Links

ഹരീഷ് വാസുദേവൻ എന്ന അല്പനും അനുയായികളും പിന്നെ നമ്മുടെ ജനാധിപത്യവും

മുഖമന്ത്രി ശ്രീ, ഉമ്മൻ ചാണ്ടിയെ കരണത്തടിക്കാൻ ആഹ്വാനം ചെയ്യുന്ന ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് 6500ഓളം ലൈക്കുകൾ കിട്ടുകയുണ്ടായി. നമ്മുടെ ഒരു രീതി അനുസരിച്ച് നമ്മൾ വിശ്വസിക്കാത്ത പാർട്ടിയുടെ ഭരണാധികാരികൾ നല്ലത് ചെയ്താലോ തെറ്റ് ചെയ്താലോ എതിർപാർട്ടിക്കാരൻ എന്ന ഒറ്റക്കാരണത്താൽ വെറുക്കുകയും സദാ കുറ്റം പറയുകയും ചെയ്യുക എന്നത് ഒരു ശീലമാണ്. വേറെ പാർട്ടി ഭരിക്കുന്നത് ഉൾക്കൊള്ളാനുള്ള വിവേകവും ജനാധിപത്യമര്യാദയും നമുക്ക് കുറവാണ്. അത്കൊണ്ട് ഏത് സർക്കാർ വിരോധ പ്രസ്താവങ്ങളും ഉടലെടുക്കുന്നത് ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ വിശ്വസിക്കുന്ന പാർട്ടിയല്ല സർക്കാരിനെ നയിക്കുന്നത് എന്ന കാരണത്താലാണ്.

ശ്രീ.ഉമ്മൻ ചാണ്ടി കേരളത്തിൽ എത്രയോ പേർക്ക് അനഭിമതനാണ്. കാരണം അദ്ദേഹം കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയാണ്. അതേ സമയം ശ്രീ. ഉമ്മൻ ചാണ്ടി എത്രയോ പേർക്ക് പ്രിയപ്പെട്ട മുഖ്യമന്ത്രിയുമാണ്. സ്ഥാനമേറ്റത് മുതൽ ശ്രീ. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെയിടയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ആ പ്രവർത്തനങ്ങളുടെ ഫലമായി അദ്ദേഹം തന്നെ വീണ്ടും കേരള മുഖ്യമന്ത്രിയാകും എന്ന പ്രതീക്ഷ പലർക്കുമുണ്ട്. അതെന്തായാലും അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ അക്കാര്യം വ്യക്തമാവുകയുള്ളൂ.

മുഖ്യമന്ത്രിയെ കരണത്തടിക്കാൻ മാത്രം ആഹ്വാനം ചെയ്യാൻ ഹരീഷ് വാസുദേവനെ പ്രകോപിപ്പിച്ചത് എന്തെന്നറിയില്ല.  എല്ലാവരും ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെ പേരിൽ തന്നെയാണ് സംസാരിക്കാറുള്ളത്. നമുക്കറിയാം നമ്മുടേത് കക്ഷിരാഷ്ട്രീയത്താൽ വിഭജിക്കപ്പെട്ട ജനങ്ങളാണെന്നത്.  എന്നാലും ഏത് കക്ഷിനേതാവും ഏത് പാർട്ടിയുടെ മന്ത്രിയും ജനങ്ങൾ എന്ന് പറയുമ്പോൾ അതേത് ജനം എന്നാരും ചോദിക്കാറില്ല. ജനങ്ങൾക്ക് വേണ്ടി എല്ലാവർക്കും സംസാരിക്കാം എന്നൊരു ധാരണയിലായിരിക്കാം അതാരും ചോദ്യം ചെയ്യാത്തത്.  ഹരീഷ് വാസുദേവനു മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലും ഭരണനടപടികളിലും ക്ഷമയുടെ നെല്ലിപ്പലക കണ്ടുപോലും.

ഇനി തീരെ ക്ഷമിക്കാൻ കഴിയില്ല എന്നത് കൊണ്ടാണത്രെ ആരെങ്കിലും ശിക്ഷ അനുഭവിക്കാൻ തയ്യാറായിക്കൊണ്ട് മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് ഒന്ന് അടിച്ചു തരുമോ എന്ന് ചോദിക്കുന്നത്. പ്രേരണാകുറ്റത്തിന്റെ ശിക്ഷ താൻ അനുഭവിച്ചോളാം എന്നും അയാൾ ഉറപ്പ് തരുന്നുണ്ട്. ഈ ആഹ്വാനം അല്പത്വമാണ്. അത്കൊണ്ടാണ് ഹരീഷ് വാസുദേവൻ ശ്രീദേവി എന്ന ആ പൗരനും അയാളുടെ പോസ്റ്റ് ലൈക്ക് ചെയ്ത അത്രയും പേരും അല്പന്മാരാകുന്നത്. എന്തെന്നാൽ പലവിധ വിശ്വാസങ്ങളാലും നയങ്ങളാലും വിഘടിച്ചു നിൽക്കുന്ന പൗരന്മാരുള്ള നമ്മുടെ രാജ്യത്ത് നൂറ് ശതമാനം പേരും അംഗീകരിക്കുന്ന , ഇഷ്ടപ്പെടുന്ന ഭരണാധികാരികൾ ഒരു കാലത്തും വരാൻ പോകുന്നില്ല.

ഏത് പാർട്ടി ഭരിച്ചാലും ഏത് നേതാവ്  അധികാരത്തിൽ ഇരുന്നാലും ആ സർക്കാരിനെയും മന്ത്രിമാരെയും വേറെ പാർട്ടിക്കാരൻ എന്ന നിലയിൽ വെറുക്കുന്നവരും ക്ഷമ നശിക്കുന്നവരും ഉണ്ടാകും. അങ്ങനെ ക്ഷമ നശിക്കുന്നവരൊക്കെ മുഖ്യമന്ത്രിയെയോ പ്രധാന മന്ത്രിയെയോ ഒന്ന് കരണത്തടിച്ചു തരുമോ എന്ന് ചോദിച്ച് രംഗത്ത് വന്നാൽ എങ്ങനെയിരിക്കും. എങ്ങനെയുമില്ല, ആ ചോദിച്ചവന്റെയും ആ ചോദ്യം ഏറ്റെടുത്തവരുടെയും മനസ്സിലെ അല്പത്വവും വൈകൃതവും പുറത്ത് വരുന്നു എന്നേയുള്ളൂ. ആരും അടിക്കാനും പോകുന്നില്ല, അങ്ങനെ ആഹ്വാനം ചെയ്യപ്പെട്ടത്കൊണ്ട് ബന്ധപ്പെട്ട ഭരണാധികാരിക്ക് ഒന്നും സംഭവിക്കാനും പോകുന്നില്ല. ആനപ്പുറത്ത് ഇരിക്കുന്നവനെ നോക്കി പട്ടികൾ കുരയ്ക്കുന്നത് പോലെ മാത്രമേയാകൂ ആ ആഹ്വാനം. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ അടുത്ത പ്രാവശ്യം പിണറായി മുഖ്യമന്ത്രി ആവുകയാണെങ്കിൽ അദ്ദേഹത്തിന്റെയോ കരണക്കുറ്റിക്ക് ഒന്നടിച്ച് വരാമോ എനിക്ക് ക്ഷമ നശിച്ചിട്ടാ എന്ന് ഏത് ഒരുത്തൻ നൊടിഞ്ഞാലും അതും പട്ടി കുരച്ചതിന് സമം തന്നെയായിരിക്കും. മറ്റ് പട്ടികൾ ഏറ്റ് പിടിച്ചു കുരക്കുകയും ചെയ്യും എന്ന് മാത്രം. ഇങ്ങനെ പറയാൻ കാരണം ഒന്ന് മാത്രം, മുഴുവൻ പേരെയും തൃപ്തിപ്പെടുത്തി ഭരിക്കൽ ഒരിക്കലും നടക്കില്ല. അത് കൊണ്ട് ഏതെങ്കിലും മനോരോഗിക്ക് ആരെങ്കിലും ഭരിക്കുമ്പോൾ ക്ഷമ നശിക്കുന്നെങ്കിൽ അടുത്ത എലക്‌ഷൻ വരെ കാത്തിരിക്കണം. എന്നിട്ടും ക്ഷമിക്കാൻ കഴിയുന്നവർ ഭരണത്തിൽ വരുന്നില്ലെങ്കിൽ സഹിക്കണം. ഒന്ന് കരണത്തടിച്ച് താപ്പാ എന്ന് നിലവിളിക്കരുത്, ഈ ഹരീഷ് വാസുദേവൻ എന്ന അല്പനെ പോലെ.

മുഖ്യമന്ത്രിയെ കരണത്തടിച്ച് തരുമോ എന്ന് ഹരീഷ് വാസുദേവനു കരയാനും അയാളോടൊപ്പം ഒപ്പാരി വയ്ക്കാനും നമ്മുടെ ജനാധിപത്യത്തിൽ അവകാശമുണ്ട്. അടിക്കില്ലല്ലൊ. കരഞ്ഞു തീർക്കുകയല്ലേയുള്ളൂ. അഥവാ അടിച്ചാലും ഒരു പെറ്റിക്കേസ് മാത്രമേയുണ്ടാകൂ. അതും അടി കൊള്ളുന്നത് ശ്രീ.ഉമ്മൻ ചാണ്ടിയാണെങ്കിൽ അദ്ദേഹം ക്ഷമിച്ചുകളയും. പിണറായിക്കാണ് അടി കൊള്ളുന്നതെങ്കിൽ അപ്പോൾ തന്നെ പാർട്ടിക്കോടതി കൂടി അടിച്ചവന് വധശിക്ഷ നടപ്പാക്കും. കണ്ണൂരിൽ ശ്രീ. ഉമ്മൻ ചാണ്ടിക്ക് നെറ്റിയിൽ കല്ലേറ് കൊണ്ടപ്പോഴും,  സി.പി.എമ്മിന്റെ നേതാക്കൾ സഞ്ചരിക്കുന്ന കാറിന്റെ ചില്ലിന് പോറൽ ഏറ്റപ്പോഴും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. ഉമ്മൻ ചാണ്ടി ക്ഷമിച്ചു. പ്രതിയെ കിട്ടാതായപ്പോൾ കിട്ടിയവനെ പ്രതിയാക്കി അരിയിൽ ഷുക്കൂറിനെ കുത്തിക്കൊല്ലാൻ സി.പി.എം. പാർട്ടിക്കോടതി വിധിച്ചു.

ഹരീഷ് വാസുദേവന്റെ പൗരസ്വാതന്ത്ര്യം അദ്ദേഹത്തിനെന്ന പോലെ നമുക്കെല്ലാവർക്കും അവശ്യം ആവശ്യമാണ്. ചൈനയിലാണ് ഇങ്ങനെയൊരു ഹരീഷ് പോസ്റ്റ് എഴുതുകയും അതിന് ആയിരക്കണക്കിനു പേർ പേർ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നുവെങ്കിൽ (അവിടെ ഫേസ്‌ബുക്കോ മറ്റ് സോഷ്യൽ മീഡിയകളോ അനുവദനീയമല്ല) പോസ്റ്റിട്ടവനും ലൈക്കിയവരും മണിക്കൂറുകൾക്കകം  ഈ ഭൂമിയിൽ നിന്ന് യാത്ര പറഞ്ഞിരിക്കും. നമുക്ക് ഈ ജനാധിപത്യവും സ്വാതന്ത്ര്യവും തന്നെയാണ് വലുത്. ശ്രീ. ഹരീഷ് വാസുദേവന് തന്റെ അക്ഷമ പ്രകടിപ്പിക്കാൻ കഴിഞ്ഞല്ലോ എന്നത് നല്ല കാര്യമാണ്. അദ്ദേഹത്തിനു ആ സ്വാതന്ത്ര്യം വേണം എന്ന് ഞാൻ വാദിക്കും. കരണത്തടിക്കാൻ പറഞ്ഞത് അല്പത്വം തന്നെ. അല്പന്മാരുടേതും കൂടിയാണ് ഈ ഇന്ത്യ.