Links

Showing posts with label HTML Lesson. Show all posts
Showing posts with label HTML Lesson. Show all posts

HTML എന്നാല്‍ എന്ത് - 2

ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ച പ്രകാരം  ഒരു സിമ്പിള്‍ വെബ്പേജ് ഉണ്ടാക്കി ഡസ്ക്ടോപ്പില്‍ സേവ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ സാരമില്ല. ഇപ്പോള്‍ പുതിയതായി  നോട്ട്പാഡില്‍ ടൈപ്പ് ചെയ്ത് html എന്ന് എക്സ്റ്റന്‍ഷന്‍ കൊടുത്ത് സേവ് ചെയ്യാം.  സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എപ്പോഴും അത് വീണ്ടും നോട്ട്പാഡില്‍ ഓപ്പന്‍ ചെയ്ത് ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തി പിന്നെയും പിന്നെയും സേവ് ചെയ്യാം.  അങ്ങനെ സേവ് ചെയ്യുമ്പോള്‍ ഒപ്പന്‍ ചെയ്ത നോട്ട്പാഡ് മാറ്റങ്ങള്‍ വരുത്തിയ ശേഷം ക്ലോസ് ചെയ്താല്‍ മതി. ക്ലോസ് ചെയ്യുമ്പോള്‍  txt file has changed. Do you want to save the changes ? കമ്പ്യൂട്ടര്‍ നമ്മോട് ചോദിക്കും. അതിന്  yes എന്ന് ക്ലിക്ക് ചെയ്താല്‍ മതി.  മാറ്റങ്ങള്‍ ഓട്ടോമെറ്റിക്ക് ആയി സേവ് ആയിട്ടുണ്ടാകും. ശ്രദ്ധിക്കേണ്ട കാര്യം, വെബ്പേജ് ഉണ്ടാക്കി ഡസ്ക്ടോപ്പില്‍ സേവ് ചെയ്തിട്ടുള്ളത് ബ്രൌസറിന്റെ ഐക്കണ്‍ ചിഹ്നത്തിലായിരിക്കും കാണുക.  അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ വെബ്പേജ് ഓപ്പന്‍ ആകും.  എഡിറ്റ് ചെയ്യാന്‍ വീണ്ടും നോട്ട്പാഡില്‍ തുറക്കാന്‍ ആ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പോപ് അപ്പില്‍ open with  എന്ന് കാണുന്നിടത്ത്  Notepad  എന്ന് സെലക്റ്റ് ചെയ്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ സേവ് ചെയ്ത വെബ്പേജ് നോട്ട്പാഡില്‍ തുറക്കും.  എഡിറ്റ് ചെയ്ത്, ഞാന്‍ പറഞ്ഞ പോലെ ജസ്റ്റ് ക്ലോസ് ചെയ്യുക.  എച്ച് ടി എം എല്‍  എഴുതി പരീക്ഷിച്ചു  നോക്കാന്‍    ഇവിടെ ക്ലിക്ക് ചെയ്യുക

ശരി, നമ്മള്‍  ഒരു വെബ്പേജ് ഉണ്ടാക്കി എന്നിരിക്കട്ടെ.  നമ്മുടെ സിസ്റ്റത്തില്‍ അല്ലെ അത് സേവ് ചെയ്തിട്ടുള്ളത്.  മറ്റുള്ളവര്‍ അത് കാണണമെങ്കില്‍ അതൊരു വെബ്സൈറ്റ് ആക്കി ഇന്റര്‍നെറ്റില്‍ കണക്റ്റ് ചെയ്യണ്ടേ?  ഒരു വെബ്പേജ് ആണെങ്കിലും ഇന്റര്‍നെറ്റില്‍ കണക്റ്റ് ചെയ്താല്‍ അത് ഒരു വെബ്സൈറ്റ് തന്നെയാണ്. ഒന്നോ അതില്‍ കൂടുതലോ ഉള്ള വെബ്പേജുകള്‍ തന്നെയാണ് വെബ്സൈറ്റ്.  ഒരു വെബ്പേജ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യണമെങ്കില്‍ നമ്മുടെ സിസ്റ്റത്തില്‍ FTP (file transfer protocol) എന്നൊരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്‌വേര്‍ വേണം. അത് പണം കൊടുത്ത് വാങ്ങേണ്ടതാണ്.  എന്നാല്‍ മറ്റേതൊരു പ്രോഗ്രാം പോലെ സൌജന്യമായും FTP ലഭിക്കും.  ഇനി വേണ്ടത് ഒരു ഡൊമൈന്‍ ആണ്.  ഏത് വെബ്സൈറ്റിനും ഒരു അഡ്രസ്സ് (URL -Uniform Resource Locator ) വേണം. അതാണ് ഡൊമൈന്‍.  പിന്നെ പ്രധാനമായി വേണ്ടത് നമ്മുടെ വെബ്പേജ് സ്റ്റോര്‍ ചെയ്യാന്‍ സര്‍വര്‍ സ്പേസ് ആണ്. അതിന് സര്‍വര്‍ കമ്പ്യൂട്ടര്‍ വേണം.  നമ്മുടെ കമ്പ്യൂട്ടര്‍ ക്ലൈയന്റ് കമ്പ്യുട്ടര്‍ ആണ്. വെബ്സൈറ്റ് സ്റ്റോര്‍ ചെയ്യാനുള്ള ഹാര്‍ഡ് ഡിസ്കോ ഇന്റര്‍നെറ്റില്‍ കണക്റ്റ് ചെയ്യാനുള്ള സോഫ്റ്റ്‌വേറുകളോ നമ്മുടെ പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ഇല്ല. അത്തരം സൌകര്യമുള്ള കമ്പ്യൂട്ടറുകളെയാണ് സര്‍വര്‍ കമ്പ്യൂട്ടര്‍ എന്ന് പറയുന്നത്. ഡൊമൈന്‍ നെയിമും സര്‍വര്‍ സ്പേസും കാശ് കൊടുത്ത് വാങ്ങണം.  എന്നാല്‍ സൌജന്യമായി ഡൊമൈനും സര്‍വര്‍ സ്പെയിസും  ഒക്കെ നല്‍കുന്ന  കമ്പനികളുണ്ട്. അത്കൊണ്ട് ചുരുക്കി പറഞ്ഞാല്‍ അല്പം മെനക്കെട്ടാല്‍ നമുക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കി ഇന്റര്‍നെറ്റില്‍ കൊടുക്കാന്‍ സാധിക്കും.

ഒരു പേജ് ആകുമ്പോള്‍ എന്തെല്ലാം വേണം.  തലവാചകം വേണം. പിന്നെ  ഖണ്ഡികകള്‍ വേണം. വരികള്‍ അവസാനിപ്പിക്കാന്‍ ലൈന്‍ ബ്രെയിക്ക് വേണം.  വരികള്‍ക്കിടയില്‍ ലൈന്‍ അങ്ങനെ പലതും.  ഇതിനൊക്കെയുള്ള ടാഗുകളെ പരിചയപ്പെടാം.

തലവാചകത്തിന് <h1>....</h1> എന്ന ടാഗ് ആണ് ഉപയോഗിക്കുക. h1 മുതല്‍  h6 വരെ ആറ് തരത്തില്‍ വ്യത്യസ്ത വലുപ്പമുള്ള ടാഗുകളാണ് തലവാചകങ്ങള്‍ക്ക് വേണ്ടി എച്ച് ടി എം എല്ലില്‍ ഉള്ളത്.  ഈ എച്ച് ടി എം എല്‍ -ന്റെ സ്റ്റാന്റേര്‍ഡ് തീരുമാനിക്കുന്നത് World Wide Web Consortium (W3C) എന്ന സംഘടനയാണ്. അത് പോലെ തന്നെ  HTML-ന്റെ ഉപജ്ഞാതാവ് W3C യുടെ ഡയരക്ടര്‍ ടിം ബെര്‍ണേര്‍സ് ലീ ( Tim Berners-Lee) ആണെന്നും  മനസ്സിലാക്കുക.

ഒന്നാം പാഠത്തിലേത് പോലെ സേവ് ചെയ്ത വെബ്പേജ് റൈറ്റ് ക്ലിക്ക് ചെയ്ത് നോട്ട്പാഡില്‍ തുറന്ന് താ‍ഴെ കാണുന്ന പോലെ ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.  അല്ലെങ്കില്‍ പുതിയതായി നോട്ട്പാഡ് തുറന്ന് താഴെയുള്ളത് കോപ്പി- പേസ്റ്റ് ചെയ്ത്  Mywebsite.html  എന്ന് file name കൊടുത്ത് സേവ് ചെയ്യുക. എന്നിട്ട് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറന്നു നോക്കൂ. 

<html>
<head>
<title>Mywebsite</title>
</head>
<body>
<h1>ഖണ്ഡിക 1</h1>
<h2>ഖണ്ഡിക 2</h2>
<h3>ഖണ്ഡിക 3</h3>
<h4>ഖണ്ഡിക 4</h4>
<h5>ഖണ്ഡിക 5</h5>
<h6>ഖണ്ഡിക 6</h6>
എന്റെ ബ്ലോഗ്
</body>
</html>

ഇത് പോലെ കാണാം.

<p>....</p>  എന്ന ടാഗ് ഖണ്ഡിക തിരിക്കുന്നതിനാണ്.  ഇവിടെ നോക്കുക. 

<center>....</center>  =  സെന്റര്‍  ഇവിടെ നോക്കുക

എല്ലാറ്റിനും ഓപ്പനിങ്ങ് ടാഗ്, ക്ലോസിങ്ങ് ടാഗ് അങ്ങനെ രണ്ട് ടാഗുകള്‍ ആദ്യവും അവസാനവും വേണം എന്ന് പറഞ്ഞു.  എന്നാല്‍ ഒരു വരി അവസാനിപ്പിച്ച് അടുത്ത വരി തുടങ്ങാന്‍ line break <br>  എന്ന ടാഗിന് കോസിങ്ങ് ടാഗ്  മാത്രം മതി. ആ ടാഗിന് പക്ഷെ സ്ലാഷ് br എന്നതിന് ശേഷമാണ് എഴുതുക.<br /> ഇങ്ങനെ.  ഇവിടെ കാണുക .  ഈ ടാഗ് വെബ്പേജ് ഉണ്ടാക്കാനല്ലാതെ തന്നെ ബ്ലോഗില്‍ ചിലപ്പോള്‍ ഉപകാരമുണ്ടാവും.  അത് പോലെ തന്നെയാണ് hr (horizontal rule ) എന്ന ടാഗ്.  രണ്ട് ഖണ്ഡികകള്‍ക്കിടയില്‍ ഒരു നേര്‍ വര (horizontal line) വേണമെങ്കില്‍ <hr /> എന്ന ക്ലോസിങ്ങ് ടാഗ് മതി.  ഇവിടെ നോക്കുക. 


[ ബ്ലോഗര്‍മാര്‍ക്ക് വളരെ ഉപകാരപ്രദമായ target എന്ന  Anchor tag നെ പറ്റി ഒന്ന് സൂചിപ്പിക്കാം.  നമ്മള്‍ ബ്ലോഗില്‍  പലപ്പോഴും ലിങ്ക് കൊടുക്കാറുണ്ടല്ലൊ. ഈ പോസ്റ്റില്‍ തന്നെ കുറെ ലിങ്കുകള്‍ കാണാം.  ഏതെങ്കിലും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തുനോക്കൂ.  അപ്പോള്‍ മറ്റൊരു ജാലകത്തില്‍ ആ പേജ് തുറക്കുന്നത് കാണാം.  അപ്പോള്‍ വാ‍യനക്കാര്‍ക്ക് ബേക്ക് അടിച്ച് നമ്മുടെ പേജില്‍ വീണ്ടും വരേണ്ടതില്ല.  ഇങ്ങനെ പോസ്റ്റിലെ ഇമേജിനും ആങ്കര്‍ ടാഗ് കൊടുക്കാം. പല ബ്ലോഗര്‍മാരും ഈ ടാഗ് ഉപയോഗിച്ചു കാണുന്നില്ല. എങ്ങനെയാണ് ഈ ടാഗ് പോസ്റ്റില്‍ കൊടുക്കുക എന്ന് നോക്കാം.  W3School എന്നതിന് ലിങ്ക് കൊടുക്കാന്‍ നാം ആ ടെക്സ്റ്റ്  സെലക്റ്റ് ചെയ്തിട്ട് മേലെ Link എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്താല്‍ വരുന്ന  കോളത്തില്‍ http://www.w3schools.com/default.asp എന്ന യു ആര്‍ എല്‍ പെയിസ്റ്റ് ചെയ്തിട്ട് ഓ.കെ. അടിക്കുന്നു അല്ലെ.  ഇപ്പോള്‍ ലിങ്ക് ആയി. ഇനിയാണ് ടാര്‍ഗറ്റ് എന്ന ടാഗ് കൊടുക്കേണ്ടത്.  അതിന് പോസ്റ്റ് ടൈപ്പ് ചെയ്യുന്ന എഡിറ്ററിന്റെ മേലെ കാണുന്ന Edit HTML എന്ന ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ എഡിറ്റര്‍ HTML മോഡില്‍ ആയിരിക്കും. അവിടെ < a href="http://www.w3schools.com/default.asp" >W3School< / a > ഓപ്പനിങ്ങ് ടാഗില്‍ യു ആര്‍ എല്‍ പിന്നെ കൊട്ടേഷന്‍ ചിഹ്നം കഴിഞ്ഞിട്ട് target="_blank"  എന്നു കൂടി ടൈപ്പ് ചെയ്യുക. അപ്പോള്‍ ഇങ്ങനെ ഇരിക്കും : <  a href="http://www.w3schools.com/default.asp" target="_blank">W3School <  / a  >  എന്നിട്ട് വീണ്ടും Compose മോഡില്‍ മാറ്റിയിട്ട് തുടര്‍ന്ന് എഴുതുകയോ പോസ്റ്റ് പബ്ലിഷ് ചെയ്യുകയോ ചെയ്യുക. ]




(തുടരും)


HTML എന്നാല്‍ എന്ത് - 1

നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്നത് ഒരു വെബ്പേജ് ആണ്. ഈ ബ്ലോഗ് ഒരു വെബ്സൈറ്റ് ആണെന്ന് അറിയാമല്ലോ. വെബ്സൈറ്റിലെ ഒരു പേജിനെയാണ് വെബ്പേജ് എന്ന് പറയുന്നത്. ഈ വെബ്സൈറ്റ് നിര്‍മ്മിക്കാന്‍ ഞാന്‍ ഒന്നും മെനക്കെട്ടിട്ടില്ല. എല്ലാം സൌജന്യമായി കിട്ടി. ഞാന്‍ ആകെ ചെയ്യുന്നത് ഏതാനും സെക്കന്റുകള്‍ കൊണ്ട് ഒരു ബ്ലോഗ് ഉണ്ടാക്കിയതിന് ശേഷം എന്റെ ആശയങ്ങള്‍ ടൈപ്പ് ചെയ്യുന്നു എന്നത് മാത്രമാണ്. എന്നാലും ഇത് ഒരു വെബ്സൈറ്റ് തന്നെയാണ്. നിങ്ങള്‍ ഈ പേജ് വായിക്കുന്നത് ഒരു ബ്രൌസറില്‍ ആണ്. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ഫോക്സ് അല്ലെങ്കില്‍ ക്രോം അങ്ങനെ ഏതെങ്കിലും ഒന്ന്. ബ്രൌസറില്‍ മാത്രമേ വെബ്പേജ് വായിക്കാന്‍ പറ്റുകയുള്ളൂ. എന്താണ് എച്ച് ടി എം എല്‍ ( html ) എന്ന് ചോദിച്ചാല്‍ ബ്രൌസറിന്റെ മാതൃഭാഷയാണ് എച്ച് ടി എം എല്‍ എന്ന് പറയാം. ബ്രൌസറിന് HTML മാത്രമേ മനസ്സിലാവുകയുള്ളൂ. ഒരു വെബ്പേജ് എങ്ങനെ കാഴ്ച തരണമെന്ന് ബ്രൌസര്‍ തീരുമാനിക്കുന്നത് ഈ ഭാഷ മനസ്സിലാക്കിയിട്ടാണ്. സാധാരണ ബ്ലോഗ് എഴുതുന്ന എല്ലാവര്‍ക്കും എച്ച് ടി എം എല്‍ എന്ന വാക്ക് സുപരിചിതമാണ്. അത്കൊണ്ട് എച്ച് ടി എം എല്‍ എന്നതിന്റെ അടിസ്ഥാനവിവരങ്ങള്‍ പങ്ക് വയ്ക്കുക എന്നതാണ് ഈ പോസ്റ്റ് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. വെബ് ഡിസൈനര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ധാരാളം പഠിക്കാനുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.

എച്ച് ടി എം എല്‍ എന്നത് HyperText Markup Language എന്നതിന്റെ ചുരുക്കമാണ്. ഇതില്‍ HyperText എന്ന് പറഞ്ഞാല്‍ Linear text എന്നതിന്റെ വിപരീതമാണ്. നമ്മള്‍ കടലാസില്‍ വായിക്കുന്ന എല്ലാ ടെക്സ്റ്റുകളും Linear ആണ്. അതിന് ഒരു തുടക്കവും അവസാനവുമുണ്ട്. എന്നാല്‍ ഒരു വെബ്പേജില്‍ ടെക്സ്റ്റുകള്‍ക്ക് ലിങ്ക് നല്‍കാന്‍ പറ്റും. ആ ലിങ്കില്‍ നിന്ന് നമുക്ക് മറ്റൊരു പേജിലേക്ക് പോകാം. പിന്നെയും ലിങ്കുകള്‍. ഇത്കൊണ്ടാണ് വെബ്പേജിലെ ടെക്സ്റ്റുകളെ HyperText എന്നു പറയുന്നത്. Markup എന്ന് പറഞ്ഞാല്‍ ഒരു വാചകം അല്ലെങ്കില്‍ അക്ഷരങ്ങള്‍ എങ്ങനെ ബ്രൌസര്‍ കാണിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ പറ്റും. ഉദാഹരണത്തിന് ഒരു വാചകം ബോള്‍ഡ് ആയോ ചെരിഞ്ഞോ അണ്ടര്‍ലൈനോടുകൂടിയോ വ്യത്യസ്ത നിറത്തോടുകൂടിയോ അടയാളപ്പെടുത്താന്‍ പറ്റും. Language എന്നാല്‍ ഭാഷ എന്ന് പറയേണ്ടല്ലൊ. അതായത് എച്ച് ടി എം എല്‍ എന്നാല്‍ ഒരു ഭാഷയാ‍ണ്. എന്നാല്‍ കമ്പ്യൂട്ടര്‍ ലാംഗ്വേജ് അല്ല. എച്ച് ടി എം എല്‍ എന്ന ഭാഷയിലാണ് വെബ്പേജുകള്‍ എഴുതുന്നത്. ഒരു ബ്രൌസറില്‍ മാത്രമേ വെബ്പേജ് വായിക്കാന്‍ കഴിയുകയുള്ളൂ. ഒരു വെബ്പേജിന്റെ എച്ച് ടി എം എല്‍ കാണാന്‍ ആ പേജില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഓപന്‍ ആകുന്ന പോപ് അപില്‍ view page source എന്നതില്‍ ക്ലിക്ക് ചെയ്ത് നോക്കുക. അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ ആ പേജിന്റ് എച്ച് ടി എം എല്‍ രൂപം കാണാം.

ആദ്യത്തെ വരിയില്‍ <html> എന്ന് കാണാം. എച്ച് ടി എം എല്‍ എന്ന ഭാഷയിലാണ് ഈ പേജ് എഴുതിയിരിക്കുന്നത് എന്ന് ബ്രൌസറിനെ അറിയിക്കാനാണിത്. ഞാന്‍ ലളിതമായി പറയുന്നത്കൊണ്ട് html ന്റെ വെര്‍ഷന്‍ ഒക്കെ ആ ആദ്യവരിയില്‍ ഉണ്ടാകുമെങ്കിലും അതിനെ കുറിച്ച് ഇപ്പോള്‍ വിശദീകരിക്കുന്നില്ല. ശരി, നമുക്ക് ഏറ്റവും ലളിതമായ ഒരു വെബ്പേജ് ഇപ്പോള്‍ ഉണ്ടാക്കാം. അതിന് ഒരു എഡിറ്റര്‍ വേണം. നമ്മുടെ സിസ്റ്റത്തില്‍ നോട്ട് പാഡ് ഉണ്ടല്ലൊ. അത് തുറക്കുക. <html> എന്നതില്‍ രണ്ട് ആങ്കിള്‍ ബ്രായ്ക്കറ്റ് കണ്ടല്ലോ. ഇതിനെ ടാഗ് എന്നാണ് പറയുക. html എന്നത് എലമെന്റാണ്. ഒരു വാചകം ബോള്‍ഡ് ആക്കണമെങ്കില്‍ ആ വാചകത്തിന്റെ ആദ്യവും അവസാനവും നമ്മള്‍ രണ്ട് ടാഗുകള്‍ക്കുള്ളില്‍ b എന്ന എലമെന്റ് ചേര്‍ക്കുന്നു. അപ്പോള്‍ ആ വാചകത്തെ ബോള്‍ഡ് ആക്കി കാണിക്കണമെന്ന് ബ്രൌസര്‍ തിരിച്ചറിയുന്നു. <b>ഉദാഹരണത്തിന് </b> , എന്ന വാക്കിന്റെ ആദ്യമുള്ള ടാഗിനെ ഓപ്പനിങ്ങ് ടാഗ് എന്നും അവസാനമുള്ള ടാഗിനെ ക്ലോസിങ്ങ് ടാഗ് എന്നും പറയുന്നു.  <b>... </b> , <i> ...</i> , <u>... </u> എന്നീ എലമെന്റുകള്‍ യഥാക്രമം ബോള്‍ഡ് (Bold)   , ഇറ്റാലിക്ക് (Italic)  , അണ്ടര്‍ലൈന്‍ (Under line)   എന്നിവയെ കുറിക്കുന്നു എന്ന് അറിയാമല്ലോ അല്ലേ.

നോട്ട് പാഡില്‍ താഴെ കാണുന്ന പോലെ ടൈപ്പ് ചെയ്യുക.

<html>
<head>
<title>Mywebsite</title>
</head>
<body>
എന്റെ ബ്ലോഗ്
</body>
</html>

(പ്രത്യേകം ശ്രദ്ധിക്കുക:  എച്ച് ടി എം എല്‍ എഴുതുമ്പോള്‍ ഇങ്ങനെ താഴെത്താഴെയായി തന്നെ എഴുതണമെന്നില്ല. അതൊന്നും ബ്രൌസര്‍ കണക്കിലെടുക്കുകയില്ല. ഒരേ വരിയില്‍ തുടര്‍ച്ചയായി എഴുതിയാലും കുഴപ്പമില്ല. തെറ്റുകള്‍ ബ്രൌസര്‍ അവഗണിക്കും. ശരിയായത് മാത്രം കാണിക്കും. എന്നാല്‍ താഴെത്താഴെയായി എഴുതുന്നതാണ് ഭംഗി. അത്പോലെ തന്നെ അക്ഷരങ്ങള്‍ ക്യാപിറ്റല്‍ ലെറ്റര്‍ ആകുന്നതോ സ്മാള്‍ ലെറ്റര്‍ ആകുന്നതോ എച്ച് ടി എം എല്ലില്‍ പ്രശ്നമല്ല)

ഒരു എച്ച് ടി എം എല്‍  വെബ്പേജിന് ഹെഢും  ബോഡിയും ഉണ്ടാകും.  ഹെഢില്‍ ഉള്ളത് നാം കാണുകയില്ല.  ബോഡിയില്‍ ഉള്ളത് മാത്രമേ കാണുകയുള്ളൂ.  മേലെ ടൈപ്പ് ചെയ്തതില്‍ html എന്നത് ആദ്യം ഓപ്പനിങ്ങ് ടാഗിലും അവസാനം ക്ലോസിങ്ങ് ടാഗിലും ഉള്‍ക്കൊള്ളിച്ചു.  അതിന്റെ ഇടയില്‍ ഹെഢും ബോഡിയും  ഓപ്പനിങ്ങ് , ക്ലോസിങ്ങ് എന്നീ ടാഗുകളില്‍ ഉള്‍പ്പെടുത്തി.  ഹെഢിന്റെ ഇടയില്‍ ടൈറ്റില്‍ കൊടുത്തു.  ആ ടൈറ്റിലും രണ്ട് ടാഗുകള്‍ക്കിടയില്‍ ചേര്‍ത്തു അല്ലേ? ഈ ടൈറ്റില്‍ ആണ് നമ്മള്‍ ബ്രൌസറിന്റെ ഏറ്റവും മുകളില്‍ കാണുക.  ഹെഢിന്റെ ഇടയില്‍ വരുന്നത്കൊണ്ട് അത്  പേജില്‍ കാണുകയില്ല. ബോഡിയില്‍ ഒപ്പനിങ്ങ് ടാഗിനും ക്ലോസിങ്ങ് ടാഗിനും ഇടയില്‍ എഴുതിയ “ എന്റെ ബ്ലോഗ് ” എന്ന വാചകം മാത്രമേ പേജില്‍ കാണുകയുള്ളൂ. ഇനി നമുക്ക് നോട്ട്പാഡില്‍ ടൈപ്പ് ചെയ്തത് വെബ്പേജാക്കി മാറ്റണം.

നോട്ട്പാഡില്‍ file-ല്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് save as എന്ന് കൊടുക്കുക. അപ്പോള്‍ തുറക്കുന്ന വിന്‍ഡോയില്‍ മേലെ save in: എന്ന് കാണുന്നിടത്തില്‍  Desktop സെലക്റ്റ് ചെയ്യുക. താഴെ   file name എന്ന് കാണുന്നിടത്ത് Mywebsite.html എന്നു കൊടുക്കുക. save as type: എന്നിടത്ത് all files എന്ന് സെലക്റ്റ് ചെയ്യുക,  Encoding  എന്നിടത്തില്‍ UTF-8 സെലക്റ്റ് ചെയ്യുക. എന്നിട്ട് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഡസ്ക്ടോപ്പില്‍ Mywebsite എന്ന വെബ് പേജ് സേവ് ആയിട്ടുണ്ടാവും.  ഇതില്‍ ഫയല്‍ നെയിം കൊടുത്തപ്പോള്‍ Mywebsite ന്റെ കൂടെ ഡോട്ട് html എന്ന് ചേര്‍ത്തില്ലേ. അതിനെ ഫയലിന്റെ എക്സ്റ്റന്‍ഷന്‍ എന്ന് പറയും. ആ എക്സ്റ്റന്‍ഷന്‍ ചേര്‍ത്താല്‍ മാത്രമേ ബ്രൌസറില്‍ വായിക്കാന്‍ പറ്റുന്ന വെബ്പേജ് ആവുകയുള്ളൂ. ഞാന്‍ ഇത് ഒന്ന് കൂടി വിവരിക്കാം.



അറിയാമല്ലോ, ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദനല്ല. എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് ഞാന്‍ മനസ്സിലാക്കിയത് പറഞ്ഞുകൊടുക്കാനുള്ള എളിയ ശ്രമമാണിത്.  തുടരും.