Links

ഇന്ന് നീ നാളെ ഞാന്‍ ....

വേണു നാഗവള്ളിയെ ഓര്‍ക്കുമ്പോള്‍ എനിക്ക് വ്യക്തിപരമായി ദു:ഖമുണ്ട്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു എന്നത് മാത്രമല്ല അതിന് കാരണം.   എത്രയോ സിനിമാനടന്മാരെ നേരില്‍ കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.  ശിവാജി ഗണേശന്‍, എം.ജി.ആര്‍,  പ്രേംസീര്‍ അങ്ങനെ നിരവധി നടന്മാരെ കണ്ടിട്ടുണ്ട്.  ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ സത്യന്‍ ആയിരുന്നു.  സത്യന് മദ്രാസില്‍ സ്വന്തമായി വീട് ഉണ്ടായിരുന്നില്ല. അവസാനം വരെ സ്വാമീസ് ലോഡ്ജില്‍ ആയിരുന്നു സത്യന്‍ താമസിച്ചിരുന്നത്.  സത്യന്‍ മരണപ്പെടുമ്പോള്‍ ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു.  സ്വാമീസ് ലോഡ്ജിന്റെ അടുത്ത് തന്നെ കുറച്ച് ദിവസങ്ങള്‍ താമസിച്ചിട്ടും അദ്ദേഹത്തെ കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.  കാണാമെന്ന് കരുതിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയുന്നത്.  ലൂക്കേമിയ ആയിരുന്നു അദ്ദേഹത്തിന്റെ രോഗമെന്നത് പുറം‌ലോകം അറിഞ്ഞിരുന്നില്ല.  കില്‍‌പ്പാക്കിലെ കെ.ജെ.ഹോസ്പിറ്റലില്‍ വെച്ച് അദ്ദേഹം മരണപ്പെട്ട വാര്‍ത്ത അറിയുമ്പോള്‍ ഞാന്‍ മദ്രാസ് നഗരപ്രാന്തത്തിലെവിടെയോ സഞ്ചരിക്കുകയായിരുന്നു.  സത്യന്റെ മരണത്തെ കുറിച്ച് വീണ്ടും  ഇവിടെ  വായിക്കാനിടയായി. വേണു നാഗവള്ളിയെയും എനിക്ക് നേരില്‍ കാണാന്‍ കഴിഞ്ഞില്ല.

ഒരു കാലത്ത് ഞാന്‍ അല്പം  മുടി വളര്‍ത്തിയിരുന്നു. അന്നതൊരു ഫാഷന്‍ ആയിരുന്നു.  ചിലരൊക്കെ എന്നെ നോക്കി നിനക്കൊരു വേണു നാഗവള്ളി ലുക്ക് ഉണ്ടെന്ന് പറയാറുണ്ടായിരുന്നു. ഞാന്‍ അതൊരു സ്വകാര്യ അഹങ്കാരമായി മനസ്സില്‍ കൊണ്ടു നടക്കുകയും ചെയ്തു വന്നു.  കഴിഞ്ഞ ആഴ്ച  ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ എന്റെ മരുമകന്റെ ചില സുഹൃത്തുക്കള്‍ വന്നിരുന്നു. മരുമകന്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.   മരുമകന്‍ എന്നെ പരിചയപ്പെടുത്തുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു  ഇവരെ കാണുമ്പോള്‍ വേണു നാഗവള്ളിയുടെ ഒരു ഛായ ഉണ്ടെന്ന്.  മുപ്പത് വര്‍ഷം കഴിഞ്ഞിട്ടും  അതേ താരതമ്യം കേട്ടപ്പോള്‍ എന്നിലെ അഹങ്കാരം  എനിക്ക് അടക്കിവെക്കാന്‍ കഴിഞ്ഞില്ല. മരുമകന്‍ അവധി കഴിഞ്ഞ് പോയി.  ഇന്ന് രാവിലെ നേരത്തെ എഴുന്നേറ്റു ഓണ്‍ലൈനില്‍ മാതൃഭൂമി നോക്കിയപ്പോഴാണ് വേണു നാഗവള്ളിയുടെ മരണവാര്‍ത്ത കാണുന്നത്.  മരണത്തെ ധൈര്യപൂര്‍വ്വം  അംഗീകരിക്കാനുള്ള മാനസികമായ തയ്യാറെടുപ്പില്‍ ആയത്കൊണ്ട് പ്രത്യേകിച്ച് ദു:ഖമൊന്നും തോന്നിയില്ല. മുന്‍പൊക്കെ ഇങ്ങനെയായിരുന്നില്ല. ഏത് മരണവും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇന്നലെ വരെ നമ്മോടൊപ്പം ഉണ്ടായിരുന്ന ആള്‍ ഇന്ന്.. മണ്ണിലേക്കുള്ള മനുഷ്യന്റെ മടക്കയാത്ര അന്നൊക്കെ ഉള്‍ക്കൊള്ളാന്‍ മനസ്സിന് പ്രയാസമായിരുന്നു.  മലയാളത്തിന്റെ ശോകനായകന് വിട !

ഒരു നാടന്‍ പാട്ടിന്റെ ......

കുറച്ച് ദിവസങ്ങളായി ബ്ലോഗിലെ ഒന്ന് രണ്ട് പോസ്റ്റുകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാല്‍ അല്പം റിലാക്സിന് വേണ്ടി ചില നാടന്‍ പാട്ടുകള്‍ യൂട്യൂബില്‍ കേള്‍ക്കുകയായിരുന്നു.  “നിന്നെ കാണാന്‍ എന്നെക്കാളും ....  എന്ന ആ പാട്ട് കേള്‍ക്കാന്‍ എനിക്ക് നല്ല രസമാണ്.  ഞാന്‍ പാട്ട് കേട്ടുകൊണ്ടിരിക്കെ എന്റെ പേരക്കുട്ടികളും ഒപ്പം കൂടി.  അവര്‍ക്കും പാട്ട് നന്നെ ഇഷ്ടപ്പെട്ടു...  പാട്ടിന് താളം പിടിക്കുന്ന അവരെ അപ്പോള്‍ ഞാന്‍ മൊബൈലില്‍ പകര്‍ത്തി....


( പാട്ട് ഇവിടെ  )

മള്‍ട്ടിപ്പിള്‍ URLs ഇന്‍ ടു വണ്‍

നീളം കൂടിയ  യു.ആര്‍.എല്‍. അഡ്രസ്സ്  ചുരുക്കാന്‍ സഹായിക്കുന്ന  വെബ്‌സൈറ്റ് നമുക്കറിയാം.  ഗൂഗിളില്‍ തന്നെ ഇപ്പോള്‍ അങ്ങനെ സൌകര്യമുണ്ട്.   ഉദാഹരണത്തിന് ഏതെങ്കിലും പത്രറിപ്പോര്‍ട്ടിന്റെ  ലിങ്ക് നീളം കൂടിയതായിരിക്കും. അത് ചുരുങ്ങിയ അക്ഷരങ്ങലുള്ള അഡ്രസ്സായി നമുക്ക് ചുരുക്കാന്‍ സാധിക്കും.  ആര്‍ക്കെങ്കിലും ലിങ്ക് കൊടുക്കുമ്പോഴോ ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുമ്പോഴോ അത് ഉപകാരപ്രദമായിരിക്കും.  എന്നാല്‍ നമുക്ക് കുറെ യു.ആര്‍.എല്‍. അഡ്രസ്സുകള്‍ ഒറ്റ യു.ആര്‍.എല്‍ അഡ്രസ്സാക്കി മാറ്റാന്‍ കഴിയുന്ന ഒരു വെബ്‌സൈറ്റ് ഉണ്ട്.  കുറെ ലിങ്കുകള്‍ ആര്‍ക്കെങ്കിലും നല്‍കുമ്പോഴോ അല്ലെങ്കില്‍ ബ്ലോഗില്‍  നമ്മുടെ ഒന്നില്‍ കൂടുതല്‍ ബ്ലോഗുകളും മറ്റ് ലിങ്കുകളും സൈഡ് ബാറില്‍ പ്രദര്‍ശിപ്പിക്കുമ്പോഴോ ഇത് ഉപകാരപ്രദമായിരിക്കും.  ഇങ്ങനെ എത്രയോ  വെബ് അഡ്രസ്സുകള്‍ നമുക്ക് ഒറ്റ യു.ആര്‍. എല്‍. അഡ്രസ്സില്‍ ചുരുക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ.


http://fur.ly  എന്ന സൈറ്റില്‍ പോവുക. അവിടെ മേലെ കാണുന്ന  പോലെ  തുറക്കുന്ന പേജില്‍  യു.ആര്‍.എല്‍. അഡ്രസ്സുകള്‍  ഒന്നൊന്നായി ചേര്‍ക്കുക.  ഓരോന്ന് ചേര്‍ക്കുമ്പോഴും അടുത്തതിനായി പുതിയ കോളം തുറന്ന് വരും.  എല്ലാം ചേര്‍ത്തതിന് ശേഷം  Go ക്ലിക്ക് ചെയ്യുക.  അപ്പോള്‍  താഴെ കാണുന്ന പോലെ  എല്ലാ അഡ്രസ്സുകളും ഒറ്റ യു.ആര്‍.എല്‍. അഡ്രസ്സായി നിങ്ങള്‍ക്ക് ലഭിക്കും.  അത് കോപ്പി ചെയ്ത് സേവ് ചെയ്യുക.  ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം.  നാം ഉദ്ദേശിക്കുന്ന  എല്ലാ സൈറ്റുകളും ഒരേ വിന്‍ഡോയില്‍ തുറന്നു വരുന്നത് കാണാന്‍ നല്ല രസമുണ്ട്. ഉദാഹരണത്തിന്  എന്റെ എല്ലാ ബ്ലോഗുകളും ആദ്യാക്ഷരിയും  സൈബര്‍ജാലകവും  ഒറ്റ ലിങ്കില്‍ എന്റെ ബ്ലോഗിലെ സൈഡ് ബാറില്‍  കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.  ഇതാണ് ആ യു.ആര്‍.എല്‍ :  http://fur.ly/1pky   അപ്പോള്‍ താമസിക്കണ്ട,  ഇപ്പോള്‍ തന്നെ ഇവിടെ പോയി  നിങ്ങളുടെ ഒറ്റ യു.ആര്‍.എല്‍.  കരസ്തമാക്കുക.


ഈ ലേഖനം ഞാന്‍ കെ.പി.സുകുമാരന്‍   ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ്   പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്

സംഘടനകള്‍ ആര്‍ക്ക് വേണ്ടി ?

സംഘടനകള്‍ എന്നാല്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങളാണ്.  സാമൂഹ്യജീവിയെന്ന നിലയില്‍ മനുഷ്യര്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.  സംഘടനകള്‍ ഉടലെടുക്കുന്നത് ഈ ഒരു കാരണം കൊണ്ടാണ്.  സംഘടനകള്‍ പല തരത്തിലും തട്ടിലുമുണ്ട്.  രാഷ്ട്രീയപാര്‍ട്ടികള്‍ ഉയര്‍ന്ന സംഘടനാരൂപങ്ങളാണ്.  ഒരു സംഘടന ഉപകാരപ്പെടേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ ആ സംഘടനയുടെ ഭാരവാഹികള്‍ക്കോ അതിന്റെ പ്രവര്‍ത്തകന്മാര്‍ക്കോ അല്ല. ഈ തത്വം രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബാധകമാവേണ്ടതാണ്.  ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്നില്ലെങ്കില്‍ ഒരു സംഘടനയും നിലനില്‍ക്കുന്നതിന് അര്‍ഹതയില്ല. തങ്ങള്‍ക്ക് എന്തെങ്കിലും നേട്ടം വേണം എന്നുണ്ടെങ്കില്‍ അത്തരക്കാര്‍ സംഘടിച്ച് സ്വകാര്യട്രസ്റ്റോ മറ്റോ രൂപീകരിച്ച് പ്രയോജനങ്ങള്‍ നേടുകയാണ് വേണ്ടത്.  അല്ലാതെ പൊതുസംഘടനകളില്‍ നുഴഞ്ഞുകയറി ഉദ്ധിഷ്ഠകാര്യങ്ങള്‍ നേടുകയല്ല.
 
ഏതൊരു സംഘടനയും നിലനില്‍ക്കുന്നത് അതിന്റെ പ്രവര്‍ത്തകന്മാരിലൂടെയാണ്. എന്തിനായിരിക്കണം ഒരാള്‍ ഏതെങ്കിലും ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി മുന്നോട്ട് വരുന്നത്?  അയാള്‍ക്ക് സ്വന്തം കാര്യം നോക്കുന്നതിനിടയില്‍ സമൂഹത്തിന് വേണ്ടിയും അല്പസമയം പ്രവര്‍ത്തിക്കണമെന്ന മോഹം ഉണ്ടാകുന്നു. അത് അയാളിലെ ഉയര്‍ന്ന മാനവികബോധത്തിന്റെ പ്രേരണ കൊണ്ടാണ്.  തന്റെ ആദര്‍ശങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും യോജിച്ച ഒരു സംഘടന കണ്ടെത്തി അയാള്‍ തന്റെ സാമൂഹ്യപ്രവര്‍ത്തനം കഴിയുന്ന പോലെ നിര്‍വ്വഹിക്കുന്നു. അയാള്‍ക്ക് അത് മൂലം ലഭിക്കുന്ന നേട്ടം തന്റെ ഈ ജീവിതം കൊണ്ട് ഇത്രയെങ്കിലും കാര്യം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നല്ലോ എന്ന് മാത്രമാണ്. വ്യക്തിപരമായ നേട്ടം അയാള്‍ ഒരിക്കലും സംഘടനാപ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നില്ല. തല്പരകക്ഷികള്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന യൂനിയനുകളുടെ കാര്യമല്ല പറയുന്നത്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കാര്യമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യത്തിലും ഇങ്ങനെയാണ് വേണ്ടത്.  രാഷ്ട്രീയപാര്‍ട്ടികളും  സാമൂഹ്യസംഘടനകള്‍ ആണെന്നും രാഷ്ട്രീയപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകര്‍ മാത്രമാണെന്നും അംഗീകരിക്കണം.  അപ്പോള്‍ ഏതൊരു പ്രവര്‍ത്തകനും  സ്നേഹവും ഉത്തരവാദിത്തവും തോന്നേണ്ടത് ജനങ്ങളോടാണ്. പാര്‍ട്ടിയോടോ സംഘടനയോടോ അല്ല. എന്തെന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണമല്ലേ പാര്‍ട്ടിയും സംഘടനയും?

എന്റെ പാര്‍ട്ടി അല്ലെങ്കില്‍ എന്റെ സംഘടന എന്ന് തോന്നുമ്പോള്‍ ആ പാര്‍ട്ടി അല്ലെങ്കില്‍ ആ സംഘടന എനിക്ക് വേണ്ടിയുള്ള ഉപകരണം എന്ന് തോന്നിപ്പോകുന്നു. ദൌര്‍ഭാഗ്യവശാല്‍ അങ്ങനെയാണ് ഇപ്പോള്‍ എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്. അത്കൊണ്ടാണ് തന്റെ പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാകാനും പാര്‍ട്ടി-സംഘടന പ്രവര്‍ത്തകന്മാര്‍ തയ്യാറാവുന്നത്.  നമ്മുടെ സിസ്റ്റത്തെയാകെ നശിപ്പിക്കുന്നത് ഈ മനോഭാവമാണ്. തങ്ങളുടെ സംഘടന ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണമാണെന്ന സത്യം വിസ്മരിച്ച് ജനങ്ങള്‍ തന്റെ പാര്‍ട്ടിക്ക് അല്ലെങ്കില്‍ സംഘടനക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ ആണെന്നാണു രാഷ്ട്രീയപ്രവര്‍ത്തകരും സംഘടനാപ്രവര്‍ത്തകരും ഇപ്പോള്‍ ധരിക്കുന്നത്. സമൂഹത്തിലെ  വൈരുദ്ധ്യങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണം ഈ മനോഭാവമാണ്.

മനുഷ്യര്‍ക്കിടയില്‍ ചെറിയവനോ വലിയവനോ ആരും ഇല്ല.  ജനങ്ങളുടെ പേരില്‍ ആര്‍ക്കും പ്രത്യേക അവകാശമോ അധികാരമോ സംരക്ഷണച്ചുമതലയോ നല്‍കപ്പെട്ടിട്ടില്ല. തുല്യനല്ലാത്ത ഒരു മനുഷ്യജീവിയും ഭൂമുഖത്തില്ല.  സാമ്പത്തികമോ തൊഴില്‍‌പരമോ ആയ അസമത്വം ഉള്ളത് വെറും സാമൂ‍ഹ്യപ്രതിഭാസമാണ്.  ഒരാള്‍ തന്റെ സാമാന്യയുക്തി പ്രയോഗിച്ച് ചിന്തിച്ചാല്‍ താന്‍ ആരെക്കാളും വലിയവനോ ചെറിയവനോ അല്ലെന്ന് തോന്നും.  ഏതൊരാളും ഇവിടെ അയാളുടെ ജീവിതം മാത്രമാണ് ജീവിയ്ക്കുന്നത്.  എന്റെ ജീവിതത്തിന് എത്ര വിലയുണ്ടോ അത്രയും വില അടുത്തവന്റെ ജീവിതത്തിനുമുണ്ട്.  മനുഷ്യര്‍ക്ക് വ്യത്യസ്ത കഴിവുകളാണുള്ളത്.  ചിലര്‍ക്ക് ആളുകളെ സംഘടിപ്പിച്ച്  തിന്മളെയും പീഢനങ്ങളെയും അനീതികളെയും ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ നേതൃപാടവം ഉണ്ടായിരിക്കും.  ആ കഴിവ് അയാള്‍ സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്തുമ്പോള്‍ അയാള്‍ക്ക് തിരിച്ചു കിട്ടേണ്ടത് ജനങ്ങളുടെ ആദരവ് മാത്രമാണ്. അല്ലാതെ നേതാവ് എന്ന ഭക്ത്യാദരങ്ങളല്ല.  ജീവിതത്തില്‍ നാം ഓരോരുത്തരും  ചെയ്യുന്നത് സാമൂഹ്യസേവനം തന്നെയാണ്.  എനിക്ക് എന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുകയില്ല. എല്ലാവരുടെയും കാര്യവും അങ്ങനെ തന്നെ. അത്കൊണ്ട് നമ്മള്‍ എല്ലാവരും ചേര്‍ന്ന് എല്ലാവരുടെയും കാര്യങ്ങള്‍ ചെയ്യുന്നു. ഇതിനപ്പുറം ഒന്നുമല്ല ഈ ജീവിതം.  ഇതെന്റെ യുക്തി, അഥവാ യുക്തിവാദം.  നിങ്ങളുടെ യുക്തി അറിയാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നു.....

യുക്തിവാദികളും വിശ്വാസികളും

ബ്ലോഗിലെ യുക്തിവാദികളില്‍ എനിക്ക് ഏറെ ഇഷ്ടം ജബ്ബാര്‍ മാഷെയാണ്. കാരണം ജബ്ബാര്‍ മാഷ് മനുഷ്യനെ സ്നേഹിക്കുന്നു. കൂടാതെ സ്വന്തം സമുദായത്തില്‍ പെട്ട മുസ്ലീമിങ്ങളെ വൈകാരികമായി തന്നെ നെഞ്ചോട് ചേര്‍ത്ത് സ്നേഹിക്കുന്നു. ഞാനും യുക്തിവാദി തന്നെയാണ് അന്നും ഇന്നും. തീവ്രയുക്തിവാദപരമായി സംസാരിക്കുകയും ബ്ലോഗില്‍ പോസ്റ്റ് എഴുതുകയും ചെയ്തിട്ടുണ്ട്. അതില്‍ ഇപ്പോള്‍ എനിക്ക് ഖേദമാണ്. വിശ്വാസം വ്യക്തിപരമായ ഒരു കാര്യമാണ്. യുക്തിവാദവും ഒരര്‍ത്ഥത്തില്‍ വ്യക്തിപരം തന്നെയാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. യുക്തിവാദികള്‍ ചിന്തിക്കാന്‍ ഇന്‍‌പുട്ട് ആയി സ്വീകരിക്കുന്നത് സയന്‍സിലെ കണ്ടുപിടുത്തങ്ങളും നിരീക്ഷണങ്ങളും മാത്രമാണ്. അതിലും തെറ്റ് പറയാന്‍ സാധ്യമല്ല. എന്നാല്‍ ലോകത്ത് കോടാനുകോടി മനുഷ്യര്‍ ചിന്തിക്കാന്‍ സ്വീകരിക്കുന്നത് താന്താങ്ങളുടെ മതദര്‍ശനങ്ങളെയാണ്. മതം അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനവും പ്രതീക്ഷയും ആശ്വാസവും സാന്ത്വനവും ജീവിയ്ക്കാനുള്ള പ്രചോദനവും എല്ലാമെല്ലാമാണ്. യുക്തിവാദികള്‍ക്ക് മതത്തിന്റെ ആവശ്യമില്ല. സ്വയം ചിന്തിച്ച് തന്നെ അവര്‍ സ്വന്തമായൊരു നൈതികത രൂപപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ ഗുരുതരമായ ഒരു തെറ്റ് ചെയ്യുന്നു, അത് യുക്തിക്ക് നിരക്കാത്തതാണ്. മതം ആവശ്യമില്ല എന്ന് അവര്‍ വിശ്വാസി സമൂഹത്തോട് വിളിച്ചു പറയുന്നു, അതായത് എല്ലാവരേയും യുക്തിവാദത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു. എന്താണതിന്റെ ആവശ്യം?

അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുണ്ട്. അത് അതാത് മതങ്ങള്‍ക്കുള്ളില്‍ വെച്ച് പരിഹരിക്കുന്നതല്ലേ നല്ലത്. എല്ലാ മതങ്ങളില്‍ ജനിച്ചവരിലും യുക്തിവാദികള്‍ ഉണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷത്തിനും മതം ആവശ്യമാണെങ്കില്‍ , യുക്തിവാദികള്‍ക്ക് യുക്തിവാദം ആവശ്യമാണെന്ന പോലെ തന്നെ മതവും നില നില്‍ക്കട്ടെ എന്ന് കരുതുന്നതാണ് യുക്തിസഹം എന്നാണെന്റെ അഭിപ്രായം. മതവിശ്വാസം ഇല്ലാതാക്കിയിട്ട് പകരം ജീവിതത്തിന് എന്ത് പ്രചോദനമാണ് വിശ്വാസികള്‍ക്ക് നല്‍കാന്‍ യുക്തിവാദികള്‍ക്ക് സാധിക്കുക? ഇനി അത് പോട്ടെ, ഈ പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും സമ്പൂര്‍ണ്ണമായ നിഗൂഢത അനാവരണം ചെയ്യാന്‍ യുക്തിവാദത്തിന് സാധിക്കുമോ? ഇനിയും കണ്ടുപിടുത്തങ്ങള്‍ നടക്കും ശരി തന്നെ. സ്വയമേവ ചിന്തിച്ച് ഒരാള്‍ യുക്തിവാദിയാവുകയും അതിനനുസരിച്ച് അയാളുടെ മനസ്സ് ദൃഢപ്പെടുകയും ജീവിതത്തിന് സ്വന്തമായ അര്‍ത്ഥവും ദിശാബോധവും കണ്ടെത്തുകയും ചെയ്യുന്നുവെങ്കില്‍ നല്ല കാര്യം തന്നെ. പക്ഷെ അതെന്തിന് പ്രചരിപ്പിക്കണം? അതിനെന്തിന് സംഘടന? മറ്റുള്ളവരില്‍ യുക്തിവാദം എന്തിന് അടിച്ചേല്‍പ്പിക്കണം? എന്തിന് തര്‍ക്കത്തിന് നില്‍ക്കണം? മതമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം, മതമാണ് മനുഷ്യനില്‍ ശത്രുത ഉണ്ടാക്കുന്നത്, മതമാണ് ആളുകളെ കൊല്ലുന്നത്, മതത്തില്‍ മാത്രമാണ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉള്ളത്, മതം ഇല്ലാതായാല്‍ ഈ ലോകം മധുരമനോജ്ഞം എന്ന മട്ടിലാണ് യുക്തിവാദികള്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ മതം ഇല്ലാതായാല്‍ മനുഷ്യന്‍ നന്നാകുമെന്നും എല്ലാം ഭദ്രമാകുമെന്നും അനുഭവം നമ്മെ പഠിപ്പിക്കുന്നില്ല. ഉദാഹരണത്തിന് മതം നിരാകരിക്കപ്പെട്ട ഒരു കാലമാണല്ലോ സോവിയറ്റ്യൂനിയനില്‍ വിപ്ലവാനന്തരം അവിടെ ഉണ്ടായിരുന്നത്. ലെനിന്റെ മരണശേഷം ഭൌതികശരീരം നിര്‍ജ്ജലീകരണം നടത്തി പ്രദര്‍ശനവസ്തുവാക്കി മാറ്റിയത് അനാചാരം തന്നെയല്ലേ? മാവോ സേ തൂങ്ങിന്റേതോ? എന്ത് ന്യായീകരണമാണ് ആ ആചാരത്തിന് ഉള്ളത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടും ആ‍ചാരങ്ങള്‍ അനുഷ്ടിക്കപ്പെടുന്നില്ലേ? രക്തസാക്ഷി ആചരണം എന്താ ആചാ‍രം തന്നെയല്ലേ? മതം നടത്തുന്ന ആചാരങ്ങള്‍ അനാചാരങ്ങളും ഭൌതികവാദികള്‍ ചെയ്യുന്ന ആചാരങ്ങള്‍ സദാചാരങ്ങളും ആകുന്നതെങ്ങനെ? തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വഴിവക്കുകളില്‍ പ്രതിമകളായി സ്ഥാപിക്കുന്നതും പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നതും ഒക്കെ ആചാരം തന്നെയല്ലെ. ഞാന്‍ വിമര്‍ശിക്കുന്നതല്ല. ചില ആചാരങ്ങള്‍ ജീവിതത്തിന്റെ അലങ്കാരങ്ങളാണ്. ശരിയല്ലെ? ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ആചാരങ്ങള്‍ ഒഴിവാക്കുകയും സംതൃപ്തി തരുന്ന ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതല്ലെ യുക്തിസഹം?

ഇനി മനുഷ്യനെ കൊല്ലുന്ന കാര്യത്തിലായാലും സ്പര്‍ദ്ധയും ശത്രുതയും നിലനില്‍ക്കുന്ന കാര്യത്തിലായാലും ഭൌതികവാദികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സോവ്യറ്റ് കാലം നമുക്ക് നല്ല പാഠങ്ങള്‍ അല്ല നല്‍കിയത്.മതങ്ങള്‍ ഇല്ലാതായാല്‍ പകരം നല്ല വ്യവസ്ഥിതി സംജാതമാകും എന്ന് പറയുന്നത് ശരിയല്ല എന്ന് സ്ഥാപിക്കാനാണ് ഞാന്‍ ഇത് ചൂണ്ടിക്കാട്ടിയത്. മതം ദോഷം ചെയ്യുന്നുണ്ടെങ്കില്‍ മതം ഇല്ലാത്ത അവസ്ഥയില്‍ , മതം ഇല്ല എന്ന ഒറ്റക്കാരണത്താല്‍ ദോഷങ്ങള്‍ തീരുന്നില്ല എന്ന് മാത്രമല്ല ദോഷം വേഷം മാറി വരുന്നതും നമ്മള്‍ കണ്ടു. മനുഷ്യവര്‍ഗ്ഗത്തില്‍ ദോഷങ്ങള്‍ പല രൂപത്തില്‍ ഉള്ളത്കൊണ്ട് ആ ദോഷങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാന്‍ വേണ്ടി തന്നെയാണ് മതങ്ങള്‍ ആവിര്‍ഭവിച്ചിട്ടുള്ളത്. ആ ദോഷങ്ങള്‍ തുടരുന്ന കാലത്തോളം മതങ്ങള്‍ക്ക് പ്രസക്തിയുണ്ട് എന്ന് സമ്മതിക്കാന്‍ എന്നിലെ യുക്തിബോധം മടിക്കുന്നില്ല. മതങ്ങളില്‍ തെറ്റ് കണ്ടെത്താം , ആരോപിക്കാം. പകരം തെറ്റില്ലാത്ത എന്ത്? ഗോഡ് ഫ്രീ വേള്‍ഡ് ഹേപ്പി വേള്‍ഡ് എന്നൊരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി ശ്രദ്ധയില്‍ പെട്ടപ്പോള്‍ എനിക്ക് യുക്തിവാദികളോട് വെറുപ്പ് തോന്നിയിട്ടുണ്ട്. നിങ്ങള്‍ വിശ്വസിക്കേണ്ട, പക്ഷെ വിശ്വസിക്കുന്നവരോട് എതിര്‍ക്കുന്നത് കൊണ്ട് എന്താണ് നേട്ടം? ദൈവവിശ്വാസം ഇല്ലാതായാല്‍ ഹേപ്പി വേള്‍ഡ് സംജാതമാകും എന്ന് കരുതുന്നതിന്റെ യുക്തി എന്താണ്?


ദൈവത്തെയും മതങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളിലെ യുക്തിരാഹിത്യവും ആചാരപ്പിശകുകളും മാത്രമാണ് മനുഷ്യവിരുദ്ധമായ സംഗതികള്‍ എന്ന മട്ടില്‍ പര്‍വ്വതീകരിച്ചു കാട്ടി തങ്ങളുടെ വൈജ്ഞാനികമായ അറിവുകള്‍ വിളംബരം ചെയ്യാനും സമൂഹത്തിലെ മറ്റ് തിന്മകള്‍ക്കെതിരെ മൌനം പാലിക്കാനുമാണ് യുക്തിവാദികള്‍ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്.  ഭൌതികവാദികളുടെ ഹിംസയെയോ അവരുടെ പ്രവര്‍ത്തികളിലെ അന്യായത്തെയോ ഭൌതികവാദപ്രത്യയശാസ്ത്രങ്ങളിലെ അയുക്തികതയെയോ ഒന്നും ചോദ്യം ചെയ്യാന്‍ യുക്തിവാദികള്‍ ഒരിക്കലും മെനക്കെട്ടിട്ടില്ല.  മതങ്ങള്‍ ചെയ്യുന്ന നന്മകള്‍ അവര്‍ക്ക് കാണാന്‍ കഴിയുന്നുമില്ല.  യുക്തിവാദികള്‍ക്ക്  മതം വേണ്ട,  എന്നാല്‍ ഒരു അഭയവും ആശ്രയവുമായി  മതത്തെ കാണുന്ന ജനകോടികള്‍ക്ക് മതം  വേണം എങ്കില്‍ എന്തിനാണ് മതത്തെ എതിര്‍ക്കുന്നത്. മതം ഇല്ലാതായാല്‍ മനുഷ്യരാശി ഒരു കുടുംബം പോലെ ഒരുമപ്പെടും എന്ന് പ്രതീക്ഷിക്കുന്നത് മിഥ്യയായ ഒരു വ്യാമോഹം മാത്രമാണ്. ഇനി അത്തരമൊരു അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കണമെങ്കിലും ഇന്ന് മതം തന്നെ വേണ്ടേ? യുക്തിവാദിസംഘത്തിന് കഴിയുമോ? എന്റെ ഒരു സുഹൃത്ത് , പേര് അബ്ദുള്ളക്ക , ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു പരീക്ഷണ ഘട്ടം അതിജീവിച്ച് എന്നെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു,  സുകുമാരാ പരലോകത്തെ കുറിച്ചുള്ള ഭയം നിമിത്തം മാത്രമാണ് ഞാന്‍ ആത്മഹത്യ ചെയ്യാതിരുന്നത് എന്നാണ്. യുക്തിവാദിയായ ഞാന്‍ അബ്ദുള്ളക്കയോട് എന്ത് പറയണമായിരുന്നു?  അദ്ദേഹത്തിന്റെ മക്കള്‍ക്ക് ബാപ്പ ഇന്നും കൂടെയുണ്ട്.  അദ്ദേഹത്തിന്റെ മതദര്‍ശനത്തിന് പകരം ജീവിതത്തിന് പ്രതീക്ഷ നല്‍കുന്ന എന്ത് ദര്‍ശനമാണ് അവര്‍ക്ക് നല്‍കാന്‍ യുക്തിവാദിയായ എന്റെ കൈയില്‍ ഉള്ളത്?  ഇസ്ലാം ഒരു മഹത്തായ ദര്‍ശനമാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്. ചിലര്‍ തീവ്രവാദികള്‍ ആയി. ശരി. കോടാനുകോടി മുസ്ലീങ്ങള്‍ തീവ്രവാദികള്‍ ആയോ?  ഇസ്ലാമിക പ്രമാണമനുസരിച്ച് എല്ലാ മുസ്ലീംകളും ജീവിയ്ക്കുന്നില്ല. ശരി. ഏത് പ്രത്യയശാസ്ത്രമാണ് അതിന്റെ അനുയായികളാല്‍ പൂര്‍ണ്ണമായും പിന്‍‌പറ്റപ്പെടുന്നത്? ഇതൊക്കെ നമ്മള്‍ മനുഷ്യരുടെ പൊതുവായ തെറ്റുകളോ ദൌര്‍ബ്ബല്യങ്ങളോ ആണ്. നമ്മള്‍ ആരും പൂര്‍ണ്ണരല്ലല്ലൊ.  ഞാന്‍ ഒഴിവ്കഴിവ് പറയുകയല്ല. പൂര്‍ണ്ണതയിലെത്താന്‍ നമുക്ക് ശ്രമിക്കാം. മതനിരാസം മാത്രം അതിന്റെ മുന്നുപാധി എന്ന് സ്ഥാ‍പിക്കുന്നത് ശരിയല്ല.

യുക്തിവാദികള്‍ മതത്തെ എതിര്‍ക്കുന്ന പോലെ തന്നെ ശരിയല്ല വിശ്വാസികള്‍ സയന്‍സിനെ എതിര്‍ക്കുന്നതും. സയന്‍സ് സമൂഹത്തിന്റെ ഭൌതികതലത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  സയന്‍സ് ഒരു സിദ്ധാന്തമോ ദര്‍ശനമോ പ്രത്യയശാസ്ത്രമോ അല്ല.  ഭൌതികജീവിതം അനായാസമാക്കുന്ന പ്രായോഗികസമീപനവും പദ്ധതിയുമാണത്. സയന്‍സും ആത്മീയതയും കൈകോര്‍ക്കുമ്പോഴേ ഇന്നത്തെ ജീവിതം മനോഹരമാവൂ. എല്ലാവരും യുക്തിവാദിയാവുന്ന കാലത്തെ കാര്യമല്ല വര്‍ത്തമാനകാലത്തെ സംഗതിയാണ് പറയുന്നത്.  ആത്മീയതയില്ലാത സയന്‍സ് ഇക്കാലത്ത് മനുഷ്യനെ മൃഗസമാനക്കും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ടോയ്‌ലെറ്റുകളില്‍ സ്ഥാപിക്കുന്ന മൊബൈല്‍ ഫോണുകള്‍ അതിന് തെളിവാണ്. മതത്തിന്റെ ദൌത്യം ഏറ്റെടുക്കാന്‍ ഇന്നത്തെ നിലയ്ക്ക് യുക്തിവാദികള്‍ക്കോ സയന്‍സിനോ കഴിയില്ല. മതവും ആത്മീയതയും മനുഷ്യമനസ്സുകളോടാണ് സംവദിക്കുന്നത്.  യുക്തിവാദം വിജ്ഞാനതൃഷ്ണയെയും സയന്‍സ് ഭോഗതൃഷ്ണയെയും  സംതൃപ്തിപ്പെടുത്തുമ്പോള്‍  മനുഷ്യനിലെ ധാര്‍മ്മികത കെടാതെ സൂക്ഷിക്കാന്‍ ഇന്ന് നമുക്ക് മതങ്ങള്‍ ആവശ്യമുണ്ട്.  മതത്തിലെ തെറ്റുകളും തിന്മകളും അതാത് മതത്തിനകത്ത് വെച്ച് തന്നെ വേണം ശുദ്ധീ‍കരിക്കാന്‍.


സമൂഹത്തില്‍ നിരവധി തിന്മകളും മനുഷ്യനെ വീര്‍പ്പുമുട്ടിക്കുന്ന പ്രവണതകളും സ്നേഹരാഹിത്യവും  കരുണയില്ലായ്മയും ഹിംസയും ഒക്കെ ഇന്ന് നിലവിലുണ്ട്. അതിനെതിരെയാണ് എല്ലാവരും ശബ്ദമുയര്‍ത്തേണ്ടത്.  മദ്യപാനം, അഴിമതി, ധൂര്‍ത്ത്, കരിഞ്ചന്ത, വഞ്ചന,  മായം ചേര്‍ക്കല്‍, ഉപഭോക്തൃചൂഷണം, പരിസ്ഥിതി മലിനീകരണം  അങ്ങനെയങ്ങനെ പലതും.  ഇതൊക്കെ എല്ലാവരുടെയും പൊതുവായ പ്രശ്നങ്ങളാണ്. ഇതിനെതിരായി എല്ലാ മതവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും  രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും  യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും, കഴിയണം.  അല്ലെങ്കില്‍ നമ്മള്‍ ഈ പറയുന്നതിനൊക്കെ എന്ത് അര്‍ത്ഥം?

ജബ്ബാര്‍ മാഷ് എത്ര തന്നെ ശരി പറഞ്ഞാലും  പൊതുവെ മുസ്ലീം സമുദായത്തിനെതിരെ പറയുന്നു എന്ന തോന്നലാണ് പലരിലും ഉളവാക്കിയിട്ടുള്ളത് എന്ന് തോന്നുന്നു.  ഇത്രയ്ക്കും അദ്ദേഹം മുസ്ലീം സമുദായത്തെ സ്നേഹിക്കുകയും ചെയ്യുന്നു.  ഇസ്ലാം മതത്തെ നിരാകരിക്കണമെന്ന മട്ടില്‍ അദ്ദേഹം ആഹ്വാനം ചെയ്യാറുണ്ടോ എന്നെനിക്കറിയില്ല.  ഇസ്ലാം മതം നവീകരണക്ഷമമാണോ അത്തരം ശ്രമങ്ങള്‍ മതത്തിനകത്ത് അനുവദനീയമാണോ എന്നും എനിക്കറിയില്ല.  അങ്ങനെയാണെങ്കില്‍ മതത്തെ വിശ്വാസത്തിലെടുത്ത് വേണം മാഷ് സംസാരിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു.  ശുദ്ധമായ യുക്തിവാദത്തിന് ഒരു ആത്മീയബദല്‍ ശിപാര്‍ശ ചെയ്യാന്‍ കഴിയില്ല എന്നൊരു പോരായ്മയുണ്ട്. ആത്മീയത എന്ന വാക്ക് യുക്തിവാദികള്‍ക്ക് അരോചകമാണെന്ന് അറിയാം. പക്ഷെ  കേവല ഭൌതികത എന്ന വാക്ക് മനുഷ്യന്റെ സത്തയെ നിരാകരിക്കുന്നതാണ് എന്ന് യുക്തിവാദികളെ ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു. 

ലോക (അത്ഭുത) ഘടികാരം

ആദ്യം ഈ ഘടികാരം കുറെ നേരം നോക്കിയിട്ടും എനിക്കൊന്നും മനസ്സിലായില്ല.  എന്നാല്‍ കുറെ നേരം ശ്രദ്ധിച്ചപ്പോള്‍ ഏതാണ്ട് ചിലതെല്ലാം എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.  ചിലപ്പോള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും. അതിനാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ ക്ലോക്കില്‍ നിന്ന് എന്തെല്ലാം മനസ്സിലാക്കാന്‍ സാധിക്കും? ലോകത്തില്‍ ഒരു ദിവസം എത്ര ജനനം നടക്കുന്നുണ്ട്,  എത്ര മരണം, അതിലും വിപത്തുകളില്‍ എത്ര, സ്വാഭാവികമരണം എത്ര?  ഒരു ദിവസം എത്ര ഭഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്,  എത്ര പണം ഒരു ദിവസം ചെലവഴിക്കപെടുന്നുണ്ട്, എത്ര കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. എല്ലാം തന്നെ ഒരു വര്‍ഷത്തില്‍ എത്ര, മാസത്തില്‍ എത്ര, ഈ നിമിഷത്തില്‍ എത്ര അങ്ങനെ എല്ലാം ഈ ഘടികാരത്തില്‍ കാട്ടുന്നുണ്ട്.   ഇതൊക്കെ ശരിയാണോ എന്നറിയില്ല. ഈ ക്ലോക്ക് നിങ്ങളും നോക്കുക.  എന്നിട്ട് വല്ലതും മനസ്സിലാകുന്നുണ്ടോ എന്നും  നോക്കുക. പറ്റിയാല്‍ നിങ്ങള്‍ക്ക് മനസ്സിലായത് കമന്റ് പേജില്‍ എഴുതുക.  എഴുതിയില്ലെങ്കിലും സാരമില്ല.  ഇനി കുറച്ചു നേരം കൂടി ഞാനും നോക്കട്ടെ. ഓ ആ ക്ലോക്ക് എവിടെയാണെന്ന് പറഞ്ഞില്ല അല്ലേ?  ഇതാ  ഇവിടെ  തന്നെ.

മോഹപ്പക്ഷി ആകാശവാണിയിലൂടെ

ടെക്നോളജിയുടെ സാധ്യതകള്‍ എന്തെല്ലാമാണ് അല്ലേ? അതിശയം തോന്നുന്നു.  എട്ട് മണിക്ക് മുന്‍പേ ശാന്ത കാവുമ്പായി എന്നെ ഫോണില്‍ വിളിക്കുന്നു.  മോഹപ്പക്ഷിയുടെ പ്രകാശനച്ചടങ്ങിന്റെ  റേഡിയോ റിപ്പോര്‍ട്ട് ആകാശവാണി കണ്ണൂര്‍ നിലയം  8.30 ന് പ്രക്ഷേപണം ചെയ്യുന്നു എന്ന് അറിയിക്കുന്നു.  ഞാന്‍ മൊബൈലിലെ എഫ്.എം. ഓണാക്കി കാത്തിരിക്കുന്നു.  അപ്പോള്‍ ഹാരൂണ്‍ക്കയുടെ ഫോണ്‍. സംഭാഷണം തുടരവേ ആകാശവാണിയില്‍ നിന്ന് മോഹപ്പക്ഷി പറന്നുയരുന്ന ശബ്ദം.  ഫോണ്‍ കട്ടാക്കി ശ്രദ്ധിക്കാന്‍ തുടങ്ങി.  മണമ്പൂര്‍ രാജന്‍ ബാബുവിന്റെ  പ്രസംഗം. അപ്പോഴാണ് എനിക്കിത് റെക്കോര്‍ഡ് ചെയ്യാമല്ലോ എന്ന് തോന്നിയത്. സമയം 8.32.  ലാപ്‌ടോപ്പില്‍  ഓഡാസിറ്റി തുറന്നു റെക്കോര്‍ഡിങ്ങ് തുടങ്ങി. മൂന്ന് മിനിറ്റ് മാത്രമേ കിട്ടിയുള്ളൂ.  8.35 ന് റിപ്പോര്‍ട്ട് അവസാനിച്ചു. റെക്കോര്‍ഡ്  ചെയ്തത് ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ അപ്‌ലോഡ് ചെയ്തു.  ഒരു കൌതുകത്തിന് വേണ്ടി അത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.  ശാന്ത കാവുമ്പായിയുടെ വാക്കുകളും കേള്‍ക്കാം.

*ഇത് വായിച്ചിരിക്കുമല്ലോ അല്ലേ? മോഹപ്പക്ഷി പ്രകാശനം.