Links

എന്താണ് ശരീരം?

എന്താണോ നിങ്ങൾ തിന്നുന്നത് അതാണ് നിങ്ങൾ എന്ന് പറയാറുണ്ട്. അതായത് നമ്മൾ കഴിക്കുന്ന ആഹാരം തന്നെയാണ് നമ്മുടെ ശരീരം എന്ന് ചുരുക്കം.  ഒരു ശിശു ജനിക്കുമ്പോൾ ശരാശരി 2.5 കിലോഗ്രാം ഭാരം ആണ് ഉണ്ടാവുക. പിന്നെ വളർന്ന് ഭാരം വർദ്ധിക്കുന്നത് ഭക്ഷണം കഴിച്ചിട്ടാണല്ലൊ. ജനിക്കുമ്പോഴുള്ള ഭാരം തന്നെ മാതാവ് കഴിച്ച ഭക്ഷണമാണ് എന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം ഒരു ഭ്രൂണം വളർന്ന് 8 ആഴ്ച ആകുമ്പോൾ ഭാരം 1 ഗ്രാം മാത്രമാണ്. അപ്പോൾ എന്താണ് ശരീരം എന്ന് ചോദിച്ചാൽ ഭക്ഷണപദാർത്ഥങ്ങളാണ് ശരീരം എന്ന് പറയാം. ഭക്ഷണപദാർത്ഥങ്ങൾ എന്താണെന്ന് ചോദിച്ചാൽ മണ്ണിൽ നിന്നാണ് ഭക്ഷണം കിട്ടുന്നത് എന്ന് പറയാം. പാലോ മാംസമോ കഴിച്ചാലും ആത്യന്തികമായി മണ്ണിൽ നിന്ന് ലഭിക്കുന്ന പദാർത്ഥങ്ങളാണ് പാലായും മാംസമായും മാറുന്നത് എന്നു മനസ്സിലാക്കാം.

നമ്മുടെ ശരീരത്തിൽ ഉള്ളത് അറുപതോളം കെമിക്കൽ മൂലകങ്ങളാണ് എന്ന് പറയുമ്പോൾ എന്താണ് ജൈവം എന്നതും രാസം എന്നതും തമ്മിലുള്ള വ്യത്യാസം എന്ന് നിങ്ങൾക്ക് തോന്നാം. ഒരു വ്യത്യാസവും ഇല്ല എന്നതാണ് വസ്തുത. ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം കെമിക്കൽ മൂലകങ്ങൾ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. അതായത് പ്രകൃതിയിൽ ജൈവം എന്നും രാസം എന്നും രണ്ട് തരം പദാർത്ഥങ്ങൾ ഇല്ല. ജീവൻ ഇല്ലാത്ത കെമിക്കൽ മൂലകങ്ങൾ കൊണ്ടാണ് ജീവൻ ഉള്ളവയും ഉണ്ടായിട്ടുള്ളത്. പ്രകൃതിയിൽ 92 തരം മൂലകങ്ങൾ മാത്രമേയുള്ളൂ. പീരിയോഡിക്ക് ടേബിളിൽ 118 മൂലകങ്ങൾ കാണും. 92ന് ശേഷം വരുന്ന മൂലകങ്ങൾ ലബോറട്ടറിയിൽ ഉണ്ടാക്കുന്നതാണ്. എന്തായാലും ഒന്നാമത്തെ മൂലകം ആയ ഹൈഡ്രജൻ മുതൽ തൊണ്ണൂറ്റിരണ്ടാമത്തെ യുറേനിയം വരെ മാത്രമേ പ്രകൃതിയിൽ നിലനിൽന്നുള്ളൂ എന്ന് സാമാന്യമായി പറയാം.

ഈ 92 മൂലകങ്ങൾ കൊണ്ടാണ് ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും ഉണ്ടായിട്ടുള്ളത് എന്ന് നമ്മൾ അംഗീകരിച്ചേ മതിയാവൂ. ഇക്കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവജാലങ്ങളും എല്ലാം തന്നെ ഈ 92 മൂലകങ്ങളിൽ അടങ്ങും. എന്താണ് ജീവൻ എന്ന് ചോദിച്ചാലും ഈ 92ൽ അറുപതോളം മൂലകങ്ങളുടെ രാസപ്രവർത്തനങ്ങളുടെ ഫലം ആണ് ജീവൻ എന്ന് മാത്രമേ പറയാൻ പറ്റൂ. ശരീരത്തിൽ രാസപ്രവർത്താനം ഇല്ലെങ്കിൽ ജീവൻ ഇല്ല. ജീവൻ നിലനിർത്തുന്ന പ്രധാന രാസപ്രവർത്തനം ഗ്ലൂക്കോസ് എന്ന തന്മാത്ര ഓരോ കോശങ്ങളിലും വെച്ച് ശ്വസിക്കുന്ന വായുവിലെ ഓക്സിജനുമായി ചേർന്ന് ‘കത്തൽ’ എന്ന പ്രക്രിയയാണ്.

കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ എന്നിങ്ങനെ മൂന്ന് മൂലകങ്ങൾ ചേർന്ന തന്മാത്രയാണ് ഗ്ലൂക്കോസ്. സസ്യങ്ങളാണ് ഗ്ലൂക്കോസ് നിർമ്മിച്ചത്. സസ്യങ്ങൾ കാർബണും ഓക്സിജനും ഹൈഡ്രജനും നിർമ്മിക്കാൻ സൗരോർജ്ജം ഉപയോഗിച്ചിട്ടുണ്ട്. ആ സൗരോർജ്ജം തന്മാത്രോർജ്ജം ആയി ഗ്ലൂക്കോസിൽ ഉണ്ട്. വായുവിലെ ഓക്സിജൻ എന്ന് പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന തന്മാത്രയാണ്. ആ ഓക്സിജനും ഗ്ലൂക്കോസും ചേർന്ന് കോശങ്ങളിൽ വെച്ച് കത്തുമ്പോൾ വെളിപ്പെടുന്ന ഊർജ്ജം ആണ് ജീവൻ എന്ന പ്രവർത്തനത്തെ നിലനിർത്തുന്നത്.

നമ്മുടെ ശരീരഭാരത്തിൽ 65% ഓക്സിജനും, 18% കാർബണും, 10% ഹൈഡ്രജനും, 3% നൈട്രജനും, 1.5% കാൽസിയവും, 1% ഫോസ്‌ഫറസും  0.35% പൊട്ടാസിയവും, പിന്നെ സോഡിയം, ഇരുമ്പ്, സൽഫർ, മെഗ്‌നീഷ്യം, ക്ലോറിൻ സിങ്ക് മുതലായ മൂലകങ്ങൾ എല്ലാം കൂടി 1ശതമാനവും ആണുള്ളത് . മൂലകങ്ങളുടെ കണക്കാണ് ഏകദേശമായി പറഞ്ഞത്. നേരിയ വ്യത്യാസങ്ങൾ വരാം. ഈ മൂലകങ്ങൾ ചേർന്ന് തന്മാത്രകളും തന്മാത്രകൾ ചേർന്ന് കോശങ്ങളും കോശങ്ങൾ ചേർന്ന് ടിഷ്യൂകളും ടിഷ്യൂകൾ ചേർന്ന് അവയയവങ്ങളും അവയങ്ങൾ ചേർന്ന് ശരീരവും ഉണ്ടാകുന്നു.

ഉദാഹരണത്തിനു ഓക്സിജനും ഹൈഡ്രജനും ചേർന്ന ജലം ആണ് ശരീരഭാരത്തിന്റെ 62 ശതമാനവും ഉള്ളത്. അത് പോലെ ഓക്സിജനും കാർബണും ഹൈഡ്രജനും ചേർന്ന ഫേറ്റ് 16ശതമാനവും, ഓക്സിജനും നൈട്രജനും ഹൈഡ്രജനും കാർബണും ചേർന്ന പ്രോട്ടീൻ 16ശതമാനവും 1ശതമാനം കാർബോഹൈഡ്രേറ്റും 5 ശതമാനം മിനറൽസും ശരീരത്തിൽ ഉണ്ട്. ശരീരത്തിൽ ജീവന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ ഇപ്പറഞ്ഞ മൂലകങ്ങൾ വീണ്ടും പ്രകൃതിയുടെ ഭാഗം ആവുകയാണ്.

അപ്പോൾ നമ്മുടെ ശരീരം എന്നത് മുൻപ് പ്രകൃതിയിൽ ഉള്ള മൂലകങ്ങൾ തന്നെയാണ്. ഇതേ മൂലകങ്ങൾ വീണ്ടും പ്രകൃതിയിൽ ലയിച്ച് പിന്നെയും സസ്യങ്ങളുടെയോ മറ്റ് ജീവികളുടെയോ ഭാഗമാകും. അപ്പോൾ പ്രകൃതിയിൽ ഉള്ളതൊന്നും നശിക്കുന്നില്ല എന്നും പുതുതായി ഒന്നും ഉണ്ടാകുന്നുമില്ല എന്നും മനസ്സിലാക്കാം. ആരാണ് പ്രപഞ്ചത്തെയും ഇക്കാണുന്ന സർവ്വചരാചരങ്ങളെയും സൃഷ്ടിച്ചത് എന്ന് ചോദിക്കുമ്പോൾ മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുക്കേണ്ടി വരും. മാത്രമല്ല ആരാണ് സൃഷ്ടിച്ചത് എന്ന ചോദ്യം തന്നെ നിലനിൽക്കാത്ത ചോദ്യമാണ്. കാരണം ആർക്കും സൃഷ്ടിക്കാൻ കഴിയാത്തതാണ് പ്രപഞ്ചം. എങ്ങനെ ഈ പ്രപഞ്ചം ഉണ്ടായി എന്ന ചോദ്യം മാത്രമേ ചോദിക്കാൻ കഴിയൂ.

ശരീരത്തിൽ ഉള്ള മൂലകങ്ങളുടെ അനുപാതം മേലെ എഴുതിയെങ്കിൽ ഇനി ഭൂമിയിൽ ഉള്ള മൂലകങ്ങളുടെ അനുപാതം നോക്കാം. ഭൂമിയിൽ 46% ഓക്സിജനും, 27% സിലിക്കണും, 8% അലുമിനിയവും, 5% ഇരുമ്പും 4% കാൽസിയവും 2% ശതമാനം വീതം സോഡിയവും മെഗ്‌നീഷ്യവും പൊട്ടാസിയവും ബാക്കി മൂന്ന് ശതമാനമാണ് 80ൽ അധികം മൂലകങ്ങൾ ഉള്ളത്.  സൂര്യനിൽ 75ശതമാനം ഹൈഡ്രജനും 24ശതമാനം ഹീലിയവും 1ശതമാനം ഓക്സിജനും ആണുള്ളത് എന്നാണ് കണക്ക്. ഹൈഡ്രജൻ മൂലകം ഹീലിയം മൂലകം ആയി മാറുന്ന രാസപ്രവർത്തനം ആണ് സൂര്യനിൽ അനവരതം നടക്കുന്നത്. അതിന്റെ ഫലമാണ് സൂര്യനിൽ നിന്ന് പ്രകാശവും ഊർജ്ജവും ഭൂമിയിൽ എത്തുന്നത്.

നമ്മുടെ ശരീരത്തിലും ശരി, ചുറ്റുപാടിലും ശരി, അന്തരീക്ഷത്തിലായാലും പ്രകൃതിയിൽ ആയാലും നടക്കുന്ന പ്രവർത്തനങ്ങൾ അത്യന്തം അത്ഭുതകരങ്ങളാണ്. അറിവുകളുടെ മഹാസാഗരത്തിനു മുന്നിലാണ് നാം നിൽക്കുന്നത്. പക്ഷെ ആളുകൾ വിശ്വാസങ്ങളുടെ അന്തകാരത്തിൽ തപ്പിത്തടയുകയാണ്. അറിവുകൾ ജീവിതത്തെ മനോഹരമായ ഒരനുഭവം ആക്കിത്തീർക്കും.

No comments: