Links

ശാസ്ത്രവും മാർക്സിസ്റ്റുകാരനും

ഇന്നലെ ഒരു സഖാവുമായി തെറ്റി. അഭ്യസ്ഥവിദ്യനും മാർക്സിസ്റ്റുകാരനുമായത് കൊണ്ടാണ് തെറ്റിയത്. മാർക്സിസ്റ്റുകാരനും ബിരുദധാരിയും ആകുമ്പോൾ മിനിമം ഒരു ശാസ്ത്രബോധം പ്രതീക്ഷിച്ചുപോകും. യോഗയും ആയുർവേദവും ഭാരതത്തിന്റെ സംഭാവനയായ ശാസ്ത്രമാണെന്ന വാദത്തിൽ ഉറച്ചു നിന്നതാണ് തെറ്റാൻ കാരണം. ഭാരതത്തിലെ പൗരാണിക ദർശനങ്ങളെല്ലാം ശാസ്ത്രമാണെന്ന് മാർക്സിസ്റ്റുകാരൻ കരുതാൻ പാടില്ല. ഇപ്പോൾ യോഗയും കൊണ്ട് ഇറങ്ങിയിരിക്കുന്നത് വോട്ടിനു വേണ്ടിയാണ്. വിശ്വാസങ്ങളെ ചൂഷണം ചെയ്ത് വോട്ട് പെട്ടിയിലാക്കുക എന്ന അടവ്തന്ത്രം. എന്ന് വെച്ച് ശാസ്ത്രം ഏത് അശാസ്ത്രം ഏത് എന്ന തിരിച്ചറിവ് മാർക്സിസ്റ്റുകാരനു നഷ്ടപ്പെട്ടുകൂട.
പ്രപഞ്ചത്തിൽ ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്ന പുരാതന ഭാരതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് വാതം,പിത്തം,കഫം എന്നിങ്ങനെ ത്രിദോഷങ്ങളാണ് രോഗങ്ങൾക്ക് നിദാനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ സിദ്ധാന്തം രചിക്കപ്പെട്ടത്. പഞ്ചഭൂതസിദ്ധാന്തവും ത്രിദോഷ സിദ്ധാന്തവും ശാസ്ത്രമായാണ് പൗരാണിക ഭാരതത്തിൽ പഠിപ്പിക്കപ്പെട്ടത്. ഇക്കാലത്തും അത് ശാസ്ത്രമാണെന്ന് ആരും പറയില്ല. പക്ഷെ, കേവലം അനുമാനങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെട്ട അത്തരം സിദ്ധാന്തങ്ങളെല്ലാം വാസ്തു, ജ്യോതിഷം ഉൾപ്പെടെ ഹിന്ദുമതവുമായി ബന്ധപ്പെടുത്തി ദേശീയശാസ്ത്രമാണെന്ന് സ്ഥാപിക്കാൻ മതവാദികൾ ശ്രമിക്കുന്നുണ്ട്. മാർക്സിസ്റ്റുകാരൻ ആ കുരുക്കിൽ വീണുകൂട.
ദേശീയശാസ്ത്രം എന്നൊന്നില്ല. ശാസ്ത്രത്തിനു ദേശത്തിന്റെ അതിരുകൾ ഇല്ല. ശാസ്ത്രം പ്രപഞ്ചത്തിൽ എവിടെയും അപ്ലിക്കബിൾ ആയിരിക്കണം, എന്നാൽ മാത്രമേ അത് ശാസ്ത്രമാകൂ. ഞങ്ങൾ ഭാരതീയർക്ക് ഭാരതീയശാസ്ത്രമുണ്ടെന്ന് പറയുന്നത് മിഥ്യയായ ഈഗോ മാത്രമാണ്. പ്രപഞ്ചം നിർമ്മിക്കപ്പെട്ടത് പഞ്ചഭൂതങ്ങളാൽ അല്ല. പഞ്ചഭൂതങ്ങൾ എന്ന് അന്ന് നിരീക്ഷിച്ച മണ്ണ് സിലിക്കൺ, അലൂമിനിയം, ഇരുമ്പ് തുടങ്ങി കുറേ മൂലകങ്ങളുടെ സംയുക്തമാണ്. വായു ഓക്സിജൻ,നൈട്രജൻ,കാർബൺ ഡൈഓക്സൈഡ് മുതലായ മൂലകങ്ങളും , ജലം ഓക്സിജനും ഹൈഡ്രജനും ചേർന്നതും , ആകാശം മിഥ്യയായ ഒരു കാഴ്ചയും അഗ്നി എന്നത് ഏത് പദാർത്ഥത്തിലെയും കാർബൺ അണു ഓക്സിജനുമായി സംയോജിച്ച് കത്തുമ്പോൾ പുറത്തേക്ക് തെറിക്കുന്ന എലക്ട്രോണുകളുമാണ്. പണ്ടത്തെ അനുമാനങ്ങളിൽ നിന്നും ഇതൊക്കെ എന്താണെന്ന് വസ്തുനിഷ്ടമായി തിരിച്ചറിയുന്നിടത്താണ് യഥാർഥ ശാസ്ത്രം ആരംഭിക്കുന്നത്. ഊഹങ്ങളും അനുമാനങ്ങളും ശാസ്ത്രമല്ല. അത്കൊണ്ട് ശാസ്ത്രം പൗരാണികചിന്തകളുടെ തുടർച്ചയല്ല. വസ്തുക്കളുടെയും വസ്തുതകളുടെയും കാര്യകാരണ ബന്ധം സ്ഥാപിക്കലാണ് ശാസ്ത്രം.
രോഗങ്ങൾ ഉണ്ടാകുന്നത് ത്രിദോഷം കൊണ്ടാണെന്ന ആയുർവേദ നിഗമനങ്ങൾ ശാസ്ത്രമല്ല. എന്ത്കൊണ്ട് രോഗം ഉണ്ടാകുന്ന എന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നിടത്തിടത്താണ് വൈദ്യത്തിന്റെ ശാസ്ത്രം ആരംഭിക്കുന്നത്. വ്യത്യസ്തവും വൈവിധ്യവുമാർന്ന അനേകതരം രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന് കണ്ടുപിടിച്ചിട്ട് അത്രയും കാലമായിട്ടില്ല. ആ രോഗാണുക്കളുടെ കണ്ടുപിടുത്തവും അതിനെ നശിപ്പിക്കാനുള്ള മരുന്നുകളും ആണ് ശാസ്ത്രം. രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന കണ്ടുപിടുത്തം ആയുർവേദമോ, ഹോമിയോപ്പതിയോ, സിദ്ധയോ, യുനാനിയോ , നേച്വറോപ്പതിയോ അംഗീകരിക്കുന്നില്ല. അംഗീകരിച്ചാൽ ആ സിദ്ധാന്തങ്ങളിലൊന്നും രോഗാണുക്കളെ നശിപ്പിക്കാനുള്ള മരുന്നുകൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയില്ല. അത്കൊണ്ട് രോഗാണുസിദ്ധാന്തം തള്ളിക്കളയുക എന്ന തന്ത്രമാണ്, ഇക്കാലത്തെ ആയുർവേദാദി ചികിത്സകർ പയറ്റുന്നത്. ആയുർവേദ-ഹോമിയോ-നേച്വറോപ്പതിക്കാർ തള്ളിക്കളയുന്നു എന്ന് വെച്ച് ഭൂമിയിൽ രോഗകാരികളായ രോഗാണുക്കൾ ഇല്ല എന്ന് അർത്ഥമില്ല. രോഗാണുക്കൾ ഉണ്ട്. അവയെ നശിപ്പിക്കാൻ ആന്റിബയോട്ടിക്ക് വിഭാഗത്തിൽ നിരവധി മരുന്നുകളും ഇന്ന് ലഭ്യമാണ്. അത്കൊണ്ട് മോഡേൺ മെഡിസിൻ മാത്രമാണ് ശാസ്ത്രം.
യോഗ എടുത്താൽ ശരീരത്തിനും മനസ്സിനും വ്യായാമം എന്ന് മാത്രമല്ല ശരീരവും മനസ്സും ശുദ്ധീകരിക്കാൻ ചികിത്സയും കൂടിയാണ് എന്നാണ് അവകാശവാദം. അപ്പറയുന്നത് ശാസ്ത്രമല്ല. ആത്മീയവാദമാണ്. മനസ്സ് എന്ന് പറയുമെങ്കിലും അങ്ങനെ ഒരു അവയവം ശരീരത്തിൽ ഇല്ല. വെളിച്ചം, മധുരം എന്നൊക്കെ പറയുന്നത് പോലെ അമൂർത്തമായ വാക്കുകളാണ് മനസ്സും ആത്മാവും ഒക്കെ. ശരീരം ഭൗതികമാണ്, പക്ഷെ മനസ്സും ആത്മാവും ഭൗതികമല്ല. ഭൗതികമല്ലാത്ത ഒന്നിൽ വ്യായാമമോ ശുദ്ധീകരണ പ്രക്രിയയോ ശരീരത്തിൽ എന്ന പോലെ സാധ്യമാകുന്ന ഒന്നല്ല. യോഗ പതിവായി ചെയ്താൽ ഒരു ലഘുവ്യായാമം മാത്രം. എന്നാൽ ജിം‌നേഷ്യത്തിലെ അഭ്യാസമുറകൾ നമ്മുടെ ശരീരത്തെ എങ്ങനെയും വളക്കാനും ഒടിക്കാനും രൂപപ്പെടുത്താനും പ്രാപ്തമാക്കുന്ന എക്സർസൈസുകളാണ്. ജിം അഭ്യാസങ്ങളുമായി തുലനം ചെയ്താൽ യോഗ ഒന്നുമല്ല.
മനുഷ്യനെ മുന്നോട്ടേക്ക് പ്രയാണം ചെയ്യുന്നതിൽ നിന്ന് വിലക്കി പിന്നോട്ടേക്ക് പിടിച്ചുവലിക്കുന്നത് ഭൂതകാല ചിന്തകളും വിശ്വാസങ്ങളുമാണെന്ന് കാറൽ മാർക്സ് എഴുതിയിട്ടുണ്ട്. അത് മാർക്സിസ്റ്റുകാരൻ മനസ്സിലാക്കേണ്ടതാണ്. യോഗയോടും ആയുർവേദത്തോടും ഒക്കെ ആളുകൾക്ക് വൈകാരികമായ ബന്ധം തോന്നുന്നത് ഭൂതകാലത്തിനു മനുഷ്യമനസ്സുകളിൽ ഉള്ള പിടുത്തം കൊണ്ടാണ്. ആ പിടുത്തം പൊട്ടിച്ചെറിഞ്ഞ് വർത്തമാന കാലത്തിനോടൊപ്പമാണ് മനുഷ്യർ സഞ്ചരിക്കേണ്ടത്. അതിന്റെ അർത്ഥം മനുഷ്യരാശിയുടെ സഞ്ചിത സംസ്ക്കാരവും മൂല്യങ്ങളും നിരാകരിക്കണം എന്നല്ല. അറിവുകൾ പുതുപ്പിക്കപ്പെടണം എന്നാണ് ഉദ്ദേശിച്ചത്. ഒരു യഥാർഥ മാർക്സിസ്റ്റുകാരനു ഞാൻ മേൽപ്പറഞ്ഞതെല്ലാം മനസ്സിലാകുമായിരുന്നു. ഒട്ടും മനസ്സിലാക്കാൻ ശ്രമിക്കാത്തത്കൊണ്ടാണ് ആ സഖാവുമായി തെറ്റേണ്ടി വന്നത്. അതിൽ ഞാൻ ഖേദിക്കുന്നു.

ജയമോഹനും ഞാനും


പതിനാലാം വയസ്സിൽ ഞാനും വീട്ടിൽ നിന്ന് ഒളിച്ചോടിയതാണ്. അച്ഛന്റെ മരണം. പഠിത്തം തുടരാൻ കഴിയാത്ത നിരാശ. വീട്ടിലെ ദാരിദ്ര്യവ...
Posted by KP Sukumaran on Tuesday, 29 December 2015

എട്ടുകാലി മമ്മൂഞ്ഞും സാമ്പത്തികനയവും



ചരക്ക്സേവന നികുതി നിയമം (ജി.എസ്.ടി) മോദിയുടെ കണ്ടുപിടുത്തമാണെന്ന് സംഘികൾ പ്രചരിപ്പിക്കുന്നുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് ആകാ...
Posted by KP Sukumaran on Saturday, 28 November 2015

ചുംബനസമരത്തിന്റെ ഭാവി

രാഹുൽ പശുപാലനും പങ്കാളി രശ്മിയും ഫ്രോഡുകൾ ആണെന്ന് തന്നെയാണ് വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. പക്ഷെ അവരുടെ പാവം ആ
കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോഴാണ് സങ്കടം തോന്നുന്നത്. അവർക്ക് മാന്യമായ ജോലി ചെയ്ത് ആ മകനെയും വളർത്തി ഡീസന്റായി ജീവിയ്ക്കാമായിരുന്നു.  എത്രയെത്ര
തട്ടിപ്പുകൾ പിടിക്കപ്പെടുന്നു, എന്നിട്ടും വിവരവും വിദ്യാഭ്യാസവും ഉള്ള ഇവരെ പോലെയുള്ളവർ തട്ടിപ്പുകളുടെ പുതിയ പുതിയ ചക്രവാളങ്ങൾ തേടിപ്പോയി പിടിയിലാകുന്നല്ലോ എന്നത് അതിശയം തന്നെ. ഉപ്പ് തിന്നവർ തീർച്ചയായും വെള്ളം കുടിക്കണം. അവരവർക്ക് അവരവരുടെ സൗകര്യം പോലെ പണം ഉണ്ടാക്കി ജീവിയ്ക്കാം. പക്ഷെ മറ്റുള്ളവരെയും കെണിയിൽ പെടുത്തി വാണിഭം നടത്തി പണമുണ്ടാക്കുന്നത് അങ്ങേയറ്റം നീചമാണ്. അങ്ങനെയുള്ളവർ ഒരു സഹതാപവും അർഹിക്കുന്നില്ല. പക്ഷെ പാവം ആ കുട്ടിയുടെ ഭാവി?

ചുംബനസമരം അന്നും ഇന്നും , സദാചാരപോലീസുകൾ വിളയാടുന്ന കാലം വരെ പ്രസക്തിയുള്ള ഒരു പ്രതിഷേധരീതി തന്നെയാണ്. അത് എല്ലാവർക്കും മനസ്സിലാവില്ല. സമൂഹത്തിൽ പിന്തിരിപ്പൻ ആശയങ്ങൾ മുറുകെ പിടിക്കുന്നവരും, ലിബറലായ  പുരോഗമനാശയങ്ങൾ വെച്ചുപുലർത്തുന്നവരും അങ്ങനെ രണ്ട്  വിഭാഗങ്ങളുണ്ട്. വിരുദ്ധധ്രുവങ്ങളിൽ ചിന്തിക്കുന്ന ഈ രണ്ട് വിഭാഗവും തമ്മിൽ ആശയസംഘർഷങ്ങൾ എന്നുമുണ്ടാകാറുമുണ്ട്. ചുംബനസമരത്തിൽ ഈ രണ്ട്  ആശയങ്ങളുമാണ് ഏറ്റുമുട്ടിയത്. ലിബറൽ ആശയക്കാർ ആ സമരത്തെ അനുകൂലിച്ചു. എനിക്ക് ലിബറൽ ആശയക്കാരോടൊപ്പം നിൽക്കാനേ പറ്റുമായിരുന്നുള്ളൂ. കാരണം
മനുഷ്യരാശി ആശയപരമായും വൈജ്ഞാനികമായും സാങ്കേതികവിദ്യകളോടെയും മുന്നോട്ടേക്കാണ് സഞ്ചരിക്കുന്നത്.

പഴഞ്ചൻ ആശയക്കാർ സമൂഹത്തെ പിന്നോട്ടേക്കാണ് എല്ലായ്പ്പോഴും വലിച്ചുകൊണ്ടിരിക്കുക. ഭൂതകാലത്തിന്റെ കുറ്റിയിൽ സമൂഹത്തെ കെട്ടിയിടാനാണ് പിന്തിരിപ്പൻ
ചിന്താഗതിക്കാർ ശ്രമിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അവരവരുടേതായ ശക്തിയും പരിമിതികളുമുണ്ട്.  സ്ത്രീകളെ പുരുഷന്മാരോടൊപ്പം സമഭാവനയോടെ കാണുകയും
പരിഗണിക്കുകയും ചെയ്യുന്നതാണ് ലിബറൽ ആശയം.  പുരുഷകേന്ദ്രീകൃതമായതാണ് നിലവിലെ നിയമങ്ങളും വിശ്വാസങ്ങളും കീഴ്‌വഴക്കങ്ങളും എല്ലാം, ഭാഷ പോലും. അത് കൊണ്ടാണ് പെൺവാണിഭം പോലെ ആൺവാണിഭം എന്നൊരു പദം ഇല്ലാത്തത്. കന്യകാത്വവും ചാരിത്ര്യവും  സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നത്.

സ്ത്രീകൾക്ക് ഇനിയും എത്രയോ നീതിയും അംഗീകാരവും പരിഗണനയും വ്യക്തി എന്ന നിലയിൽ തുല്യപദവിയും കിട്ടേണ്ടതുണ്ട്. അതൊന്നും പുരുഷന്മാരുടെ ഔദാര്യമല്ല. പുരുഷന് മാത്രം അങ്ങനെയൊരു വിവേചനം പാടില്ല. അത് കൊണ്ട് ചുംബനസമരം പോലുള്ള ജനാധിപത്യ പ്രതിഷേധങ്ങൾ ഇനിയും നടക്കും. സമൂഹത്തിൽ എക്കാലത്തും  പിന്തിരിപ്പൻ ആശയക്കാർക്കായിരുന്നു മുൻതൂക്കവും ഭൂരിപക്ഷവും. അങ്ങനെയുള്ള ഭൂരിപക്ഷത്തെ വെല്ലുവിളിച്ചും നേരിട്ടുമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ  ജനാധിപത്യം പോലും നേടിയെടുത്തത്.  അത്കൊണ്ട് ഒരു പശുപാലനും  പത്നിയും കുറ്റം ചെയ്തതിന്റെ പേരിൽ ജയിലിലായെങ്കിൽ പുരോഗമന മുന്നേറ്റങ്ങൾ ഇവിടെ നിലയ്ക്കുന്നില്ല എന്ന് എല്ല്ലാവരും മനസ്സിലാക്കുന്നത് നന്ന്.

ഫേസ്‌ബുക്ക് ടോക്ക്



കാരായിമാർ കണ്ണൂരിൽ മത്സരിക്കുന്നത് സി.പി.എമ്മിന്റെ തനിനിറം വ്യക്തമാക്കുന്നു...




https://www.facebook.com/kpsukumaran/videos/10153697815387658/?l=5472841074022034193

ഹരീഷ് വാസുദേവൻ എന്ന അല്പനും അനുയായികളും പിന്നെ നമ്മുടെ ജനാധിപത്യവും

മുഖമന്ത്രി ശ്രീ, ഉമ്മൻ ചാണ്ടിയെ കരണത്തടിക്കാൻ ആഹ്വാനം ചെയ്യുന്ന ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് 6500ഓളം ലൈക്കുകൾ കിട്ടുകയുണ്ടായി. നമ്മുടെ ഒരു രീതി അനുസരിച്ച് നമ്മൾ വിശ്വസിക്കാത്ത പാർട്ടിയുടെ ഭരണാധികാരികൾ നല്ലത് ചെയ്താലോ തെറ്റ് ചെയ്താലോ എതിർപാർട്ടിക്കാരൻ എന്ന ഒറ്റക്കാരണത്താൽ വെറുക്കുകയും സദാ കുറ്റം പറയുകയും ചെയ്യുക എന്നത് ഒരു ശീലമാണ്. വേറെ പാർട്ടി ഭരിക്കുന്നത് ഉൾക്കൊള്ളാനുള്ള വിവേകവും ജനാധിപത്യമര്യാദയും നമുക്ക് കുറവാണ്. അത്കൊണ്ട് ഏത് സർക്കാർ വിരോധ പ്രസ്താവങ്ങളും ഉടലെടുക്കുന്നത് ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ വിശ്വസിക്കുന്ന പാർട്ടിയല്ല സർക്കാരിനെ നയിക്കുന്നത് എന്ന കാരണത്താലാണ്.

ശ്രീ.ഉമ്മൻ ചാണ്ടി കേരളത്തിൽ എത്രയോ പേർക്ക് അനഭിമതനാണ്. കാരണം അദ്ദേഹം കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയാണ്. അതേ സമയം ശ്രീ. ഉമ്മൻ ചാണ്ടി എത്രയോ പേർക്ക് പ്രിയപ്പെട്ട മുഖ്യമന്ത്രിയുമാണ്. സ്ഥാനമേറ്റത് മുതൽ ശ്രീ. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെയിടയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ആ പ്രവർത്തനങ്ങളുടെ ഫലമായി അദ്ദേഹം തന്നെ വീണ്ടും കേരള മുഖ്യമന്ത്രിയാകും എന്ന പ്രതീക്ഷ പലർക്കുമുണ്ട്. അതെന്തായാലും അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ അക്കാര്യം വ്യക്തമാവുകയുള്ളൂ.

മുഖ്യമന്ത്രിയെ കരണത്തടിക്കാൻ മാത്രം ആഹ്വാനം ചെയ്യാൻ ഹരീഷ് വാസുദേവനെ പ്രകോപിപ്പിച്ചത് എന്തെന്നറിയില്ല.  എല്ലാവരും ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെ പേരിൽ തന്നെയാണ് സംസാരിക്കാറുള്ളത്. നമുക്കറിയാം നമ്മുടേത് കക്ഷിരാഷ്ട്രീയത്താൽ വിഭജിക്കപ്പെട്ട ജനങ്ങളാണെന്നത്.  എന്നാലും ഏത് കക്ഷിനേതാവും ഏത് പാർട്ടിയുടെ മന്ത്രിയും ജനങ്ങൾ എന്ന് പറയുമ്പോൾ അതേത് ജനം എന്നാരും ചോദിക്കാറില്ല. ജനങ്ങൾക്ക് വേണ്ടി എല്ലാവർക്കും സംസാരിക്കാം എന്നൊരു ധാരണയിലായിരിക്കാം അതാരും ചോദ്യം ചെയ്യാത്തത്.  ഹരീഷ് വാസുദേവനു മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലും ഭരണനടപടികളിലും ക്ഷമയുടെ നെല്ലിപ്പലക കണ്ടുപോലും.

ഇനി തീരെ ക്ഷമിക്കാൻ കഴിയില്ല എന്നത് കൊണ്ടാണത്രെ ആരെങ്കിലും ശിക്ഷ അനുഭവിക്കാൻ തയ്യാറായിക്കൊണ്ട് മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് ഒന്ന് അടിച്ചു തരുമോ എന്ന് ചോദിക്കുന്നത്. പ്രേരണാകുറ്റത്തിന്റെ ശിക്ഷ താൻ അനുഭവിച്ചോളാം എന്നും അയാൾ ഉറപ്പ് തരുന്നുണ്ട്. ഈ ആഹ്വാനം അല്പത്വമാണ്. അത്കൊണ്ടാണ് ഹരീഷ് വാസുദേവൻ ശ്രീദേവി എന്ന ആ പൗരനും അയാളുടെ പോസ്റ്റ് ലൈക്ക് ചെയ്ത അത്രയും പേരും അല്പന്മാരാകുന്നത്. എന്തെന്നാൽ പലവിധ വിശ്വാസങ്ങളാലും നയങ്ങളാലും വിഘടിച്ചു നിൽക്കുന്ന പൗരന്മാരുള്ള നമ്മുടെ രാജ്യത്ത് നൂറ് ശതമാനം പേരും അംഗീകരിക്കുന്ന , ഇഷ്ടപ്പെടുന്ന ഭരണാധികാരികൾ ഒരു കാലത്തും വരാൻ പോകുന്നില്ല.

ഏത് പാർട്ടി ഭരിച്ചാലും ഏത് നേതാവ്  അധികാരത്തിൽ ഇരുന്നാലും ആ സർക്കാരിനെയും മന്ത്രിമാരെയും വേറെ പാർട്ടിക്കാരൻ എന്ന നിലയിൽ വെറുക്കുന്നവരും ക്ഷമ നശിക്കുന്നവരും ഉണ്ടാകും. അങ്ങനെ ക്ഷമ നശിക്കുന്നവരൊക്കെ മുഖ്യമന്ത്രിയെയോ പ്രധാന മന്ത്രിയെയോ ഒന്ന് കരണത്തടിച്ചു തരുമോ എന്ന് ചോദിച്ച് രംഗത്ത് വന്നാൽ എങ്ങനെയിരിക്കും. എങ്ങനെയുമില്ല, ആ ചോദിച്ചവന്റെയും ആ ചോദ്യം ഏറ്റെടുത്തവരുടെയും മനസ്സിലെ അല്പത്വവും വൈകൃതവും പുറത്ത് വരുന്നു എന്നേയുള്ളൂ. ആരും അടിക്കാനും പോകുന്നില്ല, അങ്ങനെ ആഹ്വാനം ചെയ്യപ്പെട്ടത്കൊണ്ട് ബന്ധപ്പെട്ട ഭരണാധികാരിക്ക് ഒന്നും സംഭവിക്കാനും പോകുന്നില്ല. ആനപ്പുറത്ത് ഇരിക്കുന്നവനെ നോക്കി പട്ടികൾ കുരയ്ക്കുന്നത് പോലെ മാത്രമേയാകൂ ആ ആഹ്വാനം. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ അടുത്ത പ്രാവശ്യം പിണറായി മുഖ്യമന്ത്രി ആവുകയാണെങ്കിൽ അദ്ദേഹത്തിന്റെയോ കരണക്കുറ്റിക്ക് ഒന്നടിച്ച് വരാമോ എനിക്ക് ക്ഷമ നശിച്ചിട്ടാ എന്ന് ഏത് ഒരുത്തൻ നൊടിഞ്ഞാലും അതും പട്ടി കുരച്ചതിന് സമം തന്നെയായിരിക്കും. മറ്റ് പട്ടികൾ ഏറ്റ് പിടിച്ചു കുരക്കുകയും ചെയ്യും എന്ന് മാത്രം. ഇങ്ങനെ പറയാൻ കാരണം ഒന്ന് മാത്രം, മുഴുവൻ പേരെയും തൃപ്തിപ്പെടുത്തി ഭരിക്കൽ ഒരിക്കലും നടക്കില്ല. അത് കൊണ്ട് ഏതെങ്കിലും മനോരോഗിക്ക് ആരെങ്കിലും ഭരിക്കുമ്പോൾ ക്ഷമ നശിക്കുന്നെങ്കിൽ അടുത്ത എലക്‌ഷൻ വരെ കാത്തിരിക്കണം. എന്നിട്ടും ക്ഷമിക്കാൻ കഴിയുന്നവർ ഭരണത്തിൽ വരുന്നില്ലെങ്കിൽ സഹിക്കണം. ഒന്ന് കരണത്തടിച്ച് താപ്പാ എന്ന് നിലവിളിക്കരുത്, ഈ ഹരീഷ് വാസുദേവൻ എന്ന അല്പനെ പോലെ.

മുഖ്യമന്ത്രിയെ കരണത്തടിച്ച് തരുമോ എന്ന് ഹരീഷ് വാസുദേവനു കരയാനും അയാളോടൊപ്പം ഒപ്പാരി വയ്ക്കാനും നമ്മുടെ ജനാധിപത്യത്തിൽ അവകാശമുണ്ട്. അടിക്കില്ലല്ലൊ. കരഞ്ഞു തീർക്കുകയല്ലേയുള്ളൂ. അഥവാ അടിച്ചാലും ഒരു പെറ്റിക്കേസ് മാത്രമേയുണ്ടാകൂ. അതും അടി കൊള്ളുന്നത് ശ്രീ.ഉമ്മൻ ചാണ്ടിയാണെങ്കിൽ അദ്ദേഹം ക്ഷമിച്ചുകളയും. പിണറായിക്കാണ് അടി കൊള്ളുന്നതെങ്കിൽ അപ്പോൾ തന്നെ പാർട്ടിക്കോടതി കൂടി അടിച്ചവന് വധശിക്ഷ നടപ്പാക്കും. കണ്ണൂരിൽ ശ്രീ. ഉമ്മൻ ചാണ്ടിക്ക് നെറ്റിയിൽ കല്ലേറ് കൊണ്ടപ്പോഴും,  സി.പി.എമ്മിന്റെ നേതാക്കൾ സഞ്ചരിക്കുന്ന കാറിന്റെ ചില്ലിന് പോറൽ ഏറ്റപ്പോഴും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. ഉമ്മൻ ചാണ്ടി ക്ഷമിച്ചു. പ്രതിയെ കിട്ടാതായപ്പോൾ കിട്ടിയവനെ പ്രതിയാക്കി അരിയിൽ ഷുക്കൂറിനെ കുത്തിക്കൊല്ലാൻ സി.പി.എം. പാർട്ടിക്കോടതി വിധിച്ചു.

ഹരീഷ് വാസുദേവന്റെ പൗരസ്വാതന്ത്ര്യം അദ്ദേഹത്തിനെന്ന പോലെ നമുക്കെല്ലാവർക്കും അവശ്യം ആവശ്യമാണ്. ചൈനയിലാണ് ഇങ്ങനെയൊരു ഹരീഷ് പോസ്റ്റ് എഴുതുകയും അതിന് ആയിരക്കണക്കിനു പേർ പേർ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നുവെങ്കിൽ (അവിടെ ഫേസ്‌ബുക്കോ മറ്റ് സോഷ്യൽ മീഡിയകളോ അനുവദനീയമല്ല) പോസ്റ്റിട്ടവനും ലൈക്കിയവരും മണിക്കൂറുകൾക്കകം  ഈ ഭൂമിയിൽ നിന്ന് യാത്ര പറഞ്ഞിരിക്കും. നമുക്ക് ഈ ജനാധിപത്യവും സ്വാതന്ത്ര്യവും തന്നെയാണ് വലുത്. ശ്രീ. ഹരീഷ് വാസുദേവന് തന്റെ അക്ഷമ പ്രകടിപ്പിക്കാൻ കഴിഞ്ഞല്ലോ എന്നത് നല്ല കാര്യമാണ്. അദ്ദേഹത്തിനു ആ സ്വാതന്ത്ര്യം വേണം എന്ന് ഞാൻ വാദിക്കും. കരണത്തടിക്കാൻ പറഞ്ഞത് അല്പത്വം തന്നെ. അല്പന്മാരുടേതും കൂടിയാണ് ഈ ഇന്ത്യ.