Links

Showing posts with label നമ്മുടെ ശരീരം. Show all posts
Showing posts with label നമ്മുടെ ശരീരം. Show all posts

എന്താണ് ഹൈപോനട്രേമിയ (hyponatremia)

രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നതാണ് ഹൈപോനട്രേമിയ അഥവാ hyponatremia. സോഡിയം എന്നാൽ ആവർത്തനപ്പട്ടികയിലെ പതിനൊന്നാമത്തെ മൂലകം ആണ്. ഇത് ജൈവം അല്ല. നല്ല സൊയമ്പൻ കെമിക്കൽ മൂലകം ആണ്. താഴെ കാണുന്ന ആവർത്തനപ്പട്ടികയിലെ കെമിക്കൽ മൂലകങ്ങൾ അല്ലാതെ ഈ പ്രപഞ്ചത്തിൽ വേറെ ഒന്നും ഇല്ല. ഇത് ഉൾക്കൊള്ളാൻ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ സത്യം ഇതാണ്. ജൈവം എന്ന് പറഞ്ഞാൽ കാർബൺ എന്ന മൂലകം കേന്ദ്രീകരിച്ച് ഉണ്ടാകുന്ന സംയുക്തങ്ങൾ മാത്രമാണ്. ഉദാഹരണത്തിന് കാർബോഹൈഡ്രേറ്റ്, സെല്ലുലോസ് എന്നിവ. ഇതിൽ സെല്ലുലോസിനെയാണ് നമ്മൾ ഭക്ഷണത്തിലെ ഫൈബർ എന്ന് പറയുന്നത്. 

ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജൈവസംയുക്തം സെല്ലുലോസ് ആണ്. സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിതമായിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്. അതാണ് നാം കഴിക്കുന്ന ഫൈബർ. ഇത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ദഹിപ്പിക്കാൻ കഴിയില്ല. കാർബോഹൈഡ്രേറ്റ് എന്ന് പറഞ്ഞാൽ നാം കഴിക്കുന്ന ചോറ് തന്നെ. സോഡിയം നമുക്ക് കിട്ടുന്നത് ഉപ്പിൽ നിന്നാണ്. ഉപ്പും ജൈവം അല്ല. അത് സോഡിയം ക്ലോറൈഡ് എന്ന കെമിക്കൽ സംയുക്തം ആണ്. അതുകൊണ്ട് കെമിക്കൽ പേടി ഉള്ളവർ ആ പേടി ഉപേക്ഷിക്കണം. 

രക്തത്തിലെ സോഡിയത്തിന്റെ നോർമൽ അളവ് 135 മുതൽ 145 വരെ  milliequivalents per liter (mEQ/L) ആണ്. ചുരുക്കി പറഞ്ഞാൽ രക്തത്തിൽ സോഡിയം 135 mEQ/L ൽ താഴുന്നതാണ് ഹൈപോനട്രേമിയ എന്ന അവസ്ഥ. സോഡിയം 145 ൽ കൂടിയാലും അപകടമാണ്. ഈ അവസ്ഥയ്ക്കും ഹൈപോനട്രേമിയ എന്ന് തന്നെയാണ് പറയുക. പക്ഷെ നിങ്ങൾ ഇതൊന്നും ഓർത്ത് പരിഭ്രമിക്കേണ്ട. രക്തത്തിൽ സോഡിയത്തിന്റെ അളവ് സാധാരണ ഗതിയിൽ നമ്മുടെ ശരീരം തന്നെ ബാലൻസ് ചെയ്യുന്നുണ്ട്. അധികമായി വെള്ളം കുടിച്ചാൽ രക്തത്തിലെ സോഡിയം ഡൈല്യൂട്ട് ആയിപ്പോവുകയും അപ്പോൾ കോശങ്ങളിൽ അധികം വെള്ളം സംഭരിക്കപ്പെടുകയും ചെയ്യും. ശരീരത്തിൽ ജലാംശം കൺട്രോൾ ചെയ്യുന്നത്, ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നത് ഒക്കെ സോഡിയം ആണ്. അതുകൊണ്ട് മറ്റേത് പോഷക മൂലകങ്ങളെ പോലെ സോഡിയവും ശരീരത്തിനു അത്യാന്താപേക്ഷിതമാണ്. 

പൊതുവെ പ്രായം കൂടുമ്പോഴാണ് ഹൈപോനട്രേമിയ വരാനുള്ള സാധ്യത കൂടുന്നത്. കിഡ്‌നിയുടെ പ്രവർത്തനക്ഷമത കുറയുന്നതാണ് കാരണം. നമ്മുടെ അവയവങ്ങൾക്ക് എല്ലാം പ്രവർത്തനക്ഷമതയ്ക്ക് ഒരു പരിധിയുണ്ട്. അതുകൊണ്ട് ഒന്നിനും ഹെവി വർക്ക് കൊടുക്കരുത്. പ്രത്യേകിച്ചും കിഡ്‌നിക്ക്. അധികമായും അനാവശ്യമായും എന്ത് കഴിക്കുന്നതും കിഡ്‌നിക്ക് അധിക വർക്ക് ലോഡ് ആണ്. പ്രത്യേകിച്ച് മദ്യം. തുടർന്ന് ഇതൊക്കെ കഴിച്ചാൽ 80 കൊല്ലം പ്രവർത്തിക്കുമായിരുന്ന കിഡ്‌നി 60 കൊല്ലം മാത്രമേ പ്രവർത്തിക്കൂ. അധിക ജോലി കൊടുക്കുന്നത് കൊണ്ട് 20 കൊല്ലം കിഡ്‌നിക്ക് നഷ്ടപ്പെടുകയാണ്. പിന്നെ കുറച്ചു കാലം ഡയാലിസിസ് കൊണ്ട് നമ്മുടെ ആയുസ്സ് നീട്ടാം എന്ന് മാത്രം. ആദ്യമേ കിഡ്‌നിയെ ഹെവി വർക്ക് കൊടുക്കാതെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു. 

രക്തത്തിൽ ഒരു അനാവശ്യ പദാർത്ഥവും തങ്ങി നിൽക്കില്ല. വേണ്ടാത്തതൊക്കെ അപ്പപ്പോൾ നമ്മുടെ കിഡ്‌നി ഫിൽട്ടർ ചെയ്ത് പുറന്തള്ളുന്നുണ്ട്. അതുകൊണ്ട് രക്തം എപ്പോഴും മാലിന്യമുക്തവും  ശുദ്ധവുമാണ്. രക്തത്തെ പറ്റി മനസ്സിലാക്കാൻ അതിനെ ഒരു ചരക്ക് വണ്ടിയോട് ഉപമിക്കാം. ഓരോ ശരീര കോശത്തിലേക്കും ആവശ്യമായ പോഷകഘടകങ്ങളും, ശ്വസനത്തിലൂടെ ഉള്ളിലേക്ക് കടക്കുന്ന വായുവിലെ ഓക്സിജനും വഹിച്ചു കൊണ്ടു പോയി കോശങ്ങളിൽ ഇറക്കി വെക്കുകയും കോശങ്ങളിലെ മെറ്റബോളിക് പ്രവർത്തനങ്ങൾ മൂലം അവശേഷിക്കുന്ന മാലിന്യങ്ങളും കാർബൺ ഡൈ‌ഓക്സൈഡും പുറന്തള്ളാൻ വേണ്ടി എടുത്തുകൊണ്ട് തിരികെ പോരുകയും ചെയ്യുക എന്നതാണ് രക്തം ചെയ്യുന്നത്. 

നമ്മുടെ ശരീരം വളരുന്നതും നിലനിൽക്കുന്നതും കോശങ്ങൾ വിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുന്നതിലൂടെയും പഴയ കോശങ്ങൾ നശിക്കുന്നതിലൂടെയുമാണ്. ഈ പ്രക്രിയ അനവരതം നടന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ ഈ കോശവിഭജനം അനന്തമായി തുടരാവുന്ന സംഗതിയല്ല. കോശവിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകൾ ഉണ്ട്. ജീനുകൾ ആണ് ശരീരത്തിന്റെ ബ്ലൂ പ്രിന്റ്. ഒരു പരിധി കഴിഞ്ഞാൽ കോശവിഭജനം നിലയ്ക്കുന്നു. ആ അവസ്ഥയാണ് വാർദ്ധക്യം എന്നത്. ഹൈപോനട്രേമിയയിൽ തുടങ്ങി എവിടെയോ എത്തുന്നു അല്ലേ? എങ്കിലും നിങ്ങൾ മനസ്സിലാക്കേണ്ടതായ കൊച്ചു കൊച്ചു സംഗതികൾ ആണ് പറഞ്ഞത്. നമ്മുടെ സ്വന്തം ശരീരം എന്താണ് എന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നുമൊക്കെ അറിയാൻ നിങ്ങൾ ശ്രമിക്കണം എന്ന് പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ഇവിടെ നിർത്തുന്നു. 











കൊളസ്ട്രോൾ എന്നാൽ എന്ത് ?

കൊളസ്ട്രോൾ എന്ന് കേട്ടാൽ പേടിക്കാത്ത ആരും ഇന്നില്ല. അതിനു കാരണം രക്തത്തിൽ കൊളസ്ട്രോൾ അധികമായാൽ അത് ഹൃദയ ധമനികളിൽ കട്ട പിടിച്ച് ഹൃദ്രോഗമോ  സ്ട്രോക്കോ ഉണ്ടാക്കും എന്ന ഭീതിയാണു. ഈ ഭീതിക്ക് ശരിക്ക് പറഞ്ഞാൽ സയന്റിഫിക് ആയ തെളിവുകൾ ഇതുവരെയിലും ഇല്ല. ആൻസൽ ബെഞ്ചമിൻ കീസ്  (Ancel Benjamin Keys) എന്ന അമേരിക്കൻ ഫിസിയോളജിസ്റ്റിന്റെ ഒരു ഹൈപ്പോതീസീസ് മെഡിക്കൽ രംഗത്തുള്ളവരും നമ്മളും ഇപ്പോഴും വിശ്വസിക്കുന്നു എന്ന് മാത്രം. അതുകൊണ്ട് ഈ വിശ്വാസം ഒരു തർക്കവിഷയമായി ഇപ്പോഴും തുടരുകയാണു. പല ഡോക്ടർമാരും ഈ ഹൈപ്പോതീസീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. എന്താണു കൊളസ്ട്രോൾ എന്ന് നോക്കാം. എല്ലാവർക്കും അറിയാവുന്നത് പോലെ ഒരുതരം കൊഴുപ്പാണു കൊളസ്ട്രോൾ. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിങ്ങനെ മൂന്ന് തരം മൂലകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ ചേർന്നിട്ടാണു ഏത് തരം കൊഴുപ്പും ഉണ്ടാകുന്നത്. കൊഴുപ്പ് മാത്രമല്ല സ്റ്റാർച്ച് , ഗ്ലൂക്കോസ് എന്നിവയെല്ലാം ഈ മൂന്ന് മൂലകങ്ങൾ ചേന്നതാണ്. കൊളസ്ട്രോളിന്റെ കെമിക്കൽ ഫോർമുല ഇങ്ങനെയാണ് : C₂₇H₄₆O. അതായത് കൊളസ്ട്രോളിന്റെ ഒരു തന്മാത്രയിൽ 27 കാർബൺ ആറ്റവും, 46 ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവുമാണുള്ളത്. 

നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലിവർ ആണു കൊളസ്ട്രോൾ നിർമ്മിക്കുന്നത്. രക്തത്തിൽ ഉള്ള ആകെ കൊളസ്ട്രോളിൽ 80 ശതമാനവും ഇങ്ങനെ ലിവർ നിർമ്മിക്കുന്നു എന്നാണു കണക്കാക്കിയിട്ടുള്ളത്. ബാക്കി 20 ശതമാനം കൊളസ്ട്രോൾ മാംസം,മുട്ട, മത്സ്യം എന്നിവയിൽ നിന്ന് നേരിട്ട് ലഭിക്കുന്നു. നേരിട്ട് ലഭിക്കുന്നു എന്ന് പറയാൻ കാരണമുണ്ട്. മറ്റ് ആഹാരഘടകങ്ങൾ നമ്മുടെ ചെറുകുടലിൽ വെച്ച് ദഹിച്ച് ലഘുതന്മാത്രകൾ ആയിട്ടാണു രക്തത്തിൽ കലരുക. ഉദാഹരണത്തിനു മറ്റ് കൊഴുപ്പുകൾ ഫാറ്റി ആസിഡുകളായും പ്രോട്ടീൻ അമിനോ ആസിഡുകളായും സ്റ്റാർച്ച് ഗ്ലൂക്കോസ് ആയും വിഘടിച്ച് ലഘുതന്മാത്രകൾ ആയാൽ മാത്രമേ രക്തത്തിൽ കലരുകയുള്ളൂ. കൊളസ്ട്രോൾ എന്ന കൊഴുപ്പ് ഒരു അടിസ്ഥാന യൂനിറ്റ് ആണു. അതുകൊണ്ട് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന കൊളസ്ട്രോൾ ചെറുകുടലിൽ വെച്ച് പിത്തരസത്തിലെ വർണ്ണകവുമായി യോജിച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഭക്ഷണത്തിൽ അധികം കൊളസ്ട്രോൾ ഉണ്ടായാൽ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കും എന്നതിനു തെളിവില്ല. അപ്പോൾ ലിവർ കൊളസ്ട്രോളിന്റെ ഉല്പാദനം കുറക്കും. അതുപോലെ ഭക്ഷണത്തിൽ കൊളസ്ട്രോൾ കുറഞ്ഞാൽ ലിവർ അധികം കൊളസ്ട്രോൾ ഉല്പാദിപ്പിക്കും. 

ശരി, ശരീരത്തിൽ കൊളസ്ട്രോളിന്റെ ആവശ്യമെന്താണ്? വിറ്റാമിൻ ഡി യും ഈസ്ട്രജൻ മുതലായ ചില ഹോർമോണുകളും പിത്തരസവും എല്ലാം ശരീരത്തിൽ നിർമ്മിക്കുന്നതിനു കൊളസ്ട്രോൾ വേണം. എന്നാൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ശരീരകോശങ്ങളുടെ ബാഹ്യാവരണമായ കോശസ്തരത്തിന്റെ നിർമ്മിതിക്ക് കൊളസ്ട്രോൾ വേണം എന്നതാണു. കൊളസ്ട്രോൾ ഇല്ലായിരുന്നെങ്കിൽ ഓരോ കോശവും കട്ടിയുള്ള ബ്ളോക്കുകൾ പോലെ ആയിപ്പോയേനേ. ശരീരത്തിന്റെ അടിസ്ഥാന യൂനിറ്റാണു കോശം. ഓരോ കോശവും സ്വതന്ത്രമായാണു പ്രവർത്തിക്കുന്നത്. ഒരാളുടെ ശരീരത്തിൽ 100 ട്രില്ല്യൻ കോശങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. കോശങ്ങളെ വേർതിരിക്കുന്നത് ഓരോ കോശത്തിന്റെയും കോശസ്തരമാണു. ഈ സ്തരത്തിലൂടെ കോശത്തിലേക്ക് ആവശ്യമുള്ള പദാർത്ഥങ്ങൾ കടക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന മാലിന്യങ്ങൾ പുറത്തേക്ക് പോവുകയും ചെയ്യുന്നു. അപ്പോൾ കൊളസ്ട്രോളിന്റെ പ്രാധാന്യം മനസ്സിലായല്ലൊ. ജന്തുകോശങ്ങളുടെ കോശസ്തരങ്ങളിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. സസ്യകോശങ്ങളിൽ ഇല്ല. അതുകൊണ്ട് സസ്യാഹാരത്തിൽ നിന്ന് നമുക്ക് കൊളസ്ട്രോൾ കിട്ടുന്നില്ല. 

രക്തത്തിൽ ആണല്ലോ കൊളസ്ട്രോൾ ഉള്ളത്. അത് ലിവർ ഉല്പാദിപ്പിച്ച് രക്തത്തിലേക്ക് ചേരുകയാണെന്നും മനസ്സിലാക്കി. ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോളും ലിവറിൽ തന്നെയാണു പോകുന്നത്. ശരിക്കും ഈ രക്തത്തിന്റെ റോൾ എന്താണു? ശരീരത്തിലെ ട്രാൻസ്പോർട്ട് സർവ്വീസ് ആണു രക്തം. കോശങ്ങൾക്ക് ആവശ്യമുള്ള എല്ലാ പദാർത്ഥങ്ങളും നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജൻ അടക്കം കോശങ്ങളിൽ എത്തിക്കുന്നത് രക്തമാണു. മാത്രമല്ല, കോശങ്ങളിൽ നടക്കുന്ന ജൈവപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അവ ലിവറിലേക്കും കിഡ്‌നിയിലേക്കും വഹിച്ചു പോകുന്നതും രക്തം തന്നെ. കൊളസ്ട്രോൾ അതേ പടി വഹിച്ചു കൊണ്ടു പോകാൻ രക്തത്തിനു കഴിയില്ല്ല. കാരണം കൊളസ്ട്രോൾ കൊഴുപ്പാണു. അത് ജലത്തിൽ അലിയില്ല. രക്തത്തിൽ ജലം ഉണ്ടല്ലൊ. അപ്പോൾ കൊളസ്ട്രോൾ രക്തത്തിൽ കലർന്നാൽ അത് ഉരുണ്ടുകൂടി കട്ടയായിപ്പോകും. അതുകൊണ്ട് ഒരു തരം പ്രോട്ടീൻ ആണു അഥവാ ആ പ്രോട്ടീനിന്റെ ആവരണത്തിനകത്താണു കൊളസ്ട്രോൾ രക്തത്തിലൂടെ സഞ്ചരിക്കുന്നത്. കൊളസ്ട്രോളും പ്രോട്ടീനും ചേർന്ന ഇതിനെ ലിപ്പോപ്രോട്ടീൻ എന്ന് പറയുന്നു. 

രണ്ട് തരം ലിപ്പോപ്രോട്ടീൻ ആണുള്ളത്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനും (LDL) ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീനും (HDL). സാധാരണയായി രണ്ട് തരം കൊളസ്ട്രോൾ എന്നാണു എല്ലാവരും പറഞ്ഞു വരുന്നത്. അത് തെറ്റിദ്ധാരണാജനകമാണു എന്നത് കൊണ്ടാണു രണ്ട് തരം ലിപ്പോപ്രോട്ടീൻ എന്ന് ഞാൻ പറയുന്നത്. അതുപോലെ LDL എന്നാൽ ചീത്ത കൊളസ്ട്രോളും  HDL എന്നാൽ നല്ല കൊളസ്ട്രോളും എന്നും പറയപ്പെടുന്നു. ഞാൻ അതും തള്ളിക്കളയുകയാണു. LDL എന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനിൽ കൊളസ്ട്രോൾ അധികവും പ്രോട്ടീൻ കുറവും ആയിരിക്കും. HDL എന്ന ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീനിൽ കൊളസ്ട്രോൾ കുറവും പ്രോട്ടീൻ കൂടുതലും ആയിരിക്കും. അതാണു വ്യത്യാസം. അതിന്റെ കാരണം എന്തെന്നല്ലേ? LDL ആണു കൊളസ്ട്രോളിനെ ഓരോ കോശത്തിലും സപ്ലൈ ചെയ്യുന്നത്. അപ്പോൾ അതിൽ കൊളസ്ട്രോൾ കൂടുതൽ വേണമല്ലൊ. കോശങ്ങളിൽ അധികം വരുന്ന കൊളസ്ട്രോളിനെ സ്വീകരിച്ച് വീണ്ടും ഉപയോഗിക്കാനായി ലിവറിലേക്ക് എടുത്തുകൊണ്ട് പോവുക എന്നതാണു HDL ചെയ്യുന്നത്. അപ്പോൾ അതിൽ കൊളസ്ട്രോൾ കുറവും പ്രോട്ടീൻ കൂടുതലും ഉണ്ടാകുമല്ലൊ. ഇതിൽ നല്ലത് ചീത്ത എന്ന് വ്യത്യാസമില്ല. ചുരുക്കി പറഞ്ഞാൽ LDL കോശങ്ങളിൽ കൊളസ്ട്രോൾ നിക്ഷേപിക്കുന്നു. HDL മിച്ചമുള്ള കൊളസ്ട്രോൾ കോശങ്ങളിൽ നിന്ന് എടുത്തുകൊണ്ടുപോകുന്നു. 

കൊളസ്ട്രോളിനു പിന്നെയും പല ധർമ്മങ്ങളും ശരീരത്തിൽ ചെയ്യാനുണ്ട്. അതൊന്നും വിസ്തരിക്കുന്നില്ല. പൊതുവെ രക്തത്തിൽ LDL-ഉം  HDL-ഉം തമ്മിലുള്ള അനുപാതത്തിൽ LDL അധികമാണെങ്കിൽ റിസ്ക് കൂടുതലാണു. ഉദാഹരണത്തിനു LDL:HDL = 5:1 അല്ലെങ്കിൽ LDL അതിലും അധികം ആണെങ്കിൽ റിസ്ക് ആണു. അതേ പോലെ അനുപാതം LDL:HDL = 3:1 ആണെങ്കിൽ വളരെ ഹെൽത്തി ആയിരിക്കും. ഉദാഹരണത്തിനു കൊളസ്ട്രോൾ ചെക്ക് ചെയ്താൽ  LDL= 150 mg/dL and  HDL= 50 mg/dL ആണെങ്കിൽ വെരി ബെസ്റ്റ് ആണു. നമ്മൾ പറയുമ്പോൾ LDL കൊളസ്ട്രോൾ എന്നും  HDL കൊളസ്ട്രോൾ എന്നും സൗകര്യത്തിനു വേണ്ടി പറയുന്നതിൽ തെറ്റില്ല. പക്ഷെ അവ രണ്ട് തരം കൊളസ്ട്രോൾ ആണെന്ന് ധരിച്ചു പോകരുത്. കൊളസ്ട്രോളിനെ പറ്റി ഞാൻ വായിച്ച ലേഖനങ്ങളിലെല്ലാം തെറ്റിദ്ധരിപ്പിക്കും വിധം അങ്ങനെയാണു എഴുതിയിട്ടുള്ളത്. ഇത്രയും മനസ്സിരുത്തി വായിച്ച നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലായിരിക്കും എന്ന് കരുതുന്നു. 

നമ്മുടെ ഡയറ്റിൽ മുട്ടയുടെ പ്രാധാന്യത്തെ പറ്റി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. കൊളസ്ട്രോളിനെ ഭയന്ന് പലരും ഇക്കാലത്ത് മുട്ട ഒഴിവാക്കുകയാണു. ഏറ്റവും കുറഞ്ഞ ചെലവിൽ കിട്ടുന്ന ഏറ്റവും കൂടുതൽ പോഷക മൂല്യമുള്ള ഒരേയൊരു ആഹാരപദാർത്ഥമാണു മുട്ട. മുട്ട വിരിഞ്ഞു ഒരു കുഞ്ഞ് ആകുന്ന അത്ഭുതം കണ്ടിട്ടില്ലേ? ഒരേയൊരു കോശമുള്ള ഭ്രൂണത്തിനു ഒരു കുഞ്ഞായി വളരാനുള്ള മുഴുവൻ പോഷകഘടകങ്ങളും പായ്ക്ക് ചെയ്തതാണു മുട്ട. അപ്പോൾ അതിലുള്ള പോഷകങ്ങളെ കുറിച്ച് ഊഹിക്കാമല്ലൊ. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് കിട്ടാത്ത അപൂർവ്വമായ പല പോഷകഘടകങ്ങളും മുട്ടയിൽ ഉണ്ട്. ഉദാഹരണത്തിനു വിറ്റാമിൻ B₁₂, ഇത് പച്ചക്കറികളിൽ നിന്ന് കിട്ടുകയില്ല. തീർച്ചയായും മുട്ടയിലും കൊളസ്ട്രോൾ ഉണ്ട്. പേടിക്കാതെ കഴിക്കുക. കൊളസ്ട്രോളിന്റെ കാര്യം ലിവർ നോക്കിക്കോളും. കൊളസ്ട്രോൾ അല്ല ഇൻഫ്ലമേഷൻ ആണു ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് പല ഡോക്ടർമാരും കരുതുന്നുണ്ട്. സ്വയം പ്രതിരോധത്തിനു ശരീരം തന്നെ ഉണ്ടാക്കുന്നതാണു വീക്കം പോലുള്ള ഇൻഫ്ലമേഷൻ. എന്തായാലും രക്തത്തിലെ HDL കുറയാതെ നോക്കിയാൽ മതി എന്നാണു എനിക്ക് പറയാനുള്ളത്.