Links

NGPAY എന്നാല്‍ എന്ത്?

നമ്മള്‍ മനസ്സിലാക്കുന്ന കാര്യം നാലാളെ അറിയിക്കുന്നതില്‍ തെറ്റില്ലല്ലൊ.  ചിലപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്ന കാര്യം പലര്‍ക്കും അറിയാമായിരിക്കും. എന്നാലും അറിയാത്ത ചിലര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ലതല്ലേ. ഇതിനൊക്കെ തന്നെയല്ലേ ബ്ലോഗ്.  NGPAY എന്താണെന്ന്  അടിക്കടി യാത്ര ചെയ്യുന്നവര്‍ മനസ്സിലാക്കിയിരിക്കും. ഇല്ലെങ്കില്‍ മനസ്സിലാക്കേണ്ടതാണ്. ഇത് ഒരു മൊബൈല്‍സോഫ്റ്റ്‌വേര്‍ ആണ്. ഇത് ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.  മാത്രമല്ല KSRTC ബസ്സ് ടിക്കറ്റ്, സിനിമാടിക്കറ്റ് എന്നിവയും ബുക്ക് ചെയ്യാം. കൂടാതെ ഷോപ്പിങ്ങ് നടത്താം. പിന്നെയും കുറെ സേവനങ്ങള്‍ ഉണ്ട്.  ഇപ്പോഴൊക്കെ തീവണ്ടിയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആളുകള്‍ ഓണ്‍ലൈന്‍ സൌകര്യമാണ് പ്രയോജനപ്പെടുത്തുന്നത്.  അതിന് പക്ഷെ കമ്പ്യുട്ടറും നെറ്റ് കണക്‍ഷനും വേണം.  പിന്നീട് ഇ-ടിക്കറ്റ് പ്രിന്റ്‌ഔട്ട് എടുക്കുന്നു.  സ്വന്തമായി പ്രിന്റര്‍ ഇല്ലെങ്കില്‍ നെറ്റ് കഫേകളില്‍ പോയി പ്രിന്റ് എടുക്കുന്നു.  എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. അതിന് മൊബൈല്‍ ഫോണില്‍ GPRS ആക്റ്റിവേറ്റ് ചെയ്യണമെന്ന് മാത്രം.  ഫോണില്‍ GPRS ഉണ്ടായാല്‍ മാത്രം പോര. ഏത് കമ്പനിയുടേതാണോ സിം കാര്‍ഡ് അതിനനുസരിച്ച് GPRS സെറ്റ് ചെയ്യണം.

ആദ്യമായി  ഇവിടെ  പോയി നിങ്ങളുടെ  മൊബൈലില്‍  NGPAY ഇന്‍സ്റ്റാള്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങളും അവിടെ നിന്ന് മനസ്സിലാക്കുക. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ആയ ഉടനെ അത് നിങ്ങളുടെ ഫോണില്‍ എവിടെ ആണുള്ളതെന്ന് കണ്ടുപിടിച്ചു ഓപ്പന്‍ ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ കൊടുത്ത് റജിസ്റ്റര്‍ ചെയ്യുക. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ക്രഡിറ്റ് കാര്‍ഡ് വേണ്ടി വരും. നിലവില്‍ HDFC ബാങ്കിന്റെ  സേവിങ്ങ്‌സ് അക്കൌണ്ട് ഉണ്ടെങ്കില്‍ അത് മതി. ക്രമേണ കൂടുതല്‍ ബാങ്കുകള്‍ ഈ സേവനത്തില്‍ ചേരും.  NGPAY മുഖാന്തിരം ഇടപാട് നടത്തുന്നതിന് പേടിക്കേണ്ടതില്ല. വളരെ സെക്യൂര്‍ ആണ്. ടിക്കറ്റ് ബുക്ക് ആയ ഉടനെ SMS വരും.  ടിക്കറ്റിന്റെ കോപ്പി ഇ-മെയിലിലും വരും.  പിന്നീട് പ്രിന്റ് എടുക്കാമല്ലൊ.  അഥവാ പ്രിന്റ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും വകുപ്പ് ഉണ്ട്.  യാത്രയില്‍ നിങ്ങള്‍ ഒരു ഐഡി പ്രൂഫ് കരുതിയിരിക്കുമല്ലൊ.  ടിക്കറ്റ് ബുക്ക് ആയ വിവരത്തിന് ലഭിക്കുന്ന SMS ല്‍ നിങ്ങളുടെ   PNR നമ്പര്‍ ഉണ്ടാകും. TTR വശം ആ നമ്പര്‍ പറഞ്ഞിട്ട് ഐഡി പ്രൂഫ് കാണിച്ച്  50 രൂപ ഫൈനും കൊടുക്കുക.  ടിക്കറ്റിന്റെ ഇ-സ്ലിപ്പ് നഷ്ടപ്പെട്ടുപോയതിനാണ് ഫൈന്‍. അതിന് TTR രസീത് തരും.  50 രൂപ അധികം മുടക്കിയാലും  മൊബൈല്‍ ഫോണില്‍ സിഗ്നല്‍ കിട്ടുന്ന എവിടെ വെച്ചും ടിക്കറ്റ് ബുക്ക് ചെയ്ത് ട്രെയിനില്‍ യാത്ര ചെയ്യാലോ. അത് ചില്ലറ കാര്യമാണോ? ഇനി കൂടുതല്‍ ഞാന്‍ പറയേണ്ടതില്ല.  NGPAY സൈറ്റ് സന്ദര്‍ശിക്കുക.  സംശയമുണ്ടെങ്കില്‍ ഗൂഗ്‌ള്‍ ചെയ്യുക.

ഇന്റര്‍നെറ്റ് കൂട്ടായ്മയെ കുറിച്ച് .........


സുഹൃത്തുക്കളെ, ഇങ്ങനെയൊരു പോസ്റ്റ് എഴുതാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.  എന്തെന്നാല്‍ പല പരിപാടികളും പരമ്പരാഗതമായ ഫോര്‍മാലിറ്റികള്‍ അണുകിട വ്യതിചലിക്കാതെ പാലിച്ച് നടത്തപ്പെടുന്നത്കൊണ്ട് അതൊക്കെ എത്രമാത്രം യാന്ത്രികവും അരോചകവും ആയിപ്പോകാറുണ്ട് എന്നതിന്റെ ഉദാഹരണമായിരുന്നു ഇന്നത്തെ ചടങ്ങ്. ഈ പുസ്തകപ്രകാശനത്തോടൊപ്പം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മയും നടത്താം എന്ന നിര്‍ദ്ദേശം വെച്ചത് ഞാന്‍ തന്നെയായിരുന്നു.  സദസ്സില്‍ പങ്കെടുത്തവര്‍ക്ക് ഇന്റര്‍നെറ്റിനെ കുറിച്ച് അറിയാന്‍ തന്നെയായിരുന്നു താല്പര്യം. എന്നാല്‍ പുസ്തകപരിചയം എന്ന പേരില്‍ ഒരു പ്രാസംഗികന്റെ പരിചയപ്പെടുത്തല്‍ തീ‍രെ അരോചകമായി തോന്നി. അല്ലെങ്കില്‍ തന്നെ ശുഷ്കമായ സദസ്സില്‍ നിന്ന് ചിലര്‍ എഴുനേറ്റ് പോകാനും തുടങ്ങി. രണ്ട് പുസ്തകങ്ങളാണ് ഇന്ന് പ്രകാശിപ്പിച്ചത്. ഏതാനും ബ്ലോഗര്‍മാരുടെ രചനകള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം അച്ചടിച്ചുള്ളത്. അതായത് എഴുത്തുകാരില്‍ എഴുപത്തിയഞ്ച് ശതമാനവും ബ്ലോഗര്‍മാരായിരുന്നു. ബ്ലോഗില്‍ പ്രസിദ്ധീകരിക്കപെട്ടവ. ബ്ലോഗിനെ പറ്റി ഒന്നും അറിയാത്ത പ്രാസംഗികനാണ് പരിചയപ്പെടുത്തുന്നത്. ഓരോ എഴുത്തുകാരന്റെയും  ഓരോ കഥയുടെയും രത്നച്ചുരുക്കം  നോട്ടെഴുതിയത് മന:പാഠം പറഞ്ഞുകൊണ്ടാണ് പരിചയപ്പെടുത്തല്‍ മുന്നേറിയത്. സാക്ഷ്യപത്രങ്ങള്‍ എന്ന കഥാസമാഹാരത്തില്‍ നമ്മുടെ ഹരിലാല്‍ വെഞ്ഞാറമൂടിന്റെ എന്റെ ഗുരുദക്ഷിണ എന്ന കഥയാണ് ആദ്യം.  പക്ഷെ പരിചയപ്പെടുത്തല്‍കാരന് ബ്ലോഗ് എന്തെന്ന് അറിയില്ലല്ലൊ.  ബ്ലോഗ് എന്ന മാധ്യമത്തെ കുറിച്ച് സാമാന്യവിവരമെങ്കിലും ഉള്ള ഒരാള്‍ പരിചയപ്പെടുത്തിയിരുന്നെങ്കില്‍ മാത്രമേ ആ പുസ്തകത്തോട് നീതി പുലര്‍ത്താന്‍ കഴിയുമായിരുന്നുള്ളൂ.


ഇന്റര്‍നെറ്റിനെ കുറിച്ചും ബ്ലോഗിനെ കുറിച്ചും  നല്ലൊരു പ്രഭാഷണം നടത്താന്‍ വേണ്ടി വെല്‍ പ്രിപ്പേര്‍ഡ് ആയിട്ടായിരുന്നു ഞാന്‍ എത്തിയിരുന്നത്. കാരണം പുസ്തകപ്രകാശനത്തിന് ശേഷം നടക്കുന്ന ഇന്റര്‍നെറ്റ് കൂട്ടായ്മയ്ക്ക് മുഖ്യപ്രഭാഷണം നടത്തേണ്ട ചുമതല എനിക്കായിരുന്നു. പരിചയപ്പെടുത്തലിന്റെ വിരസത നിമിത്തം എന്റെ മൂഡ് നഷ്ടപ്പെട്ട സമയത്താണ് എന്നെ ക്ഷണിക്കുന്നത്.  സദസ്യര്‍ക്ക് ഇനിയും മുഷിച്ചില്‍ ഉണ്ടാക്കേണ്ട എന്ന് കരുതി ഇന്റര്‍നെറ്റിനെ കുറിച്ച് ലഘുവായി പത്ത് മിനിറ്റ് മാത്രം സംസാരിച്ചു തീര്‍ത്തിട്ട് ഞാന്‍ സദസ്സില്‍ പോയി ഇരുന്നു. അപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്ന ഒരു മഹിള പറഞ്ഞു , നിങ്ങളുടെ പ്രസംഗം കേട്ടത്കൊണ്ട് സന്തോഷമായി അല്ലെങ്കില്‍ ഇവിടെ വന്നത് വെറുതെയായി പോകുമായിരുന്നു എന്ന്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തി മെയില്‍ തുറന്നപ്പോള്‍ അവിടെ പങ്കെടുത്ത ഒരു ബ്ലോഗര്‍ എനിക്കൊരു മെയില്‍ അയച്ചിരിക്കുന്നു, പരിപാടി മോശം , സുകുമാരന്റെ പ്രഭാഷണം നന്നായി എന്ന് പറഞ്ഞ്. ഞാന്‍ ഇത് പറയുന്നത് എന്നെ സ്വയം പുകഴ്ത്താനോ പരിപാടിയെ കുറ്റപ്പെടുത്താനോ അല്ല. അല്പം ഔചിത്യബോധം കൊണ്ട് സമ്പന്നമാക്കാമായിരുന്ന പരിപാടി ഔപചാരികതകൊണ്ട് വിരസമായി പോയി എന്ന് പറയാനാണ്.

എന്നാല്‍ പുസ്തകപ്രകാശനം കഴിഞ്ഞ് ഞങ്ങള്‍ ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ നടത്തി. ഞങ്ങള്‍ അഞ്ച് ബ്ലോഗര്‍മാരും  ബ്ലോഗിനെ പറ്റി അറിയാന്‍ താല്പര്യമുള്ള അഞ്ചെട്ട് പേരും.  അങ്ങനെ ആകെ ഒരു പതിനഞ്ച് പേര്‍ കാണും. അത് നല്ലൊരു അനുഭവമായി. അതാണ് ഞാന്‍ ഈ പോസ്റ്റ് എഴുതാന്‍ കാരണം. ബ്ലോഗിലെ അനുഭവങ്ങളെ കുറിച്ച് ഞാനും , മിനി ടീച്ചറും,   ഒരു യാത്രികന്‍ (വിനീത്), വിജയകുമാര്‍ ബ്ലാത്തൂര്‍, രവി യും സംസാരിച്ചു മൈക്ക് മറ്റുള്ളവര്‍ക്ക് കൈമാറി.  വീട്ടില്‍ കമ്പ്യൂട്ടറും നെറ്റ് കണക്‍ഷനും ഉണ്ടായിട്ടും പേടി അതാണ് ഇനിയും ബ്ലോഗ് തുടങ്ങാത്തതെന്ന് അവര്‍ പറഞ്ഞു. ആ പേടി മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.  എല്ലാവരും സംസാരിച്ചു അതാണ് വലിയ കാര്യം.  യോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്. കുറച്ചുപേര്‍ ഇങ്ങനെ അവരുടെ പാണ്ഡിത്യം പ്രകടിപ്പിക്കാന്‍ വേണ്ടി പ്രസംഗിക്കുകയും(അതിലും ചിലര്‍ മൈക്ക് കിട്ടിയാല്‍ നമ്മുടെ ക്ഷമ പരമാവധി പരിശോധിക്കും) മറ്റുള്ളവര്‍ കേട്ട് മിണ്ടാതെ പോവുകയും ചെയ്യുന്നതില്‍ എന്താണ് പുണ്യം ഉള്ളത്.  ഒരു സദസ്സില്‍ ഉള്ളവര്‍ എല്ലാവരും രണ്ട് വാക്കെങ്കില്‍ രണ്ട് വാക്ക് സംസാരിച്ചു പോകുന്നത് എത്ര ഹൃദ്യമായിരിക്കും.  ഇന്നത്തെ കൂട്ടായ്മയില്‍ പതിനഞ്ച് പേരെയും സംസാരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമായി ഞാന്‍ കരുതുന്നു. സഹയാത്രികന്‍ എന്ന ബ്ലോഗ് എഴുതുന്ന വിനീതിന്റെ സഹയാത്രിക  എന്റെ പേര് രമ്യ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചത് കൌതുകമായി.  ഇങ്ങനെയുള്ള യോഗങ്ങളാണ് വേണ്ടത്.  പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആത്മാവിഷ്ക്കാരം അവരുടെ വാക്കുകളില്‍ നടത്താന്‍ കഴിയുന്ന കൊച്ചുകൊച്ചു യോഗങ്ങള്‍. വെറുതെ നമ്മള്‍ എന്തിന് പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഇരുന്നു കൊടുക്കണം?  നമുക്ക് യോഗങ്ങള്‍ സംഘടിപ്പിക്കാം, നമുക്ക് സംസാരിക്കാം. ശരിയല്ലേ? ശരി തന്നെയാണ്. രണ്ട് വാക്ക് മൈക്രോ ഫോണ്‍ എടുത്തിട്ടായാലും ശരി അല്ലെങ്കിലും ശരി സംസാരിക്കാന്‍ കഴിയാത്ത ആരുമില്ല.
ഒരു ഗ്രൂപ്പ് ഫോട്ടോ(കടപ്പാട്:മിനി ടീച്ചര്‍) വിജയകുമാര്‍ ബ്ലാത്തൂര്‍, രവി, മിനി ടീച്ചര്‍, സഹയാത്രിക(രമ്യ),ഒരു യാത്രികന്‍(വിനീത) ഞാന്‍, ലീല ടീച്ചര്‍

ഇന്‍ലാന്റ് കവര്‍

ന്‍ലാന്റ് കവര്‍ കാണുമ്പോള്‍ ഇപ്പോഴും ഒരു തരം ഗൃഹാതുരത്വം തോന്നുന്നു.  എത്ര പെട്ടെന്നാണ് വിവരവിനിയമത്തിന്റെ സങ്കേതം അടിമുടി കീഴ്മേല്‍ മറിഞ്ഞത്. ഇപ്പോള്‍ ഒരു ഇ-മെയില്‍ ടൈപ്പ് ചെയ്യാനും അത് ലോകത്തിന്റെ ഏത് മൂലയില്‍ എത്തിക്കാനും ഏതനും മിനിറ്റുകള്‍ മതി. ഓരോ മിനിറ്റിലും മെയില്‍ ബോക്സില്‍ സന്ദേശങ്ങള്‍ വന്നവണ്ണമിരിക്കുന്നു. എന്നാലും  ഇന്‍ലാന്റ് തുറന്ന് വായിക്കുന്ന ഒരു സുഖം ഇപ്പോഴത്തെ മെയില്‍ വായിക്കുമ്പോള്‍ തോന്നുന്നില്ല.  എന്ത്കൊണ്ടായിരിക്കും അത്? എല്ലാ ചോദ്യങ്ങള്‍ക്കും നമുക്ക് ഉത്തരങ്ങള്‍ കിട്ടിക്കൊള്ളണമെന്നില്ല.  കത്തെഴുത്ത് ഒരു കലയായി തന്നെ ഞാന്‍ കൊണ്ടുനടന്നിരുന്നു.  ജീവിതത്തിന്റെ ഒരു ഘട്ടം ഞാന്‍ അവധൂതനെ പോലെ അലഞ്ഞുനടന്നിട്ടുണ്ട്. അന്ന് ഞാന്‍ അയച്ച കത്തുകള്‍ ഇപ്പോഴും എന്റെ ഒരു ബാല്യകാല സുഹൃത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.  ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിച്ചു നടക്കുമ്പോള്‍ എന്റെ ദൃഷ്ടിയില്‍ പെട്ട കാര്യങ്ങളായിരുന്നു അന്ന് എഴുതിയിരുന്നത്.  ജീവിതത്തിന് സത്യം പറഞ്ഞാല്‍ ഒരര്‍ത്ഥമുണ്ടോ?  ജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ നടത്തുന്ന പോരാട്ടങ്ങള്‍  എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്.  ഹോട്ടലുകളുടെ പിന്നാമ്പുറത്ത് പാത്രം കഴുകുന്നവരെ കുറിച്ച് നിരക്ഷരന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു ഈ അടുത്ത്. വായിച്ചു എന്നല്ലാതെ അവിടെ കമന്റൊന്നും എഴുതിയില്ല. ഹോട്ടല്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എനിക്ക് നേരിട്ട് മനസ്സിലാക്കാന്‍ അന്ന് കഴിഞ്ഞിരുന്നു.  ജീവിതത്തിന്റെ പുറമ്പോക്കില്‍ ഒറ്റപ്പെട്ടുപോയവരായിരുന്നു അന്ന് ഹോട്ടല്‍ തൊഴിലാളികള്‍. പാത്രം കഴുകുന്ന ഒരു വൃദ്ധനെ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.  അയാളുടെ കൈവിരലുകളും കാലിന്റെ വിരലുകളും ദ്രവിച്ച് വെള്ള നിറമായിരുന്നു. അങ്ങനെ എത്ര പേര്‍, ജീവിതത്തിന് എത്രയെത്ര മുഖങ്ങള്‍?  ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടുകയില്ല എന്ന ഒരേയൊരു ഉത്തരമേ എനിക്ക് അന്നും ഇന്നും കിട്ടിയിട്ടുള്ളൂ.

ഇന്‍ലാന്റുമായി എനിക്ക് കുട്ടിക്കാലത്തേ ബന്ധമുണ്ടായിരുന്നു.  അച്ഛന്‍ കുറെ കാലം കര്‍ണ്ണാടകയിലെ സാഗരത്തായിരുന്നു ജോലി.  ആ‍ഴ്ച തോറും  കത്തുകള്‍ വരും.  മറുപടി എഴുതുന്ന അമ്മയ്ക്ക് ഇന്‍ലാന്റ് കവര്‍ മടക്കി ഒട്ടിക്കാന്‍ അറിയില്ലായിരുന്നു. എഴുതിയ ഇന്‍ലാന്റും കുറച്ചു വറ്റുമായി റോഡരികില്‍ അഞ്ചല്‍ ശിപായിയെ കാത്ത് ഞാന്‍ നിന്നത് ഓര്‍ക്കുന്നു. പിന്നീ‍ട് മിഷന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷില്‍  അഡ്രസ്സ് എഴുതിക്കിട്ടാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ചിലര്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു.  അന്നൊക്കെ മിക്ക വീടുകളിലും കത്തുകളും മണി ഓര്‍ഡറുകളും വരാറുണ്ടായിരുന്നു.  പതിനഞ്ച് വര്‍ഷം കഴിഞ്ഞുകാണും , അന്നെനിക്ക് നിരവധി തൂലികാമിത്രങ്ങള്‍ ഉണ്ടായിരുന്നു. ഒരു ദിവസം പോസ്റ്റ്മാന്‍ വീട്ടില്‍ വന്നില്ലെങ്കില്‍ എനിക്ക് എന്തോ പൊറുതി മുട്ടുന്ന പോലെയായിരുന്നു. അതും ഒരു കത്തൊന്നും പോര.  ഒരു ദിവസം ഞാന്‍ മലയാള മനോരമ പത്രത്തില്‍  തൂലികാമിത്രം കോളത്തില്‍ ഒരു പരസ്യം കൊടുത്തു. പരസ്യവാചകം ഇങ്ങനെയായിരുന്നു.  “ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന അസ്തിത്വചിന്തകനായ എനിക്ക് ദാര്‍ശനികദു:ഖങ്ങള്‍ പങ്ക് വയ്ക്കാന്‍ തൂലികാമിത്രങ്ങളെ ആവശ്യമുണ്ട്.” ഒരാഴ്ചയോളം കെട്ട് കണക്കിനാണ് മറുപടികള്‍ എനിക്ക് വന്നുകൊണ്ടിരുന്നത്.  പുലരുന്നത് വരെ മറുപടികള്‍ എഴുതിയ ദിവസങ്ങള്‍. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റു തരത്തില്‍ എല്ലാവര്‍ക്കും പ്രശ്നങ്ങള്‍ , തേടലുകള്‍, വ്യഥകള്‍.. ജീവിതം മനുഷ്യര്‍ക്ക് നല്‍കുന്നത് യഥാര്‍ത്ഥത്തില്‍ എന്താണ്?  എല്ലാ കത്തുകളും ഞാന്‍ സൂക്ഷിച്ചിരുന്നു. രണ്ടു വര്‍ഷത്തിലധികം എല്ലാ സൌഹൃദങ്ങളും നിലനിന്നിരുന്നു.  എന്നെ സംബന്ധിക്കുന്ന തെളിവുകള്‍ ഒന്നും ശേഷിക്കരുത് എന്ന് തോന്നിയ ഏതോ നിമിഷത്തില്‍ എല്ലാ കത്തുകളും ഞാന്‍ കത്തിച്ചു കളഞ്ഞു.

ആലോചിക്കുമ്പോള്‍ അതിശയം തോന്നുന്നു. ഇന്നും എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്.  ബ്ലോഗിലൂടെയും ഓര്‍ക്കുട്ടിലൂടെയും ചാറ്റിലൂടെയും  അവസാനിക്കാത്ത സംവാദങ്ങളില്‍ ഏര്‍പ്പെടുന്നു. ഓരോ ദിവസവും ഒന്നില്‍ കൂടുതല്‍ പുതിയ സൌഹൃദബന്ധങ്ങള്‍ തേടിയെത്തുന്നു.  ആരെങ്കിലുമായി പുതിയൊരു സുഹൃത്ത് സുകുമാരേട്ടാ എന്ന് സംബോധന ചെയ്തുകൊണ്ട് കമന്റ് എഴുതുന്നു. ഓര്‍ക്കുട്ടില്‍ ഇപ്പോഴും ആഡ് റിക്വസ്റ്റ് വരുന്നു.  വിഷിബിള്‍ ആയി മെയില്‍ തുറന്നാല്‍ ഒന്നില്‍ കൂടുതല്‍ പോപ്പപ്പില്‍ മാഷേ എന്ന് വിളിക്കുന്നു.  എല്ലാം ഏറെക്കുറെ അറിയാമെന്ന പോലെ ഞാന്‍ കമന്റുകള്‍ക്ക് മറുപടി എഴുതുന്നു. പക്ഷെ സത്യം പറഞ്ഞാല്‍ എനിക്കൊന്നുമറിയില്ല. എന്താണ് സത്യം? ഏതാണ് സത്യം?

ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ

മാധ്യമത്തില്‍ (19.8.10) വന്ന ഒരു ലേഖനം. എനിക്ക് വളരെ യോജിപ്പുള്ളത്കൊണ്ട് ഇവിടെ പേസ്റ്റ് ചെയ്യുന്നു:


രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറി നിരോധിക്കാന്‍ തയാറാണെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുകാണുന്നു. സര്‍വകക്ഷികളും ചേര്‍ന്നാണ് നിയമസഭയില്‍ ലോട്ടറി നിയമം പാസാക്കിയത് എന്നതുകൊണ്ട് നിരോധത്തിനും സമയം കൂടിയേ തീരൂ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോട്ടറി കേരളത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തോട് ധനമന്ത്രി യോജിക്കുകയും ചെയ്തു. പക്ഷേ, ലോട്ടറികൊണ്ട് ജീവിക്കുന്ന രണ്ടുലക്ഷം പേരുണ്ടെന്നതാണ് നിരോധത്തിന് അദ്ദേഹം കാണുന്ന തടസ്സം. എന്നാലും ജനങ്ങള്‍ ലോട്ടറിക്ക് അടിമപ്പെടാന്‍ പാടില്ലെന്ന അഭിപ്രായവും ധനമന്ത്രിക്കുണ്ട്. വര്‍ധിച്ച മദ്യാസക്തിയും അന്യസംസ്ഥാന ലോട്ടറിഭ്രമവും ഒരു സാമൂഹിക രോഗംപോലെ കേരളത്തെ കാര്‍ന്നുതിന്നുകയാണെന്ന് മുഖ്യമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. സിക്കിമിന്റെയും ഭൂട്ടാന്റെയും ഔദ്യോഗികാംഗീകാരത്തോടെ എന്ന പേരില്‍ വലിയ ചൂതാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പരിതപിക്കുകയുണ്ടായി.

രാജ്യത്താദ്യമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ലോട്ടറി ആരംഭിച്ചത് 1967ലെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി ഗവണ്‍മെന്റാണ്. അന്നുതന്നെ ഇത് ചൂതാട്ടത്തിന്റെ വകഭേദമല്ലാതെ മറ്റൊന്നുമല്ലെന്നും സോവിയറ്റ് യൂനിയനില്‍ വി.ഐ. ലെനിന്‍പോലും തള്ളിപ്പറഞ്ഞ ലോട്ടറിയെ കേരളത്തില്‍ നടപ്പാക്കാന്‍ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഒരു സര്‍ക്കാര്‍ ശ്രമിക്കരുതെന്നും മനുഷ്യസ്‌നേഹികള്‍ ചൂണ്ടിക്കാട്ടിയതാണ്. വേദനിപ്പിക്കാതെ പണം പിടുങ്ങാനുള്ള കുറുക്കുവഴി എന്നുപറഞ്ഞ് അന്നതിനെ ന്യായീകരിക്കുകയാണ് സര്‍ക്കാറില്‍ പങ്കാളികളായ മുസ്‌ലിംലീഗ് പോലും ചെയ്തത്.

പൊതുക്ഷേമത്തിനായി ചെലവഴിക്കുമെന്ന അവകാശവാദത്തോടെ ആദ്യ വര്‍ഷം സര്‍ക്കാറിന് കിട്ടിയത് 14 ലക്ഷം രൂപയുടെ ലാഭമാണ്. ഇന്നോ? 2008-09 വര്‍ഷത്തെ ലോട്ടറി വകയിലെ വിറ്റുവരവ് 487.57 കോടിയും ലാഭം 104.23 കോടിയുമാണ്. അതേയവസരത്തില്‍ പ്രതിമാസം മലയാളി ലോട്ടറിക്ക് ചെലവിടുന്നത് 750 കോടിയും. അതായത് സര്‍ക്കാറിന് പ്രതിവര്‍ഷം വെറും 104.23 കോടി ലാഭമുണ്ടാക്കാന്‍ വേണ്ടി 9000 കോടിയുടെ അന്യസംസ്ഥാന ലോട്ടറി ഇടപാട് അനുവദിക്കേണ്ടി വരുന്നു. സൂക്ഷ്മമായ കണക്കില്‍ 10,000 കോടിയെങ്കിലും അന്യസംസ്ഥാന ലോട്ടറികളും വ്യാജ ലോട്ടറികളും ചേര്‍ന്ന് കേരളത്തില്‍നിന്ന് വര്‍ഷംതോറും ഊറ്റിയെടുക്കുന്നുണ്ട്. കേവലം സാധാരണക്കാരും വീട്ടമ്മമാരും വിദ്യാര്‍ഥികളും ദരിദ്രന്മാരും പട്ടിണിക്കാരുമാണ് ലോട്ടറി വില്‍പനക്കാരുടെ വലയില്‍ വീഴുന്ന ഇരകളില്‍ മഹാഭൂരിഭാഗവുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. മുഖ്യമന്ത്രിതന്നെ സമ്മതിച്ചപോലെ ഇത് മാരക രോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോട്ടറി ടിക്കറ്റെടുത്തു മുടിഞ്ഞവരുടെയും ആത്മഹത്യ ചെയ്തവരുടെയും എണ്ണം വര്‍ധിച്ചുവരുന്നു. ചൂതാട്ടത്തിലേര്‍പ്പെട്ട് അത് ദിനചര്യയായി മാറിയ നിര്‍ഭാഗ്യവാന്മാരുടെ പട്ടികയിലാണ് ലോട്ടറി ഭ്രാന്തന്മാരും സ്ഥലംപിടിക്കുന്നത്. അതുകൊണ്ടാണ് പ്രത്യുല്‍പാദനപരമല്ലാത്ത ഈ ധനാഗമന മാര്‍ഗം നിഷിദ്ധമാണെന്ന് വിവേകശാലികള്‍ ചൂണ്ടിക്കാട്ടുന്നത്.

അതോടൊപ്പം നികുതി വെട്ടിപ്പുകാരുടെയും വ്യാജന്മാരുടെയും മഹാകളരിയായി മാറിയിരിക്കുന്നു കേരളത്തില്‍ ലോട്ടറി. കുപ്രസിദ്ധനായ സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് ഈ രംഗത്തെ വമ്പന്മാര്‍. അവര്‍ സ്വന്തമായിത്തന്നെ ലോട്ടറി ടിക്കറ്റുകള്‍ അടിച്ചു വില്‍ക്കുകയാണെന്ന പരാതി ശക്തമാണ്. മുഖ്യ ഭരണകക്ഷിയുടെ സംരക്ഷണം ലഭിക്കുന്നതുകൊണ്ട് ഈ ദിശയില്‍ ഒരന്വേഷണവും നടക്കുന്നില്ല. അവിഹിതമായി സമ്പാദിക്കുന്ന കോടികളില്‍നിന്ന് ഒരു വിഹിതം പാര്‍ട്ടിക്ക് കൊടുത്താല്‍ പിന്നെ ആരെ ഭയപ്പെടാന്‍? നഗ്‌നവും ക്രൂരവുമായ ഈ ചൂതാട്ട വ്യവസായത്തിന്റെ നീരാളിപ്പിടിത്തത്തിനെതിരെ കോണ്‍ഗ്രസുകാരായ ജനപ്രതിനിധികള്‍ രംഗത്തുവന്നപ്പോള്‍ കേന്ദ്രത്തിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. മറ്റെല്ലാറ്റിലുംപോലെ ഇതിലും രാഷ്ട്രീയം കടന്നുകയറിയാല്‍ പിന്നെ വേറെ രക്ഷാമാര്‍ഗം തെരയേണ്ടല്ലോ. വാസ്തവത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ഉത്തരവാദികളാണ് ഈ ചൂതാട്ട ദേശസാത്കരണത്തില്‍. ലോട്ടറിയില്‍ ഒറിജിനലും വ്യാജനും ഇല്ല എന്ന സത്യമാണ് ആദ്യമായി തിരിച്ചറിയേണ്ടത്. സര്‍ക്കാര്‍ ലോട്ടറി പരിശുദ്ധമായ ഒറിജിനലും, നികുതി വെട്ടിപ്പ് നടത്തി സ്വകാര്യ ഏജന്‍സികള്‍ നടത്തുന്നത് വ്യാജനും എന്നില്ല. ജനങ്ങളില്‍ ദുരയും ലോഭവും വളര്‍ത്തി അവരെ സ്വപ്‌നലോകത്തേക്ക് കൊണ്ടുപോവുന്ന ലോട്ടറി ആര് നടത്തിയാലും അത് ചൂതാട്ടമാണ്. അത് നിര്‍ബന്ധമായും നിരോധിച്ചേ പറ്റൂ.

മദ്യനിരോധത്തെ എതിര്‍ക്കാന്‍ ചെത്തുതൊഴിലാളി പ്രശ്‌നം ഉന്നയിക്കുന്നപോലെ ലോട്ടറിയുടെ കാര്യത്തിലും തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാവുന്ന കാര്യമാണ് തടസ്സവാദമായി ഉന്നയിക്കുന്നത്. യഥാര്‍ഥത്തില്‍ വര്‍ത്തമാനകാല കേരളത്തില്‍ അങ്ങനെയൊരു പ്രശ്‌നമുണ്ടോ? മാന്യമായ ഒരു ജോലിക്കും ആരെയും കിട്ടാനില്ലാത്ത സാഹചര്യമാണിവിടെ. കൃഷി, വ്യവസായം, വ്യാപാരം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും അനുഭവപ്പെടുന്ന രൂക്ഷമായ ആള്‍ക്ഷാമംമൂലം അന്യസംസ്ഥാനങ്ങളെയാണ് തൊഴിലാളികള്‍ക്കു വേണ്ടി കേരളം ആശ്രയിക്കുന്നത്. കൃഷിയിലും നിര്‍മാണ മേഖലയിലുമൊക്കെ അതുപോലും പ്രയാസകരമായിത്തീര്‍ന്നിരിക്കുന്നു. വളരെ പഴയ കണക്കുപ്രകാരം പത്തുലക്ഷം അന്യ സംസ്ഥാനക്കാരുണ്ട് നമ്മുടെ തൊഴില്‍ മേഖലയില്‍. അവരുടെ എണ്ണം ഇപ്പോള്‍ ഇരട്ടിയിലും അധികമാവാനാണ് സാധ്യത. പിന്നെ മദ്യം, ലോട്ടറി പോലുള്ള വിനാശകരമായ തൊഴില്‍തന്നെ വേണം മലയാളിക്ക് ജീവിക്കാന്‍ എന്നു വാദിക്കുന്നതില്‍ എന്തര്‍ഥം? ഇപ്പോഴാകട്ടെ കേന്ദ്രസര്‍ക്കാറിന്റെ തൊഴിലുറപ്പ് പദ്ധതിപോലും സംസ്ഥാനത്ത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ആളില്ല. അതിനാല്‍ ലോട്ടറി എന്ന ചൂതാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉടനടി നടപടിയെടുക്കാതിരിക്കാന്‍ ഒരു ന്യായവുമില്ല.

ഇഫ്താര്‍ വിരുന്നില്‍

ഹാരൂണ്‍ക്കയുടെ വീട്ടില്‍  ഇന്നലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. എനിക്കതിനെ പറ്റി സരസമായി എഴുതാന്‍ അറിയില്ല. പോങ്ങുമ്മൂടനോ മറ്റോ ആയിരുന്നെങ്കില്‍ ബ്ലോഗനയില്‍ വരാന്‍ പാകത്തില്‍ നല്ലൊരു പോസ്റ്റ് എഴുതിയേനേ.  ബ്ലോഗ് എഴുതുന്ന നമ്മളൊക്കെ ബ്ലോഗര്‍മാര്‍ എന്നാണ് അറിയപ്പെടുന്നത്. ബ്ലോഗര്‍ ജയന്‍ ഏവൂര്‍ ഇന്നലെ കണ്ണൂരില്‍ വന്നിരുന്നു. പുള്ളിക്ക് കണ്ണൂരില്‍ ഒരു പരീക്ഷയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് രണ്ട് മണിയോടെ പാപ്പിനിശ്ശേരിയിലുള്ള , ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ വന്നു. ഞാന്‍ ഇപ്പോള്‍ പകുതി പാപ്പിനിശ്ശേരിക്കാരനും പകുതി ബാംഗ്ലൂര്‍കാരനുമാണ്.  അഞ്ചരക്കണ്ടിയിലെ വീട് അവിടെയുണ്ട്.  ഒരു വാടകക്കാരന്‍ താമസിക്കുന്നു.  പരീക്ഷാകേന്ദ്രത്തില്‍ നിന്ന് ഉച്ചയൂണ് കഴിഞ്ഞാണ് ജയന്‍ ഡോക്ടര്‍ ഞങ്ങളുടെ വീട്ടില്‍ വന്നത്.  അത്കൊണ്ട് ഒരു ചായ മാത്രമേ കൊടുക്കാന്‍ കഴിഞ്ഞുള്ളൂ.
ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. ബ്ലോഗിനേക്കാളും  കൂട്ടം എന്ന മലയാളം സോഷ്യല്‍ കമ്മ്യൂണിറ്റിയെ കുറിച്ചാണ് ജയന്‍ വാചാലനായത്.  അതില്‍ കാര്യവുമുണ്ട്. കൂട്ടത്തിലെ അംഗങ്ങള്‍ക്ക് ബ്ലോഗിലെ ആളുകളെ പോലെ ഈഗോ ഇല്ല.  മറ്റൊന്ന് കൂട്ടത്തില്‍ ധാരാളം വായനക്കാരുണ്ട്.  അവിടെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയാല്‍ നിരവധി വായനക്കാര്‍ വായിക്കും.  ലക്ഷക്കണക്കിനല്ലേ അംഗങ്ങള്‍. സജീവമായ ചര്‍ച്ചകളും നടക്കും.  ബ്ലോഗിലാണെങ്കില്‍  എഴുതുന്നതും വായിക്കുന്നതും എല്ലാം ബ്ലോഗര്‍മാര്‍ തന്നെ.  ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടിലാണ് ബ്ലോഗില്‍ ചിലപ്പോഴൊക്കെ ചര്‍ച്ചകള്‍ പുരോഗമിക്കാറ്.  ബ്ലോഗ് ഇപ്പോള്‍ തീരെ ഡ്രൈ ആയിപ്പോയി എന്ന് പറയാതിരിക്കാന്‍ കഴിയില്ല.  ദിനേനെ പുതിയ ബ്ലോഗുകളും ബ്ലോഗര്‍മാരും വരുന്നുണ്ടെങ്കിലും ബ്ലോഗിന് ആരോഗ്യകരമായ വളര്‍ച്ച സംഭവിക്കുന്നുണ്ട് എന്ന് പറയാന്‍ കഴിയില്ല. തുടര്‍ച്ചയായി ആരും ബ്ലോഗ് എഴുതാറില്ല.  ഒരാവേശത്തിന് ബ്ലോഗ് തുടങ്ങി മതിയാക്കി പോകുന്നവരാണ് ഏറെയും.

ജയന്‍ ഡോക്ടര്‍ കണ്ണൂരില്‍ വരുന്നത് പ്രമാണിച്ച് ഹാരൂണ്‍ക്കയാണ് ഇഫ്താര്‍ വിരുന്നു ഒരുക്കിയത്.  സത്യം പറഞ്ഞാല്‍ കണ്ണൂരില്‍ കുറെ ബ്ലോഗര്‍മാരുണ്ട്. എന്നാല്‍ അധികം പേരും സജീവമല്ലാത്തതിനാല്‍ ആര്‍ക്കും പരസ്പരം അറിയില്ല.  അത്കൊണ്ട് എന്നെ കൂടാതെ  ജയനോടൊപ്പം ചിത്രകാരനും കുമാരനും മാത്രമേ ഈ വിരുന്നില്‍ പങ്കെടുത്തുള്ളൂ.

                             ഞാന്‍, ഹാരൂണ്‍ക്ക,കുമാരന്‍, ജയന്‍ ഏവൂര്‍

കടും ചുവപ്പ് ഷര്‍ട്ടുമിട്ടാണ് കുമാരന്റെ വരവ്. ഒരു റെഡ് വളണ്ടിയറെ പോലെ. അസ്സല്‍ കമ്മ്യൂണിസ്റ്റ് ലുക്ക്. പണ്ടത്തെ കമ്മ്യൂണിസ്റ്റുകാരനെ പോലെ  അകൃത്രിമത്വവും നാടന്‍ പെരുമാറ്റവുമാണ് പുള്ളിക്ക്.  എനിക്ക് പഴയകാല സഖാക്കളെ ഓര്‍മ്മ വന്നു. ഒരു പക്ഷെ കുമാരന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമായിരിക്കാം.  നാലുമണിയോടെ ഞാനും ജയന്‍ ഏവൂരും ഹാരൂണ്‍ക്കയുടെ വീട്ടില്‍ എത്തി. സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളും സമയവും ഉണ്ടായിരുന്നു.

                                              ഹാരൂണ്‍ക്കയും മക്കളും പ്രാര്‍ത്ഥനയില്‍ ....

ആറ് മണിയോടെയാണ് ചിത്രകാരനും പിന്നെ കുമാരനും എത്തിയത്.  ആറേമുക്കാലിന് നോമ്പ് തുറ തുടങ്ങി. ധാരാളം വിഭവങ്ങള്‍ ഒരുക്കിയിരുന്നു. നല്ലൊരു അനുഭവമായിരുന്നു.  ഞാന്‍ പറഞ്ഞില്ലേ, എനിക്ക് അതൊന്നും വര്‍ണ്ണിക്കാനുള്ള വൈഭവം ഇല്ല.   ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും  പിന്നെയും ഹാരൂണ്‍ക്ക പറയുന്നുണ്ടായിരുന്നു, എനിക്ക് തൃപ്തിയായില്ല. കാരണം ഇതൊക്കെ ഒരുക്കി വെച്ചിട്ട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അടുത്ത വീട്ടില്‍ മറ്റൊരു ഇഫ്താര്‍ വിരുന്നിന് പോയിരുന്നു.  മുപ്പതില്‍ അധികം വനിതകള്‍ പങ്കെടുത്ത ഒരു ഇഫ്താര്‍ വിരുന്ന് ആയിരുന്നു അതെന്നും പകുതിയില്‍ അധികം പേര്‍ അയല്‍പ്പക്കങ്ങളിലെ ഹിന്ദു കുടുംബങ്ങളില്‍ നിന്ന് ആയിരുന്നെന്നും എടുത്ത് പറയേണ്ടതുണ്ട്.  ഭാര്യ ഇല്ലാതെ നോമ്പ് തുറന്നതാണ് ഹാരൂണ്‍ക്കക്ക് തൃപ്തിയില്ലാതെ പോയത്.  ഇതിനിടയില്‍ ഹാരൂണ്‍ക്കയുടെ മക്കള്‍ എല്ലാവരും  പരിചയപ്പെടാന്‍ മുറിയില്‍ എത്തിയിരുന്നു.  എന്തായാലും നാട്ടില്‍ ഇത്തവണ വന്നിട്ട് കുറെ ആക്റ്റീവ് ആകാന്‍ അച്ഛന് കഴിഞ്ഞല്ലോ എന്ന് എന്റെ മോന്‍ ഇന്നലെ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞു. പോരാന്‍ നേരത്ത് കുടുംബത്തോടൊപ്പം  വീണ്ടും വരാന്‍ ഹാരൂണ്‍ക്ക പറഞ്ഞു.  ഒരു ദിവസം  ഇനിയും പോകണം ഹാരൂണ്‍ക്കയെയും മക്കളെയും കാണാന്‍ കുടുംബസമേതം.    ബ്ലോഗിന് നന്ദി പറഞ്ഞുകൊണ്ട് അപൂര്‍ണ്ണമായ ഈ പോസ്റ്റിന് ഞാന്‍ വിരാമമിടുകയാണ്.

ഇന്റര്‍നെറ്റ് കൂട്ടായ്മ കണ്ണൂരില്‍ 28-8-2010 ന് ....

ലീല ടീച്ചറെ ബ്ലോഗിലും ഇന്റര്‍നെറ്റിന്റെ ലോകത്തേക്കും ഒക്കെ എത്തിച്ചത് അവരുടെ മകന്‍ ശരത് എം. ചന്ദ്രന്‍ ആണ്. എന്നാല്‍ അതിന് മുന്‍പേ തന്നെ അവര്‍ ആകാശവാണിയില്‍ സ്വന്തമായി കഥകളും കവിതകളും അവതരിപ്പിക്കാറുണ്ടായിരുന്നു. അവരുടെ നാടകങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്യാറുമുണ്ട്. പിന്നീട് പുസ്തകരചനയിലേക്ക് കടന്നു. ലൌലി ഡാഫോഡില്‍‌സ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ആ പുസ്തകം എനിക്ക് ബാംഗ്ലൂരിലേക്ക് അയച്ചു തന്നിരുന്നു. പിന്നെ സ്വന്തമായി ഒരു പുസ്തകപ്രസാധനശാല തുടങ്ങി. സീയെല്ലെസ്സ് ബുക്‍സ് എന്ന പേരില്‍.  സീയെല്ലെസ്സ് ബുക്‍സ് എന്ന ബ്ലോഗില്‍ ഇരുപതില്‍ അധികം ബ്ലോഗര്‍മാര്‍ അംഗങ്ങളാണ്. ബിനു ദേവസ്യയുടെ “സ്വപ്നങ്ങളിലേക്കുള്ള വഴികള്‍” എന്ന കവിത പുസ്തകമായി സീയെല്ലെസ്സ് പ്രസിദ്ധീകരിച്ചത് സൌജന്യമായിട്ടായിരുന്നു.  ഇപ്പോള്‍ സീയെല്ലെസ്സ് രണ്ട് പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിക്കുന്നു. ഈ വരുന്ന ആഗസ്റ്റ് 28നാണ് പ്രകാശനം ചെയ്യാമെന്ന് തീരുമാനിച്ചിട്ടുള്ളത്. വിശദവിവരം അപ്‌ഡേറ്റ് ചെയ്യാം.  തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ചാണ് ചടങ്ങ് നടക്കുക.  അന്നേ ദിവസം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി അവിടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  ഇന്റര്‍നെറ്റ് മീറ്റ് എന്ന് പറയുമ്പോള്‍  അതില്‍ ബ്ലോഗേര്‍സ്, ബ്ലോഗ് റീഡേഴ്സ്,  ഓര്‍ക്കുട്ടേര്‍സ്,  മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍, കൂട്ടം എന്ന മലയാളം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍, ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ അങ്ങനെ എല്ലാവര്‍ക്കും പങ്കെടുക്കാം.  അതിരുകളില്ലാത വിവരവിനിമയവും സൌഹൃദവുമാണ് ഈ ഇന്റര്‍നെറ്റ് കൂട്ടായ്മ ഉന്നം വെക്കുന്നത്.

ചെറുപ്പത്തിലേ പിടികൂടുക എന്ന് പറയാറുണ്ടല്ലൊ.  ഇന്റര്‍നെറ്റിന്റെ സൃഷ്ടിപരവും, ആത്മസാക്ഷാല്‍ക്കാരത്തിന്റേതും, വിവരശേഖരണ-വിനിമയത്തിന്റെതുമായ  ലോകത്തേക്ക് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ നയിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഈ സാങ്കേതികസാധ്യതകളെ വളരുന്ന തലമുറ പോസിറ്റീവായി പ്രയോജനപ്പെടുത്തുകയുള്ളൂ.  അല്ലെങ്കില്‍ നെറ്റിന്റെ നെഗറ്റീവ് ലോകത്തേക്ക് അവര്‍ ആനയിക്കപ്പെട്ടുപോകും.  ഇപ്പോള്‍ മിക്ക സ്കൂളുകളിലും  കമ്പ്യൂട്ടറുകള്‍ പ്രോജക്റ്ററുകള്‍ എല്ലാം ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അവയൊക്കെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം പല മാഷ്മ്മാര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.  എല്ലാ സ്കൂളുകളിലും ഓരോ ക്ലാസിനും ബ്ലോഗ് തുടങ്ങുകയാണ് അതിന് പ്രതിവിധി.  ഓരോ ക്ലാസിനും ഓരോ ബ്ലോഗ്. ആ ബ്ലോഗിന് ക്ലാസില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഡ്‌മിനുകള്‍.  അങ്ങനെയുള്ള ഒരു സംരഭത്തിന് അന്നേ ദിവസം മൂത്തേടത്ത് ഹൈസ്കൂളിന് ബ്ലോഗ് തുടങ്ങിക്കൊണ്ട് ആരംഭം കുറിക്കാനും ഉദ്ദേശിക്കുന്നു.  ഇതിനൊന്നും ആധികാരികമായ സമിതി ഒന്നുമില്ല. ആര്‍ക്കും സഹകരിക്കാമെന്ന് മാത്രം. തല്‍ക്കാലം ഈ പരിപാടി കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കാന്‍ വേണ്ടി സഹകരിക്കുന്നവരെ ഏകോപിപ്പിക്കാനാണ് എന്റെ ശ്രമം. ഇതിനകം ചില സ്കൂളുകളില്‍ സ്കൂളിന്റെ പേരില്‍ ബ്ലോഗ് തുടങ്ങിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. അത് പോര. ഇഷ്ടം പോലെ സ്പെയിസ് ഇന്റര്‍നെറ്റില്‍ ഉണ്ടല്ലൊ.

വിവരസാങ്കേതികവിദ്യ നമ്മള്‍ നോക്കിനില്‍ക്കെ ഓരോ സെക്കന്റിലും പുതിയ പുതിയ രൂപഭാവങ്ങളോടെ വികാസം പ്രാപിച്ച് പരിണമിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഇതിന്റെ സാധ്യതകള്‍ വളരെ കുറച്ച് മാത്രമേ നമ്മള്‍ പ്രയോജനപ്പെടുത്തുന്നുള്ളൂ.  എന്തൊക്കെ ചെയ്യാന്‍ പറ്റും.  സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലതും ചെയ്യാന്‍ പറ്റും. നമ്മളൊക്കെ ഒരു കയ്യെഴുത്ത് മാസിക തുടങ്ങാന്‍ പെട്ട പാട് എത്രയാണ്? കുട്ടികളുടെ ഇന്നത്തെ സൃഷ്ടികള്‍, ഗ്രൂപ്പ് ഫോട്ടോകള്‍, ക്ലാസിലെ അനുഭവങ്ങള്‍ അങ്ങനെ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും ഒക്കെ ബ്ലോഗില്‍  ടെക്സ്റ്റായി എഴുതുകയും  ഫോട്ടോകളായും വീഡിയോകളായും അപ്‌ലോഡ് ചെയ്യാമല്ലൊ. പിന്നെ അവര്‍ ലോകത്ത് എവിടെ പോയാലും അതൊക്കെ പിന്നെയും പിന്നെയും കാണാമല്ലൊ. ഇന്റര്‍നെറ്റ് ഇന്നത്തെ തലമുറയ്ക്ക് ലഭിച്ച അപൂര്‍വ്വമായ വരമാണ്. അത് നമ്മുടെ സന്തോഷത്തിനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നന്മകള്‍ പ്രചരിപ്പിക്കാനും വേണ്ടി ഉപയോഗപ്പെടുത്തണം.  ലോകം ഒരു വിരല്‍ത്തുമ്പില്‍ എന്ന വാക്ക് ഇന്നൊരു ക്ലീഷേ ആയല്ലൊ.

ഇന്ന് വീട്ടില്‍ നെറ്റ് കണക്‍ഷന്‍ എടുക്കാന്‍ ചില രക്ഷിതാക്കളെങ്കിലും  ഭയപ്പെടുന്നുണ്ട്. തെറ്റായ രീതിയില്‍ നെറ്റ് എത്രയോ കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്.  നമ്മള്‍ കുട്ടികള്‍ക്ക് നല്ല വഴി കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. ശരിയായ ട്രാക്കില്‍ നടക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചാല്‍ പിന്നെ അവര്‍ വഴി തെറ്റുകയേയില്ല.  എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കുട്ടികള്‍ക്ക് നിഷേധിക്കുകയല്ല വേണ്ടത്.  നല്ല രീതിയില്‍ വിജ്ഞാനത്തിനും വിനോദത്തിനും നെറ്റ് ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ക്ലാസിലെ ബ്ലോഗ് കുട്ടികള്‍ അദ്ധ്യാപകരെയും  രക്ഷിതാക്കളെയും എല്ലാം കാണിക്കട്ടെ.  ഒരു സമാന്തരമാധ്യമമായും നെറ്റ് അനുക്രമം വളരുകയാണ്. അവനവന്‍ പ്രസാധനത്തിന്റെ അനന്തസാധ്യതകള്‍ കുട്ടികള്‍ ക്ലാസ്സ് മുറികളില്‍ നിന്ന് ശീലിച്ച് നല്ല പൌരന്മാരായി വളരട്ടെ.

ലീല ടീച്ചര്‍ ഒരു ബ്ലോഗറും കൂടിയാണ്.  പ്രൊഫൈല്‍ ഇവിടെ . അത്കൊണ്ട് 28.8.10 ശനിയാഴ്ച  എത്തിപ്പെടാന്‍ സാധിക്കുന്ന ബ്ലോഗര്‍മാരും അന്ന് തളിപ്പറമ്പില്‍ എത്തിച്ചേരുക.  വിശദമായി വീണ്ടും എഴുതാം.

സസ്നേഹം,
കെ.പി.എസ്.

“മോഹപ്പക്ഷി” പ്രകാശനവും ബ്ലോഗ് മീറ്റും ; കണ്ണൂര്‍ സംഭവം

ത്രയും  പ്രൌഢഗംഭീരമായ ഒരു പുസ്തകപ്രകാശനച്ചടങ്ങിന് (14.8.2010) കണ്ണുര്‍ ഇത് വരെ സാഷ്യം വഹിച്ചിട്ടുണ്ടാവില്ല.  അത്രയും ഉജ്ജ്വലവും  എന്നാല്‍ ആദ്യാവസാനം വികാരനിര്‍ഭരവും ഹൃദയസ്പര്‍ശിയുമായിരുന്നു ചടങ്ങ്.  പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കേണ്ടിയിരുന്ന പി.വത്സല എന്തോ അസൌകര്യം നിമിത്തം എത്തിച്ചേര്‍ന്നില്ല.  അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത് നോവലിസ്റ്റ് എന്ന നിലയിലും സാഹിത്യാക്കാദമി അദ്ധ്യക്ഷ എന്ന നിലയിലും മാത്രമല്ല പൊതുരംഗത്ത് ഇടപെടുന്ന മനുഷ്യസ്നേഹി എന്ന നിലയില്‍  വ്യക്തിപരമായി തന്നെ അവര്‍ക്ക് കനത്ത നഷ്ടമാണ് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.  മണമ്പൂര്‍ രാജന്‍ ബാബുവാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.  സംസാരമധ്യേ രാജന്‍ ബാബു പറഞ്ഞു , ഞാന്‍ ഇത് വരെ ബ്ലോഗ് എന്തെന്ന് മനസ്സിലാക്കിയിട്ടില്ല. ഒരു ദിവസം ഗൂഗിളില്‍ എന്റെ പേര്‍ സെര്‍ച്ച് ചെയ്തപ്പോള്‍ എന്റെ സൃഷ്ടികളുടെ ലിങ്കുകള്‍ കാണാന്‍ കഴിഞ്ഞത് അത്ഭുതപ്പെടുത്തുകയുണ്ടായി എന്ന്.  ഫിലിം ഫെസ്റ്റിവലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ചടങ്ങിന്റെ ഒരുക്കങ്ങള്‍ എന്ന് അദ്ദേഹം പ്രകീര്‍ത്തിച്ചു. ശാന്തടീച്ചറുടെ സഹോദരന്‍ മധുകുമാര്‍ ആണ് ചടങ്ങിന്റെ ഓര്‍ഗനൈസര്‍ . അപാരമായ സംഘാടനപാടവം തന്നെ.  മധുകുമാര്‍ ആയിരുന്നു പാപ്പിനിശ്ശേരിയിലെ മാന്‍‌ഗ്രോവ് തീം പാര്‍ക്കിന്റെ ഡിസൈനര്‍ എന്ന് പറഞ്ഞാല്‍ പുള്ളിയുടെ കഴിവിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടല്ലൊ.  എല്ലാറ്റിനും കുറ്റമറ്റ പ്രൊഫഷനല്‍ ശൈലി.  ആശംസാപ്രാസംഗികരെ വേദിയിലേക്ക് ആനയിക്കുന്നത് മുതല്‍  നന്ദിപ്രസംഗം വരെ ആ മികവ് കാണാം.   


സ്റ്റേജിന്റെ തൊട്ട് താഴെ ഒരു കസേര സംഘടിപ്പിച്ച് ഞാന്‍ ഇരുന്നു. ഹാരൂണ്‍ക്ക  ഇടത്തെ റോയില്‍ വീല്‍ ചെയറില്‍ ഇരിക്കുന്നുണ്ടായിരുന്നു.  ചിത്രകാരന്‍ സദസിന്റെയും മറ്റും ഫോട്ടോകള്‍ എടുക്കുന്നുണ്ടായിരുന്നു. ചടങ്ങിനെ പറ്റി നാളത്തെ പത്രങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ഉണ്ടാകും. ഞാന്‍ അതിലേക്ക് കടക്കുന്നില്ല.  ഇതിനിടയില്‍ ചില ബ്ലോഗര്‍മാര്‍ എത്തിയിരുന്നു.  ഒരു ബ്ലോഗ് മീറ്റ് അവര്‍ പ്രതീക്ഷിച്ചെങ്കിലും  ചടങ്ങ് തീരുന്നതിനിടയില്‍ ചില കുശലം പറച്ചിലോട് കൂടി മീറ്റ് ഞങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.  ഹാരൂണ്‍ക്കക്ക് പുറമേ ഞാന്‍ , ചിത്രകാരന്‍ , കൊട്ടോട്ടിക്കാരന്‍ , തണല്‍ ,  കുമാരന്‍ , ഒരു യാത്രികന്‍ ,വിജയകുമാര്‍ ബ്ലാത്തൂര്‍ ,  മിനി ടീച്ചര്‍ , ലീല ടീച്ചര്‍ ,  ബോബന്‍ പിന്നെ ചിലരും എത്തിയിരുന്നു.  പിരിയാന്‍ നേരത്തും ബ്ലോഗ് മീറ്റ് ഇവിടെയല്ലേ എന്ന് ഒന്ന് രണ്ട് പേര്‍ അന്വേഷിക്കുന്നത് കണ്ടു.  തിരക്കിനിടയില്‍ പരിചയപ്പെട്ട ചില ബ്ലോഗേര്‍സിന്റെ പേര് മറന്നു പോയി.  ശരിക്ക് പറഞ്ഞാല്‍ ഒരു ബ്ലോഗ് മീറ്റിന് ആളുണ്ടായിരുന്നു. യാതൊരു തയ്യാറെടുപ്പും ഇല്ലാതിരുന്നിട്ടും ഇത്രയും പേര്‍ വന്നില്ലേ. പക്ഷെ പ്രകാശനച്ചടങ്ങില്‍ ബ്ലോഗ് മീറ്റ് മുങ്ങിപ്പോയി എന്ന് പറയാം.  ചടങ്ങ് വീക്ഷിച്ചുകൊണ്ടിരിക്കേ, പ്രസംഗങ്ങള്‍ കേട്ടുകൊണ്ടിരിക്കേ  നമ്മള്‍ പെരുമപ്പെടുന്ന ബ്ലോഗ് , ബൂലോഗം എത്ര ചെറുതാണ് നിസ്സാരമാണ് എന്ന അപകര്‍ഷബോധമായിരുന്നു എന്റെ മനസ്സില്‍ . പക്ഷെ മറുപടി പ്രസംഗത്തില്‍ ശാന്ത ടീച്ചര്‍ പറഞ്ഞു ബ്ലോഗ് ആണ് എന്റെ ശക്തിസ്രോതസ്സ്.  എല്ലാവരും ബ്ലോഗ് തുടങ്ങണം  എന്ന് അവര്‍ സദസ്സിനോട് നിര്‍ദ്ദേശിച്ചു.


കുമാരസംഭവങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. ഉപമകളുടെ രാജാവാണ് കുമാരന്‍ .  എവിടെ നിന്നാണ് കുമാരന് ഇങ്ങനെ ഉപമകള്‍ കിട്ടുന്നത് എന്ന് ഞാന്‍ അതിശയിക്കാറുണ്ട്. കണ്ണൂരിന്റെ തനത് ശൈലിയില്‍ എഴുതുന്ന കുമാരന്റെ ബ്ലോഗിന്റെ പതിവ് വായനക്കാരനാണ് ഞാന്‍ . പക്ഷെ  കമന്റുകള്‍ ഒന്നും എഴുതാറില്ല. നര്‍മ്മം ആസ്വദിക്കാനല്ലാതെ അതെഴുതാനുള്ള കഴിവില്ല. അതാണ് ഗൌരവമുള്ള ചര്‍ച്ചകളില്‍ മാത്രം കമന്റുകള്‍ എഴുതാറ്.  വിട പറയുമ്പോള്‍ കുമാരന്‍ പറഞ്ഞു , ഇനി കൊല്ലല്ലേ എന്ന്.  ഞാന്‍ ആദ്യമായി കുമാരന്റെ ബ്ലോഗില്‍ ഒരു വിവാദക്കമന്റ് എഴുതിയിരുന്നു. പോയപ്പോള്‍ തോന്നി ഒരു ഉമ്മ വെക്കാമായിരുന്നു. കുമാരന്‍ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന കുട്ടികളെ പോലുള്ള നിഷ്കളങ്കമുഖം. എഴുത്ത് എന്നൊക്കെ പറയുന്നത് നൈസര്‍ഗ്ഗികമായി കിട്ടുന്ന കഴിവാണ്.  അനുഗൃഹീതനായ എഴുത്തുകാരനാണ് കുമാരന്‍ . 


നീട്ടുന്നില്ല.  ഞാന്‍ എടുത്ത കുറച്ചു ഫോട്ടോകള്‍ താഴെ ഇടാം.  പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് മണമ്പൂര്‍ രാജന്‍ ബാബു,  മോഹപ്പക്ഷിയിലെ ഒരു കവിത ചൊല്ലിയതിന്റെ വീഡിയോ അവസാനം ചേര്‍ക്കുന്നുണ്ട്.



അവസാനത്തെ ഫോട്ടം മുതലാണ് പേരെഴുതി വന്നത്, നോക്കുമ്പോള്‍ ഇതാ നില്‍ക്കുന്നു മിനി ടീച്ചര്‍ , കുമാരസംഭവം, തണല്‍ ... താഴോട്ട് വന്നോ ഇവരെ വീണ്ടും കാണാം. ഞാന്‍ കുറച്ചു ഫോട്ടോകളേ എടുത്തിട്ടുള്ളൂ.

മിനിടീച്ചറുടെ ക്യാമറയില്‍ ഞങ്ങള്‍


കുമാരനെ അറിയാമല്ലൊ അല്ലേ, അടുത്തത് തണല്‍ എന്ന ബ്ലോഗര്‍ ( ഇസ്മൈല്‍ കുറുമ്പടി എന്ന പേര് ധൈര്യപൂര്‍വ്വം എഴുതിക്കോ എന്ന് നമ്മുടെ സ്വന്തം ഹാരൂണ്‍ക്ക. പരിചയപ്പെട്ടപ്പോള്‍ ബ്ലോഗിന്റെ യു.ആര്‍.എല്‍.ചോദിക്കാന്‍ വിട്ട് പോയി. ഗൂഗ്‌ള്‍ ചെയ്തപ്പോള്‍ നെറ്റില്‍ വേറെയും തണല്‍ ഉണ്ടായിരുന്നു.), മീറ്റ് എവിടെയുണ്ടോ അവിടെ പാഞ്ഞെത്തുന്ന കൊട്ടോട്ടിക്കാരന്‍ ..........


കൊട്ടോട്ടിക്കാരന്‍ , കഥകളുടെ രാജ“കുമാരന്‍” , ഒരു യാത്രികനും യാത്രികന്റെ സഹയാത്രികയും പിന്നെ, പേരു ചോദിച്ചിരുന്നു ശബ്ദകോലാഹത്തില്‍ കേട്ടില്ല. ആളൊരു കൊച്ചു യാത്രികന്‍ ആണെന്ന് കണ്ടാലറിയാമല്ലൊ. (യാത്രികന്റെയും സഹയാത്രികയുടെയും കുഞ്ഞുയാത്രികന്റെയും സാ‍ഹസങ്ങള്‍ ഇവിടെ കാണുക)


ചിത്രകാരന്റെ ബ്ലോഗില്‍ നിന്ന് അടിച്ചുമാറ്റിയ ഒരു ഫോട്ടോ ആണ് ഇത്. കുമാരന്‍ , ഒരുയാത്രികന്‍ എന്ന വിനീത്, പിന്നെ ഈ ഞാനും വിജയകുമാര്‍ ബ്ലാത്തൂരും. എന്നെ കണ്ടപ്പോള്‍ പ്രായം കുറഞ്ഞ പോലെ ഉണ്ടെന്നാണ് ചിത്രകാരന്റെ കമന്റ്. കഴിഞ്ഞ വര്‍ഷം ഇതേ ആഗസ്റ്റ് മാസം ഒരു സ്പൈന്‍ സര്‍ജ്ജറിക്ക് ശേഷം ആദ്യമായി എന്നെ കാണുകയാണ്  ചിത്രകാരന്‍. വിജയകുമാര്‍ ബ്ലാത്തൂരിനെ കുറിച്ച് ഏറെ പറയാനുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകന്‍. പരിസ്ഥിതിപഠനവുമായി വടക്കേ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞ് ഞാനും വിജയകുമാറും ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് വന്നു. കുറെ നേരം സംസാരിച്ചിരുന്നു. ഈ വീട്ടിലായിരുന്നു ബ്ലോഗര്‍മാര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കാമെന്ന് ഞാന്‍ കരുതിയിരുന്നത്. പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തില്‍ കണ്ണുരില്‍ എല്ലാ സ്കൂളുകള്‍ക്കും ബ്ലോഗ് ഉണ്ടാക്കുന്ന ഒരു പ്രോജക്റ്റിനെ പറ്റി ആലോചിക്കാമെന്ന് പറഞ്ഞാണ് ഞാന്‍ വിജയനെ യാത്രയാക്കിയത്.


ഇതും ചിത്രകാരന്റെ ഫോട്ടോ തന്നെ. ഞാനും കുമാരനും ആദ്യമായി പരിചയപ്പെടുന്നു. നടുവില്‍ മിനിടീച്ചര്‍. ആദ്യമായി ബ്ലോഗില്‍ വന്ന് എന്നെ കൊന്ന് കളഞ്ഞല്ലോ എന്ന് കുമാരന്‍ പറഞ്ഞു. ഇടപ്പള്ളി മീറ്റുമായി ബന്ധപ്പെട്ട് കുമാരന്റെ കുമാരസംഭവം എന്ന ബ്ലോഗില്‍ അനോനിത്തത്തിനെതിരെ ഞാന്‍ ഒരു കമന്റ് എഴുതിയിരൂന്നു. അതാണ് കുമാരന്‍ അങ്ങനെ പറഞ്ഞത്. കുമാരനെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ഒരു വെബ്ഡയറി എന്ന നിലയിലാണെങ്കില്‍ ബ്ലോഗില്‍ ആര്‍ക്കും എന്ത് പേരും സ്വീകരിക്കാം. അത് അവരുടെ പ്രൈവസിയുടെ കാര്യം. എന്നാല്‍ മറ്റുള്ളവരുടെ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തുമ്പോഴോ പൊതുകാര്യങ്ങളില്‍ ഇടപെട്ട് എഴുതുമ്പോഴോ ഐഡന്റിറ്റി വെളിപ്പെടുത്തണം എന്നത് എന്റെ ഒരു നയമാണ്. അത് ധാര്‍മ്മികതയുടെ പേരില്‍ പറയുന്നതാണ്. അങ്ങനെ പറയുന്നതിന്റെ പേരില്‍ എന്നെ ബ്ലോഗര്‍മാര്‍ കല്ലെറിയാതിരിക്കണം.


ഹാരൂണ്‍ക്ക, ലീല ടീച്ചര്‍ , മിനി ടീച്ചര്‍. ലീല ടീച്ചറെ  കുറിച്ചും കുറെ പറയാനുണ്ട്. റേഡിയോ ആര്‍ട്ടിസ്റ്റായിരുന്നു. നോവലുകള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീയെല്ലെസ്സ് ബുക്സ് എന്ന പേരില്‍ പുസ്തകപ്രസാധനശാല നടത്തുന്നുണ്ട്. ബിനു ദേവസ്യയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരുന്ന 28ന് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ച് രണ്ട് പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ പോകുന്നു. അന്നേ ദിവസം വിപുലമായൊരു ഇന്റര്‍നെറ്റ് കൂട്ടായ്മ സംഘടിപ്പിക്കാമെന്ന് തോന്നുന്നു. ബ്ലോഗ് മാത്രമല്ല ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റിയിലെയും സുഹൃത്തുക്കള്‍ക്ക് പങ്കെടുക്കാമല്ലൊ.



ഹാരൂണ്‍ക്ക (ഒരുനുറുങ്ങ്) ആശംസ നേരുന്നു. വെറും വാക്കുകള്‍ അല്ല എന്താ പറയുക, ഹൃദയരക്തത്തില്‍ ചാലിച്ച .... നിങ്ങള്‍ പൂരിപ്പിക്കുക




ശാന്ത ടീച്ചറുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും തുളുമ്പുന്ന മറുപടി .. ഇത് വരെയായി നിങ്ങളുടെ കൈകളും തോളും എനിക്ക് താങ്ങായി നല്‍കി: ഇനി അത് പോര ഹൃദയവും താങ്ങായി നല്‍കണം.. വികാരനിര്‍ഭരമായ വാക്കുകള്‍




ഇനി മണമ്പൂര്‍ രാജന്‍ ബാബു, ടീച്ചറുടെ ഒരു കവിത ചൊല്ലുന്നത് കേള്‍ക്കാം.  

ഈ ബ്ലോഗര്‍ക്ക് ആശംസകള്‍ നേരാം

ആഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വെച്ച് ശാന്ത ടീച്ചറുടെ മോഹപ്പക്ഷി എന്ന കവിതാസമാഹാരം സാഹിത്യാക്കാദമി അദ്ധ്യക്ഷ ശ്രീമതി പി.വത്സല പ്രകാശനം ചെയ്യുമ്പോള്‍ ഒരു ബ്ലോഗര്‍ കൂടി അക്ഷരങ്ങളുടെ ലോകത്ത് സ്ഥിരപ്രതിഷ്ഠ നേടുകയാണ്. അക്ഷരങ്ങളെ ആയുധമാക്കി പ്രതികൂലസാഹചര്യങ്ങളെ ഇച്ഛാശക്തികൊണ്ട് കീഴ്പ്പെടുത്തി ഒരു മാതൃകാദ്ധ്യാപികയും ബ്ലോഗറുമായ അവരെ പറ്റി ഇന്നത്തെ പത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടുകൂടി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ബ്ലോഗിന്റെ മുതല്‍ക്കൂട്ടും അഭിമാനവുമാണ് ശാന്തടീച്ചര്‍. നമുക്ക് അവര്‍ക്ക് ഹാര്‍ദ്ധമായ ആശംസകള്‍ നേരാം.

(ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open link in new tab സെലക്റ്റ് ചെയ്താല്‍ പത്രറിപ്പോര്‍ട്ട് വേറെ വിന്‍ഡോയില്‍ വലുപ്പത്തില്‍ വായിക്കാം)

ബ്ലാക്ക്ബെറിയെ പറ്റി ....

ചിത്രത്തില്‍ കാണുന്ന പോലെയുള്ള ഒരു ബ്ലാക്ക്ബെറി ഫോണ്‍ എന്റെ കൈവശവുമുണ്ട്.  മോഡല്‍ ബോള്‍ഡ് 9700.  ഇന്ത്യയില്‍ ഇത് കറുപ്പ് വെള്ള എന്നിങ്ങനെ രണ്ട് കളറില്‍ കിട്ടും. വില ഏകദേശം 31000 രൂപയോളം വരും.  ബ്ലാക്ക്ബെറി ഫോണ്‍ നിരോധിക്കുന്നു എന്ന മട്ടിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു.  സത്യാവസ്ഥ എന്താണെന്ന് പറയാനാണ്  ഈ കുറിപ്പ്.  സൌദി അറേബ്യയിലും യു.ഏ.ഇ.യിലും   നിരോധിച്ചു കഴിഞ്ഞു. ഇന്ത്യയിലും നിരോധിക്കാന്‍ പോകുന്നു എന്നൊക്കെ തോന്നിക്കും വിധമാണ് വാര്‍ത്തകള്‍.  അച്ഛാ ബ്ലാക്ക്ബെറി നിരോധിക്കുന്നല്ലോ എന്ന് എന്റെ മകള്‍ തന്നെ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതാമെന്ന് തോന്നിയത്.

ഒന്നാമത്തെ കാര്യം  ബ്ലാക്ക്ബെറി ഫോണ്‍ അല്ല നിരോധിക്കുന്നത് , ബ്ലാക്ക്ബെറിയുടെ പേഴ്സണല്‍ മെയില്‍ സര്‍വീസ്സ് മാത്രമാണെന്നതാണ്. സൌദിയിലും യു.ഏ.ഇ.യിലും അതെ.  ഇന്ത്യ നിരോധിക്കുമോ എന്നറിയില്ല.  സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ബ്ലാക്ക്ബെറിയുടെ പ്രതിനിധികളോ ബ്ലാക്ക്ബെറി ഇന്റര്‍നെറ്റ് സര്‍വീസ്സ് ദാതാക്കളായ എയര്‍ടെല്‍ വോഡാഫോണ്‍ എന്നീ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തില്ല എന്നാണ് പത്രറിപ്പോര്‍ട്ടില്‍ കാണുന്നത്. ബി.എസ്.എന്‍.എല്ലും  ബ്ലാക്ക്ബെറി ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറാണ്.  ഇനി അഥവാ ബ്ലാക്ക്ബെറിയുടെ പേഴ്സനല്‍ മെയില്‍ സര്‍വീസ് നിരോധിച്ചാലും ബ്ലാക്ക്ബെറിയുടെ ഉപയോക്താക്കളെ അത് കാര്യമായി ബാധിക്കില്ല.

ബ്ലാക്ക്ബെറി ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ്. സാധാരണയായി ലാപ്‌ടോപ്പില്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഒക്കെ മൊബൈല്‍ ഫോണിലും  ചെയ്യാന്‍ സാധിക്കുന്ന ഫോണുകളെയാണ് സ്മാര്‍ട്ട് ഫോണ്‍ എന്ന് പറയുന്നത്.   മൊബൈല്‍ ഫോണുകളില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനും ചാറ്റ് ചെയ്യാനും മെയിലുകള്‍ അയക്കാനും ഒക്കെ സാധിക്കുന്നുണ്ട്. ആപ്പിള്‍ കമ്പനിയുടെ  ഐഫോണ്‍ പോലുള്ള  സ്മാര്‍ട്ട് ഫോണുകളിലും ഈ സൌകര്യം ഉണ്ട് എന്ന് പ്രത്യേകം പറയേണ്ടല്ലൊ.  ഈ ഫോണുകളില്‍ ഒക്കെ നെറ്റ് ബ്രൌസ് ചെയ്യുന്നതും  ഇന്‍സ്റ്റന്റ് മെസ്സേജും മെയിലുകളും  അയക്കുന്നതും  ചാറ്റ് ചെയ്യുന്നതും ഒക്കെ GPRS  മൂലമാണെന്ന് നെറ്റ് കൈകാര്യം ചെയ്യുന്നവര്‍ക്ക് അറിയാം.  എന്നാല്‍ ബ്ലാക്ക്ബെറിയില്‍ GPRS പ്രവര്‍ത്തിക്കില്ല.  അവര്‍ക്ക് അതിനായി പ്രത്യേകം സര്‍വര്‍ ഉണ്ട്. ക്യാനഡയിലെ റിസര്‍ച്ച് ഇന്‍ മോഷന്‍ (RIM) എന്ന കമ്പനിയാണ് ബ്ലാക്ക്ബെറി നിര്‍മ്മിക്കുന്നത് എന്നറിയാമല്ലൊ. ക്യാനഡയില്‍  ആണ് ഇപ്പറഞ്ഞ സര്‍വര്‍ ഉള്ളത്.  ഈ സര്‍വര്‍ മുഖാന്തിരമാണ് ബ്ലാക്ക്ബെറി ഫോണില്‍ ഇന്റര്‍നെറ്റ് എത്തുന്നത്.  അവിടെയാണതിന്റെ കാര്യം.

ഇങ്ങനെ ബ്ലാക്ക്ബെറിയുടെ സര്‍വറിലൂടെ ബ്ലാക്ക്ബെറി ഫോണില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് BIS (ബ്ലാക്ക്ബെറി ഇന്റര്‍നെറ്റ് സര്‍വീസ്) എന്ന് പറയുന്നു.  ഈ ബിസ് പ്ലാന്‍ എടുത്താല്‍ മാത്രമേ  ബ്ലാക്ക്ബെറിയില്‍ നെറ്റ് ബ്രൌസ് ചെയ്യാന്‍ പറ്റുകയുള്ളൂ.  നിലവില്‍ ബി.എസ്.എന്‍.എല്‍,  എയര്‍ടെല്‍, വോഡാഫോണ്‍ എന്നീ കമ്പനികള്‍ ബിസ് പ്ലാന്‍ പ്രൊവൈഡ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞല്ലൊ.  രണ്ട് തരം പ്ലാനുകളാണ് ഉള്ളത്.  ഒന്ന് പേഴ്സനല്‍ മെയില്‍ മറ്റൊന്ന് ലിമിറ്റഡും അണ്‍‌ലിമിറ്റഡും ആയ ബ്രൌസിങ്ങ് പ്ലാന്‍.  മെയില്‍ പ്ലാന്‍ എടുക്കുന്നവര്‍ക്ക് അണ്‍‌ലിമിറ്റഡ് ആയി മെയില്‍ അയക്കാം, റസീവ് ചെയ്യാം, ഫയലുകള്‍ അപ്‌ലോഡുകയും ഡൌണ്‍‌ലോഡുകയും ചാറ്റുകയും ഒക്കെ ആവാം.  ഇന്റര്‍നെറ്റ് ബ്രൌസിങ്ങ് ഇല്ല. അണ്‍‌ലിമിറ്റഡ് പ്ലാനില്‍ എല്ലാം അടങ്ങും.

Push Technology  സങ്കേതം ഉപയോഗിച്ചാണ് ബ്ലാക്ക്ബെറി സര്‍വറില്‍ നിന്ന് മെയിലുകളും  ഇന്‍സ്റ്റന്റ് മെസ്സേജുകളും  ഫോണുകളിലേക്ക് വരുന്നത്. അത്കൊണ്ട് തന്നെ ഹൈസ്പീഡ് ആണ്.  ഒന്ന് പരീക്ഷിക്കാന്‍ വേണ്ടി ഞാന്‍ എയര്‍ടെല്ലിന്റെ മെയില്‍ പ്ലാന്‍ എടുത്തിരുന്നു.  ഇങ്ങനെ അയക്കുന്ന മെയിലുകളും ഇന്‍സ്റ്റന്റ് മെസ്സേജുകളും  സുരക്ഷാകാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശോധിക്കാന്‍ കഴിയുന്നില്ല.  ദേശവിരുദ്ധര്‍ക്ക് ഈ  സങ്കേതം ഉപയോഗപ്പെടുത്തി രാജ്യദ്രോഹപരമായ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. സര്‍ക്കാരിന് അവ ട്രേസ് ചെയ്യാന്‍ കഴിയില്ല.  അതിനൊരു പരിഹാരം കാണാനാണ് ചര്‍ച്ചകള്‍ നടത്തുന്നത്.  ഇന്ത്യയില്‍ സര്‍വര്‍ സ്ഥാപിക്കുക, അല്ലെങ്കില്‍ സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള പാസ്സ്‌വേഡ് കൈമാറുക തുടങ്ങിയ ഉപാധികളാണെന്ന് തോന്നുന്നു സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.

ഇനി അഥവാ  സുരക്ഷ ഉറപ്പാക്കാന്‍ ബ്ലാക്ക്ബെറി കമ്പനിക്ക്  സാധിക്കുന്നില്ലെങ്കില്‍ തന്നെ ബ്ലാക്ക്ബെറിയുടെ മെയില്‍ സര്‍വീസ് മാത്രമേ നിര്‍ത്തലാക്കുകയുള്ളൂ.  ബ്ലാക്ക്ബെറിയില്‍ ഗൂഗ്‌ള്‍ , യാഹൂ , വിന്‍ഡോസ് ലൈവ് കൂടാതെ ബ്ലാക്ക്ബെറി മെസ്സഞ്ചര്‍ വേറെ ഒന്നുണ്ട്.  സര്‍ക്കാരിന് പിടി തരാത്ത മെസ്സഞ്ചര്‍ സംവിധാനം.  പറഞ്ഞുവരുന്നത് ബ്ലാക്ക്ബെറിയില്‍ മെയില്‍ സര്‍വീസ് മാത്രമാണ് നിര്‍ത്തലാക്കുക എന്നും ഇന്റര്‍നെറ്റ് ബ്രൌസിങ്ങ് പതിവ് പോലെ തുടരും എന്നുമാണ്. സൌദിയിലും യു.ഏ.ഇ.യിലും അങ്ങനെ തന്നെയായിരിക്കുമെന്നാണ് എന്റെ നിഗമനം. കാരണം  ബ്ലാക്ക്ബെറിയില്‍ ഇന്റര്‍നെറ്റ് ബ്രൌസിങ്ങ് നിരോധിച്ചത്കൊണ്ട് എന്ത് കാര്യം?  എന്തിന് നിരോധിക്കണം?  ബ്ലാക്ക്ബെറിയുടെ  മെസ്സേജിങ്ങ് സിസ്റ്റം മാത്രമാണ് സുരക്ഷാഭീഷണി ഉണ്ടാക്കുന്നത്. ആ സൌകര്യം ഇല്ലെങ്കിലും ഒരു സ്മാര്‍ട്ട് ഫോണ്‍ എന്ന നിലയില്‍ ബ്ലാക്ക്ബെറി ഉപയോഗിക്കാം.  ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാം. വൈ-ഫൈ ഉപയോഗിക്കാം.  വയര്‍ലസ്സ് മോഡമായി ഉപയോഗിക്കാം.  ഒന്നാംതരം  വീഡിയോ ക്യാമറ ഉണ്ട്.  എല്ലാറ്റിനുമുപരി വളരെ യൂസര്‍ഫ്രണ്ട്‌ലി ആണ്.

ബ്ലാക്ക്ബെറി ഫോണ്‍ പ്രചരിപ്പിക്കലോ,  മുപ്പതിനായിരം രൂപ കൊടുത്ത് അത് വാങ്ങാന്‍ ശുപാര്‍ശ ചെയ്യലോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.  പത്രങ്ങളില്‍ ബ്ലാക്ക്ബെറി നിരോധിക്കുന്നു എന്ന് തന്നെയാണ് വാര്‍ത്തകള്‍ വരുന്നത്.  അത് വായനക്കാരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.  ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നില്ല.  ബ്ലാക്ക്ബെറി മെയില്‍ സര്‍വീസ്സ് നിരോധിച്ചാലും  ആ ഫോണിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാട്ടാനാണ് എന്റെ ശ്രമം.  എന്നാലും ഈ ഫോണിന്റെ വില ഇത്രയധികമാകുന്നതിന് ഒരു നീതീകരണവുമില്ല.  ഒരു പക്ഷെ വില  ഗണ്യമായി കുറയും എന്നാണ് എനിക്ക് തോന്നുന്നത്.  പ്രത്യേകിച്ചും  പുതിയ പുതിയ ഫീച്ചറുകളുമായി  ഐഫോണും ഗൂഗ്‌ള്‍ ഫോണും ഒക്കെ രംഗത്തുള്ളപ്പോള്‍.  തെറ്റിദ്ധാരണാജനകമായ വാര്‍ത്തയ്ക്ക് ഒരു തിരുത്ത് മാത്രമാണ് ഈ പോസ്റ്റ് എന്ന് വീണ്ടും വ്യക്തമാക്കട്ടെ.


ഈ ലേഖനം ഞാന്‍ കെ.പി.സുകുമാരന്‍   ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ്   പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്

ബ്ലോഗും ഞാനും - 1

നമസ്ക്കാരം  കെ.പി.എസ്.  ബ്ലോഗിനെ പറ്റിയും നിങ്ങളുടെ ബ്ലോഗ് അനുഭവങ്ങളെ പറ്റിയും ചുരുക്കി ഒന്ന് പറയാമോ?

ബ്ലോഗ് നല്ലൊരു മാധ്യമമാണ്.  സ്വന്തം ആശയങ്ങളും അനുഭവങ്ങളും വീക്ഷണങ്ങളും  ആവിഷ്ക്കാരങ്ങളും ഒക്കെ ആരുടെയും അനുവാദമോ തിരുത്തലോ ഇല്ലാതെ ഏറ്റവും നൂതനമായ ഒരു പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കാനും അവയൊക്കെ സ്വമേധയാ ഒരു ഇഫോര്‍ട്ടും ഇല്ലാതെ വായനക്കാരെ തേടി പോവുകയും ചെയ്യുന്നു എന്നത് പലപ്പോഴും അവിശ്വസനീയമായിട്ടാണ് എനിക്ക് തോന്നാറുള്ളത്.  കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഈ ബ്ലോഗ് എന്ന മാധ്യമം ഉള്ളത്കൊണ്ടാണ് വിഷാദരോഗത്തിന് അടിമപ്പെടാതെ ഞാന്‍ കഴിഞ്ഞുകൂടുന്നത്. ഇപ്പോള്‍ ബ്ലോഗാണ് എന്റെ ഏറ്റവും വലിയ കൂട്ടുകാരന്‍ ...

ബ്ലോഗ് എഴുതാന്‍ തുടങ്ങിയതിന് ശേഷമുള്ള  അനുഭവങ്ങള്‍ ?

ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞു.  കേരളത്തില്‍ എവിടെ പോയാലും എനിക്ക് സുഹൃത്തുക്കളുണ്ട്.  അങ്ങനെയുള്ള സുഹൃത്തുക്കളില്‍ നിന്ന് വ്യക്തിപരമായ സഹായസഹകരണങ്ങളും കിട്ടിയിട്ടുണ്ട്.  തിരുവനന്തപുരത്ത് പോയപ്പോള്‍ അങ്കിള്‍ എന്ന ബ്ലോഗര്‍ സുഹൃത്തില്‍ നിന്നും കിട്ടിയ ഉപകാരം  വിലപ്പെട്ടതായിരുന്നു. നെറ്റില്‍ ഇടപെടുന്ന ഒട്ടുമിക്ക മലയാളികള്‍ക്കും എന്നെ അറിയാം. അതൊരു വലിയ നേട്ടമല്ലെ തികച്ചും സാധാരണക്കാരനായ , വിശേഷിച്ച് കഴിവുകള്‍ ഒന്നുമില്ലാത എന്നെ സംബന്ധിച്ച്. 

സൌഹൃദങ്ങളുടെ കാര്യം ശരി,  അതിനേക്കാളും ശത്രുക്കളുമുണ്ടല്ലൊ? 

ശത്രുക്കള്‍ എന്ന പ്രയോഗം ശരിയല്ല.  ഞാന്‍ ആരേയും അധിക്ഷേപിക്കാനോ വ്യക്തിപരമായി പരാമര്‍ശിച്ച് കമന്റെഴുതാനോ പോയിട്ടില്ല.  എന്റെ നിലപാടുകളും അഭിപ്രായങ്ങളും എന്റേതായ ഭാഷയില്‍ ബ്ലോഗില്‍ പോസ്റ്റുകളായും കമന്റുകളായും എഴുതുന്നു.  സ്വാഭാവികമായും  അതൊക്കെ രസിക്കാത്തവരും ഉണ്ടാകുമല്ലൊ. അത്തരക്കാര്‍ എന്റെ ശത്രുക്കളല്ല,എന്നോട് ശത്രുത ഭാവിക്കുന്നവരാണ്. പൊതുരംഗത്ത് , അത് ബ്ലോഗായാല്‍ പോലും  അഭിപ്രായം പറയുന്നവര്‍ ഇമ്മാതിരി ശത്രുത്വം ഏറ്റുവാങ്ങാന്‍ ബാധ്യസ്ഥരാണ്.  ആര്‍ക്കാണ് ശത്രുക്കള്‍ ഇല്ലാത്തത്?  

ജനാധിപത്യം പറയുകയും  അതേ സമയം എതിര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന കമന്റുകള്‍ വെട്ടിനിരത്തുന്നു എന്നും താങ്കളെ പറ്റി ബ്ലോഗോസ്ഫിയറില്‍ പൊതുവെ പരാതിയുണ്ടല്ലൊ?

എതിര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് ജനാധിപത്യരീതിയില്‍ പരസ്പരബഹുമാനത്തോടെയായിരിക്കണം എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്.  എല്ലാവര്‍ക്കും ഒരേ അഭിപ്രായം എന്നത് പ്രകൃതിക്ക് നിരക്കാത്തതാണ്.  വ്യത്യസ്തമായ അഭിപ്രായങ്ങളെ ആ രീതിയില്‍ കാണുന്നതിന് പകരം  തന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങളെ വിഡ്ഡിത്തമായും വിവരക്കേടുമായാണ് ചിലര്‍ കാണുന്നത്.  ഒരു മനുഷ്യനും വിവരക്കേടോ വിഡ്ഡിത്തമോ ഇല്ല എന്നാണ് എന്റെ അഭിപ്രായം.  ഒന്നാമത് വിവരം എന്നത് കേട് ആവുകയില്ല.  സഞ്ചിതവിവരങ്ങള്‍  നമുക്ക് ചുറ്റും സമുദ്രം പോലെ പരന്ന് കിടക്കുന്നു.  ആലങ്കാരികമായി പറഞ്ഞാല്‍ ഒരു വിവരപ്രളയത്തിന്റെ നടുക്കാണ് നമ്മള്‍ ജീവിയ്ക്കുന്നത്.  ഏറ്റക്കുറച്ചിലോടെ ഓരോരുത്തരും വിവരങ്ങള്‍ ശേഖരിക്കുന്നു.  ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയും ഓരോരുത്തരിലും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുകയും ചെയ്യുന്നു.  ഇങ്ങനെയല്ലാത്ത ആരുമില്ല.  എന്റെ അഭിപ്രായം എനിക്ക്. നിങ്ങളുടെ അഭിപ്രായം നിങ്ങള്‍ക്ക്. ഇതില്‍ വിവരക്കേടിന്റെയോ വിഡ്ഡിത്തത്തിന്റെയോ പ്രശ്നമില്ല.  ഇത് അംഗീകരിച്ചാല്‍ മാത്രമേ സഹിഷ്ണുതാപരമായ സംവാദം സാധ്യമാകൂ.  എന്നില്‍ വിഡ്ഡിത്തവും വിവരക്കേടും ആരോപിക്കുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യാറുണ്ട്.  അസഹിഷ്ണുതയുള്ളവര്‍ അത് പ്രകടിപ്പിച്ചുകൊണ്ടാണ് എന്റെ ബ്ലോഗില്‍ കമന്റുകള്‍ എഴുതാറുള്ളത്. അതേ നാണയത്തില്‍ ഞാനത് ഡിലീറ്റ് ചെയ്യുന്നു.  ജനാധിപത്യബോധം ഒരു ദൌര്‍ബല്യമായി കൊണ്ടുനടക്കാന്‍ ഞാന്‍ തയ്യാറാവുന്നില്ല. അത്രയേയുള്ളൂ.

ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ വിഷാദരോഗം ബാധിച്ചേനേ എന്ന് പറഞ്ഞല്ലൊ, ഒന്ന് വിശദീകരിക്കാമോ? 

ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നാല്‍ നമ്മള്‍ വിഷാദരോഗത്തിന് അടിമയായിപ്പോകും.  കുടുംബഭാരങ്ങള്‍ മക്കളെ ഏല്‍പ്പിച്ച് സ്വസ്ഥമായി ഇരിക്കുന്നവര്‍ നേരിടുന്ന ഒരു പ്രതിസന്ധിയാണിത്. വേണമെങ്കില്‍ സ്വത്വപ്രതിസന്ധി എന്ന് പറയാം.  ചെയ്ത് തീര്‍ക്കാന്‍ എന്തെങ്കിലും ഒരു ടാസ്ക് മുന്നില്‍ ഉണ്ടാവുക എന്നതാണ് ഇതിന് പ്രതിവിധി.  ഞാന്‍ വീട്ടുജോലികള്‍ പങ്ക് വയ്ക്കലായിരുന്നു പതിവ്. എനിക്കത് വളരെ ഇന്ററസ്റ്റിങ്ങ് ആയിരുന്നു.  പാത്രങ്ങള്‍ കഴുകുക, വസ്ത്രങ്ങള്‍ അലക്കുക, തൂത്തുവാരുക, മാറാലകള്‍ നീക്കം ചെയ്യുക ഇത്യാദി ജോലികള്‍ ഞാന്‍ സന്തോഷത്തോടെ ചെയ്യുമായിരുന്നു. വീട്ടുജോലികള്‍ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. സമമായ പങ്ക്,സമമായ ഉത്തരവാദിത്തം, സമമായ അവകാശം ഇതൊക്കെയാണ് എന്റെ കാഴ്ചപ്പാട്. നമ്മള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ഭേദപ്പെട്ട ഒരസ്തിത്വം ഇല്ല എന്ന തിരിച്ചറിവ് ഉള്ളവര്‍ക്കേ ഇത് മനസ്സിലാകൂ. അങ്ങനെയിരിക്കുമ്പോള്‍ ശാരീരികമായ വയ്യായ്മകള്‍ നിമിത്തം എനിക്ക് വീട്ടുജോലികള്‍ ചെയ്യാന്‍ കഴിയാതെ വന്നു. അപ്പോഴാണ് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും  തുണയായി മുന്നില്‍ എത്തുന്നത്. ഇപ്പോള്‍  എഴുതാനായി ഓരോ പോസ്റ്റുകള്‍ മനസ്സില്‍ ബാക്കി വെച്ചുകൊണ്ട്  വിരസത ഉണ്ടാക്കുന്ന വിഷാദരോഗത്തെ ഓവര്‍കം ചെയ്യുന്നു. 

താങ്കള്‍ മക്കളോടും പേരക്കുട്ടികളോടും ഒപ്പമാണല്ലൊ താമസിക്കുന്നത്. അപ്പോള്‍ വിരസത? വിഷാദരോഗം?

അതെ , കുടുംബജീവിതത്തില്‍ ഞാന്‍ അങ്ങേയറ്റം സംതൃപ്തനും സന്തുഷ്ടനുമാണ്. ആവശ്യത്തിലധികം എന്ന് തന്നെ  പറയാം സ്നേഹവും പരിഗണനയും എനിക്ക് മക്കളില്‍ നിന്ന് കിട്ടുന്നു. സദാ കൊച്ചുമക്കളുടെ സാമീപ്യവും.  ഇതൊക്കെ ഇക്കാലത്ത് അപൂര്‍വ്വമായ അനുഗ്രഹങ്ങളാണെന്ന് പറയേണ്ടതില്ലല്ലൊ. എന്നാലും ചെയ്യാന്‍ ഒരു ടാസ്ക്ക്. അത് ഏത് പ്രായത്തിലും മസ്റ്റ് ആണെന്ന് തോന്നുന്നു.  കുടുംബം പോറ്റാനും മക്കളെ വളര്‍ത്താനും മള്‍ട്ടി ടാസ്ക്ക് ഏറ്റെടുത്ത് കഠിനമായി പരിശ്രമിക്കുകയും  ഒരു ഘട്ടത്തില്‍ ഈ ടാസ്ക്കുകളില്‍ നിന്ന് വിരമിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഒരു ഗ്യാപ്പുണ്ട്.  അത് അനുഭവിച്ചാലേ മനസ്സിലാവൂ. വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ എനിക്ക് പണ്ടേ അസ്തിത്വസംബന്ധിയായ ദാര്‍ശനികചിന്തകളുടെ അലട്ടലുകളുമുണ്ടായിരുന്നു.  

ബ്ലോഗില്‍ ഓരോരുത്തരും അവരവരുടെ സൌകര്യം പോലെ പ്രൊഫൈല്‍ പേരുകള്‍ സ്വീകരിച്ച് ബ്ലോഗ് എഴുതുന്നു. എന്തിനാണ് അതിനെ എതിര്‍ക്കുന്നത്? 

എതിര്‍ക്കുന്നതല്ലല്ലൊ. അഭിപ്രായം പറയുന്നതല്ലെ.  എതിര്‍പ്പായി കാണുന്നതാണ് പ്രശ്നം.  ഇത് ഭാഷയുടെ പ്രശ്നമാണെന്ന് തോന്നുന്നു.  എങ്ങനെയാണ് നമുക്ക് എതിര്‍ക്കാന്‍ കഴിയുക? എതിര്‍പ്പ് എങ്ങനെയാണ് ബന്ധപ്പെട്ടവരെ ബാധിക്കുക?  ബ്ലോഗ് എഴുതുന്നവര്‍ സ്വന്തം ഐഡന്റിറ്റിയോടെ എഴുതണം എന്ന അഭിപ്രായം ഞാന്‍ ബ്ലോഗില്‍ എഴുതുന്നു.  ഒരു അഭിപ്രായത്തിന്റെ വിലയല്ലേ അതിനുള്ളൂ.  അത് അവഗണിച്ചാല്‍ എങ്ങനെയാണ് എതിര്‍ക്കുന്നതായി തോന്നുക.  അവഗണിക്കുന്നതിന് പകരം ചിലര്‍ ഞാനെന്തോ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പോലെ ധരിക്കുന്നു. അത് അപക്വത കൊണ്ടാണ്.  എന്റെ അഭിപ്രായങ്ങള്‍ പുറം ലോകത്തെ അറിയിക്കാനാണ് ബ്ലോഗിനെ ഞാന്‍ ഉപയോഗപ്പെടുത്തുന്നത്.  അത് വായിക്കുന്നവര്‍ എങ്ങനെ എടുക്കുന്നു എന്നത് എന്നെ അലോസരപ്പെടുത്തുന്നില്ല. അത്കൊണ്ടാണ് എനിക്ക് തുടര്‍ന്ന് ബ്ലോഗ് എഴുതാന്‍ സാധിക്കുന്നത്.  എന്റെ ബ്ലോഗ് വായിച്ച് പ്രൊഫൈലില്‍ സ്വന്തം പേര് പ്രദര്‍ശിപ്പിച്ച ബ്ലോഗര്‍മാരും ഉണ്ട്.  മുഴുവന്‍ പേരും അംഗീകരിക്കുന്ന ഒരഭിപ്രായം  ലോകത്ത് ആര്‍ക്കും ഇത് വരെയിലും പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.  എന്നെ അംഗീകരിക്കുന്നവരും ബ്ലോഗ് വായനക്കാരില്‍ ഉണ്ട് എന്നതാണ് എന്റെ പ്രചോദനം. 

(തുടരും)

ബ്ലോഗര്‍ സുഹൃത്തിന് ഒരു തുറന്ന കത്ത്

പ്രിയ സുഹൃത്തെ,

ഇനിയും നേരിട്ട് കണ്ടിട്ടില്ലെങ്കിലും നെറ്റില്‍ നമ്മള്‍ നല്ല സുഹൃത്തുക്കളാണ്.  എന്റെ ചില നിലപാടുകളോട് താങ്കള്‍ക്ക് വിയോജിപ്പുണ്ട്. അത് താങ്കള്‍ എന്റെ ബ്ലോഗില്‍ കമന്റായി രേഖപ്പെടുത്താറുമുണ്ട്. എന്നാലും നമ്മുടെ സൌഹൃദബന്ധത്തിന് കോട്ടം തട്ടിയിട്ടില്ല. ഭാവിയിലും ആ സൌഹൃദം തുടരുമെന്ന് പ്രത്യാശിച്ചുകൊണ്ടാണ് ഈ തുറന്ന കത്ത് എഴുതുന്നത്.  താങ്കളുടെ ബ്ലോഗിലെ  ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു “ലഗാന്‍‌” പുരാണം  എന്ന പോസ്റ്റ്  മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍  (2010 ആഗസ്റ്റ്15-31) പ്രസിദ്ധീകരിച്ചുവല്ലൊ. എനിക്ക് അങ്ങേയറ്റം സന്തോഷം തോന്നി ആ പോസ്റ്റ് ബ്ലോഗനയില്‍ കണ്ടപ്പോള്‍. എന്നാല്‍ അല്പം നിരാശയും തോന്നാതിരുന്നില്ല. താങ്കള്‍ക്കും തോന്നിക്കാണുമോ എന്നറിയില്ല. അത്കൊണ്ടാണ് ഈ കത്ത്. ആ സൃഷ്ടിയുടെ കര്‍ത്താവായി മനോവിഭ്രാന്തികള്‍ എന്ന പേരാണ് ബ്ലോഗനയില്‍ അച്ചടിച്ചു വന്നിരിക്കുന്നത്. മനോവിഭ്രാന്തികള്‍ എന്നതിന് പകരം താങ്കളുടെ യഥാര്‍ഥ പേരായിരുന്നു അച്ചടിച്ചു വന്നതെങ്കില്‍ ഞാന്‍ നിരാശപ്പെടേണ്ടി വരുമായിരുന്നില്ല.  മനോവിഭ്രാന്തികള്‍ എന്നത് താങ്കളുടെ ബ്ലോഗിന്റെ പേരാണ്. ബ്ലോഗര്‍ പേരായും താങ്കള്‍ ആ പേരു തന്നെ സ്വീകരിച്ചത്കൊണ്ടാണ് ബ്ലോഗനയില്‍ അങ്ങനെ പേര് വന്നത്.  താങ്കളുടെ യഥാര്‍ഥ ഫോട്ടോ ബ്ലോഗ് പ്രൊഫൈലില്‍ കൊടുക്കുകയും  , താങ്കളുടെ വായനക്കാ‍ര്‍ക്കെല്ലാം  യഥാര്‍ത്ഥ പേരു അറിയാമെന്നിരിക്കുകയും ചെയ്യുമ്പോള്‍  ബ്ലോഗര്‍ നാമം സ്വന്തം പേര് തന്നെ നല്‍കുന്നതില്‍ എന്താണ് പന്തികേട് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ബ്ലോഗനയില്‍  സ്വന്തം പോസ്റ്റ് അച്ചടിച്ചു വരുന്നത് ആ‍ഗ്രഹിക്കാത്ത ബ്ലോഗര്‍മാര്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.  അല്പം പ്രശസ്തി അത്കൊണ്ട് കിട്ടുന്നത് ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?  എല്ലാ മാതൃഭുമി വാരികാ വായനക്കാരും ബ്ലോഗ് നോക്കുന്നവരായിരിക്കുകയില്ല.  ആരെങ്കിലും ബ്ലോഗന വായിക്കുമ്പോള്‍ ആരാണ് അതെഴുതിയത് എന്ന് എത്തും പിടിയും കിട്ടുകയില്ല.  മറ്റെല്ലാ ലേഖനങ്ങള്‍ക്കും  സൃഷ്ടികള്‍ക്കും കര്‍ത്താവിന്റെ പേര് ഉണ്ടായിരിക്കുമ്പോള്‍  ബ്ലോഗ് പോസ്റ്റ് എഴുതിയ ആള്‍ക്ക് മാത്രം വ്യവസ്ഥാപിതമായ പേരില്ല എന്നത് അനൌചിത്യമായി തോന്നുന്നത് എന്റെ പിശകാണോ?  ബ്ലോഗനയില്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റുകളില്‍ മിക്കതും പേരുകള്‍ ഇപ്രകാരമായിരുന്നു.  ബ്ലോഗിലെ പോസ്റ്റുകള്‍ ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍  താല്പര്യമുണ്ടെങ്കില്‍ ആ എഴുത്തുകാരന്റെ യഥാര്‍ഥ പേരും അവിടെ നല്‍കണമെന്ന് ഞാന്‍ വാരികയുടെ എഡിറ്റര്‍ക്ക് ഒന്ന് രണ്ട് വട്ടം മെയില്‍ അയച്ചിരുന്നു.  വെറും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ചെയ്യുന്ന നടപടി മാത്രം. എന്റെ മെയില്‍ ശ്രദ്ധിച്ചിരിക്കാ‍ന്‍ വഴിയില്ല. ചില ബ്ലോഗര്‍മാരോടും മെയിലിലൂടെ പറഞ്ഞിരുന്നു.

ബ്ലോഗ് ഉണ്ടാക്കുമ്പോള്‍ അപരനാമം സ്വീകരിക്കണമെന്ന്  ചിലര്‍ ഉണ്ടാക്കി വെച്ച കീഴ്വഴക്കമാണ്. അത് അതേ പോലെ എല്ലാവരും പാലിക്കണമെന്നില്ല.  ചിലര്‍ക്ക് തങ്ങളുടെ പ്രൈവസി സൂക്ഷിക്കണമായിരിക്കും.  അത് വേറെ കാര്യം. അത്തരക്കാര്‍ക്ക് തൂലികാനാമം പോലെ വേറെ പേരില്‍ എഴുതാം.  പക്ഷെ മറഞ്ഞിരുന്ന് എഴുതാന്‍ വേണ്ടി മാത്രമാണ് ചിലര്‍ മറ്റ് പേരുകള്‍ സ്വീകരിക്കുന്നത്. ഭൂരിപക്ഷം പേരും  ഒരു കീഴ്വഴക്കം പോലെയാണ് അപരനാമം സ്വീകരിക്കുന്നത്.  എന്തിനാണ്? നമുക്ക് സുതാര്യമായി ബ്ലോഗിലൂടെ സംവദിച്ചുകൂടേ എന്ന എന്റെ ചോദ്യം പലരും തെറ്റിദ്ധരിക്കുകയാണ് ഉണ്ടായത്.  ഞാന്‍ കൂടെക്കൂടെ ബ്ലോഗില്‍ ഈ പ്രശ്നം ഉന്നയിക്കുന്നതില്‍ വായിക്കുന്നവര്‍ക്ക് അരോചകമായി തോന്നുന്നുണ്ട് എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാലും ചിലപ്പോഴൊക്കെ പിന്നെയും പറഞ്ഞു പോകുന്നു. നമ്മുടെ പേര്, നമ്മുടെ അഡ്രസ്സ് അങ്ങനെ നമ്മെ സംബന്ധിക്കുന്ന എല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്.  നമ്മുടെ അഭിപ്രായങ്ങളും സൃഷ്ടികളും എല്ലാം നമ്മുടെ പേരില്‍ വെളിച്ചം കാണുമ്പോഴല്ലെ നമുക്ക് സന്തോഷം ഉണ്ടാവുക. ചിലര്‍ ചോദിക്കുന്നു വിലാസിനി , പാറപ്പുറത്ത്, പൊറ്റക്കാട് എന്നീ പേരുകളില്‍ സാഹിത്യകാരന്മാര്‍ അറിയപ്പെട്ടിട്ടില്ലേ എന്ന്. ശരിയാണ്. പക്ഷെ അപ്പോഴും വായനക്കാര്‍ക്ക് അവര്‍ ആരാണെന്ന് പരിചയം ഉണ്ടായിരുന്നു. ആ പരിചയം തൂലികാനാമാക്കളായ സാഹിത്യകാരന്മാരും കാംക്ഷിച്ചിരിക്കും.  മാധവിക്കുട്ടിയെന്നോ കമലാദാസ് എന്നോ പേര് വെച്ച് എഴുതുമ്പോള്‍ അവര്‍ ആരാണെന്ന് പൊതുസമൂഹത്തിന് അറിയാമായിരുന്നു.  കീര്‍ത്തിമോഹമാണ് തന്നെ എഴുത്തിന്റെ ലോകത്ത് എത്തിച്ചത് എന്ന് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. ഇതൊക്കെ മനുഷ്യസഹജമായ പൊതുവികാരമാണ്. തന്റെ പേര് ഒന്ന് അച്ചടിച്ച് കാണാന്‍ ആരാണ് ആ‍ഗ്രഹിക്കാത്തത്. സാഹിത്യത്തില്‍ തൂലികാനാമം എന്നത് ഒളിഞ്ഞിരിക്കാനുള്ള ഉപാധിയായിരുന്നില്ല.

ബ്ലോഗ് എന്നത് എഴുതാനുള്ള ഒരു നവമാധ്യമമല്ലെ. ബ്ലോഗില്‍ എഴുതുമ്പോള്‍ മറഞ്ഞിരുന്ന് എഴുതണം എന്ന് തോന്നുന്നതിന്റെ അയുക്തികത ചോദ്യം ചെയ്യുന്നത് ഒരു നിലപാടിന്റെ ഭാഗമായിട്ടാണ്. അല്ലാതെ വ്യക്തിപരമായി എനിക്കിതില്‍ കാര്യമുണ്ടായിട്ടല്ല.  ഇപ്രാവശ്യത്തെ ബ്ലോഗനയില്‍ തന്റെ സൃഷ്ടിയാണ് പ്രസിദ്ധീകരിച്ചു വന്നിരിക്കുന്നത് എന്ന് ബ്ലോഗിന് പുറത്തുള്ള വായനക്കാരെ ബോധ്യപ്പെടുത്താന്‍ താങ്കള്‍ക്ക് പണിപ്പെടേണ്ടി വരും.  താങ്കള്‍ക്ക് അയത്നലളിതമായി എഴുതാനുള്ള കഴിവുണ്ട്. കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയില്‍ ബ്ലോഗിന് വേണ്ടി നീക്കിവെക്കാനുള്ള സമയം പരിമിതമാണെന്നും അറിയാം.  എന്നാലും ഇനിയും താങ്കളുടെ സൃഷ്ടികള്‍ ബ്ലോഗനയില്‍ വരും എന്ന് പ്രതീക്ഷിക്കട്ടെ. അപ്പോള്‍ ആ‍ സൃഷ്ടികള്‍ മനോവിഭ്രാന്തികള്‍ എന്ന പേരില്‍ അല്ലാതെ താങ്കളുടെ സ്വന്തം പേരില്‍ ആയിരിക്കട്ടെ എന്നും ഞാന്‍ ആഗ്രഹിക്കുന്നു.

തല്‍ക്കാലം നിര്‍ത്തുന്നു.
സസ്നേഹം,
കെ.പി.എസ്.

ഇരുട്ട് പരത്താതിരുന്നെങ്കില്‍ ..

ഹ്യൂമനിസ്റ്റ് മൂവ്‌മെന്റ് എന്ന സംഘടനയുടെ ഒരു ഘടകം കണ്ണൂരിലും പ്രവര്‍ത്തിച്ചിരുന്നു.  ഏത് സംഘടനയിലും ഒന്ന് എത്തിനോക്കുക എന്നത് എന്റെ ഒരു ദൌര്‍ബല്യമാണ്.  ഒരു സംഘടന എന്ത് ലക്ഷ്യമാണോ മുന്നോട്ട് വെക്കുന്നത് , ആ ലക്ഷ്യം നിറവേറ്റാന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയും കൂറും അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണം എന്നൊരു മുന്‍‌വിധി ഉള്ളത്കൊണ്ട് ഒരു സംഘടനയിലും നീണ്ട കാലം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയാറില്ല. കുറ്റം എന്റേത് തന്നെയാണ്.  ഹ്യൂമനിസ്റ്റ് മൂവ്മെന്റില്‍ നിന്ന് എനിക്ക് ധാരാളം പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  നിത്യവും നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായിട്ടുള്ളത് നിരവധി കാണാം.  സൂക്ഷിച്ചു നോക്കിയാല്‍ പോസിറ്റീവാണ് കൂടുതല്‍ എന്നും മനസ്സിലാകും. എന്നാല്‍ പോസിറ്റീവായിട്ടുള്ളത് ആരും കാണുന്നില്ല. കണ്ടാലും ഓര്‍ക്കുന്നില്ല. ഓര്‍ത്താലും ആരോടും പറയുന്നില്ല. അഥവാ പോസിറ്റീവായവ ആരും പ്രചരിപ്പിക്കുന്നില്ല.  മാധ്യമങ്ങള്‍ നോക്കൂ, രാഷ്ട്രീയക്കാരുടെയും സാംസ്ക്കാരികനായകരുടെയും പ്രസ്ഥാവനകള്‍ നോക്കൂ. എവിടെയും നെഗറ്റീവ് മാത്രം.

 അങ്ങനെ നമ്മള്‍ നെഗറ്റീവ് മാത്രം കാണാനും ചിന്തിക്കാനും പ്രചരിപ്പിക്കാനും ശീലിക്കുന്നു. എവിടെ നോക്കിയാലും നെഗറ്റീവ് മാത്രമേയുള്ളൂ എന്ന തീരുമാനത്തിലേക്ക് നമ്മള്‍ എത്തിച്ചേരുന്നു.  ഇത് ശരിക്ക് പറഞ്ഞാല്‍ സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഇരുട്ട് പരത്തുന്നത് പോലെയാണ്.  ഏതൊരു വ്യക്തിയുടെ ജീവിതം പരിശോധിച്ചാലും അയാള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറിയ ഭാഗവും പോസിറ്റീവ് തന്നെയായിരിക്കും. എന്നാല്‍ അയാളിലെ നെഗറ്റീവ് കണ്ടുപിടിച്ച് പെരുപ്പിച്ച് പറയാനാണ് നമ്മുടെ വാസന. ഇതൊരു തരം മനോവ്യാധി പോലെ നമ്മളില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.  നാലാളുകള്‍ കൂടിയാല്‍ അപരന്റെ ദൂഷ്യങ്ങള്‍ പറയാനാണ് നാം മെനക്കെടുന്നത്. എടുത്ത് പറയാന്‍ മാത്രമുള്ള എന്തെങ്കിലും പോസിറ്റീവ് അംശങ്ങള്‍ അയാളില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ നാം ശ്രമിക്കുന്നേയില്ല. നാം എങ്ങനെയാണോ ലോകത്തെ കാണാന്‍ ശ്രമിക്കുന്നത്, അങ്ങനെയാണ് ലോകം നമുക്ക് കാഴ്ചപ്പെടുക. നെഗറ്റീവ് മാത്രം കാണാന്‍ ശീലിച്ചാല്‍ ക്രമേണ നാം വിഷാദരോഗത്തിന് അടിമയായി പോകും.

നല്ല ശീലങ്ങള്‍ ശീലിക്കുക, നല്ല മനസ്സ് സ്വയം ഉണ്ടാക്കുക,  നല്ല കാര്യങ്ങള്‍ കാണുക പറയുക , എന്നതൊക്കെ കഠിനമായ മാനസികവ്യായാമം ആവശ്യപ്പെടുന്ന സംഗതികളാണ്. എന്തും ചീത്തയാകാന്‍ എളുപ്പമാണ്.  എളുപ്പമായത് ചെയ്യുക എന്നതാണ് മനുഷ്യപ്രകൃതി എന്ന് തോന്നുന്നു. ഉപദേശങ്ങള്‍ കൊണ്ടൊന്നും യാതൊരു പ്രയോജനവും ഇല്ലെന്ന് നമുക്ക് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ ഉപദേശങ്ങള്‍ തന്നെയാണ് സമൂഹത്തെ കൂടുതല്‍ തിന്മകളിലേക്ക് പോകാതെ നിലനിര്‍ത്തുന്നത്.  എത്രയോ നല്ല ആളുകള്‍ നമുക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  നമ്മളില്‍ മറഞ്ഞിരിക്കുന്ന നന്മകള്‍ക്ക് നിദാനം ആ സദുപദേശങ്ങള്‍ തന്നെയാണ്. അത്കൊണ്ടാണ് വര്‍ത്തമാനകാല ആസുരതകളിലും നമുക്ക് മനുഷ്യനായി ജീവിയ്ക്കാന്‍ സാധിക്കുന്നത്.

പണത്തിന് വേണ്ടി എന്തും ചെയ്യാം എന്നതാണ് ഇന്നത്തെ കാട്ടുനീതി. അങ്ങനെ അഴിമതി അര്‍ബുദം പോലെ നമ്മുടെ സമൂഹഗാത്രത്തെ ഗ്രസിച്ചിരിക്കുന്നു. ഈ രോഗത്തെ എങ്ങനെ മറികടക്കാം എന്നതാണ് ഇന്നത്തെ വെല്ലുവിളി. ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് എല്ലാം അനുസരിച്ചും വിധേയനായിക്കൊണ്ടും മാത്രമെ ജീവിയ്ക്കാന്‍ ഒക്കുകയുള്ളൂ.  പണവും പൊന്നും ഭൂമിയും അധികാരവും സേവകരും എത്ര കിട്ടിയാലും പോര എന്ന മാനസികാവസ്ഥയിലാണ് ഇന്ന് അധികാരസ്ഥാനങ്ങളിലും പദവികളിലും ഇരിക്കുന്നവര്‍ എന്നത് സാമൂഹ്യജീവിതത്തെ അത്യന്തം ഭയാനകമാക്കുന്നുണ്ട്. ന്യായാധിപന്മാര്‍ പോലും ഇത്തരം പ്രലോഭനങ്ങളില്‍ വീഴുമ്പോള്‍ എന്ത് ചെയ്യും.  പ്രസ്ഥാവനകള്‍ ഇറക്കിയത്കൊണ്ടോ,  ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്കൊണ്ടോ, പ്രസംഗിച്ചത്കൊണ്ടോ ആയില്ല.  കുറഞ്ഞ പക്ഷം നമ്മളോരോരുത്തരം ഇരുട്ട് പരത്താതിരുന്നെങ്കില്‍ എന്ന് ആശിക്കാനേ എനിക്ക് കഴിയുന്നുള്ളൂ .....

കണ്ണൂരില്‍ ബ്ലോഗേര്‍സ് മീറ്റും പുസ്തകപ്രകാശനവും

ബ്ലോഗര്‍ ശാന്ത കാവുമ്പായിയുടെ മോഹപ്പക്ഷി എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന്റെ സമയത്തില്‍ അല്പം ഭേദഗതി വരുത്തിയിട്ടുണ്ട്.  പ്രശസ്ത സാഹിത്യകാരിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ ശ്രീമതി. പി.വത്സലയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. അവരുടെ സൌകര്യം പരിഗണിച്ചു നേരത്തെ നിശ്ചയിച്ചതിന് വിപരീതമായി രാവിലെ 11 മണിക്കാണ് പ്രസ്തുത ചടങ്ങ്. കാര്യപരിപാടി ഇടത് ഭാഗത്തെ ഇമേജില്‍ ക്ലിക്കിയാല്‍ വലുപ്പത്തില്‍ കാണാവുന്നതാണ്. ബ്ലോഗിന് കൂടുതലായി സാമൂഹ്യപ്രസക്തി കൈവരുന്ന ഒരു കാലഘട്ടമാണിത്. മുഖ്യധാരാ മാധ്യമങ്ങള്‍ പുറത്ത്കൊണ്ടുവരാത്ത പല കാര്യങ്ങളും ബ്ലോഗിലൂടെ പുറം ലോകം അറിയുന്നുണ്ട്. അത് പോലെ തന്നെ മാധ്യമങ്ങളിലെ കെട്ടിച്ചമയ്ക്കപ്പെട്ട വാര്‍ത്തകള്‍ ബ്ലോഗിലൂടെ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.  ആരുടെയും ഔദാര്യമില്ലാതെ തന്റെ ആശയങ്ങളും  അഭിപ്രായങ്ങളും ലോകത്തെ അറിയിക്കാന്‍ സാധിക്കുന്ന ബ്ലോഗ് എന്ന മാധ്യമം ആശയപ്രകാശനരംഗത്ത് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്.  കഥ, കവിത എന്നീ സാഹിത്യമേഖലകളില്‍ എഴുതിത്തെളിയാനുള്ള പരിശീലനക്കളരിയായും ബ്ലോഗിനെ ആര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും എന്നത് ആധുനിക സാങ്കേതികവിദ്യ നമുക്ക് നല്‍കുന്ന വരദാനം തന്നെയാണ്. ബ്ലോഗില്‍ നിന്നും ഇതിനകം കുറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. ഇനിയും എത്രയോ പുസ്തകങ്ങള്‍ ബ്ലോഗിലൂടെ വെളിച്ചം കാണുകയും ചെയ്യും. ബ്ലോഗില്‍ നിന്നും പ്രസിദ്ധീകൃതമാകുന്ന ഓരോ പുസ്തകങ്ങളും നാം ബ്ലോഗര്‍മാര്‍ക്ക് അഭിമാനം നല്‍കുന്ന കാര്യമാണ്.

ഈ പുസ്തകപ്രകാശനത്തോടനുബന്ധിച്ചു, അത്കൊണ്ട് തന്നെ ഒരു ബ്ലോഗേര്‍സ് സംഗമവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മുന്‍പായി തന്നെ പുസ്തകപ്രകാശന ചടങ്ങ് തീരും. അപ്പോള്‍ ലഞ്ചിന് ശേഷം ബ്ലോഗേര്‍സിന് ഒന്നിച്ചിരുന്ന് പരിചയം പുതുക്കുകയും ബ്ലോഗിനെക്കുറിച്ചും മറ്റും സ്നേഹസംവാദത്തില്‍ ഏര്‍പ്പെടാവുന്നതുമാണ്. ബ്ലോഗ് എഴുതുന്നവര്‍ക്കും, എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും, ബ്ലോഗിനെ പറ്റി മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. അത്കൊണ്ട് പതിവായി കാണുന്ന അര്‍ത്ഥത്തിലുള്ള ബ്ലോഗ് മീറ്റ് അല്ല ഇത്. ബ്ലോഗേര്‍സും ബ്ലോഗ് വായനക്കാരും ചേര്‍ന്നുള്ള ഒരു മുഖാമുഖം പരിപാടിയായി ഇത് മാറ്റാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. അങ്ങനെയും ഒരു മീറ്റ് വേണമല്ലൊ. ഇതിന് പ്രത്യേകമായി ഒരു സംഘാടകസമിതി ഒന്നുമില്ല.  അത്കൊണ്ട് റജിസ്ട്രേഷനോ ഒന്നുമില്ല.  അറിഞ്ഞുവരുന്നവര്‍ പങ്കെടുക്കുക എന്നേയുള്ളൂ.  ഒരു പകല്‍ ഒത്തുചേരാനുള്ള അവസരം ബ്ലോഗേര്‍സും ബ്ലോഗില്‍ കൌതുകമുള്ളവരും പ്രയോജനപ്പെടുത്തുക എന്ന് മാത്രം. ദൂരെ നിന്ന് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ രാത്രി താമസസൌകര്യവും ഭക്ഷണവും ഒരുക്കുന്നതായിരിക്കും.

കണ്ണൂരിലും ചുറ്റുപാടുമുള്ള ബ്ലോഗര്‍മാര്‍ ഈ പോസ്റ്റ് വായിക്കാന്‍ ഇട വരികയാണെങ്കില്‍ മറ്റുള്ളവരെ കൂടി അറിയിച്ചുകൊണ്ട് പങ്കെടുക്കാനും പങ്കെടുപ്പിക്കാനും തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് (ആഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാള്‍ ) നമുക്ക് കണ്ണൂരില്‍ ഒത്ത് ചേരാമല്ലൊ.

സസ്നേഹം,
കെ.പി.എസ്.
ബന്ധപ്പെടാവുന്ന നമ്പറുകള്‍ :
KPS:                             9400303115
ഹാരൂണ്‍ പി. (ഒരു നുറുങ്ങ്) : 9995134248
മധുകുമാര്‍ (കോ-ഓര്‍ഡിനേറ്റര്‍ ) : 9447774245

സന്തോഷമാണ് ജീവിതലക്ഷ്യം

ജീവിതത്തിന്റെ പരമമായ ലക്ഷ്യമായി നമ്മള്‍ കരുതുന്നത് എന്താണ്? സന്തോഷം അനുഭവിക്കുക. വേറൊന്നുമില്ല. ഓരോ നിമിഷവും ഹാപ്പിയായി ഇരിക്കണം. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ മാത്രമാണ് നമ്മള്‍ ഇഷ്ടപ്പെടുനത്. സന്തോഷത്തിന് നിദാനമായ സംഗതികള്‍ പ്രതിജനഭിന്നമായിരിക്കും. വിശദീകരിക്കേണ്ട കാര്യമില്ല. ഓരോ ആളും ഓരോ നിമിഷവും സ്വന്തം സന്തോഷത്തിന് വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ജീവിതം തന്നെ സന്തോഷം കണ്ടെത്താനുള്ള അന്വേഷണമാണ്. ഇങ്ങനെ സന്തോഷത്തിന് വേണ്ടിയുള്ള തേടലില്‍ ഒരാള്‍ സ്വയം നഷ്ടപ്പെടുന്നോ അല്ലെങ്കില്‍ സ്വയം മനസ്സിലാക്കപ്പെടാതെ പോകുന്നോ എന്നത് സന്തോഷത്തിന് വേണ്ടി അയാള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗത്തെ ആ‍ശ്രയിച്ചിരിക്കും.

രണ്ട് തരം സന്തോഷമാണുള്ളതെന്ന്  ശ്രീബുദ്ധന്‍ പറഞ്ഞിട്ടുണ്ട്.  നമ്മുടെ വ്യക്തിത്വത്തില്‍ സല്‍ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കൂടി ഉതകുന്ന സന്തോഷങ്ങള്‍ മാത്രമേ നാം സ്വീകരിക്കാവൂ.  ദുര്‍ഗുണങ്ങളിലേക്ക് നയിക്കുന്ന സന്തോഷങ്ങള്‍ ഒഴിവാക്കണം.  അവനവനാത്മസുഖത്തിനായാചരിപ്പത്, അപരനും ഗുണത്തിനായി വരേണം എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. മദ്യപാനം കൊണ്ട് ഒരാള്‍ക്ക് സന്തോഷം തോന്നുണ്ടാവാം. എന്നാല്‍ സന്തോഷത്തിനായി മദ്യപാനം ശീലമാക്കുമ്പോള്‍ അയാളിലെ നല്ല ഗുണങ്ങള്‍ ഉള്ളതും ഇല്ലാതായി വരികയാണ് ചെയ്യുന്നത്.  നല്ല ശീലങ്ങള്‍ ശീലിച്ചും നല്ല കാര്യങ്ങള്‍ ചെയ്തും സന്തോഷം കണ്ടെത്താന്‍ കഴിയും. ലൈംഗീകതയുടെ കാര്യമെടുക്കാം. മനുഷ്യന്  സന്തോഷം നല്‍കുന്ന കാര്യമാണത്. എന്നാല്‍ ആ സന്തോഷത്തിന് വേണ്ടി ഞരമ്പ് രോഗിയായാലോ?

ഒരു ഉദാഹരണം പറയാം.  മൂന്ന് ചെറുപ്പക്കാര്‍ ഒരു വൈകുന്നേരം അവരവരുടേതായ രീതിയില്‍ സന്തോഷം കണ്ടെത്തുന്നു. ഒരാള്‍ കൂട്ടുകാരോടൊപ്പം കള്ള് കുടിച്ച് ആര്‍മ്മാദിക്കുന്നു. മറ്റവന്‍ ചങ്ങാതിമാരോടൊപ്പം ബസ്സ് സ്റ്റോപ്പില്‍ നിന്ന് പെണ്‍കുട്ടികളെ കമന്റടിക്കുന്നു. മൂന്നാമത്തെ ചെറുപ്പക്കാരന്‍ സ്നേഹിതന്മാരോടൊപ്പം  മൈതാനത്തില്‍ ക്രിക്കറ്റോ ഫുട്ട്ബോളോ കളിക്കുന്നു. ഈ മൂന്ന് പേരും സമയം പോകുന്നത് അറിയാതെ കൂട്ടുകാരോടൊപ്പം സന്തോഷം കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ബുദ്ധന്‍ പറഞ്ഞതനുസരിച്ച് ഒന്നാമത്തെ ചെറുപ്പക്കാരന്‍ അവന്റെ ശരീരവും രണ്ടാമത്തെയവന്‍ തന്റെ മനസ്സും നശിപ്പിച്ചുകൊണ്ടാണ് സന്തോഷം അനുഭവിക്കുന്നത്. മാത്രമല്ല വ്യക്തിത്വവും ദുഷിക്കുകയും സമൂഹത്തിന് ഫിറ്റ് ആയ ആളല്ലാതായി മാറുകയും ചെയ്യുന്നു. മൂന്നാമത്തെ ചെറുപ്പക്കാരന്‍ സന്തോഷത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം ശരീരത്തിനും മനസ്സിനും ഊര്‍ജ്ജസ്വലത നല്‍കുന്നതും നല്ല ഗുണങ്ങള്‍ വളര്‍ത്താന്‍ പര്യാപ്തമാണെന്നും പറയേണ്ടതില്ലല്ലൊ. മൂന്നു പേരും സന്തോഷമാണ് അനുഭവിക്കുന്നത്. പക്ഷെ ഈ സന്തോഷം ഒരു ദിവസത്തേക്കാണെങ്കില്‍ സാരമില്ല. തുടര്‍ന്ന് ഈ രീതികളിലാണ് അവര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഒന്നാമത്തെയവന്‍ മദ്യപാനിയും ദുര്‍വൃത്തനും രണ്ടാമത്തെ യുവാവ് പോക്കിരിയോ ഗുണ്ടയോ മൂന്നാമത്തെ ചെറുപ്പക്കാരന്‍ നല്ല സ്പോര്‍ട്ട്സ്മാനോ ആയിത്തീരാം. നല്ല കാര്യങ്ങള്‍ ചെയ്ത് സന്തോഷം കണ്ടെത്താന്‍ കുട്ടികളെ ചെറുപ്പം മുതലേ രക്ഷിതാക്കള്‍ പഠിപ്പിച്ചില്ലെങ്കില്‍ പിന്നീട് മദ്യപാനിയോ ഞരമ്പ് രോഗിയോ ആയിപ്പോകും. കുശവന്റെ കൈയിലെ കളിമണ്ണ് പോലെയാണ് കുട്ടികള്‍. അവരുടെ വ്യക്തിത്വം എങ്ങനെ രൂപപ്പെടണം എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാന്‍ കഴിയും. സന്തോഷം കണ്ടെത്താനാണ് ഒരോരുത്തരും ഓരോ പ്രായത്തിലും യത്നിക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍ , സന്തോഷത്തിന് വേണ്ടി അവര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗമാണ് അവരുടെ ഭാവിയും നിര്‍ണ്ണയിക്കുക എന്നും മനസ്സിലാകും.

എല്ലാവരും പരമാവധി സന്തോഷിക്കുകയാണ് വേണ്ടത്. ജീവിതത്തില്‍ സന്തോഷം  അനുഭവിക്കുന്ന മുഹൂര്‍ത്തങ്ങളും സമയത്തിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കാനും തന്നെയാണ് എല്ലാവരും ശ്രമിക്കേണ്ടത്. സന്തോഷം എന്നത് ബോധപൂര്‍വ്വമായി അനുഭവവേദ്യമാകുന്ന ഒരവസ്ഥയാണ്. ഒന്നും ചിന്തിക്കാത്ത അവസ്ഥയില്‍ സന്തോഷമില്ല. ധ്യാനത്തില്‍ ഒരാള്‍ സ്വയം നഷ്ടപ്പെടുന്നതും ലഹരിയില്‍ മറക്കുന്നതും ജീവിതത്തിന്റെ ദുരിതങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നില്ലേ എന്ന് ഹെര്‍മ്മന്‍ ഹെസ്സേയുടെ നായകന്‍ സിദ്ധാര്‍ത്ഥ സുഹൃത്തായ ഗോവിന്ദനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ആ മോചനം താല്‍ക്കാലികമായല്ലേ, വീണ്ടും യാഥാര്‍ഥ്യങ്ങളിലേക്കല്ലെ അയാള്‍ കണ്ണ് തുറക്കേണ്ടത് എന്നാണ് ഗോവിന്ദന്റെ മറുപടി. നല്ല മാര്‍ഗ്ഗങ്ങളിലൂ‍ടെ സന്തോഷം കണ്ടെത്തുന്ന പോലെ തന്നെ പ്രധാനമാണ് മറ്റുള്ളവരുടെ സന്തോഷത്തെ കെടുക്കാതിരിക്കലും. ഈ ജീവിതം കൊണ്ട് ഒരാള്‍ക്ക് പരമാവധി ചെയ്യാന്‍ സാധിക്കുക സന്തോഷിക്കുക മാത്രമാണ്. 

ഇന്നത്തെ സന്തോഷം നാളത്തെ ദു:ഖത്തിനായുള്ള വിത്ത് ആയിരിക്കാന്‍ അനുവദിക്കരുത്. നാളെയും സന്തോഷം വേണമല്ലൊ. ഒരു കണക്കിന് നാളത്തെ സന്തോഷത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. സന്തോഷത്തിന്റെ സേവിങ്ങ്സ് അക്കൌണ്ടില്‍ ഡിപോസിറ്റ് കൂട്ടുന്നത് സുരക്ഷിതമാണ്. താല്‍ക്കാലികമായ സന്തോഷത്തിന് വേണ്ടി സ്വന്തം തരത്തെ താഴാന്‍ അനുവദിക്കരുത്. അപ്പോള്‍ മാത്രമേ യഥാര്‍ഥ സന്തോഷം അനുഭവിക്കാനും അത് നീണ്ട് നില്‍ക്കാനും ഇടയാകുകയുള്ളൂ. നാളെ പശ്ചാത്തപിക്കാനോ ഖേദിക്കാനോ ഇട വരുത്താതിരിക്കാന്‍ ഇന്നേ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


© ഈ പോസ്റ്റ് കെ.പി.സുകുമാരന്‍  എന്ന ഞാന്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തുന്നതാണ്.

ശാന്ത ടീച്ചര്‍ ബ്ലോഗ് എഴുതുകയാണ് .....

രു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതാണ് ശാന്ത ടീച്ചര്‍. ശാന്ത കാവുമ്പായി എന്ന ബ്ലോഗര്‍. ബ്ലോഗില്‍ എല്ലാവര്‍ക്കും ശാന്ത കാവുമ്പായിയെ അറിയാം. അറിയാത്തവര്‍ മേലെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കുക. ആ റിപ്പോര്‍ട്ട് എല്ലാം പറഞ്ഞു തരും.  ടീച്ചര്‍ ബ്ലോഗില്‍ എഴുതിയ കവിതകള്‍ സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു. ആഗസ്റ്റ് 14 ന് ശനിയാഴ്ച 3മണിക്കാണ് മോഹപ്പക്ഷി എന്ന ആ കവിതാസമാഹാരത്തിന്റെ പ്രകാശനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കുന്നത്. ബ്ലോഗ് എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ടീച്ചറുടെ സഹപ്രവര്‍ത്തകര്‍ ആരും അത് ഗൌനിച്ചതേയില്ല. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലെ പാഠഭാഗത്തില്‍ ബ്ലോഗിനെ പറ്റി പഠിപ്പിക്കേണ്ടതുണ്ട്. മറ്റ് അദ്ധ്യാപകരും ഇപ്പോള്‍ ടീച്ചറുടെ ആ ക്രാന്തദര്‍ശിത്വത്തെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആത്മസാക്ഷാല്‍ക്കാരത്തിന്റെ അപൂര്‍വ്വാവസരമാണ് മറ്റനേകം പേര്‍ക്കെന്ന പോലെ ബ്ലോഗ് ടീച്ചര്‍ക്കും നല്‍കിയത്.  വിധി എന്നൊന്ന് ഉണ്ടെങ്കില്‍ ആ വിധിയോടുള്ള വെല്ലുവിളിയാണ് ടീച്ചറുടെ പുസ്തകത്തിന്റെ  ഈ പ്രകാശനകര്‍മ്മം.  പുസ്തകപ്രകാശനത്തോടൊപ്പം ചെറിയ തോതില്‍ ഒരു ബ്ലോഗ് സംഗമം കൂടി സംഘടിപ്പിച്ചാലോ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ ടീച്ചര്‍ ആ നിര്‍ദ്ദേശം സഹര്‍ഷം സ്വാഗതം ചെയ്യുകയായിരുന്നു.

എന്നാല്‍ കണ്ണൂരില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുക എളുപ്പമല്ല.  ഒന്നാമത് കണ്ണൂരില്‍ അത്രയധികം ബ്ലോഗര്‍മാരൊന്നുമില്ല. ഉള്ളവര്‍ തന്നെ അത്ര ആക്ടീവുമല്ല, ഇത് വരെയിലും പരസ്പരം ആരും പരിചയപ്പെട്ടിട്ടുമില്ല. ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരിലാണ് നടന്നത്. ആ ശില്പശാലയില്‍ ക്ലാസ്സ് എടുത്ത സീനിയര്‍ ബ്ലോഗ്ഗര്‍ കണ്ണുരാനെ ഇപ്പോള്‍ കാണുന്നേയില്ല. എങ്ങനെ ബ്ലോഗ് എഴുതാം എന്ന പേരില്‍ കണ്ണൂരാന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ച വിവരം ബ്ലോഗര്‍മാര്‍ അറിഞ്ഞുകാണുമോ എന്തോ. ഈയ്യിടെയായി ബ്ലോഗില്‍ കണ്ണൂരാന്‍ എന്ന ബ്ലോഗ് നാമത്തില്‍ മറ്റൊരു ബ്ലോഗര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എനിക്കത് കണ്ടപ്പോള്‍ സങ്കടമായി.  ആ ബ്ലോഗര്‍ക്ക് മറ്റൊരു പേര് സ്വീകരിക്കാമായിരുന്നു. അപ്പോള്‍ പറഞ്ഞു വന്നത് ബ്ലോഗ് മീറ്റിനെ കുറിച്ചാണല്ലൊ.  പ്രശസ്ത ബ്ലോഗ് കഥാകാരന്‍ കുമാരന്‍ കണ്ണൂരില്‍ തന്നെയാണ്. മറ്റൊരു ബ്ലോഗര്‍ യരലവ നാട്ടില്‍ ഉണ്ടെന്നാണ് വിവരം. ചിത്രകാരനും കണ്ണൂരില്‍ തന്നെയാണല്ലൊ. പിന്നെ മിനി ടീച്ചര്‍, അങ്ങനെ നോക്കിയാല്‍ ഇനിയും കുറച്ചു പേര്‍ കാണും.  ഔപചാരികമായി ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നമ്മുടെ ഹരീഷ് തൊടുപുഴയെ സഹായത്തിന് വിളിക്കേണ്ടി വരും.  ഏതായാലും ബ്ലോഗ് അക്കാദമിയുടെ ബ്ലോഗില്‍ ഈ വിവരം ഒന്ന് പോസ്റ്റ് ചെയ്യണം എന്ന് ചിത്രകാരനോട് പറഞ്ഞിട്ടുണ്ട്.

ചെറുപ്പത്തില്‍  വായനാശീലം കുറച്ചധികമുള്ളത്കൊണ്ട് ഒരു സാഹിത്യകാരനാകണമെന്നായിരുന്നു എന്റെയും ആഗ്രഹം. എന്നാല്‍ ഒന്നും എഴുതാന്‍ കഴിയില്ല എന്നൊരു മുന്‍‌വിധി എങ്ങനെയോ എന്റെ മനസ്സില്‍ രൂഢമൂലമായിപോയിരുന്നു. എഴുതുന്നതൊന്നും മുഴുമിപ്പിക്കുന്ന വിദ്യ മാത്രം എനിക്ക് വഴങ്ങിയില്ല. അങ്ങനെ പത്രമാപ്പീസില്‍ നിന്ന് തിരിച്ചയക്കുന്ന സൃഷ്ടികള്‍ കൈപ്പറ്റാനുള്ള ഭാഗ്യം പോലും എനിക്ക് കിട്ടിയില്ല. എത്രയോ കഥാപാത്രങ്ങള്‍ ഒടുവില്‍ എന്നോട് കലഹിച്ച് ഇറങ്ങിപ്പോയിട്ടുണ്ട്. ആ കഥാപാത്രങ്ങള്‍ക്കൊന്നും ശാപമോക്ഷം കൊടുക്കാനുള്ള കഴിവില്ലായ്മയില്‍ ഞാന്‍ ഖേദിച്ചിട്ടുണ്ട്. അല്ലെങ്കിലും  ജീവിതത്തില്‍ ഖേദങ്ങള്‍ ആര്‍ക്കാണ് ബാക്കിയില്ലാത്തത്? ഇപ്പോള്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയപ്പോള്‍ തോന്നുന്നു, ഒരു പക്ഷെ എഴുതിയിരുന്നെങ്കില്‍ , മടക്കത്തപ്പാലില്‍ കുറെ സൃഷ്ടികള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ എനിക്കും ഒരിടം കിട്ടാതിരിക്കുമായിരുന്നില്ല എന്ന്.

വിശാലമനസ്ക്കന്റെ കൊടകരപുരാണമാണല്ലൊ ബ്ലോഗില്‍ നിന്ന് ആദ്യമായി അച്ചടിച്ച് പുറത്തിറങ്ങിയ കൃതി. പിന്നീട് കുറെ പുസ്തകങ്ങള്‍ ബ്ലോഗില്‍ നിന്നും ഉണ്ടായിട്ടുണ്ട്.  കഥകളും കവിതകളും മാത്രമേ പുസ്തകമായി പ്രസിദ്ധീകരിച്ചുകൂടൂ എന്നില്ലല്ലൊ. എന്റെ ശിഥിലചിന്തകള്‍ പുസ്തകമാക്കിയാലെന്ത് എന്ന് ഞാ‍ന്‍ ആലോചിക്കാതിരുന്നില്ല. എന്റെ നാട്ടുകാരനായ സുഹൃത്ത് കുറച്ചു മുന്‍പ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ധര്‍മ്മപട്ടണത്തിലെ കോലച്ചുവടുകള്‍ എന്നാണ് നോവലിന്റെ പേര്. എനിക്ക് കോമ്പ്ലിമെന്ററിയായി ഒരു കോപ്പി തന്നു. നന്നായിരുന്നു എഴുത്ത്.  ശിഥിലചിന്തകളില്‍ ഞാന്‍ എഴുതിയ പോസ്റ്റുകളും മറ്റ് കമന്റുകളും എഡിറ്റ് ചെയ്ത് ഒരു ബുക്ക് പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞപ്പോള്‍ ആ സുഹൃത്ത് എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു.  ബുക്കിന്റെ പേര് മനസ്സില്‍ ഉറപ്പിച്ചു, ഒരു ബ്ലോഗറുടെ ശിഥിലചിന്തകള്‍.  എനിക്കൊരു ദോഷമുണ്ട്, ഐഡിയകള്‍ നൂറ് നൂറ് പെട്ടെന്ന് കിട്ടും. പക്ഷെ പ്രയോഗത്തില്‍ വരുത്താന്‍ കഴിയാറില്ല. മറ്റൊരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ എന്റെ ആവേശമെല്ലാം കെട്ടടങ്ങി. പുസ്തകപ്രസാധനരംഗം തട്ടിപ്പിന്റെ വേദിയാണെന്നാണ് അവന്‍ പറഞ്ഞത്. അതിനെ പറ്റി പിന്നീട് എഴുതാം.  മറ്റുള്ളവരുടെ അഭിപ്രായവും കേള്‍ക്കണമല്ലൊ.

ഏതായാലും ആഗസ്റ്റ് പതിനാലാം തീയ്യതിയിലെ ശാന്ത ടീച്ചറുടെ പുസ്തകപ്രകാശന ചടങ്ങില്‍ ഞാനും പങ്കെടുക്കുന്നുണ്ട്.  ബ്ലോഗ് എഴുതുന്നവരുടെയും വായിക്കുന്നവരുടേയും  ഒരു കൂട്ടായ്മ കൂടി അന്നേ ദിവസം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു. എല്ലാവര്‍ക്കും ഒന്ന് പരിചയപ്പെടാമല്ലൊ.

© ഈ പോസ്റ്റ് കെ.പി.സുകുമാരന്‍  എന്ന ഞാന്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തുന്നതാണ്.