Links

Showing posts with label അഭിമുഖം. Show all posts
Showing posts with label അഭിമുഖം. Show all posts

അഭിമുഖം അവസാന ഭാഗം !

അഭിമുഖന്‍ : കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയെ എങ്ങിനെയാണ് താങ്കള്‍ വിലയിരുത്തുന്നത് ?

ഞാന്‍ : കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് സ:ഇ.എം.എസ്സിന്റെ ഒരു ശൈലിയാണ് ഓര്‍മ്മ വരുന്നത് . വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടുക എന്നത് . എല്ലാ രംഗങ്ങളിലും കേരളം തകര്‍ച്ചയിലാണ് . ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു .... എന്ന മാനസികാവസ്ഥയിലാണ് കേരളീയര്‍ . വെറും പൊങ്ങച്ചം മാത്രം . ഉള്ള് വെറും പൊള്ള ! പിന്നെ , പ്രവാസികള്‍ കഷ്ടപ്പെട്ട് അധ്വാനിച്ചു നാട്ടിലേക്ക് അയക്കുന്ന കുറെ പണമുണ്ട് . അത് കൊണ്ട് അങ്ങിനെ ആര്‍മ്മാദിച്ചും ദൂര്‍ത്തടിച്ചും കഴിഞ്ഞു പോകുന്നു ..അത്രതന്നെ ! മലയാളി മേലനങ്ങി പണിയെടുക്കുന്നത് ഗള്‍ഫില്‍ പോയാലാണ് . അറബിക്കഥ കണ്ടല്ലോ ? നാട്ടില്‍ ഒരു പണിക്കും ആളെ കിട്ടാനില്ല . പിന്നെ കുറെ തമിഴന്മാരും , ഇപ്പോള്‍ ബംഗാളികളും ഒറീസ്സക്കാരും മറ്റും കടന്നു വരുന്നത് കൊണ്ട് കെട്ടിടനിര്‍മ്മാണങ്ങള്‍ അങ്ങിനെ നടന്നു പോകുന്നു ... കെട്ടിട നിര്‍മ്മാണം മാത്രമാണല്ലോ നാട്ടില്‍ ഒരേയൊരു തൊഴില്‍ മേഖല ...

അഭി : ഇ.എം.എസ്സിനെ കുറിച്ച് എന്താണഭിപ്രായം ?

ഞാന്‍ : അദ്ധേഹത്തെ പറ്റി എനിക്ക് അത്ര നല്ല അഭിപ്രായമല്ല ഉള്ളത് . അദ്ധേഹം തന്റെ സമ്പാദ്യം മുഴുവന്‍ പാര്‍ട്ടിക്ക് സംഭാവന ചെയ്ത ആളാണെന്നൊക്കെ പറയാറുണ്ടായിരുന്നു. പക്ഷേ അതിനേക്കാളുപരി അദ്ധേഹം തന്റെ പേരില്‍ നിന്ന് ആ വാല് മുറിച്ചു കളഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി അദ്ധേഹം ആദരിക്കപ്പെടുമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ പേരിന്റെ കൂടെ ജാതിപ്പേര്‍ ചേര്‍ക്കാന്‍ ഒരിക്കലും പാടില്ലായിരുന്നു. കാരണം ചില ജാതികള്‍ മറ്റുള്ള ജാതികളേക്കാളും ഉയര്‍ന്നതാണെന്നും , ഉയര്‍ന്ന ജാതിയെന്നു കരുതപ്പെടുന്നവര്‍ തങ്ങളുടെ ജാതിപ്പേരുകള്‍ പരസ്യപ്പെടുത്തിയാല്‍ സമൂഹത്തില്‍ തങ്ങളുടെ അന്തസ്സ് ഉയരുമെന്നുമുള്ള ധാരണയിലാണ് അങ്ങിനെ ചെയ്യുന്നത് . അതുകൊണ്ടാണല്ലോ താഴ്ന്ന ജാതി എന്ന് കരുതപ്പെടുന്ന ജാതികളില്‍ പെടുന്നവര്‍ തങ്ങളുടെ പേരിന്റെ കൂടെ ജാതിയടയാളം ചേര്‍ക്കാത്തത് . ഉദാഹരണത്തിന് അച്യുതാനന്ദന്‍ ഈഴവന്‍ , കുട്ടപ്പന്‍ ദളിതന്‍ എന്നൊന്നും പേര്‍ പറയാറില്ലല്ലോ . മനുഷ്യര്‍ ജന്മനാ സമന്മാരാണെന്നും , ജാതിയോ മതമോ , അതു പോലെ മറ്റു പണമോ പദവിയോ ഒന്നും തന്നെ ഒരാളെ മറ്റൊരാളില്‍ നിന്ന് ഉയര്‍ന്നവനാക്കുന്നില്ലെന്ന സാമാന്യതത്വം കമ്മ്യൂണിസ്റ്റുകാരെങ്കിലും മനസ്സിലാക്കണമായിരുന്നു .

അഭി : താങ്കള്‍ എന്തെങ്കിലും സംഘടന രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ടോ ? അങ്ങിനെയൊരു ശ്രുതി കേള്‍ക്കുന്നുണ്ടല്ലോ . ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നുവെന്ന് മുന്‍പ് ഒരു പോസ്റ്റ് താങ്കളുടെ ബ്ലോഗില്‍ വായിച്ചതായി ഓര്‍ക്കുന്നു . ഒരു പുതിയ സംഘടന രൂപീകരിച്ചാല്‍ അതും കാലക്രമേണ ദുഷിച്ചു പോവുകയില്ലേ ?

ഞാന്‍ : കേരളത്തില്‍ ഒരു പുതിയ ജനാധിപത്യ-സാംസ്കാരീക മുന്നണി കെട്ടിപ്പടുക്കണം എന്ന് എനിക്ക് താല്‍പ്പര്യമുണ്ട് . എന്നാല്‍ അതിന്റെ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ എനിക്ക് പരിമിതികളുണ്ട് . ഈ ഒരു ആവശ്യം മനുഷ്യ സ്നേഹികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് . പുതിയ പാര്‍ട്ടി എന്ന പോസ്റ്റ് , ഒരു പാര്‍ട്ടി എങ്ങിനെ ആയിരിക്കണം എന്ന എന്റെ സങ്കല്‍പ്പം വിശദീകരിക്കാന്‍ വേണ്ടി എഴുതിയതാണ് . നിലവിലുള്ള പാര്‍ട്ടികള്‍ ഇങ്ങിനെ അധ:പതിക്കാന്‍ കാരണം ജനങ്ങളുടെ സാംസ്കാരീക നിലവാരം ഉയരാത്തത് കൊണ്ടാണ് . അതു കൊണ്ട് ഒരു സാംസ്കാരീക മുന്നേറ്റമാണ് ഇന്നത്തെ ആവശ്യം . പിന്നെ പുതിയത് ഒന്ന് തുടങ്ങിയാല്‍ അതും ദുഷിച്ചു പോവുകയില്ലേ എന്ന ചോദ്യത്തിന് , ദുഷിക്കട്ടെ എന്നേ പറയാന്‍ കഴിയൂ . അപ്പോള്‍ പുതിയ വേറൊന്ന് തുടങ്ങാമല്ലോ . സമൂഹം അനവരതം നവീകരിക്കപ്പെടേണ്ടതുണ്ട് . ഒന്നു ദുഷിക്കുമ്പോള്‍ മറ്റൊന്ന് ഉയര്‍ന്ന് വരും . അങ്ങിനെയാണ് നവീകരിക്കപ്പെടുക . അല്ലാതെ ഒരു സംഘടന ഉദയം ചെയ്താല്‍ അത് പ്രളയം വരെ നിലനില്‍ക്കണം എന്ന് പ്രതീക്ഷിക്കരുതല്ലോ ?

അഭി : എന്താണ് ജനാധിപത്യ-സാംസ്കാരീക മുന്നണി എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് ?

ഞാന്‍ : എല്ലാ മത ജാതികളിലും , പാര്‍ട്ടികളിലും മറ്റു സംഘടനകളിലും പെടുന്ന എത്രയോ ആളുകള്‍ ഇന്നത്തെ ഈ ജീര്‍ണ്ണതയില്‍ അസ്വസ്ഥരാണ് . എന്നാല്‍ ഇവരൊക്കെ വ്യത്യസ്ഥ ആശയക്കാരും ചിന്താഗതിക്കാരുമാണ് . എന്നാല്‍ എല്ലാവര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലയാണ് സാംസ്കാരീകരംഗം . അവിടെ ഒരു നിരീശ്വരവാദിക്കും , തികഞ്ഞ ഒരു ഭക്തനും ഒന്നിച്ചു പ്രവത്തിക്കാം . സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ് പ്രധാനം .പൌരാവകാശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും, അതേ പോലെ നമ്മുടെ കടമകളെ കുറിച്ചും സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട് . ഇന്ന് ഒരു തരം അരാഷ്ട്രീയ വാദം വളര്‍ന്ന് വരുന്നുണ്ട് . അതും അപകടമാണ് . രാഷ്ട്രീയമെന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് ആ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ബലി കഴിക്കലല്ല . മറിച്ചു നമ്മുടെ നാടിന്റെ പ്രശ്നങ്ങളില്‍ സക്രിയമായി ഇടപെടുക എന്നതാണ് . ഇന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അധ:പതിച്ചു കഴിഞ്ഞു . ഇതിന്റെ ഒരു പ്രധാന കാരണം വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇടപെടാത്തതാണ് . നമ്മുടെ സാംസ്കാരിക രംഗം ഏറ്റവും അപടകരാംവണ്ണം ജീര്‍ണ്ണുച്ചു പോയി . യുവ തലമുറ മദ്യത്തിന്റെ പിന്നാലെയാണ് . യാതൊരു ധാര്‍മ്മിക ബോധമില്ലാതെയാണ് അവര്‍ വളരുന്നത് . എല്ലാ മതങ്ങളിലും അനാചാരങ്ങളും അസഹിഷ്ണുതയും വളര്‍ന്നു വരുന്നു . ഇങ്ങിനെ പോയാല്‍ നാളെ ഇവിടെ മനുഷ്യ ജീവിതം ദു:സാധ്യമായിപ്പോകും . ഒറ്റക്കും കൂട്ടായും സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നുണ്ട് . എന്നാല്‍ ഒന്നും ഏശുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം . സമൂഹത്തില്‍ സാംസ്ക്കാരിക മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഏത് വ്യക്തിക്കും , അയാള്‍ ഏത് മതത്തില്‍ , പാര്‍ട്ടിയില്‍ , സംഘടനയില്‍ പെട്ട ആളായാലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാംസ്കാരിക ഐക്യമുന്നണിയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത് . ഉദാഹരണത്തിന് മദ്യപാനത്തിന്റെ കാര്യമെടുക്കാം . ഇന്ന് 15 വയസ്സ് കഴിഞ്ഞ മിക്കവാറും ബാലന്മാര്‍ മദ്യപാനം ശീലിച്ചു വരുന്നുണ്ട് . അത് കൂടാതെ മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് കേരളത്തിലാണ് . ഈ ദുശ്ശീലങ്ങള്‍ക്കെതിരെ മദ്യവിരുദ്ധസമിതി മാത്രം പ്രചരണം നടത്തിയാല്‍ അതാരുംശ്രദ്ധിക്കുകയില്ല . എന്നാല്‍ ഒരു സ്ഥലത്ത് , മാര്‍ക്സിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനും ബി.ജെ.പിക്കാരനും , ഹിന്ദു മുസ്ലീം കൃസ്ത്യന്‍ ആദി മതങ്ങളില്‍ പെട്ടവരും ; യുക്തിവാദി സംഘം, പരിഷത്ത് , തുടങ്ങി എല്ലാ സംഘടനകളില്‍ പെട്ടവരും ചേര്‍ന്ന് ഒരു പ്രചരണം നടത്തിയാല്‍ തീര്‍ച്ചയായും മദ്യത്തിന്റെ വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നുറപ്പാണ് .അങ്ങിനെ കൂട്ടായ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ആവശ്യമായ ഒട്ടേറെ മേഖലകളുണ്ട്. ഇന്ന് അങ്ങിനെ സമൂഹത്തിന്റെ അപചയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പോംവഴി നിര്‍ദ്ധേശിക്കാനും ഒരു പൊതുവേദിയില്ല . താന്താങ്ങളുടെ വിയോജിപ്പുകള്‍ മാറ്റിവെച്ചു , യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി സമൂഹത്തിന്റെ സാംസ്കാരികവളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ജനാധിപത്യ സാംസ്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ ചിന്തിക്കുന്ന എല്ലാ മലയാളികളുടെയും മുന്‍പാകെ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു .

അഭി : ശരി സുകുമാരേട്ടാ .... ഇനിയും ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് .. നമുക്ക് വീണ്ടും കാണാം .. നന്ദി !

ഞാന്‍ : ഓക്കെ , വീണ്ടും കാണാം നന്ദി !!!

അഭിമുഖം തുടരുന്നു ......... ( 2 )

അഭിമുഖന്‍ : താങ്കള്‍ എല്ലാറ്റിനെയും കണ്ണുമടച്ചു എതിര്‍ക്കുകയാണെന്ന് ഒരു പരാതിയുണ്ട് . താങ്കളുടെതായ ഒരു " ഇസം"
ലോകത്തിന് സംഭാവന ചെയ്യാനുള്ള ശ്രമമാണോ ?

ഞാന്‍ : ഞാന്‍ എല്ലാറ്റിനെയും എതിര്‍ക്കുന്നില്ലല്ലോ . നിലവിലുള്ള വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു എന്നേയുള്ളൂ . ഞാനായിട്ട് ഒരു പുതിയ ഇസമൊന്നും സൃഷ്ടിക്കാന്‍ പരിപാടിയില്ല . ഇസങ്ങള്‍ക്ക് അസഹിഷ്ണുക്കളായ അനുയായികളെ ഉണ്ടാക്കാനേ കഴിഞ്ഞിട്ടുള്ളൂ . നല്ല ഇസങ്ങള്‍ക്ക് നല്ല മനുഷ്യരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല . കണ്‍ഫ്യൂഷനിസം മുതല്‍ ബുദ്ധിസം ,ജൈനിസം , കൃസ്ത്യനിസം, ഇസ്ലാമിസം , മാര്‍ക്സിസം ,ഗാന്ധിസം തൊട്ട് ബഹായിയിസം വരെ എത്ര ഇസങ്ങള്‍ നമുക്കുണ്ട് . എന്നിട്ടും മനുഷ്യന്‍ നന്നായോ ? മനുഷ്യന്‍ നന്നാക്കപ്പെടുകയേയുള്ളൂ . അതിന് നിയമവാഴ്ച്ച അഭംഗുരം പുലരണം . മാത്രമല്ല സമൂഹത്തെ ഒരു വിപ്ലവത്തിലൂടെ അടിമുടി മാറ്റിയെടുക്കാനും കഴിയില്ല . അതൊരു നീണ്ട പ്രോസ്സസ്സിങ്ങ് ആണ് . നമ്മുടേ സ്വാതന്ത്ര്യ സമരം അതിനൊരുദാഹരണമാണ് . സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം നിരവധി സാമൂഹ്യ തിന്മകള്‍ക്കെതിരെയും അന്ന് പോരാട്ടങ്ങള്‍ നടന്നിരുന്നു . അന്ന് ദൂരീകരിക്കപ്പെട്ട മദ്യപാനം പോലെയുള്ള തിന്മകള്‍ വീണ്ടും സമൂഹ ഗാത്രത്തില്‍ അര്‍ബ്ബുദം പോലെ വളരുന്നു .

അഭി : ഇതിനൊക്ക എന്ത് പ്രതിവിധിയാണ് താങ്കള്‍ക്ക് നിര്‍ദ്ധേശിക്കാനുള്ളത് ?

ഞാന്‍ : എന്റെ കൈയില്‍ ഒറ്റമൂലിയൊന്നുമില്ല . ചിന്തിക്കുന്നവരും മനുഷ്യസ്നേഹികളും ഒരു കൂട്ടായ്മ ഉണ്ടാക്കി ജനമധ്യത്തില്‍ ഇറങ്ങി പ്രത്യേകിച്ച് കോളേജുകളിലും മറ്റും ബോധവല്‍ക്കരണം നടത്തിയാല്‍ അതൊരു മൂവ്മെന്റായി വളര്‍ന്ന് മാറ്റത്തിനും സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും തുടക്കം കുറിച്ചേക്കാം .

അഭി : അപ്പോള്‍ നിലവിലിവിടെ ജനാധിപത്യം ഇല്ലെന്നാണോ ?

ഞാന്‍ : ജനാധിപത്യമെന്നാല്‍ വെറും വോട്ട് ചെയ്യലല്ല . അത് ഒരു ജനത തങ്ങളുടെ രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുന്ന മഹത്തായ സൃഷ്ടിപ്രക്രിയയാണ് .

അഭി : ഒന്ന് വിശദീകരിക്കാമോ ?

ഞാന്‍ : സമയം അനുവദിക്കുന്നില്ല . മാത്രമല്ല അത് വിശാലാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കപ്പെടേണ്ടതാണ് .

അഭി : ഇവിടെ സര്‍ക്കാറിന്റെ നയങ്ങളല്ലെ ദുരിതങ്ങള്‍ ഉണ്ടാക്കുന്നത് ?

ഞാന്‍ : ആര് പറഞ്ഞു ? സര്‍ക്കാര്‍ എന്നാല്‍ എന്താണ് ? ആത്യന്തികവും ശരിയായതുമായ വിശകലനത്തില്‍ സര്‍ക്കാര്‍ എന്നാല്‍ പാര്‍ലമെന്റും , ബ്യൂറോക്രസിയും , ജനങ്ങളും എല്ലാം കൂടിച്ചേര്‍ന്നതാണ് . സര്‍ക്കാറിന് പുറത്തല്ല ജനങ്ങള്‍ . ഇവിടെ സര്‍ക്കാറും ജനങ്ങളും രണ്ടും രണ്ടാണെന്നും , എല്ലാം ചെയ്യേണ്ടത് സര്‍ക്കാറാണെന്നും ജനങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങളോ കടമകളോ ഒന്നുമില്ലെന്ന അര്‍ത്ഥത്തിലാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത് .

അഭി : ഒന്നു കൂടി ലളിതമാക്കാമോ ?

ഞാന്‍ : ഇത്തരം ഒരഭിമുഖത്തില്‍ എങ്ങിനെയാണ് ഇതിനേക്കാളും ലളിതമായി പറയാന്‍ കഴിയുക ? എന്നാലും ഞാന്‍ ഒരു ഉദാഹരണം പറയാം . വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണ്ണം പൂശുന്ന സമയത്ത് കേരള യുക്തിവാദി സംഘം അതിനെതിരെ , ക്ഷേത്രനടയില്‍ ഒരു ധര്‍ണ്ണ നടത്താന്‍ പരിപാടിയിട്ടു.“ നിന്റെയൊക്കെ തറവാട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം കൊണ്ടല്ലടാ ഇവിടെ പൂശുന്നത് , ഭക്തന്മാര്‍ ഭഗവാന് കാണിക്കയിട്ട സ്വര്‍ണ്ണം കൊണ്ടാ .... " എന്നാക്രോശിച്ചു കൊണ്ട് ഭക്തന്മാരും പോലീസും ചേര്‍ന്ന് യുക്തിവാദികളെ തല്ലിയോടിച്ചു . പ്രത്യക്ഷത്തില്‍ ഇത് ശരിയല്ലേ എന്നു തോന്നിപ്പോകും . എന്നാല്‍ യുക്തിവാദികളുടെ സമരപരിപാടി ഒരു പ്രതീകാത്മകമായിരുന്നു . സ്വര്‍ണ്ണം എന്നാല്‍ ധനമാണ് . ധനം ഉല്‍പ്പാദന പ്രക്രിയയുടെ വികസനത്തിന് ഉപയോഗിക്കുമ്പോള്‍ അത് മൂലധനമാകുന്നു . നമ്മുടെ രാഷ്ട്രപുരോഗതിക്ക് തടസ്സമായിട്ടുള്ളത് ഊര്‍ജ്ജത്തിന്റെയും മൂലധനത്തിന്റെയും അപര്യാപ്തതയാണ് . ഇന്നും അത് തന്നെയാണ് സ്ഥിതി . കൊടിമരം സ്വര്‍ണ്ണം പൂശുമ്പോള്‍ വികസനത്തിനുപയോഗിക്കേണ്ട മൂലധനം നിഷ്ക്രിയമാവുകയാണ് ചെയ്യുന്നത് . ഭഗവാന് എന്തിനാണ് സ്വര്‍ണ്ണക്കൊടിമരം എന്ന യുക്തിവാദികളുടെ ചോദ്യം ഭക്തന്മാരെ വിറളി പിടിപ്പിക്കുക തന്നെ ചെയ്തു . ഇന്ന് ടണ്‍ കണക്കിന് സ്വര്‍ണ്ണം ബാങ്ക് ലോക്കറുകളില്‍ കെട്ടിക്കിടക്കുന്നു . ഇന്ത്യയിലെ പോലെ സ്വര്‍ണ്ണം ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന രാജ്യം വേറെ ഇല്ല . ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളിലും കാണും ഇത് പോലെ ധാരാളം സ്വര്‍ണ്ണസൂക്ഷിപ്പുകള്‍ . ഈ സ്വര്‍ണ്ണം മുഴുവനും പ്രതിഫലം വാങ്ങി സര്‍ക്കാറിലേല്‍പ്പിക്കുകയും , സര്‍ക്കാര്‍ അത് വില്‍ക്കുകയും ചെയ്താല്‍ ആ പണം കൊണ്ട് വിദേശക്കടം മുഴുവന്‍ തീര്‍ക്കാമെന്ന് മാത്രമല്ല ബാക്കി തുക കൊണ്ട് മൂലധനനിക്ഷേപം നടത്തി നമ്മുടെ തൊഴിലില്ലായ്മ പരിഹരിക്കുകയും ചെയ്യാം . കോടാനുകോടി രൂപക്ക് തുല്യമായ സ്വര്‍ണ്ണം നിഷ്ക്രിയമൂലധനമാക്കി ഒരു പ്രയോജനമില്ലാതെ വെച്ചിട്ടാണ് നമ്മള്‍ ഒരു റോഡ് ടാറിടാനുള്ള പണത്തിനു പോലും വായ്പക്കായി ഏ.ഡി.ബി.യെ സമീപിക്കുന്നത് . അപ്പോള്‍ നാട് വിദേശശക്തികള്‍ക്ക് പണയപ്പെടുത്തുന്നേ എന്ന മുറവിളി വേറെയും . രാജ്യത്തെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനും , നാട്ടിലെ ഉല്‍പ്പാദനശക്തികളെ കെട്ടഴിച്ചു വിടുന്നതിനാവശ്യമായ മൂലധനം സ്വരൂപിക്കാനും വേണ്ടി , ആഭരണ ഭ്രമം നമ്മള്‍ ഉപേക്ഷിക്കുമോ ? എന്നിട്ടോ തൊഴിലില്ലായ്മ പരിഹരിക്കലും ദാരിദ്ര്യരേഖ മായ്ക്കലും സര്‍ക്കാര്‍ ചെയ്യുകയും വേണം .

അഭി : താങ്കള്‍ ഊര്‍ജ്ജത്തെ പറ്റി പറഞ്ഞല്ലോ ? ഇപ്പോള്‍ വിവാദമായ ആണവക്കരാറിനെ പറ്റി എന്താണഭിപ്രായം ?

ഞാന്‍ : നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്കുവേണ്ടിയും , നിലവിലുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പദ്ധതികളും കരാറുകളും എല്ലാം തന്നെ ചിന്തിക്കുന്നതും പോംവഴികള്‍ കണ്ടെത്തുന്നതുമെല്ലാം അതത് തലത്തിലുള്ള വിദഗ്ദന്മാരാണ് . മന്ത്രിമാര്‍ക്ക് അതിന് നേതൃത്വം കൊടുക്കുന്ന ജോലിയേയുള്ളൂ . ഇത്തരം കാര്യങ്ങളൊന്നും പഠിക്കാന്‍ രാഷ്ട്രീയക്കാര്‍ പൊതുവെ മിനക്കെടാറില്ല. അവര്‍ക്കതിനുള്ള നേരവുമില്ല. നമ്മുടെ പ്രധാനമന്ത്രി ഒരു ലോകപ്രശസ്ത സാമ്പത്തീക ശാസ്ത്രജ്ഞന്‍ കൂടിയാണ് . വിവിധ തട്ടുകളിലുള്ള വിദഗ്ദന്മാരും ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം ചര്‍ച്ച ചെയ്ത് രൂപം നല്‍കിയ ഈ കരാറിനെ സംശയിക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം . ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ഗതികേട് കൊണ്ടാണ് ഇപ്പോള്‍ ഇതൊരു വിവാദമായത് .സര്‍ക്കാരിന് സ്വന്തം നിലയില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. അത് ഭരണത്തിന് നേതൃത്വം കോണ്‍ഗ്രസ്സിന്റെ ഗതികേട് . തങ്ങളുടെ ആജന്മശത്രുവായ അമേരിക്ക ഇന്ത്യയുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നയതന്ത്ര ബന്ധത്തെ ചെറുക്കാന്‍ കഴിയാത്തത് ഇടത് പക്ഷം എന്നവകാശപ്പെടുന്നവരുടെ ഗതികേട് . ഇടത് പക്ഷത്തെ കൂട്ട് പിടിച്ച് ഭരണത്തെ അട്ടിമറിച്ച് , പുതിയ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താമെന്ന മോഹം പൂവണിയാത്തത് ബി.ജെ.പി.യുടെ ഗതികേട് . ഈ ഗതികേടുകള്‍ക്കിടയില്‍ വീര്‍പ്പ് മുട്ടുന്നത് ഇന്ത്യയുടെ വികസന മോഹങ്ങളും ആണ് .
കരാരിനെ എതിര്‍ത്ത് ബി.ജെ.പി.യും , ഇടത് പക്ഷവും ഉന്നയിക്കുന്ന വാദമുഖങ്ങള്‍ ബാലിശമാണ് . ബി.ജെ.പി. പ്രധാനമായും പറയുന്നത് തങ്ങള്‍ അമേരിക്കക്കെതിരല്ലെന്നും എന്നാല്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കുന്ന എല്ലാ കരാറുകളും പാര്‍ലമെന്റിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് നിര്‍ബ്ബന്ധമാക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് . എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അങ്ങിനെയൊരു ഭരണഘടനാഭേദഗതിക്ക് ഒരു സര്‍ക്കാരും മുതിരുകയില്ല എന്ന് ബി.ജെ.പി.ക്ക് നന്നായി അറിയാം . 1998ന് മുന്‍പ് ഇതേ ആവശ്യം ഉന്നയിക്കാറുണ്ടായിരുന്ന അവര്‍ 2004 വരെ അധികാരം കൈയാളുമ്പോള്‍ ഇതിനെ പറ്റി മൌനം പാലിച്ചു . മാത്രമല്ല അവര്‍ ഒരു പടികൂടി കടന്ന് ഞങ്ങള്‍ അധികാരത്തിയാല്‍ ആറ് മാസത്തിന് ശേഷം ഗാട്ട് കരാറില്‍ നിന്ന് പിന്‍‌മാറുമെന്നും അപ്പോള്‍ പറഞ്ഞിരുന്നു. പിന്നീട് നടന്നത് നമുക്കറിയാമല്ലോ .
ഇനി ഇടത് പക്ഷത്തിന്റെ പ്രധാന പരാതി നമ്മുടെ വിദേശനയം അമേരിക്കക്ക് പണയം വെക്കുന്നു എന്നാണ് . ഇത് അവര്‍ ഇപ്പോഴും 1990 ന് മുന്‍പുള്ള മാനസികാവസ്ഥയിലാണ് ജീവിയ്ക്കുന്നത് എന്നതിന്റെ തെളിവാണ് . രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് ശാക്തീകച്ചേരികളായി മാറി . ഇതില്‍ ഏതെങ്കിലും ഒരു ചേരിയുടെ കൂടെ നിലയുറപ്പിക്കാന്‍ അവികസിത രാജ്യങ്ങള്‍ നിര്‍ബ്ബന്ധിതമായി . ഈ അവസരത്തിലാണ് യൂഗോസ്ലാവ്യന്‍ പ്രസിഡണ്ടായിരുന്ന മാര്‍ഷല്‍ ടീറ്റോയുടേയും , നമ്മുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാലിന്റെയും നേതൃത്വത്തില്‍ ഒരു ചേരി ചേരാ പ്രസ്ഥാനം രൂപം കൊള്ളുന്നത് . ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്ന യൂഗോസ്ലാവ്യ, സോവിയറ്റ് ചേരിയില്‍ ചേരാതിരുന്നതിനാല്‍ അന്ന് ടീറ്റോ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ വിരോധത്തിന് പാത്രമായിരുന്നു. ഇന്ത്യ സോവിയറ്റ് ചേരിയില്‍ നിലയുറപ്പിക്കണമെന്നായിരുന്നു അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വാഭാവികമായും വാദിച്ചത് . എന്നാല്‍ സോവിയറ്റ് യൂനിയനിലും മറ്റ് കി.യൂറോപ്യന്‍ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നിലം‌പരിശായതോടെ ലോകത്ത് ശാക്തീകച്ചേരി എന്നൊന്ന് ഇല്ലാത്താവുകയും ചേരിചേരാപ്രസ്ഥാനം അപ്രസക്തമാവുകയും ചെയ്തു . യഥാര്‍ത്ഥത്തില്‍ ഇന്ന് ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും സ്വദേശനയവും സ്വന്തം താല്‍പ്പര്യങ്ങളും മാത്രമേയുള്ളൂ . വിദേശനയം എന്ന ഒന്നുണ്ടെങ്കില്‍ അത് സ്വന്തം താല്‍പ്പര്യങ്ങളെ മുന്‍‌നിര്‍ത്തിയാണെന്ന് സാരം . ഇതിന് ഏറ്റവും നല്ല ഉദാഹരണം ചൈന തന്നെയാണ് . അമേരിക്കന്‍ മൂലധനത്തിന്റെ തണലിലാണ് ചൈന മുന്നോട്ട് കുതിക്കുന്നത് . ഇന്ന് ലോകം കുറെക്കൂടുതല്‍ ജനാധിപത്യവല്‍ക്കൃതമാണ് . രാജ്യങ്ങളെ വെട്ടിപ്പിടിച്ച് സാമ്രാജ്യം വികസിപ്പിക്കലോ കോളനി സ്ഥാപിക്കലോ ഇനി നടക്കില്ല . അത്കൊണ്ട് ഒരു സാങ്കല്‍പ്പികഭയത്തിന്റെ പുറത്ത് കരാറില്‍ നിന്ന് പിന്‍‌മാറി , പ്രധാനമന്ത്രി പറഞ്ഞപോലെ നമ്മള്‍ വികസനത്തിന്റെ അവസാനത്തെ ബസ്സ് മിസ്സ് ചെയ്യേണ്ടതില്ല .

( ബാക്കി ഭാഗം നാളെ )

ചരിത്രപ്രാധാന്യമുള്ള ഒരു അഭിമുഖം !

ഇന്നലെ ഒരു സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു ഞാന്‍ താങ്കളുമായി ഒരു അഭിമുഖം ആഗ്രഹിക്കുന്നു എന്ന് . ഞാന്‍ ഉടനെ സമ്മതിച്ചു . ജീവിതത്തില്‍ ആദ്യമായാണ് എന്നോട് ഒരാള്‍ ഇങ്ങിനെ ഒരഭിമുഖം ആവശ്യപ്പെടുന്നത് . അത്കൊണ്ട് ഈ അഭിമുഖം എന്നെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ളതായതിനാല്‍ റെക്കോഡ് ചെയ്യുകയും ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയ്യുകയും ചെയ്യുന്നു .

അഭിമുഖന്‍ : ഞാന്‍ താങ്കളുടെ ബ്ലോഗ്ഗ് സ്ഥിരമായി വായിക്കുന്ന ഒരാളാണ് . താങ്കള്‍ ഒരു നിരീശ്വര വാദിയാണോ ?

ഞാന്‍ : അല്ല. ദൈവം ഒരു സങ്കല്‍പ്പമോ വിശ്വാസമോ ആണ് . ഞാന്‍ അങ്ങിനെ സങ്കല്‍പ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല .

അഭി : ദൈവം ഇല്ലെന്ന് താങ്കള്‍ക്ക് തെളിയിക്കാന്‍ കഴിയുമോ ?

ഞാന്‍ : ഉണ്ട് എന്ന് പറയുന്നവര്‍ക്കാണ് തെളിയിക്കാനുള്ള ബാധ്യത . ഇല്ല എന്ന് എങ്ങിനെ തെളിയിക്കും !

അഭി : ദൈവ വിശ്വാസത്തെ താങ്കള്‍ എന്ത് കൊണ്ടാണ് എതിര്‍ക്കുന്നത് ?

ഞാന്‍ : ദൈവത്തെ വിശ്വസിക്കരുത് എന്ന് ഞാന്‍ ആരോടും പറയാറില്ല . എന്നാല്‍ വിശസിക്കാന്‍ മാത്രം ശീലിക്കുന്ന മനുഷ്യര്‍ ഒരു അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും വെച്ചു പുലര്‍ത്തുന്നു. യുക്തിസഹമായി ചിന്തിക്കാന്‍ ശീലിക്കുക എന്ന് മാത്രമാണ് ഞാന്‍ പറയുന്നത് .

അഭി : ഏതൊരു നിരീശ്വര വാദിയും വയസ്സാവുമ്പോള്‍ ദൈവ വിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നു എന്ന് പറയുന്നുണ്ടല്ലോ . അതിനെ പറ്റി എന്ത് പറയുന്നു ?

ഞാന്‍ : അങ്ങിനെയുള്ളവര്‍ ധാരാളമുണ്ടാകാം . അത് അവര്‍ക്ക് ഒരു ശാസ്ത്രീയ വീക്ഷണം ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് . എത്രയോ ആളുകള്‍ 90 വയസ്സിനപ്പുറവും നിരീശ്വരവാദം പ്രചരിപ്പിച്ചുകൊണ്ട് ജീവിച്ചിട്ടുണ്ട് . തമിഴ് നാട്ടിലെ പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ “ കടവുള്‍ ഇല്ലൈ , ഇല്ലവേ ഇല്ലൈ , കടവുളൈ നമ്പുകിറവന്‍ മുട്ടാള്‍ “ എന്ന് അന്ത്യശ്വാസം വരെ വിളിച്ചു പറഞ്ഞിട്ടുണ്ട് . ഏ.ടി . കോവൂര്‍ മറ്റൊരു ഉദാഹരണം . ഇന്നും എത്രയോ പേരുണ്ട് . ചിലര്‍ നിരീശ്വരവാദവും വിപ്ലവവും ഒക്കെ പ്രസംഗിച്ചിട്ട് പില്‍ക്കാലത്ത് വിശ്വാസങ്ങളില്‍ അഭയം തേടുന്നുണ്ടാകാം . അത് അവരുടെ വ്യക്തിപരമായ ദൌര്‍ബ്ബല്യങ്ങളുടെ പ്രശ്നമാണ് . അവരെ ഉദാഹരണം കാട്ടി ദൈവം ഉണ്ടെന്ന് സമര്‍ത്ഥിക്കുന്നത് ശരിയല്ലല്ലോ . ദൈവം ഉണ്ട് എന്ന് പറയുന്നവര്‍ അത് സ്വന്തം നിലയില്‍ ബോധ്യപ്പെടുകയും , ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്.

അഭി : താങ്കള്‍ ഒരു ഇടത് പക്ഷക്കാരനാണോ ? കമ്മ്യൂണിസ്റ്റുകാരനാണോ ?

ഞാന്‍ : ഞാന്‍ ഒരു മനുഷ്യപക്ഷക്കാരന്‍ മാത്രമാണ് . ഇടത് പക്ഷം എന്ന ഒരു വാക്ക് എങ്ങിനെയോ ഭാഷയില്‍ കടന്നു കയറി . ആ വാക്ക് ഇപ്പോഴും ഉപയോഗിക്കുന്നു എന്ന് മാത്രം . ഇന്ന് ആ വാക്കിന് യാതൊരു അര്‍ത്ഥമോ പ്രസക്തിയോ ഇല്ല . മാര്‍ക്സിസം ഞാന്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് . അത്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു . എന്നാല്‍ എനിക്ക് ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിഞ്ഞിട്ടില്ല . അതിന്റെ ഒരു പ്രധാന കാരണം അവരുടെ ആക്രമണോത്സുകതയായിരുന്നു . അതിനു ശേഷം ഞാന്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചും , അതിന്റെ ഏകാധിപത്യ പ്രവണതകളെ കുറിച്ചും വിശദമായി പഠിച്ചപ്പോള്‍ ലെനിനിസം , മാര്‍ക്സിസത്തിന്റെ തന്നെ വിപരീതമായ ഒരു പുനരാവിഷ്ക്കാരമാണെന്ന് മനസ്സിലാക്കി . ലെനിനെ എതിര്‍ത്തവരെയെല്ലാം റിവിഷനിസ്റ്റുകള്‍ എന്ന് മുദ്രകുത്തി നിര്‍ദ്ദയം കൊന്നൊടുക്കി . അത്തരത്തില്‍ നാട് കടത്തപ്പെട്ടിട്ടും പിന്‍‌തുടര്‍ന്ന് വധിക്കപ്പെട്ട മഹാനായ ഒരു കമ്മ്യൂണിസ്റ്റായിരുന്നു ട്രോട്സ്കി . ലെനിന്‍ തുടങ്ങി വെച്ച് സ്റ്റാലിന്‍ വികസിപ്പിച്ച വികൃതവും ഭീകരവുമായ ഒരു തിയറിയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ പിന്തുടര്‍ന്നത് . ആദ്യകാലത്ത് കമ്മ്യൂണിസം സര്‍വ്വരാലും ആകര്‍ഷിക്കപ്പെട്ടിരുന്നു. ജവഹര്‍ലാല്‍ , ജയപ്രകാശ് നാരായണന്‍ , ലോഹ്യ തുടങ്ങി നിരവധി നേതാക്കള്‍ . എന്നാല്‍ ലെനിനിസത്തിന്റെ അക്രമണപരതയും , സര്‍വ്വാധികാര ശൈലിയും അവരെയെല്ലാം കമ്മ്യൂണിസത്തില്‍ നിന്ന് അകറ്റി . ഇന്ന് ലെനിനിസം കാലഹരണപ്പെട്ടു . ആ സിദ്ധാന്തം ഇനി ആരാലും ആകര്‍ഷിക്കപ്പെടുകയില്ലെന്ന് മാത്രമല്ല , ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയപരിപാടികളില്‍ പറയുന്ന പോലെയുള്ള ഒരു സോഷ്യലിസ്റ്റ് വിപ്ലവം ഇനി ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും സംഭവിക്കുകയുമില്ല . ഞാന്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥയില്‍ ആ പാര്‍ട്ടികളെ വെറുക്കുകയും ചെയ്യുന്നു .

അഭി : അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഭാവിയില്ല എന്നാണോ പറയുന്നത് ?

ഞാന്‍ : ശോഭനമായ ഭാവിയുണ്ട് , എന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യവുമുണ്ട് . പക്ഷെ അവര്‍ അവരുടെ ഭരണഘടനയും നയവും പരിപാടിയും എല്ലാം പൊളിച്ചെഴുതണം . മുന്‍‌വിധികള്‍ ഉപേക്ഷിക്കണം , സങ്കുചിതമായ കാഴ്ച്ചപ്പാടുകള്‍ മാറ്റിവെക്കണം , മാറി വരുന്ന ലോക പരിസ്ഥിതികള്‍ക്കനുസൃതമായി ഏകലോക വീക്ഷണവും ജനാധിപത്യശൈലിയും അംഗീകരിക്കണം . അതിന് ഇന്നുള്ള നേതാക്കള്‍ക്ക് കഴിയില്ല . റഷ്യയിലും മറ്റു കി.യൂറോപ്പുകളിലുമുള്ള കമ്മ്യു:പാര്‍ട്ടികള്‍ക്ക് , ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് മാറിവാരാനുള്ള നിര്‍ബ്ബന്ധിത സാഹചര്യം ഉണ്ടായ പോലെ ഇന്ത്യയിലുണ്ടാവുകയില്ല. സ്വമേധയാ മാറാന്‍ ഒരു സംഘടനക്കും കഴിയുകയുമില്ല . അത്കൊണ്ട് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി ഇനിയും ഇല്ലാത്താവാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത് .

അഭി : അപ്പോള്‍ താങ്കള്‍ ഒരു കോണ്‍ഗ്രസ്സുകാരനാണോ ?

ഞാന്‍ : ഒരാള്‍ ഒരു പാര്‍ട്ടിക്കാരനായേ പറ്റൂ എന്ന മുന്‍‌വിധിയില്‍ നിന്നാണ് ഈ ചോദ്യം ഉയരുന്നത് . ഇന്ത്യയുടെ ആത്മാവ് ആവാഹിച്ചെടുത്ത ഒരു മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് എന്ന് ആലങ്കാരിക ശൈലിയില്‍ പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ . ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മാതൃപേടകമാണ് കോണ്‍ഗ്രസ്സ് . ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തെറ്റി പിരിഞ്ഞ് പലരും പല പാര്‍ട്ടികളുണ്ടാക്കി . കോണ്‍ഗ്രസ്സിനെ മുഖ്യശത്രു സ്ഥാനത്ത് നിര്‍ത്തിയാണ് എല്ലാ പാര്‍ട്ടികളും ഇവിടെ വളര്‍ന്നത് . എന്നാല്‍ ഇന്ത്യയില്‍ ഇന്ന് കാണുന്ന ഈ ജനാധിപത്യ സ്വാതന്ത്ര്യവും , പുരോഗതിയുമുണ്ടാവാന്‍ കോണ്‍ഗ്രസ്സാണ് കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു ഇന്ത്യയില്‍ മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായേനേ . ജനസംഘത്തിനാണ് മുന്‍‌തൂക്കമായിരുന്നെങ്കില്‍ ഒരു ഹിന്ദു രാഷ്ട്രമായി ഇന്നത്തെ പാകിസ്ഥാനേക്കാള്‍ മോശമായേനേ . അല്ല , ഇന്നുള്ള പോലെ പ്രാദേശിക കക്ഷികള്‍ക്കായിരുന്നു മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഛിന്നഭിന്നമായി കൊച്ചു കൊച്ചു രാജ്യങ്ങളായി ചിതറിത്തെറിച്ചേനേ ! എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ ചില നടപകളിലൂടെ അതായത് മുഴുവന്‍ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള കുത്സിതശ്രമങ്ങളിലൂടെ കോണ്‍ഗ്രസ്സ് ഒരു സ്തുതിപാഠക വൃന്ദമായി അധ:പതിച്ചു . എന്നാലും കോണ്‍ഗ്രസ്സ് എത്ര ദുഷിച്ചാലും , കോണ്‍ഗ്രസ്സിനേക്കാളും മേന്മ അവകാശപ്പെടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല എന്ന് ഞാന്‍ കരുതുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ഞാന്‍ എന്തിന് ഒരു കോണ്‍ഗ്രസ്സുകാരനാവണം ? നിലവില്‍ വിശ്വപൌരത്വം കൊതിക്കുന്ന ഒരു ഇന്‍ഡ്യന്‍ പൌരന്‍ മാത്രമാണ് ഞാന്‍ . തെരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യം വിലയിരുത്തി വോട്ട് ചെയ്യുന്നു . ഒരു നല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം ചെയ്തെങ്കില്‍ എന്ന് വൃഥാ ആഗ്രഹിക്കുകയും ചെയ്യുന്നു . കാരണം ഞാന്‍ ഒരു ഭൌതീക വാദിയാണെന്നത് തന്നെ !

(ഈ അഭിമുഖത്തിന്റെ ബാക്കി ഭാഗങ്ങള്‍ നാളെ )