സുധീരനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കുക.


വി.എം.സുധീരനാണു ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയെ പൊതുവായും ഉമ്മൻ ചാണ്ടിയെ പ്രത്യേകിച്ചും ക്രൂരമായി വേട്ടയാടിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി എന്ന നിലയിൽ സദാ ജനങ്ങൾക്കൊപ്പം നിന്ന് നടത്തിയ ജനകീയപ്രവർത്തനങ്ങൾ മൂലം കേരളത്തിലെ ജനങ്ങൾക്ക് പ്രിയങ്കരനായ നേതാവായപ്പോൾ അതിൽ കളങ്കം ചാർത്തി സ്വന്തം ആദർശ ഇമേജ് പൊലിപ്പിച്ച് യു.ഡി.എഫ്.ഭരണത്തെ അഴിമതി ഭരണമാക്കി ചിത്രീകരിക്കാനാണു സുധീരൻ ശ്രമിച്ചത്. അത് മാർക്സിസ്റ്റ് പാർട്ടിയെ സഹായിക്കാനും ഭരണം യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമവും ആയിരുന്നു. ഇത് സുധീരൻ ചെയ്തത് മന:പൂർവ്വം അല്ലെങ്കിലും ഫലത്തിൽ അതാണു സംഭവിച്ചത്. വി.എം.സുധീരൻ എല്ലായ്പ്പോഴും കോൺഗ്രസ്സിൽ ശല്യക്കാരനായിരുന്നു. എന്ന് മാത്രമല്ല സുധീരൻ കോൺഗ്രസ്സിനു ചെയ്യുന്ന ശല്യങ്ങൾ എപ്പോഴും മാർകിസ്റ്റ് പാർട്ടിക്ക് ഗുണകരവും ആയിരുന്നു. സ്പീക്കർ ആയിരുന്നപ്പോഴും ആരോഗ്യമന്ത്രി ആയപ്പോഴും സുധീരന്റെ നിലപാടുകൾ കോൺഗ്രസ് പാർട്ടിക്ക് ദ്രോഹവും സി.പി.എമ്മിനു നേട്ടവും വരുത്തി വയ്ക്കുന്നതായിരുന്നു.

ഇപ്പോൾ സുധീരൻ പറയുന്നു, ഗ്രൂപ്പ് മാനേജർമാരുടെ നിസ്സഹകരണം കൊണ്ടാണു താൻ കെ.പി.സി.സി. പ്രസിഡണ്ട് പദം രാജി വയ്ക്കേണ്ടി വന്നത് എന്ന്. സത്യത്തിൽ സംഭവിച്ചത് സുധീരൻ പ്രസിഡണ്ട് പദത്തിൽ അവരോധിക്കപ്പെട്ടത് കൊണ്ട് മാത്രമാണു യു.ഡി.എഫിനു തുടർഭരണം നഷ്ടപ്പെട്ടത്. സുധീരൻ ചിന്തിക്കുന്നത് തന്നെ പറ്റിയും തന്റെ ആദർശങ്ങളെ പറ്റിയും ഇമേജ്നെ പറ്റിയും മാത്രമാണു അല്ലാതെ കോൺഗ്രസ്സ് പാർട്ടിയെ പറ്റിയല്ല. പാർട്ടിയെ പറ്റി ചിന്തിച്ചാൽ പല നീക്കുപോക്കുകൾക്കും അഡ്‌ജസ്റ്റുമെന്റുകൾക്കും തയ്യാറാകേണ്ടി വരും. എന്തെന്നാൽ രാഷ്ട്രീയം വെറും ആദർശാധിഷ്ഠിതമല്ല. വിവിധങ്ങളായ പാർട്ടികളും അവ ക്ഷുദ്രമായ പ്രവർത്തനങ്ങളും പ്രചരണങ്ങളും നടത്തുമ്പോൾ രാഷ്ട്രീയം തന്ത്രങ്ങളുടെയും നീക്കുപോക്കുകളുടെയും കലയാവുകയാണു. എല്ലാ രാഷ്ട്രീയപാർട്ടികളും ആദർശങ്ങളിൽ നിന്നുകൊണ്ട് മാന്യമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ കോൺഗ്രസ്സിനും തീർത്തും ആദർശരാഷ്ട്രീയം കൊണ്ടു നടക്കാൻ പറ്റൂ. കേരളത്തിൽ സി.പി.എമ്മിന്റെ കുടിലവും അക്രമോത്സുകവുമായ നീചരാഷ്ട്രീയത്തെയാണു കോൺഗ്രസ്സിനു നേരിടേണ്ടതായിട്ടുള്ളത്. അവിടെ ആദർശം മുറുകെ പിടിച്ചാൽ അത് മാർക്സിസ്റ്റ് പാർട്ടിക്ക് അനുഗുണമാവുകയാണു ചെയ്യുക. കോൺഗ്രസ്സിൽ നിന്നുകൊണ്ട് സുധീരൻ എപ്പോഴും ചെയ്യുന്നതും അതാണു. കോൺഗ്രസ്സിനെ ശിഥിലീകരിച്ച് സി.പി.എമ്മിനു വളം വെച്ചുകൊടുക്കുക.

രാജി വയ്ക്കേണ്ടി വന്നതിനെ പറ്റി വിലപിക്കുന്ന സുധീരൻ എങ്ങനെയാണു കോൺഗ്രസ്സിന്റെ പി.സി.സി.പ്രസിഡണ്ട് ആയത്? രാഹുൽ ഗാന്ധിക്ക് പറ്റിയ തെറ്റായിരുന്നു സുധീരനെ ആ സ്ഥാനത്ത് നിയമിച്ചത്. കേരളത്തിലെ കോൺഗ്രസ്സുകാരിൽ 99 ശതമാനം പേർക്കും സുധീരൻ പ്രസിഡണ്ട് ആകുന്നതിനോട് താല്പര്യം ഇല്ലായിരുന്നു. കാരണം സുധീരനെ കോൺഗ്രസ്സുകാർക്ക് അറിയാം. മറ്റ് നേതാക്കളുടെ പ്രവർത്തനങ്ങൾ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടിയാകുമ്പോൾ സുധീരൻ പ്രവർത്തിക്കുക തന്റെ അപ്രായോഗികമായ ആദർശങ്ങൾക്ക് വേണ്ടി പിടിവാശി പിടിച്ച് പുണ്യാളൻ ചമയാനാണു. പാർട്ടി നശിച്ചാലും വേണ്ടില്ല തന്റെ ഇമേജ് കത്തി നിൽക്കണം എന്ന സ്വാർത്ഥത മാത്രമേ സുധീരനുള്ളൂ. പ്രസിഡണ്ട് ആയ ഉടനെ തന്നെ സുധീരൻ പണി തുടങ്ങിയിരുന്നു. എങ്ങനെ ഉമ്മൻ ചാണ്ടിയെ ദ്രോഹിക്കാം എന്നാണു ചിന്തിച്ചത്. അങ്ങനെയാണു ബാറിൽ കയറി പിടിച്ചത്. തുടർന്ന് കോൺഗ്രസ്സ് മന്ത്രിമാർ അഴിമതിക്കാരാണെന്ന് സ്ഥാപിക്കാനായി ശ്രമം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികൾ കളങ്കിതർ ആണെന്ന് പറഞ്ഞ് ഡൽഹിയിൽ പോയി തമ്പടിച്ചു. അങ്ങനെ സുധീരൻ കൂടി ഉത്സാഹിച്ചതിന്റെ ഫലമാണു ഇന്നത്തെ എൽ.ഡി.എഫ്. ഭരണം. ഈ ഭരണത്തിന്റെ മഹിമ ജനം കാണുന്നുമുണ്ട്.

വീണ്ടും യു.ഡി.എഫ്. ഭരണത്തിൽ വന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നത് സുധീരനു ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ജനകീയനായ ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകാൻ ജനങ്ങൾ കൊതിച്ചപ്പോൾ സുധീരൻ പാര വെച്ച് പിണറായിയെ മുഖ്യമന്ത്രിയാക്കി. എന്നിട്ടിപ്പോൾ സുധീരൻ വിലപിക്കുകയാണു. സുധീരൻ പ്രസിഡണ്ടായതാണു കോൺഗ്രസ്സിനു ഈ നില ഇന്ന് വരാൻ കാരണം. സുധീരൻ പത്രക്കാരെ വിളിച്ച് പറഞ്ഞത് പോലെ താൻ സുധീരനാൽ വേട്ടയാടപ്പെട്ട ക്രൂരതകൾ ഉമ്മൻ ചാണ്ടിക്ക് പരസ്യമായി പറയാൻ കഴിയില്ല. കാരണം ഉമ്മൻ ചാണ്ടിക്ക് പാർട്ടിയെ നോക്കണം. തന്റെ വാക്കുകൾ പാർട്ടിക്ക് പോറൽ ഏല്പിക്കുമോ എന്ന് ചിന്തിക്കണം. സുധീരനു തന്റെ ആദർശവും ഇമേജും മാത്രം നോക്കിയാൽ മതി. അതുകൊണ്ട് ഉമ്മൻ ചാണ്ടി എല്ലാം മനസ്സിൽ അടക്കി വയ്ക്കുകയാണു. സുധീരൻ പ്രസിഡണ്ട് ആയപ്പോൾ പറഞ്ഞത് താൻ ഗ്രൂപ്പ് ഇല്ലാതാക്കും എന്നാണു. എന്നാൽ സുധീരൻ രഹസ്യമായി ചെയ്തത് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി അത് വിപുലപ്പെടുത്താനാണു. കോൺഗ്രസ്സിൽ എല്ലായ്പ്പോഴും ഗ്രുപ്പ് ഉണ്ടെങ്കിലും നിർണ്ണായകമായ അവസരങ്ങളിൽ എല്ലാ ഗ്രൂപ്പുകാരും ഒറ്റക്കെട്ട് ആയിരിക്കും. ഗ്രൂപ്പുകൾ കൊണ്ട് കോൺഗ്രസ്സ് പാർട്ടിക്ക് ദോഷം ഒരിക്കലും ഉണ്ടായിട്ടില്ല. കാരണം ഗ്രൂപ്പുകൾ ഉണ്ടെങ്കിലും കോൺഗ്രസ്സ് എന്ന വികാരം എല്ലാവരെയും ഒന്നിപ്പിക്കുകയും പാർട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കാൻ സജ്ജരാക്കുകയും ചെയ്തിരുന്നു. എന്നാൽ സുധീരനും അനുയായികൾക്കും പാർട്ടിയെക്കാൾ വലുത് ആദർശങ്ങളായിരുന്നു. ആദർശങ്ങൾ സഫലമാക്കാനുള്ള വേദിയല്ല രാഷ്ട്രീയപാർട്ടികൾ. ആനുകാലികമായി ഉയർന്നു വരുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും പ്രായോഗികമായി പരിഹരിക്കാനാണു പാർട്ടികൾ ശ്രമിക്കുക. ആദർശം പ്രസംഗിക്കാൻ കൊള്ളാം. എന്നാൽ പ്രശ്നങ്ങൾ പ്രായോഗികമായി തരണം ചെയ്യാൻ കഴിവുകൾ വേറെ വേണം.

കോൺഗ്രസ്സുകാർ ചിന്തിക്കുക. കേരളത്തിൽ സി.പി.എമ്മിനോടും ബി.ജെ.പി.യോടും ഏറ്റുമുട്ടി ഒരു ജനാധിപത്യ-മതേതര കേരളം നിലനിർത്തുക എന്നതാണു കോൺഗ്രസ്സ് പാർട്ടിയുടെ മുന്നിലുള്ള ദൗത്യം. സി.പി.എമ്മിന്റെ ഏകാധിപത്യ- അക്രമരാഷ്ട്രീയവും ബി.ജെ.പി.യുടെ മതാത്മക രാഷ്ട്രീയവും ഇഷ്ടപ്പെടാത്ത ജനങ്ങൾ കേരളത്തിലുണ്ട്. അവരുടെ പ്രത്യാശയാണു കോൺഗ്രസ്സ്. ആ ദൗത്യം ഒറ്റയ്ക്ക് ഏറ്റെടുക്കാൻ കോൺഗ്രസ്സ് പാർട്ടിക്ക് കഴിയില്ല. അത് കൊണ്ടാണു കോൺഗ്രസ്സും ലീഗും കേരള കോൺഗ്രസ്സും ഒക്കെ ഉൾപ്പെടുന്ന ഒരു മുന്നണി സംവിധാനം അനിവാര്യമാകുന്നത്‌. ഈ മുന്നണിയുടെ ലക്ഷ്യം സുധീരന്റെയും അനുയായികളുടെയും ആദർശം സഫലമാക്കലല്ല. സി.പി.എമ്മിന്റെ സ്വേഛാധിപത്യവും അക്രമവും ബി.ജെ.പി.യുടെ പൗരാണിക മതാത്മകതയും പ്രതിരോധിച്ച്‌ ജനങ്ങൾക്ക്‌ പരമാവധി സൽഭരണം കാഴ്ച വയ്ക്കലാണു. ഉമ്മൻ ചാണ്ടിക്ക്‌ അത്‌ സാധിച്ചിരുന്നു എന്ന് ശത്രുക്കൾ പോലും സമ്മതിക്കും. സി.പി.എമ്മിനു എപ്പോൾ ഭരണം കിട്ടിയാലും നടപ്പാക്കുക പാർട്ടി സെൽ ഭരണം ആയിരിക്കും. അത്‌ ജനാധിപത്യവിരുദ്ധമാണു.

അത്‌ കൊണ്ട്‌ സുധീരനെ വെച്ചുകൊണ്ട്‌ കോൺഗ്രസ്സ്‌ പാർട്ടിക്ക്‌ മുന്നോട്ട്‌ പോകാൻ കഴിയില്ല. ഇപ്പോൾ മാധ്യമങ്ങൾക്ക്‌ മുന്നിൽ വെച്ച്‌ സുധീരൻ മുതലക്കണ്ണീർ ഒഴുക്കിയത്‌ പാർട്ടിക്ക്‌ ഗുണത്തിനു വേണ്ടിയാണോ? അല്ല. സ്വന്തം ഇമേജ്‌ മഹത്വവൽക്കരിക്കാൻ വേണ്ടി മാത്രം. കോൺഗ്രസ്സ്‌ പാർട്ടിക്ക്‌ കേരളത്തിൽ പ്രവർത്തിക്കാൻ ഒപ്പം വേണ്ടത്‌ ഘടകകക്ഷികളാണു. അല്ലാതെ കോൺഗ്രസ്സിൽ നിന്നുകൊണ്ട്‌ സി.പി.എമ്മിനു വളം വെച്ചു കൊടുക്കുന്ന സുധീരൻ എന്ന കരിങ്കാലിയല്ല. സുധീരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാതെ ഇനി കേരളത്തിൽ കോൺഗ്രസ്സിനു പ്രവർത്തിക്കാനാവില്ല. മറ്റെല്ലാ കോൺഗ്രസ്സുകാരും കേരളത്തിന്റെ ജനാധിപത്യ-മതേതര താൽപര്യങ്ങൾ മുൻ നിർത്തി എല്ലാം മറന്ന് ഐക്യപ്പെടുകയും വേണം.