Links

വിശ്വാസവും അറിവും

വിശ്വാസവും അറിവും രണ്ടും രണ്ടാണ്. വിശ്വാസം അറിവല്ല അത് വെറും വിശ്വാസം മാത്രമാണ്. അത് പോലെ അറിവ് വിശ്വാസമല്ല അത് അറിവ് തന്നെയാണ്. വിശ്വസിക്കാൻ ഒരു തെളിവും ഒരു ലോജിക്കും വേണ്ട. പക്ഷെ അറിവിന് തെളിവ് വേണം ലോജിക്ക് വേണം. ലോകത്ത് ജനങ്ങളിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. പല വിധ വിശ്വാസികൾ ആണെന്ന് മാത്രം. വിശ്വാസികളെ പൊതുവെ ബന്ധിപ്പിക്കുന്ന ഘടകം അവർക്ക് വിശ്വസിക്കാൻ ഒരു തെളിവും ലോജിക്കും വേണ്ട എന്നതാണ്. പറഞ്ഞ് പഠിപ്പിച്ചത് അങ്ങ് വിശ്വസിച്ചോളും. എന്നിട്ട് വിശ്വാസം തന്നെയാണ് അറിവ് എന്നും വിശ്വസിക്കും. അതുകൊണ്ട് യഥാർത്ഥ അറിവ് അവരെ ധരിപ്പിക്കാൻ കഴിയില്ല. 

വിശ്വാസങ്ങളെ തിരസ്ക്കരിച്ച് അറിവിനെ ആശ്രയിക്കുന്നവർ ന്യൂനപക്ഷമാണ്. ഞാൻ ഇങ്ങനെ രണ്ട് വിധം ആൾക്കാരെയേ കാണുന്നുള്ളൂ. ഞാൻ വളരെ മുൻപേ വിശ്വാസങ്ങളെ തിരസ്ക്കരിച്ച് അറിവിനെ തേടിപ്പോയ ആളാണ്. അതുകൊണ്ട് ഇന്നും ഓരോ ദിവസവും ഓരോ അറിവിനെ മനസ്സിലാക്കുകയാണ്. ഇനിയും എത്രയോ അറിവുകൾ മനസ്സിലാക്കാനുണ്ട്. ഈ ആയുസ്സിൽ വളരെ കുറവ് അറിവുകൾ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ഇത് ഹിന്ദുക്കളോട് പറഞ്ഞാൽ അവർ പറയും നിങ്ങൾ വേദങ്ങൾ പഠിക്കൂ, ഭഗവദ്ഗീത പഠിക്കൂ നമ്മുടെ ഋഷിമാർ സർവ്വവും പഠിച്ച് പ്രപഞ്ചത്തെ കലക്കി കുടിച്ചവരാണ് എന്നൊക്കെ. എല്ലാം താളിയോലകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് പറയും. അവരോട് ഞാൻ എന്ത് പറയാനാണ്. എന്നാൽ പിന്നെ എന്തുകൊണ്ട് ഋഷിമാർ പേപ്പറും പെന്നും അച്ചടിയും കണ്ടുപിടിച്ചില്ല എന്ന് ചോദിക്കാൻ പറ്റുമോ? 

മുസ്ലീങ്ങൾ പറയും എല്ലാം ഞമ്മളുടെ കിത്താബിൽ ഉണ്ട് എന്ന്. എന്ന് പറഞ്ഞാൽ ഇത് വരെ കണ്ടുപിടിച്ചതും ഇനി കണ്ടുപിടിക്കാൻ ഉള്ളതിൻ്റെയും ഒക്കെ സൂചനകൾ കിത്താബിൽ ഉണ്ട് എന്ന്. കൃസ്ത്യാനികൾക്കും അങ്ങനെ തന്നെ. ചുരുക്കി പറഞ്ഞാൽ വിശ്വാസികളാണ് ഈ ലോകം നിയന്ത്രിക്കുന്നത്. വിശ്വസിക്കാനുള്ള മനുഷ്യൻ്റെ  കഴിവിൻ്റെ പുറത്താണ് എല്ലാ എസ്റ്റാബ്ലിഷ്മെൻ്റുകളും നിലനിൽക്കുന്നത്. പക്ഷെ ലോകത്തെ പുരോഗതിയിലേക്ക് എടുത്ത് ചെല്ലുന്നത് അറിവാണ്, വിശ്വാസമല്ല. വിശ്വാസങ്ങൾ എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് ദ്രോഹം മാത്രമാണ്. മനുഷ്യരെ ശത്രുക്കളാക്കുന്നത് വിശ്വാസങ്ങളാണ്. വിശ്വാസം മാറ്റി അറിവിൻ്റെ ലോകത്ത് വന്നാൽ അവിടെ മാനവികത മാത്രമേയുണ്ടാകൂ. ജോസഫ് മാഷ് പറഞ്ഞതും ഇതാണ്. പക്ഷെ അങ്ങനെയൊരു മാനവികലോകം വിദൂരമായ ഒരു സ്വപ്നം മാത്രമാണ്. ഒരിക്കലും യാഥാർഥ്യം ആകണമെന്നില്ല. 

ഞാൻ ഹൈന്ദവതയെ പുകഴ്ത്തുന്നത് ഈ മതവിശ്വാസ ലോകത്ത് എനിക്ക്  അപരിമിതമായ സ്വാതന്ത്ര്യം ലഭിക്കുന്നത് ഈ ഹൈന്ദവത ഇവിടെ നിലനിൽക്കുന്നത് കൊണ്ടാണ് എന്നതിനാലാണ്. ഹിന്ദുക്കൾ ഇവിടെ ഭൂരിപക്ഷമായി ഇല്ലായിരുന്നെങ്കിൽ ഞാൻ സ്വതന്ത്രൻ ആകില്ലായിരുന്നു. ഇത് പോലെ എനിക്ക് എഴുതാനും കഴിയില്ലായിരുന്നു. ബി.ജെ.പി.യെ സപ്പോർട്ട് ചെയ്യാൻ കാരണം അവർ ഭരിക്കുന്നത് കൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു, ആർക്കും ഒരു ദോഷവും ചെയ്യുന്നില്ല, പിന്നെ കേന്ദ്രത്തിൽ മന്ത്രിമാരൊന്നും ഒന്നിലും കൈയ്യിട്ട് വാരുന്നില്ല എന്നതൊക്കെയാണ്. ഇത്രയും പ്രൊഫഷണലായ കേന്ദ്രമന്ത്രിമാരെ മോദി മന്ത്രിസഭയിൽ അല്ലാതെ കണ്ടിട്ടും ഇല്ല. അതൊക്കെ നോക്കുമ്പോൾ മന്മോഹൻ സിങ്ങിൻ്റെ രണ്ട് ടേം മന്ത്രിസഭയിലും അദ്ദേഹം ഒഴികെ ബാക്കിയെല്ലാം ഒന്നിനും കൊള്ളാത്ത അലവലാതികളായിരുന്നു. 

പിന്നെ വിശ്വാസത്തിൻ്റെ കാര്യം എടുത്താൽ ബി.ജെ.പി.ക്കാരും കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും എല്ലാം തുല്യരാണ്. ഒന്നല്ലെങ്കിൽ ഒന്ന് വിശ്വസിക്കുന്നവരാണ് എല്ലാ പാർട്ടിക്കാരും. അതേ സമയം വെറുതെ വിശ്വസിക്കാതെ അറിവിനെ ആശ്രയിക്കുന്നവർ, ലോജിക്കലായി ചിന്തിക്കുന്നവർ എല്ലാ പാർട്ടികളിലും ഉണ്ട് താനും. ബി.ജെ.പി.യിലും ഉണ്ട്. അതുകൊണ്ട് ബി.ജെ.പി.യെ പിന്തുണയ്ക്കാൻ എനിക്ക് ഒരു തടസ്സവും ഇല്ല. എന്നെ ബി.ജെ.പി.യോട് ഏറ്റവും അടുപ്പിക്കുന്ന ഘടകം കപട മതേതരരും ഒരു പ്രത്യേക വിശ്വാസികളും ബി.ജെ.പി.യോട് കാണിക്കുന്ന പകയും വിദ്വേഷവുമാണ്. എനിക്ക് അത്തരം മനോഭാവക്കാരോട് അറപ്പും പുച്ഛവും ആണ്. കാരണം ബി.ജെ.പി. ഇന്ത്യയിൽ അധികാരം പിടിച്ചെടുത്തതല്ല, ജനാധിപത്യപരമായി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ബി.ജെ.പി. ഇന്ത്യ ഭരിക്കുന്നത്. ജനങ്ങളുടെ പിന്തുണ വേണ്ടത്ര ഇല്ലാത്ത അല്പന്മാരാണ് ബി.ജെ.പി.യെ പഴിക്കുന്നത്. അപ്പോഴും മാന്യത പുലർത്തുന്നത് കൊണ്ടാണ് ബി.ജെ.പി. എനിക്ക് പിന്നെയും സ്വീകാര്യമാകുന്നത്. 

ഏറ്റവും വെറുക്കുന്ന പാർട്ടിയും നേതാക്കളും ഭരണവും ഏതാണെന്ന് തെളിച്ച് പറയേണ്ടതില്ലല്ലൊ. മാർക്സിസം മറ്റൊരു അന്ധവിശ്വാസമാണ്. സമത്വസുന്ദരമായ ലോകം എന്നത് കാൾ മാർക്സിൻ്റെ മനോഹരമായ ഒരു സ്വപ്നം ആയിരുന്നു. ആ സ്വപ്നം ആരെയാണ് വശീകരിക്കാത്തത്. എന്നെയും വശീകരിച്ചിരുന്നു. അങ്ങനെ സ്വപ്നം കാണാനും ആ സ്വപ്നം ലോകത്തോട് പറയാനും കാൾ മാർക്സിന് അവകാശം ഉണ്ടായിരുന്നു. പക്ഷെ അതൊരു സ്വപ്നം മാത്രമാണ്. യാഥാർഥ്യവുമായി ഒരിക്കലും പൊരുത്തപ്പെടാത്തത്. ആ സ്വപ്നത്തെ യാഥാർഥ്യമാക്കാം എന്ന് പറഞ്ഞ, വിശ്വസിച്ച കമ്മ്യൂണിസ്റ്റുകൾ ലോകത്ത് കാട്ടിക്കൂട്ടിയതും ഇപ്പോൾ കാട്ടിക്കൂട്ടുന്നതും എല്ലാവർക്കും അറിയാം. മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിലും ജനാധിപത്യ സംസ്ക്കാരത്തിലും യോജിക്കുന്ന ഒരാൾക്കും ഈ ഒരു അന്ധവിശ്വാസത്തെ എതിർത്ത് തോല്പിക്കാതിരിക്കാൻ കഴിയില്ല. ഹിന്ദുക്കളുടെ വിശ്വാസങ്ങൾ നിർദ്ദോഷമാണ്. പക്ഷെ കമ്മ്യൂണിസ്റ്റിൻ്റെയും ഇസ്ലാമിസ്റ്റിൻ്റെയും വിശ്വാസങ്ങൾ മാനവികതയ്ക്ക് എതിരാണ് ആപത്താണ്. അത് തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടമാണ്. 

ഹിന്ദുക്കൾക്ക് ഒരു പാർട്ടി വേണം

 ഹിന്ദുക്കൾക്ക് ഒരു പാർട്ടി വേണം എന്നത് ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. അത് ആർക്കും എതിരായിട്ടോ ആരെയെങ്കിലും പുറത്താക്കാനോ ദ്രോഹിക്കാനോ അല്ല. ഇരവാദം മുഴക്കി ഹിന്ദുക്കളുടെ സർവ്വ അവകാശങ്ങളെയും കവർന്നെടുക്കുന്നത് പ്രതിരോധിക്കാനാണ്. ജനാധിപത്യം വളരെ പഴുതുകൾ ഉള്ളതാണ്. അത് മുതലെടുക്കുന്നത് മതതീവ്രവാദികളും ദേശവിരുദ്ധരുമാണ്. ജനാധിപത്യവിശ്വാസികളായ ഹിന്ദുക്കൾക്ക് അതൊക്കെ നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ.

ആർ.എസ്.എസ്സിൽ തീവ്രത പോര എന്ന് പറഞ്ഞാണ് ചിലർ ഹിന്ദുമഹാസഭയിൽ പോയത് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ എന്നറിയില്ല. എന്തായാലും അതിൻ്റെ പ്രവർത്തകനാണ് ഗാന്ധിജിയെ വധിച്ചത്. എന്തായാലും ഹിന്ദുമഹാസഭ പോലത്തെ തീവ്രഹിന്ദു പാർട്ടിയോ സംഘടനയോ അല്ല നമുക്ക് വേണ്ടത്. എല്ലാവർക്കും ജാതി-മത-പാർട്ടി ഭേദമെന്യേ സ്വൈര്യമായും സ്വതന്ത്രരായും സമാധാനത്തോടെയും ജീവിയ്ക്കാൻ കഴിയണം. ഒരു സംഘടിതമതം അല്ലാത്തത് കൊണ്ട് ഇത് തന്നെയാണ് എല്ലാ ഹിന്ദുക്കളുടെയും ചിന്താഗതിയും ആശയവും. എന്നാൽ സംഘടിത മതങ്ങൾക്ക് നിഗൂഢ അജണ്ടകളുണ്ട്. അവർക്ക് മതത്തിൽ ആള് കൂടണം. അത് എന്തിനാണ് എന്നറിയില്ല.

ഭൂമിയിൽ എല്ലാവരും മനുഷ്യരായി ജീവിച്ചാൽ മതി. പക്ഷെ മതങ്ങൾക്ക് അവരുടെ മതവിശ്വാസികളുടെ എണ്ണം കൂട്ടണം. അതിനാണ് മതപരിവർത്തനം. ഇത് സത്യം പറഞ്ഞാൽ മെയ്യനങ്ങാതെ തിന്നു കൊഴുക്കുന്ന പൗരോഹുത്യവർഗ്ഗത്തിൻ്റെ ആവശ്യമാണ്. മസ്തിഷ്ക്കം പൗരോഹിത്യത്തിന് പണയം വെച്ച, തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വാസികൾ മതമേലാളന്മാർക്ക് പാദസേവ ചെയ്യുന്നു. മതവിശ്വാസങ്ങൾ നുണകളും കെട്ടുകഥകളുമാണ്. പ്രകൃതിയിൽ ഒരു അത്ഭുതവും നടക്കുന്നില്ല. പക്ഷെ അത്ഭുതങ്ങൾ കാട്ടിയാണ് പുരോഹിതന്മാർ വിശ്വാസികളെ കൈയ്യിലെടുക്കുന്നത്. ഇന്ന് ലോകസമാധാനത്തിന് ഭീഷണി മതങ്ങളാണ്, മതത്തിൽ ആളെ കൂട്ടാനുള്ള നികൃഷ്ട പ്രവൃത്തികളാണ്.

ഹിന്ദുക്കൾക്ക് പുതിയ ഒരു പാർട്ടി ഉണ്ടാക്കുന്നത് പ്രായോഗികമല്ല. ആൾറെഡി എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ബി.ജെ.പി. ഹിന്ദു പാർട്ടി ആകുന്നതാണ് ഉത്തമം. അതിന് തങ്ങൾ ഹിന്ദു പാർട്ടി ആണെന്ന് പ്രഖ്യാപിക്കുകയോ പരസ്യപ്പെടുത്തുകയോ ഒന്നും വേണ്ട. പ്രവർത്തിയിൽ ഹിന്ദു പാർട്ടി ആയാൽ മതി. പക്ഷെ ബി.ജെ.പി.ക്കും ആർ.എസ്.എസ്സിനും ഗുരുതരമായ മതേതരരോഗം ബാധിച്ചിരിക്കുകയാണ് എന്ന് പറയാതെ വയ്യ. അതുകൊണ്ട് ബി.ജെ.പി.യും ക്രമേണ മറ്റൊരു കോൺഗ്രസ്സ് ആവുകയാണ് ചെയ്യുക. പക്ഷെ ബി.ജെ.പി.യിൽ ഒരു ഹിന്ദു സ്വാധീനം ഉണ്ട്. അല്ലായിരുന്നെങ്കിൽ ഇത്ര വളരുമായിരുന്നില്ലല്ലോ. ന്യൂനപക്ഷ ഇരവാദക്കാർ വ്യാജ മതേതരരുടെ പിന്തുണയോടെ കൂടുതൽ അഗ്രസ്സീവായി വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പുതിയ നേതൃത്വത്തിൻ കീഴിൽ ബി.ജെ.പി. ശരിക്കും ഒരു ഹിന്ദു പാർട്ടി ആകേണ്ടി വരും എന്നാണ് ഞാൻ കരുതുന്നത്.

ശരിക്ക് പറഞ്ഞാൽ വലത് പക്ഷം ആണ് എല്ലാ കാര്യത്തിലും ശരി. ഇടത് പക്ഷം എന്നത് എന്തൊക്കെയോ കപട ആദർശവും കബളിപ്പിക്കലും ആണ്. പെട്ടെന്ന് ആളുകളെ ആകർഷിക്കാൻ ഒരു കഴിവ് ഇടത് പക്ഷത്തിനുണ്ട്. ഇടത് പക്ഷം നല്ലതും പുരോഗമനവും എന്നും വലത് പക്ഷം മോശവും പിന്തിരിപ്പനും എന്നൊരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എനിക്ക് ഈ ക്ലാസ്സിഫിക്കേഷനിൽ എന്തെങ്കിലും കാര്യം ഉണ്ട് എന്ന് തോന്നിയിട്ടില്ല. പക്ഷെ ഈ വർഗീകരണം സമൂഹത്തിൽ വേരൂന്നിയത് കൊണ്ട് ഞാൻ പറയുന്നു വലത്പക്ഷമാണ് ശരിയെന്ന്, നമ്മൾ വലത് പക്ഷക്കാരാകണമെന്ന്.

അമേരിക്കയിൽ ട്രംപ് വിജയിച്ചപ്പോൾ ഒരു വലത് പക്ഷ മുന്നേറ്റം ലോകമാകെ ഉണ്ടായിരുന്നു. മോദിയുടെ വിജയവും വലത് പക്ഷ വിജയമായാണ് കൊണ്ടാടപ്പെട്ടത്. പക്ഷെ മോദിയും ബി.ജെ.പി.യും വ്യാജമതേതരക്കെണിയിൽ പെട്ട പോലെയാണ് തോന്നുന്നത്. ശരിക്ക് പറഞ്ഞാൽ വലത് പക്ഷത്തിന് മാത്രമേ യഥാർത്ഥ മതേതരരാകാൻ കഴിയൂ. മറ്റേ പക്ഷത്തിൻ്റെ മതേതരം ന്യൂനപക്ഷ പ്രീണനമാണ്. അങ്ങനെയാണ് അത് വ്യാജമതേതരം ആകുന്നത്. ശരിക്കുള്ള മതേതരർ മതത്തെ തിരസ്ക്കരിക്കുന്നവരാണ്. എല്ലാ മതവും നിന്നോട്ടെ എന്ന് പറയുന്നവർ ന്യൂനപക്ഷ ഇരവാദത്തിൻ്റെ വക്താക്കളാണ്. ഈ ആധുനിക കാലത്ത് മനുഷ്യർക്ക് മതം ഒരധികപ്പറ്റാണ്. ജന്മനാ ജനിച്ചത് പോലെ ഒരു മതത്തിലും ചേരാതെ ജീവിയ്ക്കുന്ന ഹിന്ദുക്കൾക്ക് ഇത് മനസ്സിലാകേണ്ടതാണ്.

അമേരിക്കയിൽ ട്രംപ് തോറ്റ് ബൈഡൻ ജയിച്ചപ്പോൾ അതൊരു ഇടത്പക്ഷ ഇരവാദ മുന്നേറ്റമായി വീണ്ടു മാറി. ഈ മുന്നേറ്റം ലോകത്ത് വീണ്ടും സംഘർഷവും അശാന്തിയും സൃഷ്ടിക്കുകയാണ്. മതങ്ങൾ മാത്രമാണ് ഇതിൻ്റെ കാരണം എന്ന് മനസ്സിലാക്കണം. മതത്തിന് ഇക്കാലത്ത് ഒരു നന്മയും ചെയ്യാനില്ല. പണ്ട് ചെയ്തെങ്കിൽ ഇന്ന് ചെയ്യുന്നത് ദ്രോഹമാണ്. മതം ഉപേക്ഷിച്ച് മാനവികതയിൽ ഒന്നിക്കുകയാണ് ചെയ്യേണ്ടത്. ഹിന്ദുക്കൾ മതവാദികളോ മതവിശ്വാസികളോ അല്ല. അതുകൊണ്ട് ഹിന്ദുത്വം എന്നത് മാനവികവാദമാണ്.