Links

ജ്യോത്സ്യം......വലയുന്ന ജനം!

ഇന്ന് കേരളത്തില്‍ നല്ല തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ് ജ്യോത്സ്യം. ഒരുപാട് പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.എല്ലാ ആനുകാലികങ്ങള്‍ക്കും,ചാനലുകള്‍ക്കും ആസ്ഥാന ജ്യോത്സ്യന്മാരെ ആവശ്യമുണ്ട്. കാരണം ഭാവി പ്രവചിച്ചു കിട്ടാന്‍ ആളുകള്‍ നെട്ടോട്ടമോടുകയാണ്. എനിക്കറിയുന്ന, വിദ്യാഭ്യാസവും തറവാട്ടുമഹിമയുമുള്ള കുടുംബത്തിലെ ഒരുകുട്ടിക്ക് എഞ്ചിനീയറിങ്ങിനും മെഡിസിനും സീററ് കിട്ടിയപ്പോള്‍ അതിലേത് സ്വീകരിക്കണമെന്ന് “അറിയാന്‍” പോയത് പ്രശസ്തനായ ഒരു ജ്യോത്സ്യന്റെ അടുത്തേക്കാണ്.ഈയ്യാള്‍ ഏഴാംക്ലാസ്സ് പാസ്സാകാത്തവനും,കുറെ മുന്‍പ് വരെ ലോട്ടറി വിററ് ഉപജീവനും കഴിച്ചു വന്ന ആളുമായിരുന്നു. രണ്ടാഴ്ച മുന്‍പ് അപ്പോയ്ന്റ്മെന്റ് എടുത്താലേ ഇന്ന് അയാളെ കാണാന്‍ പററൂ. ഒരു വകപ്പെട്ട ആവശ്യങ്ങള്‍ക്കെല്ലാം ഇന്ന് ഈ ജ്യോത്സ്യന്മാര്‍ യന്ത്രങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്നുണ്ട്. സരസ്വതി യന്ത്രം വാങ്ങി വെച്ച് പരീക്ഷക്ക് ഉയര്‍ന്ന റാങ്ക് കാത്ത് കഴിയുന്നവര്‍ ഏറെ. പത്രങ്ങളിലും മററ് ആനുകാലികങ്ങളിലും ഇവരുടെ പരസ്യങ്ങള്‍ തുടര്‍ച്ചയായി വരുന്നത് ഈ യന്ത്രങ്ങള്‍ക്ക് വന്‍ ഡിമാന്റുള്ളതിന്റെ തെളിവാണ്. വിവാഹത്തിന് ജാതകപ്പൊരുത്തം നിര്‍ബന്ധ മായതോടെയാണ് ജ്യോത്സ്യന്മരുടെ ശുക്രദശ തെളിഞ്ഞത്. നൂറും,ഇരുന്നൂറും കുറിപ്പുകള്‍ ഒത്തു നോക്കിയാലേ ചിലര്‍ക്ക് പൊരുത്തമുള്ള ബന്ധം കിട്ടുന്നുള്ളൂ. വന്‍ തുക പ്രതിഫലം പററി പൊരുത്തമുള്ള ജാതകം എഴുതി കൊടുക്കുന്ന ജ്യോത്സ്യന്മാരുമുണ്ട്. ജനിച്ച സമയം മാററിയാല്‍ മതിയല്ലോ.. ജനിച്ച സമയത്തിന് യാതൊരു പ്രാധാന്യവുമില്ലെന്നു നന്നായി അറിയാവുന്നവര്‍ അവരാണല്ലോ. ഇത്തരം വിശ്വാസങ്ങള്‍ ഒരു തരം ഭ്രാന്ത് എന്നല്ലാതെ എന്ത് പറയാന്‍ !

പ്രപഞ്ചത്തില്‍ അനന്തകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളുമുണ്ട്.അതിന്റെയൊക്കെ ഭ്രമണങ്ങള്‍ ഈ കൊച്ചു ഭൂമിയിലെ നിസ്സാരനായ മനുഷ്യന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നു എന്നു പറയുന്നത് എത്ര ഭോഷ്ക് ആണ്.. സാമൂഹ്യ ജീവിയായ മനുഷ്യന്റെ പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.. സമൂഹത്തില്‍ നിന്ന് തന്നെയാണ് അതിന്റെ പരിഹാരവും കാണേണ്ടത്. വിദ്യാസമ്പന്നരായ മലയാളികള്‍ ഈ മൂഡ്ഡ വിശ്വാസത്തില്‍ പെട്ട് ഉഴലുന്നതു കാണുമ്പോള്‍ സങ്കടം തോന്നുന്നു... ഭാവിയാണല്ലോ ഇക്കൂട്ടര്‍ പ്രവചിക്കുന്നത്, അതായത് നാളെ നടക്കാന്‍ പോകുന്ന സംഭവങ്ങള്‍! അങ്ങിനെ ഭൂമിയുള്ള കാലത്തോളം നടക്കേണ്ട സംഭവങ്ങള്‍ മുന്‍ കൂട്ടി തീരുമാനിച്ച് എഴുതി വെച്ചിട്ടുണ്ടോ? ഇതെന്താ തിരക്കഥയെഴുതി ഷൂട്ട് ചെയ്യുന്ന സീരിയലോ? കൊളംബസ്സ് അമേരിക്ക കണ്ടുപിടിച്ചതും, സുനാമിയും, സദ്ദാമിന്റെ വധശിക്ഷയുമെല്ലാമെല്ല്ലാം മുന്നേ എഴുതിവെച്ച തിരനാടകത്തിലെ അഭിനയിച്ചു തീര്‍ക്കേണ്ടിയിരുന്ന രംഗങ്ങളോ? നാളെ നടക്കുന്ന സംഭവങ്ങള്‍ നടന്നാലേ ഉള്ളൂ, ഇല്ലങ്കില്‍ ഇല്ല. ലളിതമായൊരു ലോജിക്കാണിത്. എന്റെ സുഹൃത്തുക്കള്‍ മനസ്സിലാക്കണം. നാളെയുടെ അനിശ്ചിതത്വത്തിലേക്ക് , ആകസ്മികതയിലേക്ക് നമ്മള്‍ നടന്നു നീങ്ങുന്നു... ഭൂമിയും നക്ഷത്രങ്ങളും,പ്രപഞ്ചം തന്നെയും..ചലിച്ചുകൊണ്ടിരിക്കുന്നു.. എന്തിനെന്നറിയാതെ........................

ഈ വീഡിയോ കാണുക.

വിശ്വാസങ്ങളെക്കുറിച്ച്........................

വിശ്വാസങ്ങള്‍ എല്ലാം തന്നെ അന്ധവിശ്വാസങ്ങളാണ്.ഞാന്‍ ഇത് വിശ്വസിക്കുന്നു എന്ന് ഒരാള്‍ പറയുമ്പോള്‍ അത് സത്യമായിക്കൊള്ളണമെന്നില്ല എന്നാലും ഞാന്‍ അത് വിശ്വസിക്കുന്നു എന്നാണ് അയാള്‍ പറയുന്നത്.എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതും,സത്യവുമായവസ്തുതകളെപ്പററി പറയുമ്പോള്‍ ഞാനത് വിശ്വസിക്കുന്നു എന്നാരും പറയില്ല. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണെന്നോ,ആകാശത്തിന് നീലനിറമാണെന്നോ ഞാന്‍ വിശ്വസിക്കുന്നതായി ആരും പറയില്ല. കാരണം അത് തര്‍ക്കമററതും,ഏവര്‍ക്കും ബോധ്യപ്പെടുന്നതുമാണല്ലോ. വിശ്വാസത്തെ പററി നിങ്ങളുടെ അഭിപ്രായമെന്തെന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതിങ്ങിനെയാണ് , “എനിക്ക് വിശ്വാസങ്ങള്‍ ഒന്നുമില്ല... കുറച്ച് അറിവുകളും കുറേ അറിവില്ലായ്മകളുമാണുള്ളത്. ഞാനെന്തിന് വെറുതെ എന്തെങ്കിലും വിശ്വസിക്കണം..? ’’ മാര്‍ക്സിസം വായിച്ചാല്‍ എനിക്ക് മനസ്സിലാവും. അതിലുള്ള സത്യങ്ങളും,അര്‍ധസത്യങ്ങളും,അപൂര്‍ണ്ണതകളും എനിക്ക് തിരിച്ചറിയാന്‍ കഴിയും. സത്യമായവ സ്വീകരിക്കുകയും ചെയ്യും. അല്ലാതെ ഞാനെന്തിനത് വിശ്വസിക്കുകയോ,വിശ്വസിക്കാതിരിക്കുകയോ ചെയ്യണം? പൂര്‍ണ്ണമായ സത്യം പറയാന്‍ ഇന്നേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല,കഴിയുകയുമില്ല. എല്ലാ ദര്‍ശനങ്ങളും , തത്വശാസ്ത്രങ്ങളും,പ്രബോധനങ്ങളും , ചിന്തകളും അപൂര്‍ണ്ണങ്ങളാണ്,എന്നാല്‍ മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശനവും !! എല്ലാം കൂട്ടിവായിക്കുമ്പോഴാണ് നാം സത്യത്തിലേക്ക് അടുക്കുന്നത്. തനിക്ക് ബോധ്യപ്പെടാത്തതും,തെളിയിക്കപ്പെടാത്തതുമായ എത്രയോ വിശ്വാസങ്ങള്‍ മനുഷ്യന്‍ ചുമക്കുന്നു.യുക്തിയുടെ യാതൊരു പിന്‍ബലവുമില്ലാതെ എന്തും വിശ്വസിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പുറത്താണ് എല്ലാ എസ്റ്റാബ്ലിഷ് മെന്റുകളും, ആചാരങ്ങളും,ചടങ്ങുകളും നിലനില്‍ക്കുന്നത്.
ഇവയില്‍ പലതും മനുഷ്യജീവിതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും,അവന്റെ ആനന്ദവും സംതൃപ്തിയും ആയുസ്സ് തന്നെയും അപഹരിക്കുന്നതുമാണ്. എല്ലാ വിശ്വാസങ്ങളേയും മനസ്സില്‍ നിന്ന് പുറന്തള്ളി അറിവുകളെ സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള കഴിവ് ആര്‍ജ്ജിക്കുകയുമാണ് വേണ്ടത്. മുന്‍ വിധിയില്ലാത്ത നേര്‍ക്കാഴ്ചക്ക് മനസ്സിന്റെ വാതില്‍ തുറന്നിടുക......................

എന്നെ തേടുന്ന ഞാന്‍........

ആരാണ് ഞന്‍? അഥവാ എന്താണ് ഞാന്‍....?ഈ ശരീരം ഞാനല്ല,കാരണം എനിക്കു മുന്‍പുണ്ടായിരുന്നതും എനിക്കു ശേഷം നശിക്കാതെ നിലനില്‍ക്കുന്നതുമായ പദാര്‍ഥങ്ങളാല്‍(കാര്‍ബണ്‍,ഓക്സിജന്‍,നൈട്രജന്‍ തുടങ്ങി16ല്‍ പരം മൂലകങ്ങള്‍) നിര്‍മ്മിക്കപ്പെട്ടതാണ് ഈ ശരീരം. പിന്നെ എന്റെ ചിന്തകള്‍,അറിവുകള്‍,ആശയങ്ങള്‍ എല്ലാം സമൂഹത്തില്‍ നിന്ന് ലഭിച്ചതാണ്. അപ്പോള്‍ എന്റേതെന്ന് അവകാശപ്പെടാവുന്ന ഞാന്‍ എവിടെയാണുള്ളത് ? എന്റെ ജനനത്തിനു മുന്‍പും മരണത്തിനുശേഷവും ഞന്‍ ഇല്ല്ല. അദ്വൈത സിദ്ധാന്തം സമര്‍ഥിക്കുന്നതുപൊലെ ഒരു മായയാണോ ഞാന്‍ ? അല്ല, ഞാന്‍ ഒരു യാഥാര്‍ഥ്യമാണ്! മററ് ഏതൊരു യാഥാര്‍ഥ്യവും പോലെ തന്നെ !! പാറക്കെട്ടുകളില്‍ തട്ടി ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍ നീര്‍ക്കുമിളകളായി പരിണമിക്കുന്നത് കണ്ടിട്ടില്ലേ? നൈമിഷികമെങ്കിലും ഒരു നീര്‍ക്കുമിളക്ക് അതിന്റേതായ ഒരു അസ്തിത്വമുണ്ട്! എനിക്കും!! ഇല്ലായ്മയില്‍ നിന്ന് ഉണ്ടാവുകയും,ഉണ്ടായതില്‍ നിന്ന് ഇല്ലാതാവുകയും ചെയ്യുന്നതിനിടയിലെ നിലനില്പിന്റേതായ കാലദൈര്‍ഘ്യത്തെ അതിന്റെ ആയുസ്സ് എന്ന് പറയുന്നു. ഓരോന്നിനും അതാതിന്റേതായ ആയുസ്സ് പൂര്‍ണ്ണമാണ് . നീര്‍ക്കുമിളകളും,ചിത്രശലഭങ്ങളും,പക്ഷി മൃഗാദികളും,മനുഷ്യരും, ഗ്രഹങ്ങളും,നക്ഷത്രങ്ങളും എല്ലാമെല്ലാം അതാതിന്റേതായ ആയുസ്സിന്റെ പൂര്‍ണ്ണതയില്‍ നിലനില്‍ക്കുന്നു. കാലം ആപേക്ഷികമാണ് . മനുഷ്യന്റെ ബോധമണ്ഡലത്തിന് പുറത്ത് കാലത്തിന് സ്വതന്ത്രമായി നിലനില്പില്ല. കാലത്തിലൂടെ സംഭവങ്ങള്‍ ചുരുള്‍ നിവരുകയല്ല,സംഭവങ്ങളുടെ തുടര്‍ച്ചയില്‍ കാലത്തിന് ത്രിമാനസ്വഭാവം (ഭൂതം,വര്‍ത്തമാനം,ഭാവി) ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. കാലം ഒരു കേവലസത്യമാണെന്ന മിഥ്യാബോധമാണ് മനുഷ്യന്റെ സകല ദു:ഖങ്ങള്‍ക്കും കാരണം.....................................