ഇത്രയും പ്രൌഢഗംഭീരമായ ഒരു പുസ്തകപ്രകാശനച്ചടങ്ങിന് (14.8.2010) കണ്ണുര്‍ ഇത് വരെ സാഷ്യം വഹിച്ചിട്ടുണ്ടാവില്ല. അത്രയും ഉജ്ജ്വലവും എന്നാല്‍ ആദ്യാവസാനം വികാരനിര്‍ഭരവും ഹൃദയസ്പര്‍ശിയുമായിരുന്നു ചടങ്ങ്. പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കേണ്ടിയിരുന്ന പി.വത്സല എന്തോ അസൌകര്യം നിമിത്തം എത്തിച്ചേര്‍ന്നില്ല. അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത് നോവലിസ്റ്റ് എന്ന നിലയിലും സാഹിത്യാക്കാദമി അദ്ധ്യക്ഷ എന്ന നിലയിലും മാത്രമല്ല പൊതുരംഗത്ത് ഇടപെടുന്ന മനുഷ്യസ്നേഹി എന്ന നിലയില്‍ വ്യക്തിപരമായി തന്നെ അവര്‍ക്ക് കനത്ത നഷ്ടമാണ് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മണമ്പൂര്‍ രാജന്‍ ബാബുവാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. സംസാരമധ്യേ രാജന്‍ ബാബു പറഞ്ഞു , ഞാന്‍ ഇത് വരെ ബ്ലോഗ് എന്തെന്ന് മനസ്സിലാക്കിയിട്ടില്ല. ഒരു ദിവസം ഗൂഗിളില്‍ എന്റെ പേര്‍ സെര്‍ച്ച് ചെയ്തപ്പോള്‍ എന്റെ സൃഷ്ടികളുടെ ലിങ്കുകള്‍ കാണാന്‍ കഴിഞ്ഞത് അത്ഭുതപ്പെടുത്തുകയുണ്ടായി എന്ന്. ഫിലിം ഫെസ്റ്റിവലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ചടങ്ങിന്റെ ഒരുക്കങ്ങള്‍ എന്ന് അദ്ദേഹം പ്രകീര്‍ത്തിച്ചു. ശാന്തടീച്ചറുടെ സഹോദരന്‍ മധുകുമാര്‍ ആണ് ചടങ്ങിന്റെ ഓര്‍ഗനൈസര്‍ . അപാരമായ സംഘാടനപാടവം തന്നെ. മധുകുമാര്‍ ആയിരുന്നു പാപ്പിനിശ്ശേരിയിലെ മാന്‍ഗ്രോവ് തീം പാര്‍ക്കിന്റെ ഡിസൈനര്‍ എന്ന് പറഞ്ഞാല്‍ പുള്ളിയുടെ കഴിവിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടല്ലൊ. എല്ലാറ്റിനും കുറ്റമറ്റ പ്രൊഫഷനല്‍ ശൈലി. ആശംസാപ്രാസംഗികരെ വേദിയിലേക്ക് ആനയിക്കുന്നത് മുതല്‍ നന്ദിപ്രസംഗം വരെ ആ മികവ് കാണാം.
സ്റ്റേജിന്റെ തൊട്ട് താഴെ ഒരു കസേര സംഘടിപ്പിച്ച് ഞാന്‍ ഇരുന്നു. ഹാരൂണ്‍ക്ക ഇടത്തെ റോയില്‍ വീല്‍ ചെയറില്‍ ഇരിക്കുന്നുണ്ടായിരുന്നു. ചിത്രകാരന്‍ സദസിന്റെയും മറ്റും ഫോട്ടോകള്‍ എടുക്കുന്നുണ്ടായിരുന്നു. ചടങ്ങിനെ പറ്റി നാളത്തെ പത്രങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ഉണ്ടാകും. ഞാന്‍ അതിലേക്ക് കടക്കുന്നില്ല. ഇതിനിടയില്‍ ചില ബ്ലോഗര്‍മാര്‍ എത്തിയിരുന്നു. ഒരു ബ്ലോഗ് മീറ്റ് അവര്‍ പ്രതീക്ഷിച്ചെങ്കിലും ചടങ്ങ് തീരുന്നതിനിടയില്‍ ചില കുശലം പറച്ചിലോട് കൂടി മീറ്റ് ഞങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. ഹാരൂണ്‍ക്കക്ക് പുറമേ ഞാന്‍ , ചിത്രകാരന്‍ , കൊട്ടോട്ടിക്കാരന്‍ , തണല്‍ , കുമാരന്‍ , ഒരു യാത്രികന്‍ ,വിജയകുമാര്‍ ബ്ലാത്തൂര്‍ , മിനി ടീച്ചര്‍ , ലീല ടീച്ചര്‍ , ബോബന്‍ പിന്നെ ചിലരും എത്തിയിരുന്നു. പിരിയാന്‍ നേരത്തും ബ്ലോഗ് മീറ്റ് ഇവിടെയല്ലേ എന്ന് ഒന്ന് രണ്ട് പേര്‍ അന്വേഷിക്കുന്നത് കണ്ടു. തിരക്കിനിടയില്‍ പരിചയപ്പെട്ട ചില ബ്ലോഗേര്‍സിന്റെ പേര് മറന്നു പോയി. ശരിക്ക് പറഞ്ഞാല്‍ ഒരു ബ്ലോഗ് മീറ്റിന് ആളുണ്ടായിരുന്നു. യാതൊരു തയ്യാറെടുപ്പും ഇല്ലാതിരുന്നിട്ടും ഇത്രയും പേര്‍ വന്നില്ലേ. പക്ഷെ പ്രകാശനച്ചടങ്ങില്‍ ബ്ലോഗ് മീറ്റ് മുങ്ങിപ്പോയി എന്ന് പറയാം. ചടങ്ങ് വീക്ഷിച്ചുകൊണ്ടിരിക്കേ, പ്രസംഗങ്ങള്‍ കേട്ടുകൊണ്ടിരിക്കേ നമ്മള്‍ പെരുമപ്പെടുന്ന ബ്ലോഗ് , ബൂലോഗം എത്ര ചെറുതാണ് നിസ്സാരമാണ് എന്ന അപകര്‍ഷബോധമായിരുന്നു എന്റെ മനസ്സില്‍ . പക്ഷെ മറുപടി പ്രസംഗത്തില്‍ ശാന്ത ടീച്ചര്‍ പറഞ്ഞു ബ്ലോഗ് ആണ് എന്റെ ശക്തിസ്രോതസ്സ്. എല്ലാവരും ബ്ലോഗ് തുടങ്ങണം എന്ന് അവര്‍ സദസ്സിനോട് നിര്‍ദ്ദേശിച്ചു.
കുമാരസംഭവങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. ഉപമകളുടെ രാജാവാണ് കുമാരന്‍ . എവിടെ നിന്നാണ് കുമാരന് ഇങ്ങനെ ഉപമകള്‍ കിട്ടുന്നത് എന്ന് ഞാന്‍ അതിശയിക്കാറുണ്ട്. കണ്ണൂരിന്റെ തനത് ശൈലിയില്‍ എഴുതുന്ന കുമാരന്റെ ബ്ലോഗിന്റെ പതിവ് വായനക്കാരനാണ് ഞാന്‍ . പക്ഷെ കമന്റുകള്‍ ഒന്നും എഴുതാറില്ല. നര്‍മ്മം ആസ്വദിക്കാനല്ലാതെ അതെഴുതാനുള്ള കഴിവില്ല. അതാണ് ഗൌരവമുള്ള ചര്‍ച്ചകളില്‍ മാത്രം കമന്റുകള്‍ എഴുതാറ്. വിട പറയുമ്പോള്‍ കുമാരന്‍ പറഞ്ഞു , ഇനി കൊല്ലല്ലേ എന്ന്. ഞാന്‍ ആദ്യമായി കുമാരന്റെ ബ്ലോഗില്‍ ഒരു വിവാദക്കമന്റ് എഴുതിയിരുന്നു. പോയപ്പോള്‍ തോന്നി ഒരു ഉമ്മ വെക്കാമായിരുന്നു. കുമാരന്‍ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന കുട്ടികളെ പോലുള്ള നിഷ്കളങ്കമുഖം. എഴുത്ത് എന്നൊക്കെ പറയുന്നത് നൈസര്‍ഗ്ഗികമായി കിട്ടുന്ന കഴിവാണ്. അനുഗൃഹീതനായ എഴുത്തുകാരനാണ് കുമാരന്‍ .
നീട്ടുന്നില്ല. ഞാന്‍ എടുത്ത കുറച്ചു ഫോട്ടോകള്‍ താഴെ ഇടാം. പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് മണമ്പൂര്‍ രാജന്‍ ബാബു, മോഹപ്പക്ഷിയിലെ ഒരു കവിത ചൊല്ലിയതിന്റെ വീഡിയോ അവസാനം ചേര്‍ക്കുന്നുണ്ട്.
അവസാനത്തെ ഫോട്ടം മുതലാണ് പേരെഴുതി വന്നത്, നോക്കുമ്പോള്‍ ഇതാ നില്‍ക്കുന്നു മിനി ടീച്ചര്‍ , കുമാരസംഭവം, തണല്‍ ... താഴോട്ട് വന്നോ ഇവരെ വീണ്ടും കാണാം. ഞാന്‍ കുറച്ചു ഫോട്ടോകളേ എടുത്തിട്ടുള്ളൂ.
മിനിടീച്ചറുടെ ക്യാമറയില്‍ ഞങ്ങള്‍
കുമാരനെ അറിയാമല്ലൊ അല്ലേ, അടുത്തത് തണല്‍ എന്ന ബ്ലോഗര്‍ ( ഇസ്മൈല്‍ കുറുമ്പടി എന്ന പേര് ധൈര്യപൂര്‍വ്വം എഴുതിക്കോ എന്ന് നമ്മുടെ സ്വന്തം ഹാരൂണ്‍ക്ക. പരിചയപ്പെട്ടപ്പോള്‍ ബ്ലോഗിന്റെ യു.ആര്‍.എല്‍.ചോദിക്കാന്‍ വിട്ട് പോയി. ഗൂഗ്‌ള്‍ ചെയ്തപ്പോള്‍ നെറ്റില്‍ വേറെയും തണല്‍ ഉണ്ടായിരുന്നു.), മീറ്റ് എവിടെയുണ്ടോ അവിടെ പാഞ്ഞെത്തുന്ന കൊട്ടോട്ടിക്കാരന്‍ ..........
കൊട്ടോട്ടിക്കാരന്‍ , കഥകളുടെ രാജ“കുമാരന്‍” , ഒരു യാത്രികനും യാത്രികന്റെ സഹയാത്രികയും പിന്നെ, പേരു ചോദിച്ചിരുന്നു ശബ്ദകോലാഹത്തില്‍ കേട്ടില്ല. ആളൊരു കൊച്ചു യാത്രികന്‍ ആണെന്ന് കണ്ടാലറിയാമല്ലൊ. (യാത്രികന്റെയും സഹയാത്രികയുടെയും കുഞ്ഞുയാത്രികന്റെയും സാഹസങ്ങള്‍ ഇവിടെ കാണുക)
ചിത്രകാരന്റെ ബ്ലോഗില്‍ നിന്ന് അടിച്ചുമാറ്റിയ ഒരു ഫോട്ടോ ആണ് ഇത്. കുമാരന്‍ , ഒരുയാത്രികന്‍ എന്ന വിനീത്, പിന്നെ ഈ ഞാനും വിജയകുമാര്‍ ബ്ലാത്തൂരും. എന്നെ കണ്ടപ്പോള്‍ പ്രായം കുറഞ്ഞ പോലെ ഉണ്ടെന്നാണ് ചിത്രകാരന്റെ കമന്റ്. കഴിഞ്ഞ വര്‍ഷം ഇതേ ആഗസ്റ്റ് മാസം ഒരു സ്പൈന്‍ സര്‍ജ്ജറിക്ക് ശേഷം ആദ്യമായി എന്നെ കാണുകയാണ് ചിത്രകാരന്‍. വിജയകുമാര്‍ ബ്ലാത്തൂരിനെ കുറിച്ച് ഏറെ പറയാനുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകന്‍. പരിസ്ഥിതിപഠനവുമായി വടക്കേ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞ് ഞാനും വിജയകുമാറും ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് വന്നു. കുറെ നേരം സംസാരിച്ചിരുന്നു. ഈ വീട്ടിലായിരുന്നു ബ്ലോഗര്‍മാര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കാമെന്ന് ഞാന്‍ കരുതിയിരുന്നത്. പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തില്‍ കണ്ണുരില്‍ എല്ലാ സ്കൂളുകള്‍ക്കും ബ്ലോഗ് ഉണ്ടാക്കുന്ന ഒരു പ്രോജക്റ്റിനെ പറ്റി ആലോചിക്കാമെന്ന് പറഞ്ഞാണ് ഞാന്‍ വിജയനെ യാത്രയാക്കിയത്.
ഇതും ചിത്രകാരന്റെ ഫോട്ടോ തന്നെ. ഞാനും കുമാരനും ആദ്യമായി പരിചയപ്പെടുന്നു. നടുവില്‍ മിനിടീച്ചര്‍. ആദ്യമായി ബ്ലോഗില്‍ വന്ന് എന്നെ കൊന്ന് കളഞ്ഞല്ലോ എന്ന് കുമാരന്‍ പറഞ്ഞു. ഇടപ്പള്ളി മീറ്റുമായി ബന്ധപ്പെട്ട് കുമാരന്റെ കുമാരസംഭവം എന്ന ബ്ലോഗില്‍ അനോനിത്തത്തിനെതിരെ ഞാന്‍ ഒരു കമന്റ് എഴുതിയിരൂന്നു. അതാണ് കുമാരന്‍ അങ്ങനെ പറഞ്ഞത്. കുമാരനെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ഒരു വെബ്ഡയറി എന്ന നിലയിലാണെങ്കില്‍ ബ്ലോഗില്‍ ആര്‍ക്കും എന്ത് പേരും സ്വീകരിക്കാം. അത് അവരുടെ പ്രൈവസിയുടെ കാര്യം. എന്നാല്‍ മറ്റുള്ളവരുടെ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തുമ്പോഴോ പൊതുകാര്യങ്ങളില്‍ ഇടപെട്ട് എഴുതുമ്പോഴോ ഐഡന്റിറ്റി വെളിപ്പെടുത്തണം എന്നത് എന്റെ ഒരു നയമാണ്. അത് ധാര്‍മ്മികതയുടെ പേരില്‍ പറയുന്നതാണ്. അങ്ങനെ പറയുന്നതിന്റെ പേരില്‍ എന്നെ ബ്ലോഗര്‍മാര്‍ കല്ലെറിയാതിരിക്കണം.
ഹാരൂണ്‍ക്ക, ലീല ടീച്ചര്‍ , മിനി ടീച്ചര്‍. ലീല ടീച്ചറെ കുറിച്ചും കുറെ പറയാനുണ്ട്. റേഡിയോ ആര്‍ട്ടിസ്റ്റായിരുന്നു. നോവലുകള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീയെല്ലെസ്സ് ബുക്സ് എന്ന പേരില്‍ പുസ്തകപ്രസാധനശാല നടത്തുന്നുണ്ട്. ബിനു ദേവസ്യയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരുന്ന 28ന് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ച് രണ്ട് പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ പോകുന്നു. അന്നേ ദിവസം വിപുലമായൊരു ഇന്റര്‍നെറ്റ് കൂട്ടായ്മ സംഘടിപ്പിക്കാമെന്ന് തോന്നുന്നു. ബ്ലോഗ് മാത്രമല്ല ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റിയിലെയും സുഹൃത്തുക്കള്‍ക്ക് പങ്കെടുക്കാമല്ലൊ.
ഹാരൂണ്‍ക്ക (ഒരുനുറുങ്ങ്) ആശംസ നേരുന്നു. വെറും വാക്കുകള്‍ അല്ല എന്താ പറയുക, ഹൃദയരക്തത്തില്‍ ചാലിച്ച .... നിങ്ങള്‍ പൂരിപ്പിക്കുക
ശാന്ത ടീച്ചറുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും തുളുമ്പുന്ന മറുപടി .. ഇത് വരെയായി നിങ്ങളുടെ കൈകളും തോളും എനിക്ക് താങ്ങായി നല്‍കി: ഇനി അത് പോര ഹൃദയവും താങ്ങായി നല്‍കണം.. വികാരനിര്‍ഭരമായ വാക്കുകള്‍
ഇനി മണമ്പൂര്‍ രാജന്‍ ബാബു, ടീച്ചറുടെ ഒരു കവിത ചൊല്ലുന്നത് കേള്‍ക്കാം.