Links

ഡിവോഴ്‌സ് പരിഹാരം അല്ല

ഡിവോഴ്സ് ഇപ്പോൾ ആവശ്യത്തിൽ അധികം നടക്കുന്നുണ്ട് എന്നും അത് കൂടാൻ കാരണം സ്ത്രീ സാമ്പത്തികമായും ചിന്താപരമായും സ്വതന്ത്രമാകുന്നതിന്റെ സൂചിക ആണെന്നുമാണ് എന്റെ കഴിഞ്ഞ പോസ്റ്റിൽ വന്ന ഒരഭിപ്രായം. അതേ സമയം ഒരുമിച്ച് പോകാൻ യാതൊരു നിവൃത്തിയുമില്ലാതെ വന്നാൽ ഡിവോഴ്സ് ചെയ്ത് പിരിയുന്നതാണ് ഏറ്റവും നല്ലത് എന്ന അഭിപ്രായത്തിന് ഇപ്പോൾ നല്ല സ്വീകാര്യതയും ഉണ്ട്.
എന്റെ അഭിപ്രായത്തിൽ ഡിവോഴ്സ് പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. കാരണം നമ്മുടെ രാജ്യത്ത് പൌരന്മാർക്ക് യാതൊരു സോഷ്യൽ സെക്യൂരിറ്റിയും ഇല്ല. വാർദ്ധക്യത്തിൽ സംരക്ഷിക്കാൻ കുടുംബം ഇല്ലെങ്കിൽ അതൊരു വല്ലാത്ത അവസ്ഥയായിരിക്കും. ശരിക്ക് പറഞ്ഞാൽ 60 വയസ്സ് കഴിയുന്ന എല്ലാ പൌരന്മാർക്കും ജീവിയ്ക്കാൻ ആവശ്യമായ പെൻഷനും ചികിത്സയും ആണ് സർക്കാർ കൊടുക്കേണ്ടത്. അതാണ് സോഷ്യൽ സെക്യൂരിറ്റി എന്ന് പറയുന്നത്.
ഇപ്പോൾ കൊടുക്കുന്ന തൊഴിലില്ലായ്മ വേതനവും തൊഴിലുറപ്പും സൌജന്യ റേഷനും ഒക്കെ അനാവശ്യവും അസംബന്ധവും ആണ്. അധ്വാനിക്കാൻ ശേഷിയുള്ളവർക്ക് സർക്കാർ സൌജന്യം കൊടുക്കേണ്ടതില്ല. അധ്വാനിക്കാൻ ശേഷിയില്ലാത്തവരുടെ ബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുക്കണം. അതാണ് ന്യായവും ശരിയും. പക്ഷെ നമ്മുടെ രാജ്യത്ത് സർക്കാർ ചെയ്യുന്നത് എന്തും വോട്ട് ആകർഷിക്കാനുള്ള തരികിടകളാണ്. അതൊരു ആചാരമായിപ്പോയി. ഈ ആചാരം മാറാൻ പോകുന്നില്ല. സർക്കാരിന്റെ നക്കാപ്പിച്ചകൾ കൊണ്ട് ഒരാൾക്കും ജീവിയ്ക്കാനും കഴിയില്ല. വയസ്സ് കാലത്ത് സമാധാനമായി മരിക്കാൻ മക്കൾ വേണം, കുടുംബം വേണം. വിവാഹത്തിന്റെയും അത് അവസാനം വരെ തുടരേണ്ടതിന്റെയും ആവശ്യകത ഇതാണ്.
എന്തുകൊണ്ട് ഡിവോഴ്സ് വേണ്ടി വരുന്നു? ഇടയിൽ കയറിവരുന്ന പൊരുത്തക്കേടുകൾ ആണ് പ്രശ്നം. ആദ്യം മുതലേ ഇല്ലല്ലൊ. അപ്പോൾ എന്താണ് പൊരുത്തക്കേടുകൾ എന്ന് കണ്ടെത്തി അത് പരിഹരിക്കാനുള്ള സന്നദ്ധത രണ്ടാൾക്കും ഉണ്ടെങ്കിൽ ഡിവോഴ്സ് വേണ്ടി വരില്ല. എന്തായാലും ഭാര്യയും അല്ലെങ്കിൽ ഭർത്താവും മക്കളും വേണം. അല്ലെങ്കിൽ സെക്യൂരിറ്റി ഇല്ല. അപ്പോൾ പിന്നെ ഉള്ളതിനെ ഒഴിവാക്കി വേറെ അന്വേഷിച്ച് പോകുന്നത് എന്തിനാണ്? ഇനി കിട്ടാൻ പോകുന്ന ബന്ധം ഇതിനേക്കാൾ മെച്ചം എന്ന് എന്താണ് ഒരുറപ്പ്? ചിലർക്ക് ഡിവോഴ്സിനു ശേഷം നല്ല ബന്ധങ്ങൾ കിട്ടുന്നുണ്ട് കേട്ടോ. ഇല്ല എന്ന് പറയുന്നില്ല. എന്നാലും മക്കളൊക്കെ ആയവർക്ക് ആ വൈകാരിക പ്രശ്നം ജീവിതകാലം മുഴുവൻ വേട്ടയാടുന്ന സംഗതിയാണ്. സെന്റിമെന്റ്സ് ഉള്ളവരുടെ കാര്യമാണ് പറഞ്ഞത്. അതൊന്നും ഇല്ലാത്തവർക്ക് ഒന്നും ഇല്ല.
ജോലിക്ക് പോകുന്ന സ്ത്രീകളോട്, പൊതുരംഗത്ത് കഴിവ് പ്രകടിപ്പിക്കുന്ന സ്ത്രീകളോട് ഭർത്താക്കന്മാർക്ക് തോന്നുന്ന ഇൻഫീരിയോരിറ്റി കോം‌പ്ലക്സും സംശയവും ഒക്കെയാണ് കുടുംബജീവിതത്തിൽ ഇക്കാലത്ത് ഉണ്ടാകുന്ന പൊരുത്തക്കേടുകൾ. അന്യസ്ത്രീകളെ കണ്ടമാനം വായ്‌നോക്കുകയും സ്വന്തം ഭാര്യയെ സംശയിക്കുകയും ചെയ്യുന്ന ഞരമ്പ് രോഗം ഇപ്പോൾ വളരെ കൂടുതലാണ്. ഞാൻ അന്യസ്ത്രീകളെ പഞ്ചാരയടിക്കുന്നത് പോലെ എന്റെ ഭാര്യയും പഞ്ചാരയ്ക്ക് നിന്നുകൊടുക്കുന്നുണ്ടോ എന്നതാണ് സംശയരോഗികളായ ഭർത്താക്കന്മാരുടെ പ്രശ്നം. തിരിച്ചും ഉണ്ടാകാം.
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. ഒരേ ഇണയിൽ സംതൃപ്തി കണ്ടെത്തുന്ന ജീവിയല്ല മനുഷ്യൻ. ആണായാലും പെണ്ണായാലും അവരിൽ പോളിഗാമിക് ത്വരകൾ അന്തർലീനമായിട്ടുണ്ട്. അത് കൺ‌ട്രോൾ ചെയ്യുകയാണ് എല്ലാവരും ചെയ്യുന്നത്. ആ കൺ‌ട്രോൾ ആണ് കൃത്രിമം. പോളിഗാമിക് വാസനയാണ് നാച്വറൽ. കുടുംബജീവിതത്തിന്റെ ലക്ഷ്യം ലൈംഗികത മാത്രമല്ല സ്നേഹം, മക്കൾ, സുരക്ഷിതത്വം, പരസ്പരസഹായം അങ്ങനെ ഒരുപാട് ഘടകങ്ങൾ അനിവാര്യമാക്കി തീർക്കുന്നതാണ് കുടുംബം എന്ന സ്ഥാപനം. വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിൽ ഇപ്പറഞ്ഞ ഘടകങ്ങൾ ഒന്നും ഉണ്ടാവുകയില്ല. വെറും പോളിഗാമിക് ത്വര മാത്രമേ ഉണ്ടാവുകയുള്ളൂ. അതൊരു നിസ്സാര പ്രശ്നം ആയി കാണാനും പരസ്പരം പറഞ്ഞ് തീർക്കാനും കുടുംബം എന്ന സ്ഥാപനം തുടർന്ന് നടത്തിക്കൊണ്ട് പോകാനും കഴിഞ്ഞാൽ കുറേ പ്രശ്നങ്ങൾ ഒഴിവായിക്കിട്ടും.
തന്നേക്കാളും കഴിവും പ്രാവീണ്യവും പൊതുരംഗത്തെ പ്രസൻസും ഭാര്യയ്ക്ക് ഉണ്ടെങ്കിൽ അതിൽ അപകർഷത തോന്നാതെ അഭിമാനിക്കാനും പ്രോത്സാഹിപ്പിക്കാനും ഭർത്താക്കന്മാർക്ക് കഴിയുമെങ്കിൽ നിരവധി ഡിവോഴ്സുകൾ ഒഴിവാക്കാൻ സാധിക്കും. ഭക്ഷണം, വസ്ത്രം, സെക്സ്, കീർത്തി ഇത് നാലും ആണ് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ. ഈ നാല് ആവശ്യങ്ങൾ നിവർത്തിക്കപ്പെടാനാണ് മനുഷ്യർ പ്രയത്നിക്കുന്നത്. അല്ലാതെ ഈ ജീവിതം കൊണ്ട് വേറൊരു മലമറിക്കലും ഇല്ല. ഇതിൽ നാലാമത്തെ ആവശ്യമായ കീർത്തി സമ്പാദിക്കാൻ എല്ലാവർക്കും കഴിയില്ല. ചിലർ വിജയിക്കുന്നു, പലരും പരാജയപ്പെടുന്നു. എന്നാൽ കീർത്തി ആഗ്രഹിക്കാത്ത ആരും ഇല്ല. ഭർത്താക്കന്മാരുടെ കീർത്തിയിൽ ഭാര്യമാർ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയുമ്പോൾ ഭാര്യമാരുടെ കീർത്തിയിൽ ഭർത്താക്കന്മാർ അപകർഷതയാൽ അസ്വസ്ഥരാകുന്നതും ഡിവോഴ്സിനു കാരണമാകുന്നതും ഉണ്ട്.
അതുകൊണ്ട് വിശാലമായി ചിന്തിക്കാൻ കഴിഞ്ഞാൽ പല ഡിവോഴ്സുകളും ഒഴിവാക്കാം എന്നും അതാണ് നല്ലത് എന്നുമാണ് എന്റെ അഭിപ്രായം.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

'കുടുംബജീവിതത്തിന്റെ ലക്ഷ്യം ലൈംഗികത മാത്രമല്ല സ്നേഹം, മക്കൾ, സുരക്ഷിതത്വം, പരസ്പരസഹായം അങ്ങനെ ഒരുപാട് ഘടകങ്ങൾ അനിവാര്യമാക്കി തീർക്കുന്നതാണ് കുടുംബം എന്ന സ്ഥാപനം. വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിൽ ഇപ്പറഞ്ഞ ഘടകങ്ങൾ ഒന്നും ഉണ്ടാവുകയില്ല. വെറും പോളിഗാമിക് ത്വര മാത്രമേ ഉണ്ടാവുകയുള്ളൂ. അതൊരു നിസ്സാര പ്രശ്നം ആയി കാണാനും പരസ്പരം പറഞ്ഞ് തീർക്കാനും കുടുംബം എന്ന സ്ഥാപനം തുടർന്ന് നടത്തിക്കൊണ്ട് പോകാനും കഴിഞ്ഞാൽ കുറേ പ്രശ്നങ്ങൾ ഒഴിവായിക്കിട്ടും.'

ഇതൊക്കെ ഭാരതീയ/ഏഷ്യൻ
കാഴ്ചപ്പാടിൽ ഉണ്ടായിരുന്ന ഘടകങ്ങളാണ് .

പക്ഷെ പാശ്ചാത്യ സംസ്കാരം ഫോളോ ചെയ്യുന്ന ഇന്നത്തെ പുതുതലമുറ ഇതിലൊന്നും കാര്യമായി വിശ്വസിക്കുന്നില്ല എന്നതാണ്
ഇതിനൊക്കെയുള്ള  ചില കാരണങ്ങൾ