Links

നിധിശേഖരം എന്ത് ചെയ്യണം ?

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ നിധിശേഖരം എന്ത് ചെയ്യണമെന്ന ചര്‍ച്ച ഇപ്പോള്‍ നാലുപാടും നടക്കുകയാണല്ലൊ. എനിക്ക് ഇക്കാര്യത്തില്‍ വ്യക്തിപരമായ ഒരു അഭിപ്രായവും ഇല്ല. എന്തോ ആയിക്കോട്ടെ എന്നേ ഞാന്‍ പറയൂ.  നിര്‍ബ്ബന്ധിച്ച് ചോദിച്ചാല്‍ ഞാന്‍ പറയും , അതൊക്കെ എടുത്ത് ഇപ്പോള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റ് ആ പണം കൊണ്ട് കേരളത്തിലെ മുഴുവന്‍ റോഡുകളും ഇനിയൊരു പത്ത് കൊല്ലത്തേക്ക് അറ്റകുറ്റപ്പണി വേണ്ടാത്ത തരത്തില്‍ നവീകരിക്കണമെന്ന്.  എന്തായാലും നടക്കാന്‍ പോകുന്നില്ല, അപ്പോള്‍ പിന്നെ ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരഭിപ്രായം ഞാന്‍ പറയും. അത്രമാത്രം.  ഇപ്പോള്‍ എത്രയോ കോടികളാണത്രെ അതിന്റെ മുഖവില.  അന്ന് രാജാക്കന്മാര്‍ അതൊക്കെ ശേഖരിക്കുമ്പോള്‍ ഇത്ര വിലയില്ല. ഇപ്പോഴാണ് സ്വര്‍ണ്ണത്തിനും മറ്റും ഇത്ര വിലയായത്. എന്റെ കല്യാണം കഴിയുമ്പോള്‍ 1977ല്‍ പവന് മുന്നൂറ് രൂപയായിരുന്നു വില. ഇന്നിപ്പോള്‍ എത്രയാ?  നിധിശേഖരത്തിന് ഇനിയും കാലംചെല്ലുന്തോറും വില കൂടിക്കൊണ്ടേ പോകും.  അത് ഇങ്ങനെ സൂക്ഷിക്കുന്നത്കൊണ്ട് എന്താണ് മെച്ചം. അത് ഒരു നിഷ്ക്രിയ മൂലധനമായി അവിടെ കിടക്കും.  ഇത്‌വരെ സംഭവം പുറത്ത് അറിയാത്തത്കൊണ്ട് കാര്യമായ കാവലൊന്നും വേണ്ടി വന്നിരിക്കില്ല. ഇനിയിപ്പോ ലക്ഷങ്ങള്‍ ചെലവാക്കി സെക്യൂരിറ്റി വേണ്ടി വരും. 


നിധി എന്ന് പറയുമ്പോള്‍ അത് കാര്യമായി സ്വര്‍ണ്ണം ആയിരിക്കുമല്ലൊ അല്ലേ.  എന്ത്കൊണ്ടാണ് സ്വര്‍ണ്ണത്തിന് ഇപ്പോഴും വില ഉണ്ടാകുന്നത്?  ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും.  മനുഷ്യന്റെ ഓരോ തമാശകള്‍ എന്നേ എനിക്ക് തോന്നുള്ളൂ.  വിറ്റാല്‍ വില കിട്ടും എന്നൊരു വിശ്വാസത്തിന്റെ പുറത്താണ് സ്വര്‍ണ്ണത്തിന്റെ വില.  മനുഷ്യന് യാതൊരു പ്രയോജനവും ഇല്ലാതൊരു മൂലകമാണ് സ്വര്‍ണ്ണം.  സ്വര്‍ണ്ണം എന്ന മൂലകം പ്രപഞ്ചത്തില്‍ ഇല്ലെങ്കില്‍ മനുഷ്യന് ഒരു ചുക്കും വരാനില്ല.  എന്നാല്‍ ഇരുമ്പ്, അലൂമിനിയം, ചെമ്പ്, പ്ലാറ്റിനം തുടങ്ങിയ മൂലകങ്ങള്‍ ഇല്ലെങ്കില്‍ ആധുനികമനുഷ്യന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.  സ്വര്‍ണ്ണത്തിന്റെ വില ഇങ്ങനെ എല്ലാ കാ‍ലത്തേക്കും കൂടിക്കൊണ്ട് അത് ശാശ്വതമായി നില്‍ക്കുമോ? എനിക്കറിയില്ല. മനുഷ്യന് വിശ്വാസമുള്ള കാ‍ലത്തോളം അതിന്റെ മൂല്യം നിക്കും എന്നേ പറയാന്‍ പറ്റൂ.  വിലയില്ല എന്ന് വന്നാല്‍ ആക്രിക്കടക്കാ‍രന്‍ പോലും എടുക്കില്ല. കാരണം പറഞ്ഞല്ലൊ മറ്റൊരു ആവശ്യത്തിനും അത് പറ്റില.  ആഭരണമെന്നൊക്കെ പറയുന്നത് അതിന് മൂല്യം ഉള്ളത്കൊണ്ടല്ലേ? 


സ്വര്‍ണ്ണത്തിന് എപ്പോഴാണ് വില ഉണ്ടായത്?  ചരിത്രാതീത കാലം മുതലേ മനുഷ്യന്‍ ലോഹങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ലോഹങ്ങളുടെ ഉപയോഗമാണ് മനുഷ്യസംസ്ക്കാരത്തിന്റെ പുരോഗതിക്ക് നിദാനം എന്ന് പറയാം.  പണിയായുധങ്ങള്‍ക്ക് ഇരുമ്പ് വേണമല്ലോ.  ആധുനിക മനുഷ്യന് ചെമ്പ് ഇല്ലെങ്കില്‍ ഒന്നും ചലിക്കില്ല. വൈദ്യുതിയുടെ കാര്യമാണ് പറഞ്ഞത്. വിമാനം ഉണ്ടാക്കാന്‍ അലൂമിനിയം വേണം.  അന്നും ഇന്നും സ്വര്‍ണ്ണം എന്ന ലോഹം കൊണ്ട് മാത്രം ഒരു ഉപയോഗവും മനുഷ്യനില്ല.  ആളുകള്‍ ഒരു കാലത്ത്  ബാര്‍ട്ടര്‍ സമ്പ്രദായത്തിലായിരുന്നു സാധനങ്ങള്‍ വിനിമയം ചെയ്തിരുന്നത്.  അതായത് അവനവന്റെ കൈയിലുള്ളത് മറ്റുള്ളവന് കൊടുത്ത് അവനവന് വേണ്ടത് വാങ്ങുക. സാധനം കൊടുത്ത് സാധനം വാങ്ങുക.  വളരെ എടങ്ങേറ് പിടിച്ച ഏര്‍പ്പാടാണ് അതെന്ന് പറയേണ്ടതില്ലല്ലൊ.  ആവശ്യക്കാര്‍ പരസ്പരം കണ്ടുമുട്ടണ്ടേ?  അങ്ങനെയാണ് നാണയം എന്നൊരു സങ്കല്പം വരുന്നത്.  ഏറ്റവും ദുര്‍ലഭമായതും എന്നാല്‍ പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കണ്ടുകിട്ടുന്നതുമായ സ്വര്‍ണ്ണത്തെ നാണയമായി സ്വീകരിച്ചു.  അതായത് പണമായാണ് സ്വര്‍ണ്ണം മനുഷ്യചരിത്രത്തില്‍ അവതരിക്കുന്നത്. അങ്ങനെയാണ് സ്വര്‍ണ്ണത്തിന് വാല്യൂ  ഉണ്ടാകുന്നത്. അപ്പോഴും നിങ്ങള്‍ ഓര്‍ക്കണം, സ്വര്‍ണ്ണത്തിനല്ല വില സാധനങ്ങള്‍ക്കാണ്. സാധനങ്ങള്‍ മനുഷ്യന്‍ ഉല്പാദിപ്പിക്കുന്നില്ലെങ്കില്‍ സ്വര്‍ണ്ണത്തിന് എന്ത് വില. അപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില എന്നു പറയുന്നത് സാധനങ്ങളുടെ വിനിമയ മൂല്യമാണ്. ഇന്നത്തെ കടലാസ് നോട്ടുകള്‍ പോലെ. 


കുറെ കഴിഞ്ഞപോള്‍ ഈ ഏര്‍പ്പാടും  എടങ്ങേറായി. ഒരു സവറന്‍ സ്വര്‍ണ്ണത്തിന് ഇത്ര ചാക്ക് നെല്ല് എന്നോ അങ്ങനെ ഏത് സാധനത്തിനും വില സ്വര്‍ണ്ണത്തിന്റെ അളവില്‍ നിശ്ചയിക്കാം. പക്ഷെ കുറച്ചു മാത്രം സാധനങ്ങള്‍ വേണ്ടി വരുമ്പോള്‍ സ്വര്‍ണ്ണം മുറിച്ച് കഷണങ്ങളാക്കാനൊക്കെ പ്രയാസം നേരിട്ടിരിക്കാം.  അങ്ങനെയാണ് ബേങ്ക് എന്ന സങ്കല്പം വരുന്നത്. ഞാന്‍ ചുരുക്കി പറഞ്ഞതാണ് കേട്ടോ?  സ്വര്‍ണ്ണം ബേങ്കില്‍ സൂക്ഷിക്കുന്നു.  എന്നിട്ട് ആ സ്വര്‍ണ്ണത്തിന്റെ മതിപ്പ് എത്രയാണോ ആ മതിപ്പ് ഒരു കടലാസില്‍ എഴുതിക്കൊടുക്കുന്നു. അങ്ങനെയാണ് സ്വര്‍ണ്ണനാണയങ്ങള്‍ക്ക് പകരം വെക്കാന്‍ കടലാസ് നാണയങ്ങള്‍ അഥവാ കറന്‍സികള്‍ പ്രചാരത്തില്‍ ആകുന്നത്.  ബേങ്കില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാണ് കറന്‍സികള്‍ക്ക് മൂല്യം ഉണ്ടാക്കുന്നത്.  ഈ കടലാസ് തിരികെ തന്നാല്‍ ഇത്രം പണം തിരിച്ചുകൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്ന് ബേങ്കിന്റെ അതോറിറ്റി ആ കടലാസില്‍ എഴുതി ഒപ്പ് വെച്ചിട്ടുണ്ടാവും. എല്ലാം ഒരു വിശ്വാസം മാത്രം. ആ ഒരു സിസ്റ്റമാണ് ഇപ്പോഴും തുടരുന്നത്.  നിങ്ങളുടെ കൈയിലുള്ള കറന്‍സി എടുത്ത് നോക്കൂ. ഉദാഹരണത്തിന് 500 രൂപയുടെ ഒരു കറന്‍സി. അതില്‍  I PROMISE TO PAY THE BEARER THE SUM OF FIVE HUNDERD RUPEES എന്ന് അച്ചടിച്ച് റിസര്‍വ്വ് ബേങ്ക് ഗവര്‍ണ്ണര്‍ ഒപ്പ് വെച്ചിട്ടുണ്ടാകും. ഇത് കൊണ്ടു വരുന്ന ആള്‍ക്ക് 500 രൂപ കൊടുക്കും എന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു എന്നാണ് ആ എഴുതിയതിന്റെ പച്ചമലയാളം. അപ്പോള്‍ 500 രൂപ എന്നാല്‍ എന്താണ്, അതെവിടെയാണ് ഉള്ളത്?  റിസര്‍വ്വ് ബേങ്കില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് നാം കണ്ണും പൂട്ടി വിശ്വസിക്കുന്ന ആ സ്വര്‍ണ്ണമാണ് യഥാര്‍ഥത്തില്‍ 500 രൂപ. 


ഞാന്‍ ചോദിക്കട്ടെ, ഇപ്പോള്‍ ഇന്ത്യാമഹാരാജ്യത്ത് സര്‍ക്യുലേഷനില്‍ ഉള്ളത്രയും കറന്‍സി നോട്ടുകള്‍ക്ക് തുല്യമായ സ്വര്‍ണ്ണശേഖരം റിസര്‍വ്വ് ബേങ്കില്‍ ഉണ്ടോ? ആ ആര്‍ക്കറിയാം!  ചോദ്യം മറ്റൊരു തരത്തില്‍ ചോദിക്കാം.  എന്തിനാണ് അങ്ങനെ സ്വര്‍ണ്ണം?  ഇന്ത്യാഗവണ്മേന്റ് സാക്ഷ്യപ്പെടുത്തുന്ന കറന്‍സി നോട്ടുകള്‍ തന്നെ പോരേ? എല്ലാം ഒരു വിശ്വാ‍സമല്ലേ? അതെ എല്ലാം നടക്കുന്നത് വിശ്വാ‍സത്തിന്റെ പുറത്താണ്. നാളെയും ഇന്നത്തെ പോലെ ഉണ്ടാകുമെന്നൊരു വിശ്വാസവും പ്രതീക്ഷയും.  അപ്പോള്‍ സ്വര്‍ണ്ണത്തിന്റെ കാര്യം മനസ്സിലായല്ലോ.  അത്കൊണ്ടാണ് ഞാന്‍ പറയുന്നത്, സ്വര്‍ണ്ണത്തിന് ഇന്ന് നല്ല വിലയുണ്ട്. ആ വില എന്ന് പറയുന്നത് ഒരു അന്താരാഷ്ട്രവിശ്വാസത്തിന്റെ പുറത്താണ്. വിലയില്ലാതായാല്‍ വെറും ചരലിന്റെ സ്ഥാനമേ സ്വര്‍ണ്ണത്തിന് ഉണ്ടാവൂ. അങ്ങനെ സംഭവിക്കും എന്നല്ല,  മറ്റൊന്ന് ഈ സ്വര്‍ണ്ണവും കറന്‍സിയും വിലയും മൂല്യവും ഒന്നും ദൈവത്തിന് ബാധകമല്ല. പിള്ളേര് മണ്ണപ്പം ചുട്ടുകളിക്കുന്ന പോലൊരു കുസൃതിയായിട്ടേ ഇതെല്ലാം ദൈവം കാണുകയുള്ളൂ.  അത്കൊണ്ട് കാറ്റുള്ളപ്പോഴേ തൂറ്റിക്കോ എന്ന് പറഞ്ഞ പോലെ ആ നിധിശേഖരം എടുത്ത് വിറ്റ് കാശാക്കി റോഡുകളും ആശുപത്രികളും പിന്നേം ബാക്കിയുണ്ടെങ്കില്‍ നഗരങ്ങളും ഒക്കെ നവീകരിക്കാം.  ദൈവത്തിന് ഒട്ടും അപ്രീതി തോന്നില്ല. എന്തെന്നാല്‍ കുശുമ്പും കുനുഷ്ടും ഒക്കെ ഉള്ള മനസ്സ് മനുഷ്യന് മാത്രമേയുള്ളൂ. അത്കൊണ്ട് മനുഷ്യന് തോന്നുന്നതൊന്നും ദൈവത്തിന് തോന്നില്ല.


ശുഭം.

2011 അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം

2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. നാം ഇന്ന് അനുഭവിക്കുന്ന എല്ലാ സൌകര്യങ്ങള്‍ക്കും രസായനശാസ്ത്രം അഥവാ കെമിസ്ട്രി എന്ന ശാസ്ത്രശാഖയോട് കടപ്പെട്ടിരിക്കുന്നു. കെമിസ്ട്രി ഇല്ലെങ്കില്‍ നമുക്ക് ഉടുതുണി പോലും ഉണ്ടാവില്ല എന്ന സത്യം നാം അറിയേണ്ടതുണ്ട്, ചുരുക്കത്തില്‍ രസതന്ത്രം ഇല്ലെങ്കില്‍ ഇന്ന് ലോകത്ത് ഒന്നുമുണ്ടാവില്ല. കെമിസ്ട്രിയുടെ ഈ പ്രാധാന്യം കണക്കിലെടുത്താണ് ഐക്യരാഷ്ട്ര സഭ ഈ വര്‍ഷം രസതന്ത്രവര്‍ഷമായി ആചരിക്കുന്നത്. “Chemistry—our life, our future.” എന്നാണ് ഈ ആചരണത്തിന്റെ തീം.

പദാര്‍ഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാർഥംങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം ( Chemistry).


പദാര്‍ത്ഥങ്ങളെ അണുതലത്തില്‍ മുതല്‍ തന്മാത്രാതലത്തില്‍വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ അതു മൂലമുണ്ടാകുന്ന മാറ്റങ്ങള്‍ , ഈ പ്രവര്‍ത്തനസമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിലും, എര്‍ട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ ശാസ്ത്രശാഖയുടെ പരിധിയില്‍ വരുന്നു. ലളിതമായി പറഞ്ഞാല്‍ തന്മാത്രകള്‍ , പരലുകള്‍ , ലോഹങ്ങള്‍ , അലോഹങ്ങള്‍ എന്നിവയെക്കുറിച്ച് രസതന്ത്രം പഠിക്കുന്നു. കൂടാതെ ഇവയുടെ ഘടന, ഘടകങ്ങള്‍ , ഗുണങ്ങള്‍ ദൈനംദിനജീവിതത്തില്‍ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ രസതന്ത്രത്തിന്റെ പഠനവിഷയങ്ങളാണ്‌.


ക്വാണ്ടം ബലതന്ത്രത്തിലെ നിയമങ്ങളനുസരിച്ച്, അണുവിലെ കണങ്ങളിലടങ്ങിയിരിക്കുന്ന വൈദ്യുതചാര്‍ജുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലങ്ങളാണ്‌ രസതന്ത്രത്തിന്റെ 
അടിസ്ഥാനം.

http://www.chemistry2011.org/about-iyc/introduction

ലോകത്തിലെ ഏറ്റവും വലിയ പടം കാണുക !

ലോകത്തിലെ ഏറ്റവും  വലിയ പടമാണ്  നിങ്ങള്‍ ഇവിടെ കാണുന്നത്. ശരിക്കും ഒരു ടെക്നിക്കല്‍ വണ്ടര്‍ .  ഇത്  Canon 5D mark II and a 400mm-lens  ഉപയോഗിച്ച് എടുത്തതാണത്രെ.

Canon 5D mark II and a 400mm-lens പ്രത്യേകതകള്‍ :

It consists of 1.665 full format pictures with 21.4 mega pixel, which was Recorded by a photo-robot in 172 minutes. The converting of 102 GB raw Data by a computer with a main memory cache of 48 GB and 16 processors took 94 hours.

അതിശയിപ്പിക്കുന്ന ഈ പടം താഴെ കാണുന്ന സൈറ്റില്‍ പോയി സൂം ചെയ്ത് കാണുക.

http://www.sevilla111.com/default_en.htm

ഉണരുന്ന മുസ്ലീം യുവത

statsഎന്റെ ബ്ലോഗ് പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ പേജ് വ്യൂ , ജമാ‌അത്തെ ഇസ്ലാമിയും വിമര്‍ശകരും എന്ന പോസ്റ്റിനാണെന്ന് ഈ ഇമേജില്‍ ക്ലിക്ക് ചെയ്ത് നോക്കിയാല്‍ മനസ്സിലാവും. സൈബര്‍ സ്പേസില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളത് മുസ്ലീം കമ്മ്യൂണിറ്റിയില്‍ നിന്നാണ്. ബ്ലോഗിലും ഫെയിസ്‌ബുക്കിലും ഇപ്പോള്‍ ഗൂഗിള്‍ പ്ലസിലും  ഒക്കെ മുസ്ലീം യുവാക്കള്‍ വളരെ സജീവമായും സക്രിയമായും ഇടപെടുന്നുണ്ട്.  മുസ്ലീം സമുദായത്തില്‍ ആന്തരീകമായ ഒരു പരിവര്‍ത്തനം വേണമായിരുന്നു എന്ന് എനിക്ക് പണ്ടേ തോന്നാറുണ്ട്. ആ ഒരു പരിവര്‍ത്തനത്തിന്റെയോ ഉല്‍ബുദ്ധതയുടേയോ കാലമാണ് ഈ ഇന്റര്‍നെറ്റ് യുഗം എന്ന് തോന്നുന്നു.  ഇന്റര്‍നെറ്റ് എന്ന് പറയുന്നത് ഇന്ന് ലോകമനുഷ്യരെ ഒന്നിപ്പിക്കുന്ന മായികമായൊരു വലയായി മാറിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവം ഇന്റര്‍നെറ്റിന്റെ സ്വാധീനം കൊണ്ടാണല്ലൊ. ഇന്ത്യയില്‍ അത്തരമൊരു വിപ്ലവത്തിന് പ്രസക്തിയില്ല. എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറ ഭദ്രവും സുശക്തവുമാണ്. ഇതിന് നാം നമ്മുടെ ഭരണഘടന നിര്‍മ്മാതാക്കളോട് കടപ്പെട്ടിരിക്കുന്നു.

ഇന്ന് ഏത് സ്കൂളിന്റെ പരിസരത്ത് പോയി നോക്കിയാലും മുസ്ലീം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെ മറ്റ് സമുദായങ്ങളെ പോലെ തന്നെ കാണാന്‍ കഴിയും. വിദ്യാഭ്യാസത്തോട് ഒരു കാ‍ലത്ത് പുറം‌തിരിഞ്ഞ് നിന്നിരുന്ന സമുദായത്തിലെ ഇന്നത്തെ രക്ഷിതാക്കള്‍ മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഇപ്പോള്‍ അതീവശ്രദ്ധയും ജാഗ്രതയും കാണിക്കുന്നു. ഇതൊക്കെ കാണിക്കുന്നത് മുസ്ലീം സമൂഹം ത്വരിതഗതിയില്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്.  ഈ ഒരു മാറ്റത്തിന് ജമാ‌അത്തെ ഇസ്ലാമിയുടെ ബോധവല്‍ക്കരണവും  വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു. ജമാ‌അത്തെ ഇസ്ലാമിയില്‍ എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. പക്ഷെ ഞാന്‍ ജമാ‌അത്തെ‌ഇസ്ലാമിക്കാരനല്ലല്ലൊ, അത്കൊണ്ട് അവരുമായി പല കാ‍ര്യങ്ങളിലും എനിക്ക് വിയോജിപ്പുമുണ്ട്. അതില്‍ പ്രധാനമായത് മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയോടുള്ള അവരുടെ വിരോധവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള വിധേയത്വവും ജനാധിപത്യത്തിന് അവര്‍ സ്വന്തം നിലയ്ക്ക് നല്‍കുന്ന നിര്‍വ്വചനവുമാണ്. അതൊക്കെ അപരിഹാര്യമായ വിയോജിപ്പുകള്‍ ആയതിനാല്‍ അതൊക്കെ നിലനിര്‍ത്തിക്കൊണ്ട് അവരുമായി യോജിപ്പിന്റെ മേഖലകള്‍ പങ്ക് വയ്ക്കാനാണ് എനിക്ക് താല്പര്യം.

മുസ്ലീം ലീഗ്  ഒരു ബഹുജന പാര്‍ട്ടിയാണ്. കേഡര്‍ പാര്‍ട്ടിയല്ല.  കേഡര്‍ പാര്‍ട്ടിയെ പോലെ സംസ്ക്കരിക്കപ്പെട്ട വളണ്ടിയര്‍മാര്‍ ലീഗിന് ഉണ്ടാവില്ല. എന്നാലും കേരള രാഷ്ട്രീയത്തില്‍ ഒരു ദൌത്യം ആ പാര്‍ട്ടി നിര്‍വ്വഹിച്ചുവരുന്നുണ്ട് എന്നാണെന്റെ പക്ഷം. ജനാധിപത്യചേരിയില്‍ നിന്ന്കൊണ്ട് ജനാധിപത്യവിരുദ്ധതയെ പരാജയപ്പെടുത്തുകയും , മുസ്ലീം യുവാക്കള്‍ കൂട്ടത്തോടെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാമായിരുന്ന ഒരു കാലഘട്ടത്തില്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് ആ പാര്‍ട്ടി നിര്‍വ്വഹിച്ചതും നിര്‍വ്വഹിക്കുന്നതുമായ ദൌത്യം എന്ന് ഞാന്‍ കരുതുന്നു. കേരളത്തിലെ രാഷ്ട്രീയവും ജനാധിപത്യപരവുമായ ഇന്നത്തെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുസ്ലീം ലീഗ് മറ്റൊരു മുസ്ലീം സംഘടനയ്ക്കും കഴിയാത്ത പങ്ക് വഹിച്ചിട്ടുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. സൈദ്ധാന്തികമായ കണ്ണട ഊരി വെച്ചാല്‍ മാത്രമേ ഈ സത്യം കാണാന്‍ കഴിയുകയുള്ളൂ. മനുഷ്യരെ ഒന്നിപ്പിക്കുന്നത് സൈദ്ധാന്തികതയല്ല, പ്രായോഗികതയാണ്. ആ പ്രായോഗികതയാണ് ലീഗിന്റെ മിടുക്ക്.

മാര്‍ക്സിസ്റ്റ്കാരുടെ രാഷ്ട്രീയവും നിലപാടുകളും ഒന്നും ജനാധിപത്യത്തിനും സുഗമമായ സര്‍ക്കാരിന്റെ തുടര്‍ കാര്യനിര്‍വ്വഹണത്തിനും അനുഗുണമല്ല.  ഏതോ കാലത്തെ കാഴ്ചപ്പാടുകളുടെ തടവറയിലാണവര്‍.  അവരുമായി യോജിച്ചു പോകുന്നത് സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് ഒരു സംഭാവനയും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാക്കും. പലപ്പോഴും വര്‍ത്തമാനകാലവുമായി സന്ധി ചെയ്യാന്‍ അവര്‍ ശ്രമിക്കാറുണ്ടെങ്കിലും കണ്ണട കാ‍ലഹരണപ്പെട്ടതിനാല്‍ വിജയിക്കാറില്ല.  ജനാധിപത്യത്തിന്റെ ഏറ്റവും പ്രഥമമായ തത്വം ഭൂരിപക്ഷം വോട്ടര്‍മാര്‍ ചേര്‍ന്ന് സര്‍ക്കാരിനെ തെരഞ്ഞെടുക്കുക എന്നതാണ്.  പ്രായോഗികമായി ഇത് മാര്‍ക്സിസ്റ്റുകാരും ജമാ‌അത്തെ ഇസ്ലാമിക്കാരും അനുസരിക്കുന്നുണ്ടെങ്കിലും സൈദ്ധാന്തികമായി അവര്‍ ഇത് അംഗീകരിക്കുന്നില്ല. അതാണ് എന്റെ വിയോജിപ്പ്. നമുക്കാണെങ്കില്‍ ജനാധിപത്യത്തിന് മറ്റ് മാര്‍ഗ്ഗങ്ങളുമില്ല.

ഇത്രയും എഴുതാന്‍ കാരണം ജൂലൈ 9ന്റെ പ്രബോധനം വാരികയില്‍ സി.ദാവൂദ്ഫേസ്‌ബുക്ക്  തലമുറ: രണ്ട് ചിത്രങ്ങള്‍” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം വായിച്ചത്കൊണ്ടാണ്. ആ ലേഖനത്തോട് എനിക്ക് നൂറ് ശതമാനം യോജിപ്പാണ്.  അത് ബ്ലോഗില്‍ ഷേര്‍ ചെയ്യാമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഒരാമുഖം എഴുതി വന്നപ്പോള്‍ ഇത്രയും എഴുതിപ്പോയി.  നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദാവൂദ് എഴുതിയത് യാഥാര്‍ഥ്യമാണ്.  പ്രസ്തുത ലേഖനം താഴെ വായിക്കാം.

മുസ്‌ലിം ചെറുപ്പക്കാരുടെ ധാര്‍മികത്തകര്‍ച്ചയില്‍ ഉത്‌കണ്‌ഠപ്പെടാത്ത മൗലവിമാരും മതപ്രഭാഷകരും വളരെ കുറവായിരിക്കും. മൈക്ക്‌ കിട്ടിയാലുടന്‍, വിഷയമെന്തായാലും പുതിയ തലമുറയുടെ സദാചാരത്തകര്‍ച്ച, ധാര്‍മികച്യുതി, അനുസരണമില്ലായ്‌മ, മദ്യപാനം, പുകവലി, പഠനത്തോടുള്ള വിരക്തി, അധ്വാനമില്ലായ്‌മ... എന്നു തുടങ്ങിയുള്ള സ്ഥിരം പ്രശ്‌നങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ധാരാളം സംസാരിക്കാനുണ്ടാവും. വിഷയം ചെറുപ്പക്കാരെക്കുറിച്ചാണെങ്കില്‍ ആകെപ്പാടെ പറയാനുണ്ടാവുക അവരുടെ ധാര്‍മിക പ്രശ്‌നം മാത്രമായിരിക്കും. പള്ളി ഖത്വീബുമാരുടെ സ്ഥിരം നമ്പറുകളിലൊന്നാണിത്‌. പഴയ തലമുറയുമായുള്ള താരതമ്യവും ഇത്തരം പ്രഭാഷണങ്ങളുടെ അനിവാര്യ ഘടകമാണ്‌. പണ്ടത്തെ കുട്ടികള്‍ ഹ, എന്തു നല്ല കുട്ടികള്‍; ഇന്നത്തെ കുട്ടികളോ, പണ്ടത്തെ അധ്യാപകര്‍ എന്തു നല്ല അധ്യാപകര്‍; ഇന്നോ, പണ്ടത്തെ ദീനീ ബോധം എത്ര ഗംഭീരം; ഇന്നത്തെ സ്ഥിതിയോ... അങ്ങനെ പോയിപ്പോയി `പണ്ടത്തെക്കാലം മഹത്തായ കാലം ഇന്നത്തെ കാലം മോശം കാലം' എന്നൊരു ലളിത സമവാക്യത്തില്‍ എല്ലാ പ്രഭാഷകരും എളുപ്പത്തില്‍ എത്തിച്ചേരും. `പഴയ തലമുറ കേമന്മാര്‍, ഇവന്മാര്‍ ഒന്നിനും കൊള്ളാത്തവര്‍' എന്നതാണ്‌ ഈവക വ്യവഹാരങ്ങളുടെ മുഴുവന്‍ സൈദ്ധാന്തിക അടിത്തറ. ഇതിന്‌ പ്രത്യേകിച്ച്‌ ഡാറ്റയുടെ പിന്‍ബലമോ വസ്‌തുനിഷ്‌ഠ പഠനങ്ങളുടെ പിന്തുണയോ ഒന്നും ഹാജരാക്കാറില്ല. കണ്ണടച്ചുള്ളൊരു ധാര്‍മിക ലാത്തിച്ചാര്‍ജ്‌; ശുഭം.

വിഷയം ഭംഗിയായി അവതരിപ്പിച്ചെന്ന സമാധാനത്തില്‍ പ്രഭാഷകന്‌ നിര്‍ത്താം. പൊതുകാര്യങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങളെക്കുറിച്ചും തനിക്ക്‌ അറിവുണ്ടെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മതപ്രഭാഷകര്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ പോയിന്റുകള്‍ പറയും. അപ്പോഴും ഉന്നം ചെറുപ്പക്കാര്‍ക്ക്‌ നേരെ. ചെറുപ്പക്കാരും വിദ്യാര്‍ഥികളും മുഴുവന്‍ ചുമ്മാ ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്ന്‌ സമയം കളയുകയാണ്‌, അത്‌ മുഴുവന്‍ അശ്ലീലമാണ്‌, പുതിയ തലമുറ ഇതിന്റെയൊക്കെ അടിമകളായി മാറിയിരിക്കുന്നു, അതിനാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക, അധ്യാപകര്‍ ചെവിക്ക്‌ പിടിക്കുക... അങ്ങനെ പോവും മുന്നറിയിപ്പുകള്‍. കേട്ടാല്‍ തോന്നുക നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക്‌ അശ്ലീലം കാണാനും കേള്‍ക്കാനും വേണ്ടി മാത്രം ഉണ്ടാക്കിയ ഉരുപ്പടിയാണ്‌ ഈ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെന്നാണ്‌. ഇതിനെക്കുറിച്ചൊന്നും പ്രത്യേകിച്ച്‌ ധാരണയൊന്നുമില്ലാത്ത സാധാരണ ശ്രോതാവ്‌ ഹോജ രാജാവായ തമ്പുരാനേ, എങ്ങോട്ടാണീ കുട്ടികള്‍ പോകുന്നതെന്ന്‌ നെടുവീര്‍പ്പിട്ട്‌ ഹൃദയാഘാത സാധ്യതയും ബ്ലഡ്‌ പ്രഷറും വര്‍ധിപ്പിക്കും.

അങ്ങനെ, മിമ്പറുകളായ മിമ്പറുകളില്‍ നിന്നെല്ലാം ഈ പ്രഘോഷണങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം ലോകത്തെ ചെറുപ്പക്കാര്‍ ഈ ഇന്റര്‍നെറ്റും ഫേസ്‌ബുക്കും ഐഫോണും എല്ലാം ഉപയോഗിച്ച്‌ മൗലവിമാരുടെയും മുസ്‌ലിയാക്കളുടെയും പിന്തുണയോടെ ദശാബ്‌ദങ്ങളായി രാജ്യം കൈപ്പിടിയില്‍ വെച്ച്‌ അമ്മാനമാടിയിരുന്ന മര്‍ദക ഭരണകൂടങ്ങളെ ഒന്നൊന്നായി തൂത്തെറിയാന്‍ തുടങ്ങിയത്‌. ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ കൊടുത്താല്‍ കുട്ടികള്‍ അശ്ലീലം കണ്ടിരുന്നോളും എന്ന്‌ വിചാരിച്ച മൗലവിക്കും മിലിട്ടറിക്കും തെറ്റി. അങ്ങനെയാണ്‌ തഹ്‌രീര്‍ സ്‌ക്വയറും തുനീഷ്യയുമെല്ലാം സംഭവിച്ചത്‌.

പുതിയ തലമുറയെക്കുറിച്ച പരമ്പരാഗത മതനേതൃത്വത്തിന്റെയും മതേതര നേതൃത്വത്തിന്റെയും ധാരണകള്‍ക്ക്‌ മേല്‍ പതിച്ച വലിയ പ്രഹരം എന്ന നിലയില്‍ മുസ്‌ലിം ലോകത്തെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാവുന്നതാണ്‌. ചെറുപ്പക്കാരെക്കുറിച്ച്‌ പരമ്പരാഗത മതനേതൃത്വം വെച്ചു പുലര്‍ത്തുന്ന ധാരണ മേല്‍ വിവരിച്ചു. മതേതര നേതൃത്വവും ബുദ്ധിജീവി വര്‍ഗവും ഇതില്‍ നിന്ന്‌ വ്യത്യസ്‌തരല്ല. കാമ്പസുകള്‍/യുവാക്കള്‍ അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത്‌ കാലങ്ങളായി മതേതര ബുദ്ധിജീവി വര്‍ഗം ഉയര്‍ത്തുന്ന ഒരു പരാതിയാണ്‌. ഹ, എഴുപതുകളിലെ കാമ്പസ്‌, പഴയകാലത്തെ യുവാക്കള്‍ എന്നൊക്കെ അവര്‍ കോള്‍മയിര്‍ കൊള്ളുന്നത്‌ ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്‌. എഴുപതുകള്‍ എന്തോ വലിയ സംഭവമാണെന്നും ഇന്നത്തെ ചെറുപ്പക്കാരെല്ലാം വെറും ബ്രോയ്‌ലര്‍ കോഴികളും ഇന്‍ര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയുമൊക്കെ അടിമകളുമാണ്‌ എന്നതാണ്‌ ഇവരുടെ സിദ്ധാന്തം. ഇടതുബുദ്ധിജീവികളുടെ ഈ വക വര്‍ത്തമാനങ്ങള്‍ കേട്ട്‌ വിദ്യാര്‍ഥികള്‍ക്ക്‌ നേരെ `അരാഷ്‌ട്രീയ ചാപ്പ' കുത്താന്‍ വലതുബുദ്ധിജീവികളും ഇസ്‌ലാമിക ബുദ്ധിജീവികളുമെല്ലാം അഹമഹമികയാ മുന്നോട്ട്‌ വരുന്നത്‌ കാണാം.

സത്യത്തില്‍ ഇതില്‍ വല്ല കാമ്പുമുണ്ടോ? യുവാക്കള്‍ `അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടു'വെന്ന്‌ ഇടതു ബുദ്ധിജീവികള്‍ പറയുന്നതിന്റെ യഥാര്‍ഥ അര്‍ഥം, ഇടതുപക്ഷത്തിന്‌ മുദ്രാവാക്യം വിളിക്കാനും പഴയതു പോലെ/ എഴുപതുകളിലേതു പോലെ ഇടതുമിഥ്യകളില്‍ അഭിരമിക്കാനും ചെറുപ്പക്കാരെ കിട്ടുന്നില്ലെന്നതാണ്‌. അതായത്‌, തങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍, തങ്ങളുടെ പുസ്‌തകങ്ങള്‍ വായിക്കാന്‍, തങ്ങളെപ്പോലെ മുടിമുറിക്കാതെ, കുളിക്കാതെ, ബീഡിയും വലിച്ച്‌ തോള്‍സഞ്ചിയും തൂക്കി നടക്കാന്‍ ആളെക്കിട്ടാതാവുന്നതിനാണ്‌ അവര്‍ അരാഷ്‌ട്രീയവത്‌കരണം എന്നു പറയുന്നത്‌. അവരുടെ ഈ ആവലാതി ഇസ്‌ലാമികര്‍ക്ക്‌ സത്യസന്ധമായി ഏറ്റെടുക്കാന്‍ കഴിയുമോ? സത്യത്തില്‍ മുസ്‌ലിം സമൂഹത്തിലെങ്കിലും ചെറുപ്പക്കാരുടെ പ്രതിനിധാനം ഇപ്പറഞ്ഞ തരത്തിലാണോ? പള്ളികളില്‍ മുമ്പുള്ളതിന്റെ പതിന്മടങ്ങ്‌ ഇന്ന്‌ ചെറുപ്പക്കാരാണ്‌. മിക്കവാറും പള്ളികളുടെ, മദ്‌റസകളുടെ, സകാത്ത്‌ കമ്മിറ്റികളുടെ, റിലീഫ്‌ സംരംഭങ്ങളുടെ, സാമൂഹിക സേവന വേദികളുടെ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ ഇന്ന്‌ മുസ്‌ലിം ചെറുപ്പക്കാരാണ്‌. മുമ്പത്തെക്കാള്‍ ചടുലരും സജീവരും മതബോധമുള്ളവരും സാമൂഹിക ബോധമുള്ളവരുമാണ്‌ ഇന്ന്‌ മുസ്‌ലിം യുവത; സംഘടനാ ഭേദമില്ലാതെ. പള്ളിയിലെ സ്വഫ്‌ഫുകളില്‍ മാത്രമല്ല പള്ളിക്കമ്മിറ്റികളിലും അവര്‍ക്ക്‌ നിര്‍ണായക പ്രാതിനിധ്യമുണ്ട്‌.

നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകളെ എടുത്ത്‌ പരിശോധിച്ചു നോക്കൂ. എല്ലാവര്‍ക്കും വളരെ സജീവമായ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുണ്ട്‌. എന്നല്ല, ഈ സംഘടനകളുടെയെല്ലാം പൊതുമുഖമായി പലപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത്‌ വിദ്യാര്‍ഥി യുവജന ഗ്രൂപ്പുകളാണ്‌. സംഘടനയുടെ ദിശയും ഉള്ളടക്കവും നിര്‍ണയിക്കുന്നതിലും പുതിയ വെളിച്ചങ്ങള്‍ സംഘടനയിലേക്ക്‌ കടത്തുന്നതിലും -അത്‌ ഗുണപരമാണെങ്കിലും നിഷേധാത്മകമാണെങ്കിലും- യുവ/വിദ്യാര്‍ഥി ഗ്രൂപ്പുകളാണ്‌ ഏറ്റവും പ്രധാനമായിട്ടുള്ളത്‌. ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. താടി വളര്‍ത്തലിനാണോ ചെടി വളര്‍ത്തലിനാണോ ദീനില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന സംവാദം മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവരുടെ യുവവിഭാഗമാണ്‌ നിര്‍ണായക പങ്ക്‌ വഹിച്ചത്‌. അതിനെത്തുടര്‍ന്ന്‌, ആ പ്രസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടായി. പക്ഷേ, ഭിന്നിപ്പിന്‌ ശേഷം ഇരുവിഭാഗവും അവയുടെ ആശയ പരിസരം വിപുലപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അതിലും മുന്‍കൈ എടുത്തത്‌ അതിലെ ചെറുപ്പക്കാരായിരുന്നു. താടിയും ജിന്നും മന്ത്രവാദവും സംഗീത വിരോധവുമെല്ലാം ഒരു വിഭാഗത്തിലെ ചെറുപ്പക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. പലപ്പോഴും മുതിര്‍ന്ന നേതൃത്വം പകച്ച്‌ പോവുന്ന മുറക്ക്‌, ഇതുവരെ കേട്ടിട്ടില്ലാത്ത ഹദീസുകളുടെ കെട്ടുകള്‍ അഴിച്ചുവിട്ട്‌ കേരളീയ മുസ്‌ലിം സമൂഹത്തില്‍ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞു. മറുവിഭാഗത്തിലെ ചെറുപ്പക്കാരാവട്ടെ അല്‍പംകൂടി സര്‍ഗാത്മകമായി കാര്യങ്ങളെക്കാണാനും പരമ്പരാഗത സലഫി വരട്ടുവാദത്തില്‍ നിന്ന്‌ പുറത്ത്‌ കടന്ന്‌ ഇസ്‌ലാമിന്റെ ജൈവികതയും സൗന്ദര്യവും പ്രതിഫലിപ്പിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ശ്രമിച്ചു. ആ ശേഷി തങ്ങളുടെ മാതൃപ്രസ്ഥാനത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്നതിലും ചെറിയ രീതിയില്‍ അവര്‍ വിജയിച്ചു.

പറഞ്ഞുവന്ന കാര്യം ഇതാണ്‌- വളരെ സമ്പന്നവും സജീവവുമായ യുവജനസമൂഹത്താല്‍ അനുഗൃഹീതമാണിന്ന്‌ ഇസ്‌ലാമിക സമൂഹം. സി.പി.ഐയേക്കാള്‍ എന്തെങ്കിലുമൊരു വ്യത്യസ്‌തതയും മുന്‍കൈയും സമര്‍പ്പിക്കാന്‍ എ.ഐ.വൈ.എഫിനോ (ഇന്ത്യയിലെ ആദ്യത്തെ യുവജന പ്രസ്ഥാനമാണിതെന്ന്‌ ഓര്‍ക്കുക) കോണ്‍ഗ്രസിനേക്കാള്‍ പ്രവര്‍ത്തന മികവ്‌ കാണിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസിനോ സാധിക്കാത്ത കാലത്താണ്‌, സി.പി.എമ്മിനേക്കാള്‍ ഡി.വൈ.എഫ്‌.ഐ വാര്‍ധക്യം അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇതെന്നോര്‍ക്കുക. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയോ പു.ക.സയുടെയോ പരിപാടികള്‍ക്ക്‌ പോയി നോക്കൂ. തലനരക്കാത്ത, പെന്‍ഷനാവാത്ത ആളുകളെ ആ സദസ്സുകളില്‍ കണ്ടു കിട്ടുക പ്രയാസമായിരിക്കും. എന്നാല്‍, മുസ്‌ലിം സംഘടനകളുടെ പരിപാടികളില്‍ ഇതല്ല സ്ഥിതി എന്നു ഉറപ്പിച്ചു പറയാന്‍ കഴിയും. മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യം ഇതിലും ആഹ്ലാദകരമാണ്‌. കേരളത്തിലെ പ്രമുഖമായ ഏത്‌ കലാലയത്തില്‍ വേണമെങ്കിലും പോയി നോക്കൂ. മിടുക്കികളും ആത്മവിശ്വാസമുള്ളവരുമായ, ഇസ്‌ലാമിക ചിട്ടകള്‍ പാലിക്കുന്ന വിദ്യാര്‍ഥിനികളുടെ വലിയൊരു നിരയെ നമുക്കവിടെ കാണാന്‍ കഴിയും. പഠനത്തിന്റെയും കരിയറിന്റെയും പുതിയ മേഖലകളിലേക്ക്‌ കടന്നു ചെല്ലാനുള്ള തന്റേടം അവരിന്ന്‌ ആര്‍ജിച്ചിരിക്കുന്നു. കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും സംവാദവേദികളിലും യൂനിയന്‍ തെരഞ്ഞെടുപ്പുകളിലും അവര്‍ അവരുടെ സാന്നിധ്യം ശക്തമായി അറിയിച്ചുകൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ അങ്ങനെയിരിക്കെ, മതേതര ബുദ്ധിജീവികളുടെയും വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന മൗലവിമാരുടെയും പ്രയോഗങ്ങള്‍ കടമെടുത്ത്‌ നാം ഇനിയും നമ്മുടെ ചെറുപ്പക്കാരെ ഭര്‍ത്സിക്കേണ്ടതുണ്ടോ?

മുസ്‌ലിം ചെറുപ്പക്കാര്‍ സമ്പൂര്‍ണമായും ശരിയാണെന്നും വൃദ്ധന്മാരെല്ലാം മാറിനില്‍ക്കണമെന്നുമല്ല പറയുന്നത്‌. കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായും യാഥാര്‍ഥ്യ ബോധത്തോടെയും മനസ്സിലാക്കാന്‍ കഴിയണം. ക്ലീഷേകള്‍ക്കും യാഥാസ്ഥിക മനോഭാവങ്ങള്‍ക്കും അവധി നല്‍കാന്‍ ശീലിക്കണം. അല്ലെങ്കില്‍ പുതിയ തലമുറയുമായുള്ള കണക്‌ഷന്‍ `പരിധിക്ക്‌ പുറത്താവു'കയോ അല്ലെങ്കില്‍ `ഇപ്പോള്‍ പ്രതികരിക്കുന്നില്ല' എന്ന അവസ്ഥയിലെത്തുകയോ ചെയ്യും. സമുദായ നേതാക്കളും ബുദ്ധിജീവികളും പുലര്‍ത്തേണ്ട വലിയൊരു ജാഗ്രതയാണിത്‌. ആശയപരവും സൈദ്ധാന്തികവും സംഘടനാപരവുമൊക്കെയായ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രവണതകളെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു ആന്റിന മുസ്‌ലിം യുവത ഉയര്‍ത്തിവെച്ചിട്ടുണ്ട്‌. ആ ആന്റിനയില്‍ പതിയുന്ന സിഗ്നലുകളെ മനസ്സിലാക്കാന്‍ സമുദായത്തിലെ എല്ലാവര്‍ക്കും കഴിയണം. വ്യക്തിപരമായ അഭിരുചികളുടെ രംഗത്ത്‌ പോലും ഇത്തരം വിഷയങ്ങള്‍ പ്രധാനമാണ്‌. ഇപ്പോള്‍ തന്നെ, വിദ്യാസമ്പന്നരായ മക്കള്‍-ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും- വിവാഹ കാര്യത്തില്‍ പോലും സ്വയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ഈ തെരഞ്ഞെടുപ്പുകളെല്ലാം ദീനീ വിരുദ്ധമാണെന്നും കൗമാര ചാപല്യങ്ങളാണെന്നും കോളേജ്‌ പ്രണയങ്ങളാണെന്നും പറഞ്ഞ്‌ ഒറ്റയടിക്ക്‌ തള്ളിക്കളയാന്‍ കഴിയില്ല.

മുസ്‌ലിം ചെറുപ്പക്കാരുമായി സംവദിക്കാനും അവരെ മനസ്സിലാക്കാനുമുള്ള ശേഷി മതേതര ഉപരി വര്‍ഗം നേടിയെടുത്തിട്ടില്ല എന്നത്‌ സത്യമാണ്‌. യൂറോപ്യന്‍ നവോത്ഥാനത്തെ തുടര്‍ന്ന്‌ ഉദയം ചെയ്‌ത സാന്ദര്‍ഭികവും ചരിത്രപരവുമായ സിദ്ധാന്തങ്ങളെയും കാഴ്‌ചപ്പാടുകളെയും നിത്യഹരിത ദൈവിക സത്യങ്ങളായി മനസ്സിലാക്കി പൂജിച്ച്‌ പൂവിട്ട്‌ കാലം കഴിക്കുന്ന അവരില്‍ നിന്ന്‌ അങ്ങനെയൊന്ന്‌ പ്രതീക്ഷിക്കുന്നതും വിഡ്‌ഢിത്തമാണ്‌. തഹ്‌രീര്‍ സ്‌ക്വയറില്‍ പരുത്തിമില്‍ തൊഴിലാളികള്‍ ധാരാളം വന്നിരുന്നുവെന്നതിനാല്‍ ഈജിപ്‌തില്‍ നടന്നത്‌ വര്‍ഗ സമരമാണ്‌ എന്ന്‌ വിശകലനം ചെയ്യാന്‍ മാത്രം വീരന്മാരാണവര്‍. അവരെ വിട്ടേക്കുക. പക്ഷേ, മുസ്‌ലിം ഉലമയും സംഘടനാ നേതൃത്വങ്ങളും അവരിലെ ചെറുപ്പക്കാരെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത്‌ വലിയ ദുരന്തമായിരിക്കും. മുസ്‌ലിം രക്ഷിതാവ്‌ തന്റെ മകനെ/മകളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നത്‌ പോലെയുള്ള ദുരന്തം. മുസ്‌ലിം സമുദായത്തിന്റെ യൂത്ത്‌ കള്‍ച്ചര്‍-അതിലെ ഏറ്റവും പ്രാമുഖ്യമുള്ള പ്രവണതയെന്ത്‌ എന്ന്‌ മനസ്സിലാക്കാന്‍ ഉലമക്കോ രക്ഷിതാക്കള്‍ക്കോ സമുദായ നേതൃത്വത്തിനോ സാധിച്ചിട്ടില്ല എന്നതാണ്‌ സത്യം. അങ്ങനെ സാധിക്കാത്തത്‌ കൊണ്ടാണ്‌ ഫേസ്‌ബുക്കിന്‌ മുന്നിലിരിക്കുന്ന പയ്യന്മാര്‍ ഒരു വിപ്ലവം കൊണ്ടുവരും എന്ന്‌ കാലേക്കൂട്ടി കാണാന്‍ ആര്‍ക്കും കഴിയാതിരുന്നത്‌. അത്‌ കൊണ്ടാണ്‌ നമ്മള്‍ പിന്നെയും പിന്നെയും ഏതോ പഴംപാട്ടിന്റെ വരികള്‍ ഉരുവിട്ടുരുവിട്ട്‌ ചെറുപ്പക്കാരെ കുറ്റപ്പെടുത്തുന്നതില്‍ സാഫല്യം കണ്ടെത്തുന്നത്‌.

ലോകത്തിന്റെ പല ഭാഗത്തും ചെറുപ്പക്കാര്‍, നേരത്തെ പറഞ്ഞതു പോലെ, ആധുനിക വിവര/സാങ്കേതിക വിദ്യയുടെയും ലഹരിയുടെയും അടിമകളായി രാഷ്‌ട്രീയ ഉദ്‌ബുദ്ധതയും മതബോധവും സാമൂഹിക ബോധവും ലക്ഷ്യബോധവുമെല്ലാം നഷ്‌ടപ്പെട്ട്‌ നിശ്‌ചേഷ്‌ടരായിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം യുവത പൊതുവെ വ്യത്യസ്‌തമായി വഴിവെട്ടുന്നതെന്ന്‌ നാം മനസ്സിലാക്കണം. താരതമ്യേന അവരാണ്‌ രാഷ്‌ട്രീയ പ്രബുദ്ധതയും മതബോധവും കൂടുതലുള്ളവര്‍. ലഹരി, ആത്മഹത്യ, നിരാശബാധ എന്നിവയില്‍ താരതമ്യേന അവര്‍ പിന്നില്‍ നില്‍ക്കുന്നു. അപവാദമായി വരുന്ന സംഭവങ്ങളെ സാമാന്യവത്‌കരിച്ച്‌ നാമെത്ര സദാചാര ടിയര്‍ഗ്യാസ്‌ പൊട്ടിച്ചാലും ഇത്‌ യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുണ്ട്‌. വീഡിയോ ഗെയിമുകള്‍ക്ക്‌ മുന്നിലിരുന്ന്‌ സമയവും അധ്വാനവും ആയുസ്സും കളയുന്ന അമേരിക്കയിലെ ചെറുപ്പക്കാരോട്‌ മൂന്നാം ലോകത്തെ ചെറുപ്പക്കാരെ കണ്ടു പഠിക്കാന്‍ ബറാക്‌ ഒബാമ ആഹ്വാനം ചെയ്‌തതില്‍ നിന്ന്‌ ഇത്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.

ഈയിടെ വായിച്ച ഒരു ലേഖനവും പുസ്‌തകവും വായനക്കാരുമായി പങ്ക്‌ വെച്ച്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. 'Facebook and modern technology are killing churches' എന്ന തലക്കെട്ടില്‍ ബ്രെറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈയിടെ യാഹൂ ന്യൂസില്‍ എഴുതിയ ലേഖനമാണ്‌ ഒന്നാമത്തേത്‌. യൂറോപ്പിലും അമേരിക്കയിലും ചര്‍ച്ച്‌ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം-വിശേഷിച്ച്‌ ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും അതില്‍ ഫേസ്‌ബുക്ക്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചുമാണ്‌ ലേഖനം. അബിലീന്‍ (Abilene) ക്രിസ്‌ത്യന്‍ യൂനിവേഴ്‌സിറ്റിയിലെ എക്‌സ്‌പിരിമെന്റല്‍ സൈക്കോളജിസ്റ്റ്‌ റിച്ചാര്‍ഡ്‌ ബെക്കിന്റെ പഠനങ്ങളെ ഉപജീവിച്ചാണ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈ ലേഖനം തയാറാക്കിയിരിക്കുന്നത്‌. ബെക്ക്‌ തന്റെ ബ്ലോഗില്‍ എഴുതിയ How Facebook Killed the Church എന്ന ലേഖനത്തില്‍ സമര്‍പ്പിച്ച കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ മൈക്കല്‍ ഡൈക്‌സിന്റെ റിപ്പോര്‍ട്ട്‌. രാഷ്‌ട്രീയ പ്രബുദ്ധതയില്‍ നിന്ന്‌ മാത്രമല്ല മതപ്രബുദ്ധതയില്‍ നിന്നും പശ്ചാത്യ ചെറുപ്പക്കാരെ ഐ.ടിയും അനുബന്ധ സംവിധാനങ്ങളും അകറ്റുകയാണ്‌ ചെയ്‌തെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

ഗാരി ആര്‍ ബന്റ്‌ (Gary R Buntt) എഴുതിയ iMuslims; Rewriting the House of Islam എന്ന പുസ്‌തകം (പ്രസാധനം, അദര്‍ പ്രസ്‌, ക്വലാലമ്പൂര്‍, 360 പേജ്‌) ഇതിനോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. വിവര സാങ്കേതിക വിദ്യയോട്‌ മുസ്‌ലിം സമുദായം എങ്ങനെ പ്രതികരിച്ചു, അവര്‍ അതിനെ എവ്വിധം ഉപയോഗപ്പെടുത്തുന്നു, സൈബര്‍ ലോകത്തെ ഇസ്‌ലാമിക പ്രതിനിധാനം എന്താണ്‌ എന്നൊക്കെ വിശദമാക്കുന്ന ശ്രദ്ധേയമായ പഠനമാണിത്‌. ഇസ്‌ലാമിന്റെ `സൈബര്‍ പരിസ്ഥിതി' എന്ന പരികല്‍പനയെ സൃഷ്‌ടിച്ച്‌ അതിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളെ പരിശോധിക്കുകയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. മുസ്‌ലിംകള്‍ നടത്തുന്നതും ഇസ്‌ലാമുമായി ബന്ധപ്പെട്ടതുമായ വിവിധ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, പോര്‍ട്ടലുകള്‍, വീഡിയോ ഷെയറിംഗ്‌ പോര്‍ട്ടലുകള്‍, ഇസ്‌ലാമിക്‌ ബ്ലോഗോസ്‌ഫിയര്‍ എന്നിവയെ സൂക്ഷ്‌മമവും വിശദവുമായ പഠനങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ ലേഖകന്‌ കഴിഞ്ഞിട്ടുണ്ട്‌.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ `സോഴ്‌സ്‌ കോഡ്‌' പോളിച്ചെഴുതി എന്നുള്ളതാണ്‌ `ഡിജിറ്റല്‍ ഇസ്‌ലാം' നടത്തിയ ഏറ്റവും വലിയ വിപ്ലവം. ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ കുത്തകാവകാശികളായ പണ്ഡിതന്മാരുടെ അധികാരത്തില്‍ വലിയ പ്രഹരമേല്‍പിക്കാന്‍ അതിന്‌ കഴിഞ്ഞു. ഇസ്‌ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ശ്രേണീവ്യവസ്ഥയില്‍ അടിമേല്‍ ഉലച്ചിലുണ്ടാക്കാന്‍ സൈബര്‍ ഇസ്‌ലാമിന്‌ കഴിഞ്ഞിട്ടുണ്ട്‌. എല്ലാറ്റിലുമുപരി, മുസ്‌ലിം ചെറുപ്പക്കാരുടെ സുപ്രധാനമായൊരു പ്രവര്‍ത്തന മേഖലയായി ഇത്‌ വളര്‍ന്നിരിക്കുന്നു. ബ്രൈറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ക്രിസ്‌ത്യന്‍ ചെറുപ്പക്കാരുടെ കാര്യത്തില്‍ സംഭവിച്ചതായി വിലയിരുത്തിയത്‌ പോലെ, ആധുനിക വിവര സാങ്കേതിക വിദ്യ, മുസ്‌ലിം ചെറുപ്പക്കാരെ മതത്തില്‍ നിന്ന്‌ അകറ്റുകയല്ല, മറിച്ച്‌ മതത്തില്‍ കൂടുതല്‍ ശക്തമായും ആത്മവിശ്വാസത്തോടെയും ഇടപെടുന്നവരായി മാറ്റുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ ഇനിയും നമ്മള്‍ പഴങ്കഥകള്‍ പറഞ്ഞ്‌ അവരെ വിരട്ടാതിരിക്കുന്നതല്ലേ നല്ലത്‌.

മലയാളിയായ ഇന്റര്‍നെറ്റ് മാന്ത്രികന്‍

ഞാന്‍ ശ്രീ.തോമസ് വെള്ളരിങ്ങാട്ട്  എന്ന പ്രതിഭയെ എന്റെ ബ്ലോഗ് വായനക്കാരായ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുകയാണ്. നമ്മളൊക്കെ ഇന്റര്‍നെറ്റ് എന്നു കേള്‍ക്കുന്നതിന് മുന്‍പേ അദ്ദേഹം ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മുന്‍‌കൂട്ടി മനസ്സിലാക്കുകയും ആ രംഗത്ത് പ്രവര്‍ത്തിച്ചു വരികയുമാണ്. ഇന്റര്‍നെറ്റ് മാന്ത്രികന്‍ എന്നാണ് അദ്ദേഹത്തെ മുന്‍ അംബാസിഡര്‍ ആയ ടി.പി.ശ്രീനിവാസന്‍ വിശേഷിപ്പിക്കുന്നത്.  Kerala.com  എന്നൊരു പോര്‍ട്ടല്‍ അദ്ദേഹം നടത്തുന്നുണ്ട്. കേരളത്തെ കുറിച്ചുള്ള സര്‍വ്വ വിവരങ്ങളും ആ പോര്‍ട്ടലില്‍ ലഭ്യമാണ്. പത്രങ്ങളുടെ ഓണ്‍‌ലൈന്‍ എഡിഷന്‍ യൂനിക്കോഡ് ഫോണ്ടിലേക്ക് മാറുന്നതിന് മുന്‍പ് പത്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകളും മറ്റും കോപ്പി ചെയ്ത് യൂനിക്കോഡിലേക്ക് കണ്‍‌വര്‍ട്ട് ചെയ്ത് ബ്ലോഗുകളിലും ഒക്കെ പെയിസ്റ്റ് ചെയ്യുന്നതിന് സഹായിച്ച   http://Aksharangal.com   എന്ന വെബ്‌സൈറ്റ് അദ്ദേഹത്തിന്റേതാണ്. ഇന്നും മലയാള മനോരമ പോലെ ചില പത്രങ്ങള്‍ യൂനിക്കോഡിലേക്ക് മാറിയിട്ടില്ല. അത്തരം പത്രങ്ങളില്‍ നിന്ന് ലേഖനങ്ങളോ മറ്റോ കോപി ചെയ്ത് എവിടെയെങ്കിലും പെയിസ്റ്റ് ചെയ്യണമെങ്കില്‍ ഈ യൂനിക്കോഡ് കണ്‍‌വര്‍ട്ടര്‍ നമ്മെ സഹായിക്കും.

ഇപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു പ്രൊജക്റ്റ് ആണ്  http://SocialPulse.com . അതിനെ കുറിച്ച് പിന്നീട് വിശദീകരിക്കാം. എല്ലാ വില്ലേജുകളിലെയും പൌരസഞ്ചയത്തെ ഇന്റര്‍നെറ്റ് മൂലം ബന്ധിപ്പിക്കുന്ന ഒരു പീപ്പിള്‍സ് ഇ-കൌണ്‍സിലായി ആ പോര്‍ട്ടലിനെ മാറ്റാവുന്നതാണ്. കേരളത്തിലെ പൌരാവലിക്ക് മുന്‍പാകെ അദ്ദേഹം വയ്ക്കുന്ന മറ്റൊരു സന്ദേശമാണ് www.greenkerala.com . സപ്റ്റംബര്‍ 3 ന് ഒരു ശുചീകരണ പരിപാടി ഗ്രീന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹം ആസൂത്രണം ചെയ്യുന്നുണ്ട്. വരുന്ന ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 15 അദ്ദേഹം കേരളത്തില്‍ ഉണ്ടാകും. ആ അവസരത്തില്‍ അദ്ദേഹത്തെ നേരില്‍ കാണാനും ഇതിനെ കുറിച്ച് സംസാരിക്കാനും എനിക്ക് ഉദ്ദേശമുണ്ട്. കഴിയുമെങ്കില്‍ കണ്ണൂരിലെ സൈബര്‍ സംഗമത്തില്‍ പങ്കെടുപ്പിക്കാനും പറ്റുമോ എന്ന് നോക്കണം. അദ്ദേഹത്തെ പറ്റി കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ശബ്ദരേഖ പ്ലേ ചെയ്യുക.

യൂട്യൂബില്‍ നിന്ന് ഏഷ്യാനെറ്റ് സം‌പ്രേഷണം ചെയ്ത വിദേശവിചാരം പരിപാടിയുടെ വീഡിയോയില്‍ നിന്നും സൌണ്ട് എക്സ്ട്രാക്റ്റ് ചെയ്തിട്ടാണ് ഞാന്‍ ഈ ശബ്ദരേഖ വീഡിയോ ഫോര്‍മാറ്റില്‍ തയ്യാറാക്കിയത്. വീഡിയോ അപ്‌ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും കാണാന്‍ ക്ഷമയുണ്ടാവില്ല എന്നതിനാലാണ് ഞാന്‍ ഈ വളഞ്ഞ വഴി സ്വീകരിച്ചത്. വീഡിയോ ആകുമ്പോള്‍ ലോഡ് ആ‍യി വരാന്‍ താമസമുണ്ടാവും. മാത്രമല്ല ലിമിറ്റഡ് നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കാണാനും കഴിയില്ല. ശബ്ദരേഖയാവുമ്പോള്‍ കണ്ടിന്യൂ ആയി കേള്‍ക്കാന്‍ പറ്റും. എങ്ങനെയാണ് ഇത് ചെയ്തത് എന്ന് അറിയാത്തവര്‍ക്ക് മറ്റൊരവസരത്തില്‍ വിശദീകരിക്കാം. ഇനി ശബ്ദരേഖയിലേക്ക് :


വീഡിയോ യൂട്യൂബില്‍ ഇവിടെ

അഞ്ജലിഓള്‍ഡ് ലിപി മുതല്‍ അഞ്ജലി ഗ്രന്ഥശാല വരെ ...

ഇന്ന് നമ്മളെല്ലാം കമ്പ്യൂട്ടറില്‍ അനായാസം മലയാളത്തില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നു. യുനിക്കോഡ് എന്ന സമ്പ്രദായം നിലവില്‍ വന്നതിന് ശേഷമാണ് ഇത് സാധ്യമായത്.  ലോകത്തിലുള്ള എല്ലാ ഭാ‍ഷകളിലെയും എല്ലാ അക്ഷരങ്ങള്‍ക്കും  ചിഹ്നങ്ങള്‍ക്കും (Character ) പ്രത്യേകം പ്രത്യേകമായി ഓരോ നമ്പര്‍ നല്‍കപ്പെട്ടിരിക്കുന്നു എന്നതാണ് യൂനിക്കോഡ് എന്ന് ചുരുക്കി പറയാം.  എന്ത്കൊണ്ട് നമ്പര്‍ എന്നല്ലേ? കമ്പ്യൂട്ടറിന് നമ്പര്‍ മാത്രമേ മനസ്സിലാകൂ. അതും പൂജ്യവും ഒന്നും (0 , 1) എന്ന രണ്ട് അക്കം മാത്രം.  കമ്പ്യൂട്ടര്‍ എല്ലാ ഡാറ്റകളും മനസ്സിലാക്കുന്നത് അവയെ ഈ രണ്ട് അക്കങ്ങളായി മാറ്റിയിട്ടാണ്. ശരി, യുനിക്കോഡ് നിലവില്‍ വന്നു. അത് പോരല്ലൊ , മലയാളത്തിന് യുനിക്കോഡ് ഫോണ്ട് വേണ്ടേ?  ആദ്യമായി മലയാളത്തിന് അഞ്ജലി‌ഓള്‍ഡ് ലിപി എന്ന പേരില്‍ യുനിക്കോഡ് ഫോണ്ട് ഉണ്ടാക്കിയത് ചിത്രത്തില്‍ സജ്ജീവ് ബാലകൃഷ്ണനില്‍ നിന്നും തന്റെ കേരിക്കേച്ചര്‍ വാങ്ങുന്ന കെവിന്‍ ആണ്. ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന ഓരോ മലയാളിയും ഓര്‍ക്കേണ്ട പേരാണത്, കെവിന്‍ .

അഞ്ജലി ഓള്‍ഡ് ലിപിയില്‍ നിന്ന് കെവിന്‍ ഇന്ന് എത്തിനില്‍ക്കുന്നത് അഞ്ജലി ഗ്രന്ഥശാല എന്ന സംരഭത്തിലാണ്.  മലയാളത്തെ അത്രയും അഗാധമായി പ്രണയിക്കുന്നത്കൊണ്ടാവാം, സംഭവബഹുലങ്ങളായ ജീവിതയാത്രയില്‍ ഇപ്പോള്‍ ചെന്നൈ നഗരത്തില്‍ സഞ്ചരിക്കുന്ന മലയാളം ഗ്രന്ഥശാല എന്ന പ്രസ്ഥാനവുമായി എത്തിപ്പെട്ടിരിക്കുന്നത്.  രണ്ട്  വര്‍ഷമായി ഐടി ഡവലപ്പറായി കെവിന്‍ ചെന്നൈയില്‍ തന്നെയുണ്ട്.  അതിന് മുന്‍പ് ബഹറിനില്‍ ജോലി ചെയ്യുന്ന സമയത്താണ് അഞ്ജലി‌ഓള്‍ഡ് ലിപി രൂപകല്പന ചെയ്യുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ ഉണ്ടായിരുന്ന ജോലിയും രാജി വെച്ചിട്ടാണ് അഞ്ജലി ഗ്രന്ഥശാല തുടങ്ങിയിരിക്കുന്നത്.  ജോലി രാജി വെച്ചതിനെ പറ്റി കെവിന്‍ തന്റെ  ബ്ലോഗില്‍  ഞാന്‍ സ്വതന്ത്രനായി എന്ന തലക്കെട്ടില്‍ ഇങ്ങനെ കുറിച്ചിട്ടു :

"ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണു്, കുറച്ചു കാലമായി അതിന്റെ വക്കുവരെ എത്തിയതുമായിരുന്നു. എന്താണെന്നോ. ഞാൻ വീണ്ടും ജോലി രാജിവെച്ചു. ഇതു് ആറാമത്തെ രാജിയാണു്. എന്നാൽ ഇപ്രാവശ്യം ഒരു വ്യത്യാസമുണ്ടു് ട്ടോ. മുമ്പെല്ലാം പുതിയതു കണ്ടുവെച്ചിട്ടോ, അല്ലെങ്കിൽ പുതിയതു തേടുവാനോ വേണ്ടിയായിരുന്നു ഉണ്ടായിരുന്ന ജോലി കളഞ്ഞതു്. എന്നാലിനി ജോലിയ്ക്കായി പുതിയ കമ്പനിയെ തേടുന്ന പ്രശ്നമില്ല. ഒരു മുഴുവൻ സമയം ഫ്രീലാൻസറാവാൻ തീരുമാനിച്ചു. ഏറ്റവും അവസാനമായി ദ്രുപാൽ സൈറ്റ് ഡവലപ്പറായിട്ടാണു് എന്റെ കരിയർ എത്തിനില്ക്കുന്നതു്. കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളിൽ ഏതാനും സൈറ്റുകൾ ചെയ്തു. www.m3db.com ആണു് ഞാൻ ദ്രുപാലിൽ ആദ്യമായി ചെയ്യാൻ തുടങ്ങിയ പ്രോജക്റ്റ്, അതുതന്നെയാണു് എന്റെ അഭിമാനവും. കമ്പനിയുടെ ക്ലയന്റിനു വേണ്ടി നിർമ്മിച്ച www.indiafinancebazaar.com ആണു് മറ്റൊരു വലിയ സൈറ്റു്. ഇനിമുതൽ വീട്ടിൽ, സിജിയേയും അപ്പൂസിനേയും കൂടുതൽ സ്നേഹിച്ചു്, ദിവസേനയുള്ള 30കി.മി. ബൈക്കോട്ടവും അതിന്റെ ആയാസവും പൊടിയും ഒന്നുമില്ലാതെ, അത്യാവശ്യം വ്യായാമമൊക്കെ ചെയ്തു സ്വസ്ഥമായി ജീവിയ്ക്കാമെന്നു കരുതുന്നു. ഫ്രീലാൻസിങ്ങിന്റെ ഗുണങ്ങളും അപകടങ്ങളും അറിയാം, എന്നാൽ അതെല്ലാം നേരിടുവാൻ സാധിക്കുമെന്നുതന്നെ വിശ്വസിക്കുന്നു.”

കെവിന്റെ അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട് മലയാളം വരമൊഴിയില്‍ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത്.  മലയാളത്തിലെ സര്‍ക്കാര്‍ വിലാസം പുതിയ ലിപിയെ പഴഞ്ചനാക്കി, നമ്മുടെ പഴയ ലിപിയെ പുതിയ ലിപിയായി മിനുക്കിയെടുത്തു എന്നതാണ് ആ മാ‍റ്റം. നിങ്ങള്‍ വായിക്കുന്ന ഈ അക്ഷരങ്ങള്‍ അഞ്ജലി ഓള്‍ഡ് ലിപിയാണ്. ഇതാണ് നമ്മുടെ പഴയ ലിപി. എന്നാല്‍ പള്ളിക്കൂടങ്ങളില്‍ ഇപ്പോഴും പഠിപ്പിക്കുന്നത് പഴഞ്ചനായ ആ പുതിയ ലിപിയാണ്. എന്തിനാണ് ഇന്ന് ആര്‍ക്കും വേണ്ടാത്ത ആ പുതിയ ലിപി ഇപ്പോഴും പിള്ളാരെക്കൊണ്ട് എഴുതി പഠിപ്പിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല.  ടൈപ്പ്‌റൈറ്ററിന്റെ കീബോര്‍ഡിന് വേണ്ടിയാണ് അക്ഷരങ്ങളുടെ എണ്ണം ചുരുക്കിക്കൊണ്ട് അന്ന് മലയാള ലിപി പരിഷ്ക്കരിച്ചത്.  എന്നാല്‍ ആ ലിപിക്ക് ഇന്ന് എന്ത് പ്രസക്തിയാണുള്ളത്.  അച്ചടിയും ടൈപ്പിങ്ങും എല്ലാം കമ്പ്യൂട്ടറില്‍ ആയില്ലേ?  കമ്പ്യൂട്ടര്‍ വന്നത്കൊണ്ടും കെവിന്‍ അഞ്ജലിഓള്‍ഡ് ലിപി രൂപകല്പന ചെയ്തത്കൊണ്ടും നമുക്ക് നമ്മുടെ സുന്ദരമായ പഴയ മലയാളം ലിപി തിരിച്ചുകിട്ടി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെവിനെ പറ്റി എം.ബഷീര്‍ മാതൃഭൂമി സപ്ലിമെന്റില്‍ ഇ-വിവരം എന്ന പംക്തിയില്‍ ഇങ്ങനെ എഴുതി:


"അഞ്ജലി ഓള്‍ഡ ലിപി എന്ന മലയാളം യൂണികോഡ് ഫോണ്ട് നമ്മുടെ ബ്ലോഗെഴുത്തുകാരില്‍ ഭൂരിഭാഗത്തിനും തീര്‍ച്ചയായും അറിയും. മലയാളം ബ്ലോഗ് വായനക്കാരില്‍ പലരും ഈ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തിട്ടുമുണ്ടാകും. എന്നാല്‍ ഈ സൌജന്യഫോണ്ടിന്റെ നിര്‍മാതാവിനെ അധികമാരും അറിഞ്ഞെന്ന് വരില്ല. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി കെവിന്‍ മേനോത്തിന്റെ നിരന്തര ശ്രമത്തിന്റെ ഫലമായിരുന്നു 2004 ല്‍ പുറത്തിറങ്ങിയ അഞ്ജലി ഓള്‍ഡ് ലിപി.

മലയാളം ടൈപ്പിങ്ങില്‍ തോന്നിയ ഹരമായിരുന്നു കെവിനെ ഇത്തരമൊരു ശ്രമത്തിന് പ്രേരിപ്പിച്ചത്. മലയാളികള്‍ ഇന്റെര്‍നെറ്റ് സ്വീകരിച്ചുതുടങ്ങിയ അവസരത്തിലായിരുന്നു കെവിന്‍ ഭാഷയെ നെറ്റിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത്. ഈ സമയത്ത് ഇദ്ദേഹം ബഹറിനില്‍ ഒരു ട്രേഡിങ് കമ്പനിയില്‍ ഓഫീസ് ജീവനക്കാരനായിരുന്നു. അപ്പോഴാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയിരുന്ന കെ.എച്ച്. ഹുസൈന്റെ രചന ടെക്സ്റ്റ് എഡിറ്ററിലേക്ക് കെവിന്‍ ശ്രദ്ധതിരിച്ചത്. ഇതിലെ 6 ഫോണ്ടുകള്‍ കെവിന്‍ ഉപയോഗിച്ചു. ഇവ യൂണികോഡ് അല്ല എന്ന പോരായ്മയുണ്ടായിരുന്നു. ഈ കാലത്ത് രണ്ട് യൂണികോഡ് ഫോണ്ടുകള്‍ നിലവിലുണ്ടായിരുന്നെങ്കിലും ചില്ലക്ഷരം സ്ക്രീനില്‍ തെളിയുന്നതില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീട് രചനയുടെ ആറ് ഫോണ്ടുകളിലായിരുന്നു പരീക്ഷണം. ഇന്റെര്‍നെറ്റില്‍നിന്ന് ലഭിക്കുന്ന പാഠങ്ങളായിരുന്നു കൂട്ടിന്. രചനയുടെ ആറ് ഫോണ്ടിലെയും കൂട്ടക്ഷരങ്ങളെല്ലാം കൂടി ഒറ്റ ഫോണ്ടിലാക്കി യൂണികോഡ് കോഡിംങ് ചെയ്തു. ഇതിന് അഞ്ജലി ബീറ്റ എന്ന പേരും നല്‍കി. ഇത് സന്തോഷത്തോടെ പലരും സ്വീകരിക്കുകയും ചെയ്തുവെന്ന് കെവിന്‍ പറയുന്നു.

പിന്നീട്, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ രചന ഫോണ്ടെടുത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇത് പിന്‍വലിക്കണമെന്ന ആവശ്യവും വരമൊഴി ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു. തുടര്‍ന്നാണ് കെവിന്‍ സ്വന്തമായി അക്ഷരങ്ങള്‍ വരച്ചുണ്ടാക്കി അഞ്ജലി ഓള്‍ഡ് ലിപി എന്ന പേരിലാക്കിയത്. പിന്നീട് വരമൊഴിയിലൂടെ പലരും ഡൌണ്‍ലോഡ് ചെയ്ത് തുടങ്ങി. വിവിധ മലയാളം വെബ് സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും ഇപ്പോഴും ഈ ഫോണ്ട് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്. വരമൊഴിയില്‍ നിന്ന് മാത്രം 50,000 ഡൌണ്‍ലോഡില്‍ അധികമാണുണ്ടായിട്ടുള്ളത്. ചില മാസങ്ങളില്‍ 5000 ല്‍ അധികം പ്രാവശ്യമെങ്കിലും അഞ്ജലി ഓള്‍ഡ്ലിപി ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് കെവിന്‍ പറയുന്നു.

ബ്ലോഗെഴുതാത്ത ഒരുപാട്പേര്‍ ഈ ഫോണ്ടിലൂടെ ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുന്നു. ഇതിന്റെ സന്തോഷം മാത്രമാണ് കെവിന്. എട്ട് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലിചെയ്ത കെവിന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലുണ്ടായിരുന്നു. പുതിയൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഒടുവില്‍ ചെന്നൈയില്‍ ഒരു ഐ.ടി കമ്പനിയില്‍ മലയാളം പരിഭാഷകനായി ജോലി ലഭിച്ചു. ഉടന്‍ അവിടെ എത്താനുള്ള ഒരുക്കത്തിലാണ് കെവിന്‍."

അതെ, മൂന്ന് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ചെന്നൈയില്‍ പ്രസ്തുത ഗ്രന്ഥശാല വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കെവിന്‍ .  മലയാളത്തോടൊപ്പം  മറ്റ് ഭാഷകളിലെയും പുസ്തകങ്ങള്‍ ഗ്രന്ഥശാലയില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ കെവിനോട് ചാറ്റ് ചെയ്യവേ നിര്‍ദ്ദേശിച്ചിരുന്നു.  സാമ്പത്തികമായ നിലനില്പ് കൂടി പരിഗണിച്ചിട്ടാണ് ഞാന്‍ അങ്ങനെ നിര്‍ദ്ദേശിച്ചത്.  പുസ്തകവായന മരിച്ചിട്ടില്ലെങ്കിലും വായനക്കാരെ കണ്ടെത്തുക പണ്ടത്തെ പോലെ എളുപ്പമല്ല.  ചെന്നൈ നഗരം ഇന്ത്യയുടെ ഒരു മിനി പതിപ്പാണെന്ന് പറയാം.  എല്ലാ ഭാഷകളിലെയും പുസ്തകങ്ങള്‍ ലഭ്യമാക്കിയാല്‍ അനായാസം കുറെ മെമ്പര്‍മാരെ കണ്ടെത്താന്‍ കഴിയും.  അഞ്ജലി ഗ്രന്ഥശാലയുടെ വെബ്‌സൈറ്റ്   ഇവിടെയുണ്ട്.   അതിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു:


"ചെന്നൈ മലയാളികൾക്കൊരു സന്തോഷവാർത്ത! മലയാളം പുസ്തകങ്ങൾ വായിയ്ക്കുവാൻ ഇനി വേറെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല. ഒരു വിളിപ്പാടകലെ മാത്രം ഞങ്ങൾ, നിങ്ങളിഷ്ടപ്പെടുന്ന പുസ്തകങ്ങളുമായി, നിങ്ങളുടെ വിളിയ്ക്കു കാതോർത്തിരിക്കുന്നു. പറഞ്ഞാൽ മതി ഏതു പുസ്തകം എന്ന്, നിങ്ങളുടെ വീട്ടുപടിയ്ക്കലെത്തിച്ചു തരും. ഈ മനസ്സു മരവിച്ച ജീവിതത്തിനിടയിൽ ഇത്തിരി മാനസികോല്ലാസത്തിനു വായന നല്ലതാണെന്നു തോന്നിയതിനാൽ, ചെന്നൈയിൽ 2010 സെപ്തംബർ മാസം ഞങ്ങൾ ആരംഭിച്ച സംരംഭമാണു്, അഞ്ജലി ഗ്രന്ഥശാല.

നിങ്ങളുടെ വീട്ടിലേയ്ക്കു പുസ്തകങ്ങളെത്തിയ്ക്കുന്നു എന്നതാണു് ഈ ഗ്രന്ഥശാലയുടെ പ്രത്യേകത. തല്ക്കാലം ചെന്നൈ നഗരത്തിൽ മാത്രമാണു് വീട്ടിലെത്തിയ്ക്കുവാനുള്ള സൌകര്യം. നഗരത്തിനു പുറത്തേയ്ക്കും മറ്റു നഗരങ്ങളിലേയ്ക്കും താമസിയാതെ വായനശാലയുടെ സാമീപ്യം വളരുമെന്നു പ്രതീക്ഷിയ്ക്കാം. നിങ്ങൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, ഗ്രന്ഥകാരന്മാരെക്കുറിച്ചും നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ ഈ താളുകളിൽ പ്രസിദ്ധീകരിക്കുമെന്നതും ഒരു പ്രത്യേകതയാണു്.
ഗ്രന്ഥശാലയിൽ വരിക്കാരാകുന്നതിന് 9444088623(ചെന്നൈ നമ്പർ) എന്ന നമ്പറിൽ വിളിച്ചാൽ മതി."

കെവിന്‍  ഗൂഗിള്‍ പ്ലസ്   മുഖാന്തിരം ഈ വിവരം  ഷേര്‍ ചെയ്തപ്പോഴാണ് ഞാന്‍ അഞ്ജലി ഗ്രന്ഥശാലയെ പറ്റി മനസ്സിലാക്കുന്നത്.  പുസ്തകങ്ങളുമായും ചെന്നൈയുമായും (മദ്രാസ് എന്ന് പറയാനാണ് എനിക്കേറേ ഇഷ്ടം) എനിക്ക് അഗാധമായ ആത്മബന്ധമുണ്ട്. അതൊക്കെ അല്പാല്പമായി ബ്ലോഗില്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്.  കെവിനെ പറ്റി എനിക്ക് ഉല്‍ക്കണ്ഠയുണ്ട്.  കെവിന്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കെവിന് കിട്ടിയിട്ടില്ല. ഈ സംരംഭം വിജയിപ്പിക്കാന്‍ ചെന്നൈയിലെ വായനപ്രേമികള്‍ മുന്നോട്ട് വരുമെന്ന് പ്രത്യാശിക്കാ‍നേ എനിക്ക് കഴിയൂ.

ഗൂഗിള്‍ പ്ലസ് , ഫേസ് ബുക്ക് , ബ്ലോഗര്‍ ....

കഴിഞ്ഞ ഒരാഴ്ച കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് ഗൂഗിളിലും ഫേസ് ബുക്കിലും സംഭവിച്ചത്. ആളുകള്‍ ഗൂഗിള്‍ പ്ലസില്‍ ചേരാന്‍ നെട്ടോട്ടമായിരുന്നു. ആദ്യം കുറച്ചു പേരെ ചേര്‍ത്ത ശേഷം പിന്നെ ആര്‍ക്കും പ്ലസില്‍ ചേരാനോ , ചേര്‍ന്നവര്‍ക്ക് അവരുടെ സുഹൃത്തുക്കളെ ഇന്‍‌വൈറ്റ് ചെയ്യാനോ കഴിഞ്ഞില്ല. അപ്പോഴും സൂത്രപ്പണിയിലൂടെ ചിലര്‍ തങ്ങളുടെ സുഹൃത്തുക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. അപ്പോള്‍ ആ കുറുക്ക് വഴികള്‍ ഗൂഗിള്‍ അടച്ചുകൊണ്ടുമിരുന്നു.  ഇപ്പോള്‍ ഗൂഗിള്‍ പ്ലസ് എല്ലാവര്‍ക്കുമായി വാതില്‍ തുറന്നു എന്ന് വിചാരിക്കുന്നു. കാരണം പ്ലസിന്റെ ഹോം പേജില്‍ Send invites എന്ന് ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്.
ഇടയ്ക്ക് അങ്ങനെ പ്രത്യക്ഷപ്പെട്ട് വീണ്ടും അപ്രത്യക്ഷമാകുന്നത് പലരിലും ആശയക്കുഴപ്പവും അക്ഷമയും ഉണ്ടാക്കിയിരുന്നു.  ഫെയിസ് ബുക്കിന്റെ പ്രചാരവും ജനസമ്മതിയും കണ്ട് അതിനെ മറി കടക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ച മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് പ്ലസ് എന്നാണ് ഇപ്പോഴും ആളുകള്‍ കരുതുന്നത്. എന്നാല്‍ പ്ലസിനെ വെറുമൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാത്രമായിട്ടല്ല ഗൂഗിള്‍ കാണുന്നത്.  ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ. തുടക്കം തന്നെ കിടിലന്‍ ആണെന്ന് പറഞ്ഞാല്‍ മതിയല്ലൊ.  ആളുകള്‍ക്ക് ആവശ്യമുള്ള എല്ലാ ഓണ്‍‌ലൈന്‍ സൌകര്യങ്ങളും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്.  പ്ലസിന്റെ വരവ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ഫെയിസ്‌ബുക്കിന്റെ സാരഥി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ തന്നെയാണ്.  ഫെയിസ് ബുക്കില്‍ വിസ്മയകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്ക് കഴിഞ്ഞ ദിവസം ഒരു ലൈവ്‌സ്ട്രീമിങ്ങ് നടത്തി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ആ വെബ്‌ലൈവ്‌കാസ്റ്റ് വീക്ഷിച്ചത്.  ദീര്‍ഘനേരം മാര്‍ക്ക് സംസാരിച്ചെങ്കിലും ആകെ അവതരിപ്പിച്ചത് സ്കൈപ്പുമായി ചേര്‍ന്ന് ഫെയിസ്‌ബുക്കില്‍ വീഡിയോ ചാറ്റ് സൌകര്യം മാത്രമാണ്. അതില്‍ ഒരാള്‍ക്ക് മറ്റൊരാളുമായി നേര്‍ക്ക് നേര്‍ വീഡിയോ ചാറ്റ് മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ പ്ലസില്‍ ഹാങ്-ഔട്ട് എന്നു പറയുന്ന ഗ്രൂപ്പ് ചാറ്റില്‍ ഒരേ സമയം പത്ത് പേരുമായി കോണ്‍ഫറന്‍സ് നടത്താം.  ഇങ്ങനെയൊക്കെയാണെങ്കിലും ഗൂഗിള്‍ പ്ലസില്‍ താരം മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ്. ഏറ്റവും കൂടുതല്‍ ഫോളോവേര്‍സ് പ്ലസില്‍ ഉള്ളത് മാര്‍ക്ക് സുക്കര്‍ബര്‍ഗിനാണ്. ഇത് എഴുതുമ്പോള്‍ 98608 പേര്‍ മാര്‍ക്കിനെ തങ്ങളുടെ സര്‍ക്കിളില്‍ ചേര്‍ത്തിട്ടുണ്ട്.  ഫെയിസ്‌ബുക്കിനാണ് ലോകത്ത് ഏറ്റവും അധികം ആരാധകര്‍ എന്നാണ് ഇത് കാണിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ പ്ലസിന്റെ സ്വീകാര്യത വര്‍ദ്ധിക്കുമ്പോള്‍ ഫെയിസ് ബുക്ക് ഇന്നത്തെ ഓര്‍ക്കുട്ടിന്റെ അവസ്ഥയിലേക്ക് പിന്തള്ളപ്പെട്ടുപോകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


circle
ഗൂഗിള്‍ പ്ലസിനെ പറ്റി കുറെ എഴുതാമെങ്കിലും വിസ്താരഭയത്താല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല.  ഗൂഗിള്‍ പ്ലസില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ചേരാമെന്നതിനാലും ഇതിനകം പലരും ചേര്‍ന്നു കഴിഞ്ഞു എന്നതിനാലും  അതിന്റെ സെറ്റിങ്ങ്സ് ഒക്കെ അനായാസം പരിചയപ്പെടാവുന്നതേയുള്ളൂ.  നമുക്ക് ഒരാള്‍ക്കോ അല്ലെങ്കില്‍ ഒന്നോ അതില്‍ കൂടുതലോ സര്‍ക്കിളിലേക്കോ അല്ല്ലെങ്കില്‍ പബ്ലിക്ക് ആയോ നമ്മുടെ പോസ്റ്റിങ്ങ് ഷേര്‍ ചെയ്യാമെന്നതാണ് ഒരു പ്രത്യേകത.  ഫെയിസ് ബുക്കില്‍ ഇത് സാധ്യമല്ല. മറ്റൊന്ന് ഹാങ്-ഔട്ട് എന്നു പറയുന്ന ചാറ്റിങ്ങ് തന്നെയാണ്.  ഞാന്‍ ഈ പോസ്റ്റ് എഴുതുന്നതിന് മുന്‍പ് ഹാങ്-ഔട്ട് ചെയ്യുകയുണ്ടായി. ജിതില്‍ എന്ന സ്നേഹിതനെ മാത്രമേ അപ്പോള്‍ കിട്ടിയുള്ളൂ.
G  hangout

ആ  ചാറ്റിങ്ങിന്റെ സ്ക്രീന്‍‌ഷോട്ട് ആണിത്.  ലോകത്ത് പബ്ലിക്ക് ആയി ഹാങ്-ഔട്ട് ചെയ്യുന്ന ആരുടെ കോണ്‍ഫറന്‍സിലും നമുക്ക് കയറിച്ചെല്ലാം.  ഒരു സുഹൃത്തുമായോ , ഒരു സര്‍ക്കിളില്‍ പെട്ട സുഹൃത്തുക്കളുമായോ ഫാമിലി അംഗങ്ങള്‍ മാത്രമുള്ള സര്‍ക്കിളുമായോ അല്ലെങ്കില്‍ പബ്ലിക്ക് ആയോ നമുക്ക് ഹാങ്-ഔട്ട് ചെയ്യാം.  ഗൂഗിള്‍ പ്ലസിന്റെ ഈ സൌകര്യം ഒരു അനുഗ്രഹം തന്നെയാണ്.  ഇന്റര്‍നെറ്റില്‍ എന്ത് മാത്രം  സൌകര്യങ്ങളും അറിവുകളുമാണ് ചുമ്മാ ഒരു ചില്ലിക്കാശ് ചെലവില്ലാതെ നമുക്ക് ലഭിക്കുന്നത്!  എത്രയെത്ര ആളുകളാണ്  അവരുടെ ടെക്നോളജിയും അറിവുകളും യാതൊരു പ്രതിഫലവും വാങ്ങാതെ നെറ്റിലൂടെ പങ്ക് വയ്ക്കുന്നത്!  ഇത് പറയുമ്പോള്‍ ആരെങ്കിലും ചോദിച്ചേക്കാം , ഇന്റര്‍നെറ്റിന് നാം ബില്ല് അടക്കുന്നില്ലേ എന്ന്. ആ ബില്ല് എന്നു പറയുന്നത്,  നമ്മുടെ കമ്പ്യൂട്ടറിനെ ലോകത്തുള്ള അസംഖ്യം കമ്പ്യൂട്ടറുകളുമായി  ബന്ധിപ്പിക്കുന്ന സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് നാം കൊടുക്കുന്ന ചാര്‍ജ്ജാണ്. അവര്‍ക്ക് അതിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്‍ചര്‍ ഒരുക്കുകയും മെയിന്റനന്‍സ് ചെയ്യുകയും വേണമല്ലൊ.  എന്നാലും ഇന്നത്തെ സാഹചര്യത്തില്‍  ഒരു അണ്‍‌ലിമിറ്റഡ് കണക്‍ഷന്  ബി.എസ്.എന്‍ . എല്‍. വാങ്ങുന്ന 750 രൂപ അധികപറ്റേയല്ല.

Blogവിപ്ലവകരമെന്ന് തന്നെ പറയാവുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് ബ്ലോഗറിലാണ്. നമ്മുടെ ഡാഷ് ബോര്‍ഡും  പോസ്റ്റ് എഴുതുന്ന എഡിറ്ററും ഒക്കെ പുതിയ രൂപത്തിലാണ് കാണാന്‍ കഴിയുക. ഞാന്‍ ഈ പോസ്റ്റ് എഴുതുന്ന എഡിറ്ററിന്റെ സ്ക്രീന്‍ഷോര്‍ട്ട് ആണിത്. (എല്ലാ ഇമേജിലും ക്ലിക്ക് ചെയ്താല്‍ വലുപ്പത്തില്‍ കാണാം)  പെട്ടെന്ന് കാണുമ്പോള്‍ ഒരു അസൌകര്യം പോലെ തോന്നാമെങ്കിലും  പരിചയമായാ‍ല്‍ ഇപ്പോഴത്തെ സമ്പ്രദായമാണ് വളരെ ഉപകാരപ്രദമെന്ന് കാണാം.   ഈ പുതിയ ഡാഷ് ബോര്‍ഡ് കാണണമെങ്കില്‍ http://draft.blogger.com/home  എന്ന യു അര്‍ എല്‍ അഡ്രസ്സില്‍ ബ്ലോഗില്‍ ലോഗിന്‍ ചെയ്യണം.   അങ്ങനെ ലോഗിന്‍ ചെയ്തിട്ട്  പഴയ രൂപത്തിലേക്ക് തിരിച്ചുപോകാന്‍  ഡാഷ്ബോര്‍ഡിന്റെ വലത്ത് മുകള്‍ ഭാഗത്ത് കാണുന്ന Make Blogger in Draft my default എന്ന ചതുരക്കള്ളിയില്‍ Uncheck  ചെയ്താല്‍ മതി. BLOGGER എന്ന പേര് ഗൂഗിള്‍ ബ്ലോഗ് എന്ന് മാറാന്‍ പോകുന്നതായി കേള്‍ക്കുന്നു.  എന്തായാലും ഗൂഗിള്‍ ഇല്ലാതെ ഒരു ജീവിതം ഈ തലമുറയ്ക്ക് സാധ്യമല്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് ...

(Read more about google+)

സ്വാശ്രയം ; വൈകിക്കിട്ടിയ വാര്‍ത്ത!

തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ ഈ വര്‍ഷം സര്‍ക്കാരിന്‌ വിട്ടുകൊടുകേണ്ടതില്ലെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്‌ നിയമോപദേശം. അതുകൊണ്ടുതന്നെ ഈ വര്‍ഷം സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന്‌ കൗണ്‍സില്‍ അറിയിച്ചു. ഇതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും അനിശ്‌ചിതത്വത്തിലായി. സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്‌ പ്രവേശനം സംബന്ധിച്ച്‌ മാനേജ്‌മെന്റ്‌ അസോസിയേഷനുമായി ഇന്നലെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ രണ്ട്‌ ദിവസത്തെ സമയം ചോദിക്കുകയായിരുന്നു. നിയമവശം കൂടി പഠിച്ചശേഷം സര്‍ക്കാരിന്‌ മറുപടി നല്‍കുമെന്നായിരുന്നു ഇന്നലെ കൗണ്‍സില്‍ അറിയിച്ചത്‌.  


ഈ കാര്യത്തില്‍ എന്റെ കമന്റ്:



സ്വാശ്രയ സീറ്റുകള്‍ സര്‍ക്കാരിന് കൊടുക്കണമെന്ന വ്യവസ്ഥ കേരളത്തില്‍ മാത്രമേയുള്ളൂ.  50% സീറ്റ് ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരി വെച്ചെങ്കിലും  മേനേജ്‌മെന്റ് അപ്പീലിന് പോയാല്‍ തോല്‍ക്കും.  സര്‍ക്കാരിന് സീറ്റ് വേണമെങ്കില്‍ സര്‍ക്കാര്‍ കോളേജുകള്‍ തുടങ്ങുകയാണ് വേണ്ടത്.  സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് പഠിക്കണമെങ്കില്‍ അതിനുള്ള കാശ് സര്‍ക്കാര്‍ അവര്‍ക്ക് സ്കോളര്‍ഷിപ്പായി കൊടുക്കണം.  അല്ലാതെ മേനേജ്മെന്റ് ക്വാട്ടയില്‍ കയറിയ 50% വിദ്യാര്‍ത്ഥികള്‍  മെറിറ്റില്‍ കയറുന്ന മറ്റേ 50% വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ക്രോസ് സബ്‌സിഡി കൊടുക്കണം എന്ന്  ഉത്തരവ് ഉണ്ടാക്കുകയല്ല വേണ്ടത്. അതിന് നിയമത്തിന്റെ പിന്‍‌ബലമില്ല.  


ഇന്ത്യയില്‍ എവിടെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അനുവാദം ഭരണഘടന പ്രദാനം ചെയ്യുന്ന മൌലികാവകാശങ്ങളില്‍ പെട്ടതാണ്. അത്തരം സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സീറ്റ് എന്നൊന്നില്ല. കേരളത്തില്‍ ഭീഷണിപ്പെടുത്തി സീറ്റ് കൈക്കലാക്കാനാണ് സര്‍ക്കാരും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി യൂനിയനുകളും ശ്രമിക്കുന്നത്.  കേരള സര്‍ക്കാരിന്  കഴിയുക  കോളേജുകള്‍ തുടങ്ങാന്‍ അനുവാദം കൊടുക്കാതിരിക്കലായിരുന്നു. എന്നാലും കോടതിയില്‍ പോയാല്‍ അനുവാദം ലഭിക്കും. അത് ഭരണ ഘടനയിലെ പ്രൊവിഷന്‍ ആണ്.  ഭീഷണിക്ക് വഴങ്ങുന്നില്ലെങ്കില്‍ മാനേജ്മെന്റുകള്‍ക്ക്  സര്‍ക്കാര്‍ സീറ്റ് കൊടുക്കാതെ സ്ഥാപനം നടത്താന്‍ കഴിയും.  അത്തരം സ്ഥാപനങ്ങള്‍ക്ക് പോലീസ് പ്രൊട്ടക്‍ഷന്‍ കൊടുക്കേണ്ടിയും വരും. 


ചിലര്‍ കരാ‍റിനെ പറ്റി പറയുന്നുണ്ട്. കരാര്‍ എന്നാല്‍ നിയമമല്ല. എപ്പോള്‍ വേണമെങ്കിലും ഒരു കക്ഷിക്ക് കരാറില്‍ നിന്ന് പിന്‍‌വാങ്ങാം.  ഇതൊക്കെയാണ് വസ്തുത.  ഇന്റര്‍ ചര്‍ച്ചിന് ലഭിച്ച നിയമോപദേശം ശരിയാണ്.  കേരളത്തിലേക്കാളും പാവപ്പെട്ടവര്‍  മറ്റ് സംസ്ഥാനങ്ങളില്‍ ആണുള്ളത്. എന്നിട്ടും കേരളമൊഴികെ പാവപ്പെട്ടവരുടെ പേരില്‍ എവിടെയും സ്വാശ്രയ സമരമില്ല.  എന്താ‍യാലും അടുത്തൊന്നും കേരളത്തില്‍ സ്വാശ്രയപ്രശ്നം തീരില്ല.  


കുഴഞ്ഞുമറിയുന്ന സ്വാശ്രയം

ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ പോയി ഒരു കമന്റെഴുതിയപ്പോള്‍ , അത് പണ്ടാരോ പറഞ്ഞ പോലെ പടിപ്പുര കെട്ടിവന്നപ്പോള്‍ ഒരു വീടായിപ്പോയി എന്ന കഥയായി. പോസ്റ്റിനേക്കാളും നീണ്ട കമന്റ്. എന്നാല്‍ പിന്നെ അത് ഇവിടെയും പോസ്റ്റാക്കാമെന്ന് കരുതി.  കമന്റിലേക്ക്:

സ്വാശ്രയപ്രശ്നം അല്പം കുഴഞ്ഞു മറിഞ്ഞതാണ്. പലര്‍ക്കും ഇപ്പോള്‍ ഈ സ്വാശ്രയം എന്താണെന്ന്
പോലും മനസ്സിലാകാതായിരിക്കുന്നു. അത്കൊണ്ടാണ് സ്വാശ്രയത്തിലൂടെ സാമൂഹികനീതി
എന്നൊക്കെ പറയുന്നത്. സെല്‍ഫ് ഫൈനാന്‍സ് എന്നതിനെ സ്വാശ്രയം എന്ന് മൊഴിമാറ്റം
ചെയ്തപ്പോള്‍ ഉണ്ടായ കണ്‍ഫ്യൂഷനാണിത്. സെല്‍ഫ് ഫിനാന്‍സ് എന്നു പറഞ്ഞാല്‍ പണം
കൊടുത്ത് പഠിക്കുക എന്നാണര്‍ത്ഥം. സെല്‍ഫ് ഫിനാന്‍സ് കോളേജ് തുടങ്ങുന്നത് ,
സംഘടനയായാലും ട്രസ്റ്റ് ആയാലും വ്യക്തികളായാലും കച്ചവടത്തിന്റെ പരിധിയില്‍ മാത്രമേ
വരികയുള്ളൂ. മൂലധനമിറക്കി ഇന്‍ഫ്രാസ്ട്രക്‍ചര്‍ ഉണ്ടാക്കി സ്റ്റാഫിനെ ശമ്പളം കൊടുത്ത് നിര്‍ത്തി
പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് മാത്രമാണ് അവരുടെ വരുമാനം. ആ ഫീസില്‍
നിന്ന് സ്റ്റാഫിന് ശമ്പളം കൊടുക്കണം, കോളേജ് മെയിന്റനന്‍സ് ചെയ്യണം, ഇറക്കിയ മൂലധനത്തിന്
പലിശ കിട്ടണം, ഒത്താല്‍ ലാഭവും ഉണ്ടാക്കണം. സ്വകാര്യമേഖലയില്‍ ആസ്പത്രിയോ മറ്റ്
സംരഭങ്ങളോ തുടങ്ങുന്ന പോലെ തന്നെയാണിതും.

ചുരുക്കത്തില്‍ , മൂലധനമിറക്കി കോളേജ്  തുടങ്ങിയാല്‍ പിന്നെ, അതിന്റെ മുതലാളിമാര്‍ക്ക്
ലഭിക്കേണ്ട ലാഭം മുതല്‍ എല്ലാ ഭാരവും വഹിക്കേണ്ടത് അവിടെ പഠിക്കുന്ന കുട്ടികളാണ്. ഇവിടെ
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കണമെങ്കിലോ അങ്ങനെ സാമൂഹ്യനീതി
നടപ്പാക്കണമെങ്കിലോ എന്താണ് ചെയ്യേണ്ടത്? അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്
കൊടുക്കാനുള്ള തുക സര്‍ക്കാര്‍ കൊടുക്കണം. അല്ലെങ്കില്‍ ആവശ്യമായ കോളേജുകള്‍ സര്‍ക്കാര്‍
തുടങ്ങണം. അതല്ലേ സാമൂഹ്യനീതിക്കുള്ള മാര്‍ഗ്ഗം?

സ്വാശ്രയ കോളേജില്‍ ഒരു വിഭാഗം കുട്ടികള്‍ സര്‍ക്കാര്‍ കോളേജിലെ ഫീസിന് തുല്യമായ ഫീസ്
കൊടുത്ത് പഠിക്കുമ്പോള്‍ അതിന്റെ ഭാരം വരുന്നത് സ്വാശ്രയസീറ്റ് നേടിയ വിദ്യാര്‍ത്ഥികളുടെ
ചുമലിലാണ്. അല്ലാതെ മുതലാളിമാര്‍ വീണ്ടും പണം ഇറക്കുകയില്ലല്ലൊ. അപ്പോള്‍ ഇവിടെ
സംഭവിക്കുന്നത് ഒരു സ്വാശ്രയ വിദ്യാര്‍ത്ഥി ഫലത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ഫീസ് നല്‍കുന്നു
എന്നാണ്. ഈ പ്രതിഭാസത്തെയാണ് സുപ്രീം കോടതി ക്രോസ് സബ്‌സിഡി എന്ന്
വിശേഷിപ്പിച്ചത്. ക്രോസ്‌സബ്‌സിഡി പാടില്ല എന്ന വിധിയാണ് സ്വാശ്രയ മുതലാളിമാര്‍ക്ക്
ആശ്രയം. കോടതിക്ക് അങ്ങനെ മാത്രമേ വിധിക്കാന്‍ പറ്റുമായിരുന്നുള്ളൂ. മെറിറ്റില്‍ സീറ്റ് കിട്ടിയില്ല
എന്ന പാപത്തിന് സ്വാശ്രയത്തില്‍ പഠിക്കാന്‍ കയറിയ ഒരു കുട്ടി, ഒരു പക്ഷെ തന്നേക്കാളും
പണക്കാരനായ കുട്ടിക്ക് മെറിറ്റില്‍ കിട്ടി എന്ന ഒരേ ഒരു കാരണത്താല്‍ പഠിക്കാന്‍ സബ്‌സിഡി
കൊടുക്കണം എന്ന് കോടതിക്ക് പറയാന്‍ പറ്റില്ലല്ലൊ. മെറിറ്റില്‍ കിട്ടുന്ന വിദ്യാര്‍ത്ഥികളെല്ലാം
പാവപ്പെട്ടവര്‍ എന്നും സ്വാശ്രയത്തില്‍ കയറുന്നവര്‍ എല്ലാം പണക്കാര്‍ എന്നുമുള്ള ധാരണ
ശരിയല്ല. മറിച്ചുമാവാം.

ഇനി എന്ത്കൊണ്ട് ഇവിടെ സ്വാശ്രയം വേണ്ടി വന്നു എന്ന് നോക്കാം. കേരളത്തില്‍
ആവശ്യമായത്ര കോളേജുകള്‍ സര്‍ക്കാര്‍ മേഖലയിലോ എയിഡഡ് മേഖലയിലോ ഇല്ലായിരുന്നു.
കുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ പണം മുടക്കി പഠിക്കാന്‍ തുടങ്ങി. കേരളത്തില്‍ നിന്ന് ഈ
ഇനത്തില്‍ കോടികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്ന മുറവിളി ഉയര്‍ന്നു. എന്നാല്‍
പ്രത്യേക പ്രത്യയശാസ്ത്രക്കാര്‍ ഇതിനെ എതിര്‍ത്തു. അന്യസംസ്ഥാനത്ത് പോയി പണം
കൊടുത്തും  യാത്രാക്ലേശം സഹിച്ചും പഠിച്ചാലും അതിന്റെ പേരില്‍ കോയമ്പത്തൂരും ബാംഗ്ലൂരും
മംഗലാപുരവുമൊക്കെ പുരോഗതി പ്രാപിച്ചാലും സ്വന്തം സംസ്ഥാനത്ത് അത് അനുവദിക്കുകയില്ല
എന്നായിരുന്നു പ്രത്യയശാസ്ത്രക്കാരുടെ ശാഠ്യം. അങ്ങനെയാണ് സ്വാശ്രയസമരം എന്നൊരു
സമരം വര്‍ഗ്ഗസമരത്തോടൊപ്പം ചേരുന്നത്.

എന്തായാലും മെല്ലെ മെല്ലെ കേരളത്തില്‍ സ്വാശ്രയമേഖലയില്‍ കോളേജുകള്‍ തല പൊക്കി.
ബാക്കി ചരിത്രം എല്ലാവര്‍ക്കും അറിയുന്നതാണ്. സ്വാശ്രയ സമരത്തെ തണുപ്പിക്കാനാണ് രണ്ട്
സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നിയമം ഏ.കെ.ആന്റണി കൊണ്ടുവന്നത്.
ഇത് ഉദാത്തമായ സാമൂഹ്യനീതിയാണെന്ന് വാഴ്ത്തപ്പെട്ടു. എന്നാല്‍ ഈ സാമൂഹ്യനീതി
നടപ്പിലാവാന്‍ സര്‍ക്കാരോ , സ്വാശ്രയ മുതലാളിമാരോ ചില്ലിക്കാശ് ചെലവാക്കുന്നില്ല എന്നതാണ്
ഈ ഏര്‍പ്പാടിലെ ക്രൂരമായ ഫലിതവും ഒളിപ്പിച്ചു വെച്ച അനീതിയും. കാരണം, സമവാക്യപ്രകാരം
നടന്നുപോകേണ്ടതായ ആ സര്‍ക്കാര്‍ കോളേജിന്റെ മുഴുവന്‍ ചെലവും വഹിക്കേണ്ടത് മെറിറ്റില്‍
സീറ്റ് കിട്ടാതായി പോയ, മേനേജ്മെന്റ് ക്വാട്ടയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ്.
സ്വാശ്രയ മേഖലയില്‍ കോളേജ് തുടങ്ങുന്നവരെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ എന്നാണ്
പുരോഗമനക്കാര്‍ പറയുന്നത്. അവര്‍ ഭരിക്കുമ്പോഴാകട്ടെ സര്‍ക്കാര്‍ മേഖലയില്‍ പുതിയ
കോളേജുകള്‍ തുടങ്ങുന്നുമില്ല. അപ്പോള്‍ ശരിക്കും എന്താണ് വേണ്ടിയിരുന്നത്? ഇവിടെ ഈ
കച്ചവടം വേണ്ടിയിരുന്നില്ലേ? അതല്ല, സര്‍ക്കാറിന് കഴിയാത്തത് ഏറ്റെടുത്ത് നടത്താന്‍
ആരെങ്കിലും ലാഭേച്ഛയില്ലാതെ വരണമായിരുന്നെന്നോ. ലാഭേച്ഛയുള്ള എന്തും കച്ചവടമാണല്ല്ലൊ.

സ്വകാ‍ര്യസ്വത്തിന് സംരക്ഷണവും നിയമപ്രാബല്യവുമുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ഒരു
കച്ചവടവും തെറ്റോ പാപമോ അല്ല.  സര്‍ക്കാര്‍ എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും ക്രോസ്
സബ്‌സിഡി പാടില്ല എന്ന വിധി മേനേജ്‌മെന്റുകള്‍ക്ക് തുണയുണ്ടാവും. കേന്ദ്രനിയമം വേണം
എന്നാണ് ഇടത്പക്ഷക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്. കേന്ദ്രത്തിനും ഭരണഘടനയിലെ
മൌലികാവകാശങ്ങള്‍ക്ക് കീഴ്പ്പെട്ട് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ പറ്റുകയുള്ളൂ. ഇല്ലെങ്കില്‍ ആ
നിയമവും കോടതിക്ക് റദ്ദാക്കാം. എന്തായാലും സ്വാശ്രയ പ്രശ്നം കേരളത്തില്‍ സമരമോഹികള്‍ക്ക്
അക്ഷയപാത്രമാണ്.

(ഈ പോസ്റ്റിനും ഇതിലെ ചിത്രത്തിനും ബഷീര്‍ വള്ളിക്കുന്നിനോട് കടപ്പാട്)

നിര്‍മാല്യം

ഇന്നലെ രാത്രി ഏഷ്യാനെറ്റ് പ്ലസില്‍ നിര്‍മാല്യം പടം വീണ്ടും കണ്ടു.  ആ സിനിമ ഷൂട്ടിങ്ങ് നടക്കുന്ന കാലത്ത് ഞാന്‍ മദ്രാസ് കോടമ്പാക്കത്ത് താമസിക്കുന്നുണ്ടായിരുന്നു. സുകുമാരനും രവിമേനോനും ആ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. കോടമ്പാക്കത്ത് ആര്‍ക്കാട് റോഡില്‍ ലിബര്‍ട്ടി ടാക്കീസിനടുത്തുള്ള അപ്സര ലോഡ്ജിലായിരുന്നു അന്ന് അവര്‍ താമസിച്ചിരുന്നത്.  വാടക കുറഞ്ഞ ആ ലോഡ്ജില്‍ കുറെ സഹനടന്മാരും അന്ന് താമസിച്ചിരുന്നു. പലപ്പോഴും സുകുമാരനെ അന്ന് നേരില്‍ കണ്ടിരുന്നു. മുഖത്ത് അമര്‍ഷത്തിന്റെ സ്ഥിരം ഭാവമായിരുന്നു. ഷൂട്ടിങ്ങ് ഇല്ലാത്തപ്പോഴും സുകുമാരന്‍ നിര്‍മാല്യത്തിലെ അപ്പു തന്നെയായിരുന്നു.  ഇന്ന് കാണുമ്പോഴും ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ വല്ലാതൊരു അനുഭവം തന്നെ. സിനിമ എന്നത് യഥാര്‍ത്ഥ ജീവിതത്തിന്റെ മുഹൂര്‍ത്ഥങ്ങളെ  കൃത്രിമത്വമില്ലാതെ ഒപ്പിയെടുക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു.  സംഗീതമോ സാഹിത്യമോ പോലെ തനതായ ഒരു കലയാണ് സിനിമയും. എന്നാല്‍ നാടകത്തിന്റെയോ കഥയുടെയോ ഒരു എക്സ്റ്റന്‍ഷന്‍ പോലെയാണ് സിനിമയും പരിചയപ്പെടുത്തപ്പെട്ടത്. അനുവാചകരും സിനിമയെ അങ്ങനെ സ്വീകരിച്ചപ്പോള്‍ സിനിമ എന്ന വ്യത്യസ്ത കലാരൂ‍പത്തെ അതിന്റെ തനിമയില്‍ ആ‍വിഷ്ക്കരിച്ചാല്‍ കാണികള്‍ തിയേറ്ററില്‍ എത്തില്ല എന്ന അവസ്ഥയുണ്ടായി.  അങ്ങനെയാണ് സിനിമ കച്ചവടക്കലയാവുന്നത്.  ഇന്നലെ നിര്‍മാല്യം കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു, കോടമ്പാക്കത്തെ അപ്സര ലോഡ്ജ് ഇന്നവിടെയില്ല. പിന്നെ , പി.ജെ.ആന്റണി, സുകുമാരന്‍ , രവിമേനോന്‍ ......