Links

ശാസ്ത്രം വേറെ; ശാസ്ത്രജ്ഞൻ വേറെ

ശാസ്ത്രവും ശാസ്ത്രജ്ഞനും തമ്മിൽ ബന്ധം ഇല്ലെന്ന് തോന്നുന്നു. കാരണം ശാസ്ത്രം എന്ന് പറയുന്നത് പ്രാപഞ്ചികമായ എല്ലാ സമസ്യകൾക്കും ഉത്തരം തേടുകയും, കണ്ടെത്തുന്ന അറിവുകൾ മനുഷ്യരാശിക്ക് പകർന്നു നൽകുകയും ചെയ്യുന്ന ഒരു ഫിലോസഫിയാണു. അതേ സമയം ഒരു ശാസ്ത്രജ്ഞൻ ശാസ്ത്രത്തിന്റെ നിസ്സാരമായ ഒരു ഏരിയയിൽ മാത്രം പഠനം നടത്തുകയും പരിമിതമായ ആ മേഖലയിൽ മാത്രം വൈദഗ്ദ്ധ്യം നേടുകയും ചെയ്യുന്ന വ്യക്തിയാണു. അപ്പോൾ ഒരു ശാസ്ത്രജ്ഞൻ ശാസ്ത്രം എന്ന ഫിലോസഫി ഉൾക്കൊള്ളണമെന്നോ അദ്ദേഹത്തിനു എല്ലാ സംഗതികളിലും ശാസ്ത്രീയവീക്ഷണം ഉണ്ടാകണമെന്നോ ഇല്ല. ഉദാഹരണത്തിനു ഒരു ബഹിരാകാശശാസ്ത്രജ്ഞനു ജീവശാസ്ത്രത്തിലോ രസതന്ത്രത്തിലോ പരിണാമശാസ്ത്രത്തിലോ അറിവ് ഉണ്ടാകണമെന്നില്ല. അപ്പോൾ അദ്ദേഹം സൃഷ്ടിവാദത്തിൽ വിശ്വസിക്കുകയും ഗണപതിക്ക് നാളികേരം ഉടക്കുകയും മാതാ അമൃതാനന്ദമയിയുടെ പാദങ്ങളിൽ നമസ്ക്കരിക്കുകയും ചെയ്യും. അതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ല.

ശാസ്ത്രം എന്ന ഫിലോസഫി ഉൾക്കൊള്ളാൻ അക്കാദമിക വിദ്യാഭ്യാസം തന്നെ വേണമെന്നില്ല. സാധാരണക്കാരായ ആളുകൾക്കും ശാസ്ത്രീയവീക്ഷണം ഉണ്ടാകും. പ്രപഞ്ചത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചും മുൻവിധികൾ ഇല്ലാതെ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നത് കൊണ്ടാണത്. യുക്തിവാദിസംഘത്തിലോ, ശാസ്ത്രസാഹിത്യ പരിഷത്തിലോ, വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദം പ്രത്യയശാസ്ത്രമായി അംഗീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികളിലോ അംഗമായി ചേർന്നാലും ഒരാൾക്ക് ശാസ്ത്രീയവീക്ഷണം ഉണ്ടാകണമെന്നില്ല. ശാസ്ത്രീയവീക്ഷണം ഒരാൾ സ്വയം ആർജ്ജിക്കുന്നതാണു. മറ്റൊരാൾക്ക് അത് പകർന്നു നൽകാനും കഴിയില്ല. ശരിയായ യുക്തിവാദിക്കും കമ്മ്യൂണിസ്റ്റുകാരനും ശാസ്ത്രീയവീക്ഷണം ഉണ്ടാകണം എന്നാണു വയ്പ്. എന്നാൽ അത് പ്രായോഗികമല്ല. ഒരു സംഘടനയാകുമ്പോൾ അതിൽ ആർക്കും അംഗമാകാം. സംഘടനകൾക്ക് ശാസ്ത്രം പഠിപ്പിക്കാൻ കഴിയില്ല. യുക്തിവാദിസംഘമോ കമ്മ്യൂണിസ്റ്റ് പാർട്ടികളോ ശാസ്ത്രത്തിൽ ക്ലാസ്സ് നടത്തിയതായി കേട്ടുകേൾവി പോലുമില്ല. എന്തിനേറെ പറയുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് പോലും അതിന്റെ പ്രവർത്തകന്മാർക്ക് ശാസ്ത്രത്തിൽ ക്ലാസ്സ് നൽകിയിട്ടില്ല.

എല്ലാ ശാസ്ത്രശാഖയെ കുറിച്ചും പൊതുവായ അറിവും ധാരണയും ഇല്ലാത്ത ഒരാൾക്ക് ശാസ്ത്രീയവീക്ഷണം ഉണ്ടാവുകയില്ല. സ്കൂൾ-കോളേജ് തലത്തിൽ പഠിക്കുന്ന പാഠഭാഗങ്ങൾ വെച്ചുകൊണ്ടും ഒരാൾ ശാസ്ത്രീയവീക്ഷണം ആർജ്ജിക്കണം എന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ശാസ്ത്രവിഷയങ്ങൾ പതിവായി വായിച്ച് തുടർപഠനം ജീവിതത്തിന്റെ ഭാഗമാക്കുന്നവർക്ക് മാത്രമേ ശരിയായ ശാസ്ത്രീയവീക്ഷണം ഉണ്ടാവുകയുള്ളൂ. നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങളിൽ ശാസ്ത്രീയവീക്ഷണം ഉള്ളവർ വിരളമാണു. പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹൃ ശാസ്ത്രീയവീക്ഷണമുള്ള വ്യക്തിയായിരുന്നു. അത്കൊണ്ട് സമൂഹത്തിൽ ശാസ്ത്രീയവീക്ഷണം പ്രചരിപ്പിക്കേണ്ട ആവശ്യകത നമ്മുടെ ഭരണഘടനയിൽ പോലും എഴുതി വയ്ക്കുകയുണ്ടായി.

എന്തിനാണു പൗരന്മാർക്ക് ശാസ്ത്രീയവീക്ഷണം എന്ന് ചോദിച്ചാൽ ജീവിതം അനായാസമായി കൊണ്ടുനടക്കാൻ ശാസ്ത്രീയവീക്ഷണം നല്ലതാണു. ശാസ്ത്രം ഇന്ന് സർവ്വതല സ്പർശിയാണു. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ വസ്ത്രം, വീട് എല്ലാറ്റിലും ശാസ്ത്രം അപ്ലിക്കബിൾ ആണു. ആളുകൾക്ക് ശാസ്ത്രീയബോധം തീരെ കുറവായത്കൊണ്ട് ശാസ്ത്രത്തിന്റെ ലേബൽ ഒട്ടിച്ച സ്യൂഡോ ശാസ്ത്രം ഇന്ന് സകല മേഖലകളെയും ഭരിക്കുകയാണു. വ്യാജശാസ്ത്രമാണു ശരിയായ ശാസ്ത്രം എന്ന് പോലും ആളുകൾ വിശ്വസിച്ചു തുടങ്ങി. ഈ നിലയ്ക്ക് ഇനി മാറ്റം വരാൻ പ്രയാസമാണു. ഒറ്റപ്പെട്ട ആളുകൾ ജന്മസഹജമായ ക്യൂരിയോസിറ്റി (ജിജ്ഞാസ) കൊണ്ട് ശാസ്ത്രം മനസ്സിലാക്കുകയും ശാസ്ത്രീയവീക്ഷണം ആർജ്ജിക്കുകയും ചെയ്തെങ്കിലായി.