പറിച്ചുനടപ്പെടുന്നവന്റെ വ്യഥകൾ !

വളരെ കഷ്ടപ്പെട്ടിട്ടാണു നാട്ടിലെ വീട് പണി തീർത്തത്. നാട് എന്ന് പറഞ്ഞാൽ അത് നമ്മുടെ അസ്തിത്വത്തിന്റെ ഭാഗം തന്നെയാണു. എല്ലാവരുടെ മനസ്സിലും അവനവന്റെ നാട് എന്നുമുണ്ടാകും. ആർക്കും തന്നെ ജീവിയ്ക്കാൻ കുടുംബം മാത്രം പോര. നാടും വേണം.  അലഞ്ഞുതിരിഞ്ഞ് ജീവിച്ച മനുഷ്യർ കൃഷി കണ്ടുപിടിച്ചതോടെയാണു കുടുംബവും നാടും ഉണ്ടാകുന്നത്. ജനിച്ചത് മുതൽ മരണം വരെയിലും നാട് ഒരാളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വീട് പൂർത്തിയാക്കിയെങ്കിലും എനിക്ക് നാട്ടിലെ വീട്ടിൽ തുടർന്ന് താമസിക്കാനായില്ല. ഭാര്യയുടെയും എന്റെയും ശാരീരികമായ അനാരോഗ്യങ്ങൾ കാരണം മക്കളുടെ കൂടെ താമസിക്കുന്നതാണു നല്ലത് എന്ന് തോന്നി. മകൻ ബാംഗ്ലൂരിലാണു. മകൾക്ക് സർക്കാർ സർവ്വീസിൽ ജോലി കണ്ണൂരിൽ തന്നെ മറ്റൊരു സ്ഥലത്ത് വീട് വാങ്ങി. മരുമകൻ നൈജീരിയയിൽ ജോലി ചെയ്യുന്നു. അവിടെ അവനു നല്ല ശമ്പളവും കമ്പനി വക എല്ലാ സൗകര്യങ്ങളുമുള്ള വീടും ഉണ്ട്.

ഓരോ കുടുക്കുകളാണു. മകനു ബാംഗ്ലൂരിൽ മാത്രമേ ജോലി ചെയ്യാൻ പറ്റൂ. നാട്ടിൽ ഒരു പണിയും ഇല്ല. മകൾക്ക് സർക്കാർ സർവ്വീസ്സ്  ഉപേക്ഷിക്കാൻ കഴിയുന്നില്ല. മരുമകനു നൈജീരിയയിലെ ആറക്ക ശമ്പളവും സൗകര്യങ്ങളും ഉപേക്ഷിക്കാൻ ഒട്ടും കഴിയില്ല. ഞാനും ഭാര്യയും മകന്റെ കൂടെയും മകളുടെ കൂടെയും മാറിമാറി താമസിക്കുന്നു. നാട് ഒരു നീറ്റലായി എന്റെ മനസ്സിൽ എപ്പോഴും ഉണ്ട്. കേരളം നാടില്ലാത്തവരുടെ നാടായി മാറുകയുമാണു. ഇപ്പോഴത്തെ കുട്ടികൾക്ക് വളരുമ്പോൾ നാട് എന്നൊന്ന് ഉണ്ടാവുകയില്ല.

ഇതാണു ഞാൻ ഇപ്പോൾ ആലോചിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനായാൽ ഒരു നാട് വേണ്ടേ? എങ്ങനെയാണു പണ്ടൊക്കെ ആളുകൾക്ക് നാട് ഉണ്ടായത്.  ജനിച്ച വീടിനു സമീപം ഒരു പ്രൈമറി സ്കൂൾ ഉണ്ടാകും. അവിടെ ചുറ്റുപാടുള്ള വീടുകളിൽ നിന്നെല്ലാം കുട്ടികൾ പഠിക്കാനുണ്ടാകും. വളർന്നാൽ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കും. അങ്ങനെ വീടും കുടുംബവും അയൽപ്പക്കവും ചങ്ങാതിമാരും നാടും നാട്ടുകാരും ഒക്കെ ചേർന്നുള്ള ഒരു കൂട്ടുജീവിതം. എന്തൊരു സുഖമായിരുന്നു. ഇന്നുള്ളത്ര പണമോ സൗകര്യങ്ങളോ ഇല്ല എന്നൊരു കുറവ് ഉണ്ടായിരുന്നു എന്നത് ശരി തന്നെ. പണവും സൗകര്യങ്ങളും ഉണ്ടായാൽ ജീവിതം ആനന്ദപ്രദമാകുമോ? എനിക്ക് തോന്നുന്നില്ല. ഞാൻ തന്നെ ഇപ്പോൾ ജീവിച്ചുപോകുന്നത് ഈ ഫേസ്‌ബുക്ക് ഉള്ളത്കൊണ്ടാണു. ഫേസ്‌ബുക്കാണു ഇപ്പോൾ എന്റെ നാട്. നാലാളുമായി ഇന്ററാക്‌ഷൻ സാധ്യമാകുന്നത് ഈ മുഖപുസ്തകത്തിലൂടെയാണു. ഇത് ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്ന് ചിന്തിക്കാൻ കഴിയുന്നില്ല. ആരെങ്കിലുമായി ഇടപെടാതെ നമുക്ക് ജീവിയ്ക്കാൻ കഴിയില്ല. അപ്പോൾ പണത്തേക്കാളും സൗകര്യങ്ങളേക്കാളും വലുത് മനുഷ്യബന്ധങ്ങളാണു.

അതാണു നാടിന്റെ പ്രത്യേകത. നാട് നമുക്ക് ബന്ധങ്ങൾ തരുന്നു. നാട് നമുക്ക് അംഗീകാരവും പരിഗണനയും നൽകുന്നു. നാട് നമുക്ക് സഹായഹസ്തം നീട്ടുന്നു. ഞാൻ ഒറ്റയ്ക്കല്ല എന്ന സുരക്ഷിതത്വബോധം നാട് നമുക്ക് നൽകുന്നു. നാട്ടുകാരുമായി കളിച്ചും ചിരിച്ചും സൊറപറഞ്ഞും സല്ലപിച്ചും കഴിഞ്ഞ മുഹൂർത്തങ്ങളുടെ ഓർമ്മകളാണു നമ്മുടെ വിലപ്പെട്ട സമ്പാദ്യം. പണത്തെ പറ്റിയോ നമ്മുടെ ഭൗതികസൗകര്യങ്ങളെ പറ്റിയോ നാം ഒരിക്കലും ഓർത്ത് സന്തോഷപ്പെടുന്നില്ല. എന്നാൽ നമ്മുടെ ബന്ധങ്ങളെ പറ്റി ഓർക്കാനും അയവിറക്കാനും എന്ത് രസമാണു.

മകളുടെ വീടിനടുത്ത് ഒരു സർക്കാർ എൽ.പി.സ്കൂളുണ്ട്. നടന്നു പോകുമ്പോൾ ആ സ്കൂൾ എപ്പോഴും നോക്കും. പാവപ്പെട്ട കുട്ടികൾ കുറച്ചുപേർ അവിടെ പഠിക്കുന്നുണ്ട്. ഞാൻ ഓർക്കും. അവിടെ എന്റെ കൊച്ചുമക്കളും പഠിച്ചിരുന്നെങ്കിൽ അവർക്ക് ഈ നാട്ടിൽ കൂട്ടുകാർ ഉണ്ടാകുമായിരുന്നു. അങ്ങനെ, വളരുമ്പോൾ പറയാൻ അവർക്കും ഒരു നാട് ഉണ്ടാകുമായിരുന്നു. ഇപ്പോൾ പഠിക്കുന്നത് കണ്ണൂർ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണു. പല ഭാഗത്ത് നിന്നും വരുന്ന കുട്ടികൾ. വളരുമ്പോൾ കൂട്ടുകാരൊക്കെ പിരിഞ്ഞുപോകും. അവർക്കൊന്നും നാട് ഉണ്ടാവുകയില്ല.

നാട് എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഇപ്പോൾ ഒരു കാല്പനിക സങ്കല്പം മാത്രമാണു. നാടു വിട്ടുപോയവരുടെ കാര്യം മാത്രമല്ല. നാട്ടിൽ ജീവിക്കുന്നവർക്ക് ഇപ്പോൾ നാട് ഉണ്ടോ എന്ന് സംശയമാണു. എല്ലാവരും അവനവന്റെ വീടിനകത്ത് ചുരുങ്ങിപ്പോയി. പണ്ട് നാട്ടിൽ ഏത് വീടിന്റെയും ഉമ്മറത്തെ വാതിലുകൾ തുറന്നു കിടക്കുമായിരുന്നു. പൊടുന്നനെയാണു എല്ലാം മാറിപ്പോയത്. ഇപ്പോൾ എല്ലാ വീടുകളിലും പകലിലും അടഞ്ഞ വാതിലുകളാണു. നാടിനു നേരെയാണു ഈ വാതിലുകൾ കൊട്ടിയടച്ചിരിക്കുന്നത്. ആർക്കും ആരെയും വേണ്ട. ആവശ്യമുള്ളവരെ ആവശ്യം വരുമ്പോൾ അങ്ങോട്ട് പോയോ മൊബൈലിൽ വിളിച്ചോ ബന്ധപ്പെട്ടോളാം എന്നൊരു ലൈൻ. എന്റെ ചെറുമക്കൾ വളരുമ്പോൾ പറയാൻ അവർക്കൊരു നാട് ഉണ്ടാവില്ല. ഇത് തന്നെയായിരിക്കണം വളരുന്ന മിക്കവാറും കുട്ടികളുടെ അവസ്ഥ. അങ്ങനെ മലയാളികൾക്ക് നാട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതും ഒരു സ്വകാര്യ ആധിയായി ചിലപ്പോഴൊക്കെ എന്നെ അലട്ടുന്നു..

6 comments:

kichu / കിച്ചു said...

സത്യം...

ajith said...

ഇന്നലെ ഞാനും അനുവും കൂടെ സംസാരിച്ചിരുന്നപ്പോള്‍ “മുമ്പൊന്നും നമ്മുടെ വീടുകളുടെ വാതില്‍ പകല്‍ അടച്ചിടാറില്ലായിരുന്നു” എന്ന് പറയുകയുണ്ടായി. ആറേഴ് വര്‍ഷം മുമ്പ് വരെ ഞങ്ങളുടെ പഴയ തറവാട് ആയിരുന്നു. അതിന് പുറത്തേയ്ക്ക് തുറക്കുന്ന ആറ് വാതിലുകളും. ഒന്നുപോലും പകല്‍ അടയ്ക്കാറില്ലായിരുന്നു. പുതിയ വീട് വച്ചപ്പോള്‍ ആകെ രണ്ട് വാതില്‍. എപ്പോഴും അടഞ്ഞുതന്നെ. നാട്ടിലുള്‍ലവര്‍ക്കും നാട് വിട്ടവര്‍ക്കും നാടില്ല.

Cv Thankappan said...

നല്ലൊരു ഓര്‍മ്മക്കുറിപ്പായി സുകുമാരന്‍ സാര്‍.
ഏതാണ്ട് പന്ത്രണ്ടുകൊല്ലക്കാലം നാട്ടില്‍നിന്ന് വിട്ടുനിന്നുകൊണ്ടുള്ള വീര്‍പ്പുമുട്ടല്‍ എനിക്കനുഭവപ്പെട്ടിട്ടുണ്ട്.പ്രത്യേകിച്ചും പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഘട്ടത്തില്‍.പിന്നെ ആ ബന്ധങ്ങളുടെ വേരറ്റ പോലെയായി.തിരച്ചുവന്ന് സജീവമായതോടെയാണ് മനസ്സമാധാനം കിട്ടിയത്.
നാടിന്‍റെ വിളിയുടെ ശക്തി.....
ആശംസകള്‍

Manikandan O V said...

പൊതുവിൽ സുകുമാരേട്ടൻ പറഞ്ഞവിഷയത്തോട് യോജിക്കുന്നു. പക്ഷെ സുകുമാരേട്ടന്റെ കാര്യത്തിൽ അങ്ങനെ ഒരു വിഷമത്തിനു ന്യായമുണ്ടെന്ന് തോന്നുന്നില്ല.
ഒരു കാര്യത്തിൽ സമാധാനമുണ്ട് അച്ഛനമ്മമാർ ഇങ്ങനെ നാട്ടിൽ ഒറ്റയ്ക്ക് കഴിയാതെ മക്കൾക്കൊപ്പം താമസിക്കുമ്പോൾ മക്കൾക്കും മനഃസമാധാനം ഉണ്ടാകും. അല്ലെങ്കിൽ ജോലിയുടേയും മറ്റ് പിരിമുറുക്കങ്ങൾക്കും ഒപ്പം നാട്ടിൽ തനിച്ച് കഴിയുന്ന പ്രായമായ അച്ഛനമ്മമാരെക്കുറിച്ചുള്ള ആധിയും പ്രശ്നമാണ്. അവർക്ക് എന്തെങ്കിലും അസുഖം വന്നാൽ മക്കളുടെ വ്യാകുലത, അതു കൂടുതലാവുകയേ ഉള്ളു. ആരും അടുത്തില്ലാതെ ഇരിക്കുന്ന അച്ഛനമ്മമാർക്കും നാട്ടിൽ പലതും ആലോചിച്ച് വിഷമം ഉണ്ടാകും. ഇതാവുമ്പോൾ നാട്ടിൽ അല്ല എന്നുള്ള വിഷമം അല്ലെ ഉള്ളു. ഇടയ്ക്ക് നാട്ടിൽ പോകാനും സാധിക്കുന്നുണ്ടല്ലൊ. സുമേഷിന് അച്ഛനമ്മമാരെ നോക്കാനും പറ്റുന്നുണ്ടല്ലൊ അതും നല്ലത്. കൊച്ചുമക്കളെ കളിപ്പിച്ച് അവരുടെ കുസൃതികൾ കണ്ട് ബാംഗ്ലൂരിൽ ജീവിക്കുന്നതു തന്നെയല്ലെ നാട്ടിൽ തനിച്ച് താമസിക്കുന്നതിലും നല്ലത്?

Manoj മനോജ് said...

മലയാളിക്ക് മാത്രമല്ല എല്ലാവര്‍ക്കും “നാട്” നഷ്ടമാകുന്നു :(

Aryan ആര്യൻ said...

ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഒരേ ഒരു ദുഖം ഇത് തന്നെ ആണ്. നന്ദി സർ.. നല്ലത് വരട്ടെ..