മൈദ വിഷമല്ല , അന്നജമാണ് അന്നജം !

പ്രകൃതിചികിത്സക്കാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ നല്ല മാര്‍ക്കറ്റും പ്രചാരണവും ലഭിച്ചു വരുന്നതായാണ് കാണുന്നത്.  കുറേയായി അവര്‍ ഈ മണ്ണില്‍ വേരു പിടിപ്പിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയായിരുന്നു. ഇപ്പോള്‍ ചാനലുകളും യൂട്യൂബ് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റികളും അവരുടെ സഹായത്തിനുണ്ട്. കുറെ മുന്‍പ് പെട്ടെന്ന് മെലിഞ്ഞ് ശോഷിച്ച ചിലരെ നാട്ടിന്‍‌പുറങ്ങളിലും നഗരങ്ങളിലും ഒക്കെ കാണാമായിരുന്നു. കാരണം എന്തെന്ന് തിരക്കേണ്ടിയില്ലായിരുന്നു. അവരൊക്കെ പ്രകൃതിചികിത്സാക്യാമ്പുകളില്‍ പങ്കെടുത്തവരായിരുന്നു. നേരാംവണ്ണം ഒന്നും കഴിക്കാന്‍ പ്രകൃതിചികിത്സാപ്രചാരകര്‍ അവരെ അനുവദിച്ചിരുന്നില്ല.  പച്ചവെള്ളം തിളപ്പിക്കാന്‍ പാടില്ല. തിളപ്പിച്ചാല്‍ വെള്ളത്തിന്റെ ജീവന്‍ നഷ്ടപ്പെടുമത്രെ. പയറും ധാന്യവും ഒരുമിച്ച് കഴിച്ചാല്‍ വിഷമാണത്രെ. ഉദാഹരണത്തിന് ഇഡ്ഡലിയോ ദോശയോ കഴിക്കരുത്. ഇവ രണ്ടും, ഉഴുന്നുപരിപ്പും അരിയും ഒരുമിച്ച് അരച്ചു പുളിക്കാന്‍ വെച്ചു ഉണ്ടാക്കുന്നതാണല്ലൊ. നാം കഴിക്കുന്ന ഭക്ഷണം വിഷമായി ശരീരത്തില്‍ കുമിഞ്ഞുകൂടി പെട്ടെന്ന് വെടിക്കുന്നതാണ് രോഗം എന്നതാണ് പ്രകൃതിചികിത്സയുടെ അടിസ്ഥാനം. ഭയം കൂടാതെ കഴിക്കാവുന്നത് പഴവും പച്ചവെള്ളവും മാത്രം. ഇങ്ങനെ പഴവും പച്ചവെള്ളവും മാത്രം കഴിച്ചവരാണ് ഞാന്‍ മുകളില്‍ പറഞ്ഞ മെലിഞ്ഞ് ശോഷിച്ചവര്‍.  എന്നാല്‍ രണ്ടാഴ്ച പ്രകൃതിജീവനം ജീവിച്ച എല്ലാവരും പിന്നീട് സ്വാഭാവികജീവിതത്തിലേക്ക് ഭയം ഉപേക്ഷിച്ച് മടങ്ങി. പിന്നീട് പ്രകൃതി ചികിത്സക്കാരെ പറ്റി അധികം കേട്ടിട്ടില്ല. ഇതിനിടയില്‍ പ്രകൃതിചികിത്സയില്‍ ഡോക്റ്റര്‍ ബിരുദം ചില യൂനിവേഴ്സിറ്റികളില്‍ ആരംഭിച്ചു. കേരളത്തില്‍ ഉണ്ടോ എന്നറിയില്ല. മംഗലാപുരത്ത് പോയി പലരും ഇപ്പോള്‍ നാച്വറോപ്പതിയില്‍ ബിരുദം എടുക്കുന്നുണ്ട്. ആയുഷ് എന്ന കേന്ദ്രപദ്ധതിപ്രകാരം ആശുപത്രികളില്‍ ഇപ്പോള്‍ നാച്വറോപ്പതി ഡോക്ടറും വേണം.

മൈദ വിഷമാണ് എന്ന പ്രചാരണവും പ്രക്ഷോഭവുമായാണ് പ്രകൃതിജീവനക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ അവരുടെ രണ്ടാം വരവ് ആഘോഷിക്കുന്നത്. എന്തായാലും  മൈദവിരുദ്ധ പ്രചാരണം ക്ലച്ച് പിടിച്ച മട്ടാണ്. ഗൂഗിളില്‍ മൈദ വിരുദ്ധ ലിങ്കുകള്‍ വന്നു നിറഞ്ഞു. ഓണ്‍‌ലൈനുകളിലും മൈദ വിരുദ്ധ തരംഗം.  മൈദ എന്നാല്‍ വിഷം തന്നെ എന്ന് ഓണ്‍‌ലൈന്‍ പുരോഗമനക്കാരും മനുഷ്യസ്നേഹികളും ഒരുപോലെ ആണയിടുന്നു. മൈദയെ അനുകൂലിച്ച് എഴുതിയാല്‍ ഇന്നത്തെ നിലയില്‍ ആളുകളുടെ ശത്രുത ചോദിച്ചു വാങ്ങുന്ന പോലെയാണ്. എന്താണ് മൈദയുടെ ദോഷം?  ഇന്നയിന്ന കാരണത്താല്‍ മൈദ വിഷമാണ് എന്ന് മൈദവിരുദ്ധ പ്രകൃതി ജീവനക്കാര്‍ ലഘുലേഖ ഇറക്കിയിട്ടുണ്ട്. ആ ലഘുലേഖയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് സമര്‍ത്ഥിച്ചുകൊണ്ട് ഡോ.സൂരജും മറ്റ് രണ്ട് പേരും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം സൂരജ് തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്ന് വായിക്കാം.

മൈദയെ പറ്റി പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഉള്ളത്. ഒന്ന് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നും ഇല്ല എന്നത്. മറ്റൊന്ന് മൈദ വെളുത്ത നിറത്തിലുള്ള മാവ് ആക്കിമാറ്റാന്‍  ബ്ലീച്ച് ചെയ്യുമ്പോള്‍ അലോക്സാന്‍ എന്ന പദാര്‍ത്ഥം ചേര്‍ക്കുന്നു എന്നതാണ്. ഇതില്‍ അലോക്സാന്‍ അനുവദനീയമായ അളവില്‍ ചേര്‍ത്താല്‍ ഒരു ദോഷവും ഇല്ല എന്ന് സൂരജ് വിശദീകരിച്ചത്കൊണ്ട് ഞാന്‍ ആ ഭാഗത്തേക്ക് കടക്കുന്നില്ല. എന്നാല്‍ മൈദയില്‍ പോഷകഘടകം ഒന്നും ഇല്ല എന്ന് പറയുന്നത് എന്താണ് പോഷണം എന്ന് മനസ്സിലാക്കാത്തത്കൊണ്ടാണ്.  മനസ്സിലാക്കാത്തത് എന്ന് പറയുമ്പോള്‍ എട്ടാം ക്ലാസ്സിലെ ജീവശാസ്ത്ര പുസ്തകത്തില്‍ ഇതൊക്കെയുണ്ട്. പത്താം ക്ലാ‍സില്‍ പഠിക്കുമ്പോഴേക്കും എന്താണ് നമ്മുടെ ശരീരം, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ ഒരു സാമാന്യവിവരം കിട്ടും. എന്നാല്‍ പാഠപുസ്തകങ്ങളിലെ വിഷയങ്ങള്‍ പരീക്ഷ എഴുതാന്‍ വേണ്ടി മാത്രമാണ്. അതൊന്നും നമ്മുടെ ജീവിതവുമായി ബന്ധമില്ല എന്നാണ് ഇപ്പോഴത്തെ പൊതുധാരണ. മാത്രമല്ല അത്തരം ശാസ്ത്രവിഷയങ്ങളെ തീര്‍ത്തും നിഷേധിക്കുന്നതാണ് പ്രകൃതിജീവനക്കാരുടെ സിദ്ധാന്തവും.

എന്താണ് പോഷണം? അഥവാ എന്തൊക്കെയാണ് പോഷകഘടകങ്ങള്‍? നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ആവശ്യമായ അഞ്ച് തരം പോഷകഘടകങ്ങളാണ് ഉള്ളത്.  അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ജലം എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണ് നമുക്ക് ആഹാരത്തില്‍ നിന്ന് കിട്ടേണ്ടത്. അത്കൊണ്ടാണ് വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നാം ആഹരിക്കേണ്ടി വരുന്നത്. എല്ലാം തികയുന്ന ആഹാരത്തെ നാം സമ്പൂര്‍ണ്ണാഹാരം എന്നു പറയുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ മാത്രം കഴിച്ചാല്‍ പോര എന്ന് സാരം. ഈ അഞ്ച് ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അന്നജമാണ്. എന്തെന്നാല്‍ അന്നജം കിട്ടിയില്ലെങ്കില്‍ മറ്റ് നാലും കിട്ടിയിട്ട് കാര്യമില്ല. നമ്മുടെ ശരീരത്തില്‍ അനവരതം ഊര്‍ജ്ജോല്പാ‍ദനം നടക്കേണ്ടതുണ്ട്. നാം കഴിക്കുന്ന ആഹാരങ്ങളിലെ അന്നജമാണ് നമുക്ക് ഊര്‍ജ്ജം തരുന്നത്. അന്നജം ഏറ്റവും കൂടുതല്‍ ഉള്ളത് ധാന്യങ്ങളിലാണ്. അത്കൊണ്ടാണ് ധാന്യങ്ങള്‍ നമ്മുടെ മുഖ്യാഹാരമാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭക്ഷിക്കുന്ന ധാ‍ന്യം ഗോദമ്പാണ്.

പൊതുവെ ധാന്യങ്ങളുടെ പുറം പാളികളിലാണ് മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ ഉണ്ടാവുക. അന്നജം ധാന്യങ്ങളുടെ ന്യൂക്ലിയസ്സില്‍ അല്ല്ലെങ്കില്‍ കേന്ദ്രഭാഗത്തായിരിക്കും ഉണ്ടാവുക. അരിയുടെ തവിടിലാണ് ഇപ്പറഞ്ഞ പോഷകഘടകങ്ങള്‍ ഉള്ളത്. അതൊക്കെ കളഞ്ഞ് പോളീഷ് ചെയ്ത അരിയുടെ അന്നജം മാത്രമുള്ള ഭാഗമാണ് നാം ചോറിനായി ഉപയോഗിക്കുന്നത്. അരി പോളീഷ് ചെയ്ത് വെളുപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. നാം അങ്ങനെ ശീലിച്ചുപോയി എന്നു മാത്രം. പക്ഷെ നാം ചോറ് മാത്രമല്ലല്ലൊ കഴിക്കുന്നത്. അത്കൊണ്ട് നമുക്ക് പോഷകദാരിദ്ര്യം നേരിടുന്നില്ല. അത്പോലെ തന്നെയാണ് മൈദയും. നെല്ലിനെക്കാളും പോഷകഗുണം ഉള്ള ധാന്യമാണ് ഗോദമ്പ്. ഗോദമ്പ് നമുക്ക് അതിന്റെ ഉമിയോടുകൂടി ആഹരിക്കാന്‍ പറ്റും എന്നതാണ് അതിന്റേ സവിശേഷത. മൈദ എന്നു പറയുന്നത് ഗോദമ്പിന്റെ പുറം പാളികള്‍ നീക്കം ചെയ്ത് മധ്യഭാഗം മാത്രം  പൊടിച്ച് മാവ് ആക്കുന്നതാണ്. അതായത് മൈദയില്‍ അന്നജം മാത്രമാണ് ഉള്ളത് എന്നു സാരം.  അന്നജം എന്നത് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകഘടകമാണെന്നിരിക്കെ, മൈദ എന്നാല്‍ വെറും അന്നജം അഥവാ സ്റ്റാര്‍ച്ച് ആണെന്നിരിക്കെ, മൈദയ്ക്ക് യാതൊരു പോഷകഗുണവുമില്ല എന്ന വാദം എത്ര മഹാപാപമാണെന്ന് നോക്കൂ. പോഷകഗുണം എന്നാല്‍ വെറും വിറ്റാമിനും പ്രോട്ടീനും മാത്രമാണ് എന്ന മിഥ്യാധാരണയും ഈ വാദത്തിന് പിന്നില്‍ ഉണ്ട്. ചോറില്‍ ഒരു പോഷകവുമില്ല എന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ശ്വാസം കഴിക്കാന്‍ പോലും അന്നജം കൂടിയേ തീരൂ എന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. 

മൈദ പ്രമേഹം ഉണ്ടാക്കും എന്നാണ് മറ്റൊരു കള്ള പ്രചാരണം. എന്താണ് പ്രമേഹം? വിസ്തരിക്കാന്‍ കഴിയില്ല. ചുരുക്കി പറയാം.  ആഹാരത്തിലെ പ്രധാനഘടകം, ഓര്‍ക്കുക ചോറിലും പറോട്ടയിലും ചപ്പാത്തിയിലും ഒക്കെ ഉള്ള അന്നജം ചെറുകുടലില്‍ വെച്ച് എന്‍സൈമുകളുടെ സാന്നിധ്യത്തില്‍ ദഹിച്ച് അതായത് വിഘടിച്ച് ഗ്ലൂക്കോസ് തന്മാത്രകളായി രക്തത്തില്‍ പ്രവേശിക്കുന്നു.  ഇങ്ങനെ ഗ്ലൂക്കോസ് രക്തത്തില്‍ പ്രവേശിക്കുമ്പോള്‍, രക്തത്തില്‍ ഇത്ര അളവ് ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ എന്ന് ഒരു കണക്കുണ്ട്. പ്രകൃതി നിശ്ചയിച്ചതാണ്,ഞാനല്ല.  അധികം വന്നുചേരുന്ന ഗ്ലൂക്കോസ് , രക്തത്തില്‍ വെച്ച് ഗ്ലൈക്കോജന്‍ എന്ന തന്മാത്രയായി മാറ്റപ്പെട്ട് കരളില്‍ ശേഖരിക്കപ്പെടുന്നു. ഇപ്രകാരം ഗ്ലൂക്കോസ് ഗ്ലൈക്കോജന്‍ ആയി മാറണമെങ്കില്‍ പാന്‍‌ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ എന്ന എന്‍സൈം രക്തത്തിലേക്ക് നേരിട്ട് സ്രവിക്കണം. രക്തത്തിലേക്ക് നേരിട്ട് സ്രവിക്കുന്ന എന്‍സൈമുകളെയാണ് ഹോര്‍മോണ്‍ എന്നു പറയുക. ഇങ്ങനെ പാന്‍‌ക്രിയാസ് ഗ്രന്ഥിക്ക് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിക്കുറവ് ആണ് പ്രമേഹം എന്ന അവസ്ഥ. അപ്പോള്‍ രക്തത്തില്‍ അധികമായി എത്തുന്ന ഗ്ലൂക്കോസ് , ഗ്ലൈക്കോജന്‍ ആയി മാറ്റപ്പെടാതെ മൂത്രത്തിലൂടെ പുറം‌തള്ളപ്പെടുന്നു. ഓര്‍ക്കുക മൂത്രത്തിലൂടെ പോകുന്നത് ഗ്ലൂക്കോസാണ്, പഞ്ചസാരയല്ല.


ഇപ്പോള്‍ പറയൂ, മൈദ മാത്രം എങ്ങനെ പ്രമേഹം ഉണ്ടാക്കും? ശരീരത്തെ സംബന്ധിച്ച് അന്നജത്തില്‍ നിന്ന് രൂപാന്തരം ചെയ്യപ്പെട്ട ഗ്ലൂക്കോസ് മാത്രമാണ് സ്വീകരിക്കുന്നത്. ധാന്യങ്ങള്‍ , കിഴങ്ങുകള്‍ , പഴങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഗ്ലൂക്കോസ് ശരീരം സ്വീകരിക്കുന്നു. അന്നജം ഗ്ലൂക്കോസായും , ഗ്ലൂക്കോസ് ഊര്‍ജ്ജമായും മാറുന്നു എന്നു പറഞ്ഞു. ഊര്‍ജ്ജത്തെ കലോറി അളവിലാണ് നാം കണക്ക് കൂട്ടുന്നത്. മദ്യം പതിവായി കഴിക്കുന്ന ഒരാള്‍ക്ക് കൂടുതല്‍ കലോറി ലഭിക്കുന്നത് മദ്യത്തില്‍ നിന്നാണ്. എന്നിട്ടാണ് കേരളത്തില്‍ പ്രമേഹം വര്‍ധിക്കാന്‍ കാരണം മൈദയാണെന്ന് പറയുന്നത്.  മദ്യത്തിന് നാട്ടില്‍ എന്തൊരു മാന്യതയാണ്!  മദ്യം മനുഷ്യന് ദോഷമേ ചെയ്യുന്നുള്ളൂ. മൈദയാകട്ടെ ദോഷം ഒന്നും ഉണ്ടാക്കുന്നുമില്ല. പിന്നെ, അധികമായാല്‍ അമൃതും വിഷം എന്നുമുണ്ട്.

പ്രമേഹത്തെ പറ്റി പരാമര്‍ശിച്ചത് കൊണ്ട് , ആ രോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരു അന്ധവിശ്വാസത്തെ പറ്റിയും പറയാ‍തിരിക്കാന്‍ തരമില്ല. പ്രമേഹം ഉണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ പിന്നെ ആളുകള്‍ വിത്തൌട്ട് ചായ മാത്രമേ കുടിക്കൂ.  ചാ‍യയില്‍ പഞ്ചസാര കലര്‍ത്തിയാല്‍ എന്താണ് പ്രശ്നം? മൂത്രത്തിലൂടെ പഞ്ചസാര അഥവാ ഷുഗര്‍ പോകുന്നു എന്നു പറയുന്നത്കൊണ്ടാണ് ഇങ്ങനെയൊരു അന്ധവിശ്വാസം പരന്നത്.  പഞ്ചസാര അഥവാ ഷുഗര്‍ എന്നത് പൊതുവായ ഒരു പേരാണ്. പ്രത്യേകിച്ച് ഒരു പദാര്‍ത്ഥത്തെയല്ല ആ പേരു സൂചിപ്പിക്കുന്നത്. ചോറും പറോട്ടയും നേന്ത്രപ്പഴവും എല്ലാം അന്നജമാണെന്ന് പറയുന്ന പോലെ ചായയില്‍ ഇടുന്ന പഞ്ചസാര സൂക്രോസ് എന്ന പദാര്‍ത്ഥമാണ്.  സൂക്രോസും അന്നജം പോലെ തന്നെ ഗ്ലൂക്കോസ് ആയി മാറിയതിന് ശേഷം മാത്രമേ രക്തത്തിലേക്ക് പ്രവേശിക്കൂ. അപ്പോള്‍ ഒരു സ്പൂണ്‍ പഞ്ചസാര അഥവാ സൂക്രോസ് ഒഴിവാക്കുന്നതിലെ യുക്തി എന്താണ്?  പ്രമേഹം പാരമ്പര്യമായോ ജീവിതശൈലി കൊണ്ടോ ഉണ്ടാകുന്ന രോഗമാണ്.


വിസ്താര ഭയത്താല്‍ ഈ പോസ്റ്റ് ഇവിടെ ഉപസംഹരിക്കുന്നു!

*(ചിത്രങ്ങള്‍ നെറ്റില്‍ നിന്ന്. ഉടമസ്ഥരോട് കടപ്പാട്)

ആര്‍. ശെല്‍‌വരാജിനും ചിലത് പറയാനുണ്ട്...

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചകലിസ്റ്റില്‍ ഒരാള്‍ കൂടി ചേര്‍ന്നിരിക്കുന്നു. നെയ്യാറ്റിന്‍‌കരയില്‍ നിന്ന് എം.എല്‍.ഏ. സ്ഥാനം രാജിവെച്ച ആര്‍.ശെല്‍‌വരാജ് ആണത്.  പണം വാങ്ങി പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി എന്ന് പറഞ്ഞാണ് മാര്‍ക്സിസ്റ്റുകാര്‍ ഈ രാജിയെ പ്രതിരോധിക്കാന്‍ പാട് പെടുന്നത്. വളരെ ദുര്‍ബ്ബലമായ ഒരു പ്രതിരോധമാണിത് എന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് തന്നെ അറിയാം. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും വേണ്ടേ. അത്കൊണ്ട് നട്ടാല്‍ കുരുക്കാത്ത നുണകളുമായി ഇറങ്ങിയിരിക്കുകയാണ് സി.പി.എം. നേതൃത്വം. ആ വെപ്രാളത്തിനിടയിലാണ് അമിതാവേശത്തില്‍ അച്യുതാനന്ദന്‍ സഖാവിന്റെ വായയില്‍ നിന്ന് അഭിസാരിക പ്രയോഗം തെറിച്ചുവീണത്.  എന്തിനെയും ഞഞ്ഞാമിഞ്ഞ പറഞ്ഞ് ന്യായീകരിക്കുന്ന ശീലം കൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞുപോകുന്നത്. എന്നാല്‍ ആ പറച്ചിലുകളൊക്കെ സാംസ്കാരിക കേരളത്തിന്റെ മുഖത്ത് നോക്കിയുള്ള കൊഞ്ഞനം കുത്തലുകളാണ്. പൊതുവെ മാര്‍ക്സിസ്റ്റ് നേതാക്കളുടെ വായയില്‍ നിന്നാണ് ഇമ്മാതിരി പ്രയോഗങ്ങള്‍ ഉണ്ടാകാറുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം.

ശെല്‍‌വരാജിന്റെ രാജി അനിവാര്യമായ ഒരു നടപടി ആയിരുന്നു. മാത്രമല്ല, അനേകം പേര്‍ ആ പാര്‍ട്ടിയില്‍ നിന്ന് ഇത് പോലെ ഇനിയും രാജി വെച്ചു പുറത്ത് വരാനുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തമായ ഒരു ജനപക്ഷരാഷ്ട്രീയമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുകയും ആ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാന്‍ വിസമ്മതിക്കുകയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന സഖാക്കളായിരിക്കും ഇങ്ങനെ പുറത്ത് വരിക. അങ്ങനെ ഓരോരുത്തരായി പോകുമ്പോള്‍ അവരൊക്കെ വഞ്ചകരായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. അതേ സമയം യഥാര്‍ത്ഥ വഞ്ചകര്‍ മാത്രം പാര്‍ട്ടിയില്‍ അവശേഷിക്കുകയും ചെയ്യും എന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.  രാഷ്ട്രീയപ്രവര്‍ത്തനം എന്നത് പണം സ്വരൂപിക്കാനുള്ള കുറുക്കുവഴിയാക്കി മാറ്റി എന്നതാണ് മാര്‍ക്സിസ്റ്റ് നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന. ഒരു തരം രാഷ്ട്രീയ വ്യഭിചാരമാണിത്.  ഒരു പാര്‍ട്ടിയില്‍ പെട്ടവര്‍ അഴിമതി നടത്തി പണം സമ്പാദിക്കുന്ന പോലെയല്ല ഇത്. അക്കാര്യത്തില്‍ വ്യക്തികളാണ് ദുഷിക്കുന്നത്. സി.പി.എമ്മിന്റെ കാര്യത്തില്‍ പാര്‍ട്ടി തന്നെ വാണിജ്യസ്ഥാപനമായി മാറുകയാണ്.

വാഴുന്നവര്‍ക്ക് വഴിപെടുക എന്ന മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അണികളായും അനുഭാവികളായും തുടരാന്‍ പറ്റൂ. അത്കൊണ്ട് നേതൃത്വം എന്ത് പറയുന്നുവോ അതവര്‍ കണ്ണുമടച്ച് വിശ്വസിക്കും. അത്കൊണ്ടാണ് ഇത്രയും കാലം സുതാര്യവും ലളിതവുമായ ജീവിതം നയിച്ച്, പാര്‍ട്ടിയുടെ ജീര്‍ണ്ണതകളുമായി പൊരുത്തപ്പെടാനാവാതെ രാജി വെച്ച ശെല്‍‌വരാജ് അവര്‍ക്ക് വര്‍ഗ്ഗവഞ്ചകനാകുന്നത്.  വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് ഇടത്പക്ഷമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ആഗ്രഹിച്ച ഒരുപാട് പേര്‍ ഇടത് വിശ്വാസികളില്‍ ഉണ്ടായിരുന്നു.

വി.എസ്സിനോട് കൂറ് പുലര്‍ത്തിയ എത്രയോ പേരെ പാര്‍ട്ടി ഔദ്യോഗിക വിഭാ‍ഗം വെട്ടിനിരത്തിയപ്പോള്‍ അദ്ദേഹം ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന തന്ത്രത്തിലൂന്നി സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കുകയായിരുന്നു.  ആദര്‍ശമോ ആത്മാഭിമാനമോ അല്ല സ്വന്തം സ്ഥാനമാനങ്ങളും പദവിയുമാണ് വി.എസ്സ്. വലുതായി കണ്ടത്. അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ ശരിയായ ഇടത് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ അനാഥരായി. ആ ഒരു അവസ്ഥ ഉള്ളത്കൊണ്ടാണ് ശെല്‍‌വരാജിനെയും കോണ്‍ഗ്രസ്സ്,  സിന്ദു ജോയിയെ അഭിസാരികയെ ഉപയോഗിക്കുന്ന പോലെ ഉപയോഗിച്ച് ഒഴിവാക്കിയ പോലെ ഒഴിവാക്കുമെന്ന് വി.എസ്സ്. ഉപരിപ്ലവമായി പറഞ്ഞത്.

ശെല്‍‌വരാജിന്റെ രാജി ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് സി.പി.എം.  വേഗം തന്നെ നോര്‍മല്‍ സ്ഥിതിയിലേക്ക് എത്തുമായിരിക്കും.  എന്നാല്‍ ആ രാജി ഒരു ലക്ഷണമാണ്. സി.പി.എം. എന്ത് മാത്രം രോഗാതുരമാണ് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്ന ലക്ഷണം കൂടിയാണത്.  വി.എസ്സ്. പാര്‍ട്ടിയില്‍ എന്ത് അപമാനം സഹിച്ചും രാജി വയ്ക്കാതെയിരുന്നപ്പോള്‍ എം.എന്‍.വിജയന്‍ മാഷ് പറഞ്ഞത് രാജി വെക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയമാണ് എന്നാണ്. എന്നാല്‍ ശെല്‍‌വരാജിന്റെ രാജിയില്‍ യഥാര്‍ത്ഥരാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം കൊണ്ട് ഗുണപരമായ എന്തെങ്കിലും മാറ്റം സംഭവിക്കും എന്നല്ല. പുരോഗമനത്തിന്റെ കുത്തക അവകാശപ്പെട്ടുകൊണ്ട് , യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും പുരോഗമനം ഉണ്ടാകുന്നതിന് ഏറ്റവും വലിയ വിലങ്ങ്തടി കേരളത്തില്‍ സി.പി.എം. ആണ്. ഒരു പക്ഷെ യഥാര്‍ത്ഥ ഇടത്പക്ഷം കേരളത്തില്‍ ഉയര്‍ന്നുവരികയാണെങ്കില്‍ അതിനെ തകര്‍ക്കുന്ന പ്രതിലോമ ശക്തി സി.പി.എം. തന്നെയായിരിക്കും. അത് ജനങ്ങളെ നന്നായി ബോധ്യപ്പെടുത്തുന്നതാണ് ശെല്‍‌വരാജിന്റെ രാജിയും ആ രാജിയിലെ രാഷ്ട്രീയവും.

ശെല്‍‌വരാജ് അഞ്ച് കോടി പണം വാങ്ങിയിട്ടാണ് രാജി വെച്ച് പാര്‍ട്ടിയെ വഞ്ചിച്ചത് എന്ന് മാര്‍ക്സിസ്റ്റ് നേതൃത്വവും അണികളും ഒന്നടങ്കം ആരോപിക്കുമ്പോള്‍ ശെല്‍‌വരാജിനും ചിലത് പറയാനുണ്ട്. ഒന്നും പറഞ്ഞിട്ടില്ലെങ്കില്‍ ആ ആരോപണം അദ്ദേഹം തന്നെ ശരി വെക്കുന്നതിന് തുല്യമാവുമല്ലൊ.  ഇന്നത്ത പത്രങ്ങളില്‍ (12-3-12) എനിക്കും ചിലത് പറയാനുണ്ട്  എന്ന പേരില്‍ അദേഹം ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്.  വായിക്കാത്തവര്‍ക്കായി അതിന്റെ പകര്‍പ്പ് താഴെ കൊടുക്കുന്നു. ക്ലിക്ക് ചെയ്ത് വായിക്കാം.

RS


പൊന്ന് ഉരുക്കിന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം? (തെരഞ്ഞെടുപ്പ് വിശകലനം)

പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന പോലെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടത്പക്ഷക്കാരുടെ അവസ്ഥ ഇന്ന്. ഇക്കഴിഞ്ഞ അഞ്ച് നിയമസഭാതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ഇടത്കാര്‍ക്ക് ഒരു റോളും ഇല്ല. കോണ്‍ഗ്രസ്സിന് നേട്ടം ഉണ്ടായില്ലല്ലോ എന്ന് സമാധാനിച്ചുകൊണ്ട് അവര്‍ക്ക് രാഷ്ട്രീയതിരശ്ശീലയ്ക്ക് പിന്നിലേക്ക് പോകാം. എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്; എലിക്കാഷ്ടം ഉണങ്ങിയിട്ട് കാര്യമില്ലല്ലൊ.

ഇന്ത്യയിലെ വോട്ടര്‍മാരെ അനേകം പ്രാദേശികപാര്‍ട്ടികള്‍ ഇന്ന് പങ്ക് വെച്ചിരിക്കുന്നു. പ്രാദേശികനേതാക്കളുടെ വാക്ചാതുര്യവും ഇഷ്യൂകളെ വക്രമായി അവതരിപ്പിക്കലുമൊക്കെയാണ് ശരാശരി വോട്ടര്‍മാരെ ഇന്നും ആകര്‍ഷിക്കുന്നത്. അതിനപ്പുറം  രാഷ്ട്രീയനയങ്ങളോ ദേശീയ താല്പര്യങ്ങളോ ഒന്നും രാജ്യത്തെ ഗ്രാമീണവോട്ടര്‍മാരെ സ്വാധീനിക്കുന്നില്ല. പാര്‍ട്ടി സംഘടന ഉണ്ടാക്കാ‍നും നിലനിര്‍ത്താനും അണികളെ സമാഹരിക്കാനും വോട്ട്ബാങ്ക് ഉണ്ടാക്കാനും പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിരവധി സൌകര്യങ്ങളുണ്ട്. ആ ആനുകൂല്യവും സൌകര്യങ്ങളും ദേശീയപാര്‍ട്ടികള്‍ക്ക് ഇല്ല.  ഒരു ഇഷ്യു വരുമ്പോള്‍ ദേശീയപാര്‍ട്ടികള്‍ക്ക് പ്രാദേശികതാല്പര്യത്തിനൊത്ത് സങ്കുചിതമായ നിലപാ‍ട് സ്വീകരിക്കാന്‍ കഴിയില്ല്ല.

നേതൃമോഹികള്‍ക്ക് എളുപ്പത്തില്‍ രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പ്രാദേശികരാഷ്ട്രീയം കൊണ്ട് സാധിക്കുന്നുണ്ട്. പല പ്രാദേശികപാര്‍ട്ടി നേതാക്കള്‍ക്കും നേതാവായി വിലസുക, അധികാരവും പ്രശസ്തിയും കൈവരിക്കുക എന്ന മിനിമം ലക്ഷ്യമേയുള്ളൂ.  വെറും കൈയ്യോടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കോടീശ്വരന്മാരായ എത്രയോ പ്രാദേശിക നേതാക്കളെ കാണാന്‍ കഴിയും. ചുരുക്കി പറഞ്ഞാല്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ക്ക് വളരെ അനുകൂലമാണ് അപക്വമായ ഇന്ത്യന്‍ രാഷ്ട്രീയമനസ്സ്.  അത്കൊണ്ട് ദേശീയരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വളരെ പ്രതികൂലമായ രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. ഇടത്പക്ഷരാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയില്‍ പച്ച പിടിക്കാതെ പോയതിനും കാരണം ഇത് തന്നെയാണ്. പക്ഷെ ഇന്ത്യയിലെ ഇടത്പക്ഷക്കാര്‍ക്ക് അതിലൊന്നും വേവലാതിയില്ല. കോണ്‍ഗ്രസ്സ് ഇല്ലാതാവണം എന്നല്ലാതെ ഇടത്പക്ഷക്കാര്‍ക്ക് മറ്റൊരു രാഷ്ട്രീയവും ഇല്ല. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കാണണം എന്ന മട്ടിലൊരു കുനുഷ്ട് രാഷ്ട്രീയമാണ് ഇടത് പക്ഷക്കാരുടേത്.

സ്വാതന്ത്ര്യം ലഭിച്ച ആദ്യത്തെ രണ്ട് ദശകങ്ങള്‍ വരെ ചോദ്യം ചെയ്യപ്പെടാത്ത ഭരണകക്ഷി കോണ്‍ഗ്രസ്സും മുഖ്യപ്രതിപക്ഷം ഇടത് പക്ഷങ്ങളുമായിരുന്നു. പിന്നീട് പ്രാ‍ദേശിക രാഷ്ട്രീയത്തിന് പ്രാമുഖ്യം ലഭിച്ചതോടെ കോണ്‍ഗ്രസ്സ് ശിഥിലമാവാന്‍ തുടങ്ങി.  ഇടതപക്ഷങ്ങളാണെങ്കില്‍ പടവലങ്ങ മോഡലില്‍ കുത്തോട്ട് വളരുമ്പോഴും മൂന്നാം മുന്നണി എന്നൊക്കെ പറഞ്ഞ് ചില തരികിട രാഷ്ട്രീയം കളിച്ചുനോക്കി. ആരാണോ പ്രാദേശികമായി മുന്നിലേക്ക് വരുന്ന നേതാവ് , പാഞ്ഞെത്തി  ആ നേതാവിനെ ശരണം പ്രാപിക്കുക എന്നതായിരുന്നു ആ തരികിട ഏര്‍പ്പാട്.  പ്രകാശ് കാരാട്ട് ചന്ദ്രബാബു നായുഡുവിനെ കണ്ട് ഉടനെ ജയലളിതയെ കാണാന്‍ പോയിസ് ഗാര്‍ഡനിലെത്തി അവിടെ നിന്ന് യു.പി.യിലേക്ക് വിമാനം കയറി മായാവതിയെ കണ്ട് , ഹോ എന്താ ഒരു സ്പീഡ്! ഇപ്പോള്‍ ഇടത്പക്ഷക്കാര്‍ക്ക് ഡല്‍ഹിയില്‍ വിശേഷിച്ച് പണി ഒന്നുമില്ല.  കേരളത്തില്‍ പിണറായി സഖാവ് കുറെ വ്യവസായ സംരംഭങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റുകളായി പടുത്തുയര്‍ത്തിയത്കൊണ്ട് കേന്ദ്രഘടകത്തിന് നിലനിന്നു പോകാം. അത്ര തന്നെ.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാവുന്നത് ദേശീയരാഷ്ട്രീയം രണ്ട് മുന്നണികളിലായി ധ്രുവീകരിക്കപ്പെടുന്നു എന്നതാണ്.  ശക്തിയില്ലാത്ത രണ്ട് ദേശീയപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും  ശക്തരായ പ്രാദേശിക പാര്‍ട്ടികളെ കൂടെ കൂട്ടിക്കൊണ്ട് രണ്ട് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.  പ്രാദേശികപാര്‍ട്ടികള്‍ ഏതെങ്കിലും ഒരു മുന്നണിയില്‍ ഉറച്ചുനില്‍ക്കുകയില്ല. ഏത് മുന്നണിക്കാണോ സാധ്യത ആ മുന്നണിയില്‍ ചേക്കേറുക എന്ന അവസരവാദപരമായ രാഷ്ട്രീയമായിരിക്കും പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സ്വീകരിക്കുക. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ജയലളിതയും മമത ബാനര്‍ജിയും  ഏത് മുന്നണിയില്‍ നില്‍ക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല.  മൂന്നാം മുന്നണിക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി ഇല്ല എന്ന പോലെ ഇടത്പക്ഷങ്ങള്‍ക്കും ഇനി പ്രസക്തിയില്ല. പ്രാദേശികമായോ ദേശീയമായോ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയില്ല എന്നതാണ് ഇടത്പക്ഷത്തിന്റെ ഗതികേട്.

യു.പി.യില്‍ രാഹുല്‍ ഗാന്ധി കഠിനമായി പണി എടുത്തിട്ടുണ്ട്.  പക്ഷെ ഒരു വ്യക്തിയുടെ കരിഷ്മ കൊണ്ട് മാത്രം പ്രാദേശിക രാഷ്ട്രീയത്തില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല.  സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തണമെങ്കില്‍ പാര്‍ട്ടിയൂനിറ്റുകള്‍ ഗ്രാസ്സ്‌റൂട്ട് ലവലില്‍ ചലനാത്മകമാവണം.  അതിന് കൃത്യമായി സംഘടന തെരഞ്ഞെടുപ്പ് നടത്തണം. പ്രവര്‍ത്തകര്‍ക്ക് ലക്ഷ്യബോധം നല്‍കണം.  കോണ്‍ഗ്രസ്സിന് മഹത്തായ പാരമ്പര്യവും ഏത് ഇന്ത്യക്കാ‍രനും യോജിക്കാന്‍ കഴിയുന്ന രാഷ്ട്രീയ കാഴചപ്പാടും ഉണ്ട്. രാജ്യസ്നേഹവും മതേതര-ജനാധിപത്യ ആശയങ്ങളും കോണ്‍ഗ്രസ്സിനെക്കാളും മറ്റേത് പാര്‍ട്ടിക്കാണ് ഇന്ത്യയില്‍ ഉള്ളത്?  എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി നിലകൊള്ളാനും സംസാരിക്കാനും കഴിയുക കോണ്‍ഗ്രസ്സുകാരന് മാത്രമായിരിക്കും.  ബി.എസ്.എന്‍.എല്‍ പോലെയാണ് രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ അവസ്ഥ ഇന്ന്. ബി.എസ്.എന്‍.എല്ലിന് രാജ്യത്ത് എവിടെയും ടവറുകളും ഇന്‍ഫ്രാ സ്ട്രക്‍ചറുകളുമുണ്ട്. എന്നിട്ടും അതിനെ നന്നാക്കാന്‍  ബി.എസ്.എന്‍.എല്ലുകാര്‍ ശ്രമിക്കുന്നില്ല. എന്ന പോലെ രാജ്യത്ത് ഏത് മുക്കിലും മൂലയിലും കോണ്‍ഗ്രസ്സുകാര്‍ ഉണ്ടാവും. എന്നിട്ടും കോണ്‍ഗ്രസ്സിനെ നന്നാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല.

പിന്നോക്കസമുദായത്തില്‍ നിന്നോ ദളിതരുടെയിടയില്‍ നിന്നോ ഒരു നേതാവ് ഉദിച്ചുയര്‍ന്ന് അധികാരത്തിന്റെ ഉയര്‍ന്ന ശ്രേണിയില്‍ എത്തിപ്പെട്ടാല്‍ പിന്നോക്കക്കാരും ദളിതരും രക്ഷപ്പെടും എന്നും സാമൂഹ്യനീതി കൈവരിക്കാന്‍ ആ അധികാരപ്രാപ്തി സഹായകരമാവും എന്നും കരുതുന്നത് എത്ര പമ്പരവിഢിത്തമാണ് എന്ന് മായാവതി തെളിയിച്ചിരിക്കുന്നു.  എന്തൊക്കെയാണ് അവര്‍ ഉത്തര്‍പ്രദേശില്‍ കാട്ടിക്കൂട്ടിയത്?  ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും എന്താണ് അവര്‍ അവിടെ ചെയ്തത്?  തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകള്‍ കോടിക്കണക്കിന് രൂപ ചെലവാക്കി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്?  ദളിതരും പാവപ്പെട്ടവരും ഏത് തരം സാഹചര്യങ്ങളിലാണ് ഇപ്പോഴും ജീവിയ്ക്കുന്നത് എന്ന് ആ ദളിത് നേതാവ് അധികാരം കിട്ടിയപ്പോള്‍ ഓര്‍ത്തോ?  മായാവതിയുടെ സര്‍ക്കാര്‍ ഇന്ന് രാജി വെക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പോസിറ്റിവായ ഔട്ട്കം അത് തന്നെയാണ്.

ഈ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ചാനല്‍ സ്റ്റുഡിയോകളില്‍ ഇടത് വിശകലന വിശാരദന്മാരും പങ്കെടുക്കുന്നുണ്ട്.  അവര്‍ പതിവ് പല്ലവിയില്‍ യാന്ത്രികമായി എന്തൊക്കെയോ പറയുന്നുമുണ്ട്.  റെഡിമെയിഡ് ആയിട്ടുള്ള മറുപടികളും പ്രസ്താവനകളും മാത്രമേ നടത്താവൂ എന്നൊരു അലിഖിത വിലക്ക് അവര്‍ക്കൊക്കെ ഉണ്ട്.  തങ്ങള്‍ പറയുന്നത് പരമ്പരാഗത കാഴ്ചപ്പാടിനും സാമ്പ്രദായികമായ മുന്‍‌വിധികള്‍ക്കും എതിരായിപ്പോകരുത് എന്ന സ്റ്റാന്റില്‍ നിന്നുകൊണ്ട് സ്വന്തം മനസ്സ് തുറക്കാതെ യാന്ത്രികമായാണ് എന്തും ഇടത്പക്ഷക്കാര്‍ അവതരിപ്പിക്കുക.  അത്കൊണ്ടൊക്കെ അവര്‍ കേരളം എന്ന ഇട്ടവട്ടത്തില്‍ ഒതുക്കപ്പെടുകയും ചെയ്തു.  മൌലികമായി ചിന്തിക്കാത്ത ഏത് പ്രസ്ഥാനത്തിനും കാലത്തിന് മുന്നെ സഞ്ചരിക്കാന്‍ കഴിയില്ല.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് നേട്ടം കൈവരിക്കാന്‍ കഴിയാതെ പോയത് രാഹുല്‍ ഗാന്ധിയുടെ പരാജയമാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ 22 വര്‍ഷത്തോളം അധികാരത്തിന് പുറത്ത് നില്‍ക്കുകയും സംഘടന സംവിധാനം തീര്‍ത്തും ദുര്‍ബ്ബലമാവുകയും ചെയ്ത ഒരു വലിയ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ ഒറ്റയടിക്ക് പുനരുജ്ജീവിക്കാനോ അധികാരത്തില്‍ എത്തിക്കാനോ രാഹുല്‍ ഗാന്ധിയുടെ കൈയ്യില്‍ മാന്ത്രിക വടി ഒന്നുമില്ലായിരുന്നു.  തനിക്ക് കഴിയാവുന്നത് പരമാവധി ആ ചെറുപ്പക്കാരന്‍ ഓടിച്ചാടി ചെയ്തിട്ടുണ്ട്. അല്ലാതെ ഇടത് നേതാക്കളെ പോലെ കേരളവും ബംഗാളും കഴിഞ്ഞാ‍ല്‍ ഡല്‍ഹിയും ഡല്‍ഹിയിലെ ചാനല്‍ ക്യാമറകളും എന്നതായിരുന്നില്ല രാഹുല്‍ ഗാന്ധിയുടെ ശൈലി.  ആര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 2014 ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി. രണ്ടാമത്തെ സ്ഥാനാര്‍ത്ഥി മിക്കവാറും നരേന്ദ്രമോഡിയായിരിക്കും.  മൂന്നാമതൊരു സ്ഥാനാര്‍ത്ഥി എന്തായാലും രംഗത്ത് ഉണ്ടാവില്ല. അത്കൊണ്ട് കൂടിയാണ് ഞാന്‍ ഇടത്പക്ഷക്കാരോട് ചോദിക്കുന്നത്, പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം?


ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ എന്നാല്‍ എന്ത് ?

മൊബൈല്‍ ഫോണിന്റെ പ്രചാരം നമ്മുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു എന്ന് പറയാം. മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരു ദിവസം ആര്‍ക്കും ഇന്ന് മുന്നോട്ട് പോകാന്‍ കഴിയില്ല. മൊബൈല്‍ ഫോണ്‍ കൈയ്യില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ബാഹ്യലോകവുമായി 24 മണിക്കൂറും സമ്പര്‍ക്കത്തിലാണ്.  അതിന്റെ അര്‍ത്ഥം നമ്മള്‍ മുമ്പത്തെക്കാളും ഇന്ന് സുരക്ഷിതബോധം അനുഭവിക്കുന്നു എന്നാണ്.  എന്ത് പറ്റിയാലും ഉടന്‍ തന്നെ ആരെയെങ്കിലും വിവരം അറിയിക്കാന്‍ നമുക്ക് സാധിക്കുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ എന്നാല്‍ ഫോണ്‍ ചെയ്യാന്‍ മാത്രമുള്ള ഉപകരണമല്ല. പോക്കറ്റില്‍ കൊണ്ടുനടക്കുന്ന ഒരു മിനി കമ്പ്യൂട്ടര്‍ തന്നെയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍.

അത്കൊണ്ട് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഇന്ന് ഏറെ ചിന്തിക്കാനുണ്ട്.  ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് വേണ്ടത് എന്നാണ് തീരുമാനിക്കാനുള്ളത്.  എന്താണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം (OS) എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്?

ഹാര്‍ഡ്‌വേര്‍ - സോഫ്റ്റ്‌വേര്‍  എന്ന് കേള്‍ക്കാത്ത ആളുകള്‍ ചുരുക്കമായിരിക്കും.  ഹാര്‍ഡ്‌വേര്‍ എന്നാല്‍ നമ്മള്‍ കാണുന്ന ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ചേര്‍ന്നതാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടറിന്റെ മോണിട്ടര്‍ , സി.പി.യു., കീബോര്‍ഡ്, മൌസ് , മദര്‍ബോര്‍ഡ് പിന്നെ അതിന്റെ ഉള്ളിലുള്ള എല്ലാ സാധനങ്ങളും ചേര്‍ന്നതാണ് ഹാര്‍ഡ്‌വേര്‍. നമുക്ക് അവ സ്പര്‍ശിക്കാന്‍ കഴിയും. എന്നാല്‍ സോഫ്റ്റ്‌വേര്‍ നമുക്ക് സ്പര്‍ശിക്കാന്‍ കഴിയില്ല.

സോഫ്റ്റ്‌വേര്‍ എന്നാല്‍ പ്രോഗ്രാമുകളാണ്. ഒരു കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണിലുള്ള ഒരു ആപ്ലിക്കേഷന്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് നിര്‍ദ്ദേശം കൊടുക്കുന്നത് പ്രോഗ്രാമുകള്‍ ആയിട്ടാണ്. എന്നാല്‍ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനും ഒരു പ്രോഗ്രാം വേണം. ആ പ്രോഗ്രാമാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഓ.എസ്സ്. എന്നു ചുരുക്കി പറയും. വിന്‍ഡോസ് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രോഗ്രാം ആണ്. ഓയെസ്സിനെ പ്ലാറ്റ്ഫോം എന്നും പറയാറുണ്ട്.  സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ എഴുതിയുണ്ടാക്കുന്നതാണ് പ്രോഗ്രാമുകള്‍.

ഇത്രയും പറഞ്ഞതില്‍ നിന്ന് എന്താണ് മനസ്സിലായത്?  ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന പ്രോഗ്രാം വേണം. മറ്റ് പ്രോഗ്രാമുകള്‍ അഥവാ സോഫ്റ്റ്വേറുകള്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  എന്ന പോലെ മൊബൈലിലും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വേണം.  നോകിയ ഫോണ്‍ അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ സിംബ്യന്‍ (Symbian) എന്ന പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ അവര്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് മാറുകയാണ്. ബ്ലാക്ക്ബെറിക്ക് അവരുടെ സ്വന്തം ഓയെസ്സ് ഉണ്ട്.  ആപ്പിള്‍ കമ്പനിയുടെ ഐഫോണിന് അവരുടെ ഓയെസ്സ് ( iOS) ഉണ്ട്.  ഈ പറഞ്ഞ ഓപ്പറേറ്റിങ്ങ് സിസ്റ്റം എല്ലാം സ്വകാര്യ പ്രോഗ്രാമുകള്‍ ആണ്.

എന്നാല്‍ ആന്‍ഡ്രോയ്ഡ് സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആണ്.  ഓപ്പന്‍ സോഫ്റ്റ്‌വേര്‍ എന്ന് പറയും. ആ സോഫ്റ്റ്വേറിന്റെ സോഴ്സ് കോഡ് ആര്‍ക്കും ലഭ്യമാണ്. ആര്‍ക്കും വികസിപ്പിക്കാവുന്നതും പരിഷ്ക്കരിക്കാവുന്നതുമായ പ്രോഗ്രാമുകളെയാണ് ഓപ്പന്‍ സോഫ്റ്റ്വേര്‍ എന്ന് പറയുന്നത്.  ആന്‍ഡ്രോയ്ഡും സ്വകാര്യ സോഫ്റ്റ്വേര്‍ ആയിരുന്നു. 2003 ല്‍ Android Incorporation എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ സോഫ്റ്റ്വേര്‍ വികസിപ്പിച്ചത്. പിന്നീട് 2005ല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് കമ്പനിയെ വിലക്ക് വാങ്ങി.  ഗൂഗിള്‍ എന്നാല്‍ തികച്ചും ഒരു സോഫ്റ്റ്വേര്‍ അധിഷ്ഠിത കമ്പനിയാണ്.  അവര്‍ ഹാര്‍ഡ്‌വേര്‍ ഒന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചുകൊണ്ട് ഗൂഗിള്‍ നെക്സസ് എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി.  ആ ഫോണ്‍ പക്ഷെ നിര്‍മ്മിച്ചത് ഗൂഗിളിന് വേണ്ടി HTC എന്ന കമ്പനിയാണ്.  ആന്‍ഡ്രോയ്ഡ് കമ്പനിയെ  വാങ്ങിയെങ്കിലും ആ സോഫ്റ്റ്‌വേര്‍ ഗൂഗിള്‍ പബ്ലിക്ക് ലൈസന്‍സ് പ്രകാരം ആര്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കുകയായിരുന്നു. അതിന്റെ ഫലമായി എത്രയോ കമ്പനികള്‍ ഇന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നു.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ജാവ പ്രോഗ്രാം ഉപയോഗിച്ച് പല തരത്തിലുള്ള ആപ്ലിക്കേഷനുകളും ഗെയിമുകളും രൂപകല്പന ചെയ്യാന്‍ പറ്റും. അങ്ങനെ ഇന്ന് ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്.  ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈവശമുള്ള ആള്‍ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചില ആപ്ലിക്കേഷനുകള്‍ക്ക് നാമമാത്രമായ വില കൊടുക്കേണ്ടി വരും എന്ന് മാത്രം. ഗൂഗിള്‍ ആക്കൌണ്ട് ഉള്ള ആര്‍ക്കും ഇങ്ങനെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്പ്സ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. അത് കൂടാതെ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഫ്രീയായി ലഭിക്കും.  ഐഫോണിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് വിപണി കൈയ്യടക്കൊണ്ടിരിക്കുകയാണ്.

ആന്‍ഡ്രോയ്ഡ് ഫോണിന്റെ ഒരു പോരായ്മ എന്ന് പറയുന്നത് ബാറ്ററി ചാര്‍ജ്ജ് വേഗം തീര്‍ന്നുപോകും എന്നതാണ്. കുറെ ആപ്ലിക്കേഷന്‍സ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്കൊണ്ടാണിത്. എന്നാല്‍ നെറ്റ് ബ്രൌസ് ചെയ്യാനും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ തുറക്കാനുമൊക്കെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മികച്ചതാണ്.  ഐഫോണിന്റെ സൌകര്യങ്ങള്‍ എല്ലാം ഉള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് വളരെ വിലക്കുറവില്‍ ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിനും അഭിരുചിക്കും ഇണങ്ങുന്ന ആപ്ലിക്കേഷന്‍സ് ഇന്‍സ്റ്റാള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നമുക്ക് കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും.  ആന്‍ഡ്രോയ്ഡ് കൈവശം ഇല്ലാത്ത ഒരാള്‍ കാലഗണന അനുസരിച്ച് വളരെ പിന്നിലാണ് എന്ന് പറയേണ്ടി വരും.

ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങണം എന്ന് താല്പര്യപ്പെടുന്നവരോട് അത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങുക എന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.  Flipkart , Letsbuy തുടങ്ങിയ കമ്പനികള്‍ ക്യാഷ് ഓണ്‍ ഡെലിവറി എന്ന സമ്പ്രദായത്തില്‍ ഫോണ്‍ അഡ്രസ്സില്‍ എത്തിച്ചു തരും. അവരുടെ സൈറ്റില്‍ നിന്ന് ഏത് ഫോണ്‍ ആണ് വേണ്ടത് എന്ന് സാവകാശം സെലക്റ്റ് ചെയ്യാന്‍ സാധിക്കും. പുറത്ത് മൊബൈല്‍ സ്റ്റോറുകളില്‍ MRP-യില്‍ ഒരു ഇളവും കിട്ടുകയില്ല. എന്നാല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ യഥാര്‍ത്ഥ MRP വിലയും അവര്‍ ഈടാക്കുന്ന വിലയും കാണിച്ചിരിക്കും.