നമസ്കാരം കെ.പി.എസ്.
നമസ്ക്കാരം.. പറയൂ , എന്തൊക്കെയാ വിശേഷങ്ങള്‍ ...
മുഖവുര കൂടാതെ വിഷയത്തിലേക്ക് കടക്കാം. എന്തിനാണ് താങ്കള്‍ ബ്ലോഗ് എഴുതുന്നത്?
എന്തിനാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത് എന്ന് ചോദിച്ചാല്‍ , എന്തിനാണ് ഞാന്‍ ജീവിയ്ക്കുന്നത് എന്ന് ചോദിക്കുന്ന പോലെയാണ്. മറുപടി പറയാന്‍ പ്രയാസം. നമ്മള്‍ ഓരോരുത്തരും ഓരോ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതോരോന്നും എന്തിനാണെന്ന് ചോദിച്ചാല്‍ എന്താണ് പറയാന്‍ കഴിയുക. എനിക്ക് തോന്നുന്നത് ഒരോരുത്തരും ഓരോ കര്‍മ്മമണ്ഡലങ്ങളില്‍ യാദൃച്ഛികമായോ ആകസ്മികമായോ എത്തിപ്പെടുന്നു എന്നാണ്. എന്നെ സംബന്ധിച്ച് പ്രാരബ്ധങ്ങള്‍ എല്ലാം ഒഴിവായിക്കിട്ടിയപ്പോള്‍ ഈ കമ്പ്യൂട്ടറും സമയവും ബ്ലോഗ് എന്ന മീഡിയയും എന്റെ മുന്നില്‍ വന്നുപെട്ടു. അത്കൊണ്ടാവാം ബ്ലോഗ് എഴുതുന്നത്. എന്റെ ബ്ലോഗിനെ ആരും കാത്തിരിക്കുന്നില്ല. ഞാനും എന്റെ ബ്ലോഗ് വായിക്കാന്‍ ആരെയും കാത്തിരിക്കുന്നില്ല. ഏത് സംഗതിയും അങ്ങനെയാണ്. എന്നാല്‍ സംഭവ്യതയുടെ നിയമപ്രകാരം ആരൊക്കെയോ എന്റെ ബ്ലോഗ് വായിക്കുന്നു. അത്കൊണ്ട് ഞാന്‍ പിന്നെയും എഴുതുന്നു.
ബ്ലോഗ് എഴുതുന്നതില്‍ സംതൃപ്തനാണോ? എന്താണ് ഇതില്‍ നിന്ന് ലഭിക്കുന്ന നേട്ടം ?
സത്യം പറഞ്ഞാല്‍ മനുഷ്യരോട് നേരില്‍ ഇടപഴകാനാണ് എനിക്ക് ഇഷ്ടം. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുക, അവരെ കുറിച്ച് അടുത്തറിയുക, അവരുടെ വ്യഥകളില്‍ പങ്ക് ചേരുക , അറിവുകളും അനുഭവങ്ങളും കൈമാറുക അങ്ങനെയങ്ങനെ... എനിക്കതിനുള്ള സാഹചര്യം ഇല്ലാതായിപ്പോയി. ആരോഗ്യപരമായ കാരണങ്ങളാല്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല. അത്കൊണ്ട് വീട്ടില്‍ തന്നെ ഒതുങ്ങിക്കഴിയേണ്ടി വന്നു. അങ്ങനെയൊരവസ്ഥയില്‍ താല്‍ക്കാലികമായൊരു ആശ്വാസമായിട്ടാണ് ബ്ലോഗ് കണ്ടെത്തുന്നത്. ചില്ലറ സൌഹൃദങ്ങളാണ് ഇതിലൂടെ ലഭിച്ച നേട്ടം. ഏറ്റവും പ്രധാനമായത് സമയം പോകുന്നു എന്നത് തന്നെ. എന്നാല്‍ ക്രീയേറ്റീവായല്ല സമയം പോക്കുന്നത് എന്ന വേദന ഇല്ലാതില്ല.
ബ്ലോഗെഴുത്ത് ക്രീയേറ്റിവിറ്റി അല്ലെന്നാണോ? ആശയപ്രകാശനത്തിന് നല്ലൊരു മാധ്യമമല്ലേ ബ്ലോഗ്?
നല്ലൊരു മാധ്യമം തന്നെയാണ്, മറ്റെന്തെങ്കിലും മേഖലയുമായി ബന്ധപ്പെടുത്തി സപ്ലിമെന്ററിയായി പ്രയോജനപ്പെടുത്തുന്നെങ്കില്‍ . ഉദാഹരണത്തിന് കുറെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ ഭാഗമായി ബ്ലോഗ് ഉപയോഗപ്പെടുത്താം. ഒരു ചാരിറ്റി സൊസൈറ്റി തുടങ്ങി പ്രവര്‍ത്തിക്കുന്നെങ്കില്‍ ബ്ലോഗിനെ ഉപയോഗപ്പെടുത്താമായിരുന്നു. അങ്ങനെ എത്രയോ മേഖലകള്‍ . വെറുതെ കുത്തിയിരുന്ന് പോസ്റ്റുകളും കമന്റുകളും എഴുതുന്നതില്‍ എന്ത് ക്രീയേറ്റീവിറ്റി ആണുള്ളത്. എന്നാലും ബ്ലോഗ് ഉള്ളത്കൊണ്ടാണ് എന്റെ ദിവസങ്ങള്‍ക്ക് മടുപ്പ് ഇല്ലാത്തത്. ആളുകളുടെയിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എത്രയോ ആഹ്ലാദം കിട്ടിയേനേ ...
ആളുകളുടെയിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ എന്താണ് തടസ്സം, ആരോഗ്യപ്രശ്നങ്ങള്‍ ... ?
ആരോഗ്യപ്രശ്നം മറി കടക്കാമായിരുന്നു. ഒരു വേദി വേണ്ടേ? സത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ വേദി ആരും ഉണ്ടാക്കിതരികയല്ല വേണ്ടത്, സ്വയം സൃഷ്ടിക്കുകയാണ്. എന്നാലും നമുക്ക് ആശയപരമായി യോജിക്കാന്‍ പറ്റുന്ന നാലഞ്ച് സുഹൃത്തുക്കളെങ്കിലും വേണ്ടേ? അതാണ് പ്രശ്നം.
താങ്കള്‍ എല്ലാവരുമായും വിയോജിക്കുകയാണല്ലൊ , പിന്നെ എങ്ങനെ യോജിപ്പുള്ളവരെ കണ്ടെത്തും? ഏറ്റവും ഒടുവില്‍ എന്‍ഡോസല്‍ഫാനെ അനുകൂലിച്ചും ബ്ലോഗ് എഴുതി. എല്ലാവരെയും എതിര്‍ക്കുന്നു. യുക്തിവാദികളെ , കമ്മ്യൂണിസ്റ്റുകാരെ, പരിസ്ഥിതിപ്രവര്‍ത്തകരെ അങ്ങനെ എല്ലാറ്റിനെയും. എന്ത്കൊണ്ടാണിങ്ങനെ ?
ഇങ്ങനെയൊരു കുഴയ്ക്കുന്ന ചോദ്യം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഇതിന് എന്റെ കൃത്യമായ ഉത്തരം ലളിതമാണ്. പക്ഷെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് സങ്കീര്‍ണ്ണമായി തോന്നും. എനിക്ക് ആരോടും എതിര്‍പ്പില്ല എന്നതാണ് സത്യം. മനുഷ്യന്‍ യാദൃച്ഛികമായി ജനിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ശരിക്ക് പറഞ്ഞാല്‍ അനേകം ബീജാണുക്കളില്‍ നിന്ന് ഒരു നിശ്ചിത ബീജം തികച്ചും ആകസ്മികമായി അണ്ഡവുമായി സംയോജിക്കുന്നു. അങ്ങനെ ഒരു വ്യക്തിയുടെ അസ്തിത്വം ആകസ്മികതയുടെ ആനുകൂല്യത്താല്‍ തുടക്കം കുറിക്കപ്പെടുന്നു. പിന്നീട് ജീവിതകാലം മുഴുവനും ആകസ്മികസംഭവങ്ങളാല്‍ നയിക്കപ്പെടുന്നു എന്നും എനിക്ക് തോന്നുന്നു. ഏത് നിമിഷവും എന്തും സംഭവിക്കാം. എന്നാലും മനുഷ്യന്‍ പോരാടുന്നു. ചിലര്‍ ലഷ്യസ്ഥാനത്ത് എത്തുന്നു. അതിലും ആകസ്മികതയുടെ ആനുകൂല്യം ഉണ്ട് എന്ന് ഞാന്‍ പറയും. ഇപ്രകാരം മരണം വരെ ജീവിയ്ക്കുക മാത്രം ചെയ്യുന്ന എല്ലാ മനുഷ്യരോടും എനിക്ക് എതിര്‍പ്പില്ല എന്ന് മാത്രമല്ല നിഗൂഢമായ സ്നേഹവുമുണ്ട്.
ഞാന്‍ ഏതെങ്കിലും ഒരു സംഘടനയില്‍ ചേര്‍ന്നു എന്ന് വയ്ക്കുക. എതിര്‍സംഘടനയില്‍ പെട്ടവരെ ഞാന്‍ എതിര്‍ക്കണം. അല്ലെങ്കില്‍ എതിരാളിയായി ഭാവിക്കണം. ആ എതിര്‍പ്പില്‍ എനിക്ക് ബോധ്യമാവുന്ന ലോജിക്ക് ഉണ്ടാവണമെന്നില്ല. അത്കൊണ്ട് എല്ലാ സംഘടനകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പുറത്ത് നില്‍ക്കാനേ എനിക്ക് കഴിയുന്നുള്ളൂ. അങ്ങനെ നില്‍ക്കുന്നത്കൊണ്ട് ഓരോ സംഘടനയിലും കാണുന്ന വൈരുദ്ധ്യങ്ങള്‍ ഞാന്‍ ബ്ലോഗ് പോസ്റ്റുകളില്‍ വിഷയമാക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ബന്ധപ്പെട്ട വിശ്വാസികളോ അവിശ്വാസികളോ അനുയായികളോ എന്റെ അഭിപ്രായത്തെ എതിര്‍പ്പായോ വിരുദ്ധതയായോ കാണുന്നു. എനിക്ക് തന്നെ അങ്ങനെയൊക്കെ എഴുതിപ്പോകുന്നതില്‍ യോജിപ്പില്ല എന്നതാണ് സത്യം. എന്നാലും എഴുതിപ്പോകുന്നു. എന്റെ എഴുത്തുകളില്‍ എനിക്ക് പക്ഷെ ന്യായം കാണാന്‍ കഴിയുന്നുണ്ട് എന്നത് വേറെ കാര്യം.
എന്താണ് ജീവിതത്തെ കുറിച്ച് താങ്കളുടെ വീക്ഷണം , അഥവാ ഫിലോസഫി ?
അതൊക്കെ ഒറ്റവാക്കില്‍ പറയാന്‍ വിഷമമല്ലേ? ഞാന്‍ പറഞ്ഞല്ലൊ, യാദൃച്ഛികമായി ഒരു വ്യക്തി ജനിക്കുന്നു. ആ വ്യക്തി ജീവിക്കുന്നതിന് ഒരു സിസ്റ്റം ഇവിടെ മുന്‍കൂട്ടി ഒരുക്കി വെച്ചിട്ടുണ്ട്. ആ സിസ്റ്റത്തിലേ അവന് ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ. സിസ്റ്റം എന്നത് ഇവിടെ ഉള്ളവരാല്‍ അനുസരിക്കപ്പെടുന്നതിനാല്‍ നിലനില്‍ക്കുന്നതാണ്. അല്ലാതെ ആരും ഒരുക്കി വെച്ചതല്ല. അങ്ങനെ അവനും ഈ സിസ്റ്റത്തിന്റെ ഭാഗമായി അനുസരിക്കാന്‍ ശീലിക്കുകയും മറ്റുള്ളവരെ അനുകരിച്ച് ജീവിതം തുടങ്ങുകയും ചെയ്യുന്നു. നിലവിലുള്ള സിസ്റ്റം വേറെ രൂപത്തിലും ആകാമായിരുന്നു. ഉദാഹരണത്തിന് , ഒരു ലോകം , ഒരു ഭരണകൂടം, ഒരു നിയമം, ഒരേ മതം അങ്ങനെ എല്ലാം ഒന്ന്. എന്നാല്‍ ഇപ്പോഴുള്ളത് പോലെയാണ് സിസ്റ്റം രൂപപ്പെട്ട് വന്നത്. ഈ സിസ്റ്റത്തെ അനിവാര്യതയായി ആളുകള്‍ സ്വീകരിക്കുന്നു. മറിച്ചും ആകാമായിരുന്നു എന്നോ ആയാല്‍ എന്താ എന്നും അവന് തോന്നുന്നില്ല.
ഈ സിസ്റ്റത്തിന്റെ ഭാഗമായതിനാല്‍ ഓരോ വ്യക്തിയും തന്റെ ജാതി,മതം, പാര്‍ട്ടി, രാജ്യം, ഭാഷ, അങ്ങനെ അനേകം വിഭാഗീയതകളില്‍ തന്റെ ഇടം ഇന്നതാണെന്ന് കണ്ടെത്തുന്നു. ആ ഇടത്തില്‍ നിന്നുകൊണ്ടാണ് അവന്‍ ചിന്തിക്കുന്നതും കാഴ്ചപ്പാടുകള്‍ സ്വരൂപിക്കുന്നതും. ആശയങ്ങളില്‍ വൈരുധ്യവും പൊരുത്തക്കേടുകളും വരുന്നത് അങ്ങനെയാണ്. അടിസ്ഥാനപരമായി ഓരോ വ്യക്തിയും ഒറ്റപ്പെട്ടവന്‍ തന്നെയാണ്. ഒറ്റയ്ക്ക് തന്നെയാണ് അവന്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതും. എന്നാല്‍ ഈ ഒറ്റപ്പെടല്‍ അവന്റെ ബോധമനസ്സിന് താങ്ങാന്‍ കഴിയില്ല. അത്കൊണ്ട് കുടുംബം , മറ്റ് സംഘടനകളില്‍ അവന്‍ ഭാഗഭാക്കാകുന്നു. എന്തിന്റെയെങ്കിലും ഭാഗമായി ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാനുള്ള അവിരാമമായ ശ്രമമാണ് ജീവിതം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഒന്നും മനസ്സിലായില്ല എന്ന് പറയേണ്ടി വന്നതില്‍ ക്ഷമിക്കണം. മതങ്ങള്‍ മനുഷ്യന് ആവശ്യമാണ് എന്ന് താങ്കള്‍ എഴുതിക്കണ്ടു. എന്നാല്‍ താങ്കളുടെ ഈ ഫിലോസഫി ഒരു മതത്തിലും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്താണ് ഈ വൈരുദ്ധ്യം?
ഞാന്‍ മനുഷ്യന്റെ കൂടെയാണ്. അത്കൊണ്ടാണ് മനുഷ്യന് മതം വേണമെന്ന് പറഞ്ഞത്. മനുഷ്യര്‍ക്ക് വേണ്ടത്കൊണ്ട് മതങ്ങള്‍ നിലനില്‍ക്കുന്നു. ഇന്ന മതം വേണമെന്നോ എനിക്ക് മതം വേണമെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ. എല്ലാ മതങ്ങളിലും മനുഷ്യരെയാണ് ഞാന്‍ കാണുന്നത്. ആ മനുഷ്യരെല്ലാം എന്നെ പോലെ തന്നെയാണെന്ന് ഞാന്‍ കരുതുന്നു. ആ മനുഷ്യര്‍ ആരും എന്റെ ശത്രു അല്ലാത്തത്കൊണ്ട് അവരുടെ മതവും എനിക്ക് അന്യമല്ല. മനുഷ്യര്‍ക്ക് മതം വേണ്ടായിരുന്നെങ്കില്‍ മതം വേണമെന്ന് പറയില്ലായിരുന്നു. നല്ല മനുഷ്യരായി ജീവിയ്ക്കാനുള്ള മാര്‍ഗ്ഗരേഖയാണ് ഓരോ മതവും മുന്നോട്ട് വയ്ക്കുന്നത്. അത്കൊണ്ട് മതങ്ങളെ എനിക്ക് എതിര്‍ക്കേണ്ടി വരുന്നില്ല. പിന്നെ മതങ്ങളിലെ തെറ്റുകള്‍ . അത് ബന്ധപ്പെട്ട മതങ്ങളിലെ വിശ്വാസികളാല്‍ തിരുത്തപ്പെടേണ്ടതാണ്. ഒരു മതവും എനിക്ക് അന്യമല്ലാത്തതിനാല്‍ ഞാന്‍ എന്നെ ഒരു മതക്കാരനായും ഭാവിക്കുന്നില്ല. എനിക്ക് മനുഷ്യന്‍ എന്ന ഒറ്റ മതത്തില്‍ ചേര്‍ന്നാല്‍ മതി.
വിചിത്രമായ വാദം. ദൈവത്തെക്കുറിച്ച്, നിരീശ്വരപരവും പിന്നെ ആത്മീയപരമായും ബ്ലോഗ് എഴുതിക്കണ്ടു. ഇപ്പോള്‍ ദൈവവിശ്വാസിയാണോ?
എന്റെ പരിമിതിയില്‍ നിന്നുകൊണ്ട് എനിക്ക് ഇപ്പോള്‍ ഇതിന് വ്യക്തമായ ഉത്തരം പറയാന്‍ കഴിയില്ല. എനിക്ക് മുന്നേ ഈ പ്രാകൃതിക പ്രപഞ്ചവും ഇവിടത്തെ ആശയപ്രപഞ്ചവും നിലവിലുണ്ട്. എനിക്ക് ശേഷവും ഉണ്ടാകും. ലഭ്യമായ അറിവ് വച്ച് ചിന്തിക്കാനേ എനിക്ക് കഴിയുകയുള്ളൂ. അന്തിമമായ നിഗമനത്തില്‍ എത്താന്‍ എനിക്ക് കഴിയില്ല. അത്കൊണ്ട് എനിക്ക് പിടി തരാത്ത സമസ്യയായാണ് ഞാന്‍ ദൈവത്തെ കാണുന്നത്. അങ്ങനെ കാണുന്നത് എന്റെ കഴിവ്കേട് കൊണ്ടാണെന്നും എനിക്ക് തോന്നുന്നു. ഇവിടെ ഞാന്‍ എന്നത് തികച്ചും നശ്വരമായ ഒരു പ്രതിഭാസമാണ്. അത്കൊണ്ട് എന്റെ ധാരണ എന്തായാലും അത് സംഗതമേയല്ല. മനുഷ്യമനസ്സിന് ഒരു പ്രപഞ്ചശക്തിയുടെ തുണ ആലംബമായി വേണം. ആ ശക്തിയില്‍ മനുഷ്യന്‍ അഭയം കണ്ടെത്തുന്നത് അവന്റെ വ്യക്തിപരമായ കാര്യമാണ്. എന്റേതായ ഒരു ചിന്താസരണിയിലൂടെ കടന്നുവന്നത്കൊണ്ട് ഇത്രയേ എനിക്ക് പറയാന്‍ കഴിയൂ.
രാഷ്ട്രീയം?
കക്ഷിരാഷ്ട്രീയത്തില്‍ താല്പര്യമില്ല. കോണ്‍ഗ്രസ്സിനേക്കാളും മികച്ച മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയെ കാണാന്‍ കഴിയാത്തത്കൊണ്ട് പലപ്പോഴും കോണ്‍ഗ്രസ്സിനെ അനുകൂലിച്ച് എഴുതാറുണ്ട്. ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ വേണമല്ലോ. സംഘടന തെരഞ്ഞെടുപ്പ് പോലും നടത്താത ആ പാര്‍ട്ടിയോട് അത്ര ആഭിമുഖ്യമില്ല. എന്നാലും സംഘടന തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുന്ന ബി.ജെ.പി.യോടോ സി.പി.എമ്മിനോടോ ആഭിമുഖ്യം തീരെയില്ല. നമ്മുടെ രാജ്യത്തിന്റെ സംസ്ക്കാരവുമായി യോജിച്ചു പോകുന്നത് എന്ത് ന്യൂനതകള്‍ ഉണ്ടെങ്കിലും ഇപ്പോഴും കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനമാണെന്ന് കരുതുന്നു.
കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന ലേബലിനെ കുറിച്ച് ... ?
അതെന്തൊരു ലേബലാണ്? അങ്ങനെയൊരു ലേബലുണ്ടോ? കമ്മ്യൂണിസ്റ്റുകാര്‍ ലോകത്ത് ഒരു വിഭാഗമാണ്. അങ്ങനെ പല അഭിപ്രായക്കാരും പ്രത്യയശാസ്ത്രക്കാരുമുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ വിരുദ്ധര്‍ ഉണ്ടാവുന്നതായി കേട്ടിട്ടുള്ളൂ. ആ പ്രയോഗം കമ്മ്യൂണിസ്റ്റുകാരുടെ മാത്രം പദാവലികളില്‍ പെട്ട ഒന്നാണ്. ഇങ്ക്വിലാബ്, വിപ്ലവം, ബൂര്‍ഷ്വ, വര്‍ഗ്ഗസമരം, എന്നൊക്കെ പറയുന്ന പോലെ. ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല അത്രയേയുള്ളൂ. കമ്മ്യൂണിസ്റ്റ് പദാവലികളും വിശേഷണങ്ങളും ഒന്നും നമുക്ക് ചേരുകയില്ല.
കമ്മ്യൂണിസ്റ്റ്കാരന്‍ ആയിരുന്നോ എന്നെങ്കിലും?
കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് പറഞ്ഞുകൂട. എന്നാല്‍ മനുഷ്യസ്നേഹം നിമിത്തം ആ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായിരുന്നു.
എന്നാല്‍ ഇസം വേറെ പാര്‍ട്ടി വേറെ എന്ന് വേഗം മനസ്സിലായി. പാര്‍ട്ടി വളര്‍ത്താന്‍ എന്ത് കുതന്ത്രങ്ങളും അക്രമങ്ങളും ഒരു മന:സാക്ഷിക്കുത്തുമില്ലാതെ പ്രയോഗിക്കുന്ന പാര്‍ട്ടിയോട് അങ്ങേയറ്റം വെറുപ്പ് തോന്നി. കമ്മ്യൂണിസത്തിന്റെ തകര്‍ച്ച എന്റെ വെറുപ്പിനെ സാധൂകരിക്കുന്നു.
ഇപ്പോള്‍ ബ്ലോഗില്‍ നിന്ന് കുറെ സൃഷ്ടികള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ടല്ലോ? ശിഥില ചിന്തകളില്‍ നിന്ന് തെരഞ്ഞെടുത്ത ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൂടേ?
പ്രസിദ്ധീകരണക്കാര്‍ ആരും മുന്നോട്ട് വന്ന് എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കില്ല. അച്ചടിക്കാനുള്ള മുഴുവന്‍ ചെലവും അതിലധികവും അങ്ങോട്ട് കൊടുത്താല്‍ എതെങ്കിലും പ്രസിദ്ധീകരണക്കാര്‍ പ്രസിദ്ധീകരിച്ചു തരും. അവര്‍ക്ക് മുടക്ക് ഒന്നുമില്ലല്ലൊ. പുസ്തകം അവര്‍ വില്‍ക്കുമോ , വിറ്റാലും കാശ് നമുക്ക് തരുമോ എന്നൊന്നും ഉറപ്പില്ല. അഥവാ വിറ്റാലും നൂറ് പേര്‍ പുസ്തകം വായിക്കും എന്നും ഉറപ്പിക്കാന്‍ പറ്റില്ല. പുസ്തകം അച്ചടിച്ചല്ലോ എന്നൊരു സമാധാനമേ കിട്ടുകയുള്ളൂ. എല്ലാവരുടെയും കാര്യമല്ല കേട്ടോ എന്റെ കാര്യമാണ് പറഞ്ഞത്. നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ഒരു പരിധി കല്‍പ്പിക്കണമല്ലൊ. അത്കൊണ്ട് ആ ഉദ്ദേശ്യം ഇല്ല. ബ്ലോഗ് ആളുകള്‍ ദിവസവും വായിക്കുന്നുണ്ട്. അത് മതി.
എന്‍ഡോസല്‍ഫാന്‍ പ്രശ്നത്തില്‍ എല്ലാവരില്‍ നിന്നും വിപരീതമായി അഭിപ്രായം എഴുതിയതില്‍ ഖേദമുണ്ടോ?
ഒട്ടുമില്ല , ഞാന്‍ യാഥാര്‍ഥ്യമാണ് എഴുതിയത്. കാസര്‍ഗോഡ് ആവശ്യത്തിന് മാത്രം മിതമായി എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നുവെങ്കില്‍ ഒരിക്കലും അത്തരം ദുരന്തം സംഭവിക്കില്ലായിരുന്നു. എന്‍ഡോസല്‍ഫാനെതിരെ എതിര്‍പ്പ് കേന്ദ്രീകരിച്ചത്കൊണ്ട് കുറ്റക്കാര്‍ സുരക്ഷിതരായി. അവര്‍ക്ക് ഒരു ആക്ഷേപം പോലും ആരില്‍ നിന്നും കേള്‍ക്കേണ്ടി വന്നില്ല. ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും വര്‍ഷങ്ങളോളം അവിടെ ഹെലികോപ്റ്ററുകളില്‍ നിന്ന് എന്‍ഡോസല്‍ഫാന്‍ വര്‍ഷിച്ചു. അത് ചെയ്തവരെ ഒന്ന് കുറ്റപ്പെടുത്തുക പോലും ചെയ്യാതെ എന്‍ഡോസല്‍ഫാന്‍ നിരോധിക്കുക എന്ന് മുറവിളി കൂട്ടുന്നത് എന്ത് വിരോധാഭാസമാണ്.
( ബാക്കി ഭാഗം നാളെ )