Links

സൂരജിനെന്ത് പറ്റി ?

സൂരജിന്റെ മെഡിസിന്‍ അറ്റ് ബൂലോഗം എന്ന ബ്ലോഗില്‍ ഞാന്‍ ഇപ്രകാരം ഒരു കമന്റ് എഴുതി :

സൂരജേ , ഇങ്ങനെയാണങ്കില്‍ സൂരജിനെന്ത് പറ്റി എന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇടേണ്ടി വരും . ബ്ലോഗ് എന്നാല്‍ ഇന്നത്തേക്ക് വായിച്ചും കമന്റിയും തീര്‍ക്കാനുള്ള ഒന്നല്ല . നാളത്തേക്ക് ഒരു ഈടു വെപ്പ് കൂടിയാവണം . മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഭാവിയിലാരെങ്കിലും ഗൂഗ്ലിയാല്‍ നേരെ ഈ ബ്ലോഗിലെത്തണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .
സസ്നേഹം,

സൂരജ് എന്റെ മേല്‍പ്പറഞ്ഞ കമന്റിന് ഇന്നലെ വരെ മറുപടിയൊന്നും പറഞ്ഞില്ല . ഇന്ന് പറയുമോ എന്ന് അറിയില്ല . ഇതിനിടയില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു . മേലില്‍ മലയാളം ബ്ലോഗ് വായിക്കില്ല . മലയാളം ബ്ലോഗില്‍ കമന്റും ഇനി എഴുതില്ല . തമിഴും ഇംഗ്ലീഷും ബ്ലോഗുകളാണ് ഇപ്പോള്‍ വായിക്കാറുള്ളത് . രണ്ടു മാസമായി മലയാളം ബ്ലോഗ് വായനയും കമന്റെഴുത്തും കുറച്ചിട്ട് . അതിന്റെ ഒരു മന:സമാധാനം അനുഭവിക്കാനുമുണ്ടായിരുന്നു . ഇപ്പോള്‍ തീര്‍ത്തും മതിയാക്കി . മലയാളം ബ്ലോഗിനെപ്പറ്റിയും ബ്ലോഗ്ഗര്‍മാരെ പറ്റിയും ഇനിയൊന്നും മിണ്ടുകയില്ല . അതിനാല്‍ സൂരജിനെന്ത് പറ്റി എന്ന ഈ പോസ്റ്റില്‍ ഇതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല .

ഇതേ വരെയായി സദുദ്ദേശ്യത്തോടെയേ ഞാന്‍ ബ്ലോഗ് ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ളൂ . ഇക്കാലയളവില്‍ രണ്ടു സംഭവങ്ങള്‍ എന്നെ ഏറ്റവും വേദനിപ്പിച്ചു .

കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്‍ ചെയ്യുന്നു എന്ന് ഞാന്‍ ഒരു ബ്ലോഗ് പബ്ലിഷ് ചെയ്തു . മറ്റൊരു ബ്ലോഗ്ഗര്‍ എന്റെ പോസ്റ്റിന് ഒരു പാരഡി പോസ്റ്റും ഇറക്കി . സാധാരണയായി പാരഡി എന്നാല്‍ ചിരിക്കാനുളതാണ് . എന്നാല്‍ ഞാന്‍ എന്റെ പോസ്റ്റില്‍ മുന്നോട്ട് വെച്ച I BLOG FOR SOCIAL CAUSE എന്ന മുദ്രാവാക്യത്തിനും അയാള്‍ പാരഡി എഴുതിക്കളഞ്ഞു . മലയാളിക്ക് മാത്രമേ അത്തരം ഒരു വാചകത്തിന് പാരഡി എഴുതാന്‍ കഴിയൂ . അയാള്‍ എഴുതിയ പാരഡി എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചു .

മറ്റൊന്ന് . ഞാന്‍ മാതൃഭൂമി വാരികയുടെ ചീഫ് സബ് എഡിറ്റര്‍ കമല്‍ റാം സജീവിന് ഒരു മെയില്‍ അയച്ചിരുന്നു . സര്‍ , ബ്ലോഗനയില്‍ ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ അതെഴുതിയ ബ്ലോഗ്ഗറെ പരിചയപ്പെടുത്തുന്ന ഒരു ലഘുവിവരണം കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ വായനക്കാര്‍ക്ക് ബ്ലോഗിനെയും ബ്ലോഗെഴുത്തുകാരനെയും പറ്റി മനസ്സിലാക്കാന്‍ ഉപകരിക്കുമല്ലൊ . ഇതായിരുന്നു മെയിലിലെ ഉള്ളടക്കത്തിന്റെ രത്നച്ചുരുക്കം . കമല്‍ റാം അത് ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല . മാതൃഭൂമിയില്‍ പ്രസിദ്ധീകൃതമാവുന്ന വായനക്കാരുടെ കത്തുകള്‍ക്ക് പോലും ഏറ്റവും മികച്ച നിലവാരവും സാമൂഹ്യപരമായ ഉത്തരവാദിത്തങ്ങളുമുണ്ട് . വായനക്കാരുടെ പേരും വിലാസവുമുണ്ട് . ബ്ലോഗനയില്‍ വരുന്ന ബ്ലോഗിന്റെ ഉടമയായ എഴുത്തുകാരന്റെ പേര്‍ മാത്രമാണ് വിചിത്രമായി വായനക്കാര്‍ക്ക് തോന്നുക . കഴിഞ്ഞ തവണത്തെ ബ്ലോഗനയില്‍ ബ്ലോഗിന്റെ പേര്‍ തന്നെയാണെന്ന് തോന്നുന്നു ബ്ലോഗ് ഉടമയുടെയും പേരായി അച്ചടിച്ച് വന്നത് .

ഞാന്‍ കമല്‍ റാം സജീവിന് മെയില്‍ അയച്ച വിവരവും എന്റെ ആശങ്കയും , ബന്ധപ്പെട്ട ബ്ലോഗ് ഉടമയുടെ ബ്ലോഗില്‍ പ്രകോപിതനാകരുതേ എന്ന മുഖവുരയോടെ കമന്റ് ആയി എഴുതി . ഉടനെ അയാള്‍ മറുപടി എഴുതി . “ കുറെ ആയല്ലോ ബഹളം വെക്കാന്‍ തുടങ്ങിയിട്ട് ... ആക്റ്റീവിസം നല്ലത് തന്നെ ... അതാവശ്യത്തിന് ആയിരിക്കണം ...... ” ഇങ്ങനെ നീളുന്നു ആ മറുപടി . മലയാളിക്ക് മാത്രമേ ഇങ്ങനെ പ്രതികരിക്കാനാവൂ . വിനയം എന്ന ഗുണം മലയാളിക്ക് നഷ്ടപ്പെട്ടിട്ട് തലമുറകളായി എന്ന് തോന്നുന്നു . ഏതായാലും ബ്ലോഗും ബൂലോഗവും എന്തെന്ന് അറിയാത്ത മാതൃഭൂമി വാരികയുടെ വായനക്കാര്‍ക്ക് ബ്ലോഗെഴുത്തുകാരനെ ബ്ലോഗനയിലൂടെ തിരിച്ചറിയാന്‍ കഴിയില്ല . മലയാളം ബ്ലോഗ് , ബൂലോഗം എന്നിവയെ പരാമര്‍ശിച്ച് ഇനി ഞാന്‍ ഒന്നും എഴുതുകയില്ല . ഏതായാലും ഈ പോസ്റ്റ് ഞാന്‍ സൂരജിന് ഡെഡിക്കേറ്റ് ചെയ്യുന്നു .

ആരാണ് നമ്മുടെ ശത്രു ?

കൂട്ടത്തില്‍ എന്തെങ്കിലും എഴുതാമെന്ന് കരുതി . വിഷയം ഒന്നുമില്ലായിരുന്നു . പതിവ് പോലെ ശിഥിലമായ ചിന്തകള്‍ മാത്രം . വെറുതെ . അവിടെ പബ്ലിഷ് ചെയ്തപ്പോള്‍ തോന്നി ഇവിടെയും കിടക്കട്ടെ എന്ന് .

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇവിടെ മടിവാളയിലുള്ള പ്രബോധിനി വായനശാല സന്ദര്‍ശിക്കേണ്ടി വന്നു . ബാംഗ്ലൂരില്‍ തന്റെ മകളെ കാണാനെത്തിയ കഥാകൃത്ത് അക്‍ബര്‍ കക്കട്ടില്‍ വായനശാല സന്ദര്‍ശിക്കുന്നുണ്ടായിരുന്നു . ആ ചടങ്ങില്‍ സംബന്ധിക്കാനാണ് ഞാനും അവിടെ എത്തിപ്പെട്ടത് . നാം എത്ര തന്നെ സൌകര്യങ്ങള്‍ ആര്‍ജ്ജിച്ചാലും പുസ്തകവായനയില്‍ നിന്ന് കിട്ടുന്ന ആത്മനിര്‍വൃതി മറ്റൊന്നിലും ലഭിക്കുകയില്ല എന്ന് പറഞ്ഞ കക്കട്ടില്‍ , താന്‍ നാട്ടിലെത്തിയാല്‍ ഒരു മൂവായിരം രൂപ വിലമതിപ്പുള്ള പുസ്തകങ്ങള്‍ സംഘടിപ്പിച്ച് പ്രബോധിനിക്ക് നല്‍കാമെന്ന് വാഗ്ദാനവും ചെയ്തു . പുസ്തകങ്ങളും വായനയും മരിച്ചാല്‍ മനുഷ്യസംസ്ക്കൃതിയും മരിച്ചു പോകുമെന്ന് ചടങ്ങില്‍ ഞാനും പറഞ്ഞു . തിരക്ക് പിടിച്ച ഇക്കാലത്ത് ബാംഗ്ലൂര്‍ നഗരത്തില്‍ ഇത് പോലൊരു വായനശാല സംഘടിപ്പിക്കാന്‍ പരിശ്രമിക്കുന്ന ചെറുപ്പക്കാരെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല .

അക്‍ബര്‍ കക്കട്ടില്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ അല്പനേരം കൂടി അവിടെയിരുന്നു ചില പുസ്തകങ്ങള്‍ മറിച്ചു നോക്കി . നമ്മുടെ മുന്‍‌രാഷ്ട്രപതി അബ്ദുള്‍ കലാം എഴുതിയ ignited minds എന്ന പുസ്തകത്തിലെ ഒന്ന് രണ്ട് അദ്ധ്യായങ്ങള്‍ വായിച്ചു . മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല . കഴിഞ്ഞ തവണ എടുത്ത ആള്‍ക്കൂട്ടം എന്ന നോവല്‍ തിരിച്ചു കൊടുത്തിരുന്നില്ല . അത് കൊണ്ട് ആ പുസ്തകം വീട്ടിലേക്ക് കൊണ്ടു പോകട്ടേ എന്ന് ലൈബ്രേറിയനോട് ചോദിച്ചില്ല . ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ് . ആ പുസ്തകം അബ്ദുള്‍ കലാം സമര്‍പ്പിച്ചിരിക്കുന്നത് സ്നേഹല്‍ താക്കര്‍ (Snehal thakkaar) എന്ന പന്ത്രണ്ടാം ക്ലാസ് വിദ്ധ്യാര്‍ത്ഥിനിക്കാണത്രെ .

2002 ഏപ്രില്‍ 11 ന് വൈകുന്നേരം അന്ന് പ്രസിഡണ്ടായിരുന്ന ബഹു: ഏ.പി.ജെ. അബ്ദുള്‍ കലാം ഗുജറാത്തിലെ ആനന്ദില്‍ എത്തുന്നു . എന്തോ കലാപം അവിടെ നടക്കുന്ന സമയമായിരുന്നു അത് . പിറ്റേന്ന് ആണ് അദ്ദേഹം സ്നേഹല്‍ പഠിക്കുന്ന സ്കൂളില്‍ എത്തുന്നത് . കുട്ടികളും രാഷ്ട്രപതിയും തമ്മില്‍ നടന്ന സരസഭാഷണങ്ങളില്‍ പല വിഷയങ്ങള്‍ സ്പര്‍ശിക്കപ്പെട്ടു . ഒടുവില്‍ ഒരു ചോദ്യം ഉയര്‍ന്നു വന്നു , ആരാണ് നമ്മുടെ ശത്രു ? പലരും പല ഉത്തരങ്ങളും പറഞ്ഞു . ഒരു കുട്ടി എഴുന്നേറ്റ് പറഞ്ഞു " Poverty അതാണ് നമ്മുടെ ശത്രു " . ആ കുട്ടി സ്നേഹല്‍ താക്കര്‍ ആയിരുന്നു . അത് കൊണ്ടാണ് എല്ലായ്പോഴും വലിയ വലിയ സ്വപ്നങ്ങള്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മഹാനായ ആ ഭാരതപുത്രന്‍ തന്റെ ആത്മകഥാപരമായ ഇഗ്‌നൈറ്റഡ് മൈന്‍ഡ് എന്ന കൃതി സ്നേഹല്‍ താക്കര്‍ എന്ന അന്നത്തെ പ്ലസ് റ്റൂ വിദ്ധ്യാര്‍ത്ഥിനിക്ക് സമര്‍പ്പിച്ചിരിക്കുന്നത് .

ഞാന്‍ ആലോചിക്കുകയായിരുന്നു . ദാരിദ്ര്യമാണോ നമ്മുടെ യഥാര്‍ഥമായ ശത്രു . സത്യത്തില്‍ ദാരിദ്ര്യത്തെക്കുറിച്ചും , ദരിദ്രനാരായണന്മാരെപറ്റിയും വാ തോരാതെ സംസാരിക്കുന്നത് അതിന്റെ ഇരകളായ ദരിദ്രരല്ല . അവര്‍ സംതൃപ്തരായാണ് കാണപ്പെടുന്നത് . അവര്‍ക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല . അവര്‍ക്ക് പക്ഷെ സംസാരിക്കാന്‍ വേദികളുമില്ല . പ്രസംഗിക്കുന്നവരും പ്രസിദ്ദീകരണങ്ങളിലും മറ്റും ദാരിദ്ര്യരേഖയെപ്പറ്റിയുമെല്ലാം എഴുതുന്നവരും ഒക്കെ ഒരു വിധപെട്ട സുഖസൌകര്യങ്ങള്‍ ഉള്ളവരാണ് . ഒരിക്കല്‍ സാറാ ജോസഫ് ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു . എനിക്ക് വാഷിങ്ങ് മെഷീന്‍ , ഫ്രിഡ്‌ജ് , ഗ്രൈന്‍ഡര്‍ എല്ലാം ഉണ്ട് . എന്നാല്‍ ഇന്ത്യയിലെ എത്ര ശതമാനത്തിന് ഈ സൌകര്യങ്ങള്‍ ഉണ്ട് എന്നോര്‍ക്കുമ്പോള്‍ എനിക്ക് വിഷമമുണ്ട് എന്ന് . എങ്ങനെയാണ് സാറാ ജോസഫിന്റെ വിഷമം മാറ്റാന്‍ കഴിയുക ? ആരാണത് മാറ്റുക ? എനിക്ക് തോന്നുന്നത് സ്വാര്‍ത്ഥതയല്ലേ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ? ആര്‍ക്കും ഒന്നും പോര . മറ്റുള്ളവരെ ചൂഷണം ചെയ്താലല്ലെ തന്റെ സ്വാര്‍ത്ഥത ആവശ്യപ്പെടുന്നത് മേല്‍ക്ക് മേല്‍ കൈവശപ്പെടുത്താന്‍ കഴിയുക .

ചൂഷണം നമുക്ക് ഇല്ലാതാക്കാന്‍ കഴിയുമോ ? സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോഴാണ് പുറം ലോകം അറിയുന്നത് അവിടെ ദരിദ്രര്‍ ഉണ്ടായിരുന്നു . അതേ സമയം പാര്‍ട്ടി നേതാക്കള്‍ക്ക് കൊട്ടാര സദൃശമായ വസതികളും എല്ലാ ആധുനിക സൌകര്യങ്ങളുമുണ്ടായിരുന്നു . അളവറ്റ സ്വത്ത് പാര്‍ട്ടിക്കുമുണ്ടായിരുന്നു . ചൈനയും ഇന്നും ദാരിദ്ര്യമുക്തമല്ല എന്ന് മാത്രമല്ല ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ദിനം‌തോറും വര്‍ദ്ധിച്ചും വരുന്നു എന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു . തനിക്ക് ആവശ്യമുള്ളതില്‍ കവിഞ്ഞ് , അഥവാ തന്റെ ആവശ്യങ്ങള്‍ക്ക് ഒരു പരിധി നിശ്ചയിക്കാതെ കണ്ടമാനം വാരിക്കൂട്ടാനുള്ള മനുഷ്യസഹജമായ ആസക്തിയല്ലെ ദാരിദ്ര്യം സൃഷ്ടിക്കുന്നത് . അനിയന്ത്രിതമായ ജനപ്പെരുപ്പം ദാരിദ്ര്യരേഖയില്‍ താഴെയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു എന്ന സത്യം അംഗീകരിച്ചാലും കൈവശപ്പെടുത്താന്‍ കഴിയുന്നവരുടെ അമിതമായ സ്വാര്‍ത്ഥതയാണ് ദാരിദ്ര്യത്തിന്റെ അടിസ്ഥാനകാരണം എന്ന് മനസ്സിലാവും . സ്വാര്‍ത്ഥതയില്ലാത ഒരു മനുഷ്യസമൂഹം ചിന്തിക്കാന്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല .

ദാരിദ്ര്യം എന്നത് ഒരു മാനസിക അവസ്ഥയല്ലെ എന്നും എനിക്ക് തോന്നുന്നു . എനിക്ക് ഇത്രയും മതി എന്ന് തോന്നാത്ത കാലത്തോളം ഒരാള്‍ ദരിദ്രന്‍ തന്നെയല്ലെ ? ധാരാളം പണം സമ്പാദിച്ചാല്‍ , അയാള്‍ ധാരാളം ചെലവാക്കുന്നു എന്നതല്ലാതെ ദരിദ്ര്യം തീരുമോ ? ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് പ്രതിമാസം ആറായിരത്തില്‍ കുറവായിരുന്നു എന്റെ വരുമാനം . ഇന്ന് ഇവിടെ ബാംഗ്ലൂരില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായ മകന്റെ മാത്രം വാര്‍ഷികശമ്പളം 15 ലക്ഷത്തോളമാണ് . 30 ശതമാനം ആദായനികുതി കൊടുക്കണം . മാസം വീട്ടുവാടക പതിനഞ്ചായിരം . ജീവിതച്ചെലവ് കൂടിയെന്നല്ലാതെ ഞങ്ങളുടെ ദാരിദ്ര്യം തീര്‍ന്നോ . ഇത്ര വരുമാനം കൂടിയിട്ടും എന്താണ് എക്സ്ട്രാ ആയി ഈ ജീവിതത്തില്‍ നിന്ന് ലഭിക്കുന്നത് ? പക്ഷെ ഞങ്ങളെ സംബന്ധിച്ച് ആക്രാന്തം എന്ന ഒരു മാനസിക അവസ്ഥ ഒരിക്കലും ബാധിക്കാനിട വരരുത് എന്ന് തീരുമാനിച്ചിരുന്നത് കൊണ്ട് മന:സമാധാനത്തില്‍ കഴിയുന്നു .

പലരും ചോദിക്കും ബാംഗ്ലൂരില്‍ സ്വന്തം ഫ്ലാറ്റ് വാങ്ങിയോ എന്ന് . സ്വന്തം ഫ്ലാറ്റ് ഇല്ല എന്ന് വിചാരിച്ചാല്‍ ഞങ്ങള്‍ ദരിദ്രര്‍ ആയില്ലെ . അപ്പോള്‍ ദാരിദ്ര്യം എന്നത് ആപേക്ഷികം കൂടിയാണ് . ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു ബന്ധു ചോദിച്ചു : സുമേഷ് (എന്റെ മകന്‍) ഫ്ലാറ്റ് വാങ്ങിയോ ? ഞാന്‍ പറഞ്ഞു , ഇല്ലല്ലോ ..... അപ്പോള്‍ അവന്‍ പറയുകയാണ് ; എന്റെ ഒരു സ്നേഹിതന്റെ മകന്‍ ബാംഗ്ലൂരില്‍ ജോലി കിട്ടി ആറ് മാസമേ ആയുള്ളൂ 45 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങിയല്ലൊ എന്ന് . എങ്ങനെയുണ്ട് ? അവനേക്കാളും മെച്ചപ്പെട്ട ഒരവസ്ഥയില്‍ കുടുംബസമേതം ബാംഗ്ലൂരില്‍ കഴിയുന്ന എന്നെ അവന്‍ ഒറ്റ പ്രസ്ഥാവനകൊണ്ട് വെറും ദരിദ്രനാക്കിയില്ലേ . ഞാന്‍ മനസ്സില്‍ പറഞ്ഞു : മോനേ , ബാംഗ്ലൂരില്‍ സ്ഥിരതാമസത്തിന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല . മാത്രമല്ല ഇന്നത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്നതാണ് എന്തു കൊണ്ടും ലാഭം . നാട്ടിലെ ഞങ്ങളുടെ വീട് അവനേക്കാളും നന്നായി പുതുക്കിപ്പണിത എന്നെ അവന് എങ്ങനെയെങ്കിലും ഒന്ന് അസ്വസ്ഥമാക്കണമായിരുന്നു . ഞാന്‍ അവനോട് പറഞ്ഞു : “ ഓ അവന് 45 ലക്ഷത്തിന് കിട്ടിയോ .... ഇപ്പോള്‍ 75 ലക്ഷമാണ് ബാംഗ്ലൂരില്‍ ഒരു വിധം കൊള്ളാവുന്ന ഫ്ലാറ്റുകളുടെ വില ... .... അല്പം പരുങ്ങലോടെ അവന്‍ മറുപടി പറഞ്ഞു : “ അല്ല എനിക്ക് ശരിക്ക് ഓര്‍മ്മയില്ല ... 50 ഓ 55 ഓ ലക്ഷമാണെന്ന് തോന്നുന്നു ...”

നമ്മുടെ യഥാര്‍ത്ഥ പ്രശ്നം ഇതാണ് . മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ആളുകള്‍ വെപ്രാളപ്പെടുന്നത് . ഞാന്‍ ആരുടെ മുന്‍പിലും കുറഞ്ഞു പോകരുത് . മറ്റുള്ളവരെ കാണിക്കാന്‍ വലിയ ബംഗ്ലാവ് വേണം , നിറയെ സ്വര്‍ണ്ണം വേണം , ആഡംബരങ്ങള്‍ വേണം അങ്ങനെയങ്ങനെ . ഇത്തരം ബാഹ്യസമ്മര്‍ദ്ധങ്ങളാണ് പലരെയും പ്രവാസികളുമാക്കുന്നത് . ലളിതമായ ജീവിതം അര്‍ക്കും ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല . പണം നേടിയാല്‍ എല്ലാം ആയി എന്നത് ഒരു മിഥ്യയാണ് . മാര്‍ക്കറ്റില്‍ നിര്‍ലോഭം ചെലവഴിക്കാനേ ആ പണം നമ്മെ സഹായിക്കൂ . ജീവിതം എന്നാല്‍ പര്‍ച്ചെയിസിങ്ങ് മത്രമല്ല . ദുബായില്‍ പോയി രണ്ട് നില വീട് പണിയുന്നതിനേക്കാളും ഞാനിഷ്ടപ്പെട്ടത് കുടുംബസമേതം എന്റെ പഴകിയ വീട്ടില്‍ കഴിയാനായിരുന്നു . പക്ഷെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അതിശക്തമായ സമ്മര്‍ദ്ധം അതിജീവിയ്ക്കാന്‍ പലര്‍ക്കും കഴിയുന്നില്ല . ഗള്‍ഫില്‍ പോയ മുക്കാല്‍ ഭാഗം പേര്‍ക്കും സമ്പാദ്യം എന്ന് പറയുന്നത് രണ്ട് നില വീട് മാത്രമാണ് . നഷ്ടപ്പെട്ടതോ . എന്റെ ഒരു ബന്ധുവിന്റെ ഭാര്യ പറഞ്ഞു : ജീവിതത്തില്‍ ഒരു സുഖവും കിട്ടിയില്ല സുകുവേട്ടാ , മക്കള്‍ അച്ഛന്റെ വാത്സല്യം അനുഭവിച്ചില്ല , കടം ഇപ്പോഴും ബാക്കി ....

ഇവിടെ കണ്‍സ്ട്രക്‍ഷന്‍ ജോലിക്ക് തമിഴ് നാട്ടില്‍ നിന്ന് ആളുകള്‍ കുടുംബസമേതം വരുന്നു . സൈറ്റില്‍ ടെന്റ് കെട്ടി താമസിക്കുന്നു . പിഞ്ചുകുഞ്ഞുങ്ങളെ തറയില്‍ കിടത്തി ആണും പെണ്ണൂം പണിയെടുക്കുന്നു . മാളികകള്‍ പണിയുന്ന അവര്‍ ഒരിക്കലും മാര്‍ബിള്‍ തറയില്‍ അന്തിയുറങ്ങുന്നില്ല . അവരുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വസ്ത്രങ്ങളില്ല , കുട്ടികളെ സ്കൂളിലേക്ക് അയക്കാറില്ല . എന്നാലും അവരുടെയൊക്കെ മുഖത്ത് കാണുന്ന സംതൃപ്തിയും സമാധാനവും ഒന്ന് വേറെ . അവര്‍ക്ക് വ്യാമോഹങ്ങളില്ല . അവര്‍ക്ക് ശമിപ്പിക്കപ്പെടാനാവാത്ത ഉപഭോഗതൃഷ്ണകളില്ല . അവര്‍ ദരിദ്രരാണോ ? എങ്കില്‍ അവരുടെ ദാരിദ്ര്യം ആര് എങ്ങനെ മാറ്റും ? പ്രസംഗിക്കാനും പ്രബന്ധങ്ങള്‍ രചിക്കാനും മാത്രം ഉപകരിക്കുന്ന എക്കാലത്തേയും വിഷയമല്ലേ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ? ആരെങ്കിലും തനിക്ക് കിട്ടുന്നത് ത്യജിക്കാനോ പങ്ക് വെക്കാനോ തയ്യാറാവുമോ . സ്വാര്‍ത്ഥതയല്ലേ മനുഷ്യന്റെ ശത്രു ?

ബുദ്ധദേവ് , താങ്കള്‍ക്ക് അഭിവാദനങ്ങള്‍ !

“ഒരു ബന്ദിനെയും ഞാന്‍ പിന്തുണയ്‌ക്കില്ല. നിര്‍ഭാഗ്യവശാല്‍ ബന്ദിനെ അനുകൂലിയ്‌ക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ്‌ താന്‍. ഇത്രയും കാലം ഞാന്‍ നിശബ്ദത പാലിച്ചു. എന്നാലിനി മുതല്‍ ഞാനതിനെ എതിര്‍ക്കും ” പ. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഇന്ന് പറഞ്ഞ വാക്കുകളാണിത് . ബന്ദിനെതിരെ മാത്രമല്ല ഘോരാവോയെയും പിബി അംഗം കൂടിയായ ബുദ്ധദേവ്‌ വിമര്‍ശിക്കുകയും തീര്‍ത്തും നിയമവിരുദ്ധവും അധാര്‍മ്മികവുമായ ഈ സമരമുറ ബംഗാളില്‍ അനുവദിയ്ക്കില്ലെന്നും കൂടി അദ്ദേഹം പറഞ്ഞപ്പോള്‍ ആ വാക്കുകള്‍ മലയാളികളുടെ കാതുകളില്‍ ആശ്വാസത്തിന്റെ പെരുമഴയായി പെയ്തിരിക്കണം .

എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി , ഈ അടുത്ത കാലത്തായി പിണറായിക്കെതിരെ തന്റെ അപ്രമാദിത്വം സ്ഥാപിക്കണമെന്ന വാശിയില്‍ ജനപ്രിയ പരിപാടികള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് സാധാരണക്കാരുടെ രക്ഷകനെന്ന പരിവേഷം ചാര്‍ത്തിക്കിട്ടിയ സാക്ഷാല്‍ അച്യുതാനന്ദന്‍ ബുദ്ധദേവിനെ തിരുത്താന്‍ പുറപ്പെട്ടിരിക്കുന്നു .

ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ പ്രസ്‌താവന തെറ്റാണന്നും ഭട്ടാചാര്യ അങ്ങനെ പറയുമെന്ന്‌ താന്‍ കരുതുന്നില്ലന്നും പറഞ്ഞാല്‍ തന്നെയും അത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് വി.എസിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണത്തിന്റെ രത്നച്ചുരുക്കം . ഹര്‍ത്താലിനും ബന്ദിനും ആഹ്വാനം ചെയ്യുന്നവരെ ജനം ഒരിക്കല്‍ കല്ലെടെത്തെറിയുമെന്ന് ഞാന്‍ കുറച്ചു മുന്‍പേ ഒരു കമന്റില്‍ സൂചിപ്പിച്ചിരുന്നു . വി.എസ്സിന്റെ ഇന്നത്തെ യാന്ത്രികമായ പ്രസ്ഥാവന അദ്ദേഹം എത്രമാത്രം ജനകീയനായി അഭിനയിക്കാന്‍ നോക്കിയാലും താന്‍ അടിസ്ഥാനപരമായി ഒരു സ്റ്റാലിനിസ്റ്റ് തന്നെയാണെന്ന് വ്യക്തമാക്കുന്നു .

സി.പി.എമ്മില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എപ്പോഴും ബംഗാളില്‍ നിന്ന് തന്നെയാണ് . മാര്‍ക്സിസ്റ്റ് പാര്‍ട്ടി പതുക്കെ മാറി വരികയാണ് . ഡിഫിക്കാര്‍ സെസിന് അനുകൂലമായി നിലയുറപ്പിച്ചത് ചില്ലറക്കാര്യമല്ല്ല . കളക്ട്രേറ്റ് വളഞ്ഞാലോ ജയില്‍ നിറച്ചാലോ കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകില്ല എന്ന് അവര്‍ തിരിച്ചറിയാനും പൊതുസമുഹത്തില്‍ തുറന്ന് പറയാന്‍ തയ്യാറായതും ശുഭോദര്‍ക്കമാണ് . സെസ് വരുമ്പോള്‍ അത് ജനങ്ങളെ ബുദ്ധുമുട്ടിക്കാതെ പരമാവധി നോക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധിക്കുക തന്നെ ചെയ്യും . വര്‍ത്തമാനകാലയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി എല്ലായ്പ്പോഴും ഒരു പതിനഞ്ച് കൊല്ലം വെച്ച് താമസിപ്പിക്കാറുള്ളത് കേരളത്തിന്റെ പുരോഗതിക്ക് വരുത്തിവെച്ച ദോഷം ചില്ലറയല്ല . ഇല്ലായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ഐ.ടി.ഹബ്ബ് ഇന്ന് കേരളമായേനേ .

ഹര്‍ത്താലും ബന്ദും ഇന്ന് കേരളത്തില്‍ ഒരു തമാശയാണ് . കോമഡിക്കാരും സിനിമാലക്കാരും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ മുന്‍ഷിയില്‍ പോലും തമാശയായി പറഞ്ഞത് ഹര്‍ത്താലില്ലാത്ത ഒരു കേരളം ഇനി ചിന്തിക്കാന്‍ പോലും കഴിയില്ല എന്നാണ് . കേരളം ഹര്‍ത്താലിന്റെ സ്വന്തം നാടാണെന്ന തമാശ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നു . ഹര്‍ത്താലുത്സവം എന്ന പദം പോലും ഭാഷയില്‍ സ്ഥിരപ്രതിഷ്ഠ നേടി . ഇതൊക്കെ ആളുകള്‍ നിസ്സഹയാവസ്ഥ കൊണ്ട് പറയുന്നതാണ് . ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസ്സില്‍ തീയാണ് . അമര്‍ഷത്തിന്റെ കനലാണ് . ആ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പരസ്പരം പറയുന്ന വാക്കാണ് ഹര്‍ത്താലാശംസകള്‍ എന്നത് . ഇതൊന്നും മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് അറിയാത്തതല്ല . ആ കുറ്റബോധമാണ് ബുദ്ധദേവിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് .

എന്നാല്‍ അച്യുതാനന്ദന്‍ താനാണ് ശുദ്ധമാര്‍ക്സിസത്തിന്റെ ഇന്‍ഡ്യയിലെ ഏക പിന്തുടര്‍ച്ചാവകാശി എന്ന് സ്ഥാപിച്ചെടുക്കാനുള്ള വെപ്രാളത്തിലാണ് . ബന്ദും പണിമുടക്കുമില്ലാതെ വര്‍ഗ്ഗസമരമില്ല , വര്‍ഗ്ഗസമരമില്ലാതെ വിപ്ലവമില്ല, വിപ്ലവമില്ലാതെ സോഷ്യലിസമില്ല , സോഷ്യലിസമില്ലാതെ ശാസ്ത്രീയകമ്മ്യൂണിസമില്ല എന്ന മൂഢസ്വര്‍ഗ്ഗത്തില്‍ ജനങ്ങളെ ഇനിയും തളച്ചിടാനുള്ള പാഴ്‌ശ്രമത്തിലാണ് അദ്ദേഹം . സെസിനെ അനുകൂലിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചങ്കില്‍ , ബന്ദിനെതിരെയും ഹര്‍ത്താലിനെതിരെയും അവര്‍ പത്രസമ്മേളനം വിളിക്കുന്ന കാലം അതിവിദൂരമല്ല . അച്യുതാനന്ദനും അണികളും ഇത് മനസ്സിലാക്കുന്നത് നന്ന് . സി.പി.എം. ബന്ദിനും ഹര്‍ത്താലിനും എതിരായാല്‍ കേരളത്തില്‍ പിന്നെയാരും അതിന് ധൈര്യപ്പെടുകയില്ല എന്നത് തീര്‍ച്ച .

ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാലോ , മറ്റ് അനിഷ്ട സംഭവങ്ങള്‍ നടന്നാലോ തല്‍ക്ഷണം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് കൊണ്ട് എന്ത് നേട്ടമാണുള്ളത് . ജനങ്ങള്‍ക്ക് കൊല്ലപ്പെട്ടവനോടുള്ള സഹതാപം ഫലത്തില്‍ വെറുപ്പായി മാറുന്നു . നാശം ഒരിക്കല്‍ കൂടി അവന്‍ കൊല്ലപ്പെട്ട് പോകട്ടെ എന്നേ ആ പാര്‍ട്ടിയിലോ സംഘടനയിലോ പെടാത്തവര്‍ക്ക് തോന്നൂ . ഒരു ഹര്‍ത്താലില്‍ എല്ലാം തീര്‍ന്നു എന്ന് തോന്നും ആഹ്വാനക്കാരുടെ രീതി കണ്ടാല്‍ . ആണത്തമുണ്ടെങ്കില്‍ പ്രതികളെ കണ്ടെത്താനും നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും അധികാരികളെ സഹായിക്കുകയാണ് വേണ്ടത് .

സോഷ്യലിസവും വിപ്ലവവും ഒന്നും ഇനി നടക്കില്ല എന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ ആ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നും ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്ക് വേണ്ടി എന്നും ധാരാളം ചെയ്യാനുണ്ടെന്നും അവര്‍ മനസ്സിലാക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കാനും പാര്‍ട്ടി തയ്യാറാവണം . സോവിയറ്റ് യൂനിയനും കിഴക്കന്‍ യൂറോപ്പും തകര്‍ന്നിട്ടും ഞങ്ങള്‍ അചഞ്ചലമയി നിലകൊണ്ടു എന്ന് വീമ്പ് പറയുന്നതില്‍ കഴമ്പില്ല .

ജനാധിപത്യത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മഹത്തായ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും എന്ന് തെളിയിക്കലല്ലെ , ഒരിക്കലും നടക്കാത്ത വിപ്ലവത്തിന്റെ പേരില്‍ നിഷേധാത്മക രാഷ്ട്രീയം കൊണ്ട് നാട് കുട്ടിച്ചോറാക്കുന്നതിലും ഭേദം ?

സാധാരണപ്രവര്‍ത്തകരും അനുഭാവികളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ സ്വന്തം നിലയില്‍ ചിന്തിക്കാനോ സ്വതന്ത്രമായി അഭിപ്രായം പറയാനോ ധൈര്യപ്പെടുന്നില്ല എന്നതാണ് ഒരു ശാപം . പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാമെങ്കിലും നേതാക്കളുടെ ഹിതത്തിന് എതിരാകുമോ എന്ന ഭയത്തില്‍ ആരും മിണ്ടാറില്ല എന്നതാണ് വാസ്തവം . എന്നാല്‍ പക്ഷെ ഒച്ച വെക്കുന്നവന്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും . ഇതൊക്കെ ഞാന്‍ താഴെത്തട്ടിലുള്ള കമ്മറ്റികളില്‍ പങ്കെടുത്ത അനുഭവത്തില്‍ നിന്ന് പറയുന്നതാണ് .

മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതിന് ശേഷം കമ്മറ്റികളില്‍ കക്ഷിരാഷ്ട്രീയം ചര്‍ച്ച ചെയ്യുക എന്നതല്ലാതെ , മാര്‍ക്സിയന്‍ ആശയങ്ങളോ വൈരുദ്ധ്യാത്മകഭൌതികവാദമോ പഠിപ്പിക്കുന്ന സ്റ്റഡിക്ലാസ്സുകള്‍ നടന്നിട്ടേയില്ല . ഇന്ന് കേരളത്തില്‍ കാണുന്ന സാംസ്ക്കാരികത്തകര്‍ച്ചയ്ക്കും ജീര്‍ണ്ണതയ്ക്കും പ്രധാനകാരണം അതാണ് . ഇന്ന് സാര്‍വ്വത്രികമായി കാണുന്ന കപട ആത്മീയതയ്ക് പകരം മാനവീകതയുടെ മഹത്തായ മൂല്യം സമൂഹത്തില്‍ അരക്കിട്ടുറപ്പിക്കാന്‍ ബാധ്യതപ്പെട്ടവരായിരുന്നു മാര്‍ക്സിസ്റ്റുകാര്‍ . പക്ഷെ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം നിമിത്തം കുറെ ക്രിമിനലുകളെ സൃഷ്ടിക്കാനേ പാര്‍ട്ടിക്ക് കഴിഞ്ഞുള്ളൂ . ഒരു കുടം പാലില്‍ വിഷം ഒരു തുള്ളി മതിയല്ലൊ . എത്രയോ നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുണ്ടായിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഗുണ്ടകളുടെ മുഖമുദ്ര കിട്ടിയത് അങ്ങനെയാണ് .

ഇപ്പോള്‍ സെസിനെ ഡിഫി അനുകൂലിച്ചെങ്കില്‍ അത് ഉന്നതനായ ഏതോ നേതാവിന്റെ മൌനസമ്മതത്തോടെയായിരിക്കും . ഡിഫി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് കൊണ്ട് അണികളും അത് സ്വീകരിക്കും . അതാണ് സാധാരണ അനുഭാവി സ്വന്തമായി ചിന്തിക്കില്ല എന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം . എല്ലാം ഒരു നേതാവിന്റെ തലയില്‍ ഉദിക്കണം . ബുദ്ധദേവിനെ അനുകൂ‍ലിച്ച് കൊണ്ട് പിണറായി തല്‍ക്കാലം ഒന്നും പ്രതികരിച്ചില്ലെങ്കിലും താമസിയാതെ ഡിഫിയുടെ നാവിലൂടെ പിണറായി അത് പ്രഖ്യാപിക്കുമെന്ന് പ്രത്യാശിക്കാം .

അമര്‍നാഥ് യാത്രയും, മകരജ്യോതിയും പിന്നെ ദേശീയ പണിമുടക്കും !

അമര്‍നാഥ് യാത്രയെ പറ്റി അനൂപിന്റെ extraMalayalam എന്ന ബ്ലോഗില്‍ വിശദമായ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട് . അത് വായിക്കുന്നത് അമര്‍നാഥ് തീര്‍ത്ഥാടനത്തെക്കുറിച്ചും അതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഉപകരിക്കും . ആ യാത്രയും മകരജ്യോതിയും ദേശിയ പണിമുടക്കും തമ്മില്‍ എന്ത് ബന്ധം എന്ന സംശയം ആര്‍ക്കും ന്യായമായും തോന്നാം . അതിന് മുന്‍പായി താഴെക്കാണുന്ന ഭൈരവന്‍ സമാചാരത്തിന്റെ പുതിയ ലക്കവും ഒന്ന് നോക്കുന്നത് നന്നായിരിക്കും .


(ഇമേജില്‍ ക്ലിക്കിയാല്‍ വലുപ്പത്തില്‍ വായിക്കാം)

ഇക്കഴിഞ്ഞ മെയ് 27 ന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയും ഇതോടൊപ്പം കൂട്ടിവായിക്കുക :

“മകരവിളക്ക്‌ മനുഷ്യസൃഷ്ടിയാണെന്ന്‌ ശബരിമല തന്ത്രി കണ്ഠരര്‌ മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മകരവിളക്കും മകരജ്യോതിയും ഒന്നല്ലെന്നും രാഹുല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മകര ജ്യോതിയും മകര വിളക്കും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ആകാശത്ത്‌ തെളിയുന്ന നക്ഷത്രമാണ്‌ മകരജ്യോതി. എന്നാല്‍ മകരവിളക്ക്‌ മകരജ്യോതി തെളിയുന്ന സമയത്ത്‌ പൊന്നമ്പലമേട്ടില്‍ മനുഷ്യര്‍ പ്രതീകാത്മകമായി തെളിയിക്കുന്ന വിളക്കാണ്‌.

ഈ യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം. ഇക്കാര്യത്തിലുണ്ടായിട്ടുള്ള അനാവശ്യ വിവാദങ്ങളില്‍ വിഷമമുണ്ടെന്നും രാഹുല്‍ പറഞ്ഞു. തെറ്റിദ്ധാരണയാണ്‌ വിവാദത്തിലേക്ക്‌ വഴിവെച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മകരജ്യോതി മനുഷ്യ നിര്‍മ്മിതമാണെന്ന്‌ കഴിഞ്ഞ ദിവസം ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവസ്വംബോര്‍ഡ്‌ മുന്‍ പ്രസിഡന്‍റ് ജി രാമന്‍നായര്‍ സൂചിപ്പിച്ചിരുന്നു.
ശബരിമലയിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് മകരജ്യോതി. ശബരിമലയില്‍ എല്ലാ പരിപാടികളും പൊലീസിന്റെയും മറ്റും സഹായത്തോടെയാണ്‌ നടക്കുന്നത്‌. അതുപോലെ പൊലീസിന്റെസഹായത്തോടെയുള്ള സംവിധാനമാണ്‌ മകരജ്യോതിയെന്നും രാമന്‍‌നായര്‍ പറഞ്ഞു.”

മനുഷ്യനിര്‍മ്മിതിയാണ് മകരജ്യോതി എന്ന് ബന്ധപ്പെട്ടവര്‍ തന്നെ തുറന്ന് സമ്മതിച്ച നിലക്ക് അടുത്ത മകരവിളക്കും ഇപ്രകാരം കൃത്രിമമായി സൃഷ്ടിച്ച് ഭക്തന്മാരെ പറ്റിക്കാന്‍ ഇടത് പക്ഷ സര്‍ക്കാര്‍ തുനിയുമോ എന്നും മകരവിളക്ക് ആളുകള്‍ കത്തിച്ച് കാണിക്കുന്നതാണെന്ന് വ്യക്തമായ സ്ഥിതിക്ക് അടുത്ത വര്‍ഷവും ഈ കൃത്രിമദീപം കണ്ട് സായൂജ്യമടയാന്‍ ഭക്തര്‍ ഉത്സാഹം കാട്ടുമോ എന്നതും കണ്ടറിയാനിരിക്കുന്നതേയുള്ളൂ . ഒരു കാര്യം വ്യക്തമാണ് ശാസ്ത്രവും മനുഷ്യസമൂഹവും വിപരീതദിശകളിലേക്കാണ് സഞ്ചരിക്കുന്നത് . പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്താന്‍ വേണ്ടി ശാസ്ത്രം മുന്നോട്ടും , സമൂഹം അതിന്റെ ഭൂതകാലത്തേക്കുമാണ് പ്രയാണം . കുട്ടികള്‍ ഇപ്പോള്‍ സരസ്വതിയന്ത്രം കൈയില്‍ കെട്ടിയും പൂജിക്കപ്പെട്ട പേനകള്‍ കൊണ്ടുമാണ് പരീക്ഷകള്‍ എഴുതുന്നത് . പാഠങ്ങള്‍ അവര്‍ക്ക് ഒരു ഉപാധി മാത്രം . വിശ്വാസം ഉറുക്കുകളിലും അത്ഭുതമന്ത്രവാദങ്ങളിലുമാണ് . ഇപ്പോള്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ താളിയോലകളില്‍ എഴുതപ്പെട്ട വസ്തുതകളാണ് യഥാര്‍ത്ഥശാസ്ത്രമെന്ന് മാര്‍ക്സിസ്റ്റുകാര്‍ പോലും കരുതുന്നു .

പ്രപഞ്ചരഹസ്യം കണ്ടെത്താന്‍ വേണ്ടി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (സേണ്‍-CERN) ഭൂമിക്കടിയില്‍ നിര്‍മിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍' (LHC) ഉപയോഗിച്ച് നടത്തുന്ന കണികാപരീക്ഷണത്തെക്കുറിച്ച് ജോസഫ് മാഷ് അദ്ദേഹത്തിന്റെ കുറിഞ്ഞി ഓണ്‍‌ലൈന്‍ എന്ന ബ്ലോഗില്‍ എഴുതിയ പോസ്റ്റും ശാസ്ത്രകുതുകികള്‍ വായിക്കേണ്ടതാണ് .

അമര്‍നാഥില്‍ മലമുകളില്‍ പന്ത്രണ്ടായിരത്തിലധികം അടി ഉയരത്തില്‍ , അവിടെയുള്ള ഗുഹയില്‍ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലും താഴെയുള്ളപ്പോള്‍ ഉരുവെടുത്ത ഐസ് കട്ടയ്ക്ക് ശിവലിംഗത്തിന്റെ ആകൃതിയാണത്രെ . ആ ഹിമലിംഗം ദര്‍ശിക്കാനാണ് വര്‍ഷം തോറും ലക്ഷക്കണക്കിന് ഭക്തര്‍ യാത്ര ചെയ്യുന്നത് . ആ യാത്രികരെ മുസ്ലീം ഭയങ്കരവാദികളില്‍ നിന്ന് രഷിക്കാന്‍ പതിനായിരക്കണക്കിന് പട്ടാളക്കാര്‍ മാസക്കണക്കിന് കാവല്‍ നില്‍ക്കേണ്ടി വരുന്നു . തീവ്രവാദവും തീര്‍ത്ഥാടനവും എല്ലാം ദൈവത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ തന്നെ എന്നതാണ് തമാശ . ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ ആട്ടിത്തെളിച്ച് എത്തിക്കുക എന്ന അള്ളാഹുവിന്റെ കല്പന പാലിക്കാന്‍ ബാധ്യസ്ഥരായവരാണ് മുസ്ലീം തീവ്രവാദികള്‍ . വിഗ്രഹാരാധന അവര്‍ക്ക് ഹറാമാണ് . നിരപരാധികളെ ബോംബ് സ്പോടനം നടത്തിക്കൊന്നാല്‍ അത് ചെയ്യുന്ന ജിഹാദികള്‍ക്ക് സ്വര്‍ഗ്ഗവും കൊല്ലപ്പെടുന്നവര്‍ക്ക് നരകവും ഉറപ്പാണത്രെ . ദൈവത്തിന്റെ ഓരോ കുസൃതികള്‍ എന്നല്ലാതെ എന്ത് പറയാന്‍ .

മേലെ പറഞ്ഞ ഐസ് (ശിവ)ലിംഗത്തിന് 12 അടി ഉയരമുണ്ടായിരുന്നത് 6 അടിയായി ചുരുങ്ങിപ്പോയെന്ന് പറഞ്ഞത് കഴിഞ്ഞ വര്‍ഷം അവിടത്തെ മുഖ്യപുരോഹിതന്‍ തന്നെയാണ് . ഭക്തന്മാരുടെ ഉച്ഛ്വാസവായുവിന്റെ ചൂട് നിമിത്തം ശിവലിംഗം ഉരുകിപ്പോവാന്‍ ഇടയുണ്ട് എന്ന് ഒരു പത്രം എഴുതിയിരുന്നു . കാഷ്മീരില്‍ യുക്തിവാദികള്‍ ഇല്ലെന്ന് തോന്നുന്നു . ഉണ്ടായിരുന്നുവെങ്കില്‍ ആ ശിവലിംഗം ഐസ് കട്ടയായി എന്തെങ്കിലും ശീതീകരണസംവിധാനത്തില്‍ സൂക്ഷിച്ച് വെച്ച് തീര്‍ത്ഥാടനക്കാലത്ത് അവിടെ പ്രതിഷ്ഠിക്കുന്നതാണെന്ന് തെളിയിക്കുമോ എന്തോ .

കാര്യകാരണപൂര്‍വ്വമായ അന്വേഷണങ്ങള്‍ വിശ്വാസങ്ങള്‍ക്ക് ആപത്ത് വരുത്തും എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ ഈ ലിംഗം ഉരുകുന്നതിനെപ്പറ്റിയും ഭക്തര്‍ക്ക് സൌകര്യം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റിയും അന്വേഷിക്കാന്‍ ഒരു ഗുപ്താക്കമ്മീഷനെ നിശ്ചയിച്ചു . ഗുഹ ശീതീകരിച്ച് താപനില സീറോ ഡിഗ്രിയില്‍ നിലനിര്‍ത്തി ശിവലിംഗം ഉരുകാതെ സൂക്ഷിക്കുക , ഭക്തര്‍ക്ക് താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും പ്രാഥമികകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും 100 ഏക്കര്‍ സ്ഥലം ദാനം ചെയ്യുക എന്നെല്ലാം സര്‍ക്കാര്‍ തീരുമാനിച്ചു . ആ നൂറേക്കര്‍ ദാനം നല്‍കലും പിന്നീട് പിന്‍‌വലിക്കലുമാണ് ഇപ്പോള്‍ കാഷ്മീര്‍ കത്തിയെരിയുന്ന സ്ഥിതിയിലേക്കെത്തിച്ചത് . അതിനെ പറ്റിയൊക്കെ എഴുതാന്‍ മറ്റൊരു പോസ്റ്റ് വേണ്ടി വരും .

ഞാന്‍ പറഞ്ഞുവരുന്നത് ഇത്തരം മതപരമായ അനുഷ്ടാനങ്ങള്‍ പോലെ തന്നെയാണ് ഇടത് പക്ഷങ്ങള്‍ കാലാകാലങ്ങളില്‍ നടത്തിവരാറുള്ള ദേശീയപണിമുടക്ക് പോലുള്ള ഉത്സവങ്ങളും . വിലക്കയറ്റവും കേന്ദ്രന്റെ ജനവിരുദ്ധനയങ്ങളുമാണത്രെ ഇത്തരം ആഘോഷങ്ങള്‍ക്കാധാരം . ഇടത് പക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളം , ബംഗാള്‍,ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലേ ഇത് പൂര്‍ണ്ണമായി ആഘോഷിക്കപ്പെടാറുള്ളൂ . കേരളത്തില്‍ മദ്യമാണ് ഈ ഉത്സവങ്ങളിലെ മുഖ്യവിഭവം . മറ്റ് രണ്ട് സ്റ്റേറ്റുകളിലെ സ്ഥിതി എനിക്കറിയില്ല . അവിടെയൊക്കെ കുറേക്കാലമാ‍യി നടക്കാറുള്ളത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ബന്ദുകളാണ് . അത് കൊണ്ട് അനിഷ്ടസംഭവങ്ങള്‍ കേള്‍ക്കാറില്ല . കേരളത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റങ്ങളും പതിവാണ്.

ഇത്തരം പണിമുടക്കുകള്‍ നടത്തുന്നത് , അതിനാധാരമായി അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ വേണ്ടിയല്ല . മറിച്ച് , അമര്‍നാഥ് യാത്ര പോലെയും മകരജ്യോതി ദര്‍ശനം പോലെയും ഇടത് പാര്‍ട്ടികള്‍ ഇടക്കിടെ അനുഷ്ഠിക്കേണ്ട ഒരാചാരമാണത് . പണിമുടക്കുകള്‍ക്കും , ഹര്‍ത്താലുകള്‍ക്കും , ബന്ദുകള്‍ക്കും കൂടെക്കൂടെ ആഹ്വാനം ചെയ്യുന്നില്ലെങ്കില്‍ ഇടത് പാര്‍ട്ടികള്‍ ഉരുകിത്തീര്‍ന്ന ശിവ(ഐസ്)ലിംഗം പോലെയും കര്‍പ്പൂരം കത്തിച്ച് കാണിക്കാത്ത മകരവിളക്ക് പോലെയും ആയിപ്പോകും . വിലക്കയറ്റം അത് കയറാന്‍ തുടങ്ങിയ കാലം തൊട്ട് വെച്ചടിവെച്ചടി കയറുന്നത് കൊണ്ടും , സര്‍ക്കാര്‍ നയങ്ങള്‍ എക്കാലവും ജനദ്രോഹമാണെന്ന് വ്യാഖ്യാനിക്കാവുന്നതാലും ഇടത് പക്ഷപ്പാര്‍ട്ടികളുടെ ഭാവിയെപറ്റി ആശങ്കയില്ല . എന്നാല്‍ അമര്‍നാഥിലെ ശിവലിംഗത്തിന്റെയും ശബരിമലയിലെ മകരജ്യോതിയുടെയും കാര്യം അങ്ങനെ ശോഭനമല്ല .

പണിമുടക്കും ബന്ദും ഹര്‍ത്താലും നടക്കുന്ന ദിവസം കുട്ടി മരിക്കാനിട വരുന്നത് ലോറന്‍സ് പറഞ്ഞ പോലെ പണിമുടക്കിന്റെ കുറ്റം കൊണ്ടല്ല. യമധര്‍മ്മനെക്കൊണ്ട് പണിമുടക്കിക്കാന്‍ കഴിയാത്തത് കൊണ്ടാണ് . അതെങ്ങനെ . തൊട്ട അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ് നാട്ടിലും ജനജീവിതം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞോ ? പിന്നെയല്ലെ അന്തകന്‍ പണിമുടക്കാന്‍ !

വെറുതേ ചില കുശലങ്ങള്‍ .....

കൂട്ടം എന്ന കൂട്ടായ്മയില്‍ ഞാന്‍ ഇന്ന് എഴുതിയ ബ്ലോഗ് :

കുറെ ദിവസങ്ങളായി ‘കൂട്ട’ത്തില്‍ എന്തെങ്കിലും എഴുതണം എന്ന് വിചാരിക്കുന്നു. മറ്റൊന്നുകൊണ്ടുമല്ല, കൂട്ടത്തിലെ എന്റെ ഒരു പ്രിയകൂട്ടുകാരന്‍ (ഇവിടെ നമ്മളെല്ലാം പ്രിയമുള്ള കൂട്ടുകാര്‍ തന്നെ,അത്കൊണ്ടാണല്ലൊ നാം കൂട്ടം എന്ന ഈ കൂട്ടായ്മയില്‍ ഒത്ത് ചേര്‍ന്നത് തന്നെ) ജ്യോതികുമാര്‍ പറയുന്നു .

“ മാഷ് എന്തെങ്കിലും ഇവിടെ എഴുതണം എന്ന് ..”

ഞാന്‍ സമ്മതിച്ചെങ്കിലും ഒന്നും എഴുതിയില്ല . ഇവിടെ നിന്ന് ചില ചര്‍ച്ചകള്‍ വായിച്ചു പോവുക മാത്രം ചെയ്തുവന്നു . ജ്യോതികുമാര്‍ വിട്ടില്ല . “ മാഷ് എഴുതാതെ ഞാന്‍ വിടില്ല ” എന്റെ പ്രൊഫൈലില്‍ വീണ്ടും കമന്റ് .... എന്തെഴുതും ?

ജ്യോതികുമാര്‍ പറഞ്ഞിരുന്നു , “മാഷ് , ബാംഗ്ലൂര്‍ ജീവിതത്തിലെ അനുഭവങ്ങള്‍ എന്തെങ്കിലും എഴുതിയാല്‍ മതി ....”ഇവിടെ ബാംഗ്ലൂരില്‍ ഞങ്ങള്‍ നാലു വര്‍ഷത്തിലേറെയായി കുടുംബസമേതം ജീവിയ്ക്കുന്നു . എന്നാലും പറയത്തക്ക വിശേഷങ്ങളൊന്നും ഇവിടെ എഴുതാന്‍ മാത്രമില്ല . പണ്ടൊക്കെ ബാംഗ്ലൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഹരമായിരുന്നു . ഉദ്യാനനഗരമല്ലെ . പെന്‍ഷണേര്‍സ് പാരഡൈസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് . പക്ഷെ ഇന്ന് ബാംഗ്ലൂര്‍ വെറും ഒരു നഗരം മാത്രമാണ് . ആരുടെയൊക്കെയോ ഒരു നഗരം . യാന്ത്രികമായ ജീവിതം . ലോകത്തിന്റെ ഐ.ടി ഹബ്ബ് . താങ്ങാനാവാത്ത കനത്ത ശമ്പളം വാങ്ങി ചെറുപ്പക്കാരും ചെറുപ്പക്കാരികളും അടിച്ചു പൊളിക്കുന്ന ഒരു മെട്രോപൊളിറ്റന്‍ നഗരം . ഞാന്‍ മിക്കവാറും ഈ മോണിറ്ററിന്റെ മുന്‍പിലാണ് സമയം കളയുന്നത് . അപ്പോള്‍ എനിക്ക് ബാംഗ്ലൂര്‍ വിശേഷങ്ങള്‍ എന്നാല്‍ എന്റെ കുടുംബ വിശേഷങ്ങളേയുള്ളൂ .

ജീവിതം എങ്ങനെയൊക്കെ , എവിടെയൊക്കെയാണ് നമ്മെ കൊണ്ടെത്തിക്കുന്നത് ? മലയാളികള്‍ മിക്കവരും പ്രവാസികളാണ് . ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല . അക്കരെപ്പച്ച തേടി മലയാളികള്‍ നാട് വിടുന്ന പതിവു പണ്ട് മുതലേ ഉണ്ട് . കോയമ്പത്തൂര്‍, മദ്രാസ് , ബോംബേ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കും സിങ്കപ്പൂര്‍ , പെനാംങ്ങ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെയാണ് അന്ന് പോവുക . അങ്ങനെ പോയിവരുന്നവരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ജീവിതരീതികള്‍ പലരെയും വിഭ്രമിപ്പിച്ചിരുന്നു . എന്റെ കുട്ടിക്കാലത്ത് അയലത്തെ വീട്ടില്‍ സിങ്കപ്പൂറില്‍ നിന്ന് വന്ന കുട്ടികളുടെ കൈയിലാണ് ആദ്യമായി റബ്ബര്‍ ബാന്‍ഡ് ഞാന്‍ കാണുന്നത് . എനിക്ക് കീറിയ , നാട അറ്റുപോയ ട്രൌസറുകളേ ഉണ്ടായിരുന്നുള്ളൂ . അവര്‍ക്ക് മനോഹരമായ ഉടുപ്പുകള്‍ ഉണ്ടായിരുന്നു . അന്നൊക്കെ ഞങ്ങള്‍ ട്രൌസറുകള്‍ അലക്കി ഉണങ്ങുന്നത് വരെ കോണകം ധരിക്കുമായിരുന്നു . അയലത്തെ കുട്ടികള്‍ക്ക് പൂക്കള്‍ തുന്നിയ ജഡ്ഢികള്‍ ഉണ്ടായിരുന്നു . ആ അടിയുടുപ്പ് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട് .

സ്കൂളില്‍ പോകുമ്പോള്‍ മഴയത്ത് നനയാതിരിക്കാന്‍ ചേമ്പിന്റെ വീതിയുള്ള ഇല അറുത്തെടുത്ത് തലയില്‍ പിടിക്കും . സമ്പന്നരായ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് ഓലക്കുട ഉണ്ടായിരുന്നു . വീട്ടില്‍ , പനയോല കൊണ്ട് മെടഞ്ഞ പിരിയോല ഉണ്ടായിരുന്നു . അന്നൊക്കെ സ്ത്രീകള്‍ വയലില്‍ പണിക്ക് പോകുമ്പോള്‍ മഴ കൊള്ളാതിരിക്കാന്‍ പിരിയോല ചൂടും . ഒരിക്കല്‍ ഞാന്‍ പിരിയോല ചൂടി സ്കൂളില്‍ എത്തിയപ്പോള്‍ , ചേമ്പില ചൂടി വന്ന പിള്ളേര്‍ എന്നെ കളിയാക്കി . ആദ്യമായി തുണിക്കുട അഥവാ ശീലക്കുട കാണുന്നതും അയലത്തെ സിങ്കപ്പുരില്‍ നിന്ന് വന്ന കുട്ടികളുടെ കൈയിലാണ് . അവര്‍ക്ക് പല പല വര്‍ണ്ണങ്ങളിലുള്ള കുടകളുണ്ടായിരുന്നു . അമ്പ്രല്ല എന്ന വാക്കും അവരാണ് എനിക്ക് പറഞ്ഞു തന്നത് .

അന്നൊക്കെ സിനിമാപ്പാട്ട് കേള്‍ക്കണമെങ്കില്‍ കല്ല്യാണവീട്ടില്‍ പോകണം . ഉയരമുള്ള തെങ്ങിന്‍ തടിയിലാണ് മൈക്ക് കെട്ടുക . കാളം എന്ന് പറയും . ഗ്രാമഫോണ്‍ പെട്ടിയില്‍ റിക്കാര്‍ഡ് കറങ്ങുന്നത് കാണാന്‍ നല്ല ചേലായിരുന്നു . വലുതാവുമ്പോള്‍ ഒരു ഗ്രാമഫോണ്‍ പെട്ടി സ്വന്തമാക്കണമെന്ന് ഞാന്‍ എന്നും സ്വപ്നം കാ‍ണാറുണ്ടായിരുന്നു . പാട്ട് എനിക്ക് ഹരമായിരുന്നു . പക്ഷെ അത്ഭുതമെന്ന് പറയട്ടെ എനിക്ക് രീതിയൊപ്പിച്ച് ഒരു വരി പോലും പാടാന്‍ കഴിഞ്ഞിരുന്നില്ല . മറ്റ് കുട്ടികള്‍ ഈണത്തില്‍ പാടുക മാത്രമല്ല , പാട്ട് ചൂളം വിളിച്ചും അവര്‍ പാടുമായിരുന്നു . പാടാന്‍ കഴിയാത്തതില്‍ അതീവ കുണ്ഠിതം ഉണ്ടായിരുന്നു എനിക്ക് . അന്നൊക്കെ രാത്രികാലങ്ങളില്‍ റോഡിലൂടെ നടന്ന് പോകുന്നവര്‍ ഉച്ചത്തില്‍ പാടിക്കൊണ്ട് പോകാറുണ്ട് . ഞാന്‍ വീടിന്റെ ഇറയത്ത് നിന്ന് ആ പാട്ടുകള്‍ കേട്ട് ആസ്വദിക്കാറുണ്ട് . തെരുവ് വിളക്കുകള്‍ ഇല്ലാത്ത അക്കാലത്ത് ഇരുട്ടിലൂടെ നടക്കുമ്പോള്‍ ഭയം നിമിത്തമാണ് പലരും ഉറക്കെ പാടിക്കൊണ്ട് നടന്നിരുന്നത് എന്ന് പില്‍ക്കാലത്ത് എനിക്ക് മനസ്സിലായി . എല്ലാവരും അങ്ങനെയായിരുന്നു എന്നല്ല . അന്ന് രാത്രിയില്‍ എല്ലാവര്‍ക്കും ഭയമായിരുന്നു . ഗുളികന്‍ , കുട്ടിച്ചാത്തന്‍ , പ്രേതങ്ങള്‍ , യക്ഷികള്‍ എന്നിവയെല്ലാം രാത്രികാലങ്ങളില്‍ ഇറങ്ങി സഞ്ചരിക്കുമെന്ന് പൊതുവെ വിശ്വസിച്ചിരുന്നു .

പാടാന്‍ കഴിയാത്ത കുറവ് സഹിക്കാം . എന്നാല്‍ എനിക്ക് സംസാരിക്കുമ്പോള്‍ വിക്കുമുണ്ടായിരുന്നു . ഞാന്‍ മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ “ ആനത്തലയോളം വെണ്ണ തരാമെടാ .... അമ്പാടിക്കണ്ണാ നീ വാ തുറക്കൂ ......... “ എന്ന പാട്ട് ഉറക്കെ ഈണത്തില്‍ താളാത്മകമായി പാടാറുണ്ടായിരുന്നു പോലും . അത് അയല്‍ക്കാര്‍ കേട്ട് അവരുടെ ദൃഷ്ടി പെട്ടത് കൊണ്ടാണ് വിക്ക് വന്നത് എന്ന് അമ്മ പറയുമായിരുന്നു . എന്റെ വിക്ക് മാറാന്‍ അമ്മ പല മന്ത്രവാദികളെയും കണ്ട് പല പരിഹാരക്രിയകളും നടത്തിയിട്ടുണ്ടത്രെ. വേദാന്തിയായിരുന്ന അച്ഛന്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട് , ഭഗവദ്ഗീത മുഴുവനും ഉറക്കെ ചൊല്ലിയാല്‍ മാറുമെന്ന് . സംസ്കൃതമെന്ന ഭാഷയ്ക്ക് , പുരാണ ഗ്രന്ഥങ്ങള്‍ക്ക് ദിവ്യശക്തിയുണ്ട് എന്ന് അച്ഛന്‍ കരുതിയോ എന്തോ . അച്ഛന്‍ സംസ്കൃതത്തിലും , ഹിന്ദിയിലും , മലയാളത്തിലും പണ്ഡിതനായിരുന്നു . വള്ളത്തോള്‍,ഉള്ളൂര്‍,കുമാരാനാശാന്‍ എന്നീ കവിത്രയങ്ങളുടെ പദ്യങ്ങള്‍ അച്ഛന് മന:പാഠമായിരുന്നു . അന്നൊക്കെ നാട്ടിന്‍‌പുറത്ത് പോലും വിദ്വത്‌സദസ്സുകളുണ്ടായിരുന്നു . അക്ഷരശ്ലോകം ചൊല്ലല്‍ പ്രധാന ഹോബ്ബിയായിരുന്നു .

ഞാന്‍ ഏഴാം തരത്തിലേക്ക് പാസ്സായി . അതൊരു യു.പി.സ്ക്കൂളാണ് . സാഹിത്യസമാജം എന്നൊരു ഏര്‍പ്പാട് എല്ലാ വെള്ളിയാഴ്ചയുമുണ്ടാവും . ഞാന്‍ സത്യത്തില്‍ പഠിക്കാറേ ഉണ്ടായിരുന്നില്ല . എന്നാലും പരീക്ഷകള്‍ പാസ്സാവും . മിടുക്കനായ വിദ്യാര്‍ത്ഥി എന്നൊരാരോപണം എന്റെ മേല്‍ ആരോപിക്കപ്പെട്ടതില്‍ എനിക്കൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല . അക്കൊല്ലം അദ്ധ്യാപകരും സഹപാഠികളും ചേര്‍ന്ന് എന്നെ സാഹിത്യസമാജം സിക്രട്ടരിയാക്കി . മലയാളം മാഷ് പ്രസിഡണ്ടും . കാര്യദര്‍ശി എന്ന നിലയില്‍ അദ്ധ്യക്ഷനെ കണ്ടെത്തുക , യോഗം വിളിച്ചു ചേര്‍ക്കുക , റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കുക എന്നിവയാണെന്റെ ചുമതലകള്‍ . സാഹിത്യസമാജം രൂപീകരണയോഗം കഴിഞ്ഞ് ആദ്യത്തെ യോഗം തുടങ്ങി . മലയാളം മാഷ് തന്നെ പ്രഥമ അദ്ധ്യക്ഷനായി . ഞാന്‍ സ്വാഗതം പറഞ്ഞു , അല്ല പറഞ്ഞ പോലെ വരുത്തിത്തീര്‍ത്തു . അദ്ധ്യക്ഷന്റെ ആമുഖഭാഷണത്തിന് ശേഷം ഞാന്‍ റിപ്പോര്‍ട്ട് വായന തുടങ്ങി .

ബ് ബ് ബഹുമാനപ്പെട്ട അ... അ... അദ്ധ്യക്ഷനും ....ശ് ശ് ശേഷം ... സ് ..സ്...സഭാവാസികള്‍ക്കും എന്റെ ... വ് വ് വിനീതമായ ക് കൂപ്പുകൈ ....ഇടത് ഭാഗത്തെ ബെഞ്ചില്‍ ഇരുന്നിരുന്ന പെണ്‍കുട്ടികളുടെ അടക്കിപ്പിടിച്ച ചിരി പൊടുന്നനെ ഉച്ചത്തിലായി .... ഒരു വിധത്തില്‍ അന്ന് രക്ഷപ്പെട്ടു ...

സ്ക്കൂള്‍ വിദ്യാഭ്യസം കഴിഞ്ഞ് ഞാന്‍ എത്തിപ്പെട്ടത് എന്റെ സര്‍വ്വകലാശാല ജീവിതത്തിലേക്കാണ് . മദിരാശിയിലെ തെരുവുകളായിരുന്നു എന്റെ യൂനിവേര്‍സിറ്റി . ഭിത്തികളില്‍ പതിച്ചിരുന്ന സിനിമാ പോസ്റ്ററുകള്‍ നോക്കി ഞാന്‍ തമിഴ് പഠിച്ചു . ആയിടയ്ക്ക് നിത്യവും പഴയതും പുതിയതുമായ തമിഴ് സിനിമകളും കാണും . ശിവാജി ഗണേശന്റെ സിംഹഗര്‍ജ്ജനം പോലെയുള്ള ഡയലോഗുകള്‍ കേട്ട് അമ്പരന്നു . ശിവാജിയ്ക്ക് ആരാധകര്‍ നല്‍കിയ പല വിശേഷണങ്ങളില്‍ ഒന്ന് “സിം‌ഹ്മക്കുരലോന്‍” എന്നായിരുന്നു . ഞാന്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ എന്ന തിരക്കഥാപുസ്തകം വാങ്ങി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസ്സില്‍ രാത്രികാലങ്ങളില്‍ നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി അതിലെ തീപ്പൊരി ഡയലോഗുകള്‍ ഉറക്കെ പറഞ്ഞ് എന്റെ വിക്ക് മാറ്റിയെടുത്തു . പിന്നീട് നാട്ടില്‍ വന്ന് മൈക്ക് അഭിമുഖീകരിച്ച് പ്രസംഗിക്കാനുള്ള ആത്മ വിശ്വാസം എനിക്ക് നല്‍കിയത് അന്നത്തെ ആ റിഹേഴ്സല്‍ ആയിരുന്നു .

പല പ്രഭാഷകരും പ്രാസംഗികരും ജന്മനാ വിക്കുള്ളവരാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . സ്വതസിദ്ധമായ ചില ട്രിക്കുകള്‍ ഉപയോഗിച്ച് അവരൊക്കെ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധം അവരുടെ സംസാരവൈകല്യം മറച്ചുപിടിക്കുന്നു . സെബാസ്റ്റ്യന്‍ പോളിന്റെ മാധ്യമവിചാരം എന്ന പരിപാടി ടിവിയില്‍ കാണുന്നവര്‍ക്ക് ഇത് മനസ്സിലാവും .