Links

Showing posts with label കെവിന്‍. Show all posts
Showing posts with label കെവിന്‍. Show all posts

അഞ്ജലിഓള്‍ഡ് ലിപി മുതല്‍ അഞ്ജലി ഗ്രന്ഥശാല വരെ ...

ഇന്ന് നമ്മളെല്ലാം കമ്പ്യൂട്ടറില്‍ അനായാസം മലയാളത്തില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നു. യുനിക്കോഡ് എന്ന സമ്പ്രദായം നിലവില്‍ വന്നതിന് ശേഷമാണ് ഇത് സാധ്യമായത്.  ലോകത്തിലുള്ള എല്ലാ ഭാ‍ഷകളിലെയും എല്ലാ അക്ഷരങ്ങള്‍ക്കും  ചിഹ്നങ്ങള്‍ക്കും (Character ) പ്രത്യേകം പ്രത്യേകമായി ഓരോ നമ്പര്‍ നല്‍കപ്പെട്ടിരിക്കുന്നു എന്നതാണ് യൂനിക്കോഡ് എന്ന് ചുരുക്കി പറയാം.  എന്ത്കൊണ്ട് നമ്പര്‍ എന്നല്ലേ? കമ്പ്യൂട്ടറിന് നമ്പര്‍ മാത്രമേ മനസ്സിലാകൂ. അതും പൂജ്യവും ഒന്നും (0 , 1) എന്ന രണ്ട് അക്കം മാത്രം.  കമ്പ്യൂട്ടര്‍ എല്ലാ ഡാറ്റകളും മനസ്സിലാക്കുന്നത് അവയെ ഈ രണ്ട് അക്കങ്ങളായി മാറ്റിയിട്ടാണ്. ശരി, യുനിക്കോഡ് നിലവില്‍ വന്നു. അത് പോരല്ലൊ , മലയാളത്തിന് യുനിക്കോഡ് ഫോണ്ട് വേണ്ടേ?  ആദ്യമായി മലയാളത്തിന് അഞ്ജലി‌ഓള്‍ഡ് ലിപി എന്ന പേരില്‍ യുനിക്കോഡ് ഫോണ്ട് ഉണ്ടാക്കിയത് ചിത്രത്തില്‍ സജ്ജീവ് ബാലകൃഷ്ണനില്‍ നിന്നും തന്റെ കേരിക്കേച്ചര്‍ വാങ്ങുന്ന കെവിന്‍ ആണ്. ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന ഓരോ മലയാളിയും ഓര്‍ക്കേണ്ട പേരാണത്, കെവിന്‍ .

അഞ്ജലി ഓള്‍ഡ് ലിപിയില്‍ നിന്ന് കെവിന്‍ ഇന്ന് എത്തിനില്‍ക്കുന്നത് അഞ്ജലി ഗ്രന്ഥശാല എന്ന സംരഭത്തിലാണ്.  മലയാളത്തെ അത്രയും അഗാധമായി പ്രണയിക്കുന്നത്കൊണ്ടാവാം, സംഭവബഹുലങ്ങളായ ജീവിതയാത്രയില്‍ ഇപ്പോള്‍ ചെന്നൈ നഗരത്തില്‍ സഞ്ചരിക്കുന്ന മലയാളം ഗ്രന്ഥശാല എന്ന പ്രസ്ഥാനവുമായി എത്തിപ്പെട്ടിരിക്കുന്നത്.  രണ്ട്  വര്‍ഷമായി ഐടി ഡവലപ്പറായി കെവിന്‍ ചെന്നൈയില്‍ തന്നെയുണ്ട്.  അതിന് മുന്‍പ് ബഹറിനില്‍ ജോലി ചെയ്യുന്ന സമയത്താണ് അഞ്ജലി‌ഓള്‍ഡ് ലിപി രൂപകല്പന ചെയ്യുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ ഉണ്ടായിരുന്ന ജോലിയും രാജി വെച്ചിട്ടാണ് അഞ്ജലി ഗ്രന്ഥശാല തുടങ്ങിയിരിക്കുന്നത്.  ജോലി രാജി വെച്ചതിനെ പറ്റി കെവിന്‍ തന്റെ  ബ്ലോഗില്‍  ഞാന്‍ സ്വതന്ത്രനായി എന്ന തലക്കെട്ടില്‍ ഇങ്ങനെ കുറിച്ചിട്ടു :

"ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണു്, കുറച്ചു കാലമായി അതിന്റെ വക്കുവരെ എത്തിയതുമായിരുന്നു. എന്താണെന്നോ. ഞാൻ വീണ്ടും ജോലി രാജിവെച്ചു. ഇതു് ആറാമത്തെ രാജിയാണു്. എന്നാൽ ഇപ്രാവശ്യം ഒരു വ്യത്യാസമുണ്ടു് ട്ടോ. മുമ്പെല്ലാം പുതിയതു കണ്ടുവെച്ചിട്ടോ, അല്ലെങ്കിൽ പുതിയതു തേടുവാനോ വേണ്ടിയായിരുന്നു ഉണ്ടായിരുന്ന ജോലി കളഞ്ഞതു്. എന്നാലിനി ജോലിയ്ക്കായി പുതിയ കമ്പനിയെ തേടുന്ന പ്രശ്നമില്ല. ഒരു മുഴുവൻ സമയം ഫ്രീലാൻസറാവാൻ തീരുമാനിച്ചു. ഏറ്റവും അവസാനമായി ദ്രുപാൽ സൈറ്റ് ഡവലപ്പറായിട്ടാണു് എന്റെ കരിയർ എത്തിനില്ക്കുന്നതു്. കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളിൽ ഏതാനും സൈറ്റുകൾ ചെയ്തു. www.m3db.com ആണു് ഞാൻ ദ്രുപാലിൽ ആദ്യമായി ചെയ്യാൻ തുടങ്ങിയ പ്രോജക്റ്റ്, അതുതന്നെയാണു് എന്റെ അഭിമാനവും. കമ്പനിയുടെ ക്ലയന്റിനു വേണ്ടി നിർമ്മിച്ച www.indiafinancebazaar.com ആണു് മറ്റൊരു വലിയ സൈറ്റു്. ഇനിമുതൽ വീട്ടിൽ, സിജിയേയും അപ്പൂസിനേയും കൂടുതൽ സ്നേഹിച്ചു്, ദിവസേനയുള്ള 30കി.മി. ബൈക്കോട്ടവും അതിന്റെ ആയാസവും പൊടിയും ഒന്നുമില്ലാതെ, അത്യാവശ്യം വ്യായാമമൊക്കെ ചെയ്തു സ്വസ്ഥമായി ജീവിയ്ക്കാമെന്നു കരുതുന്നു. ഫ്രീലാൻസിങ്ങിന്റെ ഗുണങ്ങളും അപകടങ്ങളും അറിയാം, എന്നാൽ അതെല്ലാം നേരിടുവാൻ സാധിക്കുമെന്നുതന്നെ വിശ്വസിക്കുന്നു.”

കെവിന്റെ അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട് മലയാളം വരമൊഴിയില്‍ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത്.  മലയാളത്തിലെ സര്‍ക്കാര്‍ വിലാസം പുതിയ ലിപിയെ പഴഞ്ചനാക്കി, നമ്മുടെ പഴയ ലിപിയെ പുതിയ ലിപിയായി മിനുക്കിയെടുത്തു എന്നതാണ് ആ മാ‍റ്റം. നിങ്ങള്‍ വായിക്കുന്ന ഈ അക്ഷരങ്ങള്‍ അഞ്ജലി ഓള്‍ഡ് ലിപിയാണ്. ഇതാണ് നമ്മുടെ പഴയ ലിപി. എന്നാല്‍ പള്ളിക്കൂടങ്ങളില്‍ ഇപ്പോഴും പഠിപ്പിക്കുന്നത് പഴഞ്ചനായ ആ പുതിയ ലിപിയാണ്. എന്തിനാണ് ഇന്ന് ആര്‍ക്കും വേണ്ടാത്ത ആ പുതിയ ലിപി ഇപ്പോഴും പിള്ളാരെക്കൊണ്ട് എഴുതി പഠിപ്പിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല.  ടൈപ്പ്‌റൈറ്ററിന്റെ കീബോര്‍ഡിന് വേണ്ടിയാണ് അക്ഷരങ്ങളുടെ എണ്ണം ചുരുക്കിക്കൊണ്ട് അന്ന് മലയാള ലിപി പരിഷ്ക്കരിച്ചത്.  എന്നാല്‍ ആ ലിപിക്ക് ഇന്ന് എന്ത് പ്രസക്തിയാണുള്ളത്.  അച്ചടിയും ടൈപ്പിങ്ങും എല്ലാം കമ്പ്യൂട്ടറില്‍ ആയില്ലേ?  കമ്പ്യൂട്ടര്‍ വന്നത്കൊണ്ടും കെവിന്‍ അഞ്ജലിഓള്‍ഡ് ലിപി രൂപകല്പന ചെയ്തത്കൊണ്ടും നമുക്ക് നമ്മുടെ സുന്ദരമായ പഴയ മലയാളം ലിപി തിരിച്ചുകിട്ടി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെവിനെ പറ്റി എം.ബഷീര്‍ മാതൃഭൂമി സപ്ലിമെന്റില്‍ ഇ-വിവരം എന്ന പംക്തിയില്‍ ഇങ്ങനെ എഴുതി:


"അഞ്ജലി ഓള്‍ഡ ലിപി എന്ന മലയാളം യൂണികോഡ് ഫോണ്ട് നമ്മുടെ ബ്ലോഗെഴുത്തുകാരില്‍ ഭൂരിഭാഗത്തിനും തീര്‍ച്ചയായും അറിയും. മലയാളം ബ്ലോഗ് വായനക്കാരില്‍ പലരും ഈ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തിട്ടുമുണ്ടാകും. എന്നാല്‍ ഈ സൌജന്യഫോണ്ടിന്റെ നിര്‍മാതാവിനെ അധികമാരും അറിഞ്ഞെന്ന് വരില്ല. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി കെവിന്‍ മേനോത്തിന്റെ നിരന്തര ശ്രമത്തിന്റെ ഫലമായിരുന്നു 2004 ല്‍ പുറത്തിറങ്ങിയ അഞ്ജലി ഓള്‍ഡ് ലിപി.

മലയാളം ടൈപ്പിങ്ങില്‍ തോന്നിയ ഹരമായിരുന്നു കെവിനെ ഇത്തരമൊരു ശ്രമത്തിന് പ്രേരിപ്പിച്ചത്. മലയാളികള്‍ ഇന്റെര്‍നെറ്റ് സ്വീകരിച്ചുതുടങ്ങിയ അവസരത്തിലായിരുന്നു കെവിന്‍ ഭാഷയെ നെറ്റിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത്. ഈ സമയത്ത് ഇദ്ദേഹം ബഹറിനില്‍ ഒരു ട്രേഡിങ് കമ്പനിയില്‍ ഓഫീസ് ജീവനക്കാരനായിരുന്നു. അപ്പോഴാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയിരുന്ന കെ.എച്ച്. ഹുസൈന്റെ രചന ടെക്സ്റ്റ് എഡിറ്ററിലേക്ക് കെവിന്‍ ശ്രദ്ധതിരിച്ചത്. ഇതിലെ 6 ഫോണ്ടുകള്‍ കെവിന്‍ ഉപയോഗിച്ചു. ഇവ യൂണികോഡ് അല്ല എന്ന പോരായ്മയുണ്ടായിരുന്നു. ഈ കാലത്ത് രണ്ട് യൂണികോഡ് ഫോണ്ടുകള്‍ നിലവിലുണ്ടായിരുന്നെങ്കിലും ചില്ലക്ഷരം സ്ക്രീനില്‍ തെളിയുന്നതില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീട് രചനയുടെ ആറ് ഫോണ്ടുകളിലായിരുന്നു പരീക്ഷണം. ഇന്റെര്‍നെറ്റില്‍നിന്ന് ലഭിക്കുന്ന പാഠങ്ങളായിരുന്നു കൂട്ടിന്. രചനയുടെ ആറ് ഫോണ്ടിലെയും കൂട്ടക്ഷരങ്ങളെല്ലാം കൂടി ഒറ്റ ഫോണ്ടിലാക്കി യൂണികോഡ് കോഡിംങ് ചെയ്തു. ഇതിന് അഞ്ജലി ബീറ്റ എന്ന പേരും നല്‍കി. ഇത് സന്തോഷത്തോടെ പലരും സ്വീകരിക്കുകയും ചെയ്തുവെന്ന് കെവിന്‍ പറയുന്നു.

പിന്നീട്, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ രചന ഫോണ്ടെടുത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇത് പിന്‍വലിക്കണമെന്ന ആവശ്യവും വരമൊഴി ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു. തുടര്‍ന്നാണ് കെവിന്‍ സ്വന്തമായി അക്ഷരങ്ങള്‍ വരച്ചുണ്ടാക്കി അഞ്ജലി ഓള്‍ഡ് ലിപി എന്ന പേരിലാക്കിയത്. പിന്നീട് വരമൊഴിയിലൂടെ പലരും ഡൌണ്‍ലോഡ് ചെയ്ത് തുടങ്ങി. വിവിധ മലയാളം വെബ് സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും ഇപ്പോഴും ഈ ഫോണ്ട് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്. വരമൊഴിയില്‍ നിന്ന് മാത്രം 50,000 ഡൌണ്‍ലോഡില്‍ അധികമാണുണ്ടായിട്ടുള്ളത്. ചില മാസങ്ങളില്‍ 5000 ല്‍ അധികം പ്രാവശ്യമെങ്കിലും അഞ്ജലി ഓള്‍ഡ്ലിപി ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് കെവിന്‍ പറയുന്നു.

ബ്ലോഗെഴുതാത്ത ഒരുപാട്പേര്‍ ഈ ഫോണ്ടിലൂടെ ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്നു. ഇതിന്റെ സന്തോഷം മാത്രമാണ് കെവിന്. എട്ട് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലിചെയ്ത കെവിന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലുണ്ടായിരുന്നു. പുതിയൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഒടുവില്‍ ചെന്നൈയില്‍ ഒരു ഐ.ടി കമ്പനിയില്‍ മലയാളം പരിഭാഷകനായി ജോലി ലഭിച്ചു. ഉടന്‍ അവിടെ എത്താനുള്ള ഒരുക്കത്തിലാണ് കെവിന്‍."

അതെ, മൂന്ന് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ചെന്നൈയില്‍ പ്രസ്തുത ഗ്രന്ഥശാല വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കെവിന്‍ .  മലയാളത്തോടൊപ്പം  മറ്റ് ഭാഷകളിലെയും പുസ്തകങ്ങള്‍ ഗ്രന്ഥശാലയില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ കെവിനോട് ചാറ്റ് ചെയ്യവേ നിര്‍ദ്ദേശിച്ചിരുന്നു.  സാമ്പത്തികമായ നിലനില്പ് കൂടി പരിഗണിച്ചിട്ടാണ് ഞാന്‍ അങ്ങനെ നിര്‍ദ്ദേശിച്ചത്.  പുസ്തകവായന മരിച്ചിട്ടില്ലെങ്കിലും വായനക്കാരെ കണ്ടെത്തുക പണ്ടത്തെ പോലെ എളുപ്പമല്ല.  ചെന്നൈ നഗരം ഇന്ത്യയുടെ ഒരു മിനി പതിപ്പാണെന്ന് പറയാം.  എല്ലാ ഭാഷകളിലെയും പുസ്തകങ്ങള്‍ ലഭ്യമാക്കിയാല്‍ അനായാസം കുറെ മെമ്പര്‍മാരെ കണ്ടെത്താന്‍ കഴിയും.  അഞ്ജലി ഗ്രന്ഥശാലയുടെ വെബ്‌സൈറ്റ്   ഇവിടെയുണ്ട്.   അതിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു:


"ചെന്നൈ മലയാളികൾക്കൊരു സന്തോഷവാർത്ത! മലയാളം പുസ്തകങ്ങൾ വായിയ്ക്കുവാൻ ഇനി വേറെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല. ഒരു വിളിപ്പാടകലെ മാത്രം ഞങ്ങൾ, നിങ്ങളിഷ്ടപ്പെടുന്ന പുസ്തകങ്ങളുമായി, നിങ്ങളുടെ വിളിയ്ക്കു കാതോർത്തിരിക്കുന്നു. പറഞ്ഞാൽ മതി ഏതു പുസ്തകം എന്ന്, നിങ്ങളുടെ വീട്ടുപടിയ്ക്കലെത്തിച്ചു തരും. ഈ മനസ്സു മരവിച്ച ജീവിതത്തിനിടയിൽ ഇത്തിരി മാനസികോല്ലാസത്തിനു വായന നല്ലതാണെന്നു തോന്നിയതിനാൽ, ചെന്നൈയിൽ 2010 സെപ്തംബർ മാസം ഞങ്ങൾ ആരംഭിച്ച സംരംഭമാണു്, അഞ്ജലി ഗ്രന്ഥശാല.

നിങ്ങളുടെ വീട്ടിലേയ്ക്കു പുസ്തകങ്ങളെത്തിയ്ക്കുന്നു എന്നതാണു് ഈ ഗ്രന്ഥശാലയുടെ പ്രത്യേകത. തല്ക്കാലം ചെന്നൈ നഗരത്തിൽ മാത്രമാണു് വീട്ടിലെത്തിയ്ക്കുവാനുള്ള സൌകര്യം. നഗരത്തിനു പുറത്തേയ്ക്കും മറ്റു നഗരങ്ങളിലേയ്ക്കും താമസിയാതെ വായനശാലയുടെ സാമീപ്യം വളരുമെന്നു പ്രതീക്ഷിയ്ക്കാം. നിങ്ങൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, ഗ്രന്ഥകാരന്മാരെക്കുറിച്ചും നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ ഈ താളുകളിൽ പ്രസിദ്ധീകരിക്കുമെന്നതും ഒരു പ്രത്യേകതയാണു്.
ഗ്രന്ഥശാലയിൽ വരിക്കാരാകുന്നതിന് 9444088623(ചെന്നൈ നമ്പർ) എന്ന നമ്പറിൽ വിളിച്ചാൽ മതി."

കെവിന്‍  ഗൂഗിള്‍ പ്ലസ്   മുഖാന്തിരം ഈ വിവരം  ഷേര്‍ ചെയ്തപ്പോഴാണ് ഞാന്‍ അഞ്ജലി ഗ്രന്ഥശാലയെ പറ്റി മനസ്സിലാക്കുന്നത്.  പുസ്തകങ്ങളുമായും ചെന്നൈയുമായും (മദ്രാസ് എന്ന് പറയാനാണ് എനിക്കേറേ ഇഷ്ടം) എനിക്ക് അഗാധമായ ആത്മബന്ധമുണ്ട്. അതൊക്കെ അല്പാല്പമായി ബ്ലോഗില്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്.  കെവിനെ പറ്റി എനിക്ക് ഉല്‍ക്കണ്ഠയുണ്ട്.  കെവിന്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കെവിന് കിട്ടിയിട്ടില്ല. ഈ സംരംഭം വിജയിപ്പിക്കാന്‍ ചെന്നൈയിലെ വായനപ്രേമികള്‍ മുന്നോട്ട് വരുമെന്ന് പ്രത്യാശിക്കാ‍നേ എനിക്ക് കഴിയൂ.