Links

കൊളസ്ട്രോൾ നമ്മുടെ ശത്രുവോ മിത്രമോ ?

എന്താണ് കൊളസ്ട്രോൾ ?

കൊളസ്ട്രോൾ ഒരു തരം കൊഴുപ്പ് ( fat ) ആണ്. കൊളസ്ട്രോൾ നമ്മുടെ കരൾ ആണ് ഉല്പാദിപ്പിക്കുന്നത്.  ഭക്ഷണത്തിൽ നിന്നും അതായത് മത്സ്യം,മാംസം, മുട്ട, പാൽ മുതലായ മാംസാഹാരത്തിൽ നിന്നും കൊളസ്ട്രോൾ നേരിട്ട് ലഭിക്കുന്നു.  ഇങ്ങനെ ലഭിക്കുന്ന കൊളസ്ട്രോൾ ഏകദേശം 20 ശതമാനത്തോളം ആണെന്നും ബാക്കി കരൾ ഉല്പാദിപ്പിക്കുന്നു എന്നാണു കണക്കാക്കിയിട്ടുള്ളത്.  ജന്തുശരീരകോശങ്ങളുടെ നിർമ്മിതിയ്ക്ക് ഒഴിച്ചുകൂടാനാകത്തതാണ് കൊളസ്ട്രോൾ.  അത്കൊണ്ട് രക്തത്തിൽ മാത്രമല്ല നമ്മുടെ എല്ലാ കോശങ്ങളിലും കൊളസ്ട്രോൾ ഉണ്ട്. ഒരു കോശം പുതിയതായി ഉണ്ടാകണമെങ്കിൽ കൊളസ്ട്രോൾ വേണം. അപ്പോൾ കൊളസ്ട്രോളിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലൊ.  ഒരുപാട് ശാരീരികപ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അത്യാവശ്യമാണ്.  സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ നമ്മുടെ ചർമ്മം വൈറ്റമിൻ ഡി ഉല്പാദിപ്പിക്കുന്നത് ചർമ്മകോശത്തിലെ കൊളസ്ട്രോൾ ആണ്. 

എത്ര തരം കൊളസ്ട്രോൾ ഉണ്ട് ?


കൊളസ്ട്രോൾ ഒന്നേയുള്ളൂ.  പക്ഷെ കരളിൽ നിന്ന് കൊളസ്ട്രോളിനെ രക്തത്തിലൂടെ കോശങ്ങളിൽ എത്തിക്കുന്നത് ലോ-ഡെൻസിറ്റി ലിപോപ്രോട്ടീൻ (LDL) എന്ന ഒരു ആവരണത്തിൽ പൊതിഞ്ഞിട്ടാണ്. അത് കൊണ്ട് LDL എന്ന ലിപോപ്രോട്ടീനും അതിലുള്ള കൊളസ്ട്രോളിനെയും ചേർത്ത് LDL കൊളസ്ട്രോൾ എന്ന് പറഞ്ഞു വരുന്നു.


അത് പോലെ തന്നെ രക്തത്തിൽ അധികം വരുന്ന കൊളസ്ട്രോളിനെ എടുത്ത് തിരികെ കരളിലേക്ക് എത്തിക്കുന്നത് HDL  എന്ന ഹൈ-ഡെൻസിറ്റി ലിപോപ്രോട്ടീൻ ആണ്. ഈ HDL-ഉം അതിലുള്ള കൊളസ്ട്രോളും ചേർത്ത് HDL കൊളസ്ട്രോൾ എന്നും പറഞ്ഞു വരുന്നു എന്ന് മാത്രം. കൊളസ്ട്രോളിലോ അതിന്റെ തന്മാത്രാരൂപത്തിലോ വ്യത്യാസമില്ല. എന്നാൽ ലിപോപ്രോട്ടീനിൽ വ്യത്യാസമുണ്ട്. അത് വേറെ ചോദ്യത്തിന്റെ ഉത്തരമായി ചേർത്തിട്ടുണ്ട്. 

സസ്യാഹാരത്തിൽ നിന്ന് കൊളസ്ട്രോൾ ലഭിക്കുമോ?


ഇല്ല. സസ്യകോശങ്ങളിൽ കൊളസ്ട്രോൾ ഇല്ല. അതുകൊണ്ട് തന്നെ സസ്യാഹാരത്തിൽ നിന്ന് കൊളസ്ട്രോൾ കിട്ടുകയില്ല.


കൊളസ്ട്രോളിൽ നല്ലതും ചീത്തയും ഉണ്ടോ?


ഇല്ല. പക്ഷെ അങ്ങനെ ഒരു ഹൈപ്പോതീസിസ് പ്രചാരത്തിലുണ്ട്.  LDL എന്ന ലിപോപ്രോട്ടീൻ രക്തധമനികളിൽ കൊളസ്ട്രോൾ നിക്ഷേപിക്കുകയും അങ്ങനെ ആ കൊഴുപ്പ് അടിഞ്ഞുകൂടി പ്ലാക്ക് ആയി രൂപാന്തരപ്പെട്ട് ബ്ളോക്ക് ഉണ്ടാക്കുകയും അത് ഹൃദ്രോഗത്തിനു ഇടയാക്കും എന്ന ധാരണയുടെ പുറത്ത് എൽ.ഡി.എൽ.കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആണെന്നും ,  രക്തത്തിൽ അധികമുള്ള കൊളസ്ട്രോളിനെ HDL എന്ന ലിപോപ്രോട്ടീൻ കരളിലേക്ക് തിരികെ എടുത്ത് കൊണ്ടു പോകുന്നത് കൊണ്ട് HDL കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ ആണെന്നും ഉള്ള ധാരണയാണ് പരക്കെയുള്ളത്. പക്ഷെ ഈ ഹൈപ്പോതിസിസ് സയന്റിഫിക്ക് ആയി തെളിയിക്കപ്പെട്ടിട്ടില്ല.


അപ്പോൾ കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞു കൂടി ബ്ളോക്ക് ഉണ്ടാക്കുകയില്ലേ?
ഒരിക്കലും ഇല്ല.

അപ്പോൾ ബ്ളോക്ക് ഉണ്ടാകുന്നത് എങ്ങനെയാണ്?

വഴിയെ പറയാം.

ശരീരം കൊളസ്ട്രോൾ ലവൽ നിലനിർത്തുന്നുണ്ടോ?  



തീർച്ചയായും.  ഭക്ഷണത്തിൽ നിന്ന് കൊളസ്ട്രോൾ നേരിട്ട് ലഭിക്കുന്നത് അധികമാകുമ്പോൾ കരൾ കൊളസ്ട്രോളിന്റെ ഉല്പാദനം കുറയ്ക്കുന്നു. ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത് കുറയുമ്പോൾ കരൾ അധികം കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നു. 


എന്താണ് ലിപോപ്രോട്ടീൻ ?


കൊളസ്ട്രോളിനെ രക്തത്തിലൂടെ ഓരോ ശരീരകോശത്തിലും വഹിച്ചു കൊണ്ടു പോകുന്ന, കൊഴുപ്പും പ്രോട്ടീനും ചേർന്ന ആവരണം ആണ് ലിപോപ്രോട്ടീൻ ((lip-o-PRO-teen). ഇതിന്റെ ഉൾവശം കൊഴുപ്പും (lipid) പുറം വശം പ്രോട്ടീനും ആയിരിക്കും. 


എത്ര തരം ലിപോപ്രോട്ടീൻ ഉണ്ട്?


നാല് തരം ലിപോപ്രോട്ടീനെ പറ്റി പറയാം. വേറെയും ഉണ്ട്.


1) Very low density lipoproteins (VLDL) : ഇത് ലിവർ ആണു നിർമ്മിക്കുന്നത്.  ട്രൈഗ്ലിസറൈഡ്‌സും (triglycerides) കുറഞ്ഞ അളവിൽ കൊളസ്ട്രോളും രക്തത്തിലൂടെ കോശങ്ങളിൽ എത്തിക്കലാണ് ഇതിന്റെ ദൗത്യം. ഇതിൽ നിന്ന് ട്രൈഗ്ലിസറൈഡ്സ് തീരെ കുറഞ്ഞു പോകുമ്പോൾ ഇത് LDL ആയി മാറുന്നു.

2) Intermediate-density lipoproteins (IDL): VLDL ഡിഗ്രേഡ് ചെയ്യപ്പെട്ടാണ് IDL ഉണ്ടാകുന്നത്.

3) Low-density lipoproteins (LDL) : ഇതാണ് നമ്മുടെ താരം. ഇതിൽ ട്രൈഗ്ലിസറൈഡ്സ് നാമമാത്രമായേ ഉണ്ടാകൂ. എല്ലാ ശരീരകോശങ്ങളിലേക്കും  കൊളസ്ട്രോൾ വഹിച്ചുകൊണ്ട് പോകുന്നു. LDL-ന് ചീത്തപ്പേര് ഉണ്ടാകാൻ കാരണം, ഇത് പല സൈസുകളിൽ ഉണ്ട്. തീരെ ചെറിയ സൈസ് LDL ഓക്സിഡൈസേഷനു വിധേയമാവുകയും രക്തധമനിയിൽ രൂപപ്പെടുന്ന കട്ടി അല്ലെങ്കിൽ പ്ലാക്കിന്റെ ഭാഗമാവുകയും ചെയ്യും.  എന്നാൽ ആരോഗ്യമുള്ള ഒരാളിൽ മറ്റ് കാരണങ്ങൾ ഇല്ലാതെ കൊളസ്ട്രോൾ അല്ലെങ്കിൽ LDL കൂടിപ്പോയി എന്ന ഒറ്റ കാരണത്താൽ  ആതറോസ്ക്ലിറോട്ടിക്ക് പ്ലാക്ക് (Atherosclerotic plaque) എന്ന അവസ്ഥയോ ബ്ളോക്കോ ഉണ്ടാവുകയില്ല. ഇതിനെ പറ്റി വേറെ ചോദ്യത്തിനു ഉത്തരമായി പറയാം.

4) High-density lipoprotein (HDL) : രക്തത്തിൽ അധികം വരുന്ന കൊളസ്ട്രോളിനെ എടുത്ത് ലിവറിൽ എത്തിക്കുന്നു.  കൊളസ്ട്രോൾ പരമാവധി നഷ്ടപ്പെടാതിരിക്കാനുള്ള ഉപായം ആണിത്.  എന്നാൽ രക്തത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു എന്ന് പറഞ്ഞ്, ഈ എച്ച്.ഡി.എല്ലും കൊളസ്ട്രോളും ചേർന്ന HDL കൊളസ്ട്രോളിനെ നല്ല കൊളസ്ട്രോൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.  നീക്കം ചെയ്യലല്ല, റി-യൂസ് ചെയ്യാൻ ലിവറിലേക്ക് എത്തിക്കുകയാണ് HDL ചെയ്യുന്നത് എന്ന് പ്രത്യേകം മനസ്സിലാക്കുക. 


എന്താണ്  ലോ ഡെൻസിറ്റി ലിപോപ്രോട്ടീനും (LDL) ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീനും  (HDL)  തമ്മിലുള്ള വ്യത്യാസം? 
എല്ലാ തരം ലിപോപ്രോട്ടീനിലും ഒരു മാതിരി കൊഴുപ്പും പ്രോട്ടീനും ആണുള്ളത്. LDL -ഉം  HDL- ഉം തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ  LDL-ൽ അതിന്റെ ഭാരത്തിന്റെ 50 ശതമാനത്തോളം കൊളസ്ട്രോളും 25 ശതമാനം പ്രോട്ടീനും ആയിരിക്കും. അതേ സമയം HDL-ൽ അതിന്റെ ഭാരത്തിന്റെ 20 ശതമാനം മാത്രം കൊളസ്ട്രോളും 50 ശതമാനം പ്രോട്ടീനും ആയിരിക്കും. LDL -ലും  HDL-ലും ഉള്ള പ്രോട്ടീനിലും വ്യത്യസമുണ്ട്.  LDL എന്ന  Low-density lipoproteins-ൽ B-100 proteins-ഉം HDL-ൽ  A-I and A-II proteins-ഉം ആണുള്ളത്. ഈ വ്യത്യാസമാണ് അവയുടെ പ്രവർത്തനത്തിലും വ്യത്യസ്തത ഉണ്ടാക്കുന്നത്.

എന്തിനാണു ലിപോപ്രോട്ടീൻ? കരളിനു കൊളസ്ട്രോൾ നേരിട്ട് രക്തത്തിൽ കടത്തിവിട്ട് കൂടേ?


കൊളസ്ട്രോൾ ഒരു കൊഴുപ്പ് ആണെന്ന് പറഞ്ഞല്ലൊ.  രക്തം വാട്ടർ ബേസ് ആണു. കൊഴുപ്പ് രക്തത്തിൽ സഞ്ചരിക്കില്ല. ഫ്ളോട്ട് (float) ചെയ്യും. അതുകൊണ്ട് പുറമേ പ്രോട്ടീനും ഉള്ളിൽ കൊഴുപ്പും ഉള്ള ലിപോപ്രോട്ടീൻ എന്ന കവറിൽ പൊതിഞ്ഞ് ലിവർ കൊളസ്ട്രോളിനെ രക്തത്തിൽ കടത്തിവിടുന്നു.




എന്തിനാണു രക്തത്തിലെ കൊളസ്ട്രോളിനെ HDL വീണ്ടും കരളിൽ തിരികെ എത്തിക്കുന്നത്? 



സാധാരണ ഗതിയിൽ ശരീരത്തിനു ആവശ്യമില്ലാത്ത പദാർത്ഥങ്ങളെ കിഡ്‌നി വഴി ശരീരം അപ്പപ്പോൾ പുറന്തള്ളുകയാണ് ചെയ്യുക.  എന്നാൽ രക്തത്തിൽ അധികം വരുന്ന കൊളസ്ട്രോളിനെ അങ്ങനെ പുറന്തള്ളാതെ  തിരികെ എത്തിച്ച് കരൾ അത് റിസൈക്കിൾ ചെയ്ത് LDL മുഖേന വീണ്ടും രക്തത്തിലേക്ക് കടത്തി വിടുന്നു. കൊളസ്ട്രോൾ പരമാവധി കൺസേർവ്  ചെയ്യുക എന്ന ശരീരത്തിന്റെ ഉപായം ആണിത്.


രക്തധമനികളിൽ പ്ലാക്ക് ഉണ്ടായി ബ്ളോക്ക് ഉണ്ടാകാൻ കാരണമെന്ത്? 


നമ്മൾ ഇപ്പോൾ യഥാർത്ഥ പ്രശ്നത്തിലേക്ക് കടക്കുകയാണ്. കൊളസ്‌ട്രോൾ അടിഞ്ഞുകൂടിയിട്ടാണ് ഹൃദയത്തിൽ ബ്ലോക്കുണ്ടാകുന്നത് എന്നാണല്ലോ പൊതുവെ ഇപ്പോൾ വിശ്വസിച്ചു വരുന്നതും പ്രചരിപ്പിക്കുന്നതും.

രക്തധമനികളിൽ പ്ലാക്ക് രൂപപ്പെട്ട് ധമനികളുടെ  വ്യാസം കുറഞ്ഞ് ,  രക്തം ഒഴുകുന്നതിനു തടസ്സം നേരിട്ട് ബ്ളോക്ക് ഉണ്ടായി സ്ട്രോക്ക് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് വരെ ഉണ്ടാകുന്ന അവസ്ഥയ്ക്ക് അതറോസ്ക്ലിറോസിസ് (Atherosclerosis) എന്നാണു പറയുക. Without cholesterol there would be no atherosclerosis, but also there would be no life എന്ന് പറയാറുണ്ട്. കൊളസ്ട്രോൾ ഇല്ലെങ്കിൽ അതറോസ്ക്ലിറോസിസ് ഇല്ല, പക്ഷെ ജീവനും ഇല്ല. അതറോസ്ക്ലിറോസിസ് ഉണ്ടാവാൻ പല കാരണങ്ങളും ഉണ്ട്. പക്ഷെ കോളസ്ട്രോൾ ഒരു കാരണമേയല്ല. എന്നാൽ അതറോസ്ക്ലിറോസിസ് മൂലം ഉണ്ടാകുന്ന കട്ടിയിൽ അഥവാ പ്ലാക്കിൽ (atherosclerotic plaque) കൊളസ്ട്രോൾ ഒരു ഘടകപദാർത്ഥമാണ്. അതായത് കൊളസ്ട്രോൾ ചിത്രത്തിൽ വരുന്നത് പിന്നീടാണ്.


അതറോസ്ക്ലിറോസിസ് രോഗം ബാധിച്ചാൽ, ബാധിച്ച രക്തക്കുഴലിന്റെ ഭാഗത്ത് കൊളസ്ട്രോൾ എത്തുന്നത് തടയാൻ ലിവർ  LDL ഉല്പാദിപ്പിക്കുന്നത് നിയന്ത്രിച്ചാൽ പ്ലാക്ക് വലുതാകുന്നത് തടയാൻ സാധിക്കും.  അപ്പോഴും പക്ഷെ ഓർമ്മിക്കണം അതറോസ്ക്ലിറോസിസ്  ഉണ്ടാവാൻ കാരണം കൊളസ്ട്രോളോ LDL-ഓ അല്ല. അത് മനസ്സിലാക്കാൻ ധമനിയിൽ പ്ലാക്ക് രൂപപ്പെടുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഓക്സിജൻ കലർന്ന രക്തത്തെ എല്ലാ കോശങ്ങളിലേക്കും എത്തിക്കുക എന്നതാണല്ലോ രക്തധമനികളുടെ ദൗത്യം. അതറോസ്ക്ലിറോസിസ് ബാധിക്കുക എന്ന് പറഞ്ഞാൽ രക്തധമനികളുടെ ഉൾഭിത്തിയിൽ പ്ലാക്ക് രൂപപ്പെടുകയും അങ്ങനെ ധമനികളുടെ വ്യാസം കുറഞ്ഞ് , കട്ടി കൂടി രക്തത്തിനു സുഗമമായി ഒഴുകാൻ കഴിയാത്ത അവസ്ഥയാണ് എന്ന് പറഞ്ഞല്ലൊ.  കൊഴുപ്പ് തന്മാത്രകൾ, കാൽസിയം,  വെള്ള രക്താണുക്കൾ, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള പദാർത്ഥങ്ങൾ ചേർന്നാണ് ഈ പ്ലാക്ക് രൂപപ്പെടുന്നത്.

ഈ പ്ലാക്ക് രൂപപ്പെടണമെങ്കിൽ രക്തധമനികളുടെ ഉൾഭിത്തിയിൽ എന്തെങ്കിലും ക്ഷതം സംഭവിക്കണം.  ഈ ക്ഷതം സംഭവിക്കാൻ ഹൈ ബ്ലഡ് പ്രഷർ, പുകവലി എന്നിങ്ങനെ പല കാരണങ്ങൾ ഉണ്ടാവാം.  ഇതൊന്നും ഇല്ലാത്ത അവസ്ഥയിൽ ചുമ്മാ പോയി LDL കൊളസ്ട്രോൾ നിക്ഷേപിച്ച് പ്ലാക്ക് ഉണ്ടാവുകയില്ല. ഇത് ഒരു പ്രധാന പോയന്റ് ആയി കണക്കിലെടുക്കണം.

ഇങ്ങനെ ക്ഷതം സംഭവിച്ച ധമനിയുടെ ഭാഗത്തേക്ക് അത് ഗുണപ്പെടുത്താൻ വേണ്ടിയാണ് കൊളസ്ട്രോളും മറ്റ് പദാർത്ഥങ്ങളും തലച്ചോറിന്റെ നിർദ്ദേശാനുസരണം അയക്കപ്പെടുന്നത്. കൊളസ്ട്രോളിനെ അവിടേക്ക് എത്തിക്കുന്നത് LDL തന്നെ.  LDL-ഉം കൊളസ്ട്രോളും ഇല്ലെങ്കിൽ അവിടെ പാക്ക് രൂപപ്പെട്ട് അതറോസ്ക്ലിറോസിസ് എന്ന അവസ്ഥ ഉണ്ടാവുകയില്ല എന്നത് നേര് തന്നെ.

പക്ഷെ, ധമനിയിൽ ക്ഷതം സംഭവിച്ചാൽ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം അത് ഗുണപ്പെടുത്താൻ വേണ്ടി വെള്ള രക്താണുക്കളെ അങ്ങോട്ട് അയക്കും.  അത് അവിടെ ഒരു ഇൻഫ്ലമേഷൻ അല്ലെങ്കിൽ വീക്കം ഉണ്ടാക്കും.  ഇൻഫ്ലമേഷൻ എന്ന അവസ്ഥ നമുക്ക് അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും എന്ത് ക്ഷതം എവിടെ സംഭവിച്ചാലും അത് ഗുണപ്പെടുത്താനുള്ള ശരീരത്തിന്റെ പ്രാഥമിക നടപടിയാണ് ഇൻഫ്ലമേഷൻ എന്ന് സാന്ദർഭികമായി ഇവിടെ പറഞ്ഞു വയ്ക്കട്ടെ.

ഒരിക്കൽ മാത്രം നേരിയ തോതിൽ രക്തധമനിയിൽ ക്ഷതമോ അല്ലെങ്കിൽ ഇറിറ്റേഷനോ ഉണ്ടായാൽ അത് സ്വാഭാവികമായി ഭേദമാകും. പക്ഷെ ഇറിറ്റേഷൻ തുടർന്നാൽ ധമനികളുടെ ഭിത്തി ദുർബലമാവുകയും  കൊളസ്ട്രോൾ വഹിക്കുന്ന വളരെ ചെറിയ (VLDL) ലിപോപ്രോട്ടീൻ ഓക്സിഡൈസേഷനു വിധേയമായി കൊളസ്ട്രോളും മറ്റും ഭിത്തിയുടെ ഉള്ളിൽ പ്രവേശിക്കുകയും  എല്ലാം കൂടി പ്ലാക്ക് രൂപപ്പെട്ട് അതറോസ്ക്ലിറോസിസ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.  ഇത്രയും പറഞ്ഞതിൽ നിന്ന് ബ്ളോക്ക് ഉണ്ടാകാനുള്ള മൂലകാരണം കൊളസ്ട്രോളോ LDL-ഓ അല്ല എന്നാണു ഞാൻ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. നിങ്ങൾക്കും ഇത് ബോധ്യമായിരിക്കും എന്ന് കരുതുന്നു.  മൂലകാരണം ഇല്ലാതാക്കാൻ ജീവിതശൈലി കൊണ്ട് അവനവൻ ശ്രമിക്കേണ്ടതാണു.  അതേ സമയം അതറോസ്ക്ലിറോസിസ് ബാധിച്ച് കഴിഞ്ഞാൽ കൊളസ്ട്രോളും LDL-ഉം കുറയ്ക്കാൻ ചികിത്സ അത്യാവശ്യവും ആണ്.


കൊളസ്ട്രോൾ ടെസ്റ്റ് ചെയ്തപ്പോൾ എനിക്ക് അത് അധികമാണെന്ന് കണ്ടെത്തി.  അപ്പോൾ കൊളസ്ട്രോൾ കുറയ്ക്കാൻ ഞാൻ സ്റ്റാറ്റിൻ മരുന്ന് കഴിക്കേണ്ടതുണ്ടോ?

ഒരിക്കലും വേണ്ട.  ആരോഗ്യമുള്ള,  കൃത്യമായ ജീവിതശൈലി പിന്തുടരുന്ന ഒരാൾ കൊളസ്ട്രോൾ അധികം ഉണ്ടെന്ന കാരണത്താൽ സ്റ്റാറ്റിൻ മരുന്ന് കഴിക്കേണ്ടതില്ല. കൊളസ്ട്രോളും അത് വഹിച്ചു കൊണ്ട് പോകുന്ന LDL-ഉം കുറഞ്ഞു പോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.  അത് പോലെ HDL ക്രമാതീതമായി കൂടിയാലും വിപരീതഫലം ഉണ്ടാകും. കൊളസ്ടോളിന്റെ കുറവ് തലച്ചോറിന്റെ പ്രവർത്തനത്തെ വരെ ബാധിക്കും. കൊളസ്ട്രോൾ നമ്മുടെ ശത്രുവല്ല, ജീവൻ നിലനിർത്തുന്ന മിത്രമാണ്.

പെൺകുട്ടികളിലെ ചേലാകർമ്മം


പെൺകുട്ടികളിൽ ചെയ്യുന്ന ചേലാകർമ്മം (female genital mutilation) അഥവാ FGM പ്രധാനമായും നാല് രീതികളിലാണ് ചെയ്തു വരുന്നത്. അതിൽ പ്രധാനം പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലെ കൃസരി (Clitoris) പൂർണ്ണമായോ ഭാഗീകമായോ മുറിച്ചു മാറ്റലാണ്.  ഇത് Clitoridectomy എന്ന പേരിൽ അറിയപ്പെടുന്നു. ഈ ആചാരം എങ്ങനെയാണു മനുഷ്യസമൂഹത്തിൽ കടന്നുകൂടിയത് എന്നറിയില്ല. ഇപ്രകാരം എന്തൊക്കെ ആചാരങ്ങൾ ആധുനികകാലത്തും പിന്തുടരുന്നു അല്ലേ? പല ആചാരങ്ങൾക്കും മതപരമായ അംഗീകാരം ലഭിച്ചത് കൊണ്ട് അവ വിശ്വാസികളാൽ നിർബ്ബന്ധപൂർവ്വം ആചരിക്കപ്പെട്ടും വരുന്നു.
ചേലാകർമ്മം ചെയ്യുന്നതിനാണല്ലൊ circumcision എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും ചെയ്യുന്ന ചേലാകർമ്മം വേറെ വേറെ അല്ല ഒന്ന് തന്നെയാണെന്ന് പറയേണ്ടി വരും. ജീവശാസ്ത്രപരമായി നോക്കിയാൽ പുരുഷലിംഗവും സ്ത്രീയുടെ കൃസരിയും ഒന്നിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ആദ്യം ഗർഭസ്ഥശിശു പെൺ തന്നെയാണ്. XY ക്രോമോസോം ഉള്ള ഭ്രൂണം  പത്താമത്തെ ആഴ്ചയാണ് ആണായി മാറുന്നത്. അപ്പോൾ മുതൽ Clitoris ആൺ ലിംഗമായി രൂപാന്തരപ്പെടുന്നു.   ആൺകുട്ടികൾക്ക് ലിംഗത്തിന്റെ അഗ്രചർമ്മം ഛേദിക്കുന്നത് കൊണ്ടാവാം പെൺകുട്ടികളുടെ കൃസരി തന്നെ ഛേദിക്കാൻ തെരഞ്ഞെടുത്തത്. ആൺകുട്ടികളുടെ അഗ്രചർമ്മം ഛേദിക്കുന്നത് എളുപ്പമാണെങ്കിൽ പെൺകുട്ടികളുടെ കൃസരിയുടെ അഗ്രചർമ്മം ചേദിക്കാൻ എളുപ്പമല്ല. പുരുഷന്റെ ലിംഗം ശരീരത്തിന്റെ പുറത്ത് മുഴുവനായും സ്ഥിതി ചെയ്യുമ്പോൾ സ്ത്രീയുടെ കൃസരിയുടെ അഗ്രം മാത്രം പുറത്തും ബാക്കി ഭാഗം ശരീരത്തിന്റെ അന്തർഭാഗത്തുമാണ്. അതുകൊണ്ടാവാം പെൺകുട്ടികളുടെ ചേലാകർമ്മം നിർവ്വഹിക്കുന്നവർ പുറത്ത് കാണുന്ന മുഴുവൻ ഭാഗവും ചെത്തിക്കളയുന്നത്.
ശരിക്ക് പറഞ്ഞാൽ ഒരേ ജനനേന്ദ്രിയ കലകളിൽ നിന്നാണു ആണിന്റെയും പെണ്ണിന്റെയും ലൈംഗികാവയങ്ങൾ ഉടലെടുത്ത് വേറെ വേറെയായി വളർച്ച പ്രാപിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയിൽ ആദ്യത്തെ മാസം കുട്ടി ആണോ പെണ്ണോ എന്ന വ്യത്യാസം ജനനേന്ദിയത്തിൽ കാണാൻ കഴിയില്ല. പന്ത്രണ്ട് ആഴ്ച എത്തുമ്പോഴാണു ജനനേന്ദ്രിയങ്ങൾ ആണിന്റെയും പെണ്ണിന്റെയും ആയി വേർപിരിയുന്നത്. പുരുഷലിംഗത്തിന്റെ സമാനമായ ഏറ്റവും ചെറിയ പതിപ്പായി കൃസരി രൂപപ്പെടാൻ കാരണം അതാണ്.
കൃസരിയിൽ ഏകദേശം 8,000 sensory nerve endings ഉണ്ട് എന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്. അതേ സമയം പുരുഷലിംഗത്തിന്റെ ചർമ്മത്തിൽ 4,000 നെർവ്സുകളുടെ അറ്റം ആണുള്ളത്. ആൺകുട്ടിക്കായാലും പെൺകുട്ടിക്കായാലും ചേലാകർമ്മം നിർവ്വഹിക്കുമ്പോൾ പിൽക്കാല ജീവിതത്തിൽ അവർക്ക് നേരിടുന്ന നഷ്ടം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മതങ്ങൾ നിഷ്ക്കർഷിക്കുന്ന ആചാരങ്ങൾ പലതും ആധുനിക മനുഷ്യൻ ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടതാണു. ജീവിതത്തിന്റെ അനുഭവങ്ങൾ, ആസ്വാദ്യതകൾ കഴിയുന്നതും പൂർണ്ണമായി അനുഭവിക്കാൻ എല്ലാവർക്കും ഇടവരട്ടെ. ജീവിതം എന്ന് പറയുന്നത് അവനവനു ജീവിയ്ക്കാൻ വേണ്ടി മാത്രമാണു. അപരന്റെ ജീവിതം അപരനു ജീവിയ്ക്കാനും.

അലോപ്പതി എന്നൊരു ചികിത്സ ഇല്ല

അലോപ്പതി എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് ഒരു സുഹൃത്ത്‌ ചോദിച്ചിരുന്നു. ഇന്ന് പ്രത്യേകിച്ച്‌ ഒരർത്ഥവും പ്രസക്തിയും ആ വാക്കിനു ഇല്ലെങ്കിലും മോഡേൺ മെഡിസിനെ പറ്റി പരാമർശിക്കാൻ ആ വാക്കാണു പരക്കെ ഉപയോഗിക്കുന്നത്‌ എന്നതിനാൽ വിശദമായ മറുപടി എഴുതുകയാണു.

മനുഷ്യൻ ഉണ്ടായ കാലം തൊട്ടേ രോഗങ്ങളും ഉണ്ട്‌. രോഗത്തിനു ചികിത്സ കണ്ടുപിടിക്കാൻ ഓരോ കാലത്തും ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്‌. ഓരോ രാജ്യത്തും ആളുകളുടെ ഊഹവും നിഗമനങ്ങളും അടിസ്ഥാനമാക്കിയാണു ഓരോ ചികിത്സയും രൂപപ്പെട്ടത്‌. പച്ചിലകളും വേരുകളും തണ്ടുകളും എന്ന് വേണ്ട പല സാധനങ്ങളും മരുന്നുകളായി ഉപയോഗിച്ചു. മന്ത്രവാദം മുതൽ ബാധയൊഴിപ്പിക്കൽ വരെ നടത്താറുണ്ടായിരുന്നു. എന്നാൽ പൊതുവെ ഒന്നിനെ കുറിച്ചും ആളുകൾക്ക്‌ വസ്തുനിഷ്ടമായ അറിവുകൾ ഇല്ലായിരുന്നു. അനുഭവങ്ങളെയും അനുമാനങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു എല്ലാ അറിവുകളും. മോഡേൺ സയൻസ്‌ വികാസം പ്രാപിക്കുന്നത്‌ വരെ ഇതായിരുന്നു അവസ്ഥ.

ഗ്രീക്ക്‌ ആരോഗ്യചിന്തകനായ ഹിപ്പോക്രാറ്റ്‌സ്‌ രോഗം ഭേദമാകുന്നതിനു രണ്ട്‌ നിയമങ്ങൾ ഉണ്ട്‌ എന്ന് പറഞ്ഞു വെച്ചിരുന്നു. The Law of Opposites and the Law of Similars. അതായത്‌ ചികിത്സയുടെ വിപരീതനിയമവും സാമ്യ നിയമവും. ഹിപ്പോക്രാറ്റ്‌സിനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്‌ എന്ന് ഇന്നും തെറ്റായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്‌. അത്‌   ശരിയല്ല എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

ശാമുവൽ ഹാനിമാൻ രോഗങ്ങളെ കുറിച്ചും ചികിത്സയെ കുറിച്ചും ചിന്തിച്ചുകൊണ്ടിരുന്ന ജർമ്മൻ ഭിഷഗ്വരനായിരുന്നു. അക്കാലത്ത്‌ മലേറിയ ബാധിച്ച രോഗികൾക്ക്‌ സിങ്കോണ എന്ന ഒരു വൃക്ഷത്തിന്റെ പട്ട (തൊലി) ആയിരുന്നു മരുന്നായി കൊടുത്തുകൊണ്ടിരുന്നത്‌. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിക്കണം. പല വിധ മരുന്നും ചികിത്സാ സമ്പ്രദായങ്ങളും  ഉണ്ടായിരുന്നെങ്കിലും ശരീരം സ്വയം മാറ്റുന്ന രോഗങ്ങൾ മാറുന്നതും അല്ലാത്ത രോഗങ്ങൾ മൂലം രോഗികൾ ചത്തൊടുങ്ങുന്നതും പണ്ട്‌ കാലത്ത്‌ പതിവായിരുന്നു.

ഒരു നാൾ ഹാനിമാൻ ഈ സിങ്കോണ മരത്തിന്റെ തോലു തിന്നു നോക്കുന്നു. അപ്പോൾ അദ്ദേഹത്തിനു വിറയലും തലവേദനയും പനി പോലെയും ഉണ്ടാകുന്നു. ഏകദേശം മലേറിയയുടെ ലക്ഷണങ്ങൾ. ആ അനുഭവത്തിൽ നിന്നാണു ഹോമിയോപ്പതി എന്ന (വ്യാജ) വൈദ്യശാസ്ത്രം പിറവിയെടുക്കുന്നത്‌. അതായത്‌ രോഗിക്ക്‌ കൊടുക്കുന്ന പദാർത്ഥം ആരോഗ്യമുള്ളയാൾക്ക്‌ കൊടുത്താൽ രോഗിയുടെ അതേ ലക്ഷണം ആരോഗ്യമുള്ളയാൾക്കും ഉണ്ടാകും. അപ്പോൾ രോഗങ്ങൾക്ക്‌ മരുന്നുകൾ കണ്ടുപിടിക്കാൻ ഹാനിമാന്റെ മുന്നിൽ നൂതനമായ മാർഗ്ഗം തെളിഞ്ഞു വന്നു. എതേല്ലാം രോഗങ്ങൾക്ക്‌ ഏതെല്ലാം ലക്ഷണങ്ങൾ രോഗിയിൽ ഉണ്ടാകുമോ അതേ ലക്ഷണങ്ങൾ ആരോഗ്യമുള്ള വ്യക്തികളിൽ സൃഷ്ടിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ കണ്ടുപിടിക്കുക. ആ പദാർത്ഥം ആ ലക്ഷണമുള്ള രോഗിക്ക്‌ കൊടുത്താൽ മതിയല്ലൊ. ആ നിലയിൽ ഹാനിമാരും കൂട്ടരും ഗവേഷണം നടത്തി കുറേ പദാർത്ഥങ്ങൾ കണ്ടുപിടിച്ചു. അതാണു ഹോമിയോ മരുന്നുകൾ. ആരോഗ്യമുള്ള വ്യക്തിയിൽ രോഗലക്ഷണം ഉണ്ടാക്കുന്നതും രോഗലക്ഷണം ഉള്ള വ്യക്തിയിൽ ലക്ഷണം ഇല്ലാതാക്കുന്നതുമായ പദാർത്ഥങ്ങൾ. ഈ ഗവേഷണങ്ങൾ നടത്തുമ്പോൾ ലക്ഷണമുണ്ടാക്കാൻ കൊടുക്കുന്ന പദാർത്ഥങ്ങൾ ചിലരിൽ അലർജ്ജിക്ക്‌ നിമിത്തമായി. അപ്പോൾ ഹാനിമാൻ മറ്റൊരു മാർഗ്ഗം പരീക്ഷിച്ചു. ലക്ഷണമുണ്ടാക്കുന്ന പദാർത്ഥങ്ങൾ നേർപ്പിക്കുക. അതിൽ താൻ വിജയിച്ചതായി ഹാനിമാൻ സ്വയം വിശ്വസിച്ചു.

അങ്ങനെ ഹാനിമാൻ അക്കാലത്തെ തന്റെ തികച്ചും നൂതനമായ ചികിത്സാപദ്ധതിക്ക്‌ ഹോമിയോപ്പതി എന്ന് പേരിട്ടു. ഹോമിയോ (Homoeo) എന്നാൽ ഗ്രീക്ക്‌ ഭാഷയിൽ സാമ്യം എന്നാണർത്ഥം. സാമ്യം കൊണ്ട്‌ സാമ്യത്തെ ഇല്ലാതാക്കുന്ന ചികിത്സ ആണെന്ന് അവകാശപ്പെട്ടുകൊണ്ടാണു ഹാനിമാൻ തന്റെ കണ്ടുപിടുത്തത്തിനു ഹോമിയോപ്പതി എന്ന് നാമകരണം ചെയ്തത്‌. ഹിപ്പോക്രാറ്റ്‌സിന്റെ സാമ്യ-വിപരീത നിയമത്തിൽ നിന്നാണു ഹാനിമാൻ ഈ പേരു സ്വീകരിക്കുന്നത്‌.

അലോ (Allo) എന്നാൽ ഗ്രീക്ക്‌ ഭാഷയിൽ വിപരീതം, വ്യത്യാസം എന്നൊക്കെയാണു അർത്ഥം. അതുകൊണ്ട്‌ അന്ന് ജർമ്മനിയിൽ നിലവിരുന്ന മേറ്റ്ല്ലാ ചികിത്സകൾക്കും ഹാനിമാൻ അലോപ്പതി  എന്ന് പേരിട്ടു.  അതായത്‌ വിപരീത ചികിത്സ. ഈ സമ്പ്രദായത്തിൽ ഹാനിമാന്റെ അഭിപ്രായത്തിൽ ലക്ഷണത്തെ മാറ്റാൻ രോഗിക്ക്‌ നേരിട്ടാണു മരുന്ന് എന്ന പദാർത്ഥം കൊടുക്കുന്നത്‌. അങ്ങനെ ചികിത്സയെ ഹാനിമാൻ ഹോമിയോപ്പതി  എന്നും അലോപ്പതി രണ്ടായി വർഗ്ഗീകരിച്ചു. നിലവിലുള്ള  പാരമ്പര്യരീതി  അലോപ്പതി ആണെന്നും  തന്റെ നവീന രീതിയായ ഹോമിയോപ്പതിയാണു ശാസ്ത്രീയം എന്നും ഹാനിമാൻ  വാദിച്ചു.

ഹാനിമാൻ അലോപ്പതി എന്ന് വിവക്ഷിച്ചത്‌ അന്ന് നിലവിലുള്ള പ്രാകൃത ചികിത്സാ സമ്പ്രദായത്തെ ആയിരുന്നു എന്നും ഇന്നത്തെ മോഡേൺ മെഡിസിനെ അല്ല എന്നും  ഓർക്കണം. കാരണം അന്ന് മോഡേൺ മെഡിസിൻ എന്നൊന്ന് തുടക്കം കുറിച്ചിട്ട്‌ പോലും ഇല്ലായിരുന്നു. രോഗം ഉണ്ടാകുന്ന കാരണത്തെ പറ്റി അന്വേഷണം നടത്തുന്നവർ ഇരുട്ടിൽ തപ്പുന്ന കാലമായിരുന്നു അത്‌. പിന്നീട്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയാത്ത, മൈക്രോസ്കോപ്പ്‌ കൊണ്ട്‌ മാത്രം കാണാൻ കഴിയുന്ന സൂക്ഷ്മജീവികൾ ഭൂമിയിൽ ഉണ്ടെന്നും അവയാണു പകർച്ചവ്യാധികൾ ഉണ്ടാക്കുന്നത്‌ എന്നും ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചതിനു ശേഷമാണു മോഡേൺ മെഡിസിൻ ജനിക്കുന്നത്‌.

കൽക്കത്തയിൽ എങ്ങനെയോ എത്തിയ ഹോമിയോപ്പതി പിന്നെ ഇന്ത്യയിൽ പതുക്കെ പ്രചരിക്കാൻ തുടങ്ങി. ആ ഹോമിയോക്കാരാണു ഇന്ത്യയിൽ ഇംഗ്ലീഷ്‌ ചികിത്സ എന്ന പേരിൽ പ്രചരിച്ചുകൊണ്ടിരുന്ന മോഡേൺ മെഡിസിനെ അലോപ്പതി എന്ന്  വിളിക്കാൻ തുടങ്ങിയത്‌. പിന്നീട്‌ അടുത്ത കാലത്താണു ഇംഗ്ലീഷ്‌ മരുന്ന് എന്നതിനു പകരം അലോപ്പതി മരുന്ന് എന്ന് ആളുകൾ പറയാൻ തുടങ്ങിയത്‌. അലോപ്പതി എന്ന വാക്കിനു ഒരർത്ഥവും ഇല്ല എന്ന് മാത്രമല്ല ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണു. അതുകൊണ്ട്‌ ആ പദം എല്ലാവരും വർജ്ജിക്കണം.

Dance by Avanthika at our home

ഇത് അവന്തിക, ഞങ്ങളുടെ അയൽപ്പക്കത്തെ വീട്ടിൽ അവരുടെ അതിഥികളായി എത്തിയതായിരുന്നു അവന്തികയും അച്ഛനും അമ്മയും. അവന്തിക ഞങ്ങളുടെ വീട്ടിൽ വന്ന് പെട്ടെന്ന് പരിചയമായി. പാട്ടും ഡാൻസും അറിയാം എന്ന് പറഞ്ഞപ്പോൾ ഒരു ഹിന്ദി പാട്ട് വെച്ചുകൊടുക്കുകയും അവൾ ഡാൻസ് ചെയ്യുകയും ഭാര്യ അത് മൊബൈലിൽ പകർത്തുകയും ചെയ്തു. നൃത്തവും സംഗീതവും ജന്മനാ ലഭിക്കുന്ന സിദ്ധിയാണു. നമുക്ക് അവന്തികാമോൾക്ക് ആശംസകൾ നേരാം അല്ലേ :)

ജൈവകൃഷി എന്ന് പറയുന്നത് വിഢിത്തം

ജൈവകൃഷി എന്നൊരു കൃഷി ഇല്ല. ആ പ്രയോഗം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണു. ഏത് വിഢിയാണു ഈ വാക്ക് കണ്ടുപിടിച്ചത് എന്നറിയില്ല. കൃഷി ഒന്നേയുള്ളൂ, അത് കൃഷി തന്നെയാണു. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയും.

കാട്ടിലൊക്കെ മരങ്ങൾക്ക് ആരും വളം ഇടുന്നില്ല. അവയ്ക്കൊക്കെ ആവശ്യമായ വളങ്ങൾ മണ്ണിൽ നിന്ന് കിട്ടുന്നുണ്ട്. കൂടാതെ മരങ്ങളിലെ ഇലകളും മറ്റും അവിടെ തന്നെ വീണ് വീണ്ടും മണ്ണിൽ കലർന്നു റിസൈക്കിൾ ആയി വൃക്ഷങ്ങൾക്ക് തന്നെ ഉപയോഗിക്കാൻ കഴിയുന്നു. വളം എന്ന വാക്കാണു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെയാണു ജൈവവളം എന്നും കൃത്രിമവളം എന്നൊക്കെ തെറ്റിദ്ധാരയുണ്ടാകുന്നത്. ജൈവം എന്നും കൃത്രിമം എന്നും രണ്ട് തരം വളങ്ങൾ ഇല്ല. വളം ഒന്നേയുള്ളൂ. വളം എന്നാൽ ചെടികൾക്ക് ആവശ്യമുള്ള ഭക്ഷണം എന്നും പറയാം. എന്തൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നതാണു രണ്ടാമത്തെ ചിത്രത്തിലെ ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്നത്. ഹൈഡ്രജൻ മുതൽ മൊളിബ്‌ഡിനം വരെ 16 മൂലകങ്ങളുടെ പേരുകൾ അതിൽ കാണാം. അത് മാത്രമാണു എല്ലാ സസ്യ-വൃക്ഷ-ലാതാദികൾക്കും ആവശ്യമുള്ള വളം അല്ലെങ്കിൽ ഭക്ഷണം. ഇപ്പറഞ്ഞ 16 മൂലകങ്ങളിൽ കാർബണും ഓക്സിജനും ഹൈഡ്രജനും അങ്ങനെ മൂന്നെണ്ണം അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നുമാണു കിട്ടുന്നത്. ബാക്കി 13 മൂലകങ്ങളാണു മണ്ണിൽ നിന്ന് കിട്ടുന്നത്.
എന്നാൽ ഈ മൂലകങ്ങൾ പതിമൂന്നും അതാത് മൂലകങ്ങളായി നേരിട്ടല്ല മണ്ണിൽ നിന്ന് ചെടികളുടെ വേരുകൾ വലിച്ചെടുക്കുന്നത്. മൂലകങ്ങൾ ചേർന്ന് സംയുക്തങ്ങളായി എന്നിട്ട് അവയിൽ നിന്ന് എലക്ട്രോണുകൾ നഷ്ടപ്പെടുകയോ കൂടിച്ചേരുകയോ ചെയ്ത് അയണുകളായി മാറി ജലവും ആയി ചേർന്ന ലായനിയായിട്ടാണു വേരുകൾ വലിച്ചെടുക്കുന്നത്. ഒന്നാമത്തെ ചിത്രം അതാണു കാണിക്കുന്നത്. പ്രധാന വേരുകളിൽ നിന്ന് മുളയ്ക്കുന്നു ചെറുവേരുകൾ റൂട്ട് ഹെയർ എന്ന് പറയും. അതിൽ കൂടിയാണു ഈ ലായനി വലിച്ചെടുക്കപ്പെടുന്നത്. രണ്ടാമത്തെ ചിത്രം പട്ടിക രണ്ടിൽ അയണുകളായ സംയുക്തങ്ങളുടെ ഫോർമുല കൊടുത്തിട്ടുണ്ട്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണു ഇത് മാത്രമാണു വളം. ഇതിൽ ജൈവം എന്നും കൃത്രിമം എന്നും വേർതിരിക്കുന്നത് അസംബന്ധമാണു. ജൈവളത്തിലും ഇപ്പറഞ്ഞ മൂലകങ്ങളിൽ ചിലത് ഉണ്ടാകും. എന്നാൽ ചെടികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം അത് വിഘടിക്കപ്പെട്ട് അയണുകളായി മാറണമെങ്കിൽ കുറേക്കാലം അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിക്കണം. കൃത്രിമവളം എന്ന് പറയുന്നത് അസംബന്ധമാണു. ഉദാഹരണം പറയാം. സസ്യങ്ങൾക്ക് കൂടുതലായി വേണ്ടത് നൈട്രജൻ ആണു. പാറ പൊടിഞ്ഞ് ഉണ്ടായ മണ്ണിൽ നൈട്രജൻ ഇല്ല. മറ്റ് ധാതുമൂലകങ്ങൾ ഉണ്ട്. എന്നാൽ അന്തരീക്ഷവായുവിൽ 80 ശതമാനവും നൈട്രജൻ ആണു. ഈ നൈട്രജൻ ഇടിമിന്നൽ ഉണ്ടാകുന്ന വേളയിൽ ഓക്സിജനുമായി സംയോജിച്ച് നൈട്രിക്ക് ആസിഡായി രൂപാന്തരപ്പെട്ട് മണ്ണിൽ പതിക്കുന്നു. ചെടികൾക്ക് ആവശ്യമുള്ള നൈട്രജൻ അമോണിയം അയൺ ( NH₄ᐩ)എന്ന സംയുക്തമായിട്ട് മാത്രമേ ചെടി വലിച്ചെടുക്കൂ. മണ്ണിലെ ചില സൂഷ്മജീവികൾ നൈട്രിക് ആസിഡിനെ അമോണിയ ആക്കി മാറ്റുന്നു. ഇതിനെ നൈട്രജൻ ഫിക്സേഷൻ എന്നാണു പറയുന്നത് ആ അമോണിയ ജലവുമായി ചേരുമ്പോൾ അമോണിയം അയൺ ലായനിയായി മാറുന്നു. വായുവിലെ നൈട്രജൻ തന്നെയാണു ഫാക്ടറികളിൽ യൂറിയ നിർമ്മിക്കാനും ഉപയോഗിക്കുന്നത്. അല്ലാതെ നൈട്രജൻ കൃത്രിമമായി നിർമ്മിക്കുന്നില്ല. യൂറിയ മണ്ണിൽ ഇട്ടാൽ ജലവുമായി സമ്പർക്കത്തിലാവുമ്പോൾ അത് അമോണിയം അയൺ ആയി മാറുന്നു. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലോ ഭൂമിയിലോ ഉള്ള പദാർത്ഥങ്ങളിൽ നിന്ന് തന്നെയാണു കൃത്രിമമായി വളം നിർമ്മിക്കുന്നത്. കൃത്രിമമായി നിർമ്മിക്കുക എന്ന് പറഞ്ഞാൽ പ്രകൃതിയിലെ മൂലകങ്ങൾ ഫാക്ടറികളിൽ വെച്ച് സംയോജിപ്പിക്കുന്നു എന്നേയുള്ളൂ. മനുഷ്യൻ ഒന്നും കൃത്രിമമായി നിർമ്മിക്കുന്നില്ല. ഉള്ളതിനെ രൂപമാറ്റം വരുത്തുന്നു എന്നേയുള്ളൂ. ഒരേ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചില മൂലകങ്ങൾ മണ്ണിൽ കുറഞ്ഞു പോകും. കാരണം മണ്ണിൽ നിന്ന് ഉണ്ടാകുന്നത് നമ്മൾ വിളവെടുത്ത് പോവുകയാണു. അപ്പോൾ കുറവുള്ള മൂലകം മണ്ണിൽ തിരിച്ച് നിക്ഷേപിക്കണം. അതുകൊണ്ടാണു വളം അഥവാ മൂലകങ്ങൾ മണ്ണിൽ ഇടേണ്ടി വരുന്നത്. സാധാരണഗതിയിൽ അധിക അളവിൽ ചെടികൾക്ക് വേണ്ടതായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസിയം എന്നിങ്ങനെ മൂന്ന് മൂലകങ്ങൾ ആണു കുറവ് വരിക. വളരെ കുറവേ ആവശ്യമുള്ളൂ എങ്കിലും ട്രേസ് എലമെന്റ്സും പ്രധാനമാണു. ഉദാഹരണത്തിനു മൊളിബ്‌ഡിനം എന്ന മൂലകം ഇല്ലെങ്കിൽ നൈട്രജൻ ഫിക്സേഷൻ നടക്കില്ല്ല. ഇതൊക്കെ പരിഹരിക്കാനാണു ശാസ്ത്രം മണ്ണ് പരിശോധനയും രാസവളങ്ങളും കണ്ടുപിടിച്ചത്. രാസവളങ്ങൾ വിഷം ആണെന്ന് പറയുന്നവൻ വെറും പമ്പരവിഢി മാത്രമല്ല സാമൂഹ്യദ്രോഹി കൂടിയാണു. കാരണം അവൻ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ നിന്ന് അകറ്റുകയാണു. ചെടികൾ നമുക്ക് വേണ്ടി ചെയ്യുന്നത് എന്തൊക്കെയാണു? ശരിക്ക് പറഞ്ഞാൽ ചെടികൾ അവയ്ക്ക് വേണ്ടി ആഹാരം നിർമ്മിക്കുകയും വളരുകയും നിലനിൽക്കുകയും ചെയ്യുന്നു എന്നേയുള്ളൂ. നമുക്ക് വേണ്ടി അവ ഒന്നും ചെയ്യുന്നില്ല. നമ്മളാണു അവയെ ഉപയോഗപ്പെടുത്തുന്നത്. നമ്മൾ മാത്രമല്ല ഭൂമിയിൽ ഏകകോശ ജീവികൾ മുതൽ ഏറ്റവും വലിയ ജീവിയായ ആന വരെ സസ്യങ്ങളെ ആശ്രയിച്ചിട്ടാണു ജീവിയ്ക്കുന്നത്. സസ്യങ്ങൾ ഇല്ലെങ്കിൽ ഈ ഭൂമിയിൽ ജന്തുവർഗങ്ങൾക്ക് നിലനിൽപ്പില്ല. എന്തുകൊണ്ടെന്നല്ലേ? എല്ലാ ജീവികൾക്കും ആഹാരം വേണമല്ലൊ. ആഹാരത്തിന്റെ ഏറ്റവും അടിസ്ഥാന യൂനിറ്റ് ഷുഗർ, പഞ്ചസാര, എന്നൊക്കെ പറയാവുന്ന ഗ്ളൂക്കോസ് ആണു. ഈ ഗ്ളൂക്കോസ് നിർമ്മിക്കാൻ കഴിയുന്നത് സസ്യങ്ങൾക്ക് മാത്രമാണു. ഗ്ളൂക്കോസ് എന്ന് പറഞ്ഞാൽ അതിന്റെ ഫോർമുല ഇതാണ് : C₆H₁₂O₆. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ചേർന്ന സംയുക്തം. അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈ‌ഓക്സൈഡും മണ്ണിൽ നിന്ന് ജലവും സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജവും ഇതിനായി സസ്യങ്ങൾ സ്വീകരിക്കുന്നു. സസ്യങ്ങൾക്ക് മാത്രമേ ഇത് കഴിയൂ. സൂര്യനിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം ഗ്ളൂക്കോസ് തന്മാത്രയിൽ ചെടികൾ സൂക്ഷിക്കുന്നു. ഗ്ളൂക്കോസ് പിന്നെ സെല്ലുലോസ് ആയും സ്റ്റാർച്ച് ആയും ഒക്കെ മാറ്റി ചെടികൾ അവയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നു. ചെടികൾ സൂര്യപ്രകാശത്തിൽ നിന്ന് എടുക്കുന്ന ഊർജ്ജമാണു മനുഷ്യനും ഭൂമിയിലെ മറ്റെല്ലാ ജീവികളും അവയുടെ ഊർജ്ജാവശ്യത്തിനായി ഉപയോഗിക്കുന്നത്.

കൊളസ്ട്രോൾ എന്നാൽ എന്ത് ?

കൊളസ്ട്രോൾ എന്ന് കേട്ടാൽ പേടിക്കാത്ത ആരും ഇന്നില്ല. അതിനു കാരണം രക്തത്തിൽ കൊളസ്ട്രോൾ അധികമായാൽ അത് ഹൃദയ ധമനികളിൽ കട്ട പിടിച്ച് ഹൃദ്രോഗമോ  സ്ട്രോക്കോ ഉണ്ടാക്കും എന്ന ഭീതിയാണു. ഈ ഭീതിക്ക് ശരിക്ക് പറഞ്ഞാൽ സയന്റിഫിക് ആയ തെളിവുകൾ ഇതുവരെയിലും ഇല്ല. ആൻസൽ ബെഞ്ചമിൻ കീസ്  (Ancel Benjamin Keys) എന്ന അമേരിക്കൻ ഫിസിയോളജിസ്റ്റിന്റെ ഒരു ഹൈപ്പോതീസീസ് മെഡിക്കൽ രംഗത്തുള്ളവരും നമ്മളും ഇപ്പോഴും വിശ്വസിക്കുന്നു എന്ന് മാത്രം. അതുകൊണ്ട് ഈ വിശ്വാസം ഒരു തർക്കവിഷയമായി ഇപ്പോഴും തുടരുകയാണു. പല ഡോക്ടർമാരും ഈ ഹൈപ്പോതീസീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. എന്താണു കൊളസ്ട്രോൾ എന്ന് നോക്കാം. എല്ലാവർക്കും അറിയാവുന്നത് പോലെ ഒരുതരം കൊഴുപ്പാണു കൊളസ്ട്രോൾ. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിങ്ങനെ മൂന്ന് തരം മൂലകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ ചേർന്നിട്ടാണു ഏത് തരം കൊഴുപ്പും ഉണ്ടാകുന്നത്. കൊഴുപ്പ് മാത്രമല്ല സ്റ്റാർച്ച് , ഗ്ലൂക്കോസ് എന്നിവയെല്ലാം ഈ മൂന്ന് മൂലകങ്ങൾ ചേന്നതാണ്. കൊളസ്ട്രോളിന്റെ കെമിക്കൽ ഫോർമുല ഇങ്ങനെയാണ് : C₂₇H₄₆O. അതായത് കൊളസ്ട്രോളിന്റെ ഒരു തന്മാത്രയിൽ 27 കാർബൺ ആറ്റവും, 46 ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവുമാണുള്ളത്. 

നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലിവർ ആണു കൊളസ്ട്രോൾ നിർമ്മിക്കുന്നത്. രക്തത്തിൽ ഉള്ള ആകെ കൊളസ്ട്രോളിൽ 80 ശതമാനവും ഇങ്ങനെ ലിവർ നിർമ്മിക്കുന്നു എന്നാണു കണക്കാക്കിയിട്ടുള്ളത്. ബാക്കി 20 ശതമാനം കൊളസ്ട്രോൾ മാംസം,മുട്ട, മത്സ്യം എന്നിവയിൽ നിന്ന് നേരിട്ട് ലഭിക്കുന്നു. നേരിട്ട് ലഭിക്കുന്നു എന്ന് പറയാൻ കാരണമുണ്ട്. മറ്റ് ആഹാരഘടകങ്ങൾ നമ്മുടെ ചെറുകുടലിൽ വെച്ച് ദഹിച്ച് ലഘുതന്മാത്രകൾ ആയിട്ടാണു രക്തത്തിൽ കലരുക. ഉദാഹരണത്തിനു മറ്റ് കൊഴുപ്പുകൾ ഫാറ്റി ആസിഡുകളായും പ്രോട്ടീൻ അമിനോ ആസിഡുകളായും സ്റ്റാർച്ച് ഗ്ലൂക്കോസ് ആയും വിഘടിച്ച് ലഘുതന്മാത്രകൾ ആയാൽ മാത്രമേ രക്തത്തിൽ കലരുകയുള്ളൂ. കൊളസ്ട്രോൾ എന്ന കൊഴുപ്പ് ഒരു അടിസ്ഥാന യൂനിറ്റ് ആണു. അതുകൊണ്ട് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന കൊളസ്ട്രോൾ ചെറുകുടലിൽ വെച്ച് പിത്തരസത്തിലെ വർണ്ണകവുമായി യോജിച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഭക്ഷണത്തിൽ അധികം കൊളസ്ട്രോൾ ഉണ്ടായാൽ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കും എന്നതിനു തെളിവില്ല. അപ്പോൾ ലിവർ കൊളസ്ട്രോളിന്റെ ഉല്പാദനം കുറക്കും. അതുപോലെ ഭക്ഷണത്തിൽ കൊളസ്ട്രോൾ കുറഞ്ഞാൽ ലിവർ അധികം കൊളസ്ട്രോൾ ഉല്പാദിപ്പിക്കും. 

ശരി, ശരീരത്തിൽ കൊളസ്ട്രോളിന്റെ ആവശ്യമെന്താണ്? വിറ്റാമിൻ ഡി യും ഈസ്ട്രജൻ മുതലായ ചില ഹോർമോണുകളും പിത്തരസവും എല്ലാം ശരീരത്തിൽ നിർമ്മിക്കുന്നതിനു കൊളസ്ട്രോൾ വേണം. എന്നാൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ശരീരകോശങ്ങളുടെ ബാഹ്യാവരണമായ കോശസ്തരത്തിന്റെ നിർമ്മിതിക്ക് കൊളസ്ട്രോൾ വേണം എന്നതാണു. കൊളസ്ട്രോൾ ഇല്ലായിരുന്നെങ്കിൽ ഓരോ കോശവും കട്ടിയുള്ള ബ്ളോക്കുകൾ പോലെ ആയിപ്പോയേനേ. ശരീരത്തിന്റെ അടിസ്ഥാന യൂനിറ്റാണു കോശം. ഓരോ കോശവും സ്വതന്ത്രമായാണു പ്രവർത്തിക്കുന്നത്. ഒരാളുടെ ശരീരത്തിൽ 100 ട്രില്ല്യൻ കോശങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. കോശങ്ങളെ വേർതിരിക്കുന്നത് ഓരോ കോശത്തിന്റെയും കോശസ്തരമാണു. ഈ സ്തരത്തിലൂടെ കോശത്തിലേക്ക് ആവശ്യമുള്ള പദാർത്ഥങ്ങൾ കടക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന മാലിന്യങ്ങൾ പുറത്തേക്ക് പോവുകയും ചെയ്യുന്നു. അപ്പോൾ കൊളസ്ട്രോളിന്റെ പ്രാധാന്യം മനസ്സിലായല്ലൊ. ജന്തുകോശങ്ങളുടെ കോശസ്തരങ്ങളിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. സസ്യകോശങ്ങളിൽ ഇല്ല. അതുകൊണ്ട് സസ്യാഹാരത്തിൽ നിന്ന് നമുക്ക് കൊളസ്ട്രോൾ കിട്ടുന്നില്ല. 

രക്തത്തിൽ ആണല്ലോ കൊളസ്ട്രോൾ ഉള്ളത്. അത് ലിവർ ഉല്പാദിപ്പിച്ച് രക്തത്തിലേക്ക് ചേരുകയാണെന്നും മനസ്സിലാക്കി. ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോളും ലിവറിൽ തന്നെയാണു പോകുന്നത്. ശരിക്കും ഈ രക്തത്തിന്റെ റോൾ എന്താണു? ശരീരത്തിലെ ട്രാൻസ്പോർട്ട് സർവ്വീസ് ആണു രക്തം. കോശങ്ങൾക്ക് ആവശ്യമുള്ള എല്ലാ പദാർത്ഥങ്ങളും നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജൻ അടക്കം കോശങ്ങളിൽ എത്തിക്കുന്നത് രക്തമാണു. മാത്രമല്ല, കോശങ്ങളിൽ നടക്കുന്ന ജൈവപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അവ ലിവറിലേക്കും കിഡ്‌നിയിലേക്കും വഹിച്ചു പോകുന്നതും രക്തം തന്നെ. കൊളസ്ട്രോൾ അതേ പടി വഹിച്ചു കൊണ്ടു പോകാൻ രക്തത്തിനു കഴിയില്ല്ല. കാരണം കൊളസ്ട്രോൾ കൊഴുപ്പാണു. അത് ജലത്തിൽ അലിയില്ല. രക്തത്തിൽ ജലം ഉണ്ടല്ലൊ. അപ്പോൾ കൊളസ്ട്രോൾ രക്തത്തിൽ കലർന്നാൽ അത് ഉരുണ്ടുകൂടി കട്ടയായിപ്പോകും. അതുകൊണ്ട് ഒരു തരം പ്രോട്ടീൻ ആണു അഥവാ ആ പ്രോട്ടീനിന്റെ ആവരണത്തിനകത്താണു കൊളസ്ട്രോൾ രക്തത്തിലൂടെ സഞ്ചരിക്കുന്നത്. കൊളസ്ട്രോളും പ്രോട്ടീനും ചേർന്ന ഇതിനെ ലിപ്പോപ്രോട്ടീൻ എന്ന് പറയുന്നു. 

രണ്ട് തരം ലിപ്പോപ്രോട്ടീൻ ആണുള്ളത്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനും (LDL) ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീനും (HDL). സാധാരണയായി രണ്ട് തരം കൊളസ്ട്രോൾ എന്നാണു എല്ലാവരും പറഞ്ഞു വരുന്നത്. അത് തെറ്റിദ്ധാരണാജനകമാണു എന്നത് കൊണ്ടാണു രണ്ട് തരം ലിപ്പോപ്രോട്ടീൻ എന്ന് ഞാൻ പറയുന്നത്. അതുപോലെ LDL എന്നാൽ ചീത്ത കൊളസ്ട്രോളും  HDL എന്നാൽ നല്ല കൊളസ്ട്രോളും എന്നും പറയപ്പെടുന്നു. ഞാൻ അതും തള്ളിക്കളയുകയാണു. LDL എന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനിൽ കൊളസ്ട്രോൾ അധികവും പ്രോട്ടീൻ കുറവും ആയിരിക്കും. HDL എന്ന ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീനിൽ കൊളസ്ട്രോൾ കുറവും പ്രോട്ടീൻ കൂടുതലും ആയിരിക്കും. അതാണു വ്യത്യാസം. അതിന്റെ കാരണം എന്തെന്നല്ലേ? LDL ആണു കൊളസ്ട്രോളിനെ ഓരോ കോശത്തിലും സപ്ലൈ ചെയ്യുന്നത്. അപ്പോൾ അതിൽ കൊളസ്ട്രോൾ കൂടുതൽ വേണമല്ലൊ. കോശങ്ങളിൽ അധികം വരുന്ന കൊളസ്ട്രോളിനെ സ്വീകരിച്ച് വീണ്ടും ഉപയോഗിക്കാനായി ലിവറിലേക്ക് എടുത്തുകൊണ്ട് പോവുക എന്നതാണു HDL ചെയ്യുന്നത്. അപ്പോൾ അതിൽ കൊളസ്ട്രോൾ കുറവും പ്രോട്ടീൻ കൂടുതലും ഉണ്ടാകുമല്ലൊ. ഇതിൽ നല്ലത് ചീത്ത എന്ന് വ്യത്യാസമില്ല. ചുരുക്കി പറഞ്ഞാൽ LDL കോശങ്ങളിൽ കൊളസ്ട്രോൾ നിക്ഷേപിക്കുന്നു. HDL മിച്ചമുള്ള കൊളസ്ട്രോൾ കോശങ്ങളിൽ നിന്ന് എടുത്തുകൊണ്ടുപോകുന്നു. 

കൊളസ്ട്രോളിനു പിന്നെയും പല ധർമ്മങ്ങളും ശരീരത്തിൽ ചെയ്യാനുണ്ട്. അതൊന്നും വിസ്തരിക്കുന്നില്ല. പൊതുവെ രക്തത്തിൽ LDL-ഉം  HDL-ഉം തമ്മിലുള്ള അനുപാതത്തിൽ LDL അധികമാണെങ്കിൽ റിസ്ക് കൂടുതലാണു. ഉദാഹരണത്തിനു LDL:HDL = 5:1 അല്ലെങ്കിൽ LDL അതിലും അധികം ആണെങ്കിൽ റിസ്ക് ആണു. അതേ പോലെ അനുപാതം LDL:HDL = 3:1 ആണെങ്കിൽ വളരെ ഹെൽത്തി ആയിരിക്കും. ഉദാഹരണത്തിനു കൊളസ്ട്രോൾ ചെക്ക് ചെയ്താൽ  LDL= 150 mg/dL and  HDL= 50 mg/dL ആണെങ്കിൽ വെരി ബെസ്റ്റ് ആണു. നമ്മൾ പറയുമ്പോൾ LDL കൊളസ്ട്രോൾ എന്നും  HDL കൊളസ്ട്രോൾ എന്നും സൗകര്യത്തിനു വേണ്ടി പറയുന്നതിൽ തെറ്റില്ല. പക്ഷെ അവ രണ്ട് തരം കൊളസ്ട്രോൾ ആണെന്ന് ധരിച്ചു പോകരുത്. കൊളസ്ട്രോളിനെ പറ്റി ഞാൻ വായിച്ച ലേഖനങ്ങളിലെല്ലാം തെറ്റിദ്ധരിപ്പിക്കും വിധം അങ്ങനെയാണു എഴുതിയിട്ടുള്ളത്. ഇത്രയും മനസ്സിരുത്തി വായിച്ച നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലായിരിക്കും എന്ന് കരുതുന്നു. 

നമ്മുടെ ഡയറ്റിൽ മുട്ടയുടെ പ്രാധാന്യത്തെ പറ്റി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. കൊളസ്ട്രോളിനെ ഭയന്ന് പലരും ഇക്കാലത്ത് മുട്ട ഒഴിവാക്കുകയാണു. ഏറ്റവും കുറഞ്ഞ ചെലവിൽ കിട്ടുന്ന ഏറ്റവും കൂടുതൽ പോഷക മൂല്യമുള്ള ഒരേയൊരു ആഹാരപദാർത്ഥമാണു മുട്ട. മുട്ട വിരിഞ്ഞു ഒരു കുഞ്ഞ് ആകുന്ന അത്ഭുതം കണ്ടിട്ടില്ലേ? ഒരേയൊരു കോശമുള്ള ഭ്രൂണത്തിനു ഒരു കുഞ്ഞായി വളരാനുള്ള മുഴുവൻ പോഷകഘടകങ്ങളും പായ്ക്ക് ചെയ്തതാണു മുട്ട. അപ്പോൾ അതിലുള്ള പോഷകങ്ങളെ കുറിച്ച് ഊഹിക്കാമല്ലൊ. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് കിട്ടാത്ത അപൂർവ്വമായ പല പോഷകഘടകങ്ങളും മുട്ടയിൽ ഉണ്ട്. ഉദാഹരണത്തിനു വിറ്റാമിൻ B₁₂, ഇത് പച്ചക്കറികളിൽ നിന്ന് കിട്ടുകയില്ല. തീർച്ചയായും മുട്ടയിലും കൊളസ്ട്രോൾ ഉണ്ട്. പേടിക്കാതെ കഴിക്കുക. കൊളസ്ട്രോളിന്റെ കാര്യം ലിവർ നോക്കിക്കോളും. കൊളസ്ട്രോൾ അല്ല ഇൻഫ്ലമേഷൻ ആണു ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് പല ഡോക്ടർമാരും കരുതുന്നുണ്ട്. സ്വയം പ്രതിരോധത്തിനു ശരീരം തന്നെ ഉണ്ടാക്കുന്നതാണു വീക്കം പോലുള്ള ഇൻഫ്ലമേഷൻ. എന്തായാലും രക്തത്തിലെ HDL കുറയാതെ നോക്കിയാൽ മതി എന്നാണു എനിക്ക് പറയാനുള്ളത്. 

രാജീവ് ഗാന്ധി സ്മാരകം; ശ്രീപെരമ്പത്തൂർ

ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍ ശ്രീപെരുമ്പത്തൂരില്‍ 12 എക്കറില്‍ വ്യാപിച്ചു കിടക്കുന്ന രാജീവ് സ്മാരകം. ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 1991- ല്‍ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി രാജീവ്ഗാന്ധി ചെന്നൈയില്‍ എത്തുമ്പോള്‍ ഒരു ദേശീയ നേതാവിന്റെ അന്ത്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിശാഖപട്ടണത്തെ പ്രചാരണത്തിന് ശേഷം രാത്രിയോടെ ചെന്നൈയില്‍ എത്തുന്നു. രാത്രി ചെന്നൈയില്‍ എത്തി ശ്രീപെരുമ്പത്തൂരിലേക്കുള്ള യാത്ര. ശ്രീ പെരുമ്പത്തൂരിനിടയ്ക്ക് കത്തിപ്പാറയിലെ പ്രചാരണ യോഗത്തില്‍ പ്രസംഗം. ശ്രീ പെരുമ്പത്തൂരിലെത്തുമ്പോള്‍ രാത്രി പത്ത് മണി.കാറില്‍ നിന്നിറങ്ങി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാനായി സ്റ്റേജിലേക്ക് നടന്നു നീങ്ങുന്നു. സ്റ്റേജിലേക്ക് എത്തുന്നതിന് മുമ്പേ പലരും പൂക്കളും ബൊക്കെകളും നല്‍കി സ്വീകരിക്കുന്നു. ഇതിനിടയില്‍ തനുവും രാജീവ്ഗാന്ധിയുടെ സമീപത്തേക്ക് നടന്നുനീങ്ങുന്നു. ബൊക്കെ നല്‍കി കാല്‍ തൊട്ടു വന്ദിക്കുന്നതിനിടയില്‍ അരയ്ക്ക് കെട്ടിവച്ച ആര്‍.ഡി.എക്‌സ് പൊട്ടിത്തെറിച്ചുണ്ടായ വന്‍ സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിയും 14 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നു. ഒരു ദേശീയ നേതാവിന്റെ അന്ത്യവാര്‍ത്ത കേട്ട് രാജ്യം നിശ്ചലമായി. ഒരു ദുരന്തത്തിന് സാക്ഷ്യംവഹിച്ച ശ്രീ പെരുമ്പത്തൂര്‍ ദേശീയ ഭൂപടത്തില്‍ കറുത്ത പൊട്ടായി മാറി. രാജീവ് ഗാന്ധി രക്തംവീണ ശ്രീ പെരുമ്പത്തൂരില്‍ അദേഹത്തിന്റെ സ്മാരകം ഉയര്‍ത്തിയിട്ടുണ്ട്. ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍ ശ്രീപെരുമ്പത്തൂരില്‍ 12 എക്കറില്‍ വ്യാപിച്ചു കിടക്കുന്ന രാജീവ് സ്മാരകം 2003 ഒക്ടോബറില്‍ മുന്‍ രാഷ്ട്ര പതി ഡോ: എ.പി.ജെ.അബ്ദുള്‍കലാമാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഒരു സ്‌ക്വയറില്‍ പിങ്ക് ഗ്രാനൈറ്റിലാണ് രാജീവിന്റെ പ്രതിമ ഉയര്‍ത്തിയിരിക്കുന്നത്. രാജീവ് കൊല്ലപ്പെട്ട സ്ഥലത്ത് ഏഴ് ഗ്രാനൈറ്റ് പില്ലറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ധര്‍മം, ന്യായം, സത്യം, ത്യാഗം, സമൃദ്ധി,വിജ്ഞാന്‍,ശാന്തി എന്നിവ സങ്കല്പങ്ങളാക്കിയാണ് പില്ലറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഏഴ് പ്രശസ്ത നദികളായ ഗംഗ, യമുന, സിന്ധ്, നര്‍മദ, കാവേരി,ബ്രഹ്മപുത്ര,ഗോദാവരി എന്നിവയും പില്ലറിലൂടെ പ്രതിനിധാനം ചെയ്യുന്നു.