അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുണ്ട്. അത് അതാത് മതങ്ങള്ക്കുള്ളില് വെച്ച് പരിഹരിക്കുന്നതല്ലേ നല്ലത്. എല്ലാ മതങ്ങളില് ജനിച്ചവരിലും യുക്തിവാദികള് ഉണ്ട്. എന്നാല് ബഹുഭൂരിപക്ഷത്തിനും മതം ആവശ്യമാണെങ്കില് , യുക്തിവാദികള്ക്ക് യുക്തിവാദം ആവശ്യമാണെന്ന പോലെ തന്നെ മതവും നില നില്ക്കട്ടെ എന്ന് കരുതുന്നതാണ് യുക്തിസഹം എന്നാണെന്റെ അഭിപ്രായം. മതവിശ്വാസം ഇല്ലാതാക്കിയിട്ട് പകരം ജീവിതത്തിന് എന്ത് പ്രചോദനമാണ് വിശ്വാസികള്ക്ക് നല്കാന് യുക്തിവാദികള്ക്ക് സാധിക്കുക? ഇനി അത് പോട്ടെ, ഈ പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും സമ്പൂര്ണ്ണമായ നിഗൂഢത അനാവരണം ചെയ്യാന് യുക്തിവാദത്തിന് സാധിക്കുമോ? ഇനിയും കണ്ടുപിടുത്തങ്ങള് നടക്കും ശരി തന്നെ. സ്വയമേവ ചിന്തിച്ച് ഒരാള് യുക്തിവാദിയാവുകയും അതിനനുസരിച്ച് അയാളുടെ മനസ്സ് ദൃഢപ്പെടുകയും ജീവിതത്തിന് സ്വന്തമായ അര്ത്ഥവും ദിശാബോധവും കണ്ടെത്തുകയും ചെയ്യുന്നുവെങ്കില് നല്ല കാര്യം തന്നെ. പക്ഷെ അതെന്തിന് പ്രചരിപ്പിക്കണം? അതിനെന്തിന് സംഘടന? മറ്റുള്ളവരില് യുക്തിവാദം എന്തിന് അടിച്ചേല്പ്പിക്കണം? എന്തിന് തര്ക്കത്തിന് നില്ക്കണം? മതമാണ് എല്ലാ പ്രശ്നങ്ങള്ക്കും കാരണം, മതമാണ് മനുഷ്യനില് ശത്രുത ഉണ്ടാക്കുന്നത്, മതമാണ് ആളുകളെ കൊല്ലുന്നത്, മതത്തില് മാത്രമാണ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉള്ളത്, മതം ഇല്ലാതായാല് ഈ ലോകം മധുരമനോജ്ഞം എന്ന മട്ടിലാണ് യുക്തിവാദികള് പ്രചരിപ്പിക്കുന്നത്.
എന്നാല് മതം ഇല്ലാതായാല് മനുഷ്യന് നന്നാകുമെന്നും എല്ലാം ഭദ്രമാകുമെന്നും അനുഭവം നമ്മെ പഠിപ്പിക്കുന്നില്ല. ഉദാഹരണത്തിന് മതം നിരാകരിക്കപ്പെട്ട ഒരു കാലമാണല്ലോ സോവിയറ്റ്യൂനിയനില് വിപ്ലവാനന്തരം അവിടെ ഉണ്ടായിരുന്നത്. ലെനിന്റെ മരണശേഷം ഭൌതികശരീരം നിര്ജ്ജലീകരണം നടത്തി പ്രദര്ശനവസ്തുവാക്കി മാറ്റിയത് അനാചാരം തന്നെയല്ലേ? മാവോ സേ തൂങ്ങിന്റേതോ? എന്ത് ന്യായീകരണമാണ് ആ ആചാരത്തിന് ഉള്ളത്? കമ്മ്യൂണിസ്റ്റ് പാര്ട്ടിയുമായി ബന്ധപ്പെട്ടും ആചാരങ്ങള് അനുഷ്ടിക്കപ്പെടുന്നില്ലേ? രക്തസാക്ഷി ആചരണം എന്താ ആചാരം തന്നെയല്ലേ? മതം നടത്തുന്ന ആചാരങ്ങള് അനാചാരങ്ങളും ഭൌതികവാദികള് ചെയ്യുന്ന ആചാരങ്ങള് സദാചാരങ്ങളും ആകുന്നതെങ്ങനെ? തിരഞ്ഞെടുപ്പ് ചിഹ്നങ്ങള് വഴിവക്കുകളില് പ്രതിമകളായി സ്ഥാപിക്കുന്നതും പതാക ഉയര്ത്തി സല്യൂട്ട് ചെയ്യുന്നതും ഒക്കെ ആചാരം തന്നെയല്ലെ. ഞാന് വിമര്ശിക്കുന്നതല്ല. ചില ആചാരങ്ങള് ജീവിതത്തിന്റെ അലങ്കാരങ്ങളാണ്. ശരിയല്ലെ? ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ആചാരങ്ങള് ഒഴിവാക്കുകയും സംതൃപ്തി തരുന്ന ആചാരങ്ങള് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതല്ലെ യുക്തിസഹം?
ഇനി മനുഷ്യനെ കൊല്ലുന്ന കാര്യത്തിലായാലും സ്പര്ദ്ധയും ശത്രുതയും നിലനില്ക്കുന്ന കാര്യത്തിലായാലും ഭൌതികവാദികള് ആധിപത്യം പുലര്ത്തിയിരുന്ന സോവ്യറ്റ് കാലം നമുക്ക് നല്ല പാഠങ്ങള് അല്ല നല്കിയത്.മതങ്ങള് ഇല്ലാതായാല് പകരം നല്ല വ്യവസ്ഥിതി സംജാതമാകും എന്ന് പറയുന്നത് ശരിയല്ല എന്ന് സ്ഥാപിക്കാനാണ് ഞാന് ഇത് ചൂണ്ടിക്കാട്ടിയത്. മതം ദോഷം ചെയ്യുന്നുണ്ടെങ്കില് മതം ഇല്ലാത്ത അവസ്ഥയില് , മതം ഇല്ല എന്ന ഒറ്റക്കാരണത്താല് ദോഷങ്ങള് തീരുന്നില്ല എന്ന് മാത്രമല്ല ദോഷം വേഷം മാറി വരുന്നതും നമ്മള് കണ്ടു. മനുഷ്യവര്ഗ്ഗത്തില് ദോഷങ്ങള് പല രൂപത്തില് ഉള്ളത്കൊണ്ട് ആ ദോഷങ്ങള് നിര്മ്മാര്ജ്ജനം ചെയ്യപ്പെടാന് വേണ്ടി തന്നെയാണ് മതങ്ങള് ആവിര്ഭവിച്ചിട്ടുള്ളത്. ആ ദോഷങ്ങള് തുടരുന്ന കാലത്തോളം മതങ്ങള്ക്ക് പ്രസക്തിയുണ്ട് എന്ന് സമ്മതിക്കാന് എന്നിലെ യുക്തിബോധം മടിക്കുന്നില്ല. മതങ്ങളില് തെറ്റ് കണ്ടെത്താം , ആരോപിക്കാം. പകരം തെറ്റില്ലാത്ത എന്ത്? ഗോഡ് ഫ്രീ വേള്ഡ് ഹേപ്പി വേള്ഡ് എന്നൊരു ഓര്ക്കുട്ട് കമ്മ്യൂണിറ്റി ശ്രദ്ധയില് പെട്ടപ്പോള് എനിക്ക് യുക്തിവാദികളോട് വെറുപ്പ് തോന്നിയിട്ടുണ്ട്. നിങ്ങള് വിശ്വസിക്കേണ്ട, പക്ഷെ വിശ്വസിക്കുന്നവരോട് എതിര്ക്കുന്നത് കൊണ്ട് എന്താണ് നേട്ടം? ദൈവവിശ്വാസം ഇല്ലാതായാല് ഹേപ്പി വേള്ഡ് സംജാതമാകും എന്ന് കരുതുന്നതിന്റെ യുക്തി എന്താണ്?
ദൈവത്തെയും മതങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളിലെ യുക്തിരാഹിത്യവും ആചാരപ്പിശകുകളും മാത്രമാണ് മനുഷ്യവിരുദ്ധമായ സംഗതികള് എന്ന മട്ടില് പര്വ്വതീകരിച്ചു കാട്ടി തങ്ങളുടെ വൈജ്ഞാനികമായ അറിവുകള് വിളംബരം ചെയ്യാനും സമൂഹത്തിലെ മറ്റ് തിന്മകള്ക്കെതിരെ മൌനം പാലിക്കാനുമാണ് യുക്തിവാദികള് എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്. ഭൌതികവാദികളുടെ ഹിംസയെയോ അവരുടെ പ്രവര്ത്തികളിലെ അന്യായത്തെയോ ഭൌതികവാദപ്രത്യയശാസ്ത്രങ്ങളിലെ അയുക്തികതയെയോ ഒന്നും ചോദ്യം ചെയ്യാന് യുക്തിവാദികള് ഒരിക്കലും മെനക്കെട്ടിട്ടില്ല. മതങ്ങള് ചെയ്യുന്ന നന്മകള് അവര്ക്ക് കാണാന് കഴിയുന്നുമില്ല. യുക്തിവാദികള്ക്ക് മതം വേണ്ട, എന്നാല് ഒരു അഭയവും ആശ്രയവുമായി മതത്തെ കാണുന്ന ജനകോടികള്ക്ക് മതം വേണം എങ്കില് എന്തിനാണ് മതത്തെ എതിര്ക്കുന്നത്. മതം ഇല്ലാതായാല് മനുഷ്യരാശി ഒരു കുടുംബം പോലെ ഒരുമപ്പെടും എന്ന് പ്രതീക്ഷിക്കുന്നത് മിഥ്യയായ ഒരു വ്യാമോഹം മാത്രമാണ്. ഇനി അത്തരമൊരു അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കണമെങ്കിലും ഇന്ന് മതം തന്നെ വേണ്ടേ? യുക്തിവാദിസംഘത്തിന് കഴിയുമോ? എന്റെ ഒരു സുഹൃത്ത് , പേര് അബ്ദുള്ളക്ക , ജീവിതത്തിലെ നിര്ണ്ണായകമായ ഒരു പരീക്ഷണ ഘട്ടം അതിജീവിച്ച് എന്നെ കണ്ടുമുട്ടിയപ്പോള് പറഞ്ഞു, സുകുമാരാ പരലോകത്തെ കുറിച്ചുള്ള ഭയം നിമിത്തം മാത്രമാണ് ഞാന് ആത്മഹത്യ ചെയ്യാതിരുന്നത് എന്നാണ്. യുക്തിവാദിയായ ഞാന് അബ്ദുള്ളക്കയോട് എന്ത് പറയണമായിരുന്നു? അദ്ദേഹത്തിന്റെ മക്കള്ക്ക് ബാപ്പ ഇന്നും കൂടെയുണ്ട്. അദ്ദേഹത്തിന്റെ മതദര്ശനത്തിന് പകരം ജീവിതത്തിന് പ്രതീക്ഷ നല്കുന്ന എന്ത് ദര്ശനമാണ് അവര്ക്ക് നല്കാന് യുക്തിവാദിയായ എന്റെ കൈയില് ഉള്ളത്? ഇസ്ലാം ഒരു മഹത്തായ ദര്ശനമാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്. ചിലര് തീവ്രവാദികള് ആയി. ശരി. കോടാനുകോടി മുസ്ലീങ്ങള് തീവ്രവാദികള് ആയോ? ഇസ്ലാമിക പ്രമാണമനുസരിച്ച് എല്ലാ മുസ്ലീംകളും ജീവിയ്ക്കുന്നില്ല. ശരി. ഏത് പ്രത്യയശാസ്ത്രമാണ് അതിന്റെ അനുയായികളാല് പൂര്ണ്ണമായും പിന്പറ്റപ്പെടുന്നത്? ഇതൊക്കെ നമ്മള് മനുഷ്യരുടെ പൊതുവായ തെറ്റുകളോ ദൌര്ബ്ബല്യങ്ങളോ ആണ്. നമ്മള് ആരും പൂര്ണ്ണരല്ലല്ലൊ. ഞാന് ഒഴിവ്കഴിവ് പറയുകയല്ല. പൂര്ണ്ണതയിലെത്താന് നമുക്ക് ശ്രമിക്കാം. മതനിരാസം മാത്രം അതിന്റെ മുന്നുപാധി എന്ന് സ്ഥാപിക്കുന്നത് ശരിയല്ല.
യുക്തിവാദികള് മതത്തെ എതിര്ക്കുന്ന പോലെ തന്നെ ശരിയല്ല വിശ്വാസികള് സയന്സിനെ എതിര്ക്കുന്നതും. സയന്സ് സമൂഹത്തിന്റെ ഭൌതികതലത്തിലാണ് പ്രവര്ത്തിക്കുന്നത്. സയന്സ് ഒരു സിദ്ധാന്തമോ ദര്ശനമോ പ്രത്യയശാസ്ത്രമോ അല്ല. ഭൌതികജീവിതം അനായാസമാക്കുന്ന പ്രായോഗികസമീപനവും പദ്ധതിയുമാണത്. സയന്സും ആത്മീയതയും കൈകോര്ക്കുമ്പോഴേ ഇന്നത്തെ ജീവിതം മനോഹരമാവൂ. എല്ലാവരും യുക്തിവാദിയാവുന്ന കാലത്തെ കാര്യമല്ല വര്ത്തമാനകാലത്തെ സംഗതിയാണ് പറയുന്നത്. ആത്മീയതയില്ലാത സയന്സ് ഇക്കാലത്ത് മനുഷ്യനെ മൃഗസമാനക്കും എന്നതില് ആര്ക്കും സംശയം വേണ്ട. ടോയ്ലെറ്റുകളില് സ്ഥാപിക്കുന്ന മൊബൈല് ഫോണുകള് അതിന് തെളിവാണ്. മതത്തിന്റെ ദൌത്യം ഏറ്റെടുക്കാന് ഇന്നത്തെ നിലയ്ക്ക് യുക്തിവാദികള്ക്കോ സയന്സിനോ കഴിയില്ല. മതവും ആത്മീയതയും മനുഷ്യമനസ്സുകളോടാണ് സംവദിക്കുന്നത്. യുക്തിവാദം വിജ്ഞാനതൃഷ്ണയെയും സയന്സ് ഭോഗതൃഷ്ണയെയും സംതൃപ്തിപ്പെടുത്തുമ്പോള് മനുഷ്യനിലെ ധാര്മ്മികത കെടാതെ സൂക്ഷിക്കാന് ഇന്ന് നമുക്ക് മതങ്ങള് ആവശ്യമുണ്ട്. മതത്തിലെ തെറ്റുകളും തിന്മകളും അതാത് മതത്തിനകത്ത് വെച്ച് തന്നെ വേണം ശുദ്ധീകരിക്കാന്.
യുക്തിവാദികള് മതത്തെ എതിര്ക്കുന്ന പോലെ തന്നെ ശരിയല്ല വിശ്വാസികള് സയന്സിനെ എതിര്ക്കുന്നതും. സയന്സ് സമൂഹത്തിന്റെ ഭൌതികതലത്തിലാണ് പ്രവര്ത്തിക്കുന്നത്. സയന്സ് ഒരു സിദ്ധാന്തമോ ദര്ശനമോ പ്രത്യയശാസ്ത്രമോ അല്ല. ഭൌതികജീവിതം അനായാസമാക്കുന്ന പ്രായോഗികസമീപനവും പദ്ധതിയുമാണത്. സയന്സും ആത്മീയതയും കൈകോര്ക്കുമ്പോഴേ ഇന്നത്തെ ജീവിതം മനോഹരമാവൂ. എല്ലാവരും യുക്തിവാദിയാവുന്ന കാലത്തെ കാര്യമല്ല വര്ത്തമാനകാലത്തെ സംഗതിയാണ് പറയുന്നത്. ആത്മീയതയില്ലാത സയന്സ് ഇക്കാലത്ത് മനുഷ്യനെ മൃഗസമാനക്കും എന്നതില് ആര്ക്കും സംശയം വേണ്ട. ടോയ്ലെറ്റുകളില് സ്ഥാപിക്കുന്ന മൊബൈല് ഫോണുകള് അതിന് തെളിവാണ്. മതത്തിന്റെ ദൌത്യം ഏറ്റെടുക്കാന് ഇന്നത്തെ നിലയ്ക്ക് യുക്തിവാദികള്ക്കോ സയന്സിനോ കഴിയില്ല. മതവും ആത്മീയതയും മനുഷ്യമനസ്സുകളോടാണ് സംവദിക്കുന്നത്. യുക്തിവാദം വിജ്ഞാനതൃഷ്ണയെയും സയന്സ് ഭോഗതൃഷ്ണയെയും സംതൃപ്തിപ്പെടുത്തുമ്പോള് മനുഷ്യനിലെ ധാര്മ്മികത കെടാതെ സൂക്ഷിക്കാന് ഇന്ന് നമുക്ക് മതങ്ങള് ആവശ്യമുണ്ട്. മതത്തിലെ തെറ്റുകളും തിന്മകളും അതാത് മതത്തിനകത്ത് വെച്ച് തന്നെ വേണം ശുദ്ധീകരിക്കാന്.
സമൂഹത്തില് നിരവധി തിന്മകളും മനുഷ്യനെ വീര്പ്പുമുട്ടിക്കുന്ന പ്രവണതകളും സ്നേഹരാഹിത്യവും കരുണയില്ലായ്മയും ഹിംസയും ഒക്കെ ഇന്ന് നിലവിലുണ്ട്. അതിനെതിരെയാണ് എല്ലാവരും ശബ്ദമുയര്ത്തേണ്ടത്. മദ്യപാനം, അഴിമതി, ധൂര്ത്ത്, കരിഞ്ചന്ത, വഞ്ചന, മായം ചേര്ക്കല്, ഉപഭോക്തൃചൂഷണം, പരിസ്ഥിതി മലിനീകരണം അങ്ങനെയങ്ങനെ പലതും. ഇതൊക്കെ എല്ലാവരുടെയും പൊതുവായ പ്രശ്നങ്ങളാണ്. ഇതിനെതിരായി എല്ലാ മതവിശ്വാസികള്ക്കും യുക്തിവാദികള്ക്കും രാഷ്ട്രീയപ്പാര്ട്ടി പ്രവര്ത്തകര്ക്കും യോജിച്ചു പ്രവര്ത്തിക്കാന് കഴിയും, കഴിയണം. അല്ലെങ്കില് നമ്മള് ഈ പറയുന്നതിനൊക്കെ എന്ത് അര്ത്ഥം?
ജബ്ബാര് മാഷ് എത്ര തന്നെ ശരി പറഞ്ഞാലും പൊതുവെ മുസ്ലീം സമുദായത്തിനെതിരെ പറയുന്നു എന്ന തോന്നലാണ് പലരിലും ഉളവാക്കിയിട്ടുള്ളത് എന്ന് തോന്നുന്നു. ഇത്രയ്ക്കും അദ്ദേഹം മുസ്ലീം സമുദായത്തെ സ്നേഹിക്കുകയും ചെയ്യുന്നു. ഇസ്ലാം മതത്തെ നിരാകരിക്കണമെന്ന മട്ടില് അദ്ദേഹം ആഹ്വാനം ചെയ്യാറുണ്ടോ എന്നെനിക്കറിയില്ല. ഇസ്ലാം മതം നവീകരണക്ഷമമാണോ അത്തരം ശ്രമങ്ങള് മതത്തിനകത്ത് അനുവദനീയമാണോ എന്നും എനിക്കറിയില്ല. അങ്ങനെയാണെങ്കില് മതത്തെ വിശ്വാസത്തിലെടുത്ത് വേണം മാഷ് സംസാരിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു. ശുദ്ധമായ യുക്തിവാദത്തിന് ഒരു ആത്മീയബദല് ശിപാര്ശ ചെയ്യാന് കഴിയില്ല എന്നൊരു പോരായ്മയുണ്ട്. ആത്മീയത എന്ന വാക്ക് യുക്തിവാദികള്ക്ക് അരോചകമാണെന്ന് അറിയാം. പക്ഷെ കേവല ഭൌതികത എന്ന വാക്ക് മനുഷ്യന്റെ സത്തയെ നിരാകരിക്കുന്നതാണ് എന്ന് യുക്തിവാദികളെ ഞാന് ഓര്മ്മപ്പെടുത്തുന്നു.