Links

ഹൈഡ്രോപോണിക് കൃഷി എന്നാല്‍ എന്ത്?

ഹൈഡ്രോപോണിക് കൃഷി എന്നാല്‍ മണ്ണ് ഇല്ലാതെ കൃഷി ചെയ്യുന്ന രീതി എന്നു ഒറ്റവാക്കില്‍ പറയാം. മാത്രമല്ല, ഇതാണ് ക്ലീന്‍ കൃഷി അഥവാ ഭാവിയുടെ പ്രതീക്ഷയായ കൃഷി സമ്പ്രദായം.  വളരുന്ന എന്താണോ അതാണ് ജൈവത.  ജീവനുള്ള എന്തിനും വളരാന്‍ ആഹാരം വേണം.  ചെടികളുടെ ആഹാരം എന്നു പറയുന്നത് 17 തരം രാസമൂലകങ്ങളാണ്. ഇവയില്‍ മൂന്നെണ്ണം  കാര്‍ബണ്‍ , ഓക്സിജന്‍,ഹൈഡ്രജന്‍ എന്നിവ അന്തരീക്ഷത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും സസ്യങ്ങള്‍ക്ക് ലഭിക്കും.  അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ‌ഓക്സൈഡില്‍ നിന്നാണ് കാര്‍ബണ്‍ സ്വീകരിക്കുന്നത്. ജലത്തില്‍ നിന്ന് ഓക്സിജനും ഹൈഡ്രജനും സ്വീകരിക്കുന്നു. കാര്‍ബണും ഹൈഡ്രജനും ചേര്‍ന്ന പദാര്‍ത്ഥങ്ങളെയാണ് നാം ജൈവ പദാര്‍ത്ഥങ്ങള്‍ എന്നു പറയുന്നത്. പ്രകൃതിയില്‍ ഉള്ളത് എല്ലാം രാസപദാര്‍ത്ഥങ്ങള്‍ തന്നെയാണ്. രണ്ട് ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നതാണ് വെള്ളം. ഇങ്ങനെ പ്രകൃതിയില്‍ ആകെ 102 രാസപദാര്‍ത്ഥങ്ങള്‍ മാത്രമേയുള്ളൂ. ഈ പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ജീവനുള്ളതും ഇല്ലാത്തതുമായി കോടാനുകോടി പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഒരു സസ്യത്തിന്റെ 60ശതമാനത്തിലധികവും കാര്‍ബണ്‍ ആണ്.

എല്ലാ ജീവജാലങ്ങള്‍ക്കും ഭക്ഷണം ആവശ്യമാണ് എന്ന് പറഞ്ഞുവല്ലൊ.  ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരു ധര്‍മ്മം ഊര്‍ജ്ജം പ്രദാനം ചെയ്യുക എന്നതാണ്.  സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും എല്ലാം ഊര്‍ജ്ജം വേണം. ഊര്‍ജ്ജമില്ലാതെ ജീവനുള്ള ഒന്നിനും  ഒരു നിമിഷം പോലും ജീവനോടെ നിലനില്‍ക്കാന്‍ പറ്റില്ല.  എവിടെ നിന്നാണ് ഈ ഊര്‍ജ്ജം സസ്യ-ജന്തുജാലങ്ങള്‍ക്ക് ലഭിക്കുന്നത്?  സംശയമില്ല, സൂര്യനില്‍ നിന്നാണ് ഈ ഊര്‍ജ്ജം എല്ലാ ജീവജാലങ്ങള്‍ക്കും കിട്ടുന്നത്.  എന്നാല്‍ സൂര്യനില്‍ നിന്ന് നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കുന്നതിന് സസ്യങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സസ്യങ്ങള്‍ സൌരോര്‍ജ്ജം സ്വീകരിച്ച്, അവയില്‍ ശേഖരിച്ചു വെക്കുന്നു. ആ ഊര്‍ജ്ജമാണ് ഭക്ഷണത്തിലൂടെ മനുഷ്യര്‍ക്കും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ലഭിക്കുന്നത്.  അത്കൊണ്ട് സസ്യങ്ങളെ ഭൂമിയിലെ ഊര്‍ജ്ജഫാക്ടറി എന്നു പറയാം. സസ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഊര്‍ജ്ജമില്ലാതെ ഭൂമിയില്‍ ഒരു ചലനവും നടക്കുകയില്ലായിരുന്നു.  നമ്മള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഉപയോഗിക്കുന്ന ഡീസലും പെട്രോളും എല്ലാം ഒരു കാലത്ത് സസ്യങ്ങള്‍ സൂര്യനില്‍ നിന്ന് ശേഖരിച്ച ഊര്‍ജ്ജം തന്നെ ആണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? സസ്യങ്ങള്‍ ഇങ്ങനെ ഊര്‍ജ്ജം ശേഖരിക്കുന്ന പ്രക്രിയയെ ആണ് പ്രകാശസംശ്ലേഷണം അഥവാ ഫോട്ടോ സിന്തസിസ്സ് എന്നു പറയുന്നത്.


സസ്യങ്ങള്‍ ആകെ വേണ്ടത് 17 മൂലകങ്ങള്‍ ആണെന്ന് പറഞ്ഞല്ലൊ.  ആ മൂലകങ്ങളുടെ പട്ടികയാണ് ഇടത് ഭാഗത്ത് കാണുന്നത്. ഇതില്‍ കാര്‍ബണും ഹൈഡ്രജനും ഓക്സിജനും അന്തരീക്ഷത്തില്‍ നിന്നും ജലത്തില്‍ നിന്നും ലഭിക്കും എന്നും പറഞ്ഞു.  ബാക്കിയുള്ള 14 മൂലകങ്ങളും മണ്ണില്‍ നിന്ന് ലഭിക്കും എന്നുള്ളത് കൊണ്ടാണ് നമ്മള്‍ മണ്ണില്‍ കൃഷി ചെയ്യുന്നത്.  സസ്യങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്ന് മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവ ചിലപ്പോള്‍ മണ്ണില്‍ തീര്‍ന്നുപോകും. അത്കൊണ്ടാണ് ഈ മൂന്നും അടങ്ങിയ NPK എന്ന രാസവളം നമ്മള്‍ മണ്ണില്‍ ചേര്‍ക്കുന്നത്.  രാസവളം മണ്ണില്‍ ഇടരുത്, അത് വിഷമാണ് എന്നൊക്കെ ഒരു അബദ്ധധാരണ ഇപ്പോള്‍ സമൂഹത്തില്‍ നിലവിലുണ്ട്. ജൈവവളം മാത്രമേ ചെടികള്‍ക്ക് ഇടാവൂ എന്ന് മന്ത്രിമാര്‍ വരെ പ്രസ്താവിക്കുന്നു. ജൈവകൃഷി എന്ന വാക്ക് ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്.

എന്നാല്‍ ജൈവകൃഷി എന്നൊരു ഏര്‍പ്പാട് ഇല്ല എന്നതാണ് സത്യം.  ജൈവവളങ്ങള്‍  മണ്ണില്‍ ഇട്ടാല്‍ അത് നല്ലതാണ്. ഇപ്പറഞ്ഞ മൂലകങ്ങളില്‍ ചിലതോ അല്ലെങ്കില്‍ പലതോ ജൈവവളത്തില്‍ ഉണ്ടായേക്കാം.  എന്നാല്‍ അവയിലെ മൂലകങ്ങള്‍ സസ്യങ്ങള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ അവയില്‍ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിച്ച് ലഘുതന്മാത്രകളായി വിഘടിക്കപ്പെടണം. അത് കാലതാമസം വരുന്ന സംഗതിയാണ്.  ജൈവളത്തില്‍ ഉള്ളത് സങ്കീര്‍ണ്ണമായ കൂറ്റന്‍ തന്മാത്രകളാണ്.  മണ്ണില്‍ ഇട്ടാല്‍ അവ ഡിപ്പോസിറ്റായി മണ്ണില്‍ കിടന്ന് ഭാവിയില്‍ സസ്യങ്ങള്‍ക്ക് ഉപകാരപ്പെടും. പക്ഷെ തല്‍‌സമയം സസ്യങ്ങള്‍ക്ക് എന്തെങ്കിലും മൂലകങ്ങളുടെ കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ രാസവളം ഇടുക തന്നെ വേണം.

രാസവളങ്ങള്‍ ദോഷമോ വിഷമോ അല്ല.  കെമിക്കല്‍ എന്നു കേട്ടാല്‍ വിഷം എന്നൊരു മുന്‍‌വിധിയാണ് ഇപ്പോള്‍ ആളുകള്‍ക്ക്. എല്ല്ലാം കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ തന്നെയാണ്.  ജൈവവളം വിഘടിച്ച് സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പരുവത്തില്‍ എത്തുന്ന മൂലകങ്ങളും രാസപദാര്‍ത്ഥങ്ങള്‍ തന്നെ. വിറകും കരിയിലയും കത്തിച്ചാല്‍ കിട്ടുന്ന ചാരവും രാസപദാര്‍ത്ഥം തന്നെയാണ്. മേല്പറഞ്ഞ 14 മൂലകങ്ങള്‍ അടങ്ങിയ സംയുക്തങ്ങള്‍ മണ്ണില്‍ നിന്ന് ആഗിരണം ചെയ്യുമ്പോള്‍ അവ ജൈവവളം വിഘടിച്ച് ഉണ്ടായ മൂലകങ്ങളാണോ രാസവളം ഇട്ടതില്‍ നിന്നാണോ മണ്ണില്‍ മുന്‍പേ ഉള്ളതാണോ എന്ന വ്യത്യാസം സസ്യങ്ങള്‍ക്ക് ഇല്ല.  ഇപ്പറഞ്ഞ മൂലകങ്ങള്‍ അടങ്ങിയ തന്മാത്രകള്‍ ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ അയണുകള്‍ ആയാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നത്. ഓസ്‌മോസിസ് മര്‍ദ്ധം എന്നൊരു പ്രതിഭാസമാണിത്. അയണ്‍ എന്നാല്‍ എന്തെന്ന് രസതന്ത്രം പഠിച്ചവര്‍ക്ക് അറിയാം. ഒരു മൂലകത്തിലോ തന്മാത്രയിലോ ഒരു ഇലക്ട്രോണ്‍ കുറഞ്ഞാലോ കൂടിയാലോ നെഗറ്റീവ് ചാര്‍ജ്ജോ പോസിറ്റീവ് ചാര്‍ജ്ജോ ഉണ്ടാ‍കുന്ന കണങ്ങളെയാണ് അയണ്‍ എന്നു പറയുന്നത്.

ഇത്രയും മനസ്സിലാക്കിയാല്‍ മാത്രമേ ഹൈഡ്രോപോണിക് കൃഷി എന്നാല്‍ എന്ത് എന്നു മനസ്സിലാവുകയുള്ളൂ.  സസ്യങ്ങള്‍ക്ക് വളരാന്‍ വേണ്ടത് മണ്ണ് അല്ല, പ്രത്യുത മേല്പറഞ്ഞ 14 മൂലകങ്ങള്‍ ആണെന്ന് സാരം.  അതാണ് ഹൈഡ്രോപോണിക്ക് കൃഷിയില്‍ ചെയ്യുന്നതും.  ഈ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ 14 മൂലകങ്ങളും റെഡിയായി അനുസ്യൂതം കിട്ടുന്നത്കൊണ്ട് ചെടി ക്രമാനുഗതമായി വളരുന്നു. വേരുകള്‍ക്ക് വളം അന്വേഷിച്ച് ദൂരെ പോകേണ്ടതില്ലാത്തത്കൊണ്ട് വേരുകള്‍ അധികം വളരുന്നില്ല. ആ വളര്‍ച്ച കൂടി തണ്ടുകള്‍ക്കും ഇലകള്‍ക്കും ഉണ്ടാകുന്നു.  എല്ലാ പോഷകഘടങ്ങളും സമീകൃതമായി ലഭിക്കുന്നത്കൊണ്ട് അവയില്‍ കായ്ക്കുന്ന ഫലങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയും കൂടുതല്‍ സ്വാദും ഉണ്ടാവുകയും ചെയ്യും. ഏറ്റവും പ്രധാനപ്പെട്ട സംഗതി കീടനാശിനികള്‍ വേണ്ടിവരില്ല എന്നതാണ്. അഥവാ വേണ്ടി വന്നാലും നാമമാത്രമായിരിക്കും. അധികം കീടങ്ങളും മണ്ണില്‍ നിന്നാണ് സസ്യങ്ങളെ ബാധിക്കുന്നത്.  ജൈവവളങ്ങള്‍ ഉണ്ടാക്കുന്ന വേളയില്‍ അവയില്‍ കീടങ്ങളും കാരീയം പോലെയുള്ള ഉപദ്രവകാരികളായ ലോഹങ്ങളും കലര്‍ന്ന് ജൈവവളങ്ങള്‍ ദോഷകരമാവാനും സാധ്യതയുണ്ട് എന്നതും ഇവിടെ പ്രസ്താവ്യയോഗ്യമാണ്.

ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികളും പഴങ്ങളുമൊക്കെ ഹൈഡ്രോപോണിക് രീതിയില്‍ ശുദ്ധമായി കൃഷി ചെയ്യാന്‍ ആര്‍ക്കും സാധിക്കും. ഇതിന് ആവശ്യമായ ഉപകരണങ്ങളും  എല്ലാ മൂലകങ്ങളുമടങ്ങിയ പോഷകലായനിയും മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വഴിയും ഇവ വാങ്ങാനുള്ള സൌകര്യമുണ്ട്.  ആദ്യത്തെ പ്രാവശ്യം മാത്രമേ മുതല്‍‌മുടക്ക് ഉള്ളു.  വ്യത്യസ്തമായ സമ്പ്രദായങ്ങളില്‍ ഹൈഡ്രോപോണിക് കൃഷി ചെയ്യാം. ഇതില്‍ ഏറ്റവും ലളിതമായത് നാട സമ്പ്രദായമാണ് (Wick System). ചിത്രം നോക്കുക.  നിങ്ങള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഞാന്‍ ഇത് ലളിതമായി വിവരിക്കാം.

നമുക്ക് വേണ്ടത്, ചെടിക്ക് വേരു പിടിപ്പിക്കാന്‍ ഗ്രോയിങ്ങ് മീഡിയം,പോഷക ലായനി, നാട, പിന്നെ ഗ്രോ മീഡിയവും പോഷകലായനിയും നിറക്കാന്‍ പാത്രങ്ങളും.   ഇപ്പോള്‍ എല്ലാ വീടുകളിലും പ്ലാസ്റ്റിക്ക് വാട്ടര്‍ ബോട്ടില്‍ ഉണ്ടാകും. അത് പകുതി കണ്ട് മുറിക്കുക. ബോട്ടിലിന്റെ അടപ്പിന് ഒരു ദ്വാരം ഉണ്ടാക്കുക. ബോട്ടിലിന്റെ അടിഭാഗം ലായനി നിറക്കാന്‍ ഉപയോഗിക്കാം.  മേല്‍ഭാഗം കമിഴ്ത്തി അടിഭാഗത്ത് വെക്കുക. അടപ്പിലെ സുഷിരത്തില്‍ കൂടി ഒരു തുണിനാട ബോട്ടിലിന്റെ  അടിഭാഗത്ത് ഇടുക. മേല്‍ഭാഗത്ത് മണല്‍ അഥവാ പൂഴി നല്ല പോലെ കഴുകി വൃത്തിയാക്കി നിക്ഷേപിക്കുക. മേലെയുള്ള ചിത്രം നോക്കിയാല്‍ ഒരു ഏകദേശ ഐഡിയ കിട്ടും. ഇനി ആ മണലില്‍ വിത്ത് നടുക. ഓസ്മോസിസ് തത്വപ്രകാരം താഴെയുള്ള ലായനി മേലെയുള്ള മണലിനെ നനച്ചുകൊണ്ടേയിരിക്കും.  ഒരു ഉദാഹരണത്തിന് പറഞ്ഞതാണിത്. Hydroponic എന്ന് ഗൂഗിള്‍ ചെയ്താല്‍ ഇത് പോലെ  നിരവധി വിവരങ്ങളും  ചിത്രങ്ങളും ലഭിക്കും.

ഇനി ഹൈഡ്രോപോണിക് പോഷകലായനി എങ്ങനെ മിക്സ് ചെയ്യാം എന്ന് നോക്കാം. ഈ ലായനിയാണ് വെള്ളത്തില്‍ കലര്‍ത്തി മേലെ പറഞ്ഞ ബോട്ടിലിന്റെ അടിഭാഗത്ത് നിറക്കേണ്ടത്. Nitrogen, Phosphorus, Potassium, and 10 other trace elements: Sulphur, Magnesium, Calcium, Iron, Manganese, Zinc, Copper, Chlorine, Boron and Molybdenum എന്നിങ്ങനെയുള്ള മൂലകങ്ങളാണ് ലായനിയില്‍ കൂടി ചെടികള്‍ക്ക് ലഭിക്കേണ്ടത് എന്ന് പറഞ്ഞല്ലൊ.  വ്യത്യസ്ത രീതികളില്‍ ഈ ലായനി മിക്സ് ചെയ്യാം. ഓരോ ചെടിക്കും വ്യത്യസ്ത അളവിലാണ് ഈ മൂലകങ്ങള്‍ ആവശ്യമായി വരുന്നത്. അത്കൊണ്ട്  ഹൈഡ്രോപോണിക് കൃഷിയില്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

കെമിക്കല്‍ ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്ന Superphosphate, Potassium sulphate, Sodium nitrate, Calcium nitrate, Magnesium sulphate, Iron sulphate, Boric acid powder, Manganese sulphate, Copper sulphate, Zinc sulphate  എന്നിവ ശരിയായ അളവിലും അനുപാ‍തത്തിലും മിക്സ് ചെയ്ത് ഹൈഡ്രോപോണിക് പോഷകലായനി ഉണ്ടാക്കാവുന്നതാണ്.  ഒരു മാതൃക സിമ്പിള്‍ ഇംഗ്ലീഷില്‍  ഇവിടെ  വായിക്കുക.

ജൈവകൃഷി, ജൈവപച്ചക്കറി , ജൈവപഴങ്ങള്‍ എന്നൊക്കെ പറഞ്ഞ് ആളുകളെയും ഉപഭോക്താക്കളെയും ഇന്ന് വ്യാപകമായി പറ്റിക്കുന്നുണ്ട്. അത്കൊണ്ട് എന്താണ് കൃഷി എന്നതിനെ  പറ്റിയുള്ള ഒരു  ശരിയായ ശാസ്ത്രീയധാരണ ഉണ്ടാവാന്‍ വേണ്ടിയാണ് ഈ ലേഖനം എഴുതുന്നത്. ഹൈഡ്രോപോണിക് കൃഷിയെ പറ്റി മുഴുവനും എഴുതണമെങ്കില്‍ അതിനായി മാത്രം ഒരു ബ്ലോഗ് വേണ്ടി വരും. മലയാളത്തില്‍ വിഷയാധിഷ്ഠിതമായി അങ്ങനെ ബ്ലോഗുകള്‍ എഴുതുന്ന സംസ്ക്കാരം വികസിച്ചു വന്നിട്ടില്ല.  വെറുതെ സമയം കളയുന്ന വിവാദവിഷയങ്ങള്‍ ഒന്നിന് പിറകെ ഒന്നൊന്നാ‍യി എഴുതിയും ചര്‍ച്ച ചെയ്തും അഭിരമിക്കാനാണ് മലയാളികള്‍ക്ക് പൊതുവെ താല്പര്യം.  ഒരു കാര്യത്തിലും ശാസ്ത്രീയ ബോധം ആര്‍ക്കും ഇല്ല എന്നതാണ് അവസ്ഥ.  എന്തായാലും വീടിന്റെ ടെറസ്സിലും ഫ്ലാറ്റുകളുടെ ബാല്‍ക്കണിയിലും  മാത്രമല്ല വേണ്ടി വന്നാല്‍ റൂമില്‍ പോലും ആരോഗ്യകരമായ രീതിയില്‍ ഹൈഡ്രോപോണിക് രീതിയില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ സാധിക്കും. റൂമില്‍ ആകുമ്പോള്‍ പ്രകാശം കൃത്രിമമായി കൊടുക്കണം എന്നേയുള്ളൂ.  കീടനാശിനി തളിക്കാത്ത , പൂര്‍ണ്ണ വളര്‍ച്ചയും സ്വാദും ഉള്ള പച്ചക്കറികള്‍ സ്വന്തമായി മണ്ണ് ഇല്ലാതെ കൃഷി ചെയ്യാന്‍ പറ്റും എന്ന് മാത്രമല്ല രസകരമായ ഒരു ഹോബ്ബി കൂടിയായിരിക്കും ഹൈഡ്രോപോണിക് കൃഷി.

താല്പര്യമുള്ളവര്‍ തമ്മില്‍ വിവരങ്ങളും അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കാനും അന്യോന്യം സഹകരിക്കാനും ഹൈഡ്രോപോണിക് അസോസിയേഷന്‍ രൂപീകരിക്കുകയാണെങ്കില്‍ നന്നായിരിക്കും എന്ന് കൂടി പറഞ്ഞുകൊണ്ട് തല്‍ക്കാലം ഇവിടെ ഉപസംഹരിക്കട്ടെ. 


വീഡിയോ ഒന്ന് ,  രണ്ട് 

For further reference : http://www.petbharoproject.co.in/about-us.php

സി.പി.ഐ(എം) സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങുമ്പോള്‍ ..



ദോഷം പറയരുതല്ലൊ, സി.പി.എം. കോഴിക്കോട് ആരംഭിക്കുന്ന സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജിന്റെ പേര് എത്ര സുന്ദരം! M.DIT എന്നാണ് കോളേജിന്റെ പേര്. പറയാനും എളുപ്പമുള്ള നല്ലൊരു ബ്രാന്‍ഡ് നെയിം ആണിത്; എംഡിറ്റ്. സ്വാശ്രയ മേഖലയില്‍ എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങാന്‍ സി.പി.എം.കാര്‍ക്ക് അവരുടേതായ കാരണമുണ്ട്. ഈ മേഖലയില്‍ ഒരു കൂട്ടം കോളേജ് മേനേജ്‌മെന്റുകള്‍ കൊള്ള നടത്തുകയാണത്രെ. അത്കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനമൊട്ടാകെ ഉയര്‍ന്നുവരണം എന്നതാണ് പോലും ഡിഫിക്കാരുടെ അഭിപ്രായം.  സി.പി.എം.കാര്‍ വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയതും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ആരംഭിച്ചതും ഷോപ്പിങ്ങ് മാളുകളും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എല്ലാം തുടങ്ങുന്നതും എല്ലാം ഇങ്ങനെ അതാത് മേഖലയില്‍ കൊള്ള നടക്കുന്നത്കൊണ്ട് അവരുടെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാനായിരിക്കണം. ഈ ഒരു മഹത്തായ കാഴ്ചപ്പാടിനെ എത്ര കടുപ്പപ്പെട്ട മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ പോലും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. എതിര്‍ക്കുന്നവര്‍ കൊള്ളക്കൂട്ടത്തെ അനുകൂലിക്കുന്നവരും സാമൂഹ്യപ്രതിബദ്ധത ഇല്ലാത്തവരുമായിരിക്കും. സി.പി.എം. എന്ത് തുടങ്ങിയാലും അതില്‍ കൊള്ള ഉണ്ടാവില്ല. ഒരു പക്ഷെ മറ്റ് കൊള്ളക്കാരുടെ സ്ഥാപനങ്ങളിലും സി.പി.എം. സ്ഥാപനങ്ങളിലും ഒരേ വിലയും ചാര്‍ജ്ജും ഫീസും തന്നെയാണെങ്കില്‍ തന്നെയും സി.പി.എമ്മിന്റേതില്‍ സാമൂഹ്യ പ്രതിബദ്ധത കാണും. അതാണ് അതിന്റെ മെച്ചം.

കൂത്തുപറമ്പില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചത് എന്തിനായിരുന്നു എന്ന് ചില ദോഷൈകദൃക്കുകൾ ചോദിക്കുന്നുണ്ട്.  അത് സി.പി.എമ്മിനെ പറ്റി ഒരു ചുക്കും അറിയാത്തത്കൊണ്ടാണ്.  ഒന്ന് നടപ്പില്‍ വരുമ്പോള്‍ അതിന്റെ ഗുണദോഷം ആര്‍ക്കും അറിയില്ല. അപ്പോള്‍ അത് ദോഷമായാലോ? ഉദാഹരണത്തിന് കമ്പ്യൂട്ടര്‍ വന്നു. അത് ദോഷമായിരുന്നെങ്കിലോ? സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിന് അത് സഹിക്കാന്‍ പറ്റുമോ. അത്കൊണ്ടാണ് എല്ലാറ്റിനെയും ആദ്യം എതിര്‍ക്കുന്നത്. പിന്നീട് ദോഷമൊന്നുമില്ല ഗുണമേയുള്ളൂ എന്ന് കണ്ടെത്തിയാല്‍ അംഗീകരിക്കുന്നു. അങ്ങനെ അംഗീകരിച്ച ചില മേഖലകളില്‍ പക്ഷെ കൊള്ള നടക്കുന്നു. ആ കൊള്ള തടയാനാണ് സാമൂഹ്യപ്രതിബദ്ധത നിമിത്തം സ്വന്തമായി തന്നെ സംരംഭങ്ങള്‍ തുടങ്ങുന്നത്. ടി വി വന്നപ്പോള്‍ അത് ദോഷമാണെന്ന് തോന്നി എതിര്‍ത്തു. പിന്നെ ഗുണമാണെന്ന് മനസ്സിലായപ്പോള്‍ വേറിട്ട ഒരു ചാനലില്‍ മാത്രമേ സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിക്കാന്‍ പറ്റൂ എന്ന് ബോധ്യമായി. അമ്യൂസ്മെന്റ്മെന്റ് പാര്‍ക്കുകളില്‍ പകല്‍ക്കൊള്ള തന്നെയായിരുന്നു. അങ്ങനെയാണ് വിസ്മയ തുടങ്ങിയത്. ആരെയും നിര്‍ബ്ബന്ധിക്കുന്നില്ലല്ലൊ. കൊള്ള വേണ്ടവര്‍ക്ക് കൊള്ള നടക്കുന്ന സ്ഥാപനങ്ങളില്‍ പോകാം. സാമൂഹ്യപ്രതിബദ്ധത വേണ്ടവര്‍ക്ക് സി.പി.എം.കാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ തന്നെ പോകേണ്ടി വരും.

ഏ.കെ.ജി ഹോസ്പിറ്റല്‍ , റബ്കോ ,  റെയിഡ്കോ ഇങ്ങനെ സി.പി.എം. നടത്തുന്ന സ്ഥാപനങ്ങള്‍ നോക്കുക. അതിന്റെയൊക്കെ ഉടമസ്ഥത ആര്‍ക്കാണ്? സാങ്കേതികമായി പറഞ്ഞാല്‍ അതൊക്കെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഭരണസമിതിയും അതിലെ ജീവനക്കാരും തൊഴിലാളികളും എല്ലാം സി.പി.എം.കാര്‍ തന്നെ. ഇപ്രകാരം അനേകം സഹകരണ സ്ഥാപനങ്ങളാണ് സി.പി.എമ്മിന്റെ ശക്തി. ഒരോ സഹകരണസ്ഥാപനവും മറ്റ് അനേകം അനുബന്ധസ്ഥാപനങ്ങള്‍ തുടങ്ങും. ഉദാഹരണത്തിന് പ്രാഥമിക സഹകരണ ബാങ്കുകള്‍ ഗൃഹോപകരണ ഷോറൂമുകളും മറ്റ് കച്ചവട സ്ഥാപങ്ങളും തുടങ്ങും. റെയിഡ്കോ കറിപൌഡര്‍ വരെ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. റബ്കോ കണ്ണൂരില്‍ ഏറ്റവും ആധുനികമായ ഓഡിറ്റോറിയം പണിതിട്ടുണ്ട്. ദിനേശ് ബീഡി സഹകരണ സംഘത്തിനും ഓഡിറ്റോറിയവും സോഫ്റ്റ്‌വേര്‍ പാര്‍ക്കും മറ്റുമുണ്ട്. ഇവയിലെക്കെ പതിനായിരങ്ങള്‍ക്ക് ജോലി കൊടുക്കാം. അങ്ങനെ ജോലി കിട്ടിയവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും പോയേ പറ്റൂ.  സമ്മേളനങ്ങള്‍ക്കും ജാഥകള്‍ക്കും ബന്ദും ഹര്‍ത്താലും നടത്താനും ഒക്കെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായിരിക്കും.

സഹകരണ സംഘങ്ങള്‍ ഇങ്ങനെ പാര്‍ട്ടിയുടെ അധീനതയില്‍ കുറെ ഉണ്ടെങ്കിലും അതൊക്കെ പാര്‍ട്ടിക്ക് ഉപയോഗപ്പെടുത്താമെന്നല്ലാതെ പാര്‍ട്ടിക്കാരുടെ സ്വത്ത് എന്ന് പറഞ്ഞുകൂട. ഏത് സഹകരണ സംഘത്തിലും സര്‍ക്കാരിന് 51ശതമാനം ഷേര്‍ ഉണ്ടാകും. ഏതെങ്കിലും ഒരു മൊശകോടന്‍ സഹകരണ മന്ത്രിയാവുകയാണെങ്കില്‍ ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം നടപ്പാക്കാന്‍ പറ്റും.  അത്കൊണ്ട് സി.പി.എം. ഇപ്പോള്‍ തുടങ്ങുന്ന സ്ഥാപനങ്ങളും സംരഭങ്ങളും എല്ലാം വെറും സൊസൈറ്റികള്‍ ആണ്. അതായത് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്യുന്ന സൊസൈറ്റികള്‍.  പത്തോ നാല്പതോ സി.പി.എം. നേതാക്കള്‍ ചേര്‍ന്ന് ഒരു ചാരിറ്റബിള്‍ സൊസൈറ്റി റജിസ്റ്റര്‍ ചെയ്യുന്നു. ആ സൊസൈറ്റി സംരംഭം തുടങ്ങുന്നു.  സഹകരണ സൊസൈറ്റി ആണെന്ന് അണികള്‍ ധരിക്കും. മരണപ്പെട്ടുപോയ ഏതെങ്കിലും നേതാവിന്റെ പേര് ആ സംരംഭത്തിന് നല്‍കിയാല്‍ സംഭവം പാര്‍ട്ടിയുടെ ആണെന്ന് അനുഭാവികള്‍ കരുതും. യഥാര്‍ത്ഥത്തില്‍ അതിന്റെ ഉടമസ്ഥത ആ സൊസൈറ്റിയുടെ അംഗങ്ങള്‍ക്ക് മാത്രമാണെന്ന് അണികള്‍ തിരിച്ചറിയുകയില്ല.

ചിത്രത്തില്‍ എം.ഡിറ്റിന്റെ ബോര്‍ഡ് നോക്കുക. കാഴ്ചയില്‍ ഒരു സ്വകാര്യസ്ഥാപനം പോലെ ഇല്ലേ? ഇതും  ഒരു സൊസൈറ്റിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. സഹകരണ മേഖലയില്‍ അല്ല എന്നര്‍ത്ഥം. സഹകരണ സൊസൈറ്റിയും ചാ‍രിറ്റബിള്‍ സൊസൈറ്റിയും തമ്മിലുള്ള വ്യത്യാസം സാധാരണ അനുഭാവികള്‍ക്ക് അറിയാന്‍ ന്യായമില്ല. ഏതെങ്കിലും കാലത്ത് പാര്‍ട്ടി പൊളിഞ്ഞുപോയാലും നേതാക്കള്‍ക്കും മേല്‍ത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും ഇങ്ങനെ ഒരുപാട് സംരഭങ്ങള്‍ സ്വന്തമായി ബാക്കിയുണ്ടാവും. പാര്‍ട്ടിക്ക് ദീര്‍ഘകാലത്തേക്ക് നിലനില്‍പ്പ് ഉണ്ടാകില്ല എന്നും പാര്‍ട്ടി വിപ്ലവം സംഘടിപ്പിക്കാന്‍ പോകുന്നില്ല എന്നും സോഷ്യലിസം ഇനിയുള്ള കാലത്ത് ആളുകള്‍ ഉച്ചരിക്കുക പോലുമില്ലെന്നും ഏറ്റവും നന്നായി ബോധ്യപ്പെട്ടവര്‍ സി.പി.എമ്മിന്റെ നേതാക്കള്‍ തന്നെയായിരിക്കുമല്ലൊ.

അങ്ങനെ സി.പി.എം. സ്വകാര്യ സൊസൈറ്റിയുടെ പേരില്‍ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങുമ്പോള്‍ ആ പാര്‍ട്ടിയുടെ വിശ്വാസ്യതയും സ്വീകാര്യതയും കുത്തനെ ഇടിയുകയാണെന്ന് അതിന്റെ നേതാക്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്നറിയില്ല.  ആസ്തിയുടെയും ബിസിനസ്സ് സ്ഥാപങ്ങളുടെയും പിന്‍‌ബലത്തില്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ഏറെക്കാലം എന്തായാലും നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഡിഫി നേതാക്കള്‍ സാമൂഹ്യപ്രതിബദ്ധതയെ പറ്റി വാചാലമാകുന്നുണ്ടെങ്കിലും സാമൂഹ്യപ്രതിബദ്ധയുള്ള പ്രവര്‍ത്തകരെ സി.പി.എമ്മിനോ പോഷകസംഘടനകള്‍ക്കോ ആകര്‍ഷിക്കാന്‍ ഇനി കഴിയില്ല എന്നതാണ് സത്യം.  എനിക്ക് എന്ത് സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ കഴിയും, അല്ലെങ്കില്‍ എനിക്ക് എന്ത് ജോലി കിട്ടും എന്ന് ചിന്തിക്കുന്നവരെ മാത്രമേ ഇനി സി.പി.എമ്മിന് ആകര്‍ഷിക്കാന്‍ കഴിയൂ.  നിസ്വാര്‍ത്ഥരായ, സാമൂഹ്യപ്രതിബദ്ധതയുള്ള , സമൂഹത്തിന് വേണ്ടി തന്നാല്‍ കഴിയുന്ന സേവനം നല്‍കാന്‍ തയ്യാറുള്ള ആളുകള്‍ ഇനി സി.പി.എമ്മില്‍ പോയിട്ട് എന്ത് കാര്യം?

സാമ്പത്തികമായി ഇങ്ങനെ മുന്നേറുന്നുണ്ടെങ്കിലും കേരളത്തില്‍ സി.പി.എമ്മിന്റെ ഭാവി എന്തായിരിക്കും? നാലാം തവണയും പിണറായി സംസ്ഥാന സെക്രട്ടരിയായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ഇനി ഉണ്ടായാലും ഇല്ലാത്തതിന് സമമായിരിക്കും. വി.എസ്. അതിഭയങ്കരമായ കൌശലം പ്രയോഗിച്ച് പൊതുസമൂഹത്തില്‍ ഒരു സ്വീകാര്യത പിടിച്ചു പറ്റിയിരുന്നു. പാര്‍ട്ടിക്ക് അകത്തും പുറത്തും വി.എസ്. എന്തോ ആണെന്ന ഒരു ഇമേജ് നിര്‍മ്മിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആ ഇമേജ് സി.പി.എം. മുതലാക്കിയിട്ടുമുണ്ട്.  എന്നാല്‍ ആ ഇമേജും തകരാനാണ് പോകുന്നത്. ഇത് വരെ സൂപ്പര്‍ വ്യവഹാരിയായി വിലസിയ വി.എസ്സിനെ പ്രതിരോധത്തിലേയ്ക്ക് തളച്ചിടാന്‍ പോരുന്ന കേസുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.  അദ്ദേഹത്തെ പഴയത് പോലെ ഉപയോഗപ്പെടുത്താന്‍ ഇനി സി.പി.എമ്മിന് കഴിയില്ല എന്ന് ചുരുക്കം.

പിണറായി ഒരു മികച്ച നേതാവും സംഘാടകനുമാണ്. എന്നാല്‍ അത് പാര്‍ട്ടിക്കകത്ത് മാത്രമാണ്. പാര്‍ട്ടിക്ക് പുറത്ത് പൊതുസമൂഹത്തില്‍ പിണറായിയെ ഇഷ്ടപ്പെടുന്ന ആരുമുണ്ടാവില്ല. എന്ന് മാത്രമല്ല, പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടിക്ക് പുറത്തുള്ളവരെ വെറുപ്പിക്കാനും പിണറായി പിശുക്ക് കാട്ടാറില്ല. വി.എസ്സും പിണറായിയും കഴിഞ്ഞാല്‍ തലയെടുപ്പുള്ള ഒരൊറ്റ നേതാവും കേരള സി.പി.എമ്മില്‍ ഇല്ല എന്നു പറയാം. കോടിയേരിക്ക് അങ്ങനെയൊരാഗ്രഹം കാണുമെങ്കിലും കണ്ണൂര്‍ ജില്ലയ്ക്ക് പുറത്ത് അദ്ദേഹത്തിന്റെ സ്വീകാര്യത സംശയമായിരിക്കും.  മാറിമാറി ഭരണത്തില്‍ കയറലും ഒട്ടേറെ സഹകരണ പ്രസ്ഥാനങ്ങളും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും കൈയ്യില്‍ ഉള്ളതും പിന്നെ ഇടതടവില്ല്ലാത്ത സാമ്പത്തികവരുമാനവുമാണ് സി.പി.എമ്മിനെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍.  എന്നാല്‍ പാര്‍ട്ടി ഒരു ഇടത് രാഷ്ട്രീയപ്രസ്ഥാനം എന്നതിനപ്പുറം സാമ്പത്തികനേട്ടങ്ങള്‍ കൊയ്യുന്ന എസ്റ്റാബ്ലിഷ്മെന്റ് കൂടിയാണെന്ന തിരിച്ചറിവ് അതിന്റെ ലക്ഷക്കണക്കിന് അനുയായികള്‍ക്ക് ഉണ്ടാവുമ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന് മുന്നോട്ട് പോകാന്‍ കഴിയാതെ വരും.  കുറച്ചു പേര്‍ കാശ് ഉണ്ടാക്കാന്‍ വേണ്ടി തങ്ങള്‍ എന്തിനാണ് ഉഷ്ണിക്കുന്നത് എന്ന് അനുയായികള്‍ക്ക് തോന്നാമല്ലൊ.  സ്വാശ്രയമേഖലയില്‍ പാര്‍ട്ടിക്കാരുടെ സ്വകാര്യസൊസൈറ്റി എഞ്ചിനീയറിങ്ങ് കോളേജ് ആരംഭിക്കുമ്പോള്‍ ആ തോന്നലിന് ആക്കം കൂടുകയാണ് ചെയ്യുക.  ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആത്മാവുകള്‍ ഈ സ്വാശ്രയക്കാര്‍ക്ക് മാപ്പ് നല്‍കട്ടെ.

സി.പി.ഐ.യും സി.പി.എമ്മും ; ഒരു വൈരുദ്ധ്യാധിഷ്ഠിത വിശകലനം


ഇത് എന്റെ കഴിഞ്ഞ പോസ്റ്റിന്റെ ഒരു അനുബന്ധമാണ്. അതും കൂടി വായിച്ചാലേ വായന പൂര്‍ണ്ണമാകൂ... 

ലോകത്തില്‍ നിലവിലുള്ള ഭരണസമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനികവും നീതിയുക്തവും ആയത് പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായമാണെന്ന് പറയേണ്ടതില്ലല്ലൊ. പാര്‍ലമെന്ററി ഡെമോക്രസി എന്ന് പറയുമ്പോള്‍ കുറഞ്ഞ പക്ഷം രണ്ട് പാര്‍ട്ടികളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ആ സിസ്റ്റം വര്‍ക്ക് ചെയ്യൂ എന്നും നമുക്ക് അറിയാം. ഒരു പാര്‍ട്ടിക്ക് മാത്രം ഏകപക്ഷീയമായി ഭരണക്കുത്തക ഉണ്ടാവുക എന്ന സമ്പ്രദായം പാര്‍ലമെന്ററി ഡെമോക്രസി അല്ല താനും.

കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പേരില്‍ നടപ്പാക്കിയ ഏകപാര്‍ട്ടി കുത്തക ഭരണം കാറല്‍ മാര്‍ക്സിസിന്റെ സിദ്ധാന്തം അനുസരിച്ചല്ല. അത് ലെനിന്റെ കണ്ടുപിടുത്തമാണ്. മാര്‍ക്സിസവുമായി ലെനിന്റെ ഈ തീയറിക്ക് ഒരു ബന്ധവുമില്ല എന്ന് മാര്‍ക്സിയന്‍ രീതിയില്‍ ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. മാര്‍ക്സിസത്തിന് ലെനിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ലാത്തതാണ്. മാര്‍ക്സ് തൊഴിലാളി വര്‍ഗ്ഗത്തെ സമഗ്രമായാണ് കണ്ടത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭരണകൂടമാണ് മാര്‍ക്സ് വിഭാവനം ചെയ്തത്. ലെനിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം സ്ഥാപിക്കുകയാണ് ചെയ്തത്. ലെനിന്‍ അങ്ങനെ പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാവുമോ? അതെങ്ങനെയാണ് ആവുക, തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആളാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ ആകുന്നത്?

അങ്ങനെ സ്വയം പ്രഖ്യാപിച്ചാല്‍ ഒരു പാര്‍ട്ടി ഒരു വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാവുകയില്ല. സംഭവിച്ചത് ഒരു പാര്‍ട്ടിയും ഭരണവും തൊഴിലാളികളുടെ മേല്‍ ഇല്ലാത്ത അധികാരം സ്ഥാപിക്കുകയായിരുന്നു. അതിന് മാര്‍ക്സിയന്‍ ചിന്തയുമായി യാതൊരു ബന്ധവുമില്ല. ലോകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലെനിന്റെയും കൂടി തീയറി സ്വീകരിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ മാര്‍ക്സിസിന്റെ സിദ്ധാന്തം നിരാകരിക്കുകയായിരുന്നു. മാത്രമല്ല, റഷ്യയില്‍ വിപ്ലവം നടക്കുമ്പോള്‍ അവിടെ തൊഴിലാളി വര്‍ഗ്ഗം ഉണ്ടായിരുന്നോ? ഫ്യൂഡലിസം തകര്‍ന്ന് മുതലാളിത്തം വികസിച്ചാലാണ് തൊഴിലാളികള്‍ ഒരു വര്‍ഗ്ഗമായി പരിണമിക്കുക എന്നല്ലേ മാര്‍ക്സിന്റെ കാഴ്ചപ്പാട്. റഷ്യയില്‍ വിപ്ലവം നടക്കുമ്പോള്‍ അവിടെ ഫ്യൂഡലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതിയായിരുന്നു. അപ്പോള്‍ ആരാണ് വിപ്ലവം നടത്തിയത്? ലെനിന്റെ കിങ്കരന്മാര്‍. മറ്റാരാണ്?

അത് ഒരു സാമൂഹ്യവിപ്ലവമായിരുന്നില്ല. മറിച്ച് അധികാരം കൈപ്പറ്റലായിരുന്നു. അന്ന് ഏതൊരു സംഘടിത ശക്തിക്കും അധികാരം കൈപ്പറ്റാന്‍ കഴിയുമാറ് സാര്‍ ഭരണകൂടം ദുര്‍ബ്ബലമായിരുന്നു. എന്നിട്ടാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ എന്നു പറഞ്ഞ് ഒരു സര്‍വ്വാധിപത്യം അവിടെ സംസ്ഥാപിതമാകുന്നത്. ഫലത്തില്‍ ഒരു പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം എന്നതില്‍ കവിഞ്ഞ് കാറല്‍ മാര്‍ക്സ് ഉദ്ദേശിച്ച പോലെ ഒരു സാമൂഹ്യപരിവര്‍ത്തനത്തിലൂടെ സംഭവിച്ച സ്വാഭാവിക മാറ്റം ആയിരുന്നില്ല. കാറല്‍ മാര്‍ക്സിന്റെ കാലത്ത് തന്നെ മുതലാളിത്തത്തിലേക്ക് പ്രവേശിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പറഞ്ഞ സാമൂഹ്യവിപ്ലവം നടന്നുമില്ല.

ഇന്നാണെങ്കില്‍ ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊഴിലാളികള്‍ ലോകത്ത് എവിടെയുമില്ല. അത്പോലെ തന്നെ മറ്റൊരു വര്‍ഗ്ഗമെന്ന നിലയില്‍ മുതലാളികളുമില്ല. സ്വകാര്യമൂലധനമല്ല മറിച്ച് ഓഹരി മൂലധനമാണ് ഇന്ന് വ്യവസായങ്ങള്‍ നടത്തുന്നത്. പറഞ്ഞ് വന്നത് ഒരു ചിന്താപദ്ധതി എന്നതിനപ്പുറം മാര്‍ക്സിസം ഒരു ഘട്ടത്തിലും പ്രയോഗത്തിന്റെ തലത്തിലേക്ക് വന്നിട്ടേയില്ല. ഇനി വരാനും പോകുന്നില്ല. എന്നാല്‍ വിവിധങ്ങളായ ദര്‍ശനങ്ങളും ചിന്തകളും ആശയങ്ങളും മനുഷ്യരാശിക്ക് ആവശ്യമാണ്. ഇല്ല്ലെങ്കില്‍ ചിന്ത എന്ന പ്രോസസ്സിങ്ങ് നടക്കാതെയായിപ്പോകും. തെറ്റും ശരിയും വിവേചിച്ചറിയാനും വിവിധങ്ങളും വിരുദ്ധങ്ങളുമായ ചിന്താപദ്ധതികള്‍ നല്ലതാണ്, മുതല്‍ക്കൂട്ടാണ്. ആ ഒരു പ്രസക്തി തീര്‍ച്ചയായും മാര്‍ക്സിസത്തിനുണ്ട്. അതേ സമയം തങ്ങള്‍ മാര്‍ക്സിസത്തിന്റെ മൊത്തവിതരണക്കാരാണെന്ന് ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാലും അത് അസംബന്ധമായിരിക്കും.

ഈ ഒരു നിലപാട് തറയില്‍ നിന്നാണ് ഞാന്‍ സി.പി.ഐ.യെയും സി.പി.എമ്മിനെയും നോക്കി കാണുന്നത്. അവര്‍ എന്ത് വിചാരിച്ചാലും മോഹിച്ചാലും അവരെക്കൊണ്ട് വിപ്ലവം നടത്താനോ സോഷ്യലിസം സ്ഥാപിക്കാനോ കഴിയില്ല. ഇവിടെ, സോഷ്യലിസം എന്നതിനും മാര്‍ക്സ് വിഭാവനം ചെയ്തതും ലെനിന്‍ നടപ്പാക്കിയതും തമ്മില്‍ കടലും കടലാടിയും പോലുള്ള വൈരുദ്ധ്യമുണ്ട്. എല്ലാ സമ്പത്തും സമൂഹത്തിന്റെ ഉടമസ്ഥതയില്‍ ആവുക എന്നാണ് മാര്‍ക്സ് ഉദ്ദേശിച്ചത്. ലെനിന്‍ ചെയ്തതോ? എല്ലാം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവന്നു. സര്‍ക്കാരിന്റെ ഉടമസ്ഥത എങ്ങനെയാണ് സമൂഹത്തിന്റെ ഉടമസ്ഥതയാവുക?

സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയാല്‍ സമൂഹത്തിന്റെ ഉടമസ്ഥതയില്‍ ആയി എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാല്‍ ആയോ? പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് അനുസരിക്കുക എന്ന വ്യവസ്ഥിതി എങ്ങനെ മാര്‍ക്സ് വിഭാവനം ചെയ്ത സോഷ്യലിസമാകും? ജനങ്ങള്‍ക്ക് എന്ത് പങ്കാളിത്തമാണ് അതില്‍ ഉള്ളത്. ഭരണകൂടം കൊഴിഞ്ഞുപോകേണ്ടതായ ഒരു സാമൂഹ്യവികാസത്തിലേക്ക് നടന്നടുക്കാനുള്ള എന്ത് ബുദ്ധിപരമായ വളര്‍ച്ചയാണ് പാര്‍ട്ടിക്ക് വിധേയരായി ജീവിക്കുന്ന ജനങ്ങള്‍ക്ക് ഉണ്ടാവുക? മാര്‍ക്സിനെ പോലെ മഹാനായ ഒരു ദാര്‍ശനികന് ഇങ്ങനെ ചെറുതായി ചിന്തിക്കാന്‍ കഴിയുമായിരുന്നോ?

അത്കൊണ്ട്, യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നല്ലൊരു ജനാധിപത്യപാര്‍ട്ടിയായി ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് രൂപാന്തരം വന്നുകൂടായ്കയില്ല എന്ന് ഞാന്‍ വെറുതെ കരുതുന്നു. അങ്ങനെ കരുതാമല്ലൊ. അങ്ങനെ ജനാധിപത്യപാര്‍ട്ടിയായി മാറിയാല്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള കുറേ പ്രവര്‍ത്തകരെ രാജ്യത്തിന് ലഭിക്കും എന്നും ഞാന്‍ കരുതുന്നു. ആ ഒരു സാധ്യതയാണ് ഞാന്‍ സി.പി.ഐ.യില്‍ കാണുന്നത്. സി.പി.എം. ഒരു ബിസിനസ്സ് പാര്‍ട്ടിയായി മാറിപ്പോയി. അതിനിനി മാറാന്‍ കഴിയില്ല. പാര്‍ട്ടി സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും കോടികളുടെ വാര്‍ഷിക വരുമാനവും ഇനിയും പുരോഗമിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഇത് പറയുന്നത്. സി.പി.ഐ. ശരിയായ ട്രാക്കില്‍ വന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ലാഭവിഹിതം കിട്ടാത്ത അണികള്‍ സി.പി.ഐ.യിലേക്ക് വന്നുകൂട എന്നില്ല. കോണ്‍ഗ്രസ്സുകാരോ ബി.ജെ.പി.ക്കാരോ ആയ വ്യക്തികള്‍ സ്വകാര്യ ബിസിനസ്സ് നടത്തുന്നത് പോലെയല്ല ഒരു രാഷ്ട്രീയപാര്‍ട്ടി ബിസിനസ്സ് സ്ഥാപനമായി മാറുന്നത്.

പുരോഗനക്കാര്‍ എന്നു പറയുന്നവരും ഇടത് എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും പറയുന്ന കോണ്‍ഗ്രസ്സ് വിരോധവും കോണ്‍ഗ്രസ്സാണ് എല്ല്ലാ തിന്മകള്‍ക്കും കാ‍രണം എന്നുള്ള വാദവുമൊക്കെ കക്ഷിരാഷ്ട്രീയപരമായി പ്രചരിപ്പിക്കുന്ന നുണകളാണ്. ഒരു ഘട്ടത്തില്‍ ബി.ജെ.പി. ഒറ്റയ്ക്ക് അധികാരം കരസ്ഥമാക്കുമാറ് വളരുന്നുണ്ട് എന്നൊരു പ്രതീതി ഉടലെടുത്തപ്പോള്‍ ഇപ്പറഞ്ഞ പുരോഗമനക്കാരും ഇടത്കാരും എല്ലാം കോണ്‍ഗ്രസ്സിനെ ന്യായീകരിക്കാന്‍ തുനിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സ് ശക്തമായിരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ബി.ജെ.പി.യെയും മറ്റെല്ലാ കോണ്‍ഗ്രസ്സിതര പാര്‍ട്ടികളെയും കൂട്ടി ഒരു മഹാസഖ്യം ഇ.എം.എസ്സിന്റെയും എന്‍.ടി.രാമറാവുവിന്റെയും നേതൃത്വത്തില്‍ ഹൈദരാബാദില്‍ സംഘടിച്ചിരുന്നു. ഇപ്പോള്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഏകദേശം സമാസമം എന്ന് വന്നപ്പോള്‍ രണ്ടിനെയും വര്‍ജ്ജിക്കണം എന്ന് പറയുന്നു. ഇതിലൊക്കെ അത്രയേയുള്ളൂ. കക്ഷിരാഷ്ട്രീയക്കണക്കുകളാണ് ഇത്തരം അനുകൂല-പ്രതികൂല നിലപാടുകളെ സൃഷ്ടിക്കുന്നത്.

ഇടത് മുന്നണിയില്‍ നില്‍ക്കുന്നു എന്ന് വെച്ച് സി.പി.ഐ.യുടെ വളര്‍ച്ച ഒരിക്കലും സി.പി.എം. ആഗ്രഹിക്കുകയില്ല. രണ്ടും ഒരേ ആശയക്കാരല്ലെ എന്ന വാദം വെറുതെ. അങ്ങനെയെങ്കില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാവുകയല്ലേ വേണ്ടത്? എന്തിനാണ് രണ്ടായി നില്‍ക്കുന്നത്. ലക്ഷ്യവും ആശയവും ഒന്നാണെങ്കില്‍? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അപേക്ഷിച്ച് സി.പി.ഐ. നിരുപദ്രവമാണ് എന്നൊരു മേന്മ ഞാന്‍ സി.പി.ഐ.യില്‍ കാണുന്നുണ്ട്. സി.പി.എമ്മിന്റെ ശൈലിയും പെരുമാറ്റവും രീതിയും എല്ലാം മാര്‍ക്സിസ്റ്റുകാര്‍ക്ക് മാത്രമേ രസിക്കൂ എന്നൊരു അവസ്ഥയുണ്ട്. അത്കൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ അല്ലാത്ത എല്ലാവരും തീവ്ര മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ആകുന്നത്.

എന്തായാലും കോണ്‍ഗ്രസ്സിന്റെ ഒപ്പം കൂടിയാല്‍ സി.പി.ഐ.ക്ക് വ്യക്തിത്വമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയായി ഭാവിയില്‍ വളരാനുള്ള സാധ്യത കണ്ടത്കൊണ്ട് ഞാന്‍ പറഞ്ഞെന്നേയുള്ളൂ. എന്തായാലും ഇടത് ഐക്യം എന്നൊക്കെ പറഞ്ഞിട്ട്, ഞാന്‍ നേരത്തെ പറഞ്ഞ പോലെ കുറെ പ്രസ്താവനകള്‍ ഇറക്കാം എന്നല്ലാതെ അതിനപ്പുറം ഒന്നും സംഭവിക്കാനില്ല.

സി.പി.ഐ.ക്കാര്‍ക്ക് ഒരു തുറന്ന കത്ത്


സി.പി.ഐ. എത്രയും വേഗം കോണ്‍ഗ്രസ്സിന്റെ കൂടെ ചേരുകയാണ് വേണ്ടത്.  ഇടത്പക്ഷ ഐക്യം എന്ന പേരു പറഞ്ഞ് മാര്‍ക്സിസ്റ്റ് മുന്നണിയില്‍ ചേര്‍ന്ന സി.പി.ഐ.യെ അന്നു മുതല്‍ ഇന്നുവരെ നക്കിക്കൊല്ലാനാണ് സി.പി.എം. ശ്രമിച്ചിട്ടുള്ളത്. അത് അവരുടെ അടവ് നയത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ കൂടെ ഉള്ളപ്പോള്‍ സി.പി.ഐ.ക്ക് നല്ല വളര്‍ച്ചയായിരുന്നു. അവരുടെ പാര്‍ട്ടിക്ക് മാത്രമല്ല ബാലസംഘം ,  യുവജന ഫെഡറേഷന്‍, സ്റ്റൂഡന്റ്സ് ഫെഡറേഷന്‍, എ.ഐ.ടി.യു.സി. മുതലായ വര്‍ഗ്ഗ സംഘടനകള്‍ക്കെല്ലാം പ്രവര്‍ത്തനനിരതമായ യൂനിറ്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളവും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. ഇന്ന് പ്രായമായവരല്ലാതെ യുവാക്കള്‍ ആരും സി.പി.ഐ.യില്‍ ഇല്ല എന്നു തന്നെ പറയാം.

ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ സി.പി.ഐ.ക്കാരുടെ വീടുകളില്‍ ഉള്ള കുട്ടികളെ ആദ്യം തന്നെ മാര്‍ക്സിസ്റ്റുകാര്‍ വന്നു അവരുടെ ബാലസംഘത്തില്‍ ചേര്‍ക്കും. സി.പി.ഐ.ക്കാരായ രക്ഷിതാക്കള്‍ക്ക് അത് തടയാന്‍ കഴിയില്ല. അതിനുള്ള അടവ് തന്ത്രങ്ങളൊക്കെ സി.പി.എം.കാര്‍ക്ക് ഉണ്ട്. അങ്ങനെ കുറ്റിയറ്റ് പോകുന്ന അവസ്ഥയിലാണ് സി.പി.ഐ. ഇന്ന് ഉള്ളത്.  സ്വന്തമായി ഒരു അസ്തിത്വം ഇന്ന് സി.പി.ഐ.ക്ക് ഇല്ല എന്ന് പറഞ്ഞാല്‍ അവര്‍ സമ്മതിക്കുകയില്ലെങ്കിലും വസ്തുത അതാണ്.  കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുമ്പോള്‍ ആയിരുന്നു സി.പി.ഐ.യുടെ സുവര്‍ണ്ണകാലം എന്ന് പഴയ സി.പി.ഐ. സഖാക്കള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും.

എന്തിനാണ് ഈ ഇടത്പക്ഷമുന്നണിയും ഐക്യവും ഒക്കെ? അത്കൊണ്ട് ഇന്ത്യ പോലൊരു മഹാരാജ്യത്ത് എന്ത് ചെയ്യാനാണ്? സി.പി.എമ്മിന് നേട്ടവും കാര്യവും ഉണ്ട്. അവര്‍ വെറുമൊരു രാഷ്ട്രീയപാര്‍ട്ടി മാത്രമല്ല. ദിനേന കോടികള്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന എന്റര്‍പ്രൈസസ്സ് കൂടിയാണ്. കേട്ടില്ലേ, തനിക്ക് കേസ് നടത്താന്‍ 10ലക്ഷം അനുവദിക്കണമെന്ന് വി.എസ്സ്. പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കുന്നു. അടുത്ത കമ്മറ്റിയില്‍ പത്ത് ലക്ഷം അനുവദിക്കുന്നു. ഇനി മേലില്‍ കേസിന്റെ കണക്ക് പാര്‍ട്ടിക്ക് നല്‍കണം എന്ന നിബന്ധനയോടെ. ഷേര്‍ മാര്‍ക്കറ്റില്‍ മൂലധനം നിക്ഷേപിച്ച് ലാഭവിഹിതം പറ്റുന്ന പാര്‍ട്ടി കം എന്റര്‍പ്രൈസസ്സാണ് സി.പി.എം. അവര്‍ മറ്റ് പാര്‍ട്ടികളെ മുന്നണിയില്‍ കൂട്ടുന്നത് ആ പാര്‍ട്ടികളെ സഹായിക്കാനല്ല. ആവുന്ന വിധത്തില്‍ പിളര്‍ത്തിയോ ശോഷിപ്പിച്ചോ സ്വയം തടിച്ച് വലുതാവാനാണ്. അതിനപ്പുറം ഒരു വിപ്ലവവും ഇടത്പക്ഷ ഐക്യം കൊണ്ട് ഇന്ത്യയില്‍ സംഭവിക്കാനില്ല.

കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി ഒരു മുന്നണിയോ കൂട്ടുകെട്ടോ അഖിലേന്ത്യാ തലത്തില്‍ ഈ നൂറ്റാണ്ടിലോ അടുത്ത നൂറ്റാണ്ടിലോ നടക്കുകയില്ല. അഥവാ നടന്നാലും അത് പ്രാദേശികപാര്‍ട്ടികളുടെ മുന്നണിയായിരിക്കും. അങ്ങനെ വന്നാലോ വരണമെങ്കിലോ ദേശീയപാര്‍ട്ടികള്‍ ഒന്നുമല്ലാതായിരിക്കണം. അങ്ങനത്തെ ഒരു മുന്നണിയില്‍ ഇടത്പാര്‍ട്ടികള്‍ക്ക് എന്ത് സ്ഥാനം? ഇടത്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രാദേശികപാര്‍ട്ടികള്‍ അടങ്ങിയ മുന്നണിയും നടക്കില്ല. പ്രാദേശികപാര്‍ട്ടികള്‍ക്ക് അതാത് സംസ്ഥാനത്തിന്റെ താല്പര്യം മാത്രമേയുള്ളൂ. പൊതുവായ ദേശീയ ലക്ഷ്യങ്ങള്‍ക്ക് പ്രാദേശികപാര്‍ട്ടികളെ കിട്ടില്ല. പ്രാദേശികപാര്‍ട്ടികളുടെ കൂട്ടുകെട്ട് ആധിപത്യം നേടി ഭരണം കൈപ്പറ്റുകയാണെങ്കില്‍ അഞ്ച് കൊല്ലം കൊണ്ട് അവര്‍ ഇന്ത്യയെ ഓഹരി വെച്ച് എടുക്കും. പിന്നെ ഇന്ത്യ ഉണ്ടാവില്ല.

ശരിക്ക് പറഞ്ഞാല്‍ സി.പി.എം. എന്ന പാര്‍ട്ടിയുടെ ജനനം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന തത്വങ്ങള്‍ക്ക് നിരക്കാത്തതും അവിശുദ്ധവുമായിരുന്നു. ഭൂരിപക്ഷതീരുമാനം വിയോജിപ്പ് ഉണ്ടെങ്കിലും അംഗീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് സംഘടന തത്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമല്ല ജനാധിപത്യപാര്‍ട്ടികളുടെയും തത്വം ഇത് തന്നെയാണ്. മറ്റെന്താണ് പോംവഴി?  ന്യൂനപക്ഷത്തിന് മറിച്ചൊരു അഭിപ്രായമുണ്ടെന്ന് കരുതി ഭൂരിപക്ഷത്തിന് ന്യൂനപക്ഷം പറയുന്നത് അനുസരിക്കാന്‍ പറ്റുമോ?  1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍‌ട്രല്‍ കമ്മറ്റിയില്‍ നിന്ന് ചെറുന്യൂനപക്ഷമായ 32 പേര്‍ ഇറങ്ങി വന്നു രൂപീകരിച്ചതാണ് ബ്രായ്ക്കറ്റില്‍ എം ഉള്ള സി.പി.ഐ.  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റ്കൊടുക്കുന്നതിന് സമമായ നടപടിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഭാഷ്യത്തില്‍ വര്‍ഗ്ഗവഞ്ചന എന്നും പറയാം.

അന്ന് പാര്‍ട്ടി പിളര്‍ത്തിയില്ലായിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (CPI) അവസ്ഥ ഇന്ന് എന്തായിരുന്നിരിക്കും? ചത്ത കുട്ടിയുടെ ജാതകം പരിശോധിച്ചിട്ട് ഫലമില്ലല്ലൊ. പക്ഷെ ഒന്ന് മാത്രം പറയാം.  ഇന്ത്യന്‍ ദേശീയതയോട് സാത്മ്യം പ്രാപിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുമായിരുന്നു.  കോണ്‍ഗ്രസ്സിന്റെ കൂടെ സി.പി.ഐ. പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തിലെ അവരുടെ രാഷ്ട്രീയവും നയവും പഠിച്ചതിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഇത് പറയുന്നത്.  ഇന്നും കമ്മ്യൂണിസത്തിലെ നല്ല വശങ്ങള്‍  സി.പി.ഐ.ക്കാരുടെ പെരുമാ‍റ്റത്തില്‍ കാണാം.

തെറ്റില്‍ നിന്ന് ജനിച്ച സി.പി.എം. തെറ്റിലൂടെ തന്നെയാണ് അന്നു മുതല്‍ ഇന്ന് വരെ സഞ്ചരിക്കുന്നത്.  ആള്‍ക്കൂട്ടം കൂടുതല്‍ ഉണ്ടാകുന്നത് ശരിയുടെ തെളിവ് അല്ലല്ലൊ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ തകര്‍ച്ചയുടെ പാത വെട്ടിത്തെളിച്ചത് 64ലെ ആ ഇറങ്ങിപ്പോക്കും പാര്‍ട്ടിയെ പിളര്‍ത്തലുമാണ്. ആളുകള്‍ കൂടുതല്‍ ഉള്ളത്കൊണ്ടാണ് ആ പാപക്കറ സി.പി.എമ്മിന്റെ മേല്‍ ആരും ആരോപിക്കാത്തത് എന്ന് തോന്നുന്നു. ഇതൊക്കെ ചെയ്തിട്ട് ഇന്ന് ഇടത്പക്ഷ ഐക്യം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. എന്ത് ഇടത്പക്ഷ ഐക്യം? ഇനി എന്ത് മലയാണ് ഇടത് ഐക്യം കൊണ്ട് മറിക്കാനുള്ളത്.

സമകാല രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സി.പി.ഐ.ക്കാര്‍ തയ്യാറാവണം. നിങ്ങള്‍ പറയുന്ന വിപ്ലവമോ സോഷ്യലിസമോ ഒന്നും ഒരു കാലത്തും നടക്കാന്‍ പോകുന്നില്ല. അതേ സമയം ലോകം ഉള്ള കാലത്തോളം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരും അത്കൊണ്ട് തന്നെ രാഷ്ട്രീയവും രാഷ്ട്രീയ സംഘടനകളും  ഉണ്ടാവും.  സമൂഹത്തെയും രാഷ്ട്രീയത്തെയും സദാ നവീകരിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. അല്ലാതെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിനൊപ്പിച്ച് രൂപമാറ്റം ചെയ്യാനല്ല. അത് നടക്കൂല്ല. വൃഥാ എന്തിനാണ് ചെയ്യാന്‍ കഴിയുന്നത് ചെയ്യാതെ നടക്കാത്ത കാര്യവും പറഞ്ഞ് സമയവും ഊര്‍ജ്ജവും പാഴാക്കുന്നത്.   നിലവിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ തന്നെ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് പ്രവര്‍ത്തിക്കാന്‍ കഴിയും.

ക്യാപ്പിറ്റലിസം എന്ന് പറയുന്നത് ഓരോ വ്യക്തിക്കും സ്വന്തമായി സമ്പാദിക്കാനും വളരാനും സ്വന്തം അഭീഷ്ടപ്രകാരം ജീവിതം നയിക്കാനും കഴിയുന്ന സ്വാഭാവിക സാമൂഹ്യ വ്യവസ്ഥയാണ്. ആ വ്യവസ്ഥയില്‍ അധികം സമ്പാദിക്കുന്നവനും കുറുക്ക് വഴിയിലൂടെ ധനം കൈക്കലാക്കുന്നവരും മുതലാളിമാരും ഒക്കെ ഉണ്ടാകും. എന്നാ‍ലും അവനവന് സമ്പാദിക്കാന്‍ കഴിയുന്ന ഈ വ്യവസ്ഥിതി മാത്രമേ ജനങ്ങള്‍ ഇഷ്ടപ്പെടുകയുള്ളൂ. അതല്ലാതെ എല്ലാ പ്രത്യുല്പാദനോപകരണങ്ങളും സര്‍ക്കാര്‍ ഉടമയിലാക്കി സര്‍ക്കാര്‍ തന്നെ തൊഴിലും കൂലിയും കൊടുക്കുന്ന ആ സോഷ്യലിസം ജനങ്ങളെ അധ്വാ‍ന പ്രക്രിയയില്‍ നിന്ന് അന്യവല്‍ക്കരിക്കും. അങ്ങനെ സമൂഹം മുരടിച്ച് നിശ്ചലമാകും. അത്കൊണ്ടാണ്  സോഷ്യലിസം പരാജയപ്പെട്ടത്. പരാജയപ്പെട്ടത് വീണ്ടും പരീക്ഷിക്കാന്‍ ആരെങ്കിലും മുതിരുമോ?

നിലവിലെ സാമ്പത്തിക വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് സാമൂഹ്യനീതി ഉറപ്പ് വരുത്താന്‍ സമാന ചിന്താഗതിയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി സഹകരിക്കാനാണ് സി.പി.ഐ.ക്കാര്‍ തയ്യാറാവേണ്ടത്. അത്കൊണ്ടാണ് കോണ്‍ഗ്രസ്സിന്റെ ഒപ്പം കൂടണം എന്ന് ഞാന്‍ സി.പി.ഐ.ക്കാരോട് ആവശ്യപ്പെടുന്നത്. നിങ്ങള്‍ പോയാലും മാര്‍ക്സിസ്റ്റ് പാ‍ര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല. കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലൊ, അവര്‍ വെല്‍ എസ്റ്റാബ്ലിഷ്ഡ് എന്റര്‍പ്രൈസസ്സ് കൂടിയാണ്. ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങളും സാധ്യതകളും സൌകര്യങ്ങളും വേണ്ടുവോളം പറ്റിക്കൊണ്ട് അവരുടെ രാഷ്ട്രീയവും ബിസിനസ്സും എന്നും നടത്തികൊണ്ട് പോകാന്‍ അവര്‍ക്ക് സാധിക്കും.  സി.പി.ഐ.യുടെ അവസ്ഥ അതല്ല.  ഇന്നും നേരും നെറിയും കാത്ത് സൂക്ഷിക്കുന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.ഐ.  നിങ്ങളുടെ രാഷ്ട്രീയം ഒരു തിരുത്തല്‍   പ്രചോദനമായി ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ആ ആവശ്യം ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേര്‍ന്ന് മാത്രമേ നിങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയൂ.

ചുവപ്പന്‍ അഭിവാദ്യങ്ങളോടെ,
കെ.പി.എസ്സ്.