Links

Showing posts with label ബന്ദ്. Show all posts
Showing posts with label ബന്ദ്. Show all posts

ജൂലായ് അഞ്ചിന്റെ ഭാരത് ബന്ദ്

വ്യക്തിപരമായി ഞാന്‍ ബന്ദിനും ഹര്‍ത്താലിനും എതിരാണ്.  ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ അടിക്കടി യാതൊരു തത്വദീക്ഷയുമില്ലാതെ ദേശീയപാര്‍ട്ടികള്‍ തൊട്ട് ഈര്‍ക്കിലിപാര്‍ട്ടികള്‍ വരെ ബന്ദ് നടത്തുന്നതിനാലാണ് അങ്ങനെ എതിര്‍പ്പ് തോന്നാന്‍ കാരണം. എന്നാല്‍ ഗവണ്മേണ്ട് എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ അതിനെ ചോദ്യം ചെയ്യാനും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നയിക്കാനും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ജനാധിപത്യത്തില്‍ ഭരണകക്ഷിയേക്കാളും ഒട്ടും കുറവല്ല പ്രതിപക്ഷത്തിന്റെ ചുമതലകളും കടമകളും. ജനാധിപത്യം എന്ന് പറയണമെങ്കില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷവും ഉണ്ടായേ പറ്റൂ.  പ്രതിപക്ഷങ്ങള്‍ സര്‍ക്കാരിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയപ്രേരിതമായാല്‍ ആ സമരങ്ങളുടെ വിശ്വാസ്യത കുറയും. നെല്ലും പതിരും വേര്‍തിരിച്ചുകാണാനുള്ള കഴിവ് ജനങ്ങള്‍ക്കുണ്ടെന്ന് എല്ലാ പാര്‍ട്ടികളും മനസ്സിലാക്കേണ്ടതാണ്.

ഭരിക്കുന്ന സര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ പ്രതിപക്ഷങ്ങളിലൂടെയേ ജനങ്ങള്‍ക്ക് മനസ്സിലാവുകയുള്ളൂ. ആ അര്‍ത്ഥത്തില്‍ ചിലപ്പോള്‍ സര്‍ക്കാരിനേക്കാളും ജനങ്ങളോട് ബാധ്യത പ്രതിപക്ഷത്തിനാണെന്ന് പറയേണ്ടി വരും. നമ്മുടെ നാട്ടില്‍ പ്രതിപക്ഷരാഷ്ട്രീയം വെറും അന്ധമായ സര്‍ക്കാര്‍ വിരുദ്ധവും കക്ഷിരാഷ്ട്രീയപ്രേരിതവുമായാണ് പ്രവര്‍ത്തിക്കാറ് എന്നതിനാല്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ ഗൌരവമായി കാണാറില്ല. അതാത് പാര്‍ട്ടികളുടെ അണികള്‍ മാത്രമേ അത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാറുള്ളൂ. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതുപ്രക്ഷോഭങ്ങള്‍ ഇവിടെ നടക്കാറില്ല എന്ന് തന്നെ പറയണം. ചില പാര്‍ട്ടികളെ ചില ലേബല്‍ ചാര്‍ത്തി അയിത്തം കല്‍പ്പിക്കുന്നത്കൊണ്ട് ഇവിടെ പ്രതിപക്ഷ ഐക്യം ഉണ്ടാകാറില്ല. ജൂലായ് അഞ്ചിന് ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍ ഡി ഏ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു. ഇടത് പക്ഷങ്ങള്‍ അതേ ദിവസം ദേശീയ ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുന്നു. രണ്ട് പ്രഖ്യാപനങ്ങളും ഒരേ ദിവസമാണ് ഉണ്ടായിട്ടുള്ളത്, ഒരേ കാരണത്തിന്റെ പേരില്‍ . പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി ആലോചിച്ച് ഇത്തരമൊരു പ്രക്ഷോഭപരിപാടി ആലോചിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. മാത്രമല്ല കേരളത്തില്‍ മാത്രം ഇതേ കാരണത്തിന് ഒരു ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. ഇതൊക്കെ പ്രക്ഷോഭങ്ങളെ പ്രഹസനമാക്കുന്ന വൃത്തികേടുകളാണ്. ഇന്ത്യയൊട്ടുക്ക്  പെട്രോളിനും മറ്റും വില ഉയര്‍ത്തുക. അതിനെതിരെ ചില അഖിലേന്ത്യാപാര്‍ട്ടികള്‍ കേരളത്തില്‍ മാത്രം എടുത്തുചാടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുക. ഇതിന്റെ പേരാണ് സമരാഭാസം.

ഇപ്പോള്‍ കേന്ദ്രഗവണ്മേണ്ട് ചെയ്തിരിക്കുന്നത് വില വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പെട്രോള്‍ ഉല്പന്നങ്ങള്‍ക്ക് വില നിര്‍ണ്ണയിക്കാനുള്ള അധികാരം കൈയ്യൊഴിയുക കൂടിയാണ്. ഇത് വളരെ ദൂരവ്യാപകമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടിയാണ്. ചുളുവിലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടല്ലാതെ ദുര്‍ബ്ബലമായത്കൊണ്ടാണ് സര്‍ക്കാരിന് ഇത് സാധിക്കുന്നത്.  ആഗോളവല്‍ക്കരണവും ഉദാരീകരണവും രാജ്യത്തെ വളരെ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം വളരെ വലിയൊരു വിഭാഗത്തിന് ഇനിയും കിട്ടിയിട്ടില്ല. കിട്ടുന്നവര്‍ ധൂര്‍ത്തടിക്കുകയും ചെയ്യുന്നു.  കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ സാധാരണക്കാരന്റെ ജീവിതം ഭദ്രമാക്കുന്നതിന് ഒരു നടപടിയും തുടങ്ങാനുള്ള ആലോചന പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ല. നികുതിപ്പണം ചെലവഴിക്കാന്‍ ചില ക്ഷേമപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും അതൊക്കെ ദുര്‍വ്യയമാകാനുള്ള സാധ്യതയാണ് കാണുന്നത്. ഒരു പദ്ധതിയും ലക്ഷ്യം കാണുന്നില്ല. ഇടത്തരക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്.

ജനങ്ങള്‍ക്ക് ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ തോന്നിയ പോലെ പെരുമാറുന്നു. പ്രതിപക്ഷങ്ങള്‍ വെറും രാഷ്ട്രീയം കളിക്കുന്നു.  ജൂലായ് അഞ്ചിന് മുഴുവന്‍ പ്രതിപക്ഷപാര്‍ട്ടികളും ചേര്‍ന്ന് സംയുക്തമായി ദേശീയ ബന്ദ് നടത്തുകയും തുടര്‍ന്ന് കൂട്ടായി പ്രക്ഷോഭപരിപാടികള്‍ ആലോചിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതൊരു നല്ല തുടക്കമാവുമായിരുന്നു. ഭരണവും പ്രതിപക്ഷവും ജനങ്ങളും എല്ലാം തെറ്റായ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് എനിക്കും ബാധകമാണ്.

എന്തായാലും ജൂലായ് അഞ്ചിന്റെ ഭാരത് ബന്ദിന് ഞാന്‍ പിന്‍‌തുണ രേഖപ്പെടുത്തുന്നു. എന്തെന്നാല്‍ സര്‍ക്കാരിന്റെ നടപടിയെ നിരുത്തരവാദപരമായാണ് ഞാന്‍ കാണുന്നത്. എനിക്കതില്‍ അമര്‍ഷമുണ്ട്.

വീണ്ടും ദേശീയ പണിമുടക്ക്..

പ്രിയമുള്ള ഇടത്പക്ഷ സഖാവേ,
വിലക്കയറ്റത്തിനെതിരെ താങ്കളുടെ നേതാക്കന്മാര്‍ വീണ്ടുമൊരു ദേശീയപണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കയാണല്ലൊ. നല്ല കാര്യം തന്നെ. ഒരു പണിമുടക്ക് കൊണ്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതല്ലെ.  പക്ഷെ സഖാവേ, ഈ വിലക്കയറ്റം തടയാന്‍ ഇങ്ങനെ പണിമുടക്ക് നടത്തുകയാണ് വേണ്ടതെന്ന ഐഡിയ നിങ്ങളുടെ നേതാക്കള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്. ഈ നേതാക്കളുടെ തലയില്‍ ഇമ്മാതിരി പോംവഴികള്‍ എങ്ങനെയാണ് ഉദിക്കുന്നത്? എന്താണ് ഈ വിലക്കയറ്റം എന്ന് വെച്ചാല്‍ ?

ചില ഉദാഹരണങ്ങള്‍ പറയാം. ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ പോയപ്പോള്‍ അവിടത്തെ പാണ്ടി ബസാറില്‍ നിന്ന് ചില ഫാന്‍സി സാധങ്ങള്‍ വാങ്ങി. കൊച്ചുമകള്‍ക്ക് വേണ്ടി വാങ്ങിയ ഇലക്ട്രോണിക്ക് വാച്ചിന് അവിടെ 50രൂപയാണ് വില. ഇവിടെ നാട്ടില്‍ വന്ന് നോക്കിയപ്പോള്‍ അതേ വാച്ച് മകള്‍ കണ്ണൂരില്‍ നിന്ന് വാങ്ങിയിരിക്കുന്നു 250രൂപയ്ക്ക്. അവിടെ അഞ്ഞൂറും അറുനൂറും രൂപയ്ക്ക് വില്‍ക്കുന്ന സാരിക്ക് കണ്ണൂരില്‍ രണ്ടായിരവും അതിലും കൂടുതലുമാണ് വില.  ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാലമാണല്ലൊ.  ഇനി ഏത് ഷോപ്പിലായാലും ഇപ്പോള്‍ സാധനങ്ങള്‍ക്ക് MRP വിലയാണ് ഈടാക്കുന്നത്.  എം.ആര്‍.പി. എന്നാല്‍ മാക്സിമം റീട്ടെയില്‍ പ്രൈസ് എന്നാണ്. അതായത് പരമാവധി ആ തുകയേ ഈടാക്കാവൂ എന്ന്. എത്ര വേണമെങ്കിലും കുറയ്ക്കാം എന്ന് സാരം. എന്നാല്‍ ഒരു ഷോപ്പ്കാരനും ഇന്ന് എമ്മാര്‍പ്പിയില്‍ കുറക്കാറില്ല. ഈ MRP തന്നെ നിശ്ചയിക്കുന്നതിന് എന്താണ് മാനദണ്ഡം?  ഒന്നുമില്ല. തോന്നിയപോലെ ഒരു സംഖ്യ കച്ചവടക്കാരന് എത്രയും ലാഭം എടുക്കാനുള്ള അവസരം നല്‍കിക്കൊണ്ട് പായ്ക്കറ്റിന്റെ പുറത്ത് പ്രദര്‍ശിപ്പിക്കുന്നു എന്ന് മാത്രം.

ടൌണിലെ ഒരു ഹോള്‍സെയില്‍ കടയില്‍ ചെന്ന് നമ്മള്‍ പറയുന്നു, ഞാന്‍ ഒരു റീട്ടെയില്‍ ഷോപ്പ് തുടങ്ങിയിട്ടുണ്ട്. ഹോള്‍സെയില്‍ റേറ്റില്‍ എനിക്ക് സാധനങ്ങള്‍ തരണമെന്ന്. മിനിമം മൂന്ന് പീസ് അപ്പോള്‍ തന്നെ എടുത്താല്‍ നമുക്ക് കിട്ടുക എം.ആര്‍.പി.യില്‍ 40ശതമാനത്തിന്റെ കുറവാണ്.  പ്രൊഡക്‍ഷന്‍ കോസ്റ്റും എം.ആര്‍.പി.യും തമ്മില്‍ നീതീകരിക്കാവുന്ന ഒരു പൊരുത്തവുമില്ല. എന്റെ നാട്ടില്‍ ഒരു സഹകരണ വെളിച്ചെണ്ണ മില്‍ ഉണ്ട്. സഹകരണം എന്ന് പറഞ്ഞാല്‍ അതാരുടേതാണെന്ന് ഊഹിക്കാമല്ലൊ. നാട്ടില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ പായ്ക്കറ്റിന്റെ പുറത്ത് എം.ആര്‍.പി. 60 രൂപയാണെങ്കില്‍ അതേ വെളിച്ചെണ്ണ ബാംഗ്ലൂരില്‍ എത്തിക്കുന്ന ഡീലര്‍ക്ക് എം.ആര്‍.പി 110 രൂപയാണ് അടിച്ചുകൊടുക്കുന്നത്. ഈ എം.ആര്‍.പി.ക്ക് ഒരപ്പനുമില്ല എന്ന് പറഞ്ഞുവരികയാണ് ഞാന്‍.  മറ്റൊന്ന് ഇപ്പോള്‍ കടക്കാരന്‍ തന്നെ പായ്ക്കറ്റുകളുടെ പുറത്ത് എം.ആര്‍.പി. സ്റ്റിക്കര്‍ ഒട്ടിച്ചു അവ കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്താണ് ബില്ല് തരുന്നത്.  വില പേശുന്ന സമ്പ്രദായം എടുത്തുപോയി എന്ന് മാത്രമല്ല സ്റ്റിക്കറുകളില്‍ എത്ര തുകയും  പ്രിന്റ് ചെയ്യാമെന്നായി.  ഗുണം നോക്കാതെ സ്റ്റിക്കറില്‍ കൂടുതല്‍ വില കാ‍ണുന്ന സാധനം വാങ്ങുന്ന കണ്‍സ്യൂമര്‍ സംസ്ക്കാരവും നാട്ടിലുണ്ട്. ഒരേ ബാച്ചിലുള്ള രണ്ട് സാരിയില്‍ ഒന്നില്‍ 500രൂപയുടെ സ്റ്റിക്കറും മറ്റൊന്നില്‍ അയ്യായിരം രൂപയുടെ സ്റ്റിക്കറും ഒട്ടിച്ച് സേല്‍‌സ് മാന്‍ കാണിച്ചാല്‍ തീര്‍ച്ചയായും അയ്യായിരത്തിന്റെ സാരിയേ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ വാങ്ങുകയുള്ളൂ.

ഇങ്ങനെയൊക്കെയാണ് വിലകള്‍ ഉണ്ടാകുന്നത്. ഇനി ഈ വിലക്കയറ്റം ബാധിക്കുന്നത് ആരെയൊക്കെയാണ്?  സാധനങ്ങളുടെ വിലവര്‍ദ്ധനവിന്റെ അനുപാതത്തിലല്ല നാട്ടില്‍ ചെയ്യുന്ന പണിയുടെ കൂലി വര്‍ദ്ധിക്കുന്നത്.  പണിയും മതിയാക്കി പോകുമ്പോള്‍ പണിക്കാരന്‍ പറയും എന്റെ കൂലി ഇത്രയാണെന്ന്. അത് കൊടുത്തോളണം. എന്നാലും നാളെ വരുമെന്ന് ഉറപ്പില്ല.  കൂലിക്കല്ലാതെ ചെയ്യുന്ന പണിയുടെ അളവിന് കണക്കേയില്ല. വന്നുകിട്ടുന്നതിനാണ് കൂലി.  ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്  പോകുന്നത് പോലെയാണ് ഇപ്പോള്‍ പണിക്കാര്‍ രാജസ്ഥാന്‍ , ഒറീസ്സ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നത്.  ചെയ്ത പണിയുടെ അളവ് നോക്കാതെ ചോദിക്കുന്ന കൂലി കിട്ടുന്ന പ്രദേശം ലോകത്ത് കേരളം മാത്രമായിരിക്കും. ബംഗാളിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒന്നോര്‍മ്മ വന്നു. അവിടെ നാലാം ക്ലാസ്സ് വരെ മാത്രമേ സൌജന്യവിദ്യാഭ്യാസമുള്ളു പോലും. കേട്ടുകേള്‍വി മാത്രമാണ്,സൂക്ഷ്മം അറിയില്ല.  കേട്ടിടത്തോളം അവിടത്തെ അവസ്ഥ ശോചനീയമാണ്.  അഞ്ചരക്കണ്ടിയിലും പിണറായിയിലും ഒക്കെ ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ ധാരാളം പണിക്കെത്തുന്നുണ്ട്.

അപ്പോള്‍ പറഞ്ഞുവന്നത് വിലക്കയറ്റത്തിനെതിരെയുള്ള ദേശീയപണിമുടക്കിനെ പറ്റിയാണല്ലൊ. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഈ പണിമുടക്ക് പരിപൂര്‍ണ്ണമായി വിജയിക്കുകയും ചെയ്യും.  മുലായം സിങ്ങിനെ പഴയ സ:മുലായം സിങ്ങായി ഇടത് പക്ഷത്തിന് തിരിച്ചുകിട്ടും എന്ന നേട്ടം കൂടി ഈ പണിമുടക്കിനുണ്ട്.  ഒന്ന് ചോദിക്കട്ടെ സഖാവേ സത്യമായും വിലക്കയറ്റത്തോടുള്ള അമര്‍ഷം കൊണ്ട് തന്നെയാണോ ഈ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്. പോ സഖാവേ അമര്‍ഷവുമല്ല, പ്രക്ഷോഭവുമല്ല, സമരവുമല്ല കേരളത്തിലെങ്കിലും ഇതൊരു ഉത്സവമാണ് സഖാവേ ഉത്സവം.  സത്യം പറ ബിവറേജ് കോര്‍പ്പറേഷന് ലാഭം കുന്ന് കൂട്ടാനല്ലേ നിങ്ങള്‍ ഇങ്ങനെ ഹര്‍ത്താ‍ലെന്നും പണിമുടക്കെന്നും പറഞ്ഞ് മാസാമാസം ബന്ദ് നടത്തുന്നത്?  തുടരെത്തുടരെയുള്ള ബന്ദുകള്‍ നിമിത്തമല്ലെ മലയാളികള്‍ക്ക് ലോകകുടിയന്മാര്‍ എന്ന പട്ടം കിട്ടിയത്.  മദ്യപാനത്തിന്റെ ശില്പശാലകളാണ് സഖാവേ ബന്ദുകള്‍.

വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ബന്ദില്ലാത്ത ഒരു വര്‍ഷം ആചരിക്കുകയാണ്. ബന്ദില്ല്ലാത്ത ഒരു വര്‍ഷമോ?  എങ്കില്‍ ചിലപ്പോള്‍ കേരളത്തില്‍ വിപ്ലവം തന്നെ വിജയിച്ചേക്കും. കാരണം ഒരു വര്‍ഷം ബന്ദില്ലാതെ മലയാളികള്‍ക്ക് ജീവിയ്ക്കാന്‍ പറ്റില്ല തന്നെ.  സമരമെന്നും പ്രക്ഷോഭമെന്നും കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബന്ദ് ലജ്ജിച്ച് തലതാഴ്ത്തുകയാണ് സഖാവേ.  ബന്ദിനെ ഇങ്ങനെ നാണം കെടുത്തരുത് കെട്ടോ?  മദാലസയായ ഒരു മങ്കയെ പോലെയാണ് കേരളത്തില്‍ ബന്ദ്.  സമരമെന്നും പ്രക്ഷോഭമെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ വസൂരിക്കല നിറഞ്ഞ ഒരു വികൃതരൂപമാണ് മലയാളിയുടെ മനസ്സില്‍ വരിക. ബന്ദ് എന്ന് കേള്‍ക്കുമ്പോഴോ ഹാ കുടിച്ച് കുടിച്ച് മതികെട്ട് മയങ്ങാന്‍ ഒരുന്മാദദിനം.  ബന്ദിന്റെ തലേന്ന്  വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ എല്ലാം ആളുകള്‍ കൂടുതലായി തന്നെ വാങ്ങിവെക്കും.  കച്ചവടക്കാര്‍ക്ക് പരമാനന്ദം.

ഈ പെട്രോളിന് വില കൂട്ടുന്നതാണ് വിലക്കയറ്റത്തിന്റെ കാരണം എന്ന സാമ്പത്തിക ശാസ്ത്രം മാര്‍ക്സിന്റെ കിത്താബിലുള്ളതാണോ സഖാവേ?  സര്‍ക്കാര്‍ എന്ത് ചെയ്യണമായിരുന്നു? പൊതുമേഖലയിലെ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ ഖജനാവില്‍ നിന്ന് പണം എടുത്ത് കൊടുത്ത് കൊണ്ടേയിരിക്കണം അല്ലേ? അപ്പോള്‍ നികുതി കൂട്ടേണ്ടി വരില്ലേ? അപ്പോഴും വിലകയറില്ലേ? ഇത് രണ്ടുമില്ലാതെ റിസര്‍വ്വ് ബാങ്കിന് ഇഷ്ടം പോലെ കറന്‍സി അച്ചടിക്കാം അല്ലേ? അപ്പോള്‍ പണപ്പെരുപ്പവും തന്മൂലം വിലക്കയറ്റവും ഉണ്ടാവില്ലേ?  അന്താരാഷ്ട്രമാര്‍ക്കറ്റില്‍ എണ്ണവില കൂടി ഇവിടത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം താങ്ങാനാവാതെ വരുമ്പോള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും  ചില്ലറ നാണയത്തുട്ടുകള്‍ വിലയില്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ , വിലക്കയറ്റം വരുന്നേ വിലക്കയറ്റം വരുന്നേ എന്ന മുറവിളി സത്യത്തില്‍ കള്ളന് ചൂട്ട് പിടിക്കലല്ലേ സഖാവേ? വ്യാപാരി സമൂഹത്തിന്റെ കൊള്ളയെ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന എന്ന കാരണം പറഞ്ഞു വെള്ള പൂശുകയല്ലേ നിങ്ങള്‍ ചെയ്യുന്നത് സഖാവേ?

വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് കടിഞ്ഞാണിടാന്‍ പറ്റും. പറ്റണം. അതിന് ഉപഭോക്തൃപ്രസ്ഥാനം കെട്ടിപ്പടുക്കണം. ഇപ്പോള്‍ വ്യാപാരി-വ്യവസായികള്‍ക്ക് പാര്‍ട്ടി അടിസ്ഥാനത്തിലും സംഘടനയുണ്ട്. ഉപഭോക്താക്കള്‍ക്കോ?  വിലക്കയറ്റം മാത്രമോ.  മായം ചേര്‍ക്കാത്ത എന്തെങ്കിലും സാധനം ഇന്ന്  മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ടോ?  ഗുണനിലവാരം പുലര്‍ത്തുന്ന കമ്പനികളുടെ ഉല്പന്നങ്ങള്‍ വ്യാപാരികള്‍ വില്‍ക്കുന്നില്ല.  കാ‍രണം  അത്തരം ഉല്പന്നങ്ങളില്‍ എം.ആര്‍.പി. തോന്നിയ പോലെ ഇടുന്നില്ല. മാര്‍ജിന്‍ കുറവ്.  മിക്കവാറും എല്ലാ ഉല്പന്നങ്ങള്‍ക്കും ഡ്യൂപ്ലിക്കേറ്റുകളുണ്ട്. ഉപഭോക്താക്കള്‍ അസംഘടിതരും നിസ്സഹായരുമായത്കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്.  അങ്ങനെ നാനാവിധത്തില്‍  കബളിപ്പിക്കപ്പെടുന്ന ഒരു ജനതയെ സര്‍ക്കാര്‍ വിലാസം മദ്യവും കൊടുത്ത് മയക്കിക്കിടത്തി ബന്ദികളാക്കുന്ന താങ്കളുടെ നേതാക്കള്‍  ജനശത്രുക്കളാണ് സഖാവേ ജനശത്രുക്കള്‍.  ദേശീയപണിമുടക്കെന്ന പേരില്‍ മൂന്ന് സംസ്ഥാനത്തിന് പുറത്ത് ഏതെങ്കിലും  ചെറുനഗരത്തില്‍ പോലും ഈ മുടക്ക് വിജയിപ്പിക്കാന്‍ നിങ്ങളുടെ നേതാക്കള്‍ക്ക് ത്രാണിയുണ്ടോ സഖാവേ.

ഏ.ഐ.ടി.യു.സി.ക്കാരന്‍ പറഞ്ഞത് കേട്ടോ? ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ വാഹനം തടയുമെന്ന്. ഹോ അതിന്റെ ഒരു കുറവുണ്ടായിരുന്നു. വാഹനം തടഞ്ഞുകിട്ടുമെന്ന് ഉറപ്പായി.  എ.ഐ.ടി.യു.സി.ക്കും യജമാനനും കൂടി ശമ്പളം എത്രയാന്നാ പറഞ്ഞേ?  അപ്പോള്‍ തിങ്കളാഴ്ച കേരളം  ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാഖകളുടെ ക്യൂവിലേക്ക്.  ചൊവ്വാഴ്ച ബന്ദിന്റെ ഉന്മാദത്തിലേക്ക് ...

ബന്ദ്‌ഹോ ബന്ദ്‌ഹോ !   ഹര്‍ത്താലുകാരേ നിങ്ങള്‍ തുലഞ്ഞു പോകട്ടെ!