അമ്പലപ്പുഴയില്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. കൈരളിക്ക് രണ്ട് മൂന്ന് ചാനലുകള്‍ ഉണ്ടെങ്കിലും ഈ ടിവിയുടെ വരവ് ചില്ലറയൊന്നുമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്ഷതം ഏല്‍പ്പിച്ചത്. മുന്‍പൊക്കെ പത്രങ്ങളില്‍ എന്തൊക്കെ അച്ചടിച്ച് വന്നാലും അതൊക്കെ ബൂര്‍ഷ്വാപ്രചരണം എന്ന് പരിഹസിച്ചു തള്ളാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയുമായിരുന്നു. ടിവി ഇല്ലായിരുന്നുവെങ്കില്‍ സോവിയറ്റ് യൂനിയന്‍ അസ്തമിച്ചതും ബര്‍ലിന്‍ മതില് തകര്‍ന്നതും ഒന്നും ഇന്നും ആളുകള്‍ വിശ്വസിക്കില്ലായിരുന്നു. അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂല പ്രകടനക്കാരെ അവരുടെ കൊടി തന്നെ പിടിച്ചു വാങ്ങി പൊതിരെ തല്ലി ഓടിക്കുകയായിരുന്നു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എത്രയോ സി.പി.ഐ.ക്കാരെ കൈയും കാലും ഒടിച്ചിട്ടിട്ടാണ് കേരളത്തില്‍ സി.പി.എമ്മിന്റെ അരങ്ങേറ്റം. അതില്‍ പിന്നെ സി.പി.എമ്മിന്റെ അടി വാങ്ങാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. എവിടെ രാഷ്ട്രീയാക്രമണങ്ങള്‍ നടന്നാലും ഒരു ഭാഗത്ത് സി.പി.എം.ഉണ്ടാവും. ഞങ്ങളെ അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും എന്നാണ് സി.പി.എം.ഭാഷ്യം. സി.പി.എം.തിരിച്ചടിക്കാറേയുള്ളൂവെന്ന്. എല്ലാ പാര്‍ട്ടികളുടേയും അടി ഏറ്റുവാങ്ങി തിരിച്ചടിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാവം പാര്‍ട്ടി !
അമ്പലപ്പുഴയില്‍ പ്രകടനക്കാര്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ പോലീസ് സമീപത്തുണ്ടായിരുന്നു എന്നും ഒരു പഞ്ചായത്ത് പ്രസിഡണ്ടാണ് തല്ലിന് നേതൃത്വം നല്‍കിയതെന്നും സംഭവസ്ഥലത്ത് നിന്നും ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ ദൃക്സാക്ഷി വിവരണവും ഒരു ക്യാമറാമാന് ഓടുന്നതും മറ്റൊരു ക്യാമറാമാന് അടി വാങ്ങുന്നതും എല്ലാം നമ്മള് കണ്ടതാണ്. എന്നിട്ട് തല്ല് കിട്ടി ഓടിയവന്റെ പേരില്‍
കേസ് . ഇതാണ് മഹത്തായ കമ്മ്യൂണിസവും അതിന്റെ പരിപാവനമായ ജനാധിപത്യവും. കോണ്‍ഗ്രസ്സുകാരും ബി.ജെ.പി.ക്കാരും സി.എം.പിക്കാരും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുമാണ് അവിടെ പ്രകടനം നടത്തിയതെന്നാണ് വിശദീകരണം. ഇതാണ് കമ്മ്യൂണിസ്റ്റുകളുടെ വാക്സാമര്ത്ഥ്യം. ഒരു നാടന്‍ ചൊല്ലുണ്ട് “കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ ചട്ടിയില്‍ ” എന്ന്. ഇതിനപ്പുറമൊന്നും ഇവര്‍ക്ക് കഴിയില്ലല്ലോ എന്ന് സമാധാനിക്കാം. മാത്രമല്ല ഇനി ഉള്ളതും നശിക്കുന്ന പാതയിലാണ് കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും കമ്മ്യൂണിസ്റ്റുകള്‍. ഇന്ത്യയില്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്തനാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത് എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ മൌഢ്യം കൊണ്ടല്ല അങ്ങനെ പറയുന്നത്. അതും വാക്സാമര്ത്ഥ്യം തന്നെ. കാറ്റുള്ളപ്പോള്‍ തന്നെ തൂറ്റണം എന്ന കൌശലത്തിലാണ് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. നേതാക്കള്‍ക്കും മക്കള്‍ക്കും രണ്ടുതലമുറക്കുള്ളത് സമ്പാദിച്ചു കഴിഞ്ഞു. രണ്ടു തലമുറ കഴിഞ്ഞാല്‍ കമ്മ്യൂണിസത്തെ മ്യൂസിയത്തില്‍ പോലും കാണാന്‍ കഴിയില്ല.എന്റെ ഈ പോസ്റ്റ് വായിക്കുന്ന ശുദ്ധാത്മാക്കളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നോട് അരിശം തോന്നാം. അവരോട് പറയാനുള്ളത്, സുഹൃത്തേ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണുള്ളത് എന്ന് ഒന്ന് സങ്കല്‍പ്പിക്കുക. എന്നിട്ട് അമ്പലപ്പുഴയും മനസ്സില്‍ കാണുക. ടിയാനന്മെന് സ്ക്വയറിന്റെ ആയിരം ഇരട്ടി വലിപ്പമുള്ള ഒരമ്പലപ്പുഴ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ജനാധിപത്യത്തില്‍ ജീവിയ്ക്കുന്നത്കൊണ്ടാണ് നിങ്ങള്‍ക്കെന്നോട് അരിശം തോന്നുന്നത്; ജനാധിപത്യത്തിന്റെ വില മനസ്സിലാകാതിരിക്കുന്നത്. അമ്പലപ്പുഴയിലെ നൂറ് സഖാക്കള്‍ക്ക് വി.എസ്സിനോട് അനുഭാവം തോന്നാനും അവര്‍ക്കത് പരസ്യമായി പ്രകടിപ്പിക്കാനും അവകാശമില്ലേ? ഉണ്ട് എന്ന് ജനാധിപത്യവാദികള്‍ പറയും. ഇല്ല എന്ന് കമ്മ്യൂണിസ്റ്റുകള്‍ പറയും. അത് കൊണ്ടാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായത്. ഭാവി ജനാധിപത്യത്തിന്റേതാണ്, കമ്മ്യൂണിസത്തിന്റേതല്ല. ഈ ഒരു ഭാവി ഞങ്ങള്‍ക്കായി ഒരുക്കിത്തന്നത് ക്രൂശിതരായ എത്രയോ എക്സ്-കമ്മ്യൂണിസ്റ്റുകാര്‍ കൂടിയായിരുന്നു എന്ന് നിങ്ങള്‍ ഒര്‍ക്കണം. പാര്‍ട്ടിക്ക് പുറത്ത് പൂര്‍ണ്ണമായും വരുമ്പോഴാണ് കമ്മ്യൂണിസ്റ്റിലെ മനുഷ്യനും പൂര്‍ണ്ണമായും പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മഹത്താണെന്ന് പലരും പറയാറുണ്ട്. ആ മഹത്വം കിത്താബിലെ വരികള്‍ക്കല്ലേ സഖാവേ? പ്രവര്‍ത്തിയില്‍ മഹത്വത്തിന്റെ അംശം ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ. ജനാധിപത്യം എന്നാല്‍ അതെല്ലാവര്‍ക്കുമാണെന്ന് അംഗീകരിക്കാന്‍ കഴിയാത്ത കമ്മ്യൂണിസത്തിന് എന്ത് മഹത്വം സഖാവേ?
അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂലികള്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ അതിലൊരു കാവ്യനീതിയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ ക്രിമിനല്‍വല്‍ക്കരിച്ച, ഗുണ്ടായിസത്തിന്റെ തലതൊട്ടപ്പനായിരുന്ന എം.വി.ആറിനെ അദ്ദേഹത്തിന്റെ ശിഷ്യന്മാര് തന്നെ വേട്ടയാടിയ പോലൊരു കാവ്യനീതി. സി.പി.എമ്മിന്റെ രൂപീകരണത്തിലും പിണറായിയുടെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ച നേതാവാണല്ലൊ വി.എസ്സ്. ലാവലിന്‍ കേസിന്റെ അവസാനം പിണറായിയുടെ ഗതി കണ്ട് തന്നെ അറിയണം. കടലിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്ക്കുമ്പോഴേ കമ്മ്യൂണിസ്റ്റ്കാരന്റെ ശൌര്യം ഫലിക്കൂ, ബക്കറ്റിലാവുമ്പോള്‍ ഗതി അധോഗതിയാവും. എം.വി.ആറിന് രക്ഷകനായത് കരുണാകരനായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൂത്തുപറമ്പ് വരെയൊന്നും രാഘവന് എത്തുകയില്ലായിരുന്നു.
ഒരു സിസ്റ്റം അത്ര വേഗമൊന്നും ഇല്ലാതാവില്ല. ക്രമേണ ക്രമേണയേ അത് അപ്രത്യക്ഷമാകൂ. അത്തരമൊരാനുകൂല്യമാണ് ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ അനുഭവിക്കുന്നത്. ലോകത്തിന് ഒരു മാതൃകയും കമ്മ്യൂണിസം സംഭാവന ചെയ്തിട്ടില്ല. എന്നെന്നും ചരിത്രത്തിന് ഓര്‍ക്കാന്‍ സമാനതകളില്ലാത ക്രൂരതകള്‍ ചെയ്ത് കൂട്ടിയിട്ടുണ്ട് താനും. അത് ആ സിസ്റ്റം അപ്രകാരം എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടത് കൊണ്ടാണ്. ഇതില്‍ ഒന്നാം പ്രതി ലെനിന് തന്നെയാണ്. സ്റ്റാലിനെ ലെനിന് രൂപപ്പെടുത്തിയ സിസ്റ്റമാണ് സ്റ്റാലിനാക്കിയത്. മനുഷ്യസ്നേഹിയായിരുന്ന മാര്‍ക്സ് ഇത്തരമൊരു സിസ്റ്റം രൂപപ്പെട്ടുവരുമെന്ന് സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല.
വിജയന് മാഷിന്റെ വാക്ക് കടമെടുത്ത് പറഞ്ഞാല്‍ അമ്പലപ്പുഴ ഒരു പ്രതീകമാണ്. ചരിത്രം എല്ലായ്പോഴും നേര്‍രേഖയിലൂടെയാണ് സഞ്ചരിക്കുന്നത്. അത്കൊണ്ട് ഗതകാലസംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ല. വി.എസ്സ്. രാജി വെക്കുകയില്ല. രാജി വെക്കാതിരിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. പുറത്താക്കപ്പെട്ടാല്‍ കേരളത്തില്‍ യു.ഡി.എഫിന്റെയും ജനാധിപത്യത്തിന്റെയും ഭാവി ശോഭനമാവും. ചരിത്രപരമായ അനിവാര്യതയാണത്. ഇവിടെ ആരും കുറ്റക്കാരല്ല. കാലത്തിന്റെ രംഗവേദിയില്‍ കേവലം അഭിനേതാക്കള്‍ മാത്രം!