HTML എന്നാല്‍ എന്ത് - 1

നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്നത് ഒരു വെബ്പേജ് ആണ്. ഈ ബ്ലോഗ് ഒരു വെബ്സൈറ്റ് ആണെന്ന് അറിയാമല്ലോ. വെബ്സൈറ്റിലെ ഒരു പേജിനെയാണ് വെബ്പേജ് എന്ന് പറയുന്നത്. ഈ വെബ്സൈറ്റ് നിര്‍മ്മിക്കാന്‍ ഞാന്‍ ഒന്നും മെനക്കെട്ടിട്ടില്ല. എല്ലാം സൌജന്യമായി കിട്ടി. ഞാന്‍ ആകെ ചെയ്യുന്നത് ഏതാനും സെക്കന്റുകള്‍ കൊണ്ട് ഒരു ബ്ലോഗ് ഉണ്ടാക്കിയതിന് ശേഷം എന്റെ ആശയങ്ങള്‍ ടൈപ്പ് ചെയ്യുന്നു എന്നത് മാത്രമാണ്. എന്നാലും ഇത് ഒരു വെബ്സൈറ്റ് തന്നെയാണ്. നിങ്ങള്‍ ഈ പേജ് വായിക്കുന്നത് ഒരു ബ്രൌസറില്‍ ആണ്. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ഫോക്സ് അല്ലെങ്കില്‍ ക്രോം അങ്ങനെ ഏതെങ്കിലും ഒന്ന്. ബ്രൌസറില്‍ മാത്രമേ വെബ്പേജ് വായിക്കാന്‍ പറ്റുകയുള്ളൂ. എന്താണ് എച്ച് ടി എം എല്‍ ( html ) എന്ന് ചോദിച്ചാല്‍ ബ്രൌസറിന്റെ മാതൃഭാഷയാണ് എച്ച് ടി എം എല്‍ എന്ന് പറയാം. ബ്രൌസറിന് HTML മാത്രമേ മനസ്സിലാവുകയുള്ളൂ. ഒരു വെബ്പേജ് എങ്ങനെ കാഴ്ച തരണമെന്ന് ബ്രൌസര്‍ തീരുമാനിക്കുന്നത് ഈ ഭാഷ മനസ്സിലാക്കിയിട്ടാണ്. സാധാരണ ബ്ലോഗ് എഴുതുന്ന എല്ലാവര്‍ക്കും എച്ച് ടി എം എല്‍ എന്ന വാക്ക് സുപരിചിതമാണ്. അത്കൊണ്ട് എച്ച് ടി എം എല്‍ എന്നതിന്റെ അടിസ്ഥാനവിവരങ്ങള്‍ പങ്ക് വയ്ക്കുക എന്നതാണ് ഈ പോസ്റ്റ് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. വെബ് ഡിസൈനര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ധാരാളം പഠിക്കാനുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.

എച്ച് ടി എം എല്‍ എന്നത് HyperText Markup Language എന്നതിന്റെ ചുരുക്കമാണ്. ഇതില്‍ HyperText എന്ന് പറഞ്ഞാല്‍ Linear text എന്നതിന്റെ വിപരീതമാണ്. നമ്മള്‍ കടലാസില്‍ വായിക്കുന്ന എല്ലാ ടെക്സ്റ്റുകളും Linear ആണ്. അതിന് ഒരു തുടക്കവും അവസാനവുമുണ്ട്. എന്നാല്‍ ഒരു വെബ്പേജില്‍ ടെക്സ്റ്റുകള്‍ക്ക് ലിങ്ക് നല്‍കാന്‍ പറ്റും. ആ ലിങ്കില്‍ നിന്ന് നമുക്ക് മറ്റൊരു പേജിലേക്ക് പോകാം. പിന്നെയും ലിങ്കുകള്‍. ഇത്കൊണ്ടാണ് വെബ്പേജിലെ ടെക്സ്റ്റുകളെ HyperText എന്നു പറയുന്നത്. Markup എന്ന് പറഞ്ഞാല്‍ ഒരു വാചകം അല്ലെങ്കില്‍ അക്ഷരങ്ങള്‍ എങ്ങനെ ബ്രൌസര്‍ കാണിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ പറ്റും. ഉദാഹരണത്തിന് ഒരു വാചകം ബോള്‍ഡ് ആയോ ചെരിഞ്ഞോ അണ്ടര്‍ലൈനോടുകൂടിയോ വ്യത്യസ്ത നിറത്തോടുകൂടിയോ അടയാളപ്പെടുത്താന്‍ പറ്റും. Language എന്നാല്‍ ഭാഷ എന്ന് പറയേണ്ടല്ലൊ. അതായത് എച്ച് ടി എം എല്‍ എന്നാല്‍ ഒരു ഭാഷയാ‍ണ്. എന്നാല്‍ കമ്പ്യൂട്ടര്‍ ലാംഗ്വേജ് അല്ല. എച്ച് ടി എം എല്‍ എന്ന ഭാഷയിലാണ് വെബ്പേജുകള്‍ എഴുതുന്നത്. ഒരു ബ്രൌസറില്‍ മാത്രമേ വെബ്പേജ് വായിക്കാന്‍ കഴിയുകയുള്ളൂ. ഒരു വെബ്പേജിന്റെ എച്ച് ടി എം എല്‍ കാണാന്‍ ആ പേജില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഓപന്‍ ആകുന്ന പോപ് അപില്‍ view page source എന്നതില്‍ ക്ലിക്ക് ചെയ്ത് നോക്കുക. അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ ആ പേജിന്റ് എച്ച് ടി എം എല്‍ രൂപം കാണാം.

ആദ്യത്തെ വരിയില്‍ <html> എന്ന് കാണാം. എച്ച് ടി എം എല്‍ എന്ന ഭാഷയിലാണ് ഈ പേജ് എഴുതിയിരിക്കുന്നത് എന്ന് ബ്രൌസറിനെ അറിയിക്കാനാണിത്. ഞാന്‍ ലളിതമായി പറയുന്നത്കൊണ്ട് html ന്റെ വെര്‍ഷന്‍ ഒക്കെ ആ ആദ്യവരിയില്‍ ഉണ്ടാകുമെങ്കിലും അതിനെ കുറിച്ച് ഇപ്പോള്‍ വിശദീകരിക്കുന്നില്ല. ശരി, നമുക്ക് ഏറ്റവും ലളിതമായ ഒരു വെബ്പേജ് ഇപ്പോള്‍ ഉണ്ടാക്കാം. അതിന് ഒരു എഡിറ്റര്‍ വേണം. നമ്മുടെ സിസ്റ്റത്തില്‍ നോട്ട് പാഡ് ഉണ്ടല്ലൊ. അത് തുറക്കുക. <html> എന്നതില്‍ രണ്ട് ആങ്കിള്‍ ബ്രായ്ക്കറ്റ് കണ്ടല്ലോ. ഇതിനെ ടാഗ് എന്നാണ് പറയുക. html എന്നത് എലമെന്റാണ്. ഒരു വാചകം ബോള്‍ഡ് ആക്കണമെങ്കില്‍ ആ വാചകത്തിന്റെ ആദ്യവും അവസാനവും നമ്മള്‍ രണ്ട് ടാഗുകള്‍ക്കുള്ളില്‍ b എന്ന എലമെന്റ് ചേര്‍ക്കുന്നു. അപ്പോള്‍ ആ വാചകത്തെ ബോള്‍ഡ് ആക്കി കാണിക്കണമെന്ന് ബ്രൌസര്‍ തിരിച്ചറിയുന്നു. <b>ഉദാഹരണത്തിന് </b> , എന്ന വാക്കിന്റെ ആദ്യമുള്ള ടാഗിനെ ഓപ്പനിങ്ങ് ടാഗ് എന്നും അവസാനമുള്ള ടാഗിനെ ക്ലോസിങ്ങ് ടാഗ് എന്നും പറയുന്നു.  <b>... </b> , <i> ...</i> , <u>... </u> എന്നീ എലമെന്റുകള്‍ യഥാക്രമം ബോള്‍ഡ് (Bold)   , ഇറ്റാലിക്ക് (Italic)  , അണ്ടര്‍ലൈന്‍ (Under line)   എന്നിവയെ കുറിക്കുന്നു എന്ന് അറിയാമല്ലോ അല്ലേ.

നോട്ട് പാഡില്‍ താഴെ കാണുന്ന പോലെ ടൈപ്പ് ചെയ്യുക.

<html>
<head>
<title>Mywebsite</title>
</head>
<body>
എന്റെ ബ്ലോഗ്
</body>
</html>

(പ്രത്യേകം ശ്രദ്ധിക്കുക:  എച്ച് ടി എം എല്‍ എഴുതുമ്പോള്‍ ഇങ്ങനെ താഴെത്താഴെയായി തന്നെ എഴുതണമെന്നില്ല. അതൊന്നും ബ്രൌസര്‍ കണക്കിലെടുക്കുകയില്ല. ഒരേ വരിയില്‍ തുടര്‍ച്ചയായി എഴുതിയാലും കുഴപ്പമില്ല. തെറ്റുകള്‍ ബ്രൌസര്‍ അവഗണിക്കും. ശരിയായത് മാത്രം കാണിക്കും. എന്നാല്‍ താഴെത്താഴെയായി എഴുതുന്നതാണ് ഭംഗി. അത്പോലെ തന്നെ അക്ഷരങ്ങള്‍ ക്യാപിറ്റല്‍ ലെറ്റര്‍ ആകുന്നതോ സ്മാള്‍ ലെറ്റര്‍ ആകുന്നതോ എച്ച് ടി എം എല്ലില്‍ പ്രശ്നമല്ല)

ഒരു എച്ച് ടി എം എല്‍  വെബ്പേജിന് ഹെഢും  ബോഡിയും ഉണ്ടാകും.  ഹെഢില്‍ ഉള്ളത് നാം കാണുകയില്ല.  ബോഡിയില്‍ ഉള്ളത് മാത്രമേ കാണുകയുള്ളൂ.  മേലെ ടൈപ്പ് ചെയ്തതില്‍ html എന്നത് ആദ്യം ഓപ്പനിങ്ങ് ടാഗിലും അവസാനം ക്ലോസിങ്ങ് ടാഗിലും ഉള്‍ക്കൊള്ളിച്ചു.  അതിന്റെ ഇടയില്‍ ഹെഢും ബോഡിയും  ഓപ്പനിങ്ങ് , ക്ലോസിങ്ങ് എന്നീ ടാഗുകളില്‍ ഉള്‍പ്പെടുത്തി.  ഹെഢിന്റെ ഇടയില്‍ ടൈറ്റില്‍ കൊടുത്തു.  ആ ടൈറ്റിലും രണ്ട് ടാഗുകള്‍ക്കിടയില്‍ ചേര്‍ത്തു അല്ലേ? ഈ ടൈറ്റില്‍ ആണ് നമ്മള്‍ ബ്രൌസറിന്റെ ഏറ്റവും മുകളില്‍ കാണുക.  ഹെഢിന്റെ ഇടയില്‍ വരുന്നത്കൊണ്ട് അത്  പേജില്‍ കാണുകയില്ല. ബോഡിയില്‍ ഒപ്പനിങ്ങ് ടാഗിനും ക്ലോസിങ്ങ് ടാഗിനും ഇടയില്‍ എഴുതിയ “ എന്റെ ബ്ലോഗ് ” എന്ന വാചകം മാത്രമേ പേജില്‍ കാണുകയുള്ളൂ. ഇനി നമുക്ക് നോട്ട്പാഡില്‍ ടൈപ്പ് ചെയ്തത് വെബ്പേജാക്കി മാറ്റണം.

നോട്ട്പാഡില്‍ file-ല്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് save as എന്ന് കൊടുക്കുക. അപ്പോള്‍ തുറക്കുന്ന വിന്‍ഡോയില്‍ മേലെ save in: എന്ന് കാണുന്നിടത്തില്‍  Desktop സെലക്റ്റ് ചെയ്യുക. താഴെ   file name എന്ന് കാണുന്നിടത്ത് Mywebsite.html എന്നു കൊടുക്കുക. save as type: എന്നിടത്ത് all files എന്ന് സെലക്റ്റ് ചെയ്യുക,  Encoding  എന്നിടത്തില്‍ UTF-8 സെലക്റ്റ് ചെയ്യുക. എന്നിട്ട് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഡസ്ക്ടോപ്പില്‍ Mywebsite എന്ന വെബ് പേജ് സേവ് ആയിട്ടുണ്ടാവും.  ഇതില്‍ ഫയല്‍ നെയിം കൊടുത്തപ്പോള്‍ Mywebsite ന്റെ കൂടെ ഡോട്ട് html എന്ന് ചേര്‍ത്തില്ലേ. അതിനെ ഫയലിന്റെ എക്സ്റ്റന്‍ഷന്‍ എന്ന് പറയും. ആ എക്സ്റ്റന്‍ഷന്‍ ചേര്‍ത്താല്‍ മാത്രമേ ബ്രൌസറില്‍ വായിക്കാന്‍ പറ്റുന്ന വെബ്പേജ് ആവുകയുള്ളൂ. ഞാന്‍ ഇത് ഒന്ന് കൂടി വിവരിക്കാം.അറിയാമല്ലോ, ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദനല്ല. എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് ഞാന്‍ മനസ്സിലാക്കിയത് പറഞ്ഞുകൊടുക്കാനുള്ള എളിയ ശ്രമമാണിത്.  തുടരും.

ബ്ലോഗ് പോസ്റ്റ് യൂട്യൂബിലും പബ്ലിഷ് ചെയ്യാം

ഞാന്‍  കമ്പ്യൂട്ടറിനെ പറ്റിയും അതിന്റെ സാധ്യതകളെ പറ്റിയും  ദിവസേന ഓരോന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ശരിക്ക് പറഞ്ഞാല്‍ കടല്‍ പോലത്തെ സംഭവമാണ്.  എത്ര പഠിച്ചാലും തീരുകയില്ല.  മനസ്സിലാക്കുന്നത് ചിലതെങ്കിലും ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്നുണ്ട്.  ഇന്ന് മനസ്സിലാക്കിയത് കാം സ്റ്റുഡിയോ എന്ന സോഫ്റ്റ്‌വേര്‍ എങ്ങനെ നമുക്ക് പ്രയോജനപ്പെടുത്താം എന്നാണ്.  നമ്മുടെ ഡസ്ക്ക്ടോപിന്റെ വീഡിയോ എടുക്കാം എന്നതാണ് അതിന്റെ പ്രത്യേകത. ഇത് സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാം.  അങ്ങനെ നമ്മുടെ ബ്ലോഗ് പോസ്റ്റിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് അത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാം.  ഞാന്‍ പരീക്ഷണത്തിന് പെട്ടെന്ന് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ താഴെ കാണുക.  ആ സോഫ്റ്റ്‌വേര്‍ ഡൌണ്‍‌ലോഡ് ചെയ്ത് നിങ്ങളും പരീക്ഷിച്ചു നോക്കുക.   എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കമന്റില്‍ ചോദിക്കുക. റെക്കോര്‍ഡ് ചെയ്യുന്ന വിധം ഞാന്‍ അടുത്ത പോസ്റ്റില്‍ പറഞ്ഞുതരാം.

ഡൌണ്‍‌ലോഡ് ലിങ്ക് .

വീഡിയോ ഫുള്‍ സ്ക്രീന്‍ മോഡില്‍ കാണാന്‍ താഴെ വലത് ഭാഗത്തെ ചതുരത്തില്‍ ക്ലിക്ക് ചെയ്യുക.

സൗമ്യയ്ക്ക് വേണ്ടി ഒരു ദിവസം

Soumyak oru Divasam 22
അനില്‍ കുമാര്‍ തിരുവോത്ത് എന്ന ബ്ലോഗര്‍ തന്റെ  കരുണ  എന്ന ബ്ലോഗിലൂടെ  കേരളത്തിലെ സഹൃദയരോട് നടത്തിയ അഭ്യര്‍ത്ഥനയാണ് ഇവിടെ ഇമേജ് രൂപത്തില്‍ കാണുന്നത്. അതില്‍ ക്ലിക്ക് ചെയ്താല്‍ വലിപ്പത്തില്‍ വായിക്കാന്‍ കഴിയും.  2011 മാര്‍ച്ച് എട്ടാം തീയ്യതി വൈകുന്നേരം അഞ്ച് മണിക്ക് നമുക്ക് എല്ലാ‍വര്‍ക്കും അവരവരുടെ പ്രദേശത്ത് ഒത്ത് ചേര്‍ന്ന് സൌമ്യയ്ക്ക് നേര്‍ന്ന പോലെ ഒരു ദുര്‍വ്വിധി ഇനിയാര്‍ക്കും വരരുത് എന്ന് കൈകോര്‍ത്ത്കൊണ്ട് പ്രതിജ്ഞ ചെയ്യാം.  നമ്മള്‍ ബ്ലോഗര്‍മാരും  മറ്റുള്ള സോഷ്യല്‍ കമ്മ്യൂണിറ്റി അംഗങ്ങളും എല്ലാവരും  മനസ്സ് വെച്ചാല്‍ കേരളം മുഴുവന്‍ നീളുന്ന മഹത്തായൊരു മനുഷ്യച്ചങ്ങലയായി ഈ ദൌത്യത്തെ മാറ്റാന്‍ കഴിയും.  എവിടെ ഒരു നിലവിളിയോ രോദനമോ കേട്ടാല്‍ അവനവന്റെ തിരക്കുകള്‍ മാറ്റി വെച്ച് തന്നാല്‍ കഴിയുന്ന സഹായം ചെയ്യാന്‍  മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് ബാധ്യതയുണ്ട്.  അത്പോലെ തന്നെ എവിടെയായാലും  കണ്മുന്നില്‍ എന്തെങ്കിലും  അനീതിയോ അക്രമമോ നടന്നാലും അതിനെതിരെ പ്രതികരിക്കുന്നവരുടെ ഒരു കൂട്ടായ്മ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരണം.  എല്ലാവരുടെയും മനസ്സില്‍ ഇങ്ങനെയൊരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ നാം ഇനിയും അമാന്തിക്കാന്‍ പാടില്ല. അല്ലെങ്കില്‍ പിന്നെ മനുഷ്യന്‍ ഒരു സാമൂഹ്യജീവി എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്?

അവനവന്‍ മാത്രം വിചാരിച്ചാല്‍ അവനവന്റെ സുരക്ഷിതത്വം ഒരിക്കലും ഉറപ്പാക്കാന്‍ കഴിയില്ല. നമ്മള്‍ മലയാളികള്‍ക്ക് അന്യരെ കുറിച്ച് യാതൊരു ചിന്തയോ പരിഗണനയോ ഇല്ല.  എന്തിലും ഏതിലും  സ്വന്തം കാര്യം മാത്രം എന്നതാണ് മനോഭാവം.  ഇങ്ങനെ  അവനവന് വേണ്ടി മാത്രം ഈ ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം? ആ ജീവിതത്തിന് എന്ത് സൌന്ദര്യമാണ് ഉള്ളത്?  സമൂഹത്തിലെ ഓരോ അംഗവും  ദിവസത്തില്‍ അര മണിക്കൂറെങ്കിലും  മറ്റുള്ളവര്‍ക്ക് വേണ്ടിയോ സമൂഹത്തിന് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരികയാണെങ്കില്‍ ഇവിടെ നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.  ഇനി നമ്മെ ഉല്‍ബോധിപ്പിക്കാനോ വഴി നടത്താനോ പ്രവാചകന്മാര്‍ അവതീര്‍ണ്ണരാവുകയോ മഹാത്മാക്കള്‍ ജനിക്കുകയോ ചെയ്യും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ. നമ്മള്‍ മുന്‍‌കൈ എടുത്ത് എന്തെങ്കിലും ചെയ്താലായി.  അത്കൊണ്ട് ഈ വരുന്ന മാര്‍ച്ച് എട്ട് എന്ന ദിവസം കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു ദിവസമായി മാറട്ടെ. നമ്മുടെയെല്ലാം മനസ്സില്‍ മറ്റുള്ളവരോട് സഹാനുഭൂതിയും ആര്‍ദ്രതയും കരുണയും നിറയട്ടെ. അങ്ങനെ നമുക്ക് ഈ ജീവിതം  സാര്‍ഥകവും ഉദാത്തവുമാക്കാം.  

ബാലകൃഷ്ണപിള്ളയോട് സഹതാപം തോന്നുന്നു..

ബാലകൃഷ്ണപിള്ളയ്ക്ക് ഈ പ്രായത്തില്‍ ജയിലില്‍ പോകേണ്ടി വന്നതില്‍ ഞാന്‍ വ്യക്തിപരമായി വേദനിക്കുന്നു.  വാര്‍ദ്ധക്യത്തില്‍ ഇത്തരം ഒരവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്ന് പറയാനാണ് എന്നിലെ മാനവികത എന്നെ പ്രേരിപ്പിക്കുന്നത്. ഏത് കുറ്റവാളിക്കും ശിക്ഷ അവന്റെ ആരോഗ്യമുള്ള പ്രായത്തില്‍ അനുഭവിച്ച് തീര്‍ത്ത് വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിയ്ക്കാനുള്ള അവസരം ഉണ്ടാകണം എന്ന് ഞാന്‍ കരുതുന്നു.  ശിക്ഷ എന്നത് മാനസാന്തരത്തിനുള്ള ഉപാധിയായിട്ടാണ് പരിഷ്കൃത സമൂഹം കാണുന്നത്. ഏത് ശിക്ഷയും ഒരു കുറ്റവാളിയെ നല്ല മനുഷ്യനാക്കുന്നതിന് വേണ്ടിയാണെന്ന് ചുരുക്കം.  വയസ്സ് കാലത്ത് ശിക്ഷിക്കപ്പെടുമ്പോള്‍ ഈ അവസരമാണ് ഇല്ലാതാവുന്നത്.  ഒരു കേസ് ആവിര്‍ഭവിച്ചാല്‍ അത് മിനിമം ഇത്ര കൊല്ലത്തിനകം അന്ത്യം കാണണമെന്ന് ഒരു നിബന്ധന ഉണ്ടാകേണ്ടതാണ്.  പത്തും ഇരുപതും കൊല്ലക്കാലം ഒരു കേസ് നീണ്ടുപോവുക എന്നത് എന്ത് കഷ്ടമാണ്.  ഇത് നീതിന്യായവ്യവസ്ഥയെ അര്‍ഥശൂന്യമാക്കുന്നതിന് തുല്യമാണ്.  എന്തായാലും അടുത്ത കൊല്ലം മുതല്‍ കേസുകള്‍ മൂന്ന് കൊല്ലം കൊണ്ട് തീര്‍പ്പാക്കപ്പെടും എന്ന് നിയമമന്ത്രി വീരപ്പമൊയിലി പ്രസ്താവിച്ചിട്ടുണ്ട്. പൊതുവെ മന്ത്രിമാര്‍ ഓരോന്ന് പറയുമെങ്കിലും അതൊന്നും സമയബന്ധിതമായി നടപ്പാക്കിക്കാണാറില്ല. അത്കൊണ്ട് വീരപ്പമൊയിലി പറയുന്നത് ടിവിയില്‍ കേട്ടു എന്നല്ലാതെ ഫലം കാണുമോ എന്നറിയില്ല.  ശരിയായ കാര്യമാണ് മൊയിലി പറഞ്ഞത് എന്ന് മാത്രം.

കേരളത്തില്‍ തടവ് ശിക്ഷ ലഭിച്ച് ജയിലില്‍ പോകുന്ന ആദ്യത്തെ മുന്‍‌മന്ത്രിയാണ് ബാലകൃഷ്ണപിള്ള.  മറ്റൊരു മുന്‍‌മന്ത്രിയും  മറ്റൊരു കേസില്‍ പ്രതിയാണ്.  അദ്ദേഹത്തിനും ജയിലില്‍ പോകേണ്ടി വരുമോ എന്നറിയില്ല.  ഇന്നത്തെ അവസ്ഥ വെച്ച് ആ കേസും  എത്ര ദശാബ്ദങ്ങള്‍ നീളുമെന്നും പറയാനാവില്ല.  മാത്രമല്ല വി.എസ്.അച്യുതാനന്ദന്‍ , അദ്ദേഹം തന്നെ പറഞ്ഞ പോലെ സ്വന്തം പോക്കറ്റില്‍ നിന്നും ചെലവാക്കിയും  സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചും വ്യക്തിപരമായി നടത്തിക്കൊണ്ടുപോയ കേസിലാണ് ബാലകൃഷ്ണപിള്ള ജയിലിലായത്.  മറ്റേ മുന്‍‌മന്തിയുടെ കാര്യത്തിലും ഇത് പോലെ വിടാതെ പിന്തുടരാന്‍ ആരെങ്കിലും തയ്യാറാവുമോ എന്ന് പറയാനും പറ്റില്ല.  ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിക്കാന്‍ വകുപ്പ് ഉണ്ടായിരുന്നത്കൊണ്ട് ലാവലിന്‍ കേസിലും അമ്മാതിരി വകുപ്പ് ഉണ്ടാകും എന്ന് ന്യായമായും കരുതാം.  എന്ത് കുറ്റമായാലും ശിക്ഷിക്കപ്പെടുന്നതിനും ഒരു പ്രായപരിധി വേണം എന്ന് എനിക്കഭിപ്രായമുണ്ട്.  കുറഞ്ഞ പക്ഷം എഴുപത് വയസ്സ് വരെയേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളു എന്ന് തീരുമാനിക്കാമല്ലൊ. അത്രയൊക്കെയല്ലെ ഉള്ളു ശരാശരി പുരുഷായുസ്സ്.

ജയിലില്‍ പോയത്കൊണ്ട് ബാലകൃഷ്ണപിള്ള മാത്രമാണ് കേരളത്തില്‍ അധികാരദുര്‍വിനിയോഗം ചെയ്തതെന്നോ അഴിമതിയില്‍ പങ്കാളിയായതെന്നോ ആരെങ്കിലും കരുതുമെന്ന് തോന്നുന്നില്ല.  സര്‍ക്കാര്‍ സംവിധാനങ്ങളെ പറ്റി പറഞ്ഞാല്‍ വില്ലേജ് - പഞ്ചായത്ത് തലം തൊട്ട് അഴിമതിയും കൈക്കൂലിയും തുടങ്ങുന്നുണ്ട്.  ഏത് കാര്യമാണ് കൈക്കൂലി ഇല്ലാതെ സാധാരണ പൌരന് സാധിച്ചു കിട്ടുന്നത്?  ഒരു വസ്തുവിന്റെ ആധാരം റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ റജിസ്ട്രാര്‍ക്ക് കൈക്കൂലി കൊടുക്കണം. ആ വസ്തു അളന്ന് വിസ്തീര്‍ണ്ണം തിട്ടപ്പെടുത്തണമെങ്കില്‍ വില്ലേജ്മാന് കൈക്കൂലി കൊടുക്കണം.  റജിസ്റ്റര്‍ ചെയ്ത്  വസ്തുവിന്റെ പോക്കുവരവ് നടത്തി കിട്ടാന്‍ വില്ലേജ് ആഫീസര്‍ക്കും കൊടുക്കണം കൈക്കൂലി.  പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുത്താല്‍ പിന്നെ അത് പിന്‍‌വലിക്കണെമെങ്കില്‍ കൈക്കൂലി കൊടുക്കണം.  ചുരുക്കത്തില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്ത ആരും നാട്ടിലുണ്ടാവില്ല.  അപ്പോള്‍ പിടിക്കപ്പെടുന്നവരും ശിക്ഷിക്കപ്പെടുന്നവരും നിര്‍ഭാഗ്യവാന്മാര്‍ എന്നല്ലേ പറയേണ്ടത്.  അവരേക്കാളും കൈക്കൂലി വാങ്ങിയവര്‍ പിടിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും വിലസുന്നുണ്ടല്ലൊ.

നമ്മള്‍ ആര്‍ക്കെങ്കിലും എതിരില്‍ ഒരു കേസ്  കൊടുത്തു എന്ന് കരുതുക. നമ്മളാണല്ലൊ ആ കേസിലെ വാദി. നമുക്ക് ഒരു വക്കീല്‍ ഉണ്ടാകും. പ്രതിക്കും ഉണ്ടാകും വക്കീല്‍.  ആ രണ്ട് വക്കീലന്മാരും പരസ്പരം ധാരണയിലായിരിക്കും.  ഒരു ഘട്ടത്തില്‍ കേസ് ഒത്ത് തീരാന്‍ നമ്മള്‍ തീരുമാനിച്ചാല്‍ ആ വക്കീലന്മാര്‍ സമ്മതിക്കില്ല.  ഇങ്ങനെ കേസുമായി കഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്.  എങ്ങനെയൊക്കെയോ കാര്യങ്ങള്‍ നടന്നുപോകുന്നു എന്ന് മാത്രം. വളരെ രോഗാതുരമാണ് നമ്മുടെ സമൂഹം.  വ്യക്തിജീവിതത്തില്‍ ആര്‍ക്കും സമൂഹത്തില്‍ നിന്ന് നീതിയോ ന്യായമോ കിട്ടുന്നില്ല. അത്കൊണ്ട് എല്ലാവരുടെയും മനസ്സില്‍ ആരോടൊക്കെയോ പകയോ പ്രതികാരമോ ഒക്കെയാണ്.  ആ പകയും പ്രതികാരവും ഒക്കെയാണ് സന്ദര്‍ഭം ലഭിക്കുമ്പോള്‍ പലരും പ്രകടിപ്പിക്കുന്നത്.  പുറമെ കാണുമ്പോള്‍ എല്ലാം ശാന്തവും ഭദ്രവും എന്ന് തോന്നുമെങ്കിലും അകം സദാ പ്രക്ഷുബ്ദമാണ്.

അഴിമതിയെ പറ്റിയാണ് ഇന്ന് എല്ലാവരും സംസാരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും.  ഒരുകണക്കിന് ബാലകൃഷ്ണപിള്ള ജയിലില്‍ പോയത് നന്നായി എന്ന് പറയാം. അദ്ദേഹത്തിന്റെ മാനസികമായ പ്രയാസത്തില്‍ ദു:ഖം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഇത് പറയുന്നത്. മുന്‍ ടെലികോം മന്ത്രി രാജ തിഹാര്‍ ജയിലില്‍ കിടക്കുകയാണ് ഇതെഴുതുമ്പോള്‍. ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. അഴിമതിയില്‍ ഇടപെടുമ്പോള്‍ മറ്റുള്ള രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഒരു പേടി ഉണ്ടാക്കാന്‍ ഈ ജയില്‍വാസങ്ങള്‍ ഉപകാരപ്പെടും എന്നത്കൊണ്ടാണ് നന്നായി എന്ന് പറയാന്‍ തോന്നുന്നത്.  തനിക്കെതിരെ കേസ് വരുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതം  എന്ന് പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്  ആരും ഇനി കണക്കിലെടുക്കുകയില്ല.  എന്തെന്നാല്‍ , ആരായാലും  അവിഹിതമായി സ്വത്ത് സമ്പാദിച്ചാല്‍ അതിന്റെ പൊലിമ മറ്റുള്ളവര്‍ കാണുന്നുണ്ട്.  സര്‍ക്കാര്‍ തലത്തില്‍  അഴിമതിയും കൈക്കൂലിയും  വില്ലേജ് - പഞ്ചായത്ത് തൊട്ട് മേലോട്ട്  അങ്ങേത്തല വരെ പോകുന്നുണ്ട് എന്ന് ഞാന്‍ ആദ്യം പറഞ്ഞു.  ഇതില്‍ അഴിമതിയും കൈക്കൂലിയും ഇല്ലാത്ത ഏതെങ്കിലും ഒരു തലം ആര്‍ക്കെങ്കിലും ചൂണ്ടിക്കാട്ടാന്‍ പറ്റുമോ?

ജ്യൂഡീഷ്യറിയും ഈ കറയില്‍ നിന്ന് മുക്തമല്ല എന്നാണ് സമീപകാല വിവാദങ്ങള്‍ തെളിയിക്കുന്നത്. കര്‍ണ്ണാടകയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ദിനകരന്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈയ്യേറി സ്വന്തമാക്കി എന്നായിരുന്നു ആരോപണം.  സുപ്രീം കോടതിയിലെ ചില റിട്ടയര്‍ഡ് ജഡ്ജിമാര്‍ അഴിമതിക്കാരായിരുന്നു എന്നാണ് ശാന്തിഭൂഷണ്‍ ആരോപിച്ചത്. ഇത് പറഞ്ഞതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുകയാ‍ണെങ്കില്‍ ജയിലില്‍ പോകാനും തയ്യാര്‍ എന്ന് ശാന്തിഭൂഷണ്‍ പ്രഖ്യാപിക്കുകയുണ്ടായി.  ശാന്തിഭൂഷനെതിരെ ഇനിയും കേസ് ഒന്നും റജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല എന്നതിന്റെ അര്‍ഥം എന്താണ്?  എല്ലാ ജഡ്ജിമാരും സംശയത്തിനതീതരല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.  മുന്‍ ചീഫ് ജസ്റ്റിസും  ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജി.ബാലകൃഷ്ണനും ആരോപണങ്ങള്‍ നേരിടുകയാണല്ലൊ.

ഒരു ജഡ്ജി അഴിമതിയില്‍ പങ്കാളിയാവുകയോ കൈക്കൂലി വാങ്ങുകയോ ചെയ്തു എന്ന് അറിഞ്ഞാല്‍ അത് പരസ്യമായി തുറന്ന് പറഞ്ഞാല്‍ കോടതിയലക്ഷ്യമോ ജ്യൂഡിഷ്യറിയെ അപമാനിക്കലോ ആ സംവിധാനത്തെ ദുര്‍ബ്ബലമാക്കാനുള്ള ശ്രമമോ ആകുമോ?  പലരും  അങ്ങനെയാണ് കരുതുന്നതും ഭയപ്പെടുന്നതും.  ശാന്തിഭൂഷനാണ് മറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചതെങ്കിലും  ഇക്കാര്യത്തില്‍ വ്യക്തമായ ഒരു നിര്‍വ്വചനം നല്‍കിയത് കെ.സുധാകരനാണ്. ജ്യൂഡീഷ്യറിയെയും  ജ്യൂഡീഷ്യല്‍ ഓഫീസര്‍മാരെയും  രണ്ടായി കാണണം എന്നാണ് സുധാകരന്‍ പറഞ്ഞത്.  ജ്യൂഡീഷ്യറി എന്നാല്‍  ഒരു സിസ്റ്റമാണ്, അഥവാ ഭരണഘടനാപരമായ ഒരു സംവിധാനമാണ്.  പാര്‍ലമെന്റ് പോലെ തന്നെ നമ്മുടെ രാജ്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ് ജ്യൂഡീഷ്യറിയും.  ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒഴികെ മറ്റാര്‍ക്കും അഭിപ്രായവ്യത്യാസമില്ല. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് ഇവിടെയുള്ളത് ബൂര്‍ഷ്വകോടതിയാണ്. വിപ്ലവം നടത്തി തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിച്ച് പാര്‍ട്ടിയുടെ കീഴില്‍ സ്ഥാപിക്കുന്ന കോടതിയാണ് അവര്‍ക്ക് ശരിയായ കോടതി. അത് വരെ അവര്‍ക്ക് അനുകൂലമായാല്‍ ശരി അല്ലെങ്കില്‍ ബൂര്‍ഷ്വ എന്നാണവര്‍ പറയുക.  അത്കൊണ്ട് കോടതിയെ പറ്റി കമ്മ്യൂണിസ്റ്റുകളുടെ നിലപാട് മറ്റാര്‍ക്കും ബാധകമല്ല.

നമ്മെ സംബന്ധിച്ച് ജ്യൂഡിഷ്യറി എന്നാല്‍ സര്‍ക്കാര്‍ എന്നത് പോലെ തന്നെ നമ്മുടെ നിലനില്പിന്റെ ഭാഗമാണ്.  എന്ന് വെച്ച്  ഒരു ജഡ്ജി എന്ന് പറഞ്ഞാല്‍ ജ്യൂഡീഷ്യറി അല്ല.  ഒരു ജഡ്ജി കൈക്കൂലി വാങ്ങി എന്ന് അറിഞ്ഞാല്‍ അത് തുറന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം ജ്യൂഡീഷ്യറി മൊത്തം കൈക്കൂലി വാങ്ങി എന്നല്ല. അങ്ങനെ പറയുന്നത് കോടതിയലക്ഷ്യവുമല്ല.  ഇന്ത്യാരാജ്യത്തുള്ള ഒരു ജഡ്ജിയും ഇതുവരെയിലും കൈക്കൂലി വാങ്ങിയിട്ടില്ല എന്നോ ഇനി വാങ്ങുകയുമില്ല എന്നോ ആര്‍ക്കും പറയാന്‍ പറ്റാത്ത അവസ്ഥ ഇന്നുണ്ട്.  അത്കൊണ്ട് കോടതിയലക്ഷ്യം എന്നതിന്റെ പരിധിയില്‍ എന്തെല്ലാം പ്രസ്താവനകളാണ് വരിക എന്നൊരു നിര്‍വ്വചനം അടിയന്തിരമായി വ്യക്തമാക്കപ്പെടേണ്ടതുണ്ട്.  അഥവാ ഏതെങ്കിലും ഒരു ജഡ്ജി കൈക്കൂലി വാങ്ങുകയാണെങ്കില്‍ കോടതിയലക്ഷ്യം എന്ന കേസ് ആ ജഡ്ജിക്ക് രക്ഷാകവചം ആകരുതല്ലൊ.  ജഡ്ജിമാര്‍ വിമര്‍ശനത്തിനതീതരാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.  ജഡ്ജിമാരെ ശുംഭന്‍ എന്നൊക്കെ വിളിക്കുന്നത്  കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പറഞ്ഞതാണ്.  അതിന്റെ കാരണം നേരത്തെ പറഞ്ഞല്ലൊ. നമ്മുടെ വ്യവസ്ഥ ഒന്നിനോടും അവര്‍ക്ക് ആദരവില്ല.  ഗതികേട് കൊണ്ട് വിപ്ലവം വരുന്നത് വരെ എല്ലാം സഹിക്കുന്നു എന്നേയുള്ളൂ.  വിപ്ലവം വന്നാല്‍ പിന്നെ എല്ലാം പാര്‍ട്ടി തീരുമാനിക്കും പറയും ജനം അനുസരിക്കും അത്ര തന്നെ.  നമുക്ക് പക്ഷെ ജഡ്ജിമാര്‍ ആദരണീയരാണ്.  അത്കൊണ്ട് ജ്യൂഡീഷ്യറിയെ കളങ്കമറ്റതാക്കാനുള്ള ക്രിയാത്മക വിമര്‍ശനങ്ങള്‍ കൂടിയേ തീരൂ.  പണം നല്‍കിക്കൊണ്ട് അനുകൂല വിധി സമ്പാദിക്കുക എന്ന അവസ്ഥ ഭയാനകമായിരിക്കും.

കൈക്കൂലിയും അഴിമതിയും ജ്യൂഡീഷ്യറിയിലേക്കും  വ്യാപിക്കാതിരിക്കുന്നതിന്  നിതാന്തശ്രദ്ധ ആവശ്യമാണ്.  ഏത് വിധേനയും ഭൂമിയും പണവും പരിധിയില്ലാതെ സമ്പാദിക്കണം എന്ന ആസുരമായൊരു ആര്‍ത്തിയാണ് ഇന്ന് എല്ലാവരെയും നയിക്കുന്നത്. അവസരം ഒത്തുകിട്ടുന്നവര്‍ പരമാവധി അതിന് ശ്രമിക്കുന്നുമുണ്ട്. സാധാരണക്കാര്‍ക്ക് പത്ത് പൈസയുടെ തട്ടിപ്പ് നടത്താനുള്ള അവസരം കിട്ടുന്നില്ല എന്ന് മാത്രമല്ല എല്ലാ തട്ടിപ്പുകള്‍ക്കും ഇരയാകേണ്ടിയും വരുന്നു. തട്ടിപ്പ് നടത്താന്‍ കഴിയണം എന്നല്ല പറയുന്നത്. സാധാരണക്കാരന്റെ കാര്യത്തില്‍ നിയമം എത്ര കര്‍ക്കശമാണ്.   ഏത് പാര്‍ട്ടിയില്‍ പെട്ടാലും സാധാരണക്കാരന്റെ അവസ്ഥ ഇതാണ്.  രാഷ്ട്രീയപാര്‍ട്ടികളിലും അഴിമതിയോ കൈക്കൂലിയോ ഇല്ല എന്ന് ആരും കരുതുകയില്ല.  ഏത് ഈര്‍ക്കിലി പാര്‍ട്ടിയായാലും അതിലെ നേതാക്കള്‍ ഇന്ന് സുഭിക്ഷരായി തന്നെയാണ് കാണുന്നത്. മറ്റൊരു വരുമാനമാര്‍ഗ്ഗവും അവര്‍ക്ക് കാണാനുമില്ല. രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് തന്നെയാണ് അവര്‍ സമ്പാദിക്കുന്നത്. അവിഹിതമായ സമ്പാദ്യം തന്നെയാണത്.  രാഷ്ട്രീയപ്രവര്‍ത്തനം ഒരു തൊഴില്‍ ആയി മാറിയത്കൊണ്ടാണിത്. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് ഒരിക്കലും ഫുള്‍‌ടൈം ജോലി ആകരുതായിരുന്നു. അത്കൊണ്ട് പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഗുണം എന്നല്ലാതെ ഇക്കൂട്ടര്‍ ജനങ്ങള്‍ക്ക് എന്താണ് ചെയ്യുന്നത്.  ജനങ്ങളുടെ ചെലവില്‍ ഒരു പണിയുമെടുക്കാതെ തിന്ന് കൊഴുത്ത് ആഡംബരങ്ങളോടെ ആര്‍മ്മാദിക്കുന്ന ലക്ഷക്കണക്കിന് നേതാക്കള്‍ ഒരുപക്ഷെ ഇന്ത്യയില്‍ മാത്രമേ ഉണ്ടാകൂ.

ഒരു കണക്കിന് നമ്മള്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്. ഇവിടെ അഭിപ്രായസ്വാതന്ത്ര്യമുണ്ടല്ലൊ.  കൃത്യമായ ഇടവേളകളില്‍ തെരഞ്ഞെടുപ്പും നടക്കുന്നു.  ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്കൊണ്ടാണ് ജനപ്രതിനിധികളും മന്ത്രിമാരും ആ കസേരകളില്‍ ഇരിക്കുന്നത്. ഈ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അറബ് രാജ്യങ്ങളില്‍ ജനങ്ങള്‍ ഇന്ന് പൊരുതുന്നത്.  അവര്‍ക്ക് എപ്പോള്‍ ഈ സ്വാതന്ത്ര്യം ലഭിക്കും എന്ന് പറയാനാവില്ല.  പ്രക്ഷോഭകാരികള്‍ രാജ്യദ്രോഹികള്‍ എന്നാണ് ഇറാനിലെ പ്രസിഡണ്ട് നെജാദ് പറഞ്ഞത്.  ഇത്തരം ഏകാധിപതികള്‍ക്ക് രാജ്യം എന്നാല്‍ താനാണ്.  അത്കൊണ്ടാണ് ജനകീയാധികാരത്തിന് വേണ്ടി പ്രക്ഷോഭം നടത്തുന്നവര്‍ അവര്‍ക്ക് രാജ്യദ്രോഹികളാകുന്നത്.  ഭരണാധികാരം  ഒരു വ്യക്തിയിലോ , പാര്‍ട്ടിയിലോ , മതത്തിലോ കുത്തകയായി നിക്ഷിപ്തമാകുന്നതില്‍ ഒരു ന്യായവും ശരിയുമില്ല.  നിലവിലുള്ളതില്‍ വെച്ച്  നമ്മുടേത് പോലുള്ള പാര്‍ലമെന്ററി ജനാധിപത്യസമ്പ്രദായമാണ് ഏറ്റവും ആധുനികവും പരിഷ്കൃതവും താരതമ്യേന ന്യായമായതും. മറ്റെല്ലാ സമ്പ്രദായവും പിന്തിരിപ്പനാണ്.  നമ്മുടേത് പോലുള്ള ഭരണ സമ്പ്രദായമാണ് അറബ് രാജ്യങ്ങളിലെയും ചൈനയിലെയും ഒക്കെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവുക.

പ്രത്യയശാസ്ത്രം എന്തായാലും  ഭരണനിര്‍വ്വഹണം നടത്താനുള്ള പ്രതിനിധികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുക തന്നെ വേണം.  ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക പ്രകൃതിസഹജമായതിനാല്‍ ഭൂരിപക്ഷത്തിന്റെ  അഭിപ്രായപ്രകാ‍രം ഭരണം നിര്‍വ്വഹിക്കപ്പെടുക എന്നതേ കരണീയവും പ്രായോഗികവുമായിട്ടുള്ളൂ.  നമുക്ക് കടുത്ത വില കൊടുക്കാതെ തന്നെ ഈ സമ്പ്രദായം ലഭിക്കാനിടയായത്കൊണ്ട് ഇതിന്റെ മഹത്വം തിരിച്ചറിയാന്‍ കഴിയുന്നില്ല.  പാര്‍മെന്ററി ഡിമോക്രസി എന്നത് ജനങ്ങള്‍ക്ക് ലഭിച്ച ഒരു ഇന്‍സ്ട്രൂമെന്റാണ്. അത് എങ്ങനെ വിനിയോഗിക്കണം എന്ന്  ജനങ്ങള്‍ തീരുമാനിക്കണം.  ജന്മനാ ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ചിട്ട് എല്ലാം നേതാക്കള്‍ക്ക് വിട്ടുകൊടുക്കുന്ന ഒരു സമ്പ്രദായമാണ് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളത്.  അങ്ങനെയാണ് കൂട്ടുകക്ഷിഭരണം ഒക്കെയുണ്ടാകുന്നത്.  ഈ അവസ്ഥ മാറ്റിയെടുത്താല്‍ നമ്മുടെ സിസ്റ്റം മഹത്തരമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.  രാഷ്ട്രീയമെന്നാല്‍ പാര്‍ട്ടികളില്‍ വിശ്വസിക്കലല്ല.  രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ ന്യായമായതും ശരിയായതും യുക്തിസഹവുമായ നിലപാടുകള്‍ സ്വീകരിക്കലാണ്.

ബഹുമാനപ്പെട്ട ബാലകൃഷ്ണപിള്ള സാര്‍ ,  താങ്കള്‍  മന:പൂര്‍വ്വം  കേരളത്തെ പറ്റിച്ചെന്നോ മറ്റെന്തെങ്കിലും  ക്രിമിനല്‍ കുറ്റം ചെയ്തെന്നോ ഞാന്‍ കരുതുന്നില്ല.  എത്രയോ അഴിമതിക്കാരും  ക്രിമിനല്‍ കുറ്റവാളികളും പുറത്ത് മാന്യന്മാരായി വിലസുമ്പോഴാണ് ദൌര്‍ഭാഗ്യകരമായൊരു കോടതി വിധി താങ്കളെ തടവറക്കുള്ളില്‍ എത്തിച്ചത് എന്നതില്‍ ഞാന്‍ വ്യസനിക്കുന്നു.  എന്ത് തന്നെയായാലും താങ്കളെ പോലെ തന്നെ ജ്യൂഡീഷ്യറിയെ ഞാനും ബഹുമാനിക്കുന്നു.  വെറും ബഹുമാനമല്ല, സര്‍ക്കാരിനെക്കാളും ജ്യൂഡീഷ്യറിക്കാണ് അധികം പ്രാമുഖ്യവും ബഹുമാനവും വിധേയത്വവും  ഞാ‍ന്‍ കല്പിക്കുന്നത്.  താങ്കള്‍ക്ക്  സ്വസ്ഥതയും ആരോഗ്യവും ജയിലില്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള  റിവ്യൂ ഹരജിയിലൂടെ താങ്കള്‍ക്ക് നീതി കിട്ടുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

അങ്ങനെ ശശി ഒരു വഴിക്കായി

യഥാര്‍ഥത്തില്‍ ശശിക്ക് എന്താണ്  സംഭവിച്ചത്?  ശശിയെക്കുറിച്ച് ആരോപണങ്ങളും പരാതിയുമുണ്ടെന്ന് പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്ന ഉടനെ പതിവ് പോലെ പാര്‍ട്ടി അത് നിഷേധിച്ചു.  മാധ്യമങ്ങള്‍ക്ക് ചവയ്ക്കാന്‍ കിട്ടിയ അവല്‍ ആണ് ശശിയുടെ പേരില്‍ ഉണ്ടെന്ന് പറയുന്ന പരാതി എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.  അങ്ങനെ പരാതി ഉണ്ടെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞു.  ശശിക്ക്  ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളത്കൊണ്ട് അവധിക്ക് അപേക്ഷിച്ചെന്നും , അവധി അനുവദിക്കപ്പെട്ടെന്നും കോയമ്പത്തൂരില്‍ ചികിത്സയ്ക്ക് പോയെന്നും പിന്നീട് അറിയിപ്പ് വന്നു.  ചികിത്സ കഴിഞ്ഞുവന്നാല്‍ സെക്രട്ടരി സ്ഥാനത്ത് തിരികെ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാല്‍ ശശിയുടെ ഗതി അന്നേ എല്ലാവര്‍ക്കും മനസ്സിലായിരുന്നു.  ഇതിനിടയില്‍ ശശിക്കെതിരെയുള്ള പരാതി എന്താണെന്ന് കേരളം മുഴുക്കെ അറിഞ്ഞിരുന്നു. അതിന്റെ തെളിവാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനം.  എന്നിട്ടും പാര്‍ട്ടി പരാതിയൊന്നുമില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു.

പിന്നെയാണ്  കുറെ കാത്തിരുന്ന ശേഷം വി.എസ്സ്. വെടി പൊട്ടിച്ചത്.  ശശിക്കെതിരെ പരാതിയുണ്ടെന്നും , അന്വേഷണക്കമ്മീഷന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും റിസല്‍ട്ട് ഉണ്ടാകുമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. അപ്പോള്‍ പാര്‍ട്ടിക്കും ആര്‍ജ്ജവം കിട്ടി.  പരാതിയുടെയും അന്വേഷണക്കമ്മീഷന്റെയും നിജസ്ഥിതി സ്ഥിരീകരിക്കപ്പെട്ടു.  ഇതിനിടയില്‍  വി.എസ്സിന്റെ ഒരു പ്രയോഗം  ഏറെ ശ്രദ്ധിക്കപ്പെട്ടു. കോയമ്പത്തൂരില്‍  ഏത് സൂക്കേടിനും ചികിത്സ ഉണ്ടല്ലോ എന്നായിരുന്നു വി.എസ്സിന്റെ പരിഹാസം.  അതോടുകൂടി ആരോപണവും പരാതിയും എന്തെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലാതായി.

അങ്ങനെയിരിക്കുമ്പോഴാണ് ശശി സംസ്ഥാനക്കമ്മറ്റിക്കും പാര്‍ട്ടി സെക്രട്ടരിക്കും കത്തയച്ചിരിക്കുന്നു എന്ന് പത്രങ്ങളില്‍ വാര്‍ത്ത വരുന്നത്. അല്ലെങ്കില്‍ തന്നെ കുറെയായി  സി.പി.എമ്മിന്റെ കാര്യങ്ങള്‍ ആദ്യം പത്രങ്ങളിലാണ് വരുന്നത്.  പിന്നെയാണ് പാര്‍ട്ടിക്കമ്മറ്റികള്‍ പോലും അറിയുന്നത്.  എങ്ങനെയാണ് അവയൊക്കെ പത്രങ്ങള്‍ക്ക് കിട്ടുന്നത് എന്നതിനെ പറ്റി ഒരു ചുക്കും ആര്‍ക്കും മനസ്സിലാകുന്നുമില്ല.  കത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കത്തിനെ പറ്റി ഒന്നുമറിയില്ല എന്നാണ് പാര്‍ട്ടി സെക്രട്ടരി പ്രതികരിച്ചെങ്കിലും  പിറ്റേന്നത്തെ പത്രത്തില്‍ കത്തിന്റെ പൂര്‍ണ്ണരൂപം തന്നെ അച്ചടിച്ചു വന്നു.  സി.പി.എം. എന്ന പാര്‍ട്ടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അതിന്റെ  സഹയാത്രികര്‍ ഗൌരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  വി.എസ്സ്. പാര്‍ട്ടിക്കാര്യങ്ങള്‍ പത്രക്കാരോട് വിളിച്ചു പറയുന്നു എന്ന് ഓരോ ദിവസവും പി.ബി.ക്ക് പരാതി പോകുന്നു എന്ന വാര്‍ത്തയും പത്രങ്ങളില്‍ കാണാറുണ്ട്. അതും പത്രങ്ങള്‍ അറിയുന്നു. എന്തൊരത്ഭുതം!  പാര്‍ട്ടി സെക്രട്ടരിക്ക് അയച്ച കത്ത് പത്രങ്ങള്‍ക്ക് നല്‍കിയതിന്റെ ഫോട്ടോസ്റ്റാറ്റ് ആണോ എന്ന് അതിശയിപ്പിക്കും വിധമാണ് കത്തുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ കത്തുകള്‍ പത്രങ്ങള്‍ക്ക് ആര് നല്‍കി? ശശി തന്നെയാണ് അത് പത്രങ്ങള്‍ക്ക് നല്‍കിയത് എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.

കത്തിലെ ഉള്ളടക്കം വായിച്ചാല്‍ ഏത് കഠിനഹൃദയന്റെയും  മനസ്സ് അലിഞ്ഞുപോകും.  ഗുരുതരമായ അവസ്ഥയിലാണ് അദ്ദേഹം എന്നാണ് കത്തില്‍ കാണുന്നത്.  ഇനിയും ചികിത്സിക്കണമത്രെ. ഒരുപാട് സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതാണ് ചികിത്സ.  പത്ത് ലക്ഷം ഇതിനകം കടക്കാരനായി. പാര്‍ട്ടി ഒരുപാട് സഹായിച്ചു. ഇനിയും സാമ്പത്തികഭാ‍രം പാര്‍ട്ടിയുടെ മേല്‍ കെട്ടി വെച്ചു  പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കാന്‍ മന:സാക്ഷി സമ്മതിക്കുന്നില്ല.  കടക്കാരനാണെങ്കിലും ചികിത്സയ്ക്കുള്ള വിഭവം സ്വന്തമായി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. അത്കൊണ്ട് എന്നെ എല്ല്ലാ പാര്‍ട്ടിച്ചുമതലകളില്‍ നിന്നും ഒഴിവാക്കിത്തരണം.  ഇങ്ങനെ പോകുന്നു ആവലാതികള്‍.  ഇതിന്റെയിടയില്‍  അച്യുതാനന്ദനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കാനും കത്തിലൂടെ ശ്രമിച്ചു.  അത് കേട്ട് മുഖ്യമന്ത്രിക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ?  നിയമസഭയില്‍ ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ,  പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവരെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്നത് കണ്ടോ എന്ന് ആഞ്ഞടിക്കുകയും ചെയ്തു.  ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍ അതോടെ തീര്‍ന്നിരിക്കും.

പി.ശശിക്ക്  പാര്‍ട്ടിയുടെ ചട്ടക്കൂടും  ഭരണഘടനയും അറിയാതിരിക്കാന്‍ ന്യായമില്ല.  പാര്‍ട്ടിയില്‍ നിന്ന് ആര്‍ക്കും രാജി വയ്ക്കാന്‍ കഴിയില്ല. സത്യത്തില്‍  ന്യായവും നീതിയുമില്ലാത ഒരു തരം മാഫിയ വകുപ്പ് ആണത്.  ഏതൊരാള്‍ക്കും ഏത് സംഘടനയില്‍ ചേരാനും സ്വയം രാജി വെച്ചു പോകാനും കഴിയേണ്ടതാണ്.  രാജി വെക്കാന്‍ പറ്റില്ല, വേണമെങ്കില്‍ പുറത്താക്കാം എന്ന വകുപ്പ് കൊള്ളക്കൂട്ടങ്ങള്‍ക്ക് മാത്രം ചേര്‍ന്നതാണ്.  ജനകീയപ്രസ്ഥാനങ്ങള്‍ക്ക് പറ്റിയതല്ല.  ഒരുപക്ഷെ സായുധരായ വിപ്ലവസംഘടന എന്ന നിലയിലായിരിക്കാം ആ വകുപ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയില്‍ കയറി പറ്റിയത്.  യുദ്ധരംഗത്ത് നിന്ന് ആ‍രും രാജി വെച്ചു ഒഴിഞ്ഞു പോകരുതല്ലൊ.  ഇക്കാലത്ത് എന്ത് വിപ്ലവം,  എന്ത് സായുധസമരം?  പാര്‍ട്ടി അടിമുടി മറ്റ് ജനാധിപത്യപാര്‍ട്ടികളെ പോലെയായി.  എന്നിട്ടും പഴയ സായുധ വിപ്ലവപാര്‍ട്ടിയുടെ ചട്ടക്കൂടുകളാണ് ഇപ്പോഴും യാന്ത്രികമായി പിന്തുടരുന്നത്.

അത് ശരി, പാര്‍ട്ടി എന്ത് ചെയ്യണമെന്നായിരുന്നു ശശി പ്രതീക്ഷിച്ചത്?  കത്ത് വായിച്ചിട്ട് അതില്‍ പറഞ്ഞ പോലെ നിരുപാധികമായി പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിക്കൊടുക്കണമെന്നോ?  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതി വെച്ചിട്ടുണ്ടാവും അല്ലെ.  അങ്ങനെയെങ്കില്‍ കത്ത് പാര്‍ട്ടിക്കും വേണമെങ്കില്‍ സെക്രട്ടരിക്കും കൊടുത്തയച്ചു മിണ്ടാതിരിക്കുകയല്ലെ വേണ്ടിയിരുന്നത്.  പാര്‍ട്ടിക്കയച്ച കത്ത് ഫാക്സായി തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പേ കണ്ണൂരിലെ പത്രക്കാര്‍ക്ക് കിട്ടിയല്ലോ.  കോപ്പികള്‍ പ്രസ്സ് ക്ലബ്ബില്‍ ഏല്‍പ്പിച്ചിട്ടാണോ ഫാക്സ് അയക്കാന്‍ പോയത്?  അച്യുതാനന്ദനെതിരെ ആരോപണം ഉന്നയിച്ച് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്തിന്?  വിനാശകാലേ വിപരീത ബുദ്ധി, അല്ലേ?

കത്ത് പത്രങ്ങള്‍ക്ക് കൊടുത്തത് തെറ്റ് എന്ന്  അവയലബിള്‍ സെക്രട്ടരിയേറ്റ് വിലയിരുത്തി എന്ന് വൈകുന്നേരത്തെ പത്രത്തില്‍ കാണാന്‍ കഴിഞ്ഞു.  ഇനി ശശിയെ പുറത്താക്കുക എന്നത് മാത്രമേ ഭരണ ഘടന പ്രകാരം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുകയുള്ളൂ.  അതാകട്ടെ വി.എസ്സിന് വ്യക്തിപരമായി ഉജ്ജ്വലവിജയവുമായിരിക്കും.  ഒറ്റയാള്‍ പട്ടാളമായി ഒരു പ്രസ്ഥാനത്തിന്റെ തെറ്റുകള്‍ക്കെതിരെ നിലകൊണ്ട ഒരു പഴയ കമ്മ്യൂണിസ്റ്റുകാരന്റെ നിര്‍ണ്ണായകമായ വിജയം. എന്തെന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്  കണ്ണൂര്‍മുഖം രൂപപ്പെടുത്തുന്നതിലും പാര്‍ട്ടിയുടെ നിയന്ത്രണം കണ്ണൂര്‍ ലോബിയുടെ കൈകളില്‍ അമരുന്നതിനും  മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ശശി. ആ ശശി പുറത്താക്കപ്പെടുക എന്ന് വന്നാല്‍ അത് കണ്ണൂര്‍ ലോബിയെ ദുര്‍ബ്ബലമാക്കും.  അച്യുതാനന്ദന്‍ കൂടുതല്‍ ശക്തിമാനാകും. ശശിക്കെതിരെയുള്ള പരാതിയും  അന്വേഷണക്കമ്മീഷനും എല്ലാം  എവിടെയുമെത്താതെ വിസ്മരിക്കപ്പെട്ടാലും  പാര്‍ട്ടി അകപ്പെട്ട ജീര്‍ണ്ണത , ചിന്തിക്കുന്ന മാര്‍ക്സിസ്റ്റ് സഹയാത്രികരെ അലോസരപ്പെടുത്തുക തന്നെ ചെയ്യും.

അത്രയെയുള്ളൂ , അതിനപ്പുറമൊന്നും സംഭവിക്കാനില്ല.   രാഷ്ട്രീയവും നമ്മുടെ പൊതുബോധവുമെല്ലാം  ക്രമേണ മോശമായി വരികയാണ്.  ഇക്കാലഘട്ടത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രം കരക്റ്റ് ആയിരിക്കണം എന്ന്  പ്രതീക്ഷിക്കാന്‍ അവര്‍ക്ക് തന്നെ അവകാശമില്ല.  ലോകത്ത് പല സംഭവങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ രാജ്യം എത്രയോ ഭേദം എന്നാണ് തോന്നുന്നത്.  ഒന്നുമില്ലെങ്കില്‍ ഇവിടെ കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടല്ലൊ.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ ജീര്‍ണ്ണതകളെ ഇനി മറികടക്കാനാവില്ല.  എന്തെന്നാല്‍  കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ദേശീ‍യ നേതാക്കള്‍ ഇപ്പോള്‍ ആ പാര്‍ട്ടിയില്‍ കുറവാണ്.  പ്രകാശ് കാരാട്ടും പിണറായി സഖാവും  നേതൃത്വം വഹിക്കുന്ന പ്രസ്ഥാനം എന്ന് പറഞ്ഞാല്‍ തന്നെ  എന്ത് പ്രതീക്ഷിക്കാനാണ്.  ഒരേ അച്ചില്‍ വാര്‍ത്ത പോലെയാണ്  സഖാക്കള്‍  ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.  കമ്യൂണിസ്റ്റുകാ‍രായാല്‍  സ്വന്തമായി ചിന്തിക്കാനും അത് തുറന്ന് സംസാരിക്കാനും പാടില്ലേ?   അങ്ങനെയാകുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് ആകില്ലേ എന്ന് എന്നോട് ആരോ ചോദിച്ചിട്ടുണ്ട്.  ഇപ്പോഴത്തെ പോലെ കോണ്‍ഗ്രസ്സ് ആകാതിരുന്നിട്ട്  എന്താണ് നേട്ടം എന്നാണ് ഞാനതിന് മറുപടി പറഞ്ഞത്. ഒരു പക്ഷെ നല്ല കോണ്‍ഗ്രസ്സ് ആയാലോ , നല്ലതല്ലേ എന്ന എന്റെ മറുചോദ്യം അയാള്‍ക്ക് മനസ്സിലായതുമില്ല. 

ഐസ്ക്രീമും എന്‍ഡോസല്‍ഫാനും ....

ഐസ്ക്രീം പാര്‍ലര്‍ കേസ് ഒരു നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും പൊന്തി വരുന്നത്കൊണ്ട് ഇരുമുന്നണികള്‍ക്കും പ്രത്യേകിച്ചൊരു രാഷ്ട്രീയനേട്ടമൊന്നും ഉണ്ടാക്കാനിടയില്ല. എന്തെന്നാല്‍ ഈ കേസ് തുടങ്ങുന്നത് തന്നെ 1997 ല്‍ സി.പി.എം. നേതാവും കോഴിക്കോട് മുൻ മേയറുമായിരുന്ന  ടി.പി. ദാസന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു എന്നാണ് ഓര്‍മ്മ.  തെറ്റാണെങ്കില്‍ തിരുത്താം. ഈ കേസില്‍ ഒന്നാം പ്രതിയും ഐസ്ക്രീം പാര്‍ലര്‍ ഉടമയുമായിരുന്ന ശ്രീദേവിയുടെ സ്ഥാപനം റെയിഡ് ചെയ്തപ്പോള്‍ കിട്ടിയ ഡയറിയില്‍ നിന്ന് ലഭിച്ച ഉന്നതരുടെ പേര്‍ വിവരങ്ങളില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരും ഉണ്ടായിരുന്നു. അങ്ങനെയാണ് കുഞ്ഞാലിക്കുട്ടി ചിത്രത്തില്‍ വരുന്നത്. തുടര്‍ന്ന് റജിന എന്ന യുവതി ഇന്ത്യവിഷനില്‍ പ്രത്യക്ഷപ്പെട്ട് കുഞ്ഞാലിക്കുട്ടിയടക്കം ചിലര്‍ എന്നെ പീഢിപ്പിച്ചു എന്നോ മറ്റോ വെളിപ്പെടുത്തിയപ്പോള്‍ അത് കേരളത്തില്‍ വാര്‍ത്താമാധ്യമങ്ങളില്‍ കോളിളക്കം തന്നെ സൃഷ്ടിച്ചു.

രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടി , തനിക്കെതിരെ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ഒരു കേസ് ഉത്ഭവിച്ചപ്പോള്‍ ആ കേസ് തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്നത്കൊണ്ട്  ആ കേസ് തേച്ചുമായ്ച്ചു കളയാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടാകും. അതൊക്കെ നമ്മള്‍ കണ്ടതാണ്.  ഒരു ഘട്ടത്തില്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി തന്നെ എല്‍ ഡി എഫില്‍  ചേര്‍ന്നേക്കും എന്ന പ്രതീതിയുണ്ടായിട്ടുണ്ട്.  അന്ന് പ്രതിപക്ഷത്ത് ആയിരുന്ന ലീഗ്  സര്‍ക്കാരിനെതിരെയോ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനെതിരെയോ  കമാ എന്നൊരക്ഷരം ഉരിയാടിയിരുന്നില്ല.  ലീഗിനെ കൂട്ടിയാല്‍ കേരളത്തില്‍ ബംഗാള്‍ മോഡല്‍ സ്ഥിരം ഭരണം നടപ്പാക്കാന്‍ കഴിയും എന്ന് സി.പി.എമ്മിലെ ഒരു വിഭാഗം കരുതുകയും അതിന് വേണ്ടി കരുനീക്കം നടത്തുകയും  ചെയ്തിരുന്നു എന്നതിന് നിരവധി സാഹചര്യത്തെളിവുകളുണ്ട്.  ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ടത് മുതലെടുത്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി , കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം കൊടുക്കാം എന്ന നിയമോപദേശം പോലും അന്ന് നായനാര്‍ സര്‍ക്കാര്‍ നിരാകരിക്കുകയുണ്ടായി. ലീഗ് തങ്ങളെ വിട്ടുപോകുമല്ലോ എന്ന അങ്കലാപ്പിലായിരുന്നു അന്ന് കോണ്‍ഗ്രസ്സ്.  എന്നാല്‍ അച്യുതാനന്ദന്‍ ആ പൂതി നടക്കാതെ തടുത്തുനിര്‍ത്തി.  ലീഗ്  ഇടത് പാളയത്തില്‍ പോകുന്നതിന് ഇ.അഹമ്മദും  മുനീറും മാത്രമായിരുന്നു അന്ന്  എതിരഭിപ്രായമുണ്ടായിരുന്നവര്‍.  വി.എസ്സ്. എതിര് നിന്നില്ലായിരുന്നെങ്കില്‍ അന്ന് ലീഗ് എല്‍ ഡി എഫില്‍ എത്തുമായിരുന്നു എന്ന് ഇന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും  അതൊക്കെ സംഭവ്യമായിരുന്നു.

ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷണം വേണ്ടെന്നും റൌഫിന്റെ വെളിപ്പെടുത്തല്‍  മാത്രം അന്വേഷിച്ചാല്‍ മതിയെന്നും  സഖാവ് പിണറായി പറയുമ്പോള്‍ ആ സ്വരത്തില്‍ അതീവക്ഷീണം പ്രതിഫലിക്കുന്നുണ്ട്.  പി.ശശി തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്  കൂടി അദ്ദേഹം നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍ ചിത്രം  വ്യക്തം.  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ഇടത് പക്ഷത്ത് നിന്ന് ആരെങ്കിലും കുഞ്ഞാലിക്കുട്ടിയെ പറ്റി പറഞ്ഞാല്‍ അത് യുഡിഎഫിന്  വടി കൊടുക്കലാവും. അവര്‍ ശശിയുടെ പേര് എടുത്തിടും.  ശശിയുടെ പേര് ഈ കേസുമായും ബന്ധപ്പെടുത്തി പറഞ്ഞുകേള്‍ക്കുന്നു.  മാത്രമല്ല ശശി ചികിത്സയ്ക്ക് അവധിയില്‍ പോയതാണെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും  അതാരും മുഖവിലയ്ക്കെടുത്തിട്ടില്ല.  സദാചാരപരമായ സംഗതികള്‍ അതിലുണ്ടെന്ന് പരക്കെ ശ്രുതിയുണ്ടല്ലൊ.  ശശിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുകയാണെങ്കില്‍ ,  ചികിത്സാവധി എന്ന് കള്ളം പറഞ്ഞതിന് പാര്‍ട്ടി വില കൊടുക്കേണ്ടി വരും.

മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നമാണ്  നൈസര്‍ഗ്ഗികമായ കാമവികാരം  അടിച്ചമര്‍ത്തേണ്ടി വരുന്നു എന്നത്.  പല തെറ്റുകളും സംഭവിക്കുന്നത് അവിടെ നിന്നാണ്.  മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോഴും  സാഹചര്യം ഒത്ത് വന്നാല്‍ ഇക്കാര്യത്തില്‍ കുറ്റം ചെയ്യാന്‍ സാധ്യത ഇല്ലാത്തവര്‍ വിരളമായിരിക്കും. ഇത്തരം പ്രശ്നങ്ങള്‍ വലിയ വിവാദങ്ങള്‍ ആകുന്നത് തന്നെ സമൂഹം ഒന്നടങ്കം ഈ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്നത്കൊണ്ടാണെന്ന് തോന്നുന്നു.  തനിക്ക് ലഭിക്കാത്തത് അപരന് കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം ഈര്‍ഷ്യ  ഒച്ച വെച്ച് തീര്‍ക്കലായി മാറുന്നില്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമൂഹം ഉദാരമായൊരു സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് എന്ന് തോന്നുന്നു.  ബലാല്‍ക്കാരത്തെയാണ് കുറ്റമായും ദ്രോഹമായും കാണേണ്ടത്. അതേ സമയം സ്ത്രീകള്‍ക്ക് എവിടെയും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ കഴിയും വിധം സമൂഹമനുഷ്യനിലെ മൃഗം മാനവീകരിക്കപ്പെടുകയും വേണം.  ഇന്ന് തൊഴില്‍ ഇടങ്ങളിലും  പൊതു വഴികളിലും സ്ത്രീകള്‍ അപമാനിതരാവുന്നുണ്ട്. ഞരമ്പ് രോഗം സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനൊക്കെ പരിഷ്കൃത സമൂഹം പ്രതിവിധി കാണേണ്ടതായിരുന്നു.  പതിനാല് വര്‍ഷം മുന്‍പത്തെ സംഭവം തോണ്ടിയെടുത്ത് ആഘോഷിക്കുമ്പോള്‍ അത് രോഗാതുരമായ സമൂഹത്തിന്റെ പ്രതിഫലനം കൂടിയാണ്.  എന്തെല്ലാം പ്രശ്നങ്ങള്‍ നാട്ടില്‍ നടക്കുന്നു. എന്നാല്‍ ഈ വിഷയം വരുമ്പോള്‍ അതിന്റെ ഒച്ചപ്പാട് ഒന്ന് വേറെ തന്നെയാണ്.  ഇന്ത്യവിഷന്‍ ഇപ്പോള്‍ ഈ കാര്യം എന്തോ ഒരു സ്കൂപ്പ് കിട്ടിയ പോലെ ആഘോഷിക്കുന്നത് എന്തിന് വേണ്ടിയാണ്?  നാല് മാസമായത്രെ അവര്‍ ഈ രഹസ്യം പുറത്താക്കാന്‍ വേണ്ടി ഭഗീരഥപ്രയത്നം ചെയ്യുന്നത്.  എന്തോ  സാധിച്ച പോലെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താവതാരകരുടെ മുഖഭാവം.  കൈരളിയില്‍ മമ്മൂട്ടി പോലെയാണ് ഇന്ത്യവിഷനില്‍ മുനീര്‍.  എന്നിട്ടും  ഈ വാര്‍ത്തയുടെ പേരില്‍ മുനീറിനെ ആക്ഷേപിക്കാനും ചിലര്‍ മുതിരുന്നു.  ഇതൊക്കെ ചാനലുകള്‍ക്ക് ഒരാഴ്ച ഭക്ഷണം എന്നല്ലാതെ നാട്ടുകാര്‍ക്ക് ഗുണമുള്ള സംഗതികളല്ല.

റൌഫിന്റെ  വെളിപ്പെടുത്തലില്‍  എന്നെ ആശങ്കാകുലനാക്കുന്നത് ന്യായാധിപന്മാര്‍ കൈക്കൂലി വാങ്ങി അനുകൂലമായി വിധി എഴുതുന്നുണ്ടോ എന്നതാണ്. ഇത് അത്യന്തം  വേദനാജനകമാണ്.  പിന്നെ നമുക്ക് എന്താണ്  ഗതി? എന്നാല്‍ ഒരു കാര്യം നമ്മള്‍ മനസ്സിലാക്കണം.  കൈക്കൂലി ഇന്ന്  എല്ലാ രംഗത്തും കൊടി കുത്തി വാഴുന്നു. കൈക്കൂലി വാങ്ങാന്‍ അവസരമുള്ള എല്ലാവരും ഇന്ന് പരമാവധി പണം മത്സരിച്ചു വാങ്ങുന്നുണ്ട്.  അത്തരം  സ്ഥിതിവിശേഷം നിലനില്‍ക്കെ ന്യായാധിപന്മാരും കൈക്കൂലിക്ക് വശംവദരാകാനുള്ള സാധ്യത ഏറെയാണ്.  അഴിമതിയുടെ കാര്യത്തില്‍ ഇവിടെ എല്ലാവര്‍ക്കും ഇന്ന് മാതൃക രാഷ്ട്രീയക്കാര്‍ തന്നെയാണ്.  ഒന്നുമില്ലാതെ രാഷ്ട്രീയത്തില്‍ വന്ന് കോടികള്‍ സമ്പാദിക്കുന്ന രാഷ്ട്രീയക്കാരെ നമ്മള്‍ കാണുന്നു.  അപ്പോള്‍ എതെങ്കിലും ഒരു അഴിമതി എടുത്തുകാട്ടി രാഷ്ട്രീയക്കാര്‍ ഒച്ച വെക്കുന്നത് മീഞ്ചന്തയിലെ മീന്‍ വില്പനക്കാ‍ര്‍ പരസ്പരം സൌഹാര്‍ദ്ധകലഹം നടത്തുന്നത്പോലെയാണ്.  ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്വത്തില്‍ നിന്ന് വിട്ട്  പുതിയൊരു രാഷ്ട്രീയ വ്യവസ്ഥയ്ക്ക് വേണ്ടി നിലക്കൊണ്ടാല്‍ മാത്രമേ എന്തെങ്കിലും മാറ്റം ഇനി നടക്കുകയുള്ളൂ.  അത് വരെ താന്താങ്ങളുടെ നേതാക്കളെ പുകഴ്ത്തിയും  മറ്റ് പാര്‍ട്ടി നേതാക്കളെ ഇകഴ്ത്തിയും കാലം കഴിക്കാം എന്ന് മാത്രം.

എന്‍ഡോസല്‍ഫാന്‍  വിഷയത്തില്‍  ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ സ്വമേധയാ കേസ് എടുത്ത് കാസര്‍ഗോഡ്  ഓടി വന്ന് ,  സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും  ഉടനെ എന്‍ഡോസല്‍ഫാന്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അന്തം വിട്ടുപോയി.  എന്‍ഡോസല്‍ഫാന്‍ ആണ് കാസര്‍ഗോട്ടെ ജനിതകവൈകല്യങ്ങള്‍ക്ക് കാരണം എന്ന്  ഏതെങ്കിലും ശാസ്ത്രീയപഠനത്തില്‍ തെളിഞ്ഞിട്ടുണ്ടോ?  മനുഷ്യാവകാശക്കമ്മീഷനില്‍ ശാസ്ത്രജ്ഞന്മാരുണ്ടോ?  ഞാന്‍ ഈ വിഷയത്തെക്കുറിച്ച്  വീണ്ടും വീണ്ടും പറയാന്‍ കാരണം , യഥാര്‍ഥത്തില്‍ കാസര്‍ക്കോട്ടെ ജനിതകരോഗങ്ങളുടെ കാരണം എന്താണെന്ന് കണ്ടുപിടിക്കണ്ടേ? മറ്റ് കാരണങ്ങളാണെങ്കിലോ?  അങ്ങനെയെങ്കില്‍ അതല്ലെ പരിഹരിക്കേണ്ടത്.  ഏത് കീടനാശിനിയും  തുടര്‍ച്ചയായി ആകാശത്ത് നിന്ന് സ്പ്രേ ചെയ്താല്‍ ദോഷങ്ങളുണ്ടാവും.  പക്ഷെ അവിടത്തെ ജനിതകവൈകല്യങ്ങള്‍ ഗുരുതരമാണ്.  അതിനെ പറ്റി മുന്‍‌വിധിയില്ലാതെ പഠിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

അവിടെ എല്ലാവര്‍ക്കും  ജനിതക വൈകല്യങ്ങളില്ല. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തന്നെ ഇത് പറയുന്നുണ്ട്. കോര്‍പ്പറേഷന്‍ മാനേജരും  ജീവനക്കാരും  എല്ലാം അവിടെ ക്വാര്‍ട്ടേര്‍സുകളില്‍  കുടുംബസമേതം താമസിക്കുന്നുണ്ട്.  എന്‍ഡോസല്‍ഫാന്‍ അപകടകാരിയല്ല എന്നുപോലും ഒരു ജീവനക്കാരന്‍ പറഞ്ഞിട്ടുണ്ട്.  പക്ഷെ നിരോധിക്കണം എന്ന ബഹളത്തില്‍ അത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍  മുങ്ങിപ്പോകുന്നു.  കാസര്‍ക്കോട്ട് ,  രക്തബന്ധമുള്ളവരില്‍ നിന്ന് മാത്രം ഇണയെ കണ്ടെത്തണം എന്ന് നിഷ്ക്കര്‍ഷയുള്ള പ്രത്യേക സമുദായങ്ങളില്‍ പെട്ടവരിലാണ് ഈ ജനിതകവൈകല്യങ്ങള്‍ കണ്ടുവരുന്നത് എന്നാണ്  ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.  ഇതിനെ പറ്റി ചിന്തിക്കേണ്ടേ?  രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍  പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക്  ജനിതകവൈകല്യം ഉണ്ടാകാനുള്ള  സാധ്യതയുണ്ട്.  ഒരു പക്ഷെ അതും കാരണമാണെങ്കില്‍  ആ രീതിയില്‍  രക്തബന്ധമുള്ള  ജീവിതപങ്കാളികളെ സ്വീകരിക്കുന്ന സമ്പ്രദായത്തിനെതിരെ അവിടെ ബോധവല്‍ക്കരണം നടത്തണ്ടേ എന്ന് ഞാന്‍ ചിന്തിക്കുന്നു.  എന്ത്കൊണ്ടോ ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്ന്  ഒച്ച വയ്ക്കുന്ന ശീലം എനിക്കില്ല.  എന്തിലും സ്വന്തം തലച്ചോര്‍ ഉപയോഗപ്പെടുത്തണം  എന്ന് ഞാന്‍ ശീലിച്ചുപോയി.

എന്‍ഡോസല്‍ഫാന്റെ ഉല്പാദനത്തില്‍ 70 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. അത്കൊണ്ട് തന്നെ  കര്‍ഷകന് കുറഞ്ഞ വിലയ്ക്ക്  ഈ കീടനാശിനി ലഭിക്കുന്നു. പ്രതിവര്‍ഷം 120 ലക്ഷം ലിറ്റര്‍ എന്‍ഡോസല്‍ഫാന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട് എന്ന് കമ്പനിയുടെ കണക്ക് പറയുന്നു. ഗുജറാത്ത്, മഹരാഷ്ട്ര, ആന്ധ്ര , തമിഴ്നാട്  എന്നീ സംസ്ഥാനങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്.  എവിടെയും കാ‍സര്‍ക്കോട് പോലെയുള്ള പ്രശ്നങ്ങളില്ല.  ഇന്ത്യ കൂടാതെ എത്രയോ രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്.  കാസര്‍ക്കോട് പോലത്തെ ജനിതകവൈകല്യങ്ങള്‍ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  കാസര്‍ക്കോട്ടെ ചിത്രങ്ങള്‍  പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്‍ഡോസല്‍ഫാനെതിരെ ലോകത്ത് പ്രചാരണവും ലോബിയിങ്ങും നടത്തിക്കൊണ്ടിരിക്കുന്നത്.  യൂറോപ്യന്‍ രാജ്യങ്ങളിലും  കാര്‍ഷികപ്രധാനമല്ലാത്ത ഏതാനും രാജ്യങ്ങളിലും എന്‍ഡോസല്‍ഫാന്‍ നിരോധിച്ചിട്ടുണ്ട് എന്നത് നേരാണ്.  എന്നാല്‍ ഇന്ത്യ പോലെയുള്ള രാജ്യത്ത്  വിലക്കുറവില്‍ കിട്ടുന്ന എന്‍ഡോസല്‍ഫാന്‍ പോലെ ഒരു കീടനാശിനി അകാരണമായി നിരോധിക്കുന്നത് കര്‍ഷകരെ പ്രതികൂലമായി ബാധിക്കും.

യൂറോപ്യന്‍ രാജ്യങ്ങളിലും , ആ രാജ്യങ്ങളുടെ ലോബ്ബിയിങ്ങ് നിമിത്തം മറ്റ്  ചില രാജ്യങ്ങളിലും  എന്‍ഡോസല്‍ഫാന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും കീടനാശിനികള്‍ മൊത്തം നിരോധിച്ചിട്ടില്ല.  യൂറോപ്യന്‍ രാ‍ജ്യങ്ങളില്‍ മറ്റ് കീടനാശിനികള്‍  ഉല്പാദിപ്പിക്കുകയും  കൂടിയ വിലയ്ക്ക്  വില്‍ക്കുകയും ചെയ്യുന്നുണ്ട്.  ഇന്ത്യയില്‍ എന്‍ഡോസല്‍ഫാന്‍ നിരോധിക്കണം എന്ന് പ്രചാരണം നടത്തുന്ന ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍‌വയോണ്‍‌മെന്റ് എന്ന സംഘടനയും  തിരുവനന്തപുരത്തെ തണല്‍ എന്ന സംഘടനയും  യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹാ‍യം പറ്റുന്നുണ്ട് എന്ന ആരോപിക്കപ്പെടുന്നുണ്ട്.  ചുരുക്കത്തില്‍  അപ്പപ്പോള്‍  എന്തെങ്കിലും കാരണം കിട്ടുമ്പോള്‍  എന്‍ഡോസല്‍ഫാന്‍ നിരോധിക്കണം  എന്ന് മുറവിളി കൂട്ടുകയെന്നല്ലാതെ എന്താണ് കാസര്‍ക്കോട്ടെ ജനിതകവൈകല്യങ്ങള്‍ക്ക് യഥാര്‍ഥകാരണം എന്നതിനെ പറ്റി ശാസ്ത്രീയമായ പഠനം ആരും നടത്തിയിട്ടില്ല. ഈ അനാസ്ഥ അവിടെ ജനിക്കാനിരിക്കുന്ന തലമുറയോടുള്ള ക്രൂരതയാണ്.   ലോകത്ത് മറ്റൊരിടത്തും , ഇന്ത്യയില്‍ തന്നെ എവിടെയും  എന്‍ഡോസല്‍ഫാന്‍ നിമിത്തം  സമാനമായ വൈകല്യങ്ങള്‍ കാണാന്‍ കഴിയാത്തത്കൊണ്ട്  എന്ത്കൊണ്ട് കാസര്‍ക്കോട്ട്  കുറെ പേര്‍ക്ക് മാത്രം  ഈ ദുരിതം എന്ന്  ചിന്തിക്കുവാന്‍ തയ്യാറാകണം എന്നാണ് എനിക്ക് പറയാനുള്ളത്.  മാത്രമല്ല രക്തബന്ധത്തിലുള്ളവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന് ജനങ്ങളുടെയിടയില്‍ ബോധവല്‍ക്കരണം നടത്താനും മനുഷ്യസ്നേഹികള്‍ മുന്നോട്ട് വരണം.