Links

പകര്‍ച്ചപ്പനി നമുക്ക് ഒഴിവാക്കിക്കൂടേ ?



കഴിഞ്ഞ ചില ആഴ്ചകളിലായി നാട്ടില്‍ തിമിര്‍ത്ത് പെയ്യുന്ന മഴയും പടര്‍ന്ന് പിടിക്കുന്ന ചിക്കന്‍‌ഗുനിയ എന്ന പകര്‍ച്ചപ്പനിയുമായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പനി ബാധിച്ചു നരകിക്കുകയായിരുന്നു. ഇതില്‍ അത്യന്തം സങ്കടകരമായ വസ്തുത ഓരോ ആളും അല്പം ശ്രദ്ധിച്ചാല്‍ ഈ ദുര്യോഗം ഒഴിവാക്കാനാകുമായിരുന്നു എന്നതാണ്. മഴക്കാലം തുടങ്ങുമ്പോഴാണ് ഈ പനി വ്യാപിക്കുന്നത്. ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ട് പെരുകുന്ന ഒരു തരം കൊതുക് ആണ് ഇവിടെ വില്ലന്‍ .

നമ്മുടെ നാട്ടില്‍ ഓരോ വീട്ടിന് ചുറ്റും ഏറിയോ കുറഞ്ഞോ അളവില്‍ വിസ്തീര്‍ണ്ണമുള്ള പറമ്പുകളുണ്ട്. വീടുകളില്‍ ഉപയോഗശൂന്യമായ ചിരട്ടകള്‍ , മുട്ടത്തോടുകള്‍ , ഉടഞ്ഞ ഗ്ലാസുകള്‍ , പോളിത്തീന്‍ സഞ്ചികള്‍ എന്നിവ പറമ്പിലെവിടെയെങ്കിലും ഉപേക്ഷിക്കുന്ന ശീലമാണ് എല്ലാവര്‍ക്കും. ഇവകളില്‍ മഴക്കാലത്ത് മഴവെളം കെട്ടിക്കിടക്കുന്നു. ഈ മഴവെള്ളം ശുദ്ധജലമാണ്. കൊതുകുകള്‍ ഇവകളില്‍ പെട്ടെന്ന് പെരുകുന്നു. പുരയിടങ്ങളില്‍ ഒന്ന് ദിവസവും അല്പനേരം ചുറ്റി നടന്ന് ഈ കെട്ടിക്കിടക്കുന്ന ജലം കമിഴ്ത്തിക്കളഞ്ഞാല്‍ ഈ സാമൂഹ്യദുരന്തം ഒരു പരിധിവരെ ഒഴിവാക്കാം. വെള്ളം കെട്ടിക്കിടക്കാന്‍ പാകത്തില്‍ പാഴ്‌വസ്തുക്കള്‍ വീടിന് ചുറ്റും വലിച്ചെറിയുന്നതിന് പകരം അവ ഒരു കുഴിയിലോ മറ്റോ ഇട്ട് വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കാം. രോഗത്താല്‍ അവശരായി സര്‍ക്കാറിന്റെ സൌജന്യറേഷന്‍ വാങ്ങുന്നതിനേക്കാളും നല്ലതാണിത്.

ഇത്തരം കാര്യങ്ങളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നാട്ടിലിന്ന് സന്നദ്ധസംഘടനകള്‍ തയ്യാറാവുന്നില്ല. കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ യൂനിറ്റുകള്‍ പ്രാദേശികതലങ്ങളില്‍ മിക്കവാറും നിര്‍ജ്ജീവമായി. ഡോക്ടര്‍മാര്‍ ഇക്കാര്യം ജനത്തോട് മിണ്ടുകയേയില്ല. പകര്‍ച്ചപ്പനികളെ ഒരു കൊയ്ത്തായാണ് അവര്‍ കാണുന്നത്. രാഷ്ട്രീയപ്പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പിടിപ്പത് പണികള്‍ വേറെയുണ്ട്. ചാനലുകള്‍ മഴക്കെടുതികളെയും ആസ്പത്രിദൃശ്യങ്ങളെയും ആഘോഷമാക്കി മാറ്റുകയായിരുന്നു. തനിക്ക് പനി വരുന്നത് വരെ ആരും ഈ കൊതുകുകളെ പറ്റി വേവലാതിപ്പെടുന്നേയില്ല.

ഇപ്രാവശ്യത്തെ പനി ബാധിച്ചവരുടെ ശാരീരികാവശതകള്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല. പനിക്ക് കാരണമായ വൈറസ്സ് കൂടുതല്‍ മാരകമായ രീതിയില്‍ ജനിതകമാറ്റത്തിന് വിധേയമാകുന്നുണ്ടാവണം. പനി ബാധിച്ച ആളിനെ കടിച്ച കൊതുക് വേറെ ആളെ കടിക്കുമ്പോഴാണ് പനി പകരുന്നത്. കൊതുക് ഇന്ന് നാട്ടില്‍ എല്ലായ്പോഴും എവിടെയും ഭീഷണിയാണ്. ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും? ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കേരളം ഇപ്പോള്‍ അതിവേഗം പിറകോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. പൌരബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യണമായിരുന്നു.

പോലീസ് നന്നാകുന്നു


ഒരു ഗൂഗ്‌ള്‍ ഗ്രൂപ്പില്‍ സര്‍ക്യൂലേറ്റ് ചെയ്യപ്പെടുന്ന പത്രവാര്‍ത്തയുടെ കട്ടിങ്ങിന്റെ ഇമേജ് ആണ് മേലെ കാണുന്നത്. അതില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാന്‍ പറ്റും. ഞാന്‍ പോലീസിനെ പറ്റി ഒരു പോസ്റ്റ് മുന്‍പ് എഴുതിയിരുന്നു. അത് ഒന്ന് കൂടി ഈ പത്രറിപ്പോര്‍ട്ടിന്റെ കൂടെ ചേര്‍ത്ത് വായിക്കണമെന്ന് താല്പര്യപ്പെടുന്നു. പഴയ പോസ്റ്റ് ഇവിടെ

വിവാഹധൂര്‍ത്ത്

ഇന്ന് രാവിലെ നെറ്റില്‍ പത്രം നോക്കുമ്പോള്‍ മാതൃഭൂമിയുടെ ഒരു തലക്കെട്ട് എന്റെ ശ്രദ്ധയെ ആകര്‍ഷിക്കുകയും ആദ്യം ആ റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു. വിവാഹധൂര്‍ത്ത് തടയാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. ഇതായിരുന്നു തലക്കെട്ട്. നോക്കുമ്പോള്‍ അത് ശ്രീമതി മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രസ്ഥാവിച്ചതാണ്. ഇങ്ങനെ മന്ത്രിമാര്‍ നിയമസഭക്കകത്തും പുറത്തും എന്തെല്ലാം പ്രസ്ഥാവിക്കുന്നു. പത്രങ്ങള്‍ക്ക് തലക്കെട്ടും വാര്‍ത്തയും കിട്ടും എന്നതിലപ്പുറം ഒന്നും നടക്കൂല്ല. ചാനലുകളാണെങ്കില്‍ ഒന്ന് കിട്ടിയാല്‍ അത് മണിക്കൂറുകളോളം നീട്ടിപ്പരത്തി ആഘോഷിക്കുന്നു. വാര്‍ത്തകളാണ് ഈ ആഗോളവല്‍ക്കരണകാലത്ത് നാട്ടിലെ ഏറ്റവും ജനപ്രിയമായ വില്പനച്ചരക്ക്. ഞാന്‍ തലക്കെട്ട് കണ്ട് വിചാരിച്ചു നാട്ടില്‍ ഒരു ഉജ്ജ്വലമായ സാമൂഹ്യവിപ്ലവം നടക്കാന്‍ പോകുന്നു. സര്‍വ്വകക്ഷിയോഗം വിളിച്ച് വിവാഹധൂര്‍ത്തിനെതിരെ നാട്ടിലാകെ ബോധവല്‍ക്കരണം നടത്താന്‍ പോകുന്നു. സമൂഹം മൊത്തത്തില്‍ ഒരു വരിഞ്ഞ് കെട്ടപ്പെട്ട നിലയില്‍ നിന്ന് മോചിതരാകുന്നു. എന്തൊരു നല്ല വിചാരം! സഹജീവിസ്നേഹം കൊണ്ടാണ് നമുക്ക് ഇത്തരം വിചാരങ്ങള്‍ ഉണ്ടാകുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളും സമൂഹവും ആഘോഷിച്ച താരവിവാഹം ഇപ്പോള്‍ വഴിപിരിയലിന്റെ വക്കത്താണത്രെ. വിവാഹങ്ങള്‍ കച്ചവടങ്ങള്‍ ആകുന്നുണ്ട് ഇപ്പോഴൊക്കെ. എന്നോട് ചോദിച്ചാല്‍ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യദുരന്തം വിവാഹധൂര്‍ത്ത് ആണെന്ന് പറയും. പണം ഉള്ളവര്‍ അതായിക്കോട്ടെ. പക്ഷെ കേരളത്തില്‍ സമ്പന്നര്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് എല്ലാവരും ഇടത്തരക്കാരാണ്. ദരിദ്രര്‍ എന്ന് പറയാവുന്നവര്‍ ചുരുക്കം. ഈ ഇടത്തരക്കാരാണ് വിവാഹധൂര്‍ത്തിന്റെ പേരില്‍ തീ തിന്നേണ്ടി വരുന്നത്. അവര്‍ക്ക് പണക്കാരെ പോലെ കഴിയില്ലെങ്കിലും ഏതാണ്ട് അവരെ അനുകരിച്ച് തങ്ങളുടെ കഴിവിനപ്പുറം ചെയ്യേണ്ടി വരുന്നു. അത്കൊണ്ടാണ് വിവാഹധൂര്‍ത്ത് എന്ന് പറയേണ്ടി വരുന്നത്. ഈ ധൂര്‍ത്ത് ഒന്ന് അവസാനിച്ചു കിട്ടുകയും തങ്ങളുടെ കഴിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് വിവാഹങ്ങള്‍ നടത്താന്‍ കഴിയുകയും ചെയ്തിരുന്നുവെങ്കില്‍ എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെടുമായിരുന്നു. ഇപ്പോള്‍ ഇത്ര പവന്‍ , ഇന്നയിന്ന ചടങ്ങുകള്‍ എന്നൊക്കെയുള്ള മുന്‍‌തീരുമാനങ്ങളില്‍ നിന്ന് കൊണ്ട് അതൊക്കെ നിവര്‍ത്തിച്ച് വിവാഹങ്ങള്‍ നടത്താന്‍ രക്ഷിതാക്കള്‍ കുടിക്കുന്ന കണ്ണീര്‍ ചില്ലറയല്ല. ഞാന്‍ എത്രയോ പേരോട് പറഞ്ഞു, അവനവന്റെ കഴിവിനനുസരിച്ച് വിവാഹം നടത്തിയാല്‍ മതി. പക്ഷെ ആര്‍ക്കും സാമൂഹ്യസമ്മര്‍ദ്ധത്തെ അതിജീവിയ്കാന്‍ കഴിയുന്നില്ല.

നാട്ടിലെ ഇടത്തരക്കാരായ ആരോട് ചോദിച്ചാലും പറയും ഈ ആഴ്ച നാലു കല്യാണമുണ്ട്. ഇപ്പോഴൊക്കെ കല്യാണമോ ഗൃഹപ്രവേശമോ ഒഴിഞ്ഞ ആഴ്ചയേയില്ല. നടത്തുന്നവര്‍ക്ക് മാത്രമല്ല ക്ഷണിക്കപ്പെടുന്നവര്‍ക്കുമുണ്ട് ആധി. ചുമ്മാ പങ്കെടുത്താല്‍ പോര, കാശായോ പ്രസന്റേഷനോ വല്ലതും കൊടുക്കണം. കടം വാങ്ങിയിട്ടാണ് ഈ ധൂര്‍ത്ത് നടത്തേണ്ടി വരുന്നത്. അതാണതിന്റെ ദുരന്തം. പലര്‍ക്കും കടം തീര്‍ക്കാന്‍ പറ്റുന്നില്ല. ഒരു തലവിധി പോലെയാണ് ആളുകള്‍ക്ക് കല്യാണം നടത്തി കടക്കെണിയില്‍ ആകേണ്ടി വരുന്നത്. കടം കൂടുന്തോറും ധൂര്‍ത്തും കൂടിവരുന്ന അതിശയകരമായ കാഴ്ചയാണ് നാട്ടില്‍ കാണാന്‍ കഴിയുന്നത്. ഞാനും ഒരു ഇടത്തരക്കാരനാണ്. മക്കള്‍ ജോലി ചെയ്ത് കിട്ടുന്ന വരുമാനമേയുള്ളൂ. നൂറോ നൂറ്റമ്പതോ പേരെ ക്ഷണിച്ചിട്ടാണ് ഞാന്‍ എന്റെ രണ്ടു മക്കളുടെയും വിവാഹം നടത്തിയത്. ആരോടും ഞാന്‍ ഒന്നും വാങ്ങിയില്ല. പങ്കെടുത്തവര്‍ക്ക് മക്കളെ അനുഗ്രഹിച്ച് സംതൃപ്തിയോടെ തിരിച്ചുപോകാന്‍ കഴിഞ്ഞു. എനിക്കോ പങ്കെടുത്തവര്‍ക്കോ എന്റെ മക്കളുടെ വിവാഹം ഒരു ഭാരമേയായില്ല. നിയമസഭയില്‍ ഏതോ എമ്മെല്ലെ ചോദിച്ചു,മന്ത്രി മറുപടി പറഞ്ഞു, പത്രത്തില്‍ വാര്‍ത്ത വന്നു,വായിച്ചവര്‍ വായിച്ചു, ഞാന്‍ ഒരു പോസ്റ്റും എഴുതി. ശുഭം!

ചെറായി മീറ്റ്


തിരുവനന്തപുരത്തുള്ള ചന്ദ്രകുമാര്‍ സാര്‍ ചാറ്റില്‍ വന്നപ്പോള്‍ പറഞ്ഞു:

“ചെറായിയിലേക്ക് വരുന്നുണ്ടോ? ഞാന്‍ ആ സ്ഥലം ഇത് വരെ കണ്ടിട്ടില്ല. ഞാനും ഭാര്യയും പോകുന്നു. ഒരു ദിവസം അവിടെ തങ്ങി പിറ്റേന്ന് തിരിക്കും...”

ചെറായിയിലേക്ക് വരുന്നോ എന്ന് ചോദിച്ചാല്‍ അവിടെ നടക്കുന്ന ബ്ലോഗേര്‍സ് സംഗമത്തിനു വരുന്നോ എന്നാണുദ്ദേശിക്കുന്നതെന്ന് പറയാതെ തന്നെ മനസ്സിലാക്കാം. ചെറായി മീറ്റ് അങ്ങനെ ഒരു വലിയ സംഭവമായി മാറിയിരിക്കുന്നു ബ്ലോഗര്‍മാരുടെയിടയില്‍ . ഈ മീറ്റ് ഇത്രയും ഗംഭീരമായി ഓര്‍ഗനൈസ് ചെയ്ത സംഘാടകരെ അഭിനന്ദിച്ചേ മതിയാകൂ. വ്യക്തിപരമായ ചില കാരണങ്ങളാല്‍ പങ്കടുക്കാന്‍ കഴിയാത്ത ഖേദം ഉള്ളിലൊതുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു:

“നല്ല അനുഭവമായിരിക്കും മാഷേ... ഞാന്‍ യാത്ര ആസൂത്രണം ചെയ്തിരുന്നില്ല.. അവിടെയെത്തിയാല്‍ ഞാന്‍ വിളിക്കാം...” ഭാര്യാസമേതനായി പോകുന്ന ചന്ദ്രകുമാര്‍ സാറിന്റെ കൂടെ വേറെയും ചില ബ്ലോഗ്ഗര്‍മാര്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പങ്കെടുക്കുന്ന എല്ലാ സുഹൃദയര്‍ക്കും ആശംസകള്‍ നേരാന്‍ ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.

എന്ത്കൊണ്ടാണ് ഈ മീറ്റില്‍ പങ്കെടുക്കാന്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇത്രയും ആവേശം? ഉത്തരം ലളിതമാണ്. ബ്ലോഗില്‍ മാത്രം കണ്ടും വായിച്ചും വിര്‍ച്വല്‍ ലോകത്ത് പരിചിതരായവര്‍ക്ക് നേരില്‍ കാണാനുള്ള ആകാംക്ഷയും ബന്ധം സുദൃഢമാക്കാനുള്ള മനുഷ്യസഹജമായ ത്വരയും. അത് തന്നെയാണ് പങ്കെടുക്കാന്‍ കഴിയാത്തവരുടെ നിരാശയും. ബ്ലോഗില്‍ പലപ്പോഴും വഴക്കിട്ടവരാണെങ്കില്‍ പോലും നേരില്‍ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചിട്ടായിരിക്കും പലരും പരസ്പരം നേരില്‍ പരിചയപ്പെടുക. അതാണല്ലൊ മനുഷ്യപ്രകൃതം. വഴക്കിടാന്‍ നമുക്ക് നിസ്സാരമായ കാരണങ്ങള്‍ മതി. ആയുഷ്ക്കാല ബന്ധം സ്ഥാപിക്കാനും ഒരു നിമിഷത്തെ കണ്ടുമുട്ടലോ ഒരു പുഞ്ചിരിയോ മതി. ഓരോ പുതിയ കണ്ടുമുട്ടലും പരിചയപ്പെടലും നമുക്ക് നല്‍കുന്ന ആനന്ദം നിസ്സീമമാണ്. നമ്മള്‍ എത്ര തന്നെ ഭൌതികമായ സാമഗ്രികളും സമ്പത്തും ഉണ്ടാക്കിയാലും അതൊന്നും നമുക്ക് യഥാര്‍ഥമായ ആനന്ദം നല്‍കുന്നില്ല എന്നും സഹജീവികളായ മനുഷ്യരുടെ സാമീപ്യമാണ് അളവറ്റ ആനന്ദം നല്‍കുന്നതെന്നും ഞാനെന്റെ പഴയൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. എന്റെ നിലപാടുകള്‍ മൂലം ബ്ലോഗില്‍ ശത്രുക്കള്‍ ഉണ്ടെങ്കിലും നേരില്‍ കാണുന്ന മാത്രയില്‍ അതൊക്കെ മഞ്ഞ്കട്ട പോലെ ഉരുകുമായിരുന്നു. ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ ഖേദവും ഇവിടെ ഞാന്‍ രേഖപ്പെടുത്തട്ടെ!

കമ്മ്യൂണിസവും മുതലാളിത്വവും

ഒരു കാര്യം നമുക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാകും, വികസിതരാജ്യങ്ങളിലെല്ലാം മുതലാളിത്ത സാമ്പത്തികഘടനയും ജനാധിപത്യഭരണസമ്പ്രദായവുമാണുള്ളത്. അതായത് ഭൂമിശാസ്ത്രപരമായ അനുകൂല്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നത് ക്യാപിറ്റലിസ്റ്റ് എക്കണോമിയും പാര്‍ലമെന്ററി ഡിമോക്രസിയുമാണ്. പുരോഗതിയും വികസനവും വേണോ അത് ജനങ്ങള്‍ക്ക് എന്ത് നല്‍കുന്നു എന്നതൊക്കെ മറ്റ് പ്രശ്നമാണ്. രാജ്യങ്ങളും സമൂഹവും പുരോഗതിയുടെയും വികസനത്തിന്റെയും പിറകെയാണെന്നതാണ് വസ്തുത. അങ്ങനെ വരുമ്പോള്‍ പുരോഗതിയും വികസനവും വേണമെങ്കില്‍ മുതലാളിത്തവും ജനാധിപത്യവും അതിന്റെ മുന്നുപാധികള്‍ ആണെന്ന് കാണാന്‍ കഴിയും.

സാമ്രാജ്യത്വവും കൊളോണിയല്‍ ചൂഷണവും കൊണ്ട് ചില രാജ്യങ്ങള്‍ ചില കാലത്തേക്ക് പുരോഗതി പ്രാപിച്ചിരുന്നുവെങ്കിലും രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടുകൂടി ആ സ്ഥിതി മാറി. കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും എന്നേക്കുമായി അന്ത്യം കുറിച്ചുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധം പര്യവസാനിച്ചത്. എന്നാല്‍ അതിന് ശേഷവും നാല്പത് വര്‍ഷത്തോളം അതായത് 1989 വരെ ലോകത്ത് ഒരു സാമ്രാജ്യം നിലനിന്നിരുന്നു. അതായിരുന്നു സോവിയറ്റ് യൂനിയന്‍ . ഈ യാഥാര്‍ഥ്യം കമ്മ്യൂണിസ്റ്റുകാരുടെ പ്രചണ്ഡപ്രചാരണം മൂലം അധികമാരും മനസ്സിലാക്കിയിരുന്നില്ല. ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കയാണ് സാമ്രാജ്യം. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് പരമാധികാരം വിസ്തൃതമാക്കുന്ന രാജ്യമാണ് സാമ്രാജ്യം. റഷ്യ അതിന്റെ ചുറ്റുപാടുമുള്ള രാജ്യങ്ങളെ കൈവശപ്പെടുത്തി വിപുലപ്പെടുത്തിയതായിരുന്നു സോവിയറ്റ് യൂനിയന്‍ എന്ന സാമ്രാജ്യം. കൂടാതെ രണ്ടാം ലോകമഹായുദ്ധാനന്തരം ഒട്ടേറെ കി.യൂറോപ്യന്‍ രാജ്യങ്ങള്‍ സോവിയറ്റ് യൂനിയന്റെ ചൊല്പടിയിലായിരുന്നു. അവിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ സോവിയറ്റ് പട്ടാളം അപ്പപ്പോള്‍ അടിച്ചമര്‍ത്തിയിരുന്നു. ആ സാമ്രാജ്യമാണ് 1989 അവസാനത്തില്‍ അല്പം പോലും ചോര ചിന്താതെ തകര്‍ന്ന് തരിപ്പണമായത്. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായത് പോലെ റഷ്യ വീണ്ടും റഷ്യയായി.

അമേരിക്കന്‍ ഐക്യനാടുകള്‍ (യു.എസ്.ഏ.) എന്ന രാജ്യം രൂപീകൃതമായതിന് ശേഷം ചരിത്രത്തില്‍ ഇന്നേവരെ ആ രാജ്യം മറ്റൊരു രാജ്യത്തെയും കോളനിയാക്കിയിട്ടില്ല. അമേരിക്ക ഒരു കോളനിയായിരുന്നുവെന്നും അത് സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷവും ലോകത്ത് കോളനിവല്ക്ക‍രണം ഊര്‍ജ്ജിതമായി നടന്നിരുന്നുവെന്നും രണ്ട് ലോകമഹായുദ്ധങ്ങള്‍ നടന്നെന്നും സോവിയറ്റ് യൂനിയന്റെ ഉദയവും അസ്തമയവും ഉണ്ടായതെന്നും മനസ്സിലാക്കുക. 1948ല്‍ ചൈനയില്‍ വിപ്ലവം കഴിഞ്ഞ ഉടനെ അവര്‍ ചെയ്തത് തൊട്ടടുത്ത അയല്‍‌രാജ്യമായ തിബത്തിനെ കൂട്ടിപ്പിടിച്ച് രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുകയായിരുന്നു. അപ്പോള്‍ അമേരിക്ക എങ്ങനെയാണ് സാമ്രാജ്യമാകുന്നത്. പറഞ്ഞു വന്നത് കമ്മ്യൂണിസവും മുതാലാളിത്തവുമാണല്ലോ, അങ്ങോട്ട് പോകാം.


പ്രാകൃതകാലത്ത് ഒരു തരം കമ്മ്യൂണിസം നിലനിന്നിരുന്നതായി മാര്‍ക്സ് വിലയിരുത്തുന്നു. അതായത് സമ്പത്ത് മുഴുവന്‍ ഗോത്രങ്ങളുടെ പൊതു ഉടമസ്ഥതയില്‍ ആയിരുന്നു. വ്യക്തികള്‍ക്ക് സ്വന്തമായി ഒന്നുമില്ല. ആധുനികാലത്ത് അതേ മാതൃകയില്‍ ഒരു സാമ്പത്തിക വ്യവസ്ഥ നിലവില്‍ വരുമെന്ന് മാര്‍ക്സ് സ്വപ്നം കാണുന്നു, അതാണ് ശാസ്ത്രീയ കമ്മ്യൂണിസം. എന്നാല്‍ അത്തരം കമ്മ്യൂണിസം ലോകത്ത് ഒരിക്കലും നിലവില്‍ വരില്ലയെന്ന് തെളിയിച്ചത് മാര്‍ക്സിന്റെ ശിഷ്യന്മാര്‍ തന്നെ. സോവിയറ്റ് യൂനിയനില്‍ സമ്പത്ത് ദേശസാല്‍ക്കരിച്ചെങ്കിലും അവിടെ പാര്‍ട്ടി ഭാരവാഹികളും ബ്യൂറോക്രാറ്റുകളും പുത്തന്‍ മുതലാളി വര്‍ഗ്ഗമായി ഉയര്‍ന്നുവന്നു. ചൈനയില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ കോടീശ്വരന്മാര്‍ അംഗങ്ങളായുണ്ട്. കേരളത്തിലും സ്ഥിതി മോശമൊന്നുമല്ല.


പേരിന് സോഷ്യലിസം എന്ന് പറയപ്പെട്ട സോവിയറ്റ് യൂനിയനില്‍ ഉല്പാദനപ്രക്രിയയില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഇന്‍സെന്റീവ് ഒന്നും ലഭിച്ചിരുന്നില്ല. അതായത് ഉല്പാദനം കൂട്ടി എന്തെങ്കിലും സമ്പാദിക്കാനോ ജീവിതനിലവാരം ഉയര്‍ത്താനോ കഴിഞ്ഞിരുന്നില്ല. അധ്വാനിക്കുക, സര്‍ക്കാര്‍ തരുന്നത് വാങ്ങുക അത്രമാത്രം. അധ്വാനത്തില്‍ മുരടിപ്പും അധ്വാനത്തിന്റെ അന്യവല്‍ക്കരണവുമാണ് ഇത് കൊണ്ടുണ്ടായത്. എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും വലിയ ഒരു സാമ്രാജ്യമായിട്ടും സോവിയറ്റ് യൂനിയനില്‍ സാമ്പത്തിക മുരടിപ്പ് ഉണ്ടായി. ആ മുരടിപ്പ് മാറ്റാന്‍ ചൈന സ്വീകരിച്ച നടപടി മുതലാളിത്തത്തിലേക്ക് തിരിച്ചു പോവുക എന്നതാണ്. ഇന്ന് ലോകത്ത് പല രീതിയിലുള്ള സാമ്പത്തികഘടനയും ഭരണസമ്പ്രദായങ്ങളും നിലവിലുണ്ട്. എന്നാല്‍ മുതലാളിത്ത സമ്പല്‍ഘടനയും ജനാധിപത്യഭരണസമ്പ്രദായവുമുള്ള രാജ്യങ്ങളില്‍ ജീവിയ്ക്കാനും കുടിയേറാനും ആണ് ആളുകള്‍ ആഗ്രഹിക്കുന്നത്. അമേരിക്കയില്‍ കുറച്ച് കാലം ജീവിച്ച ആളുകള്‍ക്ക് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇവിടത്തെ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപം !

അമ്പലപ്പുഴയില്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. കൈരളിക്ക് രണ്ട് മൂന്ന് ചാനലുകള്‍ ഉണ്ടെങ്കിലും ഈ ടിവിയുടെ വരവ് ചില്ലറയൊന്നുമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്ഷതം ഏല്‍പ്പിച്ചത്. മുന്‍പൊക്കെ പത്രങ്ങളില്‍ എന്തൊക്കെ അച്ചടിച്ച് വന്നാലും അതൊക്കെ ബൂര്‍ഷ്വാപ്രചരണം എന്ന് പരിഹസിച്ചു തള്ളാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയുമായിരുന്നു. ടിവി ഇല്ലായിരുന്നുവെങ്കില്‍ സോവിയറ്റ് യൂനിയന്‍ അസ്തമിച്ചതും ബര്‍ലിന്‍ മതില്‍ തകര്‍ന്നതും ഒന്നും ഇന്നും ആളുകള്‍ വിശ്വസിക്കില്ലായിരുന്നു. അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂല പ്രകടനക്കാരെ അവരുടെ കൊടി തന്നെ പിടിച്ചു വാങ്ങി പൊതിരെ തല്ലി ഓടിക്കുകയായിരുന്നു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എത്രയോ സി.പി.ഐ.ക്കാരെ കൈയും കാലും ഒടിച്ചിട്ടിട്ടാണ് കേരളത്തില്‍ സി.പി.എമ്മിന്റെ അരങ്ങേറ്റം. അതില്‍ പിന്നെ സി.പി.എമ്മിന്റെ അടി വാങ്ങാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. എവിടെ രാഷ്ട്രീയാക്രമണങ്ങള്‍ നടന്നാലും ഒരു ഭാഗത്ത് സി.പി.എം.ഉണ്ടാവും. ഞങ്ങളെ അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും എന്നാണ് സി.പി.എം.ഭാഷ്യം. സി.പി.എം.തിരിച്ചടിക്കാറേയുള്ളൂവെന്ന്. എല്ലാ പാര്‍ട്ടികളുടേയും അടി ഏറ്റുവാങ്ങി തിരിച്ചടിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാവം പാര്‍ട്ടി !

അമ്പലപ്പുഴയില്‍ പ്രകടനക്കാര്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ പോലീസ് സമീപത്തുണ്ടായിരുന്നു എന്നും ഒരു പഞ്ചായത്ത് പ്രസിഡണ്ടാണ് തല്ലിന് നേതൃത്വം നല്‍കിയതെന്നും സംഭവസ്ഥലത്ത് നിന്നും ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ ദൃക്‌സാക്ഷി വിവരണവും ഒരു ക്യാമറാമാന്‍ ഓടുന്നതും മറ്റൊരു ക്യാമറാമാന്‍ അടി വാങ്ങുന്നതും എല്ലാം നമ്മള്‍ കണ്ടതാണ്. എന്നിട്ട് തല്ല് കിട്ടി ഓടിയവന്റെ പേരില്‍ കേസ് . ഇതാണ് മഹത്തായ കമ്മ്യൂണിസവും അതിന്റെ പരിപാവനമായ ജനാധിപത്യവും. കോണ്‍ഗ്രസ്സുകാരും ബി.ജെ.പി.ക്കാരും സി.എം.പിക്കാരും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുമാണ് അവിടെ പ്രകടനം നടത്തിയതെന്നാണ് വിശദീകരണം. ഇതാണ് കമ്മ്യൂണിസ്റ്റുകളുടെ വാക്‍സാമര്‍ത്ഥ്യം. ഒരു നാടന്‍ ചൊല്ലുണ്ട് “കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ ചട്ടിയില് ” എന്ന്. ഇതിനപ്പുറമൊന്നും ഇവര്‍ക്ക് കഴിയില്ലല്ലോ എന്ന് സമാധാനിക്കാം. മാത്രമല്ല ഇനി ഉള്ളതും നശിക്കുന്ന പാതയിലാണ് കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും കമ്മ്യൂണിസ്റ്റുകള്‍. ഇന്ത്യയില്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്തനാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത് എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ മൌഢ്യം കൊണ്ടല്ല അങ്ങനെ പറയുന്നത്. അതും വാക്‍സാമര്‍ത്ഥ്യം തന്നെ. കാറ്റുള്ളപ്പോള്‍ തന്നെ തൂറ്റണം എന്ന കൌശലത്തിലാണ് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. നേതാക്കള്‍ക്കും മക്കള്‍ക്കും രണ്ടുതലമുറക്കുള്ളത് സമ്പാദിച്ചു കഴിഞ്ഞു. രണ്ടു തലമുറ കഴിഞ്ഞാല്‍ കമ്മ്യൂണിസത്തെ മ്യൂസിയത്തില്‍ പോലും കാണാന്‍ കഴിയില്ല.

എന്റെ ഈ പോസ്റ്റ് വായിക്കുന്ന ശുദ്ധാത്മാക്കളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നോട് അരിശം തോന്നാം. അവരോട് പറയാനുള്ളത്, സുഹൃത്തേ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണുള്ളത് എന്ന് ഒന്ന് സങ്കല്‍പ്പിക്കുക. എന്നിട്ട് അമ്പലപ്പുഴയും മനസ്സില്‍ കാണുക. ടിയാനന്‍‌മെന്‍ സ്ക്വയറിന്റെ ആയിരം ഇരട്ടി വലിപ്പമുള്ള ഒരമ്പലപ്പുഴ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ജനാധിപത്യത്തില്‍ ജീവിയ്ക്കുന്നത്കൊണ്ടാണ് നിങ്ങള്‍ക്കെന്നോട് അരിശം തോന്നുന്നത്; ജനാധിപത്യത്തിന്റെ വില മനസ്സിലാകാതിരിക്കുന്നത്. അമ്പലപ്പുഴയിലെ നൂറ് സഖാക്കള്‍ക്ക് വി.എസ്സിനോട് അനുഭാവം തോന്നാനും അവര്‍ക്കത് പരസ്യമായി പ്രകടിപ്പിക്കാനും അവകാശമില്ലേ? ഉണ്ട് എന്ന് ജനാധിപത്യവാദികള്‍ പറയും. ഇല്ല എന്ന് കമ്മ്യൂണിസ്റ്റുകള്‍ പറയും. അത് കൊണ്ടാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായത്. ഭാവി ജനാധിപത്യത്തിന്റേതാണ്, കമ്മ്യൂണിസത്തിന്റേതല്ല. ഈ ഒരു ഭാവി ഞങ്ങള്‍ക്കായി ഒരുക്കിത്തന്നത് ക്രൂശിതരായ എത്രയോ എക്സ്-കമ്മ്യൂണിസ്റ്റുകാര്‍ കൂടിയായിരുന്നു എന്ന് നിങ്ങള്‍ ഒര്‍ക്കണം. പാര്‍ട്ടിക്ക് പുറത്ത് പൂര്‍ണ്ണമായും വരുമ്പോഴാണ് കമ്മ്യൂണിസ്റ്റിലെ മനുഷ്യനും പൂര്‍ണ്ണമായും പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മഹത്താണെന്ന് പലരും പറയാറുണ്ട്. ആ മഹത്വം കിത്താബിലെ വരികള്‍ക്കല്ലേ സഖാവേ? പ്രവര്‍ത്തിയില്‍ മഹത്വത്തിന്റെ അംശം ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ. ജനാധിപത്യം എന്നാല്‍ അതെല്ലാവര്‍ക്കുമാണെന്ന് അംഗീകരിക്കാന്‍ കഴിയാത്ത കമ്മ്യൂണിസത്തിന് എന്ത് മഹത്വം സഖാവേ?

അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂലികള്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ അതിലൊരു കാവ്യനീതിയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ ക്രിമിനല്‍‌വല്‍ക്കരിച്ച, ഗുണ്ടായിസത്തിന്റെ തലതൊട്ടപ്പനായിരുന്ന എം.വി.ആറിനെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തന്നെ വേട്ടയാടിയ പോലൊരു കാവ്യനീതി. സി.പി.എമ്മിന്റെ രൂപീകരണത്തിലും പിണറായിയുടെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ച നേതാവാണല്ലൊ വി.എസ്സ്. ലാവലിന്‍ കേസിന്റെ അവസാനം പിണറായിയുടെ ഗതി കണ്ട് തന്നെ അറിയണം. കടലിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ കമ്മ്യൂണിസ്റ്റ്കാരന്റെ ശൌര്യം ഫലിക്കൂ, ബക്കറ്റിലാവുമ്പോള്‍ ഗതി അധോഗതിയാവും. എം.വി.ആറിന് രക്ഷകനായത് കരുണാകരനായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൂത്തുപറമ്പ് വരെയൊന്നും രാഘവന്‍ എത്തുകയില്ലായിരുന്നു.

ഒരു സിസ്റ്റം അത്ര വേഗമൊന്നും ഇല്ലാതാവില്ല. ക്രമേണ ക്രമേണയേ അത് അപ്രത്യക്ഷമാകൂ. അത്തരമൊരാനുകൂല്യമാണ് ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ അനുഭവിക്കുന്നത്. ലോകത്തിന് ഒരു മാതൃകയും കമ്മ്യൂണിസം സംഭാവന ചെയ്തിട്ടില്ല. എന്നെന്നും ചരിത്രത്തിന് ഓര്‍ക്കാന്‍ സമാനതകളില്ലാത ക്രൂരതകള്‍ ചെയ്ത് കൂട്ടിയിട്ടുണ്ട് താനും. അത് ആ സിസ്റ്റം അപ്രകാരം എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടത് കൊണ്ടാണ്. ഇതില്‍ ഒന്നാം പ്രതി ലെനിന്‍ തന്നെയാണ്. സ്റ്റാലിനെ ലെനിന്‍ രൂപപ്പെടുത്തിയ സിസ്റ്റമാണ് സ്റ്റാലിനാക്കിയത്. മനുഷ്യസ്നേഹിയായിരുന്ന മാര്‍ക്സ് ഇത്തരമൊരു സിസ്റ്റം രൂപപ്പെട്ടുവരുമെന്ന് സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല.

വിജയന്‍ മാഷിന്റെ വാക്ക് കടമെടുത്ത് പറഞ്ഞാല്‍ അമ്പലപ്പുഴ ഒരു പ്രതീകമാണ്. ചരിത്രം എല്ലായ്പോഴും നേര്‍‌രേഖയിലൂടെയാണ് സഞ്ചരിക്കുന്നത്. അത്കൊണ്ട് ഗതകാലസംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ല. വി.എസ്സ്. രാജി വെക്കുകയില്ല. രാജി വെക്കാതിരിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. പുറത്താക്കപ്പെട്ടാല്‍ കേരളത്തില്‍ യു.ഡി.എഫിന്റെയും ജനാധിപത്യത്തിന്റെയും ഭാവി ശോഭനമാവും. ചരിത്രപരമായ അനിവാര്യതയാണത്. ഇവിടെ ആരും കുറ്റക്കാരല്ല. കാലത്തിന്റെ രംഗവേദിയില്‍ കേവലം അഭിനേതാക്കള്‍ മാത്രം!

ഫെസ്റ്റിവല്‍ ഓഫ് ഫ്രീഡം

2009 നവമ്പര്‍ 9ന് ബെര്‍ലിന്‍ നഗരത്തില്‍ ഒരാഘോഷം നടക്കും. “സ്വാതന്ത്ര്യത്തിന്റെ ഉത്സവം” എന്ന പേരില്‍ ! ബെര്‍ലിന്‍ മതില്‍ തകര്‍ത്തത്തിന്റെ ഇരുപതാം വാര്‍ഷികമാണന്ന്. അന്ന് നഗരമധ്യത്തില്‍ എട്ടടി ഉയരത്തില്‍ പഴയ മതില്‍ നിലനിന്നിരുന്ന വഴിയില്‍ ഒരു പ്രതീകാത്മക മതില്‍ ഉയര്‍ത്തി തകര്‍ക്കും നഗരവാസികള്‍ !

“സ്വാതന്ത്ര്യം തന്നെ ജീവിതം മാനികള്‍ക്ക്,പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകം” എന്ന കവിവചനം എത്ര ശരിയാണ്!



അമേരിക്കാഫോബിയ ഇത്ര കലശലാകാമോ?

സി.പി.എം.കാര്‍ക്ക് അമേരിക്ക എന്ന് കേട്ടാല്‍ അലര്‍ജിയാണ്. പണ്ട് നായനാരുടെ “ചായകുടി” പ്രയോഗം ഓര്‍ക്കുമല്ലൊ. ഈ അലര്‍ജി മൂത്ത് ഒരു തരം അമേരിക്കഫോബിയ ആയി മാറിയിട്ടുണ്ട് ഇപ്പോള്‍. ലാവലിന്‍ കേസില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുത്തിത്തിരിപ്പുകള്‍ കാണുന്നുണ്ട് അവര്‍. എന്നാലും ദേശാഭിമാനി ലേഖകന്‍ “ഹോട്ട് ഡോഗ്” എന്നാല്‍ എന്താണെന്ന് മനസ്സിലാക്കണമായിരുന്നു. പോട്ടെ,പെട്ടിവാര്‍ത്ത മുന്‍‌പേജില്‍ കൊടുക്കുന്നതിന് മുന്‍പ് പത്രാധിപരെങ്കിലും ഹോട്ട് ഡോഗ് എന്നാല്‍ ഒരു തരം പലഹാരമാണെന്ന് മനസ്സിലാക്കേണ്ടേ? ദേശാഭിമാനിയുടെ ലക്ഷക്കണക്കിന് വായനക്കാര്‍ അമേരിക്കക്കാര്‍ പട്ടിയെ തിന്നുന്നവരാണെന്ന് ധരിക്കുന്നുണ്ടാവും. അത് തന്നെയായിരിക്കുമല്ലോ നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയുടെ ഉദ്ദേശ്യവും? ഒന്നേ ചോദിക്കാനുള്ളൂ, അമേരിക്കാഫോബിയ ഇത്ര കലശലാകാമോ?

ഇത്തവണത്തെ ഭൈരവസമാചാരം കലക്കി...



(ചിത്രങ്ങളില്‍ ക്ലിക്കി വലുതാക്കി വായിക്കാം)
ഏറ്റവും വലിയ “ഹോട്ട് ഡോഗ്” പലഹാരം ഇവിടെ കാണുക!

ബ്ലോഗ്, ബ്ലോഗ്ഗര്‍, ‍ബ്ലോഗ്ഗേര്‍സ് മീറ്റ്.......

നമസ്ക്കാരം സുകുമാരേട്ടാ ... ബ്ലോഗില്‍ ഈയിടെയായി സജീവമല്ലല്ലോ എന്തു പറ്റി?

ബ്ലോഗില്‍ ഞാന്‍ യാദൃച്ഛികമായി എത്തിപ്പെട്ടതാണു. തുടക്കത്തില്‍ കുറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നല്ല വായനയ്ക്കും എഴുത്തിനും പറ്റിയതല്ല മലയാളത്തില്‍ ബ്ലോഗുകള്‍ എന്ന് മനസ്സിലായി. ഇപ്പോള്‍ വായിക്കാനാണെങ്കില്‍ നിരവധി ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടല്ലൊ. പിന്നെ ആരംഭകാലത്ത് എഴുതിയിരുന്ന എല്ലാവരും തന്നെ ബ്ലോഗെഴുത്ത് നിര്‍ത്തിയെന്ന് പറയാം. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ എന്ത് തോന്ന്യാസങ്ങളും എഴുതിക്കൂട്ടാവുന്ന വെര്‍ച്വല്‍ പുറമ്പോക്കായി മാറി മലയാളം ബ്ലോഗ്. മാന്യന്മാര്‍ ആരും പ്രവേശിക്കാന്‍ കഴിയാത്ത യാഹൂ കേരള ചാറ്റ് റൂം പോലെയായി മാറുകയാണു ബൂലോഗവും. ഇപ്പോള്‍ ബ്ലോഗുകള്‍ അപൂര്‍വ്വമായേ ശ്രദ്ധിക്കാറുള്ളൂ.

എഴുതാനുള്ള പ്രചോദനം ?

കാര്യമായൊന്നും ഞാന്‍ ബ്ലോഗില്‍ എഴുതിയിട്ടില്ലല്ലൊ. അടിസ്ഥാനപരമായി എഴുതാനുള്ള കഴിവെനിക്കില്ല. ഒരു കഥാകൃത്ത് ആകണമെന്ന് ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആഗ്രഹം മാത്രം പോരല്ലൊ. കഥയുടെ ക്രാഫ്റ്റ് എനിക്കൊരിക്കലും വഴങ്ങിയില്ല. ജീവിതത്തെ സസൂക്ഷ്മം നിരീക്ഷിക്കാനല്ലാതെ അത് വാക്കുകളില്‍ പകര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല. ബ്ലോഗില്‍ എന്തൊക്കെയോ കുറിച്ചിട്ടു. പലരും വായിച്ചു,ചിലരൊക്കെ പ്രതികരിച്ചു. ഉദ്ദേശിച്ചതൊന്നും എഴുതാന്‍ കഴിഞ്ഞുമില്ല.

യുക്തിവാദത്തെക്കുറിച്ച് കുറെ എഴുതിയിരുന്നുവല്ലൊ. താങ്കള്‍ ഇപ്പോഴും യുക്തിവാദിയാണോ ?

ആരാണു യുക്തിവാദിയല്ലാത്തത്? എല്ലാവരും യുക്തിവാദികള്‍ തന്നെയാണു. യുക്തിയുടെ അടിസ്ഥാനത്തിലേ ഏതൊരു ആള്‍ക്കും ചിന്തിക്കാന്‍ പറ്റൂ. കഴിഞ്ഞ ദിവസം പരമഭക്തനും വിശ്വാസിയുമായ ഒരു സുഹൃത്ത് പറഞ്ഞത് കേള്‍ക്കണോ? “ ദൈവം നേരിട്ട് ഒരാളെയും സഹായിക്കില്ല. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നു എന്ന് വയ്ക്കുക. രണ്ട് പേരിലും ഈശ്വരന്റെ അംശമുണ്ട്. അപ്പോള്‍ ദൈവം ആരെ സഹായിക്കും? ദൈവത്തോട് നാം എന്തെങ്കിലും ചോദിക്കുന്നത് വെറുതെയാണു. അല്ലാതെ തന്നെ ദൈവം വേണ്ടതെല്ലാം ചെയ്യുന്നുണ്ട്” അതിലുള്ള യുക്തി മറ്റൊരു ഭക്തന്റെ യുക്തിയുമായി ഒത്തുവരണമെന്നില്ല. യുക്തിവാദികള്‍ വിശ്വാസങ്ങളെ എതിര്‍ക്കുന്നതും ഒരു തരം അന്ധവിശ്വാസമാണെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. ഞാനും ഇങ്ങനെ എതിര്‍ത്തിട്ടുണ്ട്. ഒന്നാമത് പ്രപഞ്ചരഹസ്യങ്ങള്‍ പൂര്‍ണ്ണമായി ആര്‍ക്കും പിടി കിട്ടുന്നില്ല. മറ്റൊന്ന് വിശ്വാസങ്ങള്‍ പലതിലും യുക്തിഹീനത ഉണ്ടെങ്കിലും അതിലൊക്കെ ഒരു തരം മന:സമാധാനത്തിന്റെ പ്രശ്നമുണ്ട്. എതിര്‍ക്കുമ്പോള്‍ പകരം മന:സമാധാനം നല്‍കാന്‍ യുക്തിവാദികള്‍ക്ക് കഴിയില്ല.

മറ്റ് ബ്ലോഗ്ഗേര്‍സിനെ പറ്റി എന്താണഭിപ്രായം ?

ബ്ലോഗ്ഗര്‍ എന്ന ടേംസിനോട് എനിക്കെന്തോ യോജിപ്പില്ല. ഏതൊരാള്‍ക്കും ഒരു ഐഡി ഉണ്ടാക്കി ബ്ലോഗില്‍ എന്തെങ്കിലും എഴുതാം. പിന്നെ എഴുതാതിരിക്കാം. ബ്ലോഗെഴുത്തില്‍ ഒരു മാന്യത ഉണ്ടെങ്കില്‍ സാരമില്ലായിരുന്നു. ഇന്നത്തെ അവസ്ഥയില്‍ ഒരനോണി പ്രൊഫൈലുകാരന്‍ എവിടെയെങ്കിലും ഒരസംബന്ധക്കമന്റ് എഴുതിയാല്‍ പോലും ആ അനോണിയും ബ്ലോഗ്ഗറാണു. അത് കൊണ്ട് മാന്യന്മാരായ വ്യക്തികള്‍ ആരെങ്കിലും ബ്ലോഗ് തുടങ്ങിയാല്‍ തന്നെ താന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന് കരുതുമെന്ന് തോന്നുന്നില്ല. കുറെ പേര്‍ നന്നായി എഴുതുന്നുണ്ട്. അവരെയൊന്നും ബ്ലോഗ്ഗേര്‍സായി ഞാന്‍ കാണുന്നില്ല.

അപ്പോള്‍ ബ്ലോഗ്ഗേര്‍സ് മീറ്റിനെ പറ്റി ? ചെറായിയിലേക്ക് പോകുന്നുണ്ടോ?

നേരില്‍ പരിചയമില്ലാത്ത കുറെ പേര്‍ ഒന്നിച്ചു കൂടുന്നതിന്റെ ത്രില്‍ ആണ് ഇത്തരം സംഗമങ്ങളുടെ അടിസ്ഥാനം. അതിനൊരു പേരു നല്‍കുന്നു എന്നേയുള്ളൂ. കൂടിച്ചേരലുകള്‍ക്ക് എന്ത് പേരിട്ടാലും അതൊരു ഉത്സവമാണു, ആഘോഷമാണ്. ചെറായിയിലേക്ക് പോകാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. അതൊരു അപൂര്‍വ്വമായ അവസരമായിരുന്നു.

ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാറില്ലേ ?

ബ്ലോഗ് അക്കാദമി ഇപ്പോള്‍ നിലവിലില്ല എന്നാണെന്റെ തോന്നല്‍. ഉണ്ടെങ്കില്‍ സഹകരിക്കാന്‍ സന്തോഷമേയുള്ളൂ..

(തുടരും)