Links

Showing posts with label ലിബിയ. Show all posts
Showing posts with label ലിബിയ. Show all posts

ലിബിയയ്ക്ക് നേരെയുള്ള സഖ്യസേനയുടെ ആക്രമണം സ്വാഗതാര്‍ഹം !

ജനാധിപത്യം ലോകത്ത് പ്രചരിപ്പിക്കാനോ വ്യാപിപ്പിക്കാനോ ഉത്തരവാദപ്പെട്ട  സംഘടനകളോ പ്രസ്ഥാനങ്ങളോ ഇല്ല.  എന്നാല്‍ ചില പ്രത്യയശാസ്ത്രങ്ങളോ സിദ്ധാന്തങ്ങളോ ലോകം മൊത്തം പ്രചരിപ്പിക്കാനും  നടപ്പിലാക്കാനും യത്നിക്കുന്ന സംഘടനകളും  പ്രസ്ഥാനങ്ങളും ലോകത്ത്  പ്രവര്‍ത്തിക്കുന്നുണ്ട് താനും.  ചിന്തിക്കുന്ന ആളുകള്‍ പൊതുവെ  ജനാധിപത്യവിശ്വാസികളായിരിക്കും.  അതേ സമയം ജനാധിപത്യം ഒരു സിദ്ധാന്തമോ  പ്രത്യയശാസ്ത്രമോ ആയി ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍   ആ വിശ്വാസികള്‍ സംഘടിതരുമല്ല. ചിലപ്പോള്‍ ചില രാജ്യങ്ങളില്‍ ജനാധിപത്യവിശ്വാസികള്‍ താല്‍ക്കാലികമായി സംഘടിച്ച്  പോരാടുകയും ആ പോരാട്ടങ്ങളുടെ  ഫലമായി ജനാധിപത്യസമ്പ്രദായം ചില രാജ്യങ്ങളില്‍ നടപ്പില്‍ വരികയും ചെയ്തിട്ടുണ്ട്.  കമ്മ്യൂണിസ്റ്റ് ഏകാധിപത്യമാണ് ഈ രീതിയില്‍ സമീപകാലത്ത്  ജനാധിപത്യപ്രക്ഷോഭങ്ങളില്‍ നിലം പരിശായിരുന്നത്.  എന്നാല്‍ ചൈനയില്‍ ജനാധിപത്യസമരങ്ങളെ  അടിച്ചമര്‍ത്താന്‍ അവിടത്തെ ഭരണകൂടത്തിന്  കഴിഞ്ഞിരുന്നു.

ഇപ്പോള്‍  മുസ്ലീം ഭരണം  നിലവിലുള്ള  രാജ്യങ്ങളിലാണ് ജനാധിപത്യപ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്നത്.  ഇവിടെ , ജനാധിപത്യം എന്നാല്‍ എന്താണ്  എന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത് എന്നും ഓര്‍ക്കേണ്ടതുണ്ട്.  കമ്മ്യൂണിസ്റ്റുകളും പറയുന്നത് ജനാധിപത്യമാണ്.  അവരുടെ ജനാധിപത്യം എന്നാല്‍ അവരുടെ പാര്‍ട്ടിക്ക്  സ്ഥിരമായി ഭരണക്കുത്തക ലഭിക്കുകയെന്നതാണ്.  തെരഞ്ഞെടുപ്പിലൂടെ സര്‍ക്കാരുകള്‍ മാറി മാറി വരുന്ന ജനാധിപത്യം ബൂര്‍ഷ്വാജനാധിപത്യമാണ് എന്നാണ് അവരുടെ സിദ്ധാന്തം.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമായി സ്ഥിരഭരണം കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ ജനാധിപത്യം കരഗതമാവൂ എന്നാണ് കമ്മ്യൂണിസ്റ്റുകള്‍ സമര്‍ഥിക്കുന്നത്.  ബൂര്‍ഷ്വ ജനാധിപത്യത്തില്‍ ഭരണാധികാരം ലഭിച്ചാലും ഒരു കാര്യവുമില്ല എന്ന് കമ്മ്യൂനിസ്റ്റുകള്‍ പറയുന്നു. അത്കൊണ്ട്  നിലവിലുള്ള ബൂര്‍ഷ്വാജനാധിപത്യം ഉപയോഗപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റുകളുടെ ജനാധിപത്യം സ്ഥാപിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം.  കമ്മ്യൂനിസ്റ്റുകള്‍ അല്ലാത്തവര്‍ക്ക് ജനാധിപത്യസ്വാതന്ത്ര്യം നിഷേധിക്കുക എന്ന തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം നടപ്പാക്കാന്‍ വേണ്ടിയാണ്  സി.പി.എം. അടക്കമുള്ള പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്.  ഇടത്-പുരോഗമനം പറയുന്ന സാംസ്ക്കാരിക-ബുദ്ധിജീവികളും ഈ നയത്തോട് യോജിപ്പുള്ളവരാണ്.  അത്കൊണ്ട് കമ്മ്യൂണിസ്റ്റുകളുടെ അടിച്ചമര്‍ത്തലിനെക്കുറിച്ച്  പുരോഗമനക്കാര്‍ കമാ എന്ന് മിണ്ടാറില്ല.

ഇവിടെയുള്ള ജനാധിപത്യം  പാശ്ചാത്യമാണ് എന്നും  അമ്പത്തൊന്ന് ശതമാനം പേര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന  സര്‍ക്കാരിനോട് യോജിപ്പില്ലെന്നും ചില മുസ്ലീം സുഹൃത്തുക്കളുടെ അഭിപ്രായങ്ങളും  കാണാനിടയായി.  ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരം  നടപ്പാക്കുന്ന എല്ലാ നിയമങ്ങളോടും യോജിക്കാന്‍ കഴിയില്ല എന്നാണവരുടെ ന്യായം.  പിന്നെ എങ്ങനെയാണ് അവര്‍ താല്പര്യപ്പെടുന്ന പ്രകാരമുള്ള ജനാധിപത്യം നടപ്പാക്കുക എന്ന് അവരോട് ചോദിക്കേണ്ടതുണ്ട്.  പാശ്ചാത്യമെന്നോ പൌരസ്ത്യമെന്നോ  വ്യത്യാസമില്ലാതെ ലോകത്തെവിടെയുമുള്ള  ജനാധിപത്യവിശ്വാസികള്‍ക്ക് , ജനാധിപത്യമെന്നാല്‍  കാലാകാലങ്ങളില്‍ തങ്ങളുടെ ഭരണാധികാരികളെ മാറ്റാനോ വേറെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനോ ഉള്ള അധികാരമാണ്.  ഭരണാധികാരം  ജനങ്ങളില്‍ നിക്ഷിപ്തമാവുക.  ജനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടാവുമെന്നത്കൊണ്ട് ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരം സര്‍ക്കാര്‍ നിലവില്‍ വരിക. എന്നും സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് മിനിമം ഭൂരിപക്ഷത്തിന്റെ അംഗീകാരത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍‌ബലത്തില്‍ ആവുക.  ഇതല്ലാതെ ജനാധിപത്യത്തിന് മറ്റെന്ത്  പ്രായോഗികമാര്‍ഗ്ഗമാണുള്ളത്.  ചുരുക്കത്തില്‍ , നിശ്ചിത ഇടവേളകളില്‍ ഭരണാധികാരിയെ മാറ്റാന്‍ ജനങ്ങള്‍ക്ക്  കഴിയണം.  ഈ അവസരമാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിലും  മുസ്ലീം രാജ്യങ്ങളിലും ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നത്.

ഒരു രാജ്യത്ത്  എന്ത് ഭരണ സമ്പ്രദായമാണോ ഉള്ളത് അത് ആ രാജ്യത്തെ ജനതയുടെ തലവിധി എന്ന് സമാധാനിക്കാനേ പുറത്തുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ.  ഏതെങ്കിലും രാജ്യത്ത് സ്വേച്ഛാധിപത്യമാണ് നിലവിലുള്ളതെങ്കില്‍  അവിടത്തെ ജനങ്ങള്‍ക്ക്  പൌരാവാകാശങ്ങളും ജനാധിപത്യസ്വാതന്ത്ര്യവും  വേണമെങ്കില്‍ അത് നേടിയെടുക്കാന്‍ അവിടത്തെ ജനങ്ങള്‍ തന്നെ പോരാടേണ്ടതുണ്ട്.  ഇക്കാലത്ത്  അത്തരം പോരാട്ടങ്ങള്‍  എളുപ്പമല്ല.  ആധുനികമായ യുദ്ധോപകരണങ്ങളാണ്  സര്‍ക്കാരിന്റെ കൈയില്‍ ഉള്ളത്.  തന്റെയോ അല്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടിയുടെയോ സര്‍വ്വാധിപത്യം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആ ആയുധങ്ങള്‍ സ്വന്തം പൌരന്മാരുടെ നേര്‍ക്ക് പ്രയോഗിക്കാന്‍ ഏകാധിപതികള്‍ മടിക്കുകയില്ല.  അത്കൊണ്ട്  മരിക്കാന്‍ പോലും തയ്യാറായിക്കൊണ്ട് ഒരുപറ്റം പോരാളികള്‍ മുന്നോട്ട്  വന്നാല്‍ മാത്രമേ  ഏകാധിപത്യരാജ്യത്ത് ജനാധിപത്യപ്രക്ഷോഭം ആരംഭിക്കാന്‍ പോലും സാധിക്കുകയുള്ളൂ. വിജയവും പരാജയവും  ഒക്കെ പിന്നത്തെ കഥ.

അങ്ങനെ പ്രക്ഷോഭം ആളിപ്പടരുമ്പോള്‍  അത് അടിച്ചമര്‍ത്താന്‍  ഭരണകൂടം  വ്യോമാക്രമണം പോലും നടത്തുമ്പോള്‍  അന്താരാഷ്ട്രസമൂഹത്തില്‍ നിന്ന് ആരെങ്കിലും അത് തടയാന്‍ മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്.  ഇതെന്റെ രാജ്യം , എന്റെ പൌരന്മാര്‍ , എന്നെ എതിര്‍ത്താല്‍ ഞാന്‍ അവരെയൊക്കെ കൊല്ലും എന്ന് പറയാന്‍ ലോകത്ത് ഒരു ഏകാധിപതിക്കും കഴിയരുത്.  അതിനെ ചോദ്യം ചെയ്യുന്ന രാജ്യത്തെയോ രാജ്യങ്ങളുടെ സഖ്യത്തെയോ ലോകപോലീസ് എന്ന് പറയുന്നതില്‍ കാര്യമില്ല.  അത്തരം ഒരു സംവിധാനവും  നിലപാടും ഇല്ലെങ്കില്‍ ലോകം വെള്ളരിക്കാപ്പട്ടണമായിപ്പോകും.  ഏകാധിപത്യം എവിടെയായാലും  സ്വന്തം പൌരജങ്ങളെ കൊന്നൊടുക്കുമ്പോള്‍  അതില്‍ ഇടപെട്ട് ജനാധിപത്യം ഉറപ്പാക്കാന്‍ ലോകത്ത് ഒരു സംവിധാനം വേണമെന്ന് ഞാന്‍ കരുതുന്നു. അത്കൊണ്ടാണ്  ലിബിയയ്ക്ക് മേലുള്ള  സഖ്യസേനയുടെ ആക്രമണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നത്.  ഈ നടപടിയെ അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശം എന്നൊക്കെയായിരിക്കും പുരോഗമനക്കാര്‍ പറയുക.  എന്നാലല്ലെ അവര്‍ പുരോഗമനക്കാരാകൂ.

ലിബിയയ്ക്ക് നേരെയുള്ള  സഖ്യസേനയുടെ ആക്രമണത്തെ  ഇന്ത്യ എതിര്‍ത്തിട്ടുണ്ട്.  പ്രശ്നവുമായി ബന്ധപ്പെട്ട  എല്ലാവരും  അക്രമം വെടിയണമെന്നും ഭീഷണിയുടെയും ആയുധത്തിന്റെയും ഉപയോഗം അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യ ആ‍വശ്യപ്പെടുന്നത്.  ഏത് മധ്യസ്ഥക്കാരനും പറയാന്‍ കഴിയുന്ന ഞഞ്ഞാമിഞ്ഞ ന്യായമാണിത്.  പറയുന്നവന് ഒന്നും ബാധിക്കുന്നില്ലല്ലൊ.  ലിബിയയില്‍ സഖ്യസേന ഇടപെടാതിരിക്കുകയും  അവിടത്തെ ജനാധിപത്യപ്രക്ഷോഭത്തെ ഗദ്ദാഫി  ചോരയില്‍ മുക്കി അടിച്ചമര്‍ത്തുകയും ചെയ്താല്‍ ഇന്ത്യ എന്തെങ്കിലും മിണ്ടുമോ?  മിണ്ടാന്‍ കഴിയുമോ?  അപ്പോള്‍ ഇന്ത്യയുടെ നിലപാട് ആരെ സഹായിക്കാനാണ്?  ഗദ്ദാഫിയെ. അല്ലാതെ പിന്നെ ആരെയാ?  നമ്മുടെ  വിദേശനയത്തിന്റെ  തുടര്‍ന്നു വരുന്ന ഒരു വികലമായ സമീപനമാണിത്.   ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ , ലോകത്ത് ജനാധിപത്യം  വിജയിക്കാനും  വ്യാപിക്കുവാനുമാണ്  ഇന്ത്യ ശ്രമിക്കേണ്ടതും, അത്തരം രാജ്യങ്ങളുമായാണ് ഇന്ത്യ കൈ കോര്‍ക്കേണ്ടതും എന്ന്  ഞാന്‍ പറയും.   ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്നമാണ് ഞാന്‍ കാണുന്നത്.   ജനങ്ങള്‍ക്ക് മീതെ അവരുടെ  അവകാശങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും വിരുദ്ധമായി ഒരു ഭരണകൂടമോ ഭരണാധികാരിയോ ഉണ്ടാകാന്‍ പാടില്ല.

ഭരണകൂടം അല്ലെങ്കില്‍  സര്‍ക്കാര്‍ എന്നൊക്കെ പറയുന്ന  സംവിധാനം ദൈവദത്തമോ  അനിവാര്യമോ അല്ല.  മനുഷ്യര്‍ എല്ലാം ഒരുപോലെ നല്ലവരാണെങ്കില്‍  സത്യത്തില്‍ ഭരണകൂടത്തിന്റെ ആവശ്യം തന്നെയില്ല.  അത്കൊണ്ടാണ് മനുഷ്യര്‍ എന്നെങ്കിലും നന്നായി ഭരണകൂടം തന്നെ കൊഴിഞ്ഞുപോകും എന്ന് കാറല്‍ മാര്‍ക്സിന് സ്വപ്നം കാണാന്‍ കഴിഞ്ഞത്.  മനുഷ്യര്‍ പല തരത്തിലും കോലത്തിലും ആണ്  ലോകത്ത് എവിടെയുമുള്ളത്.  അത്കൊണ്ട് മനുഷ്യരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്ന സംവിധാനം നമുക്ക് അനിവാര്യമായിത്തീരുന്നു. പക്ഷെ സര്‍ക്കാര്‍ എന്നത് ആര്‍ക്കും ഒരു സംഘടനയ്ക്കോ പാര്‍ട്ടിക്കോ മതത്തിനോ കുത്തകയായി ലഭിക്കരുത്.  അത് നീതിയോ ന്യായമോ അല്ല.  നിശ്ചിത ഇടവേളകളില്‍ ഭൂരിപക്ഷത്തിന്റെ സമ്മതി വാങ്ങുന്ന സര്‍ക്കാരുകളായിരിക്കണം എല്ലാ രാജ്യങ്ങളിലും ഉണ്ടാവേണ്ടത്.  അത്തരം ഒരു ലോക ക്രമത്തിന് വേണ്ടി ശബ്ദമുയര്‍ത്തുകയാണ് ജനാധിപത്യവിശ്വാസികള്‍ ചെയ്യേണ്ടത്.