Links

പാർട്ടിപ്ലീനം സംഭവാമി യുഗേ യുഗേ ..

കാരാട്ട് സഖാവും പിണറായി സഖാവും ഇപ്പോൾ പാലക്കാട്ടെ പാർട്ടി പ്ലീനത്തിൽ വെച്ചു പറഞ്ഞത് 1917 മുതൽ ലെനിൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സകലരാജ്യ കമ്മ്യൂണിസ്റ്റ് പാർട്ടികളിലും അതാത് നേതാക്കൾ നടപ്പിലാക്കിയിരുന്നെങ്കിൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ലോകമാകെ പടർന്ന് പിടിച്ച് സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ച് മാനവരാശി ശാസ്ത്രീയകമ്മ്യൂണിസത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നുണ്ടാവും.

എന്താണു കമ്മ്യൂണിസ്റ്റ് പാർട്ടി ലോകമാകെ നശിക്കാൻ കാരണം? സംഗതി പ്രകാശ് കാരാട്ടും പിണറായി സഖാവും ഇപ്പോൾ പറഞ്ഞത് തന്നെ. തങ്ങൾ ജനങ്ങളുടെ സംരക്ഷകർ ആണെന്നും അത്കൊണ്ട് തന്നെ തങ്ങൾ ജനങ്ങളുടെ യജമാനന്മാർ ആണെന്നുമാണു കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാർ കരുതുക. അവർ മാർക്സിസത്തിൽ നിന്ന് ആകെ മനസ്സിലാക്കുന്നത് അത് മാത്രമാണു. അത്കൊണ്ട് ഒരു യജമാനഭാവം അവർക്ക് എപ്പോഴും ഉണ്ടാകും. ആ ഭാവത്തിൽ നിന്നാണു അഹന്തയും തലക്കനവും ധാർഷ്ഠ്യവും എല്ലാം സമൃദ്ധമായി പ്രസരിപ്പിക്കുന്ന ശരീരഭാഷ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാർ ആർജ്ജിക്കുന്നത്.

ലവലേശം സ്വയമര്യാദ ഉള്ള ആർക്കും അത്കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അടുപ്പിക്കാൻ പറ്റില്ല. ജന്മനാ അടിമബോധവും വിധേയത്വവും ഉള്ളവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി അണികൾ ആകാൻ കഴിയൂ. അത്പോലെ തന്നെ മറ്റുള്ളവരുടെ മേൽ അധികാരവും അവകാശവും സ്ഥാപിക്കാനുള്ള ആജ്ഞാശക്തിയുള്ളവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറാകാനും കഴിയൂ. എല്ലാവരും തന്നെ പോലെ സമന്മാരാണു എന്ന ചിന്തയുള്ളവരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അലർജിയുണ്ടാക്കും. പിന്നെ എങ്ങനെയാണു കമ്മ്യൂണിസ്റ്റുകാരനു വിനയം ഉണ്ടാവുക? അവൻ ജനങ്ങളുടെ മുതലാളി ആയിപ്പോയില്ലേ? നാളെ പാർട്ടി ഒറ്റപ്പാർട്ടി ഭരണക്കുത്തക സ്ഥാപിച്ചാൽ പൗരജനങ്ങളെ അടിമകളായി കൊണ്ടുനടക്കേണ്ടവൻ ഇന്ന് വിനയം എങ്ങനെ കാണിക്കും?

ശരി , എന്തായാലും കാരാട്ട് നേതാവ് പാർട്ടിയിലെ രോഗം ഇപ്പോഴെങ്കിലും കണ്ടുപിടിച്ചു പ്രതിവിധിയും നിർദ്ദേശിച്ചല്ലൊ എന്നും ഇനി പുതിയ മാനവികമുഖമുള്ള ഒരു വിനയകുനയ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉടലെടുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടാകുമോ? ആരും കരുതുകയില്ല. ഇതൊക്കെ ഒരു പാർട്ടിയാചാരവും വഴിപാടും മാത്രമാണെന്ന് തെറ്റ് തിരുത്തൽ വിളംബരം പലകുറി വായിച്ച ആർക്കാണറിയാത്തത്. ഇനിയും പ്ലീനം വരും. അപ്പോഴും തിരുത്തൽ പ്രഖ്യാപിക്കാൻ കാലാകാലങ്ങളിലുള്ള തെറ്റുകൾ അല്ലാതെ പുതിയ തെറ്റുകൾ പാർട്ടി എവിടെ പോയി സംഘടിപ്പിക്കാനാ. പ്ലീനം എന്ന് പറഞ്ഞാൽ പാർട്ടി ദൗർബ്ബല്യങ്ങൾ ചർച്ച ചെയ്യാനാണു. പ്ലീനം കഴിഞ്ഞാൽ പാർട്ടിമെമ്പർമാരുടെ കടമ തെറ്റുകളെല്ലാം അടുത്ത പ്ലീനം വരെ തുടരലാണു.

എനിക്ക്  മാർക്സിസ്റ്റ് പാർട്ടിയോട് ഒരടുപ്പം പണ്ട് തോന്നിയിരുന്നു. പാർട്ടിയിൽ ചേർന്ന് ജനങ്ങളെ മാർക്സിയൻ ഫിലോസഫി പഠിപ്പിക്കാൻ താല്പര്യം തോന്നിയിരുന്നു. കാരണം അന്നത്തെ എന്റെ ചിന്താഗതി വെച്ച് മഹത്തായൊരു ദർശനമായിരുന്നു മാർക്സിസം. ജനങ്ങളുടെയിടയിൽ മാർക്സിസം പ്രചരിപ്പിക്കാൻ ഒരു സംഘടന വേണമല്ലൊ. അങ്ങനെയാണു മാർക്സിസ്റ്റ് പാർട്ടിയോട് അടുത്തത്. അടുത്തപ്പോഴാണു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദോഷങ്ങൾ മനസ്സിലാകുന്നത്. അണികളോട് ആജ്ഞാപിക്കുന്ന ലോക്കൽ നേതാക്കളുടെ അധികാരഭാവം എനിക്ക് ദഹിച്ചില്ല. അത് കൂടാതെയാണു അണികളിൽ ചിലരുടെ അക്രമണോത്സുകത. പിന്നെയാണു ലോകകമ്മ്യൂണിസ്റ്റ് ചരിത്രം പഠിക്കാൻ ശ്രമിച്ചത്. ആ ചരിത്രം മുഴുവൻ നരഹത്യയുടെയും പൗരജനങ്ങളെ അടിമകൾ ആക്കുന്നതിന്റെയും ചരിത്രമായിരുന്നു.

1979ൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പ്ലീനം കൽക്കത്തയിൽ നടന്നു. സാൽക്കിയ പ്ലീനം എന്ന് പറയും. അന്നും ഇതേ പോലെ തെറ്റുകൾ കണ്ടുപിടിച്ചു. പരിഹാരവും നിർദ്ദേശിച്ചു. എന്നോട് നാട്ടിലെ ചില സഖാക്കൾ പറഞ്ഞു, നിങ്ങൾ പറഞ്ഞ പോരായ്മകൾ എല്ലാം ഇതാ പാർട്ടി കണ്ടെത്തിയിരിക്കുന്നു. ഇനി തിരുത്തലിന്റെ ദിവസങ്ങളാണു. നോക്കിക്കോ. അന്ന് സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നില എന്തായിരുന്നു? നമുക്ക് നായനാരുടെ വാക്കുകൾ ഓർമ്മിക്കാം. അദ്ദേഹം എല്ലാ വേദിയിലും പറയുമായിരുന്നു, ലോക ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗവും ജീവിക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണു. ആ പ്ലീനവും കഴിഞ്ഞ് 34 വഷത്തിനു ശേഷം മാർക്സിസ്റ്റുകാർ പാലക്കാട്ട് പ്ലീനം കൂടുമ്പോൾ ലോകകമ്മ്യൂണിസത്തിന്റെ അവസ്ഥ എന്താണു? ലോകത്ത് പോട്ടെ, ഇന്ത്യയിലോ?

ചൈന ഇല്ലേ എന്ന് ചിലർ ചോദിക്കുമായിരിക്കും. അവിടെ മറ്റ് പാർട്ടികൾക്ക് മത്സരിക്കാനുള്ള അവസരവും അവർക്ക് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്കും കൊടുത്തുനോക്കണം. അപ്പോൾ വിവരം അറിയും. 34 കൊല്ലം ബംഗാളിൽ തുടർന്ന് ഭരിച്ചത്കൊണ്ടാണു അവിടെയും മാർക്സിസം വെറുക്കപ്പെട്ടത്. കേരളത്തിൽ അയ്യഞ്ച് കൊല്ലം കൂടുമ്പോൾ ഭരണം ഏറ്റെടുക്കാൻ യു.ഡി.എഫ്. ഉള്ളത് കൊണ്ടാണു ഇവിടെ മാത്രം ച്യവനപ്രാശം സേവിച്ച പോലെ മാർക്സിസ്റ്റ് പാർട്ടി ആയുരാരോഗ്യത്തോടെ നിൽക്കുന്നത്. മുപ്പത്തിനാലു ഒന്നും വേണ്ട വെറും പത്ത് കൊല്ലം തുടർന്ന് ഭരിച്ചാൽ തന്നെ മതി കേരളത്തിലും ആളുകൾ സി.പി.എമ്മിനെ അറബിക്കടലിൽ വലിച്ചെറിയും. അപ്പോഴും പ്ലീനം കൂടാമെന്നല്ലാതെ തിരുത്താൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിയില്ല.