Links

Showing posts with label ആത്മഗതം. Show all posts
Showing posts with label ആത്മഗതം. Show all posts

ബോച്ചേക്ക് ജാമ്യം; എന്റെ നിരീക്ഷണങ്ങൾ

ബോബി ചെമ്മണ്ണൂരിന് ഒരു ചികിത്സ അത്യാവശ്യമായിരുന്നു, അത് കിട്ടിക്കഴിഞ്ഞു എന്നാണ് വിചാരിക്കുന്നത്. അദ്ദേഹത്തിന് ജാമ്യം കിട്ടിയതിൽ ആശ്വാസം തോന്നുന്നു. ആറ് ദിവസം ജയിലിൽ കിടന്നത് നല്ലൊരു അനുഭവമായിട്ടാണ് അദ്ദേഹം കാണേണ്ടത്. ഞാൻ മദ്രാസിൽ അവിടത്തെ പഴയ സെൻട്രൽ ജയിലിൽ ഒരാഴ്ച കിടന്നിട്ടുണ്ട്. ടിക്കറ്റ് എടുക്കാതെ ഇലക്ട്രിക് ട്രെയിനിൽ കോടമ്പാക്കത്ത് നിന്ന് അടുത്ത സ്റ്റേഷനായ ചേറ്റ്‌പെട്ട് വരെ സഞ്ചരിച്ചപ്പോൾ സ്കോഡ് പിടുത്തമിടുകയായിരുന്നു. ജയകാന്തന്റെ കാവൽ ദൈവം എന്ന തമിഴ് നോവൽ വായിച്ചു തീർത്ത സമയം ആയിരുന്നു അത്. എനിക്ക് ജയിലിനെ പറ്റി മനസ്സിലാക്കണമായിരുന്നു. യാദൃച്ഛികമായി അതിനൊരു അവസരം ഒത്ത് വന്നു. ജീവിതത്തിൽ കുറച്ച് കഷ്ടപ്പാടുകൾ ഏതൊരാളും അനുഭവിക്കുന്നത് നല്ലതാണ്. ജീവിതം പഠിക്കും, പഠിക്കണം.

ബോച്ചേക്ക് അശ്ലീലച്ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളുടെ രാജാവ് എന്ന കുപസിദ്ധി ആവശ്യമില്ല. ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സുപ്രസിദ്ധിയാണ് അദേഹം അർഹിക്കുന്നത്. അതിന് ഇനി അദ്ദേഹം ആ ആഭാസത്തരം ഒഴിവാക്കും എന്ന് പ്രതീക്ഷിക്കാം. മറ്റൊരാൾക്ക് അഹിതമായതോ ഫീലിംഗ്‌സ് വൃണപ്പെടുത്തുന്നതോ ആയ വാക്കുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് മാന്യത. തന്നെ പോലെ വികാരവും ആത്മാഭിമാനവും ഉള്ള മനസ്സാണ് എല്ലാവർക്കും ഉള്ളത് എന്ന് എല്ലാവരും ചിന്തിക്കണം. എങ്കിലും പലപ്പോഴും നമുക്ക് കൺട്രോൾ നഷ്ടപ്പെട്ട് പോകും. ആരും ഹൺഡ്രഡ് പെർസെന്റ് പെർഫക്ട് അല്ലല്ലോ. അത്തരം സന്ദർഭങ്ങളിൽ മനസ്സിന്റെ സമനില വീണ്ടെടുത്ത് പശ്ചാത്തപിക്കുകയാണ് വേണ്ടത്. അങ്ങനെ ആർക്കും നല്ല മനുഷ്യരാകാൻ കഴിയും.
ഒരാൾ വസ്ത്രം ധരിക്കുന്നത് അയാളുടെ സ്വാതന്ത്ര്യമാണ്. അതിൽ കുറ്റം പറയാനോ വിമർശിക്കാനോ ആർക്കും അവകാശമില്ല. ഇങ്ങനെയേ വസ്ത്രം ധരിക്കാവൂ, അങ്ങനെ ധരിക്കരുത് എന്നൊക്കെ പറയാനോ ആജ്ഞാപിക്കാനോ ആർക്കും അധികാരവുമില്ല. വസ്ത്രധാരണം തികച്ചും പേഴ്‌സണൽ ആണ്. അവരവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് ഒരു വ്യക്തി പൊതുവിടങ്ങളിൽ സഞ്ചരിക്കുമ്പോൾ വസ്ത്രം ധരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം ശരീരത്തിന്റെ സൗന്ദര്യവൽക്കരണം തന്നെയാണ്. വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് സുന്ദരന്മാരെയും സുന്ദരികളെയും നമുക്ക് കാണാൻ കഴിയുന്നത്. നമ്മൾ മറ്റുള്ളവരുടെ മുന്നിൽ സൗന്ദര്യമുള്ളവരായി കാഴ്ച നൽകാൻ ആഗ്രഹിക്കുന്നു. അത് പോലെ മറ്റുള്ളവരുടെ സൗന്ദര്യം നമ്മൾ രസിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യസഹജമാണ്.
മറ്റുള്ളവർ വസ്ത്രം ധരിച്ചതിൽ ശരീരഭാഗങ്ങൾ കാണുന്നെങ്കിൽ അതിൽ അമർഷം കൊള്ളുന്നവരും രോഷം പ്രകടിപ്പിക്കുന്നവരും സ്വന്തം മനസ്സിലെ വൃത്തികേട് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അത് കാണുന്നത് തങ്ങൾക്ക് അരോചകമായി തോന്നുന്നെങ്കിൽ നോക്കാതിരിക്കണം. അത്രയേ ചെയ്യാവൂ. അല്ലാതെ ശരീരം പ്രദർശിപ്പിച്ചു പോകുന്നേ എന്ന് കമന്റ് പാസ്സാക്കരുത്. അത് അവരുടെ സൗകര്യം എന്ന് വിട്ടേക്കണം. മറ്റുള്ളവർക്ക് അസൗകര്യം ഇല്ലാത്ത തരത്തിൽ ജീവിച്ചു പോകാനുള്ള അവകാശവും അധികാരവും ഏതൊരു പൗരനും ലഭിക്കുന്നതിനെയാണ് നമ്മൾ ജനാധിപത്യവ്യവസ്ഥിതി എന്ന് പറയുന്നത്. ജനാധിപത്യത്തിൽ ഒരാളുടെ യജമാനൻ അയാൾ തന്നെയാണ്, അത് സ്ത്രീ ആയാലും പുരുഷൻ ആയാലും.
എങ്കിലും വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യത്തിൽ ജന്മസിദ്ധമാണ്. ആരും വിമർശനത്തിന് അതീതരല്ല. വിമർശനം സദുദ്ദേശ്യപരമായിരിക്കണം എന്ന് മാത്രം. സ്വന്തം ശരീരം കെട്ടുകാഴ്ചയായി മാർക്കറ്റ് ചെയ്ത് ആൾക്കൂട്ടത്തെ ആകർഷിക്കുന്നെങ്കിൽ അത് വിമർശിക്കപ്പെടും. എന്തിലും ഏതിലും മര്യാദ എന്നൊരു ലക്ഷ്മണരേഖയുണ്ട്. അത് ലംഘിച്ചാൽ വിമർശനം നേരിടേണ്ടി വരും. ബോച്ചേക്ക് , അദ്ദേഹത്തിന്റെ നല്ല സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നന്മകൾ നേരുന്നു !

അനുഭവങ്ങൾ പാളിച്ചകൾ - 4

 ഒരു മാഷ് ആകാൻ എനിക്ക് ഏറെ കൊതിയുണ്ടായിരുന്നു. എന്നും പഠിക്കുക , പഠിപ്പിക്കുക അതെന്തൊരു രസമുള്ള സംഗതിയാണ്. എന്തെല്ലാം പഠിക്കാനുണ്ട്, അതിൽ കുറേ കാര്യങ്ങൾ പഠിച്ച് അത് മറ്റുള്ളവർക്ക് സരളമായി പറഞ്ഞുകൊടുക്കുമ്പോൾ കിട്ടുന്ന നിർവൃതി ഏറ്റവും വലുതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പഠിത്തം ഒരിക്കലും തീരുന്നില്ല, എന്തെന്നാൽ എത്ര ആയുസ്സ് പഠിച്ചാലും തീരാത്തത്ര ബൃഹത്തായ വിജ്ഞാനശേഖരം ആണ് നമ്മുടെ മുന്നിലുള്ളത്. ഒരു അദ്ധ്യാപകൻ എന്നും ഒരു വിദ്ധ്യാർത്ഥി കൂടി ആയിരിക്കണം. എനിക്കത് കഴിയുമായിരുന്നു. പക്ഷെ അച്ഛൻ എന്നെ ഹൈസ്കൂളിലേക്ക് അയച്ചില്ല. ചെറുപ്പം മുതലുള്ള വിക്ക് കാരണം കലശലായ അപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. യു.പി.സ്കൂളിൽ അവസാനവർഷം ഞാനായിരുന്നു സാഹിത്യസമാജം സെക്രട്ടരി. വെള്ളിയാഴ്ച ചേരുന്ന സാഹിത്യസമാജത്തിൽ ബ ബ ബ ബഹുമാനപ്പെട്ട അ് അ് അദ്ധ്യക്ഷനും എന്ന് ഞാൻ റിപ്പോർട്ട് വായന തുടങ്ങുമ്പോഴേക്കും പെൺകുട്ടികൾ അടക്കി ചിരിക്കും. എനിക്കത് വല്ലാത്ത നാണക്കേടായിരുന്നു. അതുകാരണം ഹൈസ്കൂളിൽ ചേരാൻ ഞാൻ ശാഠ്യം പിടിച്ചില്ല. പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരണപ്പെടുകയും ചെയ്തു.

ഹൈസ്കൂളിൽ ചേർന്നില്ലെങ്കിലും പഠിക്കാനുള്ള ത്വരയും അറിവുകൾ നേടാനുള്ള അടങ്ങാത്ത ജിജ്ഞാസയും അച്ഛൻ്റെ മരണവും ദാരിദ്ര്യവും എല്ലാം കൊണ്ടാണ് ഞാൻ നാട് വിടുന്നത്. അങ്ങനെ മദ്രാസ് കോടമ്പാക്കത്ത് എത്തി. കോടമ്പാക്കത്ത് ആർക്കാട് റോഡ് തുടങ്ങുന്ന മേൽപ്പാലത്തിൻ്റെ അടിയിൽ വെസ്റ്റ് അവന്യു റോഡിലെ 13 ആം നമ്പർ വീടിൻ്റെ ഔട്ട് ഹൗസ് എനിക്ക് താമസിക്കാനായി വെറുതെ കിട്ടി. ആ കൊച്ചു മുറിയിലാണ് ഞാൻ ഒൻപത് വർഷത്തോളം (1967-1976) താമസിച്ചത്. കോടമ്പാക്കം, ആരും കൊതിക്കുന്ന കോളിവുഡ് അന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനം ആയിരുന്നു. ആർക്കാട് റോഡിലൂടെ നേരെ പോയാൽ കോടമ്പാക്കം കഴിഞ്ഞ് വടപളനി എത്തിയാൽ റോഡിനിരുവശവും സിനിമ സ്റ്റുഡിയോകളാണ്. വിജയവാഹിനി, ഏ.വി.എം. തൊട്ട് കർപ്പകം ഭരണി അങ്ങനെ എത്രയോ സ്റ്റുഡിയോകൾ. വടപഴനി കഴിഞ്ഞാൽ സാലിഗ്രാമം അന്നൊരു ചേരി പ്രദേശം ആയിരുന്നു. അവിടെയുള്ള ചേരികളിലായിരുന്നു എക്സ്ട്രാ നടന്മാരുടെയും നഭികളുടെയും താവളം.
മദ്രാസിൽ വിശപ്പ് നന്നെ സഹിക്കാൻ കഴിയാത്തപ്പോൾ എനിക്ക് അഭയം ഇടത്തരം ഹോട്ടലുകൾ ആയിരുന്നു. ഹോട്ടലിൽ പോയി മാനേജരോട് സപ്ലൈയർ വേണോ എന്ന് ചോദിക്കും. വേണമല്ലോ പോയി നാസ്ത കഴിച്ചിട്ട് വാ എന്ന് പറയും. ഞാൻ കിച്ചണിൽ പോയി പൊങ്കൽ , ഇഡ്ഡലി, പൂരി മസാല അങ്ങനെ വയറ് നിറയെ കഴിച്ചിട്ട് ഡ്യൂട്ടിക്ക് ഹാജരാകും. ആ എട്ട് സീറ്റ് നോക്കിക്കോ എന്ന് മാനേജർ പറയും. എട്ട് മണിക്കൂർ ജോലി. ഇടയിൽ നാല് മണിക്കൂർ കഴിഞ്ഞാൽ രണ്ട് മണിക്കൂർ റെസ്റ്റ്. വയറ് നിറയെ ഇഷ്ടമുള്ള ആഹാരം, സ്വീറ്റ്സ് കൂൾ ഡ്രിങ്ക്സ് അങ്ങനെ എന്തും എടുത്ത് കഴിക്കാം. സപ്ലൈയർക്ക് മാത്രമേ ഇങ്ങനെ എടുത്തു കഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എട്ട് സീറ്റിലും കസ്റ്റമർ വന്ന് ഇരുന്നാൽ മാത്രമേ ഓർഡർ എടുക്കാൻ ഞാൻ അടുത്ത് പോകൂ. പിന്നെ ഇടത്തേ കൈയിൽ എട്ട് പ്ലേറ്റുകളിൽ പലാഹരങ്ങളും വലത്തേ കൈയിൽ ആറ് ടംബ്ലർ വെള്ളവുമായി ഞാനൊരു വരവാണ്. സർവർ സുന്ദരം എന്ന സിനിമയിൽ നാഗേഷ് ഇതൊക്കെ കാണിക്കുന്നുണ്ട്. കസ്റ്റമർ എനിക്ക് ടിപ്സ് തരും. ഒരിക്കൽ പാരീസ് കോർണറിലെ ഹരി നിവാസ് ഹോട്ടലിൽ വന്ന നടൻ ജോസ് പ്രകാശ് എനിക്ക് രണ്ട് രൂപ ടിപ്സ് തന്നിരുന്നു. രണ്ട് രൂപ അന്ന് വലിയ തുകയാണ്.
ഞാൻ പക്ഷെ ഏത് ഹോട്ടലിലും ഏറിയാൽ രണ്ടാഴ്ച മാത്രമേ ജോലി ചെയ്യൂ. പിന്നത്തെ രണ്ടാഴ്ച എഗ് മോറിലെ കന്നിമാറ ലൈബ്രറിയിലാണ്. വിശാലമായ ഹാൾ, അലമാരകളിൽ തമിഴ്, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ. ഇരിക്കാൻ നല്ല ചാരുബെഞ്ചുകൾ, മുകളിൽ ഫാൻ. ഇരുന്ന് വായിച്ചാൽ സമയം പോകുന്നത് അറിയില്ല. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ചരിത്രം, ഫിലോസഫി, സാഹിത്യം അങ്ങനെ വായിച്ചാൽ തീരാത്തത്ര പുസ്തകങ്ങൾ പിന്നെ എല്ലാ പത്രങ്ങളും വാരികകളും മാസികകളും. രാവിലെ പോയി ഇരുന്നാൽ സന്ധ്യയോടെ മടക്കം. അങ്ങനെ കൈയിലുള്ള കാശും തീർന്ന് പിന്നെയും രണ്ട് നാൾ പട്ടിണി കിടന്ന് വിശപ്പ് സഹിക്കാതാവുമ്പോഴാണ് മറ്റൊരു ഹോട്ടൽ തേടി പോകുന്നത്. ഡീസൻ്റ് കസ്റ്റമേഴ്സ് വരുന്ന ഹോട്ടലിൽ മാത്രമേ ജോലി ചെയ്യൂ. ഇതിനിടയിൽ വണ്ണാർപ്പേട്ടയിൽ ഒരു പെട്ടിക്കട വെച്ചു. സിഗരറ്റും മുറുക്കാനും മിട്ടായികളും വാഴപ്പഴവും ആയിരുന്നു സാധനങ്ങൾ. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കൊത്തവാൽ ചാവടിയിൽ പോയി പഴക്കൂലയും വെറ്റിലയും പാക്കും പുകയിലയും മറ്റും വാങ്ങണം. അന്ന് നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്നു സായിപ്പ് സ്ഥാപിച്ച കൊത്തവാൽ ചാവടി. ആ മാർക്കറ്റാണ് ജയലളിത മുഖ്യമന്ത്രി ആയപ്പോൾ കോയമ്പേടിലേക്ക് മാറ്റിയത്.
ഒടുവിൽ ഞാനൊരു മലയാളം സർക്യുലേറ്റിങ്ങ് ലൈബ്രറി നടത്തി. പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുക. അന്ന് വീട്ടമ്മമാർക്ക് റേഡിയോ അല്ലാതെ മറ്റൊരു വിനോദോപാധിയും ഇല്ലായിരുന്നു. മാത്രമല്ല എല്ലാവരും പുസ്തകപ്രേമികളുമായിരുന്നു. മാസം രണ്ട് രൂപ വരിസംഖ്യ മേടിച്ച് ആഴ്ചയിൽ രണ്ട് പുസ്തകം ഞാൻ വീടുകളിൽ എത്തിക്കും. അതെൻ്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലമായിരുന്നു. മറക്കാൻ കഴിയാത്ത അനുഭവങ്ങൾ. അതിൽ ഇന്നും ഓർക്കുന്നത്, നടി വിജയശ്രീ ആത്മഹത്യ ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവരുടെ അമ്മയായ വിജയമ്മ എന്ന സ്ത്രീയുടെ അഡയാറിലുള്ള വീട്ടിൽ വരിസംഖ്യ ചേർക്കാൻ പോയതാണ്. അവർ വിജയശ്രീയുടെ അമ്മയാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാ സിനിമ പ്രേമികളെയും ദു:ഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു വിജയശ്രീയുടെ ആത്മഹത്യ. സംഭാഷണ മധ്യേ അവരാണ് പറഞ്ഞത് എൻ്റെ മകളാണ് വിജയശ്രീ എന്ന്. കുറച്ച് നേരം അവരുമായി സംസാരിച്ചിരുന്നു. അവർക്ക് രണ്ട് പുസ്തകങ്ങൾ കൊടുത്ത് ഇറങ്ങാൻ നോക്കുമ്പോൾ അവർ പറഞ്ഞു എൻ്റെ കൈയിലുള്ള കുറച്ച് പുസ്തകങ്ങൾ എടുത്തോളൂ എന്ന്. അതിൽ ഒന്ന് യു.എ.ഖാദർ എഴുതിയ, സ്വന്തം കൈപ്പടയിൽ സ്നേഹപൂർവ്വം എന്നെഴുതി ഒപ്പിട്ട് വിജയശ്രീക്ക് കൊടുത്ത ഖുറൈശ്ശിക്കൂട്ടം എന്ന നോവൽ ആയിരുന്നു.
ഇതിനിടയിൽ ഞാൻ എൻ്റെ വിക്ക് ഏകദേശം മാറ്റിയെടുത്ത് സ്വാഭാവികമായി സംസാരിക്കാൻ ശീലിച്ചിരുന്നു. മുറിയിൽ വെച്ച് ശിവാജി ഗണേശൻ അഭിനയിച്ച പരാശക്തി, വീരപാണ്ഡ്യ കട്ടബൊമ്മൻ എന്നീ സിനിമകളുടെ തിരക്കഥാ പുസ്തകങ്ങളിലെ ഡയലോഗുകൾ കണ്ണാടിക്ക് മുൻപിൽ നിന്ന് ശിവാജിയെ അനുകരിച്ച് കുറേ നാൾ പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം വർദ്ധിച്ചു. രണ്ട് വർഷത്തോളം ലൈബ്രറി നടത്തി പിന്നെയത് നടത്തിക്കൊണ്ട് പോകാൻ കഴിയാത്തപ്പോൾ അടിയന്തിരാവസ്ഥയുടെ മൂർദ്ധന്യത്തിൽ 1976 മാർച്ചിൽ, ഒരുപാട് അനുഭവങ്ങളും എനിക്ക് ഒരു പോറ്റമ്മയെ പോലെ അഭയം നൽകിയ മദ്രാസ് നഗരവും പുസ്തകങ്ങളും എൻ്റെ മുറിയും ചങ്ങാതിമാരെയും ഒക്കെ ഉപേക്ഷിച്ച് ഒരു തകരപ്പെട്ടിയിൽ രണ്ട് ജോഡി പാൻ്റും കുപ്പായവുമായി നാട്ടിലേക്ക് പോന്നു.
നാട്ടിൽ എനിക്ക് ഒരു ജോലിയും അറിയില്ലായിരുന്നു. വന്ന ഏതാനും ദിവസങ്ങളിൽ ഞാൻ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി. സുഹൃത്തുക്കൾ ഇല്ലാതെയും ആരെങ്കിലുമായി സംസാരിക്കാതെയും എനിക്ക് ജീവിയ്ക്കാൻ കഴിയില്ലായിരുന്നു. അടിയന്തിരാവസ്ഥയാണ് , ജന്മം കൊണ്ട് കോൺഗ്രസ്സുകാരൻ ആയിരുന്ന ഞാൻ മദ്രാസിലെ വായനയിൽ കമ്മ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ സി.പി.ഐ.യുടെ അനുഭാവിയായി, നാട്ടിൽ യുവകലാസാഹിതി യൂനിറ്റ് രൂപീകരിച്ചു എന്നെ സെക്രട്ടരിയാക്കി. ഇതിനിടയിൽ വീടിനടുത്ത വായനശാലയുടെ പത്താം വാർഷികോത്സവത്തിൽ എന്നെ കൺ വീനർ ആക്കുകയും ആദ്യമായി മൈക്കിലൂടെ സ്വാഗത പ്രസംഗം വിക്ക് ഇല്ലാതെ നടത്തുകയും ചെയ്തു. കേരള യുക്തിവാദി സംഘത്തിൻ്റെ കണ്ണൂർ ജില്ലാക്കമ്മറ്റിയിൽ അംഗമായി കാസർക്കോട് മുതൽ തലശ്ശേരി വരെ പദയാത്ര നടത്തി വഴിവക്കുകളിൽ നൽകപ്പെട്ട സ്വീകരണ യോഗങ്ങളിൽ ഗംഗൻ അഴീക്കോട്, എം.ബി.കെ എന്നിവരോടൊപ്പം ഞാനും പ്രസംഗിച്ചു.
അടിയന്തിരാവസ്ഥ പിൻ വലിച്ച് 1977 ലെ തെരഞ്ഞെടുപ്പിൽ തലേന്ന് സി.പി.ഐ.ക്കാരനായ ഞാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് എഴുതി പിറ്റേന്ന് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന് അന്ന് തന്നെ മൈക്ക് പ്രചരണത്തിൽ പങ്കെടുത്ത് നാട്ടിലെ മുക്കിലും മൂലയിലും പ്രസംഗിച്ചു. പ്രിയ നാട്ടുകാരേ കുറച്ച് നേരത്തേക്ക് നിങ്ങളുടെ കാതുകൾ എനിക്ക് കടം തരൂ എന്ന് തുടങ്ങുന്ന എൻ്റെ പ്രസംഗങ്ങൾ എല്ലാവരെയും ആകർഷിച്ചു. എനിക്ക് ധാരാളം ശ്രോതാക്കളെ കിട്ടി. ഞാൻ പെട്ടെന്ന് എല്ലാവർക്കും പരിചിതനായി. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോൺഗ്രസ്സ് തകർന്നടിഞ്ഞു. ഫലം വരുന്നതിന് മുൻപേ ഏ.കെ.ജി. മരണപ്പെട്ടത് നാട്ടിൽ മ്ലാനത പരത്തി. ഇതിനിടയിൽ ഒരു വരുമാനത്തിന് വേണ്ടി ഞാൻ ബീഡി തെറുപ്പ് ശീലിച്ചു. 1977 ഒക്ടോബർ 31ന് പിണറായിയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വിവാഹം നടന്നു. പാണ്ട്യാല ഗോപാലൻ മാഷ് ആയിരുന്നു മാല എടുത്ത് തന്നത്. താലിയൊന്നും ഇല്ല. ഒരുപാട് പേർ ആശംസാപ്രസംഗം നടത്തി. കാസർക്കോട് മുതൽ തലശ്ശേരി വരെയുള്ള എൻ്റെ സുഹൃത്തുക്കൾ പങ്കെടുത്തു.
അങ്ങനെ ഞാൻ കുടുംബജീവിതം ആരംഭിക്കുകയായിരുന്നു. മദ്രാസിലെ പഠനം മക്കളെ പഠിപ്പിക്കുന്നതിന് സഹായിച്ചു. പ്രാസംഗികൻ ആകാൻ ആഗ്രഹിച്ചെങ്കിലും മൈക്കിന് പിന്നാലെ തിക്കിത്തിരക്കി പോയില്ല. ഏത് സംഘടനയിലും മൈക്കിന് പിടിവലിയാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അകത്തെ സംഘടനാസംവിധാനവും അവരുടെ ആക്രമണപരതയും കുതന്ത്രങ്ങളും കുരുട്ട് വാദങ്ങളും ലോക്കൽ നേതാക്കളുടെ തലക്കനവും എതിരാളികളെ കൊല്ലലും ഒന്നും എനിക്ക് ദഹിക്കുന്നത് ആയിരുന്നില്ല. അതൊന്നുമല്ല ഞാൻ കമ്മ്യൂണിസ്റ്റ് കൃതികളിൽ വായിച്ചിരുന്നത്. അതുകൊണ്ട് സി.പി.എമ്മിനോടുള്ള അനുഭാവം ഉപേക്ഷിച്ച് ആ കറ മായ്ക്കാൻ വേണ്ടി ജനതാപാർട്ടിയിൽ ചേർന്നിരുന്നു. അത് വിട്ട് വീണ്ടും കോൺഗ്രസ്സ് ആയതൊക്കെ ഒരു കഥയാണ്. ഇപ്പോൾ ബി.ജെ.പി.അനുഭാവി ആയത് ചിന്താപരമായ പരിണാമത്തിൻ്റെ മറ്റൊരു കഥ.
ബാംഗ്ലൂരിൽ താമസം തുടങ്ങി ഇൻ്റർനെറ്റ് മുഖാന്തിരം ഓർക്കുട്ടിലും ബ്ലോഗിലും എഴുത്ത് തുടങ്ങിയപ്പോൾ എനിക്ക് ധാരാളം ഓൺലൈൻ സുഹൃത്തുക്കളെ കിട്ടി. ബ്ലോഗിൽ നിന്ന് ഫേസ്ബുക്കിൽ എത്തിയപ്പോൾ നിരവധി വായനക്കാരും ഫോളോവേഴ്സുമായി. ആ ഒരു ഐഡി ബ്ലോക്ക് ആയിപ്പോയെങ്കിലും ഇന്നും ദിവസേന ഫ്രണ്ട് റിക്വസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൈരളി ടിവിയുടെ ഒരു ചർച്ചയിൽ പങ്കെടുത്തു. മൈദ വിഷം ആണോ എന്നതായിരുന്നു വിഷയം. വിഷം ആണെന്ന് വാദിക്കാൻ മോഹനൻ വൈദ്യർ, വിഷം അല്ല എന്ന് വാദിച്ചുകൊണ്ട് മൈദയുടെ സയൻസ് ഞാൻ വിശദീകരിച്ചു. ചർച്ചയുടെ മോഡറേറ്റർ അരുൺ കുമാർ ആയിരുന്നു. സി. രവിചന്ദ്രൻ ക്ഷണിച്ചത് അനുസരിച്ച് തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ആർ.വി.ജി.മേനോനുമായി ഏറ്റുമുട്ടി. കൂടംകുളം ആണവോർജ്ജനിലയം വേണമോ എന്നതായിരുന്നു വിഷയം. മേനോൻ സാർ കൂടംകുളം പാടില്ല എന്ന് വാദിച്ചു. കൂടംകുളം പദ്ധതി കൂടിയേ തീരൂ എന്ന് ഞാൻ വാദിച്ചു. ഈ രണ്ട് പരിപാടിയുടെയും വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ലിങ്കുകൾ എൻ്റെ ബ്ലോഗിലും.
ഈ പോസ്റ്റ് നീണ്ടുപോയോ, തൽക്കാലം ഇവിടെ നിർത്താം അല്ലേ.. വിക്ക് മൂലമുള്ള അപകർഷതാബോധത്തെ മറികടക്കാനുള്ള പോരാട്ടം ആയിരുന്നു സംസാരിക്കാനും പ്രസംഗിക്കാനുമുള്ള എൻ്റെ ശ്രമങ്ങൾ. ജന്മനായുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ഇപ്പോഴും ദിവസേന ഒരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വായിച്ചാൽ മനസ്സിലാകുന്നത് ഒരനുഗ്രഹം ആയി. ഇപ്പോൾ പഠിക്കാൻ എന്തെളുപ്പമാണ്. ചാറ്റ് ജി.പി.ടി.യിൽ എന്തും ചോദിക്കാം. ഉത്തരം ലളിതമായ ഇംഗ്ലീഷിൽ അപ്പോൾ തന്നെ കിട്ടും. അറിവുകൾ നമ്മുടെ മുന്നിൽ വിശാലമായ ഒരു ലോകമാണ് തുറന്ന് തരുന്നത്. ആ ലോകത്തേക്ക് തലമുറകളെ നയിക്കുന്നവരാകണം അദ്ധ്യാപകർ. എന്നോട് ചിലർ ചോദിക്കാറുണ്ട് താങ്കൾ മാഷ് ആയിരുന്നോ എന്ന്. അല്ല എന്ന് പറയുമ്പോൾ എനിക്ക് വല്ലാത്ത നിരാശയാണ്....

അനുഭവങ്ങൾ പാളിച്ചകൾ - 2

നമുക്ക് മറ്റുള്ളവരുടെ കഥ കേൾക്കാൻ ഇഷ്ടമാണ്. നമ്മുടെ സംസാരം ഉണ്ടാകുന്നത് അതുകൊണ്ടാണ്. നമ്മൾ സാഹിത്യം വായിക്കുന്നതും സിനിമകൾ കാണുന്നതും ഒക്കെ ഈ ഇഷ്ടം കൊണ്ടാണ്. യഥാർത്ഥ ജീവിതം പറയുന്ന സാഹിത്യവും സിനിമയും ആണല്ലോ എല്ലാവരും ഇഷ്ടപ്പെടുന്നതും കാലത്തെ അതിജീവിക്കുന്നതും. മനുഷ്യർക്ക് മൂന്ന് തരം വിശപ്പ് ഉണ്ട്. ഒന്നാമത്തെ വിശപ്പ് ഭക്ഷണത്തിനാണ്. രണ്ടാമത്തെ വിശപ്പ് നിങ്ങൾ എല്ലാവർക്കും അറിയാം. തീഷ്ണമായ ഈ രണ്ട് വിശപ്പും മനുഷ്യനും മറ്റെല്ലാ ജന്തുക്കൾക്കും ഉള്ളതാണ്. എന്നാൽ മൂന്നാമത്തെ വിശപ്പ് മനുഷ്യർക്ക് മാത്രമേയുള്ളൂ. അത് അംഗീകാരത്തിന് വേണ്ടിയുള്ള വിശപ്പാണ്. ഏറ്റക്കുറച്ചിലോടെ ഈ വിശപ്പ് ഇല്ലാത്തവർ ആരുമില്ല. ചെറിയൊരു അംഗീകാരം പോലും നമ്മെ സന്തോഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്.

നമ്മെ ജീവിതത്തിൻ്റെ പോരാട്ടക്കളത്തിലേക്ക് ഉന്തിവിടൂന്നത് ഈ മൂന്ന് വിശപ്പുകളാണ്. അല്ലായിരുന്നെങ്കിൽ നമ്മളാരും ഇരുന്നിടത്ത് നിന്ന് അനങ്ങില്ലായിരുന്നു. സാഹിത്യവും കലയും രചിക്കുന്നതും നാടകം സിനിമ അഭിനയിക്കുന്നതും ഒക്കെ അംഗീകാരത്തിന് വേണ്ടിയുള്ള വിശപ്പിനെ തൃപ്തിപ്പെടുത്താനാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള പ്രചോദനവും അംഗീകാരമാണ്. ഫേസ്ബുക്കിൽ എഴുതുന്നത് പോലും അംഗീകാരത്തിനാണ്. പുറത്തിറങ്ങുമ്പോൾ അണിഞ്ഞൊരുങ്ങുന്നതും മറ്റുള്ളവരുടെ അംഗീകാരം കിട്ടാൻ വേണ്ടിയാണ്. ചുരുക്കി പറഞ്ഞാൽ നമ്മുടെ അസ്തിത്വം പോലും മറ്റുള്ളവർ നമ്മെ അംഗീകരിക്കുമ്പോഴാണ്. ആരും അംഗീകരിക്കുന്നില്ലെങ്കിൽ നമ്മൾ ആരും അല്ലാതായിപ്പോകും. ഇതൊന്നും അങ്ങനെ ആരും ആഴത്തിൽ ചിന്തിക്കുന്നില്ലെങ്കിലും അംഗീകാരത്തിന് വേണ്ടിയുള്ള ത്വര എല്ലാവരിലും എപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
മദ്രാസിൽ കോടംബാക്കാത്ത് ജീവിയ്ക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കണ്ണാടിക്ക് മുൻപിൽ നിന്നുകൊണ്ട് എന്തെങ്കിലും അഭിനയിക്കുക, ഡയലോഗുകൾ പറയുക എൻ്റെ ശീലമായിരുന്നു. പക്ഷെ അവിടെയും ഒരപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു എൻ്റേത്. സിനിമയിൽ അഭിനയിക്കാൻ നല്ല തടി വേണം എന്ന് ചിന്തിക്കാൻ ഒരു കാരണമുണ്ടായി. ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറുടെ സഹായി എൻ്റെ ഫ്രണ്ട് ആയിരുന്നു. അത്കൊണ്ട് എനിക്ക് ഏത് സ്റ്റുഡിയോയിലും ഏത് ഷൂട്ടിങ്ങ് ഫ്ലോറിലും പോകാമായിരുന്നു. അന്നൊക്കെ ഔട്ട് ഡോർ ഷൂട്ടിങ്ങ് അപൂർവ്വമായിരുന്നു, സ്റ്റുഡിയോ ഫ്ലോറുകളിൽ ഇൻഡോർ ഷൂട്ടിങ്ങ് ആയിരുന്നു സാധാരണം. സ്റ്റുഡിയോ ഫ്ലോറിൽ സെറ്റ് ഇട്ടിട്ടാണ് ഷൂട്ടിങ്ങ്.
ഒരിക്കൽ ഉമ്മാച്ചു എന്ന സിനിമയുടെ ഷൂൂട്ടിങ്ങ് സെറ്റിൽ പോയി. മധുവും ബഹദൂറും ഒക്കെ അഭിനയിക്കുന്നു. സംവിധാനം പി.ഭാസ്കരനാണ്. ഷൂട്ടിങ്ങിൻ്റെ ഇടവേളയിൽ മധുവിൻ്റെ അടുത്ത് എന്നെ നിർത്തി സ്റ്റിൽ ഫോട്ടോ ഗ്രാഫർ ഒരു ഫോട്ടോ എടുത്തു. എന്നിട്ട് അവൻ്റെ ഫോട്ടോ സ്റ്റുഡിയോയുടെ ഡാർക്ക് റൂമിൽ വെച്ച് അതിൻ്റെ പോസിറ്റീവ് പ്രിൻ്റ് എടുക്കുന്നത് ഞാനും നോക്കി നിന്നു. ഫോട്ടോ നോക്കുമ്പോൾ മധുവിൻ്റെ അടുത്ത് ഞാൻ ആനയും അണ്ണാനും പോലെ. ആ ഫോട്ടോ ഞാൻ നാട്ടിലേക്ക് അയച്ച് അത് ജ്യേഷ്ടൻ ഫ്രെയിം ചെയ്ത് ചുവരിൽ തൂക്കി അയൽപ്പക്കക്കാരെ കാണിച്ച് അവൻ സിനിമയിലൊക്കെയാ എന്ന് പൊങ്ങച്ചം പറഞ്ഞിരുന്നു. എന്തായാലും മെലിഞ്ഞ ഞാൻ സിനിമക്ക് പറ്റില്ല എന്ന അപകർഷത മനസ്സിൽ പേറി നടന്ന എന്നെ അത്ഭുതപ്പെടുത്തിയത് ഇന്നത്തെ കുഞ്ചൻ എന്ന നടനെ അന്ന് ആദ്യമായി സ്ക്രീനിൽ കണ്ടപ്പോഴാണ്. കെ.പി.കൊട്ടാരക്കരയുടെ സിനിമ ആയിരുന്നു അത്. പേര് ഓർക്കുന്നില്ല.
ഞാൻ താമസിക്കുന്ന വെസ്റ്റ് അവന്യു റോഡിൽ നിന്ന് കോടംബാക്കം സ്റ്റേഷനിലേക്ക് തിരിയുന്ന കോർണറിൽ ഒരു മലയാളിയുടെ വീട് ഉണ്ടായിരുന്നു. ഗേറ്റിലെ നെയിം ബോർഡിൽ പ്രഫ: വിദ്യാധരൻ എന്ന് എഴുതിയിരുന്നു എന്ന് നേരിയ ഓർമ്മ. ആ വീടീൻ്റെ ഉമ്മറത്ത് ഒരു പയ്യൻ ഇരിക്കുന്നത് കാണാം. മെലിഞ്ഞ ശരീരം. മുഖത്തിന് ഒരു ഷെയിപ്പും ഇല്ലായിരുന്നു. അവനെയാണ് ഞാൻ ഏതോ തിയേറ്ററിൽ വെച്ച് വെള്ളിത്തിരയിൽ കാണുന്നത്. മോഹൻ എന്നായിരുന്നു അവൻ്റെ പേര്. പിന്നെയും ഒന്ന് രണ്ട് സിനിമയിൽ മോഹൻ എന്ന പേരിൽ കൊമേഡിയൻ ആയി അഭിനയിച്ച അവൻ്റെ പേര് കുഞ്ചൻ എന്നാക്കിയത് തിക്കുറിശ്ശി ആണെന്ന് വായിച്ചിട്ടുണ്ട്. കാരണം മറ്റൊരു മോഹൻ അന്ന് നായകനായി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. ആ മോഹൻ എന്ന നടനെ എനിക്ക് വളരെ ഇഷ്ടം ആയിരുന്നു. ചട്ടക്കാരി, ജീവിയ്ക്കാൻ മറന്നു പോയ സ്ത്രീയിൽ ഒക്കെ എന്തൊരു മനോഹരമായ അഭിനയമായിരുന്നു. ഈ കുഞ്ചൻ താമസിച്ച ആ വീട്ടിൽ സുന്ദരനായ ഒരു നടൻ ഇടക്കിടെ വന്ന് പോകുന്നത് കണ്ടിരുന്നു, അത് സുധീർ ആയിരുന്നു, ചിലപ്പോൾ ഖദീജ എന്ന നടിയെ പിന്നിൽ ഇരുത്തി സുധീർ കോടംബാക്കത്ത് കറങ്ങുന്നതും ശ്രദ്ധിച്ചിരുന്നു.
അന്നത്തെ ടെലിഫോൺ ഡയരക്ടറി നോക്കി വിലാസം കണ്ടുപിടിച്ച് സിനിമ നടന്മാരുടെയും സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഒക്കെ വീടുകളിൽ ഞാൻ നടന്ന് പോകുമായിരുന്നു. അങ്ങനെ മദ്രാസിലെ അധിക തെരുവുകളിലൂടെയും ഞാൻ നടന്നിട്ടുണ്ട്. എനിക്ക് അറിയാത്ത റോഡുകൾ അന്ന് മദ്രാസിൽ ഇല്ലായിരുന്നു. മൗണ്ട് റോഡിൽ നിന്ന് തിരിയുന്ന വുഡ്സ് റോഡിലെ സ്വാമീസ് ലോഡ്ജിൽ ആയിരുന്നു സത്യൻ താമസിച്ചിരുന്നത്. അതേ റോഡിൽ അവരുടെ തന്നെ സ്വാമീസ് കഫേയിൽ ഞാൻ സപ്ലൈയറായി ജോലി ചെയ്തിരുന്നു. അപകർഷതാ ബോധം നിമിത്തം ആ ലോഡ്ജിൽ പോയി സത്യനെ നേരിൽ കാണാതിരുന്നതിൽ ഞാൻ പിന്നീട് വളരെ ഖേദിച്ചിരുന്നു. മിക്ക നടീനടന്മാരെയും നേരിൽ കണ്ട എനിക്ക് ഞാൻ ആരാധിച്ചിരുന്ന സത്യനെ മാത്രം നേരിൽ കണ്ടിട്ടില്ല.
ഒരു ദിവസം രാവിലെ ഫോൺ ഡയരക്ടറി നോക്കി വിലാസം കണ്ടുപിടിച്ച് കോടംബാക്കത്തെ റൂമിൽ നിന്ന് റോയപ്പേട്ട വരെ നടന്നു. പ്രേം നസീറിൻ്റെ വീട് ആയിരുന്നു ലക്ഷ്യം, വീട്ട് നമ്പർ മനസ്സിൽ കുറിച്ചിരുന്നു, പ്രേം നസീറും മുത്തയ്യയും ഒന്നിച്ച് താമസിച്ചിരുന്ന വാടക വീട് ആയിരുന്നു അത്. ചെല്ലുമ്പോൾ ഗേറ്റിൽ സെക്യൂരിറ്റി ആരുമില്ല. ഞാൻ ഉമ്മറത്ത് പോയിരുന്നു. ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ നസീർ അകത്ത് നിന്ന് ഉമ്മറത്തേക്ക് വന്നു. കുറ്റി മുടിയുള്ള മേക്കപ്പ് ഇല്ലാത്ത മുഖം. ഞാൻ അദ്ദേഹത്തെ നോക്കി, അദ്ദേഹം എന്നെയും. എന്താ എന്നൊരു ചോദ്യം. എൻ്റെ മനസ്സ് ശൂന്യമായിരുന്നു. സാർ ഒരു ജോലി എന്ന് ഞാൻ വിക്കി വിക്കി പറഞ്ഞു. ശരി ശരി ഇപ്പോൾ തന്നെ ഷൂട്ടിങ്ങിന് വൈകി പിന്നെ വരൂ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കാറിനടുത്തേക്ക് നടന്നു.
അപ്പോൾ ഗേറ്റ് കടന്ന് ഒരു സ്ത്രീ കുഞ്ഞിനെ ഒക്കത്തെടുത്ത് കൊണ്ട് അകത്തേക്ക് നടന്നു വരുന്നു. ആ സ്ത്രീയെ കണ്ട നസീർ അവരോട് പറയുന്നു നിങ്ങൾ ഇങ്ങനെ കൂടെക്കൂടെ വന്നാൽ എങ്ങനാ.. എന്നിട്ട് തിരിഞ്ഞ് വീടിൻ്റെ അകത്തേക്ക് നോക്കി പറഞ്ഞു കുറുപ്പേ ഒരു നൂറ് രൂപ ഇവർക്ക് കൊടുക്കൂ. നൂറ് രൂപ അന്ന് വലിയൊരു തൂകയായിരുന്നു, ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്ത് നസീർ പോയി. ഞാനും ഇറങ്ങി നടന്നു. ആര് വീട്ടിൽ വന്ന് പൈസ ചോദിച്ചാലും നസീർ വെറും കൈയ്യോടെ മടക്കി അയക്കാറില്ല എന്ന് ഞാൻ കേട്ടിരുന്നു. എനിക്ക് അന്ന് ഒരു രൂപ കിട്ടിയിരുന്നെങ്കിൽ അന്നത്തെ പ്രാതലും ഉച്ചഭക്ഷണവും രാത്രി അത്താഴവും കഴിക്കാമായിരുന്നു. പക്ഷെ എനിക്ക് ആരോടും പൈസ ചോദിക്കാൻ കഴിയില്ലായിരുന്നു. നടന്നു പോകുന്ന ഇടവഴിയിൽ കശുവണ്ടി കണ്ടാൽ അതെടുത്ത് ഉടമസ്ഥൻ്റെ പറമ്പിലേക്ക് ഇടുന്നതാണ് ശീലം. അങ്ങനെയാണ് അച്ഛൻ പഠിപ്പിച്ചിരുന്നത്.
ഒരിക്കൽ രാജശ്രീ പിക്ചേഴ്സ് ഉടമ ആർ.കെ.നായരുടെ വീട്ടിൽ രാവിലെ പോയി കോളിങ്ങ് ബെൽ അമർത്തി. അദ്ദേഹത്തിൻ്റെ ഫോട്ടോ സിനിമ മാസികയിൽ കണ്ട് പരിചയം ഉണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് വാതിൽ തുറന്നത്. ങും എന്താ? സർ ഒരു ജോലി... ജോലി ചോദിച്ച് വീട്ടിലാണോ വരുന്നത് എന്ന് ക്ഷുഭിതനായ അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചുകൊണ്ട് വാതിൽ കൊട്ടിയടച്ചു. ഞാൻ ആകെയങ്ങ് ഇല്ലാണ്ടായി പോയി. കോടംബാക്കത്തേക്ക് തിരിച്ചു പോയി പരിചയമുള്ള സൈക്കിൾ കടയിൽ നിന്ന് ഒരു സൈക്കിൾ വാടകക്കെടുത്ത് ഒരൊറ്റ യാത്രയാണ്. ഇന്ത്യയുടെ ഒരു റോഡ് മാപ്പ് കൈയിൽ കരുതിയിരുന്നു. കോടംബാക്കം മുതൽ ഹിമാലയം വരെ സൈക്കിളിൽ ഒരു സാഹസിക യാത്ര. അപ്പോൾ അത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. വഴിയിൽ ആരൊക്കെയോ പൈസ തന്നു, ആഹാരം തന്നു, രാത്രിയിൽ ഉറങ്ങാൻ കിടക്കയും വിരിപ്പും തന്നു. പക്ഷെ ഹൈദരാബാദ് വഴി പോകാൻ ഉദ്ദേശിച്ച ഞാൻ ആന്ധ്രയിലെ കടപ്പയിലാണ് എത്തിയത്. ഉഷ്ണകാലമായിരുന്നു. കടപ്പ എത്തിയപ്പോൾ ചൂട് താങ്ങാൻ കഴിഞ്ഞില്ല. ഒരടി മുന്നോട്ട് സൈക്കിൾ ചവിട്ടാൻ കഴിയാത്ത അവസ്ഥ. അവിടെയും ഞാൻ പരാജയപ്പെടുകയായിരുന്നു. വാടക സൈക്കിൾ കടപ്പ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് അടുത്ത വണ്ടിക്ക് മദ്രാസിലേക്ക് മടങ്ങി.

അനുഭവങ്ങൾ പാളിച്ചകൾ - 1

 ഒരു മാഷ് ആകാൻ എനിക്ക് ഏറെ കൊതിയുണ്ടായിരുന്നു. എന്നും പഠിക്കുക , പഠിപ്പിക്കുക അതെന്തൊരു രസമുള്ള സംഗതിയാണ്. എന്തെല്ലാം പഠിക്കാനുണ്ട്, അതിൽ കുറേ കാര്യങ്ങൾ പഠിച്ച് അത് മറ്റുള്ളവർക്ക് സരളമായി പറഞ്ഞുകൊടുക്കുമ്പോൾ കിട്ടുന്ന നിർവൃതി ഏറ്റവും വലുതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പഠിത്തം ഒരിക്കലും തീരുന്നില്ല, എന്തെന്നാൽ എത്ര ആയുസ്സ് പഠിച്ചാലും തീരാത്തത്ര ബൃഹത്തായ വിജ്ഞാനശേഖരം ആണ് നമ്മുടെ മുന്നിലുള്ളത്. ഒരു അദ്ധ്യാപകൻ എന്നും ഒരു വിദ്ധ്യാർത്ഥി കൂടി ആയിരിക്കണം. എനിക്കത് കഴിയുമായിരുന്നു. പക്ഷെ അച്ഛൻ എന്നെ ഹൈസ്കൂളിലേക്ക് അയച്ചില്ല. ചെറുപ്പം മുതലുള്ള വിക്ക് കാരണം കലശലായ അപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. യു.പി.സ്കൂളിൽ അവസാനവർഷം ഞാനായിരുന്നു സാഹിത്യസമാജം സെക്രട്ടരി. വെള്ളിയാഴ്ച ചേരുന്ന സാഹിത്യസമാജത്തിൽ ബ ബ ബ ബഹുമാനപ്പെട്ട അ് അ് അദ്ധ്യക്ഷനും എന്ന് ഞാൻ റിപ്പോർട്ട് വായന തുടങ്ങുമ്പോഴേക്കും പെൺകുട്ടികൾ അടക്കി ചിരിക്കും. എനിക്കത് വല്ലാത്ത നാണക്കേടായിരുന്നു. അതുകാരണം ഹൈസ്കൂളിൽ ചേരാൻ ഞാൻ ശാഠ്യം പിടിച്ചില്ല. പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരണപ്പെടുകയും ചെയ്തു.

ഹൈസ്കൂളിൽ ചേർന്നില്ലെങ്കിലും പഠിക്കാനുള്ള ത്വരയും അറിവുകൾ നേടാനുള്ള അടങ്ങാത്ത ജിജ്ഞാസയും അച്ഛൻ്റെ മരണവും ദാരിദ്ര്യവും എല്ലാം കൊണ്ടാണ് ഞാൻ നാട് വിടുന്നത്. അങ്ങനെ മദ്രാസ് കോടമ്പാക്കത്ത് എത്തി. കോടമ്പാക്കത്ത് ആർക്കാട് റോഡ് തുടങ്ങുന്ന മേൽപ്പാലത്തിൻ്റെ അടിയിൽ വെസ്റ്റ് അവന്യു റോഡിലെ 13 ആം നമ്പർ വീടിൻ്റെ ഔട്ട് ഹൗസ് എനിക്ക് താമസിക്കാനായി വെറുതെ കിട്ടി. ആ കൊച്ചു മുറിയിലാണ് ഞാൻ ഒൻപത് വർഷത്തോളം (1967-1976) താമസിച്ചത്. കോടമ്പാക്കം, ആരും കൊതിക്കുന്ന കോളിവുഡ് അന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനം ആയിരുന്നു. ആർക്കാട് റോഡിലൂടെ നേരെ പോയാൽ കോടമ്പാക്കം കഴിഞ്ഞ് വടപളനി എത്തിയാൽ റോഡിനിരുവശവും സിനിമ സ്റ്റുഡിയോകളാണ്. വിജയവാഹിനി, ഏ.വി.എം. തൊട്ട് കർപ്പകം ഭരണി അങ്ങനെ എത്രയോ സ്റ്റുഡിയോകൾ. വടപഴനി കഴിഞ്ഞാൽ സാലിഗ്രാമം അന്നൊരു ചേരി പ്രദേശം ആയിരുന്നു. അവിടെയുള്ള ചേരികളിലായിരുന്നു എക്സ്ട്രാ നടന്മാരുടെയും നഭികളുടെയും താവളം.
മദ്രാസിൽ വിശപ്പ് നന്നെ സഹിക്കാൻ കഴിയാത്തപ്പോൾ എനിക്ക് അഭയം ഇടത്തരം ഹോട്ടലുകൾ ആയിരുന്നു. ഹോട്ടലിൽ പോയി മാനേജരോട് സപ്ലൈയർ വേണോ എന്ന് ചോദിക്കും. വേണമല്ലോ പോയി നാസ്ത കഴിച്ചിട്ട് വാ എന്ന് പറയും. ഞാൻ കിച്ചണിൽ പോയി പൊങ്കൽ , ഇഡ്ഡലി, പൂരി മസാല അങ്ങനെ വയറ് നിറയെ കഴിച്ചിട്ട് ഡ്യൂട്ടിക്ക് ഹാജരാകും. ആ എട്ട് സീറ്റ് നോക്കിക്കോ എന്ന് മാനേജർ പറയും. എട്ട് മണിക്കൂർ ജോലി. ഇടയിൽ നാല് മണിക്കൂർ കഴിഞ്ഞാൽ രണ്ട് മണിക്കൂർ റെസ്റ്റ്. വയറ് നിറയെ ഇഷ്ടമുള്ള ആഹാരം, സ്വീറ്റ്സ് കൂൾ ഡ്രിങ്ക്സ് അങ്ങനെ എന്തും എടുത്ത് കഴിക്കാം. സപ്ലൈയർക്ക് മാത്രമേ ഇങ്ങനെ എടുത്തു കഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എട്ട് സീറ്റിലും കസ്റ്റമർ വന്ന് ഇരുന്നാൽ മാത്രമേ ഓർഡർ എടുക്കാൻ ഞാൻ അടുത്ത് പോകൂ. പിന്നെ ഇടത്തേ കൈയിൽ എട്ട് പ്ലേറ്റുകളിൽ പലാഹരങ്ങളും വലത്തേ കൈയിൽ ആറ് ടംബ്ലർ വെള്ളവുമായി ഞാനൊരു വരവാണ്. സർവർ സുന്ദരം എന്ന സിനിമയിൽ നാഗേഷ് ഇതൊക്കെ കാണിക്കുന്നുണ്ട്. കസ്റ്റമർ എനിക്ക് ടിപ്സ് തരും. ഒരിക്കൽ പാരീസ് കോർണറിലെ ഹരി നിവാസ് ഹോട്ടലിൽ വന്ന നടൻ ജോസ് പ്രകാശ് എനിക്ക് രണ്ട് രൂപ ടിപ്സ് തന്നിരുന്നു. രണ്ട് രൂപ അന്ന് വലിയ തുകയാണ്.
ഞാൻ പക്ഷെ ഏത് ഹോട്ടലിലും ഏറിയാൽ രണ്ടാഴ്ച മാത്രമേ ജോലി ചെയ്യൂ. പിന്നത്തെ രണ്ടാഴ്ച എഗ് മോറിലെ കന്നിമാറ ലൈബ്രറിയിലാണ്. വിശാലമായ ഹാൾ, അലമാരകളിൽ തമിഴ്, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ. ഇരിക്കാൻ നല്ല ചാരുബെഞ്ചുകൾ, മുകളിൽ ഫാൻ. ഇരുന്ന് വായിച്ചാൽ സമയം പോകുന്നത് അറിയില്ല. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ചരിത്രം, ഫിലോസഫി, സാഹിത്യം അങ്ങനെ വായിച്ചാൽ തീരാത്തത്ര പുസ്തകങ്ങൾ പിന്നെ എല്ലാ പത്രങ്ങളും വാരികകളും മാസികകളും. രാവിലെ പോയി ഇരുന്നാൽ സന്ധ്യയോടെ മടക്കം. അങ്ങനെ കൈയിലുള്ള കാശും തീർന്ന് പിന്നെയും രണ്ട് നാൾ പട്ടിണി കിടന്ന് വിശപ്പ് സഹിക്കാതാവുമ്പോഴാണ് മറ്റൊരു ഹോട്ടൽ തേടി പോകുന്നത്. ഡീസൻ്റ് കസ്റ്റമേഴ്സ് വരുന്ന ഹോട്ടലിൽ മാത്രമേ ജോലി ചെയ്യൂ. ഇതിനിടയിൽ വണ്ണാർപ്പേട്ടയിൽ ഒരു പെട്ടിക്കട വെച്ചു. സിഗരറ്റും മുറുക്കാനും മിട്ടായികളും വാഴപ്പഴവും ആയിരുന്നു സാധനങ്ങൾ. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കൊത്തവാൽ ചാവടിയിൽ പോയി പഴക്കൂലയും വെറ്റിലയും പാക്കും പുകയിലയും മറ്റും വാങ്ങണം. അന്ന് നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്നു സായിപ്പ് സ്ഥാപിച്ച കൊത്തവാൽ ചാവടി. ആ മാർക്കറ്റാണ് ജയലളിത മുഖ്യമന്ത്രി ആയപ്പോൾ കോയമ്പേടിലേക്ക് മാറ്റിയത്.
ഒടുവിൽ ഞാനൊരു മലയാളം സർക്യുലേറ്റിങ്ങ് ലൈബ്രറി നടത്തി. പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുക. അന്ന് വീട്ടമ്മമാർക്ക് റേഡിയോ അല്ലാതെ മറ്റൊരു വിനോദോപാധിയും ഇല്ലായിരുന്നു. മാത്രമല്ല എല്ലാവരും പുസ്തകപ്രേമികളുമായിരുന്നു. മാസം രണ്ട് രൂപ വരിസംഖ്യ മേടിച്ച് ആഴ്ചയിൽ രണ്ട് പുസ്തകം ഞാൻ വീടുകളിൽ എത്തിക്കും. അതെൻ്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലമായിരുന്നു. മറക്കാൻ കഴിയാത്ത അനുഭവങ്ങൾ. അതിൽ ഇന്നും ഓർക്കുന്നത്, നടി വിജയശ്രീ ആത്മഹത്യ ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവരുടെ അമ്മയായ വിജയമ്മ എന്ന സ്ത്രീയുടെ അഡയാറിലുള്ള വീട്ടിൽ വരിസംഖ്യ ചേർക്കാൻ പോയതാണ്. അവർ വിജയശ്രീയുടെ അമ്മയാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാ സിനിമ പ്രേമികളെയും ദു:ഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു വിജയശ്രീയുടെ ആത്മഹത്യ. സംഭാഷണ മധ്യേ അവരാണ് പറഞ്ഞത് എൻ്റെ മകളാണ് വിജയശ്രീ എന്ന്. കുറച്ച് നേരം അവരുമായി സംസാരിച്ചിരുന്നു. അവർക്ക് രണ്ട് പുസ്തകങ്ങൾ കൊടുത്ത് ഇറങ്ങാൻ നോക്കുമ്പോൾ അവർ പറഞ്ഞു എൻ്റെ കൈയിലുള്ള കുറച്ച് പുസ്തകങ്ങൾ എടുത്തോളൂ എന്ന്. അതിൽ ഒന്ന് യു.എ.ഖാദർ എഴുതിയ, സ്വന്തം കൈപ്പടയിൽ സ്നേഹപൂർവ്വം എന്നെഴുതി ഒപ്പിട്ട് വിജയശ്രീക്ക് കൊടുത്ത ഖുറൈശ്ശിക്കൂട്ടം എന്ന നോവൽ ആയിരുന്നു.
ഇതിനിടയിൽ ഞാൻ എൻ്റെ വിക്ക് ഏകദേശം മാറ്റിയെടുത്ത് സ്വാഭാവികമായി സംസാരിക്കാൻ ശീലിച്ചിരുന്നു. മുറിയിൽ വെച്ച് ശിവാജി ഗണേശൻ അഭിനയിച്ച പരാശക്തി, വീരപാണ്ഡ്യ കട്ടബൊമ്മൻ എന്നീ സിനിമകളുടെ തിരക്കഥാ പുസ്തകങ്ങളിലെ ഡയലോഗുകൾ കണ്ണാടിക്ക് മുൻപിൽ നിന്ന് ശിവാജിയെ അനുകരിച്ച് കുറേ നാൾ പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം വർദ്ധിച്ചു. രണ്ട് വർഷത്തോളം ലൈബ്രറി നടത്തി പിന്നെയത് നടത്തിക്കൊണ്ട് പോകാൻ കഴിയാത്തപ്പോൾ അടിയന്തിരാവസ്ഥയുടെ മൂർദ്ധന്യത്തിൽ 1976 മാർച്ചിൽ, ഒരുപാട് അനുഭവങ്ങളും എനിക്ക് ഒരു പോറ്റമ്മയെ പോലെ അഭയം നൽകിയ മദ്രാസ് നഗരവും പുസ്തകങ്ങളും എൻ്റെ മുറിയും ചങ്ങാതിമാരെയും ഒക്കെ ഉപേക്ഷിച്ച് ഒരു തകരപ്പെട്ടിയിൽ രണ്ട് ജോഡി പാൻ്റും കുപ്പായവുമായി നാട്ടിലേക്ക് പോന്നു.
നാട്ടിൽ എനിക്ക് ഒരു ജോലിയും അറിയില്ലായിരുന്നു. വന്ന ഏതാനും ദിവസങ്ങളിൽ ഞാൻ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി. സുഹൃത്തുക്കൾ ഇല്ലാതെയും ആരെങ്കിലുമായി സംസാരിക്കാതെയും എനിക്ക് ജീവിയ്ക്കാൻ കഴിയില്ലായിരുന്നു. അടിയന്തിരാവസ്ഥയാണ് , ജന്മം കൊണ്ട് കോൺഗ്രസ്സുകാരൻ ആയിരുന്ന ഞാൻ മദ്രാസിലെ വായനയിൽ കമ്മ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ സി.പി.ഐ.യുടെ അനുഭാവിയായി, നാട്ടിൽ യുവകലാസാഹിതി യൂനിറ്റ് രൂപീകരിച്ചു എന്നെ സെക്രട്ടരിയാക്കി. ഇതിനിടയിൽ വീടിനടുത്ത വായനശാലയുടെ പത്താം വാർഷികോത്സവത്തിൽ എന്നെ കൺ വീനർ ആക്കുകയും ആദ്യമായി മൈക്കിലൂടെ സ്വാഗത പ്രസംഗം വിക്ക് ഇല്ലാതെ നടത്തുകയും ചെയ്തു. കേരള യുക്തിവാദി സംഘത്തിൻ്റെ കണ്ണൂർ ജില്ലാക്കമ്മറ്റിയിൽ അംഗമായി കാസർക്കോട് മുതൽ തലശ്ശേരി വരെ പദയാത്ര നടത്തി വഴിവക്കുകളിൽ നൽകപ്പെട്ട സ്വീകരണ യോഗങ്ങളിൽ ഗംഗൻ അഴീക്കോട്, എം.ബി.കെ എന്നിവരോടൊപ്പം ഞാനും പ്രസംഗിച്ചു.
അടിയന്തിരാവസ്ഥ പിൻ വലിച്ച് 1977 ലെ തെരഞ്ഞെടുപ്പിൽ തലേന്ന് സി.പി.ഐ.ക്കാരനായ ഞാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് എഴുതി പിറ്റേന്ന് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന് അന്ന് തന്നെ മൈക്ക് പ്രചരണത്തിൽ പങ്കെടുത്ത് നാട്ടിലെ മുക്കിലും മൂലയിലും പ്രസംഗിച്ചു. പ്രിയ നാട്ടുകാരേ കുറച്ച് നേരത്തേക്ക് നിങ്ങളുടെ കാതുകൾ എനിക്ക് കടം തരൂ എന്ന് തുടങ്ങുന്ന എൻ്റെ പ്രസംഗങ്ങൾ എല്ലാവരെയും ആകർഷിച്ചു. എനിക്ക് ധാരാളം ശ്രോതാക്കളെ കിട്ടി. ഞാൻ പെട്ടെന്ന് എല്ലാവർക്കും പരിചിതനായി. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോൺഗ്രസ്സ് തകർന്നടിഞ്ഞു. ഫലം വരുന്നതിന് മുൻപേ ഏ.കെ.ജി. മരണപ്പെട്ടത് നാട്ടിൽ മ്ലാനത പരത്തി. ഇതിനിടയിൽ ഒരു വരുമാനത്തിന് വേണ്ടി ഞാൻ ബീഡി തെറുപ്പ് ശീലിച്ചു. 1977 ഒക്ടോബർ 31ന് പിണറായിയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വിവാഹം നടന്നു. പാണ്ട്യാല ഗോപാലൻ മാഷ് ആയിരുന്നു മാല എടുത്ത് തന്നത്. താലിയൊന്നും ഇല്ല. ഒരുപാട് പേർ ആശംസാപ്രസംഗം നടത്തി. കാസർക്കോട് മുതൽ തലശ്ശേരി വരെയുള്ള എൻ്റെ സുഹൃത്തുക്കൾ പങ്കെടുത്തു.
അങ്ങനെ ഞാൻ കുടുംബജീവിതം ആരംഭിക്കുകയായിരുന്നു. മദ്രാസിലെ പഠനം മക്കളെ പഠിപ്പിക്കുന്നതിന് സഹായിച്ചു. പ്രാസംഗികൻ ആകാൻ ആഗ്രഹിച്ചെങ്കിലും മൈക്കിന് പിന്നാലെ തിക്കിത്തിരക്കി പോയില്ല. ഏത് സംഘടനയിലും മൈക്കിന് പിടിവലിയാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അകത്തെ സംഘടനാസംവിധാനവും അവരുടെ ആക്രമണപരതയും കുതന്ത്രങ്ങളും കുരുട്ട് വാദങ്ങളും ലോക്കൽ നേതാക്കളുടെ തലക്കനവും എതിരാളികളെ കൊല്ലലും ഒന്നും എനിക്ക് ദഹിക്കുന്നത് ആയിരുന്നില്ല. അതൊന്നുമല്ല ഞാൻ കമ്മ്യൂണിസ്റ്റ് കൃതികളിൽ വായിച്ചിരുന്നത്. അതുകൊണ്ട് സി.പി.എമ്മിനോടുള്ള അനുഭാവം ഉപേക്ഷിച്ച് ആ കറ മായ്ക്കാൻ വേണ്ടി ജനതാപാർട്ടിയിൽ ചേർന്നിരുന്നു. അത് വിട്ട് വീണ്ടും കോൺഗ്രസ്സ് ആയതൊക്കെ ഒരു കഥയാണ്. ഇപ്പോൾ ബി.ജെ.പി.അനുഭാവി ആയത് ചിന്താപരമായ പരിണാമത്തിൻ്റെ മറ്റൊരു കഥ.
ബാംഗ്ലൂരിൽ താമസം തുടങ്ങി ഇൻ്റർനെറ്റ് മുഖാന്തിരം ഓർക്കുട്ടിലും ബ്ലോഗിലും എഴുത്ത് തുടങ്ങിയപ്പോൾ എനിക്ക് ധാരാളം ഓൺലൈൻ സുഹൃത്തുക്കളെ കിട്ടി. ബ്ലോഗിൽ നിന്ന് ഫേസ്ബുക്കിൽ എത്തിയപ്പോൾ നിരവധി വായനക്കാരും ഫോളോവേഴ്സുമായി. ആ ഒരു ഐഡി ബ്ലോക്ക് ആയിപ്പോയെങ്കിലും ഇന്നും ദിവസേന ഫ്രണ്ട് റിക്വസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൈരളി ടിവിയുടെ ഒരു ചർച്ചയിൽ പങ്കെടുത്തു. മൈദ വിഷം ആണോ എന്നതായിരുന്നു വിഷയം. വിഷം ആണെന്ന് വാദിക്കാൻ മോഹനൻ വൈദ്യർ, വിഷം അല്ല എന്ന് വാദിച്ചുകൊണ്ട് മൈദയുടെ സയൻസ് ഞാൻ വിശദീകരിച്ചു. ചർച്ചയുടെ മോഡറേറ്റർ അരുൺ കുമാർ ആയിരുന്നു. സി. രവിചന്ദ്രൻ ക്ഷണിച്ചത് അനുസരിച്ച് തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ആർ.വി.ജി.മേനോനുമായി ഏറ്റുമുട്ടി. കൂടംകുളം ആണവോർജ്ജനിലയം വേണമോ എന്നതായിരുന്നു വിഷയം. മേനോൻ സാർ കൂടംകുളം പാടില്ല എന്ന് വാദിച്ചു. കൂടംകുളം പദ്ധതി കൂടിയേ തീരൂ എന്ന് ഞാൻ വാദിച്ചു. ഈ രണ്ട് പരിപാടിയുടെയും വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ലിങ്കുകൾ എൻ്റെ ബ്ലോഗിലും.
ഈ പോസ്റ്റ് നീണ്ടുപോയോ, തൽക്കാലം ഇവിടെ നിർത്താം അല്ലേ.. വിക്ക് മൂലമുള്ള അപകർഷതാബോധത്തെ മറികടക്കാനുള്ള പോരാട്ടം ആയിരുന്നു സംസാരിക്കാനും പ്രസംഗിക്കാനുമുള്ള എൻ്റെ ശ്രമങ്ങൾ. ജന്മനായുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ഇപ്പോഴും ദിവസേന ഒരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വായിച്ചാൽ മനസ്സിലാകുന്നത് ഒരനുഗ്രഹം ആയി. ഇപ്പോൾ പഠിക്കാൻ എന്തെളുപ്പമാണ്. ചാറ്റ് ജി.പി.ടി.യിൽ എന്തും ചോദിക്കാം. ഉത്തരം ലളിതമായ ഇംഗ്ലീഷിൽ അപ്പോൾ തന്നെ കിട്ടും. അറിവുകൾ നമ്മുടെ മുന്നിൽ വിശാലമായ ഒരു ലോകമാണ് തുറന്ന് തരുന്നത്. ആ ലോകത്തേക്ക് തലമുറകളെ നയിക്കുന്നവരാകണം അദ്ധ്യാപകർ. എന്നോട് ചിലർ ചോദിക്കാറുണ്ട് താങ്കൾ മാഷ് ആയിരുന്നോ എന്ന്. അല്ല എന്ന് പറയുമ്പോൾ എനിക്ക് വല്ലാത്ത നിരാശയാണ്....

അനുഭവങ്ങൾ പാളിച്ചകൾ - 3

ഈ ഭൂമി എത്ര മനോഹരമാണെന്നോ, അതിനേക്കാൾ മനോഹരമാണ് ജീവിതവും. എൻ്റെ സമയം തീരുകയാണ് എന്ന് അറിയുമ്പോഴും ജീവിതം ഇപ്പോഴും എന്നെ കൊതിപ്പിക്കുകയാണ്. ജീവിതത്തിൻ്റെ മനോഹാരിത അനുഭവിക്കണമെങ്കിൽ നാം നമ്മുടെ മനസ്സിനെ അതിനായി ട്രെയിൻ ചെയ്യിപ്പിക്കണം. പലർക്കും ആ കല അറിയില്ല. കഴിഞ്ഞ ഏതാനും ദിവസം ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. വാടകക്കാർ ഒഴിഞ്ഞു പോയ സ്വന്തം വീട്ടിൽ കുടുംബസമേതം താമസിച്ചു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം വീട് വൃത്തിയാക്കലായിരുന്നു ജോലി. അതെനിക്കൊരു ഹരമുള്ള പണിയാണ്. എല്ലാം ഒന്ന് വൃത്തിയാക്കുക എന്നിട്ട് അതിൻ്റെ ഭംഗി കുറച്ച് നേരം ആസ്വദിക്കുക. അതൊരു ലഹരി കൂടിയാണെനിക്ക്. വീട് ചെറുതോ വലുതോ എന്നതല്ല, നമ്മുടെ വീടല്ലേ അതൊന്ന് വൃത്തിയാക്കി എല്ലാം അടുക്കി വെച്ച് അനാവശ്യമായതെല്ലാം കളഞ്ഞ് ഉള്ള സ്പെയിസ് ഫ്രീ ആക്കിയാൽ വീട് തന്നെയാണ് ശരിക്കുള്ള സ്വർഗ്ഗം.

കുറെയേറെ പഴയ സുഹൃത്തുക്കളെ കണ്ട് ബന്ധം പുതുക്കി. അവർ പറയുന്നത് കേട്ടു. നമ്മൾ മറ്റുള്ളവരെ കേൾക്കുകയാണ് വേണ്ടത്. അതൊരു സംഭാഷണകലയാണ്. നമുക്ക് പറയാനുള്ളത് മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ച് അവരെ കേൾക്കാൻ നിർബ്ബന്ധിക്കരുത്. അവരെ കേൾക്കുക പിന്നെ അവർ തയ്യാറെണെങ്കിൽ നമുക്ക് പറയാനുള്ളത് പറയുക എന്നതാണ് നല്ല സംഭാഷണ മര്യാദ. നമ്മൾ നമ്മുടെ പരിഭവവും പരാതിയും ആരോടും പറയരുത്. അത് പോലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അങ്ങോട്ട് പോയി കാണുകയാണ് വേണ്ടത്. എൻ്റെ അടുത്തേക്ക് ആരും വരുന്നില്ലല്ലോ, എന്നെ കാണാൻ ആരും വരുന്നില്ലല്ലോ എന്ന പരിഭവം മനസ്സിൽ സൂക്ഷിക്കുകയോ അത് ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറയുന്നതോ നല്ല സംസ്ക്കാരം അല്ല. നമ്മൾ അങ്ങോട്ട് പോയി കാണുന്നതും അവരുടെ ആതിഥ്യം സ്വീകരിക്കുന്നതും നമുക്കും അവർക്കും ആനന്ദവും സന്തോഷവും തരുന്ന കാര്യമാണ്. ഈ ഒരു സന്തോഷം അനുഭവിക്കുന്നതിന് പകരം അവനവൻ്റെ വീട്ടിൽ അലസമായി ഇരുന്നിട്ട് ഒരുത്തനും ഒരുത്തിയും ഇങ്ങോട്ട് വരുന്നില്ലല്ലോ എന്ന് പരിഭവിക്കുന്നതിൽ ഒരർത്ഥവും ഇല്ല. ജീവിതത്തിൻ്റെ സൗഭാഗ്യങ്ങൾ അനുഭവിക്കാൻ നാം നമ്മുടെ പല ശീലങ്ങളും മാറ്റിയാൽ നന്നായിരിക്കും.
പിണറായിയിലും അണ്ടലൂരും ഒക്കെയുള്ള ബന്ധുവീടുകൾ സന്ദർശിച്ചു. അവർക്കൊക്കെ എന്ത് സന്തോഷം ആയെന്നോ. അവരത് പറയുകയും ചെയ്തു വന്നതിൽ സന്തോഷം എന്ന്. അത് കേൾക്കുമ്പോൾ നമുക്കും സന്തോഷം. പിണറായിയിലെ ബന്ധുവീട്ടിൽ പോയപ്പോൾ രാവിലത്തെ ബ്രേക്ക് ഫാസ്റ്റും ഉച്ചക്ക് പ്രഥമൻ (പായസം) അടക്കമുള്ള വിഭവസമൃദ്ധമായ ലഞ്ചും കഴിപ്പിച്ചിട്ടേ അവർ വിട്ടുള്ളൂ. പണ്ടൊക്കെ ഈ സംസ്കാരം നാട്ടിൽ ഉണ്ടായിരുന്നു. ഇടക്കിടെ ബന്ധുവീടുകളിൽ പോവുക, അവിടെ താമസിക്കുക.അതൊക്കെ ഒരു കാലം, എന്തൊരു രസം ആയിരുന്നെന്നോ. ഇന്ന് ആളുകൾ ജീവിയ്ക്കുന്നത് മൊബൈലിലാണ്. ഒരുമാതിരി വെർച്വൽ ജീവിതം. റീയൽ ലൈഫ് ആളുകൾക്ക് അന്യമാവുകയാണ്. യഥാർത്ഥ ജീവിതത്തിൻ്റെ സൗകുമാര്യവും നിർവൃതിയും നഷ്ടപ്പെടുത്തുന്ന തലമുറ എന്തൊരു കഷ്ടമാണ്.
നമ്മൾ മൊബൈലിലോ സോഷ്യൽ മീഡിയയിലോ അഡിക്റ്റ് ആകരുത്. അങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം. ജീവിതത്തിന് ശരിക്ക് പറഞ്ഞാൽ പ്രത്യേകിച്ച് അർത്ഥമോ ഉദ്ദേശമോ ഒന്നും ഇല്ല. പക്ഷെ നമ്മൾ ഈ ജീവിതത്തെ അനുഭവിച്ചും ആസ്വദിച്ചും സുഖിച്ചും സന്തോഷിച്ചും തീർക്കുകയാണ് വേണ്ടത്. അതൊക്കെ മൊബൈലിൽ കിട്ടില്ല. യഥാർത്ഥ ജീവിതത്തിൽ നീന്തിത്തുടിക്കണം. വീട്, കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം ഇതൊക്കെ നമുക്ക് ആനന്ദവും നിർവൃതിയും നൽകുന്ന ഘടകങ്ങളാണ്. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്. പോസിറ്റീവ് മാത്രമേ കാണാവൂ, നമ്മളും പോസിറ്റീവ് മാത്രമേ പ്രസരിപ്പിക്കാവൂ. നെഗറ്റീവ് കാണരുത്, നെഗറ്റീവ് പ്രസരിപ്പിക്കരുത്. അപ്പോൾ നിങ്ങൾക്ക് ഈ ജീവിതവും മനുഷ്യരും ഇത്രമേൽ സുന്ദരമായിരുന്നോ എന്ന് തോന്നും. ജീവിതം നിങ്ങളെ കൊതിപ്പിക്കും. മനസ്സിനെ പോസിറ്റീവായി നിലനിർത്തുന്നത് എളുപ്പമല്ല, നന്നായി മാനസികവ്യായാമം ചെയ്യേണ്ടി വരും.
നാട്ടിലെ വീട്ടിൽ ഞാൻ കമ്പ്യൂട്ടറും കേരള വിഷൻ്റെ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റും സെറ്റ് ചെയ്ത് വെച്ചു, എനിക്ക് ഇവിടെ ബാംഗ്ലൂരിലും കമ്പ്യൂട്ടറും രണ്ട് സ്മാർട്ട് ഫോണും എപ്പോഴും കൈവശം ഉണ്ട്. ഈ ഒരു ഉപകരണവും ഇൻ്റർനെറ്റും അതിൻ്റെ സാധ്യതകളും ഉപയോഗപ്പെടുത്താനും അനുഭവിക്കാനും കഴിയും എന്ന് സ്വപ്നം പോലും കണ്ടതല്ലല്ലൊ. ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യവും വിശപ്പും എന്നും ഓർക്കാറുണ്ട്. മദ്രാസ് തെരുവുകളിൽ അലഞ്ഞ് നടന്നപ്പോൾ ഏതോ ഒരു പീടികത്തിണ്ണയിൽ വിശന്ന് ബോധം കെട്ട് മയങ്ങി വീണപ്പോൾ ആരോ വായയിൽ വെച്ച് തന്ന ബന്നിലും വാഴപ്പഴത്തിലും ജീവിതത്തിലേക്ക് ഉണർന്നെഴുന്നേറ്റ കൗമാരകാലവും എന്നും ഓർക്കുന്നു. ഇന്ന് വലുതായിട്ടൊന്നും നേടിയിട്ടില്ലെങ്കിലും ജീവിതത്തിൽ തൃപ്തിയാണ്. ഇത്രയെങ്കിലും അനുഭവിക്കാൻ കഴിഞ്ഞല്ലോ.
(തുടരും)

പ്രേംനസീറിനെ ഓർക്കുമ്പോൾ ..

പ്രേം നസീറിനെ പോലെ സുന്ദരനായ ഒരു നടൻ മലയാളത്തിൽ അന്നും ഇന്നും വേറെയില്ല. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുന്നു. വിശ്വസിക്കാൻ കഴിയുന്നില്ല. വർഷങ്ങൾ എത്ര വേഗമാണു കൊഴിഞ്ഞുപോകുന്നത്. അദ്ദേഹത്തിനെ പറ്റി മകൻ ഷാനവാസിന്റെ അനുസ്മരണക്കുറിപ്പിൽ നിന്ന് ഏതാനും വരികൾ ഇങ്ങനെയാണു:

"ആര് സഹായം അഭ്യർത്ഥിച്ച് വന്നാലും അച്ഛൻ നോ പറയില്ല. എന്നും രാവിലെ ഗേറ്റിന് മുന്നിൽ പതിനഞ്ച് പേരെങ്കിലും കാണും. നാട്ടിൽ നിന്ന് ഇന്നലെ വന്നതാണ് പെട്ടി മോഷണം പോയി, പോക്കറ്റടിച്ചു എന്നിങ്ങനെയുള്ള പരിദേവനങ്ങളമായിട്ടാണ് വരവ്. ചിലത് സത്യമായിരിക്കും. ചിലത് കള്ളമായിരിക്കും. ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകാൻ കാറിൽ കയറാൻ നിൽക്കുമ്പോഴായിരിക്കും ഇത്. അപ്പോൾ പോക്കറ്റിൽ എത്രയുണ്ടോ അതെടുത്ത് കൊടുക്കും. അത് എത്രയായാലും. അല്ലെങ്കിൽ അമ്മയെ വിളിച്ച് ഇവർക്കെല്ലാം പണം കൊടുക്കാൻ പറയും. വെറും കയ്യോടെ, ആരെയും വിടില്ല."

കേരളകൗമുദിയുടെ എഫ്‌ബി പേജിൽ ഈ കുറിപ്പ് വായിക്കുമ്പോൾ പ്രേംനസീറിന്റെ ദാനശീലത്തിനു ഞാനും ഒരു പ്രാവശ്യം സാക്ഷിയായിരുന്നല്ലോ എന്നോർത്തുപോയി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത ഞാൻ കള്ളവണ്ടി കയറി എത്തിയത് മദിരാശിയിൽ. ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനമായിരുന്ന കോടമ്പാക്കത്ത് ഒരു കുടുസ്സ് മുറി താമസിക്കാൻ കിട്ടിയിരുന്നു. സിനിമാനടന്മാരുടെ വീടുകൾ തേടിപ്പിടിച്ച്, അവരുടെ വീടുകളിൽ പോവുക അന്ന് പതിവായിരുന്നു. പാണ്ടിബജാറിലെ ബോഗ് റോഡിൽ ശിവാജി ഗണേശന്റെ വീട്ടിൽ കൂടെക്കൂടെ പോകും. ഗെയിറ്റ് വരെ മാത്രമേ പോകാൻ പറ്റൂ. വാച്ച്മാൻ ഉണ്ടാകും.

മൗണ്ട് റോഡിൽ നിന്ന് (ആയിരംവിളക്ക്) തിരിയുന്നിടത്ത് വുഡ്‌സ് റോഡിൽ സ്വാമീസ് ലോഡ്ജിൽ ആയിരുന്നു സത്യൻ താമസിച്ചിരുന്നത്. അക്കാലത്ത് മലയാളം നടീനടന്മാർക്ക് മദിരാശിയിൽ സ്വന്തം വീടുകൾ ഇല്ലായിരുന്നു. 1970ന്റെ തുടക്കത്തിലാണു. പല കുറി സ്വാമീസ് ലോഡ്ജിന്റെ അടുത്തുകൂടി പോയിട്ടും സത്യനെ കാണണമെന്ന് തോന്നിയില്ല. ധൈര്യം പോരാഞ്ഞിട്ടാണു. റോയ്പേട്ടയിൽ ഒരു വാടകവീട്ടിൽ പ്രേം നസീറും മുത്തയ്യയും ഒരുമിച്ചാണു താമസം. നസീറിന്റെയും മുത്തയ്യയുടെയും സൗഹൃദബന്ധം പ്രശസ്തമായിരുന്നു. ഞാനന്ന് രാവിലെ നസീറിന്റെ വീട്ടിലെത്തി. ഗെയിറ്റിൽ വാച്ച്മാൻ ഇല്ല. ഞാൻ അകത്ത് കടന്നു. കോലായി വരെയെത്തി. മുറ്റത്ത് ആരെല്ലാമോ ഓരോന്ന് ചെയ്യുന്നു. ആരും എന്നെ തടുക്കുന്നില്ല. എന്താണു വന്നതെന്ന് ചോദിക്കുന്നില്ല. അകത്തും ആരൊക്കെയോ എന്തൊക്കെയോ തിരക്കിലാണു. അകത്തേക്ക് കണ്ണും നട്ട് ഞാൻ കുറെ നേരം വാതിലനരികെ നിന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ പ്രേംനസീർ പുറത്തേക്ക് വരുന്നു. സിനിമയിൽ കാണുന്ന പോലെ തന്നെ. പക്ഷെ മുടി കുറ്റിയാണു. സിനിമയിൽ നമ്മൾ കാണുന്നത് വിഗ് ആണല്ലൊ. വരാന്തയിൽ നിൽക്കുന്ന എന്നെ കണ്ടു. എന്ത് വേണം എന്ന മട്ടിൽ എന്നോട് ഒന്ന് മൂളി. അപ്പോഴാണു ശരിക്കും എന്താണു എനിക്ക് വേണ്ടത് എന്ന് ഞാൻ ആലോചിച്ചത്. നാട് വിട്ട് കോടമ്പാക്കത്ത് എത്തിപ്പെടുന്ന എല്ലാവർക്കും എന്ന പോലെ എനിക്കും സിനിമാമോഹമുണ്ട്. പക്ഷെ ശോഷിച്ച ഒരു പയ്യനായ ഞാൻ സിനിമയിൽ എന്ത് ചാൻസ് ചോദിക്കാനാണു. കാശിന്റെ ആവശ്യം തീർച്ചയായും ഉണ്ട്. പക്ഷെ ആരോടും പൈസ ചോദിച്ച് എനിക്ക് ശീലമില്ല. ഒടുവിൽ, കള്ളവണ്ടി കയറി അക്കാലത്ത് മദ്രാസിൽ എത്തുന്ന എല്ലാ പയ്യന്മാരും ചോദിക്കുന്ന ചോദ്യം ഞാനും നസീറിനോട് ചോദിച്ചു: സാർ ഒരു ജോലി ....

ഷൂട്ടിങ്ങിനു സമയമായി , എനിക്ക് തിരക്കുണ്ട് എന്ന് നടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്റെ ചോദ്യം പിശകായിരുന്നു. അദ്ദേഹം എന്ത് ജോലി തരാനാണു. മലയാളമനോരമയുടെ വക MM റബ്ബർ കമ്പനിയും മദിരാശിയിലുണ്ടായിരുന്നു. അതിന്റെ മുതലാളിയുടെ വീട്ടിൽ പോയിട്ട് -പേരു ഓർക്കുന്നില്ല- അവർ ജോലി തന്നോ. ഇല്ലല്ലൊ. എനിക്ക് പക്ഷെ മറ്റൊന്നും ചോദിക്കാൻ അപ്പോൾ സാവകാശം കിട്ടിയില്ല. സഹായികളുമൊത്ത് അദ്ദേഹം മുറ്റത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ഗെയിറ്റും കടന്ന് ഒരു സ്ത്രീയും കുട്ടിയും അകത്ത് പ്രവേശിക്കുന്നു. നസീർ അവരെ കണ്ടു. സ്ത്രീയുടെ മുഖത്ത് ദയനീയത. നിങ്ങളിങ്ങനെ അടിക്കടി വന്നാൽ എങ്ങനെയാ എന്ന് ചോദിച്ചുകൊണ്ട് അകത്തേക്ക് നോക്കി പറഞ്ഞു: കുറുപ്പേ ഇവർക്ക് ഒരു നൂറു രൂപ കൊടുക്കൂ. കുറുപ്പ് അദ്ദേഹത്തിന്റെ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സഹായിയാരിക്കും. എനിക്ക് ഒരു പത്ത് രൂപയെങ്കിലും കിട്ടിയിരുന്നെങ്കിൽ അന്ന് വലിയ കാര്യമായിരുന്നു. പക്ഷെ പൈസ ചോദിക്കാത്തതിന്റെ പേരിൽ അന്ന് എനിക്ക് നിരാശ തോന്നിയിരുന്നില്ല.

പ്രേംനസീറിന്റെ എത്ര സിനിമകൾ കണ്ടിട്ടുണ്ട് എന്നോർമ്മയില്ല. ഏതാണു ഏറ്റവും ഇഷ്ടപ്പെട്ട പടം എന്ന് ചോദിച്ചാലും ഉത്തരം പറയാൻ കഴിയില്ല. എല്ലാം കാണുമ്പോൾ ആസ്വദിചിരുന്നുവല്ലൊ. സത്യനും ശിവാജി ഗണേശനും, നസീറും ജമിനിഗണേശനും പത്മിനിയും രാഗിണിയും സാവിത്രിയും അന്നത്തെ ബ്ലായ്ക്ക് ആൻഡ് വൈറ്റ് സിനിമകളും പിന്നെ ടൂറിങ്ങ് ടാക്കീസിലെ തറ , ബെഞ്ച് ടിക്കറ്റുകളും പാട്ടുപുസ്തകങ്ങളും അച്ചടിമണമുള്ള നോട്ടീസുകളും ....

(1975 ജൂൺ 25 നു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ മദിരാശിയിലുണ്ട്. 76ൽ ഞാൻ എന്റെ പ്രവാസം മതിയാക്കി നാട്ടിലെത്തി. എത്രയെത്ര സംഭവങ്ങൾക്കാണു ഞാൻ സാക്ഷ്യം വഹിച്ചത്. DMKയിൽ നിന്ന് എം.ജി.ആറിനെ പുറത്താക്കുന്നതും അന്ന് എം.ജി.ആറിന്റെ ആരാധകർ തെരുവിലിറങ്ങുന്നതും പിറ്റേന്ന് തന്നെ തമിഴ്‌നാടിന്റെ ഓരോ വാർഡുകളിലുമുള്ള എം.ജി.ആർ.രസികർ മൻട്രങ്ങൾ അണ്ണാ ദ്രാവിഡ മുന്നേറ്റക്കഴകത്തിന്റെ യൂനിറ്റുകൾ ആകുന്നതും അങ്ങനെയങ്ങനെ.. )

ജീവിതം എന്നെ പഠിപ്പിച്ചത് ..

പ്രകൃതിയിൽ എന്തോ സത്യം ഉണ്ടെന്ന് തോന്നുന്നു. സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്നുണ്ട്. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ആർക്കും പാര വെച്ചിട്ടില്ല. പരദൂഷണം പറഞ്ഞിട്ടില്ല. ആരുടെ ജീവിതത്തിലും കയറി ഇടപെട്ടിട്ടില്ല. കടം വാങ്ങിയാൽ ആർക്കും കൊടുക്കാതിരുന്നിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. അന്നും ഇന്നും ഒരു ദോഷം മാത്രമേ എനിക്കുള്ളൂ, അത് മുൻകോപമാണു. മുൻകോപികൾ പൊതുവെ സാത്വികരും വിശ്വസിക്കാൻ കൊള്ളുന്നവരും ആയിരിക്കും എന്നാണു എന്റെ അനുമാനം. എപ്പോഴും ശാന്തശീലരായി കാണപ്പെടുന്നവരും വളരെ ശ്രദ്ധിച്ച് വർത്താനം പറയുന്നവരും സ്വന്തം കാര്യം മാത്രം നോക്കുന്നവരും വിശ്വസിക്കാൻ പറ്റാത്തവരും ആണെന്ന് തോന്നിയിട്ടുണ്ട്. പരുക്കൻ സ്വഭാവക്കാരെയും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരെയും ആണെനിക്കിഷ്ടം.

നാട്ടിൽ ഇപ്പോൾ വളരെ ശ്രദ്ധിച്ച് സംസാരിക്കുന്നവരാണു ഭൂരിപക്ഷവും. എപ്പോഴും ഒരു സേഫ് പൊസിഷനിൽ നിൽക്കാനുള്ള കരുതലിൽ നിന്നാണു ഈ ശ്രദ്ധ ഉണ്ടാകുന്നത്. അത്പോലെ തന്നെ എല്ലാവരും എല്ലാ കാര്യങ്ങളും വളരെ സീക്രട്ട് ആയി സൂക്ഷിക്കുന്നു. ആരോടും മനസ്സ് തുറക്കില്ല. പറ്റുമെങ്കിൽ വടക്കോട്ട് പോകാനൊരുങ്ങുന്നവൻ തെക്കോട്ടേക്കെന്നാണു പറയുക. ആർക്കും പിടുത്തം കൊടുക്കരുത് എന്ന മനോഭാവം. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ട് ജീവിതത്തിൽ എന്ത് ഉണ്ടാക്കാനാണു.

എന്റെ ബന്ധുവായ ഒരു സ്ത്രീ എപ്പോഴും പറയും, എല്ലാം ഒരു ശ്വാസത്തിൽ തീരുന്നതല്ലേയുള്ളൂ സുകുമാരാ എന്ന്. കേട്ടാൽ തോന്നും അത്രയും ലാഘവമുള്ള മനസ്സുമായിട്ടാണു അവർ ജീവിക്കുന്നത് എന്ന്. അവരുടെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും കിട്ടുകയില്ല. ചിരിക്കുമ്പോൾ ആ ചിരി എവിടെ നിന്നാണു വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റില്ല. ആളുകൾ അധികവും ഇപ്പോൾ അങ്ങനെയാണു. പുറത്ത് കാണന്നവരല്ല അകത്ത്. തമിഴന്മാർക്കും കന്നഡക്കാർക്കും അകത്തും പുറത്തും ഒറ്റ മുഖമേയുള്ളൂ.  മലയാളികളെ പോലെ ഇരട്ടവ്യക്തിത്വം ഉള്ള ആളുകൾ വേറെ സമൂഹങ്ങളിൽ ഇല്ല എന്ന് തോന്നുന്നു. അത്കൊണ്ടൊക്കെ നാട് വളരെ വരണ്ടുപോയി. നാട് എന്ന് പറഞ്ഞാൽ അവിടത്തെ മണ്ണും മരങ്ങളും പ്രകൃതിയും അല്ല, മനുഷ്യരാണു. മനുഷ്യരാണു നമ്മെ നാടുമായി ബന്ധിപ്പിക്കുന്നത്.

സമൂഹം എന്താണോ തനിക്ക് നൽകുന്നത് അതാണു ഓരോ വ്യക്തിയും സമൂഹത്തിനു തിരിച്ചുനൽകുക. മറ്റുള്ളവരിൽ നിന്ന് പാരുഷ്യവും കർക്കശവുമായ പെരുമാറ്റങ്ങൾ എവിടെ പോയാലും ലഭിക്കുമ്പോൾ ആരും ഇന്നത്തെ മലയാളിയായിപ്പോകും. അത്കൊണ്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അപ്പോൾ ഞാൻ പറഞ്ഞുവന്നത് ഇതാണു, നമ്മൾ കരക്ടായി ജീവിച്ചാൽ അതിനുള്ള പ്രകൃതി മുഖേന കിട്ടുക തന്നെ ചെയ്യും. എന്നെ ആരെങ്കിലും നൂറു രൂപ പറ്റിച്ചാൽ ആരെയും പറ്റിക്കാതെ തന്നെ ഇരുന്നൂറു രൂപ എനിക്ക് കിട്ടിയിരിക്കും. ഇതാണു എന്റെ അനുഭവം. ഒരുപാട് സാമർത്ഥ്യവും കൗശലവും പ്രയോഗിച്ച് കുറെ പണവും ഭൗതികസാമഗ്രികളും മറ്റും സമ്പാദിച്ചാലൊന്നും നിർണ്ണായകമായ സന്ദർഭങ്ങളിൽ തുണയ്ക്ക് എത്തുകയില്ല. എപ്പോഴും മനസ്സ് കന്മഷം ഇല്ലാതെ നില നിർത്തുക. അതിനോളം വലിയ സമ്പാദ്യം വേറെയില്ല.

സ്വപ്നങ്ങൾ വേണം !


മറ്റുള്ളവരുടെ കാര്യത്തിലും സമൂഹത്തിന്റെ പ്രശ്നങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന സമയത്തിന്റെ ചെറിയൊരംശമെങ്കിലും സ്വന്തം വീട്ടുകാര്യങ്ങളിൽ ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാണു. എന്തൊക്കെ കാര്യങ്ങൾ വീട്ടിൽ ചെയ്യാൻ ബാക്കിയുണ്ടാകും? അലക്കിയ തുണികൾ മടക്കി വെക്കുക, ചുമരുകളിലും മറ്റുമുള്ള മാറാലകൾ നീക്കം ചെയ്യുക, പൊടിപടലങ്ങൾ തുടച്ചു വൃത്തിയാക്കുക, കീറിപ്പോയ വസ്ത്രങ്ങൾ തുന്നുക, പാത്രങ്ങൾ ഒക്കെ വെടിപ്പായി കഴുകുക, ചിതറിക്കിടക്കുന്ന സാധനങ്ങൾ എല്ലാം അടുക്കും ചിട്ടയിലും എടുത്ത് വെക്കുക, അടുക്കളത്തോട്ടം പരിപാലിക്കുക, പുതിയതായി എന്തെങ്കിലും വിഭവം പാചകം ചെയ്യാൻ പഠിക്കുക എന്നിട്ട് അവയുണ്ടാക്കി പരിമാറുക, കുട്ടികൾക്ക് സാരോപദേശ കഥകൾ പറഞ്ഞുകൊടുക്കുക, വീട്ടിലെ എല്ലാവരുമായും പൊതുവായതും കുടുംബപരവുമായ കാര്യങ്ങൾ ചർച്ച ചെയ്യുക ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

മനസ്സുണ്ടെങ്കിൽ ഇത്രയും കാര്യങ്ങൾ ചെയ്യുന്നത് ഒരു ഭാരമായി തോന്നുകയേയില്ല. ആരാണിവയൊക്കെ ഒരു വീട്ടിൽ ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ എല്ലാവർക്കും അതായത് ഭാര്യയ്ക്കും ഭർത്താവിനും മക്കൾക്കും എല്ലാം ചെയ്യാം. എല്ലാറ്റിനും ഒരു സ്ഥാനം നിർണ്ണയിക്കുകയും അതാത് സാധനങ്ങൾ എടുത്താൽ അതാതിടത്ത് വെക്കുകയും വേണം. വീട് എന്നാൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും മാത്രമുള്ളതല്ല, ആസ്വദിക്കാനും കൂടിയുള്ളതാണു. വീടിന്റെ ഓരോ ചതുരശ്ര ഇഞ്ച് ഇടവും നോക്കി ആസ്വദിക്കാൻ നമുക്ക് കഴിയണം. എന്ത്കൊണ്ടാണു ആളുകൾ ഇത്തരം കാര്യങ്ങൾ നേരാം വണ്ണം ചെയ്യാത്തത്? ശരിയായ കാര്യങ്ങൾ ശരിയായി ചെയ്യാൻ മാനസികമായി അല്പം അധ്വാനമുണ്ട്. അത്കൊണ്ട് കാര്യങ്ങൾ ഒന്നും ശരിയായി ചെയ്യാതിരിക്കലാണു എളുപ്പമായി ആളുകൾക്ക് തോന്നുന്നത്. എപ്പോഴും എളുപ്പമാണു ആളുകൾ നോക്കുന്നത്.

ഇങ്ങനെയാണു ജീവിക്കേണ്ടത് എന്ന് നമുക്ക് ആരോടും പറഞ്ഞുകൊടുക്കാനോ ഉപദേശിക്കാനോ പറ്റില്ല. ഓരോരുത്തർക്കും ഓരോ ജീവിതശൈലിയാണു. എന്നാൽ ചിന്തിക്കാൻ കഴിയുന്നവർ താരതമ്യേന ശരിയായൊരു ജീവിതരീതി സ്വയം ആവിഷ്ക്കരിക്കും. അനായാസമായും ആഹ്ലാദത്തോടെയും ജീവിക്കാനാണു നമുക്ക് കഴിയേണ്ടത്. ശരിയായ ജീവിതരീതി മനസ്സിലാക്കി ജീവിക്കാത്തത്കൊണ്ട് പലരും അനാവശ്യഭാരം ചുമക്കുകയും വെറുതെ ടെൻഷൻ പാട്ടത്തിനു എടുക്കുകയും ചെയ്യുന്നുണ്ട്. അത്കൊണ്ടാണു ഇങ്ങനെ പറയേണ്ടി വരുന്നത്. ഏതാണു ശരി എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണു. എന്നാൽ ചിന്തിക്കുന്ന രണ്ട് പേർ ഇതിനു ഒരേ പോലെയുള്ള ഉത്തരം കണ്ടെത്തും. അങ്ങനെ സാർവ്വജനീനമായ ഒരു ശരി ചിന്തിക്കുന്നവരിൽ പ്രവർത്തിക്കുന്നുണ്ട്. ചിന്താശീലർ സമൂഹത്തിൽ കുറവാണു. അനുകരണത്തിലൂടെയാണു ഭൂരിപക്ഷവും ജീവിതരീതി കണ്ടെത്തുന്നത്.

അണുകുടുംബം ഒരു സൗകര്യമായി തോന്നാമെങ്കിലും പല കാര്യങ്ങളിലും അസൗകര്യങ്ങൾ നിറഞ്ഞതാണു. എടുത്താൽ പൊങ്ങാത്ത ഭാരമാണു അണുകുടുംബം ആളുകളിൽ അടിച്ചേൽപ്പിക്കുന്നത്. അണുകുടുംബത്തിൽ വളരുന്ന കുട്ടികൾക്ക് വളരുമ്പോൾ ആരുമായും ടോളറേറ്റ് ചെയ്യാൻ കഴിയില്ല. അത്കൊണ്ട് കല്യാണം കഴിയുമ്പോഴേക്കും അവർക്ക് തനിവീട് വേണ്ടി വരുന്നു. ഭാര്യയും ഭർത്താവും പറക്കമുറ്റാത്ത മക്കളും എന്നതാണു അണുകുടുംബസങ്കല്പം. പ്രായമായ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ആ സങ്കല്പത്തിൽ സ്ഥാനമില്ല. അണുകുടുംബത്തിൽ വളരുന്നവർക്ക് മറ്റുള്ളവരെ ഉൾക്കൊള്ളാൻ കഴിയും വിധം മനസ്സ് ഒരിക്കലും വികസിക്കുകയില്ല. ഇങ്ങനെയുള്ള മക്കളെ, എല്ലാം കൊടുത്ത് വളർത്തിപ്പോയല്ലോ എന്ന് വാർദ്ധക്യത്തിൽ ഖേദിക്കേണ്ട അവസ്ഥയാണു. ഇതൊരു തുടർക്കഥയാണു.

നാട്ടിൽ എന്റെ വീട് പുതുക്കിപ്പണിയുമ്പോൾ ഞാൻ വിചാരിച്ചു, ഇവിടെ ഒരു കൂട്ടുകുടുംബം പടുത്തുയർത്തണം. എന്റെ മക്കളിലൂടെ അതിനു തുടക്കമിടണം. ഈ വീട്ടിൽ താമസിക്കുന്ന ആർക്കും ഒന്നും എന്റേത് എന്ന് തോന്നരുത്. എല്ലാം എല്ലാവരുടേതുമാണു എന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. ഈ വീട് ഒരിക്കലും ഭാഗം വെക്കരുത്. ഈ ബോധം മക്കളിൽ ഉണ്ടാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതിനു പറ്റിയ ഒരു മരുമകനെയും കിട്ടിയത് അപൂർവ്വഭാഗ്യം എന്നേ പറയേണ്ടൂ. പക്ഷെ നാട്ടിലെ വീട്ടിൽ ഇപ്പോൾ വാടകക്കാരനാണു താമസിക്കുന്നത്. നാട്ടിൽ കൂട്ടുകുടുംബം സ്ഥാപിക്കാൻ കഴിയില്ല. അതിനുള്ള സാമൂഹ്യസാഹചര്യം നാട്ടിലില്ല.

എന്നാലും കൂട്ടുകുടുംബം എന്ന സ്വപ്നം ഞാൻ കൈവിട്ടില്ല. ബാംഗ്ലൂരിൽ നടക്കുമോ എന്നാണു ഇപ്പോഴത്തെ ശ്രമം. മരുമകൻ പ്രവാസിയായതിനാലും അവനു എൻ ആർ ഐ ബാങ്ക് അക്കൗണ്ട് ഉള്ളതിനാലും അതിനുള്ള സാധ്യത തെളിഞ്ഞു വന്നിട്ടുണ്ട്. ബാംഗ്ലൂരിൽ ആറായിരം ചതുരശ്ര അടി സ്ഥലത്തിനു അഡ്വാൻസ് കൊടുത്തു. മൂന്ന് മാസത്തിനകം ആധാരം റജിസ്റ്റർ ചെയ്യണം. എന്നിട്ട് അവിടെ അപാർട്ട്മെന്റ് പണിയണം. തൽക്കാലം വാടകയ്ക്ക് കൊടുക്കാം. പിന്നെ മക്കളുടെ മക്കൾക്കും അവരുടെ മക്കൾക്കും അങ്ങനെയങ്ങനെ. രണ്ട് വർഷം കൊണ്ട് മരുമകന്റെ പ്രവാസത്തിനു വിരാമമിടണം.

നടക്കുമോ എന്നല്ല, ജീവിതത്തിൽ സ്വപ്നങ്ങൾ ഉണ്ടാകണം. അർത്ഥമുണ്ടോ എന്നല്ല, ജീവിച്ചുകൊണ്ട് ജീവിതത്തിനു അർത്ഥമുണ്ടാക്കണം. ഇതാണു എന്റെ ജീവിതവീക്ഷണം. കഴിയുന്നതും മന:സാക്ഷി നമ്മെ വിചാരണ ചെയ്യാനുള്ള അവസരം സൃഷ്ടിക്കാതെയും നോക്കണം. ഇന്ന് നമ്മൾ ചെയ്യുന്ന പ്രവൃത്തിയിൽ നാളെ കുറ്റബോധമോ ഖേദമോ തോന്നാൻ ഇടവരരുത്. നൂറു ശതമാനവും ക്ലീൻ ആകാൻ കഴിയില്ല എങ്കിലും പരമാവധി ശ്രദ്ധിക്കണം, ഒഴിവ്കഴിവുകളെ അഭയം തേടാതിരിക്കുകയും വേണം.

ഇന്ന് നീ നാളെ ഞാന്‍ ....

വേണു നാഗവള്ളിയെ ഓര്‍ക്കുമ്പോള്‍ എനിക്ക് വ്യക്തിപരമായി ദു:ഖമുണ്ട്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു എന്നത് മാത്രമല്ല അതിന് കാരണം.   എത്രയോ സിനിമാനടന്മാരെ നേരില്‍ കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.  ശിവാജി ഗണേശന്‍, എം.ജി.ആര്‍,  പ്രേംസീര്‍ അങ്ങനെ നിരവധി നടന്മാരെ കണ്ടിട്ടുണ്ട്.  ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ സത്യന്‍ ആയിരുന്നു.  സത്യന് മദ്രാസില്‍ സ്വന്തമായി വീട് ഉണ്ടായിരുന്നില്ല. അവസാനം വരെ സ്വാമീസ് ലോഡ്ജില്‍ ആയിരുന്നു സത്യന്‍ താമസിച്ചിരുന്നത്.  സത്യന്‍ മരണപ്പെടുമ്പോള്‍ ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു.  സ്വാമീസ് ലോഡ്ജിന്റെ അടുത്ത് തന്നെ കുറച്ച് ദിവസങ്ങള്‍ താമസിച്ചിട്ടും അദ്ദേഹത്തെ കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.  കാണാമെന്ന് കരുതിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയുന്നത്.  ലൂക്കേമിയ ആയിരുന്നു അദ്ദേഹത്തിന്റെ രോഗമെന്നത് പുറം‌ലോകം അറിഞ്ഞിരുന്നില്ല.  കില്‍‌പ്പാക്കിലെ കെ.ജെ.ഹോസ്പിറ്റലില്‍ വെച്ച് അദ്ദേഹം മരണപ്പെട്ട വാര്‍ത്ത അറിയുമ്പോള്‍ ഞാന്‍ മദ്രാസ് നഗരപ്രാന്തത്തിലെവിടെയോ സഞ്ചരിക്കുകയായിരുന്നു.  സത്യന്റെ മരണത്തെ കുറിച്ച് വീണ്ടും  ഇവിടെ  വായിക്കാനിടയായി. വേണു നാഗവള്ളിയെയും എനിക്ക് നേരില്‍ കാണാന്‍ കഴിഞ്ഞില്ല.

ഒരു കാലത്ത് ഞാന്‍ അല്പം  മുടി വളര്‍ത്തിയിരുന്നു. അന്നതൊരു ഫാഷന്‍ ആയിരുന്നു.  ചിലരൊക്കെ എന്നെ നോക്കി നിനക്കൊരു വേണു നാഗവള്ളി ലുക്ക് ഉണ്ടെന്ന് പറയാറുണ്ടായിരുന്നു. ഞാന്‍ അതൊരു സ്വകാര്യ അഹങ്കാരമായി മനസ്സില്‍ കൊണ്ടു നടക്കുകയും ചെയ്തു വന്നു.  കഴിഞ്ഞ ആഴ്ച  ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ എന്റെ മരുമകന്റെ ചില സുഹൃത്തുക്കള്‍ വന്നിരുന്നു. മരുമകന്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.   മരുമകന്‍ എന്നെ പരിചയപ്പെടുത്തുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു  ഇവരെ കാണുമ്പോള്‍ വേണു നാഗവള്ളിയുടെ ഒരു ഛായ ഉണ്ടെന്ന്.  മുപ്പത് വര്‍ഷം കഴിഞ്ഞിട്ടും  അതേ താരതമ്യം കേട്ടപ്പോള്‍ എന്നിലെ അഹങ്കാരം  എനിക്ക് അടക്കിവെക്കാന്‍ കഴിഞ്ഞില്ല. മരുമകന്‍ അവധി കഴിഞ്ഞ് പോയി.  ഇന്ന് രാവിലെ നേരത്തെ എഴുന്നേറ്റു ഓണ്‍ലൈനില്‍ മാതൃഭൂമി നോക്കിയപ്പോഴാണ് വേണു നാഗവള്ളിയുടെ മരണവാര്‍ത്ത കാണുന്നത്.  മരണത്തെ ധൈര്യപൂര്‍വ്വം  അംഗീകരിക്കാനുള്ള മാനസികമായ തയ്യാറെടുപ്പില്‍ ആയത്കൊണ്ട് പ്രത്യേകിച്ച് ദു:ഖമൊന്നും തോന്നിയില്ല. മുന്‍പൊക്കെ ഇങ്ങനെയായിരുന്നില്ല. ഏത് മരണവും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇന്നലെ വരെ നമ്മോടൊപ്പം ഉണ്ടായിരുന്ന ആള്‍ ഇന്ന്.. മണ്ണിലേക്കുള്ള മനുഷ്യന്റെ മടക്കയാത്ര അന്നൊക്കെ ഉള്‍ക്കൊള്ളാന്‍ മനസ്സിന് പ്രയാസമായിരുന്നു.  മലയാളത്തിന്റെ ശോകനായകന് വിട !

ഒരു നാടന്‍ പാട്ടിന്റെ ......

കുറച്ച് ദിവസങ്ങളായി ബ്ലോഗിലെ ഒന്ന് രണ്ട് പോസ്റ്റുകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാല്‍ അല്പം റിലാക്സിന് വേണ്ടി ചില നാടന്‍ പാട്ടുകള്‍ യൂട്യൂബില്‍ കേള്‍ക്കുകയായിരുന്നു.  “നിന്നെ കാണാന്‍ എന്നെക്കാളും ....  എന്ന ആ പാട്ട് കേള്‍ക്കാന്‍ എനിക്ക് നല്ല രസമാണ്.  ഞാന്‍ പാട്ട് കേട്ടുകൊണ്ടിരിക്കെ എന്റെ പേരക്കുട്ടികളും ഒപ്പം കൂടി.  അവര്‍ക്കും പാട്ട് നന്നെ ഇഷ്ടപ്പെട്ടു...  പാട്ടിന് താളം പിടിക്കുന്ന അവരെ അപ്പോള്‍ ഞാന്‍ മൊബൈലില്‍ പകര്‍ത്തി....


( പാട്ട് ഇവിടെ  )

പെറ്റിക്കേസുകള്‍

പത്ത് നാല്പത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ്. ഞാനന്ന് മദ്രാസില്‍ കോടമ്പാക്കത്ത് താമസിക്കുന്നു. വടപളനിക്കപ്പുറത്തുള്ള വിരുഗമ്പാക്കം അന്ന് ഇന്നത്തെ പോലെ വികസനം വന്നിരുന്നില്ല. വെറും പട്ടിക്കാട്ട് ഗ്രാമം. അവിടെയുള്ള സിനിമാകൊട്ടകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് ഒരു സിനിമ ബോണസ്സായി കാണിക്കാറുണ്ടായിരുന്നു. അതായത് ഒരു ടിക്കറ്റിന് രണ്ട് സിനിമ. ബോണസ്സ് സിനിമ മിക്കവാറും മലയാളം പടങ്ങളായിരിക്കും. ഒരു ദിവസം സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു പോലീസ് വാന്‍ അടുത്ത് നിര്‍ത്തി എന്നോട് വാഹനത്തില്‍ കയറാന്‍ പറഞ്ഞു.  അന്ന് രാത്രി കുറേ പേരോടൊപ്പം ഞാനും പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം  ഞങ്ങളെ എഗ്‌മോര്‍ മജിസ്റ്റേട്ട് കോടതിയില്‍ ഹാജരാക്കി. മജിസ്റ്റേട്ടിന്റെ ചോദ്യത്തിന് ആമാ എന്ന് മാത്രം മറുപടി പറഞ്ഞാല്‍ മതി എന്ന് പോലീസ് ഞങ്ങളോട് പറഞ്ഞിരുന്നു. മജിസ്റ്റേട്ട് ചോദിച്ചതിന്റെ മലയാളം ഇതാണ്. രാത്രി സമയത്ത് നഗരത്തില്‍ ചുറ്റിത്തിരിഞ്ഞിരുന്നോ? ഇനി ആവര്‍ത്തിക്കരുത് കേട്ടോ?  ആമാം അയ്യാ ......

സംശയാസ്പദമായ രീതിയില്‍ ചുറ്റിത്തിരിയുക എന്ന വകുപ്പ് പ്രകാരമാണ് ഞാനന്ന് ലോക്കപ്പില്‍ കിടക്കേണ്ടി വന്നത്. സന്ദേഹക്കേസ് എന്നാണ് തമിഴില്‍ പറയുക. മദ്രാസ് നഗരത്തില്‍ അന്ന് എത്തിപ്പെടുന്ന മലയാളികളായിരുന്നു ഈ സന്ദേഹക്കേസിലെ ഇരകള്‍.  എന്തിനാണ് ഇരകളെ തേടി പോലീസ് രാത്രികാലങ്ങളില്‍ സ്ട്രീറ്റുകളില്‍ റോന്ത് ചുറ്റിക്കൊണ്ടിരുന്നത്? അവര്‍ക്ക് അവരുടെ ക്വാട്ട തികയ്ക്കണമായിരുന്നു. മാസാമാസം ഇത്ര പെറ്റിക്കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന് പോലീസ് സ്റ്റേഷനുകള്‍ക്ക് ക്വാട്ട നിശ്ചയിച്ച് നല്‍കുന്നു. ഒരു കാരണവശാലും കഴിഞ്ഞ മാസം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ ഈ മാസം കുറവ് വരുത്തരുത്. കൂടാനേ പാടുള്ളൂ. കുറ്റങ്ങള്‍ നാട്ടില്‍ കൂടാനേ പാടുള്ളൂ എന്ന് പോലീസിനെ പഠിപ്പിക്കുന്ന ഈ നീയമം ഉണ്ടാ‍ക്കിയത് ആരാണ്? ബ്രിട്ടീഷുകാര്‍. ഇപ്പോഴും ഈ കിരാതമായ ഏര്‍പ്പാട് നാട്ടില്‍ തുടരുന്നു.  അതാണ് ഇപ്പോള്‍ കോടതിയുടെ വിമര്‍ശനത്തിന് ഇടയായിരിക്കുന്നത്. പെറ്റിക്കേസുകള്‍ക്ക്  ക്വാട്ട നിശ്ചയിക്കുന്നത് നിയമവിരുധമാണെന്ന് കോടതി വിധിച്ചിരിക്കുന്നു. കേരളത്തില്‍ വാഹനങ്ങളില്‍ പോകുന്നവരാണ് ഈ മുന്‍‌നിശ്ചിത പെറ്റിക്കേസുകള്‍ക്ക് ഇരയാകുന്നത്.

പെറ്റിക്കേസുകള്‍ മാത്രമല്ല വെള്ളക്കാരന്‍ ഉണ്ടാക്കിയ എത്രയോ ജനവിരുദ്ധനിയമങ്ങള്‍ ഇവിടെ ഇപ്പോഴും നിലവിലുണ്ട്.  സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തന്നെ എല്ലാം ഒന്ന് ശുദ്ധീകരിക്കേണ്ടതായിരുന്നു. പക്ഷെ മുടിഞ്ഞ കക്ഷിരാഷ്ട്രീയം നിമിത്തം അത്തരമൊരാലോചന എവിടെയും നടന്നില്ല.  പരസ്പരം പഴി ചാരിയും ഇല്ലാത്തതും ഉള്ളതുമായ കുറ്റങ്ങള്‍ പര്‍വ്വതീകരിച്ചും എതിര്‍പാര്‍ട്ടികളെ ശത്രുക്കളായി അവതരിപ്പിച്ചും അധികാരത്തില്‍ കയറിപ്പറ്റാനാണ് കക്ഷിരാഷ്ട്രീയക്കാര്‍ മത്സരിച്ചത്. ഫലമോ നമ്മുടെ സമൂഹം ഒട്ടും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടില്ല. അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയക്കാരന്റെ ദുരയ്ക്ക് കൂടി നമ്മള്‍ ഇരകളായി. മറ്റ് പാര്‍ട്ടികളെ കൂട്ട്കെട്ട് നോക്കിയും അപ്പപ്പോഴത്തെ അവസരവാദപരമായ നിലപാടുകള്‍ അടിസ്ഥാനമാക്കിയും അര്‍ത്ഥമറ്റ വാക്കുകളാല്‍ എതിര്‍ത്ത് പ്രസംഗിച്ച് അണികളുടെ രോമം കമ്പിത്തിരിയാക്കി മൂത്ത് മുരടിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെയാവുന്നത്. അവരില്‍ നിന്ന് ഭാവനാപൂര്‍ണ്ണമായ നടപടികള്‍ എങ്ങനെ പ്രതീക്ഷിക്കാനാവും? തെരഞ്ഞെടുക്കപ്പെട്ട് ഒരാള്‍ ജനപ്രതിനിധിയായാല്‍ അയാള്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധിയായാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന സാമാന്യമര്യാദ പോലും ഇവിടത്തെ രാഷ്ട്രീയജന്മങ്ങള്‍ക്ക് ബാധകമല്ല.  പഞ്ചായത്തിലെ വാര്‍ഡ് മെംബര്‍ ആ‍ായാലും മുഖ്യമന്ത്രിയായാലും പാര്‍ട്ടിയാണ് തനിക്കും കുടുംബത്തിനും അന്നം തരുന്നത് എന്ന വിധേയത്വമാണ് ഓരോ നേതാവിനും. പിന്നെ എങ്ങനെയാണ് ഇവര്‍ക്കൊക്കെ നാട് നന്നാക്കാനാവുക?

കോടതികള്‍ വിധിക്കുന്ന പല വിധികളും നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കാനും ഒരു പരിഷ്കൃത സിവില്‍ സമൂഹത്തിന്റെ പുനര്‍സൃഷ്ടിക്കും സഹായകരമായിരുന്നു. പക്ഷെ കോടതികള്‍ക്ക് വിധി പ്രസ്ഥാവിക്കാനല്ലെ കഴിയൂ.  കക്ഷിരാഷ്ട്രീയക്കാര്‍ക്ക് ഓരോരുത്തര്‍ക്കും  വ്യത്യസ്തതാല്പര്യമുണ്ട്.  വയറ്റ്പിഴപ്പിന് വേണ്ടി അവര്‍ക്ക് വഴിവക്കില്‍ പ്രസംഗിച്ചേ മതിയാവൂ.  സ്ക്കൂള്‍ ഗ്രൌണ്ടുകളിലോ,  ഓഡിറ്റോറിയത്തിലോ പ്രസംഗം വെച്ചാല്‍ ആ‍രും വരില്ല. അത്കൊണ്ടാണ് പൊതുനിരത്തില്‍ യോഗം ചേരരുത് എന്ന കോടതി വിധിയെ എതിര്‍ക്കുന്നത്. ചുരുക്കത്തില്‍ കക്ഷിരാഷ്ട്രീയക്കാരന്‍ ചിന്തിക്കുന്നത് എല്ലായ്പ്പോഴും തന്റെ പാര്‍ട്ടിയുടെ നിലനില്പും അത് വഴി തന്റെ അധികാകാരവും  കുടുംബത്തിന്റെ ഭദ്രതയുമാണ്.  ജനങ്ങളാകട്ടെ പലതരം അണികളായി വിഭജിക്കപ്പെട്ടുമിരിക്കുന്നു. തങ്ങളുടെ പാര്‍ട്ടിയും നേതാക്കളും നന്നാവണം എന്നേ അണികള്‍ക്കുള്ളൂ. ഈ സമ്പ്രദായം രാഷ്ട്രീയമല്ല.  ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളും കക്ഷിരാഷ്ട്രീയക്കാരോട് വിധേയത്വമില്ലാത രാഷ്ട്രബോധമുള്ള സ്വതന്ത്രമായി ചിന്തിക്കുന്ന ജനതയും അതാണ് രാഷ്ട്രീയം. അത്തരം ഒരു ജനസമൂഹം ഇവിടെ രൂപപ്പെടുന്നത് വരെ പെറ്റിക്കേസുകള്‍ എന്നല്ല വെള്ളക്കാരന്‍ ഉണ്ടാക്കി വെച്ചിട്ട് പോയ പല നിയമങ്ങളും കീഴ്വഴക്കങ്ങളും ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരിക്കും.

പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്വബോധത്തില്‍ നിന്ന് മോചിതരാകുന്നത് അരാഷ്ട്രീയമല്ല അതാണ് ശരിയായ രാഷ്ട്രീയം എന്ന് വിദ്യാഭ്യാസമുള്ളവരെങ്കിലും തിരിച്ചറിയണം. ഈ പ്രസ്ഥാവന സോ കോള്‍ഡ് ബുദ്ധിജീവികള്‍ക്ക് ബാധകമല്ല. കക്ഷിരാഷ്ട്രീയ നേതാക്കളെ വിഗ്രഹങ്ങളാക്കി പൂജിയ്ക്കാതിരിക്കുന്നതാണ് അരാഷ്ട്രീയം എന്നാണ് ബുദ്ധിജീവികള്‍ നമ്മോട് പറയുന്നത്. കക്ഷിരാഷ്ട്രീയതാല്പര്യങ്ങള്‍ക്ക് മേലെയാണ് രാഷ്ട്രത്തിന്റെ താല്പര്യം, അതാണ് ജനങ്ങളുടെ രാഷ്ട്രീയം.


( ഈ ലേഖനം ഞാന്‍  കെ.പി.സുകുമാരന്‍  ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്)

അറിവ് വേറെ ; ഭാഷ വേറെ

ഹരീഷിന്റെ ബ്ലോഗ് വായിച്ച്  അവിടെ നിന്ന്  "വെറുതെ ഒരു സ്വപ്നം" എന്ന ബ്ലോഗില്‍ എത്തി. അവിടെ എഴുതിയ ഒരു കമന്റ് ഇവിടെയും പേസ്റ്റ് ചെയ്യുന്നു. നാട്ടിലെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം എന്റെയൊരു സ്വകാര്യദു:ഖമാണ്.  മഞ്ജു മനോജിന്റെ ബ്ലോഗ് വായിച്ചപ്പോള്‍ ആശ്വാസം തോന്നി. അതാണ് ആ കമന്റ് ഇവിടെയും പബ്ലിഷ് ചെയ്യുന്നത്. കുറച്ചു കൂടി ഇവിടെ എഴുതാമായിരുന്നു, ഒരു പോസ്റ്റ് എന്ന നിലയ്ക്ക്.  പക്ഷെ എത്ര എഴുതിയിട്ടെന്ത് കാര്യം !

"മഞ്ജുവിന്റെ കുട്ടികള്‍ ഇന്ത്യന്‍ സിലബസില്‍ പഠിക്കാത്തത് ഒരിക്കലും നിര്‍ഭാഗ്യമല്ല. എന്നാല്‍ പോസ്റ്റ് വായിച്ചപ്പോള്‍ കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ കഴിയുന്നത് ഭാഗ്യമായെന്നും പറയാന്‍ തോന്നുന്നു.  കേരളത്തിലെ കുട്ടികളാണ് ശരിക്കും നിര്‍ഭാഗ്യവാന്മാര്‍ എന്ന് പറയട്ടെ. അവര്‍ക്ക് ബാല്യവുമില്ല, ശരിയായ വിദ്യാഭ്യാസവും കിട്ടുന്നില്ല എന്നതാണ് അവസ്ഥ.  ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണ്. പരമാവധി ആളുകളുമായി ആശയവിനിമയം സാധ്യമാക്കുന്ന തരത്തില്‍ ഒരു ലോകഭാഷയായി ഇംഗ്ലീഷ് വികസിച്ചു വന്നത് നല്ലത് തന്നെ. ആ നിലയ്ക്ക് ഇംഗ്ലീഷിന് പ്രാധാന്യവുമുണ്ട്. കുട്ടികള്‍ ഒരു സംസാരഭാഷയായി ഇംഗ്ലീഷ് അഭ്യസിക്കേണ്ടതുമാണ്. എന്ന് വെച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചാലേ അത് സാധ്യമാകൂ എന്നുണ്ടോ?  ഇംഗ്ലീഷ് ഒരു ഭാഷയായി മാത്രം പഠിച്ചാല്‍ പോരേ? സബ്‌ജക്റ്റ് ഏത് ഭാഷയില്‍ പഠിച്ചാല്‍ എന്താ? അറിവിന് ഭാഷയില്ല. അറിവ് വേറേ, ഭാഷ വേറെ.  ഭാഷയ്ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്, അറിവിനാണ്. ഭാഷ ഏത് പ്രായത്തിലും സ്വായത്തമാക്കാന്‍ കഴിയും. അറിവ് അങ്ങനെയല്ല. അറിവ് ആര്‍ജ്ജിക്കാനുള്ള വാസന കുട്ടിക്കാലത്ത് ഇല്ലാതെ പോയാല്‍ പിന്നെ അറിവിനോട് ആഭിമുഖ്യം ഒരിക്കലും ഉണ്ടാവില്ല. ഈ വാസന കുട്ടികളില്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഔപചാരിക വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം നാട്ടില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഭാഷയ്ക്കാണ് പ്രാമുഖ്യം കല്‍പ്പിക്കപ്പെടുന്നത്. അറിവ് മക്കള്‍ക്ക് വേണം എന്ന് പോലും രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല. മാര്‍ക്ക്, ഗ്രേഡ്, എന്‍‌ട്രന്‍സ് പരീക്ഷ അങ്ങനെ പോകുന്നു അവരുടെ ആകുലതകള്‍ .

പണം ഉണ്ടാക്കുന്ന യന്ത്രങ്ങളായാണ് മക്കളെ വളര്‍ത്താന്‍ താല്പര്യപ്പെടുന്നത്. അത്കൊണ്ട് മക്കള്‍ക്ക് നഷ്ടപ്പെടുന്ന ബാല്യത്തെക്കുറിച്ച് , അവരുടെ നൈസര്‍ഗ്ഗികമായ വാസനകളെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്നത് ശരിക്കും പറഞ്ഞാല്‍ ബാലപീഢനമാണ്.  സ്കൂള്‍ വാനുകളിലോ സ്വന്തം വാഹനങ്ങളിലോ മാത്രമാണ് യാത്ര. ഇതൊക്കെ ചെയ്യുന്നത് വെറും ഇംഗ്ലീഷിന് വേണ്ടി.  എന്നിട്ടോ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നുണ്ടോ?  മിക്ക ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മലയാളത്തിലാണ് ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്ന ടീച്ചര്‍മാര്‍ കേരളത്തില്‍ കുറവാണ്. അങ്ങനെ ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷുമില്ല, അറിവുമില്ല, ഭാവിയില്‍ അയവിറക്കാന്‍ ബാല്യകാലസ്മരണകളുമുണ്ടാവില്ല എന്നതാണ് സ്ഥിതി.  സബ്ജക്റ്റുകള്‍ മാതൃഭാഷയില്‍ പഠിച്ചാല്‍ മതിയായിരുന്നു. സംസാരഭാഷയായി ഇംഗ്ലീഷ് ഒന്നാം ക്ലാസ്സ് മുതല്‍ പഠിക്കാനുള്ള ഏര്‍പ്പാട് ചെയ്യാമായിരുന്നു.  ഇപ്പോള്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ അഭിമാനപ്രശ്നവുമായി മാറി. പൊങ്ങച്ചത്തിനപ്പുറമൊന്നുമില്ല, എന്ത് ചെയ്യും?

ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്, മഞ്ജുവിന്റെ മക്കള്‍ എത്ര ഭാഗ്യവാന്മാരാണ്. ഇങ്ങനെയൊരു അമ്മയെ കിട്ടിയല്ലൊ. "

വീടും നമ്മളും

ഭാരതതത്വചിന്തപ്രകാരം ശരീരം എന്നാല്‍ ആത്മാവ് കുടിയിരിക്കുന്ന വീടാണ്. വെറും വാടകവീട്. ഒഴിഞ്ഞുകൊടുത്തേ പറ്റൂ. എന്നാല്‍ ഐഹികജീവിതത്തില്‍ നമ്മള്‍ വീട് ഏറ്റവും മോടിപിടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ ഒരു വീട് നിര്‍മ്മിച്ച് പൂര്‍ത്തിയാക്കിയത് അടുത്ത കാലത്താണ്. അപ്പോഴേക്കും മക്കള്‍ക്ക് ജോലിയൊക്കെ ശരിയായിരുന്നു. മക്കള്‍ക്ക് ജോലിയും നമുക്ക് പ്രായവും ആയാല്‍ പിന്നെ നമ്മുടെ മുന്‍പില്‍ രണ്ട് ഓപ്ഷനേയുള്ളൂ. ഒന്നുകില്‍ സ്വന്തം വീട്ടില്‍ ഭാര്യയുമൊത്ത് കഴിയാം. അല്ലെങ്കില്‍ മക്കളുടെ കൂടെ പോയി താമസിക്കാം. ഞാന്‍ രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുത്തത്. സ്വന്തം വീട് പൂട്ടിയിട്ടിരിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ ഇങ്ങനെയുള്ള വീടുകള്‍ ധാരാളം കാണാം.  ഇപ്പോള്‍ ഞാന്‍ നാട്ടില്‍ മകളുടെ വീട്ടിലാണുള്ളത്.  ബാംഗ്ലൂരില്‍ നിന്ന് മകന്‍ കാണാനെത്തി. അവന്‍ എടുത്ത ചിത്രങ്ങളില്‍ ഒന്ന് രണ്ട് ഇവിടെ പബ്ലിഷ് ചെയ്യുന്നു.




                                                      താഴെ മകന്‍ സുമേഷ്
                                                               വീട് മറ്റൊരു ദൃശ്യം

ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡും ചില്ലറക്കാര്യങ്ങളും

ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം ഒരു ബ്ലോഗ് മത്സരം നടത്തുന്നതായി അറിഞ്ഞിരുന്നു. കൂടുതല്‍ അങ്ങോട്ട് ശ്രദ്ധിച്ചിരുന്നില്ല. ഒന്നാമത് അതില്‍ താല്പര്യം ഉണ്ടായിരുന്നില്ല. ഏറ്റവും നല്ല ബ്ലോഗിനെ എങ്ങനെയാണ് തെരഞ്ഞെടുക്കുക? ഇനി അഥവാ അങ്ങനെ തെരഞ്ഞെടുത്താലും, തെരഞ്ഞെടുക്കപ്പെട്ട ആ ബ്ലോഗ് ഏറ്റവും നല്ല ബ്ലോഗ് ആണെന്ന് എങ്ങനെയാണ് പറയുക? വായിച്ചു പോകുന്ന കൂട്ടത്തില്‍ ആ മത്സരത്തെ പറ്റി ഞാന്‍ ബൂലോകം ഓണ്‍ലൈനില്‍ ഒരു കമന്റ് എഴുതിയിരിന്നു ഇങ്ങനെ: ഏറ്റവും നല്ല ബ്ലോഗ് എന്ന് ബ്ലോഗിനെ തെരഞ്ഞെടുക്കുന്ന രീതി അശാസ്ത്രീയമാണെന്ന് പറയാതെ വയ്യ. ഓരോ വര്‍ഷവും വിവിധ വിഭാഗങ്ങളില്‍ ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റുകളെ തെരഞ്ഞെടുക്കാം. തമിഴ്‌മണം എന്ന തമിഴ് അഗ്രഗേറ്റര്‍ എത്ര വൃത്തിയായി ഈ വര്‍ഷത്തെ ബ്ലോഗ് അവാര്‍ഡ് മത്സരം നടത്തുന്നു എന്ന് നോക്കുക. ഞാന്‍ എന്നിട്ട് ആ മത്സരത്തിന്റെ ലിങ്കും കൊടുത്തിരുന്നു. എന്റെ കമന്റ് ബൂലോകം ഓണ്‍ലൈന്‍ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. ഇനി ശ്രദ്ധയില്‍ പെട്ടാലും കാര്യമില്ല. കാ‍രണം അത്ര ഡീസന്റായി, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഭൂരിപക്ഷം ബ്ലോഗര്‍മാരുടെ പങ്കാളിത്തത്തോടെ അത്തരം ഒരു മത്സരം നടത്താനോ മികച്ച പോസ്റ്റുകളെ ഓരോ വിഭാഗത്തിലും കണ്ടെത്തി അതാത് ബ്ലോഗര്‍മാരെ സമ്മാനം നല്‍കി ആദരിക്കാനോ മലയാളത്തില്‍ ഒരു കാരണവശാലും കഴിയില്ല.

അത്കൊണ്ട് ഈ മത്സരത്തെ പറ്റി പിന്നീട് ഞാന്‍ ഒന്നും ശ്രദ്ധിക്കാന്‍ പോയതുമില്ല. ആരെങ്കിലും എന്റെ ബ്ലോഗ് നോമിനേഷന്‍ കൊടുത്ത് എനിക്ക് വോട്ടും നല്‍കി തെരഞ്ഞെടുത്ത് എന്നെ അപമാനിക്കും എന്ന ആശങ്ക ഒട്ടുമില്ലാത്തതിനാല്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല എന്ന് പറയുന്നതാവും ശരി. അവാര്‍ഡ് മത്സരത്തെ അധികമാരും എതിര്‍ത്തിട്ടില്ല എന്ന് തോന്നുന്നു. എതിര്‍ത്താല്‍ അവാര്‍ഡ് കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ കൊതിക്കെറുവ് കൊണ്ട് എതിര്‍ക്കുന്നു എന്ന ആക്ഷേപത്തിന് ഇരയായാലോ എന്ന് ഭയന്ന് ആരെങ്കിലും എതിര്‍ക്കാന്‍ സാധ്യത കുറവാണ്. ഞാന്‍ തന്നെ ശ്രദ്ധിച്ചിട്ടാണ് ആ കമന്റ് എഴുതിയിരുന്നത്. ഇന്ന് ഒന്ന് രണ്ട് ബ്ലോഗുകളില്‍ ആ മത്സരത്തെ പറ്റി ചില പരാമര്‍ശങ്ങള്‍ കാണാനിടയായി. ബ്രൈറ്റ് എന്ന ബ്ലോഗര്‍ ഒരു വണ്‍‌മാന്‍ ഷോ ആയാണ് ഈ മത്സരം ഏര്‍പ്പാടാക്കിയത് എന്നും ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടുണ്ട് എന്നും അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുള്ള ഒരു ബ്ലോഗ്ഗര്‍ എനിക്ക് അവാര്‍ഡ് നല്‍കുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കണം എന്നും മറ്റും വായിക്കാന്‍ ഇടയായി. എന്തായാലും വോട്ടെടുപ്പ് തുടരുമെന്നും അറിയിപ്പ് കണ്ടു. അത് നടക്കട്ടെ, ഇങ്ങനെയൊക്കെയെ നമുക്ക് കഴിയൂ!

ഞാന്‍ നാട്ടില്‍ എപ്പോഴൊക്കെ വരുന്നുവോ അപ്പോഴൊക്കെ നാട്ടില്‍ അപ്രതീക്ഷിതബന്ദും പതിവായിരുന്നു. ഇപ്രാവശ്യവും പതിവ് തെറ്റിയില്ല. നാളെ (29-12-09) ബന്ദാണ്. പേര് ഹര്‍ത്താല്‍, പേരില്‍ എന്തിരിക്കുന്നു സംഗതി ബന്ദ് തന്നെ. ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു, കോംഗ്രസ്സുകാരുടെ ഹര്‍ത്താലാണെങ്കില്‍ പേടിയില്ല ഞങ്ങള്‍ വണ്ടി എടുക്കാറുണ്ട്. ഇത് ബി.ജെ.പി.യുടേതാണ്. എന്തായാലും നാളെ സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനജീവിതം സ്തംഭിക്കുകയില്ല. ഒരു ഹര്‍ത്താല്‍ അല്ലെങ്കില്‍ ബന്ദ് കേരളത്തില്‍ വിജയിപ്പിക്കണമെങ്കില്‍ അതിന് വലിയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യണമെന്നൊന്നുമില്ല. പത്ത് സാമൂഹ്യവിരുദ്ധര്‍ നാളെ ഹര്‍ത്താല്‍ എന്നൊന്ന് പറഞ്ഞാല്‍ മതി, ചാനലുകാര്‍ അത് ലോകം മൊത്തം വിളംബരം ചെയ്ത് ജനങ്ങളെ ബന്ദികളാക്കി വീട്ടില്‍ ഇരുത്തിത്തരും. വിലക്കയറ്റമാണ് ബി.ജെ.പി. യെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചതത്രെ. വിലക്കയറ്റം കേന്ദ്രസൃഷ്ടിയാണെന്നാണ് സംസ്ഥാനഭരണക്കാര്‍ പറയുന്നത്. സംസ്ഥാനങ്ങളാണ് വില നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്രനും പറയുന്നു. എനിക്കിതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ല. സാധനങ്ങളുടെ ലഭ്യത കുറയുമ്പോഴാണ് വില കയറുന്നത്. ഈ അവസരം രണ്ട് സംഗതികള്‍ നടക്കുന്നു, വില കയറുമ്പോള്‍ കച്ചവടക്കാര്‍ തോന്നിയ പോലെയാണ് സാധനങ്ങള്‍ക്ക് വില ഈടാക്കുന്നത്. അടുത്തടുത്തുള്ള കടകളില്‍ പോലും വിലകളില്‍ വലിയ അന്തരം കാണാം. വിലക്കയറ്റം എന്ന് ആരെങ്കിലും ഉച്ചരിച്ചാല്‍ മതി കൊള്ളലാഭം കൊയ്യാനുള്ള പ്രവണത കച്ചവടക്കാരില്‍ കാണുന്നു. മറ്റൊന്ന് വില കൂടുന്ന സാധനങ്ങള്‍ക്ക് ഉപഭോഗാസക്തിയും കൂടുന്നു. നേന്ത്രപ്പഴത്തിന് കിലോ 36 രൂപയായപ്പോള്‍ ഒരു കിലോ വാങ്ങുന്നവന്‍ രണ്ട് കിലോ ആണ് വാങ്ങുന്നത്. ഇതില്‍ കേന്ദ്രനും സ്റ്റെയിറ്റനും പരസ്പരം പഴി ചാരി കൊള്ളക്കച്ചവടക്കാര്‍ക്ക് അനുകൂലസാഹചര്യം ഒരുക്കുന്നു. കച്ചവടക്കാരെ നിയന്ത്രിക്കാന്‍ സംവിധാനവുമില്ല, ഉപഭോക്താക്കള്‍ സ്വയംശിക്ഷിതരുമല്ല.

ദിവാകരന്‍ മന്ത്രി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. വിലക്കയറ്റം ആളുകള്‍ക്ക് ഒരു പ്രശ്നമേയല്ല. ആളുകളുടെ കൈയ്യില്‍ ഇഷ്ടം പോലെ കാശുണ്ട്. പഴം-പച്ചക്കറി വാങ്ങാനും മീന്‍ മാര്‍ക്കറ്റില്‍ വരുന്നവരുമൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായാണ് വരുന്നത്. വില ചോദിക്കുന്നത് പോലുമില്ല. കടക്കാരന്‍ കൊടുക്കുന്ന ബാക്കിയുമായി പോകുന്നു. എന്ത് ജോലിക്ക് പോയാലും സുഭിക്ഷമാ‍യ ഭക്ഷണവും കഴിഞ്ഞ് മുന്നൂറോ നാനൂറോ രൂപ ഇന്ന് കൂലി കിട്ടും. ചെറുപ്പക്കാര്‍ വെള്ളമടിച്ചും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തുമാണ് ഈ കാശൊക്കെ തീര്‍ക്കുന്നത്. ബി.ജെ.പി.യുടെ ബന്ദ് നടക്കട്ടെ. കുറച്ച് പേര്‍ക്ക് വിഷമം നേരിടും. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതിയാല്‍ മതി. ഹര്‍ത്താല്‍ കൂടിയാലേ മദ്യവില്പന കൂടൂ, മദ്യവില്പന കുടിയാലേ സര്‍ക്കാര്‍ നിലനില്‍ക്കൂ.

ലോണ്‍ എടുത്ത് നിര്‍മ്മിച്ച നാട്ടിലെ വീട് പൂട്ടിയിട്ടിട്ടാണ് ഞങ്ങള്‍ ബാംഗ്ലൂരില്‍ താമസിക്കുനത്. ഇങ്ങനെ നാട്ടില്‍ ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ നിരവധിയുണ്ട്. എന്നിട്ടും പുതിയ പുതിയ വീടുകളുടെ നിര്‍മ്മാണം നാട്ടില്‍ നിര്‍ബ്ബാധം നടക്കുന്നു. പണിക്കാരെ കിട്ടാനില്ല, മണലിനാണെങ്കില്‍ പൊന്നിന്റെ വില. സാമ്പത്തിക മാന്ദ്യം വേറെ. ഇതൊന്നും നാട്ടിലെ കണ്‍സ്ട്രക്‍ഷന്‍ മേഖലയെ ബാധിച്ചിട്ടില്ല. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന കോടിക്കണക്കിന് രൂപ ഇവിടെ മണിമന്ദിരങ്ങളായി മാറുന്നു. ഭീമമായ ഈ സംഖ്യ ഒരു പ്രത്യുല്പാദന മേഖലയിലും നിക്ഷേപിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്കരണത്തിന്റെ ഇന്നത്തെ ബാക്കിപത്രം ഇതാണ്, തുണ്ട് തുണ്ട് ഭുമികളും അതില്‍ കൊട്ടാരസദൃശമായ ബംഗ്ലാവുകളും. ഉള്ള മുഴുവന്‍ സ്ഥലത്തും വീട് പരത്തിപ്പണിയാനുള്ള പ്രവണതയാണ് കാണുന്നത്. ഗേറ്റ് വരെ സിമന്റ് കട്ടകള്‍ നിരത്തുകയും ചെയ്യുന്നു. ഒരിറ്റ് മഴ വെള്ളം പോലും ഭൂമിയില്‍ ഇറങ്ങിപ്പോകരുത് എന്ന് നിര്‍ബ്ബന്ധമുള്ള പോലെ.

ബാംഗ്ലൂരില്‍ നിന്ന് വരുമ്പോള്‍ ഇനി രണ്ടാഴ്ചത്തേക്ക് ബ്ലോഗ് എഴുതേണ്ട എന്ന് കരുതിയതാണ്. നോക്കുമ്പോള്‍ ഇവിടെ നല്ല സ്പീഡ് ഉള്ള നെറ്റ് കണക്‍ഷനുണ്ട്. ആരോടാണ് വര്‍ത്തമാനം പറയേണ്ടത്. എല്ലാവര്‍ക്കും സ്വന്തം കാര്യമേയുള്ളൂ. ഒരു കാര്യവുമില്ലെങ്കില്‍ ഒരു കുശലം പറയാന്‍ പോലും ആര്‍ക്കും കൌതുകമില്ല. അത്കൊണ്ട് മനസ്സിലുള്ളത് ബ്ലോഗോട് പറയാം എന്ന് കരുതി ഇരുന്നതാണ്. പക്ഷെ ടൈപ്പ് ചെയ്ത് വന്നപ്പോള്‍ എന്തൊക്കെയോ ആയിപ്പോയി. ഇനിയിത് ഇവിടെ കിടക്കട്ടെ. ചേതമൊന്നുമില്ലല്ലൊ.

ജീവിതരേഖകള്‍

ഞാന്‍ ഇന്ന് കണ്ട ഒരു വീഡിയോ ആണിത്. നിങ്ങളും കാണണമെന്ന് ആഗ്രഹം തോന്നിയതിനാല്‍ അത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. Passing afternoon എന്ന പേര് മലയാളീകരിച്ചു പോസ്റ്റിന് തലക്കെട്ടായി കൊടുക്കാമെന്ന് കരുതിയപ്പോള്‍ ഉചിതമായ വാചകം കണ്ടെത്താന്‍ കഴിഞ്ഞില്ല. നെറ്റില്‍ നിന്ന് വീഡിയോ കാണുമ്പോള്‍ ലോഡ് ആയി വരാന്‍ താമസം നേരിടുന്നത് ദൃശ്യസുഖം അസാധ്യമാക്കുന്നു. അതിന് ഞാന്‍ ചെയ്യുന്നത് , എന്റെ സിസ്റ്റത്തില്‍ Real Player ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ റീയല്‍ പ്ലേയര്‍ അത് ഡൌണ്‍‌ലോഡ് ചെയ്തോളും. വിന്‍ഡോ മിനിമൈസ് ചെയ്തിട്ട് ഞാന്‍ വേറെ എന്തെങ്കിലും വായിക്കും. ഇന്‍സ്റ്റാള്‍ ആ‍യിക്കഴിഞ്ഞാല്‍ റീയല്‍ പ്ലേയറില്‍ സുന്ദരമായി കാണാം. RealPlayer ന്റെ ബേസിക് പ്ലേയര്‍ ഡൌണ്‍‌ലോഡ് ചെയ്താല്‍ മതി.


Passing Afternoon from Matthew McGlennen on Vimeo.

ദുരവസ്ഥയ്ക്ക് കാരണം

എനിക്ക് മനസ്സിലായി. ശരിയായി ചിന്തിക്കുന്നവര്‍ , ഭാവനയുള്ളവര്‍ , ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഉള്ളവര്‍ എല്ലാ മേഖലകളിലുമുണ്ട്. രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളിലും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ , മാധ്യമങ്ങളില്‍ , വിദ്യാഭ്യാസരംഗത്ത്, പോലീസില്‍ , അങ്ങനെ എന്തിന് എല്ലാം പേരെടുത്ത് പറയണം സമൂഹത്തിന്റെ സമസ്ത മേഖലയിലും നല്ലവരുണ്ട്. പക്ഷെ അവര്‍ക്കൊന്നും ഒരിക്കലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ എത്താന്‍ കഴിയുന്നില്ല. കാരണം നല്ലവരായവര്‍ ഒരിക്കലും കുതന്ത്രങ്ങള്‍ മെനയുന്നില്ല,പാരകള്‍ പണിയുന്നില്ല, തന്നെ പറ്റി മാത്രം ചിന്തിക്കുന്നില്ല. ഇതെല്ലാം വളരെ കൌശലപൂര്‍വ്വം,നീചമായി ചെയ്യുന്നവരാണ് അധികവും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളും പദവികളും പിടിച്ചു പറ്റുന്നത്. നല്ലവരായവര്‍ യാദൃച്ഛികമായി എങ്ങനെയോ എവിടെയൊക്കെയോ എത്തിപ്പെട്ടാലായി. ചുരുക്കത്തില്‍ , കള്ളനാണയങ്ങള്‍ എവിടെയും മേധാവിത്വം ഉറപ്പിക്കുന്നു. പിന്നെ എങ്ങനെ കാര്യങ്ങള്‍ നേരെയാവും? ഇല്ല നോ ചാന്‍സ്!

തലക്കെട്ട് വേണ്ടാത്തത്

തലക്കെട്ട് വേണ്ടാത്തത് എന്ന തലക്കെട്ടില്‍ മയൂര എന്ന ബ്ലോഗ്ഗര്‍ ഒരു കവിത തന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് ഇതിന് മുന്‍പ്. എനിക്കെന്തെങ്കിലും ഇപ്പോള്‍ എഴുതണമായിരുന്നു. ഇതിന് യഥാര്‍ഥത്തില്‍ ഒരു തലക്കെട്ട് ആവശ്യമില്ല. ഒന്നാമത് ആരെങ്കിലും ഇത് വായിക്കണം എന്ന് എനിക്ക് നിര്‍ബന്ധമില്ല. മറ്റൊന്ന് ഇതൊരു വിഷയമല്ല. വെറുതെ എന്ന് വെച്ചാല്‍ വെറും വെറുതെ ഒരു കുത്തിക്കുറിക്കല്‍. പിന്നെന്തിന് ഒരു തലക്കെട്ട്. എന്നാല്‍ പിന്നെ ഇങ്ങനെ ഒരു തലക്കെട്ട് നില്‍ക്കട്ടെ എന്ന് വെച്ചപ്പോഴാണ് മയൂരയില്‍ നിന്ന് എനിക്ക് ഈ തലക്കെട്ട് കടം വാങ്ങേണ്ടി വന്നത്. ഒന്നോര്‍ത്താല്‍ ഈ ജീവിതത്തില്‍ നമുക്ക് സ്വന്തമായി എന്താണുള്ളത്? എല്ലാം ആരില്‍ നിന്നെങ്കിലും കടം വാങ്ങുന്നതല്ലേ? തീര്‍ച്ചയായും ജീവിയ്ക്കുക എന്നത് തന്നെ നിരന്തരമായ ഒരു കടം വാങ്ങലാണ്. ഒരിക്കലും തിരിച്ചു കൊടുക്കാത്ത കടങ്ങള്‍.

ബ്ലോഗ് എന്നത് ഒരു നല്ല സുഹൃത്താണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. അതങ്ങനെയാണ്, മനസ്സിലാക്കലിന് അവസാനമില്ല. ഓരോ ദിവസവും നാം ഓരോന്ന് പുതുതായി മനസ്സിലാക്കൊണ്ടിരിക്കുന്നു. മറ്റാരെങ്കിലും വായിച്ച് മനസ്സിലാക്കേണ്ടതും കമന്റ് എഴ്തേണ്ടതുമായ ഒന്നാണ് ബ്ലോഗ് എന്നായിരുന്നു എന്റെ ധാരണ. അത്കൊണ്ട് പലപ്പോഴും ഞാന്‍ ബ്ലോഗിനെ പ്രണയിക്കുകയും, പലപ്പോഴും ബ്ലോഗോട് കലഹിക്കുകയും ചെയ്തു വന്നു. ബ്ലോഗ് ഡിലീറ്റ് ചെയ്താലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷെ ഇപ്പോള്‍ മനസ്സിലാക്കുന്നു, എനിക്ക് ആരോടെങ്കിലും പറഞ്ഞേ തീരൂ എന്ന കാര്യങ്ങള്‍ ബ്ലോഗോട് പറയാം. എല്ലാം ക്ഷമയോടെ കേള്‍ക്കുന്ന ഒരു ഉത്തമ സുഹൃത്താണ് ബ്ലോഗ്.

ജിവിതത്തിന് എത്രയെത്ര നിര്‍വ്വചനങ്ങള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. അതൊക്കെ തെറ്റാണെന്ന് പറയണമെങ്കില്‍ അസാമാന്യമായ ചിന്താശൂന്യത വേണം. ആനയെ കുരുടന്‍ കണ്ടത് പോലെയാണ് പലരും ജീവിതത്തെ കണ്ടത് എന്ന് ചിലപ്പോഴൊക്കെ എന്റെ ചെറിയ ബുദ്ധിക്ക് തോന്നാറുണ്ട്. ഓരോ ആളും എന്താണ് സദാ ചുമക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ആലോചിട്ടുണ്ട്. നോക്കുമ്പോള്‍ അവനവനെ തന്നെയാണ് എല്ലാവരും ചുമക്കുന്നത്. ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. സ്വന്തം അറിവുകളുടെ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടാണ് മനുഷ്യന്‍ മുടന്തുന്നത് എന്ന മട്ടില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി പറഞ്ഞിട്ടുണ്ട്. ആ ചുമട് ഉപേക്ഷിച്ച് വര്‍ത്തമാനകാലം അഘോഷിക്കാനാണ് അദ്ദേഹം നമ്മോട് പറഞ്ഞത്. പറയാന്‍ എന്തെളുപ്പം. അനുസരിക്കാന്‍ നോക്കിയാല്‍ വിവരം അറിയും. ഉപേക്ഷിക്കാന്‍ പോയിട്ട് ഒരു നിമിഷം ഒന്നിറക്കി വെക്കാന്‍ പോലും നമുക്കാവില്ല. കാരണം ആ ഭാരം തന്നെയാണ് നമ്മള്‍. കൃഷ്ണമൂര്‍ത്തി ഇറക്കിവെച്ചിട്ടുണ്ടാവുമോ? ഓഷോ അനുയായികളോട് ആഹ്വാനം ചെയ്തത് സ്വയം അനുഭവിച്ചിട്ടുണ്ടാകുമോ? എനിക്ക് സംശയിക്കാം. അല്ലെങ്കില്‍ ഞാനെന്തിനിങ്ങനെ എഴുതണം. പറയുന്നതല്ല നമ്മള്‍. നാം പറയുന്നത് നാം പ്രസരിപ്പിക്കുന്ന ഗന്ധമാണ്. അത് സുഗന്ധമോ ദുര്‍ഗന്ധമോ ആകാം. അതിന് ഭാരമില്ല. ഭാരത്തിന് സ്വയം ഭാരമല്ലാത്താകാന്‍ കഴിയാത്തത്കൊണ്ട് ഒന്നും ഇറക്കി വെക്കാന്‍ പറ്റില്ല.

എന്റെ ചിന്തകള്‍, ആശയങ്ങള്‍,അറിവുകള്‍,വിശ്വാസങ്ങള്‍ ഇങ്ങനെ എന്നെ സംബന്ധിക്കുന്ന എല്ലാം ഞാനാണ്. ഞാന്‍ എന്ന ഭാരമാണ്. ഞാന്‍ തന്നെ സ്വയം ഒരു ഭാരമായത്കൊണ്ടാണ് ഭാരം എനിക്ക് ഫീല്‍ ചെയ്യാത്തത്. അപ്പോള്‍ എന്നില്‍ നിന്ന് എനിക്ക് ഒന്നും മൈനസ് ചെയ്യാന്‍ പറ്റില്ല. അത് തന്നെയാണ് എല്ലാവരുടെയും പ്രശ്നം. ഹ ഹ ഹ ഞാന്‍ അല്പം ചിരിക്കട്ടെ. ഏറ്റുമുട്ടല്‍, സംഘര്‍ഷം ഉണ്ടാകുന്നത് ഇവിടെയാണ്. സംഘര്‍ഷം ഇല്ലാത്ത ഒരു സ്പേസ് എവിടെയുമില്ലെന്നാണ് മാര്‍ക്സ് നിരീക്ഷിച്ചത്. അവനവനിലും സംഘര്‍ഷമുണ്ട്. അതാണ് ആത്മസംഘര്‍ഷം. കേള്‍ക്കാന്‍ എത്ര നല്ല വാക്ക്. എന്നാല്‍ അനുഭവിക്കാനോ? നമ്മള്‍ മറ്റാരോടെങ്കിലും സംഘര്‍ഷിക്കുമ്പോള്‍ നമ്മുടെ ആത്മാവില്‍ സംഘര്‍ഷമില്ല. ഒരേ സമയം ഒന്നേ നമുക്ക് ഫീല്‍ ചെയ്യൂ. അത്കൊണ്ട് കലഹിക്കുക എന്നത് ആത്മസംഘര്‍ഷം ലഘൂകരിക്കാന്‍ നല്ല മാര്‍ഗ്ഗമാണ്. കലഹത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നതാണ് കലഹങ്ങളുടെ പ്രത്യേകത. ആത്മസംഘര്‍ഷം വിസ്മൃതമാകുന്ന അപൂര്‍വ്വാവസരങ്ങളാണ് കലഹവേളകള്‍! അത്കൊണ്ട് നമ്മുടെ മനസ്സ് സദാ കലഹസാധ്യതകള്‍ ആരായുന്നു.

പ്രായം മനുഷ്യനില്‍ പല മാറ്റങ്ങളും വരുത്തിവെക്കുന്നുണ്ട്. പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. മക്കള്‍ വലുതാകുന്നു എന്നതാണ് പ്രധാനപ്പെട്ട സംഗതി. മക്കള്‍ വലുതാവുക മാത്രമല്ല ചെയ്യുന്നത്,അവര്‍ വലിയ ഒരു ഭാരമായി സ്വയം പരിണമിക്കുന്നുമുണ്ട്. അപ്പോള്‍ നമുക്കവരെ വഴി നടത്താന്‍ പണ്ടേ പോലെ പറ്റില്ല. അത് ഉള്‍ക്കൊള്ളുക എന്നത് വയസ്സാകലിലെ വലിയൊരു വെല്ലുവിളിയാണ്. ഞാന്‍ മക്കളെ മലയാളം മീഡിയത്തിലാണ് പഠിപ്പിച്ചത്. എന്ന് വെച്ച് അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലല്ലാതെ അവര്‍ക്ക് പഠിപ്പിക്കാന്‍ പറ്റുമോ? മലയാളം മീഡിയത്തില്‍ മക്കളെ അയയ്ക്കുക എന്നതില്‍ പരം ഒരു നാണക്കേട് ഇന്നത്തെ അച്ഛനമ്മമാര്‍ക്ക് ഉണ്ടാകാനില്ല. എന്റെ മക്കളായി പോയി എന്ന് വെച്ച് അവര്‍ക്ക് അവരുടെ മക്കളുടെ അച്ഛനമ്മമാര്‍ ആകാതിരിക്കാന്‍ കഴിയുമോ? ഇംഗ്ലീഷ് മീഡിയം എന്നത് സമകാലിക ഭാരങ്ങളില്‍ ഒഴിവാക്കാനാകാത്തതാണ്.

മാതൃഭാഷയിലേ അധ്യയനം നടത്താവൂ എന്നത് ഒരു പഴഞ്ചന്‍ വാക്കാണു. അത്കൊണ്ട് ഇന്നത്തെ യു.കെ.ജി. കുട്ടി ഒരേ സമയം ഇംഗ്ലീഷും മലയാളവും പഠിക്കണം. ഇംഗ്ലീഷും പഠിപ്പിക്കുന്നത് മലയാളത്തിലാണ് എന്നതാണ് പഠിപ്പിക്കലിലെ ഒരു വിരോധാഭാസം. സി-ഏ-ടി ക്യാറ്റ് ,ക്യാറ്റ് എന്നാല്‍ പൂച്ച എന്ന മാതിരി ഒരു ശൈലി. കുട്ടി ആദ്യം തന്നെ പൂച്ച എന്നാല്‍ എന്തെന്ന് പഠിച്ചു കഴിഞ്ഞിരുന്നു. ആദ്യം തന്നെ ക്യാറ്റ് എന്നാല്‍ ക്യാറ്റ് ആണെന്നും പൂ-ച്ച സമം പൂച്ച, പൂച്ച എന്നാല്‍ ക്യാറ്റ് എന്നാണെന്നും പഠിക്കുന്ന കുട്ടിയെ ആയിരുന്നു സത്യത്തില്‍ ഇംഗ്ലീഷ് മീഡിയം എല്‍.കെ.ജി,യു.കെ.ജി സ്കൂളുകള്‍ക്ക് ആവശ്യം. ക്യാറ്റ് എന്നാല്‍ പൂച്ച എന്ന് ഉരുവിടുന്ന കുട്ടിക്ക് മലയാളം മീഡിയമാണ് അഭികാമ്യം. പക്ഷെ ഇന്ന് യൂനിഫോം, സ്കൂള്‍ വാന്‍, കനം തൂങ്ങുന്ന ബാഗ് എന്നിവയൊക്കെ ഞാന്‍ നടേ പറഞ്ഞ ഭാരത്തിന്റെ ഭാഗമാകുമ്പോള്‍ ആ‍ര്‍ക്ക് അതൊക്കെ ഇറക്കി വെച്ച് സ്വയം ഇല്ലാത്താവാന്‍ കഴിയും?

കെണികള്‍

പലതരം കെണികളുണ്ട്. നമ്മളെല്ലാം ഏതെങ്കിലും ഒരു കെണിയില്‍ തീര്‍ച്ചയായും അകപ്പെട്ടിരിക്കും. മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലെ, ആഡംബരവീടുകള്‍ നിര്‍മ്മിക്കുന്നത് മൂലമാണ് ആളുകള്‍ കടക്കെണിയില്‍ ആകുന്നതെന്ന്. അതൊരു വല്ലാത്ത കെണിയാണ്. അകപ്പെട്ടാല്‍ പിന്നെ മോചനമില്ല. ആഡംബരം വീടുനിര്‍മ്മാണത്തില്‍ മാത്രമല്ല. ആഡംബരം ഇന്ന് മലയാളിയുടെ മുഖമുദ്രയാണ്. നൂറ് വേണ്ടിടത്ത് ആയിരം ചെലവാക്കുക. അതാണ് ജീവിതശൈലി. അപ്പോള്‍ അ(നാ)വശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആളുകള്‍ക്ക് കടല്‍ കടക്കേണ്ടി വരുന്നു. അതാണ് മറ്റൊരു കെണി. വിദേശത്ത് ജോലിയ്ക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും നാട്ടില്‍ തിരിച്ച് എന്തെങ്കിലും ഏര്‍പ്പാട് ആക്കി കുടുംബജീവിതം നയിക്കാന്‍ കഴിയില്ല. അപ്പോഴേക്കും ഭാര്യയും മക്കളും പ്രവാസിമലയാളിയുടെ ഭാര്യയും മക്കളുമായി ജീവിതം കരുപ്പിടിപ്പിച്ചിട്ടുണ്ടാവും. നാടന്‍ ജീവിതം പിന്നെയവര്‍ക്ക് കഴിയുകയില്ല. ഇപ്പോഴൊക്കെ വീടുകളേ വേണ്ടൂ. അതിന്റെ ആഡംബരങ്ങള്‍ക്ക് പരിധിയില്ല. കടക്കെണിയില്‍ നിന്ന് ആയുഷ്ക്കാലത്തിനിടയില്‍ രക്ഷപ്പെടരുത് എന്നേ നോട്ടമുള്ളൂ.

മണ്ണില്‍ നട്ട് നനച്ചു ഒന്നും ഉണ്ടാക്കി കഴിക്കരുത് എന്ന് മിക്കവര്‍ക്കും നിര്‍ബ്ബന്ധമുണ്ട്. അതാണ് മറ്റൊരു കെണി. എല്ലാം മാര്‍ക്കറ്റില്‍ പോയി വില കൊടുത്ത് വാങ്ങണം. പുരയിടത്തിലെ പ്ലാവില്‍ ചക്കയോ മറ്റോ ഉണ്ടായി അത് പഴുത്ത് വീണാലും തിരിഞ്ഞ് നോക്കരുത്. ചക്കച്ചുള മാത്രമാണ് ഇന്ന് കേരളത്തില്‍ ചില്ലറയായി വില്പനയ്ക്ക് വയ്ക്കാത്തത്. ബാംഗ്ലൂരില്‍ ഒരു മുഴുവന്‍ പഴുത്ത വരിക്കച്ചക്കയ്ക്ക് നൂറ് രുപയോളം വിലയുണ്ട്. കേരളീയര്‍ക്ക് നാട്ടിലെ പ്ലാവുകള്‍ മുഴുവന്‍ നശിച്ചാലേ ചക്കച്ചുളകള്‍ വില കൊടുത്ത് വാങ്ങിത്തിന്നാനുള്ള ഭാഗ്യമുണ്ടാവൂ. കണ്‍‌സ്യൂമര്‍ സൊസൈറ്റിയിലെ അംഗങ്ങളാണ് തങ്ങള്‍ എന്ന് എല്ലാവര്‍ക്കും ഇന്ന് പരമാവധി ബോധമുണ്ട്. അത് കൊണ്ട് മണ്ണില്‍ കൈ കുത്തുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും വയ്യ.

ആരോഗ്യമുള്ള കാലത്ത് മക്കളെ വളര്‍ത്തി ഉദ്യോഗമോ ജോലിയോ സമ്പാദിച്ചു കൊടുത്ത് വീടും നിര്‍മ്മിച്ച് പ്രായമാകുന്നവരെ കാത്തിരിക്കുന്ന കെണിയാണ് ഏകാന്തത. മക്കള്‍ക്ക് ഒരിക്കലും നാട്ടില്‍ ജീവിയ്ക്കാന്‍ കഴിയില്ല. അങ്ങനെ പ്രായമായ ദമ്പതികള്‍ ഏകാന്തത എന്ന ഈ കെണിയില്‍ പെട്ടവര്‍ ധാരാളം. മുന്‍പത്തെ പോലെ ചായപ്പീടികയിലോ, മറ്റ് പീടികകളിലോ പോയി സൊറ പറയുന്ന പതിവും ഇപ്പോഴില്ല. ഇങ്ങനെ കെണികള്‍ പലവിധം!

ബ്ലോഗ് ചിന്തകള്‍

ബ്ലോഗ്  എഴുതാനോ വായിക്കാനോ ഇപ്പോഴൊന്നും അത്ര താല്പര്യം തോന്നുന്നില്ല. എന്താണെന്നറിയില്ല. സ്വാഭാവികമായ മടുപ്പ് ആയിരിക്കാം. ആദ്യമൊക്കെ ബ്ലോഗ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും സഹബ്ലോഗര്‍മാരെ പരിചയപ്പെടാനും നല്ല ഉത്സാഹമായിരുന്നു. ഇപ്പോഴും നിത്യേന നിരവധി ബ്ലോഗ് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. പുതിയവര്‍ എഴുതിത്തുടങ്ങുന്നുമുണ്ട്. അങ്ങിങ്ങായി ബ്ലോഗ് കൂട്ടായ്മകളും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചെറായിമീറ്റ് ആയിരുന്നു ശ്രദ്ദേയമായത്. എന്നാലും അവിടെ നൂറില്‍ താഴെ ബ്ലോഗ്ഗേര്‍സ് മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ബ്ലോഗ് എഴുതുന്ന ഏതാനും പേരുടെ സൌഹൃദസംഗമം മാത്രമായിരുന്നു ആ മീറ്റ്. അതിനപ്പുറം ബ്ലോഗുമായി ആ സംഗമത്തിന് ബന്ധമൊന്നുമില്ലായിരുന്നു. സംഘാടകരും അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. ബ്ലോഗ്ഗര്‍മാരുടെ ഒരു സംഘടന രൂപീകരിക്കുന്നതില്‍ തെറ്റൊന്നുമില്ലായിരുന്നു. ആ വഴിക്കുള്ള ഒരു ശ്രമമാകാമായിരുന്നു കേരള ബ്ലോഗ് അക്കാദമിയുടെ രൂപീകരണം.  എന്നാലത് അലസിപ്പോയി. ആരെങ്കിലും മുന്‍‌കൈ എടുത്താലേ ഇനിയൊരു ബ്ലോഗ് മീറ്റ് നടക്കൂ. പക്ഷെ ബ്ലോഗിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും സംഭാവനയൊന്നും ചെയ്യാന്‍ കഴിയാത്ത മീറ്റുകള്‍ക്ക് എന്ത് പ്രസക്തി.

കേരളത്തിന്റെ സ്ഥിതി ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഇപ്പോള്‍ ക്വട്ടേഷന്‍‌കാര്‍ക്ക് നല്ല കാലമാണ്. രാഷ്ട്രീയക്കാരും,ക്വട്ടേഷന്‍‌കാരും,പോലീസിലെ ചിലരും,മാഫിയകളും,മന്ത്രിപുത്രന്മാരും ഒക്കെ നല്ല ബന്ധത്തിലാണെന്ന് തോന്നുന്നു. അറിവില്ലാത്ത സാക്ഷരര്‍ ഏറ്റവും അധികം ഉള്ള നാടാണ് കേരളം എന്ന സുനിതാകൃഷ്ണന്റെ നിരീക്ഷണം എത്ര ശരി.

പോസ്റ്റ് ഓപ്പറേറ്റീവ് ചിന്തകള്‍

പേടിച്ച് പേടിച്ച് ഒടുവില്‍ ഞാന്‍ സ്പൈന്‍ സര്‍ജ്ജറിയ്ക്ക് വിധേയനായി. 22-8-09 ശനിയാഴ്ച കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ഓപ്പറേഷന്‍ നടന്നത്. ഇന്നലെ (1-09-09) ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട് കണ്ണൂരിലെ വീട്ടിലെത്തി. രണ്ട് വര്‍ഷമായി നടുവേദന എന്നെ അലട്ടുന്നുണ്ടായിരുന്നു. അഞ്ചെട്ട് മാസമായി നടക്കാനും പ്രയാസമായി. ഫ്യൂഷന്‍ സര്‍ജ്ജറിയ്ക്കാണ് ഞാന്‍ വിധേയനായത്. ഗംഗ ഹോസ്പിറ്റലില്‍ എത്തിപ്പെട്ടതും ഡോ.രാജശേഖരന്റെ അപ്പോയ്ന്റ്മെന്റ് ലഭിച്ചതും ഒരു ഭാഗ്യം തന്നെ. ഈ ഹോസ്പിറ്റലിനെപ്പറ്റി എനിക്ക് ഏറെ പറയാനുണ്ട്. ഡോക്ടര്‍മാര്‍ മുതല്‍ മുഴുവന്‍ സ്റ്റാഫും കാണിക്കുന്ന ഹ്യൂമാനിറ്റിയും ശ്രദ്ധയും മറ്റ് ഏതെങ്കിലും ഇന്ത്യന്‍ ഹോസ്പിറ്റലുകളില്‍ ഇന്ന് ലഭ്യമാണോയെന്ന് സംശയമാണ്. സര്‍ജ്ജറിയ്ക്ക് വിധേയമാവാനുള്ള ധൈര്യവും, സര്‍ജ്ജറിയ്ക്ക് ശേഷം ആത്മവിശ്വാസവും പകര്‍ന്ന് നല്‍കുക വഴി ആയുസ്സ് തന്നെയാണ് ഗംഗ ഹോസ്പിറ്റലില്‍ നിന്ന് എനിക്ക് നീട്ടിക്കിട്ടിയത്. ഹ്യൂമാനിറ്റി എന്നത് അപൂര്‍വ്വമായ ഔഷധം തന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ. വിതുമ്പിക്കൊണ്ടാണ് ഞാന്‍ ഹോസ്പിറ്റലില്‍ നിന്ന് വിട പറഞ്ഞത്. സര്‍ജ്ജറിയ്ക്ക് മുന്‍പും പിന്‍പും ഉള്ള എന്റെ ചിന്തകളില്‍ മൌലികമായ മാറ്റങ്ങള്‍ ഉണ്ടായി. അതിനെ പറ്റിയൊക്കെ വഴിയെ എഴുതാം....