണ്ടെന്ന് നമുക്കറിയാം.

അന്തരീക്ഷത്തിലെ ജലാംശം ഊറ്റിയെടുക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയിലെ തന്നെ ചില നഗരങ്ങളിലെ ഓഫീസുകളിലും മറ്റും ഉണ്ട് എന്ന് അറിയുന്നു.  അന്തരീക്ഷത്തിലെ ഈര്‍പ്പം ജലമാക്കി മാറ്റി കൃഷിക്ക് ഉപയുക്തമാക്കുന്ന ഉപകരണങ്ങള്‍ കണ്ടുപിടിക്കാന്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഗവേഷണം നടന്നിട്ടുണ്ടെങ്കിലും അത്ര വിജയിച്ചിട്ടില്ല. ഇപ്പോള്‍ ലിനാക്രേ കണ്ടുപിടിച്ചിരിക്കുന്ന ഉപകരണം വിജയിച്ചാല്‍ മരുഭൂമികളിലും കൃഷി ചെയ്യാന്‍ പറ്റും. എന്തെന്നാല്‍ ജലം അന്തരീക്ഷത്തില്‍ എവിടെയുമുണ്ട്.

അന്തരീക്ഷത്തില്‍ ജലം ഉണ്ടെന്ന് നമുക്ക് എങ്ങനെ തെളിയിക്കാന്‍ പറ്റും എന്ന് നോക്കാം. ഒരു ഗ്ലാസ് ടംബ്ലര്‍ എടുത്ത് തുണി കൊണ്ട് തുടച്ച് ഡ്രൈ ആക്കുക. എന്നിട്ട് ആ ഗ്ലാസിനകത്ത് ഏതാനും ഐസ് കട്ടകള്‍ നിക്ഷേപിക്കുക. അല്പസമയം കൊണ്ട് ആ ഗ്ലാസ് ടംബ്ലറിന്റെ പുറത്ത് ജലകണികകള്‍ പറ്റിപ്പിടിക്കുന്നതും ഉരുകിയൊലിക്കുന്നതും കാണാം. എന്ത്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗ്ലാസില്‍ ഐസ് ഇട്ടപ്പോള്‍ അതിന്റെ പുറം ഭിത്തി തണുക്കുന്നു. ഗ്ലാസിന്റെ പുറം ഭിത്തിയുമായി സമ്പര്‍ക്കത്തിലുള്ള വായുവും തണുത്ത് , വായുവിലുള്ള നീരാവി ഘനീഭവിച്ച് ജലകണികകളായി മാറുന്നു.

വായുവിലുള്ള നീരാവി ജലമാക്കി മാറ്റിക്കൊണ്ടേയിരുന്നാലും പിന്നെയും പിന്നെയും അന്തരീക്ഷത്തില്‍ ജലാംശം വന്നുകൊണ്ടേയിരിക്കും. അങ്ങനെ വായുവിനെ നമുക്ക് വറ്റാത്ത ജലസ്രോതസ്സാ‍യി മാറ്റാന്‍ കഴിയും. ഇവിടെയാണ് എഡ്വേര്‍ഡ് ലിനാക്രേയുടെ കണ്ടുപിടുത്തത്തിന്റെ പ്രസക്തി. (ചിത്രം കാണുക). ഇവിടെ കാണുന്ന ഉപകരണം വായുവിലെ നീരാവി വലിച്ചെടുത്ത് ജലമാക്കി സസ്യങ്ങളുടെ വേരുകളിലേക്ക് പായ്ക്കുകയാണ് ചെയ്യുന്നത്.

ആഫ്രിക്കയിലെ നമീബിയ എന്ന നാട്ടില്‍ ഉള്ള മരുഭൂമിയില്‍ ഒരു തരം വണ്ട് ഉണ്ട്. Stenocara gracilipes എന്നാണത്രെ ശാസ്ത്രീയ നാമം.  മരുഭൂമിയില്‍ നിന്ന് വെള്ളം ശേഖരിക്കാനും അങ്ങനെ അതിജീവിയ്ക്കാനും ആ പ്രാണിക്ക് അത്യന്തം അതിശയകരമായ മാര്‍ഗ്ഗമാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത്.  തന്റെ കണ്ടുപിടുത്തത്തിന് ഈ പ്രാണിയാണത്രെ എഡ്വേര്‍ഡ് ലിനാക്രേക്ക് പ്രചോദനമായത്.  നമീബിയയിലെ മരുഭൂമിയില്‍ അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ നിന്ന് നീരാവിയുള്ള കാറ്റ് വീശിക്കൊണ്ടിരിക്കും. ഈ വണ്ടിന്റെ മുതുകില്‍ ഉള്ള സവിശേഷമായ സംവിധാനം കാറ്റിലുള്ള നീരാവിയെ ജലകണികയാക്കി മാറ്റി, മുതുക് പുറത്തുള്ള നേരിയ ചാലുകള്‍ വഴിയായി അതിന്റെ വായയില്‍ എത്തുന്നു. അങ്ങനെ ആ വണ്ട് ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ അന്തരീക്ഷത്തിലെ നീരാവിയെ ദാഹജലമാക്കി മാറ്റാനുള്ള കഴിവ് നിസ്സാ‍രമായ ആ പ്രാണിക്ക് ഉണ്ട്.

വളരെ ലളിതമായ ഉപകരണമാണ് ലിനാക്രേ കണ്ടുപിടിച്ചിട്ടുള്ളത്.  ചെലവ് കുറഞ്ഞ് നിര്‍മ്മിക്കാനും സഹായവിലയ്ക്ക് ഇത് ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് നല്‍കാനും സാധിക്കുകയാണെങ്കില്‍  ഇന്ത്യയിലെ വെള്ളത്തിന് ക്ഷാമമുള്ള ഗ്രാമങ്ങളില്‍ സസ്യങ്ങള്‍ക്കും ചെടികള്‍ക്കും ജലസേചനം നടത്താന്‍ ഈ ഉപകരണം കൊണ്ട് കഴിയും.  വെള്ളം കിട്ടാത്ത കാരണത്താല്‍ കൃഷി ചെയ്യാന്‍ കഴിയാത്ത എത്രയോ ഭൂമി നമ്മുടെ രാജ്യത്ത് ഉണ്ട്. കേരളത്തിലെ കാര്യമല്ല പറഞ്ഞത്. ഇവിടെ എന്ത് ഭൂമി, എന്ത് കൃഷി. ഉപഭോക്തൃസംസ്ഥാ‍നമായിപ്പോയില്ലേ!
ആസ്ത്രേലിയയില്‍ മര്‍‌റേ-ഡാര്‍ലിങ്ങ് എന്ന പ്രദേശത്ത് പന്ത്രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായ വരള്‍ച്ച ബാധിച്ച് കൃഷി മിക്കവാറും നശിച്ച് പോയിരുന്നു. കര്‍ഷകര്‍ ആത്മഹത്യയെ ശരണം പ്രാപിക്കുന്ന ദയനീയമായ അവസ്ഥ.  ഈയൊരു പരിതാപകരമായ സാഹചര്യത്തിലാണ് എന്തെങ്കിലും ചെയ്തേ തീരൂ എന്ന ഉള്‍‌പ്രേരണയാല്‍ എഡ്വേര്‍ഡ് ലിനാക്രേ ഈ ഉപകരണം കണ്ടുപിടിക്കുന്നത്.

ലിനാക്രേയുടെ ഈ ഉപകരണത്തില്‍ ഉള്ള ടര്‍ബൈന്‍ കറങ്ങി കാറ്റിനെ വലിച്ചെടുത്ത് കുഴലിലൂടെ മണ്ണിനടിയില്‍ കൊണ്ടുപോകുന്നു. ഈ മെയിന്‍ കുഴല്‍ മണ്ണിന്റെ അടിയിലുള്ള നേരിയ കുഴലുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആ കുഴലുകളില്‍ വെച്ച് കാറ്റ് തണുത്ത് അതിലുള്ള നീരാവി വെള്ളമായി മാറി ഒരു തൊട്ടിയില്‍ ശേഖരിക്കപ്പെടുന്നു.  തൊട്ടിയിലുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ വെള്ളം കുഴലുകളിലൂടെ ചെടികളുടെ വേരുകളിലേക്ക് പായുന്നു.  ഇങ്ങനെ ടര്‍ബൈനും മോട്ടോറും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്പാദിപ്പിക്കാനുള്ള സോളാര്‍ പാനലും ഉപകരണത്തിന്റെ ഭാഗമാണ്.

കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളുമായും കര്‍ഷകരുമായും ഓരോ ഘട്ടത്തിലും ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ലിനാക്രെ ഈ യന്ത്രത്തിന് രൂപകല്പന ചെയ്തത്.  വീട്ടിന് ചുറ്റുമുള്ള അമ്മയുടെ തോട്ടത്തിലാണ് ലിനാക്രേ ഈ ഉപകരണം ആദ്യം പരീക്ഷിച്ചു നോക്കിയത്. Airdrop Irrigation system എന്നാണ് ലിനാക്രേ ഇതിന് പേരിട്ടിരിക്കുന്നത്. ഇത് നമുക്കറിയാവുന്ന  drop Irrigation എന്ന സമ്പ്രാദായത്തേക്കാളും മികച്ചതാണ്. എന്തെന്നാല്‍ ഈ സമ്പ്രദായത്തില്‍ വെള്ളം നേരിട്ട് വേരുകളിലേക്ക് എത്തുന്നു.  സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ഈ യന്ത്രം വ്യാവസായികമായ രീതിയില്‍ ഉല്പാദിപ്പിക്കപ്പെട്ട് നമ്മുടെ രാജ്യത്തുള്ള കര്‍ഷകര്‍ക്ക് ലഭ്യമാവണമെങ്കില്‍ അത് അടുത്തൊന്നും നടക്കുന്ന കാര്യമായി തോന്നുന്നില്ല.

ലിനാക്രേ ആസ്ത്രേലിയയില്‍ മെല്‍ബേണ്‍ നഗരത്തിലെ സ്വിന്‍ ബേണ്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയാണ്. ഇന്ത്യക്കാരായ വിദ്യാര്‍ഥികളും അവിടെ പഠിക്കുന്നുണ്ട്.  ഇംഗ്ലണ്ടിലെ കോടീശ്വരനായ ജേംസ് ഡൈസന്‍ , ഡിസൈന്‍ എഞ്ചിനിയറിങ്ങ് പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു ട്രസ്റ്റ് 2002 ല്‍ സ്ഥാപിക്കുകയുണ്ടായി.  നവീനമായ ഉപകരണങ്ങള്‍ കണ്ടുപിടിക്കുന്ന ഡിസൈന്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികള്‍ക്ക് ആ ട്രസ്റ്റ് പാരിതോഷികങ്ങള്‍ നല്‍കി വരുന്നു.  ഇക്കഴിഞ്ഞ നവമ്പര്‍ 8നാണ്  എഡ്വേര്‍ഡ് ലിനാക്രേയ്ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത്.  ലിനാക്രേയ്ക്ക് ലഭിക്കുന്ന അത്രയും തുക അവന്‍ പഠിക്കുന്ന സ്വിന്‍ ബേണ്‍ യൂനിവേഴ്സിറ്റിക്കും ലഭിക്കും. ആസ്ത്രേലിയയിലെ പ്രശസ്തമായ യൂനിവേഴ്സിറ്റ്യാണിത്.

ഈ കണ്ടുപിടുത്തത്തെ കുറിച്ച് എഡ്വേര്‍ഡ് ലിനാക്രേ പറയുന്നത് ഇവിടെ നിന്ന് കേള്‍ക്കാം.