Links

ചെറിയാന്‍ ഫിലിപ്പിന് മറുപടി

ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന ഫേസ്‌ബുക്ക് പേജില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു:

“കമ്മ്യൂണിസ്റ്റ്‌കാർ ലോകം കണ്ടു പഠിക്കണം എന്ന രാഹുലിന്റെ ഉപദേശം ബാലിശമാണ് !!-മുതലാളിത്തപ്രതിസന്ധിയാണ് ലോകം നേരിടുന്ന മുഖ്യ പ്രശ്നം -നെഹ്‌റു ആവിഷ്കരിച്ച 'ജനാധിപത്യ സോഷ്യലിസം 'എന്ന നയം കുഴിച്ചുമൂടി മുതലാളിത്തത്തിന് അടിയറവു പറയുന്ന പുതിയ നയം വിനാശകരമാണ് -രാഹുൽ കരുതുന്നത് പോലെ കമ്മ്യൂണിസം ഒരിക്കലും കാലഹരണപ്പെടുകയില്ല-മാർക്സിസം ഒരു ശാസ്ത്രമാണ് -ശാസ്തീയ സോഷ്യലിസം ആണ് കമ്മ്യൂണിസം -ഈ സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണത്തിൽ പാളിച്ചകൾ ഉണ്ടായിരിക്കാം -എന്നാൽ ,ഇന്ത്യയെ സോഷ്യലിസത്തിലേക്ക് നയിക്കാൻ ഇടതുപക്ഷം ശക്തി പ്രാപിക്കണം -കോണ്‍ഗ്രെസിനെ പഴയ വഴിയിലേക്ക് കൊണ്ട് വരാനാണ് ആന്റണിയെ പോലുള്ളവർ ശ്രമിക്കേണ്ടത്.”

ഈ പ്രസ്താവനയ്ക്ക് എന്റെ മറുപടി:

ആളുകള്‍ സ്വന്തം നിലയില്‍ അധ്വാനിക്കുകയും വില്‍ക്കുകയും വാങ്ങുകയും സ്വകാര്യമായി സ്വത്തും സമ്പാദ്യവും ഒക്കെ കൈവശം വെക്കുകയും ചെയ്യുകയും അങ്ങനെ ക്രയവിക്രയ സൌകര്യങ്ങള്‍ ഓരോ വ്യക്തിക്കും ഉള്ള സ്വാഭാവികരീതിയാണ് ലോകമെമ്പാടും നിലവില്‍ ഉള്ളത്. ഇത് സര്‍ക്കാര്‍ നയമല്ല. മനുഷ്യന്റെ ഇടപാട് രീതിയാണ്. ഈ രീതിയിലാണ് സുഗമമായി മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുന്നത്. ഈ സമ്പ്രദായത്തെ കമ്മ്യൂണിസ്റ്റുകള്‍ മുതലാളിത്തം എന്ന് പേര് വിളിക്കുകയും എന്നിട്ട് മുതലാളിത്തം പ്രതിസന്ധിയില്‍ ആണെന്ന് സദാ നിലവിളിക്കുകയും ചെയ്യുന്നുണ്ട്.  ബാര്‍ട്ടര്‍ സമ്പ്രദായത്തിന് ശേഷം മനുഷ്യന്‍ കണ്ടുപിടിച്ച നാണയക്കൈമാറ്റ വ്യവസ്ഥ ഇപ്പോഴും അഭംഗുരം തുടരുന്നു. മനുഷ്യന്‍ ഭൂമിയില്‍ ഉള്ള കാലത്തോളം തുടരുകയും ചെയ്യും. ഇങ്ങനെയുള്ള ക്രയവിക്രയ സമ്പ്രദായം നിലവിലുള്ളത്കൊണ്ട് മനുഷ്യരാശിക്ക് ഒരു പ്രതിസന്ധിയും ഇല്ല. കമ്മ്യൂണിസ്റ്റുകള്‍ പറയുന്ന ഈ പ്രതിസന്ധി ആര്‍ക്കാണ്? ലോകം മുന്നേറുന്നതാണ് നമ്മള്‍ കാണുന്നത്. ഭാവിയില്‍ കൃത്രിമോപഗ്രഹങ്ങളില്‍ കയറി ശൂന്യാകാശത്ത് സുഖവാസത്തിന് പോകാന്‍ കഴിയുമാറ് മനുഷ്യരാശി മുന്നേറുകയാണ്.

കമ്മ്യൂണിസ്റ്റുകാരുടെ പ്രശ്നം പണക്കാരും പാവങ്ങളും ഉള്ളതും ആ അസമത്വവുമാണു പോലും അവരുടെ പ്രശ്നം. അതിനെന്താണ് പോംവഴി? സോഷ്യലിസം. സോഷ്യലിസത്തില്‍ പണക്കാരും പാവങ്ങളും ഇല്ല. എല്ലാവരും ഒന്ന് പോലെയുള്ള സ്ഥിതിസമത്വം. അതിന് കമ്മ്യൂണിസ്റ്റുകാര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് സ്വകാര്യമായ സ്വത്തും സമ്പാദ്യവും എല്ലാം നിഷേധിച്ചുകൊണ്ട് സര്‍വ്വവും സര്‍ക്കാര്‍ ഉടമയില്‍ കൊണ്ടുവരിക. ആ പരീക്ഷണമാണ് 75 കൊല്ലം സോവിയറ്റ് യൂനിയനില്‍ നടത്തി നോക്കിയത്. എന്നിട്ട് വിജയിച്ചോ? മുതലാളിത്തം പ്രതിസന്ധിയിലാണെന്ന് കമ്മ്യൂണിസ്റ്റുകള്‍ കരഞ്ഞുകൊണ്ടിരിക്കെ തന്നെയാണ് സോഷ്യലിസം പ്രതിസന്ധിയില്‍ പെട്ട് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയാതെ തകര്‍ന്നത്.

എന്ത്കൊണ്ട് സോഷ്യലിസം തകര്‍ന്നു? അധ്വാനിക്കുന്നതില്‍ ആര്‍ക്കും താല്പര്യമില്ല. എത്ര അധ്വാനിച്ചാലും സര്‍ക്കാര്‍ ഒരു നിശ്ചിതകൂലിയും റേഷനും തരും. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ആര്‍ക്കും അവസരമില്ല. വ്യക്തികള്‍ക്ക് സ്വന്തമായി ഒന്നുമില്ല. സമ്പത്തിന്റെ ഉല്പാദനപ്രക്രിയയില്‍ അന്യവല്‍ക്കരണവും മുരടിപ്പും ഏര്‍പ്പെട്ടു. അതിന്റെ കൂടെ രാഷ്ട്രീയകാരണങ്ങളും കൂടി വന്നപ്പോള്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് ഛിന്നഭിന്നമായി. സോവിയറ്റ് യൂനിയന്റെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച ചൈന സ്വകാര്യസ്വത്തവകാശം പുന:സ്ഥാപിച്ചു. കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കി. സ്വകാര്യമൂലധനവും വിദേശനിക്ഷേപവും അനുവദിച്ചു. അതിന്റെ ഫലമായി ചൈന പുരോഗമിക്കുന്നു. സോഷ്യലിസത്തിന്റെ പേരില്‍ ചൈനയില്‍ എല്ലാം സര്‍ക്കാര്‍ ഉടമയില്‍ തന്നെ നിലനിന്നിരുന്നുവെങ്കില്‍ ചൈനയുടെ ഇപ്പോഴത്തെ ഗതി എന്താകുമായിരുന്നു എന്ന് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.

കമ്മ്യൂണിസ്റ്റുകള്‍ സ്വപ്നം കാണുന്ന സോഷ്യലിസം ഒരിക്കലും നടപ്പാകാത്ത ഒന്നാണ്. കമ്മ്യൂണിസ്റ്റുകള്‍ പോലും സോഷ്യലിസത്തിന് എതിരാണ്. സോവിയറ്റ് യൂനിയനില്‍ ഒരു സാദാ പാര്‍ട്ടി മെമ്പറും പോളിറ്റ്ബ്യൂറോ മെമ്പറും തമ്മിലുള്ള വ്യത്യാസം ഞാനും മുകേഷ് അംബാനിയും തമ്മിലുള്ള വ്യത്യാസം പോലെയായിരുന്നു. അപ്പോള്‍ വെറും തൊഴിലാളികളുടെ കാര്യം പറയണോ? മൂലധനവും ഭൂമിയടക്കമുള്ള പ്രത്യുല്പാദനോപാധികളും സര്‍ക്കാര്‍ ഉടമയില്‍ ആവുക എന്ന് പറഞ്ഞാല്‍ പാര്‍ട്ടിമുതലാളിത്തം ജനങ്ങളെ അടിമകള്‍ ആക്കിക്കൊണ്ട് അടിച്ചേല്‍പ്പിക്കുക എന്നതാണെന്ന് സോവിയറ്റ് യൂനിയന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ലോകത്ത് ഒരു ജനതയും ഈ സമ്പ്രദായം വെച്ചുപൊറുപ്പിക്കുകയില്ല. ഈ രീതിയല്ലാതെ മറ്റൊരു സമ്പ്രദായം ഇത് വരെയിലും ഒരു കമ്മ്യൂണിസ്റ്റുകാരനും അവതരിപ്പിച്ചിട്ടുമില്ല. എന്നിട്ടും അവശിഷ്ടകമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം വരും എന്ന് പറയുന്നത് ഒരുമാതിരി പെന്തക്കോസ്ത് വിശ്വാസമാണ്. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. പക്ഷെ മറ്റാരും അത് മുഖവിലക്കെടുക്കുകയില്ല.

കമ്മ്യൂണിസം ഒരിക്കലും കാലഹരണപ്പെടുകയില്ല-മാർക്സിസം ഒരു ശാസ്ത്രമാണ് -ശാസ്തീയ സോഷ്യലിസം ആണ് കമ്മ്യൂണിസം -ഈ സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണത്തിൽ പാളിച്ചകൾ ഉണ്ടായിരിക്കാം എന്ന് ഏതൊരു കമ്യൂണിസ്റ്റ് വിശ്വാസിയെ പോലെ ചെറിയാന്‍ ഫിലിപ്പും പറയുന്നു. എന്താണ് ആ ശാസ്ത്രം? പാളിച്ചകള്‍ ഇല്ലാത്ത പ്രയോഗരീതി ആര് എപ്പോള്‍ ആവിഷ്ക്കരിക്കും? അതും പാളിച്ച പറ്റാത്തത് എന്ന് ആരു ഉറപ്പ് വരുത്തും? വിപ്ലവം നടത്തി തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ച് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ഏകകക്ഷിഭരണം നടപ്പിലാക്കി എല്ലാം സര്‍ക്കാര്‍ ഉടമയിലാക്കി ഇനിയും പാളിച്ചകള്‍ പറ്റാത്ത രീതിയില്‍ സോഷ്യലിസം നടപ്പാക്കും എന്നും അങ്ങനെ സോഷ്യലിസം ശാസ്ത്രീയസോഷ്യലിസമായി പരിണമിച്ച് ഒടുവില്‍ ഭരണകൂടം കൊഴിഞ്ഞുപോയി ശാസ്ത്രീയകമ്മ്യൂണിസം നിലവില്‍ വരും എന്ന് തന്നെയാണോ ചെറിയാന്‍ ഫിലിപ്പ് ഇപ്പോഴും വിശ്വസിക്കുന്നത്? എങ്കില്‍ ആ വിശ്വാസം ആരോടും പുറത്ത് പറയരുത്. ആളുകള്‍ ചിരിക്കും. മനുഷ്യപ്രകൃതം സോഷ്യലിസത്തിന് വിരുദ്ധമാണ്. എനിക്ക് ഇനിയും വേണം, അവനെക്കാളും അധികം വേണം എന്നേ ചെറിയാന്‍ ഫിലിപ്പ് പോലും ആഗ്രഹിക്കൂ. പിന്നെയാരാണ് സര്‍ സോഷ്യലിസം നടപ്പാക്കുക?

ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് കമ്മ്യൂണിസം എന്ത്കൊണ്ട് പരാജയപ്പെട്ടു എന്ന് കമ്മ്യൂണിസ്റ്റുകാര്‍ സ്വയം ചിന്തിക്കണമെന്ന്. ചെറിയാന്‍ ഫിലിപ്പിന് പോലും അതിന് കഴിയുന്നില്ലെങ്കില്‍ പിണറായി സഖാവിനോ ജയരാജാദി സഖാക്കള്‍ക്കോ എങ്ങനെ കഴിയും? പഴയ വഴിയിലേക്കൊന്നും ഇനി കോണ്‍ഗ്രസ്സിന്റെ നയങ്ങളെ കൊണ്ടുപോകാന്‍ കഴിയില്ല. കാലവും ചരിത്രം മുന്നോട്ടേക്കാണ് പോവുക. ഓരോ കാലത്തിനും യോജിച്ച നയങ്ങളാണ് വേണ്ടത്. നാളെ എന്ത് നയം വേണമെന്ന് നാളത്തെ ആളുകള്‍ തീരുമാനിക്കും. ഇന്നലത്തെ നയങ്ങള്‍ അപ്പോള്‍ സ്യൂട്ടാവുകയില്ല. എക്കാലത്തേക്കും പറ്റുന്ന ഒരു നയമോ സിദ്ധാന്തമോ ആര്‍ക്കും മുന്‍‌കൂട്ടി എഴുതിവെക്കാന്‍ പറ്റില്ല. അത്കൊണ്ട് മാര്‍ക്സിസം ഒരു ശാസ്ത്രമോ മാര്‍ക്സ് ഒരു ശാസ്ത്രജ്ഞനോ അല്ല്ല. കമ്യൂണിസ്റ്റ് വിശ്വാസികള്‍ക്ക് കാള്‍ മാര്‍ക്സ് ഒരു പ്രവാചകനാവാം, മാര്‍ക്സിസം ഒരു വിശുദ്ധഗ്രന്ഥവും ..


11 comments:

ഷാജു അത്താണിക്കല്‍ said...

അല്ലേലും ലോകത്ത് കമ്മ്യൂണിസം വിജയിച്ചതായി ആരും കേട്ടിട്ടിലല്ലോ...........
അവർ കരയട്ടെ

Unknown said...

ഉരുളക്കുപ്പേരി കണക്കേ രാഷ്ട്രീയക്കാർ പറയുന്ന വിടുവായിത്തങ്ങൾ!
നഷ്ടപ്പെടാൻന്നുമില്ലാതിരിക്കെ, അപരന്റെ സ്വപ്നങ്ങൾക്ക് വിലയിടുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാർ,
അവർക്ക് സോഷ്യലിസം വന്നെങ്കിലെന്ത്, കമ്മ്യൂണിസം വന്നെങ്കിലെന്ത്?
അന്നന്നത്തെ അന്നം കഴിഞ്ഞുപോണം...
പാതിജനം പട്ടിണിയാണങ്കിലും അന്തപ്പുരത്തിൽ നൂറുപൊതി ബാക്കിയാകേണം!

Manoj മനോജ് said...

"ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് കമ്മ്യൂണിസം എന്ത്കൊണ്ട് പരാജയപ്പെട്ടു എന്ന് കമ്മ്യൂണിസ്റ്റുകാര്‍ സ്വയം ചിന്തിക്കണമെന്ന്."

ഈ വരികൾ ആ രാഹുലിനെ കാണിച്ചാൽ രാഹുൽ പോലും വിജ്രംഭിച്ച് ഇരുന്നു പോകും... വെറും ഒരു തറ രാഷ്ട്രീയ പ്രസംഗത്തെ കെ.പി.എസ്. ഇങ്ങനെ ആക്കി എടുത്തതിനു ദില്ലിയിലേയ്ക്ക് ക്ഷണിക്കുമെന്ന് ഉറപ്പ് ;)

മുതലാളിത്തം തകർന്ന് തരിപ്പണമാകാതിരിക്കുവാൻ രാജ്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് റഷ്യയും മറ്റും ചെയ്തിരുന്നുവെങ്കിൽ ഇന്ന് കെ.പി.എസ്.നും രാഹുലിനും ഉദാഹരണങ്ങൾ പറയുവാൻ അവസരം ലഭിക്കില്ലായിരുന്നു...

സർക്കാർ ഇടപെടരുതെന്ന് വാദിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ തകർന്ന് തരിപ്പണമായ സ്വകാര്യ കമ്പനികളെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണു സംരക്ഷിക്കുന്നത് എന്ന് കഴിഞ്ഞ 3-4 വർഷമായി ലോക സംഭവങ്ങൾ ശ്രദ്ധിക്കുന്നവർക്ക് മനസിലാകും... മുതലാളിത്തത്തെ പൂർണമായി പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്മാരെ തെരഞ്ഞെടുക്കാതെ അമേരിക്കക്കാർ ഒബാമയെ രണ്ട് തവണ പ്രസിഡന്റാക്കിയത് എന്തിനെന്ന് ആലോചിക്കുവാൻ ഒന്നു ശ്രമിച്ച് നോക്കു കെ.പി.എസ്.മാരെ!!!

ചൈന ഉയർത്തിയിരിക്കുന്നത് പുതിയ ഒരു വ്യവസ്ഥിതിയാണു. മുതലാളിത്തത്തിൽ ഉരുതിരിയുന്ന പാവപ്പെട്ടവരെ സൈനിക ബലം കൊണ്ട് തടയുക... മറ്റ് മുതലാളിത്ത ജനാധിപത്യ രാജ്യങ്ങളിൽ മാനുഷിക മുല്യങ്ങൾ എന്ന് ഒന്നു ഉയർത്തി കാട്ടുന്നതിനാൽ ചൈനയെ പോലെ ബലം പ്രയോഗിക്കുവാൻ കഴിയില്ല... പണക്കാരനിൽ നിന്ന് ടാക്സായി പിരിച്ചെടുത്ത് പാവപ്പെട്ടവരെ സഹായിക്കുവാൻ സബ്സിഡികളും മറ്റ് ഗവണ്മെന്റ് സഹായങ്ങളും സർക്കാരുകൾ നൽകുന്നു... എന്നാൽ അത് രാജ്യത്തിനു കടമായി മാറുന്നു എന്നതാണു ഇന്ന് രാജ്യങ്ങൾ നേരിടുന്ന പ്രശ്നം... സബ്സിഡിയും ഗവണ്മെന്റ് സഹായവും കുറയ്ക്കണം എന്നാനു മന്മോഹനും വാദിക്കുന്നത് എന്നത് ഓർക്കുക... ഈ പ്രതിസന്ധിയെ വളരെ വിദഗ്ദ്ധമായി തടയുവാൻ ചൈനയുടെ പുത്തൻ രീതിക്ക് കഴിയുന്നു... അത് പോലെയാകണം ഇന്ത്യ എന്നാണോ രാഹുലിനോടൊപ്പം കെ.പി.എസ്.മാരും വാദിക്കുന്നത്!!!

msntekurippukal said...

പാവം പാവം സുകുമാരന്‍ ചേട്ടന്‍.ആരും അദ്ദേഹത്തെ കളിയാക്കല്ലെ കെട്ടോ.

ajith said...

രാഹുല്‍
പാവം
നമ്മടെ ഒക്കെ ഒരു തലേലെഴുത്ത്

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കെ പി എസ്സേ ... ങ്ങടെ ഒരു കാര്യം ... യ്യേ

Unknown said...

1991 ജൂലൈ 21 നു തന്റെ ചരിത്രം സൃഷ്ടിച്ച ബഡ്ജറ്റു പ്രസംഗം ഉപസംഹരിച്ചു കൊണ്ടു മന്‍മോഹന്‍ സിംഗ് പറഞ്ഞത് നാം തുടങ്ങിവെച്ച ഈ യാത്ര ദുര്‍ഘടം പിടിച്ചതാണ് അതിലെ പ്രയാസങ്ങളെ കുറച്ചു കാണാന്‍ ശ്രമിക്കുന്നില്ല എന്നാണു. രണ്ടാഴ്ചത്തേക്ക് മാത്രം നീക്കിയിരുപ്പ് പണം അവശേഷിച്ചിരുന്ന ഒരു രാജ്യത്തിലെ ജനങ്ങള്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് മുന്നോട്ടു പോകാന്‍ അന്ന് തയ്യാറായിരുന്നു. പക്ഷെ പിന്നീട് കാലം തെളിയിച്ച വസ്തുത വേറൊന്നാണ്, ഒരു വിഭാഗം ജനങ്ങള്‍ മാത്രമായിരുന്നു യാത്രയിലെ ദുര്‍ഘടം പേറിയത്, കുത്തക കമ്പനികള്‍ക്കും ധനാഡ്യര്‍ക്കും യാത്ര സുഗമമായിരുന്നു. 1991 നും 2011 നും ഇടയ്ക്ക് ശരാശരി ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 7% ആയിരുന്നെങ്കില്‍ ഈ കാലത്തെ കാര്‍ഷിക രംഗത്തെ വളര്‍ച്ച 2 .8% മാത്രമായിരുന്നു. പകുതിയിലധികം ജനങ്ങളും കര്‍ഷകരായിട്ടുള്ള ഒരു രാജ്യത്തെ വളര്‍ച്ചയുടെ ഈ അസന്തുലിത ഇന്ത്യ ഒട്ടാകെ ഭീമമായ തോതില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതിനു ഇടവരുത്തി. ലോകത്തിലെ പത്താമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യ, 2011 ലെ മാനവ വികസനത്തിന്റെ അളവുകോലില്‍ (Human Development Index) 187 രാജ്യങ്ങളുടെ പട്ടികയില്‍ 134 ആം സ്ഥാനത്തു നില്‍ക്കുന്നു എന്നത് നാം കടന്നു വന്ന പാതയുടെ പ്രത്യേകത അടിവരയിടുന്നതാണ്.
http://baijuannan.blogspot.in/2012/12/blog-post_5.html

കോണ്‍ഗ്രസ്സ് വിഭാവന ചെയ്യുന്ന വികസന ശാസ്ത്രത്തിന്റെ ഒരു കോലമാണിത്.

white69 said...

സ്മാര്‍ട്ട് സിറ്റിക്കാരു പലപ്രാവശ്യം മുന്‍ മുഖ്യമന്ത്രി വിഎസ്സിനെ, ദുബായിലേക്കു ക്ഷണിച്ചു. അദ്ദേഹം ക്ഷണം നിരസിച്ചു. എന്നിട്ട്, ഇവരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും,അവരുടെ സി.ഇ.ഒ ഫരീദ് അബ്ദുള്‍രഹ് മാന്‍ ഇവിടെ വരുന്നതു വിസ്ക്കി കുടിക്കാനാണെന്നും ഒക്കെ വിഡ്ഡിത്തം തട്ടി വിട്ടു. ദുബായിലെ എല്ലാ ഹോട്ടലുകളിലും, വി.ഐ.പി.ബാര്‍ എന്ന സംപ്രദായം ഉള്ളതു അതുകൊണ്ടു തന്നെ അദ്ദേഹത്തിനു അറിയാതെ പോയി.ഫലം, നമുക്കു നാണക്കേടു വരുത്തി അത്ര തന്നെ.

white69 said...

ടിയാനെന്‍ മെന്‍ സ്ക്വയറില്‍ ചത്തു വീണ ആയിരങ്ങളെ നമുക്കു രക്തസാക്ഷികളെന്നു വിളിക്കാം

white69 said...

ചെറിയാന്‍റെ ഉദ്ദേശം വളരെ നിഗൂഡ്ഡ്ഹമാണു

white69 said...

ഇവിടെ ചൈന നമ്മുടെ 15 കിലോമീറ്റര്‍ ഭൂമി അധീനപ്പെട്ത്തിയപ്പോള്‍ ഇവിടത്തെ കമ്യൂണിസ്റ്റ്കള്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ തന്നെ അവരുടെ ലക്ഷ്യം വ്യക്തമല്ലേ?