ജീവിതത്തിന്റെ അയുക്തികത !

നമ്മള്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കാനും അനുകൂലിക്കാനും ആളുകളുണ്ടാവും. ഒന്നിനെ അനുകൂലിച്ചാല്‍ പ്രതികൂലിക്കാനും , എതിര്‍ത്താല്‍ അനുകൂലിക്കാനും ആളുകള്‍ സദാ റെഡി. അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നോ മറ്റോ അല്ലേ മഹദ്‌വചനം. ഈ തര്‍ക്കവിതര്‍ക്കങ്ങളൊക്കെ എന്നെങ്കിലും അവസാനിക്കുമോ? ഒരിക്കലും ഇല്ല. ജീവിതം പോലെ അതൊക്കെ അതിന്റെ പാട്ടിന് അങ്ങനെ തുടരും. എന്ന് വെച്ച് നമുക്ക് തര്‍ക്കിക്കാതിരിക്കാനും കഴിയില്ല, ജീവിയ്ക്കാതിരിക്കാന്‍ കഴിയാത്ത പോലെ.

ഇസ്ലാം തീവ്രവാദികളാണ് ഇന്നത്തെ പ്രധാന തര്‍ക്കവിഷയം. മുസ്ലീമിങ്ങളെല്ലാം തീവ്രവാദികളല്ല. എന്നിട്ടും പറയുമ്പോള്‍ ഇസ്ലാം തീവ്രവാദികള്‍ എന്നാണ് പറഞ്ഞു വരുന്നത് . ഇസ്ലാം മതം തീവ്രവാദികളെ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ വാസ്തവമുണ്ട് താനും. ഇസ്ലാമിലെ തീവ്രവാദത്തിന്റെ അടിസ്ഥാനം മൌദൂദിസമാണെന്ന് ഹമീദ് ചേന്നമംഗലൂര്‍ തൊട്ട് ജബ്ബാര്‍ മാഷ് വരെ പറയുന്നുണ്ട്. അങ്ങനെയുള്ളവരെ മുസ്ലീം നാമധാരികള്‍ എന്നാണ് സാധാരണ മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നത്. അത് തന്നെയാണ് മൌദൂദിസത്തിന്റെ സ്വാധീനവും. മുസ്ലീമിങ്ങള്‍ക്കും മതേതരവിശ്വാസികളാവാം. അതെങ്ങനെ ? മതം ഒരു ആത്മീയ വ്യവസ്ഥ മാത്രമാണെന്നും രാഷ്ട്രീയവ്യവഹാരങ്ങളില്‍ അതിന് സ്ഥാനമില്ലെന്നും തിരിച്ചറിയുമ്പോള്‍ ഒരു മുസ്ലീം വിശ്വാസിക്ക് മതേതരനാകാന്‍ കഴിയും. അപ്രകാരമാണ് ഹിന്ദു വിശ്വാസികളില്‍ ഇന്നും ഭൂരിപക്ഷവും മതേതരവാദികളായി ജീവിയ്ക്കുന്നത് . ബി.ജെ.പി. ഒരു വര്‍ഗ്ഗീയകക്ഷി ആണെന്ന് സമ്മതിച്ചാല്‍ പോലും ഇന്ത്യയിലെ മറ്റെല്ലാ പാര്‍ട്ടികളും മതേതരപ്പാര്‍ട്ടികളാണ്. ബി.ജെ.പി. ഇവിടെ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന പരിപാടി മുന്നോട്ട് വെച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അതിന് ഒരിക്കലും വര്‍ദ്ധിച്ച ജനപിന്തുണ ലഭിക്കുകയില്ല. കാരണം ഒരു ഹിന്ദു രാഷ്ട്രം വേണമെന്ന് ഒരു ഹിന്ദുവും ആഗ്രഹിക്കുന്നില്ല. വിശ്വാസങ്ങളുടെ കാര്യത്തില്‍ ഹിന്ദുക്കളും കുറവൊന്നുമല്ല്ല. എന്നാല്‍ അവര്‍ രാഷ്ട്രീയത്തെയും ദൈവങ്ങളെയും തമ്മില്‍ കൂട്ടിക്കെട്ടുന്നില്ല.

മുസ്ലീമിങ്ങള്‍ക്ക് ദൈവവും മതവും രാഷ്ട്രീയവും നിയമങ്ങളും ഭരണവും എല്ലാം കൂടിക്കുഴഞ്ഞ് വേര്‍പിരിക്കാനാവാത്ത വിധത്തിലാണ്. അത് കൊണ്ടാണ് അവര്‍ക്ക് തീവ്രവാദികളെ തള്ളിപ്പറയാനും കഴിയാതിരിക്കുന്നത്. ഇപ്പോള്‍ ചില ഭാഗത്ത് നിന്ന് തീവ്രവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഫത്‌വകള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ട്. എന്നാലും മൌദൂദിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുസ്ലീം സമുദായത്തെ കരകയറ്റുന്നവരെ ഇസ്ലാം തീവ്രവാദം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനായ മുഹമ്മദലി ജിന്ന ഒരു കറകളഞ്ഞ മതേതരവാദി ആയിരുന്നു. ജിന്നയോളം പോന്ന ഒരു മതേതര നേതാവ് ഇന്ത്യന്‍ മുസ്ലീമിങ്ങള്‍ക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. ആ സത്യം പാക്കിസ്ഥാനില്‍ പോയി തുറന്ന് പറഞ്ഞതിനാണ് അദ്വാനിക്ക് പാര്‍ട്ടി അദ്ധ്യക്ഷപദം ഒഴിയേണ്ടി വന്നത്.

തീവ്രവാദത്തിന്റെ ഏറ്റവും ദാരുണമായ ഇരകള്‍ തീവ്രവാദികള്‍ തന്നെയാണ്. തീവ്രവാദത്തില്‍ യജമാനനും അടിമകളുമുണ്ട്. അല്‍ ഖ്വൈദയുടെ യജമാനന്‍ ഒസാമാ ബിന്‍ ലാദനും, ലഷ്കര്‍ ഇ തായിബയുടെ യജമാനന്‍ ഹാഫിസ് മൊഹമ്മദ് സയിദും തമിഴീഴം പുലികളുടെ യജമാനന്‍ വേലുപ്പിള്ള പ്രഭാകരനുമാണ്. ദാരിദ്ര്യവും ജീവിതപ്രയാസങ്ങളുമാണ് അടിമകളെ തീവ്രവാദി പാളയത്തിലെത്തിക്കുന്നത്. എത്തിക്കിട്ടിയാല്‍ പിന്നെ യജമാന്റെ വക മസ്തിഷ്ക്ക പ്രക്ഷാളനവും സാമ്പത്തിക പ്രലോഭനങ്ങളും കൊണ്ട് അടിമ ഒരു ലക്ഷണമൊത്ത തീവ്രവാദിയാവുന്നു. പ്രഭാകരനാണെങ്കില്‍ അടിമകളെ റിക്രൂട്ട് ചെയ്യുന്നത് , നമ്മള്‍ നികുതി അടക്കുന്നത് പോലെയാണ്. ഒരു തമിഴ് കുടുംബത്തില്‍ നിന്ന് ഒരംഗത്തിനെ ശൈശവ പ്രായത്തിലേ പുലിത്തലവനെ ഏല്‍പ്പിച്ചിരിക്കണം.

തീവ്രവാദം കൊണ്ട് രണ്ട് കാര്യങ്ങളേ നടക്കൂ. ഒന്ന്, കുറെ നിരപരാധികള്‍ എളുപ്പത്തില്‍ കൊല്ലപ്പെടും. രണ്ട്, തീവ്രവാദി യജമാനന് ചക്രവര്‍ത്തി സമാനനായി വാഴാം. തീവ്രവാദം കൊണ്ട് മറ്റൊന്നും ഒരിക്കലും നേടാന്‍ കഴിയില്ല. എന്നാലും തീവ്രവാദത്തെ പലരും വ്യാമോഹിക്കും പോലെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒരിക്കലും കഴിയില്ല. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അത് നമ്മോടൊപ്പം എന്നുമുണ്ടാവും . അല്ലെങ്കിലും ഈ തീവ്രവാദം കൊണ്ട് മാത്രമാണോ നിരപരാധികള്‍ മരണപ്പെടുന്നത്. നൂറ് നൂറ് കാരണങ്ങള്‍ കൊണ്ട് ഇവിടെ നിരപരാധികള്‍ എന്നും അകാല മൃത്യുവിന് ഇരയാകുന്നുണ്ട്. വാഹനാപകടകങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, വൈറസ്സ് ബാധകള്‍, ഇഴജീവികള്‍, രാഷ്ട്രീയാക്രമണങ്ങള്‍ തുടങ്ങിയവയെ പോലെ തീവ്രവാദി ആക്രമണങ്ങളും മരണകാരണമായി ഉണ്ട് എന്നല്ലേ ഉള്ളൂ .

എവിടെ മരണം നടന്നാലും എന്റെ അമ്മ പറയുമായിരുന്നു, അവന്റെ സമയം അതായത് ആയുസ്സ് അവിടെ എത്തി എന്ന്. തീവ്രവാദി ആക്രമണമായാലും കൊലപാതകമായാലും പകര്‍ച്ചവ്യാധി ആയാലും അതൊക്കെ നിമിത്തങ്ങളായേ അമ്മ കാണൂ. രക്ഷപ്പെടുന്നവര്‍ക്ക് സമയം ആയിട്ടില്ല എന്നതില്‍ അമ്മയ്ക്ക് സംശയമേയുണ്ടായിരുന്നില്ല. യുക്തിവാദത്തിന്റെ ലഹരി തലക്ക് പിടിച്ച അക്കാലത്ത് ഞാന്‍ അമ്മയോട് തര്‍ക്കിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അങ്ങനെ അമ്മയോട് തര്‍ക്കിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. അമ്മയ്ക്ക് ആ വിശ്വാസം എത്രയോ ആശ്വാസം നല്‍കിയിരിക്കണം.

യുക്തിവാദികള്‍ക്ക് അങ്ങനെയാണ് . അവര്‍ക്ക് ഉള്ളതേ ഉള്ളൂ, ഇല്ലാത്തത് ഇല്ല. സിമ്പിള്‍ ലോജിക്ക്. വിശ്വാസികള്‍ക്ക് ഉള്ളത് മാത്രമല്ല ഇല്ലാത്തത് പലതും ഉണ്ട്. ഉള്ളതായ ഭൌതികലോകത്തിന് പുറമെ സമാന്തരമായി ഒരു സാങ്കല്പിക ലോകവും അവര്‍ക്കുണ്ട്. അവിടെ സ്വര്‍ഗ്ഗവും നരകവും , പാപവും പുണ്യവും, പുനര്‍ജ്ജന്മവും , ആത്മാവും, മോക്ഷവും, പ്രാര്‍ത്ഥനയും, പൂജയും അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍. എന്താണ് ഉള്ളതിന് തെളിവ് എന്ന് ചോദിച്ചാല്‍ അവര്‍ തിരിച്ച് ചോദിക്കും തെളിവുണ്ടെങ്കിലേ നിങ്ങള്‍ വിശ്വസിക്കൂ എന്ന്. കാറ്റിനെ കാണാന്‍ പറ്റുമോ കരണ്ടിനെ കാണാന്‍ പറ്റുമോ എന്നൊക്കെ നൂറായിരം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കും. അതൊക്കെ കേട്ടാല്‍ തോന്നും അവര്‍ക്കൊക്കെ എല്ലാം ബോധ്യമാകുന്നുണ്ടെന്ന്. എവിടെ ? ഒരു വിശ്വാസം അത്രമാത്രം. പക്ഷെ വിശ്വാസം തന്നെയാണ് നല്ലതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. അതിനെകുറിച്ച് പിന്നെ എഴുതാം.

എന്റെ ഒരു പഴയ പോസ്റ്റില്‍ ഈ അടുത്തായി ഒരു ബ്ലോഗര്‍ സുഹൃത്ത് താഴെ കാണും പ്രകാരം ഒരു കമന്റ് എഴുതി. അത് വായിച്ച് ഞാന്‍ കുറെ നേരം ചിന്താധീനനായി ഇരുന്നു പോയി.

“യുക്തികതയുടെ നിരാസമാണ് ജീവിതം. പൊതുവെ വ്യര്‍ത്ഥവും, ആത്യന്തികമായി നശ്വരവും ആയ ജീവിതം എന്തുകൊണ്ട് മനുഷ്യന്‍ ജീവിക്കുന്നു? നൈരന്തര്യവും നൈരന്തര്യ നിഷേധവും ഉപോല്‍ബലകങ്ങള്‍ ആയ ശാസ്ത്ര ചിന്തയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെങ്കില്‍, മാറാരോഗവും, ദാരിദ്ര്യവും, സമ്പന്നതയുടെ വ്യര്‍ത്ഥതയും നിശ്ചയമായ മരണവും എന്തുകൊണ്ടാണ് ജീവിതം എന്ന അനാവശ്യമായ ഒരു കര്‍ത്തവ്യത്തില്‍ നിന്നും പിന്‍വലിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കാത്തത്? കാരണം ജീവിതം അയുക്തികമാണ്. അയുക്തികമായ ജീവിതത്തെ വരുതിയിലാക്കാനുള്ള കേവലം ഒരു പരിശ്രമം മാത്രമാണ് യുക്തി ചിന്ത.”

ജീവിതത്തിന്റെ അയുക്തികത എന്ന് ഞാന്‍ ഈ പോസ്റ്റിന് തലക്കെട്ട് കൊടുക്കുമ്പോള്‍ എഴുതാന്‍ ഉദ്ദേശിച്ചത് വേറെന്തോ ആയിരുന്നു. അത് പിന്നെയെഴുതാം, തലക്കെട്ട് വേറെ കിട്ടാതിരിക്കില്ല.

(മൌദൂദിസം)

അഭയ കേസില്‍ നിന്ന് പഠിക്കേണ്ടത് !

അഭയ കേസ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു. സംഗതികള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമായിട്ടുണ്ട് . എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയൊന്നും കാണാനില്ല. തെളിയിക്കപ്പെടാന്‍ കഴിഞ്ഞില്ല എന്ന ആനുകൂല്യത്തില്‍ അവര്‍ വിട്ടയക്കപ്പെടാനുള്ള സാധ്യതയും ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും ഇപ്പോഴും ഫിഫ്റ്റി ഫിഫ്റ്റി ആണ്.

മനുഷ്യര്‍ ചില ദുര്‍ബ്ബലനിമിഷങ്ങളില്‍ എന്തെന്ത് കാര്യങ്ങളാണ് ചെയ്ത് പോകുന്നത് ! പത്ത് പതിനാറ് വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസികപ്രയാസങ്ങള്‍ തന്നെ പ്രതികള്‍ ഇതിനകം ശിക്ഷയായി അനുഭവിച്ചുവോ എന്തോ. ഒരു കൊലപാതകം നടക്കുമ്പോള്‍ കൊല്ലപ്പെട്ട ആള്‍ ജീവിതത്തിന്റെ വിഷമതകള്‍ ഒന്നും പിന്നെ അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ കൊലപാതകിയുടെ കാര്യം അതല്ല. ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടാലും ജീവിതത്തിന്റെ ദുരിതങ്ങള്‍ ആ പ്രതിയെ വേട്ടയാടുന്നു.

ഈ കേസില്‍ നിന്ന് പഠിക്കേണ്ട ഒരു പാഠമുണ്ട്. ഈ കേസില്‍ നിന്ന് മാത്രമല്ല. പഠിക്കുന്നെങ്കില്‍ മുന്‍പേ പഠിക്കേണ്ടതാണ്. വൈവാഹികജീവിതം ഒരു പുരുഷനോ സ്ത്രീക്കോ എക്കാരണം കൊണ്ടും നിഷേധിക്കാന്‍ പാടില്ല എന്നതാണത്. ഒരു വ്യക്തി ആണായാലും പെണ്ണായാലും സ്വമേധയാ കല്യാണം വേണ്ട എന്ന് തീരുമാനിക്കുകയാണെങ്കില്‍ അത് വേറെ കാര്യം. എന്നാല്‍ ബ്രഹ്മചര്യം എന്നത് മനുഷ്യനായി ജനിക്കുന്ന ആരിലും ബാഹ്യമായി ആരും അടിച്ചേല്‍പ്പിക്കരുത്. അത് പ്രകൃതിവിരുദ്ധമാണ്, മതങ്ങളുടെ പേരിലായാലും ദൈവങ്ങളുടെ പേരിലായാലും. ജന്മസഹജമായ വാസനകളാലാണ് ഓരോ ജീവനും പിറന്ന് വീഴുന്നത് . മതങ്ങളും അനുബന്ധകാര്യങ്ങളും ഒക്കെ വരുന്നത് പിന്നീടാണ്. മതങ്ങളുടെ ആചാരാനുഷ്ടാനങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടി ആരും ജനിക്കുന്നില്ല. ജനിച്ചു കഴിഞ്ഞാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ബാക്കിയെല്ലാം. മനുഷ്യന്റെ ജന്മസിദ്ധമായ തൃഷ്ണകള്‍ അവഗണിക്കുന്നതോ നിഷേധിക്കുന്നതോ ഒരു കാരണവശാലും ന്യായമല്ല.

ചില സത്യങ്ങള്‍ ആരും തുറന്ന് പറയില്ല. എന്തിന് അപ്രിയസത്യങ്ങള്‍ വിളിച്ച് പറഞ്ഞ് മറ്റുള്ളവരുടെ അപ്രീതിയ്ക്ക് പാത്രമാവണം എന്നതാണ് ചിന്താഗതി. അഭയസംഭവം പോലൊന്ന് ആവര്‍ത്തിക്കുന്നത് അപൂര്‍വ്വമാണെങ്കിലും, കൊലചെയ്യല്‍ അഥവാ ആത്മഹത്യ എന്ന ഒന്ന് അത്തരം സംഭവങ്ങളില്‍ നിന്ന് മൈനസ് ചെയ്താല്‍ ബാക്കികാര്യങ്ങള്‍ എല്ലാം അന്നും ഇന്നും മുറപോലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ ആരും നെറ്റി ചുളിച്ചിട്ട് കാര്യമില്ല. സ്വകാര്യ സംഭാഷണങ്ങളിലും പലരും പങ്ക് വയ്ക്കുന്നതാണ്. ഇത് പോലെ പല കാപട്യങ്ങളും നമ്മുടെയിടയില്‍ സദാ നടന്നുകൊണ്ടിരിക്കുന്നു. അവനവന്റെ ആന്തരാത്മാവില്‍ ഇറങ്ങി ഇതൊക്കെ ഒന്ന് പരിശോധിച്ചാല്‍ ആര്‍ക്കും ഇതൊക്കെ മനസ്സിലാവും. പക്ഷെ ഒരു സിസ്റ്റത്തിന് കീഴടങ്ങി എല്ലാം സഹിക്കാനാണ് ആളുകള്‍ തയ്യാറാവുന്നത് . അതാണ് വ്യവസ്ഥാപിതങ്ങളാവുന്ന സിസ്റ്റങ്ങളുടെ അപ്രതിരോധ്യമായ ബലം. പൊതുവെ മനസ്സില്‍ അടിച്ചമര്‍ത്തുന്ന വികാരങ്ങള്‍ വേഷപ്രച്ഛന്നമായി മനുഷ്യരെ ചെകുത്താന്മാരാക്കുന്ന പ്രവണത കണ്ടു വരാറുണ്ട്.

ഇപ്പോള്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതികള്‍ക്ക് ആരും മാപ്പ് കൊടുക്കുകയില്ല. എന്നാലും അവര്‍ വിട്ടയക്കെപ്പെടണേ എന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു. അത് അഭയയുടെ മാതാപിതാക്കളുടെ ദു:ഖവും അമര്‍ഷവും കണക്കിലെടുക്കാതെയല്ല. ജീവിതം എത്ര നശ്വരമാണ് എന്ന ദാര്‍ശനിക വ്യഥയില്‍ നിന്നാണ് ആ ചിന്ത എനിക്ക് ഉണ്ടാവുന്നത്. ഇങ്ങനെ പറയുന്നതിന് അഭയയുടെ മാതാപിതാക്കള്‍ എന്നോട് പൊറുക്കട്ടെ. മരണാനന്തരം ഒരു ആത്മാവ് ശേഷിക്കും എന്ന വിശ്വാസമില്ലാത്തതിനാല്‍ വായനക്കാരും എന്നോട് പൊറുക്കുമെന്ന് കരുതുന്നു.

തകരുന്ന മുതലാളിത്തവും മലരുന്ന സോഷ്യലിസവും

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ആനന്ദത്താല്‍ ഹര്‍ഷപുളകിതരാണ് . എന്താണ് സംഗതിയെന്നല്ലെ. മുതലാളിത്തം അതിന്റെ പ്രഭവസ്ഥാനമായ അമേരിക്കയില്‍ തന്നെ കുമിളകള്‍ കണക്കെ പൊട്ടിത്തെറിച്ച് ചിതറിയിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി അത് പത്രക്കാരോട് പറയുമ്പോള്‍ എന്താ അദ്ദേഹത്തിന്റെ ഒരു സന്തോഷം! സാമ്പത്തികമായി അമേരിക്ക തകരുക എന്ന് വെച്ചാല്‍ മുതലാളിത്തം തകരുന്നു എന്ന് തന്നെയാണ് അര്‍ത്ഥം . മുതലാളിത്തത്തിന് പകരം വയ്ക്കാന്‍ സോഷ്യലിസമല്ലാതെ മറ്റൊന്നില്ല. ഇപ്പോള്‍ യൂറോപ്പില്‍ ഏറ്റവും അധികം വില്പനയാവുന്ന ഗ്രന്ഥം കാള്‍ മാര്‍ക്സിന്റെ മൂലധനം ആണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട് . സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭൌതികസാഹചര്യങ്ങള്‍, മുതലാളിത്തത്തിന്റെ തകര്‍ച്ചയോടെ യൂറോപ്പില്‍ പാകപ്പെട്ടുവരുന്നതായാണ് സൂചനകള്‍.

ഇത്തരുണത്തില്‍ എന്താണ് മുതലാളിത്തം എന്താണ് സോഷ്യലിസം, അവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നമുക്കൊന്ന് മനസ്സിലാക്കണ്ടെ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മൂലധനവും പ്രത്യുല്‍പാദനസാമഗ്രികളും എല്ലാം പൊതു ഉടമസ്ഥതയില്‍ ആയിരിക്കണം. പൊതു ഉടമസ്ഥന്‍ സര്‍ക്കാര്‍ ആയിരിക്കും. അതായത് മുതലാളിയുടെ റോള്‍ സര്‍ക്കാറിനായിരിക്കും. ലോകത്ത് തൊഴിലാളികളേ ഉണ്ടാവൂ , മുതലാളിമാര്‍ ഉണ്ടാവില്ല. തൊഴിലാളികള്‍ക്ക് അവരുടെ ഒരു പാര്‍ട്ടിയുണ്ടാവും. ആ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരിക്കും സര്‍ക്കാര്‍ . അതായത് സര്‍ക്കാറും മൂലധനവും പ്രത്യുല്പാദനോപാധികളും പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. പാര്‍ട്ടി അതിന്റെ ഉന്നതാധികാരസമിതിയുടെ തലവന്റെ നിയന്ത്രണത്തിലുമായിരിക്കും. തൊഴിലാളികള്‍ക്ക് പണി എടുക്കുക എന്ന പണിയേയുള്ളൂ. ബാക്കി എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും.

പാര്‍ട്ടിയിലേക്ക് പുതുതായി അംഗങ്ങളെ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ ചേര്‍ക്കും. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ വിവിധസഭകളില്‍ മത്സരിക്കും. ഒരു സ്ഥാനാര്‍ത്ഥിയേ മത്സരരംഗത്ത് ഉണ്ടാവൂ. ആ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായ തൊഴിലാളികള്‍ 99.999 ശതമാനം ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കും. മനസ്സിലായില്ലെ ? സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ നിരാകരിക്കാം യെസ് ഓര്‍ നോ. ആരും നോ പറയില്ല. അങ്ങനെയാണ് വിജയശതമാനം 99 കവിഞ്ഞ് നൂറിനോട് അടുക്കുന്നത്. പിന്നെയെന്തിനാണ് തെരഞ്ഞെടുപ്പ് എന്നല്ലെ. അതാണ് യഥാര്‍ത്ഥജനാധിപത്യം, മറിച്ചുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണ്.

തൊഴിലാളിക്ക് പണിയും , പണി എടുത്താല്‍ കൂലിയും കിട്ടണം. ഇത് രണ്ടും സോഷ്യലിസത്തില്‍ ഗ്യാരണ്ടിയാണ്. എന്ത് പണി എടുക്കണം എത്ര കൂലി വേണം എന്നതൊക്കെ സര്‍ക്കാര്‍ തീരുമാനിക്കും. മൂലധനവും പ്രത്യുല്പാ‍ദനസാമഗ്രികളും പാര്‍ട്ടി നിയന്ത്രിക്കുന്ന സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. ചുരുക്കത്തില്‍ ഇതാണ് സോഷ്യലിസം. തൊഴിലാളികളുടെ പാര്‍ട്ടിയും , പാര്‍ട്ടിയുടെ സര്‍ക്കാറും ആയതിനാല്‍ പണിമുടക്ക്,ബന്ദ്,ഹര്‍ത്താല്‍ ഒന്നും ഉണ്ടാവില്ല. ഒരു കണക്കിന് സുന്ദരമായ വ്യവസ്ഥിതി. ഈ വ്യവസ്ഥിതിയാണ് സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളിലും ഗോര്‍ബ്ബച്ചേവിസം ബാധിച്ച് പൊളിഞ്ഞ് പോയത്. അതിന്റെ ആഘാതത്തില്‍ ചൈനയില്‍ സ്വത്തവകാശവും സ്വകാര്യമൂലധനവും ഭരണഘടനാഭേദഗതിയിലൂടെ ഈയടുത്തകാലത്താണ് പുന:സ്ഥാപിച്ചത്. അവിടെ കൃഷിഭൂമി കര്‍ഷകര്‍ക്ക് ആദ്യം പാട്ടത്തിനും പിന്നീട് ക്രയവിക്രയാവകാശങ്ങളോടെയും തിരിച്ചുകൊടുത്തിരുന്നു.

മുതലാളിത്തത്തില്‍ മൂലധനവും പ്രത്യുല്പാദനസാമഗ്രികളും മുതലാളിമാരുടെ കൈകളിലായിരിക്കും. അതാണ് പ്രശ്നം. അമേരിക്കയില്‍ സര്‍വ്വതും സ്വകാര്യമേഖലയിലാണ്. നമ്മള്‍ വിചാരിച്ചത് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പോലെ ക്യാപിറ്റലിസമാണ് ലോകത്തിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നാണ്. ആ വിചാരം തെറ്റാണെന്ന് ഇപ്പോള്‍ തെളിയിച്ചത് അമേരിക്ക തന്നെയാണ്. ഗോര്‍ബ്ബച്ചേവിസം കമ്മ്യൂണിസത്തെ തകര്‍ത്ത പോലെ ബുഷിസമാണോ അമേരിക്കയെ തകര്‍ത്തതെന്ന കാര്യത്തില്‍ തീര്‍പ്പ് വന്നിട്ടില്ല. ഇനിയിപ്പോള്‍ സോഷ്യലിസം എന്ന എക്കണോമിക്കല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വെച്ചടി വെച്ചടി വ്യാപിക്കും. തുടക്കം എവിടെ നിന്നാവുമെന്നാണ് വ്യക്തമാവാത്തത്. കൊടുത്തതെല്ലാം തിരിച്ച് പിടിച്ച് ചൈനയില്‍ നിന്ന് ആരംഭം കുറിക്കുമോ അതോ ഇപ്പോഴും സോഷ്യലിസം അഭംഗുരം പുലരുന്ന ക്യൂബയില്‍ നിന്ന് ലോകത്തേക്ക് പടര്‍ന്ന് പന്തലിക്കുമോ എന്നാണറിയേണ്ടത്. ഏതായാലും ഇനിയുള്ള കാലം സോഷ്യലിസത്തിന്റേതാണ് എന്ന് തീര്‍ച്ച. അങ്ങനെ വിപ്ലവം നടത്താനുള്ള ബാധ്യത ഒഴിഞ്ഞുകിട്ടിയല്ലോ എന്ന സന്തോഷം കൂടി നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലാതില്ല.

വര്‍ഗ്ഗീയതയുടെ മന:ശാസ്ത്രം

ഇന്ന് വളരെ പ്രചാരത്തിലുള്ള ഒരു പദമാണ് വര്‍ഗ്ഗീയത. ഏത് ചര്‍ച്ചയിലും സംവാദത്തിലും ആളുകള്‍ ഈ വാക്ക് ധാരാളമായി ഉപയോഗിക്കുന്നു. വര്‍ഗ്ഗീയതയ്ക്ക് ലേബലുകളുമുണ്ട്. ഹിന്ദു വര്‍ഗ്ഗീയത,മുസ്ലീം വര്‍ഗ്ഗീയത, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത അങ്ങനെയങ്ങനെ. വര്‍ഗ്ഗീയതയെ മതങ്ങളുമായി മാത്രമാണ് ഇന്ന് ബന്ധപ്പെടുത്തിക്കാണുന്നത്. എങ്ങനെയാണ് വര്‍ഗ്ഗീയത എന്ന വാക്ക് മതങ്ങളുമായി മാത്രം ബന്ധപ്പെട്ടു പോയത്? എന്താണ് വര്‍ഗ്ഗീയത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ? എന്താണ് വര്‍ഗ്ഗീയതയുടെ മന:ശാസ്ത്രം? ആരെങ്കിലും ആലോചിക്കുന്നുണ്ടോ, സ്ഥാനത്തും അസ്ഥാനത്തും ഈ വാക്ക് ഇഷ്ടം പോലെ ഉപയോഗിക്കുമ്പോള്‍? ഞാന്‍ വര്‍ഷങ്ങളായി ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിക്കുകയായിരുന്നു.

എന്റെ അഭിപ്രായത്തില്‍ , ഏതൊരാള്‍ തന്റെ സംഘടന അഥവാ താന്‍ അംഗമായിട്ടുള്ള സമൂഹം,ഗ്രൂപ്പ് മാത്രമാണ് ശരിയെന്നും അതിന്റെ സിദ്ധാന്തങ്ങള്‍ മാത്രമാണ് അന്തിമമായി ശരിയെന്ന് കരുതുകയും മറ്റുള്ള സംഘടനകളോട് അതിന്റെ സിദ്ധാന്തങ്ങളോട് അസഹിഷ്ണുത തോന്നുകയും ചെയ്യുന്ന മനോഭാവം എന്താണോ അതാണ് വര്‍ഗ്ഗീയത എന്നാണ്. അതായത് വര്‍ഗ്ഗീയത എന്ന വികാരം വ്യക്തിഗതമാണ്.

അങ്ങനെനോക്കുമ്പോള്‍ മതം,പ്രദേശം,ഭാഷ,ജാതി,നിറം,തൊഴില്‍,രാഷ്ട്രീയം എന്ന് വേണ്ട നൂറ് നൂറ് തരം വര്‍ഗ്ഗീയതകളുണ്ട്. ഉദാഹരണത്തിന് ഒരു പ്രദേശത്ത് ഭൂരിപക്ഷവും മാര്‍ക്സിസ്റ്റുകാരാണെന്ന് സങ്കല്‍പ്പിക്കുക , അവിടെ മറ്റേതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ചില മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് അസഹിഷ്ണുത തോന്നുകയും ആ പാര്‍ട്ടിയെ ബലം പ്രയോഗിച്ച് അവിടെ നിന്ന് തുരത്തുകയും ചെയ്യുന്നു. അത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയതയാണ്. എന്നാല്‍ എല്ലാ മാര്‍ക്സിസ്റ്റ്കാരിലും ആ അസഹിഷ്ണുത ഉണ്ടാവണമെന്നില്ല. ഞങ്ങളെപ്പോലെ തന്നെ അവരും പ്രവര്‍ത്തിച്ചോട്ടെ എന്ന് കരുതുന്ന മാര്‍ക്സിസ്റ്റ് അനുഭാവികളും കാണും. മാത്രമല്ല പല വീടുകളിലും വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. അപ്പോള്‍ ആ പ്രദേശത്ത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികളും മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികള്‍ അല്ലാത്തവരും ഉണ്ട്. ഭാഷയുടെ പേരിലും പ്രദേശങ്ങളുടെ പേരിലും വര്‍ഗ്ഗീയത ഇന്ന് സജീവമായുണ്ട്. മറാത്തി ഭാഷയുടെ പേരില്‍ വര്‍ഗ്ഗീയവിഷം തുപ്പുന്ന സംഘടനയാണ് മഹരാഷ്ട്ര നവനിര്‍മ്മാണ്‍ സമിതി. എന്നാല്‍ മറാത്തി ഭാഷ സംസാരിക്കുന്ന എല്ലാവരും മറാത്തി വര്‍ഗ്ഗീയവാദികളല്ല.

ഒരു മതത്തില്‍ പെട്ട ചിലര്‍ക്ക് , തന്റെ മതം മാത്രമാണ് ശരിയെന്ന് തോന്നുകയും മറ്റ് മതങ്ങളോട് അസഹിഷ്ണുത തോന്നി വിദ്ധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവന്റെ വര്‍ഗ്ഗീയമനോഭാവത്തെ അവന്‍ പ്രതിനിധാനം ചെയ്യുന്ന മതവുമായി ബന്ധപ്പെടുത്തി മതവര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് ഏറ്റവും അപകടകരമായി എനിക്ക് തോന്നുന്നത്. ചുരുക്കത്തില്‍ എവിടെ ആളുകളുടെ കൂട്ടായ്മ രൂപപ്പെടുന്നുവോ അവിടെ വര്‍ഗ്ഗീയതയുമുണ്ട്, ചിലരില്‍ മാത്രം. അതിന് ആ കൂട്ടായ്മയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു മതത്തെയോ,സംഘടനയെയോ, പാര്‍ട്ടിയെയോ മൊത്തത്തില്‍ കുറ്റവിചാരണ ചെയ്യുന്നത് ശരിയായിരിക്കില്ല. ഏറിയോ കുറഞ്ഞോ വര്‍ഗ്ഗീയമനോഭാവം ഏത് സംഘടനയിലും ഉണ്ടായിരിക്കെ, അത് ഇല്ലാതാക്കാന്‍ ശ്രമിക്കാതെ മറ്റ് സംഘടനകളെ കുറ്റപ്പെടുത്താന്‍ കാണിക്കുന്ന അമിതോത്സാഹം നമ്മെ എവിടെയുമെത്തിക്കുകയില്ല.

എല്ലാ സംഘടനകള്‍ക്കും , മതങ്ങള്‍ക്കും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കും , പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇവിടെ ഇടമുണ്ട് എന്ന് ഓരോ സംഘടനയും അംഗീകരിക്കലാണ് വര്‍ഗ്ഗീയത ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളുടെ ആദ്യത്തെ പടി. എല്ലാ തെറ്റുകുറ്റങ്ങളും മറ്റുള്ള സംഘടനകളിലാണ് എന്നും തന്റെ സംഘടന കുറ്റമറ്റതാണ് എന്നും ആര് കരുതുന്നുവോ അവനില്‍ വര്‍ഗ്ഗീയതയുടെ രോഗലക്ഷണങ്ങളുണ്ട്. അതാണ് ആദ്യം ചികിത്സിച്ച് ഭേദമാക്കേണ്ടത് .

പ്രവാസത്തിന്റെ ബാക്കിപത്രം

ലിജു ഫിലിപ്പ് എന്ന സുഹൃത്ത് മെയിലില്‍ ഫോര്‍വേഡ് ചെയ്ത് തന്നതാണ് മേലെ കാണുന്നത്. പലര്‍ക്കും ഇത് ഫോര്‍വേഡായി ലഭിച്ചിരിക്കും . വായിച്ചപ്പോള്‍ എനിക്കുണ്ടായ അസ്വസ്ഥത ഒരു പോസ്റ്റായി എഴുതാമെന്ന് കരുതി. ഗള്‍ഫിലേക്ക് ഇപ്പോഴും ആളുകള്‍ പോകുന്നുണ്ട്. മുന്‍പത്തെയത്ര ഗരിമ ഇപ്പോള്‍ ഗള്‍ഫ്‌കാരന് നാട്ടില്‍ ഇല്ല. എന്നാലും ലക്ഷവും അതിലധികവും രൂപ വിസയ്ക്ക് നല്‍കി അക്കരെ കടക്കാന്‍ കാത്ത് നില്‍ക്കുന്നവര്‍ ഇപ്പോഴും ഏറെ. നാട്ടില്‍ ഇപ്പോഴൊന്നും ആളുകളെ പുറത്തെവിടെയും കാണാനില്ല. ചെറുപ്പക്കാര്‍ അധികവും ഗള്‍ഫിലോ അല്ലെങ്കില്‍ മറ്റ് വിദേശരാജ്യങ്ങളിലോ, അയല്‍സംസ്ഥാനങ്ങളിലോ ആണ്. ബാക്കിയുള്ളവര്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ടിവിയുടെ മുന്‍പിലാ‍യിരിക്കും. നാലാളെ ഇന്ന് നാട്ടില്‍ കാണണമെങ്കില്‍ അടുത്തുള്ള ചെറിയ ടൌണില്‍ പോകണം. അയല്‍പ്പക്കത്തൊന്നും ആരുമില്ല. ഒരു പണിക്കും ആളെ കിട്ടാനില്ല. എലക്ട്രീഷ്യന്‍സ് , പ്ലമ്പേര്‍സ് , കാര്‍പ്പന്റേര്‍സ് എന്ന് വേണ്ട ചെറിയ അറ്റകുറ്റപ്പണിക്ക് ഒരു രക്ഷയുമില്ല. ഉള്ളവരെല്ലാം ഗള്‍ഫിലാണ്, പിന്നെ ഇത്തരം പണികള്‍ പഠിക്കാന്‍ കുട്ടികള്‍ ആരും ഇപ്പോള്‍ മെനക്കെടുന്നില്ല. അഥവാ രക്ഷിതാക്കള്‍ക്ക് മക്കള്‍ക്ക് വെള്ള കോളര്‍ ജോലി കിട്ടുന്നതിലാണ് താല്പര്യം. കൈത്തൊഴില്‍ ശീലിക്കുന്നതില്‍ ആര്‍ക്കും താല്പര്യമില്ല.
നമ്മുടെ നാട് വളരെ മാറിപ്പോയി. ഈ ഒരു മാറ്റം വ്യക്തികളുടെ ജീവിതത്തില്‍ എന്ത് പ്രത്യാഘാതങ്ങളാണ് വരുത്തിവെച്ചിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണ് മേലെയുള്ള വാചകങ്ങള്‍. അടുത്തടുത്തായി ധാരാളം കോണ്‍ക്രീറ്റ് വീടുകള്‍ ഉയര്‍ന്നു വന്നു, ഇപ്പോഴും ഉയരുന്നു എന്നതാണ് നാട്ടില്‍ പ്രവാസജീവിതത്തിന്റെ ബാക്കിപത്രം. മറ്റൊന്നു കൂടിയുണ്ട്. വീട് നിര്‍മ്മിക്കുന്നെങ്കില്‍ അത് വാര്‍പ്പ് വീട് ആയിരിക്കണം എന്നത് ഇപ്പോള്‍ ഒരു അലിഖിതനിയമമായിട്ടുണ്ട്. സാധാരണക്കാരായവര്‍ക്ക് ഇന്ന് ബാങ്കുകളില്‍ നിന്ന് ലോണ്‍ ഉദാരമായി കിട്ടുന്നുണ്ട്. അത് കൊണ്ട് എല്ലാവരും വീട് നിര്‍മ്മിക്കാന്‍ ബാങ്കുകളില്‍ നിന്ന് ഭവനവായ്പ എടുക്കുന്നു. കാര്‍ഷിക ബാങ്കുകളില്‍ നിന്നും വായ്പ ഭൂരിഭാഗവും വാങ്ങുന്നത് വീട് വയ്ക്കാന്‍ തന്നെയാണ് . അങ്ങനെ ഒരുവകപ്പെട്ട ആളുകളുടെ എല്ലാം ആധാരം ഇന്ന് ബാങ്കുകളില്‍ പണയത്തിലാണ്. ഈ വായ്പ എപ്പോള്‍ തിരിച്ചടക്കാന്‍ കഴിയുമെന്ന് അത് വാങ്ങിയവര്‍ക്കോ ബാങ്കുകള്‍ക്കോ നിശ്ചയമില്ല. കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന്റെ സൂചനകള്‍ കാണാനുണ്ട്. അമേരിക്കയിലെ ലേമേന്‍ ബാങ്കിന്റെ തകര്‍ച്ച പോലെ ഒന്ന് കേരളത്തില്‍ സംഭവിച്ചു കൂടായ്കയില്ല. വീടിന്റെ പണി പൂര്‍ത്തിയാക്കുക എന്നത് പലര്‍ക്കും ഇന്ന് വിദൂരസ്വപ്നമാണ്. അത്രമാത്രം പ്രലോഭനങ്ങളാണ് വീട്ടിന്റെ കാര്യത്തില്‍. ഗള്‍ഫില്‍ 15 കൊല്ലം പണിയെടുത്തിട്ടും പലര്‍ക്കും വീട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവിതത്തില്‍ നമ്മുടെ മുന്‍‌ഗണനകള്‍ അട്ടിമറിക്കപ്പെട്ടതിന്റെ പരിണിതഫലമാണിതെല്ല്ലാം. അവനവന്റെ കഴിവിനും അപ്പുറമാണ് ഓരോരുത്തരുടെയും വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍. മറ്റൊന്ന് വിവാഹത്തോടനുബന്ധിച്ചുള്ള ആര്‍ഭാടങ്ങളും ധൂര്‍ത്തും അനാവശ്യച്ചെലവുകളുമാണ്. ആക മൊത്തം ഒരു വീട് പണിയലിലും കല്യാണത്തിലും ഒടുങ്ങുന്നു ജീവിതം. മറ്റൊന്നിനും നേരമില്ല.
ഈ ഒരു വിഷമവൃത്തത്തില്‍ നിന്നും ആര്‍ക്കും കരകയറാന്‍ കഴിയുന്നില്ല. മനുഷ്യന്‍ സാമൂഹ്യജീവിയായതിന് കൊടുക്കേണ്ടി വരുന്ന വില !
മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതാണ് ഭയം. ആളുകളെ പേടിച്ചിട്ടാണ് ഇന്ന് സ്വന്തം മക്കളെ ഇംഗീഷ് മീഡിയം സ്കൂളുകളിലേക്ക് അയക്കുന്നത്. മലയാളം മീഡിയത്തിലോ സര്‍ക്കാര്‍ സ്കൂളിലോ മക്കളെ അയച്ചാല്‍ അതിനോളം നാണക്കേട് വേറെയുണ്ടോ. സി.ബി.എസ്സ്.ഇ. എന്ന് പറയുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ അധികവും പ്ലസ് റ്റൂ വരെ മാത്രം പഠിച്ചവരോ അല്ലെങ്കില്‍ ചരിത്രമോ ധനതത്വശാസ്ത്രമോ എടുത്ത് ഡിഗ്രി പാസ്സായവരോ തോറ്റവരോ ആയിരിക്കും. മറ്റൊരു പരീക്ഷയിലും ജയിച്ചവരല്ല അവര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരായി നിയമനം കിട്ടണമെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം. മാത്രമല്ല ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്നത് മലയാളത്തിലാണ്. ഒരു വിധത്തില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ടീ‍ച്ചര്‍മാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുറവാണ്. നാട്ടില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. മക്കള്‍ യൂനിഫോം ഇട്ട് , സ്കൂള്‍ വാനില്‍ കയറിപ്പോയാലേ ഒരന്തസ്സ് ഉള്ളൂ എന്നാണ് വിചാരം. സ്കൂളിന് ഇംഗ്ലീഷ് മീഡിയം എന്നും അഫിലിയേറ്റഡ് സി.ബി.എസ്.ഇ. എന്നുമുള്ള ഒരു ബോര്‍ഡ് തൂക്കിയിരിക്കണം എന്ന് മാത്രം. നമ്മുടെ കുട്ടികളുടെ ഭാവി ഓര്‍ത്താല്‍ സങ്കടം തോന്നും.
ഇതിനൊക്കെ പരിഹാരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷെ ആരും ഒന്നും തുറന്ന് പറഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുകയില്ല. എല്ലാം സഹിക്കും. സ്വയം വരിഞ്ഞ് മുറുക്കപ്പെട്ട അവസ്ഥയിലാണ് എല്ലാവരും.

ഒബാമയ്ക്ക് അഭിവാദ്യങ്ങള്‍ !പാതി ആഫ്രിക്കനും പാതി അമേരിക്കനുമായ ബറാക്ക് ഹുസ്സൈന്‍ ഒബാമയുടെ ചരിത്രപ്രധാനമായ വിജയത്തില്‍ അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു . അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആന്തരികമായ ശക്തിയും ആര്‍ജ്ജവവുമാണ് ഉദാത്തമായ ഈ വിജയത്തില്‍ കാണാന്‍ കഴിയുന്നത് . മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് ഇതേ പോലെ ഒരു യുവനേതാവിന്റെ ആഗമനം നമുക്ക് പ്രതീക്ഷിക്കാനാവുമോ ? ജരാനര ബാധിച്ച വൃദ്ധനേതൃത്വങ്ങള്‍ മാത്രമേ നമുക്ക് പറ്റൂ എന്നുണ്ടോ ?

ബ്ലോഗിങ്ങും ഞാനും !

എന്നെ പറ്റി ബ്ലോഗില്‍ ഒരു തമാശയുണ്ട്. അതായത് ഞാന്‍ ബ്ലോഗിങ്ങ് അടിക്കടി നിര്‍ത്തുകയും എന്നാല്‍ അതേ വേഗത്തില്‍ വീണ്ടും ബ്ലോഗിങ്ങ് തുടങ്ങുകയും ചെയ്യുന്ന ആളാണെന്ന്. അതില്‍ വാസ്തവമില്ലാതെയുമില്ല . സത്യത്തില്‍ എനിക്ക് ബ്ലോഗിങ്ങ് മടുപ്പ് ഉളവാക്കിയ ഒന്നാണ്. ബ്ലോഗ് എഴുതുക ഒരു കഴിവാണെന്ന് തോന്നുന്നില്ല. ഉദാഹരണം ഞാന്‍ തന്നെ. ആര്‍ക്കും ബ്ലോഗ് തുടങ്ങാം. എന്നാല്‍ കഴിവുള്ള ഒട്ടേറെ പേര്‍ ബ്ലോഗ് എഴുതുന്നുണ്ട്. അങ്ങനെ കഴിവുള്ളവരും ബ്ലോഗിലുണ്ട് എന്നര്‍ത്ഥം. ബ്ലോഗ് എനിക്ക് മടുക്കാന്‍ പ്രത്യേക കാരണമൊന്നും ഇല്ല . ആര്‍ക്കും എന്തിലും എപ്പോഴും മടുപ്പ് തോന്നാമല്ലൊ. നന്നായും അല്ലാതെയും ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന പലരും ഇപ്പോള്‍ ബ്ലോഗ് എഴുതുന്നത് കാണുന്നില്ല. അവര്‍ക്കൊക്കെ ബ്ലോഗ് മടുത്ത് കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കളയാന്‍ എനിക്കിപ്പോള്‍ കുറെ സമയമുണ്ട്. അതാണ് ബ്ലോഗിന്റെ മുന്‍പില്‍ നിന്ന് ഞാന്‍ എഴുന്നേറ്റ് പോകാത്തത്. സമയത്തിന്റെ ദൌര്‍ലഭ്യം പോലെ തന്നെ പ്രശ്നമാണ് സമയത്തിന്റെ ധാരാളിത്തവും. ചെലവാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും അരോചകമായ ഒന്നാണ് സമയം. എന്നാല്‍ ഏറ്റവും വിലപ്പെട്ടതും സമയം തന്നെ. ഒരു സെക്കന്റെങ്കില്‍ ഒരു സെക്കന്റ് അത്രയും സമയം ആയുസ്സ് നീട്ടിക്കിട്ടാന്‍ എത്ര ആഗ്രഹിക്കുന്നു നമ്മള്‍ !

ബ്ലോഗില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല പലരുടെയും വെറുപ്പ് സമ്പാദിക്കാനും ഇടയായല്ലൊ എന്നൊരു ഖേദം പലപ്പോഴും ബ്ലോഗ് നിര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉത്തമബോധ്യത്തോടെയേ പറഞ്ഞിട്ടുള്ളൂ. അതാണ് പ്രശ്നവും. എല്ലാവരും അനുഭവിക്കുന്ന പ്രശ്നം തന്നെയാണിത്. ഒരേ പോലെ ചിന്തിക്കുന്ന രണ്ട് പേര്‍ ഉണ്ടാവാന്‍ വഴിയില്ല. ഈ വൈരുദ്ധ്യം തന്നെയാണ് ലോകത്ത് കാണുന്ന സകല സംഘര്‍ഷങ്ങളുടെയും അടിസ്ഥാന കാരണം. തന്നെ പോലെ ചിന്തിക്കുകയോ അല്ലെങ്കില്‍ താന്‍ ചിന്തിക്കുന്നതിനെ അനുകൂലിക്കുന്നവരെയോ മാത്രമേ ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്നുള്ളൂ. മാനുഷരെല്ലാം ഒരേ പോലെ ചിന്തിക്കുന്ന മോണോ ടൈപ്പുകളായിരുന്നെങ്കില്‍ സാമൂഹ്യജീവിതം വളരെ വിരസമായേനേ എന്ന് പലര്‍ക്കും മനസ്സിലാവാത്തത് ആ ഒരവസ്ഥ പരിചിതമല്ലാത്തതിനാലാണ്. ചിന്തകളിലും അഭിപ്രായങ്ങളിലും നിലപാടുകളിലുമെല്ലാം ഉള്ള വൈരുധ്യങ്ങള്‍ തന്നെയാണ് ജീവിതത്തെ വിരസമല്ലാതെ സജീവമായി നിലനിര്‍ത്തുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാമായിരുന്നു.

അനോണിയായി എഴുതുന്നതിനെ എതിര്‍ത്തത് ബ്ലോഗില്‍ കുറെ ശത്രുക്കളെ എനിക്ക് നേടിത്തന്നു. കഴിഞ്ഞ ആഴ്ചത്തെ മാതൃഭൂമി വാരികയില്‍ ഒരു വായനക്കാരന്‍ എഴുതിക്കണ്ടു, ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുന്ന സൃഷ്ടികളുടെ രചയിതാവിന്റെ പേര്‍ നല്‍കുന്നത് ഉചിതമായിരിക്കുമെന്ന്. എന്റെ ബ്ലോഗില്‍ വന്ന് സുകുമാരേട്ടാ എന്ന് സംബോധന ചെയ്ത് കമന്റ് ചെയ്യുന്ന സുഹൃത്തിനെ എനിക്ക് വാത്സല്യപൂര്‍വ്വം പേര്‍ വിളിച്ച് മറുപടി പറയണമെന്ന ആഗ്രഹം തോന്നിയപ്പോഴാണ് സത്യത്തില്‍ പല ബ്ലോഗ്ഗര്‍ പേരുകളും സംബോധന ചെയ്യാന്‍ കഴിയാത്ത വണ്ണം അരോചകമാണെന്ന് എനിക്ക് തോന്നിയത്. മാത്രമല്ല പേര്‍ വിളിച്ച് സംബോധന ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു വൈകാരിക ബന്ധം അപരനാമങ്ങളില്‍ കിട്ടുകയില്ലല്ലൊ എന്ന ആധിയും എനിക്കാദ്യമൊക്കെ തോന്നി. എന്നാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് സാമൂഹ്യപരമായ ഉത്തരവാദിത്വവും വിശ്വാസ്യതയും ഉണ്ടാവണമെങ്കില്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് വേണം എന്ന് തോന്നിയപ്പോഴാണ് തുറന്ന് പറഞ്ഞത്.

എന്റ യുക്തിവാദപരമായ ഇടപെടലുകള്‍ പലരെയും ചൊടിപ്പിച്ചു. നിരീശ്വരവാദം മറ്റാരോടും പറയില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാന്‍ തീരുമാനിച്ചിരുന്നു. ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല ആ ഒരു വിശ്വാസം ഇല്ലെങ്കില്‍ ജീവിക്കാന്‍ മനുഷ്യന് കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല പ്രപഞ്ചരഹസ്യം ആര്‍ക്കും പൂര്‍ണ്ണമായി അറിയുകയുമില്ല. എന്തെങ്കിലും അറിയണമെങ്കില്‍ അതിനുള്ള വഴി സയന്‍സ് മാത്രമാണെന്നത് വേറെ കാര്യം. എന്നാലും എല്ലാം അനാവരണം ചെയ്യാന്‍ കഴിഞ്ഞെന്നും വരില്ല. അറിഞ്ഞത് വരെ അറിഞ്ഞതായും അറിയാത്തത് അറിയാത്തതായും കരുതാനാണെനിക്ക് ഇഷ്ടം. അത് കൊണ്ടാണ് പരീക്ഷണങ്ങള്‍ സദാ നടക്കുന്ന മേഖലയായ സയന്‍സിന്റെ കൂടെ നില്‍ക്കുന്നത്. പക്ഷെ നിലവിലുള്ള പല ആചാരങ്ങളും ചടങ്ങുകളും വിശ്വാസങ്ങളും ദൈവവിശ്വാവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കൊണ്ട് അവയിലെ വൈരുധ്യങ്ങളെ ചൂണ്ടിക്കാട്ടുമ്പോള്‍ സ്വാഭാവികമായി അത് ദൈവനിഷേധത്തില്‍ എത്തിപ്പോവുകയായിരുന്നു . ദൈവം എന്ന അത്താണിയില്‍ ദു:ഖഭാരങ്ങള്‍ ഇറക്കിവെച്ച് സമാധാനം അനുഭവിക്കുന്ന ആളുകളോട് ദൈവം ഇല്ല എന്ന് പറയുന്നത് അവരെ മാരകമായി മുറിവേല്‍പ്പിക്കുന്നതിന് തുല്യമാണ്. പക്ഷെ പലപ്പോഴും വിശ്വാസം അമിതമായി അസമാധാനം സ്വയം സ്വീകരിക്കുമ്പോള്‍ സഹജീവിസ്നേഹത്തിന്റെ പേരില്‍ ആ വിശ്വാസങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടേണ്ടിയും വരുന്നു . ഇത് വല്ലാത്ത ഒരു അവസ്ഥയാണ്.


ആയുര്‍വേദത്തെ എതിര്‍ത്തത് നിമിത്തം എല്ലാവര്‍ക്കും ഞാന്‍ അനഭിമതനായി. മനുഷ്യശരീരത്തെ പറ്റിയും അതിന് സംഭവിക്കുന്ന തകരാറുകളും വൈകല്യങ്ങളും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ആധുനിക വൈദ്യശാസ്ത്രം. ഒരു തകരാറ് പരിഹരിക്കാന്‍ ഒന്നില്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവാന്‍ വഴിയില്ല എന്നാണ് എന്റെ ലോജിക്ക്. സ്വന്തമായി ചേരുവകള്‍ ചേര്‍ത്ത് സ്വന്തമായി പേരും നല്‍കി അത്ഭുത ഫലസിദ്ധികള്‍ പരസ്യപ്പെടുത്തി ചെയ്യുന്ന ഏറ്റവും വലിയ ബിസിനസ്സ് ആയി മാറിയിട്ടുണ്ട് ഇന്ന് ആയുര്‍വേദം. എതിര്‍ക്കാന്‍ അതായിരുന്നു കാരണം. ആധുനിക വൈദ്യവും ദുരുപയോഗം ചെയ്യുന്നുണ്ട് , എന്നാല്‍ അതിന്റെ ശാസ്ത്രീയതയും പ്രായോഗികതയും അനിഷേധ്യമാണ്. ദുരുപയോഗം തടയേണ്ടത് സര്‍ക്കാറും ജനങ്ങളുമാണ്.

മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ എന്നൊരു ലേബലും എനിക്ക് ബ്ലോഗിലുണ്ട്. അതിലെനിക്ക് കുണ്ഠിതമേയില്ല. ഇപ്പോഴും ബ്ലോഗിലായാലും ശരി നാട്ടിലായാലും ശരി എന്റെ സുഹൃത്തുക്കള്‍ ഒട്ടുമുക്കാലും കമ്മ്യൂണിസ്റ്റ് ആശയക്കാരാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഫാസിസം കേരള സമൂഹത്തിന്റെ അന്തരികമായ സര്‍ഗ്ഗ ചേതനയെ തല്ലിക്കെടുത്തി എന്ന് ഞാന്‍ കരുതുന്നു. ഇന്ന് കേരളത്തിലെ ഓരോ പൌരനും അബോധപൂര്‍വ്വമാണെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നു എന്ന് അല്പം അതിശയോക്തിപരമെങ്കിലും പറയാം. കേരളമനസ്സിന്റെ മേലെ ഭയത്തിന്റെ മേലാപ്പ് വിരിച്ചിട്ട് പഴയ ജന്മിത്വത്തിന്റെ പ്രതാപവും പ്രൌഢിയും നുകരുകയാണ് ആ പാര്‍ട്ടിയുടെ ലോക്കല്‍ മുതലങ്ങോട്ടുള്ള നേതാക്കള്‍ എന്ന ധാരണ തെറ്റായാലും ശരിയായാലും എനിക്കുണ്ട്. സ്വാതന്ത്ര്യം = ജീവിതം എന്നതില്‍ കുറഞ്ഞ ഒരു ഫോര്‍മ്യൂലയും അസ്വീകാര്യമായ എനിക്ക് സൌഹൃദം നിലനിര്‍ത്തിക്കൊണ്ട് തന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.


ശരിക്കും എന്നാണ് ഞാന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തുക ? ഒരു പക്ഷെ നാട്ടില്‍ സ്വന്തം വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നതെങ്കില്‍ ബ്ലോഗ് എഴുതാന്‍ സമയം കിട്ടുമായിരുന്നില്ല. അത് കൊണ്ട് ബ്ലോഗ് നിര്‍ത്താന്‍ തീയ്യതി നിശ്ചയിക്കുക പ്രയാസം. എന്നാല്‍ ഒന്ന് തീരുമാനിച്ചിട്ടുണ്ട് , ഒരു ദിവസം ബ്ലോഗ് ഡിലീറ്റ് ചെയ്യും. അത് ആരോടെങ്കിലുമുള്ള പരിഭവം കൊണ്ടോ നിരാശ കൊണ്ടോ അല്ല . എനിക്ക് ശേഷം എന്നെ സംബന്ധിക്കുന്ന അടയാളങ്ങള്‍ ഒന്നും അവശേഷിക്കരുത് എന്ന് എന്ത് കൊണ്ടോ ആഗ്രഹിക്കുന്നതിനാലാണ്. മനുഷ്യ മനസ്സ് തന്നെ നിഗൂഢമായ ഒരു പ്രഹേളികയല്ലെ. മറ്റുള്ളവരെ കുറിച്ച് നമുക്ക് എത്രമാത്രം അറിയാം ? ഓരോ വ്യക്തിയും ഓരോ പ്രപഞ്ചങ്ങളാണെന്ന് തോന്നാറുണ്ട്. പൂര്‍ണ്ണമായും ആരും നമുക്ക് പിടി തരുന്നില്ല , ജീവിതം പോലെ തന്നെ !

എന്ത് തന്നെ ആയാലും ബ്ലോഗ്ഗിങ്ങ് എനിക്ക് സംതൃപ്തി നല്‍കിയിട്ടുണ്ട്. ഒട്ടേറെ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ കഴിഞ്ഞു . ചിലരെ നേരില്‍ കണ്ട് സ്നേഹവും സൌഹൃദവും പങ്ക് വയ്ക്കാനും കഴിഞ്ഞു. നാട്ടിലെ കൊച്ചു കൊച്ചു സൌഹൃദസദസ്സുകളില്‍ വെച്ച് പറയുകയും തര്‍ക്കിക്കുകയും ചെയ്തുകൊണ്ടിരുന്ന ആശയങ്ങള്‍ നെറ്റിലെ അപരിചിതരും വിദുരസ്ഥരുമായ ഏതാനും സഹൃദയരുമായി പങ്ക് വയ്ക്കാന്‍ കഴിഞ്ഞല്ലൊ.

ബാംഗ്ലുരിലെ പ്രബോധിനി വായനശാലയുടെ മാഗസിനില്‍ എഴുതിയ ലേഖനം

ബാംഗ്ലൂര്‍ മഡിവാലയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധിനി വായനശാലയുടെ വാര്‍ഷിക പതിപ്പില്‍ ഒരു സൃഷ്ടി എഴുതിത്തരാന്‍ അതിന്റെ സംഘാടകര്‍ എന്നോട് പറഞ്ഞു . ഒരു മിനിക്കഥ പോലും ഞാനിത് വരെ എഴുതിയിട്ടില്ല . എന്തെങ്കിലും എഴുതണമല്ലൊ എന്ന് ആലോചിച്ച് ദിവസങ്ങള്‍ കുറെ കടന്ന് പോയി. അവസാനം ഒരു ചെറിയ കുറിപ്പ് എഴുതി അവര്‍ക്ക് ഇ-മെയിലില്‍ അയച്ചു കൊടുത്തു . മാഗസിനിന്റെ പ്രകാശനം ഇന്നായിരുന്നു . ആ ചെറിയ കുറിപ്പ് ഇവിടെയും പോസ്റ്റ് ചെയ്യുന്നു. പ്രകാശനച്ചടങ്ങുകളും മറ്റും പ്രബോധിനിയുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുമല്ല്ലൊ.
പ്രബോധിനിയുടെ പ്രസക്തി

രണ്ടോ മൂന്നോ തവണ മാത്രമേ ഞാന്‍ പ്രബോധിനി സന്ദര്‍ശിച്ചിട്ടുള്ളൂ . എങ്കിലും അപ്പോഴൊക്കെ പ്രബോധിനി എന്നില്‍ മതിപ്പും സന്തോഷവും ഉളവാക്കിയിട്ടുണ്ട് . സര്‍ഗ്ഗാത്മകത വരളുകയും ഒരു തരം യാന്ത്രികത ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിച്ചിരിക്കുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത് , തിരക്കിനിടയിലും ഒരു പറ്റം ചെറുപ്പക്കാര്‍ ഗ്രന്ഥശാല പ്രവര്‍ത്തനത്തിന് അതും ബാംഗ്ലൂര്‍ പോലെ ഒരു നഗരത്തില്‍ സമയം കണ്ടെത്തുന്നു എന്നത് നിസ്സാരമായ കാര്യമല്ല .


ഒരു നദിയില്‍ നമുക്ക് രണ്ട് പ്രാവശ്യം കുളിക്കാന്‍ കഴിയില്ല എന്നൊരു ചൊല്ല് പ്രശസ്തമാണ് . പുഴ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നു . പുഴയെന്നാല്‍ ഒഴുക്കാണല്ലൊ . നാം കുളിക്കുമ്പോള്‍ ഉണ്ടായിരുന്ന വെള്ളം ഒഴുകി കടലിലെത്തി , അവിടെ നിന്ന് അത് വീണ്ടും നീരാവിയായി അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കാം . അടുത്ത തവണ കുളിക്കാന്‍ പോകുമ്പോള്‍ തികച്ചും പുതിയൊരു പുഴയാണവിടെയുള്ളത് . പുഴ മാത്രമല്ല , പ്രകൃതിയില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നുണ്ട് . നമ്മുടെ ശരീരവും സദാ മാറിക്കൊണ്ടിരിക്കുന്നു . ശരീരമെന്നാല്‍ കോശങ്ങളുടെ ആകെത്തുകയാണല്ലൊ . ശരീരകോശങ്ങളും അനുനിമിഷം പുതുപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു . ഇത്കൊണ്ടൊക്കെത്തന്നെയാണ് മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്ന് ചൊല്ല് പ്രചാരത്തിലായത് .നാമും നമുക്ക് ചുറ്റുമുള്ളതുമെല്ലാം സദാ മാറിക്കൊണ്ടിരിക്കുന്നത് കൊണ്ടാണ് പൊതുവെ കാലവും മാറി എന്ന് പറയുന്നത് . സത്യത്തില്‍ കാലം മാറുന്നേയില്ല . മാറാന്‍ അങ്ങനെയൊരു കാലമില്ല എന്നതാണ് സത്യം . വര്‍ത്തമാനത്തിന്റെ തുടര്‍ച്ച മാത്രമാണ് കാലം . അത് ഭൂതത്തെ അവശേഷിപ്പിക്കുന്നില്ല . ഭാവിയെ ഉണ്ടാക്കുന്നുമില്ല . ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ് . കഴിഞ്ഞു പോയ സംഭവങ്ങള്‍ നാം ഓര്‍ക്കുന്നു . അതിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പോകുന്നത് വിഭാവനം ചെയ്യാനും നമുക്ക് കഴിയുന്നു . അങ്ങനെ കാലത്തിന് ഒരു മുപ്പരിമാണം അഥവാ ഭൂതം, വര്‍ത്തമാനം , ഭാവി എന്ന നിലയില്‍ ഒരു നൈരന്തര്യം നാം ആരോപിക്കുകയാണ് ചെയ്യുന്നത് . ഇപ്പോള്‍ കാലം മാറി എന്ന് സാധാരണയായി പറയുമ്പോള്‍ നമ്മുടെ മൂല്യ ബോധത്തില്‍ വന്ന മാറ്റത്തെയാണ് ഭംഗ്യന്തരേണ നാം സൂചിപ്പിക്കുന്നത് .എല്ലാവര്‍ക്കും ഇന്ന് തിരക്കാണ് . ഒന്നിനും നേരമില്ല , അത് കൊണ്ട് പുസ്തകവായനയുമില്ല . ആധുനിക സാങ്കേതിക വിദ്യ സമയത്തെയും ദൂരത്തെയും കീഴടക്കിയിട്ടുണ്ട് . മുന്‍പൊക്കെ മൂന്നോ നാലോ ദിവസം കഴിഞ്ഞ് മാത്രം കിട്ടിയിരുന്ന വിവരങ്ങള്‍ ഇന്ന് അതേ സെക്കന്റില്‍ നമുക്ക് ലഭിക്കുന്നു . മിക്കവാറും എല്ലാവരും എല്ലാ സമയവും ഇന്ന് ഫോണ്‍ തരംഗങ്ങളാല്‍ കണക്റ്റഡ് ആണ് . എന്നിട്ടും സമയം ആര്‍ക്കും ഒന്നിനും തികയുന്നില്ല . ഇവിടെ കുറഞ്ഞുപോയത് സമയമല്ല , മനസ്സിന്റെ വിശാലതയും മൂല്യവിചാരവുമാണ് . വര്‍ത്തമാനകാലം വെറുതെ അനാവശ്യമായി ധൂര്‍ത്തടിച്ചിട്ടാണ് നാം കാലം ചുരുങ്ങിപ്പോയി എന്ന് ഒഴിവ് കഴിവ് പറയുന്നത് . കാലമെന്നാല്‍ വര്‍ത്തമാനത്തിന്റെ ശൃംഖലകള്‍ മാത്രമാണെന്ന് ആനന്ദ് ഈയ്യിടെ ഒരു ലേഖനത്തില്‍ എഴുതിയത് വായിക്കാനിടയായി . ചുരുള്‍ നിവരുന്ന കാലത്തിലൂടെ നാം സഞ്ചരിക്കുകയല്ല , ചരിത്രത്തിന് പിറകെ കാലം ചുരുളുകയാണ് ചെയ്യുന്നത് എന്ന് ഞാന്‍ എന്റെ ആദ്യ ബ്ലോഗ് പോസ്റ്റില്‍ എഴുതിയിരുന്നു .വായനശാലകളും ഗ്രന്ഥാലയങ്ങളും നാടൊട്ടുക്ക് സംഘടിപ്പിക്കുകയും വായന നിത്യ ജീവിതത്തിന്റെ അഭേദ്യമായ ഭാഗവുമായിരുന്ന ഒരു വര്‍ത്തമാനകാലം ഒരിക്കല്‍ ഉണ്ടായിരുന്നു. വായനയിലൂടെ മാത്രമേ മാ‍നവ സംസ്ക്കൃതി നിലനിന്ന് തലമുറകളിലേക്ക് പകര്‍ത്താന്‍ കഴിയൂ എന്ന് ഇപ്പോഴും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അത് തന്നെയാണ് പ്രബോധിനിയുടെ പ്രസക്തിയും. നാട്ടിന്‍ പുറങ്ങളിലെ വായനശാലകളും വായനക്കൂട്ടങ്ങളും നിര്‍ജ്ജീവങ്ങളാവുകയും തത്സ്ഥാനത്ത് ടിവി പ്രേക്ഷകര്‍ ഇരിപ്പിടം കണ്ടെത്തുകയും ചെയ്ത , സഹൃദയത്വം നഷ്ടപ്പെട്ടു പോയ ഇക്കാലത്ത് പ്രബോധിനിയുടെ പ്രവര്‍ത്തകരെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല .സാമൂഹ്യ പ്രവര്‍ത്തകരെ ഒരു പാട് മേഖലകളില്‍ ഒരു പാട് ആവശ്യമുള്ള കാലമാണിത് . എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ നിസ്വാര്‍ത്ഥമായ സാമൂഹ്യ സേവനവും ഇന്ന് ഒരു പഴങ്കഥയായി മാറി . രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ സാമൂഹ്യപ്രവര്‍ത്തനമാണെന്ന മിഥ്യാധാരണയും പലര്‍ക്കുമുണ്ട് . രാഷ്ട്രീയപ്രവര്‍ത്തനം ഇന്ന് അതാത് പാര്‍ട്ടികളുടെ നിലനില്‍പ്പിന് വേണ്ടി മാത്രമാണ് . പാര്‍ട്ടികള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക , സമ്മേളനങ്ങള്‍ നടത്തുക , വോട്ടുകള്‍ പിടിച്ചു കൊടുക്കുക തുടങ്ങി പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍ക്ക് ധാരാളം ജോലികളുണ്ട് . അതിനൊക്കെ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലവും ലഭിക്കാന്‍ മാര്‍ഗ്ഗവുമുണ്ട് . ആധ്യാത്മിക മേഖലകളിലും ഇന്ന് ധാരാളം പ്രവര്‍ത്തകന്മാരുണ്ട് . ക്ഷേത്രങ്ങളും മറ്റും പുനരുദ്ധരിക്കുക , ആള്‍ദൈവങ്ങള്‍ക്കും സ്വാമിമാര്‍ക്കും മറ്റും അകമ്പടി സേവിക്കുക എന്നിങ്ങനെ അവിടെയും ഒരു പാട് പ്രവര്‍ത്തന സാധ്യതകളുണ്ട് . പക്ഷെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ , ജനങ്ങളെ അറിവിലേക്കും അവകാശ ബോധങ്ങളിലേക്കും നയിക്കാന്‍ ഭാവനാശാലികളായ പ്രവര്‍ത്തകന്മാരുടെ അഭാവം നമ്മുടെ സമൂഹത്തെ ഇന്ന് പിറകോട്ട് നയിക്കുകയാണ് . ഈയൊരു പശ്ചാത്തലത്തിലാണ് പ്രബോധിനി നമുക്ക് മാതൃകയാവുന്നത് .

ചെറിയ മനുഷ്യരും വലിയ ലോകവും - 2

മതങ്ങളെക്കുറിച്ച് താങ്കള്‍ എന്ത് പറയുന്നു ? മതപരിവര്‍ത്തനം നിരോധിക്കുന്നത് ജനാധിപത്യവിരുദ്ധമല്ലേ ?

ഒരാള്‍ സ്വമേധയാ ഒരു മതത്തില്‍ ചേരുന്നതോ , ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതോ നിരോധിച്ചാലേ ജനാധിപത്യവിരുദ്ധമാവൂ. അതേ പോലെ തങ്ങളുടെ മതത്തെക്കുറിച്ച് പ്രചാരണം നടത്തുന്നതും തെറ്റല്ല . മതങ്ങളെ എതിര്‍ത്ത് പ്രചാരവേല നടത്താനുള്ള അവകാശവും ജനാധിപത്യപൌരാവകാശത്തില്‍ പെടും. ഇവിടെ ജനങ്ങളുടെയിടയില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തെയും അവശസാഹചര്യങ്ങളെയും മുതലെടുത്ത് പ്രലോഭിപ്പിച്ചും നിര്‍ബ്ബന്ധിച്ചും മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ് . ഹിന്ദു എന്നത് ഇപ്പോള്‍ ഒരു മതം തന്നെയാണെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഹൈന്ദവസംഘടനകള്‍ ഉയര്‍ന്നുവരും . തങ്ങളുടെ മതത്തില്‍ നിന്ന് കൂട്ടത്തോടെ ആളുകളെ മതം മാറ്റുന്നത് ഹൈന്ദവസംഘടനകള്‍ എതിര്‍ത്തെന്നും വരും . അതാണ് ഒറീസ്സകള്‍ ഉണ്ടാവാന്‍ കാരണം. അതിനാല്‍ മതപരിവര്‍ത്തനം ചെയ്യുന്നത് നിരോധിക്കേണ്ടത് ഇവിടെ മതസൌഹാര്‍ദ്ധം നിലനില്‍ക്കാനുള്ള മുന്നുപാധിയായി മാറിയിരിക്കുന്നു ഇപ്പോള്‍ . മാത്രമല്ല മതപരിവര്‍ത്തനത്തില്‍ ഒരു സാമ്രാജ്യത്വ അജണ്ട ഒളിഞ്ഞിരിക്കുന്നതും കാണാന്‍ കഴിയും . അല്ലെങ്കില്‍ എന്തിനാണ് മതത്തില്‍ ആളുകള്‍ വര്‍ദ്ധിക്കണമെന്ന് കരുതുന്നത് . പണ്ട് കാലത്ത് ഹൈന്ദവസംസ്ക്കാരം വൈദേശികവും സ്വദേശീയവുമായ എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിച്ചത് കൊണ്ടാണ് ഇവിടെ ഇന്ന് കാണുന്ന മതങ്ങള്‍ വളര്‍ന്നത് . ഇനി മറ്റ് മതങ്ങളില്‍ നിന്ന് ആരെങ്കിലും തങ്ങളുടെ മതബോധനങ്ങളാല്‍ ആകൃഷ്ടരായി സ്വയം മുന്നോട്ട് വന്നാലല്ലാതെ ആരെയും ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുകയില്ല എന്ന് എല്ലാ മതങ്ങളും ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണം. അല്ലാതെ ഹൈന്ദവസംഘടനകളെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുകയും അവരെ വര്‍ഗ്ഗീയവാദികള്‍ എന്ന് മുദ്ര ചാര്‍ത്തി അയിത്തം കല്‍പ്പിച്ചത് കൊണ്ടും കാര്യമില്ല . ഹൈന്ദവസംഘടനകള്‍ മറ്റ് മതങ്ങളില്‍ നിന്ന് ആരെയും മതം മാറുന്നതിന് പ്രേരിപ്പിക്കുന്നില്ല . അതേ പോലെ ഹൈന്ദവ സംഘടനകള്‍ക്ക് വിദേശ പണവും ലഭിക്കാന്‍ മാര്‍ഗ്ഗമില്ല . യാതൊരു മതങ്ങളെയും പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതാണ് മതേതരത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . പക്ഷെ ഇവിടെ മറ്റ് മതങ്ങളെ പ്രീണിപ്പിക്കാനും ഹിന്ദു മതത്തെ എതിര്‍ക്കാനുമാണ് മതേതരവാദികള്‍ ശ്രമിക്കുന്നത് . ഹിന്ദു വികാരം ആളിക്കത്തിക്കാനേ ഈ സമീപനം സഹായകമാവൂ .

മതം എന്നത് കുറെ ആളുകളുടെ കൂട്ടായ്മയോ അല്ലെങ്കില്‍ സംഘടനയോ ആണ് . അതിന് ഒരു ഗുരുവോ അല്ലെങ്കില്‍ സ്ഥാപകനോ കാണും . തത്വങ്ങളും പ്രബോധനങ്ങളും പ്രാമാണിക ഗ്രന്ഥങ്ങളും ആചാരങ്ങളും ശീലങ്ങളും അനുഷ്ടാനങ്ങളും കാണും . അത്രയേയുള്ളൂ . മനുഷ്യര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ മതങ്ങള്‍ക്ക് വലിയ പങ്കുമുണ്ട് . പക്ഷെ മതങ്ങള്‍ എണ്ണത്തില്‍ കൂടിയത് കൊണ്ട് ഫലത്തില്‍ ലോകത്ത് സംഘര്‍ഷങ്ങളാണ് ഉണ്ടാവുന്നത്. അത് കൊണ്ടാണ് ഒരു മതം മതിയെന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് . ചിന്തിക്കുന്ന ആര്‍ക്കും അത് ശരിയെന്നേ തോന്നൂ . ദൌര്‍ഭാഗ്യവശാല്‍ ലോകത്ത് ചിന്തിക്കുന്നവര്‍ ന്യൂനപക്ഷവും വിശ്വസിക്കുന്നവര്‍ മഹാഭൂരിപക്ഷവുമായിപ്പോയി . അതാണ് പ്രശ്നം . ചിലര്‍ പറയും തങ്ങളുടെ മതം ദൈവം നേരിട്ട് സൃഷ്ടിച്ചതാണെന്ന് . അതേ നാവ് കൊണ്ട് പ്രപഞ്ചത്തെയും സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചതും ദൈവമാണെന്ന് പറയും . ഇതില്‍ വൈരുധ്യമുണ്ട് . പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം കുറച്ച് ആള്‍ക്ക് മാത്രമായി മതം ഉണ്ടാക്കി സംഘര്‍ഷത്തിന്റെ വിത്ത് വിതയ്ക്കുമോ ?

മനുഷ്യനെ നന്നാക്കാന്‍ ഇന്ന് മതം വേണ്ട എന്നാണെന്റെ അഭിപ്രായം . നല്ല വിദ്യാഭ്യാസം മതി . ലോകം മൊത്തം ഇന്ന് ഒരു അയല്‍ക്കൂട്ടം മാതിരി ചുരുങ്ങി . മനുഷ്യരാശിയെ ആകെമൊത്തം ഒരു കുടുംബമായി കാണാനുള്ള മാനസിക പരിശീലനമാണ് ഇന്ന് വ്യക്തികള്‍ക്ക് ലഭിക്കേണ്ടത് . ഭൂതകാലത്തിന്റെ ഭാരിച്ച വിഴുപ്പുഭാണ്ഡങ്ങള്‍ ഓരോ വ്യക്തിയും ഇന്ന് അനാവശ്യമായി ചുമക്കുന്നു എന്നാണെനിക്ക് തോന്നുന്നത് . അത് കൊണ്ട് ജീവിതം പലര്‍ക്കും നരകതുല്യമാവുന്നു. സത്യത്തില്‍ അത്രക്കൊന്നുമില്ല ജീവിതം . നാം ജീവിതത്തില്‍ സന്തോഷത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത് . തനിക്കും മറ്റുള്ളവര്‍ക്കും എന്താണോ സന്തോഷം തരുന്നത് അതാണ് സ്വീകരിക്കേണ്ടത് . സന്തോഷത്തെ ഇല്ലാതാക്കുന്നത് നിരസിക്കണം . ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി ജീവിതം പലരും തുലയ്ക്കുന്നു . ഒരു ഉദാഹരണം പറയാം .

ദിനേശ് ബീഡിയിലെ പണി കൊണ്ട് തന്റെ രണ്ട് മക്കളെ പോറ്റാന്‍ കഴിയാതെ വന്നപ്പോള്‍ സാവിത്രി (പേര് സാങ്കല്പികം) കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി . മാനസിക രോഗിയായിരുന്ന ഭര്‍ത്താവ് മരിച്ചു പോയി. കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത് . അഞ്ച് സെന്റ് സ്ഥലത്ത് ഒരു വീടും പണിതു . ഡിഗ്രി പഠിക്കുന്ന മകള്‍ക്ക് ഒരു ചെറുപ്പക്കാരനുമായി പ്രണയമായി . ദൂരെയുള്ള ജില്ലയില്‍ നിന്ന് അഞ്ചരക്കണ്ടിയില്‍ കാര്‍പ്പന്റര്‍ പണിക്ക് വന്നതാണ് ആ യുവാവ് . സല്‍‌സ്വഭാവി . അവര്‍ വിവാഹിതരാവാന്‍ തീരുമാനിക്കുന്നു . ജാതിവ്യത്യാസം രണ്ടു വീട്ടുകാരും കണക്കിലെടുക്കുന്നേയില്ല . ഞാന്‍ കാണുമ്പോള്‍ സാവിത്രി തന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരവുമായി സ്ഥലത്തെ സഹകരണ ബാങ്കിലേക്ക് പോവുകയായിരുന്നു. സ്ത്രീധനം എന്ന നീചമായ ആചാരം കണ്ണൂര്‍ ജില്ലയിലില്ലെങ്കിലും പൊന്നിന്റെ വിലയൊക്കെ പരിഗണിക്കുമ്പോള്‍ കുറഞ്ഞത് ഒരു ലഷം രൂപയെങ്കിലും കൈവശമില്ലെങ്കില്‍ സാധാരണഗതിയില്‍ കല്യാണം നടക്കില്ല. അത്രയും തുക സംഘടിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അവള്‍ . സദ്യക്കും മറ്റും വേണ്ടി വരുന്ന ബാക്കി തുക കല്യാണദിവസം ക്ഷണിക്കപ്പെടുന്നവരില്‍ നിന്നും പിരിഞ്ഞു കിട്ടും . മറ്റൊരര്‍ത്ഥത്തില്‍ അതും പലിശസഹിതമുള്ള വായ്പ തന്നെയാണ് . ഞാന്‍ ചോദിച്ചു , കല്യാണം ലളിതമായി നടത്തിക്കൂടേ ? റജിസ്റ്റര്‍ വിവാഹമായോ അല്ലെങ്കില്‍ വായനശാലയില്‍ വെച്ചോ മറ്റോ ... ? “ പക്ഷെ എന്നെ സാധാരണ പോലെ കല്യാണം കഴിച്ചയക്കണം എന്നാണ് മോള് പറയുന്നത് സുകുമാരേട്ടാ .... ” ഈ സാധാരണ പോലെ എന്ന സംഗതി എത്ര കുടുംബങ്ങളെയാണ് കണ്ണീര്‍ കുടിപ്പിക്കുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നതും . കല്യാണച്ചടങ്ങ് ലളിതമാക്കിയാല്‍ എത്രയോ കുടുംബങ്ങള്‍ക്ക് ജീവിതം തന്നെ തിരിച്ചു കിട്ടും. എന്തിനാണ് നിയോഗം പോലെ ഇത്തരം ചടങ്ങുകള്‍ ജീവിതവും ചിലപ്പോള്‍ ജീവനും കളഞ്ഞ് ആളുകള്‍ പിന്‍‌പറ്റുന്നത് എന്നാണ് എന്റെ ദു:ഖം . നമുക്ക് അനായാസമായി ഈ ജീവിതം ജീവിച്ച് തീര്‍ത്തുകൂടേ ?

ചെറിയ മനുഷ്യരും വലിയ ലോകവും - 1

ഞാന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ എന്നെ പരിചയപ്പെടാനും ചില കാര്യങ്ങളില്‍ എന്റെ വിശദീകരണം ലഭിക്കാനും ഒരു സുഹൃത്ത് എന്നെ വന്ന് കാണുകയുണ്ടായി . ഓര്‍മ്മയില്‍ നിന്ന് ആ സംഭാഷണം ഇവിടെ പകര്‍ത്താനുള്ള ശ്രമമാണിത് .

നമസ്ക്കാരം മാഷെ , ഞാന്‍ നിങ്ങളുടെ ബ്ലോഗ് വായിക്കാറുണ്ട് . പല കാര്യങ്ങളിലും നിങ്ങളോട് യോജിക്കാന്‍ കഴിയാറില്ല. എന്നാലും നിങ്ങളെ അവഗണിക്കാനും കഴിയുന്നില്ല . എന്താണ് ബ്ലോഗ് കൊണ്ട് നിങ്ങള്‍ പറയാനുദ്ദേശിക്കുന്നത് ?

ഒരു എഴുത്തുകാരനാവണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നു . എന്നാല്‍ എഴുതാനുള്ള കഴിവോ ഭാഷയിലുള്ള പ്രാവീണ്യമോ വാക്കുകള്‍ കൊണ്ട് അമ്മാനമാടാനുള്ള ചാതുര്യമോ ഒന്നുമെനിക്ക് ഉണ്ടായിരുന്നില്ല . വായനശീലമുള്ളത് കൊണ്ട് ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. ചിന്തിച്ചിരിക്കുക എന്നതായിരുന്നു എന്റെ പ്രധാന ഹോബി . മറ്റുള്ളവരുമായി പങ്ക് വെക്കാന്‍ കുറെ ആശയങ്ങളും എനിക്കുണ്ടായിരുന്നു. ബാംഗ്ലൂരില്‍ താമസം തുടങ്ങിയപ്പോള്‍ ഒരു നേരമ്പോക്കായിട്ടാണ് ബ്ലോഗ്ഗിങ്ങ് തുടങ്ങിയത് . പിന്നീടാണ് എനിക്കതിന്റെ ശക്തിയും പ്രസക്തിയും മനസ്സിലായത് . ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും ലോകത്തോട് വിളിച്ചു പറയാനും അത് വഴി സര്‍ക്കാരിന്റെ നയരൂപീകരണങ്ങളില്‍ പോലും ഇടപെടാന്‍ പൌരസമൂഹത്തിന് കഴിയുമെന്നും എനിക്ക് മനസ്സിലായി .

താങ്കള്‍ ബ്ലോഗില്‍ എന്തൊക്കെയോ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നുവെന്നും മറ്റും കേട്ടല്ലോ ? താങ്കള്‍ സ്വന്തമായി ബ്ലോഗ് അക്കാദമി തുടങ്ങാന്‍ പോകുന്നു എന്നൊരു ശ്രുതിയും കേട്ടിരുന്നു ?

ഹേയ് ... വിവാദങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല . ബ്ലോഗിലെ അനോണിമിറ്റിയെ ഞാന്‍ എതിര്‍ത്തിരുന്നു. സ്വന്തം പേരും വിലാസവും വെളിപ്പെടുത്തി ബ്ലോഗ്ഗര്‍മാര്‍ സമൂഹത്തില്‍ സക്രിയമായി ഇടപെടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായിരിക്കുമെന്ന് ഞാന്‍ കരുതി . മറഞ്ഞിരുന്ന് പറയുന്നതിന് ഒരു വിശ്വാസ്യത ഉണ്ടാവുകയില്ല എന്നും പറഞ്ഞു അത്രയേയുള്ളൂ . അത് അനോണിമസ്സ് ആയി എഴുതുന്നവര്‍ വ്യക്തിപരമായെടുത്തു . അനോണിമസ്സ് ആയി ബ്ലോഗ് ചെയ്യുന്നത് ഒരു ട്രെന്റ് ആയി മാറിപ്പോയി ബ്ലോഗില്‍ . അതിനി മാറുകയില്ല . എന്നാലും ഉത്തരവാദിത്വ ബോധമുള്ള പലരും സ്വന്തം പേരില്‍ തന്നെയാണ് ബ്ലോഗ് എഴുതുന്നത് . ബ്ലോഗ് അതിന്റെ വളര്‍ച്ച പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ ഇപ്പോഴത്തെ പല അനാശാസ്യപ്രവണതകളും ഇല്ലാതായേക്കാം .

പിന്നെ അക്കാദമിയുടെ കാര്യം . പറഞ്ഞ് പറഞ്ഞ് ബ്ലോഗ് അക്കാദമി എന്നത് ഒരു അശ്ലീലപദം പോലെ ആയിട്ടുണ്ട് . കേരള ബ്ലോഗ് അക്കാദമിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ ഞാനും സഹകരിച്ചിരുന്നു . അക്കാദമി ഒരു സംഘടനാരൂപം കൈവരിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. അത്ഭുതമെന്ന് പറയട്ടെ ആ നിര്‍ദ്ദേശം ആര്‍ക്കും സ്വീകാര്യമായില്ല . ബ്ലോഗിനെ സംബന്ധിക്കുന്ന എന്തും വെര്‍ച്വല്‍ മാത്രമേ ആകാവൂ, അതിന് ഒരു സംഘടനാരൂപം പറ്റില്ല എന്നാണ് എല്ലാവരും പറഞ്ഞത് . ആ ഒരു നിരാശയില്‍ ഞാന്‍ ഇട്ട പോസ്റ്റ് ആയിരുന്നു “കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്‍ ചെയ്യുന്നു” എന്നത്. എന്റെ ഒരു തമാശയായിരുന്നു അതെന്ന് മനസ്സിലാക്കാതെ, വ്യാപകമായ എതിര്‍പ്പാണ് ആ പോസ്റ്റ് ക്ഷണിച്ചു വരുത്തിയത് . ഇപ്പോള്‍ ബ്ലോഗ് അക്കാദമി , ബൂലോഗം പോലുള്ള വെര്‍ച്വല്‍ കൂട്ടായ്മകളില്‍ ഞാനില്ല .

മാഷ് ഇടത്പക്ഷങ്ങളെ പ്രത്യേകിച്ച് സി.പി.എമ്മിനെ എതിര്‍ക്കുന്നല്ലോ ? താങ്കള്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയല്ലെ ?

തത്വത്തില്‍ വളരെ പ്രസക്തിയുള്ളതും എന്നാല്‍ പ്രയോഗത്തില്‍ തീരെ അപ്രസക്തവുമായ ഒരു പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. ഇത് ഏറ്റവും നന്നായി അറിയാവുന്നവരാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികനേതാക്കള്‍ . മാര്‍ക്സിസ്റ്റ് ദര്‍ശനത്തിലൂടെയാണ് ഞാന്‍ ഈ ലോകത്തെ നോക്കിക്കാണുന്നത് . മാര്‍ക്സിസം എന്നെ സംബന്ധിച്ച് എന്റെ അകക്കണ്ണാണ് . എന്ത് കൊണ്ട് മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കണം എന്ന് എന്നെ പഠിപ്പിച്ചത് മാര്‍ക്സിസമാണ് . ഇന്നത്തെ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസവും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലുള്ളതാണ് . മാത്രമല്ല ഇന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ പുത്തന്‍ പണക്കാരും ജന്മിമാരും മാടമ്പിമാരുമാണ് . പല ചോട്ടാ നേതാക്കളും പച്ചയായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്നു . സഹകരണ ബാങ്കുകളിലെ കെട്ടികിടക്കുന്ന പണമാണ് ഇതിനവര്‍ ഉപയോഗപ്പെടുത്തുന്നത് . ബിനാമിയുടെ പേരില്‍ ലോണ്‍ തരപ്പെടുത്തുന്നു. ബിനാമിയുടെ പേരില്‍ തന്നെ സ്വത്ത് വാങ്ങുന്നു . ബിനാമി എന്നാല്‍ താഴെത്തട്ടിലുള്ള അനുയായി ആയിരിക്കും . ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം സ്വത്ത് വന്‍‌ലാഭത്തിന് മറിച്ചു വിറ്റ് ലോണ്‍ ബാങ്കില്‍ അടക്കുന്നു . നിര്‍ദ്ദോഷമായ ഒരു തിരിമറി . എന്നാല്‍ നേതാവിന് കിട്ടുന്നത് കൈ നനയാതെ പതിനായിരങ്ങള്‍ , ചിലപ്പോള്‍ ലക്ഷങ്ങള്‍ . അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികള്‍ എന്നിവ സഹകരണമേഖലയില്‍ ഉത്സാഹിച്ച് തുടങ്ങുന്നത് നാട്ടിലെ ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല . ഇത് രാഷ്ട്രീയത്തെ വിറ്റ് കാശാക്കലാണ് . ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്.

താങ്കളെപ്പോലുള്ളവര്‍ എതിര്‍ത്താല്‍ തകരുന്നതാണോ സി.പി.എം പോലുള്ള പാര്‍ട്ടികള്‍ ?

എന്ത് കൊണ്ട് ഇല്ല ? പ്രളയം വരെ ഈ കച്ചോടം കൊണ്ട് നടക്കാന്‍ കഴിയില്ല . അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വന്‍‌ഭൂരിപക്ഷത്തൊടെ ജയിപ്പിക്കാന്‍ ഇപ്പോഴേ കേരളം തയ്യാറെടുത്തു കഴിഞ്ഞു . കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ ഒരു വനിതാവോട്ടര്‍ എന്നോട് പറഞ്ഞത് , “അവര്‍ക്കൊക്കെ വലിയ അഹംഭാവമായിപ്പോയി... അടുത്ത വോട്ടിന് കെട്ടിവെച്ച കാശ് കിട്ടാതെ അവരെ തോല്‍പ്പിക്കണമെന്നാണ് എല്ലാവരും പറയുന്നത് ....” എന്നാണ് . ദിനേശ് ബീഡിക്കമ്പനിയില്‍ വെച്ച് ദേശാഭിമാനി പത്രം മാത്രം വായിച്ചു കേള്‍ക്കുന്ന ഒരു സ്ത്രീയാണവര്‍ . മറ്റൊരു സഖാവ് പറഞ്ഞത് “ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതാണ് ശരി, അഥവാ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ത് ചെയ്താലും അത് ശരിയാവും . മറ്റുള്ളവര്‍ ചെയ്യുന്നതെന്തും തെറ്റുമാവും....” എന്നാണ്.

കേരളത്തിലെ തെരഞ്ഞെടുപ്പ് മന:ശാസ്ത്രം ഇരുമുന്നണികളും നന്നായി മനസ്സിലാക്കിയിരിക്കുന്നു . അതിനനുസരിച്ചാണ് അവരുടെ പാര്‍ട്ടി മെഷിനറി ട്യൂണ്‍ ചെയ്ത് വെച്ചിട്ടുള്ളത് . അയ്യഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറി വരും . യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കമ്മറ്റികളേയില്ല . അതിന്റെ ആവശ്യവുമില്ല . തെരഞ്ഞെടുപ്പിന്റെ തലേന്ന് ആരെങ്കിലും വീടുകള്‍ കയറി സ്ലിപ്പുകള്‍ കൊടുത്താലായി . ഇസ്തിരി ചുളിയാത്ത ഖദര്‍ ധരിക്കുന്ന ഏതാനും ചില നേതാക്കളേ കോണ്‍ഗ്രസ്സിന് ഇന്നുള്ളൂ , പ്രവര്‍ത്തകന്മാരില്ല . അതൊക്കെ കരുണാകരന്റെ പ്രൌഢകാലം അസ്തമിച്ചതോടെ പോയി . ഇന്ന് അഞ്ച് കൊല്ലം കൂടുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെ യു.ഡി.എഫിനെ ജയിപ്പിക്കുന്നത് കൊണ്ട് അവര്‍ക്ക് വിയര്‍പ്പൊഴുക്കേണ്ട കാര്യവുമില്ല. ഇപ്പോള്‍ പരമാവധി ബിസിനസ്സ് സാമ്രാജ്യങ്ങള്‍ വിപുലീകരിക്കുന്ന യജ്ഞത്തിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി . അടുത്ത അഞ്ച് കൊല്ലത്തേക്ക് വേണ്ടത് സമ്പാദിച്ചു വെക്കണമല്ലൊ.

ചെങ്ങറയെപ്പറ്റിയും ഒറീസ്സയെപ്പറ്റിയും എന്ത് പറയുന്നു ?

കേരളത്തില്‍ നടപ്പാക്കി എന്ന് അഭിമാനപൂര്‍വ്വം എടുത്തു പറയുന്ന ഭൂപരിഷ്കരണം വെറും പൊള്ളയായിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ചെങ്ങറ . യഥാര്‍ത്ഥ ഭൂരഹിതര്‍ക്ക് ഇന്നും ഭൂമി കിട്ടിയിട്ടില്ല . ഭൂമിയുടെ വിതരണവും വിനിയോഗവും ശാസ്ത്രീയമായി പുനര്‍‌ നിര്‍വചിക്കേണ്ട ആവശ്യകതയിലേക്കാണ് ചെങ്ങറ സമരം വിരല്‍ ചൂണ്ടുന്നത് . ആ സമരം എന്ത് കൊണ്ടും വിജയിക്കേണ്ടതുണ്ട് . തൊഴിലാളി സംരക്ഷണത്തിന്റെ പേരില്‍ അവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വേഷപ്രച്ഛന്നമായി നടത്തുന്ന പ്രതിസമരം ആഭാസകരവും മനുഷ്യത്വവിരുദ്ധവുമാണ് .

ഒറീസ്സയെക്കുറിച്ചു പറഞ്ഞാല്‍ , മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല . എന്ന് തന്നെയുമല്ല കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും വേണം . പക്ഷെ ഇവിടത്തെ മതേതരവാദികളാണ് പ്രശ്നം വഷളാക്കുന്നത് എന്നാണെന്റെ അഭിപ്രായം . എന്തിനാണ് ഇപ്പോഴും കൃസ്ത്യന്‍ മെഷിനറിമാര്‍ ദരിദ്രനാരായണന്മാരായ ആദിവാസികളെയും ദളിതുകളെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത് ? ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യനായി ജീവിച്ചാല്‍ പോരേ ? തങ്ങളുടെ മതത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കണമെന്ന് കരുതി ആളുകളെ ക്രിസ്തു മതത്തിലേക്ക് ആകര്‍ഷിക്കുമ്പോള്‍ , തങ്ങളുടെ മതത്തില്‍ ആളുകള്‍ കുറഞ്ഞു പോകുമല്ലോ നാളെ നാഗാലാന്റ് പോലെ പോലെ ഇന്‍ഡ്യ ഒരു ക്രിസ്ത്യന്‍ രാജ്യമായി പോകുമല്ലോ എന്ന ആശങ്ക ഹിന്ദു മതത്തിലുള്ളവര്‍ക്ക് ഉണ്ടാവുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും ? മതപരിവര്‍ത്തനശ്രമങ്ങള്‍ മതസംഘടനകള്‍ അവസാനിപ്പിക്കേണ്ടതുണ്ട് . അതേ പോലെ മതേതരത്വം എന്നാല്‍ വോട്ടിന് വേണ്ടി മത വിഭാഗങ്ങളെ പ്രീണിപ്പിക്കലല്ല എന്ന് മതേതരപ്പാര്‍ട്ടികള്‍ മനസ്സിലാക്കണം . ഇന്ന് മതേതരവാദികളുടെ പ്രസ്ഥാവനകളാണ് ഇന്‍ഡ്യയില്‍ ഹൈന്ദവവികാരം ഊട്ടി വളര്‍ത്തുന്നത് . തൊട്ടതിനും പിടിച്ചതിനും സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നത് അവര്‍ക്ക് സ്വീകാര്യത കൂട്ടാനേ ഉപകരിക്കൂ .

(തുടരും)


പാര്‍ട്ടിക്ക് അത്യാധുനിക ഓഫീസും , പഞ്ചനക്ഷത്ര ഹോട്ടലും !

മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളര്‍ച്ചയുടെയും പുരോഗതിയുടെയും പാതയിലാണ് . കണ്ണൂര്‍ വിസ്മയ പാര്‍ക്കിന് പിന്നാലെ കോഴിക്കോട് പഞ്ചനക്ഷത്ര ഹോട്ടലിന്റെ പണിയും തുടങ്ങാന്‍ പോകുന്നു . ഇന്നത്ത പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇങ്ങനെ :

ഒരു കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ ഓഫീസ്‌ കെട്ടിപ്പൊക്കുന്നതിനൊപ്പം സി.പി.എം നിയന്ത്രണത്തില്‍ നഗരത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലും. സി.പി.എം കണ്ണൂരില്‍ ഷോപ്പിംഗ്‌ മാളും അമ്യൂസ്‌മെന്റ്‌ പാര്‍ക്കും മറ്റും നിര്‍മിച്ചതിനു പിന്നാലെയാണു കോഴിക്കോട്ടെ പാര്‍ട്ടി നേതൃത്വവും കോര്‍പറേറ്റ്‌ പാതയില്‍ മുന്നേറാനൊരുങ്ങുന്നത്‌. ഹോട്ടല്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 58 സെന്റ്‌ സ്‌ഥലം കോഴിക്കോട്‌ നഗരത്തിലെ ഹൃദയഭാഗത്തു പാര്‍ട്ടി നിയന്ത്രണത്തില്‍ രൂപീകരിച്ച സൊസൈറ്റി വാങ്ങിക്കഴിഞ്ഞു. മാനാഞ്ചിറയ്‌ക്കു സമീപത്തെ കോംട്രസ്‌റ്റ് കമ്പനിയുടെ സ്‌ഥലമാണു ഹൈക്കോടതി മുഖാന്തിരം സൊസൈറ്റി സ്വന്തമാക്കിയിരിക്കുന്നത്‌. ഒരു സെന്റിന്‌ ഇവിടെ 20 ലക്ഷമാണു മതിപ്പുവില.

സി.പി.എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്‌ണന്‍, പി.സതീദേവി എം.പി, കോര്‍പറേഷന്‍ മേയര്‍ എം. ഭാസ്‌കരന്‍ തുടങ്ങി ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഡയറക്‌ടര്‍മാരായി രൂപീകരിച്ച ഡിസ്‌ട്രിക്‌ട് കോഓപ്പറേറ്റീവ്‌ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം ഡവലപ്‌മെന്റ്‌ സൊസൈറ്റി ആന്‍ഡ്‌ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ലിമിറ്റഡ്‌ എന്ന സ്‌ഥാപനമാണു ഭൂമി വിലയ്‌ക്കു വാങ്ങിയത്‌.

സഹകരണ ആക്‌ട് പ്രകാരം ഡി. 2882 നമ്പറില്‍ രജിസ്‌റ്റര്‍ ചെയ്‌ത സൊസൈറ്റിയാണിത്‌. ആഭ്യന്തരടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‍, സഹകരണ മന്ത്രി ജി. സുധാകരന്റെ അഡീഷണല്‍ പി.എ. എ.രാധാകൃഷ്‌ണന്‍ എന്നിവരും ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ എം.മെഹബൂബ്‌, കെ.എസ്‌.ടി.എ. മുന്‍ ജനറല്‍ സെക്രട്ടറി കെ. ചന്ദ്രന്‍ എന്നിവരും സൊസൈറ്റിയുടെ ഡയക്‌ടര്‍മാരാണ്‌.

മുന്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ പി.എം. അബ്‌ദുള്‍ഖാദറാണു സൊസൈറ്റി പ്രസിഡന്റ്‌. എം. മെഹബൂബ്‌ വൈസ്‌ പ്രസിഡന്റും. ആദ്യഘട്ടത്തില്‍ ഫൈവ്‌ സ്‌റ്റാര്‍ സൗകര്യമുള്ള ഹോട്ടലാണു സൊസൈറ്റി സ്‌ഥാപിക്കാനുദ്ദേശിക്കുന്നത്‌. രണ്ടാം ഘട്ടത്തില്‍ റെസ്‌റ്റോറന്റും പിന്നീട്‌ ഘട്ടംഘട്ടമായി ടൂര്‍ പാക്കേജ്‌, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയും ലക്ഷ്യമിടുന്നു. 5000 രൂപയുടെ ഓഹരികളാണു വ്യക്‌തികളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും സമാഹരിക്കുക. ഓഹരിപിരിവ്‌ തുടങ്ങിക്കഴിഞ്ഞു.

നിലവിലുള്ള സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ്‌ കെട്ടിടമായ സി.എച്ച്‌. കണാരന്‍ സ്‌മാരക മന്ദിരം പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവില്‍ ആത്യാധുനിക ജില്ലാ കമ്മിറ്റി ഓഫീസ്‌ പണിതുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചതിനു പിന്നാലെയാണ്‌ പഞ്ചനക്ഷത്രഹോട്ടല്‍ പദ്ധതിയും നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്‌.

ജില്ലയിലുള്ള പാര്‍ട്ടി അംഗങ്ങളില്‍ നിന്ന്‌ 300 രൂപ വീതവും ബാക്കി പൊതുപിരിവും നടത്തി കെട്ടിടം പണി നടത്താനാണു പാര്‍ട്ടി നീക്കം. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു പുറമെ പോഷക സംഘടനകളുടെ ഓഫീസും പുതിയ കെട്ടിടത്തിലായിരിക്കും.
(കടപ്പാട് : മംഗളം )


ഇതൊന്നും ഇങ്ങനെ ചര്‍ച്ച ചെയ്യുന്നതോ , വിമര്‍ശിക്കുന്നതോ പാര്‍ട്ടിയുടെ ബന്ധുക്കള്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല . അങ്ങനെ ചെയ്യുന്നവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്നാണ് മുദ്ര കുത്തുക . അവരുടെ ഭാഷയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുക എന്നാല്‍ നികൃഷ്ടജീവിയാവുക എന്നാണ് അര്‍ത്ഥം . പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പാര്‍ട്ടിക്ക് ധാരാളം വഴികളുണ്ട് . ഞാന്‍ ഇങ്ങനെ എഴുതുന്നത് കൊണ്ടും ചിലര്‍ വന്ന് കമന്റ് എഴുതുന്നത് കൊണ്ടും ഒരു ബ്ലോഗ് സിന്‍ഡിക്കേറ്റ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്ന ആരോപണം വരാന്‍ സാധ്യതയുണ്ട് . രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെയിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം മാത്രമേ നടത്താവൂ , സാമ്പത്തികമായ വരുമാനം ഉണ്ടാക്കാന്‍ ബിസിനസ്സ് തുടങ്ങുകയല്ല ജനങ്ങളില്‍ നിന്ന് സംഭാവന പിരിക്കുക മാത്രമേ ചെയ്യാവൂ എന്ന എന്റെ അഭിപ്രായം ബ്ലോഗില്‍ പങ്ക് വെക്കുകയാണ് ഞാന്‍ ചെയ്യുന്നത് .

പരിപ്പ് വടയും കട്ടന്‍ ചായയും മാത്രം കഴിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്തണം എന്ന പോലെയുള്ള ഒരു പിന്തിരിപ്പന്‍ ആശയമാണിതെന്ന് അറിയാം . എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബക്കറ്റ് ഒന്നെടുത്താല്‍ കോടികള്‍ വന്നു വീഴുന്ന ഇക്കാലത്ത് അതും പോരാതെ എന്തിനീ ബിസിനസ്സുകള്‍ കൂടി നടത്തണം . പണം എത്ര കിട്ടിയാലും ആര്‍ക്കും തികയുന്നില്ല എന്നത് തന്നെ പാര്‍ട്ടിയെ സംബന്ധിച്ചും ഉത്തരം . ഇതൊക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ് . പക്ഷെ ഇതിനെപ്പറ്റിയൊന്നും ആരും മിണ്ടിപ്പോകരുത് എന്ന അസഹിഷ്ണുതയെങ്കിലും പാര്‍ട്ടിബന്ധുക്കള്‍ ഒഴിവാക്കണം . പൊതുസമൂഹത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിമര്‍ശനാതീതരല്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കണം . കേരളം,ബംഗാള്‍,ത്രിപുര തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പേരിനെങ്കിലും സി.പി.എം. പ്രവര്‍ത്തിക്കുന്നുണ്ട് . അവിടെയൊക്കെയുള്ള സഖാക്കള്‍ക്ക് ഇത്തരം സൌഭാഗ്യങ്ങള്‍ ലഭ്യമല്ല എന്നും നിങ്ങള്‍ ഓര്‍ക്കണം .

സി.പി.എം. എന്ന പാര്‍ട്ടി ഒരു സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയായി മാറുകയാണെന്നും , അവര്‍ ഇപ്പോള്‍ വികസനത്തിന്റെ ആഗോളീകരണരാഷ്ട്രീയം അംഗീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ വി.എസ്സ്. ക്ലാസ്സിക്കല്‍ മാര്‍ക്സിസം പറഞ്ഞു വഴിമുടക്കുകയാണെന്നും ചില ശുദ്ധാത്മാക്കള്‍ ധരിക്കുന്നുണ്ട് . എന്നാല്‍ ഇതില്‍ ക്ലാസിക്കല്‍ മാര്‍ക്സിസമോ , സോഷ്യല്‍ ഡമോക്രസിസമോ ഒന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം . ഓരോരുത്തരും സ്വന്തം സ്ഥാനമാനങ്ങളും പദവികളും നിലനിര്‍ത്താനുള്ള കൌടില്യതന്ത്രങ്ങളാണ് പയറ്റുന്നത് . ഒരു തരം ഞാണിന്മേല്‍ കളിയാണിത് . എം.വി.രാഘവന്റെ ഗതി സി.പി.എമ്മില്‍ ആര്‍ക്കും ഏത് നിമിഷവും സംഭവിക്കാം . അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓരോരുത്തരം കരുക്കള്‍ നിരത്തുന്നത് . കഥയറിയാതെ പത്രങ്ങള്‍ ഗ്രുപ്പ് സൃഷ്ടിച്ച് ആഘോഷിക്കുന്നു . കണ്ണൂരില്‍ വിസ്മയയുടെ ഉല്‍ഘാടനത്തിന് ഇ.പി.ജയരാജന്‍ എന്ത് കൊണ്ട് പങ്കെടുത്തില്ല ? ജയരാജനായിരുന്നു വാസ്തവത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് . എന്ത് കൊണ്ട് അദ്ദേഹം മാറ്റപ്പെട്ടു ? ഈ വക കാര്യങ്ങളൊന്നും ആരും തുറന്ന് പറയാത്തത് കൊണ്ട് ബലപരീക്ഷണങ്ങളില്‍ വിജയിക്കുന്ന നേതൃത്വത്തിന് ആരേയും ഭയപെടേണ്ടി വരുന്നില്ല . അതിന് പറ്റിയ സമൂഹ്യാന്തരീക്ഷമാണ് നാട്ടിലുള്ളത് .

എന്റെ ബ്ലോഗ് കഷ്ടിച്ച് 50 പേരേ വായിക്കുന്നുള്ളൂ . ഒരു നേരിയ പ്രതിക്ഷേധം പോലും സൃഷ്ടിക്കാന്‍ ഞാന്‍ അശക്തനാണ് . ഒരു പൊതുജനാഭിപ്രയം രൂപീകരിക്കാനും എനിക്ക് കഴിയില്ല . ഞാനൊരു കല്ലെടുത്തെറിഞ്ഞാല്‍ തകരുന്നതല്ല സി.പി.എം എന്ന മല . പിന്നെ ഇവിടെ വെറുതെ ഇരിക്കുമ്പോള്‍ സമാനമനസ്ക്കരായ ഏതാനും സുഹൃത്തുക്കളുമായി ധാര്‍മ്മികരോഷം പങ്ക് വെക്കാന്‍ ബ്ലോഗ് ഉപകരിക്കുന്നു എന്ന് മാത്രം .

എന്റെ എഴുത്തില്‍ അസഹിഷ്ണുതയുള്ളവരുണ്ട് . എനിക്കവരോട് ഒന്നേ പറയാനുള്ളൂ . രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനം മാത്രമാണെന്നും , രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അനര്‍ഹമായ ഒന്നും നേടിക്കൂടെന്നും ഞാന്‍ എന്റെ മനസ്സില്‍ പണ്ടേ തീരുമാനിച്ചിരുന്നു . അല്ലെങ്കില്‍ പ്രസംഗം നടത്തി എനിക്കുമൊരു ലോക്കല്‍ നേതാവെങ്കിലുമാകാമായിരുന്നു . നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയത് ആയിരമായിരം നിസ്വാര്‍ത്ഥരായ നേതാക്കളുടെയും സമരഭടന്മാരുടെയും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു . അത്രയൊന്നും നിങ്ങള്‍ ചെയ്യേണ്ട . ഇന്ന് ബിസിനസ്സ് നടത്താതെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് മാത്രം സുഭിക്ഷമായി ജീവിക്കാനുള്ള വക നിങ്ങള്‍ക്ക് നാട് തരുന്നുണ്ട് . എന്നിട്ടും മതിയാവില്ല എന്ന് വന്നാല്‍ , ജനങ്ങള്‍ എക്കാലവും നിങ്ങളെ ചുമന്നെന്ന് വരില്ല , അത് മറക്കണ്ട !

കണ്ണൂരില്‍ “വിസ്മയ ” നാടിന് സമര്‍പ്പിച്ചു !


( ചിത്രങ്ങള്‍ക്ക് കടപ്പാട് : മാതൃഭൂമി )

സിപിഎം തുടങ്ങിയ വിസ്മയ ഇന്‍ഫൊടെയ്ന്‍മെന്റ് സെന്റര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഇ.പി.ജയരാജനും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളുടെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. സിപിഎം സഹകരണ സംഘത്തിനു കീഴില്‍ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു പാര്‍ക്ക് നടത്തുന്നത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയാണു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.

ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചിരുന്നു. സിപിഎം വര്‍ഗ സഹകരണ പാതയില്‍ സഞ്ചരിക്കുന്നതിനെ ആദ്യം മുതല്‍ എതിര്‍ത്ത വി.എസ്., അമ്യുസ്മെന്റ് പാര്‍ക്ക് ഉദ്ഘാടകനായി എത്തുമോയെന്ന ആശങ്ക തുടക്കം മുതല്‍ നിലനിന്നിരുന്നു. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞായാലും വി.എസ്. ചടങ്ങില്‍ നിന്നു വിട്ടുനിന്നതു പാര്‍ട്ടിയില്‍ പുതിയ വിവാദത്തിനു വഴിമരുന്ന് ഇട്ടിരിക്കുകയാണ്.

ബോധപൂര്‍വം ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അച്യുതാനന്ദന്‍ കാരണം കണ്ടെത്തുകയായിരുന്നുവെന്നാണ് ഒൌദ്യോഗിക വിഭാഗം വിലയിരുത്തുന്നത്. സിപിഎം അമ്യുസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങളെ പാര്‍ട്ടിക്കകത്തും പുറത്തും വി.എസ്. പക്ഷം എതിര്‍ത്തിരുന്നു.വിഎസിനെക്കൊണ്ടു പാര്‍ക്ക് ഉദ്ഘാടനം ചെയ്യിപ്പിച്ച് അദ്ദേഹം എല്ലാറ്റിനും കീഴടങ്ങിയെന്നു വരുത്തിത്തീര്‍ക്കാനുള്ള ഔദ്യോഗികപക്ഷത്തിന്റെ അജന്‍ഡയാണു വിഎസിന്റെ
പിന്‍മാറ്റത്തോടെ തകര്‍ന്നടിഞ്ഞത്.

മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ പിണറായി വിജയനാണു പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. വിഎസിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നതെന്നോ ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നോ ചടങ്ങില്‍ സംസാരിച്ച പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ആരും പരാമര്‍ശിച്ചില്ല. വി.എസ്. ബോധപൂര്‍വം ചടങ്ങില്‍ നിന്നു വിട്ടുനിന്നെന്ന ബോധ്യം ഔദ്യോഗിക പക്ഷത്തിന് ഉണ്ടെന്നതിന് ഇതു തെളിവായി.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥാപക ചെയര്‍മാനുമായിരുന്ന ഇ.പി.ജയരാജന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. ചടങ്ങിനിടയ്ക്കു പുതുതായി വിതരണം ചെയ്ത നോട്ടീസില്‍ അധ്യക്ഷനായി ചേര്‍ത്തിരുന്നത് ഇ.പി.ജയരാജനെയായിരുന്നു. അദ്ദേഹം കണ്ണൂരില്‍ ഉണ്ടായിരുന്നെങ്കിലും ചടങ്ങില്‍ എത്തിയതേയില്ല.
2001ല്‍ സൊസൈറ്റി രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായിരുന്ന ഇ.പി.ജയരാജനെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായെന്ന കാരണം പറഞ്ഞാണു സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. ഈ നീരസമാണ് അദ്ദേഹത്തെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. പകരം പി.കരുണാകന്‍ എംപിയാണ് അധ്യക്ഷത വഹിച്ചത്. വി.എസ്. പക്ഷത്തിനൊപ്പം നില്‍ക്കുന്ന സി.കെ.പി.പത്മനാഭന്‍ എംഎല്‍എയും പങ്കെടുക്കാതിരുന്നതു ശ്രദ്ധേയമായി.

വരും ദിവസങ്ങളില്‍ പാര്‍ട്ടിയെ ചുറ്റിപ്പിണയുന്ന പുതിയ വിവാദമായിത്തീരും വിസ്മയ പാര്‍ക്ക്. പാര്‍ട്ടി നേതാക്കള്‍ അംഗങ്ങളായ മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴില്‍ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ മലബാര്‍ പ്ലെഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പാര്‍ക്ക് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ.നാരായണനാണ് ചെയര്‍മാന്‍.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വ്യവസായ സംരഭത്തില്‍ മറ്റൊരു എടുത്തുപറയാവുന്ന നേട്ടമായി വിസ്മയയെ ചൂണ്ടിക്കാട്ടുന്നവരുണ്ട് . കണ്ണൂരിലെ ജനങ്ങള്‍ക്ക് ഒരു അമ്യൂസ് മെന്റ് വാട്ടര്‍ തീം പാര്‍ക്കിന്റെ കുറവ് ഉണ്ടെന്ന് കണ്ടെത്തുകയും അത് പരിഹരിക്കാന്‍ മുന്‍‌കൈ എടുക്കുകയും ചെയ്ത നേതാക്കളെ കണ്ണൂരിലെ ജനങ്ങള്‍ അഹ്ലാദാരവങ്ങളോടെയാണ് ഉല്‍ഘാടനവേദിയിലേക്ക് എതിരേറ്റത് .

(കടപ്പാട് : വിവിധപത്രങ്ങള്‍)


അലോപ്പതിയെ കണ്ടവരുണ്ടോ ?

എന്റെ ജനകീയശാസ്ത്രം ബ്ലോഗില്‍ മനോജ് ചോദിച്ച ഒരു ചോദ്യം ഇതാണ് : “ അലോപ്പതിക്ക് മുന്‍പ് ഭാരതത്തില്‍ ആയൂര്‍വേദമായിരുന്നില്ലേ മാഷേ ഉപയോഗിച്ചിരുന്നത് ? ” ഈ ചോദ്യം കൊണ്ട് മനോജ് എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല . ഏറോപ്ലെയിന്‍ കണ്ടുപിടിക്കുന്നതിന് മുന്‍പ് കാളവണ്ടിയിലല്ലേ സഞ്ചരിച്ചിരുന്നത് , ഉരുണ്ടതാണെന്ന് കണ്ടുപിടിക്കുന്നതിന് മുന്‍പ് ഭൂമി പരന്നതായിരുന്നില്ലേ എന്നൊക്കെ ചോദിച്ചാല്‍ എന്താണ് പറയാന്‍ കഴിയുക . അതെ ഉപയോഗിച്ചിരുന്നു അതിനെന്താ ? ശരീരത്തിന്റെ സ്വാഭാവികപ്രതിരോധം കൊണ്ട് രോഗങ്ങളെ അതിജീവിച്ചര്‍ രക്ഷപ്പെട്ടു , അല്ലാത്തവര്‍ രോഗങ്ങള്‍ക്കടിമപ്പെട്ട് മരണപ്പെട്ടിട്ടുണ്ടാവണം . ശരീരം തന്നെ രോഗങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ പര്യാപ്തമായ ഒരു സംവിധാനമാണ് . പിന്നെ ശരീരത്തിന് തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചികിത്സ വേണ്ടി വരുന്നു . ചികിത്സിക്കണമെങ്കില്‍ രോഗകാരണം എന്തെന്ന് മനസ്സിലാവണം . അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ മനുഷ്യര്‍ക്ക് അത് മനസ്സിലാക്കാന്‍ മാര്‍ഗ്ഗമില്ലായിരുന്നു . അന്നത്തെ നിഗമനങ്ങളും അനുമാനങ്ങളും വെച്ച് ചില നിരീക്ഷണങ്ങള്‍ നടത്തി . വാതം , പിത്തം , കഫം എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് രോഗകാരണം എന്ന് അന്നവര്‍ വിലയിരുത്തി . അതല്ല കാരണമെന്നും അനേകം സൂക്ഷ്മജീവികളാണ് ശരീരത്തില്‍ പ്രവേശിച്ച് രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നും അയ്യായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1850 കളില്‍ ലൂയിസ് പാശ്ചര്‍ കണ്ടെത്തി . ലൂയിസ് പാശ്ചറുടെ കണ്ടെത്തല്‍ അവിശ്വസിക്കേണ്ടതില്ല . രോഗബാധിതനായ ഒരാളുടെ രക്തം മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ അതില്‍ ഈ സൂക്ഷ്മജീവികളെ ആര്‍ക്കും കാണാന്‍ കഴിയും . ഈ പശ്ചാത്തലത്തില്‍ ഈ വാതം ,പിത്തം ,കഫം ആണ് രോഗകാരണം എന്ന നിഗമനത്തില്‍ ഇന്നും ചികിത്സ നടത്തേണ്ട ആവശ്യം ഉണ്ടോ ? ഉണ്ടെങ്കില്‍ ഭൂമി ഇന്നും പരന്നിരിക്കണം .

മറ്റൊന്ന് ഈ അലോപ്പതിയെ ആരെങ്കിലും കണ്ടവരുണ്ടോ ? 1796 ല്‍ ജര്‍മ്മനിയില്‍ ശാമുവല്‍ ഹാനിമാന്‍ എന്ന ഭിഷഗ്വരന്‍ , താന്‍ ആധുനികമായ ഒരു ചികിത്സാരീതി കണ്ടെത്തി എന്ന് പ്രഖ്യാപിച്ചു . LIKE CURES LIKE അതാണ് അതിന്റെ ശാസ്ത്രീയത പോലും . തന്റെ സിദ്ധാന്തത്തിന് പേരും വിളിച്ചു , അതാണ് ഹോമിയോപ്പതി . അതേവരെ നൂറ്റാണ്ടുകളായി ജര്‍മ്മനിയിലും യൂറോപ്പിലും നിലനിന്നിരുന്ന പഴഞ്ചന്‍ രീതി OPPOSITE CURES OPPOSITE ആയിരുന്നു പോലും . ആ അറുപഴഞ്ചന്‍ രീതി അലോപ്പതി ആയിരുന്നു പോലും . അങ്ങനെ തന്റേതിനെ ആധുനികമെന്നും അത് ഹോമിയോപ്പതിയാണെന്നും തനിക്ക് മുന്‍പേ ഉണ്ടായിരുന്നത് പഴഞ്ചനാണെനും അത് അലോപ്പതിയാണെന്നും പറഞ്ഞത് 1796 ല്‍ ജര്‍മ്മന്‍‌കാരനായ ശാമുവല്‍ ഹാനിമാനാണ് . ആ അലോപ്പതി ഇന്ന് ലോകത്തെവിടെയെങ്കിലും പ്രചാരത്തിലുണ്ടോ എന്നെനിക്കറിയില്ല . നമ്മള്‍ ഇന്ന് വ്യഹഹാരഭാഷയില്‍ ഉപയോഗിക്കുന്ന , രോഗങ്ങളുടെ പേരുകള്‍ മുഴുവനും ആധുനികവൈദ്യശാസ്ത്രജ്ഞന്മാര്‍ നിര്‍ദ്ദേശിച്ച പേരുകളാണ് . ആയുര്‍വേദത്തില്‍ വാത-പിത്ത-കഫ കാരണങ്ങളോട് പൊരുത്തപ്പെടുന്ന പേരുകളാണ് രോഗങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നത് . ഹാനിമാന് പിന്നെ രോഗങ്ങളുമില്ല പേരുമില്ല . രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി, സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ നല്‍കുന്ന മരുന്നുകള്‍ക്കേ ഹോമിയോയില്‍ പേരുകളുള്ളൂ .

രോഗങ്ങള്‍ക്കും , രോഗകാരികളായ സൂക്ഷ്മജീവികള്‍ക്കും , മരുന്നുകള്‍ക്കും ഒക്കെ പേരുകള്‍ നല്‍കിയെങ്കിലും ചികിത്സാരീതിക്ക് ആധുനികവൈദ്യശാസ്ത്രം പേരൊന്നും നല്‍കിയിട്ടില്ല . ചികിത്സക്കെന്തിന് പേര് . വര്‍ക്ക് ഷോപ്പില്‍ വാഹനങ്ങള്‍ നന്നാക്കുന്നതിന് പ്രത്യേകം പ്രത്യേകം പേരുകള്‍ വേണോ ? എന്നാലും രോഗകാരണങ്ങളും അത് മനസ്സിലാക്കാനുള്ള ഉപകരണങ്ങളും , അതിന്റെ പ്രതിവിധികളുമൊക്കെ ഈയടുത്ത നൂറ്റാണ്ടില്‍ കണ്ടുപിടിക്കപ്പെട്ടത് കൊണ്ട് അതിനെ പൊതുവെ ആധുനികവൈദ്യശാസ്ത്രം അഥവാ മോഡേണ്‍ മെഡിസിന്‍ എന്ന് പറയുന്നു . ഈ മോഡേണ്‍ മെഡിസിനെ അതായത് ശാമുവല്‍ ഹാനിമാന് ശേഷം പ്രയോഗത്തില്‍ വന്ന ആധുനികചികിത്സാരീതിയെ ഹാനിമാന്‍ തന്നെ തള്ളിക്കളഞ്ഞ അലോപ്പതി എന്ന് പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ് . ഇന്ന് പത്രക്കാരും മറ്റ് ദൃശ്യമാധ്യമക്കാരും മന്ത്രിമാരും പിന്നെ വലിയ വലിയ ആള്‍ക്കാരും എല്ലാം അലോപ്പതി എന്ന് ആധുനികവൈദ്യസമ്പ്രദായത്തെപ്പറ്റി പറയുന്നുണ്ട് എന്നത് വിവരക്കേട് ആരുടെയും കുത്തകയല്ല എന്നതിന് തെളിവാണ് .

ഹാനിമാന്റെ കാലത്ത്, ദൃഷ്ടിക്ക് ഗോചരമല്ലാത്ത സൂക്ഷ്മജീവികള്‍ ഭൂമിയിലുണ്ട് എന്ന് കണ്ടെത്തിയിരുന്നുവെങ്കിലും , അത്തരം ജീവികളാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു . അത് കൊണ്ട് ഹാനിമാനും ശരിയായ രോഗകാരണങ്ങള്‍ മനസ്സിലാക്കാനായില്ല . ഇന്നാണ് ഹാനിമാന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ഒരു മികച്ച ആധുനികവൈദ്യശാസ്ത്രജ്ഞനായേനേ . അപ്പോള്‍ നമ്മള്‍ ആധുനിക ശാസ്ത്രം കണ്ടുപിടിച്ച മറ്റൊന്നിനേയും തള്ളിക്കളയാതെ , അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രചാരത്തിലുണ്ടായിരുന്ന ആയുര്‍വേദം ഇന്നും വേണം എന്ന് വാശി പിടിക്കുന്നതില്‍ എന്തര്‍ത്ഥം ? മോഡേണ്‍ മെഡിസിന്‍ കൊണ്ട് മാറ്റാന്‍ കഴിയാത്ത രോഗങ്ങള്‍ ആയുര്‍വേദ-ഹോമിയോ കൊണ്ട് മാറ്റാന്‍ കഴിയും എന്ന് പറയുന്നത് ശുദ്ധതട്ടിപ്പ് ആണ് . സൈഡ് എഫക്റ്റ് എന്ന് പറഞ്ഞാല്‍ , മോഡേണ്‍ മെഡിക്കല്‍ രംഗത്ത് മാത്രമണ് മരുന്നുകളുടെ ഇഫക്റ്റും അതുണ്ടാക്കുന്ന സൈഡ് എഫക്റ്റും സദാ പരിശോധിക്കുന്നത് . എഫക്റ്റ് ഉണ്ടാക്കുന്ന എന്തും സൈഡ് എഫക്റ്റും ഉണ്ടാക്കും . എഫക്റ്റ് ഇല്ലെങ്കില്‍ സൈഡ് എഫക്റ്റും ഇല്ല . ഇന്നയിന്ന മരുന്നുകള്‍ക്കെല്ലാം സൈഡ് എഫക്റ്റുകളുമുണ്ടാവാമെന്ന് മുന്നറിയിപ്പ് നല്‍കുന്നത് ആധുനികവൈദ്യശാസ്ത്രത്തിന്റെ മാത്രം മേന്മയാണ് . ആ ഒരു മേന്മ തന്നെ ആധുനികവൈദ്യശാസ്ത്രത്തിന്റെ തകാരാറാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് ദുഷ്ടലാക്കാണ് . ആയുര്‍വേദ-ഹോമിയോക്കാര്‍ക്ക് പരീക്ഷണം നടത്തേണ്ടതോ അതിന്റെ എഫക്റ്റുകളെക്കുറിച്ചോ സൈഡ് എഫക്റ്റുകളെക്കുറിച്ചോ പറയേണ്ടതോ ആവശ്യമില്ല .

ഇന്ന് പലരോഗങ്ങള്‍ക്കും പ്രതിരോധമരുന്നുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് ആയുര്‍വേദ-ഹോമിയോക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ട് . പ്രതിരോധ മരുന്ന് എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ഹാനിമാന്‍ ഹോമിയോക്കാര്‍ക്ക് അനുവാദം നല്‍കുന്നില്ല . ഉള്ള ലക്ഷണങ്ങള്‍ക്ക് സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാനുള്ള മരുന്ന് നല്‍കാനേ ഹാനിമാന്റെ ശിഷ്യന്മാര്‍ക്ക് അവകാശമുള്ളൂ . വരാന്‍ പോകുന്ന ലക്ഷണങ്ങളെ എങ്ങനെ ഒരു ഹോമിയോ ഡോക്റ്റര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയും ? രോഗപ്രതിരോധം അഥവാ ഇമ്മ്യൂണിറ്റി എന്ന വാക്ക് തന്നെ ആധുനികവൈദ്യശാസ്ത്രത്തിന്റെ സംഭാവനയാണ് .

ആരോഗ്യരംഗത്ത് എല്ലാ ചികിത്സയെയും സമന്വയിപ്പിച്ച് ഒരു ഇന്റഗ്രേഷന്‍ നല്ലതല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട് . എന്താണതിന്റെ അവശ്യം ? അതെങ്ങനെ സാധ്യമാവും ? ക്ഷയ രോഗത്തിന് രോഗിക്ക് ആന്റിബയോട്ടിക്ക് ഇഞ്ചക്‍ഷനും , കഷായവും , ഹോമിയോ മതര്‍ടിങ്ചര്‍ ചേര്‍ത്ത ഗ്ലൂക്കോസ് ഗുളികയും ഒരുമിച്ച് കൊടുക്കാനോ ? ഇന്ന് കേന്ദ്രഗവണ്മേന്റിന്റെ കീഴില്‍ ആയുഷ് എന്ന് ഒരു വകുപ്പ് ഉണ്ട് . ആയുര്‍വേദ-സിദ്ധ-യുന്നാനി-യോഗ-ഹോമിയൊ-പ്രകൃതി ചികിത്സകളില്‍ ഗവേഷണം നടത്താന്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ടും നല്‍കിവരുന്നുണ്ട് . അടിസ്ഥാനമില്ലാത്ത രോഗസങ്കല്പങ്ങളെക്കുറിച്ച് ഗവേഷണം നടത്തി എന്ത് ഫലമാണ് കണ്ടെത്താന്‍ കഴിയുക ? അതേ സമയം ആരോഗ്യരംഗം ഒരു വന്‍‌വ്യവസായമായി , വ്യാജഡോക്ടര്‍മാരുടെയും വ്യാജമരുന്നുകളുടെയും പിടിയിലമര്‍ന്ന് ജനം നരകിക്കുമ്പോള്‍ സര്‍ക്കാര്‍ ചികിത്സാരംഗത്ത് നിന്ന് പിന്‍‌മാറുകയാണ് .

വഞ്ചിക്കപ്പെടാനും കബളിപ്പിക്കപ്പെടാനും പാകത്തിലാണ് ഇവിടെ ജനങ്ങളുടെ വിശ്വാസങ്ങളും മുന്‍‌വിധികളും . എന്ത് ചെയ്യും ?

സൂരജിനെന്ത് പറ്റി ?

സൂരജിന്റെ മെഡിസിന്‍ അറ്റ് ബൂലോഗം എന്ന ബ്ലോഗില്‍ ഞാന്‍ ഇപ്രകാരം ഒരു കമന്റ് എഴുതി :

സൂരജേ , ഇങ്ങനെയാണങ്കില്‍ സൂരജിനെന്ത് പറ്റി എന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇടേണ്ടി വരും . ബ്ലോഗ് എന്നാല്‍ ഇന്നത്തേക്ക് വായിച്ചും കമന്റിയും തീര്‍ക്കാനുള്ള ഒന്നല്ല . നാളത്തേക്ക് ഒരു ഈടു വെപ്പ് കൂടിയാവണം . മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഭാവിയിലാരെങ്കിലും ഗൂഗ്ലിയാല്‍ നേരെ ഈ ബ്ലോഗിലെത്തണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .
സസ്നേഹം,

സൂരജ് എന്റെ മേല്‍പ്പറഞ്ഞ കമന്റിന് ഇന്നലെ വരെ മറുപടിയൊന്നും പറഞ്ഞില്ല . ഇന്ന് പറയുമോ എന്ന് അറിയില്ല . ഇതിനിടയില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു . മേലില്‍ മലയാളം ബ്ലോഗ് വായിക്കില്ല . മലയാളം ബ്ലോഗില്‍ കമന്റും ഇനി എഴുതില്ല . തമിഴും ഇംഗ്ലീഷും ബ്ലോഗുകളാണ് ഇപ്പോള്‍ വായിക്കാറുള്ളത് . രണ്ടു മാസമായി മലയാളം ബ്ലോഗ് വായനയും കമന്റെഴുത്തും കുറച്ചിട്ട് . അതിന്റെ ഒരു മന:സമാധാനം അനുഭവിക്കാനുമുണ്ടായിരുന്നു . ഇപ്പോള്‍ തീര്‍ത്തും മതിയാക്കി . മലയാളം ബ്ലോഗിനെപ്പറ്റിയും ബ്ലോഗ്ഗര്‍മാരെ പറ്റിയും ഇനിയൊന്നും മിണ്ടുകയില്ല . അതിനാല്‍ സൂരജിനെന്ത് പറ്റി എന്ന ഈ പോസ്റ്റില്‍ ഇതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല .

ഇതേ വരെയായി സദുദ്ദേശ്യത്തോടെയേ ഞാന്‍ ബ്ലോഗ് ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ളൂ . ഇക്കാലയളവില്‍ രണ്ടു സംഭവങ്ങള്‍ എന്നെ ഏറ്റവും വേദനിപ്പിച്ചു .

കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്‍ ചെയ്യുന്നു എന്ന് ഞാന്‍ ഒരു ബ്ലോഗ് പബ്ലിഷ് ചെയ്തു . മറ്റൊരു ബ്ലോഗ്ഗര്‍ എന്റെ പോസ്റ്റിന് ഒരു പാരഡി പോസ്റ്റും ഇറക്കി . സാധാരണയായി പാരഡി എന്നാല്‍ ചിരിക്കാനുളതാണ് . എന്നാല്‍ ഞാന്‍ എന്റെ പോസ്റ്റില്‍ മുന്നോട്ട് വെച്ച I BLOG FOR SOCIAL CAUSE എന്ന മുദ്രാവാക്യത്തിനും അയാള്‍ പാരഡി എഴുതിക്കളഞ്ഞു . മലയാളിക്ക് മാത്രമേ അത്തരം ഒരു വാചകത്തിന് പാരഡി എഴുതാന്‍ കഴിയൂ . അയാള്‍ എഴുതിയ പാരഡി എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചു .

മറ്റൊന്ന് . ഞാന്‍ മാതൃഭൂമി വാരികയുടെ ചീഫ് സബ് എഡിറ്റര്‍ കമല്‍ റാം സജീവിന് ഒരു മെയില്‍ അയച്ചിരുന്നു . സര്‍ , ബ്ലോഗനയില്‍ ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ അതെഴുതിയ ബ്ലോഗ്ഗറെ പരിചയപ്പെടുത്തുന്ന ഒരു ലഘുവിവരണം കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ വായനക്കാര്‍ക്ക് ബ്ലോഗിനെയും ബ്ലോഗെഴുത്തുകാരനെയും പറ്റി മനസ്സിലാക്കാന്‍ ഉപകരിക്കുമല്ലൊ . ഇതായിരുന്നു മെയിലിലെ ഉള്ളടക്കത്തിന്റെ രത്നച്ചുരുക്കം . കമല്‍ റാം അത് ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല . മാതൃഭൂമിയില്‍ പ്രസിദ്ധീകൃതമാവുന്ന വായനക്കാരുടെ കത്തുകള്‍ക്ക് പോലും ഏറ്റവും മികച്ച നിലവാരവും സാമൂഹ്യപരമായ ഉത്തരവാദിത്തങ്ങളുമുണ്ട് . വായനക്കാരുടെ പേരും വിലാസവുമുണ്ട് . ബ്ലോഗനയില്‍ വരുന്ന ബ്ലോഗിന്റെ ഉടമയായ എഴുത്തുകാരന്റെ പേര്‍ മാത്രമാണ് വിചിത്രമായി വായനക്കാര്‍ക്ക് തോന്നുക . കഴിഞ്ഞ തവണത്തെ ബ്ലോഗനയില്‍ ബ്ലോഗിന്റെ പേര്‍ തന്നെയാണെന്ന് തോന്നുന്നു ബ്ലോഗ് ഉടമയുടെയും പേരായി അച്ചടിച്ച് വന്നത് .

ഞാന്‍ കമല്‍ റാം സജീവിന് മെയില്‍ അയച്ച വിവരവും എന്റെ ആശങ്കയും , ബന്ധപ്പെട്ട ബ്ലോഗ് ഉടമയുടെ ബ്ലോഗില്‍ പ്രകോപിതനാകരുതേ എന്ന മുഖവുരയോടെ കമന്റ് ആയി എഴുതി . ഉടനെ അയാള്‍ മറുപടി എഴുതി . “ കുറെ ആയല്ലോ ബഹളം വെക്കാന്‍ തുടങ്ങിയിട്ട് ... ആക്റ്റീവിസം നല്ലത് തന്നെ ... അതാവശ്യത്തിന് ആയിരിക്കണം ...... ” ഇങ്ങനെ നീളുന്നു ആ മറുപടി . മലയാളിക്ക് മാത്രമേ ഇങ്ങനെ പ്രതികരിക്കാനാവൂ . വിനയം എന്ന ഗുണം മലയാളിക്ക് നഷ്ടപ്പെട്ടിട്ട് തലമുറകളായി എന്ന് തോന്നുന്നു . ഏതായാലും ബ്ലോഗും ബൂലോഗവും എന്തെന്ന് അറിയാത്ത മാതൃഭൂമി വാരികയുടെ വായനക്കാര്‍ക്ക് ബ്ലോഗെഴുത്തുകാരനെ ബ്ലോഗനയിലൂടെ തിരിച്ചറിയാന്‍ കഴിയില്ല . മലയാളം ബ്ലോഗ് , ബൂലോഗം എന്നിവയെ പരാമര്‍ശിച്ച് ഇനി ഞാന്‍ ഒന്നും എഴുതുകയില്ല . ഏതായാലും ഈ പോസ്റ്റ് ഞാന്‍ സൂരജിന് ഡെഡിക്കേറ്റ് ചെയ്യുന്നു .

ആരാണ് നമ്മുടെ ശത്രു ?

കൂട്ടത്തില്‍ എന്തെങ്കിലും എഴുതാമെന്ന് കരുതി . വിഷയം ഒന്നുമില്ലായിരുന്നു . പതിവ് പോലെ ശിഥിലമായ ചിന്തകള്‍ മാത്രം . വെറുതെ . അവിടെ പബ്ലിഷ് ചെയ്തപ്പോള്‍ തോന്നി ഇവിടെയും കിടക്കട്ടെ എന്ന് .

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇവിടെ മടിവാളയിലുള്ള പ്രബോധിനി വായനശാല സന്ദര്‍ശിക്കേണ്ടി വന്നു . ബാംഗ്ലൂരില്‍ തന്റെ മകളെ കാണാനെത്തിയ കഥാകൃത്ത് അക്‍ബര്‍ കക്കട്ടില്‍ വായനശാല സന്ദര്‍ശിക്കുന്നുണ്ടായിരുന്നു . ആ ചടങ്ങില്‍ സംബന്ധിക്കാനാണ് ഞാനും അവിടെ എത്തിപ്പെട്ടത് . നാം എത്ര തന്നെ സൌകര്യങ്ങള്‍ ആര്‍ജ്ജിച്ചാലും പുസ്തകവായനയില്‍ നിന്ന് കിട്ടുന്ന ആത്മനിര്‍വൃതി മറ്റൊന്നിലും ലഭിക്കുകയില്ല എന്ന് പറഞ്ഞ കക്കട്ടില്‍ , താന്‍ നാട്ടിലെത്തിയാല്‍ ഒരു മൂവായിരം രൂപ വിലമതിപ്പുള്ള പുസ്തകങ്ങള്‍ സംഘടിപ്പിച്ച് പ്രബോധിനിക്ക് നല്‍കാമെന്ന് വാഗ്ദാനവും ചെയ്തു . പുസ്തകങ്ങളും വായനയും മരിച്ചാല്‍ മനുഷ്യസംസ്ക്കൃതിയും മരിച്ചു പോകുമെന്ന് ചടങ്ങില്‍ ഞാനും പറഞ്ഞു . തിരക്ക് പിടിച്ച ഇക്കാലത്ത് ബാംഗ്ലൂര്‍ നഗരത്തില്‍ ഇത് പോലൊരു വായനശാല സംഘടിപ്പിക്കാന്‍ പരിശ്രമിക്കുന്ന ചെറുപ്പക്കാരെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല .

അക്‍ബര്‍ കക്കട്ടില്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ അല്പനേരം കൂടി അവിടെയിരുന്നു ചില പുസ്തകങ്ങള്‍ മറിച്ചു നോക്കി . നമ്മുടെ മുന്‍‌രാഷ്ട്രപതി അബ്ദുള്‍ കലാം എഴുതിയ ignited minds എന്ന പുസ്തകത്തിലെ ഒന്ന് രണ്ട് അദ്ധ്യായങ്ങള്‍ വായിച്ചു . മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല . കഴിഞ്ഞ തവണ എടുത്ത ആള്‍ക്കൂട്ടം എന്ന നോവല്‍ തിരിച്ചു കൊടുത്തിരുന്നില്ല . അത് കൊണ്ട് ആ പുസ്തകം വീട്ടിലേക്ക് കൊണ്ടു പോകട്ടേ എന്ന് ലൈബ്രേറിയനോട് ചോദിച്ചില്ല . ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ് . ആ പുസ്തകം അബ്ദുള്‍ കലാം സമര്‍പ്പിച്ചിരിക്കുന്നത് സ്നേഹല്‍ താക്കര്‍ (Snehal thakkaar) എന്ന പന്ത്രണ്ടാം ക്ലാസ് വിദ്ധ്യാര്‍ത്ഥിനിക്കാണത്രെ .

2002 ഏപ്രില്‍ 11 ന് വൈകുന്നേരം അന്ന് പ്രസിഡണ്ടായിരുന്ന ബഹു: ഏ.പി.ജെ. അബ്ദുള്‍ കലാം ഗുജറാത്തിലെ ആനന്ദില്‍ എത്തുന്നു . എന്തോ കലാപം അവിടെ നടക്കുന്ന സമയമായിരുന്നു അത് . പിറ്റേന്ന് ആണ് അദ്ദേഹം സ്നേഹല്‍ പഠിക്കുന്ന സ്കൂളില്‍ എത്തുന്നത് . കുട്ടികളും രാഷ്ട്രപതിയും തമ്മില്‍ നടന്ന സരസഭാഷണങ്ങളില്‍ പല വിഷയങ്ങള്‍ സ്പര്‍ശിക്കപ്പെട്ടു . ഒടുവില്‍ ഒരു ചോദ്യം ഉയര്‍ന്നു വന്നു , ആരാണ് നമ്മുടെ ശത്രു ? പലരും പല ഉത്തരങ്ങളും പറഞ്ഞു . ഒരു കുട്ടി എഴുന്നേറ്റ് പറഞ്ഞു " Poverty അതാണ് നമ്മുടെ ശത്രു " . ആ കുട്ടി സ്നേഹല്‍ താക്കര്‍ ആയിരുന്നു . അത് കൊണ്ടാണ് എല്ലായ്പോഴും വലിയ വലിയ സ്വപ്നങ്ങള്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മഹാനായ ആ ഭാരതപുത്രന്‍ തന്റെ ആത്മകഥാപരമായ ഇഗ്‌നൈറ്റഡ് മൈന്‍ഡ് എന്ന കൃതി സ്നേഹല്‍ താക്കര്‍ എന്ന അന്നത്തെ പ്ലസ് റ്റൂ വിദ്ധ്യാര്‍ത്ഥിനിക്ക് സമര്‍പ്പിച്ചിരിക്കുന്നത് .

ഞാന്‍ ആലോചിക്കുകയായിരുന്നു . ദാരിദ്ര്യമാണോ നമ്മുടെ യഥാര്‍ഥമായ ശത്രു . സത്യത്തില്‍ ദാരിദ്ര്യത്തെക്കുറിച്ചും , ദരിദ്രനാരായണന്മാരെപറ്റിയും വാ തോരാതെ സംസാരിക്കുന്നത് അതിന്റെ ഇരകളായ ദരിദ്രരല്ല . അവര്‍ സംതൃപ്തരായാണ് കാണപ്പെടുന്നത് . അവര്‍ക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല . അവര്‍ക്ക് പക്ഷെ സംസാരിക്കാന്‍ വേദികളുമില്ല . പ്രസംഗിക്കുന്നവരും പ്രസിദ്ദീകരണങ്ങളിലും മറ്റും ദാരിദ്ര്യരേഖയെപ്പറ്റിയുമെല്ലാം എഴുതുന്നവരും ഒക്കെ ഒരു വിധപെട്ട സുഖസൌകര്യങ്ങള്‍ ഉള്ളവരാണ് . ഒരിക്കല്‍ സാറാ ജോസഫ് ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു . എനിക്ക് വാഷിങ്ങ് മെഷീന്‍ , ഫ്രിഡ്‌ജ് , ഗ്രൈന്‍ഡര്‍ എല്ലാം ഉണ്ട് . എന്നാല്‍ ഇന്ത്യയിലെ എത്ര ശതമാനത്തിന് ഈ സൌകര്യങ്ങള്‍ ഉണ്ട് എന്നോര്‍ക്കുമ്പോള്‍ എനിക്ക് വിഷമമുണ്ട് എന്ന് . എങ്ങനെയാണ് സാറാ ജോസഫിന്റെ വിഷമം മാറ്റാന്‍ കഴിയുക ? ആരാണത് മാറ്റുക ? എനിക്ക് തോന്നുന്നത് സ്വാര്‍ത്ഥതയല്ലേ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ? ആര്‍ക്കും ഒന്നും പോര . മറ്റുള്ളവരെ ചൂഷണം ചെയ്താലല്ലെ തന്റെ സ്വാര്‍ത്ഥത ആവശ്യപ്പെടുന്നത് മേല്‍ക്ക് മേല്‍ കൈവശപ്പെടുത്താന്‍ കഴിയുക .

ചൂഷണം നമുക്ക് ഇല്ലാതാക്കാന്‍ കഴിയുമോ ? സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോഴാണ് പുറം ലോകം അറിയുന്നത് അവിടെ ദരിദ്രര്‍ ഉണ്ടായിരുന്നു . അതേ സമയം പാര്‍ട്ടി നേതാക്കള്‍ക്ക് കൊട്ടാര സദൃശമായ വസതികളും എല്ലാ ആധുനിക സൌകര്യങ്ങളുമുണ്ടായിരുന്നു . അളവറ്റ സ്വത്ത് പാര്‍ട്ടിക്കുമുണ്ടായിരുന്നു . ചൈനയും ഇന്നും ദാരിദ്ര്യമുക്തമല്ല എന്ന് മാത്രമല്ല ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ദിനം‌തോറും വര്‍ദ്ധിച്ചും വരുന്നു എന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു . തനിക്ക് ആവശ്യമുള്ളതില്‍ കവിഞ്ഞ് , അഥവാ തന്റെ ആവശ്യങ്ങള്‍ക്ക് ഒരു പരിധി നിശ്ചയിക്കാതെ കണ്ടമാനം വാരിക്കൂട്ടാനുള്ള മനുഷ്യസഹജമായ ആസക്തിയല്ലെ ദാരിദ്ര്യം സൃഷ്ടിക്കുന്നത് . അനിയന്ത്രിതമായ ജനപ്പെരുപ്പം ദാരിദ്ര്യരേഖയില്‍ താഴെയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു എന്ന സത്യം അംഗീകരിച്ചാലും കൈവശപ്പെടുത്താന്‍ കഴിയുന്നവരുടെ അമിതമായ സ്വാര്‍ത്ഥതയാണ് ദാരിദ്ര്യത്തിന്റെ അടിസ്ഥാനകാരണം എന്ന് മനസ്സിലാവും . സ്വാര്‍ത്ഥതയില്ലാത ഒരു മനുഷ്യസമൂഹം ചിന്തിക്കാന്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല .

ദാരിദ്ര്യം എന്നത് ഒരു മാനസിക അവസ്ഥയല്ലെ എന്നും എനിക്ക് തോന്നുന്നു . എനിക്ക് ഇത്രയും മതി എന്ന് തോന്നാത്ത കാലത്തോളം ഒരാള്‍ ദരിദ്രന്‍ തന്നെയല്ലെ ? ധാരാളം പണം സമ്പാദിച്ചാല്‍ , അയാള്‍ ധാരാളം ചെലവാക്കുന്നു എന്നതല്ലാതെ ദരിദ്ര്യം തീരുമോ ? ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് പ്രതിമാസം ആറായിരത്തില്‍ കുറവായിരുന്നു എന്റെ വരുമാനം . ഇന്ന് ഇവിടെ ബാംഗ്ലൂരില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായ മകന്റെ മാത്രം വാര്‍ഷികശമ്പളം 15 ലക്ഷത്തോളമാണ് . 30 ശതമാനം ആദായനികുതി കൊടുക്കണം . മാസം വീട്ടുവാടക പതിനഞ്ചായിരം . ജീവിതച്ചെലവ് കൂടിയെന്നല്ലാതെ ഞങ്ങളുടെ ദാരിദ്ര്യം തീര്‍ന്നോ . ഇത്ര വരുമാനം കൂടിയിട്ടും എന്താണ് എക്സ്ട്രാ ആയി ഈ ജീവിതത്തില്‍ നിന്ന് ലഭിക്കുന്നത് ? പക്ഷെ ഞങ്ങളെ സംബന്ധിച്ച് ആക്രാന്തം എന്ന ഒരു മാനസിക അവസ്ഥ ഒരിക്കലും ബാധിക്കാനിട വരരുത് എന്ന് തീരുമാനിച്ചിരുന്നത് കൊണ്ട് മന:സമാധാനത്തില്‍ കഴിയുന്നു .

പലരും ചോദിക്കും ബാംഗ്ലൂരില്‍ സ്വന്തം ഫ്ലാറ്റ് വാങ്ങിയോ എന്ന് . സ്വന്തം ഫ്ലാറ്റ് ഇല്ല എന്ന് വിചാരിച്ചാല്‍ ഞങ്ങള്‍ ദരിദ്രര്‍ ആയില്ലെ . അപ്പോള്‍ ദാരിദ്ര്യം എന്നത് ആപേക്ഷികം കൂടിയാണ് . ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു ബന്ധു ചോദിച്ചു : സുമേഷ് (എന്റെ മകന്‍) ഫ്ലാറ്റ് വാങ്ങിയോ ? ഞാന്‍ പറഞ്ഞു , ഇല്ലല്ലോ ..... അപ്പോള്‍ അവന്‍ പറയുകയാണ് ; എന്റെ ഒരു സ്നേഹിതന്റെ മകന്‍ ബാംഗ്ലൂരില്‍ ജോലി കിട്ടി ആറ് മാസമേ ആയുള്ളൂ 45 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങിയല്ലൊ എന്ന് . എങ്ങനെയുണ്ട് ? അവനേക്കാളും മെച്ചപ്പെട്ട ഒരവസ്ഥയില്‍ കുടുംബസമേതം ബാംഗ്ലൂരില്‍ കഴിയുന്ന എന്നെ അവന്‍ ഒറ്റ പ്രസ്ഥാവനകൊണ്ട് വെറും ദരിദ്രനാക്കിയില്ലേ . ഞാന്‍ മനസ്സില്‍ പറഞ്ഞു : മോനേ , ബാംഗ്ലൂരില്‍ സ്ഥിരതാമസത്തിന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല . മാത്രമല്ല ഇന്നത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്നതാണ് എന്തു കൊണ്ടും ലാഭം . നാട്ടിലെ ഞങ്ങളുടെ വീട് അവനേക്കാളും നന്നായി പുതുക്കിപ്പണിത എന്നെ അവന് എങ്ങനെയെങ്കിലും ഒന്ന് അസ്വസ്ഥമാക്കണമായിരുന്നു . ഞാന്‍ അവനോട് പറഞ്ഞു : “ ഓ അവന് 45 ലക്ഷത്തിന് കിട്ടിയോ .... ഇപ്പോള്‍ 75 ലക്ഷമാണ് ബാംഗ്ലൂരില്‍ ഒരു വിധം കൊള്ളാവുന്ന ഫ്ലാറ്റുകളുടെ വില ... .... അല്പം പരുങ്ങലോടെ അവന്‍ മറുപടി പറഞ്ഞു : “ അല്ല എനിക്ക് ശരിക്ക് ഓര്‍മ്മയില്ല ... 50 ഓ 55 ഓ ലക്ഷമാണെന്ന് തോന്നുന്നു ...”

നമ്മുടെ യഥാര്‍ത്ഥ പ്രശ്നം ഇതാണ് . മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ആളുകള്‍ വെപ്രാളപ്പെടുന്നത് . ഞാന്‍ ആരുടെ മുന്‍പിലും കുറഞ്ഞു പോകരുത് . മറ്റുള്ളവരെ കാണിക്കാന്‍ വലിയ ബംഗ്ലാവ് വേണം , നിറയെ സ്വര്‍ണ്ണം വേണം , ആഡംബരങ്ങള്‍ വേണം അങ്ങനെയങ്ങനെ . ഇത്തരം ബാഹ്യസമ്മര്‍ദ്ധങ്ങളാണ് പലരെയും പ്രവാസികളുമാക്കുന്നത് . ലളിതമായ ജീവിതം അര്‍ക്കും ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല . പണം നേടിയാല്‍ എല്ലാം ആയി എന്നത് ഒരു മിഥ്യയാണ് . മാര്‍ക്കറ്റില്‍ നിര്‍ലോഭം ചെലവഴിക്കാനേ ആ പണം നമ്മെ സഹായിക്കൂ . ജീവിതം എന്നാല്‍ പര്‍ച്ചെയിസിങ്ങ് മത്രമല്ല . ദുബായില്‍ പോയി രണ്ട് നില വീട് പണിയുന്നതിനേക്കാളും ഞാനിഷ്ടപ്പെട്ടത് കുടുംബസമേതം എന്റെ പഴകിയ വീട്ടില്‍ കഴിയാനായിരുന്നു . പക്ഷെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അതിശക്തമായ സമ്മര്‍ദ്ധം അതിജീവിയ്ക്കാന്‍ പലര്‍ക്കും കഴിയുന്നില്ല . ഗള്‍ഫില്‍ പോയ മുക്കാല്‍ ഭാഗം പേര്‍ക്കും സമ്പാദ്യം എന്ന് പറയുന്നത് രണ്ട് നില വീട് മാത്രമാണ് . നഷ്ടപ്പെട്ടതോ . എന്റെ ഒരു ബന്ധുവിന്റെ ഭാര്യ പറഞ്ഞു : ജീവിതത്തില്‍ ഒരു സുഖവും കിട്ടിയില്ല സുകുവേട്ടാ , മക്കള്‍ അച്ഛന്റെ വാത്സല്യം അനുഭവിച്ചില്ല , കടം ഇപ്പോഴും ബാക്കി ....

ഇവിടെ കണ്‍സ്ട്രക്‍ഷന്‍ ജോലിക്ക് തമിഴ് നാട്ടില്‍ നിന്ന് ആളുകള്‍ കുടുംബസമേതം വരുന്നു . സൈറ്റില്‍ ടെന്റ് കെട്ടി താമസിക്കുന്നു . പിഞ്ചുകുഞ്ഞുങ്ങളെ തറയില്‍ കിടത്തി ആണും പെണ്ണൂം പണിയെടുക്കുന്നു . മാളികകള്‍ പണിയുന്ന അവര്‍ ഒരിക്കലും മാര്‍ബിള്‍ തറയില്‍ അന്തിയുറങ്ങുന്നില്ല . അവരുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വസ്ത്രങ്ങളില്ല , കുട്ടികളെ സ്കൂളിലേക്ക് അയക്കാറില്ല . എന്നാലും അവരുടെയൊക്കെ മുഖത്ത് കാണുന്ന സംതൃപ്തിയും സമാധാനവും ഒന്ന് വേറെ . അവര്‍ക്ക് വ്യാമോഹങ്ങളില്ല . അവര്‍ക്ക് ശമിപ്പിക്കപ്പെടാനാവാത്ത ഉപഭോഗതൃഷ്ണകളില്ല . അവര്‍ ദരിദ്രരാണോ ? എങ്കില്‍ അവരുടെ ദാരിദ്ര്യം ആര് എങ്ങനെ മാറ്റും ? പ്രസംഗിക്കാനും പ്രബന്ധങ്ങള്‍ രചിക്കാനും മാത്രം ഉപകരിക്കുന്ന എക്കാലത്തേയും വിഷയമല്ലേ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ? ആരെങ്കിലും തനിക്ക് കിട്ടുന്നത് ത്യജിക്കാനോ പങ്ക് വെക്കാനോ തയ്യാറാവുമോ . സ്വാര്‍ത്ഥതയല്ലേ മനുഷ്യന്റെ ശത്രു ?

ബുദ്ധദേവ് , താങ്കള്‍ക്ക് അഭിവാദനങ്ങള്‍ !

“ഒരു ബന്ദിനെയും ഞാന്‍ പിന്തുണയ്‌ക്കില്ല. നിര്‍ഭാഗ്യവശാല്‍ ബന്ദിനെ അനുകൂലിയ്‌ക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ്‌ താന്‍. ഇത്രയും കാലം ഞാന്‍ നിശബ്ദത പാലിച്ചു. എന്നാലിനി മുതല്‍ ഞാനതിനെ എതിര്‍ക്കും ” പ. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഇന്ന് പറഞ്ഞ വാക്കുകളാണിത് . ബന്ദിനെതിരെ മാത്രമല്ല ഘോരാവോയെയും പിബി അംഗം കൂടിയായ ബുദ്ധദേവ്‌ വിമര്‍ശിക്കുകയും തീര്‍ത്തും നിയമവിരുദ്ധവും അധാര്‍മ്മികവുമായ ഈ സമരമുറ ബംഗാളില്‍ അനുവദിയ്ക്കില്ലെന്നും കൂടി അദ്ദേഹം പറഞ്ഞപ്പോള്‍ ആ വാക്കുകള്‍ മലയാളികളുടെ കാതുകളില്‍ ആശ്വാസത്തിന്റെ പെരുമഴയായി പെയ്തിരിക്കണം .

എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി , ഈ അടുത്ത കാലത്തായി പിണറായിക്കെതിരെ തന്റെ അപ്രമാദിത്വം സ്ഥാപിക്കണമെന്ന വാശിയില്‍ ജനപ്രിയ പരിപാടികള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് സാധാരണക്കാരുടെ രക്ഷകനെന്ന പരിവേഷം ചാര്‍ത്തിക്കിട്ടിയ സാക്ഷാല്‍ അച്യുതാനന്ദന്‍ ബുദ്ധദേവിനെ തിരുത്താന്‍ പുറപ്പെട്ടിരിക്കുന്നു .

ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ പ്രസ്‌താവന തെറ്റാണന്നും ഭട്ടാചാര്യ അങ്ങനെ പറയുമെന്ന്‌ താന്‍ കരുതുന്നില്ലന്നും പറഞ്ഞാല്‍ തന്നെയും അത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് വി.എസിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണത്തിന്റെ രത്നച്ചുരുക്കം . ഹര്‍ത്താലിനും ബന്ദിനും ആഹ്വാനം ചെയ്യുന്നവരെ ജനം ഒരിക്കല്‍ കല്ലെടെത്തെറിയുമെന്ന് ഞാന്‍ കുറച്ചു മുന്‍പേ ഒരു കമന്റില്‍ സൂചിപ്പിച്ചിരുന്നു . വി.എസ്സിന്റെ ഇന്നത്തെ യാന്ത്രികമായ പ്രസ്ഥാവന അദ്ദേഹം എത്രമാത്രം ജനകീയനായി അഭിനയിക്കാന്‍ നോക്കിയാലും താന്‍ അടിസ്ഥാനപരമായി ഒരു സ്റ്റാലിനിസ്റ്റ് തന്നെയാണെന്ന് വ്യക്തമാക്കുന്നു .

സി.പി.എമ്മില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എപ്പോഴും ബംഗാളില്‍ നിന്ന് തന്നെയാണ് . മാര്‍ക്സിസ്റ്റ് പാര്‍ട്ടി പതുക്കെ മാറി വരികയാണ് . ഡിഫിക്കാര്‍ സെസിന് അനുകൂലമായി നിലയുറപ്പിച്ചത് ചില്ലറക്കാര്യമല്ല്ല . കളക്ട്രേറ്റ് വളഞ്ഞാലോ ജയില്‍ നിറച്ചാലോ കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകില്ല എന്ന് അവര്‍ തിരിച്ചറിയാനും പൊതുസമുഹത്തില്‍ തുറന്ന് പറയാന്‍ തയ്യാറായതും ശുഭോദര്‍ക്കമാണ് . സെസ് വരുമ്പോള്‍ അത് ജനങ്ങളെ ബുദ്ധുമുട്ടിക്കാതെ പരമാവധി നോക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധിക്കുക തന്നെ ചെയ്യും . വര്‍ത്തമാനകാലയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി എല്ലായ്പ്പോഴും ഒരു പതിനഞ്ച് കൊല്ലം വെച്ച് താമസിപ്പിക്കാറുള്ളത് കേരളത്തിന്റെ പുരോഗതിക്ക് വരുത്തിവെച്ച ദോഷം ചില്ലറയല്ല . ഇല്ലായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ഐ.ടി.ഹബ്ബ് ഇന്ന് കേരളമായേനേ .

ഹര്‍ത്താലും ബന്ദും ഇന്ന് കേരളത്തില്‍ ഒരു തമാശയാണ് . കോമഡിക്കാരും സിനിമാലക്കാരും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ മുന്‍ഷിയില്‍ പോലും തമാശയായി പറഞ്ഞത് ഹര്‍ത്താലില്ലാത്ത ഒരു കേരളം ഇനി ചിന്തിക്കാന്‍ പോലും കഴിയില്ല എന്നാണ് . കേരളം ഹര്‍ത്താലിന്റെ സ്വന്തം നാടാണെന്ന തമാശ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നു . ഹര്‍ത്താലുത്സവം എന്ന പദം പോലും ഭാഷയില്‍ സ്ഥിരപ്രതിഷ്ഠ നേടി . ഇതൊക്കെ ആളുകള്‍ നിസ്സഹയാവസ്ഥ കൊണ്ട് പറയുന്നതാണ് . ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസ്സില്‍ തീയാണ് . അമര്‍ഷത്തിന്റെ കനലാണ് . ആ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പരസ്പരം പറയുന്ന വാക്കാണ് ഹര്‍ത്താലാശംസകള്‍ എന്നത് . ഇതൊന്നും മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് അറിയാത്തതല്ല . ആ കുറ്റബോധമാണ് ബുദ്ധദേവിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് .

എന്നാല്‍ അച്യുതാനന്ദന്‍ താനാണ് ശുദ്ധമാര്‍ക്സിസത്തിന്റെ ഇന്‍ഡ്യയിലെ ഏക പിന്തുടര്‍ച്ചാവകാശി എന്ന് സ്ഥാപിച്ചെടുക്കാനുള്ള വെപ്രാളത്തിലാണ് . ബന്ദും പണിമുടക്കുമില്ലാതെ വര്‍ഗ്ഗസമരമില്ല , വര്‍ഗ്ഗസമരമില്ലാതെ വിപ്ലവമില്ല, വിപ്ലവമില്ലാതെ സോഷ്യലിസമില്ല , സോഷ്യലിസമില്ലാതെ ശാസ്ത്രീയകമ്മ്യൂണിസമില്ല എന്ന മൂഢസ്വര്‍ഗ്ഗത്തില്‍ ജനങ്ങളെ ഇനിയും തളച്ചിടാനുള്ള പാഴ്‌ശ്രമത്തിലാണ് അദ്ദേഹം . സെസിനെ അനുകൂലിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചങ്കില്‍ , ബന്ദിനെതിരെയും ഹര്‍ത്താലിനെതിരെയും അവര്‍ പത്രസമ്മേളനം വിളിക്കുന്ന കാലം അതിവിദൂരമല്ല . അച്യുതാനന്ദനും അണികളും ഇത് മനസ്സിലാക്കുന്നത് നന്ന് . സി.പി.എം. ബന്ദിനും ഹര്‍ത്താലിനും എതിരായാല്‍ കേരളത്തില്‍ പിന്നെയാരും അതിന് ധൈര്യപ്പെടുകയില്ല എന്നത് തീര്‍ച്ച .

ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാലോ , മറ്റ് അനിഷ്ട സംഭവങ്ങള്‍ നടന്നാലോ തല്‍ക്ഷണം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് കൊണ്ട് എന്ത് നേട്ടമാണുള്ളത് . ജനങ്ങള്‍ക്ക് കൊല്ലപ്പെട്ടവനോടുള്ള സഹതാപം ഫലത്തില്‍ വെറുപ്പായി മാറുന്നു . നാശം ഒരിക്കല്‍ കൂടി അവന്‍ കൊല്ലപ്പെട്ട് പോകട്ടെ എന്നേ ആ പാര്‍ട്ടിയിലോ സംഘടനയിലോ പെടാത്തവര്‍ക്ക് തോന്നൂ . ഒരു ഹര്‍ത്താലില്‍ എല്ലാം തീര്‍ന്നു എന്ന് തോന്നും ആഹ്വാനക്കാരുടെ രീതി കണ്ടാല്‍ . ആണത്തമുണ്ടെങ്കില്‍ പ്രതികളെ കണ്ടെത്താനും നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും അധികാരികളെ സഹായിക്കുകയാണ് വേണ്ടത് .

സോഷ്യലിസവും വിപ്ലവവും ഒന്നും ഇനി നടക്കില്ല എന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ ആ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നും ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്ക് വേണ്ടി എന്നും ധാരാളം ചെയ്യാനുണ്ടെന്നും അവര്‍ മനസ്സിലാക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കാനും പാര്‍ട്ടി തയ്യാറാവണം . സോവിയറ്റ് യൂനിയനും കിഴക്കന്‍ യൂറോപ്പും തകര്‍ന്നിട്ടും ഞങ്ങള്‍ അചഞ്ചലമയി നിലകൊണ്ടു എന്ന് വീമ്പ് പറയുന്നതില്‍ കഴമ്പില്ല .

ജനാധിപത്യത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മഹത്തായ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും എന്ന് തെളിയിക്കലല്ലെ , ഒരിക്കലും നടക്കാത്ത വിപ്ലവത്തിന്റെ പേരില്‍ നിഷേധാത്മക രാഷ്ട്രീയം കൊണ്ട് നാട് കുട്ടിച്ചോറാക്കുന്നതിലും ഭേദം ?

സാധാരണപ്രവര്‍ത്തകരും അനുഭാവികളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ സ്വന്തം നിലയില്‍ ചിന്തിക്കാനോ സ്വതന്ത്രമായി അഭിപ്രായം പറയാനോ ധൈര്യപ്പെടുന്നില്ല എന്നതാണ് ഒരു ശാപം . പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാമെങ്കിലും നേതാക്കളുടെ ഹിതത്തിന് എതിരാകുമോ എന്ന ഭയത്തില്‍ ആരും മിണ്ടാറില്ല എന്നതാണ് വാസ്തവം . എന്നാല്‍ പക്ഷെ ഒച്ച വെക്കുന്നവന്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും . ഇതൊക്കെ ഞാന്‍ താഴെത്തട്ടിലുള്ള കമ്മറ്റികളില്‍ പങ്കെടുത്ത അനുഭവത്തില്‍ നിന്ന് പറയുന്നതാണ് .

മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതിന് ശേഷം കമ്മറ്റികളില്‍ കക്ഷിരാഷ്ട്രീയം ചര്‍ച്ച ചെയ്യുക എന്നതല്ലാതെ , മാര്‍ക്സിയന്‍ ആശയങ്ങളോ വൈരുദ്ധ്യാത്മകഭൌതികവാദമോ പഠിപ്പിക്കുന്ന സ്റ്റഡിക്ലാസ്സുകള്‍ നടന്നിട്ടേയില്ല . ഇന്ന് കേരളത്തില്‍ കാണുന്ന സാംസ്ക്കാരികത്തകര്‍ച്ചയ്ക്കും ജീര്‍ണ്ണതയ്ക്കും പ്രധാനകാരണം അതാണ് . ഇന്ന് സാര്‍വ്വത്രികമായി കാണുന്ന കപട ആത്മീയതയ്ക് പകരം മാനവീകതയുടെ മഹത്തായ മൂല്യം സമൂഹത്തില്‍ അരക്കിട്ടുറപ്പിക്കാന്‍ ബാധ്യതപ്പെട്ടവരായിരുന്നു മാര്‍ക്സിസ്റ്റുകാര്‍ . പക്ഷെ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം നിമിത്തം കുറെ ക്രിമിനലുകളെ സൃഷ്ടിക്കാനേ പാര്‍ട്ടിക്ക് കഴിഞ്ഞുള്ളൂ . ഒരു കുടം പാലില്‍ വിഷം ഒരു തുള്ളി മതിയല്ലൊ . എത്രയോ നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുണ്ടായിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഗുണ്ടകളുടെ മുഖമുദ്ര കിട്ടിയത് അങ്ങനെയാണ് .

ഇപ്പോള്‍ സെസിനെ ഡിഫി അനുകൂലിച്ചെങ്കില്‍ അത് ഉന്നതനായ ഏതോ നേതാവിന്റെ മൌനസമ്മതത്തോടെയായിരിക്കും . ഡിഫി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് കൊണ്ട് അണികളും അത് സ്വീകരിക്കും . അതാണ് സാധാരണ അനുഭാവി സ്വന്തമായി ചിന്തിക്കില്ല എന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം . എല്ലാം ഒരു നേതാവിന്റെ തലയില്‍ ഉദിക്കണം . ബുദ്ധദേവിനെ അനുകൂ‍ലിച്ച് കൊണ്ട് പിണറായി തല്‍ക്കാലം ഒന്നും പ്രതികരിച്ചില്ലെങ്കിലും താമസിയാതെ ഡിഫിയുടെ നാവിലൂടെ പിണറായി അത് പ്രഖ്യാപിക്കുമെന്ന് പ്രത്യാശിക്കാം .

അമര്‍നാഥ് യാത്രയും, മകരജ്യോതിയും പിന്നെ ദേശീയ പണിമുടക്കും !

അമര്‍നാഥ് യാത്രയെ പറ്റി അനൂപിന്റെ extraMalayalam എന്ന ബ്ലോഗില്‍ വിശദമായ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട് . അത് വായിക്കുന്നത് അമര്‍നാഥ് തീര്‍ത്ഥാടനത്തെക്കുറിച്ചും അതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഉപകരിക്കും . ആ യാത്രയും മകരജ്യോതിയും ദേശിയ പണിമുടക്കും തമ്മില്‍ എന്ത് ബന്ധം എന്ന സംശയം ആര്‍ക്കും ന്യായമായും തോന്നാം . അതിന് മുന്‍പായി താഴെക്കാണുന്ന ഭൈരവന്‍ സമാചാരത്തിന്റെ പുതിയ ലക്കവും ഒന്ന് നോക്കുന്നത് നന്നായിരിക്കും .


(ഇമേജില്‍ ക്ലിക്കിയാല്‍ വലുപ്പത്തില്‍ വായിക്കാം)

ഇക്കഴിഞ്ഞ മെയ് 27 ന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയും ഇതോടൊപ്പം കൂട്ടിവായിക്കുക :

“മകരവിളക്ക്‌ മനുഷ്യസൃഷ്ടിയാണെന്ന്‌ ശബരിമല തന്ത്രി കണ്ഠരര്‌ മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മകരവിളക്കും മകരജ്യോതിയും ഒന്നല്ലെന്നും രാഹുല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മകര ജ്യോതിയും മകര വിളക്കും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ആകാശത്ത്‌ തെളിയുന്ന നക്ഷത്രമാണ്‌ മകരജ്യോതി. എന്നാല്‍ മകരവിളക്ക്‌ മകരജ്യോതി തെളിയുന്ന സമയത്ത്‌ പൊന്നമ്പലമേട്ടില്‍ മനുഷ്യര്‍ പ്രതീകാത്മകമായി തെളിയിക്കുന്ന വിളക്കാണ്‌.

ഈ യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം. ഇക്കാര്യത്തിലുണ്ടായിട്ടുള്ള അനാവശ്യ വിവാദങ്ങളില്‍ വിഷമമുണ്ടെന്നും രാഹുല്‍ പറഞ്ഞു. തെറ്റിദ്ധാരണയാണ്‌ വിവാദത്തിലേക്ക്‌ വഴിവെച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മകരജ്യോതി മനുഷ്യ നിര്‍മ്മിതമാണെന്ന്‌ കഴിഞ്ഞ ദിവസം ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവസ്വംബോര്‍ഡ്‌ മുന്‍ പ്രസിഡന്‍റ് ജി രാമന്‍നായര്‍ സൂചിപ്പിച്ചിരുന്നു.
ശബരിമലയിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് മകരജ്യോതി. ശബരിമലയില്‍ എല്ലാ പരിപാടികളും പൊലീസിന്റെയും മറ്റും സഹായത്തോടെയാണ്‌ നടക്കുന്നത്‌. അതുപോലെ പൊലീസിന്റെസഹായത്തോടെയുള്ള സംവിധാനമാണ്‌ മകരജ്യോതിയെന്നും രാമന്‍‌നായര്‍ പറഞ്ഞു.”

മനുഷ്യനിര്‍മ്മിതിയാണ് മകരജ്യോതി എന്ന് ബന്ധപ്പെട്ടവര്‍ തന്നെ തുറന്ന് സമ്മതിച്ച നിലക്ക് അടുത്ത മകരവിളക്കും ഇപ്രകാരം കൃത്രിമമായി സൃഷ്ടിച്ച് ഭക്തന്മാരെ പറ്റിക്കാന്‍ ഇടത് പക്ഷ സര്‍ക്കാര്‍ തുനിയുമോ എന്നും മകരവിളക്ക് ആളുകള്‍ കത്തിച്ച് കാണിക്കുന്നതാണെന്ന് വ്യക്തമായ സ്ഥിതിക്ക് അടുത്ത വര്‍ഷവും ഈ കൃത്രിമദീപം കണ്ട് സായൂജ്യമടയാന്‍ ഭക്തര്‍ ഉത്സാഹം കാട്ടുമോ എന്നതും കണ്ടറിയാനിരിക്കുന്നതേയുള്ളൂ . ഒരു കാര്യം വ്യക്തമാണ് ശാസ്ത്രവും മനുഷ്യസമൂഹവും വിപരീതദിശകളിലേക്കാണ് സഞ്ചരിക്കുന്നത് . പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്താന്‍ വേണ്ടി ശാസ്ത്രം മുന്നോട്ടും , സമൂഹം അതിന്റെ ഭൂതകാലത്തേക്കുമാണ് പ്രയാണം . കുട്ടികള്‍ ഇപ്പോള്‍ സരസ്വതിയന്ത്രം കൈയില്‍ കെട്ടിയും പൂജിക്കപ്പെട്ട പേനകള്‍ കൊണ്ടുമാണ് പരീക്ഷകള്‍ എഴുതുന്നത് . പാഠങ്ങള്‍ അവര്‍ക്ക് ഒരു ഉപാധി മാത്രം . വിശ്വാസം ഉറുക്കുകളിലും അത്ഭുതമന്ത്രവാദങ്ങളിലുമാണ് . ഇപ്പോള്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ താളിയോലകളില്‍ എഴുതപ്പെട്ട വസ്തുതകളാണ് യഥാര്‍ത്ഥശാസ്ത്രമെന്ന് മാര്‍ക്സിസ്റ്റുകാര്‍ പോലും കരുതുന്നു .

പ്രപഞ്ചരഹസ്യം കണ്ടെത്താന്‍ വേണ്ടി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (സേണ്‍-CERN) ഭൂമിക്കടിയില്‍ നിര്‍മിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍' (LHC) ഉപയോഗിച്ച് നടത്തുന്ന കണികാപരീക്ഷണത്തെക്കുറിച്ച് ജോസഫ് മാഷ് അദ്ദേഹത്തിന്റെ കുറിഞ്ഞി ഓണ്‍‌ലൈന്‍ എന്ന ബ്ലോഗില്‍ എഴുതിയ പോസ്റ്റും ശാസ്ത്രകുതുകികള്‍ വായിക്കേണ്ടതാണ് .

അമര്‍നാഥില്‍ മലമുകളില്‍ പന്ത്രണ്ടായിരത്തിലധികം അടി ഉയരത്തില്‍ , അവിടെയുള്ള ഗുഹയില്‍ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലും താഴെയുള്ളപ്പോള്‍ ഉരുവെടുത്ത ഐസ് കട്ടയ്ക്ക് ശിവലിംഗത്തിന്റെ ആകൃതിയാണത്രെ . ആ ഹിമലിംഗം ദര്‍ശിക്കാനാണ് വര്‍ഷം തോറും ലക്ഷക്കണക്കിന് ഭക്തര്‍ യാത്ര ചെയ്യുന്നത് . ആ യാത്രികരെ മുസ്ലീം ഭയങ്കരവാദികളില്‍ നിന്ന് രഷിക്കാന്‍ പതിനായിരക്കണക്കിന് പട്ടാളക്കാര്‍ മാസക്കണക്കിന് കാവല്‍ നില്‍ക്കേണ്ടി വരുന്നു . തീവ്രവാദവും തീര്‍ത്ഥാടനവും എല്ലാം ദൈവത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ തന്നെ എന്നതാണ് തമാശ . ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ ആട്ടിത്തെളിച്ച് എത്തിക്കുക എന്ന അള്ളാഹുവിന്റെ കല്പന പാലിക്കാന്‍ ബാധ്യസ്ഥരായവരാണ് മുസ്ലീം തീവ്രവാദികള്‍ . വിഗ്രഹാരാധന അവര്‍ക്ക് ഹറാമാണ് . നിരപരാധികളെ ബോംബ് സ്പോടനം നടത്തിക്കൊന്നാല്‍ അത് ചെയ്യുന്ന ജിഹാദികള്‍ക്ക് സ്വര്‍ഗ്ഗവും കൊല്ലപ്പെടുന്നവര്‍ക്ക് നരകവും ഉറപ്പാണത്രെ . ദൈവത്തിന്റെ ഓരോ കുസൃതികള്‍ എന്നല്ലാതെ എന്ത് പറയാന്‍ .

മേലെ പറഞ്ഞ ഐസ് (ശിവ)ലിംഗത്തിന് 12 അടി ഉയരമുണ്ടായിരുന്നത് 6 അടിയായി ചുരുങ്ങിപ്പോയെന്ന് പറഞ്ഞത് കഴിഞ്ഞ വര്‍ഷം അവിടത്തെ മുഖ്യപുരോഹിതന്‍ തന്നെയാണ് . ഭക്തന്മാരുടെ ഉച്ഛ്വാസവായുവിന്റെ ചൂട് നിമിത്തം ശിവലിംഗം ഉരുകിപ്പോവാന്‍ ഇടയുണ്ട് എന്ന് ഒരു പത്രം എഴുതിയിരുന്നു . കാഷ്മീരില്‍ യുക്തിവാദികള്‍ ഇല്ലെന്ന് തോന്നുന്നു . ഉണ്ടായിരുന്നുവെങ്കില്‍ ആ ശിവലിംഗം ഐസ് കട്ടയായി എന്തെങ്കിലും ശീതീകരണസംവിധാനത്തില്‍ സൂക്ഷിച്ച് വെച്ച് തീര്‍ത്ഥാടനക്കാലത്ത് അവിടെ പ്രതിഷ്ഠിക്കുന്നതാണെന്ന് തെളിയിക്കുമോ എന്തോ .

കാര്യകാരണപൂര്‍വ്വമായ അന്വേഷണങ്ങള്‍ വിശ്വാസങ്ങള്‍ക്ക് ആപത്ത് വരുത്തും എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ ഈ ലിംഗം ഉരുകുന്നതിനെപ്പറ്റിയും ഭക്തര്‍ക്ക് സൌകര്യം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റിയും അന്വേഷിക്കാന്‍ ഒരു ഗുപ്താക്കമ്മീഷനെ നിശ്ചയിച്ചു . ഗുഹ ശീതീകരിച്ച് താപനില സീറോ ഡിഗ്രിയില്‍ നിലനിര്‍ത്തി ശിവലിംഗം ഉരുകാതെ സൂക്ഷിക്കുക , ഭക്തര്‍ക്ക് താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും പ്രാഥമികകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും 100 ഏക്കര്‍ സ്ഥലം ദാനം ചെയ്യുക എന്നെല്ലാം സര്‍ക്കാര്‍ തീരുമാനിച്ചു . ആ നൂറേക്കര്‍ ദാനം നല്‍കലും പിന്നീട് പിന്‍‌വലിക്കലുമാണ് ഇപ്പോള്‍ കാഷ്മീര്‍ കത്തിയെരിയുന്ന സ്ഥിതിയിലേക്കെത്തിച്ചത് . അതിനെ പറ്റിയൊക്കെ എഴുതാന്‍ മറ്റൊരു പോസ്റ്റ് വേണ്ടി വരും .

ഞാന്‍ പറഞ്ഞുവരുന്നത് ഇത്തരം മതപരമായ അനുഷ്ടാനങ്ങള്‍ പോലെ തന്നെയാണ് ഇടത് പക്ഷങ്ങള്‍ കാലാകാലങ്ങളില്‍ നടത്തിവരാറുള്ള ദേശീയപണിമുടക്ക് പോലുള്ള ഉത്സവങ്ങളും . വിലക്കയറ്റവും കേന്ദ്രന്റെ ജനവിരുദ്ധനയങ്ങളുമാണത്രെ ഇത്തരം ആഘോഷങ്ങള്‍ക്കാധാരം . ഇടത് പക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളം , ബംഗാള്‍,ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലേ ഇത് പൂര്‍ണ്ണമായി ആഘോഷിക്കപ്പെടാറുള്ളൂ . കേരളത്തില്‍ മദ്യമാണ് ഈ ഉത്സവങ്ങളിലെ മുഖ്യവിഭവം . മറ്റ് രണ്ട് സ്റ്റേറ്റുകളിലെ സ്ഥിതി എനിക്കറിയില്ല . അവിടെയൊക്കെ കുറേക്കാലമാ‍യി നടക്കാറുള്ളത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ബന്ദുകളാണ് . അത് കൊണ്ട് അനിഷ്ടസംഭവങ്ങള്‍ കേള്‍ക്കാറില്ല . കേരളത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റങ്ങളും പതിവാണ്.

ഇത്തരം പണിമുടക്കുകള്‍ നടത്തുന്നത് , അതിനാധാരമായി അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ വേണ്ടിയല്ല . മറിച്ച് , അമര്‍നാഥ് യാത്ര പോലെയും മകരജ്യോതി ദര്‍ശനം പോലെയും ഇടത് പാര്‍ട്ടികള്‍ ഇടക്കിടെ അനുഷ്ഠിക്കേണ്ട ഒരാചാരമാണത് . പണിമുടക്കുകള്‍ക്കും , ഹര്‍ത്താലുകള്‍ക്കും , ബന്ദുകള്‍ക്കും കൂടെക്കൂടെ ആഹ്വാനം ചെയ്യുന്നില്ലെങ്കില്‍ ഇടത് പാര്‍ട്ടികള്‍ ഉരുകിത്തീര്‍ന്ന ശിവ(ഐസ്)ലിംഗം പോലെയും കര്‍പ്പൂരം കത്തിച്ച് കാണിക്കാത്ത മകരവിളക്ക് പോലെയും ആയിപ്പോകും . വിലക്കയറ്റം അത് കയറാന്‍ തുടങ്ങിയ കാലം തൊട്ട് വെച്ചടിവെച്ചടി കയറുന്നത് കൊണ്ടും , സര്‍ക്കാര്‍ നയങ്ങള്‍ എക്കാലവും ജനദ്രോഹമാണെന്ന് വ്യാഖ്യാനിക്കാവുന്നതാലും ഇടത് പക്ഷപ്പാര്‍ട്ടികളുടെ ഭാവിയെപറ്റി ആശങ്കയില്ല . എന്നാല്‍ അമര്‍നാഥിലെ ശിവലിംഗത്തിന്റെയും ശബരിമലയിലെ മകരജ്യോതിയുടെയും കാര്യം അങ്ങനെ ശോഭനമല്ല .

പണിമുടക്കും ബന്ദും ഹര്‍ത്താലും നടക്കുന്ന ദിവസം കുട്ടി മരിക്കാനിട വരുന്നത് ലോറന്‍സ് പറഞ്ഞ പോലെ പണിമുടക്കിന്റെ കുറ്റം കൊണ്ടല്ല. യമധര്‍മ്മനെക്കൊണ്ട് പണിമുടക്കിക്കാന്‍ കഴിയാത്തത് കൊണ്ടാണ് . അതെങ്ങനെ . തൊട്ട അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ് നാട്ടിലും ജനജീവിതം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞോ ? പിന്നെയല്ലെ അന്തകന്‍ പണിമുടക്കാന്‍ !

വെറുതേ ചില കുശലങ്ങള്‍ .....

കൂട്ടം എന്ന കൂട്ടായ്മയില്‍ ഞാന്‍ ഇന്ന് എഴുതിയ ബ്ലോഗ് :

കുറെ ദിവസങ്ങളായി ‘കൂട്ട’ത്തില്‍ എന്തെങ്കിലും എഴുതണം എന്ന് വിചാരിക്കുന്നു. മറ്റൊന്നുകൊണ്ടുമല്ല, കൂട്ടത്തിലെ എന്റെ ഒരു പ്രിയകൂട്ടുകാരന്‍ (ഇവിടെ നമ്മളെല്ലാം പ്രിയമുള്ള കൂട്ടുകാര്‍ തന്നെ,അത്കൊണ്ടാണല്ലൊ നാം കൂട്ടം എന്ന ഈ കൂട്ടായ്മയില്‍ ഒത്ത് ചേര്‍ന്നത് തന്നെ) ജ്യോതികുമാര്‍ പറയുന്നു .

“ മാഷ് എന്തെങ്കിലും ഇവിടെ എഴുതണം എന്ന് ..”

ഞാന്‍ സമ്മതിച്ചെങ്കിലും ഒന്നും എഴുതിയില്ല . ഇവിടെ നിന്ന് ചില ചര്‍ച്ചകള്‍ വായിച്ചു പോവുക മാത്രം ചെയ്തുവന്നു . ജ്യോതികുമാര്‍ വിട്ടില്ല . “ മാഷ് എഴുതാതെ ഞാന്‍ വിടില്ല ” എന്റെ പ്രൊഫൈലില്‍ വീണ്ടും കമന്റ് .... എന്തെഴുതും ?

ജ്യോതികുമാര്‍ പറഞ്ഞിരുന്നു , “മാഷ് , ബാംഗ്ലൂര്‍ ജീവിതത്തിലെ അനുഭവങ്ങള്‍ എന്തെങ്കിലും എഴുതിയാല്‍ മതി ....”ഇവിടെ ബാംഗ്ലൂരില്‍ ഞങ്ങള്‍ നാലു വര്‍ഷത്തിലേറെയായി കുടുംബസമേതം ജീവിയ്ക്കുന്നു . എന്നാലും പറയത്തക്ക വിശേഷങ്ങളൊന്നും ഇവിടെ എഴുതാന്‍ മാത്രമില്ല . പണ്ടൊക്കെ ബാംഗ്ലൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഹരമായിരുന്നു . ഉദ്യാനനഗരമല്ലെ . പെന്‍ഷണേര്‍സ് പാരഡൈസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് . പക്ഷെ ഇന്ന് ബാംഗ്ലൂര്‍ വെറും ഒരു നഗരം മാത്രമാണ് . ആരുടെയൊക്കെയോ ഒരു നഗരം . യാന്ത്രികമായ ജീവിതം . ലോകത്തിന്റെ ഐ.ടി ഹബ്ബ് . താങ്ങാനാവാത്ത കനത്ത ശമ്പളം വാങ്ങി ചെറുപ്പക്കാരും ചെറുപ്പക്കാരികളും അടിച്ചു പൊളിക്കുന്ന ഒരു മെട്രോപൊളിറ്റന്‍ നഗരം . ഞാന്‍ മിക്കവാറും ഈ മോണിറ്ററിന്റെ മുന്‍പിലാണ് സമയം കളയുന്നത് . അപ്പോള്‍ എനിക്ക് ബാംഗ്ലൂര്‍ വിശേഷങ്ങള്‍ എന്നാല്‍ എന്റെ കുടുംബ വിശേഷങ്ങളേയുള്ളൂ .

ജീവിതം എങ്ങനെയൊക്കെ , എവിടെയൊക്കെയാണ് നമ്മെ കൊണ്ടെത്തിക്കുന്നത് ? മലയാളികള്‍ മിക്കവരും പ്രവാസികളാണ് . ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല . അക്കരെപ്പച്ച തേടി മലയാളികള്‍ നാട് വിടുന്ന പതിവു പണ്ട് മുതലേ ഉണ്ട് . കോയമ്പത്തൂര്‍, മദ്രാസ് , ബോംബേ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കും സിങ്കപ്പൂര്‍ , പെനാംങ്ങ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെയാണ് അന്ന് പോവുക . അങ്ങനെ പോയിവരുന്നവരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ജീവിതരീതികള്‍ പലരെയും വിഭ്രമിപ്പിച്ചിരുന്നു . എന്റെ കുട്ടിക്കാലത്ത് അയലത്തെ വീട്ടില്‍ സിങ്കപ്പൂറില്‍ നിന്ന് വന്ന കുട്ടികളുടെ കൈയിലാണ് ആദ്യമായി റബ്ബര്‍ ബാന്‍ഡ് ഞാന്‍ കാണുന്നത് . എനിക്ക് കീറിയ , നാട അറ്റുപോയ ട്രൌസറുകളേ ഉണ്ടായിരുന്നുള്ളൂ . അവര്‍ക്ക് മനോഹരമായ ഉടുപ്പുകള്‍ ഉണ്ടായിരുന്നു . അന്നൊക്കെ ഞങ്ങള്‍ ട്രൌസറുകള്‍ അലക്കി ഉണങ്ങുന്നത് വരെ കോണകം ധരിക്കുമായിരുന്നു . അയലത്തെ കുട്ടികള്‍ക്ക് പൂക്കള്‍ തുന്നിയ ജഡ്ഢികള്‍ ഉണ്ടായിരുന്നു . ആ അടിയുടുപ്പ് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട് .

സ്കൂളില്‍ പോകുമ്പോള്‍ മഴയത്ത് നനയാതിരിക്കാന്‍ ചേമ്പിന്റെ വീതിയുള്ള ഇല അറുത്തെടുത്ത് തലയില്‍ പിടിക്കും . സമ്പന്നരായ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് ഓലക്കുട ഉണ്ടായിരുന്നു . വീട്ടില്‍ , പനയോല കൊണ്ട് മെടഞ്ഞ പിരിയോല ഉണ്ടായിരുന്നു . അന്നൊക്കെ സ്ത്രീകള്‍ വയലില്‍ പണിക്ക് പോകുമ്പോള്‍ മഴ കൊള്ളാതിരിക്കാന്‍ പിരിയോല ചൂടും . ഒരിക്കല്‍ ഞാന്‍ പിരിയോല ചൂടി സ്കൂളില്‍ എത്തിയപ്പോള്‍ , ചേമ്പില ചൂടി വന്ന പിള്ളേര്‍ എന്നെ കളിയാക്കി . ആദ്യമായി തുണിക്കുട അഥവാ ശീലക്കുട കാണുന്നതും അയലത്തെ സിങ്കപ്പുരില്‍ നിന്ന് വന്ന കുട്ടികളുടെ കൈയിലാണ് . അവര്‍ക്ക് പല പല വര്‍ണ്ണങ്ങളിലുള്ള കുടകളുണ്ടായിരുന്നു . അമ്പ്രല്ല എന്ന വാക്കും അവരാണ് എനിക്ക് പറഞ്ഞു തന്നത് .

അന്നൊക്കെ സിനിമാപ്പാട്ട് കേള്‍ക്കണമെങ്കില്‍ കല്ല്യാണവീട്ടില്‍ പോകണം . ഉയരമുള്ള തെങ്ങിന്‍ തടിയിലാണ് മൈക്ക് കെട്ടുക . കാളം എന്ന് പറയും . ഗ്രാമഫോണ്‍ പെട്ടിയില്‍ റിക്കാര്‍ഡ് കറങ്ങുന്നത് കാണാന്‍ നല്ല ചേലായിരുന്നു . വലുതാവുമ്പോള്‍ ഒരു ഗ്രാമഫോണ്‍ പെട്ടി സ്വന്തമാക്കണമെന്ന് ഞാന്‍ എന്നും സ്വപ്നം കാ‍ണാറുണ്ടായിരുന്നു . പാട്ട് എനിക്ക് ഹരമായിരുന്നു . പക്ഷെ അത്ഭുതമെന്ന് പറയട്ടെ എനിക്ക് രീതിയൊപ്പിച്ച് ഒരു വരി പോലും പാടാന്‍ കഴിഞ്ഞിരുന്നില്ല . മറ്റ് കുട്ടികള്‍ ഈണത്തില്‍ പാടുക മാത്രമല്ല , പാട്ട് ചൂളം വിളിച്ചും അവര്‍ പാടുമായിരുന്നു . പാടാന്‍ കഴിയാത്തതില്‍ അതീവ കുണ്ഠിതം ഉണ്ടായിരുന്നു എനിക്ക് . അന്നൊക്കെ രാത്രികാലങ്ങളില്‍ റോഡിലൂടെ നടന്ന് പോകുന്നവര്‍ ഉച്ചത്തില്‍ പാടിക്കൊണ്ട് പോകാറുണ്ട് . ഞാന്‍ വീടിന്റെ ഇറയത്ത് നിന്ന് ആ പാട്ടുകള്‍ കേട്ട് ആസ്വദിക്കാറുണ്ട് . തെരുവ് വിളക്കുകള്‍ ഇല്ലാത്ത അക്കാലത്ത് ഇരുട്ടിലൂടെ നടക്കുമ്പോള്‍ ഭയം നിമിത്തമാണ് പലരും ഉറക്കെ പാടിക്കൊണ്ട് നടന്നിരുന്നത് എന്ന് പില്‍ക്കാലത്ത് എനിക്ക് മനസ്സിലായി . എല്ലാവരും അങ്ങനെയായിരുന്നു എന്നല്ല . അന്ന് രാത്രിയില്‍ എല്ലാവര്‍ക്കും ഭയമായിരുന്നു . ഗുളികന്‍ , കുട്ടിച്ചാത്തന്‍ , പ്രേതങ്ങള്‍ , യക്ഷികള്‍ എന്നിവയെല്ലാം രാത്രികാലങ്ങളില്‍ ഇറങ്ങി സഞ്ചരിക്കുമെന്ന് പൊതുവെ വിശ്വസിച്ചിരുന്നു .

പാടാന്‍ കഴിയാത്ത കുറവ് സഹിക്കാം . എന്നാല്‍ എനിക്ക് സംസാരിക്കുമ്പോള്‍ വിക്കുമുണ്ടായിരുന്നു . ഞാന്‍ മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ “ ആനത്തലയോളം വെണ്ണ തരാമെടാ .... അമ്പാടിക്കണ്ണാ നീ വാ തുറക്കൂ ......... “ എന്ന പാട്ട് ഉറക്കെ ഈണത്തില്‍ താളാത്മകമായി പാടാറുണ്ടായിരുന്നു പോലും . അത് അയല്‍ക്കാര്‍ കേട്ട് അവരുടെ ദൃഷ്ടി പെട്ടത് കൊണ്ടാണ് വിക്ക് വന്നത് എന്ന് അമ്മ പറയുമായിരുന്നു . എന്റെ വിക്ക് മാറാന്‍ അമ്മ പല മന്ത്രവാദികളെയും കണ്ട് പല പരിഹാരക്രിയകളും നടത്തിയിട്ടുണ്ടത്രെ. വേദാന്തിയായിരുന്ന അച്ഛന്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട് , ഭഗവദ്ഗീത മുഴുവനും ഉറക്കെ ചൊല്ലിയാല്‍ മാറുമെന്ന് . സംസ്കൃതമെന്ന ഭാഷയ്ക്ക് , പുരാണ ഗ്രന്ഥങ്ങള്‍ക്ക് ദിവ്യശക്തിയുണ്ട് എന്ന് അച്ഛന്‍ കരുതിയോ എന്തോ . അച്ഛന്‍ സംസ്കൃതത്തിലും , ഹിന്ദിയിലും , മലയാളത്തിലും പണ്ഡിതനായിരുന്നു . വള്ളത്തോള്‍,ഉള്ളൂര്‍,കുമാരാനാശാന്‍ എന്നീ കവിത്രയങ്ങളുടെ പദ്യങ്ങള്‍ അച്ഛന് മന:പാഠമായിരുന്നു . അന്നൊക്കെ നാട്ടിന്‍‌പുറത്ത് പോലും വിദ്വത്‌സദസ്സുകളുണ്ടായിരുന്നു . അക്ഷരശ്ലോകം ചൊല്ലല്‍ പ്രധാന ഹോബ്ബിയായിരുന്നു .

ഞാന്‍ ഏഴാം തരത്തിലേക്ക് പാസ്സായി . അതൊരു യു.പി.സ്ക്കൂളാണ് . സാഹിത്യസമാജം എന്നൊരു ഏര്‍പ്പാട് എല്ലാ വെള്ളിയാഴ്ചയുമുണ്ടാവും . ഞാന്‍ സത്യത്തില്‍ പഠിക്കാറേ ഉണ്ടായിരുന്നില്ല . എന്നാലും പരീക്ഷകള്‍ പാസ്സാവും . മിടുക്കനായ വിദ്യാര്‍ത്ഥി എന്നൊരാരോപണം എന്റെ മേല്‍ ആരോപിക്കപ്പെട്ടതില്‍ എനിക്കൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല . അക്കൊല്ലം അദ്ധ്യാപകരും സഹപാഠികളും ചേര്‍ന്ന് എന്നെ സാഹിത്യസമാജം സിക്രട്ടരിയാക്കി . മലയാളം മാഷ് പ്രസിഡണ്ടും . കാര്യദര്‍ശി എന്ന നിലയില്‍ അദ്ധ്യക്ഷനെ കണ്ടെത്തുക , യോഗം വിളിച്ചു ചേര്‍ക്കുക , റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കുക എന്നിവയാണെന്റെ ചുമതലകള്‍ . സാഹിത്യസമാജം രൂപീകരണയോഗം കഴിഞ്ഞ് ആദ്യത്തെ യോഗം തുടങ്ങി . മലയാളം മാഷ് തന്നെ പ്രഥമ അദ്ധ്യക്ഷനായി . ഞാന്‍ സ്വാഗതം പറഞ്ഞു , അല്ല പറഞ്ഞ പോലെ വരുത്തിത്തീര്‍ത്തു . അദ്ധ്യക്ഷന്റെ ആമുഖഭാഷണത്തിന് ശേഷം ഞാന്‍ റിപ്പോര്‍ട്ട് വായന തുടങ്ങി .

ബ് ബ് ബഹുമാനപ്പെട്ട അ... അ... അദ്ധ്യക്ഷനും ....ശ് ശ് ശേഷം ... സ് ..സ്...സഭാവാസികള്‍ക്കും എന്റെ ... വ് വ് വിനീതമായ ക് കൂപ്പുകൈ ....ഇടത് ഭാഗത്തെ ബെഞ്ചില്‍ ഇരുന്നിരുന്ന പെണ്‍കുട്ടികളുടെ അടക്കിപ്പിടിച്ച ചിരി പൊടുന്നനെ ഉച്ചത്തിലായി .... ഒരു വിധത്തില്‍ അന്ന് രക്ഷപ്പെട്ടു ...

സ്ക്കൂള്‍ വിദ്യാഭ്യസം കഴിഞ്ഞ് ഞാന്‍ എത്തിപ്പെട്ടത് എന്റെ സര്‍വ്വകലാശാല ജീവിതത്തിലേക്കാണ് . മദിരാശിയിലെ തെരുവുകളായിരുന്നു എന്റെ യൂനിവേര്‍സിറ്റി . ഭിത്തികളില്‍ പതിച്ചിരുന്ന സിനിമാ പോസ്റ്ററുകള്‍ നോക്കി ഞാന്‍ തമിഴ് പഠിച്ചു . ആയിടയ്ക്ക് നിത്യവും പഴയതും പുതിയതുമായ തമിഴ് സിനിമകളും കാണും . ശിവാജി ഗണേശന്റെ സിംഹഗര്‍ജ്ജനം പോലെയുള്ള ഡയലോഗുകള്‍ കേട്ട് അമ്പരന്നു . ശിവാജിയ്ക്ക് ആരാധകര്‍ നല്‍കിയ പല വിശേഷണങ്ങളില്‍ ഒന്ന് “സിം‌ഹ്മക്കുരലോന്‍” എന്നായിരുന്നു . ഞാന്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ എന്ന തിരക്കഥാപുസ്തകം വാങ്ങി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസ്സില്‍ രാത്രികാലങ്ങളില്‍ നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി അതിലെ തീപ്പൊരി ഡയലോഗുകള്‍ ഉറക്കെ പറഞ്ഞ് എന്റെ വിക്ക് മാറ്റിയെടുത്തു . പിന്നീട് നാട്ടില്‍ വന്ന് മൈക്ക് അഭിമുഖീകരിച്ച് പ്രസംഗിക്കാനുള്ള ആത്മ വിശ്വാസം എനിക്ക് നല്‍കിയത് അന്നത്തെ ആ റിഹേഴ്സല്‍ ആയിരുന്നു .

പല പ്രഭാഷകരും പ്രാസംഗികരും ജന്മനാ വിക്കുള്ളവരാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . സ്വതസിദ്ധമായ ചില ട്രിക്കുകള്‍ ഉപയോഗിച്ച് അവരൊക്കെ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധം അവരുടെ സംസാരവൈകല്യം മറച്ചുപിടിക്കുന്നു . സെബാസ്റ്റ്യന്‍ പോളിന്റെ മാധ്യമവിചാരം എന്ന പരിപാടി ടിവിയില്‍ കാണുന്നവര്‍ക്ക് ഇത് മനസ്സിലാവും .

അച്ഛന്മാര്‍ തന്നെ അന്തകരാവുന്ന ആസുരകാലം !

യുവകവിയും ഗായകനുമായ എന്റെ സുഹൃത്ത് ജിടോക്കില്‍ ചാറ്റ് ചെയ്യവേ എന്നോടാവശ്യപ്പെട്ടു , കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗികപീഡനത്തെപ്പറ്റിയും ഞരമ്പ് രോഗത്തെപ്പറ്റിയും ശക്തമായ ഭാഷയില്‍ ഒരു ബ്ലോഗ് എഴുതണമെന്ന് . അച്ഛന്മാര്‍ തന്നെ അന്തകരാവുന്നു എന്നത് അവന്റെ വാക്കാണ് . ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവരെയെല്ലാം ആശങ്കപ്പെടുത്തേണ്ട ഒരു ചോദ്യം ഉറക്കെ ചോദിക്കാന്‍ സമയമായി . കേരളം എങ്ങോട്ട് ? നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്കും സാംസ്കാരികനായകര്‍ക്കും വിവാദങ്ങളില്‍ അഭിരമിക്കാനാണ് താല്പര്യം . നാളെ ഒരു പെണ്‍‌വാണിഭമോ ലൈംഗികപീഡനമോ നടന്നുകിട്ടുകയില്ലേ , തങ്ങള്‍ക്ക് പ്രസംഗിക്കാനും പ്രസ്ഥാവനയിറക്കാനും എന്ന് അവസരം കാത്തിരിക്കുകയാണ് അവരൊക്കെ എന്ന് തോന്നും . മാധ്യമങ്ങളും ചാനലുകളും ഇതെല്ലാം ആഘോഷിക്കുന്നു . രണ്ടു നിമിഷത്തില്‍ പറഞ്ഞു തീര്‍ക്കേണ്ട ഒരു വാര്‍ത്ത അവര്‍ മണിക്കൂറുകളോളം , താരങ്ങളെ സ്റ്റുഡിയോയില്‍ എത്തിച്ചും ഫോണിലൂടെയും ഇന്റര്‍വ്യൂ നടത്തിയും കൊഴുപ്പിക്കുന്നു . 24 മണിക്കൂറും പ്രക്ഷേപണം നടത്തേണ്ടതായ ചാനലുകള്‍ക്ക് എന്തെങ്കിലും ചവറുകള്‍ അനവരതം ലഭിക്കേണ്ടതുണ്ട് . നമ്മളും നമ്മളുടെ മക്കളും തുടര്‍ന്നും ജീവിയ്ക്കേണ്ടതായ ഈ സാമൂഹ്യപരിസരം വൃത്തിയാക്കാന്‍ എല്ലവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതിന് പകരം കുറ്റാരോപണങ്ങള്‍ കൊണ്ടും പരസ്പരം പഴിചാരിയും വിഴുപ്പലക്കിയും കൂടുതല്‍ മലീമസമാക്കാനാണ് ശ്രമിക്കുന്നത് എന്നെ പറയതെ വയ്യ.

നമ്മുടെ വര്‍ത്തമാന കാലത്തിന് എന്ത് സംഭവിച്ചു . മുന്‍പൊക്കെ മുതിര്‍ന്നവരുടെ മുന്‍പില്‍ വെച്ച് യുവാക്കള്‍ പുകവലിക്കാറില്ല , മദ്യം തീരെ കഴിക്കാറില്ല . മുണ്ട് മടക്കിക്കുത്താറില്ല . വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന വേദിയില്‍ വെച്ച് ആഭാസങ്ങള്‍ വിളിച്ചു പറയാറില്ല . ബസ്സുകളിലും മറ്റും ഇരിക്കുന്ന യുവാക്കള്‍ മുതിര്‍ന്നവരോ അവരെ പഠിപ്പിച്ച ഗുരുനാഥന്മാരോ ബസ്സില്‍ കയറി വന്നാല്‍ സീറ്റ് ഒഴിഞ്ഞ് കൊടുക്കുമായിരുന്നു . സിനിമകളില്‍ നായികാനായകന്മാര്‍ ശരീരം തൊട്ട് അഭിനയിക്കാറില്ലായിരുന്നു . ഒരു തലമുറ മൊത്തം സംസ്ക്കാരത്തിന്റെ കാവല്‍ക്കാരായിരുന്നു . ഇന്ന് എല്ലാം തലകീഴായി . വഴിയേ നടന്നു പോകുന്ന പെണ്‍‌കുട്ടികളെയും സ്ത്രീകളെയും ഇമവെട്ടാതെ കണ്ണ് കൊണ്ട് കാര്‍ന്ന് തിന്നുമ്പോള്‍ മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ആര്‍ക്കും ഭയമില്ല . ഇന്ന് സമൂഹത്തെ ആര്‍ക്കും ഭയമില്ല . പണ്ടങ്ങനെയല്ല സമൂഹത്തെ ഭയന്നിരുന്നു . ഇന്ന് ആളുകളെ കാണിക്കാന്‍ വേണ്ടി മാളികകള്‍ പണിയുന്നു , സ്വര്‍ണ്ണാഭരണങ്ങള്‍ വാരിക്കൂട്ടുന്നു . ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു “പവര്‍ ” കിട്ടാന്‍ വേണ്ടി മാത്രം . അത് അതിരു വിട്ട് ഇപ്പോള്‍ ആഡംബരങ്ങള്‍ ആളുകളെ ഭയപ്പെടുത്തുന്ന മട്ടിലായിട്ടുണ്ട് .

എന്ത് കൊണ്ടായിരിക്കും ഇക്കാലത്ത് ഇങ്ങനെ ലൈംഗികചിന്ത ഒരു മാനസികരോഗമായി ആളുകളില്‍ വര്‍ദ്ധിക്കുന്നത് ? എന്താണൊരു പരിഹാരം ? പ്രായപൂര്‍ത്തിയെത്താത ബാലികമാരല്ലേ പീഡിപ്പിക്കപ്പെടുത്തുന്നത് . ആരേയും വിശ്വസിക്കാന്‍ കഴിയാത്ത ഒരവസ്ഥയിലെക്കുള്ള ഈ പോക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമല്ല്ലെ ഇല്ലാതാക്കുന്നത് . കവി സുഹൃത്ത് എന്നോട് ചോദിക്കുന്നു , ആശങ്കകള്‍ പങ്ക് വെക്കുന്നു . നമുക്ക് എന്ത് ചെയ്യാനാവും ? പണ്ടു കാലത്ത് ലൈംഗിക അരാജകത്വങ്ങള്‍ ഇല്ലായിരുന്നു എന്ന് പറയാന്‍ പറ്റില്ല . എന്നാല്‍ അതിനൊക്കെ ഒരു നേരും നെറിയും ഉണ്ടായിരുന്നു . പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ഭാര്യമാരും അതിലൊക്കെ മക്കളും ഉണ്ടായിരുന്നു . അതായിരുന്നു അതിന്റെ ഒരു നേര് . എല്ലാ മക്കളെയും ഭാര്യമാരെയും സംരക്ഷിക്കാന്‍ അവരെല്ലാം ശ്രദ്ധിച്ചിരുന്നു . ബാഹ്യലോകത്ത് കാണുന്ന മുഴുവന്‍ സ്ത്രീകളെയും ആരും കാമിക്കാറില്ലായിരുന്നു . ഇന്നോ പതിനാറായിരത്തെട്ടിലും തൃപ്തിയടയാന്‍ കഴിയില്ല എന്ന് തോന്നും ചിലരുടെ ചേഷ്ടകള്‍ കണ്ടാല്‍ . ഇത് മൃഗത്തേക്കാളും മോശമാണ് . മൃഗസമാനമായ ചോദനകള്‍ തന്നെയാണ് ജന്മസഹജമായി മനുഷ്യനുമുള്ളത് എന്നത് നേര് തന്നെ . എന്നാല്‍ മനുഷ്യന്‍ ആ പ്രാകൃതചോദനകളെ നിയന്ത്രിക്കണം . കണ്‍‌മുന്നില്‍ കാണുന്നവരെയെല്ലാം ഇണ ചേരണമെന്ന് മൃഗത്തെപ്പൊലെ മനസ്സില്‍ തോന്നരുത് . അതിനാണ് സമൂഹം കല്യാണം എന്ന ഒരേര്‍പ്പാട് ഉണ്ടാക്കിവെച്ചിട്ടുള്ളത് . താന്‍ കല്യാണം കഴിക്കുന്ന സ്ത്രീയല്ലാതെ , മറ്റുള്ള സ്ത്രീകളെല്ലാം മറ്റുള്ളവരുടെ ഭാര്യമാരോ , ഭാര്യമാരാകാന്‍ പോകുന്നവരാണെന്നോ തിരിച്ചറിയണം . ലൈംഗികത ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണെങ്കിലും അത് മാത്രമല്ല ജീവിതം എന്നും സന്തോഷവും ആനന്ദവും നല്‍കുന്ന മറ്റു പലതും ഉണ്ടെന്നും മനസ്സിലാക്കണം .

മുന്‍പൊക്കെ സിനിമകളിലും നാടകങ്ങളിലും അഭിനയിക്കുന്ന നായികാനായകന്മാര്‍ അന്യോന്യം തൊടാറില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞു . ഇന്നോ സ്റ്റാര്‍സിംഗര്‍ പോലുള്ള റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികളായെത്തുന്ന കുമാരീകുമാരന്മാര്‍ , ആടിപ്പാടുമ്പോള്‍ സിനിമയിലെ ആഭാസരംഗങ്ങളെ കൂടുതല്‍ തന്മയത്വമായി അനുകരിക്കുന്നു . കുമാ‍രന്‍ വലത്തേ കൈകൊണ്ട് കുമാരിയുടെ ഇടത്തേ തുട പൊക്കിയെടുത്ത് തന്റെ ഇടത്തേ തോളിലേക്ക് ഉയര്‍ത്തുന്നു . ലക്ഷക്കണക്കിന് വീടുകളില്‍ ഈ ദൃശ്യം പ്രായഭേദമെന്യേ കണ്ട് രസിക്കുന്നു . ആബാലവൃദ്ധം മനസ്സുകളില്‍ ഞരമ്പ് രോഗം പടര്‍ത്തുന്ന ഈ പരിപാടികള്‍ ജനപ്രിയമാകുന്നത് ആപത്‌സുചനകളായി നമ്മുടെ മതാപിതാക്കള്‍ തിരിച്ചറിയാത്തത് കഷ്ടമാണ് . എല്ലാം നമ്മള്‍ വിധിക്ക് വിട്ട് കൊടുക്കാന്‍ തീരുമാനിച്ചോ ? എന്തിനും ഒരു പരിധിയും നിയന്ത്രണങ്ങളുമൊക്കെ വേണ്ടേ ?

എന്ത് ചെയ്യാന്‍ പറ്റും ? നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരുണ്ടല്ലൊ . അവരൊക്കെ എന്ത് ചെയ്യുന്നു ? എന്താണ് രാഷ്ട്രീയപ്രവര്‍ത്തനം . സ്വതന്ത്ര്യസമരക്കാലത്ത് സമൂഹത്തിലെ സകല തിന്മകള്‍ക്കെതിരെയും സമരഭടന്മാര്‍ പൊരുതിയിരുന്നു . ഇന്നോ ? പര്‍ട്ടികള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക . ബന്ദുകളും ഹര്‍ത്താലുകളും വിജയിപ്പിച്ചു കൊടുക്കുക . ഉപരോധിക്കുക . ധര്‍ണകള്‍ക്ക് ഇരുന്നു കൊടുക്കുക . വോള്‍ പോസ്റ്ററുകള്‍ ഒട്ടിക്കുക . നേതാക്കള്‍ക്ക് പ്രസംഗവേദികള്‍ ചമയിക്കുക . അങ്ങനെ പലതും . കിട്ടിയാല്‍ ഭാരവഹിത്വം , അല്ലെങ്കില്‍ എന്തെങ്കിലും ജോലി . പേരിന് കണ്ണില്‍ പൊടിയിടാന്‍ രക്തദാനസേന പോലെ എന്തെങ്കിലും സംഘടിപ്പിക്കും. എന്ത് കൊണ്ട് എല്ലാ പാര്‍ട്ടികളുടെയും യുവജനവിഭാഗത്തിന് സംയുക്തമായി ഒരു കള്‍ച്ചറല്‍ സ്ക്വോഡ് രൂപീകരിച്ചു കൂട ? പറ്റുമെന്ന് തോന്നുന്നില്ല . എല്ലാവര്‍ക്കും റിസര്‍വേഷന്‍സ് ഉണ്ട് . നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നാലാളെ കിട്ടാത്ത അവസ്ഥ ഇന്നുണ്ട് .

പിന്നെയുള്ള ഒരു വഴി രക്ഷിതാക്കള്‍ കുട്ടികളെ നല്ല ഉപദേശങ്ങള്‍ കൊടുത്ത് വളര്‍ത്തുകയെന്നതാണ് . ഇത് പറഞ്ഞപ്പോള്‍ എന്റെ ഒരു നാട്ടുകാരന്‍ പറഞ്ഞത് , അതിന് രക്ഷിതാ‍ക്കള്‍ക്ക് നല്ല മാര്‍ഗ്ഗോപദേശം കിട്ടിയിട്ട് വേണ്ടേ എന്നാണ് . ഇന്നത്തെ രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്ക് വേണ്ടുന്നതും വേണ്ടാത്തതും വാങ്ങിക്കൊടുക്കാനും തടിമാടന്മാരായി വളര്‍ത്താനും മാത്രമേ അറിയൂ , മക്കളില്‍ അന്തര്‍ലീനമായ വ്യക്തിത്വത്തെ സമൂഹത്തിന് ഫിറ്റ് ആകുന്ന തരത്തില്‍ പോഷിപ്പിച്ച് നല്ല പൌരന്മാരായി വളര്‍ത്താന്‍ അറിയില്ല എന്നുമാണ് അവന്റെ അഭിപ്രായം .

അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ? എന്റെ പ്രിയപ്പെട്ട ഗായകസുഹൃത്തേ ഞാന്‍ നിസ്സഹായനാണ് , ക്ഷമിക്കുക !