അരാഷ്ട്രീയവും ജനാധിപത്യവും

ഫേസ്‌ബുക്കിലെ ഡമോക്രാറ്റിക്ക് ഗ്രൂപ്പില്‍ ഡിക്‍സണ്‍ ഗ്ലോറി എന്ന് പ്രൊഫൈല്‍ പേരുള്ള ഒരു സുഹൃത്ത് താരതമ്യേന ചെറിയൊരു  പോസ്റ്റ്  ഇട്ടിരുന്നു. അതിങ്ങനെ:

“ ഒരു ചോദ്യം ചോദിക്കട്ടെ. എന്താണ് ഈ അരാഷ്ട്രീയവാദം? ജനാധിപത്യത്തില്‍ ഒന്നോരണ്ടോ പേര്‍ മാത്രം ശരി പറഞ്ഞാല്‍/ചുണ്ടിക്കാണിച്ചാല്‍ അത് അംഗികരിക്കരുത് എന്നുണ്ടോ ? ഭൂരിപക്ഷം പറയുന്നത് മാത്രമാണ് ശരി എന്നും കൂടിയുണ്ടോ? ദയവായി വ്യക്തമാക്കണം, ആരെങ്കിലും! ”


എനിക്ക് ഇത് നല്ലൊരു ചോദ്യമായി തോന്നി. പക്ഷെ ഒറ്റ വാക്കില്‍ മറുപടി പറയാന്‍ കഴിയുന്നില്ല. അത്കൊണ്ട് ഇവിടെ ഒരു പോസ്റ്റ് എഴുതാമെന്ന് കരുതി. ഇനി മറുപടിയിലേക്ക്:

ഒന്നാമത്തെ കാര്യം  അരാഷ്ട്രീയവാദം എന്നൊരു വാദം ഇല്ല എന്നതാണ്. രാഷ്ട്രീയക്കാരെ എതിര്‍ക്കുന്നവരെ ചാപ്പ കുത്താന്‍ രാഷ്ട്രീയക്കാര്‍ കണ്ടുപിടിച്ച ഒരു വാക്കാണ് അരാഷ്ട്രീയവാദം എന്നത്. രാഷ്ട്രീയക്കാരെ എന്ത്കൊണ്ട് എതിര്‍ക്കേണ്ടി വരുന്നു എന്ന് രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നില്ല. നിലവില്‍ ഇന്ത്യയില്‍ അനേകം പാര്‍ട്ടികളുണ്ട്. ഇപ്പോഴും പാര്‍ട്ടികള്‍ ജനിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള എല്ലാ പാര്‍ട്ടികളും പറയുന്ന അഭിപ്രായങ്ങളെയും ഇടപെടലുകളെയും മൊത്തത്തില്‍ കക്ഷിരാഷ്ട്രീയം എന്നു പറയുന്നു. കക്ഷിരാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നതും ഇടപെടുന്നതും നിലപാട് സ്വീകരിക്കുന്നതും പലപ്പോഴും ദേശതാല്പര്യങ്ങള്‍ വിസ്മരിച്ചും സ്വന്തം പാര്‍ട്ടി താല്പര്യം നോക്കിയുമാണ്. ചുരുക്കത്തില്‍ തന്റെ പാര്‍ട്ടിക്ക് അധികാരം കിട്ടുമോ, പാര്‍ട്ടിക്ക് കൂടുതല്‍ ജനപിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയുമോ എന്നു നോക്കിയിട്ടാണ് പാര്‍ട്ടികള്‍ ഓരോ പ്രശ്നത്തെയും കാണുന്നത്. ആ നിലപാടും സമീപനവും ആ പാര്‍ട്ടിക്കാര്‍ക്ക് മാത്രം സ്വീകാര്യവും യോജിച്ചതും ആ പാര്‍ട്ടി വിശ്വാസികളാല്‍ മാ‍ത്രം അംഗീകരിക്കപ്പെടുന്നതുമായിരിക്കും.

ഇങ്ങനെ നിലവിലെ എല്ലാ പാര്‍ട്ടികളും തമ്മില്‍ എല്ലാ കാര്യത്തിലും വൈരുദ്ധ്യങ്ങളുണ്ട്. ഈ വൈരുദ്ധ്യങ്ങള്‍ രാജ്യതാല്പര്യത്തിന്റെ പേരിലല്ല മറിച്ച് പാര്‍ട്ടി താല്പര്യങ്ങളുടെ പേരിലാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. തങ്ങളുടെ അണികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഓരോ പാര്‍ട്ടി നേതാവും നിലപാട് എടുക്കുന്നതും പ്രസംഗിക്കുന്നതും. ഇപ്രകാരം പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത വൈരുദ്ധ്യങ്ങളും ശത്രുത തന്നെയും നിലനില്‍ക്കുന്നുണ്ട്. ശത്രുത എന്നത് സ്വന്തം അധികാരവും പദവിയും നിലനിര്‍ത്താനാണെന്നും ഓര്‍ക്കണം. എന്നാല്‍ തങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ശത്രുത മനസ്സിലൊളിപ്പിച്ച് ഒറ്റക്കെട്ടാകാനും രാഷ്ട്രീയക്കാര്‍ക്ക് കഴിയാറുണ്ട്. അത് പക്ഷെ നേതാക്കളുടെ തലത്തില്‍ മാത്രമാണ്. അണികളിലേക്കെത്തുമ്പോള്‍ ശത്രുത സ്ഥായിയാണ്. ഇങ്ങനെ ജനങ്ങള്‍ ആകെ മൊത്തം പല പല പാര്‍ട്ടികളില്‍ വിശ്വസിച്ച് സമൂഹത്തില്‍ ഭിന്നിച്ച് നിലകൊള്ളൂകയാണ് ഇന്ന്. ഇങ്ങനെ ഭിന്നിക്കപ്പെട്ട ജനങ്ങള്‍ താന്താങ്ങളുടെ നേതാക്കള്‍ പറയുന്നത് മാത്രമാ‍ണ് ശരിയെന്ന് കരുതുന്നു. രാഷ്ട്രത്തിന്റെ കാര്യമായ രാഷ്ട്രീയത്തില്‍ സ്വന്തമായി ചിന്തിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. ചിന്തിക്കാനുള്ള അവകാശം അവര്‍ നേതാക്കള്‍ക്ക് വിട്ടുകൊടുക്കുന്നു. നേതാക്കളാകട്ടെ സ്വന്തം പാര്‍ട്ടിയെ പറ്റിയും അതിലും സ്വന്തം പദവിയെ പറ്റിയും മാത്രം ചിന്തിക്കുന്നു. ഇതാണ് പൊതുവെ ഇന്നത്തെ കക്ഷിരാഷ്ട്രീയത്തിന്റെ അവസ്ഥ.

ഇതില്‍ നിന്ന് വ്യത്യസ്തമായി ചിലര്‍ സ്വന്തം നിലയില്‍ രാഷ്ട്രീയകാര്യങ്ങള്‍ ചിന്തിക്കുകയും അഭിപ്രാ‍യം പറയുകയും ചെയ്യുന്നു. അവരുടെ രാഷ്ട്രീയമെന്നത് പൊതുവെ സമൂഹത്തിനും രാഷ്ട്രത്തിനും അനുഗുണവും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ പക്ഷം ചേരാത്തതുമായിരിക്കും. അത്തരക്കാരെയാണ് രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയക്കാര്‍ എന്നു വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ വിശ്വസിച്ചോ അല്ലെങ്കില്‍ പക്ഷം പിടിച്ചോ മാത്രമേ അഭിപ്രായം പറയാവൂ എന്ന നിലപാടില്‍ നിന്നാണ് അരാഷ്ട്രീയവാദം എന്ന വാക്ക് ഉണ്ടാവുന്നത്.  എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടില്‍ വിശ്വസിച്ച് എതിരഭിപ്രായം പറയുന്നവരെ വ്യക്തിഹത്യ നടത്താനോ സാധിക്കുമെങ്കില്‍ വക വരുത്താനോ യാതൊരു വൈമനസ്യവുമില്ലാത്ത രാഷ്ട്രീയക്കാരുമുണ്ട് എന്നത് വസ്തുതയാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് എന്തും പറയാം, പൊതുമുതല്‍ നശിപ്പിക്കാം, മറ്റ് പാര്‍ട്ടിക്കാരെ ആക്രമിക്കാം അങ്ങനെ എന്തും കാട്ടിക്കൂട്ടാം അതൊക്കെ തെറ്റായി രാഷ്ട്രീയക്കാര്‍ കാണുന്നില്ല. കാണും മറ്റ് പാര്‍ട്ടിക്കാര്‍ ചെയ്യുമ്പോള്‍ മാത്രം. സ്വന്തം പാര്‍ട്ടിക്കാരന്‍ എന്ത് ചെയ്താലും ന്യായീകരിക്കുകയും ചെയ്യും. ചുരുക്കത്തില്‍ രാഷ്ട്രീയക്കാരന്‍ തന്റെ പാര്‍ട്ടിയെയൊഴികെ മറ്റെല്ലാ പാര്‍ട്ടികളെയും എതിര്‍ക്കുന്നു. ഇക്കൂട്ടര്‍ അരാഷ്ട്രീയക്കാരന്‍ എന്നു പറയുന്നവര്‍ അവന്റെ ഒരു പാര്‍ട്ടിയെയും ചേര്‍ത്ത് എല്ലാറ്റിനെയും എതിര്‍ക്കുന്നു എന്ന വ്യത്യാസമേയുള്ളൂ.

അപ്പോഴും അരാഷ്ട്രീയക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ രാഷ്ട്രീയക്കാരെ മാത്രമേ എതിര്‍ക്കുന്നുള്ളൂ എന്നും രാജ്യത്തെയോ രാജ്യതാല്പര്യങ്ങളെയോ എതിര്‍ക്കുന്നില്ല എന്നും ഓര്‍ക്കണം. രാഷ്ട്രകാര്യങ്ങളില്‍ അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളുമുണ്ട്. അത്കൊണ്ട് രാഷ്ട്രീയക്കാര്‍ സ്വയം നന്നാകാനാണ് നോക്കേണ്ടത്. അല്ല്ലാതെ എതിര്‍ക്കുന്നവരെ അരാഷ്ട്രീയക്കാരെന്ന് വിശേഷിപ്പിച്ച് പരിഹസിക്കുകയല്ല ചെയ്യേണ്ടത്. നിങ്ങള്‍ തമ്മില്‍ വല്ല യോജിപ്പുമുണ്ടോ രാഷ്ട്രീയക്കാരേ?  പരസ്പരം സ്പര്‍ദ്ധയും പകയുമല്ലേ നിങ്ങള്‍ സമൂഹത്തില്‍ വിതയ്ക്കുന്നത്?  ഇന്ന് എത്രയോ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. എത്രയോ നേതാക്കളും അതിലേറെ അണികളുമുണ്ട്. ഇവരൊക്കെ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം എന്താണ്? സമൂഹത്തിന് എന്ത് സേവനമാണ് ഇവര്‍ ചെയ്യുന്നത്. നേതാവിന് അധികാരം നേടിക്കൊടുക്കുക എന്ന ദല്ലാള്‍ പണി മാത്രമല്ലേ ഇന്ന് രാഷ്ട്രീയപ്രവര്‍ത്തനം എന്നത്. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് സാമൂഹ്യപ്രവര്‍ത്തനമാണെന്ന ബാലപാഠം പോലും നിങ്ങള്‍ വിസ്മരിച്ചില്ലേ.

എത്രയെത്ര പാര്‍ട്ടിക്കമ്മറ്റികള്‍? ഈ കമ്മറ്റികള്‍ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്യുന്നത് എന്ന് ആലോച്ചിട്ടുണ്ടോ? ഒന്ന് മാത്രമേ ചെയ്യുന്നുള്ളൂ, സ്വന്തം നേതാക്കളെ താങ്ങിനിര്‍ത്തുന്നു. സാധാരണ ജനങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തകരെ കാണുന്നത് സംഭാവന പിരിക്കാ‍നും  വോട്ട് അഭ്യര്‍ത്ഥിക്കാനും ജാഥയ്ക്കും സമ്മേളനങ്ങള്‍ക്കും ക്ഷണിക്കാനും വേണ്ടി വരുമ്പോള്‍ മാത്രമാണ്. ജനങ്ങള്‍ക്ക് രാഷ്ടീയപ്രവര്‍ത്തകര്‍ ഇന്ന് അപ്രാപ്യരാണ്. അധികാരത്തിന്റെ അനേകം ശ്രേണികളില്‍ അഭിരമിക്കുന്നവരാണ് ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇങ്ങനെയൊക്കെ പറയുന്നതിനെയാണ് രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയം എന്നു പറയുന്നത്. അവര്‍ക്കൊക്കെ ഒരു കംഫര്‍ട്ടബിള്‍ സോണില്‍ ഇരുന്നുകൊണ്ട് അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും രുചി നുണയണമെന്നേയുള്ളൂ. എതിര്‍ക്കുന്നവരെ അരാഷ്ട്രീയവാദികള്‍ എന്നു മുദ്ര കുത്തി പരിഹസിക്കാന്‍ അണികളെ ചുമതലപ്പെടുത്തിയിരിക്കുന്നു. നമ്മുടെ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും അപഹാസ്യവും പൊറാട്ട് നാടകവുമാക്കി മാറ്റുന്നത്ത് രാഷ്ട്രീയക്കാരോ അതോ ഇപ്പറഞ്ഞ സ്വന്തം അഭിപ്രായം പറയുന്ന കക്ഷിരാഷ്ട്രീയ രഹിതരോ എന്ന് ആലോചിക്കുക.

ഇന്ത്യക്ക് താ‍ങ്ങാനാവുന്നതില്‍ അധികം രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ന് നിലവിലുണ്ട്.  എന്തിനാണ് ഇത്രയധികം പാര്‍ട്ടികള്‍? എത്രയെത്ര നേതാക്കളെയാണ് ജനം തീറ്റിപ്പോറ്റുന്നത്. എന്നിട്ട് ആ നേതാ‍ക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതോ? മറ്റുള്ള പാര്‍ട്ടിക്കാരെ വെറുക്കാനുള്ള ആഹ്വാനവും മറ്റേ പാര്‍ട്ടി ഉള്ളത് മാത്രമാണ് ഒരേയൊരു പ്രശ്നം എന്ന മട്ടില്‍ അണികളെ മസ്തിഷ്ക്കപ്രക്ഷാളനം ചെയ്യലും. ആ പാര്‍ട്ടി കൂടി നിലനിന്നാലേ ജനാധിപത്യത്തിന് അര്‍ത്ഥമുണ്ടാകൂ എന്ന് ഏതെങ്കിലും നേതാവ് അണികളെ പഠിപ്പിക്കുമോ?  നിലവിലെ രാഷ്ട്രീയത്തില്‍ നേതാക്കള്‍ പഴയ രാജാക്കന്മാരെ പോലെയോ ഏറ്റവും താഴെ തട്ടില്‍ യജമാനന്മാരെ പോലെയോ ആണ് വിലസുന്നത്. ഇതൊക്കെ മാറണം എന്നു പറയുന്നത് അരാഷ്ട്രീയമാണെങ്കില്‍ , അരാഷ്ട്രീയമാണ് ശരിയായ രാഷ്ട്രീയം. രാഷ്ട്രീയക്കാരെയും രാഷ്ട്രീയപാ‍ര്‍ട്ടികളെയും മാറ്റാനും നന്നാക്കാനും സമൂഹം മൊത്തത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കണം, അതായത് കക്ഷിരാഷ്ട്രീയം ആളുകള്‍ ഉപേക്ഷിക്കണം.

ഇന്ത്യയിലെ ഏറ്റവും പുരാതനമായ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ നോക്കൂ, സംഘടനാ തെരഞ്ഞെടുപ്പ് എന്ന് കേട്ടാല്‍ അതിലെ നേതാക്കള്‍ക്കെല്ലാം ബോധക്ഷയം വരും. എന്ത്കൊണ്ട്? തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാന്‍ പറ്റും എന്ന് ഒരു നേതാവിനും ആത്മവിശ്വാസമില്ല. എന്നാല്‍ നേതാവായിരിക്കുകയും വേണം. ഇങ്ങനെയാണോ രാഷ്ട്രീയം വേണ്ടത്? ജനാധിപത്യത്തിന് വേണ്ടത്, രാഷ്ട്രീയപാര്‍ട്ടികളും സേവനതല്പരരായ രാഷ്ട്രീയപ്രവര്‍ത്തകരും മുന്‍‌വിധിയില്ലാത്ത, ഒരു പാര്‍ട്ടിയിലും അന്ധമായി വിശ്വസിക്കാത്ത സിവില്‍ സമുഹവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അംഗങ്ങളും ഭാരവാഹികളും നേതാക്കളും മതി, അനുയായികള്‍ വേണ്ട എന്നര്‍ത്ഥം. പെര്‍ഫോമന്‍സ് വിലയിരുത്തി വോട്ടര്‍മാര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഭരണനിര്‍വ്വഹണാനുമതി നല്‍കട്ടെ.

രണ്ടാമത്തെ കാര്യം, ജനാധിപത്യത്തില്‍ ഒന്നോരണ്ടോ പേര്‍ മാത്രം ശരി പറഞ്ഞാല്‍ /ചുണ്ടിക്കാണിച്ചാല്‍ അത് അംഗികരിക്കരുത് എന്നുണ്ടോ എന്ന ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശരി ഒന്നോ രണ്ടോ പേര്‍ക്കോ അനേകം പേര്‍ക്കോ പറയാം. ചിന്തിക്കുന്നവര്‍ അത് അംഗീകരിക്കുകയും ചെയ്യും. പക്ഷെ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ ആ ശരി എന്നത് ഭൂരിപക്ഷം പേരുടെ ശരിയായിരിക്കണം. ആ ശരി മാ‍ത്രമേ നടപ്പിലാക്കാന്‍ പറ്റൂ. പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്നത്കൊണ്ട് , പാര്‍ലമെന്റിലെ ഭൂരിപക്ഷം എന്നത് വോട്ടര്‍മാരുടെ ഭൂരിപക്ഷമാണ്. ചിലപ്പോള്‍ ഭൂരിപക്ഷത്തിന് തെറ്റ് പറ്റാം. അങ്ങനെ തെറ്റ് നടപ്പിലാവാം. ന്യൂനപക്ഷമായിപ്പോയി എന്നത്കൊണ്ട് ഒരു ശരി നടപ്പിലാവാതെയും വരാം. അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഭൂരിപക്ഷതീരുമാനം നടപ്പിലാവും എന്നതാണ് ജനാധിപത്യത്തിന്റെ രീതി. മറ്റൊരു മാര്‍ഗ്ഗം ഇല്ലല്ലൊ. ശരി എന്നത് ആപേക്ഷികമാവാം, അല്ലെങ്കില്‍ അനേകം ശരികളുണ്ടാവാം. അപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും? ആ പ്രതിസന്ധി മറികടക്കാനാണ് ഭൂരിപക്ഷതീരുമാനം എന്തായാലും അതിന് ന്യൂനപക്ഷം വഴങ്ങുക എന്ന ഉപായം കണ്ടുപിടിച്ചത്. തങ്ങളുടെ ശരി മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അങ്ങനെ തെറ്റില്‍ നിന്ന് ശരിയിലേക്കെത്തിക്കാനും  ജനാധിപത്യത്തില്‍ അവസരങ്ങളും അവകാശവുമുണ്ട്.

അത്കൊണ്ടാണ് എത്ര ദൂഷ്യങ്ങള്‍ ഉണ്ടെങ്കിലും മറ്റെല്ലാ ഭരണ സമ്പ്രദായങ്ങളെക്കാളും പാര്‍ലമെന്ററി സമ്പ്രദായമാണ് മികച്ചത് എന്ന് പറയുന്നത്. ശരി എന്നത് എല്ലായ്പ്പോഴും ശരി തന്നെയാണ്. അത് മറ്റാരും അംഗീകരിച്ചില്ലെങ്കിലും. പക്ഷെ ഒരു സിസ്റ്റം പ്രവര്‍ത്തിക്കണമെങ്കില്‍ ഭൂരിപക്ഷതീരുമാനം നടപ്പിലായേ പറ്റൂ. ചിന്തിക്കുന്ന മനുഷ്യര്‍ക്ക് എപ്പോഴായാലും ശരിയിലേക്ക് എത്താതിരിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ തെറ്റുകള്‍ക്ക് ആധിപത്യം നേടാന്‍ കഴിഞ്ഞാലും, ശരിയിലേക്കെത്താനുള്ള പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കും. അങ്ങനെയുള്ള പോരാട്ടങ്ങളിലൂടെ ജനാധിപത്യവും സമ്പുഷ്ടമാകേണ്ടതുണ്ട്. ഈ പോസ്റ്റും അങ്ങനെയൊരു പോരാട്ടത്തിന്റെ തീരെ നിസ്സാരമായ ഭാഗമാണ്.

ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷന്‍സ്

ആന്‍ഡ്രോയ്‌ഡ് ഫോണുകളുടെ ഒരു പ്രത്യേകത അനേകം ആപ്ലിക്കേഷന്‍സ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നതാണ്. ഏതെല്ലാം ആപ്ലിക്കേഷന്‍സ് എന്ന് വിവരിക്കാന്‍ കഴിയില്ല. അത്രയധികം ആപ്പ്സ് ഉണ്ട്. എല്ലാം ആന്‍ഡ്രോയ്‌ഡ് മാര്‍ക്കറ്റില്‍ നിന്ന് സര്‍ച്ച് ചെയ്ത് സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാം.  ചില ആപ്പ്സ് തുച്ഛമായ കാശ് നല്‍കിയും വാങ്ങാം.  അത്തരത്തില്‍ ഒരു ആപ്ലിക്കേഷന്‍ ഞാന്‍ വാങ്ങിയിരുന്നു. ഫോണ്‍ റൂട്ട് ചെയ്യാതെ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുന്ന ആപ്പ് ആണ് ഞാന്‍ വാങ്ങിയത്. അത് ഉപയോഗിച്ച് എടുത്ത രണ്ട് സ്ക്രീന്‍ ഷോട്ട് ആണ് താഴെ കാണുന്നത്. എനിക്ക് വളരെ ഉപയോഗപ്രദമെന്ന് തോന്നിയ രണ്ട് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ് എഴുതുന്നത്.

ഒന്നാമത്തെ ആപ്പ് ‘ബ്ലോഗര്‍’ തന്നെയാണ്. അതെ ബ്ലോഗറിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍. നമുക്ക് സഞ്ചരിക്കുമ്പോള്‍ തന്നെ ബ്ലോഗ് ചെയ്യാം. വഴിയില്‍ കാണുന്ന ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ ഫോട്ടോകള്‍ എടുത്ത് ടൈറ്റിലും ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാം. മൊബൈലില്‍ ബ്ലോഗിന്റെ പോസ്റ്റ് എഡിറ്റര്‍ എങ്ങനെയുണ്ടാകുമെന്ന് താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട് നോക്കുക. ക്യാമറയുടെ ചിഹ്നം കാണുന്നില്ലേ , അതില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ എടുത്താല്‍ അപ്പോള്‍ തന്നെ ഇമേജ് എഡിറ്ററില്‍ അപ്‌ലോഡ് ആയിക്കഴിഞ്ഞു. ഫോണില്‍ സേവ് ആയിട്ടുള്ള ഫോട്ടോകള്‍ പോസ്റ്റില്‍ ചേര്‍ക്കാന്‍ ക്യാമറ ചിഹ്നത്തിന് അടുത്തുള്ള ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ മതി.  ഇപ്രകാരം ഫോട്ടോ എടുത്തിട്ട് അപ്പോള്‍ തന്നെ പബ്ലിഷ് ചെയ്യുകയോ ഡ്രാഫ്റ്റ് ആയി സേവ് ചെയ്യുകയോ ചെയ്യാം.ഈ ആപ്ലിക്കേഷന്റെ ലിങ്ക് ഇവിടെ.

രണ്ടാമത്തേത്  GNOTES  ആണ്. ഈ ആപ്ലിക്കേഷന്‍ ഓപന്‍ ചെയ്ത് ഇതില്‍ ഫോട്ടോകള്‍, ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഒക്കെ അപ്‌ലോഡ് ചെയ്യാം. മൈക്കിന്റെ ഐക്കണ്‍ ക്ലിക്ക് ചെയ്ത് റെക്കോര്‍ഡ് ചെയ്യാം. അതൊക്കെ ജിനോട്ട് എന്ന ഈ ആപ്പില്‍ സേവ് ആകും. അതോടൊപ്പം നമ്മുടെ ജിമെയിലിലും അതൊക്കെ സേവ് ആകും. ജിമെയില്‍ തുറന്നാല്‍ ഇടത് ഭാഗത്തുള്ള സൈഡ് ബാറില്‍  Notes എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഫോണിലെ ജിനോട്ടില്‍ സേവ് ചെയ്ത എല്ലാ ഫയലുകളും അവിടെ കാണാം.  മറ്റൊന്ന് ഫോണില്‍ നിന്ന് എല്ലാ ഫയലുകളും ബ്ലൂടൂത്തിലൂടെയും ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യല്‍ കമ്മ്യൂണിറ്റിയിലും 4share പോലെയുള്ള ഫയല്‍ ഷേറിങ്ങ് സൈറ്റിലും തത്സമയം ഷേര്‍ ചെയ്യാമെന്നതാണ്. ഇപ്രകാരം ധാരാളം ആപ്ലിക്കേഷനുകളുണ്ട്. അതൊക്കെ വിവരിക്കാന്‍ ഒരു ബ്ലോഗ് പോസ്റ്റ് കൊണ്ട് കഴിയില്ല. ജിനോട്ടില്‍ ഞാന്‍ ഒരു ഫോട്ടോ എടുത്തതിന്റെ സ്ക്രീന്‍ ഷോട്ട് താഴെ കാണുക.


           ഒരു കല്യാണത്തിന് പോയപ്പോള്‍ ഞാന്‍ എടുത്ത ഫോട്ടോ ആണ് ഇവിടെ കാണുന്നത്.

മുല്ലപെരിയാറും കൂടംകുളവും സാങ്കല്പിക ഭയങ്ങളും ..

എന്റെ ഫേസ്‌ബുക്ക് സ്നേഹിതന്‍  അസിഫ് അലി , എന്റെ വാളില്‍ ഒരു പോസ്റ്റ് എഴുതുകയുണ്ടായി. ആ പോസ്റ്റ് താഴെ പകര്‍ത്തുന്നു. അസിഫ് അലിക്ക് എന്റെ മറുപടിയാണ് ഈ പോസ്റ്റ്.


"ആദ്യമായാണ് താങ്കളുടെ FBയില്‍ ഒരു Comment എഴുതുന്നത്‌. Blog follow ചെയ്യാറുണ്ട്. Endosulfan വിഷയത്തില്‍ താങ്കളോട് യോജിക്കുന്നു, പക്ഷെ GM വിളകളുടെ കാര്യത്തില്‍ വിയോജിക്കുന്നു. ആണവ നിലയത്തിന്റെ കാര്യത്തിലും ചില്ലറ വില്പനയുടെ കാര്യത്തിലും ഇത് വരെ മൂര്‍ത്തമായ ഒരു അഭിപ്രായത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നിട്ടില്ല. അതിനുള്ള ശ്രമത്തിലാണ്. കൂടംകുളം ആണവ നിലയത്തെ നമ്മുടെ മുല്ലപെരിയാര്‍ വിഷയത്തെ മുന്‍ നിര്‍ത്തി നോക്കി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 


1) മുല്ലപെരിയാര്‍ 50 വര്‍ഷം ആയുസ്സ് പറഞ്ഞു പണിതിട്ട് 116 വര്‍ഷം കഴിഞ്ഞു എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. നമ്മള്‍ കാര്യങ്ങളെ നേരാം വണ്ണം വിലയിരുത്തുന്നവരായിരുന്നുവെങ്കില്‍ 51ആം വര്‍ഷം അത് പുതുക്കി പണിയുമായിരുന്നു.


2) ആ പ്രദേശത്ത് 22തവണ ചെറുതല്ലാത്ത ഭൂചലനങ്ങള്‍ ഉണ്ടായി എന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ അല്ല, മറിച്ചു ഒരു സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.


ഇവിടെ നാം കാണുന്നത് ഇത് പൊട്ടും, 35 ലക്ഷം ജനങ്ങളെ ബാധിക്കും  എന്ന് പറഞ്ഞു ചുമ്മാ show കാണിക്കുകയല്ലാതെ യാതൊരു ക്രിയാത്മകമായ നടപടിയും  എടുക്കാത്ത ഒരു സര്‍ക്കാര്‍. മറുഭാഗത്ത്‌ ഡാം പുതിയത് പോലെ സുരക്ഷിതമാണ്, യാതൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞു അയല്‍ സംസ്ഥാനത്തിന്റെ ആശങ്കകളെ മുഴുവന്‍ തള്ളികളയുന്ന മറ്റൊരു സംസ്ഥാന സര്‍ക്കാര്‍. ഫെഡറല്‍ സംവിധാനത്തില്‍ ഞങ്ങള്‍ നിസ്സഹായരാണ്, നമുക്ക് ചര്‍ച്ചചെയ്യാം, കോടതി വിധി വരട്ടെ, ഉന്നതാ ധികാര സമിതി പഠിക്കട്ടെ എന്നൊക്കെ പറഞ്ഞു നിസ്സഹായത കാണിക്കുന്ന ഒരു കേന്ദ്ര ഗവണ്മേന്റ്.


രാഷ്ട്രീയ ഗിമ്മിക്കുകള്‍ക്കപ്പുറം ഇതൊരു യഥാര്‍ഥ അപകടം ആണോ എന്ന് പരിശോധിക്കാന്‍, ആണെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ( crisis management) ആരും ഇല്ലാത്ത ഒരവസ്ഥ. അതായതു പരസ്പരം പഴിചാരുകയല്ലാതെ reality യെ face ചെയ്യാന്‍ ആളില്ലാതെ വരിക.
ഇതൊക്കെ തന്നെയല്ലേ നാളെ കൂടംകുളത്തും ആവര്‍ത്തിക്കപ്പെടുക. ഇപ്പോള്‍ ലഭ്യമായ ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിതാലും, ഏറ്റവും നല്ല സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാലും ഒരു അപകടം ഒരിക്കലും വരുകയേ ഇല്ല എന്ന് ആര്‍ക്ക് ഉറപ്പക്കാനാകും.


അങ്ങനെ ഒരു crisis ഉണ്ടായാല്‍ കഴിയുന്നതും അത് മൂടി വെക്കാനും അല്ലെങ്കില്‍ പരസ്പരം പഴി ചാരാനുമല്ലാതെ നമ്മുടെ നേതൃത്വം എന്തെങ്ങിലും magic കാണിക്കുമെന്നു നമ്മുക്ക് കരുതാനാകുമോ?
ജപ്പാനെ നോക്കുക. മനുഷ്യ സാധ്യമായതെല്ലാം  അവര്‍ ചെയ്യുന്നു. ഇവിടെ ചെറിയ തോട്ടിലെക്കോ പുഴയിലെക്കോ ഒരു ബസ്‌ വൈകുന്നേരം മറിഞ്ഞാല്‍ സന്ധ്യ മയങ്ങുമ്പോഴേക്കും "വെളിച്ചക്കുറവു കാരണം തിരച്ചില്‍ നിര്‍ത്തി വെക്കേണ്ടി വരുന്ന" ഒരു system ആണ് നമ്മുടേതെന്നോര്‍ക്കുമ്പോള്‍, തീര്‍ച്ചയായും മനസ്സില്‍ ഒരു ഭയപ്പാടു തോന്നുന്നു.


താങ്കളുടെ വാദങ്ങളെ negate ചെയ്യാന്‍ വേണ്ടി എഴുതുന്നതല്ല. ഈ വിഷയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ വന്ന ആകുലതകളെ പകര്‍ത്തി എന്ന് മാത്രം. അത് താങ്കളുമായി പങ്കു വെക്കുന്നു... 


നന്ദി, സസ്നേഹം അസിഫ് അലി."

************************************************************************************


പ്രിയ അലി അസിഫ്,

GM വിളകളുടെ കാര്യത്തില്‍ മറ്റെല്ലാറ്റിലുമെന്ന പോലെ, ശാസ്ത്രീയമായ ടെക്നോളജിയെ എതിര്‍ക്കുന്ന ഒരു ചില ഐഡിയോളജിക്കാരുടെ പ്രചാരണങ്ങളില്‍ സാമാന്യജനങ്ങള്‍ പെട്ടുപോകുന്നതാണ് പ്രശ്നം. ആളുകള്‍ക്ക് എല്ലാ കാര്യത്തിലും പൊതുവെ ഒരു ശാസ്ത്രീയ വീക്ഷണം ഇല്ലാതിരിക്കുന്നത് ഈ ഐഡിയോജിക്കാരുടെ പ്രചാരണം എളുപ്പത്തില്‍ പ്രചരിക്കാന്‍ കാരണമാകുന്നു. ജനറ്റിക്ക് മോഡിഫിക്കേഷന്‍ എന്നത് നാം കുറെകാലങ്ങളായി ചെയ്ത് വരുന്ന ഹൈബ്രിഡൈസേഷന്റെ കൃത്യതയാര്‍ന്ന വികസിതമാര്‍ഗ്ഗമാണ്. ഉദാഹരണത്തിന് ഒട്ടുമാവ്, ബ്രോയ്‌ലര്‍ കോഴികള്‍, ജഴ്‌സി പശുക്കള്‍ മുതലായവ ജനറ്റിക്ക് മോഡിഫിക്കേഷന്റെ ഏറ്റവും ലളിതമായ രൂപങ്ങളാണ്. ശാസ്ത്രത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇതിലപ്പുറം എന്ത് വിശദീകരിച്ചാലും ഉള്‍ക്കൊള്ളാനാവില്ല.

ആണവവൈദ്യുതിയെ എതിര്‍ക്കുന്നതും ചില ഐഡിയോളജിക്കാരാണ്. എതിര്‍പ്പുകള്‍ പല കാരണങ്ങളാല്‍ ഉയര്‍ത്തപ്പെട്ട് അവ ഒന്നായി ചേര്‍ന്ന് ശക്തിപ്രാപിക്കുന്നതും നാം കാണുന്നു. ഐഡിയോളജിക്കാര്‍ എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് പ്രധാനമായും കമ്മ്യൂണിസ്റ്റുകാര്‍, പരിസ്ഥിതിവാദികള്‍, മത സംഘടനകള്‍ എന്നിവരെയാണ്. ഒരേ പ്രശ്നത്തില്‍ ഇക്കൂട്ടരുടെ എതിര്‍പ്പുകള്‍ ഉയരുന്നത് വ്യത്യസ്ത കാരണങ്ങളാലാണ്. ജനാധിപത്യത്തില്‍ ഇവരുടെ എതിര്‍പ്പുകള്‍ ഫ്രിക്‍ഷന്‍ പോലെ വര്‍ത്തിച്ച് സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയോ താമസിപ്പിക്കുകയോ ചെയ്യുന്നുണ്ട്. എല്ലാ പ്രശ്നങ്ങളിലും ഈ ഐഡിയോളജിക്കാര്‍ ഒന്നിച്ച് എതിര്‍ക്കാനുള്ള കാരണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധിക്കണം. ഈ എതിര്‍പ്പുകള്‍ ഒന്നും ചൈന പോലെയുള്ള രാജ്യങ്ങള്‍ക്ക് ബാധകമല്ല. അവിടെയൊക്കെ സര്‍ക്കാരിന് പ്രായോഗികമെന്ന് തോന്നുന്നത് സ്വതന്ത്രമായി ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയുന്നു. സര്‍ക്കാരിന്റെ കാര്യങ്ങളും പ്രവര്‍ത്തനങ്ങളും പൌരജനങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല.

ചില്ലറ വില്പന രംഗത്ത് വിദേശ നിക്ഷേപം വന്നാല്‍ ഇന്ത്യയിലെ സകല ചെറുകിട കച്ചവടക്കാരും പൂട്ടിപ്പോവുകയില്ല. എന്ന് മാത്രമല്ല ഇന്നുള്ള എല്ലാ കച്ചവടക്കാരും തുടര്‍ന്നും കച്ചവടം ചെയ്യുകയും ഇനിയും പതിവ് പോലെ ചെറുകിട കച്ചവടക്കാര്‍ക്ക് പുതിയതായി കടന്നുവരാന്‍ അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഏത് പോലെ എന്ന് ചോദിച്ചാല്‍ ,  പണ്ടൊന്നുമില്ലാത്ത തരത്തില്‍ രാജ്യത്ത് എത്രയോ ഷോപ്പിങ്ങ് മാളുകളും ഹൈപ്പര്‍- സുപ്പര്‍ മാര്‍ക്കറ്റുകളും നാടന്‍ കുത്തകകളുടേതായി നിലവില്‍ വന്നല്ലോ. അക്കാരണത്താല്‍ മാത്രം ഏതെങ്കിലും ചെറുകിട കച്ചവടക്കാരന്‍ പൂട്ടിപ്പോയിട്ടുണ്ടോ? ഇല്ല എന്ന് മാത്രമല്ല ചെറുകിടക്കാരനും വന്‍‌കിടക്കാരനും ഒരേ പോലെ കച്ചവടരംഗത്ത് വെച്ചടി വെച്ചടി കയറുന്നതാണ് നാം കാണുന്നത്.  വിദേശ നിക്ഷേപം വന്നാല്‍ അവരുടെ ശൃംഖലയും മറ്റുള്ള കച്ചവടക്കാരോടൊപ്പം നിലനില്‍ക്കും എന്നേയുള്ളൂ. അല്ലാതെ ഇന്ന് പ്രചരിപ്പിക്കുന്നത് പോലെ എല്ലാ നാടന്‍ കച്ചവടക്കാരെയും തുരത്തി വിദേശക്കാരുടെ സ്റ്റാളുകള്‍ മാത്രമേ എവിടെയുമുണ്ടാകൂ എന്ന വാദം ശരിയല്ല. വ്യാപാരികളുടെ സംഘടന അങ്ങനെയൊരു എതിര്‍പ്പ് ഉയര്‍ത്തിയത്കൊണ്ട് അവരുടെ വോട്ട് നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് രാഷ്ട്രീയക്കാര്‍ അവരെ പ്രീണിപ്പിക്കാനായി വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് , ഉപഭോക്താവ് എന്ന നിലയില്‍ എതിര്‍പ്പോ ആശങ്കയോ ഉണ്ടാകേണ്ടതില്ലായിരുന്നു.

ശരി, രാജ്യത്ത് റീടെയിലും ഹോള്‍‌സെയിലുമായി ഇത്രയും വ്യാപാരസ്ഥാപനങ്ങള്‍ കുത്തകയായും അല്ലാതെയും  ഉണ്ടല്ലോ പിന്നെ എന്തിനാണ് വിദേശനിക്ഷേപകരും വരുന്നത് എന്ന് ചോദിക്കാം. ഇടയ്ക്ക് ഒന്ന് വിട്ട് പോയത് പറയട്ടെ, വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നതില്‍ ബി.ജെ.പി.ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും കാരണമുള്ളത് അവരുടെ വ്യാജ ഐഡിയോളജിയാണ്. മമത ബാനര്‍ജിക്ക് അവര്‍ക്ക് ഇപ്പോള്‍ ലഭിച്ച വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള തത്രപ്പാട്. ഡി.എം.കെ.യ്ക്ക്  2ജി കേസില്‍ കോണ്‍ഗ്രസ്സിന്റെ സപ്പോര്‍ട്ട് കിട്ടാത്തതിലുള്ള അമര്‍ഷം പ്രച്ഛന്നമായ എതിര്‍പ്പായി പുറത്ത് വരുന്നു എന്ന് മാത്രം. വിരുദ്ധതാല്പര്യക്കാരുടെ ഏകോപനസമിതിയാണല്ലൊ നമ്മുടെ കേന്ദ്ര മന്ത്രിസഭ.

റീടെയില്‍ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം വരുമ്പോള്‍ , അങ്ങനെയും വിദേശ നിക്ഷേപം രാജ്യത്ത് എത്തുന്നു എന്നതാണ് ഒന്നാമത്തെ നേട്ടം. സ്വദേശി കറന്‍സി കൊണ്ട് മാത്രം ഒരു രാജ്യത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നാല്‍ പ്രധാനപ്പെട്ട നേട്ടം എന്നത് ആ നിക്ഷേപം നമ്മുടെ കാര്‍ഷികോല്പാദന-വിതരണ രംഗത്ത് വിപ്ലവകരവും ശാസ്ത്രീയവുമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കും എന്നതാണ്. പാട്ടക്കൃഷി സമ്പ്രദായത്തിലൂടെ,  വെറുതെ തരിശായി ഇട്ടിരിക്കുന്ന സ്ഥലങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. മറ്റൊന്ന് ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്കൊണ്ട് കാര്‍ഷിക വിളകള്‍ ചീഞ്ഞ് നഷ്ടമായി പോകുന്നത് തടുത്ത് നിര്‍ത്തപ്പെടും. ഒരു വറ്റ് പാഴായിപ്പോകാതിരിക്കുക എന്നതിന്റെ അര്‍ത്ഥം ഒരു മണി ധാന്യം ഉല്പാദിപ്പിക്കുക എന്ന് തന്നെയാണ്. ഇവിടെ നിലവിലുള്ള പരമ്പരാഗത വാണിജ്യ സമ്പ്രദായത്തിന് ഇത്തരമൊരു നവീകരണം സാധ്യമല്ല. നാടന്‍ കുത്തക-ഇടത്തട്ട്-ചെറുകിട വ്യാപാരികള്‍ക്ക് ലാഭം മാത്രമാണ് ലക്ഷ്യം. മറ്റൊരു സാമൂഹ്യ വീക്ഷണവും അവര്‍ക്കില്ല.


മുല്ലപെരിയാറും കൂടംകുളവും എടുത്താല്‍ ജനങ്ങളുടെ ഭയമാണ് യഥാര്‍ത്ഥ പ്രശ്നം എന്ന് കാണാന്‍ കഴിയും. 1979ല്‍ ഗുജറാത്തില്‍ മോര്‍വി അണക്കെട്ട് തകര്‍ന്ന് വലിയ തോതില്‍ ജീവാ‍പായങ്ങളും നാശനഷ്ടങ്ങളും ഉണ്ടായത് മുതലാണ് മുല്ലപെരിയാര്‍ അണക്കെട്ട് കേരളത്തില്‍ പേടിസ്വപ്നമാകുന്നത്. 2011 മാര്‍ച്ചില്‍ ജപ്പാനിലെ ഫുകുഷിമാവില്‍ സുനാമി വന്ന് അവിടത്തെ ആണവവൈദ്യുതിനിലയം അപകടത്തില്‍ ആയതാണ് കൂടംകുളത്തെ ജനങ്ങള്‍ക്ക് ഭയം ഉണ്ടാവാന്‍ കാരണം. ജനങ്ങള്‍ക്ക് ഭയം ഉണ്ടാവുമ്പോള്‍ ആ ഭയം നീക്കാന്‍ മനുഷ്യസാധ്യമായത് ചെയ്യാനേ പറ്റൂ. അതിനപ്പുറം എന്ത് ചെയ്യാന്‍ സാധിക്കും? കൂടംകുളത്ത് അവിടത്തെ ശാസ്ത്രജ്ഞന്മാര്‍ ഇന്നത്തെ ആധുനികടെക്‍നോളജി വെച്ച് പരമാവധി സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജപ്പാന്‍ പോലെ അടിക്കടി ഭൂകമ്പം ഉണ്ടാകുന്ന പ്രദേശമല്ല കൂടംകുളം എന്ന് ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരും വിദഗ്ദരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

അപകടം എന്തായാലും സംഭവിക്കും എന്ന് ആരെങ്കിലും പറയുമ്പോള്‍ അതിനെ നിഷേധിച്ച് ഇല്ല ഒരിക്കലും അപകടം സംഭവിക്കില്ല എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതാണ് അപകടങ്ങളുടെയും അപകട ഭയങ്ങളുടെയും ഒരു സവിശേഷത. അപകടഭയം സദാ എല്ലാവരെയും വേട്ടയാടുന്നുണ്ട്. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ , യാത്ര പുറപ്പെട്ട് സുരക്ഷിതമായി തിരിച്ചെത്തുമെന്ന് ആര്‍ക്കും ഉറപ്പുണ്ടാവില്ല. എന്നാലും ആര്‍ക്കും യാത്ര ചെയ്യാതിരിക്കാനും സാധ്യമല്ല. അണക്കെട്ടുകളുടെയും ആണവവൈദ്യുതനിലയങ്ങളുടെയും കാര്യവും ഇത് പോലെ തന്നെയാണ്. അതൊന്നും നമുക്ക് ഒഴിവാക്കാനാവുന്നതല്ല. ചിലര്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത് ശബ്ദം കൊണ്ടോ എഴുത്തിലൂടെയോ ആണ്. അങ്ങനെ ചെയ്യുന്നത് ഏറ്റവും എളുപ്പമാണ്. എന്നാല്‍ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ അതൊന്നും എളുപ്പമായിരിക്കില്ല.

മുല്ലപെരിയാറിന്റെ കാര്യത്തില്‍ 116 വര്‍ഷം മുന്‍പ് പണി തീര്‍ത്ത അതേ രൂപത്തില്‍ അല്ല ആ അണക്കെട്ട് ഇപ്പോഴും ഉള്ളത്. മനുഷ്യസാധ്യമായ എല്ലാ അറ്റകുറ്റപ്പണികളും ഇക്കാലയളവില്‍ ചെയ്യുകയും ബന്ധപ്പെട്ട വിദഗ്ദര്‍ അതിന്റെ ഉറപ്പ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്തിട്ടാണ് സുപ്രീം കോടതി മുല്ലപെരിയാ‍റിലെ ജലനിരപ്പ് 156 അടിയാ‍യി ഉയര്‍ത്താമെന്ന് 27-2-2006ല്‍ വിധി പ്രസ്താവിച്ചത്. എന്നാല്‍ ജനങ്ങളുടെ ഭയം കണക്കിലെടുത്ത് സുപ്രീം കോടതി വിധിയെ മറി കടക്കാന്‍ കേരള സര്‍ക്കാര്‍ 2006 മാര്‍ച്ചില്‍ ഒരു നിയമം പാസ്സാക്കി. ആ നിയമം റദ്ധ് ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആ കേസ് ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.

ഇടുക്കിയില്‍ ഭൂചലനങ്ങള്‍ പതിവായി ഉണ്ടാകുന്നെങ്കില്‍ പുതിയ അണക്കെട്ട് എങ്ങനെയാണ് പോംവഴിയാവുക? അതിനെയും നിലവിലെ ഇടുക്കി അണക്കെട്ടിനെയും ഭൂചലനങ്ങള്‍  ബാധിക്കില്ല എന്ന് ഉറപ്പ് പറയാന്‍ പറ്റുമോ? ഇങ്ങനെ ഭയങ്ങളും സംശയങ്ങളും കൊണ്ട് ഒന്നും ചെയ്യാതെ ഇരിക്കാന്‍ സാധിക്കുമോ? മനുഷ്യന്‍ ബഹിരാകാശത്ത് വരെ പോകുന്നു, എന്താണ് ഒരു ഉറപ്പ്? പല ഭയങ്ങളും സാങ്കല്പികമാണ് എന്ന് കാണാം. അതിന് ഒരു മരുന്നുമില്ല. മോര്‍വിയില്‍ സംഭവിച്ചത് ലോകത്തെ എല്ലാ അണക്കെട്ടുകളിലും സംഭവിക്കണമെന്നില്ല. ഫുകുഷിമയില്‍ സംഭവിച്ചത് എല്ലാ ആണവവൈദ്യുതിനിലയങ്ങള്‍ക്കും ബാധകമാവണമെന്നില്ല. അങ്ങനെയൊരു ആത്മവിശ്വാസത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് ജീവിയ്ക്കാനാവൂ. മനുഷ്യസാധ്യമായത് ഓരോ മേഖലയിലും ബന്ധപ്പെട്ട വിദഗ്ദരും ശാസ്ത്രജ്ഞന്മാരും ചെയ്യുന്നുണ്ട് എന്ന് നാം വിശ്വസിക്കണം. രാഷ്ട്രീയക്കാര്‍ക്ക് അത്തരത്തില്‍ വൈദഗ്ദ്ധ്യമോ അറിവോ ഇല്ലെന്നും നാം മനസ്സിലാക്കണം.


മുല്ലപെരിയാര്‍ ഡാം പൊട്ടുകയാണെങ്കില്‍ തന്നെ നാലു ജില്ലകളെ ബാധിക്കുമെന്നും 35ലക്ഷം പേര്‍ മരണമടയുമെന്നും പറയുന്നത് എന്ത് പഠനത്തിന്റെയോ കണക്കിന്റെയോ അടിസ്ഥാനത്തിലാണ്?അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞത് യാതൊരു വിദഗ്ദ്ധ പഠനത്തിന്റെയും പിന്‍ബലമില്ലാതെയാണോ? ഇവിടെ മീഡിയാക്കള്‍ അകാരണമായി ഭീതി പ്രചരിപ്പിക്കുന്നു എന്നതാണ് വാസ്തവം. മുല്ലപെരിയാറില്‍ 1895ല്‍ ബ്രിട്ടീഷ്‌കാര്‍ സുര്‍ക്കി മിശ്രിതം കൊണ്ട് പണി തീര്‍ത്ത ആ ഗ്രാവിറ്റി അണക്കെട്ട് 1933ല്‍ ബ്രിട്ടീഷ്‌കാര്‍ തന്നെ വീണ്ടും ബലപ്പെടുത്തിയിട്ടുണ്ട്. പിന്നിട് തമിഴ്‌നാട് സര്‍ക്കാരും പല ഘട്ടങ്ങളായി അത് ബലപ്പെടുത്തുന്ന പണികള്‍ നടത്തിയിട്ടുണ്ട്.

(ചിത്രം നോക്കുക. എല്ലാം വിശദീകരിക്കാന്‍ ഇവിടെ തുനിയുന്നില്ല) അതൊക്കെ വിദഗ്ദ്ധര്‍ പരിശോധിക്കുകയും  അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും  തെളിവുകളുടെയും അടിസ്ഥാനത്തിലാണ് 2006ല്‍ സുപ്രീം കോടതി അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം തമിഴ്‌നാടിന്റെ ഹരജി പ്രകാരം അണക്കെട്ട് പരിശോധിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെയും സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. ആ സമിതി അണക്കെട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് 2012 ഫെബ്രവരിയില്‍ കോടതിയില്‍ സമര്‍പ്പിക്കും. വ്യവസ്ഥാപിതമായതും നിയമവിധേയവുമായി മാത്രമേ മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. അതല്ലാതെ ജനങ്ങള്‍ പ്രശ്നം ഏറ്റെടുത്താല്‍ വലിയ ദുരന്തങ്ങള്‍ വേറെ സംഭവിക്കും.

അവസാനമായി, നമ്മുടെ രാജ്യത്ത് ഒന്നും ശരിയല്ല ഒന്നിനും ഒരു സംവിധാനവും ഇല്ല എന്നൊരു ധ്വനിയും പരിഭവവവും അസിഫിന്റെ എഴുത്തിലുണ്ട്. അത് മുഴുവനും ശരിയല്ല. നമ്മുടേത് ഒരു വികസ്വരരാജ്യമാണ്. അതിന്റേതായ പരിമിതികളുണ്ട്. എന്നാല്‍ തീരെ അവികസിതരാജ്യവുമല്ല. അതിന്റെ നേട്ടങ്ങളും പുരോഗതിയും തീര്‍ച്ചയായും നമുക്കുണ്ട്. പിന്നെ രാഷ്ട്രീയപാര്‍ട്ടികളുടെ ഗിമ്മിക്കുകള്‍. അതിനെ പറ്റി എന്ത് പറയാനാണ്? ജപ്പാനെ പുനര്‍നിര്‍മ്മിച്ചത് അവിടത്തെ സര്‍ക്കാരോ രാഷ്ട്രീയപാര്‍ട്ടികളോ അല്ല. മറിച്ച് അവിടത്തെ ജനതയാണ്. ജനങ്ങളാണ് ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. എന്തെങ്കിലും മാറണമെങ്കില്‍ ആ മാറ്റത്തിന്റെ തുടക്കം കുറിക്കേണ്ടത് ജനങ്ങളുടെ മനോഭാവത്തില്‍ നിന്നാണ്. പഴയ കാലത്തെ രാജാക്കന്മാരോടുള്ള വീരാരാധനാ മനോഭാവത്തില്‍ നിന്ന് നമ്മുടെ ജനങ്ങള്‍ അല്പം പോലും മാറിയിട്ടില്ല. രാജാക്കന്മാരുടെ സ്ഥാനത്ത് ഇന്ന് നേതാ‍ക്കള്‍ ആണെന്ന് മാത്രം.

ഇത്രയുമാണ് അസിഫ് അലിയോട് എനിക്ക് തല്‍ക്കാലം പറയാനുള്ളത്. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അക്കാര്യം കമന്റില്‍ സൂചിപ്പിച്ചാല്‍ ഇനിയും എനിക്കറിയാവുന്ന പോലെ വിശദീകരിക്കാന്‍ സന്തോഷമേയുള്ളൂ.

ഒരുപാട് സ്നേഹത്തോടെ,
കെ.പി.എസ്സ്.

ന്യൂഡല്‍ഹി - നൂറാം വാര്‍ഷികം

ധികമാരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങനെ നമ്മുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയുടെ നൂറാം വാര്‍ഷികം ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് കടന്നു പോയി. ഇന്ത്യ ഗവണ്മേന്റ് ഈ നൂറാം വാര്‍ഷികം ഔദ്യോഗികമായി ആഘോഷിച്ചില്ല. ലോക്‍സഭ സ്പീക്കര്‍ മീരാ കുമാര്‍ ഇത് പ്രമാണിച്ച് ഡല്‍ഹി നിവാസികള്‍ക്ക് ആശംസ നേരുകയും കൊച്ചു കൊച്ചു ആഘോഷങ്ങള്‍ ഡല്‍ഹിയില്‍ നടക്കുകയും ചെയ്തതൊഴിച്ചാല്‍ ചരിത്രപ്രാധാന്യമുള്ള ഈ ദിവസം ഇന്ത്യ തമസ്കരിക്കുക തന്നെ ചെയ്തു. ഒരു പക്ഷെ ഈ നൂറാം വാര്‍ഷികം ഔദ്യോഗികമായി ആഘോഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അത് രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേനേ. അത് ഒഴിവാക്കാനായിരിക്കാം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൌനം പാലിച്ചത്. ഒന്നാമത്തെ കാര്യം ദല്‍ഹിയുടെ നൂറാം വര്‍ഷം എന്നത് ഇവിടെയുള്ള ആര്‍ഷഭാരത പ്രചാരകര്‍ അംഗീകരിക്കുകയില്ല. കാരണം ദല്‍ഹിക്ക് മൂവായിരം വര്‍ഷത്തോളം ചരിത്രപാരമ്പര്യമുണ്ട്. മറ്റൊന്ന് ബ്രിട്ടീഷ് കോളനി വാഴ്ചയെ അംഗീകരിക്കുന്ന നടപടിയായി അത് വ്യാഖ്യാ‍നിക്കപ്പെട്ടേക്കാം.

എന്നിരുന്നാലും 1911 ഡിസമ്പര്‍ 11ന് ചരിത്രപരമായ പ്രാധാന്യമുണ്ട് എന്നും അതിന്റെ നൂറാം വാര്‍ഷികം നമ്മള്‍ സമുചിതമായി ആഘോഷിക്കണമായിരുന്നു എന്നുമാണ് എന്റെ അഭിപ്രായം. കാരണം 1757 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. 1910ല്‍ ബ്രിട്ടനില്‍ സ്ഥാനാരോഹണം ചെയ്ത രാജാവ് ജോര്‍ജ്ജ് അഞ്ചാമന്‍ 1911 ഡിസമ്പര്‍ 11ന് ഡല്‍ഹിയില്‍ ഡര്‍ബാര്‍ സമ്മേളിക്കാന്‍ എത്തുകയും ആ ഡര്‍ബാറില്‍ വെച്ചാണ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാ‍റ്റുകയുമാണെന്ന് പ്രഖ്യാപിച്ചത്. ഡല്‍ഹിക്ക് അതിന് മുന്‍പ് പുരാതനമായ പ്രൌഢി ഉണ്ടായിരുന്നെങ്കിലും അതിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനായത് ഈ പ്രഖ്യാപനവും തുടര്‍ന്ന് ന്യൂഡല്‍ഹിയുടെ നിര്‍മ്മാണവുമാണ്.  അതിന് മുന്‍പ് ദല്‍ഹി എന്നത് ഷാജഹാനാബാദ് എന്നൊരു ചെറു നഗരമായിരുന്നു. ഇന്ന് നമ്മള്‍ കാണുന്ന ന്യൂ ഡല്‍ഹി, എഡ്‌വിൻ ല്യൂട്ടൻസ് എന്ന ബ്രിട്ടീഷ് വാസ്തുശില്പി രൂപകല്പന ചെയ്ത് നിര്‍മ്മിച്ചതാണ്. അത്കൊണ്ട് ന്യൂ ദല്‍ഹിക്ക് ല്യൂട്ടന്‍സ് ദല്‍ഹി എന്നൊരു പേരുമുണ്ട്.

ഭാ‍രതത്തിന് അനേകായിരം വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും ആധുനിക ഇന്ത്യയുടെ ചട്ടക്കൂട് രൂപപ്പെടുത്തിയത് ബ്രിട്ടീഷ് കോളനി ഭരണമായിരുന്നു എന്നത് വാസ്തവമാണ്. അന്ന് ഇന്ത്യ എന്ന് പറയുന്നത് ബ്രിട്ടീഷ്‌കാരുടെ അടിമത്വത്തില്‍ ആയിരുന്നെങ്കിലും,  അവര്‍ ഇന്ത്യയില്‍ മൊത്തത്തില്‍ ഒരു ഏക ഗവണ്മേന്റ് സ്ഥാപിച്ച് സിവില്‍ സര്‍വീസ്സ് ഏര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ എന്നൊരു വലിയ രാജ്യം ഉണ്ടാവുമായിരുന്നില്ല എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അത്പോലെ തന്നെ 1911ല്‍ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റിയിരുന്നില്ലെങ്കില്‍ ഇന്ന് കാ‍ണുന്ന ഡല്‍ഹിയുമുണ്ടാകുമായിരുന്നില്ല. ഇങ്ങനെ നോക്കുമ്പോള്‍ ചരിത്രത്തില്‍ സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു എന്ന് കാണാന്‍ കഴിയും. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് നമ്മുടെ തലസ്ഥാനത്തിന്റെ നൂറ്റാണ്ട് ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കണമായിരുന്നു എന്ന് ഇപ്പോള്‍ പറയാന്‍ കാരണം.

ഡര്‍ബാ‍ര്‍ കൂടാന്‍ അന്ന് ദല്‍ഹിയിലെത്തിയ ജോര്‍ജ്ജ് അഞ്ചാമനും പത്നിയും പരിവാരങ്ങളും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കൂടാരങ്ങളിലാണ് താ‍മസിച്ചത്. തലസ്ഥാനം ദല്‍ഹിയിലേക്ക്  മാറ്റുന്ന പ്രഖ്യാപനം അവിടെ കൂടിയവര്‍ ആഹ്ലാദത്തോടെയാണ് ശ്രവിച്ചത്. പിന്നീട് തലസ്ഥാന നഗരത്തിന് പ്രൌഢി നല്‍കാനുള്ള കെട്ടിടങ്ങളും മറ്റും നിര്‍മ്മിച്ചത് എഡ്‌വിൻ ല്യൂട്ടൻസ് ആണെന്ന് പറഞ്ഞല്ലൊ.  വൈസ്രോയിക്ക് താമസിക്കാന്‍ ല്യൂട്ടിന്‍സ് രൂപകല്പന ചെയ്ത മന്ദിരമാണ് ഇന്നത്തെ രാഷ്ട്രപതി ഭവന്‍. വെളിമ്പ്രദേശമായി കിടന്നിരുന്ന ഡല്‍ഹിയെ പൂമരങ്ങളും മറ്റും വച്ചുപിടിപ്പിച്ച് പച്ചപ്പുള്ള നഗരമായി മാറ്റിയതും ബ്രിട്ടീഷുകാരാണ്. ചൂടുകുറയ്ക്കാന്‍ അവര്‍ കൃത്രിമ വനവും വച്ചുപിടിപ്പിച്ചു. 1911ല്‍ തലസ്ഥാനം മാറ്റിയെങ്കിലും അന്ന് വെറും തറക്കല്ലിടല്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. ഇന്നുകാണുന്ന ന്യൂഡല്‍ഹിയുടെ രൂപമാകാന്‍ പിന്നെയും 18 വര്‍ഷമെടുത്തു. 1930 ലായിരുന്നു ന്യൂഡല്‍ഹിയുടെ ഉദ്ഘാടനം.  ഇന്നും ഡല്‍ഹിക്ക് രാജ്യതലസ്ഥാനമെന്ന പ്രൌഢി നല്‍കുന്നത് ബ്രിട്ടീഷുകാരുടെ അന്നത്തെ ആ ആസൂത്രണവും നിര്‍മ്മാണ വൈദഗ്ദ്ധ്യവും തന്നെയാണ് എന്ന് പറയാതെ വയ്യ.

1911ലെ ഡര്‍ബാര്‍ ചടങ്ങുകളുടെ വീഡിയോ ഇവിടെ   കാണുക.

മുല്ലപെരിയാര്‍ കുളമാക്കരുത്

പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെ സമ്മതം കിട്ടിയ ശേഷം , മുല്ലപെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 9ന് നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണല്ലൊ. ആ യോഗത്തില്‍ എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊള്ളുക എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഇന്നത്തെ നിലയില്‍ ഡാം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ ഇങ്ങനെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് അപക്വമായ നടപടിയാണെന്ന് സര്‍ക്കാരിനെ ഞാന്‍ താക്കീത് ചെയ്യുന്നു.

എന്തെന്നാല്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും കേരളത്തിന് അനുകൂലമായ നിലപാടാണുള്ളത്.  പ്രശ്നത്തിന്റെ ഗൌരവം ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ കേരളത്തിനായിട്ടുണ്ട്.  2012 ഫിബ്രവരിയില്‍ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതിനിനി രണ്ട് മാസമേയുള്ളൂ.  കേസില്‍ എന്ത്കൊണ്ടും കേരളത്തിന് അനുകൂലമായ വിധിയുണ്ടാവാനുള്ള സാധ്യത തെളിഞ്ഞുകാണുന്നുണ്ട്.  ഇപ്പോള്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതിയുടെ വിധി മറി കടക്കാനോ ഇന്നു ചെയ്യുന്ന പോലെ പ്രധാന മന്ത്രിക്ക് കത്തയക്കാനോ പിന്നീട് കഴിയില്ല. അവര്‍ക്ക് വിധി സ്വീകരിച്ചേ പറ്റൂ.

ആ നിലയ്ക്ക് ഇനി കേവലം രണ്ട് മാസം കാത്തിരിക്കുന്നതിന് പകരം തിടുക്കത്തില്‍ നിയമസഭ ചേര്‍ന്ന് എന്തെങ്കിലും പ്രമേയം പാസ്സാക്കുന്നതോ അണക്കെട്ട് ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിക്കുന്നതോ കേരളത്തിന് ഇന്നുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കുകയും പ്രശ്നം പിന്നെയും നിയമക്കുരുക്കില്‍ അകപ്പെടുകയും ചെയ്യും.  സുപ്രീം കോടതി വിധി വന്നാല്‍ ജയലളിതയ്ക്ക് പിന്നെ മിണ്ടാന്‍ കഴിയില്ല. എന്നാല്‍ നിയമസഭ എന്ത് തീരുമാനിച്ചാലും അത് കേരളത്തിനെതിരെ പൊരുതാന്‍ അവരുടെ മുന്നില്‍ കുറെ വാതിലുകള്‍ തുറക്കപ്പെടുന്നതിന് ഇടയാക്കും.  അക്കൂട്ടത്തില്‍ ഏറ്റവും അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ളത് തമിഴ്നാട്ടില്‍ ആ‍ഞ്ഞടിക്കാവുന്ന മലയാളി വിരുദ്ധ പ്രക്ഷോഭങ്ങളാണ്. ഇപ്പോള്‍ തന്നെ ചെന്നൈയിലെ മലയാളികളെ വെക്കേറ്റ് ചെയ്യിക്കണം എന്ന മട്ടിലുള്ള കമന്റുകള്‍ ചില ഓണ്‍‌ലൈന്‍ പേജുകളില്‍ കാണാന്‍ കഴിയുന്നുണ്ട്. അതൊരു സൂചനയാണ്.

1970കളുടെ തുടക്കത്തില്‍ അന്നത്തെ മദ്രാസില്‍ മലയാളി വിരുദ്ധ കലാപങ്ങള്‍ സാധാരണയായിരുന്നു.  മലയാളപടം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ സ്ക്രീന്‍ വലിച്ചുകീറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളികളായ കച്ചവടക്കാര്‍ ഏത് നിമിഷവും അക്രമിക്കപ്പെടാമെന്ന ചുറ്റുപാടായിരുന്നു അന്ന്. ഡി.എം.കെ. മാത്രമായിരുന്നു അന്ന് അവിടെ പ്രബലമായ രാഷ്ട്രീയപാര്‍ട്ടി. പിന്നീട് ഭാഗ്യത്തിന് ഡി.എം.കെ.യില്‍ നിന്ന് എം.ജി.ആര്‍ തെറ്റിപ്പിരിഞ്ഞ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ച് ദ്രാവിഡപ്രസ്ഥാനം നെടുകെ പിളര്‍ന്നപ്പോഴാണ് മലയാളികള്‍ക്ക് ആശ്വാസമായത്.  എം.ജി.ആര്‍ മലയാളിയാണെന്ന വസ്തുത എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ക്കിടയില്‍ മലയാളിവിരോധം ഇല്ലാതാക്കി. അതിന് ശേഷം തമിഴ്നാട്ടില്‍ “മലയാളത്താന്‍” എന്ന വിശേഷണം പോലും കേള്‍ക്കാന്‍ കഴിയാതായി എന്ന് പറഞ്ഞാല്‍ മതിയല്ലൊ.

ഇന്ന്  മുല്ലപെരിയാറിന്റെ പേരില്‍ മലയാളി വിരോധം ആളിക്കത്തിക്കാനുള്ള ശ്രമം അവിടെ വീണ്ടും നടക്കുന്നുണ്ട്. അത് ആളിക്കത്തിയാല്‍ മലയാളികള്‍ക്ക് ഒരുപാട് നഷ്ടപ്പെടാനുണ്ട്. ഇന്ന് കേരളത്തില്‍ തമിഴ്നാട്ടുകാര്‍ അത്രയൊന്നുമില്ല. അവിടത്തെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ കാരണം മിക്കവരും തിരിച്ചു പോയി. പാവങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ ജീവിയ്ക്കാം എന്നതാണ് ഇപ്പോള്‍ അവിടത്തെ അവസ്ഥ. എന്നാല്‍ ചെന്നൈയില്‍ ലക്ഷക്കണക്കിനാണ് മലയാളികള്‍. സ്ഥിതിവിവരക്കണക്ക് എന്റെ കൈയില്‍ ഇല്ല. ചെറുകിട കച്ചവടക്കാര്‍ മിക്കവരും മലയാളികളാണ്.  കേരളത്തിലുള്ള തമിഴ്നാട്ടുകാരെ ആ സര്‍ക്കാര്‍ അങ്ങോട്ട് ആകര്‍ഷിച്ച പോലെ  ആ സംസ്ഥാനത്തുള്ള മലയാളികളെ ഇങ്ങോട്ട് പുനരധിവസിപ്പിക്കണമെങ്കില്‍ ഏതോ ഒരു തമിഴ് കമന്റില്‍ കണ്ടത് പോലെ പരശുരാമന്‍ വീണ്ടും മഴുവെറിഞ്ഞ് മറ്റൊരു കേരളം സൃഷ്ടിക്കേണ്ടി വരും.

തമിഴ്നാടിന് ആവശ്യമുള്ള വെള്ളം ഞങ്ങള്‍ തരാം, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പുതിയ അണക്കെട്ട് പണിയാന്‍ അനുമതിക്കണം എന്ന് തമിഴ്നാട്ടിലെ ജനങ്ങളെ കൂടി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ എല്ലാ പ്രശ്നവും സുഗമമായി പരിഹരിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. അതാണ് നല്ലതും എളുപ്പവും. പുതിയ അണക്കെട്ടിനെ പറ്റി തമിഴ്നാട്ടിലെ ജനങ്ങള്‍ വല്ലാതെ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുന്നു. പുതിയത് നിര്‍മ്മിച്ചാല്‍ തങ്ങള്‍ക്ക് വെള്ളം നിഷേധിക്കപ്പെടും എന്നാണ് അവര്‍ ധരിച്ചു വെച്ചിരിക്കുന്നത്. അത്കൊണ്ടാണ് അവര്‍ പുതിയ ഡാമിനെതിരെ ഇത്ര വൈകാരികമായി പ്രതികരിക്കുന്നത്. അവരുടെ തെറ്റിദ്ധാരണ ബലപ്പെടുത്താനേ ഡിസംബര്‍ 9ന്റെ നിയമസഭാ സമ്മേളനം സഹായിക്കുകയുള്ളൂ. അത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.  ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ആരാഞ്ഞത് സര്‍ക്കാര്‍ ദുര്‍ബ്ബലമായത്കൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്.

മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഏറ്റവും പരിപക്വവും വിവേകപൂര്‍ണ്ണവുമായ പ്രസ്താവന വന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നായിരുന്നു.  തമിഴ്നാടിന് ഇന്ന് ലഭിക്കുന്ന വെള്ളം തുടര്‍ന്നും നല്‍കും. ഇത് ഉറപ്പാക്കാന്‍ എങ്ങനെ കരാര്‍ ഉണ്ടാക്കാനും ഞങ്ങള്‍ റെഡിയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ വേണം.  ഇതാണ് ചാണ്ടിയുടെ പ്രസ്താവന. ഈ വാക്കുകള്‍ തമിഴ്നാട്ടിലെ ജനങ്ങളിലേക്ക് എത്തിച്ചാല്‍ അവരെന്താ മനുഷ്യരല്ലേ. അവരുടെ എല്ലാ സംശയവും തീരുകയും പ്രശ്നപരിഹാരത്തിനുള്ള സുമുഖമായ അന്തരീക്ഷം ഒരുങ്ങുകയും ചെയ്യും.  നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനം എടുക്കുക വഴി ഉമ്മന്‍ ചാണ്ടി സ്വന്തം വാക്കുകള്‍ വിഴുങ്ങുന്ന അവസ്ഥയാണ് ഉണ്ടാവുക.

ജയലളിത കൂടംകുളത്തിന്റെ പേരിലായാലും മുല്ലപെരിയാറിന്റെ പേരിലായാലും നിലപാടെടുക്കുന്നത് ജനങ്ങളെ വെറുപ്പിക്കരുത് എന്നതിന്റെ പേരിലാണ്.  ജനങ്ങളുടെ ഭീതി കൂടംകുളത്തും സംശയം മുല്ലപെരിയാറിലും ഉള്ളത് താലോലിക്കാനാണ് അവര്‍ ശ്രമിക്കുന്നത്, സ്വന്തം അധികാരം അരക്കിട്ടുറപ്പിക്കാന്‍. രണ്ടിന്റെയും നിജസ്ഥിതി അവര്‍ക്കറിയാം. കാരണം അവര്‍ക്ക് വിദ്യാഭ്യാസമുണ്ട്, ചിന്തിക്കാനുള്ള കഴിവുമുണ്ട്.  പക്ഷെ രാഷ്ട്രീയത്തില്‍ തരിപ്പണമായ അവസ്ഥയില്‍ നിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേറ്റതല്ലെ. ജനങ്ങളെ പേടിക്കേണ്ടി വരുന്നു.

സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുന്ന ഈ രണ്ട് മാസത്തിനിടയില്‍ നമ്മള്‍ ചെയ്യേണ്ടത് മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കേണ്ടത് തമിഴ്നാടിന്റെ കൂടി ജീവല്‍ പ്രശ്നമാണെന്ന് തമിഴ്നാട്ടുകാരെ ബോധ്യപ്പെടുത്തുകയാണ്.  അതിനുള്ള പ്രചാരണം സംഘടിപ്പിക്കണം.  അവര്‍ക്ക് അത് ബോധ്യമാകാതിരിക്കില്ല. കാരണം അണക്കെട്ട് തകര്‍ന്നാല്‍ അവര്‍ക്ക് അഞ്ച് ജില്ലകളില്‍ കുടിവെള്ളം കിട്ടുകയില്ല. പഴയ കരാറും ഉണ്ടാവുകയില്ല. പുതിയ അണക്കെട്ടും നിങ്ങള്‍ക്ക് തുടര്‍ന്നും ആവശ്യമുള്ള വെള്ളം കിട്ടാനുള്ള പുതിയ കരാറുമാണ് ശാശ്വതമായ പരിഹാരം എന്ന് അവിടെയുള്ള ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ജയലളിതയ്ക്ക് പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല. വൈക്കോവിനെ പോലെയുള്ള രാഷ്ട്രീയകൃമികള്‍ക്ക് പിന്നീട് കേരി ഇടപെട്ട് കുളമാക്കാനും കഴിയില്ല. നമുക്ക് ഇത് വരെ ഒത്ത് വന്ന അനുകൂ‍ല സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂലമാക്കാന്‍ ഇതാണ് നല്ല വഴി. നിയമസഭാ സമ്മേളനം എന്നത് ഈ അനുകൂല സാഹചര്യങ്ങളെ മൊത്തം തകിടം മറിക്കും.

മുല്ലപെരിയാറിന്റെ കാര്യത്തില്‍ അതിവൈകാരികമായി പ്രതികരിക്കുന്നവരോട് ഒരു വാക്ക്. അണക്കെട്ടുള്ള സ്ഥലവും അതിലെ വെള്ളവും നമ്മുടേത് തന്നെ.  999 കൊല്ല്ലത്ത് കരാര്‍ എന്നതും അസംബന്ധം തന്നെ. നമ്മുടെ ന്യായങ്ങളും എല്ലാം ശരി തന്നെ. അതേ പോലെ ചെന്നൈ മഹാനഗരത്തിലും തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലും താമസിക്കുന്ന മറുനാടന്‍ മലയാളികള്‍ നമ്മുടെ സഹോദരന്മാരാണ്. അവര്‍ക്ക് ഇനി കേരളത്തിലേക്ക് തിരിച്ചു വന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിയില്ല. നമ്മെക്കാളും വൈകാരികക്കാരാണ് തമിഴ്നാട്ടുകാര്‍. എന്ന് വെച്ച് പേടിക്കണമെന്നല്ല. അല്പം വിവേകം കാണിക്കുന്നതാണ് നമ്മുടെ മറുനാടന്‍ മലയാളികളുടെ സുരക്ഷയ്ക്ക് നല്ലത്. മാത്രമല്ല, നമ്മുടെ സ്ഥലവും വെള്ളവുമാണെന്ന് വെച്ച് തമിഴ്നാടിന് വെള്ളം കൊടുക്കാതിരിക്കാനൊന്നും പറ്റില്ല. അത് പ്രത്യേകം കണക്കിലെടുക്കണം. ഇന്ത്യന്‍ യൂനിയനില്‍ പെട്ട രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും എന്നത്കൊണ്ടാണിത്.

അത്കൊണ്ട്, കേരള സര്‍ക്കാരിനോട് ഞാന്‍ പറയുന്നു: തിടുക്കം കാണിച്ച് ഡിസംബര്‍ 9ന് നിയമസഭാ സമ്മേളനം കൂടണ്ട. അഥവാ കൂടുന്നെങ്കില്‍ അത് കോടതി വിധിക്ക് ശേഷം മതി. അത് വരെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും തമിഴ്നാട്ടിലെ ജനങ്ങളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കുക.  പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകവും സൌമനസ്യപൂര്‍ണ്ണവുമായ നിരുപാധിക സഹകരണം കിട്ടുമെന്ന് കരുതണ്ട.  അവര്‍ക്ക് എന്തിലും ഒളിപ്പിച്ചു വെച്ച രാഷ്ട്രീയ അജണ്ട കാണും.  പൊതുവെ കോണ്‍ഗ്രസ്സിലെ ഉമ്മന്‍ ചാണ്ടി അടക്കമുള്ള ഏ വിഭാഗത്തിന് മാര്‍ക്സിസ്റ്റ്പാര്‍ട്ടിയോട് മൃദുസമീപനവും വിധേയത്വവുമാണ് എന്നും ഐ വിഭാഗമാണ് അവരുടെ രാഷ്ട്രീയശത്രുക്കള്‍ എന്നുമൊരു ധാരണ മുന്‍പ് കാലത്ത് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പക്ഷെ എന്തിലും സ്വന്തം പാര്‍ട്ടി താല്പര്യം മാത്രമേയുള്ളൂ. അവര്‍ ഭരിക്കുമ്പോള്‍ ഒരു കാര്യവും കോണ്‍ഗ്രസ്സിനോടോ യു.ഡി.എഫിനോടോ ആലോചിക്കാറില്ല. പ്രതിപക്ഷത്തെ കണക്കിലെടുക്കാറേ ഇല്ല.  ഞാന്‍ പറയേണ്ടത് പറഞ്ഞു. ബാക്കി നിങ്ങളുടെയൊക്കെ സൌകര്യം പോലെ.

Disclaimer: മുല്ലപെരിയാര്‍ പ്രശ്നം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് സമൂഹത്തിന്റെ  നാനാതുറയില്‍ പെട്ടവര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  സൈബര്‍ ലോകത്തുള്ളവരും തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ നിരക്ഷരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ ഇടവിടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്ലാഘനീയമാണ്.  നമ്മുടെ പ്രതികരണങ്ങള്‍ അതിവൈകാരികതയിലേക്ക് കടന്നു തമിഴ്-മലയാളി സ്പര്‍ദ്ധ ഉണ്ടാകാന്‍ ഇടവരരുത് എന്ന് മാത്രമാണ് ഈ പോസ്റ്റിന് പിന്നിലുള്ള താല്പര്യം

നിരക്ഷരന്റെ ബ്ലോഗും മൈസൂര്‍ യാത്രയും .....

മൈസൂറിലേക്ക്  കുടുംബസമേതം ഒരു യാത്ര പോകാന്‍ തീരുമാനിച്ചത്  പൊടുന്നനെയായിരുന്നു.  പോകുന്ന വഴിയില്‍ വഴിയോരക്കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും ചിന്തകളില്‍ നിറഞ്ഞുനിന്നത്  നിരക്ഷരന്റെ ബ്ലോഗിലെ  ശ്രീരംഗപട്ടണം എന്ന പോസ്റ്റ് ആയിരുന്നു. ചിന്തകളുടെ അത്ഭുതകരമായ ഒരു പ്രത്യേകത ഓഷോ എടുത്ത് പറഞ്ഞിട്ടുണ്ട്. വര്‍ത്തമാനകാലത്ത് ആര്‍ക്കും ചിന്തിക്കാന്‍ പറ്റില്ല എന്നതാണത്.  ചിന്തകള്‍ക്ക് ധാരാളം ഇടം വേണം. വര്‍ത്തമാനകാ‍ലം എന്നാല്‍ കാലത്തിന്റെ ഏറ്റവും ചെറിയ ഈ ബിന്ദുവാണ്. ഈ ബിന്ദുവില്‍ പ്രവേശിക്കാന്‍ ചിന്തകള്‍ക്ക് കഴിയില്ല. അത്കൊണ്ട് ചിന്തകള്‍ എപ്പോഴും ഭൂതകാലത്തെയോ ഭാവിയെയോ തേടിപ്പോകുന്നു. വര്‍ത്തമാനം നമുക്ക് അനുഭവിക്കാനുള്ളതാണ്. എന്നാല്‍ എന്ത് അനുഭവവും ചിന്തയോടുകൂടി സംയോജിക്കുമ്പോള്‍ മാത്രമേ അതിന്റെ മുഴുവന്‍ രുചിയോടുകൂടി നമുക്ക് ആസ്വദിക്കാന്‍ കഴിയൂ. നമ്മള്‍ നോക്കിനില്‍ക്കേ വര്‍ത്തമാനം നമ്മോട് യാത്ര പറയുന്നു. അത്കൊണ്ട് പല അനുഭവങ്ങളും നമ്മള്‍ പലപ്പോഴും അനുഭവിക്കുന്നത് അതിനെ ഭൂതകാലത്തോട് ചേര്‍ത്ത് വെച്ച്കൊണ്ട് ചിന്തകളില്‍ പുനരാവിഷ്ക്കരിച്ചിട്ടാണ്.

യാത്രവിവരണബ്ലോഗുകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് നിരക്ഷരന്റെ “ചില യാത്രകള്‍ ”എന്ന ബ്ലോഗ്. മലയാളത്തിലെ ബൂലോഗയാത്രികരുടെ ലിങ്കുകളും അവിടെയുണ്ട്.  അത്കൊണ്ട് ഒരു സമ്പൂര്‍ണ്ണ മലയാളം യാത്രാവിവരണ ബ്ലോഗാണ് നിരക്ഷരന്റേത് എന്ന് പറയാം. യാത്രാവിവരണങ്ങള്‍  മാത്രമല്ല ബൂലോഗത്തിലെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും നിരക്ഷരന്‍ മുന്നിലുണ്ട്.  ബ്ലോഗ് മീറ്റുകളിലും നിറസാന്നിധ്യമാണ് ഇപ്പറഞ്ഞ നിരക്ഷരന്‍ . ബ്ലോഗിലെത്തുന്ന  പുതിയ വായനക്കാര്‍ ആരാണ് ഈ നിരക്ഷരന്‍ എന്ന് ബ്ലോഗില്‍ പോയി മനസ്സിലാക്കട്ടെ. ഒരിക്കല്‍ നിരക്ഷരന്റെ ബസ്സ് വായിച്ചിട്ട് അതിനെ പറ്റി ഞാന്‍ ബ്ലോഗില്‍ എഴുതിയപ്പോള്‍ നിരക്ഷരന്റെ യഥാര്‍ഥ പേര് സൂചിപ്പിച്ചിരുന്നു.  പക്ഷെ എല്ലാവര്‍ക്കും പ്രിയപ്പെട്ട നിരക്ഷരന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തന്നെയാണ്  തനിക്ക് താല്പര്യം എന്ന് എന്നോട് തമാശരൂപത്തില്‍ നിരക്ഷരന്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല.

ശ്രീരംഗപട്ടണത്ത് കുറച്ചു സമയം മാത്രമേ ഞങ്ങള്‍ ചെലവഴിച്ചുള്ളൂ. അതിനിടക്ക്  എന്നെ ധാര്‍മ്മികരോഷം കൊള്ളിച്ചത് ത്രിവേണി സംഗമത്തില്‍ പോയപ്പോഴാണ്. റോഡ് നേരെ ചെല്ലുന്നത് ഈ സംഗമം കാണാനുള്ള  മുനമ്പിലേക്കാണ്. എന്നാല്‍ ആ മുനമ്പിന്റെ മൂന്ന് ഭാഗവും കച്ചവടക്കാര്‍ സ്റ്റാളുകള്‍ കെട്ടി മറച്ചിരിക്കുന്നു. എത്തുന്നതിന് മുന്നേ തന്നെ പാര്‍ക്കിങ്ങ് ഫീ എന്ന പേരില്‍ ഒരു സംഘം അനധികൃത പിരിവ് നടത്തുന്നുണ്ട്. വണ്ടി നിര്‍ത്തിച്ച് അവര്‍ 20രൂപ വാങ്ങും. പാര്‍ക്കിങ്ങ് ഫീ പല സ്ഥലത്തും സര്‍വ്വസാധാരണമായതിനാല്‍ ഇതും അത്തരം പിരിവ് ആണെന്നേ  പുതിയതായി എത്തുന്നവര്‍ കരുതുകയുള്ളൂ. എന്നാല്‍ നിയമാനുസൃതമായ പാര്‍ക്കിങ്ങ് ഫീസ് 10രൂപയില്‍ കൂടുതല്‍ എവിടെയും കണ്ടിട്ടില്ല. അവര്‍ തരുന്ന കൂപ്പണില്‍ സീല്‍ ഒന്നും ഇല്ല.  രംഗനാഥസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെച്ചും ഒരു വിദ്വാന്‍ വണ്ടി കൈകാട്ടി നിര്‍ത്തി 20രൂപയുടെ ഒരു കൂപ്പണ്‍ തന്നു. കാശ് കൊടുത്ത് മുന്നോട്ട് പോകുമ്പോള്‍ ആ കൂപ്പണ്‍ നോക്കി, അതില്‍ കന്നടയില്‍ ക്ഷേത്രത്തിന്റെ പേരുണ്ട് എന്ന് മാത്രം. സീല്‍ പതിച്ചിട്ടുണ്ട്. സീല്‍ പതിക്കാന്‍ ഒരു സ്റ്റാമ്പ് ആര്‍ക്കും ഉണ്ടാക്കാം.

സംഗമത്തില്‍ എത്തിയപ്പോള്‍ യഥാര്‍ത്ഥ സംഗമം കാണണമെങ്കില്‍ ഈ സ്റ്റാളുകള്‍ക്കിടയില്‍ ഉള്ള ചെറിയ പഴുതിലൂടെ താഴെ പാറക്കെട്ടില്‍ ഇറങ്ങണം. കാല് തെറ്റിയാല്‍ താഴെ വീഴും. അവിടെ വളച്ചുകെട്ടിയ കച്ചവടക്കാര്‍ സന്ദര്‍ശകരോട് യാതൊരു ഔദാര്യവും കാണിക്കുന്നില്ല. തങ്ങളുടെ സ്റ്റാളുകള്‍ കാണാനാണ് ആളുകള്‍ വരുന്നത് എന്ന മനോഭാവമാണ് അവര്‍ക്ക്.  സംഗമം കാണാന്‍ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ല. തിക്കിത്തിരക്കി താഴെ പാറക്കെട്ടില്‍ ഇറങ്ങാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല. കാല്‍ തെറ്റി വീണാലോ എന്ന് പേടിച്ചിട്ടാണ്.  അവിടെയുള്ള സ്റ്റാളുകള്‍ ആ മുനമ്പില്‍ നിന്ന് മാറ്റി , അവിടെ എത്തുന്നതിന് മുന്‍പുള്ള റോഡ് സൈഡിലേക്ക് മാറ്റാമല്ലൊ.  ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ ക്രിമിനല്‍ കുറ്റം തന്നെയാണ്. അവിടെ എത്തുന്ന സന്ദര്‍ശകരും ചന്തയില്‍ വന്നവരെ പോലെ സാധനങ്ങള്‍ വാങ്ങി കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ച് ഔചിത്യബോധം എന്നത് ഇന്ത്യക്കാര്‍ക്ക് പറഞ്ഞതല്ല എന്ന് തെളിയിക്കുകയും ചെയ്യുന്നു. ഏതായാലും എന്റെ മകന്‍  താഴെയിറങ്ങി എടുത്ത ഒരു ഫോട്ടോ താഴെ കൊടുക്കുന്നു.


ശ്രീരംഗപട്ടണത്തില്‍ എത്തി ആദ്യം പോയത് ,  ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദിലാണ്. അവിടെ ചുറ്റിപ്പറ്റി കുറെ ഗൈഡുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പക്ഷെ ഗൈഡിനെ ഒന്നും ആശ്രയിച്ചില്ല. വേഗം തന്നെ യാത്ര തുടരണമായിരുന്നു.  മസ്‌ജിദിന്റെയും  ടിപ്പു വെടിയേറ്റ് വീണ സ്ഥലത്തിന്റെയും  വീഡിയോ മൊബൈലില്‍ പകര്‍ത്തിയത് താഴെ:                              സമ്മര്‍ പാലസ്സിലേക്ക് :
വിശദമായ യാത്രാവിവരണം എഴുതാനുള്ള തയ്യാറെടുപ്പിലല്ല ഈ പോസ്റ്റ് എഴുതുന്നത്. അത്കൊണ്ട് മൈസൂര്‍ കൊട്ടാരത്തിന്റെ  മുറ്റത്ത് നിന്ന് എടുത്ത ഒരു വീഡിയോ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു. മൈസൂര്‍ പാലസിന്റെ അകം ഒന്ന് കാണേണ്ടത് തന്നെയാണ്.


വാള്‍മാര്‍ട്ടിന് സ്വാഗതം

ചൈനയില്‍ വാള്‍മാര്‍ട്ട് വെന്നിക്കൊടി പാറിക്കുമ്പോള്‍ ഇന്ത്യയില്‍ പതിവ് പോലെ ബി.ജെ.പി.യും ഇടത്പക്ഷവും മറ്റ് കോണ്‍ഗ്രസ്സിതര പാര്‍ട്ടികളും കൈകോര്‍ത്ത്കൊണ്ട് പ്രക്ഷോഭത്തിലാണ്. ചില്ലറവില്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പേരിലാണിത്. ഗാട്ട് കരാറിന്റെയും ആസിയാന്‍ കരാറിന്റെയും കാലത്തെന്ന പോലെയുള്ള തനിയാവര്‍ത്തനങ്ങള്‍. ഇതില്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം, ഇത്തരം നയങ്ങളിലും കരാറുകളിലും ഇന്ത്യയേക്കാള്‍ ചൈന എപ്പോഴും മുന്നിലായിരിക്കും എന്നതാണ്. ചൈനയില്‍ പരീക്ഷിച്ച് വിജയം കണ്ടതാണ് നമ്മള്‍ അനുകരിച്ചു വരുന്നത്.  സോഷ്യലിസത്തിലും എല്ലാം സര്‍ക്കാര്‍ അധീനതയില്‍ എന്നും ഉള്ള സമ്പ്രദായത്തില്‍ പുരോഗതി മുരടിച്ച് രാജ്യം ദാരിദ്ര്യത്തിലും പട്ടിണിയിലും കൂപ്പ് കുത്തിയപ്പോഴാണ് ചൈന അതിന്റെ നയം മാറ്റിയത്.  പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്നാണ് ഈ നയം മാറ്റത്തെ അന്നത്തെ ചൈനീസ് നേതാവ് ഡെങ്ങ് സിയാവോ പിങ്ങ് വിശേഷിപ്പിച്ചത്. ആ നയം മാറ്റത്തിലൂടെയാണ് ചൈന ഇന്ന് ഒന്നാമത്തെ ലോക സാമ്പത്തിക ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്നത്.

അതൊക്കെ ചൈനയ്ക്കാവാം ഇവിടെ പറ്റില്ല എന്നും , ഇവിടെ എല്ലാം പാരമ്പര്യരീതിയില്‍ മാത്രമേ നടന്നു പോകാന്‍ പാടുള്ളൂ എന്നും ബി.ജെ.പി.യും ഇടതുകാരും മറ്റും ശാഠ്യം പിടിക്കാന്‍ കാരണമെന്താണ്?  ഉത്തരം വ്യക്തമാണ്, ഭരണം അവരുടെ കൈയില്‍ ഇല്ല. അത് തന്നെ.  ലോകം ചുരുങ്ങിച്ചുരുങ്ങി ഒരു യൂനിവേഴ്സല്‍ വില്ലേജായി മാറിക്കൊണ്ടിരിക്കുന്ന ഈ ആധുനികകാലത്ത് വെറും സ്വദേശിയും പറഞ്ഞ് കൂനിക്കൂടിയിരിക്കാന്‍ പറ്റില്ലെന്ന് ആര്‍ക്കാണറിയാത്തത്?  ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും 25കൊല്ലം മുന്‍പത്തെ തലച്ചോറുമായി ചിന്തിക്കുമ്പോള്‍ ചൈനയിലെ സര്‍ക്കാര്‍ 25കൊല്ലം മുന്‍‌കൂട്ടി കണ്ടിട്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ബി.ജെ.പി.ക്കാര്‍ക്ക് ആയിരം കൊല്ലം മുന്‍പത്തെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് താല്പര്യം.  വര്‍ത്തമാനകാലത്തോടൊപ്പം സഞ്ചരിക്കാന്‍ തത്രപ്പെടുന്ന ഇന്ത്യാ സര്‍ക്കാരാണ് ബി.ജെ.പി.യുടെയും ഇടത് പാര്‍ട്ടികളുടെയും പൊതുശത്രു എന്നത് വിരോധാഭാസമാണ്.

വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വന്നാല്‍ ഇവിടെയുള്ള ലക്ഷക്കണക്കിന് വ്യാപാരികള്‍ തെരുവാധാരമായി പോകും എന്നാണ് ഈ പാര്‍ട്ടികള്‍ വിലപിക്കുന്നത്.  എന്തൊരു വ്യാപാരിസ്നേഹം! ഈ സ്നേഹത്തിന്റെ ഒരംശം ഇക്കൂട്ടര്‍ക്ക് ഉപഭോക്താക്കളോടും വേണ്ടേ?  ഇന്ന് നമുക്കറിയാം ഇവിടത്തെ വ്യാപാരികള്‍ എങ്ങനെയൊക്കെയാണ് ഉല്പാദകരെയും ഉപഭോക്താക്കളെയും ചൂഷണം ചെയ്യുന്നത് എന്ന്.  ഒരു വാഴക്കര്‍ഷകന്‍ ആറ് മാസം കാത്തിരുന്നു ഒരു കുല കൃഷി ചെയ്ത് ഉണ്ടാക്കിയാല്‍ വ്യാപാരി കര്‍ഷകന് കൊടുക്കുന്നത് ഒരു കിലോയ്ക്ക് 18 രൂപയാണെങ്കില്‍ അത് ഉപഭോക്താവിന് വില്‍ക്കുക 28രൂപയ്ക്കായിരിക്കും. കര്‍ഷകന് ഉല്പാദനച്ചെലവും ആറ് മാസത്തെ കാത്തിരിപ്പും കഴിഞ്ഞ് കിലോയ്ക്ക് 8രൂപ കിട്ടുമ്പോള്‍ വ്യാപാരിക്ക് മേലനങ്ങാതെ ഒന്നോ രണ്ടോ ദിവസം കൊണ്ട് 10രൂപ കിട്ടുന്നു.

അതിരിക്കട്ടെ, ഇന്ത്യയെ പോലെ ബൃഹത്തായ ഒരു രാജ്യത്ത് വാള്‍മാര്‍ട്ട് വന്നാല്‍ എല്ലാ കച്ചവടസ്ഥാപനങ്ങളും പൂട്ടിപ്പോകും എന്നും അവരൊക്കെ തൊഴില്‍ രഹിതരും ആയിപ്പോകും എന്നാരാണ് പറഞ്ഞത്? വിദേശത്ത് നിന്ന് മൂലധനമല്ലാതെ ആള്‍ക്കാരും വരുന്നുണ്ടോ? ഇന്ത്യക്കാര്‍ക്ക്  തൊഴിലവസരങ്ങള്‍ കിട്ടില്ലേ?  ഇടത്തട്ടുകാരായ വ്യാപാരികളുടെ പ്രശ്നമാ‍ണോ വലുത് അതല്ല ഉല്പാദകരുടെയും ഉപഭോക്താളുടെയും പ്രശ്നമോ?  ഇവിടെയുള്ള പഴകിയ ഉല്പാദന-വിതരണ സമ്പ്രദായപ്രകാരം  ഉല്പാദകനും ഉപഭോക്താവിനുമിടയില്‍ അസംഖ്യം ഇടത്തട്ടുകാരാണ് ഉള്ളത്.  ഇത്രയും ഇടത്തട്ടുകാരെ രാജ്യം പോറ്റിക്കൊള്ളണം എന്നതിലെ ലോജിക്ക് എന്താണ്. പോറ്റിയാല്‍ പോരല്ലൊ, അവരുടെ കൊള്ളലാഭത്തിനും നിന്നുകൊടുക്കണമല്ലൊ.

ചിലര്‍ പറയുന്നു, സര്‍ക്കാരിന് സംഭരിച്ച് പൊതുവിതരണം ശക്തമാക്കിക്കൂടേ എന്ന്.  എല്ലാം സര്‍ക്കാര്‍ ചെയ്യണം എന്ന് പറയുന്നത് പഴയ കാലഹരണപ്പെട്ടൊരു പ്രത്യയശാസ്ത്രത്തിന്റെ ഹാങ്‌ഓവര്‍ കൊണ്ടാണ്. അങ്ങനെയായിരുന്നെങ്കില്‍ ചൈനയില്‍ വാള്‍മാര്‍ട്ടിനെ കാല് കുത്താന്‍ അവര്‍ അനുവദിക്കുമായിരുന്നോ?  സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പരമാവധി ഉദാരീകരിക്കുക എന്നതാണ് ലോകത്ത് ഇപ്പോള്‍ സര്‍വ്വത്രയുള്ള നയം.  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈകളില്‍ അധികാരവും പൊതുസ്വത്തും കേന്ദ്രീകരിക്കുന്നത് ഒരു തരത്തിലും ആശാസ്യമല്ല. മന്ത്രിമാര്‍ ഇന്ന് വരും നാളെ പോകും. പല വകുപ്പുകളിലും മന്ത്രിമാരെ ഭരിക്കാന്‍ പ്രാപ്തിയുള്ളവരാണ് സര്‍ക്കാര്‍ വകുപ്പുകളിലെ താപ്പാ‍നകള്‍.  രാജ്യം ബ്യൂറോക്രാറ്റ് രാജ് ആയത്കൊണ്ടായിരുന്നു നമ്മുടെ പുരോഗതി എത്രയോ ദശകങ്ങള്‍ തടയപ്പെട്ടത്. യഥാര്‍ഥ സ്വാതന്ത്ര്യം നമുക്ക് അനുഭവവേദ്യമായത് ഉദാരവല്‍ക്കരണത്തിന് ശേഷമാണ്. രണ്ട് ചാക്ക് സിമന്റിന് താലൂക്ക് ആഫീസില്‍ അപേക്ഷ കൊടുത്തിട്ട് ഒരു വര്‍ഷം കാത്തിരുന്ന ഒരു ഭൂതകാലം നമുക്കുണ്ട്.

വാള്‍മാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ വരുമ്പോള്‍ ആരോഗ്യകരമായ മത്സരമാണ് നടക്കുക.  അത് ഉപഭോക്താവിന് നല്ലതാണ്. പിടിച്ചു നിക്കാന്‍ കഴിയാത്ത ചെറുകിട കച്ചവടക്കാര്‍ പൂട്ടുന്നെങ്കില്‍ പൂട്ടട്ടെ. അയാള്‍ക്ക് ഒന്നുകില്‍ വാള്‍മാര്‍ട്ടിന്റെ ഷോപ്പുകളില്‍ ജോലി കണ്ടെത്താം. അല്ല്ലെങ്കില്‍ വാള്‍മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്വന്തം കടയില്‍ മിതമായ ലാഭമെടുത്ത് വില്‍ക്കാം.  ഇന്നത്തെ ഇടത്തട്ട് കുത്തകയില്‍ നിന്ന് ഇന്ത്യന്‍ വിപണി മോചിതമാകേണ്ടതുണ്ട്.

മാത്രമല്ല ചില്ലറ വിപണിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയത് വഴി രാജ്യത്തെ കരാര്‍ കൃഷി സമ്പ്രദായത്തില്‍ പുതിയ അധ്യായം തന്നെ തുറക്കപ്പെടും.  ഇത് കാര്‍ഷികരംഗത്തെ ഉല്പാദനശക്തികളെ കെട്ടഴിച്ചു വിടുന്നതിന് തുല്യമാണ്. വിദൂരങ്ങളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കുക മാത്രമല്ല വാള്‍മാര്‍ട്ട് ചെയ്യുക. സമീപപ്രദേശങ്ങളില്‍ കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കും. അപ്പോള്‍ ഒരേ സമയം കര്‍ഷകന് ഇന്നത്തേതില്‍ നിന്ന് കൂടുതല്‍ വില കിട്ടുകയും ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുകയും ചെയ്യും. സപ്ലൈ ചെയിനിലെ ഇടത്തട്ടുകാര്‍ ഇല്ലാതാകുന്നത്കൊണ്ടാണ് ഇത് സാധ്യമാകുന്നത്. സംഭരണസംവിധാനം വരുന്നതോടെ പഴങ്ങളും പച്ചക്കറികളും പാലുല്പന്നങ്ങളും ഒക്കെ  കേടായി നശിക്കുന്നതും ഒഴിവാകും. കേടായി നശിക്കുന്നതിന്റെ നഷ്ടം ആത്യന്തികമായി ഉപഭോക്താവിന്റെ ചുമലിലാണ് പതിക്കുന്നത്.

ഇംഗ്ലണ്ടില്‍ എല്ലാ കര്‍ഷകരും കരാര്‍കൃഷിയാണ് പിന്തുടരുന്നത്. ഈ സമ്പ്രദായം അവരുടെ സാമ്പത്തികസ്ഥിതി വലിയ തോതില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ചില്ലറവിപണിയില്‍ വിദേശനിക്ഷേപം വരുന്നതോടെ കൃഷി വീണ്ടും ലാഭകരമായി മാറും എന്ന് മാത്രമല്ല തരിശായി കിടക്കുന്ന എത്രയോ സ്ഥലം കൃഷിയിടങ്ങളായി മാറാനും സാധ്യതയുണ്ട്.

ഇത്രയും നിങ്ങള്‍ വായിച്ചെങ്കില്‍ ഇക്കാര്യത്തെ കുറിച്ച് സിമി നസ്രേത്തിന് പറയാനുള്ളത് കൂടി ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാന്‍ താല്പര്യപ്പെടുന്നു.

ഇത് കൂടി വായിക്കാം:   Why India Should Stop Fearing Walmart

ഓണ്‍‌ലൈന്‍ ഷോപ്പിങ്ങ് ശീലമാക്കുക

ഇ-കോമേഴ്സിന്റെ ഭാഗമായ ഓണ്‍‌ലൈന്‍ ഷോപ്പ് എന്ന സമ്പ്രദായം ഇപ്പോള്‍ ആളുകളുടെ വിശ്വാസ്യത ആര്‍ജ്ജിച്ചു വരുന്നുണ്ട്. EBAY , AMAZON എന്നിവപ്രശസ്തമായ വെര്‍ച്വല്‍ ഷോപ്പുകളാണ്.  മൊബൈല്‍ ഫോണുകളോ വാച്ചുകളോ മറ്റെന്ത് ഇലക്‍ട്രോണിക്ക് സാധനങ്ങളായാലും ഇപ്പോള്‍ ഓണ്‍‌ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങുന്ന ശീലം വ്യാപിച്ചുവരുന്നുണ്ട്.  നമ്മുടെ പര്‍ച്ചേസിങ്ങ് ശീലം എന്നത് കടകളിലോ അല്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റിലോ പോയി സാധനം കണ്ട് , തൊട്ടും തിരിച്ചും മറിച്ചും നോക്കിയും സെലക്റ്റ് ചെയ്യുക എന്ന ഒരു തരം പരമ്പരാഗത രീതിയാണ്.

ഇപ്പോഴൊക്കെ സാധനം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന രീതി തികച്ചും മാറിപ്പോയി.  വില പേശുക എന്ന സമ്പ്രദായം തീരെ ഇല്ലാതായി. MRP എന്നൊരു സംഗതിയുണ്ട്.  പരമാവധി വില എന്നാണ് ഉദ്ദേശിക്കുന്നതെങ്കിലും കുറച്ചു തരുമോ എന്ന് ആരും ചോദിക്കുന്നുമില്ല, കടക്കാരന്‍ ഒട്ടും കുറക്കുന്നുമില്ല.  ഫലത്തില്‍ എം‌ആര്‍‌പി എന്നത് ഇപ്പോള്‍ ഫിക്സ്ഡ് വില തന്നെയാണ്.  സാധനം ഉല്പാദിപ്പിക്കുന്നവര്‍ റീടെയില്‍ വ്യാപാരികള്‍ക്ക് പ്രോത്സാഹനമായിക്കോട്ടെ എന്ന് വെച്ച് വില്‍ക്കാവുന്ന വിലയുടെ എത്രയോ ഇരട്ടിയാണ് MRP ആയി ലേബലില്‍ കാണിക്കുന്നത്. അത്രയും തുകയ്ക്ക് തന്നെ ഉപഭോക്താവ് ഉല്പന്നം വാങ്ങേണ്ടി വരുന്നു. ഇക്കാര്യത്തില്‍ ഒരു ചോദ്യവും പറച്ചിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ല.

ഇതിന്റെയൊരു ദോഷം എന്താണെന്ന് വെച്ചാല്‍ ക്വാളിറ്റിയും വിലയും കര്‍ശനമായി പാലിക്കുന്ന ബ്രാന്റഡ് കമ്പനികളുടെ ഉല്പന്നങ്ങള്‍ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലോ ഷോപ്പിങ്ങ് മാളുകളിലോ ലഭിക്കുന്നില്ല എന്നതാണ്.  തങ്ങള്‍ക്ക് അമിത ലാഭം കൊയ്യാന്‍ കഴിയുന്ന മൂന്നാംകിട കമ്പനികളുടെ ചവറ് ഉല്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മിക്ക കടകളും.  ഒരു പ്രത്യേക കമ്പനിയുടെ സാധനങ്ങള്‍ മാത്രമേ വാങ്ങൂ എന്ന് നിഷ്കര്‍ഷയുള്ള ഒരു ഉപഭോക്താവിന് ആ  സാധനം കടകളില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. അവിടെയുള്ളത് വാങ്ങേണ്ടി വരുന്നു.

ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ വളരെ കൂടുതല്‍ ലാഭം ഈടാക്കി സ്വദേശി വ്യാപാരികള്‍ നമ്മെ കൊള്ളയടിക്കുകയാണ്.  സൂപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ്ങ് മാളുകളും അവര്‍ തന്നെ തോന്നിയ പോലെ വില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ സാധനങ്ങളില്‍ ഒട്ടിച്ച് വില്‍ക്കുന്ന സമ്പ്രദായവും ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്.  മുന്‍പൊക്കെ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍ വില കുറച്ച് , അതായത് ലാഭത്തില്‍ കുറവ് വരുത്തിയിട്ട് വില്‍ക്കുക എന്നൊരു രീതി കച്ചവടക്കാര്‍ക്കിടയെ ഉണ്ടായിരുന്നു. അത്തരമൊരു മത്സരമായിരുന്നു കമ്പോളത്തില്‍ വിലസ്ഥിരതയും വിലക്കുറവും നിലനിര്‍ത്തിയിരുന്നത്.  മാത്രമല്ല വില പേശാനും സ്വാതന്ത്ര്യമുണ്ടാ‍യിരുന്നു.  എന്തായാലും തങ്ങള്‍ക്ക് ഇത്ര ലാഭം കിട്ടുമല്ലൊ അത്കൊണ്ട് ചോദിച്ച വിലയ്ക്ക് കൊടുക്കാം എന്നൊരു മനോഭാവം വ്യാപാരികള്‍ക്ക് ഉണ്ടായിരുന്നു. ഇന്ന് വ്യാപാരികള്‍ സംഘടിതരായി. ഉപഭോക്താക്കള്‍ അസംഘടിതരും.

നമ്മുടെ വിപണി എന്നു പറയുന്നത് വ്യാപാരികള്‍ക്ക് ഉപഭോക്താക്കളെ കണ്ടമാനം കൊള്ളയടിക്കാനുള്ള ചൂഷണകേന്ദ്രങ്ങളാണ് ഇപ്പോള്‍.  സര്‍ക്കാരുകളാകട്ടെ ഇങ്ങനെയൊരു പ്രതിഭാസം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.  രാഷ്ട്രീയക്കാരാകട്ടെ വ്യാപാരികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിലക്കയറ്റത്തിന് സര്‍ക്കാരാണ് ഉത്തരവാദി എന്നാണവര്‍ പറയുന്നത്. പെട്രോളിന് ലിറ്ററിന് ചില്ലറ രൂപ വര്‍ദ്ധിപ്പിച്ചാല്‍ ഉടനെ എല്ലാ വിഭാഗം വ്യാപാരികളും തോന്നിയ പോലെ വില കയറ്റാനുള്ള പ്രചാരണം അവര്‍ തന്നെ നടത്തിക്കോളും. അങ്ങനെ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിച്ചാല്‍ ഹോട്ടല്‍കാരന്‍ പോലും ഒരു ഊണിന് രണ്ട് രൂപയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണിന്ന്. സാധനങ്ങള്‍ക്ക് ഗുണനിലവാരവും വിലനിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ പ്രാഥമികകര്‍ത്തവ്യമാണ്. പക്ഷെ ആരോട് പറയാന്‍!

പറഞ്ഞ് വന്നത് ഓണ്‍‌ലൈന്‍ ഷോപ്പിങ്ങിനെ പറ്റിയാ‍ണല്ലൊ. തുടക്കത്തില്‍ പരാമര്‍ശിച്ച ഈബേയും  ആമസോണും അന്താരാഷ്ട്ര കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍‌ലൈന്‍ ഷോപ്പ് ഏതെന്ന് ചോദിച്ചാല്‍ ഫ്ലിപ്‌കാര്‍ട്ട്  ആണെന്ന് ഇന്ന് നിസ്സംശയം പറയാന്‍ കഴിയും. ഒട്ടേറെ ഇന്ത്യന്‍ ഓണ്‍‌ലൈന്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ വിശ്വസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വസ്തുത വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്.  ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രത്യേകത , സാധനങ്ങള്‍  നമുക്ക് തെരഞ്ഞെടുക്കാനും മറ്റുള്ള കമ്പനികള്‍ വിക്കുന്ന വിലയുമായും മാര്‍ക്കറ്റിലെ വിലയുമായും താരതമ്യം ചെയ്യാനുള്ള അവസരമാണ്.  മറ്റൊരു പ്രത്യേകത സാധനങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്നതാണ്.

ഉദാഹരണമായി നമുക്കൊരു വാക്വം ക്ലീനര്‍ വേണമെന്നിരിക്കട്ടെ,  ഗൂഗിളില്‍ വാക്വം ക്ലീനര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഏതൊക്കെ കമ്പനികളുടെ വാക്വം ക്ലീനര്‍ എവിടെ കിട്ടുമെന്നും വില എത്രയെന്നും ഒക്കെയുള്ള അനേകം ലിങ്കുകള്‍ നമുക്ക് ലഭിക്കുന്നു.  ഓരോ വാ‍ക്വം ക്ലീനറും പരിശോധിച്ച് വില മനസ്സിലാക്കി അപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.  ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ അതിന്റെ വില ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖാന്തിരം നമ്മള്‍ പേ ചെയ്യേണ്ടതുണ്ട്.  അങ്ങനെ പേ ചെയ്താല്‍ നമ്മുടെ കാശ് പോകുമോ, തട്ടിപ്പായിരിക്കുമോ എന്ന് സംശയിക്കുകയോ ഭയപ്പെടുകയോ വേണ്ട. അങ്ങനെ തട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇ-കോമേഴ്സ് രംഗത്ത് നിലയുറപ്പിക്കാന്‍ കഴിയില്ല.

കടയില്‍നിന്നു നേരിട്ടു വാങ്ങുന്നതിനെ അപേക്ഷിച്ച് ആകര്‍ഷകമായ വിലക്കുറവാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറ്റൊരു നേട്ടം. 10-20 ശതമാനം വരെ വിലക്കുറവ് സാധാരണമാണ്. ഇടനിലക്കാര്‍ക്കായി കമ്മീഷന്‍ ചോര്‍ന്നു പോകാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ക്കും ലാഭം.  സാധനങ്ങള്‍ നമ്മുടെ താമസസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഷിപ്പിങ്ങ് ചാര്‍ജ്ജ് ഫ്രീയാണ്.  24 മണിക്കൂറും കസ്റ്റമര്‍ സര്‍വ്വീസും ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ര്‍നെറ്റ് ലഭ്യത ഉയര്‍ന്നതും കംപ്യൂട്ടര്‍ ഉപയോക്താക്കളുടെ എണ്ണം ഉയര്‍ന്നതും ഓണ്‍ലൈന്‍ ഷോപ്പിങ് വ്യാപനത്തിന് അനുകൂല ഘടകമാണ്. വേഗതയേറിയ ഇന്‍ര്‍നെറ്റ് ലഭ്യത ഓണ്‍‌ലൈന്‍ പര്‍ച്ചെയിസിങ്ങ്  എളുപ്പമാക്കുന്നു. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈന്‍ വ്യാപാരം ചെലവു കുറയ്ക്കുന്നു. ത്രീജി ഇന്റര്‍നെറ്റ് സൌകര്യം വര്‍ദ്ധിക്കുന്ന മുറയ്ക്ക് ഓണ്‍‌ലൈന്‍ ഷോപ്പിങ്ങിന്റെ പ്രചാരം ഇനിയും വര്‍ദ്ധിക്കുകയേയുള്ളൂ.  ലോകത്തിന്റെ ഏത് മൂലയിലുമുള്ള നിര്‍മ്മാതാവില്‍ നിന്നും നമുക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും എന്നതും , ലോകത്ത് എവിടെയും വിപണി വ്യാപിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും എന്നതും  ഇ-കോമേഴിസിന്റെ പ്രത്യേകത തന്നെ.

ഫ്ലിപ്കാര്‍ട്ടിന്റെ പ്രത്യേകത നമ്മള്‍ സാധനത്തിന് ഓര്‍ഡര്‍ നല്‍കിയാല്‍ കേഷ് ഓണ്‍ ഡലിവറി  എന്നൊരു സൌകര്യം ഉണ്ട് എന്നതാണ്.  സാധനം വീട്ടില്‍ എത്തുമ്പോള്‍ കൊറിയര്‍കാരന്റെ അടുത്ത് ബില്‍ തുക കൊടുത്താല്‍ മതി.  നമ്മുടെ വിലാസവും ഫോണ്‍ നമ്പറും കൊടുത്ത് ഓര്‍ഡര്‍ ചെയ്താല്‍ അവരുടെ ഓഫീസില്‍ നിന്ന് നമുക്ക് ഫോണ്‍ കോള്‍ വരും. ഓര്‍ഡര്‍ കണ്‍ഫോം ചെയ്യാനാണത്.  പുസ്തകങ്ങള്‍ മുതല്‍  അടുക്കള ഉപകരണങ്ങള്‍ വരെ ഇങ്ങനെ ഓര്‍ഡര്‍ ചെയ്യാം.

IIT  ബിരുദധാരികളായ രണ്ട് ചെറുപ്പക്കാരാണ് ബാംഗ്ലൂരില്‍ ഫ്ലിപ്കാര്‍ട്ട് തുടങ്ങിയത്.  തുടക്കത്തില്‍ പുസ്തകങ്ങളാണ് അവര്‍ ഓണ്‍‌ലൈനില്‍ കൂടി വിതരണം ചെയ്തത്.  അവരെ പറ്റി കൂടുതലായി മനസ്സിലാക്കാന്‍ ഇവിടെ  വായിക്കുക.  കച്ചവട രീതികളും സങ്കേതങ്ങളും ശീലങ്ങളും ഒക്കെ ഇപ്പോള്‍ പല രീതിയിലും  പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്.  അക്കൂട്ടത്തില്‍ കുറെക്കൂടി എളുപ്പവും വിശ്വസനീയവുമായ ഒരു സങ്കേതമാണ് ഓണ്‍‌ലൈന്‍ ഷോപ്പിങ്ങ് എന്ന് പറയാനാണ് ഇത് ഞാന്‍ എഴുതുന്നത്.

എം എല്‍ എം അഥവാ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് എന്നൊരു സമ്പ്രദായം നിലവിലുണ്ട്. ആംവേ ഉദാഹരണം. ആംവേയെ പിന്‍‌പറ്റി എത്രയോ മള്‍ട്ടിലവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും തട്ടിപ്പ് നടത്തുന്നുണ്ട്. ശുദ്ധഗതിക്കാരായ ആളുകളെ വിശ്വസിപ്പിച്ചും കബളിപ്പിച്ചും അവരുടെ കീശയിലെ പണം തട്ടിപ്പറിക്കുകയാണ് എം‌എല്‍‌എം‌കാര്‍ ചെയ്യുന്നത്.  എളുപ്പത്തില്‍ പണം സമ്പാദിക്കാം എന്ന വ്യാമോഹവും പ്രലോഭനങ്ങളുമാണ് ആളുകള്‍ മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ്ങ് തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ കാരണം.  ജീവിതത്തിന്റെ ഉദ്ദേശ്യമോ ലക്ഷ്യമോ പണം സമ്പാദിക്കലല്ല. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കുകയാണ് വേണ്ടത്.  അതിന് പണം വേണം എന്നത് നേരാണ്. പക്ഷെ ആ പണം നേരായ മാര്‍ഗ്ഗത്തില്‍ കൂടി മാത്രമേ സമ്പാദിക്കാനും ചെലവാക്കാനും പാടുള്ളൂ.

മുല്ലപെരിയാര്‍ പരിഹാരം എന്ത് ?

 mperiyarഇമേജില്‍ ക്ലിക്ക് ചെയ്ത് കാണുക.
മുല്ലപെരിയാര്‍ പ്രശ്നത്തില്‍ വീണ്ടും ഒച്ചപ്പാടും ബഹളങ്ങളും തുടങ്ങിയിരിക്കുന്നു. ഇന്നലെ രാത്രിയില്‍ ഇടുക്കിയില്‍ ഭൂചലനമുണ്ടായി എന്ന് ചാനലുകള്‍ വാര്‍ത്ത നല്‍കുന്നു. സര്‍വ്വകക്ഷിയോഗം ചേരുന്നു.  മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കാണുന്നു. കോടതിയില്‍ ഉള്ള പ്രശ്നമായതിനാല്‍ കേന്ദ്രസര്‍ക്കാരിന് പെട്ടെന്ന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന്  കേന്ദ്രമന്ത്രി പറയുന്നു.  പ്രശ്നം കോടതിക്ക് പുറത്ത് വെച്ച് പരിഹരിച്ച് പുതിയ അണക്കെട്ട് കെട്ടണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെടുന്നു. ബൂലോഗം ആക്റ്റിവിസ്റ്റുകളും ക്യാന്‍ഡല്‍ വിജില്‍ ക്യാ‍മ്പയിന്‍ നടത്തുന്നു. ഇതൊക്കെ കുറെ കാലമായി നടന്നുവരുന്നതിന്റെ തനിയാവര്‍ത്തനമല്ലെ. പ്രശ്നപരിഹാരത്തിന്റെ അടുത്തെങ്കിലും നമ്മള്‍ ഇപ്പോഴും എത്തിയോ?  അണക്കെട്ടില്‍ വിള്ളല്‍ ഉണ്ട് എന്നും ഇന്നലെയും ഇടുക്കിയില്‍ ഭൂചലനമുണ്ടായി എന്നും പറയുമ്പോള്‍ , പുതിയ അണക്കെട്ട് എന്ന ആവശ്യം ഉയര്‍ത്തി പ്രക്ഷോഭത്തിലും പ്രതിഷേധത്തിലും ഇറങ്ങുമ്പോള്‍ പ്രശ്നപരിഹാ‍രവുമായി നാം ഇപ്പോഴും എത്ര അകലെയാണെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

കാരണം , പുതിയ അണക്കെട്ട് കെട്ടുക എന്നത് തീരുമാനിക്കാനും കുറെ കടമ്പകളുണ്ട്. അതൊക്കെ കടന്ന് അണക്കെട്ട് കെട്ടാന്‍ തീരുമാനിച്ചാലും അതിന്റെ പണി പൂര്‍ത്തിയാകാന്‍ ഇന്നത്തെ നിലയില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതലാകും. ആസന്നമായി എന്ന് നമ്മള്‍ ഭയപ്പെടുന്ന അപകടം അത് വരെ കാത്തിരിക്കുമോ? പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പദ്ധതി തുടങ്ങാന്‍ വേണ്ടി രണ്ട് സംസ്ഥാനങ്ങളും കൂടി ഒരു സമവായത്തില്‍ എത്താനുള്ള ലക്ഷണം പോലും ഇതെഴുതുമ്പോള്‍ കാണാനില്ല. യാഥാര്‍ഥ്യം ഇങ്ങനെയായിരിക്കെ ഇപ്പോഴും പുതിയ അണക്കെട്ട് എന്ന് നമ്മള്‍ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതിയോ? അടിയന്തിരമായി എന്തൊക്കെയാണ് മുന്‍ഗണനാക്രമത്തില്‍ ചെയ്യേണ്ടത് എന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആലോചനകളോ നടക്കുന്നുണ്ടോ?

അപകടം എന്നത് ക്ഷണിച്ചിട്ട് വരുന്നതല്ലല്ലൊ. പുതിയ അണക്കെട്ട് തന്നെ പോംവഴി എന്ന് തീര്‍ച്ചപ്പെടുത്തിയാല്‍ അത് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അവിടത്തെ ജനങ്ങളെ അഞ്ച് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ മാറ്റി താമസിക്കുകയോ പുനരധിവസിപ്പിക്കുകയോ അല്ലേ ആദ്യമായി ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ പുതിയ അണക്കെട്ട് കെട്ടിയേ മതിയാവൂ എന്നൊരു നിര്‍ബ്ബന്ധവും സമ്മര്‍ദ്ധവും എല്ലാവര്‍ക്കും ഉണ്ടാവുമല്ലൊ.  ഇങ്ങനെയൊന്നും ആരും ചിന്തിക്കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ഈ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമെല്ലാം പതിവ്കലാപരിപാടികളും ആഘോഷങ്ങളുമായി ആവര്‍ത്തിക്കുകയേയുള്ളൂ.

യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരാതെ കാലാകാലങ്ങളില്‍ നിലനില്‍ക്കേണ്ടത് തമിഴ്നാടിന്റെ ആവശ്യമാണ്. എന്തെന്നാല്‍ തമിഴ്നാട്ടില്‍ നാലോളം ജില്ലകളില്‍ കൃഷി നടക്കണമെങ്കില്‍ അണക്കെട്ട് ഭദ്രമായിരിക്കുകയും 152 അടിയെങ്കിലും ജലനിരപ്പ് താങ്ങാനുള്ള ശേഷി അതിനുണ്ടാവുകയും വേണം.  ആ അണക്കെട്ട് നിര്‍മ്മിക്കപ്പെടുന്നതിന് മുന്‍പ് പശ്ചിമഘട്ട പര്‍വ്വതനിരകളുടെ ഇപ്പുറത്ത് പെരിയാര്‍ നദിയില്‍ നിന്ന് വെള്ളപ്പൊക്കവും അപ്പുറത്ത് തമിഴ്നാടിന്റെ നാലഞ്ച് ജില്ലകളില്‍ വരള്‍ച്ചയുമായിരുന്നു അവസ്ഥ. അന്നത്തെ തിരുവിതാകൂര്‍ രാജ്യത്തുള്ള പെരിയാര്‍ നദിക്ക് കുറുകെ അണകെട്ടി അതിലെ വെള്ളം മലതുരന്നു മദ്രാസ് പ്രവിശ്യയിലെ മുല്ലയാര്‍ നദിയിലേക്ക് ഒഴുക്കിയാല്‍ അവിടത്തെ വരള്‍ച്ചയ്ക്ക് പരിഹാരമാവുമെന്ന് കണ്ടെത്തിയത് വെള്ളക്കാരനായിരുന്നു. ആദ്യമൊന്നും തിരുവിതാംകൂര്‍ രാജാവ് സമ്മതിച്ചില്ല. പിന്നെ സമ്മര്‍ദ്ധം കൂടിയപ്പോള്‍ രാജാവ് വഴങ്ങി. അങ്ങനെയാണ് മുല്ലയാറും പെരിയാ‍റും ഇണയുന്ന മുല്ലപെരിയാര്‍ അണക്കെട്ട് യാഥാര്‍ഥ്യമാവുന്നത്. അന്നത്തെ ടെക്‍നോളജി വെച്ച് വെള്ളക്കാരാണ് അത് നിര്‍മ്മിച്ചത്.


anicut    ഇമേജില്‍ ക്ലിക്ക് ചെയ്ത് കാണുക.
ഇന്ത്യയിലെ ആദ്യത്തേതും ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്നതില്‍ ഒന്നുമായ അണക്കെട്ട് തമിഴ്നാട്ടിലാണുള്ളത്. തഞ്ചാവൂരില്‍ കാവേരി നദിക്ക് കുറുകെ കരികാല ചോളന്‍ എന്ന രാജാവ് ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കല്ലണയാണത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ അത് പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് (Grand Anicut)എന്ന് പേരു നല്‍കി. ആ അണക്കെട്ട് കേട് കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അണക്കെട്ടിന്റെ ആ‍യുസ്സ് പ്രവചിക്കുന്നവര്‍ക്ക് ഈ അണക്കെട്ട് ഒരു പാഠമാണ്.  ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുനരുദ്ധരിച്ച ഒരണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ , മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണോ അതോ പുനരുദ്ധരിച്ചാല്‍ മതിയോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരായിരുന്നു.  എന്നാല്‍ ആളുകള്‍ക്ക് ഇപ്പോള്‍ അതാത് മേഖലയില്‍ വിദഗ്ദ്ധരായ ആള്‍ക്കാരെ വിശ്വാസമില്ലല്ലൊ. അതാണ് കൂടംകുളത്ത് കാണുന്നത്.

മുല്ലപെരിയാര്‍ പ്രശ്നം ആരംഭിച്ചപ്പോള്‍ തന്നെ അതൊരു തമിഴ്-മലയാളി പ്രശ്നമായാണ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ ഒരു പ്രശ്നമായി എല്ല്ലാവരും കണ്ടിരുന്നുവെങ്കില്‍ ഇത് എത്രയോ മുന്‍പേ പരിഹരിക്കപ്പെട്ടിരിക്കും. ഏത് പ്രശ്നം വന്നാലും അത് ഭരിക്കുന്ന സര്‍ക്കാരിനെ അടിക്കാന്‍ ഭരിക്കാത്ത പാര്‍ട്ടിക്കാര്‍ വടിയായി ഉപയോഗപ്പെടുത്തുന്നതാണ് നമ്മുടെ ശാപവും പ്രശ്നങ്ങള്‍ തീരാതിരിക്കാനുള്ള കാരണവും.  രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ പേടിക്കേണ്ടി വരുന്നു. ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ പ്രചാരണത്തില്‍ പെട്ട് തങ്ങള്‍ക്ക് വോട്ട് കുറഞ്ഞുപോകുമോ എന്നാണ് ഭരിക്കുന്ന പാര്‍ട്ടിക്കാരന്റെ പേടി. പ്രശ്നം എന്തോ ആയിക്കോട്ടെ, അത് എന്തായാല്‍ നമുക്കെന്താണ്, ഭരിക്കുന്ന പാര്‍ട്ടിക്കാരന് കിട്ടുന്ന വോട്ടില്‍ നിന്ന് തങ്ങള്‍ക്കെന്തെങ്കിലും കിട്ടുമോ എന്നാണ് ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ നോട്ടം.  ഇങ്ങനെയുള്ള രാഷ്ട്രീയാഭ്യാസം നടത്തുന്ന എല്ലാ നേതാക്കള്‍ക്കും അവരെ സംരക്ഷിക്കാന്‍ അണികളുമുണ്ട്.  അത്കൊണ്ട് ഒരു രാഷ്ട്രീയക്കാരനും ഇച്ഛാശക്തിയോടുകൂടി എന്തെങ്കിലും തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. പിന്നെങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും? രാജ്യം മുന്നോട്ട് പോകും?

(ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന്, അജ്ഞാത ഫോട്ടോഗ്രാഫര്‍ക്ക് നന്ദി;കടപ്പാട്)

(ഇത് കൂടി വായിച്ചോളൂ )

പി.രാമകൃഷ്ണന് ഒരു തുറന്ന കത്ത്


ണ്ണൂര്‍ ഡി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ച ശ്രീ.പി.രാമകൃഷ്ണന്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. ആ വിവരം പത്രദ്വാര ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. സത്യം ധീരമായി എന്നാണ് ബ്ലോഗിന്റെ ടൈറ്റില്‍. അവിടെ ഒരു പോസ്റ്റ് ഇതിനകം പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എത്താം.  ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു കമന്റ് അവിടെ എഴുതാമെന്ന് തോന്നി. ടൈപ്പ് ചെയ്ത് വന്നപ്പോള്‍ അത് നീണ്ടുപോയി. വീടിനേക്കാളും വലിയ പടിപ്പുര എന്ന അവസ്ഥ. അത്കൊണ്ട് അദ്ദേഹത്തോട് പറയാനുള്ളത് ഒരു തുറന്ന കത്തായി ഇവിടെ പബ്ലിഷ് ചെയ്ത് ഇതിന്റെ ലിങ്ക് അവിടെ കമന്റ് ബോക്സില്‍ നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. കത്തിലേക്ക് :

സുഹൃത്തെ,

താങ്കള്‍ എന്ത് വിചാരിച്ചാലും എഴുതിയാലും സാധാരണക്കാര്‍ ഓര്‍മ്മിക്കുന്ന ഒരു കാര്യമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിര്‍ഭയം പോരാടിയത് ഒരു കാലത്ത് എന്‍.രാമകൃഷ്ണനും പിന്നീട് കെ.സുധാകരനുമാണ് എന്നതാണത്. ഡി.സി.സി. പ്രസിഡണ്ടിന്റെ കസേരയില്‍ പലരും ഇരുന്നിട്ടുണ്ടാവാം, പക്ഷെ മാര്‍ക്സിസ്റ്റ് അക്രമണരാഷ്ട്രീയത്തെയും ജനാധിപത്യധ്വംസന പ്രവണതകളെയും പ്രതിരോധിക്കാന്‍ ഉര്‍ജ്വസ്വലമായി ആര് മുന്നില്‍ നിന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഈ രണ്ട് പേരെയും മാത്രമേ എല്ലാവരുടെയും മനസ്സില്‍ ഉയര്‍ന്നു വരികയുള്ളൂ എന്നതാണ് സത്യം.

താങ്കള്‍ നല്ല ആദര്‍ശശാലിയായിരിക്കാം എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അണികള്‍ ആഗ്രഹിക്കുന്നത് മാര്‍ക്സിസ്റ്റുകാരില്‍ നിന്നുള്ള സംരക്ഷണമായിരുന്നു. ഗുണ്ടാനേതാവ് എന്ന് സുധാകരനെ ആക്ഷേപിക്കുമ്പോള്‍ അത് സി.പി.എം.കാരന്റെ ഗീബല്‍‌സിയന്‍ പ്രചരണത്തെ താങ്കള്‍ അനുകൂലിക്കുകയാണ് ചെയ്യുന്നത്. സുധാകരന്റെ കൂടെ ഗുണ്ടകള്‍ അഥവാ ഉണ്ടെങ്കില്‍ തന്നെ അത് സി.പി.എം. അക്രമത്തെ പ്രതിരോധിക്കാനാണെന്ന് മനസ്സിലാവുന്നില്ലേ?

ഗാന്ധിസം നല്ല ആദര്‍ശം തന്നെ. എന്നാല്‍ കുത്താന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലല്ലൊ. സി.പി.എം. അക്രമത്തെ പ്രതിരോധിക്കാന്‍ ചിലപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടതുണ്ടായിരുന്നു. ഇന്ന് കണ്ണൂര്‍ ജില്ല അക്ഷരാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ സര്‍വ്വാധിപത്യത്തില്‍ നിന്ന് മോചിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ എന്‍. രാമകൃഷ്ണനും കെ.സുധാകരനുമാണെന്ന് സ്വന്തം ഈഗോ മാറ്റി വെച്ച് ആലോചിച്ചാല്‍ മനസ്സിലാ‍വും.

സുധാകരന്റെ രാഷ്ട്രീയം ഗുണ്ടായിസം എന്ന് പറയുമ്പോള്‍ സി.പി.എമ്മിന് എതിരാളികളെ വക വരുത്താന്‍ എല്ലാ ലോക്കല്‍ കമ്മറ്റികളിലും തെരഞ്ഞെടുക്കപ്പെട്ട കേഡര്‍മാരുണ്ടെന്ന് താങ്കള്‍ക്കറിയാത്തതാണോ? അന്ന് കൂത്തുപറമ്പില്‍ സംഘടിച്ചത് ഇങ്ങനെ ജില്ലയിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കേഡര്‍മാരായിരുന്നു എന്നതും ശരിയല്ലേ? അന്ന് എം.വി.ആര്‍ കൂത്തുപറമ്പില്‍ പോയത് എങ്ങനെ തെറ്റാവും? സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ഒരു രാജ്യമല്ലേ ഇത്? കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിക്ക് നാട്ടില്‍ സഞ്ചരിക്കേണ്ടേ? ഒരു വിഭാഗം മന്ത്രിയെ വഴി തടയുന്നു എന്ന് വെച്ച് മന്ത്രി പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടേ? വേണ്ടെങ്കില്‍ പിന്നെ നമുക്ക് എന്തിനാണ് ഈ സ്വാതന്ത്ര്യം?  എന്തിനായിരുന്നു ആ വഴി തടയല്‍? മന്ത്രിയുടെ എന്തെങ്കിലും അഴിമതിയോ പെരുമാറ്റദൂഷ്യമോ കൊണ്ടായിരുന്നോ?

എം.വി.രാഘവന്‍ കൂത്തുപറമ്പില്‍ പോയത്കൊണ്ടാണ് കുഴപ്പമുണ്ടായത് എന്നും കെ.സുധാകരനാണ് അവിടെ പോകാന്‍ നിര്‍ബ്ബന്ധിച്ചത് എന്നും പറയുമ്പോള്‍ അപരാധം രാഘവന്റെയും സുധാ‍കരന്റെയും മേല്‍ ആരോപിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ , ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയെ വക വരുത്താന്‍ ജില്ലയുടെ നാനാ ഭാഗത്ത് നിന്നും ക്രിമിനലുകള്‍ സംഘടിച്ചതല്ലെ അപരാധം? അപ്രകാരം ക്രിമിനലുകള്‍ അന്ന് അവിടെ സംഘടിച്ചിരുന്നു എന്ന് താങ്കളും ചാനല്‍ അഭിമുഖത്തില്‍ സമ്മതിച്ചത് കണ്ടല്ലൊ.

മന്ത്രി അവിടെ പോകാതിരുന്നാല്‍ കുഴപ്പം ഉണ്ടാകില്ലായിരുന്നു എന്നൊരു വാദം അന്നും ഇന്നും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ക്രിമിനലുകളെ ഭയന്ന് പോകാതിരുന്നാല്‍ അത് രാഷ്ട്രീയ ക്രിമിനലസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമല്ലേ? ആത്മാഭിമാനമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന് അങ്ങനെ പോകാതിരിക്കാന്‍ പറ്റുമോ? ഒരു കാലത്ത് ജീവനില്‍ ഭയമില്ലാതെ എന്‍.രാമകൃഷ്ണന്‍ പെരളശ്ശേരി പോലുള്ള സ്ഥലങ്ങളില്‍ ഇത് പോലെ നിര്‍ഭയം സഞ്ചരിച്ചത്കൊണ്ടാണ് ജില്ലയില്‍ കോണ്‍ഗ്രസ്സിന് വേരുകള്‍ ഉണ്ടായത് എന്ന ചരിത്രം താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ.

പാമ്പന്‍ മാധവന്‍ ആയിരുന്നല്ലോ ഒരു കാലത്ത് ജില്ലയില്‍ കോണ്‍ഗ്രസ്സ് നേതാവ്. എന്നാല്‍ പാമ്പന്‍ മാധവന്റെ നേതൃത്വത്തില്‍ അന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് ജില്ലയിലെ എത്രയോ പ്രദേശങ്ങള്‍ ബാലികേറാമലയായിരുന്നു.  പാമ്പന്‍ മാധവന്റെ ഗാന്ധിസവും ആദര്‍ശവും അല്ല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തത്, മറിച്ച് എന്‍.രാമകൃഷ്ണന്റെ പ്രതിരോധത്തില്‍ ഊന്നിയുള്ള രാഷ്ട്രീയപ്രവര്‍ത്തനശൈലിയായിരുന്നു. അതേ ശൈലി പിന്തുടരുന്നത്കൊണ്ടാണ് കെ.സുധാകരന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്കും എന്നെ പോലെയുള്ള മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്കും അഭിമതനും സ്വീകാര്യനുമാവുന്നത് എന്ന് താങ്കള്‍ മനസ്സിലാക്കണം.

താങ്കള്‍ ഡി.സി.സി.പ്രസിഡണ്ട് ആയിരിക്കുമ്പോഴാണല്ലൊ കെ.സുധാകരന്‍ പാപ്പിനിശ്ശേരിയിലെ കണ്ടല്‍‌പാര്‍ക്ക് സംരംഭത്തെ എതിര്‍ത്ത് തോല്‍പ്പിച്ചത്. വളപട്ടണം പുഴയുടെ തീരത്ത് വിശാലമായി സ്ഥലം കയ്യേറി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ചില സി.പി.എം. നേതാക്കളുടെ സ്വപ്നപദ്ധതിയായിരുന്നു അത്. നിയമവിരുദ്ധമായ ആ പ്രൊജക്റ്റ് പൊളിച്ചടുക്കിയത് കെ.സുധാകരന്റെ ഇടപെടല്‍ ഒന്ന്കൊണ്ട് മാത്രമായിരുന്നു. അപ്പോള്‍ തന്നെയായിരുന്നു കണ്ണൂര്‍ തെക്കി ബസാറില്‍ കള്ള്ഷാപ്പ് സമരവും നടന്നത്.

ഡി.സി.സി. പ്രസിഡണ്ടിന്റെ കസേരയില്‍ ആര്‍ ഇരിക്കുന്നു എന്നല്ല ആളുകള്‍ നോക്കുക. ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ്.  കഴിവുകള്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. സുധാകരന്റെ കഴിവ് സുധാകരന് മാത്രം. ആ കഴിവ് ജില്ലയിലെ കോണ്‍ഗ്രസ്സ്കാര്‍ക്ക് സ്വയരക്ഷയ്ക്ക് വേണം. താങ്കള്‍ക്കും താങ്കളുടെ കഴിവ് ഉണ്ടാകാം. ആ കഴിവ് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് നല്‍കുകയാണ് താങ്കള്‍ ചെയ്യേണ്ടത്. അല്ലാതെ കെ.സുധാകരനെതിരെ നിഴല്‍ യുദ്ധം നടത്തിയാല്‍ അത്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പോലും പ്രയോജനമുണ്ടാവില്ല.

മറ്റൊന്ന് കൂടി താങ്കളടക്കമുള്ള എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്,  ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസ്സ് നേതാക്കളുടെ സ്റ്റൈലും ഇസ്തിരി ചുളിയാത്ത ഖദര്‍ കുപ്പായവും കണ്ടിട്ടല്ല. മാര്‍ക്സിസ്റ്റുകാരുടെ അക്രമരാഷ്ട്രീയത്തോട് വെറുപ്പ് ഉള്ളത്കൊണ്ടാണ്. ജനങ്ങള്‍ക്ക് സ്വൈര്യവും സമാധാനവും പൊതുജീവിതത്തില്‍ നേരും നെറിയുമാണ് വേണ്ടത്.  മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കി, അക്രമരാഷ്ട്രീയവും കുതന്ത്രങ്ങളും ധാര്‍ഷ്ട്യം കലര്‍ന്ന ശരീരഭാഷയും ഒക്കെ ഒഴിവാക്കി ജനാധിപത്യസംസ്കാരം സ്വായത്തമാക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊടി പോലും കാണില്ല്ലായിരുന്നു.

അവര്‍ക്ക് എന്തായാലും ഇനി മാറ്റം വരുത്താനൊന്നും കഴിയില്ല. രാഷ്ട്രീയത്തില്‍ മൊത്തം വന്ന ജീര്‍ണ്ണത അവരെയാണ് കൂടുതല്‍ ബാധിച്ചത്. നിലവില്‍ , പാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്ന ബിസിനസ്സുകളുടെ പുറത്താണ് അവരുടെ ഇന്നത്തെ നിലനില്‍പ്പ്. കറ കളഞ്ഞ ജനകീയരാഷ്ട്രീയപ്രവര്‍ത്തനമൊന്നും ഇനിയവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. എനിക്കെന്ത് കിട്ടും എന്ന് നോക്കി തന്നെയാണ് ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തകന്മാര്‍ കടന്നുവരുന്നത്. അത്കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ്സ് പോലുള്ള ജനാധിപത്യ പാര്‍ട്ടികള്‍ ആവശ്യമുണ്ട്. സംഘടനാതെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ബൂത്ത് തലം തൊട്ട് ശക്തിപ്പെടുത്തുമോ എന്നത് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരമായ കാര്യമാണ്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല.

എനിക്ക് താങ്കളോട് പറയാനുള്ളത് കെ.സുധാകരനോട് നിഴല്‍ യുദ്ധം നടത്താന്‍ താങ്കളുടെ ഊര്‍ജ്ജം ദുര്‍വിനിയോഗം ചെയ്യാതിരിക്കൂ എന്നാണ്. ഗ്രൂപ്പ് രാഷ്ട്രീയം എന്നത് യാഥാര്‍ഥ്യമായതിനാലും ഓരോരുത്തര്‍ക്കും തങ്ങളുടെ വ്യക്തിത്വവും കാഴ്ചപ്പാടുകളും ശീലങ്ങളും ഒന്നും മാറ്റാന്‍ കഴിയില്ല എന്നതിനാലും താങ്കള്‍ സുധാകരന്റെ ഒപ്പം കൂടണം എന്നില്ല. അതേ സമയം കെ.സുധാകരന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിലൂടെ ജില്ലയിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് താങ്കളിലുള്ള വിശ്വാസം കുറഞ്ഞുവരികയേയുള്ളൂ എന്ന് മനസ്സിലാക്കി സുധാകരവിരോധം ഒഴിവാക്കി പാര്‍ട്ടിക്ക് വേണ്ടി തന്നാലായത് പ്രവര്‍ത്തിക്കൂ എന്നും അഭ്യര്‍ഥിക്കുകയാണ്. സുധാകരന്‍ എന്ന വ്യക്തിയല്ല ഇവിടെ പ്രശ്നം. അദ്ദേഹം ഒരു പ്രതീകമാണ്.

അഭിവാദനങ്ങളോടെ,
കെ.പി.എസ്.


പിന്‍‌മൊഴി :  ഇന്ത്യാരാജ്യത്ത് ആരുടെയെങ്കിലും വഴി തടഞ്ഞ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് പൌരന്മാരുടെ മൌലികാവശങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും അത്കൊണ്ട് തന്നെ അത് ക്രിമിനലിസമാണെന്നും ഞാന്‍ കരുതുന്നു. 

( പാമ്പന്‍ മാധവന്റെ ഫോട്ടോ കടപ്പാട് : കെ.പി.മനോഹരന്‍, അലവില്‍)

കൂടംകുളം സമരക്കാരും 50 ചോദ്യങ്ങളും,

കാര്യമായിട്ടിന്നുമില്ല, കൂടംകുളം സമരത്തെ പറ്റി ഒരു ലഘു പ്രഭാ‍ഷണമാണ്.  കേള്‍ക്കുമല്ലോ ..


അണുശക്തി ; സത്യവും മിഥ്യയും

ണവവൈദ്യുത നിലയങ്ങളെ പറ്റി വളരെ തെറ്റിദ്ധാരണാജനകങ്ങളായ വിവരങ്ങളാണ് പ്രചരിപ്പിച്ചു വരുന്നത്.  എന്നാല്‍ വാസ്തവം എന്താണ്? ഒരു പാര്‍ശ്വഫലവും ഇല്ലാത്ത ക്ലീന്‍ എനര്‍ജിയാണ് ആണവവൈദ്യുതി.  ആണവവൈദ്യുത നിലയങ്ങളില്‍ നിന്ന് ഒരു തുള്ളി പുകയോ മറ്റ് രാസപദാര്‍ത്ഥങ്ങളോ പുറത്തേക്ക് പോകുന്നില്ല. അതേ സമയം കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളില്‍ നിന്ന് വന്‍ തോതില്‍ കാര്‍ബണ്‍ ഡൈ‌ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് വ്യാപിച്ച് ആഗോളതാപനത്തിന് ആക്കം കൂട്ടുന്നത് കൂടാതെ മറ്റ് പല രാ‍സപദാര്‍ത്ഥങ്ങളും ഉപോല്പന്നങ്ങളായി ബഹിര്‍ഗ്ഗമിച്ച് പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നുണ്ട്.

ആണവ നിലയങ്ങളെ പറ്റി ആകെ പറയുന്നത് ആണവവേസ്റ്റില്‍ നിന്ന് റേഡിയേഷന്‍ ഉണ്ടാകുമെന്നും അത് ആളുകളെ കൊന്നൊടുക്കുമെന്നുമാണ്. എന്നാല്‍ ആണവറിയാക്ടറുകളില്‍ ബാക്കി വരുന്ന ഇന്ധനം ഭൂമിക്കടിയില്‍ കോണ്‍ഗ്രീറ്റ് അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ് ചെയ്ത് വരുന്നത്.  ഇങ്ങനെ ഭൂമിക്കടിയില്‍ സൂക്ഷിക്കുന്ന സ്പെന്റ് ഫ്യൂവല്‍ എന്ന് പറയുന്ന വേസ്റ്റ് റേഡിയേഷന്‍ ഉണ്ടാക്കും എന്നു പറയുന്നത് മിഥ്യയാണ്. അങ്ങനെ ഉണ്ടായതായി എവിടെയും അറിവില്ല.  കൂടംകുളത്ത് ഭൂമിക്കടിയില്‍ 20 അടി താഴ്ചയില്‍ 1½ മീറ്റര്‍ ഘനമുള്ള കോണ്‍ഗ്രീറ്റ് ഭിത്തിക്കുള്ളിലാണ് ആണവവേസ്റ്റ് സൂക്ഷിക്കുക.

ആണവ വേസ്റ്റ് എന്ന് പറഞ്ഞാല്‍ യൂറേനിയം235 എന്ന മൂലകം ഊര്‍ജ്ജമായി മാറി ശേഷിക്കുന്ന മൂലകങ്ങളാണ്. അതിലും യൂറേനിയം ഉണ്ടാകും. കൂടാതെ പ്ലൂട്ടോണിയവും മറ്റ് മൂലകങ്ങളും ഉണ്ടാവും. ഈ ശേഷിക്കുന്ന വേസ്റ്റ് തോറിയവും ചേര്‍ത്ത് റീസൈക്കിള്‍ ചെയ്ത് വീണ്ടും  ഇന്ധനമായി ഉപയോഗിക്കുക എന്നതാണ് ഇന്ത്യയുടെ പദ്ധതി. അതിനുള്ള സാങ്കേതികവിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവിടെ നമുക്ക് സുലഭമായി തോറിയം ഉണ്ട്. ലോകത്ത് ആകെയുള്ള തോറിയം നിക്ഷേപത്തിന്റെ മൂന്നില്‍ ഒന്ന് ഇന്ത്യയിലാണ്.  നമ്മൂടെ ആണവവൈദ്യുതപ്ലാന്റുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് യൂറേനിയം ഇറക്കുമതി ചെയ്യേണ്ടി വരില്ല. അത്കൊണ്ടാണ് , ആണവക്കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന യുറേനിയം റീസൈക്കിള്‍ ചെയ്യാന്‍ പാടില്ല എന്ന് അമേരിക്ക ശാഠ്യം പിടിച്ചത്.  കുറെക്കാലമായി ഇന്ത്യയ്ക്ക് ആണവ ഉപരോധം നേരിടേണ്ടി വന്നപ്പോഴാണ് നാം ഈ സാങ്കേതികവിദ്യ സ്വയം ആര്‍ജ്ജിച്ചത്. അങ്ങനെ വരുമ്പോള്‍ ആണവവേസ്റ്റിന്റെ 75% വും വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. മറ്റൊരു ഇന്ധനവും ഇപ്രകാരം റിന്യൂ  ചെയ്യാന്‍ കഴിയില്ല.

താപവൈദ്യുതി കൊണ്ട് മാത്രം നാം ഉദ്ദേശിക്കുന്ന സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയില്ല. 12ആം പദ്ധതിയില്‍ (by 2017) 70,000 മെഗാവാട്ട് വൈദ്യുതി അധികം ഉല്പാദിപ്പിക്കണം എന്നാണ് നമ്മുടെ ടാര്‍ജറ്റ്. അത് 2022 ആകുമ്പോഴേക്കും 75,000 - 80,000 മെഗാവാട്ട് പിന്നെയും ഉല്പാദനവര്‍ദ്ധനവ് ഉണ്ടാക്കണം. കാരണം വളര്‍ച്ച എന്നത് വൈദ്യുതിയുടെ ലഭ്യതയെ ആശ്രയിച്ചാണ് എന്ന് പറയേണ്ടതില്ലല്ലൊ. ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൌകര്യങ്ങളും കൂട്ടണമല്ലൊ. ചുരുക്കി പറഞ്ഞാല്‍ അടുത്ത ഒരു ദശകത്തില്‍ വര്‍ഷം തോറും 15,000 മെഗാവാട്ട് വൈദ്യുതി വീതം നാം അധികം ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഇത് എങ്ങനെ സാധിക്കും? താപനിലയങ്ങള്‍ കൊണ്ട് കഴിയുമോ? നമുടെ കല്‍ക്കരി നിക്ഷേപം കുറഞ്ഞുവരുന്നു എന്ന് ഓര്‍ക്കുക. സൌരോര്‍ജ്ജവും കാറ്റാടികളും ഒക്കെ പറയാമെങ്കിലും പ്രായോഗികമായി ഒരിക്കലും കഴിയാത്ത കാര്യമാണത്.  ഇവിടെയാണ് ആണവക്കരാറിന്റെയും ആണവവൈദ്യുതിനിലയങ്ങളുടെയും നമ്മുടെ ആണവഗവേഷണങ്ങളുടെയും പ്രസക്തി.

ഇനി ആണവവൈദ്യുത പദ്ധതികളുടെ ചെലവ് നോക്കാം. ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവനിലയങ്ങള്‍ക്ക് 12 കോടി രൂപയും താപനിലയങ്ങള്‍ക്ക് 4കോടി രൂപയും എന്നായിരുന്നു ഏകദേശ കണക്ക്. അതിപ്പോള്‍ റിവേഴ്സായി വരികയാണ്. എന്തെന്നാല്‍ 1995 മുതലിങ്ങോട്ട് ക്രൂഡ് ഓയിലിന്റെയും മറ്റും വിലവര്‍ദ്ധനവ് കാരണം കല്‍ക്കരിയുടെയും വില ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു.  കല്‍ക്കരി മുതലായ ഫോസ്സില്‍ ഇന്ധനങ്ങള്‍ കുറഞ്ഞുവരുന്നതും കണക്കിലെടുക്കണം. തുല്യഭാരം കല്‍ക്കരി കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്നതിന്റെ രണ്ട് ദശലക്ഷം ഇരട്ടി വൈദ്യുതി യുറേനിയം കൊണ്ട് ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് വസ്തുത.  അത്കൊണ്ടാണ് പറയുന്നത്, നാളെയുടെ ആവശ്യങ്ങളെ മീറ്റ് ചെയ്യാന്‍ നാം ആണവനിലയങ്ങള്‍ പുതിയതായി സ്ഥാപിച്ചേ പറ്റൂ.  തോറിയം ഉപയോഗിച്ച് ആണവവേസ്റ്റ് പുന:സംസ്കരിച്ച് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും എന്നത് ഊര്‍ജ്ജരംഗത്ത് നമുക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.

ആണവാപകടങ്ങളെ കുറിച്ച് നോക്കാം. അത് പറഞ്ഞാണല്ലോ ആളുകളെ പേടിപ്പിക്കുന്നത്. ആണവവൈദ്യുതനിലയങ്ങള്‍ ലോകത്ത് നിലവില്‍ വന്നിട്ട് 60 വര്‍ഷങ്ങള്‍ ആയല്ലൊ. ഇതിനകം എത്ര പേര്‍ ആണവാപകടം കൊണ്ട് മരണപ്പെട്ടിട്ടുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ?

60 കൊല്ലത്തെ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ്  ആണവനിലയങ്ങള്‍ മുഖേന ഉണ്ടായിട്ടുള്ളത്.  ഇതില്‍  ആണവവികരണം കൊണ്ട് മരണപ്പെട്ടത് 1986ല്‍ ചെര്‍ണോബിലില്‍ 50-ലധികം ആളുകളാണ്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്‍ഡില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ 2011 മാര്‍ച്ച് 11ന് ഫുകുഷിമായില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടില്ല. എന്നാല്‍ അന്ന് ഭൂകമ്പത്തിലും സുനാമിയിലും പെട്ട് 25,000 പേരാണ് മരണപ്പെട്ടത്. കൂടാതെ കനത്ത നാശനഷ്ടങ്ങളുമുണ്ടായി.

1986 ല്‍ അന്നത്തെ സോവ്യറ്റ് യൂനിയന്റെ ഭാഗമായ ഉക്രെയിനില്‍ ചെര്‍ണോബില്‍ ആണവദുരന്തത്തില്‍ പലര്‍ക്കും പല അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുകയുണ്ടായി. എന്നാല്‍ തന്നെ അഗ്നിശമനസേന വിഭാഗത്തില്‍ പെട്ട 56 പേര്‍ മാത്രം വികിരണം മൂലം മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. നിരവധി പേര്‍ക്ക് റേഡിയേഷന്‍ ഏറ്റെങ്കിലും അമ്പതോളം പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്നത് , വികിരണം എന്നത് വിചാരിക്കുന്ന പോലെ അത്ര ഭീകരമല്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

എന്താണ് ഈ ആണവവികിരണം എന്നറിയാമോ? യൂറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങള്‍ക്കെല്ലാം ഐസോടോപ്പുകള്‍ ഉണ്ട്. ഈ മൂലകങ്ങള്‍ക്ക് സ്ഥിരസ്വഭാവമില്ല. സ്ഥിരത കൈവരിക്കാന്‍ വേണ്ടി അവ വികിരണങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കും. അവസാനം അങ്ങനെയുള്ള മൂലകങ്ങള്‍ സ്ഥിരതയുള്ള മറ്റൊരു മൂലകമായി മാറും. ഉദാഹരണത്തിന് പ്ലൂട്ടോണിയം കാരീയ (ലെഡ്)മായി മാറും.  ഇങ്ങനെ മറ്റൊരു മൂലകമായി മാറി സ്ഥിരത കൈവരിക്കുന്ന ആ കാലയളവിനെ ആ മൂലകത്തിന്റെ അര്‍ദ്ധായുസ്സ് (ഹാഫ് ലൈഫ്) എന്ന് പറയുന്നു. ഇങ്ങനെ, അര്‍ദ്ധായുസ്സ് ഏതാ‍നും സെക്കന്റ് മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വരെയുള്ള ഐസോടോപ്/മൂലകങ്ങള്‍ ഉണ്ട്.

റേഡിയേഷന്‍ എന്ന് പറയുമ്പോള്‍ പല രൂപത്തില്‍ ഉണ്ട് എന്ന് അറിയാമല്ലോ.  നമ്മള്‍ എക്സ്‌റേ എടുക്കുമ്പോള്‍ ഒരു തരം റേഡിയേഷന്‍ ആണ് നമ്മുടെ ശരീരത്തെ തുളച്ചു പോകുന്നത്.  ക്യാന്‍സര്‍ ചികിത്സയ്ക്ക് കീമോതെറാപ്പി ചെയ്യുന്നതും റേഡിയേഷനാണ്. പ്രധാനപ്പെട്ട മൂന്ന് റേഡിയേഷനുകള്‍ ആല്‍ഫ, ബീറ്റ, ഗാമ എന്നിവയാണ്. ഫിസിക്സിന്റെ ഈ ബാലപാഠങ്ങളൊന്നും ആ‍രും പഠിച്ചത് മറന്നുപോകരുതായിരുന്നു.

ചെര്‍ണോബിലില്‍ Iodine-131 and Cesium-137 എന്നിങ്ങനെയുള്ള ഐസോടോപ്പുകളില്‍ നിന്നാണ് ആളുകള്‍ക് റേഡിയേഷന്‍ ഏറ്റത്.  ഇത്കൊണ്ട് പലര്‍ക്കും അവിടെ തൈറോയ്ഡ് ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ട്.  Iodine-131 ല്‍ നിന്നുള്ള റേഡിയേഷന്‍ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്തത്കൊണ്ടാണിത് സംഭവിച്ചത്. തൈറോയ്ഡ് ക്യാന്‍സര്‍ താരതമ്യേന ചികിത്സിച്ച് ഭേദമാക്കാന്‍ എളുപ്പമാണ്. ബ്ലഡ് ക്യാന്‍സര്‍ (leukemia) പോലെ മാരകമല്ല. 99 ശതമാനം പേരുടെയും തൈറോയ്ഡ് ക്യാന്‍സര്‍ അവിടെ ഭേദമായിട്ടുണ്ട്. ലോകാരോഗ്യസംഘടനയും മറ്റ് ഏജന്‍സികളും അവിടെ പഠനം നടത്തിയിട്ട് , വികിരണം ഏറ്റതിന്റെ ഫലമായി ആര്‍ക്കെങ്കിലും ജനിതക വൈകല്യങ്ങള്‍ ഉണ്ടായതായി തെളിഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ 1945ല്‍ ആറ്റംബോമ്പ് വര്‍ഷിച്ച് തകര്‍ന്ന ജപ്പാനില്‍ പിന്നീടുള്ള തലമുറയില്‍ ജനിതകവൈകല്യങ്ങള്‍ ഉണ്ടായിട്ടില്ല.

പറഞ്ഞുവന്നത്,  ആണവവൈദ്യുത നിലയങ്ങളെ പറ്റിയും ആണവോര്‍ജ്ജത്തെ പറ്റിയും വികിരണത്തെ പറ്റിയും ഒക്കെ നിറം പിടിപിച്ച ഭീതിയാണ് പ്രചരിപ്പിക്കുന്നത് എന്നാണ്. അപകടങ്ങളെ പറ്റിയും ദുരന്തങ്ങളെയും പറ്റിയുമാണെങ്കില്‍ മനുഷ്യന്‍ മുഖാന്തിരവും പ്രകൃതി മുഖേനയും എന്തെല്ലാം അപകടങ്ങളും ദുരന്തങ്ങളും നടക്കുന്നു. അതൊക്കെയുമായി താരതമ്യം ചെയ്താല്‍ ആണവവൈദ്യുതനിലയങ്ങള്‍ കൊണ്ട് ഇക്കാലത്തുണ്ടായ അപകടങ്ങള്‍ നിസ്സാരമാണെന്ന് കാണാന്‍ കഴിയും.

ഇനി, എന്ത്കൊണ്ടാണ് ജര്‍മ്മനി ആണവവൈദ്യുതനിലയങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് എന്ന് നോക്കാം. ജര്‍മ്മനി 2022ല്‍ ആണവ വൈദ്യുതനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്പാദനം അവസാനിപ്പിക്കും എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് ഇനിയും 11 കൊല്ലത്തേക്ക് ഒരു മാറ്റവും ഇല്ല എന്ന് അര്‍ത്ഥം. ഇത് കേട്ട് ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും ആണവപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ പോകുമ്പോള്‍ നമ്മളെന്തിനാണ് ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍‌കൂട്ടി കണ്ടത്കൊണ്ടാ‍ണ്. അതായത് 2006 മുതല്‍ 2008 വരെ 3332 ടണ്‍ യൂറേനിയം അവര്‍ക്ക് ആവശ്യമുണ്ടായിരുന്ന സ്ഥാനത്ത് വെറും 68ടണ്‍ യുറേനിയം മാത്രമാണ് ജര്‍മ്മനിക്ക് ഖനനം ചെയ്ത് എടുക്കാനായത്. (സമ്പുഷ്ടയുറേനിയത്തിന്റെ കണക്കല്ല കേട്ടോ. യുറേനിയം അയിരില്‍ കേവലം 3ശതമാനം മാത്രമേ ഇന്ധനത്തിന് ഉപയോഗിക്കുന്ന U235 കിട്ടുകയുള്ളൂ) ബാക്കി യുറേനിയം അവര്‍ക്ക് ഇറക്കുമതി ചെയ്യേണ്ടി വന്നു.

അത്കൊണ്ട് ഇറക്കുമതി ചെയ്താല്‍ യൂറേനിയത്തിന് അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാ‍ദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. അല്ലാതെ അപകടത്തെയോ റേഡിയേഷനെയോ പേടിച്ചിട്ടല്ല.  ജര്‍മ്മനിയുടെ എനര്‍ജി സെക്യുരിറ്റിക്ക് ഇനി ആണവവൈദ്യുതപദ്ധതി വേണ്ട എന്നത്കൊണ്ടാണ് അവരുടെ തീരുമാനം എന്ന് സാ‍രം. ഫുകുഷിമായില്‍ ഉണ്ടായ സുനാമിയും അവരുടെ തിരുമാനവും തമ്മില്‍ ബന്ധമില്ല.

ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് അനുകരിക്കാന്‍ പറ്റില്ല.  അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാ‍രണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്. അണുശക്തി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. കീമോ തെറാപിയെയാണ് ഉദ്ദേശിച്ചത്. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം.

അണു ഊര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജിയാണ് സൌരോര്‍ജ്ജവും കാറ്റും.  എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ജര്‍മ്മനിയെ പോലെ അല്ല ഇന്ത്യ. എന്നെങ്കിലും ആ കഴിവ് ഇന്ത്യ ആര്‍ജ്ജിക്കുമായിരിക്കും. അത് വരെ കാത്തിരിക്കാന്‍ പറ്റില്ലല്ലൊ. ഇന്നത്തേക്കും നാ‍ളത്തേക്കും വൈദ്യുതി വേണ്ടേ. അത്കൊണ്ട് നമുക്ക് ആണവനിലയങ്ങളും  ആണവോര്‍ജ്ജവും കൂടിയേ തീരൂ.

(കടപ്പാട് :  www.abdulkalam.com , www.nuclearfriendsfoundation.com)
(അവസാനിച്ചു.)


അണുവൈദ്യുതി നമുക്ക് ആവശ്യമാണ്

ണുവൈദ്യുതി അല്ലെങ്കില്‍ ആണവവൈദ്യുതി നിലയം എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഭയം തോന്നാന്‍ കാരണം അണുബോമ്പ് എന്ന് കേട്ടപ്പോള്‍ ഉണ്ടായ ഭീതി കൊണ്ടാണെന്ന് തോന്നുന്നു.  അണുവിന്റെ ഉള്ളില്‍ അപരിമിതമായ ഊര്‍ജ്ജം ഉണ്ട് എന്ന് കണ്ടെത്തിയത് ഐന്‍സ്റ്റീന്‍ ആണല്ലൊ. ഈ ഊര്‍ജ്ജം രണ്ട് വിധത്തില്‍ ഉപയോഗിക്കാം. സര്‍വ്വനാശത്തിനും സര്‍വ്വതോമുഖമായ പുരോഗതിക്കും. ഇതില്‍ മനുഷ്യനെ നശിപ്പിക്കാനാണ് അണു ഊര്‍ജ്ജം ആറ്റംബോമ്പിന്റെ രൂപത്തില്‍ ആദ്യമായി ഉപയോഗിച്ചത്. അന്ന് മുതല്‍ അണു എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. ഇന്നും ലോകത്തെ മൊത്തം സംഹരിക്കാന്‍ ആവശ്യമായ അണുവായുധങ്ങള്‍ വിവിധരാജ്യങ്ങളില്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്.  ഇത് ഒരു വശം.  എന്നാല്‍ മനുഷ്യന്റെ പുരോഗതിക്കും അണു ഊര്‍ജ്ജം ഉപയോഗിക്കാം എന്ന് പറഞ്ഞല്ലോ. ഇതില്‍ പ്രധാനപ്പെട്ടത് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവോര്‍ജ്ജത്തെ ഉപയോഗിക്കാമെന്നതാ‍ണ്.

അണു ഊര്‍ജ്ജവും വൈദ്യുതിയുമെല്ലാം അണു എന്ന പദാര്‍ത്ഥവുമായി ബന്ധപ്പെട്ടതാണ്.  അണു എന്നാല്‍ എന്താണ്? ഇക്കാണുന്നതെല്ലാം അണു തന്നെ. എന്താണ് വൈദ്യുതി അല്ലെങ്കില്‍ കരണ്ട് എന്ന് പറയുന്നത്. അണുവില്‍ പ്രോട്ടോണ്‍ എന്ന പോസിറ്റീവ് ചാര്‍ജ്ജ് ഉള്ള കണികയും ചാര്‍ജ്ജ് ഇല്ലാത്ത ന്യൂട്രോണ്‍ എന്ന കണികയുമുണ്ട്. ഈ രണ്ടും ചേര്‍ന്ന കേന്ദ്രഭാഗത്തെ അണുവിന്റെ ന്യൂക്ലിയസ്സ് എന്നു പറയുന്നു. ഈ ന്യൂക്ലിയസ്സിനെ ചുറ്റി നെഗറ്റീവ് ചാര്‍ജ്ജുള്ള എലക്ട്രോണുകള്‍ കറങ്ങുന്നുണ്ട്. ഇങ്ങനെ കറങ്ങുന്ന എലക്ട്രോണുകള്‍ അണുവില്‍ നിന്ന് സ്വതന്ത്രമായി ഒഴുകുന്നതിനെയാണ് നമ്മള്‍ കരണ്ട് എന്ന് പറയുന്നത്. അതായത് എലക്ട്രോണുകളുടെ പ്രവാഹമാണ് വിദ്യുച്ഛക്തി.  എലക്ട്രോണുകളെ ചലിപ്പിച്ച് വൈദ്യുതി പ്രവാഹം ഉണ്ടാക്കാന്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കണം. ജനറേറ്റര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനോട് ബന്ധിപ്പിച്ച ടര്‍ബൈന്‍ കറങ്ങണം. ഈ ടര്‍ബൈന്‍ കറക്കാനാണ് നമുക്ക് ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജം വേണ്ടി വരുന്നത്. അപ്പോള്‍ വൈദ്യുതി ഉണ്ടാക്കാന്‍ ഏതെല്ലാം മാര്‍ഗ്ഗത്തില്‍ ഊര്‍ജ്ജം കണ്ടെത്താം എന്ന് നോക്കാം.  വ്യത്യസ്തമായ രൂപത്തിലുള്ള ഊര്‍ജ്ജസ്രോതസ്സ് ഉപയോഗപ്പെടുത്തുമ്പോള്‍ അതാത് പേരിലാണ് ആ വൈദ്യുതപദ്ധതികള്‍ അറിയപ്പെടുക.

1) താപ വൈദ്യുത നിലയങ്ങള്‍ 2) ജലവൈദ്യുത നിലയങ്ങള്‍ 3) കാറ്റാടി നിലയങ്ങള്‍ 4) സൌരോര്‍ജ്ജ വൈദ്യുതനിലയങ്ങള്‍ 5) ആണവവൈദ്യുത നിലയങ്ങള്‍.

ഇത്രയും മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്തിനാണ് അണുവൈദ്യുതനിലയങ്ങള്‍ എന്നാണ് ചോദിക്കുന്നത്.  ഇതില്‍ ആണവവൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും ഉണ്ടാക്കുന്നില്ല. ഒരു തടസ്സവുമില്ലാതെ അനുസ്യൂതമായി ഒരേ പോലെ വിദ്യുച്ഛക്തി ഉല്പാദിപ്പിക്കാന്‍ പറ്റും.  ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും കുറവ് സ്ഥലം മതി.  വൈദ്യുതിയുടെ ഉല്പാദനച്ചെലവ് കുറവാണ്. അത്കൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയും.  നമുക്ക് ഓരോന്നും പരിശോധിക്കാം.

1) താപവൈദ്യുതി നിലയങ്ങള്‍ :  NTPC എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 30.9.2011 വരെയുള്ള കണക്ക് വെച്ച് ആകെ 99,753 . 38 മെഗാവാട്ട് വൈദ്യുതിയാണ് താപനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്നത്. (പട്ടിക ഇവിടെ നോക്കുക ). ഇത് നമ്മള്‍ ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 66 ശതമാനമാണ്. അടുത്ത വര്‍ഷവും താപനിലയങ്ങളില്‍ നിന്ന് ഇത്രയും വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ നമുക്ക് 696 ദശലക്ഷം ടണ്‍ കല്‍ക്കരി വേണം. ഇതില്‍ 554 മില്യണ്‍ ടണ്‍ കല്‍ക്കരി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും 114 മില്യണ്‍ ടണ്‍ കല്‍ക്കരി നാം വിദേശത്ത് നിന്ന് ഇറക്ക്മതി ചെയ്യേണ്ടി വരും. (അവലംബം) കല്‍ക്കരി ക്ഷാമം നിമിത്തം നമ്മുടെ താപവൈദ്യുതനിലയങ്ങളില്‍ പൂര്‍ണ്ണമായ തോതില്‍ വൈദ്യുതോല്പാദനം നടക്കാത്ത സ്ഥിതിയുണ്ട്. ഇപ്പോള്‍ തന്നെ രണ്ടോ മൂന്നോ ആഴ്ചത്തേക്കുള്ള കല്‍ക്കരി മാത്രമേ സ്റ്റോക്ക് ഉള്ളൂ. രാജ്യത്തെ കല്‍ക്കരി നിക്ഷേപം 2040 ആകുമ്പോഴേക്കും നിശ്ശേഷം തീര്‍ന്നു പോകും എന്ന് കണക്കാക്കിയിട്ടുണ്ട്.  ഒരു ഭാഗത്ത് നമ്മുടെ വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചു വരുന്നു. മറുഭാഗത്ത് കല്‍ക്കരി തീര്‍ന്നു വരുന്നു. അപ്പോള്‍ നമ്മുടെ താപനിലയങ്ങളുടെ ഭാവി എന്താകും എന്നത് ചിന്തിക്കേണ്ടതുണ്ട്. അത് കൂടാതെ ആഗോളതാപനം കുറച്ചുകൊണ്ടു വരുന്നതിന് വേണ്ടി അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാര്‍ബണ്‍ ഡൈ‌ഓക്സൈഡിന്റെ അളവും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

2) ജലവൈദ്യുത നിലയങ്ങള്‍ :  ഇന്ത്യയില്‍ ജലവൈദ്യുതനിലയങ്ങളില്‍ നിന്ന് ആകെ 38,706 . 40 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത് എന്ന് മേലെ കൊടുത്ത പട്ടികയുടെ ലിങ്കില്‍ കാണാവുന്നതാണ്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 21 ശതമാനമാണ്. എന്നാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പോലെ ഉല്പാദനം നടക്കുന്നില്ല. എന്തെന്നാല്‍ വിചാരിച്ച പോലെ മഴ ലഭിക്കുന്നില്ല.  ലോകത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തുകൊണ്ടിരുന്ന ചിറാപൂഞ്ചിയില്‍ പോലും കഴിഞ്ഞ അഞ്ച് വര്‍ഷമായി മഴ വേണ്ടത്ര ലഭിക്കുന്നില്ല.  ജലവൈദ്യുതപദ്ധതികള്‍ കാലാവസ്ഥയെ ആശ്രയിച്ചായത്കൊണ്ട് അത് വിശ്വസിച്ച് നമുക്ക് ഭാവിയിലേക്ക് ആസൂത്രണം ചെയ്യാന്‍ കഴിയില്ല.

3) കാറ്റാടി യന്ത്രങ്ങള്‍ :  കാറ്റാടിയന്ത്രങ്ങള്‍ മുഖേന വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും സംഭവിക്കുന്നില്ല എന്നത് നേരാണ്. എന്നാല്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുപാട് സ്ഥലം വേണം. മാത്രമല്ല സ്ഥിരമായി കാറ്റ് കിട്ടുകയും വേണം. ഇന്ത്യയില്‍ ഇപ്പോള്‍ 14,550 മെഗാവാട്ട് വൈദ്യുതി ആകെ ഉല്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്.  ഇപ്പോഴും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചു വരുന്നുമുണ്ട്.  പക്ഷെ കാറ്റാടിയന്ത്രങ്ങളിലെ WIND TURBINE കറങ്ങി വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ 11 KM/h മുതല്‍ 19 KM/h  വരെ വേഗതയില്‍ കാറ്റ് വീശണം. വര്‍ഷത്തില്‍ മെയ് മുതല്‍ സെപ്തംബര്‍ വരെ അഞ്ച് മാസം വരെ മാത്രമേ ഈ വേഗതയില്‍ കാറ്റ് കിട്ടുന്നുള്ളൂ. ഇതിനാല്‍ സ്ഥിരമായി വൈദ്യുതി ഉല്പാദനം നടക്കുന്നില്ല.

4) സൌരോര്‍ജ്ജ നിലയങ്ങള്‍ : സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ മറ്റൊരു ഊര്‍ജ്ജവും വേണ്ട. എന്നാല്‍ സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. മാത്രമല്ല വന്‍‌കിട തൊഴില്‍‌ശാലകള്‍ക്ക് ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനിയും വികസിപ്പിച്ചിട്ടുമില്ല.  അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ടും മറ്റ് കാരണങ്ങളാലും സൂര്യപ്രകാശം കിട്ടാത്ത സാഹചര്യങ്ങളില്‍ വൈദ്യുതോല്പാദനം നടക്കില്ല എന്നൊരു ന്യൂനതയുമുണ്ട്. വീടുകള്‍ക്കും ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ഗുജറാത്തില്‍ ആണ് ഉള്ളത് (Adani Bitta Solar Plant). അവിടെ നിന്ന് 40 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു.

5)ആണവ വൈദ്യുത നിലയങ്ങള്‍ :  ഇന്ത്യയില്‍ അണു ഊര്‍ജ്ജത്തിന്റെ പിതാവ് ഹോമി ജഹാംഗിര്‍ ഭാഭയാണ്. അദ്ദേഹമാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അണുശക്തി കമ്മീഷന്‍ ചെയര്‍മാന്‍.1956 ലാണ് അണുശക്തി പദ്ധതി ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 20 ആണവ വൈദ്യുതനിലയങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഇതില്‍ നിന്ന് എല്ലാം കൂടി 4385 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 3 ശതമാനത്തിനടുത്ത് മാത്രമാണ്.  ആളുകള്‍ ചോദിക്കുന്നതും ഇത് തന്നെയാണ്. ആകെ ഉല്പാദിപ്പിക്കുന്നത് 3ശതമാ‍നമാണെങ്കില്‍ എന്തിനാണ് അണുവൈദ്യുതിയെ ആശ്രയിക്കുന്നത് എന്നാണ് ചോദ്യം. ന്യായമായ ചോദ്യമാണിത്. എന്നാല്‍ മേല്‍ക്കാണിച്ച നാലു മാര്‍ഗ്ഗങ്ങളിലും നമുക്ക് ആവശ്യമായ വൈദ്യുതി നിരന്തരമായി ഉല്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നു എന്നാണ് അതിനുള്ള ഉത്തരം.

ലോകത്തുള്ള വികസിതരാജ്യങ്ങള്‍ എല്ലാം തന്നെ അണുവൈദ്യുതിയെ വലിയ തോതില്‍ ഉപയോഗിച്ചു വരുന്നു എന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയില്‍ മാത്രം 104 ആണവ വൈദ്യുതനിലയങ്ങളുണ്ട്. ലോകത്ത് മൊത്തം 30 രാജ്യങ്ങളിലായി 432 ആണവ നിലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  (പട്ടിക കാണുക) 63 ആണവ നിലയങ്ങള്‍ നിര്‍മ്മാണ ദശയിലാണ്. 350 ആണവ നിലയങ്ങള്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടിട്ടുണ്ട്.   ജര്‍മ്മനി  2022ല്‍  ആണവവൈദ്യുതോല്പാദനം അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ കാരണം അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം.  സാമ്പത്തികമായി മുന്നേറിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആണവ വൈദ്യുതിയുടെ ഉല്പാദനത്തില്‍ നമ്മള്‍ വളരെ പിന്നിലാണെന്ന് കാണാം. ( മറ്റൊരു പട്ടിക )

ഇന്ത്യ 2050 ആകുമ്പോഴേക്കും ആകെ ആവശ്യമായി വരുന്ന വൈദ്യുതിയുടെ 50 ശതമാനം ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കണമെന്ന് പദ്ധതി ഇട്ടിട്ടുണ്ട്. അത് ആളുകളെ കൊന്നിട്ട് വേണോ എന്ന് ചിലര്‍ ചോദിച്ചേക്കാം. ഇക്കാര്യത്തില്‍ “ആദ്യം സുരക്ഷിതത്വം, പിന്നെ ഉല്പാദനം” എന്നൊരു നയമാണ് അണുശക്തി കമ്മീഷന്‍  പിന്തുടരുന്നത്. അണുശക്തി മേഖലയില്‍ കഴിഞ്ഞ 50 കൊല്ലത്തെ അനുഭവങ്ങളും കമ്മീഷനുണ്ട്.  നമ്മുടെ ശാസ്ത്രജ്ഞന്മാരെ വിശ്വാസിക്കാന്‍ നാം തയ്യാറാവണം.  ആണവ വൈദ്യുതനിലയങ്ങളില്‍ നിന്ന് പരിസ്ഥിതിക്ക് കേട് വരുത്തുന്ന ഒന്നും പുറത്ത് വരുന്നില്ല. ഏത് കാലാവസ്ഥയിലും 24 മണിക്കൂറും തുടര്‍ന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുക ആണവനിലയങ്ങളില്‍ നിന്ന് മാത്രമാണ്. അത്കൊണ്ടാണ് അണുവൈദ്യുതി മനുഷ്യരാശിക്ക് ലഭിച്ച വരപ്രസാദമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം വിശേഷിപ്പിച്ചത്.
(തുടരും)

ഫുകുഷിമാവും കൂടംകുളവും ഒരു പോലെ അല്ല.

ഭൂകമ്പവും സുനാമിയും ഒരുമിച്ച് ജപ്പാനില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഫുകുഷിമ ആണവപ്ലാന്റിലെ ഒരു റിയാക്ടര്‍ പ്ലാന്റില്‍ സ്പോടനം ഉണ്ടാവുകയും അവിടം വെളുത്ത പുകപടലം നിറയുകയും ചെയ്തത് ദൃശ്യമാധ്യമങ്ങളില്‍ കണ്ട എല്ലാവരിലും ആണവപ്ലാന്റുകളെ കുറിച്ച് ഒരു ഭീതിയുണ്ടാക്കി എന്നത് നേരാണ്. ഈ സംഭവത്തിന് ശേഷമാണ് കൂടംകുളത്ത് ആണവവൈദ്യുതനിലയത്തിനെതിരെ നാട്ടകാരുടെ സമരം ശക്തിയാര്‍ജ്ജിക്കുന്നത്.  ഫുകുഷിമാവില്‍ സംഭവിച്ചത് പോലെ കൂടംകുളത്തും സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന മട്ടിലാണ് അവിടത്തെ തദ്ദേശവാസികള്‍ ഭയപ്പെടുന്നത്. ആ ഭയം ന്യായമല്ല എന്ന് പറയാന്‍ കഴിയില്ല. ആ ഭയം നിമിത്തമാണ് അവിടെയുള്ള പാവപ്പെട്ട ഗ്രാമീണര്‍ സമരം ചെയ്യുന്നത്.  എന്നാല്‍ കൂടംകുളം സമരത്തെ പിന്തുണയ്ക്കുന്ന പരിസ്ഥിതിവാദികളുടെ ആവശ്യം ആണവപ്ലാന്റുകളേ നമുക്ക് വേണ്ട എന്നാണ്.  അതിനെ പറ്റി മറ്റൊരു പോസ്റ്റില്‍ എഴുതുന്നുണ്ട്. ഫുകുഷിമാ പോലെ ഒരു അപകടം കൂടംകുളത്ത് സംഭവിക്കാന്‍ സാധ്യതയില്ല എന്ന് വിശദീകരിക്കാനാണ് ഈ ലേഖനം എഴുതുന്നത്.

എന്താണ് ഫുകുഷിമാവില്‍ സംഭവിച്ചത് ?

2011 മാര്‍ച്ച് 11ന് റിക്ടര്‍ സ്കെയിലില്‍ 8.9 അടയാളപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമാ ആണവ റിയാക്ടറില്‍ ഘടിപ്പിച്ചിട്ടുള്ള Control Rods ( ചിത്രം കാണുക) താനാകവേ ഇറങ്ങി Nuclear chain reaction നിര്‍ത്തുകയുണ്ടായി. അപ്പോള്‍ റിയാക്ടറില്‍ ഉള്ള  Decay heat എന്ന ചൂട് തണുപ്പിക്കുന്നതിന് വേണ്ടിയുള്ള എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിച്ചില്ല. ഭൂകമ്പം നിമിത്തം വൈദുതി നിലച്ചത്കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.  ഇത്തരം ഘട്ടങ്ങളില്‍ എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിക്കുന്നതിന് ഡീസല്‍ ജനറേറ്റര്‍ ഉണ്ടാവും.  ദൌര്‍ഭാഗ്യവശാല്‍ സുനാമിയും ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ വെള്ളപ്പെരുക്കില്‍ ഡീസല്‍ ജനറേറ്റര്‍ മുങ്ങിപ്പോയി.  ഈ സാഹചര്യത്തില്‍ ECCS എന്നു പറയുന്ന Emergency Core Cooling System പ്രവര്‍ത്തനരഹിതമായിപ്പോയി. അപ്പോള്‍ അതിചൂടുള്ള  Zircaloy എന്ന ലോഹം നീരാവി കലര്‍ന്ന് ഹൈഡ്രജന്‍ വാതകം രൂപപ്പെടാന്‍ തുടങ്ങി.  ഈ ഹൈഡ്രജന്‍ വാതകം  കൂടുതലായി ഘനീഭവിച്ച് ആണവപ്ലാന്റിന്റെ കെട്ടിടത്തിന്റെ പുറത്തേക്ക് വ്യാപിച്ചു.  ഇതാണ് ആളുകള്‍ ടെലിവിഷനില്‍ കണ്ട പുകപടലം.  ഹൈഡ്രജന്‍ വാതകത്തിന്റെ കൂടെ റിയാക്ടറില്‍ അതിന് മുന്‍പേ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള വികിരണകണികകളും പുറത്തേക്ക് വ്യാപിച്ചിരിക്കും. 

ഇതില്‍ നിന്നും ഈ ദുരന്തം നടന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1) ഭൂകമ്പം.  2)  സുനാമി. 3) ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായത്.  4) ഒരു വിദ്യുച്ഛക്തിയും ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തത്. 5) ആണവപ്ലാന്റിന്റെ കെട്ടിടത്തിനകത്ത് രൂപം കൊണ്ട ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തത്

കൂടംകുളം ആണവനിലയവും ഫുകുഷിമാ ആണവപ്ലാന്റും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്?  

ഭൂകമ്പം :  ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടാണ് എന്ന് എല്ലാവര്‍ക്കുമറിയാം. 7 റിക്ടര്‍ സ്കെയില്‍ അളവില്‍ വരെ ഭൂകമ്പങ്ങള്‍ അവിടെ സാധാരണയാണ്. എന്നാല്‍ കൂടംകുളം ഭൂകമ്പസാധ്യത ഇല്ലാത്ത seismic zone 2 ലാണ് ഉള്ളത്.  അതായത് കൂടംകുളത്ത് ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്. ഇന്ത്യയില്‍ ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് താഴെ കാണുക. (കടപ്പാട്: www.mapsofindia.com) 
മാപ്പില്‍ കടും ചുകപ്പ് നിറത്തില്‍ കാണുന്ന സോണ്‍ 5ലാണ് അപായ സാധ്യത കൂടുതല്‍. കൂടംകുളം ഉള്‍പ്പെടുന്ന തിരുനെല്‍‌വേലി ജില്ല അപകടരഹിതമായ സോണ്‍ 2ല്‍ ആണെന്ന് കാണാം.

സുനാമി : സുനാമി എന്ന വാക്ക് തന്നെ ജപ്പാനിലാണ് ഉണ്ടായത് എന്ന് അറിയാമല്ലൊ. Harbour wave എന്നാണ് ജപ്പാന്‍ ഭാഷയില്‍ സുനാമിയുടെ അര്‍ത്ഥം. 14 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള തിരമാലകളാണ് ഫുകുഷിമയെ വിഴുങ്ങാന്‍ വന്നത്. 2004 ല്‍ ചെന്നൈയിലും തമിഴ്നാടിന്റെ മറ്റ് കടലോര പ്രദേശങ്ങളിലും സുനാമി അടിച്ചത്കൊണ്ട് ഫുകുഷിമയില്‍ വന്നത് പോലെഉള്ള സുനാമി കൂടംകുളത്തും വന്നുകൂടേ എന്ന് ന്യായമായും ചോദിക്കാം. സുനാമി പോലുള്ള വന്‍ തിരമാലകള്‍ രൂപംകൊള്ളുന്ന സ്ഥലങ്ങളെ  tsunamigenic fault  എന്നാണ് പറയുക. ഇങ്ങനെയുള്ള സ്ഥലത്ത് ഉടലെടുക്കുന്ന സുനാമിയുടെ തിരമാലകളുടെ ഉയരം അത് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദൂരം കുറയുമ്പോള്‍ തിരമാലകളുടെ ഉയരം കൂടുകയും , ദൂരം കൂടുമ്പോള്‍ ഉയരം കുറയുകയും ചെയ്യും. ജപ്പാനില്‍ ഈ സുനാമി രൂപം കൊണ്ട fault ഫുകുഷിമാവില്‍ നിന്ന്130 കി.മീ. മാത്രം അകലെയാണ്. അത്കൊണ്ടാണ് അത്രയും ഭീമാകാരമായ തിരമാലകള്‍ അവിടെ ആഞ്ഞടിച്ചത്. എന്നാല്‍  സുനാമി രൂപം കൊള്ളുന്ന fault ല്‍ നിന്ന് 1300 കി.മീ. അകലെയാണ് കൂടംകുളം സ്ഥിതി ചെയ്യുന്നത്. അതായത് കൂടംകുളത്തെ സുനാമി ആക്രമിച്ചാല്‍ തന്നെ ആ കടല്‍ത്തീരത്ത് എത്തുന്ന തിരമാലകളുടെ ഉയരം ഏറിയാല്‍ 3മീറ്റര്‍ ആയിരിക്കും.  സമുദ്രനിരപ്പില്‍ നിന്ന് 9 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കൂടംകുളം പ്ലാന്റിനെ സുനാമി ഒരു തരത്തിലും ബാ‍ധിക്കുകയില്ല എന്നു പറയുന്നത് ഇത്കൊണ്ടാണ്.
(നോക്കുക: http://www.tsunamisociety.org/272Jaiswal.pdf )

ഡീസല്‍ ജനറേറ്റര്‍ : ഫുകുഷിമാവില്‍ ഡീസല്‍ ജനറേറ്റര്‍ താഴ്ന്ന ഇടത്തില്‍ സ്ഥാപിച്ചത്കൊണ്ട് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയി. എന്നാല്‍ കൂടംകുളത്ത് ഡീസല്‍ ജനറേറ്റര്‍ 9.3 മീറ്റര്‍ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല കൂടംകുളത്ത് ഒരു റീയക്ടറിന് 4 ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. (നന്ദി:KKNPP).

വിദ്യുച്ഛക്തി ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം : ഇത് വളരെ പ്രധാനപ്പെട്ട ഒരു സുരക്ഷാസംവിധാനമാണ്. ഫുകുഷിമാവില്‍ ഈ സംവിധാനം ഇല്ല്ലായിരുന്നു. ഒരു വേള നാല് ഡീ‍സല്‍ ജനറേറ്ററുകളും നിശ്ചലമാവുകയാണെങ്കില്‍  Passive heat removal system എന്ന അതിനൂതനമായ സുരക്ഷാസംവിധാനത്താല്‍ കൂടംകുളം പ്ലാന്റിലെ റീയാക്ടറുകള്‍ തണുപ്പിക്കും. അത്കൊണ്ട് ഒരു കാരണവശാലും ഫുകുഷിമായില്‍ സംഭവിച്ചത് പോലെ കൂടംകുളത്ത് Decay Heat എന്ന താപം തണുപ്പിക്കാതിരിക്കില്ല.

ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ : ഹൈഡ്രജന്‍ വാതകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് ഫുകുഷിമായില്‍ ഏര്‍പ്പെട്ട നാശനഷ്ടങ്ങള്‍ക്ക് അടിസ്ഥാനമായ മുഖ്യകാരണം. എന്നാല്‍ കൂടംകുളത്ത്  Hydrogen recombiner എന്ന ഉപകരണങ്ങള്‍ നിരവധി സ്ഥാപിച്ചിട്ടുള്ളത്കൊണ്ട് അഥവാ ഹൈഡ്രജന്‍ ഉണ്ടായാല്‍ തന്നെ  ഈ ഉപകരണങ്ങള്‍ ഹൈഡ്രജനെ ഓക്സിജനുമായി സംയോജിപ്പിച്ച് നീരാവിയാക്കി മാറ്റും.

ഇത്രയും മുന്‍‌കരുതലുകള്‍ കൂടാതെ കൂടംകുളം ആണവനിലയത്തില്‍ Core  Catcher എന്നൊരു പ്രധാനപ്പെട്ട സുരക്ഷിതസംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുവെ പറയപ്പെടുന്നത് പോലെ ആണവ റിയാക്ടറുകള്‍ പൊട്ടിത്തെറിക്കുകയില്ല. മറിച്ച് അവ ഉരുകിപ്പോകും എന്ന് പറയുന്നതാവും ശരി.  ഒരു പക്ഷെ എല്ലാ സുരക്ഷാസംവിധാനങ്ങളും പാളിപ്പോയി റിയാക്ടര്‍ ഉരുകിപ്പോയാലും അതൊന്നും പുറത്തേക്ക് പോകാതെ സംരക്ഷിക്കുന്ന ഒരു സംവിധാനമാണ് Core  Catcher എന്നത്. ഈ ഏര്‍പ്പാടും ഫുകുഷിമായില്‍ ഇല്ലായിരുന്നു.

ഇങ്ങനെ എല്ലാ വിധത്തിലും മുന്‍‌കരുതലും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുള്ള കൂടംകുളം ആണവനിലയത്തെ 50വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഫുകുഷിമാ ആണവനിലയത്തോട് താരതമ്യപ്പെടുത്തി ഭയപ്പെടുന്നതിലോ ഭയം ജനിപ്പിക്കുന്നതിലോ യാതൊരു അര്‍ത്ഥവുമില്ല.

അവലംബം: 'The Upside Down Book Of Nuclear Power' written by  Saurav Jha

(തുടരും)