Links

സാക്കീർ നായിക്കും ഇസ്ലാമും പിന്നെ വിശ്വാസങ്ങളും

ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിൽ സാക്കിർ നായിക്കിനെ പോലെയുള്ള മത പ്രബോധകർക്ക്‌ പ്രചരണം നടത്താൻ അവസരമുണ്ടാകരുത്‌. അത്‌ നമ്മുടെ മതേതര അടിത്തറ തകർക്കും അതിന്റെ ദൂഷ്യഫലങ്ങൾ ആത്യന്തികമായി അനുഭവിക്കേണ്ടി വരിക മുസ്ലീങ്ങൾ തന്നെയായിരിക്കും. ഇസ്ലാം മാത്രമാണു ദൈവത്തിന്റെ കണ്ണിൽ സത്യമതം എന്നും ബാക്കിയെല്ലാം തെറ്റാണെന്നുമുള്ളത്‌ മുസ്ലീങ്ങളുടെ വിശ്വാസം മാത്രമാണു. ആധികാരികമായി തെളിയിക്കാൻ കഴിയില്ല. മറ്റ്‌ മതക്കാർ അത്‌ അംഗീകരിക്കുകയുമില്ല. ദൈവത്തിനു പത്ത്‌ അവതാരങ്ങൾ ഉണ്ട്‌ എന്നും അതിൽ അവസാനത്തെ അവതാരം കൽക്കി കലിയുഗാന്ത്യത്തിൽ അവതരിക്കും എന്നുമാണു ഹിന്ദു വിശ്വാസം. ഇത്‌ മുസ്ലീങ്ങൾ അംഗീകരിക്കാത്തത്‌ പോലെ മുസ്ലീങ്ങളുടെ സത്യമത അവകാശവാദവും മറ്റ്‌ മതക്കാർക്ക്‌ സ്വീകാര്യമാവുകയില്ല.

എന്തിനേറെ പറയുന്നു, ഖുർആനിൽ ആണയിടുന്ന മുസ്ലീങ്ങൾക്ക്‌ എന്തിലെങ്കിലും ഏകവിശ്വാസമുണ്ടോ? ഐ.എസ്സ്. ഐ.സ്സ്. മുതൽ ജമാ അത്ത്‌ ഇസ്ലാമി വരെ പരസ്പരം പൊരുതുന്ന എത്ര സംഘടനകൾ മുസ്ലീമിലുണ്ട്‌. വിശ്വാസങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാം. ഓരോ പണ്ഡിതനും തന്റെ മനോധർമ്മം പോലെ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും കഴിയും. ഓരോ പണ്ഡിതനും വിശ്വാസികളെയും കിട്ടും. അങ്ങനെയാണു ഒരേ മതത്തിൽ പരസ്പരവിരുദ്ധമായ അവാന്തര വിഭാഗങ്ങൾ ഉണ്ടാകുന്നത്.
അത്‌ കൊണ്ട്‌ നമ്മുടെ ബഹുസ്വരതയിലും പാരസ്പര്യത്തിലും വിഷം കലർത്താൻ സാക്കിർ നായിക്കുമാരെ അനുവദിച്ചുകൂടാ. വ്യക്തിപരമായ മതവിശ്വാസങ്ങൾ സമൂഹത്തിൽ പറിച്ചു നടുന്നത്‌ ശരിയല്ല. അത് അപകടമാണു.

ഖുർആൻ വായിച്ചിട്ടും പഠിച്ചിട്ടും ആണു ലോകത്ത് ഇസ്ലാം മതത്തിൽ പെട്ട എത്രയോ പേർ നല്ല മുസ്ലീങ്ങളാകുന്നത്. അതേ ഖുർആൻ പഠിച്ചിട്ടാണു താലിബാനുകളും ഐ.എസ്സുകാരും ഭീകരവാദികളും തീവ്രവാദികളുമൊക്കെയാകുന്നത്. എല്ലാവർക്കും അടിസ്ഥാനം ഖുർആൻ എന്ന മുസ്ലീം വിശുദ്ധഗ്രന്ഥം മാത്രം. അതായത് ഖുർആൻ നല്ല മുസ്ലീങ്ങളെയും ഐ.എസ്.ഐ.എസ്സ് പോലുള്ള കഴുത്തറപ്പൻ ഭീകരവാദികളെയും സൃഷ്ടിക്കുന്നു. എന്നാൽ ഖുർആനിൽ അന്യമതസ്ഥരെ കഴുത്തറുത്ത് കൊല്ലണം എന്ന് പറയുന്നുമില്ല. മാത്രമല്ല എത്രയോ അമുസ്ലീങ്ങൾ ഖുർആൻ വായിച്ചിട്ട് പുകഴ്ത്തിയിട്ടുമുണ്ട്. മുസ്ലീങ്ങൾ തന്നെ അവകാശപ്പെടുന്നത് ഇസ്ലാം സമാധാനത്തിന്റെ മതം എന്നാണു. എന്നിട്ടും എന്ത്കൊണ്ട് ഇസ്ലാമിൽ കഴുത്തറപ്പന്മാരും കൈവെട്ടുകാരും ഒക്കെയുണ്ടാകുന്നത്. അവരൊന്നും ഇസ്ലാം അല്ല എന്ന് പറയാൻ കഴിയില്ല. കാരണം ഇസ്ലാമിൽ നിന്നും ഖുർആനിൽ നിന്നുമാണു അവരും പ്രചോദനം ഉൾക്കൊള്ളുന്നത്.

ഇതേ പോലെയാണു സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും. അദ്ദേഹം ഖുർആനെ ഉദ്ധരിച്ചാണു വാദഗതികൾ നിരത്തുന്നതും സംവാദങ്ങളിൽ ഉത്തരങ്ങൾ പറയുന്നതും. ഖുർആനിൽ അദ്ദേഹം അല്പം പോലും കൂട്ടുന്നുമില്ല, കുറക്കുന്നുമില്ല. തല കൊയ്യാനോ കൈവെട്ടാനോ അദ്ദേഹം ആഹ്വാനം ചെയ്യുന്നില്ല. ഖുർആൻ വായിക്കുന്ന അമുസ്ലീങ്ങൾക്ക് അതിൽ ഭീകരത കാണാൻ കഴിയാത്ത പോലെ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളിലും ഭീകരത കാണാൻ കഴിയില്ല. എന്നാൽ ഖുർആൻ വായിച്ച് പഠിച്ചിട്ട് താലിബാനും ഐ.എസ്സും ആകുന്ന പോലെ നായിക്കിന്റെ യുക്തിയും വാദവും കേട്ട് ചിലർ ഭീകരവാദികളുമാകാം. ആ ഒരു സാധ്യത തള്ളിക്കളായാനാകില്ല. അതാണു ബംഗ്ലാദേശ് സർക്കാർ പറഞ്ഞത്. ലോകത്തിനു മൊത്തം നമ്മുടെ സിദ്ധാന്തമാണു ശരി എന്ന് പ്രബോധിക്കുന്ന സംഘടനകളിൽ അസഹിഷ്ണുക്കളും ഭീകരവാദികളും തീർച്ചയായും ഉണ്ടാകും. മാർക്സിസ്സം പഠിച്ചാൽ നല്ല കമ്മ്യൂണിസ്റ്റും തലയറുക്കുന്ന ഉന്മൂലനസിദ്ധാന്തക്കാരുമാകും. കാരണം മാർക്സിസത്തിൽ വർഗ്ഗശത്രുവും വർഗ്ഗസമരവും നിഷ്ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ഒരു മനുഷ്യനെയും കൊല്ലാൻ മാർക്സ് പറഞ്ഞിട്ടില്ല. പക്ഷെ മാർക്സിസം വായിച്ച് തലക്ക് പിടിച്ചാൽ കമ്മ്യൂണിസ്റ്റ് അല്ലാത്ത വർഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യാൻ തീവ്രകമ്മ്യൂണിസ്റ്റുകൾക്ക് തോന്നും. അപ്രകാരം ഉന്മൂലനം ചെയ്തിട്ടുമുണ്ട്.

എത്ര നല്ല ദർശനമോ സിദ്ധാന്തമോ ആയാലും തങ്ങളുടേത് മാത്രമാണു ശരി എന്നും, ഇത് ലോകം മുഴുവൻ വ്യാപിപ്പിക്കണമെന്നും എല്ലാ മനുഷ്യരെയും ഈ സിദ്ധാന്തം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് കടമയാണെന്നും ഉൽബോധിപ്പിച്ചാൽ ആ സിദ്ധാന്തം കഴുത്തറപ്പന്മാരെയും ഭീകരവാദികളെയും സൃഷ്ടിക്കും. കാരണം ആ സിദ്ധാന്തത്തിൽ അസഹിഷ്ണുതയുടെ വിത്തുകളുണ്ട്. ഇസ്ലാമിസവും കമ്മ്യൂണിസവും ഭീകരവാദികളെ സൃഷ്ടിക്കുന്നത് ഈ പ്രത്യയശാസ്ത്രശാഠ്യം കൊണ്ടാണെന്നാണു എന്റെ നിരീക്ഷണം. തങ്ങളുടേത് തങ്ങൾക്ക് ശരി, അവരുടേത് അവർക്ക് ശരി, കേവലമോ സാർവ്വജനീനമോ സാർവ്വകാലികമോ ആയ ഒരു ശരി ഇല്ല എന്ന ബോധ്യമുള്ള സിദ്ധാന്തം അസഹിഷ്ണുത ഉണ്ടാക്കുകയോ ഭീകരരെ സൃഷ്ടിക്കുകയോ ഇല്ല. കാരണം കേവല സത്യം എന്നൊന്നില്ല എന്ന വെളിപാടിൽ സഹിഷ്ണുതയുടെയും സമവായത്തിന്റെയും ബീജങ്ങളുണ്ട്.

അന്ധവിശ്വാസങ്ങൾ എന്ന പ്രയോഗം ശരിയല്ല എന്ന് തോന്നുന്നു. വിശ്വാസങ്ങളിൽ വ്യാപകമായ നുണകളുണ്ട് എന്നതാണു ശരി. ഒരു കാലത്ത് ഭൂമി പരന്നത് എന്നാണു പഠിപ്പിച്ചത്. തലമുറകളോളം അങ്ങനെ വിശ്വസിക്കുകയും ചെയ്തു. ആ വിശ്വാസം നുണയായിരുന്നു. അത് പോലെ ഇക്കാലത്തും ഒരുപാട് നുണകൾ വിശ്വസിച്ചുവരുന്നുണ്ട്. ദൈവം ഭൂമിയിലെ എല്ലാ മനുഷ്യർക്കും വേണ്ടി ഒരു മതം സൃഷ്ഠിച്ചു തന്നു, അതാണു ഇസ്ലാം. ബാക്കി മതങ്ങൾക്കൊന്നും ദൈവത്തിന്റെ അംഗീകാരമില്ല, അത്കൊണ്ട് മറ്റ് മതങ്ങൾ ദൈവവിരോധമാണു, കറപ്റ്റഡ് ആണു. ഒരു ദൈവം എന്ന പോലെ ഒരു മതമേ മനുഷ്യർക്കുള്ളൂ ഇതൊക്കെയാണു സക്കീർ നായിക്ക് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എല്ലാ മുസ്ലീങ്ങളുടെയും വിശ്വാസം ഇതാണെങ്കിലും അത് പറഞ്ഞുകൊണ്ടേയിരിക്കുന്നില്ല. മനസ്സിൽ വെക്കുന്നു. അത്കൊണ്ട് മുസ്ലീങ്ങൾക്കും അമുസ്ലീങ്ങൾക്കും പരസ്പരം സഹവർത്തിക്കുന്നതിനു ദൈനംദിന വ്യവഹാരങ്ങളിൽ തടസ്സമില്ല. ബഹുഭൂരിപക്ഷം മുസ്ലീങ്ങൾ ഭീകരവാദികളാകുന്നുമില്ല, ഭീകരവാദികളെ സൃഷ്ടിക്കുന്നുമില്ല. അതേ സമയം സാക്കീർ നായിക്ക് ദിവസവും ഇത് തന്നെ പറഞ്ഞുകൊണ്ടേയിരുന്നാൽ ചില പേർ ഐ.എസ്സും താലിബാനും ഭീകരവാദിയും ആകും. യമനിൽ ആട്ജീവിതം നയിക്കാനും പോകും.

ഒരു ദൈവം എന്നത് ലോകത്ത് എല്ലാ വിശ്വാസികളും സമ്മതിക്കുന്നതാണു. രണ്ട് ദൈവം ഉണ്ട് എന്ന് ആരും പറഞ്ഞിട്ടില്ല. ഹിന്ദുവിനു മുപ്പത്തിമുക്കോടി ദൈവങ്ങൾ എന്ന് പറയുന്നത് ഒരേ പരബ്രഹ്മത്തിന്റെ വകഭേദങ്ങളാണു. ദൈവം ഒന്ന് അത് തൂണിലും തുരുമ്പിലും സർവ്വവ്യാപിയാണു എന്നാണു ആധികാരികമായ ഹിന്ദുവിശ്വാസം. എന്നാൽ ഒരേ മതം മനുഷ്യർക്ക് ദൈവം നേരിട്ട് നൽകിയത് ഇസ്ലാം ആണു എന്ന് വിശ്വസിക്കുന്നത് മുസ്ലീങ്ങൾ മാത്രമാണു. മറ്റുള്ളവരെ സംബന്ധിച്ച് അത് നുണയായ ഒരു വിശ്വാസമാണു. അത്കൊണ്ട് മറ്റുള്ളവർ അതിലെ ലോജിക്ക് ചിന്തിക്കും. വിശ്വാസികൾ ലോജിക്ക് ചിന്തിക്കരുത്, അത് മുസ്ലീം ആയാലും ഹിന്ദു ആയാലും. പക്ഷെ മുസ്ലീം വിശ്വാസത്തിലെ ലോജിക്ക് ഹിന്ദുവും, ഹിന്ദു വിശ്വാസത്തിലെ ലോജിക്ക് മുസ്ലീമും ചിന്തിക്കും. അങ്ങനെ ചിന്തിക്കുമ്പോൾ മനുഷ്യർക്ക് മൊത്തമായി ദൈവം അവതരിപ്പിച്ചതാണു ഇസ്ലാം മതം എന്ന വിശ്വാസം മറ്റ് മതക്കാർക്ക് നുണയായിരിക്കും. വിശ്വസിച്ചാൽ പ്രശ്നമില്ല. പക്ഷെ ഒരു ബഹുസ്വര സമൂഹത്തിൽ പ്രചരിപ്പിക്കുമ്പോൾ അതിനു റിയാക്‌ഷൻ ഉണ്ടാകും. അത് സ്വാഭാവികമാണു താനും.