Links

Showing posts with label സോഷ്യലിസം. Show all posts
Showing posts with label സോഷ്യലിസം. Show all posts

സോഷ്യലിസം വെറും പിന്തിരിപ്പന്‍‌ ആശയം !

കാള്‍ മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയിട്ടില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഒന്നും സംഭവിക്കില്ല,ലോകം കറങ്ങിത്തിരിഞ്ഞ് ഇന്ന് കാണുന്ന അവസ്ഥയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടായിരിക്കും. എങ്ങനെയാണോ സാധ്യമാവുക അങ്ങനെയാണ് ലോകത്തിന്റെ ഗതി. മുന്നോട്ട് പോയേ പറ്റൂ. എല്ലാം ചലനാത്മകമാണ്. സമൂഹത്തിനും മുന്നോട്ട് ചലിച്ചേ കഴിയൂ. അതിന്റെ വഴിയില്‍ തടസ്സം നില്‍ക്കുന്ന എന്തിനേയും അത് തട്ടി മാറ്റും. തീര്‍ച്ചയായും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉയര്‍ന്നുവരികയും അത് എല്ലാം മാറ്റത്തിന്റെ പ്രേരകങ്ങളായി വര്‍ത്തിക്കുകയും ചെയ്യും. മാറ്റം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നു. എല്ലാം ചേര്‍ന്ന് മാറ്റത്തെ ഉണ്ടാക്കുന്നു. സമഗ്രമായി മാത്രമേ പ്രപഞ്ചവും സമൂഹവും ചലിക്കൂ. എന്റെ ആശയം അല്ലെങ്കില്‍ ഞാന്‍ മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രം അനുസരിച്ച് മാത്രമേ ലോകം മാറാവൂ എന്ന് ആരെങ്കിലും ശഠിച്ചാല്‍ ആ ശാഠ്യത്തോട് മാറ്റത്തിന് സഹതാപം തോന്നും. കാരണം മാറ്റം പ്രത്യേകിച്ച് ഒന്നിനെയും ആശ്രയിക്കുന്നില്ല.

സോഷ്യലിസം എന്ന ആശയം ആദ്യം അവതരിപ്പിച്ചത് 1516ല്‍ സര്‍ തോമസ് മൂര്‍ എഴുതിയ ഊട്ടോപ്യ എന്ന കൃതിയിലൂടെയാണ്. മാര്‍ക്സും ഏങ്കത്സും ചേര്‍ന്ന് 1848ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ദീകരിച്ചതില്‍ പിന്നെ ഉട്ടോപ്യന്‍ സോഷ്യലിസം എന്ന വാക്ക് പ്രചാരത്തില്‍ വന്നത് അത് ഒരു സാങ്കല്പിക സോഷ്യലിസമാണെന്ന് പറഞ്ഞാണ്. തങ്ങളുടേത് ശാസ്ത്രീയസോഷ്യലിസമാണെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ചത്. ശാസ്ത്രീയസോഷ്യലിസമെന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചയുടെയും നിലനില്പിന്റെയും മാറ്റത്തിന്റെയും നിയമം. അത് കണ്ടെത്തിയ സാമൂഹ്യശാസ്ത്രജ്ഞനായി കാള്‍ മാര്‍ക്സിനെ കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നു. അന്തിമമായി ശാസ്ത്രീയകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലേക്ക് ലോകം മാറുമെന്ന് ലോകത്ത് ഇപ്പോള്‍ ബാക്കിയുള്ള കമ്മ്യൂണിസ്റ്റ്കാര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഉട്ടോപ്യന്‍ സോഷ്യലിസം സാങ്കല്പികമാണെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന ശാസ്ത്രീയസോഷ്യലിസം ഒരു അറുപിന്തിരിപ്പന്‍ ആശയമണെന്നാണ് എനിക്ക് പറയാനുള്ളത്. അത് പരിശോധിക്കുന്നതിന് മുന്‍പ് 1917മുതല്‍ 1989വരെ സോവിയറ്റ് യൂനിയനില്‍ നിലവിലിരുന്ന സോഷ്യലിസം ഏത് ഗണത്തില്‍ പെടുന്ന സോഷ്യലിസമായിരുന്നു എന്നും ഇപ്പോള്‍ ചൈന,വിയറ്റ്നാം,ക്യൂബ,ഉത്തരകൊറിയ എന്നീ ശിഷ്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടപ്പിലുള്ളത് എന്ത് സോഷ്യലിസമാണെന്നും കൂടി അറിയേണ്ടതുണ്ട്. സോവിയറ്റ് യൂനിയനിലേത് ഒരു കപടസോഷ്യലിസമായിരുന്നു എന്ന് അന്നും ഇന്നും പല കമ്മ്യൂണിസ്റ്റ് ചിന്തകന്മാര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. Michael Batiukov എഴുതിയ ഒരു ലേഖനം മൂന്ന് ഭാഗങ്ങളായി ഇവിടെ വായിക്കുന്നത് നന്നായിരിക്കും ഒന്ന് , രണ്ട് , മൂന്ന് .

വ്യത്യസ്തമായ സാമ്പത്തിക ഘടനകളെക്കുറിച്ച് നാം പറയാറുണ്ട്. അതില്‍ പ്രധാനം സോഷ്യലിസവും ക്യാപിറ്റലിസവുമാണല്ലൊ. ഇവ രണ്ടും പ്രയോഗത്തില്‍ വിരുദ്ധധ്രുവങ്ങളില്‍ പെടുന്നതാണ്. സാമൂഹ്യസഹകരണത്തില്‍ അധിഷ്ഠിതമാണ് സോഷ്യലിസം. സാ‍മൂഹികമായ പരസ്പര മത്സരത്തില്‍ അധിഷ്ഠിതമായതാണ് ക്യാപിറ്റലിസം അഥവാ മുതലാളിത്വം. നിലവിലുള്ള സാമ്പത്തികവ്യവസ്ഥിതികളില്‍ ഇവ രണ്ടിന്റെയും സ്വാധീനമുണ്ടെങ്കിലും പൊതുവെ സ്വീകാര്യമായത് അല്ലെങ്കില്‍ പ്രായോഗികമായത് മുതലാളിത്വം അല്ലെങ്കില്‍ ക്യാപ്പിറ്റലിസം ആണെന്ന് കാണാം. സ്വകാര്യ-കുത്തക മൂലധനത്തില്‍ അധിഷ്ഠിതമായ ഉല്പാദന-വിതരണസമ്പ്രദായമാണ് മുതലാളിത്വം. എല്ലാ കാലത്തും നിലനിന്നിരുന്ന ഈ സമ്പ്രദായത്തിന് താത്വികമായ വിശദീകരണം നല്‍കിയത് 1776ല്‍ “The Wealth of Nations” എന്ന കൃതിയിലൂടെ ആഡം സ്മിത്ത് എന്ന ധനതത്വ ചിന്തകനായിരുന്നു. ഇന്നും സാമ്പത്തികശാസ്ത്രവിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ആഡം സ്മിത്തിനെയാണ്. മുതലാളിത്വവ്യവസ്ഥിതിയെ അനുകൂലിക്കുന്നവര്‍ ഉല്പാദന-വിതരണ ഉപാധികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആകുന്നതിനെ അനുകൂലിക്കുന്നില്ല്ല. സ്വകാര്യസംരഭങ്ങളിലൂടെ മാത്രമേ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങളും സേവനങ്ങളും ഇടതടവില്ലാതെ ലഭിക്കുകയുള്ളൂ എന്നും സമൂഹത്തിന്റെ ചലനാത്മകത മത്സരത്തില്‍ അധിഷ്ഠിതമാണെന്നും അവര്‍ വാദിക്കുന്നു. സമൂഹത്തിന്റെ ക്രമീകരണവും നീതിന്യായവ്യവസ്ഥയും നിയമവാഴ്ചയും ഉറപ്പാക്കലും മാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്നും പറയുന്നു. കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വിശദീകരിക്കുന്നത് ഏതാണ്ട് ഇപ്രകാരം തന്നെയാണെന്ന് കാണാന്‍ കഴിയും.

ഉല്പാദന-വിതരണോപാധികള്‍ മുഴുവനും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരിക്കണമെന്നും സ്വകാര്യ ഉടമസ്ഥതയില്‍ ഒന്നും പാടില്ല എന്നും എല്ലാറ്റിന്റെയും ഉടമ എന്ന് പറയുന്നത് സമൂഹം മൊത്തത്തില്‍ ആണെന്നും ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് ഒന്നിലും ഉടമാവകാശം പാടില്ലെന്നുമാണല്ലൊ സോഷ്യലിസ്റ്റ് സങ്കല്പം. ഈ ആശയം അപ്രായോഗികവും പിന്തിരിപ്പനുമാണെന്ന് പറയുന്നത് വാസ്തവത്തില്‍ ഡെങ്ങ് സിയാവോ പിങ്ങ് മുതല്‍ ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങി തോമസ് ഐസക്ക് വരെയുള്ളവര്‍ തന്നെയാണ്. എന്ത് കൊണ്ട് ? ഉത്തരം ലളിതമാണ്. ഏത് സര്‍ക്കാറിനും മൂലധനം സ്വരൂപിക്കാന്‍ പറ്റില്ല എന്നത് തന്നെ. ഞാന്‍ ഉറപ്പിച്ചു പറയുന്നു, ഒരു സര്‍ക്കാറിന് എല്ലാ ഉല്പാദനോപാധികളും അതിന്റെ കുത്തകയിലും അധീനതയിലുമാണെങ്കില്‍ ആ സര്‍ക്കാറിന് ഒരിക്കലും മൂലധനം സമാഹരിക്കാന്‍ കഴിയില്ല. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത മിശ്രസാമ്പത്തികവ്യവസ്ഥിതിയുടെ പ്രാധാന്യവും പ്രസക്തിയും അതാണ്. അതിനെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ തെറ്റായ സാമ്പത്തികനയം എന്ന് അന്നു മുതലേ യാന്ത്രികമായി എതിര്‍ത്തുവരുന്നത്. ആധുനിക ഇന്‍ഡ്യ ഇക്കാണുന്ന വളര്‍ച്ച നേടിയതും, ഇന്നത്തെ അഗോളസാമ്പത്തിക മാന്ദ്യത്തില്‍ ഉലയാതെ നില്‍ക്കുന്നതും ജവഹര്‍ലാല്‍ തുടക്കമിട്ട മിക്സ്ഡ് ഇക്കണോമി എന്ന സാമ്പത്തികസമ്പ്രദായത്തിന്റെ ഫലമായിട്ടാണ്.

എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആയിരുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കോലം എന്തായിരിക്കും? അത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ജനാധിപത്യസമ്പ്രദായവും പൊതു-സ്വകാര്യ ഉടമസ്ഥതയും അംഗീകരിച്ചു കൊണ്ട് തന്നെ നമുക്ക് ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ തീര്‍ച്ചയായും കഴിയും. എന്താണ് ജനാധിപത്യം ? വ്യത്യസ്തമായി ചിന്തിക്കുന്നവന്റെയും വിയോജിക്കുന്നവന്റെയും സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കുന്നതാണ് അത്. കമ്യൂണിസ്റ്റുകാര്‍ക്ക് അത് മനസ്സിലാവില്ല. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക് അത് ഉറപ്പാക്കിയതാണ് ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സിന്റെ മഹത്വം!

വാല്‍ക്കഷണം:

I disagree with anybody who can say that socialism (communism) has failed at the end of the 20th century. How something what never existed can ever fail? But I am sure that pseudo-socialism has failed big time. Why it is very important to know the difference between capitalism, socialism (communism) and pseudo-socialism in the 21st century? Because it can affect your future, it can affect your life, your freedoms and human rights. Capitalism still works. Socialism (communism) did never exist. Pseudo-socialism is based on terror, and always will fail sooner or later.

(Michael Alex Batiukov)

തകരുന്ന മുതലാളിത്തവും മലരുന്ന സോഷ്യലിസവും

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ആനന്ദത്താല്‍ ഹര്‍ഷപുളകിതരാണ് . എന്താണ് സംഗതിയെന്നല്ലെ. മുതലാളിത്തം അതിന്റെ പ്രഭവസ്ഥാനമായ അമേരിക്കയില്‍ തന്നെ കുമിളകള്‍ കണക്കെ പൊട്ടിത്തെറിച്ച് ചിതറിയിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി അത് പത്രക്കാരോട് പറയുമ്പോള്‍ എന്താ അദ്ദേഹത്തിന്റെ ഒരു സന്തോഷം! സാമ്പത്തികമായി അമേരിക്ക തകരുക എന്ന് വെച്ചാല്‍ മുതലാളിത്തം തകരുന്നു എന്ന് തന്നെയാണ് അര്‍ത്ഥം . മുതലാളിത്തത്തിന് പകരം വയ്ക്കാന്‍ സോഷ്യലിസമല്ലാതെ മറ്റൊന്നില്ല. ഇപ്പോള്‍ യൂറോപ്പില്‍ ഏറ്റവും അധികം വില്പനയാവുന്ന ഗ്രന്ഥം കാള്‍ മാര്‍ക്സിന്റെ മൂലധനം ആണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട് . സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭൌതികസാഹചര്യങ്ങള്‍, മുതലാളിത്തത്തിന്റെ തകര്‍ച്ചയോടെ യൂറോപ്പില്‍ പാകപ്പെട്ടുവരുന്നതായാണ് സൂചനകള്‍.

ഇത്തരുണത്തില്‍ എന്താണ് മുതലാളിത്തം എന്താണ് സോഷ്യലിസം, അവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നമുക്കൊന്ന് മനസ്സിലാക്കണ്ടെ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മൂലധനവും പ്രത്യുല്‍പാദനസാമഗ്രികളും എല്ലാം പൊതു ഉടമസ്ഥതയില്‍ ആയിരിക്കണം. പൊതു ഉടമസ്ഥന്‍ സര്‍ക്കാര്‍ ആയിരിക്കും. അതായത് മുതലാളിയുടെ റോള്‍ സര്‍ക്കാറിനായിരിക്കും. ലോകത്ത് തൊഴിലാളികളേ ഉണ്ടാവൂ , മുതലാളിമാര്‍ ഉണ്ടാവില്ല. തൊഴിലാളികള്‍ക്ക് അവരുടെ ഒരു പാര്‍ട്ടിയുണ്ടാവും. ആ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരിക്കും സര്‍ക്കാര്‍ . അതായത് സര്‍ക്കാറും മൂലധനവും പ്രത്യുല്പാദനോപാധികളും പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. പാര്‍ട്ടി അതിന്റെ ഉന്നതാധികാരസമിതിയുടെ തലവന്റെ നിയന്ത്രണത്തിലുമായിരിക്കും. തൊഴിലാളികള്‍ക്ക് പണി എടുക്കുക എന്ന പണിയേയുള്ളൂ. ബാക്കി എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും.

പാര്‍ട്ടിയിലേക്ക് പുതുതായി അംഗങ്ങളെ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ ചേര്‍ക്കും. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ വിവിധസഭകളില്‍ മത്സരിക്കും. ഒരു സ്ഥാനാര്‍ത്ഥിയേ മത്സരരംഗത്ത് ഉണ്ടാവൂ. ആ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായ തൊഴിലാളികള്‍ 99.999 ശതമാനം ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കും. മനസ്സിലായില്ലെ ? സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ നിരാകരിക്കാം യെസ് ഓര്‍ നോ. ആരും നോ പറയില്ല. അങ്ങനെയാണ് വിജയശതമാനം 99 കവിഞ്ഞ് നൂറിനോട് അടുക്കുന്നത്. പിന്നെയെന്തിനാണ് തെരഞ്ഞെടുപ്പ് എന്നല്ലെ. അതാണ് യഥാര്‍ത്ഥജനാധിപത്യം, മറിച്ചുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണ്.

തൊഴിലാളിക്ക് പണിയും , പണി എടുത്താല്‍ കൂലിയും കിട്ടണം. ഇത് രണ്ടും സോഷ്യലിസത്തില്‍ ഗ്യാരണ്ടിയാണ്. എന്ത് പണി എടുക്കണം എത്ര കൂലി വേണം എന്നതൊക്കെ സര്‍ക്കാര്‍ തീരുമാനിക്കും. മൂലധനവും പ്രത്യുല്പാ‍ദനസാമഗ്രികളും പാര്‍ട്ടി നിയന്ത്രിക്കുന്ന സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. ചുരുക്കത്തില്‍ ഇതാണ് സോഷ്യലിസം. തൊഴിലാളികളുടെ പാര്‍ട്ടിയും , പാര്‍ട്ടിയുടെ സര്‍ക്കാറും ആയതിനാല്‍ പണിമുടക്ക്,ബന്ദ്,ഹര്‍ത്താല്‍ ഒന്നും ഉണ്ടാവില്ല. ഒരു കണക്കിന് സുന്ദരമായ വ്യവസ്ഥിതി. ഈ വ്യവസ്ഥിതിയാണ് സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളിലും ഗോര്‍ബ്ബച്ചേവിസം ബാധിച്ച് പൊളിഞ്ഞ് പോയത്. അതിന്റെ ആഘാതത്തില്‍ ചൈനയില്‍ സ്വത്തവകാശവും സ്വകാര്യമൂലധനവും ഭരണഘടനാഭേദഗതിയിലൂടെ ഈയടുത്തകാലത്താണ് പുന:സ്ഥാപിച്ചത്. അവിടെ കൃഷിഭൂമി കര്‍ഷകര്‍ക്ക് ആദ്യം പാട്ടത്തിനും പിന്നീട് ക്രയവിക്രയാവകാശങ്ങളോടെയും തിരിച്ചുകൊടുത്തിരുന്നു.

മുതലാളിത്തത്തില്‍ മൂലധനവും പ്രത്യുല്പാദനസാമഗ്രികളും മുതലാളിമാരുടെ കൈകളിലായിരിക്കും. അതാണ് പ്രശ്നം. അമേരിക്കയില്‍ സര്‍വ്വതും സ്വകാര്യമേഖലയിലാണ്. നമ്മള്‍ വിചാരിച്ചത് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പോലെ ക്യാപിറ്റലിസമാണ് ലോകത്തിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നാണ്. ആ വിചാരം തെറ്റാണെന്ന് ഇപ്പോള്‍ തെളിയിച്ചത് അമേരിക്ക തന്നെയാണ്. ഗോര്‍ബ്ബച്ചേവിസം കമ്മ്യൂണിസത്തെ തകര്‍ത്ത പോലെ ബുഷിസമാണോ അമേരിക്കയെ തകര്‍ത്തതെന്ന കാര്യത്തില്‍ തീര്‍പ്പ് വന്നിട്ടില്ല. ഇനിയിപ്പോള്‍ സോഷ്യലിസം എന്ന എക്കണോമിക്കല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വെച്ചടി വെച്ചടി വ്യാപിക്കും. തുടക്കം എവിടെ നിന്നാവുമെന്നാണ് വ്യക്തമാവാത്തത്. കൊടുത്തതെല്ലാം തിരിച്ച് പിടിച്ച് ചൈനയില്‍ നിന്ന് ആരംഭം കുറിക്കുമോ അതോ ഇപ്പോഴും സോഷ്യലിസം അഭംഗുരം പുലരുന്ന ക്യൂബയില്‍ നിന്ന് ലോകത്തേക്ക് പടര്‍ന്ന് പന്തലിക്കുമോ എന്നാണറിയേണ്ടത്. ഏതായാലും ഇനിയുള്ള കാലം സോഷ്യലിസത്തിന്റേതാണ് എന്ന് തീര്‍ച്ച. അങ്ങനെ വിപ്ലവം നടത്താനുള്ള ബാധ്യത ഒഴിഞ്ഞുകിട്ടിയല്ലോ എന്ന സന്തോഷം കൂടി നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലാതില്ല.