ജീവിതം എന്നെ പഠിപ്പിച്ചത് ..

പ്രകൃതിയിൽ എന്തോ സത്യം ഉണ്ടെന്ന് തോന്നുന്നു. സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്നുണ്ട്. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ആർക്കും പാര വെച്ചിട്ടില്ല. പരദൂഷണം പറഞ്ഞിട്ടില്ല. ആരുടെ ജീവിതത്തിലും കയറി ഇടപെട്ടിട്ടില്ല. കടം വാങ്ങിയാൽ ആർക്കും കൊടുക്കാതിരുന്നിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. അന്നും ഇന്നും ഒരു ദോഷം മാത്രമേ എനിക്കുള്ളൂ, അത് മുൻകോപമാണു. മുൻകോപികൾ പൊതുവെ സാത്വികരും വിശ്വസിക്കാൻ കൊള്ളുന്നവരും ആയിരിക്കും എന്നാണു എന്റെ അനുമാനം. എപ്പോഴും ശാന്തശീലരായി കാണപ്പെടുന്നവരും വളരെ ശ്രദ്ധിച്ച് വർത്താനം പറയുന്നവരും സ്വന്തം കാര്യം മാത്രം നോക്കുന്നവരും വിശ്വസിക്കാൻ പറ്റാത്തവരും ആണെന്ന് തോന്നിയിട്ടുണ്ട്. പരുക്കൻ സ്വഭാവക്കാരെയും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരെയും ആണെനിക്കിഷ്ടം.

നാട്ടിൽ ഇപ്പോൾ വളരെ ശ്രദ്ധിച്ച് സംസാരിക്കുന്നവരാണു ഭൂരിപക്ഷവും. എപ്പോഴും ഒരു സേഫ് പൊസിഷനിൽ നിൽക്കാനുള്ള കരുതലിൽ നിന്നാണു ഈ ശ്രദ്ധ ഉണ്ടാകുന്നത്. അത്പോലെ തന്നെ എല്ലാവരും എല്ലാ കാര്യങ്ങളും വളരെ സീക്രട്ട് ആയി സൂക്ഷിക്കുന്നു. ആരോടും മനസ്സ് തുറക്കില്ല. പറ്റുമെങ്കിൽ വടക്കോട്ട് പോകാനൊരുങ്ങുന്നവൻ തെക്കോട്ടേക്കെന്നാണു പറയുക. ആർക്കും പിടുത്തം കൊടുക്കരുത് എന്ന മനോഭാവം. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ട് ജീവിതത്തിൽ എന്ത് ഉണ്ടാക്കാനാണു.

എന്റെ ബന്ധുവായ ഒരു സ്ത്രീ എപ്പോഴും പറയും, എല്ലാം ഒരു ശ്വാസത്തിൽ തീരുന്നതല്ലേയുള്ളൂ സുകുമാരാ എന്ന്. കേട്ടാൽ തോന്നും അത്രയും ലാഘവമുള്ള മനസ്സുമായിട്ടാണു അവർ ജീവിക്കുന്നത് എന്ന്. അവരുടെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും കിട്ടുകയില്ല. ചിരിക്കുമ്പോൾ ആ ചിരി എവിടെ നിന്നാണു വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റില്ല. ആളുകൾ അധികവും ഇപ്പോൾ അങ്ങനെയാണു. പുറത്ത് കാണന്നവരല്ല അകത്ത്. തമിഴന്മാർക്കും കന്നഡക്കാർക്കും അകത്തും പുറത്തും ഒറ്റ മുഖമേയുള്ളൂ.  മലയാളികളെ പോലെ ഇരട്ടവ്യക്തിത്വം ഉള്ള ആളുകൾ വേറെ സമൂഹങ്ങളിൽ ഇല്ല എന്ന് തോന്നുന്നു. അത്കൊണ്ടൊക്കെ നാട് വളരെ വരണ്ടുപോയി. നാട് എന്ന് പറഞ്ഞാൽ അവിടത്തെ മണ്ണും മരങ്ങളും പ്രകൃതിയും അല്ല, മനുഷ്യരാണു. മനുഷ്യരാണു നമ്മെ നാടുമായി ബന്ധിപ്പിക്കുന്നത്.

സമൂഹം എന്താണോ തനിക്ക് നൽകുന്നത് അതാണു ഓരോ വ്യക്തിയും സമൂഹത്തിനു തിരിച്ചുനൽകുക. മറ്റുള്ളവരിൽ നിന്ന് പാരുഷ്യവും കർക്കശവുമായ പെരുമാറ്റങ്ങൾ എവിടെ പോയാലും ലഭിക്കുമ്പോൾ ആരും ഇന്നത്തെ മലയാളിയായിപ്പോകും. അത്കൊണ്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അപ്പോൾ ഞാൻ പറഞ്ഞുവന്നത് ഇതാണു, നമ്മൾ കരക്ടായി ജീവിച്ചാൽ അതിനുള്ള പ്രകൃതി മുഖേന കിട്ടുക തന്നെ ചെയ്യും. എന്നെ ആരെങ്കിലും നൂറു രൂപ പറ്റിച്ചാൽ ആരെയും പറ്റിക്കാതെ തന്നെ ഇരുന്നൂറു രൂപ എനിക്ക് കിട്ടിയിരിക്കും. ഇതാണു എന്റെ അനുഭവം. ഒരുപാട് സാമർത്ഥ്യവും കൗശലവും പ്രയോഗിച്ച് കുറെ പണവും ഭൗതികസാമഗ്രികളും മറ്റും സമ്പാദിച്ചാലൊന്നും നിർണ്ണായകമായ സന്ദർഭങ്ങളിൽ തുണയ്ക്ക് എത്തുകയില്ല. എപ്പോഴും മനസ്സ് കന്മഷം ഇല്ലാതെ നില നിർത്തുക. അതിനോളം വലിയ സമ്പാദ്യം വേറെയില്ല.

5 comments:

ajith said...

ഇത് വളരെ ശരിയാണെന്നാണ് എന്റെയും അനുഭവവും കാഴ്ച്ചപ്പാടും

nalina kumari said...

ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ആർക്കും പാര വെച്ചിട്ടില്ല. പരദൂഷണം പറഞ്ഞിട്ടില്ല. ആരുടെ ജീവിതത്തിലും കയറി ഇടപെട്ടിട്ടില്ല. കടം വാങ്ങിയാൽ ആർക്കും കൊടുക്കാതിരുന്നിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. അന്നും ഇന്നും ഒരു ദോഷം മാത്രമേ എനിക്കുള്ളൂ, അത് മുൻകോപമാണു.
ഇത് ഞാന്‍ ആണോ ..എന്റെ സ്വരമാണോ?

Cv Thankappan said...

ഇഷ്ടപ്പെട്ടു.
ആശംസകള്‍

ബിലാത്തിപട്ടണം Muralee Mukundan said...

‘ഒരുപാട് സാമർത്ഥ്യവും കൗശലവും പ്രയോഗിച്ച് കുറെ പണവും ഭൗതികസാമഗ്രികളും മറ്റും സമ്പാദിച്ചാലൊന്നും നിർണ്ണായകമായ സന്ദർഭങ്ങളിൽ തുണയ്ക്ക് എത്തുകയില്ല. എപ്പോഴും മനസ്സ് കന്മഷം ഇല്ലാതെ നില നിർത്തുക. അതിനോളം വലിയ സമ്പാദ്യം വേറെയില്ല...’

പരമാർത്ഥം...!

Jenish Sr said...

കർമ്മത്തിനു കർമ്മഫലം ഇന്നല്ലെങ്കിൽ നാളെ..