Links

വിശ്വാസങ്ങൾ ഇരുമ്പുലക്കയല്ല !


വിശ്വാസം ഒരു നിമിഷം പോലും ഉപേക്ഷിക്കുകയില്ലെന്നും വിശ്വാസത്തിനു വേണ്ടി മരിക്കുമെന്നും ചിലർ എന്റെ പോസ്റ്റിൽ കമന്റ് എഴുതുക...
Posted by KP Sukumaran on Tuesday, 28 July 2015

സി.പി.എം. പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും , എന്ത്കൊണ്ട് ?

മാർക്സിസ്റ്റ് പാർട്ടിക്ക് മേലുള്ള കുരുക്ക് മുറുകുകയാണു എന്നാണു മനസ്സിലാക്കേണ്ടത്. ഇപ്പോൾ അവധിയിൽ പ്രവേശിച്ചു എന്ന് കേൾക്കുന്ന സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടരി പി.ജയരാജൻ ഒരു കൊലക്കേസിൽ പ്രതിയായേക്കും എന്നുള്ള സൂചനകളും വാർത്തകളിൽ കാണുന്നു. ടി.പി.വധക്കേസിലെ ഗൂഢാലോചനയും ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിന്റെ പുനരന്വേഷണവും സി.ബി.ഐ. ഏറ്റെടുത്തേക്കുമെന്നും ഒക്കെ വാർത്തകൾ വരുന്നുണ്ട്. അങ്ങനെയൊക്കെ വരുമ്പോൾ സി.പി.എം. അകപ്പെടുന്ന പ്രതിസന്ധികളിൽ നിന്ന് ആ പാർട്ടിക്ക് പുറത്ത് കടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

സി.പി.എമ്മിൽ നിന്ന് ആളുകൾ ബി.ജെ.പി.യിലേക്ക് ഒഴുകുന്ന സാഹചര്യവുമുണ്ട്. മുൻപൊക്കെ കോൺഗ്രസ്സിൽ നിന്നാണു ആളുകൾ ഒറ്റയും തെറ്റയുമായി ബി.ജെ.പി.യിലേക്ക് ചേക്കേറിയിരുന്നത്. കോൺഗ്രസ്സ് ക്ഷയിച്ചാൽ മാത്രമേ കേരളത്തിൽ ബി.ജെ.പി. വളരൂ എന്നൊരു സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. കോൺഗ്രസ്സിൽ നിന്ന് ആരും കൂട്ടത്തോടെ മറ്റ് പാർട്ടികളിലേക്ക് പോവുകയില്ല. കോൺഗ്രസ്സുകാർ അക്രമണോത്സുക രാഷ്ട്രീയത്തിന്റെ ആൾക്കാരല്ല. ശാന്തിയും സമാധാനവും ആണു അവർക്ക് വേണ്ടത്. ഇനി സി.പി.എം. ശോഷിച്ചാലാണു ബി.ജെ.പി. വളരുക. ആ സാഹചര്യമാണു ഇപ്പോൾ കേരളത്തിലുള്ളത്.

ജാതിയും മതവും ഇന്ന് പൊളിറ്റിക്സിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. ഇതും സി.പി.എം. തന്നെയാണു കേരളത്തിൽ വളർത്തിക്കൊണ്ട് വന്നത്. എല്ലാ തിന്മകളും രാഷ്ട്രീയത്തിൽ കലർത്തിയത് സി.പി.എം. തന്നെയാണു. എല്ലാറ്റിനും അടവ്‌നയം എന്ന ഓമനപ്പേരിടും. സംശുദ്ധമായ പ്രത്യയശാസ്ത്രവും അഹിംസാസിദ്ധാന്തവും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാ‍ഗമാക്കി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം സമ്പാദിച്ചു തരികയും , ജനാധിപത്യവും മതനിരപേക്ഷവുമായ ഒരു ഭരണഘടന രാജ്യത്തിനു പ്രദാനം ചെയ്യുകയും ചെയ്ത കോൺഗ്രസ്സിനു രാഷ്ട്രീയത്തിൽ മാലിന്യം കലർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചരിത്രം നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് അത് മനസ്സിലാകും. പ്രചരണങ്ങൾ ഒന്നും വസ്തുനിഷ്ഠമായിരിക്കില്ല.

കമ്മ്യൂണിസ്റ്റ് തത്വത്തിലെ സ്റ്റാലിനിസ്റ്റ് രീതിയുടെ ആരാധകരാണു സി.പി.എമ്മിൽ ഊറിക്കൂടിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സ്റ്റാലിനിസ്റ്റുകൾ സി.പി.എമ്മിലും സ്റ്റാലിനിസ്റ്റ് വിരുദ്ധർ സി.പി.ഐ.യിലും അണിനിരന്നു. ദൌർഭാഗ്യവശാൽ ഏ.കെ.ജി. എന്ന മഹാനായ മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ് സി.പി.എമ്മിൽ ചേർന്നു. ഏ.കെ.ജി.യെ സ്നേഹിക്കുന്നവരായിരുന്നു സാധാരണക്കാരായ ആളുകൾ ഏറെയും. സി.പി.എമ്മിൽ അണികൾ ഭൂരിപക്ഷവും അണിചേരാൻ അതായിരുന്നു കാരണം. ചിന്തിക്കുന്ന ഭൂരിപക്ഷം നേതാക്കളും സി.പി.ഐ.യിലും ഉറച്ചു നിന്നു. ആളുകൾ കൂടുതലും സി.പി.എമ്മിൽ ആണെന്ന് മനസ്സിലാക്കി അത് വരെ കയ്യാലപ്പുറത്ത് നിന്നിരുന്ന തന്ത്രജ്ഞനായ നമ്പൂതിരിപ്പാട് പിന്നീട് സി.പി.എമ്മിൽ ചേരുകയും , തന്റെ കുബുദ്ധി കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസത്തെ കുളിപ്പിച്ച് കിടത്തി എന്നതും ചരിത്രം.

ചരിത്രം രചിക്കപ്പെടുന്നത് ആകസ്മികമായ സംഭവങ്ങളിലൂടെയാണു. ഒന്നും മുൻ‌കൂട്ടി എഴുതപ്പെട്ട തിരക്കഥയുടെ ഭാഗമായല്ല സംഭവിക്കുന്നത്. യാദൃഛികസംഭവങ്ങൾ ചരിത്രത്തെ നിർമ്മിക്കുകയാണു. ഇന്ത്യയിലേക്ക് യാത്ര തിരിച്ച കൊളംബസ്സ് വഴി തെറ്റി അമേരിക്കയിൽ എത്തിപ്പെട്ടത് ലോകത്തിന്റെ ചരിത്രത്തെ മാറ്റി മറിച്ചില്ലേ? രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയിലേക്ക് മുന്നേറിയ നാസി സൈന്യം സൈബിരിയയിൽ ഉണ്ടായ മഞ്ഞുവീഴ്ച മൂലം തിരിച്ചുപോരേണ്ടി വന്നു. അത്കൊണ്ടാണു റഷ്യയും അമേരിക്കയും ബ്രിട്ടനും ഉൾപെടുന്ന സഖ്യകക്ഷികൾക്ക് ജർമ്മനിയെയും സഖ്യകക്ഷികളെയും തോല്പിക്കാൻ കഴിഞ്ഞത്. യാദൃഛികമായ ഒരു മഞ്ഞ് വീഴ്ച ലോകത്തിന്റെ ചരിത്രത്തെയും അതിർത്തികളെയും നിർണ്ണയിക്കുകയായിരുന്നു.

കമ്മ്യൂണിസം അതിന്റെ മാനവികമായ അടിത്തറയിൽ തന്നെ ലോകത്ത് പരീക്ഷിക്കപ്പെടുമായിരുന്നു. ജോസഫ് സ്റ്റാലിൻ എന്ന ക്രൂരതയുടെ പര്യായമായ ഒരൊറ്റ വ്യക്തി ലോകത്ത് മുഴുവൻ ആ സാധ്യത ഇല്ലാതാക്കി എന്നതാണു ഇന്നത്തെ കമ്മ്യൂണിസ്റ്റ് ബാക്കിപത്രം. കണ്ണൂർകാരായ സി.പി.എമ്മുകാർ കറ കളഞ്ഞ സ്റ്റാലിനിസ്റ്റുകളാണു. അങ്ങനെയാണു കൊലപാതകവും അക്രമണവും മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയാകുന്നത്. സി.പി.എം. വെറുക്കപ്പെടാനും അതിന്റെ അണികളാൽ ആരാധിക്കപ്പെടാനും കാരണം ഈ അക്രമണോത്സുകത തന്നെ. ഭൂരിപക്ഷം ജനങ്ങൾക്കും വേണ്ടത് സമാധാനമാണു. അത്കൊണ്ട് സി.പി.എമ്മിന്റെ വളർച്ച മുരടിച്ചു.

സി.പി.എമ്മിന്റെ കൊലപാതകങ്ങളും അക്രമങ്ങളും ചുണ്ടിക്കാണിക്കുമ്പോൾ മറ്റ് പാർട്ടികളും കൊന്നില്ലേ , അക്രമം നടത്തിയില്ലേ എന്ന ഞഞ്ഞാമിഞ്ഞ ന്യായം കൊണ്ട് പ്രതിരോധിക്കാനും ന്യായീകരിക്കാനും ചിലർ മുതിരാറുണ്ട്. എന്നാൽ ആ ന്യായം ജനാധിപത്യവിശ്വാസികൾക്കും സമാധാനപ്രിയർക്കും ബോധ്യമാകുന്നതല്ല. എന്തെന്നാൽ കൊല്ലാനും ഏത് നിമിഷവും ആരെയും അക്രമിക്കാനും സദാ സജ്ജമായ ഒരു പാർട്ടിമെഷിനറി കേരളത്തിൽ ഒരു പക്ഷെ ഇന്ത്യയിൽ തന്നെ സി.പി.എമ്മിനു മാത്രമേയുള്ളൂ. ആ തിരിച്ചരിവ് കൊണ്ട് ആളുകൾ സി.പി.എമ്മിനെ സദാ പേടിക്കുന്നു. പെട്ടെന്ന് കിട്ടുന്ന ഒരടിയേക്കാളും കത്തിക്കുത്തിനേക്കാളും മാരകമാണു നിരന്തരം പിന്തുടരുന്ന ആ പേടി. സി.പി.എമ്മിനു ഇനി നന്നാകാനോ മാറാനോ കഴിയില്ല. യു.ഡി.എഫിന്റെ ഭരണത്തുടർച്ചയോടെ കേരളത്തിലും സി.പി.എം. നാമാവശേഷമാകാനാണു പോകുന്നത്.

Intel Compute Stick ( മിനി കമ്പ്യൂട്ടർ )

ആദ്യമേ പറയട്ടെ, കമ്പ്യൂട്ടറിന്റെ എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാവുന്ന ഒരു ഫുൾ കമ്പ്യൂട്ടർ അല്ല ഇത്. എന്നാൽ ഈ കമ്പ്യൂട്ട് സ്റ്റിക്ക് വാങ്ങുമ്പോൾ  യഥാർഥത്തിൽ ഇതിലുള്ള വിൻഡോസ് 8.1 സോഫ്റ്റ്‌വേറിന്റെ പൈസ മാത്രമേ ചെലവാകുന്നുള്ളൂ. മാത്രമല്ല വിൻഡോസ് 10 സോഫ്റ്റ്‌വേർ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട് കിട്ടുകയും ചെയ്യും. അപ്പോൾ നമ്മൾ 9,999 രൂപ കൊടുത്ത് വിൻഡോസ്10 ഓ.എസ് (സോഫ്റ്റ്‌വേർ) വാങ്ങി എന്ന് കരിതിയാൽ ഈ മിനി കമ്പ്യൂട്ടർ നമുക്ക് വെറുതെ കിട്ടുന്നതാണു. നിലവിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും ചെറിയ പേഴ്‌സണൽ കമ്പ്യൂട്ടർ ആണു ഈ ഇന്റൽ കമ്പ്യൂട്ട് സ്റ്റിക്ക് എന്ന് പറയാം.
ഇതിന്റെ സ്പെസിഫിക്കേഷൻ ഇതാണു:

ഒരു സ്മാർട്ട് ടിവിയും ബ്രോഡ്‌ബാന്റ് കണൿഷനും ഉണ്ടെങ്കിൽ നമുക്ക് ഇത് ടിവിയിൽ കണക്ട് ചെയ്ത് ടിവിയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാം. ഒരു വയർലസ്സ് കീബോർഡും മൌസും വാങ്ങി സെറ്റിയിൽ ഇരുന്നുകൊണ്ട് കമ്പ്യൂട്ടറിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ടിവിയിൽ ചെയ്യാം. അതായത് ടിവിയെ നമ്മൾ പേഴ്സണൽ കമ്പ്യൂട്ടറിന്റെ മോണിട്ടർ ആക്കി മാറ്റുകയാണു. ടിവി എത്ര ഇഞ്ച് വലുപ്പം ഉള്ളതായാലും സാരമില്ല. ദൂരെ സോഫയിൽ ഇരുന്നുകൊണ്ട് കീബോർഡിൽ മംഗ്ലീഷിൽ മലയാളം പോലും ടൈപ്പ് ചെയ്യാം. കീമാൻ ഡെസ്ൿടോപ്-9 എന്ന സോഫ്റ്റ്‌വേർ ഇൻസ്റ്റാൾ ചെയ്യണം എന്ന് മാത്രം. ഏത് കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലും ഇപ്പറഞ്ഞ കീമാൻ ഇൻസ്റ്റാൾ ചെയ്താൽ ഫേസ്‌ബുക്കിലും മറ്റും മലയാളം നേരിട്ട് ടൈപ്പ് ചെയ്യാം. കീമാൻ ഇവിടെ നിന്ന് ഡൌൺ‌ലോഡ് ചെയ്യാം. ഞാൻ ടിവിയിൽ കീമാൻ ഡൌൺ‌ലോഡ് ചെയ്യുന്നത് നോക്കുക:


കമ്പ്യൂട്ടറിലും ആൻഡ്രോയ്‌ഡ് ഫോണിലും ഐപാഡിലും മലയാളത്തിൽ ടൈപ്പ് ചെയ്യാനും വായിക്കാനും ഇന്ന് എല്ലാവർക്കും കഴിയുന്നുണ്ടെങ്കിലും മലയാളം എഴുതാൻ അറിയാതെ മംഗ്ലീഷിൽ എഴുതുന്നവരും ധാരാളമുണ്ട്. അത്തരക്കാർ കമ്പ്യൂട്ടറിൽ മേൽക്കാണുന്ന ലിങ്കിൽ നിന്ന് കീമാൻ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. വിൻഡോസ് 7ലും 8ലും ഇത് വർക്ക് ചെയ്യും. ആൻഡ്രോയ്‌ഡിലും  ഐപാഡിലും  മലയാളം എഴുതാൻ വരമൊഴി ആപ്പ് തന്നെയാണു നല്ലത്. കൂടാതെ ഒരു യുനികോഡ് ഫോണ്ടും കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യണം. പഴയ ഒരു യുനിക്കോഡ് ഫോണ്ട് ആണു അഞ്ജലി‌ഓൾഡ്‌ലിപി. ഞാൻ ഇതാണു ഇന്നും ഉപയോഗിക്കുന്നത്. ഈ അഞ്ജലി‌ഓൾഡ്‌ലിപി ഇവിടെ നിന്ന് ഡൌൺ‌ലോഡ് ചെയ്ത് കോപ്പി ചെയ്തതിനു ശേഷം കമ്പ്യൂട്ടറിലെ C ഡ്രൈവ് തുറന്ന് Windows ഫോൾഡറിൽ Font സബ് ഫോൾഡർ തുറന്ന് അതിൽ പേസ്റ്റ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് വെബ്‌പേജുകൾ പഴയ മലയാളം ലിപിയിൽ വായിക്കാൻ പറ്റും.

ബ്രോഡ്‌ബാൻഡ് കണൿഷനും വയർലെസ് മോഡവും ഇല്ലെങ്കിലും സ്മാർട്ട് ടിവിയും ആൻഡ്രോയ്‌ഡ് ഫോണും ഉണ്ടെങ്കിലും Intel Compute Stick ഉപയോഗിച്ച് ടിവിയെ കമ്പ്യൂട്ടറാക്കി മാറ്റി നെറ്റ് സർച്ച് ചെയ്യാം. ഫേസ്‌ബുക്കിൽ പോസ്റ്റുകൾ എഴുതാം. 3ജി ആകുമ്പോൾ നല്ല സ്പീഡും കിട്ടും. പരിസരത്ത് ഏതാണോ നല്ല കവറേജും സ്പീഡും ഉള്ളത് ആ സിം കാർഡ് വാങ്ങിയാൽ മതി. ഐഡിയയും എയർടെല്ലും നല്ല സ്പീഡ് കിട്ടും എന്നാണു എന്റെ അനുഭവം. ഇനി അഥവാ സ്മാർട്ട് ടിവി ഇല്ലെങ്കിൽ HDMI പോർട്ട് ഉള്ള ഒരു മോണിട്ടർ വാങ്ങിയാലും മതി.  9,999 രൂപയ്ക്ക് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഈ മിനി കമ്പ്യൂട്ടർ വാങ്ങുന്നത് ഒരിക്കലും നഷ്ടമല്ല എന്നും ആ പൈസയുടെ മൂല്യം അതിനുണ്ട് എന്നുമാണു എന്റെ അഭിപ്രായം. ടിവിയും കമ്പ്യൂട്ടറും ബ്രോഡ്‌ബാൻഡും ഫോണും എല്ലാം ഉള്ളവർക്ക് ഒരു ഫാൻസി ഐറ്റമായും ഇത് വാങ്ങാം. അത്രയല്ലേ വിലയുള്ളൂ. ഫ്ലിപ്‌കാർട്ടിൽ ഓർഡർ ചെയ്താൽ വീട്ടിൽ എത്തുകയും ചെയ്യും.