ആഹ്ലാദിക്കൂ , അഭിമാനിക്കൂ ! മലയാളികള്‍ ഒറ്റക്കെട്ടായി പറഞ്ഞ് ആനന്ദനൃത്തം ചെയ്യുന്ന ആഹ്വാനമാണിത്. കേരളീയര്‍ ഒറ്റക്കെട്ടായി ആഹ്ലാദിക്കാനും അഭിമാനിക്കാനും കഴിയുന്ന ഇത്പോലൊരു ചരിത്രമുഹൂര്‍ത്തം ഇതിന് മുന്‍പോ ശേഷമോ ഭൂമിമലയാളത്തില്‍ സംഭവിക്കാനില്ല. അതെ മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ചതില്‍ കേരളവും ലോകമലയാളി സമൂഹവും ഇന്ന് ആഹ്ലാദത്തിമിര്‍പ്പിലാണ്.
ഈ ആഹ്ലാദത്തിനും അഭിമാനവിജൃംഭണത്തിനും പക്ഷെ മറ്റൊരു വശം കൂടിയുണ്ട്. ശ്രേഷ്ടപദവിയൊക്കെ കൊള്ളാം പക്ഷെ ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമേ അയക്കാവൂ അല്ലെങ്കില്‍ അപമാനവും നാണക്കേടും ആണ് എന്നതാണ് ആ വശം. സാധാരണ കൂലിത്തൊഴിലാളി മുതല്‍ അങ്ങേത്തലയ്ക്കലെ ശ്രേഷ്ടപുംഗവന്മാരുടെ മക്കളും ചെറുമക്കളും ഒക്കെ ഇംഗ്ലീഷ് മീഡിയത്തിലെ പഠിക്കാവൂ എന്നൊരു അലിഖിതനിയമം കേരളത്തിലുണ്ട്. ശ്രേഷ്ടപദവി ലഭിച്ചതില്‍ ആഹ്ലാദിക്കുന്നവരുടെ വീടുകളില്‍ കുട്ടികള്‍ ആരും മലയാളം മീഡിയം സ്ക്കൂളില്‍ പഠിക്കാന്‍ പോവുകയില്ല.
കേരളത്തിലെ ഏതെങ്കിലും ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്റെ പരിസരത്ത് രാവിലെയും വൈകുന്നേരവും നിങ്ങള്‍ ഒന്ന് പോയി നോക്കൂ. എന്താ ഒരു തിരക്ക്, എന്താ ഒരു ട്രാഫിക്ക് ജാം. അതേ പോലെ ഒരു മലയാളം മീഡിയം എല്‍.പി.സ്ക്കൂളില്‍ പോയി നോക്കൂ. ഒന്ന് മുതല്‍ നാല് വരെ നാലു ക്ലാസ്സിലും ചേര്‍ത്ത് ആകെ ഒരു ഇരുപത് കുട്ടികള്‍ ഉണ്ടെങ്കില്‍ ഭാഗ്യം. അവരാണ് ഈ ശ്രേഷ്ടപദവിയുടെ ഭാവിയിലെ അവകാശികള്‍. ആ കുട്ടികള്‍ പക്ഷെ ഒരു രണ്ടാതരം വിദ്യാര്‍ത്ഥികള്‍ പോലെ അപകര്‍ഷതാബോധവും പേറി തല കുനിച്ചുകൊണ്ടാണ് സ്ക്കൂളിലേക്കും തിരിച്ച് വീടുകളിലേക്കും നടന്നു പോകുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാനുകളില്‍ പോയിവരുന്ന കുട്ടികളാണ് ഒന്നാംതരം വിദ്യാര്‍ത്ഥികള്‍. വീട്ടിന് പുറത്ത് നില്‍ക്കുക അപ്പോള്‍ വാന്‍ വരും. സ്ക്കൂളിലേക്ക് നടന്നുപോകുന്നതും ഇന്നൊരു നാണക്കേടാണ്.
ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളില്‍ എന്താണ് നടക്കുന്നത്? ആരാണ് അവിടെ പഠിപ്പിക്കുന്നത്? ആര്‍ക്കും അറിയില്ല. രക്ഷിതാക്കള്‍ക്ക് ഗേറ്റ് വരെ മാത്രമേ പോകാന്‍ പറ്റൂ. ഉള്ളില്‍ നടക്കുന്നത് ഒന്നും അന്വേഷിക്കാന്‍ പറ്റില്ല. വല്ലപ്പോഴും നടക്കുന്ന പി ടി എ മീറ്റിങ്ങില്‍ പൊട്ടനെ പോലെ പോയി പങ്കെടുക്കാം. പിന്നെ പ്രോഗ്രസ്സ് കാര്‍ഡ് വാങ്ങാനും പോകാം. അവിടെ പഠിപ്പിക്കുന്ന ടീച്ചര്‍മാരുടെ പ്രധാന യോഗ്യത കെട്ടിവെക്കാനുള്ള തുകയാണ്. പേരിന് ഒരു ബിരുദം ഉണ്ടായാല്‍ കൊള്ളാം. സ്ക്കൂള്‍ മുതലാളിയുടെ ബന്ധു ആണെങ്കില്‍ പ്ലസ് റ്റു തോറ്റാലും പഠിപ്പിക്കാം. ശമ്പളം കെട്ടിവെക്കുന്ന തുക നോക്കിയിട്ടായിരിക്കും. എന്തായാലും ഒരു അയ്യായിരത്തില്‍ കുറയില്ല എന്നാണ് തോന്നുന്നത്.
എന്തായാലും ഭാഷ ശ്രേഷ്ടമായി. കഠിനവൃതം നോറ്റതിന്റെ ഫലമാണ് ഈ പദവി എന്നാണ് ഒരവകപ്പെട്ട കവികളും സാംസ്ക്കാരികനായകരും ഒക്കെ അവകാശപ്പെട്ടുകാണുന്നത്. ശരി, വൃതം ഫലിച്ചല്ലോ. ഇനിയങ്ങോട്ട് നോല്‍ക്കാന്‍ വല്ല വൃതവും ഉണ്ടോ? നൂറ് കോടി പണവും പദവിയോടൊപ്പം കിട്ടും. ആ പണം ഏതാനും ശ്രേഷ്ഠപുംഗവന്മാര്‍ പുട്ടടിക്കും എന്നൊക്കെ ചില ദോഷൈകദൃക്‌കുകളും അസൂയാലുക്കളും പറയും. അതൊന്നും കണക്കിലെടുക്കണ്ട. നാട്ടിലെ മലയാളം എല്‍.പി.സ്ക്കൂളുകളില്‍ ഇനി മുതല്‍ കുട്ടികളെ കൂടുതലായി എത്തിക്കാന്‍ വേണ്ടിയാണ് ആ നൂറ് കോടി ചെലവാക്കേണ്ടത് എന്ന് ഞാന്‍ ആവശ്യപ്പെടുന്നു. കാരണം ആ കുട്ടികളാണ് ഭാവിയില്‍ മലയാളത്തിന്റെ ശ്രേഷ്ഠത കാത്തുസൂക്ഷിക്കുക. ഇന്നത്തെ ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷും മലയാളവും നേരാംവണ്ണം പഠിക്കാന്‍ കഴിയാത്ത കുട്ടികള്‍ അല്ല. കേരളത്തിന് യോജിച്ചത് മലയാളം മീഡിയം വിദ്യാഭ്യാസരീതിയാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഒക്കെ ആ മിടുക്കന്മാര്‍ ആവശ്യം വരുമ്പോള് സ്വായത്തമാക്കിക്കോളും. എന്റെ രണ്ട് മക്കളെ ചൂണ്ടിക്കാട്ടിക്കൊണ്ട് എനിക്കിത് പറയാന്‍ കഴിയും.
No comments:
Post a Comment