Links

വലത്പക്ഷമാണ് ശരി ..


ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞ കണക്കാണു ഈ പുരോഗമനക്കാരുടെയും മനുഷ്യസ്നേഹികളുടെയും ഇടത്പക്ഷക്കാരുടെയും എല്ലാം ഒരു കാര്യം. അവരൊക്കെ ശുദ്ധന്മാരാണു. മനുഷ്യനു നല്ലത് വരണം എന്നത് കൊണ്ടാണു ഓരോ അഭിപ്രായങ്ങളും പറയുന്നത്. എന്നാൽ അത്തരം പറച്ചിലുകളിൽ പലതും ദുഷ്ടന്റെ ഫലം ചെയ്യുന്നതാണു.  ആ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്കൊണ്ടാണു ഞാൻ വലത്പക്ഷക്കാരനാകുന്നത്.  എനിക്കും ഏറെ ഇഷ്ടം വലത്പക്ഷമാകുന്നതാണു. ഞാൻ പറയുന്നത് ദുഷ്ടത്തരമായി ശുദ്ധന്മാർക്ക് തോന്നിയാലും പ്രായോഗികമായി മനുഷ്യന്റെ നിലനില്പിലാണു എന്റെ ശ്രദ്ധയും ഗൗനവും.

ജന്മിത്വം എന്നത് പിന്തിരിപ്പൻ ആശയമാണു ശുദ്ധന്മാർക്ക്. അവർക്ക് ഭൂപരിഷ്ക്കരണമാണു പുരോഗമനം. അതായത് ഭൂമി എല്ലാവർക്കും വീതിച്ച് നൽകുക. കേരളത്തിൽ നടപ്പാക്കി എന്ന് പറയുന്ന ഭൂപരിഷ്ക്കരണം വളരെ പുരോഗമനമാണു ശുദ്ധന്മാർക്ക്. ഇന്ത്യ മൊത്തം ഭൂപരിഷ്ക്കരണം നടപ്പാക്കാത്തതിൽ, അതായത് ഉള്ള ഭൂമി എല്ലാവർക്കുമായി വീതിച്ചു നൽകാത്തതിൽ ഈ ശുദ്ധന്മാർ ഖിന്നരും അസംതൃപ്തരുമാണു.

എന്നാൽ എന്റെ നിരീക്ഷണത്തിൽ ഇന്ത്യ മൊത്തം ഭൂപരിഷ്ക്കരണം നടപ്പാക്കിയാൽ എന്ത് സംഭവിക്കുമെന്നോ? ഇന്ത്യ ഒരു കേരളമാകും. അതായത്, അവനവനു കിട്ടിയ സ്ഥലത്തിന്റെ നടുക്ക് ഒരു വീടും വെച്ച്  വിശാലമായ മുറ്റവും ഒരുക്കി ബാക്കിയുള്ള സ്ഥലത്ത് അവനു ഇഷ്ടമുള്ളത് നടുകയോ നടാതിരിക്കുകയോ ചെയ്യും. എല്ലാവർക്കും ഭൂമി കിട്ടി, എല്ലാവരും കൃഷി ചെയ്ത് , എല്ലാവർക്കും ആവശ്യമായ ഭക്ഷ്യപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കപ്പെടും എന്ന് ശുദ്ധന്മാർ സ്വപ്നം കണ്ടാലും അത് അപ്രായോഗികമാണു.

സംഗതി പുരോഗമനക്കാർക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിലും,  നൂറു കണക്കിനു ഏക്കർ കൃഷിസ്ഥലം ജന്മിയുടെ കൈവശം ഇരിക്കുകയും അതിൽ തൊഴിലാളികൾ പണി എടുക്കുകയും ചെയ്യുന്ന സമ്പ്രദായം കേരളത്തിനു പുറത്ത് നിലനിൽക്കുന്നത് കൊണ്ടാണു മലയാളി മൂന്ന് നേരവും ആഹാരം കഴിക്കുന്നത്. പറയുമ്പോൾ ഈ സിസ്റ്റം പിന്തിരിപ്പൻ ആയി തോന്നും. ഭൂപരിഷ്ക്കരണം പുരോഗമനം എന്നും തോന്നും. കാർഷികതൊഴിലാളികളെ വെച്ച് പണി എടുപ്പിച്ച് കൃഷി ചെയ്യുന്ന സമ്പ്രദായത്തിൽ മാത്രമേ എല്ലാവർക്കും ആവശ്യമുള്ള ഭക്ഷ്യപദാർത്ഥങ്ങളുടെ ഉല്പാദനം നടക്കൂ. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ചിന്തിച്ചാൽ ഇത് മനസ്സിലാകേണ്ടതാണു.

ഭൂമി എന്നത് കൃഷി ചെയ്യാൻ മാത്രമുള്ളതാണു. താമസിക്കാൻ വീട് മാത്രം മതി. കേന്ദ്രീകൃതവും വ്യാവസായിക അടിസ്ഥാനത്തിലുള്ളതുമായ കൃഷി സമ്പ്രദായം ഇല്ലാതാക്കി ഭൂമി വീതം വെച്ചാൽ ഭക്ഷ്യക്ഷാമമായിരിക്കും ഫലം. ജന്മിത്വം എന്ന സമ്പ്രദായത്തിൽ, കേന്ദ്രീകൃത കൃഷി നടന്ന് എല്ലാവർക്കും ഭക്ഷണം എന്ന ആവശ്യം നിറവേറപ്പെടുന്നുണ്ട്. അത്പോലെ തന്നെ മൂലധനം ഒരിടത്ത് കേന്ദ്രീകരിക്കുന്നത്കൊണ്ട് മനുഷ്യന്റെ അധ്വാനശക്തി എല്ലാവരുടെയും ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടാൻ വേണ്ടി പ്രചോദിപ്പിക്കപ്പെടുന്നുണ്ട്. ഭൂമിയും മൂലധനവും വികേന്ദ്രീകരിക്കപ്പെട്ടാൽ സമൂഹം നിലനിൽക്കില്ല. ഇപ്പോൾ നടപ്പിൽ ഉള്ള രീതിയാണു പ്രായോഗികം എന്നാണു എന്റെ വലത്പക്ഷ ബുദ്ധിക്ക് തോന്നുന്നത്.

ജനാധിപത്യവും പ്രക്ഷോഭങ്ങളും


പ്രതിഷേധം എന്നത് ഒരു വ്യക്തിക്കോ സമൂഹത്തിനോ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കാരണം നമ്മള്‍ സമൂഹജീവിയാണ്.  സമൂഹത്തിലെ ഓരോ ചലനവും നമ്മളില്‍ ചെറുതോ വലുതോ ആയ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നുന്നുണ്ട്.

നമ്മുടെ രാജ്യം 120 കോടിയില്‍ അധികം ജനങ്ങളുള്ള വലിയൊരു നാടാണ്. സെന്‍സസ്സില്‍ പെടാത്ത ആള്‍ക്കാരും രാജ്യത്ത് എത്രയോ കാണും. ജനസഖ്യാവര്‍ദ്ധന നിയന്ത്രിക്കാന്‍ നമ്മുടെ രാജ്യത്ത് ഫലപ്രദമായ ഒരു നടപടിയും ഇപ്പോഴില്ല. തെരുവുകളിലും ടെന്റുകളിലും ശിശുക്കള്‍ പിറന്നു വീഴുന്നുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. അത്കൊണ്ട് രാജ്യത്തെ എല്ലാ ആളുകളെയും വിദ്യാഭ്യാസം നല്‍കി സംസ്കൃതചിത്തരായ പൌരന്മാരാക്കി വളര്‍ത്തിയെടുക്കാന്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ ഒരു കാരണവശാലും കഴിയില്ല.

അതിനാല്‍ തന്നെ കുറ്റവാസനയും ക്രിമിനല്‍ സ്വഭാവവും ഉള്ള ആള്‍ക്കാര്‍ രാജ്യത്ത് ആനുപാതികമായി പെരുകാനും സാധ്യത വളരെ കൂടുതലാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് എത്ര ക്രൂരമായ കൃത്യങ്ങളും ചെയ്യാന്‍ നമ്മുടെ നാട്ടില്‍ ക്രിമിനലുകള്‍ക്ക് കഴിയും. ദൌര്‍ഭാഗ്യവശാല്‍ ജനസംഖ്യ നിയന്ത്രിക്കേണ്ട ആവശ്യത്തെ പറ്റി ഇപ്പോഴൊന്നും ആരും മിണ്ടുന്നില്ല. മതങ്ങളെ വെറുപ്പിക്കലായിരിക്കും അതെന്നതാവാം കാരണം. തങ്ങളുടെ മതത്തില്‍ ആളുകള്‍ വര്‍ദ്ധിക്കണം എന്ന് കരുതി ജനസംഖ്യാനിയന്ത്രണത്തെ എതിര്‍ക്കുന്നത് ശരിയല്ല. ജനസംഖ്യാപെരുക്കം രാജ്യത്ത് സ്പോടനാത്മകമായ അന്തരീക്ഷം ഉണ്ടാക്കും. അസംസ്കൃതമനസ്സുള്ള കുറെ ആള്‍ക്കാര്‍ ഉണ്ടാകുന്നതിലും നല്ലത്, ഉള്ള ആള്‍ക്കാരെ സല്‍‌സ്വഭാവികളാക്കുന്നതാണ്.

ക്രിമിനലുകള്‍ പെരുകിയതാണോ കാരണം എന്നറിയില്ല, ഇപ്പോഴൊക്കെ പീഢനങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിവസം പോലും പുലരുന്നില്ല.  അതേ സമയം എല്ലാ സംഭവങ്ങളും നമ്മെ അത്ര കണ്ട് സ്പര്‍ശിക്കുന്നില്ല എന്ന് പറയാം. നിത്യേന വായിക്കുകയും ചാനലുകളില്‍ കാണുകയും ചെയ്യുന്നത്കൊണ്ടാവാം ഇത്. അതിനാല്‍ തന്നെ എല്ലാ സംഭവങ്ങളും ഒരു ബഹുജനപ്രക്ഷോഭത്തിലേക്ക് നയിക്കുന്നുമില്ല.

ഈ അടുത്ത കാലത്ത് ഒരു കൊലപാതകം സമൂഹമന:സാക്ഷിയെ അത്യധികം ഞെട്ടിക്കുകയും ഒരുവകപ്പെട്ട എല്ലാവരെയും ദിവസങ്ങളോളം അസ്വസ്ഥമാക്കുകയുമുണ്ടായി. അത് വെറുമൊരു കൊലപാതകം ആയത്കൊണ്ട് അല്ല. അങ്ങനെ എത്ര കൊലപാതകങ്ങള്‍ അതിനു മുന്‍പും പിന്‍പും നടന്നു. കൊല ചെയ്യപ്പെട്ട  ആളുടെ മുഖം 51 വെട്ടുകള്‍ വെട്ടപ്പെട്ട് വികൃതമാക്കപ്പെട്ടു എന്നതിലെ പൈശാചികതയാണ് ആളുകളെ വല്ലാതെ സ്പര്‍ശിച്ചത്. ആ 51 വെട്ടാണ് മനുഷ്യമനസ്സുകളെ വേട്ടയാടിയത്.

ദല്‍ഹിയിലെ കൂട്ടബലാല്‍‌സംഗം ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് എടുത്തെറിയപ്പെടാനും, ഹതഭാഗ്യയായ ആ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയപ്പോള്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തിന് സംഭവിച്ച ദുരന്തമായി ഓരോ ആളും കരുതാനും കാരണം ആ കൃത്യത്തിലെ പൈശാചികതയാണ്. നമ്മുടെ രാജ്യത്ത് പിശാചുകള്‍ പെരുകുന്നു. ഈ പിശാചുക്കളെ എങ്ങനെ നേരിടണം എന്നാണ് രാജ്യം ഒറ്റക്കെട്ടായി ആലോചിക്കേണ്ടത്.

അല്ലാതെ ആ പൈശാചിക സംഭവത്തെ സര്‍ക്കാര്‍ വിരുദ്ധപ്രചാരണമാക്കി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയല്ല വേണ്ടത്. വന്ദ്യവയോധിക യുവത്വമുള്ള നേതാവ് സഖാവ് അച്യുതാനന്ദന്‍ , ഈ വിഷയത്തെ മുന്‍‌നിര്‍ത്തി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് പറഞ്ഞത് ബാലിശമാണ്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

ജനാധിപത്യുത്തിന്റെ നിര്‍വ്വചനം അനുസരിച്ച് അധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങള്‍ക്ക് ബാഹ്യമായി ഒരു ഭരണാധികാരിയോ ഭരണകൂടമോ ജനാധിപത്യത്തില്‍ ഇല്ല. അത്കൊണ്ട് ഭരണാധികാരി, ഭരണകൂടം എന്നൊക്കെ പറഞ്ഞ് നിഴല്‍ യുദ്ധം നടത്തുന്നത് ജനാധിപത്യം എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് അറിയാത്തത്കൊണ്ടാണ്.

അടിയന്തിരാവസ്ഥ വീണ്ടും വേണം

നമ്മുടെ രാജ്യത്ത് വളരെ തുറന്ന, അരാജകത്വത്തോളം എത്താവുന്ന ജനാധിപത്യ സാതന്ത്ര്യമാണ് ഉള്ളത്. ഒന്നിനും ഒരു നിബന്ധനയോ വ്യവസ്ഥയോ നിയന്ത്രണമോ ഇല്ല. ടണ്‍ കണക്കിന് നിയമങ്ങള്‍ നിയമപുസ്തകങ്ങളില്‍ ഉണ്ട്. അതൊക്കെ നടപ്പാക്കാന്‍ ഉള്ളതാണെന്ന് ആരും വിചാരിക്കുന്നില്ല. ഒരു മാതിരി ‘കാട്ടിലെ മരം തേവരുടെ ആന’ മനോഭാവം. ലോകത്തില്‍ വെച്ച് ഏറ്റവും വലിയ ലിഖിത ഭരണഘടനയും നമുക്കുണ്ട്. അതും അവിടെ കിടക്കും. ഈ സര്‍വ്വതന്ത്ര സ്വാതന്ത്ര്യവും നിരുത്തരവാദിത്വവുമാണ് രാജ്യത്തെ സര്‍വ്വ പ്രശ്നങ്ങളുടെയും ( അഴിമതി മുതല്‍ കൂട്ടബലാല്‍‌സംഗം വരെ) മൂലകാരണം. 

ഇവിടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരം വേണം എന്നേയുള്ളൂ. അതിനായി പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിക്കൊടുത്ത് അണികളെ ഇളക്കിവിടുകയാണ് ചെയ്യുക. ചക്കിക്കൊത്ത ചങ്കരന്‍ എന്ന മട്ടിലാണ് അണികള്‍ . നേതാക്കള്‍ മനസ്സില്‍ കാണുന്നത് അണികള്‍ മരത്തില്‍ കാണും. ഒരു പാര്‍ട്ടി അനുഭാവിക്ക് അവന്റെ പാര്‍ട്ടിയോടുള്ള കൂറ് എതിര്‍പാര്‍ട്ടിയോടുള്ള വെറുപ്പിന്റെ വിപരീതാനുപാതത്തിലായിരിക്കും. അവന്റെ പാര്‍ട്ടിയെ സ്നേഹിക്കാന്‍ എതിര്‍പാര്‍ട്ടിയോടുള്ള വെറുപ്പ് മതി അവന്. അല്ലാതെ അവന്റെ പാര്‍ട്ടി നല്ലത് ചെയ്യണം എന്നൊന്നുമില്ല. ഇതാണ് ഇവിടത്തെ രാഷ്ട്രീയബോധം. 

പാര്‍ട്ടികള്‍ ജനങ്ങളെ പേടിക്കുന്നു. കാര്യം അവര്‍ക്ക് വോട്ട് വേണം. വോട്ട് കിട്ടിയാലേ അധികാരം കിട്ടൂ. അത്കൊണ്ട് ജനങ്ങള്‍ക്ക് അഹിതമായത് ഒന്നും പറയില്ല. വോട്ട് ബെല്‍ട്ട് ഉണ്ടെങ്കില്‍ ആ വിഭാഗത്തെ പ്രലോഭിപ്പിക്കും,പ്രീണിപ്പിക്കും. ഇതരപാര്‍ട്ടിക്കാരില്‍ നിന്ന് വോട്ട് തട്ടാന്‍ നുണകള്‍ നിര്‍ല്ലജ്ജം പ്രചരിപ്പിക്കും. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികള്‍ ഭരണത്തില്‍ ഇരുന്നുകൊണ്ട് ധൈര്യപുര്‍വ്വം ഒരു നടപടിക്കും മുതിരുകയില്ല. അടുത്ത വര്‍ഷം കസേര കിട്ടുമോ എന്ന പേടി. എന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞാല്‍ പ്രതിപക്ഷം ഒച്ച വെക്കും. നാല് വോട്ട് അധികം കിട്ടുമോ എന്ന് നോക്കാന്‍ . സര്‍ക്കാര്‍ അപ്പോള്‍ തന്നെ അത് മരവിപ്പിക്കും. പത്ത് വോട്ട് കുറഞ്ഞെങ്കിലോ എന്ന് പേടിച്ച്. 

ഓരോ പാര്‍ട്ടിയും അതിന്റെ നിലനില്‍പ്പാണ് ഏറ്റവും പ്രധാനമായി കാണുന്നത്. ആ നിലപാട് തറയില്‍ നിന്നുകൊണ്ടാണ് പ്രശ്നങ്ങളെ സമീപിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹൃതമാകുമോ എന്നല്ല, ആ പ്രശ്നം കൊണ്ട് തന്റെ പാര്‍ട്ടിക്ക് വോട്ടുകള്‍ കൂട്ടാന്‍ കഴിയുമോ, അങ്ങനെ അധികാരം കരസ്ഥമാക്കാനാകുമോ എന്നാണ് നോട്ടം. വിവിധ പാര്‍ട്ടി അണികള്‍ തങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതും ഇപ്രകാരമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഒരു മാറ്റവും നടക്കുകയില്ല. ഒരു പ്രശ്നവും പരിഹരിക്കപ്പെടുകയും ഇല്ല. 


എന്റെ അഭിപ്രായത്തില്‍ രാജ്യത്ത് രണ്ടാം അടിയന്തിരാവസ്ഥ വേണം. രണ്ട് വര്‍ഷത്തേക്ക് എല്ലാ മൌലികാവകാശങ്ങളും സസ്പന്‍ഡ് ചെയ്യണം. രണ്ടേ രണ്ട് വര്‍ഷം. ആ കാലയളവില്‍ എല്ലാം നേരെയാക്കണം. അതിന് ശേഷം നമ്മുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ വേണം. പൌരന്റ ചുമതലകള്‍ നിര്‍വ്വചിക്കപ്പെടുകയും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ചുമതലകള്‍ ഇല്ലാതെ അവകാശങ്ങള്‍ ആര്‍ക്കും ഉണ്ടാകരുത്. 


പ്രബുദ്ധരായ ഒരു വിഭാഗം മധ്യവര്‍ഗ്ഗതലമുറ ഇവിടെയുണ്ട്. അവര്‍ അസ്വസ്ഥരാണ്. അവര്‍ മാറ്റത്തിന് വേണ്ടി ദാഹിക്കുന്നു. അവര്‍ക്ക് നേതൃത്വമില്ല. ഏകോപനമില്ല. ചിലപ്പോള്‍ അവര്‍ വൈകാരികപ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുന്നു. പക്ഷെ ദിശാബോധവും ലക്ഷ്യപ്രാപ്തിയെക്കുറിച്ച് ധാരണയും ഇല്ലാത്തത്കൊണ്ട് പ്രക്ഷോഭം എങ്ങും എത്തുന്നില്ല. 

അടിയന്തിരാവസ്ഥ ഇപ്പോള്‍ നടപ്പാക്കുന്നില്ലെങ്കില്‍ അത് നടപ്പാക്കേണ്ടതായ ഒരു സാഹചര്യത്തിലേക്ക് രാജ്യം എന്തായാലും നീങ്ങും. മധ്യവര്‍ഗ്ഗത്തിനിടയില്‍ വളരുന്ന അസംതൃപ്തി അഗ്നിപര്‍വ്വതം കണക്കെ പൊട്ടിത്തെറിക്കുമ്പോള്‍ ആയിരിക്കും അത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഈ കാലഘട്ടത്തില്‍ അത് സംഭവിക്കാന്‍ ചിലപ്പോള്‍ ഒരു ട്വീറ്റ് മതിയാകും. എങ്ങനെയായാലും ഈ പോക്ക് ശരിയല്ല. ബാക്കി കാലം തീരുമാനിക്കട്ടെ.

മണ്ണും മലയാളിയും

നാട്ടില്‍ ഇപ്പോള്‍ വസ്തു കച്ചവടം അങ്ങനെ നടക്കുന്നില്ല. ഒന്ന് രണ്ട് ബ്രോക്കര്‍മാര്‍ എന്നോട് പറഞ്ഞതാണ്. ഒരുപാട് സ്ഥലങ്ങള്‍ വിലനയ്ക്കുണ്ട്. എനിക്കും വില്‍ക്കാനുണ്ട് ഒരു 22.5 സെന്റ് സ്ഥലം. പക്ഷെ ആരും വാങ്ങാനാളില്ല. സ്ഥലത്തിന് വാണം പോലെയാണ് വില കുതിച്ചുയര്‍ന്നത്. ഈ വിലക്കുതിപ്പ് സത്യത്തില്‍ നാട്ടിലെ ബ്രോക്കര്‍മാര്‍ കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിദേശത്ത് നിന്ന് എന്തെങ്കിലും പൈസ വരവുള്ളവരോട് ബ്രോക്കര്‍ പറയും ഒരു വസ്തു വില്‍ക്കാനുണ്ട്, അത് ഇപ്പോ വാങ്ങിയാല്‍ ഞാന്‍ തന്നെ ആറ് മാസം കഴിഞ്ഞാല്‍ ഇരട്ടി ആദായത്തിന് വിറ്റ് തരാം എന്ന്. മിച്ചമായി പൈസ അല്പം കൈയിലുള്ളവര്‍ വിചാരിക്കും ഈ പൈസ കൊണ്ട് മറ്റൊന്നും ചെയ്യാനില്ലാലോ, അത് കൊണ്ട് ഏതായാലും സ്ഥലം വാങ്ങാമെന്ന്. ബ്രോക്കര്‍ക്ക് 3% കമ്മീഷൻ. പ്രമാണം റജിസ്റ്റർ ചെയ്യുന്ന അന്ന് റജിസ്ട്രാഫീസിൽ ഒരു ഡസനിലധികം ആൾക്കാരുണ്ടാകും. ബ്രോക്കറും സബ് ബ്രോക്കർമാരും സിൽബന്ധികളും എല്ലാം കൂടി. പറഞ്ഞ പോലെ ബ്രോക്കർ ആറ് മാസത്തിനുള്ളില്‍ വേറെ ഒരാളെ കൂട്ടി വരും. ദോഷം പറയരുത് സെന്റിന് അമ്പതിനായിരം വെച്ച് കൂട്ടിക്കിട്ടും. അപ്പോഴും ബ്രോക്കര്‍ക്ക് കമ്മീഷൻ. 

ചിലപ്പോൾ ബ്രോക്കർ പറയും നിങ്ങൾ അഡ്വാൻസായി ഒരു തുക കൊടുത്ത് എഗ്രീമെന്റ് എഴുതിയാൽ മതി. എഗ്രീമെന്റ് കാലാവധിക്ക് മുന്നെ നല്ല ലാഭത്തിനു വിറ്റു തരാം. അതും നടക്കാറുണ്ട്. അങ്ങനെ ബ്രോക്കർ കമ്മീഷനു വേണ്ടി ബ്രോക്കർമാരാണു ഭൂമിവില ഉയർത്തിയത്. വിൽക്കാൻ വേണ്ടിയാണു ആളുകൾ വസ്തു വാങ്ങിക്കൂട്ടിയത്. യഥാർത്ഥ ആവശ്യക്കാർ വാങ്ങിയത് വളരെ ചുരുക്കം. അത്കൊണ്ടെന്തായി എന്ന് ചോദിച്ചാൽ വീട് വെക്കാൻ ഒരു സാധാരണക്കാരനു 5 സെന്റ് സ്ഥലം വാങ്ങാൻ കഴിയാതായി. ഇപ്പോൾ എവിടെയോ സ്റ്റക്ക് ആയിപ്പോയി എന്ന് തോന്നുന്നു. ഡീലർമാർ സ്ഥലം വാങ്ങുന്നില്ല. യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്നില്ല, വില്‍ക്കാന്‍ വാ‍ങ്ങിയവര്‍ക്ക് വില കുറച്ച് വില്‍ക്കാനും കഴിയുന്നില്ല. അത്കൊണ്ട് നാട്ടിൽ ഇപ്പോൾ എവിടെ നോക്കിയാലും കാട് പിടിച്ച പറമ്പുകൾ കാണാം. മണ്ണ് ഇങ്ങനെ വെറുതെ കിടക്കുകയാണ്. 

പണ്ട് ഇങ്ങനെയായിരുന്നില്ല. ഒരിഞ്ച് മണ്ണ് ആളുകള്‍ വെറുതെ ഇടൂല്ല. പറമ്പത്ത് പലതരം ചേമ്പ്, ചേന , കാച്ചില്‍, പൊടിക്കിഴങ്ങ്, മരച്ചീനി, കൂവ, ഇങ്ങനെ പലതും കൃഷി ചെയ്യൂമായിരുന്നു. കൂടാതെ മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളും. തരിശ് പറമ്പില്‍ മധുരക്കിഴങ്ങ് നടും. രണ്ട് വിളയെടുത്ത് ഒഴിഞ്ഞ പാടത്ത് വെള്ളരിയും കുമ്പളവും നടും. മിക്ക വീടുകളിലും പശു, ആട്, കോഴി എന്നിവയെ വളര്‍ത്തും. എന്നാലും മൊത്തത്തില്‍ ദാരിദ്ര്യമായിരുന്നു എന്നത് വേറെ വിഷയം. ഇന്ന് മണ്ണിനോട് ആര്‍ക്കും സ്നേഹമില്ല. എല്ലാം കടയില്‍ പോയി വാങ്ങാന്‍ കഴിയുന്നത്കൊണ്ട് നട്ട് നനച്ചുണ്ടാക്കാന്‍ ക്ഷമയോ താല്പര്യമോ ഇല്ല. 
ബാംഗ്ലൂരില്‍ മലയാളികളുടെ വീടുകള്‍ കണ്ടാല്‍ പെട്ടെന്ന് മനസ്സിലാകും. വീടിന് മാത്രമല്ലേ സ്ഥലമുള്ളൂ. തൊട്ടടുത്ത വീടുകള്‍ തമ്മില്‍ രണ്ടടി അകലം ഉണ്ടാകും. ഏറിയാല്‍ നാലടി, രണ്ട് വീടിന്റെയും കൂടി. എല്ലാ വീടിന്റെയും മുന്നില്‍ റോഡ് ഉണ്ടാകും. വീടിന്റെ കോമ്പൌണ്ട് മതിലിനും റോഡ് ടാര്‍ ചെയ്ത ഭാഗത്തിനും ഇടയില്‍ മതിലിനോട് ചേര്‍ന്ന് ചില വീടുകള്‍ക്ക് മുന്നില്‍ മാവ്, പ്ലാവ്, മുരിങ്ങ, പേരക്ക, വാഴ എന്നിവ വളര്‍ത്തിയിരിക്കുന്നത് കാണാം. അത് മലയാളി വീടായിരിക്കും. 

നാട്ടില്‍ ഒരു വീട് പണിതാല്‍ അടുത്ത പരിപാടി ഗാര്‍ഡന്‍ സെറ്റ് ചെയ്യലാണ്. അതിനു കുറെ ഗാര്‍ഡന്‍ കമ്പനിക്കാരുണ്ട്. ഒഴിവ് സ്ഥലത്തെല്ലാം ലാണ്‍ ഗ്രാസ്സ് വെച്ച് പിടിപ്പിച്ചു തരും. പോരാത്തതിന് ഒരു മിനിയേച്ചര്‍ കുളവും. ആമ്പലും മറ്റും നടാനാണ്. സെറ്റ് ചെയ്ത് നല്ലൊരു കാശും വാങ്ങി ഗാര്‍ഡന്‍‌കാരന്‍ പോയാല്‍ പിന്നെ ആ ഗാര്‍ഡന്‍ ഒരു കൊല്ലം കാണും. അത് കഴിഞ്ഞ് ഗാര്‍ഡന്‍ മെയിന്റയിന്‍ ചെയ്യണമെങ്കില്‍ വീണ്ടും നല്ല കാശ് മുടക്കണം. അതിനധികം പേരും തയ്യാറാകാറില്ല. ചുരുക്കം വീടുകളില്‍ മാത്രമേ ഗാര്‍ഡന്‍ മെയിന്റനന്‍സ് നടക്കാറുള്ളൂ. എന്നാലും ഉപകാരപ്രദമായ ഒന്നും അവിടെ നടാന്‍ ആരും മെനക്കെടാറുമില്ല. എന്തിന്? പഴങ്ങളും പച്ചക്കറികളും എല്ലാം പീടികകളില്‍ നിറഞ്ഞിരിക്കുകയല്ലേ. 

കേരളത്തിലെ പോലെ ഇതര സംസ്ഥാനങ്ങളിലും ഉപഭോഗസമൂഹം മാത്രമായിപ്പോകരുതേ എന്നും , നാളയും നാളെയും നമുക്ക് വേണ്ടുന്നതെല്ലാം അവര്‍ ഉല്പാദിപ്പിച്ച് തരണേ എന്നും പ്രാര്‍ത്ഥിക്കാം.

കമ്മ്യൂണിസ്റ്റ് രോഗവും ജനാധിപത്യവും

ഇന്ന് രാവിലെ ഫേസ്‌ബുക്കില്‍ വായിച്ച ഒരു ബുദ്ധിജീവി-പുരോഗമനക്കാരന്റെ സ്റ്റാറ്റസ്സ് തുടങ്ങുന്നത് ഇങ്ങനെയാണ്:

 “റെയ്പ് എക്കാലത്തും ഭരണകൂടശക്തികള്‍ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു പോന്നിട്ടുള്ള, അടിച്ചമര്‍ത്തല്‍ ലക്‌ഷ്യം വെച്ചുള്ള അധികാര പ്രയോഗമാണ്.”

അതായത് നാട് സ്വതന്ത്രമായതോ, ഇവിടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനാധിപത്യ സര്‍ക്കാര്‍ ഭരണം നടത്തുന്ന ജനാധിപത്യസമ്പ്രദായം നിലവില്‍ വന്നതോ ഈ പുരോഗമനക്കാരന്‍ അറിഞ്ഞിട്ടില്ല. അഥവാ അറിഞ്ഞതായി ഭാവിക്കുന്നില്ല.  ജനങ്ങളുടെ മേല്‍ ആധിപത്യം ചെലുത്തുന്ന, ജനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന, ജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയാത്ത അധികാരകേന്ദ്രമായ ഒരു ഭരണകൂടം ഇവിടെ നിലനില്‍ക്കുന്നു എന്നാണ് ഈ പുരോഗമനക്കാരന്‍ പറയുന്നത്.

ഇതാണ് ഞാന്‍ പറയുന്ന കമ്മ്യൂണിസ്റ്റ് രോഗം. അവര്‍ ഇപ്പോഴും വര്‍ഗ്ഗസമരത്തില്‍ വിശ്വസിക്കുന്നു. ഇവിടെ നിലവില്‍ ഉള്ളത് ബൂര്‍ഷ്വാവ്യവസ്ഥിതി ആണെന്ന് അവര്‍ വിശ്വസിക്കണം. ഇവിടത്തെ സര്‍ക്കാര്‍ എന്നത് ബൂര്‍ഷാവര്‍ഗ്ഗത്തിന്റെ മര്‍ദ്ധനോപകരണമാണെന്നും അവര്‍ വിശ്വസിച്ചേ തീരൂ. എന്തെന്നാല്‍ അവരുടെ മസ്തിഷ്കം കമ്മ്യൂണിസ്റ്റ് രോഗബാധിതമാണ്. ആ രോഗം ബാധിച്ചവര്‍ക്ക്, കമ്മ്യൂണിസ്റ്റുകാര്‍ വിപ്ലവം നടത്തി അവരുടെ വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നത് വരെ എല്ലാം ബൂര്‍ഷ്വാ ആണ്.

മറ്റെല്ലാ പാര്‍ട്ടികളെയും അടിച്ചമര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം ഭരിക്കുന്ന വ്യവസ്ഥിതിയാണ് യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥിതി എന്നാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ വിശ്വസിക്കേണ്ടത്. ഇവിടെ സംഭവിക്കുന്ന എല്ലാ ദൂഷ്യങ്ങളും ബൂർഷ്വാ വ്യവസ്ഥിതിയുടെ ഫലമാണ് എന്നും കമ്മ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കണം. ആ വ്യവസ്ഥിതി മാറ്റുക എന്നതാണ് ഇപ്പോഴും തങ്ങളുടെ ദൌത്യമെന്ന് അവശിഷ്ടകമ്മ്യൂണിസ്റ്റുകള്‍ വിശ്വസിക്കണം. അതാണ് കമ്മ്യൂണിസ്റ്റ് രോഗം. ഇതാണ്, ഇത് തന്നെയാണ് ജനാധിപത്യ സമ്പ്രദായം ഇതിനപ്പുറം ഒരു ജനാധിപത്യമില്ല, നമ്മള്‍ ഇതിനെ നന്നാക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞാലൊന്നും കമ്മ്യൂണിസ്റ്റുകാരന്റെ തലയില്‍ കയറില്ല. അവിടെ മറ്റേ സംഗതിയുണ്ടല്ലൊ, വര്‍ഗ്ഗസമരം.

ഈ ഒരു ബോധത്തില്‍ നിന്നാണ് ഞാന്‍ മേലെ ഉദ്ധരിച്ച പുരോഗമനക്കാരന്റെ ഭരണകൂടശക്തികളുടെ പ്രയോഗമാണ് റെയ്പ് എന്ന കണ്ടുപിടുത്തം ഉത്ഭവിക്കുന്നത്. മറ്റൊരു അതിബുദ്ധിജീവിയും അതിപുരോഗമനക്കാരിയുമായ അരുന്ധതി റോയിയും എന്തോ പറഞ്ഞിട്ടുണ്ടല്ലൊ. ഡല്‍ഹിയിലെ പ്രക്ഷോഭം, പാവപ്പെട്ട പ്രതികള്‍ മധ്യവര്‍ഗ്ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്കൊണ്ട് മധ്യവര്‍ഗ്ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭമാണത് എന്നാണ് അരുന്ധതി റോയിയുടെ നിരീക്ഷണം. അതായത്, അരുന്ധതി റോയിയുടെ കാഴ്ചപ്പാടില്‍ പ്രക്ഷോഭം എന്നത് യഥാര്‍ഥ പ്രക്ഷോഭമാകണമെങ്കില്‍ പ്രതികള്‍ മധ്യവര്‍ഗ്ഗത്തിലും ഇര ആദിവാസി-ദലിത്-പിന്നോക്കവിഭാഗത്തിലും പെടണം. ഇതും ഒരു രോഗമാണ്, പുരോഗമന-ബുദ്ധിജീവിരോഗം. ഈ രോഗം കലശലായി ബാധിച്ചവര്‍ക്ക് മനുഷ്യരെ സമഗ്രമായി കാണാന്‍ കഴിയില്ല. മാത്രമല്ല എപ്പോഴും എന്തെങ്കിലും ഒരു ജാടയും കാണിക്കണം.

കമ്മ്യൂണിസ്റ്റ് രോഗത്തിന്റെ മറ്റൊരു ലക്ഷണം അവര്‍ക്ക് മുതലാളിമാരെ സഹിക്കാന്‍ പറ്റില്ല എന്നതാണ്. മുതലാളിമാര്‍ കുത്തകമുതലാളിമാരും പിന്നീട് സാമ്രാജ്യത്വമായും മാറി ജനങ്ങളെ എന്നും ഉപദ്രവിക്കും എന്നാണവരുടെ പേടി. അതിനും പോംവഴിയുണ്ട്, കമ്മ്യൂണിസ്റ്റുകാരന്റെ മാത്രം ഭരണം. കമ്മ്യൂണിസ്റ്റുകാരന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പേരില്‍ മാത്രം ഭരിക്കുമെന്നതിനാല്‍ ആ ഭരണാധികാരി എന്ത് കാണിച്ചാലും മറുത്തൊന്നും പറയരുത്. ഇവിടെ നിലവില്‍ ഉള്ളത് ബൂര്‍ഷ്വകള്‍ക്ക് വേണ്ടിയുള്ള ഭരണമായത്കൊണ്ട് ഈ ഭരണകൂടം കുത്തകമുതലാളിമാര്‍ക്ക് വേണ്ടിയാണ് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നത് എന്നും പാവപെട്ടവരെ നിര്‍ദ്ധയം ചൂഷണം ചെയ്തിട്ട് ആ ചൂഷണത്തുകയാണ് കുത്തകകള്‍ക്ക് കൊടുക്കുന്നത് എന്നും കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുകയും അത് സദാ ഉരുവിടുകയും വേണം. അല്ലാതെ വേറെ വഴിയില്ലാലോ, രോഗം അമ്മാതിരിയായിപ്പോയില്ലേ.

മുതലാളിമാര്‍ എന്ന് പറഞ്ഞാല്‍ ഇക്കാലത്ത് ചെറുകിട സംരംഭകര്‍ മാത്രമാണ്. ബാക്കിയുള്ള കമ്പനികള്‍ക്കൊന്നും മുതലാളിമാരില്ല. ഏത് കമ്പനിയുടെയും ഉടമസ്ഥര്‍ അതിന്റെ ഓഹരിയുടമകളാണ്. മുതലാളി, കുത്തകമുതലാളി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ക്ക് ഇന്നത്തെ ഓഹരി മൂലധനത്തിന്റെ കാലഘട്ടത്തില്‍ പഴയ അര്‍ഥമല്ല ഉള്ളത്. കാറല്‍ മാര്‍ക്സിന്റെ കാലത്തുള്ള മുതലാളിവര്‍ഗ്ഗം ഇപ്പോഴില്ല. ഏത് കമ്പനിയിലും പാവപ്പെട്ടവനും ഓഹരി എടുക്കാം. കമ്മ്യൂണിസ്റ്റുകള്‍ക്ക് ലോകം മാറിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

കമ്പനികള്‍ ഇല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് വസ്തുത. എനിക്ക് ഒരു കമ്പ്യൂട്ടര്‍ വേണമെങ്കില്‍ അത് ഉല്പാദിപ്പിക്കുന്ന കമ്പനി വേണം. ആര്‍ക്കെങ്കിലും മൊബൈല്‍ ഫോണ്‍ വിളിക്കണമെങ്കില്‍ ആ സൌകര്യം ഏര്‍പ്പെടുത്തിത്തരാന്‍ കമ്പനികള്‍ വേണം. ചുരുക്കത്തില്‍ എനിക്ക് എന്ത് വേണമെങ്കിലും അതൊക്കെ ഒരുക്കിത്തരാന്‍ കമ്പനികളോ ചെറുകിട മുതലാളിമാരോ വേണം. കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇതൊക്കെ വേണം. പക്ഷെ അതവര്‍ സമ്മതിച്ചു തരില്ല. ജനങ്ങള്‍ എല്ലാവരും  ഒരേ പോലെ സമത്വത്തില്‍ ഇരിക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിത്തരും എന്നുമാണ് അവര്‍ പറയുക.

എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആക്കി സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ചിട്ട് അതൊന്നും വിജയിച്ചില്ലാലോ, അത്കൊണ്ട് ഇവിടെ നടപ്പ് രീതിയില്‍ ഉള്ള സമ്പ്രദായമല്ലേ പ്രായോഗികമായതും ശരിയും എന്ന് ചോദിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചുതരില്ല. ചില രാജ്യങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും അന്തിമമായി വിപ്ലവം വരുമെന്നും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ച് ലോകത്ത് സോഷ്യലിസവും ഒടുവില്‍ ശാസ്ത്രീയ കമ്മ്യൂണിസവും വരുമെന്നും അവര്‍ വിശ്വസിക്കുന്നു. കാരണം  മാര്‍ക്സിസം അജയ്യവും ശാസ്ത്രവും ആണ് പോലും. അത്കൊണ്ട് പുറമേക്ക് ജനാധിപത്യവും പാര്‍ലമെന്റിന്റെ മഹത്വവും ഒക്കെ പറഞ്ഞാലും ഇവിടെ നടക്കുന്ന ഭരണം ബൂര്‍ഷ്വകള്‍ക്ക് വേണ്ടി ബൂര്‍ഷ്വകള്‍ നടത്തുന്നതാണെന്നാണ് ഓരോ സഖാവും വിശ്വസിക്കേണ്ടത്. ചില വിശ്വാസരോഗങ്ങള്‍ക്ക് ചികിത്സയില്ല.

ജനാധിപത്യ വിശ്വാസികള്‍ ഭരണകൂടം എന്ന വാക്ക് ഉപയോഗിക്കരുത്. അത് കമ്മ്യൂണിസ്റ്റ് പദാവലിയിലെ പ്രയോഗമാണ്. ഭാഷയില്‍ കുറെയധികം കമ്മ്യൂണിസ്റ്റ് പദങ്ങള്‍ കലര്‍ന്ന് ആളുകള്‍ അതൊക്കെ സ്വാഭാവിക വാക്കുകളാണെന്ന് ധരിച്ചുപോയിട്ടുണ്ട്. ഇവിടെയുള്ള സര്‍ക്കാര്‍ നമ്മുടെ സര്‍ക്കാരാണ്.  സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ നമ്മളാണ് പ്രതിനിധികളെ നിശ്ചയിക്കുന്നത്.  സര്‍ക്കാരിന്റെ രൂപവും ഭാവവും തീരുമാനികേണ്ടത് നമ്മളാണ്. നമുക്കിടയേ അഭിപ്രായയൈക്യം ഉണ്ടോ എന്നതാണ് പ്രശ്നം. എന്തായാലും നമ്മളില്‍ ഭൂരിപക്ഷം കാര്യങ്ങള്‍ തീരുമാനിക്കും. ഇതിനേക്കാളും മെച്ചപ്പെട്ട മറ്റൊരു സമ്പ്രദായം ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്ന് മനസ്സിലാക്കുക. ഭരണകൂടം എന്ന വാക്ക് ഹിറ്റ്ലരുടെയോ സ്റ്റാലിന്റെയോ അല്ലെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാണ് ചേരുക. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ജനകീയ സര്‍ക്കാരാണ് ഉണ്ടാവുക. സര്‍ക്കാര്‍ എന്നത് സമൂഹത്തിന്റെ സുരക്ഷക്കും സുസ്ഥിതിക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്നും മനസ്സിലാക്കണം.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ പൌരന്മാര്‍ ചെയ്യേണ്ടത്  സദാ സര്‍ക്കാര്‍ വിരുദ്ധം പാടലല്ല. ആദ്യമായി ഇത് നമ്മുടെ സര്‍ക്കാരാണ് എന്ന് ഉള്‍ക്കൊള്ളണം. സര്‍ക്കാര്‍ എന്നാല്‍ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയല്ല. സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയിലാണ് പൌരസമൂഹത്തിന്റെ തുടര്‍ച്ചയും ഉണ്ടാകുന്നത്. അത് കൊണ്ട് സര്‍ക്കാര്‍ ശരി ചെയ്യുമ്പോള്‍ ആ ശരിയെ അംഗീകരിക്കുക. തെറ്റ് ചെയ്യുമ്പോള്‍ ആ തെറ്റ് ചൂണ്ടിക്കാണിക്കുക, വിമര്‍ശിക്കുക. അതാണ് വേണ്ടത്.

ഡൽഹി പ്രക്ഷോഭം നൽകുന്ന പാഠം

ബസ്സിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഡൽഹിയിൽ ആളിക്കത്തിയ രോഷത്തീ നമ്മുടെ യുവജനതയുടെ പൗരബോധത്തിലും ജനാധിപത്യത്തിന്റെ ഭാവിയിലും പ്രതീക്ഷ നൽകുന്നതായി. നിലവിൽ ഇന്ത്യയിൽ ഒരു പാർട്ടിക്കും ഇങ്ങനെയൊരു പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കാൻ കഴിയില്ല. ഡൽഹിയിൽ യുവാക്കൾ സ്വമേധയാ സംഘടിക്കുകയായിരുന്നു. സ്വന്തം കുടുംബത്തിൽ നേരിട്ട അത്യാഹിതം പോലെയാണു ആളുകൾ ആ വിദ്യാർത്ഥിനിയുടെ ദുരന്തത്തെ കണ്ടത്.

സമരങ്ങളും പ്രതിക്ഷേധങ്ങളും ഇങ്ങനെയാണു സ്വാഭാവികമായി ഉയർന്നു വരേണ്ടത്. ജനങ്ങളുടെ മനസ്സിൽ സ്വാഭാവികമായി രോഷം ഉണരണം. രാഷ്ട്രീയക്കാർ അവരുടെ പാർട്ടി താല്പര്യങ്ങൾ സംരക്ഷിക്കാനാണു പ്രതിക്ഷേധങ്ങൾ സംഘടിപ്പിക്കാറുള്ളത്. നിർബ്ബന്ധത്തിനു വഴങ്ങിയോ പാർട്ടിക്കൂറു കൊണ്ടോ ആണു അത്തരം സമരങ്ങളിൽ അണികൾ പങ്കെടുക്കാറുള്ളതും. അത്തരം പ്രതിക്ഷേധങ്ങൾ കൃത്രിമസമരങ്ങളാണു. ദൽഹിയിൽ സംഘടിച്ചത് പാർട്ടി അണികളല്ല.ആവിടെ പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സിൽ ആത്മാർത്ഥമായ ധാർമ്മികരോഷമുണ്ടായിരുന്നു.

ആ സമരം കണ്ട് സർക്കാർ പകച്ചുപോയിരിക്കണം. രാഷ്ട്രീയക്കാരുടെ സമരങ്ങൾ, അതിൽ പങ്കെടുക്കുന്നവർ കൂലിക്കാരായ പാർട്ടിത്തൊഴിലാളികൾ ആകുന്നതിനാൽ നിയന്ത്രിക്കാൻ എളുപ്പമായിരിക്കും. എന്നാൽ ജനങ്ങളുടെ യഥാർത്ഥ പ്രക്ഷോഭം അണപൊട്ടിയാൽ അത് നിയന്ത്രിക്കാൻ എളുപ്പമാവില്ല എന്ന് സർക്കാരിനു ബോധ്യപ്പെട്ടുകാണും. ഡൽഹിയിൽ നടന്ന സമരത്തിനു ആരുടെയും നേതൃത്വം ഇല്ലായിരുന്നു. അവിടെ പങ്കെടുത്ത ഓരോ ആളും സ്വയം നേതാവായിരുന്നു. അങ്ങനെയാണു വേണ്ടത്. ജനങ്ങളുടെ ഉത്തരവാദിത്വം തങ്ങൾക്കാണെന്ന് കരുതുന്ന രാഷ്ട്രീയക്കാർ ഇത് കണ്ണ് തുറന്ന് കാണണം. ഇതാണു ജനകീയപ്രക്ഷോഭം. അല്ലാതെ നിങ്ങൾ ആട്ടിത്തെളിച്ചുകൊണ്ടുവരുന്ന അടിമകളായ അണികൾ നടത്തുന്ന പ്രകടനങ്ങൾ സമരങ്ങളല്ല. അതൊക്കെ പാർട്ടിദൈവങ്ങളായ നിങ്ങളെ തൃപ്തിപ്പെടുത്താനുള്ള പാവം അണികളുടെ വഴിപാട് നേർച്ചകളാണു. അത്തരം സമരാഭാസങ്ങൾക്ക് ധാർമ്മികബലമുണ്ടാകില്ല.

ഇന്ന് ദിനേനെ പത്രങ്ങളിൽ പീഡനവാർത്തകൾ വരുന്നത് ജനങ്ങളെ വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ട്. ഓരോ പുരുഷനെയും സ്ത്രീയാണു പ്രസവിക്കുന്നത്. അമ്മയോ പെങ്ങളോ ഭാര്യയോ ഇല്ലാതെ ഒരു പുരുഷനും നിലനിൽപ്പില്ല. ആ നിലനില്പാണു ഇത്തരം പീഡനസംഭവങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.  അത്കൊണ്ട് ഒരു തരം അരക്ഷിതബോധം സമൂഹത്തിൽ പടരുകയാണു. മനുഷ്യന്റെ ആകൃതിയിൽ ചില മൃഗങ്ങളെ ചില അമ്മമാർ പെറ്റെടുത്തതിന്റെ ഫലമാണിത്. ആ മൃഗങ്ങൾക്ക് വധശിക്ഷ നൽകണം എന്ന ആവശ്യം  ആളുകൾ ഉയർത്തുന്നത് ന്യായമാണു. പക്ഷെ ഒരു പരിഷ്കൃത സമൂഹം വധശിക്ഷയെ അംഗീകരിക്കുന്നില്ല. ആഭ്യന്തരമന്ത്രി ഉറപ്പ് കൊടുത്തത് ശരി തന്നെ. പക്ഷെ അത്തരം ഒരു നിയമനിർമ്മാണം നടത്തുക എളുപ്പമല്ല.

അതിലും നല്ലത് , പെൺകുട്ടികളെയോ വനിതകളെയോ പീഡിപ്പിക്കുന്ന ഇരുകാലി മൃഗങ്ങളെ കൈയോടെ പിടി കൂടി ഏറ്റവും വേഗത്തിൽ ശിക്ഷ വിധിക്കുക എന്നതാണു. കുറ്റത്തിന്റെ തീവ്രത അനുസരിച്ച് 20 വർഷം വരെ കഠിന തടവ് വിധിക്കാവുന്നതാണു. കുറഞ്ഞ ശിക്ഷ 5 വർഷം എങ്കിലും വേണം. പിടികൂടിയാൽ പിന്നെ കുറ്റവാളി പുറത്ത് വരരുത്. ഒരു മാസത്തിനുള്ളിൽ വിചാരണ നടത്തി ശിക്ഷ വിധിക്കണം. ഇതൊക്കെ സർക്കാർ വിചാരിച്ചാൽ നടപ്പാക്കാൻ പറ്റും.

രാജ്യത്ത് ഇന്ന് എത്രയോ അമ്മമാർ ഇമ്മാതിരി മൃഗങ്ങളെ പ്രസവിക്കുന്നുണ്ട്. അത്കൊണ്ട് വ്യാപകമായ ബോധവൽക്കരണം നടക്കണം. സമൂഹത്തിൽ നിന്ന് ഈ ഇരുകാലി മൃഗങ്ങളെ ഒറ്റപ്പെടുത്തണം.  ആ മൃഗങ്ങൾക്ക് താക്കീത് കൊടുക്കുന്ന, അല്ലയോ മനുഷ്യമൃഗമേ നിന്നെയും ഒരമ്മ പെറ്റതാണു എന്ന് വിവരിക്കുന്ന വാൾ പോസ്റ്ററുകളും മറ്റും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രദർശിപ്പിക്കണം.  സമൂഹത്തെ മാനവീകരിക്കാൻ സർക്കാരും ജനങ്ങളും കഴിയുന്നത് ചെയ്യണം. നമ്മുടെ രാജ്യത്ത് ജനസംഖ്യ ഏറെയുണ്ട്. മനുഷ്യമൃഗങ്ങൾക്ക് എവിടെയും ഒളിഞ്ഞിരിക്കാൻ അത്കൊണ്ട് പറ്റും. വയലിലെ കള പിഴുത് മാറ്റുന്നത് പോലെ ഒരു ശുദ്ധീകരണ പ്രക്രിയ സമൂഹത്തിൽ അടിയന്തിരമായി നടപ്പാക്കേണ്ടി വന്നിരിക്കുന്നു. എങ്കിൽ മാത്രമേ ഇനി ഇവിടെ അമ്മമാർക്ക് ധൈര്യത്തോടെ പെൺകുട്ടികളെ പ്രസവിക്കാൻ കഴിയൂ.

വിപ്ലവം വരവായി ....


ലക്ഷം കോടികളുടെ കോഴ കേട്ടു ശീലിച്ച ജനത്തിന് 125കോടി എന്ന് കേട്ടാല്‍ വെറും പുല്ലുമിട്ടായി  പോലെയേ തോന്നൂ. എന്നാലും ഇരിക്കട്ടെ ഒരു കോഴയല്ലെ. ഒരു കോഴയെന്നാല്‍ അതിന്റെ മൂല്യം ഇന്ത്യയില്‍ കോടാനുകോടികളാണ്. ജനത്തിന് മുന്നില്‍ കോഴ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന റേറ്റിങ്ങിന്റെ മൂല്യം എത്ര കോടി വരുമെന്ന് സി.എ.ജി.ക്ക് പോലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

മന്ത്രി കമല്‍‌നാ‍ഥിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പ്രതിപക്ഷം നടുത്തളത്തിലേക്ക് വലത് കാല്‍ വെക്കുമ്പോഴേക്കും അന്വേഷണം നടത്താന്‍ തയ്യാര്‍ എന്ന് പ്രഖ്യാപിച്ചില്ലേ അതിനൊരു സല്യൂട്ട്. കോണ്‍ഗ്രസ്സ് എന്നാല്‍ ഭീരുക്കളുടെ കൂടാരമാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. അത്കൊണ്ട് പ്രതിപക്ഷം വായ തുറക്കുമ്പോഴേക്കും മുട്ടു വിറക്കുന്ന മന്ത്രിമാരാണ് കോണ്‍ഗ്രസ്സില്‍ ഉത്തമപുരുഷന്മാര്‍. ഈ കോഴ അന്വേഷിക്കാന്‍ ജെ.പി.സി. മാത്രം പോര സര്‍. കോഴത്തുക ചായക്കാശ് പോലെ വെറും 125 കോടിയാണെങ്കിലും ഈ കോഴയുടെ മാനങ്ങള്‍ വളരെ വളരെ വലുതാണ്.

ഒന്നാമത്തെ കാര്യം ഈ തുക 2008 മുതല്‍ വാള്‍മാര്‍ട്ട് അമേരിക്കയിലെ നിയമത്തിനും സദാചാരത്തിനും വിധേയമായി അവിടെ തന്നെ വിനിയോഗിച്ചതാണ്. ലോബിയിങ്ങ് അവിടെ സാധാരണമാണ്. കമ്പനികളുടെ പ്രമോഷന് കണ്‍സല്‍ട്ടന്റുകളെയും സ്റ്റാഫുകളെയും നിയമിച്ച് പ്രചാരണം ചെയ്യുന്നതില്‍ തെറ്റില്ല. കണക്കുകളെല്ല്ലാം കൃത്യമായിരിക്കണമെന്നും അവ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കണമെന്നും മാത്രമേയുള്ളൂ. ഇന്ത്യയിലാണെങ്കില്‍ ലോബിയിങ്ങ് എന്നത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മാത്രം കുത്തകയുള്ള രംഗമാണ്. അത് കമ്പനികള്‍ ചെയ്താല്‍ രാഷ്ട്രീയനേതാക്കള്‍ക്ക് ഹൃദയം പൊട്ടി ചാകാന്‍ മാത്രം പ്രഹരശേഷിയുള്ള കൊക്കോഴയാണ്. പൊതുവെ കമ്പനികള്‍ എന്ന് കേട്ടാലേ അലര്‍ജിയുള്ള നേതാക്കള്‍ക്ക് അവ ലോബിയിങ്ങ് കൂടി നടത്തി എന്ന് കേട്ടാല്‍ സഹിക്കാന്‍ പറ്റില്ല. കമല്‍‌നാഥിന്റെ ഉറപ്പിന്മേലാണ് പലരും പിടിച്ചുനില്‍ക്കുന്നത്.

125 കോടി ചെലവാക്കിയത് അമേരിക്കയില്‍ ആണെങ്കിലും അത് ഇന്ത്യയില്‍ എത്തിയിട്ടുണ്ട് എന്നതില്‍ ആര്‍ക്കും സംശയമില്ല. അതാണ് നമ്മുടെ എം.പി.മാരുടെ ഉറക്കം കെടുത്തുന്നത്. ആ കോഴപ്പണം എങ്ങനെ ഇന്ത്യയില്‍ എത്തി, ആരെല്ലാം കൈപ്പറ്റി എന്നൊക്കെ അന്വേഷിക്കേണ്ടതുണ്ട്. അത്കൊണ്ടാണ് വെറും ജെ.പി.സി.മാത്രം പോര എന്ന് പറഞ്ഞത്. സി.ബി.ഐ.യും ‘റോ’യും ജെ.പി.സി.യും എല്ലാം കൂടി അമേരിക്കയിലേക്ക് പറക്കട്ടെ. എന്നിട്ട് എല്ലാ തെളിവുകളും സമാഹരിച്ചതിന് ശേഷം മാത്രം ഇനി പാര്‍ലമെന്റ് പ്രവര്‍ത്തിച്ചാല്‍ മതി.

ഇതിനിടയ്ക്ക് സഖാവ് പ്രകാശ് കാരാട്ടിന്റെ മനസ്സില്‍ ലഢു പൊട്ടിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിലെ കച്ചവടക്കാരെ രംഗത്തിറക്കി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ പോകുകയാണത്രെ. കച്ചവടക്കാര്‍ എന്നാല്‍ കേവലം പതിനായിരങ്ങളല്ല. 20കോടി വരും എന്നാണ് ബി.ജെ.പി.യുടെ ഓഡിറ്റിങ്ങ് വിഭാഗം പുറത്ത് വിട്ട കണക്ക് സൂചിപ്പിക്കുന്നത്. ആ 20കോടിയെയാണ് കാരാട്ട് സഖാവ് സംഘടിപ്പിക്കാന്‍ പോകുന്നത്. ആദ്യപടിയായി നസിറുദ്ധീന്‍ മുതലാളിയും പിണറായി സഖാവും കൈകോര്‍ത്തിട്ടുണ്ട്. നസിറുദ്ധീന്‍ മുതലാളി വിചാരിച്ചാല്‍ രാജ്യത്തെ 20കോടിയെ അണിനിരത്തുക ക്ഷിപ്രസാധ്യമാണ്. ആ 20കോടിയെ മുന്നില്‍ നിര്‍ത്തി ഒരു വിദേശ റിട്ടെയില്‍ ഭീമനെയും ഇന്ത്യയില്‍ കാല് കുത്താന്‍ അനുവദിക്കില്ല എന്നാണ് പ്രകാശ് കാരാ‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇദം‌പ്രഥമമായാണ് ഇത്രയും വലിയൊരു വിപ്ലവസഖ്യകക്ഷിയെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ജനകീയജനാധിപത്യ വിപ്ലവത്തിന്റെ ഭൌതികസാഹചര്യം പരിപക്വമാകും എന്ന കണക്കുകൂട്ടലിലാണ് കാരാട്ട് സഖാവ്.  ഇനി പട്ടികജാതി ക്ഷേമ സമിതിയുടെ ഭാവി എന്താകുമോ എന്തോ!

എന്തായാലും വിപ്ലവം ജയിക്കട്ടെ! അത് കച്ചവടക്കാരിലൂടെയായാലും!

ഗുണപാഠം: ഉപഭോക്താക്കള്‍ അസംഘടിതരാണ്. അവറ്റകളെ വിപ്ലവത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാന്‍ പറ്റൂല്ല്ല.

ഇന്ത്യ-ചൈന യുദ്ധം അമ്പത് വര്‍ഷം പിന്നിടുമ്പോള്‍


ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈന അതിക്രമിച്ച് കയറി നമ്മുടെ സ്ഥലം ഏകദേശം 50,000 ചതുരശ്ര കിലോ മീറ്ററോളം കൈവശപ്പെടുത്തി യുദ്ധം അവസാനിച്ചതിന്റെ 50 ആം വാര്‍ഷികം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങനെ കടന്നുപോയി. 1962 ഒക്ടോബര്‍ 20നാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്. നവമ്പര്‍ 21ന് തിരിച്ചുപോവുകയും ചെയ്തു. ഈ ഒരു മാസംകൊണ്ട് അവര്‍ പിടിച്ചെടുത്ത സ്ഥലം ഇപ്പോഴും അവര്‍ കൈവശം വെച്ച് അനുഭവിക്കുകയും നമ്മുടെ അരുണാചല്‍ പ്രദേശിന് മേല്‍ ഇപ്പോഴും അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 50കൊല്ലം കഴിഞ്ഞിട്ടും ചൈന ഇപ്പോഴും നമുക്ക് ഭീഷണിയായി തുടരുന്നു എന്ന് സാരം. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും എവിടെയും എത്തിയിട്ടില്ല. ഇന്ന് ലോകത്ത് സാമ്രാജ്യത്വമോഹമുള്ള ഒരേയൊരു രാജ്യം കമ്മ്യൂണിസ്റ്റ് ചൈന മാത്രമാണ് എന്നോര്‍ക്കുമ്പോള്‍ നമ്മള്‍ എന്നും നിതാന്തജാഗ്രത പാലിക്കേണ്ടി വരുന്നു.

1948ല്‍ വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് 49ല്‍ തിബത്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്തി സാമ്രാജ്യം വികസിപ്പിച്ചതിന്  ശേഷമാണ് ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായത്. തിബത്ത് ഒരു സ്വതന്ത്രരാജ്യമായി തുടര്‍ന്നിരുന്നുവെങ്കില്‍ ചൈനയുമായി നമുക്ക് അതിര്‍ത്തിത്തര്‍ക്കം ഉണ്ടാവുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ചൈനയെ നമുക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല്ല. അനുകൂല സാഹചര്യം വന്നാല്‍ ചൈന ഇനിയും ഇന്ത്യയെ ആക്രമിക്കുകയില്ല എന്ന് ഉറപ്പിച്ച് പറയാനും കഴിയില്ല.

എന്ത്കൊണ്ടാണ് 1962ല്‍ ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പിന്തിരിഞ്ഞുപോയത്? അല്ലായിരുന്നെങ്കില്‍ അന്ന് ഒരു മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയായി ആ ആക്രമണം മാറുമായിരുന്നു. ശീതസമരം കൊടുമ്പിരിക്കൊള്ളുന്ന ഒരു കാലഘട്ടമായിരുന്നു അത്. അമേരിക്കയുടെയും സോവിയറ്റ് യൂനിയന്റെയും നേതൃത്വങ്ങളില്‍ ലോകരാജ്യങ്ങള്‍ രണ്ട് ശാക്തികച്ചേരികളായി അണിനിരന്ന കാലം. കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും ചൈന സോവിയറ്റ് യൂനിയന്റെ സഖ്യത്തിന് പുറത്തായിരുന്നു. ചേരിചേരാനയത്തില്‍ ഊന്നി ഇന്ത്യ ആരുടെ പക്ഷത്തും നിലയുറപ്പിച്ചില്ലെങ്കിലും സോവിയറ്റ് റഷ്യയുമായാണ് സൌഹൃദബന്ധം പുലര്‍ത്തിയിരുന്നത്. പക്ഷെ ചൈന ആക്രമിച്ചപ്പോള്‍ സോവിയറ്റ് റഷ്യ ഇന്ത്യയെ സഹായിച്ചില്ലെന്ന് മാത്രമല്ല, ചൈനയെ ന്യായീകരിക്കുകയും ചെയ്തു.

അമേരിക്കയുമായി നമ്മള്‍ അന്ന് അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല. ഒരു യുദ്ധം നമ്മള്‍ അക്കാലത്ത് പ്രതീക്ഷിക്കാത്തത്കൊണ്ട് ഇന്ത്യന്‍ സേന അത്ര സുസജ്ജവുമായിരുന്നില്ല. മാത്രവുമല്ല ഒരു കമ്മുണിസ്റ്റ് രാജ്യം മറ്റൊരു രാജ്യത്തെ ഒരിക്കലും ആക്രമിക്കുകയില്ല എന്ന് അന്ന് വിശ്വസിപ്പിക്കപ്പെട്ടിരുന്നു. ആ ന്യായത്തിന്റെ പുറത്ത് ഇന്ത്യയാണ് ചൈനയെ ആക്രമിച്ചത് എന്നാണ് സോവിയറ്റ് റഷ്യയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ആ സിദ്ധാന്തം ഔദ്യോഗികമായി സ്വീകരിച്ച രാജ്യങ്ങളോടാണ് കൂറ് ഉണ്ടാവുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവവിശേഷമാണെന്ന് തോന്നുന്നു. അത്കൊണ്ടാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ചൈന അന്നും ഇന്നും മധുരമനോജ്ഞമാകുന്നത്.

ക്യൂബയിലേക്ക് അമേരിക്ക മിസ്സൈല്‍ തൊടുത്ത് വിട്ട് ഒരു സംഘര്‍ഷം നിലനില്‍ക്കുന്ന സമയമായതിനാല്‍ ഇന്ത്യയിലേക്ക് ചൈന അതിക്രമിച്ചു കയറിയത് ആദ്യമൊന്നും അമേരിക്ക ശ്രദ്ധിച്ചില്ല. എന്നാല്‍ ചൈന പിടിമുറുക്കുന്നു എന്ന് മനസ്സിലായപ്പോള്‍ അമേരിക്കയുടെ താക്കീത് ചൈനയിലേക്ക് പറന്നു. മാത്രമല്ല അമേരിക്കയുടെ USS Kitty Hawk എന്ന വിമാനവാഹിനിക്കപ്പല്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങാ‍ന്‍ തയ്യാറെടുക്കുകയും ചെയ്തു. അപകടം മണത്തറിഞ്ഞ ചൈന അക്സായിചിന്‍ പ്രദേശം സ്വന്തം കൈവശത്തില്‍ വെച്ചുകൊണ്ട് ലഡാക്ക്, നേഫ, അരുണാചല്‍ പ്രദേശ് എന്നീ ഭൂപ്രദേശങ്ങളില്‍ നിന്ന് പിന്‍‌വാങ്ങുകയാണുണ്ടായത്.

ഇന്ത്യ-ചൈന യുദ്ധം ഏറ്റവും നഷ്ടം ഉണ്ടാക്കിയത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. ഇന്ത്യന്‍ സര്‍ക്കാരിനാകട്ടെ നമ്മുടെ സേനയെ നവീകരിക്കാനും ശക്തിപ്പെടുത്താനും സദാ സുസജ്ജമായി നിലനിര്‍ത്താനുള്ള പ്രചോദനമാവുകയും ചെയ്തു. അക്കാലത്ത് ഇന്ത്യന്‍ ജനതയുടെ ഹീറോ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ്. കെന്നഡിയായിരുന്നു. എന്തെന്നാല്‍ കെന്നഡിയുടെ സമയോചിതമായ ഇടപെടല്‍ അന്ന് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ തകര്‍ന്ന് തരിപ്പണമായേനേ. കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു അന്ന് ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടി. ഏ.കെ.ജി. ആയിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ്. കോണ്‍ഗ്രസ്സ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് ഇന്ത്യയില്‍ ഭരണാധികാരം ലഭിക്കുക എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന കാലം. എന്നാല്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൈനാനുകൂലനിലപാട് കമ്മ്യൂണിസ്റ്റുകള്‍ ചൈനാചാരന്മാരാണെന്ന ഒരു പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സോവിയറ്റ് അനുകൂലികളും ചൈന അനുകൂലികളും എന്ന രീതിയില്‍ രണ്ട് വിഭാ‍ഗങ്ങള്‍ രൂപപ്പെടുകയും അവരിലെ ആശയഭിന്നത മൂര്‍ച്ഛിക്കുകയും ഒടുവില്‍ പാര്‍ട്ടി പിളരുകയും ചെയ്തു. അതിന് ശേഷം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിക്കാനും ഛിന്നഭിന്നമാകാനും തുടങ്ങി. പിന്നീടൊരിക്കലും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പഴയപ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല എന്ന് മാ‍ത്രമല്ല ദേശീയരാഷ്ട്രീയത്തില്‍ അവര്‍ അപ്രസക്തമാകുന്ന തോതില്‍ ദുര്‍ബ്ബലമാവുകയും ചെയ്തു.

1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചില്ലായിരുന്നെങ്കിലോ? ചരിത്രത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല അല്ലേ? എന്തായാലും ഇന്നും നമ്മള്‍ ചൈനയെ കരുതിയിരിക്കണം. നമ്മുടെ അയല്പക്കങ്ങളില്‍ ചുറ്റുമുള്ള ചെറിയ ചെറിയ രാജ്യങ്ങളെ ചൈന സ്വാധീനിച്ച് അവരുടെ മിത്രങ്ങളായി മാറ്റുന്നത് നമുക്കുള്ള താക്കീത്താണ്. അത് കാണാതിരുന്നുകൂട..

ഭൂമിദാനവും സ്പെക്ട്രം ലേലവും അഴിമതിയാഘോഷങ്ങളും ...


ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര്‍. സിംഗിള്‍ ബെഞ്ച് റദ്ധാക്കുന്നതും , ആ റദ്ധാക്കല്‍ ഡിവിഷന്‍ ബെഞ്ച് ഏതാനും മണിക്കൂറിനകം റദ്ധാക്കുന്നതുമാണ് ഇന്നലെ മാധ്യമങ്ങളിലും ഫേസ്‌ബുക്കിലും ചര്‍ച്ചയായത്. ഇതിപ്പോള്‍ കോടതിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ കൂടുതലായി ഒന്നും പറയാന്‍ പാടില്ലാത്തതാണ്. എന്നാലും എന്റേതായ നിരീഷണങ്ങള്‍ പറയാതിരിക്കാനും വയ്യ.

ഭൂമിദാനക്കേസ് കുറെയായി നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട്. അതിന് കാരണം അഴിമതിക്കേസുകളോട് നമുക്കുള്ള താല്പര്യമാണ്. ഈ താല്പര്യം അഴിമതി രാജ്യത്ത് നിന്ന് ഇല്ലാതാക്കണം എന്നതിലല്ല. അഴിമതിയെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കണം എന്ന താല്പര്യം കൊണ്ടാണ്. അത്കൊണ്ട് അഴിമതി എന്നത് എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇന്ന് പോഷണമൂല്യമുള്ള ടോണിക്ക് പോലെയാണ്. എതിര്‍പാര്‍ട്ടിക്കാരന്റെ പേരില്‍ ചാര്‍ത്തപ്പെടുന്ന അഴിമതിടോണിക്ക് കുടിച്ച് വേണം തെരഞ്ഞെടുപ്പ് രാഷ്ട്രീയഗോദയില്‍ മത്സരിക്കാന്‍ ശക്തി ആര്‍ജ്ജിക്കുന്നത്. അണികള്‍ക്കും അഴിമതി വളരെ പഥ്യമാണ്. അത് പറഞ്ഞ് വേണം എതിര്‍പാര്‍ട്ടിക്കാരന്റെ വായ അടപ്പിക്കാന്‍. ബോഫേഴ്സ് കേസ് മുതലാണ് ഈ പ്രവണത വ്യാപകമാവുകയും അധികാരരാഷ്ട്രീയത്തിന്റെ അവിഭാജ്യഭാഗമാവുകയും ചെയ്തത്. എതിര്‍പാര്‍ട്ടിക്കാരുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കാന്‍ ഒരഴിമതിയാരോപണമില്ലെങ്കില്‍ ഇക്കാലത്ത് പാര്‍ട്ടിയില്‍ അണികളെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല എന്നായിട്ടുണ്ട്.

ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര്‍. സിംഗിള്‍ ബെഞ്ച് റദ്ധാക്കിയിരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഞാന്‍ അതിലേക്ക് കടക്കുന്നില്ല. പക്ഷെ പലരും കരുതിയ പോലെയോ ചിലര്‍ ആഗ്രഹിച്ചത് പോലെയോ വി.എസ്സ്. പ്രതിപക്ഷ നേതാവിന്റെ പദവി ഒഴിയില്ലായിരുന്നു. കാരണം വി.എസ്സിന്റെ സ്റ്റാന്റ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതാണ്. ലാവലിന്‍ കേസ് ഉണ്ടായിട്ടും പിണറായിയെ സെക്രട്ടരി  സ്ഥാനത്ത് നിന്ന് മാറ്റാന്‍ തയ്യാറാകാത്ത കേന്ദ്രനേതൃത്വത്തിന് ഭൂമിദാനക്കേസിന്റെ പേരില്‍ വി.എസ്സിനെ മാറ്റാന്‍ കഴിയുമായിരുന്നില്ല. പിണറായിയുടേത് പാര്‍ട്ടി പദവിയല്ലേ വി.എസ്സിന്റേത് സര്‍ക്കാര്‍ പദവിയല്ലേ എന്ന് വാദിക്കാം. പക്ഷെ ഭൂമിദാനക്കേസ് നിലനില്‍ക്കാത്ത ഒരു ഫാബ്രിക്കേറ്റഡ് കേസ് ആണെന്ന് പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ വി.എസ്സിന് കഴിയുമായിരുന്നു.

അത്കൊണ്ട്, സിംഗിള്‍ ബെഞ്ച് എഫ്.ഐ.ആര്‍ റദ്ധാക്കിയിരുന്നില്ല എങ്കില്‍ നടക്കുമായിരുന്നത് , ഇനിയിപ്പോള്‍ അപ്പീലുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാലും നടക്കാന്‍ പോകുന്നത് ഭൂമിദാനക്കേസ് കുറച്ച് കാലം ആഘോഷിക്കാമെന്നത് മാത്രമാണ്. എന്തെന്നാല്‍ ടി.കെ. സോമന്റെ അപേക്ഷയും അതിന്മേല്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും തികച്ചും നിയമാനുസൃതമായിരുന്നു. പലരും ഇത് മനസ്സിലാക്കിയിരുന്നു. ഞാന്‍ വൈകിയാണ് ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയത്. അത്കൊണ്ടാണ് ഇപ്പോള്‍ പറയുന്നത്. വി.എസ്സിനെ പോലെ ഒരു നേതാവ് തന്റെ ബന്ധുവിന് രണ്ടര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്തിക്കൊടുക്കാന്‍ അഴിമതി കാണിക്കും എന്ന് വിശ്വസിക്കുന്നത് അല്പത്തരമാണ്. എനിക്കും ആ തെറ്റ് പറ്റിപ്പോയി. എല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ  കണ്ണടയില്‍ കൂടി കാണുന്നത്കൊണ്ടുള്ള ദോഷമാണിത്.

ഇക്കാലത്ത് അഴിമതിയാരോപണങ്ങളില്‍ നിന്ന് നെല്ലും പതിരും തിരിച്ചറിയാനോ ചികഞ്ഞെടുക്കാനോ ആര്‍ക്കും താല്പര്യമില്ല. കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലൊ, അഴിമതി എല്ലാവര്‍ക്കും വേണം, ഇല്ലെങ്കില്‍ ഉണ്ടാക്കും. രാഷ്ട്രീയക്കാര്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും അഴിമതിയാരോപണങ്ങളില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ ആദ്യം അഴിമതി സൃഷ്ടിക്കുകയും അത് പിന്നീട് രാഷ്ട്രീയക്കാര്‍ ഏറ്റുപിടിച്ച് പൊലിപ്പിക്കുകയും പിന്നെയത് പാര്‍ട്ടിയണികള്‍ ആഘോഷിക്കുകയുമാണ് നടന്നുവരുന്നത്. ചാരക്കേസ് നമ്മള്‍ കണ്ടതാണ്. ഇതിനിടയില്‍ യഥാര്‍ഥ അഴിമതി എന്നത് സുരക്ഷിതമായി എല്ലാവരുടെയും ആശീര്‍വാദത്തോടെ നടന്നുപോവുകയും ചെയ്യുന്നു.

ഏറ്റവും ഒടുവിലത്തെ കല്‍ക്കരിപാട അഴിമതിയും 2ജി അഴിമതിയും എവിടെ എത്തി നില്‍ക്കുന്നു? 2ജിയില്‍ 1.76 ലക്ഷം കോടി രൂപ അഴിമതി നടത്തി എന്നാണ് പ്രതിപക്ഷ അണികള്‍ ഇപ്പോഴും വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്. അല്ല സുഹൃത്തേ ഈ 1.76 ലക്ഷം കോടി രൂപ എന്നത് 2ജി ലേലം വിളിക്കാത്തത്കൊണ്ട് സര്‍ക്കാരിന് നഷ്ടം വന്നു എന്നല്ലേ സി.എ.ജി. പറഞ്ഞത്. അല്ലാതെ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് അത്രയും തുക അടിച്ചുമാറ്റി എന്ന് സി.എ.ജി. പറഞ്ഞിട്ടില്ലല്ലൊ എന്ന് ലോജിക്ക് പ്രതിപക്ഷ അണികള്‍ക്ക് ബോധ്യമാകുന്നില്ല. 1.76 ലക്ഷം കോടി എന്നത് നഷ്ടമാണ്. ടാന്‍‌ജിബിള്‍ ആയിട്ടുള്ള കറന്‍സിയല്ല. എന്നാലും 1.76 ലക്ഷം കോടി രൂപ കട്ടു എന്നേ പ്രതിപക്ഷ അണികള്‍ പറയൂ. അതാണ് നമ്മുടെ രാഷ്ട്രീയപ്രബുദ്ധത.

2ജി ഇടപാട് അഴിമതിയെ കുറിച്ച് നിലവില്‍ സി.ബി.ഐ. കേസുണ്ട്. എന്താ കേസ്? ആ ഇടപാടില്‍ സര്‍ക്കാരിന് 30,000 കോടി നഷ്ടം ഉണ്ടായി എന്നാണ് കേസ്. അപ്പോള്‍ ബാക്കി 1.46 ലക്ഷം കോടിയുടെ കാര്യമോ? അത് സി.എ.ജി.യുടെ ആരാധകര്‍ ആകുലപ്പെടേണ്ട കാര്യമാണ്. 1.76 ലക്ഷം കോടി എന്ന സി.എ.ജി.യുടെ മായക്കണക്കും കൊണ്ട് കേസെടുത്താല്‍ തെളിവിന് സി.ബി.ഐ. എവിടെ പോകും? എന്നിട്ടും ഈ 30,000 കോടിക്ക് തെളിവ് കിട്ടിയോ? കേസിലെ പ്രതികളില്‍ ഒരാളായിരുന്ന മുന്‍ ടെലികോം മന്ത്രി ഏ. രാജ 15 മാസം ജയിലില്‍ കിടന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി ഇപ്പോള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നു. രണ്ട് കൊല്ലമാകാറായി ആ കേസ് സി.ബി.ഐ. അന്വേഷിക്കുന്നു. ഇത് വരെയിലും നയാപൈസയുടെ തെളിവ് സി.ബി.ഐ.ക്ക് ഉണ്ടാക്കാനായിട്ടില്ല. കുറെക്കാലം കഴിയുമ്പോള്‍ 2ജി കേസും എഴുതിത്തള്ളപ്പെടാം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് അഴിമതി വേറെ അഴിമതിയാരോപണങ്ങള്‍ വേറെ എന്നാണ്. അഴിമതി എല്ലാ രംഗത്തും വിലസുന്നു. അഴിമതിയാരോപണങ്ങള്‍ ആഘോഷിക്കപ്പെട്ട് കാലക്രമേണ വിസ്മൃതിയില്‍ ആണ്ടുപോവുകയും പുതിയ ആരോപണങ്ങള്‍ മെനയപ്പെടുകയും ചെയ്യുന്നു.

2007-08 വര്‍ഷങ്ങളില്‍ നമ്മുടെ ടെലികോം രംഗം ഒരു കുതിച്ചുചാ‍ട്ടത്തില്‍ ആയിരുന്നു. സ്പെക്ട്രം എന്ന പ്രകൃതി വിഭവം കൈകാര്യം ചെയ്യാന്‍ ബി.ജെ.പി. സര്‍ക്കാര്‍ വളരെ നല്ല ഒരു മെത്തേഡ് ആവിഷ്ക്കരിച്ചിരുന്നു. അതാണ് റവന്യു ഷേര്‍ എന്ന സമ്പ്രദായം. ആദ്യം അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് അദ്യം ലൈസന്‍സ് എന്ന രീതിയില്‍ കമ്പനികള്‍ക്ക് ഒരു നിശ്ചിത ഫീസ് വാങ്ങി സ്പെക്‍ട്രം അനുവദിക്കുക. എന്നിട്ട് കമ്പനികളുടെ വരുമാനത്തില്‍ ഒരു പങ്ക് സര്‍ക്കാരിന് നല്‍കുക. കമ്പനികള്‍ക്ക് ലാഭം, സര്‍ക്കാരിന് തുടര്‍ന്ന് വരുമാനം, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ 2ജി സേവനം. അപ്പോഴാണ് പൊന്‍‌മുട്ടയിടുന്ന താറാവിനെ കൊന്ന് മുഴുവന്‍ പൊന്നും ഒരുമിച്ച് കൈക്കലാക്കാമെന്ന ദുര്‍ബുദ്ധി സര്‍ക്കാര്‍ വകുപ്പില്‍ ആരുടെയൊക്കെയോ തലച്ചോറില്‍ ഉദിക്കുന്നത്. അങ്ങനെയാണ് 3ജി ലേലവും തുടര്‍ന്ന് സി.എ.ജി. മായക്കണക്കും അഴിമതിയാഘോഷങ്ങളും അരങ്ങേറുന്നത്. ഫലം 3ജിയും ടെലികോം മേഖലയും ഗ്രഹണി പിടിച്ച പോലെയായി. 3ജി ലേലം ചെയ്തില്ലെങ്കിലോ? ഇന്ന് പ്രതിമാസം 250 രൂപയ്ക്ക് അണ്‍‌ലിമിറ്റഡ് 3ജി ഓരോ മൊബൈല്‍ ഉപഭോക്താവിനും നല്‍കാന്‍ കമ്പനികള്‍ക്ക് കഴിയുമായിരുന്നു. 3ജിയുടെ സൌകര്യം അതായത് മൊബൈല്‍ ഇന്റര്‍നെറ്റ് എല്ലാവരും ഉപയോഗിക്കുമായിരുന്നു. ഇ-ഡിസ്ട്രിക്ട് പദ്ധതി സാര്‍വ്വത്രികമാകുമ്പോള്‍ എല്ലാവര്‍ക്കും അത് ഉപകാരപ്രദമാവുമായിരുന്നു. വരിക്കാര്‍ പെരുകി കമ്പനികള്‍ക്കും ലാഭമുണ്ടായി സര്‍ക്കാരിനും തുടര്‍ വരുമാനത്തിലൂടെ എത്രയോ ലക്ഷം കോടികള്‍ സ്വരൂപിക്കാന്‍ കഴിയുമായിരുന്നു.

അഴിമതിയാരോപണങ്ങളെ മുതലാക്കിയും ആഘോഷിച്ചും അധികാ‍രം കൈക്കലാക്കാന്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാപകന്‍ കെ‌ജ്‌രിവാളും ശ്രമിക്കുക. എന്തെന്നാല്‍ അഴിമതിയാരോപണമാണ് ഇപ്പോള്‍ എളുപ്പത്തില്‍ വിറ്റ്പോകുന്ന രാഷ്ട്രീയചരക്ക്. ഒരഴിമതിയാരോപണം കെട്ടില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയില്‍ കക്ഷിരാഷ്ട്രീയ വിശ്വാസികളും. ഇതിനിടയില്‍ പെട്ട് ഞെരിയുകയാണ് നമ്മുടെ ജനാധിപത്യവും രാജ്യത്തിന്റെ വികസനവും. യഥാര്‍ഥ അഴിമതിക്കാര്‍ ആനന്ദത്തിലാണ്. കാരണം അഴിമതിയെ ആരും ടാര്‍ജറ്റ് ചെയ്യുന്നില്ലാലോ.

ജമാ‌അത്തെ ഇസ്ലാമിയും ജനാധിപത്യവും


ജമാ‌അത്തെ ഇസ്ലാമിയുടെ ജനാധിപത്യ സങ്കല്പം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.

ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്. 

ജനാധിപത്യത്തിന്റെ പ്രായോഗിക രൂപം എന്നത് നാമെല്ലാവരും മനസിലാക്കുന്നത് പോലെ ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ്. നിയമങ്ങള്‍ സദാ മാറ്റിക്കൊണ്ടിരിക്കുകയും പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടിയും വരും. ഓരോ സാഹചര്യങ്ങളാണ് പുതിയ നിയമനിര്‍മ്മിതി ആവശ്യപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്. വേറെ വഴിയില്ല. ആ നിയമം തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ജനാധിപത്യത്തില്‍ ആര്‍ക്കും അവസരമുണ്ട്. അതാണ് നിലവിലെ ജനാധിപത്യത്തിന്റെ മേന്മ. ഇന്ത്യയില്‍ ഇനി ഒരിക്കലും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് നമ്മള്‍ നിയമം മാറ്റിയില്ലേ, അത് പോലെ. 

ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായത്തില്‍ അവര്‍ ശരിയെന്ന് പറയുന്ന നിയമം ആരാണ് വ്യാഖ്യാനിക്കുകയും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുക? ആ ബോഡി ഏതായിരിക്കും? പാര്‍ലമെന്റില്‍ ഭൂരിപക്ഷം ജനപ്രധിനിധികള്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന ജനാധിപത്യ സമ്പ്രദായം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പറയുമ്പോള്‍ നിയമപാലനത്തിനും ഭരണനിര്‍വ്വഹണത്തിനും ജമാ‌അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ്? ഇക്കാര്യം എന്നാല്‍ അവര്‍ പരസ്യമായി വെളിപ്പെടുത്തുന്നുമില്ല. തങ്ങള്‍ക്ക് തങ്ങളുടേതായ ജനാധിപത്യസങ്കല്പങ്ങളുണ്ട്, അത് മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഈ പറച്ചിലില്‍ തന്നെ ഒരു ജനാധിപത്യവിരുദ്ധതയുണ്ട്. ഇങ്ങനെ ഓരോ വിഭാഗവും ജനാധിപത്യത്തെ പ്രത്യേകം പ്രത്യേകം നിര്‍വ്വചിച്ച് നടപ്പാക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയാണ് ശരിയാവുക? 

എല്ലാ വിധ അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഏറ്റവും ശരിയിലേക്ക് എത്താനും കഴിയുന്നതാണ് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം. ഈ സമ്പ്രദായം അംഗീകരിക്കാതെ ജമാ‌അത്തെ ഇസ്ലാമിക്ക് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. അവര്‍ മുന്‍‌കൈ എടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയപാര്‍ട്ടിക്ക് ജന്മം നല്‍കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജമാ‌അത്തേ ഇസ്ലാ‍മിയുടെ പ്രവര്‍ത്തകര്‍ പൊതുവെ നല്ലൊരു സംസ്ക്കാരം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ആ നന്മ തന്നെ ഒരു ഹിഢന്‍ അജണ്ടയുടെ ഭാഗമാണ് എന്ന് പൊതുവെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായിട്ടുള്ളത് ജനാധിപത്യത്തോടുള്ള അവരുടെ ഈ സന്നിഗ്ദ്ധ സമീപനം നിമിത്തമാണ്. അത്കൊണ്ട്, പാര്‍ലമെന്ററി ജനാധിപത്യമാണ് ഏറ്റവും നവീനമായ രാഷ്ട്രീയ ചിന്താപദ്ധതി എന്നും പ്രയോഗത്തില്‍ നിലവില്‍ മറ്റ് മാര്‍ഗ്ഗമില്ല എന്നും അംഗീകരിക്കാന്‍ ജമാ‌അത്തെ ഇസ്ലാമി തയ്യാറാവുക.

ഇനി ആന്‍ഡ്രോയ്‌ഡ് വിപ്ലവം

എസ് എം എസിന് (Short Message Service) 20 വയസ്സായത്രെ. കൃത്യമായി പറഞ്ഞാല്‍ 1992 ഡിസംബര്‍ മൂന്നിനാണ് ആദ്യത്തെ എസ് എം എസ് ‘ Merry Christmas ‘ എന്ന വാചകം ഒരു പഴ്‌സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് പറന്നത്. ബ്രിട്ടനിലായിരുന്നു സംഭവം. ഇന്ന് നമ്മള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഫോണ്‍ ചെയ്യാനോ എസ് എം എസ്സുകള്‍ അയക്കാനോ മാത്രമല്ല. ഒരു പഴ്‌സണല്‍ കമ്പ്യൂട്ടറില്‍ ചെയ്യാവുന്നതും അതിനപ്പുറവും മൊബൈല്‍ ഫോണ്‍ കൊണ്ട് ചെയ്യാന്‍ കഴിയും. ഇത്തരം ഫോണുകളെ നമ്മള്‍ സ്മാര്‍ട്ട് ഫോണുകള്‍ എന്നു പറയുന്നു. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് അത്ഭുതകരമായ വളര്‍ച്ചയാണ് മൊബൈല്‍ ഫോണ്‍ രംഗത്ത് ഉണ്ടായിട്ടുള്ളത്.

നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമായതിനാല്‍ ഈ ഫോണുകളെ കുറിച്ച് ഒരു സാമാന്യധാരണ നമുക്ക് ഉണ്ടാകണം. ഏത് സ്മാര്‍ട്ട് ഫോണും ഏതെങ്കിലും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് (OS) പ്രവര്‍ത്തിക്കുന്നത്. ആ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ അതിന്റെ പ്ലാറ്റ്ഫോം എന്നു പറയുന്നു. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനും ഇങ്ങനെ ഒരു പ്ലാറ്റ്ഫോം വേണം. നിലവില്‍ വിന്‍ഡോസ് , ലിനക്സ് , മാക് എന്നിവയാണ് പ്രചാരത്തിലുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍. ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് പറയുന്നതും ഒരു സോഫ്റ്റ്‌വേര്‍ അഥവാ പ്രോഗ്രാം ആണ്.

ഒരു മൊബൈല്‍ ഫോണ്‍ ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മുമ്പൊക്കെ ആരും അത്ര ആലോചിക്കാറില്ലായിരുന്നു. ഉദാഹരണത്തിന് ഒരു നോക്കിയ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ ഓ.എസ്. സിംബ്യന്‍ ആണെന്ന് അധികമാരും അറിയാന്‍ വഴിയില്ല. എന്നാല്‍ ഇന്ന് ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ക്ക് പ്രചുരപ്രചാരം സിദ്ധിച്ചതോടുകൂടി മൊബൈല്‍ പ്ലാറ്റ്ഫോമുകളെ കുറിച്ച് മനസ്സിലാക്കിയേ പറ്റൂ എന്നായിട്ടുണ്ട്.

കുറെ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും അവയില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണത്തിനെ പരിചയപ്പെടുത്താം:

1) Symbian: നോക്കിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ഈ പ്ലാറ്റ്ഫോമിലാണ്. Samsung, Sharp, Sony Ericsson മുതലായ പ്രബല കമ്പനികളും സിംബ്യന്‍ പ്ലാറ്റ്ഫോമില്‍ മൊബൈല്‍  നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ നോക്കിയ ഇപ്പോള്‍ വിന്‍ഡോസ് പ്ലാ‍റ്റ്ഫോമിലേക്ക് മാറാന്‍ മൈക്രോസോഫ്റ്റുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. സാംസങ്ങ് ആണെങ്കില്‍ ആന്‍ഡ്രോയിഡിലാണ് ഇപ്പോള്‍ ഫോണുകള്‍ ഇറക്കുന്നത്.

2) BlackBerry RIM: ബ്ലാക്ക്ബെറി ഫോണുകള്‍ക്ക് അവരുടെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റമാണുള്ളത്.

3) Windows Mobile OS: കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ അതികായനായ മൈക്രോസോഫ്റ്റ് അവരുടെ മൊബൈല്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് മൊബൈലുകള്‍ മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുണ്ട്.

4) Apple iOS: ആപ്പിളിന്റെ iPhone, iPad,  iPod എന്നിവ പ്രവര്‍ത്തിക്കുന്നത് അവരുടെ  iOS എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്.

5) Android OS: ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളെയാണ് നമ്മള്‍ ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ എന്ന് പറയുന്നത്. ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒരു സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആണ്.  ഓപ്പന്‍ സോഫ്റ്റ്‌വേര്‍ എന്ന് പറയും. ആ സോഫ്റ്റ്വേറിന്റെ സോഴ്സ് കോഡ് ആര്‍ക്കും ലഭ്യമാണ്. ആര്‍ക്കും വികസിപ്പിക്കാവുന്നതും പരിഷ്ക്കരിക്കാവുന്നതുമായ പ്രോഗ്രാമുകളെയാണ് ഓപ്പന്‍ സോഫ്റ്റ്വേര്‍ എന്ന് പറയുന്നത്.  ആന്‍ഡ്രോയ്‌ഡും സ്വകാര്യ സോഫ്റ്റ്വേര്‍ ആയിരുന്നു. 2003 ല്‍ Android Incorporation എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ സോഫ്റ്റ്വേര്‍ വികസിപ്പിച്ചത്. പിന്നീട് 2005ല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ് കമ്പനിയെ വിലക്ക് വാങ്ങി.  ഗൂഗിള്‍ എന്നാല്‍ തികച്ചും ഒരു സോഫ്റ്റ്വേര്‍ അധിഷ്ഠിത കമ്പനിയാണ്.  അവര്‍ ഹാര്‍ഡ്‌വേര്‍ ഒന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചുകൊണ്ട് ഗൂഗിള്‍ നെക്സസ് എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി.  ആ ഫോണ്‍ പക്ഷെ നിര്‍മ്മിച്ചത് ഗൂഗിളിന് വേണ്ടി HTC എന്ന കമ്പനിയാണ്.  ആന്‍ഡ്രോയ്‌ഡ് കമ്പനിയെ  വാങ്ങിയെങ്കിലും ആ സോഫ്റ്റ്‌വേര്‍ പബ്ലിക്ക് ലൈസന്‍സ് പ്രകാരം ആര്‍ക്കും ഉപയോഗിക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയായിരുന്നു. അതിന്റെ ഫലമായി എത്രയോ കമ്പനികള്‍ ഇന്ന് ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നു.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ജാവ പ്രോഗ്രാം ഉപയോഗിച്ച് പല തരത്തിലുള്ള ആപ്ലിക്കേഷനുകളും ഗെയിമുകളും രൂപകല്പന ചെയ്യാന്‍ പറ്റും. അങ്ങനെ ഇന്ന് ലക്ഷക്കണക്കിന് ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്.  ആന്‍ഡ്രോയ്‌ഡ് ഫോണ്‍ കൈവശമുള്ള ആള്‍ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചില ആപ്ലിക്കേഷനുകള്‍ക്ക് നാമമാത്രമായ വില കൊടുക്കേണ്ടി വരും എന്ന് മാത്രം. ഗൂഗിള്‍ ആക്കൌണ്ട് ഉള്ള ആര്‍ക്കും ഇങ്ങനെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്പ്സ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. അത് കൂടാതെ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഫ്രീയായി ലഭിക്കും.

ആന്‍ഡ്രോയ്‌ഡ് സോഫ്റ്റ്‌വേറിന്റെ ഏറ്റവും ലേറ്റസ്റ്റ് വെര്‍ഷന്‍ 4.2 ആണ്. നാലാമത്തെ സീരീസില്‍  4.1.1 വെര്‍ഷന്‍ (Jelly Bean) ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. സാംസങ്ങിന്റെ ഗ്യാ‍ലക്സി S III ഫോണ്‍ ഓട്ടോമെറ്റിക്ക് ആയി Jelly Bean 4.1.1 ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നുണ്ട്.  ഇങ്ങനെ ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ Jelly Bean 4.1.1 ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുമ്പോള്‍ അത് വളരെയധികം സ്മാര്‍ട്ട് ആവുകയാണ്. ഏറ്റവും വലിയ പ്രത്യേകത സ്വിച്ച് ചെയ്യാവുന്ന കീബോര്‍ഡ് ആണ്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നിങ്ങനെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുന്ന 45ഓളം ഡിഫോള്‍ട്ട് കീബോര്‍ഡുകളാണ് ഇതില്‍ ഉള്ളത്. ഡെഡിക്കേറ്റഡ് കീബോര്‍ഡില്‍ നിന്ന് 45 ഭാഷകളില്‍ സ്വിച്ച് ചെയ്ത് ഒരേ സമയം ടൈപ്പ് ചെയ്തുപോകാമെന്ന് സാരം. കമ്പ്യൂട്ടറില്‍ നിലവില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ് ഈ സൌകര്യം എന്നോര്‍ക്കുമ്പോള്‍ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ കമ്പ്യൂട്ടറിനെയും മറികടക്കുകയാണ്. യൂനികോഡ് സപ്പോര്‍ട്ട് ചെയ്യുന്നത്കൊണ്ട് ഏത് പ്രാദേശിക ഭാഷകളിലും വായിക്കാനും കഴിയും.

ചുരുക്കത്തില്‍ ഒരു ആന്‍ഡ്രോയ്‌ഡ് ഫോണും അതില്‍ 3ജി സിം കാര്‍ഡും ആവശ്യത്തിന് ഡാറ്റ ബാലന്‍സും ഉണ്ടെങ്കില്‍ നമുക്ക് കഴിയാത്തത് ഒന്നുമില്ല.

സി.എ.ജി.യുടെ മായക്കണക്കും ബി.ജെ.പി.യുടെ ദുഷ്ടലാക്കും..

2008ല്‍ 2ജി ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്ന് സി.എ.ജി.യുടെ റിപ്പോര്‍ട്ട് പുറത്ത് വന്ന ഉടനെ തന്നെ അതൊരു മായക്കണക്ക് ആണെന്നും അമ്മാതിരി കണക്ക് തയ്യാറാക്കിയ കണക്കപ്പിള്ളയുടെ തല പരിശോധിക്കേണ്ടതാണെന്നും ഞാന്‍ പറഞ്ഞിരുന്നു. കാരണം, 2010ല്‍ 3ജി ലേലം ചെയ്തപ്പോള്‍ സര്‍ക്കാരിന് ലഭിച്ച തുകയുമായി തുലനം ചെയ്ത്, 2008ല്‍ 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഇതേ തോത് വെച്ച് അന്ന് 2ജിക്കും പണം ലഭിക്കുമായിരുന്നു എന്നും അങ്ങനെ  അന്ന് ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് മേപ്പടി തുക നഷ്ടമായി എന്നുമായിരുന്നു ആ കണക്ക്. ഇങ്ങനെ ഒരു സാങ്കല്പിക കണക്ക് തയ്യാറാക്കാന്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആര്‍ക്കെങ്കിലും സാധിക്കുമോ?  ഈ കണക്ക് സുബോധമുള്ള ആരെങ്കിലും കണക്കിലെടുക്കുമോ?

സി.എ.ജി. ആ കല്പിതകണക്ക് തയ്യാറാക്കിയത് ബി.ജെ.പി.ക്ക് രാഷ്ട്രീയം കളിക്കാനാണ് എന്നും ഞാന്‍ അന്നേ പറയുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ഇപ്പോള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല, Comptroller and Auditor General (CAG) of India യുടെ Director General of Audit ആയിരുന്ന ആര്‍.പി.സിങ്ങ് തന്നെയാണ്. അദ്ദേഹം പറയുന്നു, ഞാന്‍ കണക്കാക്കിയ നഷ്ടം 37, 000 കോടി മാത്രമായിരുന്നു , ആ തുക തന്നെ സര്‍ക്കാരിന് വീണ്ടെടുക്കാനും കഴിയുമായിരുന്നു.

 ( Mr Singh questioned the national auditor's estimates of presumptive loss figure of Rs. 1.76 lakh crore in the 2G spectrum allocation. He said that according to him, the loss due to the first-come-first -served policy followed by the government was Rs. 37, 000 crore and this too, he said, was entirely recoverable. Ref: http://goo.gl/PTef5 )

ആ കണക്ക് സി.എ.ജി. പാര്‍ലമെന്റിന് നല്‍കുന്നതിന്റെ തലേ ദിവസം ബി.ജെ.പി.യുടെ നേതാവ് മുരളി മനോഹര്‍ ജോഷി സി.എ.ജി. ഉദ്യോഗസ്ഥന്മാരെ കണ്ടിരുന്നതായും ആര്‍.പി.സിങ്ങ്  എന്‍.ഡി.ടി.വി.ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  സ്വാഭാവികമായും ഈ ആരോപണം ജോഷിയും ബി.ജെ.പി.ക്യാമ്പും നിഷേധിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം എന്തെന്ന് വെച്ചാല്‍ കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് രാജ്യം കുട്ടിച്ചോറാക്കാന്‍ ബി.ജെ.പി.ക്ക് കഴിയുന്നു എന്നും അതിന് ഭരണഘടന പദവി വഹിക്കുന്ന ബ്യൂറോക്രാറ്റുകള്‍ കൂട്ടുനില്‍ക്കും എന്നുമാണ്. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ മാത്രമേ ഈ പ്രശ്നമുള്ളൂ. ബി.ജെ.പി. ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഇമ്മാതിരി തറവേല കാണിക്കാറുമില്ല. ബി.ജെ.പി. ആരോപണങ്ങളെയോ വിവാദങ്ങളെയോ കൂസാറുമില്ല.

അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത്, ഒരു ഉദ്യോഗസ്ഥന് സര്‍ക്കാരിനെക്കൊണ്ട് കുരങ്ങ് കളിപ്പിക്കാനും രാജ്യം അലങ്കോലമാക്കാനും ഇനിയും കഴിയരുത്. അത്കൊണ്ട് രണ്ട് സി.എ.ജി.മാരെ കൂടി ഉടനെ നിയമിച്ച് മൂന്നംഗ സി.എ.ജി. എന്ന നിലയുണ്ടാക്കണം. തനിക്ക് ഒറ്റക്ക് എന്തും കഴിയും എന്ന ധാര്‍ഷ്ട്യം ഒരു ബ്യൂറോക്രാറ്റിനും മേലില്‍ ഉണ്ടാ‍കരുത്. അത്പോലെ തന്നെ 2008ല്‍ അനുവദിക്കപ്പെട്ട 122 സ്പെക്ട്രം ലൈസന്‍സ് റദ്ധാക്കിയ കോടതി നടപടി ‌- ഇവിടെ ഒരു പ്രശ്നമുണ്ട്. കോടതി നടപടി തെറ്റാണെന്ന് പറയാന്‍ പാടില്ല. ദൌഭാഗ്യകരം എന്നേ പറയാന്‍ പറ്റൂ. ഇല്ലെങ്കില്‍ കോടതിയലക്ഷ്യമാകും- സാമാ‍ന്യയുക്തിക്ക് നിരക്കുന്നതല്ല. കാരണം അന്ന് അനുവദിച്ച മറ്റ് ലൈസന്‍സുകള്‍ കോടതി റദ്ധാക്കിയുമില്ല. അത്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയെക്കൊണ്ട് കോടതിയോട് റഫറന്‍സ് ചോദിപ്പിച്ചത്.

കോടതിയലക്ഷ്യമായാലും വേണ്ടില്ല, ഇപ്പോഴൊക്കെ കോടതി സര്‍ക്കാരിനെ കയറി ഭരിക്കാനും അസ്ഥാനത്തുള്ള പരാമര്‍ശങ്ങളിലൂടെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി ഒരു പൌരന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നുണ്ട്. അത്കൊണ്ട് കോടതിയുടെയും സര്‍ക്കാരിന്റെയും അധികാരപരിധികള്‍ സുവ്യക്തമായി നിര്‍വ്വചിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ നയപരവും ഭരണപരവുമായ കാര്യങ്ങളില്‍ കോടതിക്കോ സി.എ.ജി.ക്കോ ഇടപെടാന്‍ കഴിയരുത്. അത്പോലെ തന്നെ കോടതിയുടെ നീതി-ന്യായ നിര്‍വ്വഹണത്തില്‍ സര്‍ക്കാരിനും ഇടപെടാന്‍ കഴിയരുത്. ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കിടയെ ഈഗോക്ലാഷ് വരാനുള്ള സാധ്യതകള്‍ തടയപ്പെടണം.

പ്രതിപക്ഷപാര്‍ട്ടി എന്ന നിലയില്‍ എന്ത് തറപ്പരിപാടി കളിച്ചാലും ബി.ജെ.പി. എന്ന പാര്‍ട്ടി എവിടെയും എത്താന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പുകപടലങ്ങളില്‍ പെട്ട് രാജ്യം സ്തംഭിച്ചുപോകുന്നു എന്നതാണ് ദുരന്തം. ടെലികോം മേഖല ആകപ്പാടെ നാശകോശമായി എന്ന് പറയാം. വികസിതരാജ്യങ്ങളില്‍ ഇപ്പോള്‍ 4ജി സാങ്കേതിക വിദ്യയാണ് വിദൂരവാര്‍ത്താവിനിമയ രംഗത്ത് പ്രചാരത്തിലുള്ളത്. അതിവേഗ ഇന്റര്‍നെറ്റ് അവിടെ ജനങ്ങള്‍ക്ക് ലഭ്യമാണ്. ഇന്ത്യയില്‍ 3ജി ഇനി പച്ചപിടിക്കാന്‍ പോകുന്നില്ല.  2ജിയില്‍ തന്നെ മൊബൈല്‍ കോളിന്റെ ചാര്‍ജ്ജ് വര്‍ദ്ധിക്കാനാണ് സാധ്യത. നമുക്ക് ഇങ്ങനെയൊക്കെ മതിയല്ലൊ.

കടപ്പാട് :  NDTV

വാര്‍ത്ത കാണുക.

കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ?





കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സംവാദം നിര്‍മുക്ത എന്ന സംഘടന 15-11-2012 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചിരുന്നു. കൂടംകുളം ആണവനിലയത്തെയും ആണവോര്‍ജ്ജത്തെയും അനുകൂലിച്ച് ഞാനും എതിര്‍ത്തുകൊണ്ട് പ്രഫ: ആര്‍.വി.ജി.മേനോനും സംസാരിക്കുകയുണ്ടായി. സംവാദത്തില്‍ ഞാന്‍ അവതരിപ്പിച്ച രേഖ താഴെ കൊടുക്കുന്നു. സംവാദത്തെ കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഞാന്‍ പിന്നീട് എഴുതുന്നതാണ്.

കൂടംകുളം ആണവനിലയം നമ്മുടെ ഊര്‍ജ്ജസ്വയം‌പര്യാപ്തിക്ക് അനിവാര്യം

ശാസ്ത്രസാഹിത്യപരിഷത്തിന്റെ കൂടംകുളം-ആണവോര്‍ജ്ജ വിരുദ്ധനിലപാട് ശാസ്ത്രവിരുദ്ധം

കേരളീയ സമൂഹത്തില്‍ ഗുണപരമായ പല മുന്നേറ്റങ്ങള്‍ക്കും , പ്രത്യേകിച്ച് ശാസ്ത്രാവബോധം സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ച കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഇപ്പോള്‍ കൂടംകുളം പദ്ധതി ഉപേക്ഷിക്കുക, ആണവമുക്ത ഭാരതത്തിനായി പോരാടുക എന്ന മുദ്രാവാക്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇത് അങ്ങേയറ്റം ശാസ്ത്രവിരുദ്ധവും പ്രതിലോമപരവുമായ നിലപാടാണ്. കൂടംകുളം ആണവനിലയത്തെയും ആണവപദ്ധതികളെയും എതിര്‍ക്കാന്‍ പരിഷത്ത് ആശ്രയിക്കുന്നത് അര്‍ദ്ധസത്യങ്ങളെയും വസ്തുതാവിരുദ്ധമായ ഭാവനകളെയും അജ്ഞത മൂലം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള സാങ്കല്പിക ഭയങ്ങളെയുമാണ്. പരിഷത്തിന്റെ ലഘുലേഖ വായിച്ചാല്‍ ശാസ്ത്രീയ വീക്ഷണമുള്ള ആര്‍ക്കും ഇത് മനസ്സിലാകും.

ആണവോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് 60 കൊല്ലത്തെ ചരിത്രമുണ്ട്. ഇന്ന് ലോകത്ത്  31 രാജ്യങ്ങളിലായി 435 ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 62 നിലയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. 350 ആണവ നിലയങ്ങള്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടിട്ടുമുണ്ട്.  ഇന്ത്യയില്‍ ആകെ 20 ആണവറിയാക്ടറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 7 യൂനിറ്റുകള്‍ പൂര്‍ത്തിയാകാനുമുണ്ട്. ഇപ്പറഞ്ഞ 60 കൊല്ലത്തെ ആണവ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്റിലും 1986ല്‍ അന്നത്തെ സോവിയറ്റ് യൂനിയനില്‍ പെട്ട ചെര്‍ണോബിലും 2011ല്‍ ഫുക്കുഷിമയിലും.

ത്രീമൈല്‍ അയലന്‍ഡ് അപകടത്തില്‍ ആരും മരിച്ചിട്ടില്ല എന്ന് പരിഷത്ത് ലഘുലേഖ തന്നെ സമ്മതിക്കുന്നുണ്ട്. ചെര്‍ണോബില്‍ നേരിട്ടുള്ള ജീവനാശം ഏറെയൊന്നും ഉണ്ടായില്ല എന്ന വസ്തുതയും ലഘുലേഖയില്‍ പറയുന്നുണ്ട്.  ഫുക്കുഷിമയില്‍ ആണവവികിരണം കൊണ്ട് ആരും മരിച്ചിട്ടില്ല. സുനാ‍മിയിലും ഭൂകമ്പത്തിലും പെട്ടാണ് 25,000ത്തോളം ആളുകള്‍ മരിക്കുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുള്ളത്.

ചുരുക്കി പറഞ്ഞാല്‍ ആണവാപകടം നിമിത്തം ലോകത്ത് ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത്  ചെര്‍ണോബില്‍ അപകടത്തില്‍ മാത്രമാണ്. ഈ പറഞ്ഞ മൂന്ന് അപകടങ്ങളില്‍ തന്നെ നിര്‍മ്മാണത്തിന്റെയും മനുഷ്യന്റെയും പിഴവ് കൊണ്ട് അപകടം ഉണ്ടായത്  ചെര്‍ണോബില്‍ മാത്രമാണ് താനും. ഫുക്കുഷിമയില്‍ സംഭവിച്ചത് ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നത്കൊണ്ടാണ്. അല്ലാതെ നിര്‍മ്മാണത്തിലെ തകരാറ് കൊണ്ടല്ല. അന്ന് സംഭവിച്ചത് പോലെ സുനാമിയും ഭൂകമ്പവും ഒരുമിച്ച് വന്നില്ലായിരുന്നുവെങ്കില്‍ ഫുക്കുഷിമ ആണവനിലയം ഇപ്പോഴും പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ടാകുമായിരുന്നു. അപ്പോള്‍ ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നാല്‍ ഒരാണവനിലയം അപകടത്തില്‍ പെടുമെങ്കില്‍ നമ്മുടെ മുന്നിലുള്ള പോംവഴി എന്താണ്? എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടലും പുതിയവ നിര്‍മ്മിക്കാതിരിക്കലുമാണോ അതോ ഭൂകമ്പവും സുനാമിയും വരാന്‍ സാധ്യത ഇല്ല്ല്ലാത്ത സ്ഥലത്ത് ആണവനിലയം സ്ഥാപിക്കലോ? അതാണ് കൂടംകുളത്ത് ചെയ്തിട്ടുള്ളത്.

എന്താണ് ഫുക്കുഷിമയില്‍ സംഭവിച്ചത് എന്ന് നോക്കാം. 2011 മാര്‍ച്ച് 11ന് റിക്ടര്‍ സ്കെയിലില്‍ 8.9 അടയാളപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമാ ആണവ റിയാക്ടറില്‍ ഘടിപ്പിച്ചിട്ടുള്ള Control Rods  താനാകവേ ഇറങ്ങി Nuclear chain reaction നിര്‍ത്തുകയുണ്ടായി. അപ്പോള്‍ റിയാക്ടറില്‍ ഉള്ള  Decay heat എന്ന ചൂട് തണുപ്പിക്കുന്നതിന് വേണ്ടിയുള്ള എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിച്ചില്ല. ഭൂകമ്പം നിമിത്തം വൈദ്യുതി നിലച്ചത്കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.  ഇത്തരം ഘട്ടങ്ങളില്‍ എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിക്കുന്നതിന് ഡീസല്‍ ജനറേറ്റര്‍ ഉണ്ടാവും.  ദൌര്‍ഭാഗ്യവശാല്‍ ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ വെള്ളപ്പെരുക്കില്‍ ഡീസല്‍ ജനറേറ്റര്‍ മുങ്ങിപ്പോയി.  ഈ സാഹചര്യത്തില്‍ ECCS എന്നു പറയുന്ന Emergency Core Cooling System പ്രവര്‍ത്തനരഹിതമായിപ്പോയി. അപ്പോള്‍ അതിചൂടുള്ള Zirconium alloy എന്ന ലോഹം നീരാവി കലര്‍ന്ന് ഹൈഡ്രജന്‍ വാതകം രൂപപ്പെടാന്‍ തുടങ്ങി.  ഈ ഹൈഡ്രജന്‍ വാതകം  കൂടുതലായി ഘനീഭവിച്ച് ആണവപ്ലാന്റിന്റെ കെട്ടിടത്തിന്റെ പുറത്തേക്ക് വ്യാപിച്ചു.  ഇതാണ് ആളുകള്‍ ടെലിവിഷനില്‍ കണ്ട പുകപടലം.  ഇതില്‍ നിന്നും ഈ ദുരന്തം നടന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1) ഭൂകമ്പം.  2)  സുനാമി. 3) ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായത്.  4) ഒരു വിദ്യുച്ഛക്തിയും ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തത്. 5) ആണവപ്ലാന്റിന്റെ കെട്ടിടത്തിനകത്ത് രൂപം കൊണ്ട ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തത്.

ഫുക്കുഷിമയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കൂടംകുളം. പ്രധാനപ്പെട്ട കാര്യം ഫുക്കുഷിമയിലേത് പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടത് ആയിരുന്നെങ്കില്‍ കൂടംകുളത്തേത് നവീനമായ മൂന്നാം തലമുറ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടതാണ്.  ഫുക്കുഷിമയും കൂടംകുളവും നമുക്കൊന്ന് താരതമ്യം ചെയ്തുനോക്കാം:

ഭൂകമ്പം :  ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടാണ് എന്ന് എല്ലാവര്‍ക്കുമറിയാം. 7 റിക്ടര്‍ സ്കെയില്‍ അളവില്‍ വരെ ഭൂകമ്പങ്ങള്‍ അവിടെ സാധാരണയാണ്. എന്നാല്‍ കൂടംകുളം ഭൂകമ്പസാധ്യത ഇല്ലാത്ത seismic zone 2 ലാണ് ഉള്ളത്.  അതായത് കൂടംകുളത്ത് ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്.

സുനാമി : സുനാമി എന്ന വാക്ക് തന്നെ ജപ്പാനിലാണ് ഉണ്ടായത് എന്ന് അറിയാമല്ലൊ. Harbour wave എന്നാണ് ജപ്പാന്‍ ഭാഷയില്‍ സുനാമിയുടെ അര്‍ത്ഥം. 14 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള തിരമാലകളാണ് ഫുകുഷിമയെ വിഴുങ്ങാന്‍ വന്നത്. 2004 ല്‍ ചെന്നൈയിലും തമിഴ്നാടിന്റെ മറ്റ് കടലോര പ്രദേശങ്ങളിലും സുനാമി അടിച്ചത്കൊണ്ട് ഫുകുഷിമയില്‍ വന്നത് പോലെഉള്ള സുനാമി കൂടംകുളത്തും വന്നുകൂടേ എന്ന് ന്യായമായും ചോദിക്കാം. സുനാമി പോലുള്ള വന്‍ തിരമാലകള്‍ രൂപംകൊള്ളുന്ന സ്ഥലങ്ങളെ  tsunamigenic fault  എന്നാണ് പറയുക. ഇങ്ങനെയുള്ള സ്ഥലത്ത് ഉടലെടുക്കുന്ന സുനാമിയുടെ തിരമാലകളുടെ ഉയരം അത് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദൂരം കുറയുമ്പോള്‍ തിരമാലകളുടെ ഉയരം കൂടുകയും , ദൂരം കൂടുമ്പോള്‍ ഉയരം കുറയുകയും ചെയ്യും. ജപ്പാനില്‍ ഈ സുനാമി രൂപം കൊണ്ട fault ഫുകുഷിമാവില്‍ നിന്ന്130 കി.മീ. മാത്രം അകലെയാണ്. അത്കൊണ്ടാണ് അത്രയും ഭീമാകാരമായ തിരമാലകള്‍ അവിടെ ആഞ്ഞടിച്ചത്. എന്നാല്‍  സുനാമി രൂപം കൊള്ളുന്ന fault ല്‍ നിന്ന് 1300 കി.മീ. അകലെയാണ് കൂടംകുളം സ്ഥിതി ചെയ്യുന്നത്. അതായത് കൂടംകുളത്തെ സുനാമി ആക്രമിച്ചാല്‍ തന്നെ ആ കടല്‍ത്തീരത്ത് എത്തുന്ന തിരമാലകളുടെ ഉയരം ഏറിയാല്‍ 3മീറ്റര്‍ ആയിരിക്കും.  സമുദ്രനിരപ്പില്‍ നിന്ന് 9 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കൂടംകുളം പ്ലാന്റിനെ സുനാമി ഒരു തരത്തിലും ബാ‍ധിക്കുകയില്ല എന്നു പറയുന്നത് ഇത്കൊണ്ടാണ്.

ഡീസല്‍ ജനറേറ്റര്‍ : ഫുകുഷിമാവില്‍ ഡീസല്‍ ജനറേറ്റര്‍ താഴ്ന്ന ഇടത്തില്‍ സ്ഥാപിച്ചത്കൊണ്ട് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയി. എന്നാല്‍ കൂടംകുളത്ത് ഡീസല്‍ ജനറേറ്റര്‍ 9.3 മീറ്റര്‍ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല കൂടംകുളത്ത് ഒരു റീയക്ടറിന് 4 ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.

വിദ്യുച്ഛക്തി ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം : ഇത് വളരെ പ്രധാനപ്പെട്ട ഒരു സുരക്ഷാസംവിധാനമാണ്. ഫുകുഷിമാവില്‍ ഈ സംവിധാനം ഇല്ല്ലായിരുന്നു. ഒരു വേള നാല് ഡീ‍സല്‍ ജനറേറ്ററുകളും നിശ്ചലമാവുകയാണെങ്കില്‍  Passive heat removal system എന്ന അതിനൂതനമായ സുരക്ഷാസംവിധാനത്താല്‍ കൂടംകുളം പ്ലാന്റിലെ റീയാക്ടറുകള്‍ തണുപ്പിക്കും. അത്കൊണ്ട് ഒരു കാരണവശാലും ഫുകുഷിമായില്‍ സംഭവിച്ചത് പോലെ കൂടംകുളത്ത് Decay Heat എന്ന താപം തണുപ്പിക്കാതിരിക്കില്ല.

ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ : ഹൈഡ്രജന്‍ വാതകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് ഫുകുഷിമായില്‍ ഏര്‍പ്പെട്ട നാശനഷ്ടങ്ങള്‍ക്ക് അടിസ്ഥാനമായ മുഖ്യകാരണം. എന്നാല്‍ കൂടംകുളത്ത്  Hydrogen recombiner എന്ന ഉപകരണങ്ങള്‍ നിരവധി സ്ഥാപിച്ചിട്ടുള്ളത്കൊണ്ട് അഥവാ ഹൈഡ്രജന്‍ ഉണ്ടായാല്‍ തന്നെ  ഈ ഉപകരണങ്ങള്‍ ഹൈഡ്രജനെ ഓക്സിജനുമായി സംയോജിപ്പിച്ച് നീരാവിയാക്കി മാറ്റും. കൂടാതെ Core  Catcher എന്നൊരു പ്രധാനപ്പെട്ട സുരക്ഷിതസംവിധാനവും അവിടെ ഒരുക്കിയിട്ടുണ്ട്.

പൊതുവെ കരുതപ്പെടുന്നത് പോലെ ആണവ റിയാക്ടറുകള്‍ പൊട്ടിത്തെറിക്കുകയില്ല. പരിഷത്തിന്റെ ലഘുലേഖയില്‍ 15ആം പേജില്‍ ‘പല കാരണങ്ങളാലും റിയാക്ടറിലെ നീരാവി മര്‍ദ്ധം അതിര് കടന്ന് അത് പൊട്ടിത്തെറിക്കാം’ എന്ന് എഴുതിക്കാണുന്നു. പരിഷത്ത് ലഘുലേഖകര്‍ തന്നെ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ എന്താ ചെയ്യുക!  വാസ്തവം പറഞ്ഞാല്‍ റിയാക്ടറുകള്‍ മര്‍ദ്ധം കൂടിയാല്‍ ഉരുകിപ്പോവുകയാണ് ചെയ്യുക. ഒരു പക്ഷെ എല്ലാ സുരക്ഷാസംവിധാനങ്ങളും പാളിപ്പോയി റിയാക്ടര്‍ ഉരുകിപ്പോയാലും അതൊന്നും പുറത്തേക്ക് പോകാതെ സംരക്ഷിക്കുന്ന ഒരു സംവിധാനമാണ് Core  Catcher എന്നത്. ഈ സംവിധാനം ഫുക്കുഷിമയില്‍ ഇല്ലായിരുന്നു. കാരണം അത് നിര്‍മ്മിക്കുന്ന കാലത്ത് ആ ടെക്നോളജി ലഭ്യമല്ലായിരുന്നു. ഇങ്ങനെ എല്ലാ വിധത്തിലും മുന്‍‌കരുതലും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുള്ള കൂടംകുളം ആണവനിലയത്തെ 50വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഫുക്കുഷിമാ ആണവനിലയത്തോട് താരതമ്യപ്പെടുത്തി ഭയപ്പെടുന്നതിലോ ഭയം ജനിപ്പിക്കുന്നതിലോ യാതൊരു അര്‍ത്ഥവുമില്ല.

അപകടങ്ങള്‍ എല്ലാ രംഗത്തും ഉണ്ടാകാറുണ്ട്. പക്ഷെ അതിന്റെ പേരില്‍ നാം വാഹനയാ‍ത്രയോ വ്യവസായങ്ങളോ ഒന്നും വേണ്ടെന്ന് വയ്ക്കാറില്ലല്ലൊ എന്ന് ചോദിച്ചിട്ട് പരിഷത്ത് ലഘുലേഖകന്‍ അപകടങ്ങളെക്കുറിച്ച് കാ‍ല്പനികമായി തന്നെ വിവരിക്കുന്നുണ്ട്. മനുഷ്യസാധ്യമായ സുരക്ഷാസംവിധാനങ്ങള്‍ മാത്രമല്ലെ നമുക്ക് ഒരുക്കാന്‍ പറ്റൂ. അതിനപ്പുറത്ത് അജ്ഞാത കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെയാണ് മുന്‍‌കൂട്ടി കാണാന്‍ കഴിയുക? പരിഷത്ത് പറയുന്നത്, കൂടംകുളത്തായാ‍ലും മറ്റേതൊരു റിയാക്ടറില്‍ ആയാലും അപകടം ഒരിക്കലും ഉണ്ടാവില്ല എന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയില്ല എന്നാണ്. ഈ ഉറപ്പില്ലായ്മ ആണവറിയാക്ടറുകള്‍ക്ക് മാത്രമാണോ? മനുഷ്യന്റെ ഏത് സംരഭത്തിനാണ് അപകടം ഉണ്ടാവില്ല എന്ന് ഉറപ്പ് പറയാന്‍ കഴിയുക? ആണവറിയാക്ടറുകള്‍, അതില്‍ നിന്നുണ്ടാകുന്ന അപകടം അല്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം  ഒഴിവാക്കാന്‍ മാത്രമേ സുരക്ഷാസംവിധാനങ്ങള്‍ കൊണ്ട് കഴിയൂ. അമേരിക്കയില്‍ ഇപ്പോള്‍ ആഞ്ഞടിച്ച സാന്‍ഡി പോലെ അതിന്റെ എത്രയോ ഇരട്ടി ശക്തിയുള്ള കൊടുങ്കാറ്റും പേമാരിയും വന്നാല്‍ എന്ത് ചെയ്യും? അഭൂതപൂര്‍വ്വമായ പ്രളയത്തില്‍ ഒരു ഭൂഖണ്ഡം തന്നെ ഒലിച്ചുപോയാലോ അല്ലെങ്കില്‍ ശൂന്യാകാശത്തില്‍ നിന്ന് ഭീമാകാരമായ ഉല്‍ക്ക ഭൂമിയില്‍ പതിച്ചാലോ എന്ത് ചെയ്യാന്‍ സാധിക്കും? സാങ്കല്പികമായ അപകടഭീതിയ്ക്ക് ഉത്തരം പറയാന്‍ അര്‍ക്കും കഴിയുകയില്ല.

എന്ത്കൊണ്ടാണ് ശാസ്ത്രപരിഷത്ത് ആണവനിലയങ്ങളെ എതിര്‍ക്കുന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത് എന്ന് ചോദിച്ചാല്‍ വിചിത്രമായ മറുപടിയാണ് ലഭിക്കുക. പരിഷത്ത് ലഘുലേഖയുടെ 24ആം പേജില്‍ പറയുന്നു: ‘ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ മകുടമണി എന്ന് വാഴ്ത്തപ്പെട്ട  ആണവവിദ്യ പൂര്‍ണ്ണതയിലെത്തും മുന്‍പേ കാലഹരണപ്പെട്ടുപോയ ഒരു സാങ്കേതിക വിദ്യയാണ്. സൌരോര്‍ജ്ജത്തിലും പവനോര്‍ജ്ജത്തിലും വന്ന പുത്തന്‍ കുതിപ്പുകളാണ് അതിനെ കാലഹരണപ്പെടുത്തിയത്. ആ അര്‍ത്ഥത്തില്‍ ഇനിയും ആണവോര്‍ജ്ജത്തെ മുറുകെപ്പിടിക്കുന്നത് പിന്തിരിപ്പന്‍ സമീപനമാണ്”

എന്താണ്, സൌരോര്‍ജ്ജ സാങ്കേതികവിദ്യയിലും പവനോര്‍ജ്ജത്തിലും വന്ന പുത്തന്‍ കുതിപ്പുകള്‍? പരിഷത്ത് തന്നെ പറയുന്നു:‘സൌരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ചില സാങ്കേതിക മുന്നേറ്റങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. അതായത് സൌരോര്‍ജ്ജ വൈദ്യുതിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്രശ്നത്തിന് പരിഹാരം കാണണം. സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുതി സൂക്ഷിച്ചുവെക്കാനുള്ള വഴി കണ്ടെത്തണം എന്നതാണത്. സൌരോര്‍ജ്ജം പകലാണല്ലൊ കിട്ടുക. വൈദ്യുതിയാണെങ്കില്‍ രാവും പകലും ആവശ്യമുണ്ട്. അതിനുള്ള വഴി കണ്ടെത്താന്‍ എല്ലാ രാജ്യങ്ങളും മുന്‍‌ഗണന കൊടുക്കണം’

സംഗതി പിടികിട്ടിക്കാ‍ണുമല്ലൊ. സൌരോര്‍ജ്ജവും പവനോര്‍ജ്ജവും കൊണ്ട് വൈദ്യുതി ഉല്പാദിപ്പിച്ച് അവ ശേഖരിച്ച് വെച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള സാങ്കേതിക വിദ്യ നിലവിലില്ല. ലളിതമായി പറഞ്ഞാല്‍ സൌരോര്‍ജ്ജം കൊണ്ട് ഒരു ബള്‍ബ് കത്തുമ്പോഴാണ് ആ‍ ബള്‍ബ് കത്താനുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നത്. വീടുകളിലൊക്കെയാണെങ്കില്‍ സൂര്യറാന്തല്‍ ഒക്കെ മതി. നിലവില്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നോ താപ- ആണവ നിലയങ്ങളില്‍ നിന്നോ വൈദ്യുതി ഉല്പാദിപ്പിച്ച് രാവും പകലും അനുസ്യൂതമായി വിതരണം ചെയ്യുന്ന പോലെ സൌരോര്‍ജ്ജവും പവനോര്‍ജ്ജവും കൊണ്ട് കഴിയില്ല. എന്നിട്ടാണ് സൌരോര്‍ജ്ജ രംഗത്തെ പുത്തന്‍ കുതിപ്പ് , നാലാം തലമുറയിലേക്ക് പുരോഗമിക്കുന്ന ആണവ സാങ്കേതിക വിദ്യയെ കാലഹരണപ്പെടുത്തി എന്ന് പരിഷത്ത് മേനി പറയുന്നത്.

എങ്കില്‍ തന്നെയും പരിഷത്തിന് രണ്ട് നിര്‍ദ്ദേശങ്ങളുണ്ട്. (പേജ്:21) ഒന്ന്, പകല്‍ ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കുക. അത് സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം വൈദ്യുതി ഉല്പാദിപ്പിക്കാം. രണ്ടാമത്തെ വഴി,  പകല്‍ ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളമോ വായുവോ പമ്പ് ചെയ്ത് ഉന്നത മര്‍ദ്ധത്തില്‍ ശേഖരിച്ചുവെച്ച് പമ്പ്‌ഡ് സ്റ്റോറേജ് മെത്തേഡില്‍ ആവശ്യാനുസരണം വൈദ്യുതി ഉല്പാദിപ്പിക്കാം.  ഈ സാങ്കേതിക വിദ്യ തെളിഞ്ഞുവരും വരെ എണ്ണ , ഗ്യാസ്, കല്‍ക്കരി എന്നീ ഫോസില്‍ ഇന്ധനങ്ങളെ കുറെക്കാലത്തേക്ക് കൂടി ആശ്രയിച്ചേ മതിയാകൂ എന്നും പരിഷത്ത് നിര്‍ദ്ദേശിക്കുന്നു.

ഇതില്‍ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, പകല്‍ സമയത്ത് സൌരോര്‍ജ്ജം ഉപയോഗിച്ച് ഈ ആവശ്യത്തിനായി അധികവൈദ്യുതി ഉണ്ടാക്കാ‍ന്‍ കഴിയുമോ? കഴിഞ്ഞാല്‍ തന്നെയും എപ്പോഴാണ് ഈ സാ‍ങ്കേതിക വിദ്യ തെളിഞ്ഞുവരിക? സൌരോര്‍ജ്ജം ഉപയോഗിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കി സൂക്ഷിച്ച് വെച്ച് വൈദ്യുതി ഉണ്ടാക്കാം എന്നൊക്കെ പറയുന്നത് അറ്റം കാണാത്ത റിസര്‍ച്ച് ഫീല്‍ഡാണ്. ഇത്രയും വലിയ അളവില്‍ ഹൈഡ്രജന്‍ സൂക്ഷിക്കാനുള്ള സാമ്പത്തികപരമായും പ്രായോഗികപരമായും ഉള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇതുവരെ നിലവില്‍ വന്നിട്ടില്ല. അത്പോലെ തന്നെ ആണവോര്‍ജ്ജം വഴി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന അത്രയും വൈദ്യുതി, പവനോര്‍ജ്ജമോ സൌരോര്‍ജ്ജമോ ഉപയോഗിച്ച്  വെള്ളം പമ്പ് ചെയ്ത് അതിനെ  പൊട്ടന്‍ഷ്യല്‍ എനര്‍ജിയാക്കി മാറ്റി ഉല്പാദിപ്പിക്കാം എന്നൊക്കെ പറയുന്നത് ഇന്നത്തെ നിലയില്‍ ഭാവനയില്‍ കവിഞ്ഞ മറ്റൊന്നുമല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, സൌരോര്‍ജ്ജം ഉപയോഗിച്ച് നീരാവിയുണ്ടാക്കി ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്ന സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളും ലോകത്ത് നിലവില്‍ വന്നിട്ടുണ്ട്. ഇന്ത്യയിലും ആ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ലോകത്ത് ഇന്ന് നിലവിലുള്ള നൂറോളം സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ആകെ വൈദ്യുതി 4,000 മെഗാവാട്ട് ആണ്. കൂടംകുളത്തെ രണ്ട് യൂനിറ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ തന്നെ 2,000 മെഗാവാട്ട് ഉല്പാദിപ്പിക്കാന്‍ കഴിയും. ആകെ 4,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിക്കാന്‍ കഴിയുന്ന 4റിയാക്ടറുകളാണ് കൂടംകുളത്ത് വിഭാവനം ചെയ്യുന്നത്.

ഇന്ത്യയില്‍ ഇന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 66 ശതമാനവും കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന തെര്‍മല്‍ പ്ലാ‍ന്റുകളില്‍ നിന്നാണ്. കല്‍ക്കരിയുടെ ലഭ്യത ഏറിയാല്‍ ഇനി 40 കൊല്ലത്തേക്ക് മാത്രമേയുണ്ടാകൂ. മാത്രമല്ല കല്‍ക്കരി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന ആഗോളതാപനത്തെ താങ്ങാന്‍ നമ്മുടെ ഭൂമിക്ക് എത്ര കാലം താങ്ങാന്‍ കഴിയുമെന്ന ചോദ്യവുമുണ്ട്.

ആണവനിലയങ്ങളില്‍ നിന്ന് വെറും 3 ശതമാനം വൈദ്യുതിയാണ് നാം ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. അതായത് ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 20 റിയാക്ടറുകളില്‍ നിന്ന് ആകെ ഉല്പാദിപ്പിക്കാന്‍ കഴിയുന്നത് 4385 മെഗാവാട്ട് വൈദ്യുതി മാതമാണ്. കൂടംകുളത്ത് ഒരു യൂനിറ്റില്‍ നിന്ന് മാത്രം 1000മെഗാവാ‍ട്ട് ഉല്പാദിപ്പിക്കാന്‍ കഴിയും.അത് മാത്രമല്ല കല്‍ക്കരിശേഖരം തീര്‍ന്നു പോകുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജസുരക്ഷ കൈവരിക്കണമെങ്കില്‍ നാം കൂടുതല്‍ കൂടുതലായി ആണവനിലയങ്ങളെ ആശ്രയിച്ചേ മതിയാകൂ. സൌരോര്‍ജ്ജത്തെയും പവനോര്‍ജ്ജത്തെയും അങ്ങനെ എല്ലാ ഊര്‍ജ്ജസ്രോതസ്സുകളെയും വൈദ്യുതിയുല്പാദനത്തിനായി നാം ആശ്രയിക്കേണ്ടതുണ്ട്. എന്തെന്നാല്‍ നമുക്ക് പിറകോട്ട് പോകാന്‍ കഴിയില്ല. വൈദ്യുതിയുടെ ആവശ്യം പെരുകിപ്പെരുകി എത്ര കിട്ടിയാലും തികയില്ല എന്ന അവസ്ഥയിലാണ് നമ്മള്‍ ഇപ്പോള്‍ ഉള്ളത്. പാചകാവശ്യത്തിനും ഇപ്പോള്‍ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ആണവവൈദ്യുതിയോട് അയിത്തം കല്‍പ്പിക്കേണ്ട കാര്യമെന്താണ്? എന്താണ് അതിന്റെ കുഴപ്പം? ആണവമാലിന്യങ്ങളെ പറ്റിയാണ് മറ്റൊരു ആശങ്ക. പൊതുവെ രണ്ട് തരത്തിലുള്ള മാലിന്യങ്ങളാണ് റീയാക്ടറുകളില്‍ ഉണ്ടാവുക. ഒന്നാമത്തേത്, റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ഇന്ധനേതര പദാര്‍ത്ഥങ്ങളാണ്. ഒരു വേള ആണവികിരണം അതില്‍ ഏറ്റിരിക്കാമെന്നത്കൊണ്ട് അതൊക്കെ കോണ്‍ക്രീറ്റ് അറയില്‍ സൂക്ഷിക്കുകയാണ് ചെയ്യുക. 7 വര്‍ഷം കഴിഞ്ഞാല്‍ അതൊക്കെ വീണ്ടും എടുത്ത് റി-സൈക്കിള്‍ ചെയ്ത് ഉപയോഗിക്കാം. രണ്ടാമത്തെ ആണവമാലിന്യം എന്ന് പറയുന്നത് ഇന്ധനം അതായത് യുറേനിയം ഉപയോഗിച്ചു കഴിഞ്ഞാല്‍ അവശേഷിക്കുന്നതാണ്. ഇതിന് സ്പെന്റ് ഫ്യൂവല്‍(Spent fuel)എന്നാണ് പറയുക. ഒരു കിലോഗ്രാം യൂറേനിയം 10ഗ്രാം സ്പെന്റ് ഫ്യൂവല്‍ ആണ് അവശേഷിപ്പിക്കുന്നത്. അമേരിക്ക ഈ അവശിഷ്ടം ഭൂമിക്കടിയില്‍ സുരക്ഷിതമായ അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ്. ചെയ്യുന്നത്.  എന്നാല്‍ ഫ്രാന്‍സ് ഇത് വിജയകരമായി റി-സൈക്കിള്‍ ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കുന്നു.

കൂടംകുളം ആണവനിലയം നാലാം തലമുറയില്‍ പെട്ട പവര്‍ പ്ലാന്റ് ആയി വികസിപ്പിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതായത് അവിടെ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഉപയോഗിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന സ്പെന്റ് ഫ്യൂ‍വല്‍ 75ശതമാനവും തോറിയം ഉപയോഗിച്ച് റി-പ്രോസസ്സ് ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കും. നൂറ് ശതമാനം സ്പെന്റ് ഫ്യൂവലും പ്രോസസ്സ് ചെയ്ത് വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്ന് പ്രതീക്ഷയുണ്ട്. അതിനും വേണ്ടിയുള്ള ഗവേഷണത്തിലാണ് ഇന്ത്യയിലെ ന്യൂക്ലിയര്‍ ശാസ്ത്രസമൂഹം. നമ്മുടെ രാജ്യത്ത് വന്‍പിച്ച തോറിയം നിക്ഷേപം ഉണ്ടെന്ന് പറയേണ്ടതില്ലല്ലൊ. അങ്ങനെ വരുമ്പോള്‍ ആണവമാലിന്യം എന്ന പ്രശ്നം ഉദിക്കുന്നില്ല എന്ന് മാത്രമല്ല, തോറിയം ബേസ്‌ഡ് ആയിട്ടുള്ള ടെക്നോളജി നമുക്ക് വികസ്വരരാജ്യങ്ങള്‍ക്ക് വില്‍ക്കാനും കഴിയും.

കൂടംകുളം പദ്ധതിയെ സമരം ചെയ്ത് തോല്‍പ്പിക്കുക എന്ന് പറഞ്ഞാ‍ല്‍ തോല്‍ക്കപ്പെടുക കേവലം ഒരു ആണവനിലയം മാത്രമല്ല. തദ്ദേശീയമായി വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന നാലാം തലമുറ ആണവ സാങ്കേതികവിദ്യയും അറുപതോളം വര്‍ഷങ്ങളായി നാം സ്വരുക്കൂട്ടുന്ന വൈജ്ഞാനിക നിക്ഷേപങ്ങളും ഭാവിയിലെ നമ്മുടെ ഊര്‍ജ്ജ സുരക്ഷയുമാണ്. അതായിരിക്കാം അമേരിക്കന്‍ ആണവലോബിയും ആഗ്രഹിക്കുന്നത്. കൂടംകുളത്ത് സമരം നയിക്കുന്ന ഉദയകുമാര്‍ ആണവ വിദഗ്ദ്ധ സമിതിയോട് 50 ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഈ ചോദ്യങ്ങള്‍ അത്രയും ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള ചോദ്യങ്ങള്‍ മാത്രമല്ല. അന്യരാജ്യങ്ങളുടെ കൈകളില്‍ എത്തിപ്പെട്ടാല്‍ നമ്മുടെ ആണവോര്‍ജ്ജ പദ്ധതികളുടെ രഹസ്യങ്ങള്‍ അവര്‍ക്ക് മനസ്സിലാ‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും അവയില്‍ ഉള്‍പ്പെട്ടത് യാദൃച്ഛികമാവാന്‍ ഇടയില്ല.


ലോകത്ത് ആണവ നിലയങ്ങള്‍ മൂടിക്കൊണ്ടിരിക്കുന്നു എന്നാണ് മറ്റൊരു പ്രചാരണം. എവിടെയാണ് മൂടിയത്? ജപ്പാനിലെ ആണവനിലയങ്ങള്‍ 2030ഓട് കൂടി പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നാണ് അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് നിലവിലെ എല്ലാ നിലയങ്ങളും ഇനിയും 18 വര്‍ഷം കൂടി പ്രവര്‍ത്തിക്കും എന്ന്. ജര്‍മ്മനി പറയുന്നത് 2022ല്‍ ആണവ വൈദ്യുതനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്പാദനം അവര്‍ അവസാനിപ്പിക്കും എന്നാണ്. അതായത് ഇനിയും 10 കൊല്ലത്തേക്ക് ഒരു മാറ്റവും ഇല്ല എന്ന് അര്‍ത്ഥം. ഇത് കേട്ട് ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും ആണവപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ പോകുമ്പോള്‍ നമ്മളെന്തിനാണ് ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍‌കൂട്ടി കണ്ടത്കൊണ്ടാ‍ണ്. അതായത് നമുക്ക് കല്‍ക്കരി നിക്ഷേപം തീര്‍ന്നുപോകുന്ന പോലെ അവര്‍ക്ക് യുറേനിയം അയിരിന്റെ നിക്ഷേപവും തീരാന്‍ പോവുകയാണ്.  യുറേനിയം ഇറക്കുമതി ചെയ്യുമ്പോള്‍ അതിന്  അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാ‍ദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. അല്ലാതെ അപകടത്തെയോ റേഡിയേഷനെയോ പേടിച്ചിട്ടല്ല.  ജര്‍മ്മനിയുടെ എനര്‍ജി സെക്യുരിറ്റിക്ക് ഇനി ആണവവൈദ്യുതപദ്ധതി വേണ്ട എന്നത്കൊണ്ടാണ് അവരുടെ തീരുമാനം എന്ന് സാ‍രം. ഫുകുഷിമായില്‍ ഉണ്ടായ സുനാമിയും അവരുടെ തിരുമാനവും തമ്മില്‍ ബന്ധമില്ല. ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് അനുകരിക്കാന്‍ പറ്റില്ല.

അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാ‍രണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്.  ന്യൂക്ലിയര്‍‌ ടെക്നോളജി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. റേഡിയോതെറാപി ഒരു ഉദാ‍ഹരണം. ആരോഗ്യം, വൈദ്യം, ഭക്ഷണം, കൃഷി, കുടിനീര്‍ ഇങ്ങനെ എത്രയോ മേഖലകളില്‍ ന്യൂക്ലിയര്‍‌ സാങ്കേതിക വിദ്യ നമുക്ക് ഉപകരിക്കുന്നുണ്ട്. ന്യൂക്ലിയര്‍‌ ടെക്നോളജിയും ഊര്‍ജ്ജവും  ഒരു കാരണവശാലും നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഇക്കാലത്ത് വൈദ്യുതോല്പാദനത്തിന് മാത്രം അത് ഉപയോഗപ്പെടുത്തരുത് എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.  എക്സ്‌റേയും എം.ആര്‍‌.ഐ. സ്കാനിങ്ങും റേഡിയോതെറാപിയും എല്ല്ലാം റേഡിയേഷന്‍‌ എന്ന പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്. ആണവറിയാക്ടര്‍‌ എന്നാല്‍‌ ആറ്റം ബോംബ് ആണ് എന്ന മട്ടില്‍‌ പ്രചരിപ്പിച്ച് ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു റിയാക്ടര്‍‌ സ്ഥാപിച്ചിട്ട് അതിന് വേണ്ടി പണി എടുത്ത ശാസ്ത്ര-സാങ്കേതിക വിദഗ്ദ്ധന്മാര്‍‌ അവിടെ നിന്ന് ഓടിപ്പോവുകയല്ല ചെയ്യുന്നത്.  തദ്ദേശവാസികളെ സുരക്ഷിതമായ അകലത്തില്‍‌ മാറ്റിപ്പാര്‍പ്പിച്ചിട്ട് അവരൊക്കെ കുടുംബസമേതം അവിടെ താമസിക്കുന്നുണ്ട്.  കൂടംകുളത്ത് റിയാക്ടറിന് സമീപം ഉള്ള ടൌണ്‍‌ഷിപ്പില്‍‌ ആയിരത്തോളം പേര്‍‌ കുട്ടികളടക്കം താമസിക്കും. കല്പാക്കത്തും ഇങ്ങനെ ടൌണ്‍‌ഷിപ്പ് ഉണ്ട്. ലോകത്തുള്ള നാനൂറിലധികം റിയാക്ടറുകളില്‍‌ ഇങ്ങനെ ലക്ഷക്കണക്കിന് സാങ്കേതിക വിദഗ്ദ്ധരും ജീവനക്കാരും താമസിക്കുന്നു. ദൂരെ മാറിത്താമസിക്കുന്ന ജനങ്ങളെപ്പറ്റി പറയുന്നവര്‍‌ ഈ ജീവനക്കാരെ പറ്റി പറയുന്നില്ല.

ആണവോര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജി തന്നെയാണ് സൌരോര്‍ജ്ജവും കാറ്റും.  എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ആ രംഗത്തും ഗവേഷണങ്ങളും മുതല്‍‌ മുടക്കലും നടക്കുന്നുണ്ട്.  അതേ സമയം നമുക്ക് ആവശ്യമുള്ള വൈദ്യുതോര്‍ജ്ജം മുഴുവന്‍ സൂര്യപ്രകാശത്തില്‍‌ നിന്നോ കാറ്റില്‍‌ നിന്നോ ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യവും മനസ്സിലാക്കണം. കല്‍ക്കരി നിക്ഷേപം ശോഷിച്ചു വരുന്നതിനാലും അത് വന്‍ തോതില്‍‌ ആഗോളതാപനം ഉണ്ടാക്കുന്നതിനാലും നാം ബദല്‍‌ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചേ പറ്റൂ. ആ നിലയ്ക്ക്, ആണവോര്‍ജ്ജത്തോടൊപ്പം സൌരോര്‍ജ്ജവും പവനോര്‍ജ്ജവും എല്ല്ലാം തന്നെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് ശരി. ആണവോര്‍ജ്ജത്തിനെതിരെ ഉന്നയിക്കുന്ന ഒരു വാദങ്ങള്‍ക്കും ശാസ്ത്രീയമായ യാതൊരു പിന്‍ബലവുമില്ല. അത്കൊണ്ട് കൂടംകുളം പ്ലാന്റ് എത്രയും പെട്ടെന്ന് ആരംഭിക്കുകയാണ് വേണ്ടത്.

കൊച്ചി മെട്രോയും പരിയാരം കോളേജും

പിടിച്ചതിനേക്കാളും വലുത് മാളത്തില്‍ എന്നു പറഞ്ഞത് പോലെയാണ് കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ ഡല്‍ഹിയില്‍ പോയപ്പോഴത്തെ അവസ്ഥ. അവിടെ DMRCക്ക് പിടിപ്പത് പണിയുണ്ട്. ഡല്‍ഹി മെട്രോയുടെ തേര്‍ഡ് ഫേസും ഫോര്‍ത്ത് ഫേസും ആയി 400 കിലോമീറ്ററുകള്‍ 2021ഓടെ പണി പൂര്‍ത്തിയാക്കണം. ഇപ്പോള്‍ പൂര്‍ത്തിയാക്കിയ രണ്ട് ഘട്ടങ്ങളുടെ മെയിന്റനന്‍സും ചെയ്യണം. അത് കൂടാതെ ഡല്‍ഹി വിമാനത്താവള എക്സ്പ്രസ്സ് ലൈന്‍ , നിര്‍മ്മാണത്തിലെ പിഴവുകള്‍ നിമിത്തം അടഞ്ഞുകിടക്കുകയാണ്. ഇതിനൊക്കെ പുറമെ ഇപ്പോള്‍ DMRC ഏറ്റെടുത്ത കണ്‍സല്‍ട്ടന്‍സി പണികളുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ DMRCക്ക് നിന്ന് തിരിയാന്‍ നേരമില്ല. കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല കൂടി ഏറ്റെടുത്താല്‍ ഡല്‍ഹിയിലെ ജോലികള്‍ അവതാളത്തിലാകും. അത്കൊണ്ടാണ് പുറം പണികള്‍ DMRC ഏറ്റെടുക്കണമെങ്കില്‍ അതിന്റെ ബോര്‍ഡിന്റെ അനുമതി വേണം എന്ന് അവര്‍ തീരുമാനിച്ചത്. ഇതൊന്നും ബഹുമാനപ്പെട്ട ഇ.ശ്രീധരന്‍ മനസ്സിലാക്കിയിട്ടില്ല. 

ഇക്കാര്യത്തില്‍ സി.പി.എമ്മും എന്‍.കെ.പ്രേമചന്ദ്രനും നല്ല കുളം കലക്കലാണ് ചെയ്യുന്നത്. എങ്ങനെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരക്കം പായുമ്പോഴും DMRC അതിന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുമ്പോഴും സി.പി.എമ്മും പ്രേമചന്ദ്രനും പറയുന്നത്, കൊച്ചി മെട്രോ DMRCയെയും ശ്രീധരനെയും ഏല്‍പ്പിക്കുന്നത് തടയാന്‍ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ഷീല ദീക്ഷിതും കമല്‍ നാഥും തൊട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വരെ ഗൂഢാലോചന നടത്തുന്നു എന്നാണ്. കോടികള്‍ തട്ടാന്‍ വേണ്ടിയാണ് പോലും ഈ ഗൂഢാലോചന. DMRCയും ശ്രീധരനും ഇല്ലാതെ കൊച്ചി മെട്രോ പാടില്ല എന്നാണ് ഇടത്പക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. ഉമ്മന്‍ ചാണ്ടിക്കാണെങ്കില്‍ ഇടത് പക്ഷത്തിനെ ധിക്കരിക്കാനുള്ള നട്ടെല്ലുമില്ല. പിണറായി സഖാവ് ക്ഷോഭിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ഉള്‍ഭയം. ഒന്നുമില്ലെങ്കില്‍ അടുത്ത പ്രാവശ്യം ഭരണം വെച്ചുമാറേണ്ടതല്ലേ. 

ഒന്നും ഉണ്ടാക്കാന്‍ സി.പി.എമ്മുകാര്‍ സമ്മതിക്കുകയില്ല. ആരെങ്കിലും ഉണ്ടാക്കിയത് മസ്സില്‍ പവ്വര്‍ ഉപയോഗിച്ച് പിടിച്ചെടുത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉപയോഗിക്കുകയേയുള്ളൂ. പരിയാരം മെഡിക്കല്‍ കോളേജ് കാണുന്നില്ലേ? അത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ചണ്ടിയാക്കി, ആയിരം പാര്‍ട്ടിക്കാരെ നിയമിച്ച്, 500 കോടി കടവുമാക്കി ഇപ്പോള്‍ സര്‍ക്കാരിനെ ഏല്പിക്കാന്‍ വേണ്ടി സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ പിന്നാലെ കൂടുകയാണ്. ആ 500 കോടി കൊണ്ട് സര്‍ക്കാരിന് വേറെ രണ്ട് മെഡിക്കല്‍ കോളേജ് തുടങ്ങാം. പരിയാരം കോളേജ് സഹകരണ മേഖലയില്‍ നിന്ന് മാറ്റി സി.പി.എമ്മിന്റെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. അവര്‍ക്കാണെങ്കില്‍ 500കോടി ഒരു പ്രശ്നമേയല്ല. 

കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (KMRL) എന്നൊരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ , ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, തുടങ്ങിയ മെട്രോകള്‍ നിര്‍മ്മിക്കുന്നത് DMRC അല്ല. അതാത് സംസ്ഥാ‍നങ്ങളില്‍ രൂപീകരിക്കപ്പെട്ട റയില്‍ കമ്പനികളാണ്. കേരളത്തിനും മനസ്സ് വെച്ചാല്‍ കൊച്ചി മെട്രോ നിര്‍മ്മാണം KMRL നെ കൊണ്ട് നടത്തിക്കാന്‍ കഴിയും. അതിന് പക്ഷെ സി.പി.എമ്മിന്റെ സമ്മതവും മുഖ്യമന്ത്രിക്ക് നട്ടെല്ലും വേണം. ഇത് രണ്ടും സംശയമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് ഇത് ഭരണം തിരിച്ചു പിടിക്കാനുള്ള ആയുധമാണ്. കുടുംബശ്രീ സമരവും മനുഷ്യമെട്രോ സംരംഭവും സംസ്ഥാനത്ത് സി.പി.എമ്മിന്റെ ജനപ്രീതി കുത്തനെ കൂട്ടിയിട്ടുണ്ട് എന്നാണ് പൊതുവെ വിലയിരുത്തല്‍. 

ചുരുക്കി പറഞ്ഞാല്‍, കൊച്ചി മെട്രോ യാഥാര്‍ഥ്യമാകണമെങ്കിലും പിന്നീട് അതിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കണമെങ്കിലും KMRL കമ്പനിയെ അതിന് സജ്ജമാക്കുകയാണ് വേണ്ടത്. അല്ലാതെ വെറുതെ എന്തിനാണ് ഒരു കടലാസ് കമ്പനി. ഇപ്പറഞ്ഞത് നടക്കണമെങ്കില്‍ സി.പി.എമ്മിന്റെയും പ്രേമചന്ദ്രന്റെയും വിടുവായത്തം അവഗണിക്കാനുള്ള ചങ്കൂറ്റം കേരള മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും ഉണ്ടാകണം.

യു.പി.എ. സര്‍ക്കാര്‍ മുന്നോട്ട് !

ഇത്തവണത്തെ മന്ത്രിസഭാ പുന:സംഘടനയോടെ 2014ല്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശക്തമായ മുന്നൊരുക്കം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. ശല്യക്കാരായ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഒഴിഞ്ഞുപോയി. ഡി.എം.കെ. സ്വയം ഒതുങ്ങി. ഇടത്പക്ഷക്കാരാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും കഴിയില്ല എന്ന് പരാജയം മുന്‍‌കൂട്ടി സമ്മതിച്ചു. ബി.ജെ.പി.ആണെങ്കില്‍ വീണിതല്ലൊ കിടക്കുന്നു ധരണിയില്‍ എന്ന മട്ടില്‍ ഒരു പോരാട്ടത്തിന് പോലും കോപ്പ് കൂട്ടാന്‍ കഴിയാത്ത പരുവത്തിലും. അഴിമതിവിരുദ്ധത്തിന്റെ അപ്പോസ്തലന്മാരായ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ കമ്പനിയില്‍ ബിനാമി ഡയരക്ടര്‍മാര്‍. അങ്ങനെ നോക്കുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യു.പി.എ.യെ നേരിടാന്‍ തക്ക ശക്തമായ ഒരു മുന്നണിയോ പാര്‍ട്ടിയോ രംഗത്ത് ഇല്ല എന്നു പറയാം. 

എന്ത്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കോണ്‍ഗ്രസ്സ് വിരുദ്ധം എന്ന ഒറ്റ തുറുപ്പ് ശീട്ട് മാത്രമാണ് ഇന്ത്യയിലെ സകല കോണ്‍ഗ്രസ്സ് വിരുദ്ധ പാര്‍ട്ടികള്‍ക്കും ഉള്ളത്. വേറെ നയങ്ങളോ പരിപാടികളോ ഒന്നും ഇല്ല. കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റ്ദ്ധരിപ്പിച്ചും കബളിപ്പിച്ചും കാലാകാലം പാര്‍ട്ടിയെ കൊണ്ടുനടക്കാം എന്നാണ് കോണ്‍ഗ്രസ്സിതരര്‍ വിചാരിക്കുന്നത്.  വായ തുറന്നാല്‍ കോണ്‍ഗ്രസ്സ് വിരുദ്ധം പറയാനല്ലാതെ സ്വന്തമായ ഒരു ആദര്‍ശമോ ആശയമോ പോസിറ്റീവായി ജനങ്ങളോട് പറയാന്‍ മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കോ അണികള്‍ക്കോ ഇല്ല. ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ നേതാവിന്റെ പ്രസംഗം കേട്ടുനോക്കൂ. കോണ്‍ഗ്രസ്സിനെ കുറ്റം പറയാനല്ലാതെ, വാ കൂട്ടരെ നമുക്ക് ഇപ്രകാരം ഒരു ആദര്‍ശരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി നല്ലൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാം എന്നൊരുത്തനും പ്രസംഗിക്കുന്നില്ല. അണികളുടെ തലച്ചോറില്‍ വെറുപ്പിന്റെ വിഷം കുത്തിവെക്കാന്‍ മാത്രമാണ് നേതാക്കള്‍ പ്രസംഗം എന്ന കലയെ ദുരുപയോഗം ചെയ്യുന്നത്. പ്രസംഗം കേട്ടു പോകുന്ന അണികളുടെ മനസ്സില്‍ വിദ്വേഷമല്ലാതെ പോസിറ്റീവായ മറ്റൊരു ചിന്തയുമുണ്ടാകില്ല. 

ഫേസ്‌ബുക്കിലെയും അത് പോലെ മറ്റ് സോഷ്യല്‍ കമ്മ്യൂണിറ്റികളിലെയും കോണ്‍ഗ്രസ്സ് വിരുദ്ധര്‍ക്കും കോണ്‍ഗ്രസ്സിനെ തെറി പറയാനും പരിഹസിക്കാനും അല്ലാതെ സ്വന്തം പാര്‍ട്ടിയുടെ നല്ല വശങ്ങളോ തത്വങ്ങളോ നയങ്ങളോ ഒന്നും പറയാനില്ല. ആ രീതിയില്‍ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടത്കൊണ്ടാണത്. അഴിമതി,വിലക്കയറ്റം, ജനദ്രോഹനയങ്ങള്‍ എന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങളെ പര്‍വ്വതീകരിച്ചും അതിശയോക്തി കലര്‍ത്തിയും ദുഷ്പ്രചരണം നടത്തുന്നവര്‍ക്ക് ബദല്‍ നയങ്ങള്‍ ഒന്നും പറയാനില്ല. കോണ്‍ഗ്രസ്സിന് പകരം ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.ഏ. ഇന്ത്യ ഭരിച്ചല്ലൊ, അപ്പോള്‍ എന്ത് മഹത്തായ കാ‍ര്യമാണ് അവര്‍ ഇവിടെ ചെയ്തത്. അവര്‍ തന്നെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നടപ്പാക്കുകയല്ലേ അവര്‍ ചെയ്തത്? 

ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ കുറ്റം പറയുന്നവര്‍ക്ക് 2014ലെ തെരഞ്ഞെടുപ്പില്‍ യു.പി.എ.ക്ക് ബദലായ ഒരു പരിപാടിയും നയവുമായി മത്സരിക്കാന്‍ ഏത് പാര്‍ട്ടിയെയോ മുന്നണിയെയോ ആണ് ചൂണ്ടിക്കാട്ടാന്‍ കഴിയുക? ഇതൊന്നും കോണ്‍ഗ്രസ്സിന്റെ വക്കാ‍ലത്ത് സ്വീകരിച്ച് ഞാന്‍ പറയുന്നതല്ല. സംഘടനാപരമായ കാര്യങ്ങളില്‍ എനിക്ക് കോണ്‍ഗ്രസ്സിനോട് തീരെ യോജിപ്പില്ല. പക്ഷെ യോജിക്കാന്‍ വേറെ ഒരു പാര്‍ട്ടി ഇന്ത്യയില്‍ ഇല്ലാത്ത കാലത്തോളം എനിക്ക് കോണ്‍ഗ്രസ്സിന്റെ മഹത്വം പറയേണ്ടതുണ്ട്. എന്തെന്നാല്‍ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാജ്യത്ത് സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വേണം. അല്ലെങ്കില്‍ അരാജകത്വം ആയിരിക്കും ഫലം. കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് വോട്ട് ചെയ്ത്, അനേകമനേകം വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്ന ഈ മഹാരാജ്യത്തെ ബി.ജെ.പി.എന്ന ഹിന്ദുമതാനുകൂല പാര്‍ട്ടിയുടെയോ, സര്‍വ്വാധിപത്യപാര്‍ട്ടികളായ ഇടത്പക്ഷങ്ങളുടെയോ, പ്രാദേശികപാര്‍ട്ടികളുടെ അവിയല്‍ മുന്നണിയുടെയോ കൈകളില്‍ എറിഞ്ഞുകൊടുക്കാന്‍ എന്നിലെ രാജ്യസ്നേഹം എന്നെ അനുവദിക്കുന്നില്ല.

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം നിഷ്പക്ഷമായും ഉത്തരവാദിത്വബോധത്തോടെയും വിശകലനം ചെയ്യുമ്പോള്‍ എനിക്ക് കോണ്‍ഗ്രസ്സിനെ മാത്രമേ പിന്തുണയ്ക്കാന്‍ കഴിയൂ. എന്തെന്നാല്‍ 2014ല്‍ കോണ്‍ഗ്രസ്സിന് ബദലായി പരിശുദ്ധമായ മറ്റൊരു മുന്നണിയോ പാര്‍ട്ടിയോ അന്ന് ഇന്ത്യയില്‍ ഉയര്‍ന്നു വരാനില്ല. എന്തൊക്കെയാണോ ഇന്ന് കോണ്‍ഗ്രസ്സിനെതിരെ പറയുന്നത് അതൊക്കെയാണ് പകരം വരുന്നവരും ചെയ്യുക. വേറെ എന്താണ് ചെയ്യാന്‍ കഴിയുക? അത്കൊണ്ട്, ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും രാജ്യത്തിന്റെ അഖണ്ഡതയും നിലനിര്‍ത്താന്‍, നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ്സ് എന്ന ആ മഹാപ്രസ്ഥാനത്തിന് മാത്രമേ കഴിയൂ എന്ന് മാത്രമേ എത്ര ചിന്തിച്ചിട്ടും എനിക്ക് ബോധ്യമാകുന്നുള്ളൂ. പകരം വയ്ക്കാന്‍ മറ്റൊരു പാര്‍ട്ടിയെ ഞാന്‍ കാണുന്നില്ല. അത്കൊണ്ട് വെറുതെ അര്‍ത്ഥമില്ലാതെ കോണ്‍ഗ്രസ്സിനെ കുറ്റം പറയാതെ സ്വന്തം ആ‍ശയങ്ങളും നയപരിപാടികളും അങ്ങനെയൊന്നുണ്ടെങ്കില്‍ അത് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ്സ് വിരുദ്ധരോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് ഒരു താരതമ്യത്തിന് അവസരം ലഭിക്കുമല്ലോ!



അങ്ങനെ കൊച്ചി മെട്രോ ഒരു വഴിക്കാകുന്നു....


കൊച്ചി മെട്രോ അടുത്തകാലത്തൊന്നും നടക്കാന്‍ പോകുന്നില്ല എന്ന് അങ്ങനെ ഏതാണ്ട് ഉറപ്പായി. അതിന്റെ രാഷ്ട്രീയസാധ്യത തിരിച്ചറിഞ്ഞാണ് സി.പി.എം. തിടുക്കത്തില്‍ ഒരു മനുഷ്യമെട്രോ പടുത്തുയര്‍ത്തിയത്. മനുഷ്യരെ ചേര്‍ത്ത് ചങ്ങല മുതല്‍ മെട്രോ വരെ പണിതുയര്‍ത്താനുള്ള സി.പി.എമ്മിന്റെ സംഘാടനപാടവം അങ്ങേയറ്റം പ്രശംസനീയമാണ്. എന്തായാലും മനുഷ്യമെട്രോ യാഥാര്‍ഥ്യമായ സ്ഥിതിക്ക് ഇനി കൊച്ചി മെട്രോ വന്നില്ലെങ്കിലും പ്രശ്നമൊന്നുമില്ല. മലയാളിക്ക് എന്നും വേണ്ടത് വിവാദങ്ങളാണ്. കൊച്ചി മെട്രോയുടെ പേരില്‍ ഇനി മലയാളികള്‍ക്ക് വിവാദിച്ച് കളിക്കാം. കളിയുടെ ഒടുവില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനായാസം ജയിച്ചു കയറുകയും ചെയ്യാം. അത് വരെ സി.പി.എമ്മിന് കൊച്ചി മെട്രോ മുന്‍ നിര്‍ത്തി വില്ലേജ് ആഫീസ് മുതല്‍ സെക്രട്ടരിയേറ്റ് വരെ വളഞ്ഞും കൈയിലെടുത്ത് അമ്മാനമാടിയും അണികളുടെ ആവേശം അണയാതെ ജ്വലിപ്പിച്ച് നിര്‍ത്താം. കോണ്‍ഗ്രസ്സുകാര്‍ക്ക് പുന:സംഘടിച്ചും പ്രധാനമന്ത്രിക്ക് കത്തെഴുതിയും കാലം കഴിക്കാം. അങ്ങനെ എല്ലാവര്‍ക്കും സന്തോഷം. നിലയ്ക്കാത്ത വിവാ‍ദങ്ങള്‍ക്ക് സ്കോപ്പ് ഉണ്ടാവുക എന്നത് മലയാളികളെ സംബന്ധിച്ച് കോരിത്തരിപ്പ് ഉളവാക്കുന്ന കാര്യമാണ്. അതിന് വേണ്ടത് ഒന്നും നടക്കരുത്. അന്തരീക്ഷത്തില്‍ ഒട്ടനവധി സ്വപ്നപദ്ധതികള്‍ പാറിക്കളിക്കുകയും വേണം.

കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ കേരളത്തിലും ഒരു ബോര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേര്  KMRL എന്നും  KMRC എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. സൂക്ഷ്മം എനിക്കറിയില്ല. ഒന്ന് മാത്രം അറിയാം, അത് ഒരു കടലാസ് കമ്പനിക്കപ്പുറം ഒന്നും ആകരുത് എന്ന് ഇവിടത്തെ സകല രാഷ്ട്രീയക്കാര്‍ക്കും നിര്‍ബ്ബന്ധമുണ്ട്. ബാംഗ്ലൂരിലും ചെന്നൈയിലും മെട്രോ നിര്‍മ്മിക്കാന്‍ ഇതേ പോലെ അവിടെയും കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. അവരെയും സാങ്കേതികമായി സഹായിക്കുന്നത് ഡല്‍ഹി മെട്രോ തന്നെയാണ്. എന്നാല്‍ അവിടെയൊക്കെ മെട്രോ പദ്ധതി കുറച്ചു ഭാഗം പൂര്‍ത്തിയാകുമ്പോഴേക്കും ആ കമ്പനികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമായി. കൊച്ചി മെട്രോ ഞങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്നാണ് ബംഗ്ലൂരു മെട്രോ ബോര്‍ഡ് ഇപ്പോള്‍ പറയുന്നത്.

പ്രതിപക്ഷം ഒരുക്കിയ ചതിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശരിക്കും വീണിരിക്കുകയാണ്. ആ കുഴിയില്‍ നിന്ന് കര കയറാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന് നിശ്ചയമില്ല. കൊച്ചി മെട്രോ DMRC യെയും ഇ.ശ്രീധരനെയും മാത്രമേ ഏല്‍പ്പിക്കാവൂ എന്നും ഇപ്പോള്‍ 5000 കോടിയില്‍ അധികവും ഭാവിയില്‍ പത്തോ പതിനയ്യായിരം കോടിയില്‍ അധികമോ ആകാവുന്ന ഈ പദ്ധതി ഒരു കാരണവശാലും ആഗോള ടെണ്ടര്‍ വിളിച്ച് വിദേശിയോ സ്വദേശിയോ ആയ മറ്റൊരു കമ്പനിയെയും ഏല്‍പ്പിക്കാന്‍ പാടില്ല എന്നുമാണ് സര്‍ക്കാരിന് എല്‍.ഡി.എഫ്. ഉത്തരവ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരും ആ ഉത്തരവ് ശിരസ്സാവഹിച്ചിട്ടുണ്ട്. ഇത്രയും ബൃഹത്തായ ഒരു പദ്ധതിക്ക് ടെണ്ടര്‍ വിളിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിക്കാന്‍ കാരണം ടെണ്ടര്‍ വിളിച്ചാല്‍ കമ്മീഷന്‍ കിട്ടിപ്പോകും എന്നതാണത്രെ. കമ്മീഷന്‍ ഇത്ര മോശം ഏര്‍പ്പാടാണോ? എന്നാല്‍ എന്ത്കൊണ്ടാണ് നാട്ടില്‍ സകല ഇടപാടുകളിലും കമ്മീഷന്‍ സാര്‍വ്വത്രികമായത്. പണ്ട് ഗൌരിയമ്മ ഇടത്പ്ക്ഷത്തിന്റെ വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ അവര്‍ പറഞ്ഞിട്ടുണ്ട് ഏത് ഇടപാടിലാണ് കമ്മീഷന്‍ ഇല്ലാത്തത് എന്ന്.

DMRCയെയും ഇ.ശ്രീധരനെയും മാത്രമേ കൊച്ചി മെട്രോ ഏല്‍പ്പിക്കാവൂ എന്നും മറിച്ചെന്തെങ്കിലും ആലോചിക്കുക പോലും ചെയ്താല്‍ അത് കൊച്ചി മെട്രോയെ അട്ടിമറിക്കാനാണ് എന്ന് സി.പി.എം. പറഞ്ഞ് ഫലിപ്പിച്ച് വെച്ചിട്ടുണ്ട്. മാത്രമല്ല ഉമ്മന്‍ ചാണ്ടി കമ്മീഷന്‍ വാ‍ങ്ങാനോ അല്ലെങ്കില്‍ മെട്രോ അട്ടിമറിക്കാനോ വേണ്ടി പദ്ധതിയില്‍ നിന്ന് DMRCയെയും ശ്രീധരനെയും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അണിയറയില്‍ ശ്രമിക്കുന്നുണ്ട് എന്ന് ഒരു മുഴം കടത്തിയെറിഞ്ഞിട്ടുമുണ്ട്. അയ്യോ ഞാന്‍ DMRCക്ക് വേണ്ടിയും ശ്രീധരന് വേണ്ടിയും നിരന്തരം പ്രധാനമന്ത്രിക്ക് കത്തെഴുതിക്കൊണ്ടിരിക്കുവാ എന്ന് തലയില്‍ കൈവെച്ച് നിലവിളിച്ചിട്ടും അതാരും ഗൌനിക്കുന്നേയില്ല.

നിലവില്‍ കൊച്ചി മെട്രോ പദ്ധതി DMRCയെയും ശ്രീധരനെയും ഏല്‍പ്പിക്കാനോ അല്ലെങ്കില്‍ DMRC ഏറ്റെടുക്കാനോ കടമ്പകള്‍ ഏറെയുണ്ട്. അത് മനസ്സിലാക്കിയാണ് കൌശലക്കാരനായ സി.പി.എം എം‌പി രാജീവ് തിടുക്കത്തില്‍ മനുഷ്യമെട്രോ പണി പൂര്‍ത്തിയാക്കിയത്. അതിലിടക്ക് ഈ ഇ.ശ്രീധരന്‍ DMRCയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ മാത്രമാണെന്നും ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ DMRC ബോര്‍ഡ് തീരുമാനിക്കണമെന്നും ശ്രീധരന് ആ ബോര്‍ഡില്‍ പ്രവേശനം ഇല്ല എന്നും നാം മനസ്സിലാക്കണം. ശ്രീധരന് ഉപദേശം നല്‍കാനേ കഴിയൂ. അതിലപ്പുറം അദ്ദേഹത്തിന് DMRCയില്‍ ഹോള്‍ഡ് ഒന്നുമില്ല. DMRC കൊച്ചി മെട്രോയുടെ കണ്‍സല്‍ട്ടന്റ് ആണ്. കണ്‍സല്‍ട്ടന്‍സി കമ്പനിക്ക് നിര്‍മ്മാണ ചുമതല നല്‍കരുത് എന്ന് സെന്‍‌ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (CVC) നിയമമുണ്ട്. നിയമം മറി കടന്ന് പദ്ധതി DMRCയെയും ശ്രീധരനെയും ഏല്‍പ്പിച്ചാല്‍ മെട്രോ നിയമക്കുരുക്കില്‍ അകപ്പെടും. കേരളത്തിന് വേണ്ടി മാത്രം CVC നിയമം മാറ്റിയാല്‍ അത് മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ കമ്പനികളെ ബാധിക്കും. 

ഇപ്പോ മനസ്സിലായില്ലേ കൊച്ചി മെട്രോയെ സി.പി.എമ്മിന് മനുഷ്യമെട്രോയും അനുബന്ധ പ്രക്ഷോഭമെട്രോകളും ആക്കിമാറ്റാനുള്ള അനുകൂല സാഹചര്യം എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്കേട് മൂലം ഉണ്ടായി വരുന്നു എന്ന്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് പദ്ധതിയുടെ കണ്‍സല്‍ട്ടന്റായി  DMRCയെ നിയമിക്കുകയും പദ്ധതിയുടെ നിര്‍മ്മാ‍ണത്തിനായി ആഗോള ടെണ്ടര്‍ വിളിക്കുകയുമായിരുന്നു. അങ്ങനെയെങ്കില്‍ ഒരു പക്ഷെ ഏറ്റവും ആധുനികമായ ഒരു മെട്രോ റെയില്‍ സൌകര്യം കൊച്ചിയില്‍ യാഥാര്‍ഥ്യമായേനേ. അഴിമതിയും കമ്മീഷനും നാട്ടില്‍ സുലഭം പോലെ നടക്കുകയും അതിന്റെ പേരു പറഞ്ഞ് സകല വികസന പദ്ധതികളെയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത് നടക്കുന്നത്.